എന്താണു വികസനം?
പുതിയപാലങ്ങളും, റോഡുകളും,പദ്ധതികളും വരുമ്പോൾ സംസ്ഥാനത്ത് വികസനം പൊടിപാറുന്നുവെന്ന് ജനങ്ങൾക്ക് ധാരണയുണ്ടാകും.കൂടുതൽ വിമാനത്താവങ്ങളും,കെട്ടിടസമുച്ചയങ്ങളും,സൂപ്പർസ്പെഷ്യാലിറ്റി അശുപത്രികളും സ്വാശ്രയവിഭ്യാഭ്യാസസ്ഥാപനങ്ങളും വികസനത്തിന്റേയും പുരോഗതിയുടേയും പുതിയ ദിശാസൂചികളാകുന്നു.അഥവാ അതാണു ഉത്തമവികസനമാതൃകകൾ എന്ന് മാദ്ധ്യമങ്ങൾ നമ്മെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നു.
കഴിഞ്ഞ ദിവസം ഇന്ത്യയിലെ ഏറ്റവും ജനസാന്ദ്രതയേറിയ വൈപ്പിൻ ദ്വീപസമൂഹങ്ങളിലെ ഞാറക്കൽ,മാലിപ്പുറം,വൈപ്പിൻ പ്രദേശങ്ങളിലൂടെ സഞ്ചരിച്ചപ്പോൾ ഒരു കാര്യം ബോദ്ധ്യപ്പെട്ടു.കൊട്ടിഘോഷിക്കപ്പെടുന്ന അടിസ്ഥാനസൌകര്യവികസനം കടലാസിൽ മാത്രം ഒതുങ്ങുന്നു എന്ന്.ഒരു ദശാബ്ദം മുൻപ് കുടിവെള്ളം കിട്ടാതായപ്പോൾ വൈപ്പിനിലെ ആയിരങ്ങൾ കൊച്ചിനഗരത്തിലെ റോഡുകൽ ഉപരോധിച്ച് ദിവസങ്ങളോളം നഗരത്തെ സ്തംഭിപ്പിച്ചിരുന്നു.കുടിവെള്ളത്തിനായുള്ള നെട്ടോട്ടത്തിനിടയിൽ ടാങ്കർ ലോറിമുട്ടി മരിച്ച രക്തസാക്ഷികളുടെ നാടാണിത്. വൈകുന്നേരമായാൽ ആരും വാ തുറക്കില്ല:ആയിരക്കണക്കിനു കൊതുകുകൾ ഇരച്ചുകയറും.കെട്ടിക്കിടക്കുന്ന ചെളിവെള്ളത്തിലും ചതുപ്പിലും വളരുന്ന കൊതുകും കീടങ്ങളും സാംക്രമികരോഗങ്ങൾ പടർത്തുന്നു.
സാധാരണക്കാരുടെ വീടുകളിൽ ഇപ്പോഴും തോടുകളിലേക്കും ജലാശയങ്ങളിലേക്കും തുറന്നുവെച്ചിരിക്കുന്ന കക്കൂസുകളാണുള്ളത്.പ്രമുഖ വിനോദസഞ്ചാരകേന്ദ്രങ്ങളായ ഞാറക്കലേയും മാലിപ്പുറത്തേയും അക്വാഫാമുകളിൽ നിന്നു നോക്കുമ്പോൾ ഈ അസുന്ദരമായ കാഴ്ച്ചകളാണു ചുറ്റും.ആലപ്പുഴയിൽ ഹൌസ്ബോട്ടുകളിൽ സഞ്ചരിക്കുന്ന ആയിരക്കണക്കിനു ട്യൂറിസ്റ്റുകളേയും വരവേൽക്കുന്നത് ഈ ഭീകരദൃശ്യങ്ങളാണു.മലിനീകൃതമായ ഈ ജലം തന്നെയാണു ലക്ഷക്കണക്കിനാളുകൾ കുളിക്കാനും,പാത്രം കഴുകാനും,ചിലപ്പോഴൊക്കെ കുടിക്കാൻ പോലും ഉപയോഗിക്കുന്നത്.ഇത് സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ വളരെ ഗുരുതരമാനു.എല്ലാവർഷവും ഈ പ്രദേശങ്ങളിൽ ചിക്കുൻ ഗുനിയയും ജപ്പാൻ ജ്വരവുമടക്കമുള്ള രോഗങ്ങൾക്ക് ആയിരങ്ങൾ ഇരകളാകുന്നു.
കുടി വെള്ളമാണു പരമദരിദ്രർ മുതൽ അതിസമ്പന്നരായ നഗരവാസികൾ വരെ അഭിമുഖീകരിക്കുന്ന പ്രധാനപ്രശ്നം.കൊച്ചി നഗരത്തിൽ ഇത് അതിരൂക്ഷമാണു.മത്സ്യത്തൊഴിലാളികൾക്കും ഉയർന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർക്കും വെള്ളം കിട്ടാക്കനിയായി അവശേഷിക്കുന്നു.അശാസ്ത്രീയമായ മാലിന്യനിർമ്മാർജനവും സാർവലൌകികമായപ്രശ്നമാണു.ഇതിനായി ആവിഷ്ക്കരിച്ച അനേകം പദ്ധതികൾ ഉദ്ദേശിച്ച ഫലം കണ്ടിട്ടില്ല.
ഇതിന്റെ അനന്തരഫലമാണു മഴക്കാലത്ത് കേരളത്തിൽ വ്യാപകമായി പടർന്നുപിടിക്കുന്ന രോഗങ്ങൾ.എല്ലാവർഷവും ജനലക്ഷങ്ങളെ ശയ്യാവലംബികളാക്കുകയും ജനജീവിതത്തിന്റെ താളം തന്നെ തെറ്റിക്കുകയും ചെയ്യുന്ന ഈ രോഗങ്ങളെ നിയന്ത്രിക്കാൻ എന്തുകൊണ്ടു കഴിയുന്നില്ല?ഒരു കാലത്ത് നമ്മൾ പൂർണ്ണമായും നിർമ്മാർജ്ജനം ചെയ്തുവെന്ന് അഭിമാനിച്ചിരുന്ന ക്ഷയരോഗവുംമലമ്പനിയുമൊക്കെ കേരളത്തിൽ തിരിച്ചെത്തിയിട്ടുണ്ടു.അതിനു തടയിടാനുള്ള എളുപ്പവഴി അടിസ്ഥാനജീവിതസൌകര്യങ്ങൾ വർദ്ധിപ്പിക്കുക എന്നതാണു.അതിനു പകരം രോഗികളെ മരുന്നുകൾ കൊണ്ടു അഭിഷേകം ചെയ്യുകയല്ല.മുൻപ് ഗ്രാമീണപ്രദേശങ്ങളിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ ആരോഗ്യവിദ്യാഭ്യാസത്തിലൂടെ രോഗപ്രതിരോധത്തിൽ വലിയപങ്കു വഹിച്ചിരുന്നു.ഇന്ന് പ്രതിരോധകുത്തിവെപ്പുകൾ പോലും കാര്യക്ഷമമായി നടത്തപ്പെടുന്നില്ല.
ലോകത്ത് ,ഒരു പക്ഷേ,ഏറ്റവും കൂടുതൽ മരുന്നു കഴിക്കുന്ന ജനവിഭാഗമായി “വളർന്നിരിക്കുന്നു”,നമ്മൾ.എവിടെയും ആശുപത്രികളും ഡോക്റ്റർമാരും.പക്ഷേ,ആരോഗ്യരംഗം ഇങ്ങനെ കുതിച്ചുചാടിക്കൊണ്ടിരിക്കുമ്പോഴും രോഗികളുടെ എണ്ണം കൂടുന്നതെങ്ങനെയാണു?ഹൃദ് രോഗം,പ്രമേഹം,രക്തസമ്മർദ്ദം തുടങ്ങിയ ജീവിതശൈലീരോഗങ്ങളും കൂടുകയാണു.ഇതിനു കൂടുതൽ ഇരയാകുന്നവർ ഇടത്തട്ടുകാരും സമ്പന്നരുമാണു.ഭൌതികജീവിതസാഹചര്യങ്ങളിൽ ഉണ്ടായ പുരോഗതിയാണു അവരെ രോഗികളാക്കി മാറ്റുന്നത് എന്നത് കടുത്തവൈരുദ്ധ്യമായി നിലനിൽക്കുന്നു.
അതുകൊണ്ടു പുരോഗതിയുടെ പുതിയ അളവുകോൽ വെച്ച് അളക്കുമ്പോൾ പിടികിട്ടാത്ത കണക്കുകളും മാനദണ്ഡങ്ങളും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.ഉയർന്ന വിദ്യാഭ്യാസം:ഭേദപ്പെട്ട ജീവിതനിലവാരം.ഒന്നാം ലോകരാഷ്ട്രങ്ങൽക്കൊപ്പമുള്ള ആരോഗ്യസംരക്ഷണസംവിധാനങ്ങൾ. എന്നിട്ടും രോഗികളുടെ എണ്ണം കുതിച്ചുയരുന്നു!
എപ്പോഴും പറ്റിയിരുന്നാത്രമിക്കുന്ന വില്ലനാണു രോഗം.ഉയർന്ന സാമ്പത്തികശേഷിയുള്ളവരെപ്പോലും തകർക്കുന്നതാണു കേരളത്തിലെ ചികിത്സാചെലവുകൾ.അത് ആാരുടേയും നട്ടെല്ലൊടിക്കും.വിദ്യാഭ്യാസചെലവും കുതിക്കുകയാണു.
ജനങ്ങളുടെ നികുതിപ്പണം കൊണ്ടു പ്രവർത്തിക്കുന്ന സർക്കാരുകൾക്ക് പിന്നെയും കാശ് ഈടാക്കാതെ അടിസ്ഥാനജീവിതസൌകര്യങ്ങൾ ഒരുക്കിക്കൊടുക്കാനുള്ള ബാദ്ധ്യതയില്ലേ?ഉണ്ടു.ക്ഷേമരാക്ഷ്ട്രസങ്കൽപ്പത്തിന്റെ അടിസ്ഥാനപ്രമാണം ഇതാണു ഊന്നിപ്പറയുന്നത്.പക്ഷേ,വെള്ളത്തിനും വായുവിനും ,യത്രാസൌകര്യങ്ങൾക്കും,വിദ്യാഭ്യാസത്തിനും,ചികിത്സക്കും,ചുങ്കവും ഫീസും ചുമത്തുന്നതാണു തങ്ങളുടെ ധർമ്മം എന്ന പുതിയനീതിശാസ്ത്രം രൂപപ്പെട്ടിരിക്കുന്നു.ഖജനാവിലെ പണം തങ്ങൾക്ക് ഇഷ്ടം പോലെ ധൂർത്തടിക്കാനും ദീപാളികുളിക്കാനുള്ളതാണെന്നു എല്ലാ ജനധിപത്യഭരണാധികാരികളും വിശ്വസിക്കുന്നു.അതുകൊണ്ടാണു,“ഉത്പാദനപരമല്ലെന്ന”കാരണം പറഞ്ഞ് സബ്സിഡികൾ വെട്ടിക്കുറക്കുന്നത്;വിദ്യാഭ്യാസ ആരോഗ്യ മേഖലകളിൽ നിന്നും സാമൂഹികസുരക്ഷാപദ്ധതികളിൽ നിന്നും സർക്കാരുകൾ ക്രമേണ പിൻവാങ്ങുന്നത്.ഇത് യൂസർഫീകളുടേയും ടോളുകളുടേയും കാലം.പെരുവഴിയിലൂടെ നടക്കാൻ പോലും ഇനി ടോൾ നൽകേണ്ടിവരുന്ന നാളുകൾ.
കാശുനൽകുന്നവർക്കു മാത്രം അതിനനുസൃതമായ സേവനങ്ങൾ നൽകുന്ന ഏജൻസികളുടെ സ്ഥാനത്തേക്ക് സർക്കാരുകൾ ക്രമേണ ചുരുങ്ങാൻ പോകുന്നു.
അങ്ങനെ നാം വികസിക്കുകയാണു:ജനധിപത്യസ്ഥാപനങ്ങളും ക്ഷേമരാഷ്ട്രസങ്കൽപ്പവും ചവറ്റുകൊട്ടയിലേക്ക് എറിയപ്പെടുകയാണു.
3 comments:
Only questions and no solutions
you may suggest some solutions
Dont people live beside Koovam river of Chennai?
പുരോഗതിയുടെ പുതിയ അളവുകോൽ വെച്ച് അളക്കുമ്പോൾ പിടികിട്ടാത്ത കണക്കുകളും മാനദണ്ഡങ്ങളും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.ഉയർന്ന വിദ്യാഭ്യാസം:ഭേദപ്പെട്ട ജീവിതനിലവാരം.ഒന്നാം ലോകരാഷ്ട്രങ്ങൽക്കൊപ്പമുള്ള ആരോഗ്യസംരക്ഷണസംവിധാനങ്ങൾ. എന്നിട്ടും രോഗികളുടെ എണ്ണം കുതിച്ചുയരുന്നു!
എന്തുകൊണ്ട്...?
സഹസ്രകോടികളുടെ പദ്ധതികൾ ചുറ്റും നടക്കുമ്പോഴും ഞങ്ങൾ വൈപ്പിൻകരക്കാർക്ക് അടിസ്ഥാനസൗകര്യങ്ങൾ ഇന്നും അപ്രാപ്യം. എത്രയോ ദശകങ്ങളായി വൈപ്പിൻകരക്കാരുടെ ആവശ്യമാണ് കുടിവെള്ളം. ഇന്നും ഇത് പരിഹരിക്കപ്പെടുന്നില്ല. വികസനത്തിന്റെ പേരിൽ നടക്കുന്ന പൊള്ളത്തരങ്ങൾക്ക് ഏറ്റവും നല്ല ദൃഷ്ടാന്തം വൈപ്പിൻ തന്നെ.
Post a Comment