“വേലി തന്നെ വിളവു തിന്നുക”,“ചങ്ങലയ്ക്ക് ഭ്രാന്ത് പിടിക്കുക”തുടങ്ങിയവ മലയാളികൾക്ക് സുപരിചിതമായ പഴംചൊല്ലുകളാണു.
അവ ഇപ്പോൾ ഓർമ്മയിൽ വരുന്നത് കൊല്ലത്തെ മാതൃഭൂമി ലേഖകൻ വി.ബി.ഉണ്ണിത്താനെ വധിക്കാൻ ക്വൊട്ടേഷൻ സംഘത്തെ ഏർപ്പെടുത്തിയതിനു ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി സന്തോഷ് നായരെ അറസ്റ്റുചെയ്ത പശ്ചാത്തലത്തിലാണു.ഒരു കോണ്ട്രാക്റ്റർ നടത്തിയ മദ്യസൽക്കാരപാർട്ടിയിൽ പൊലീസ് ഉദ്യോഗസ്ഥരെ രസിപ്പിക്കാൻ സിനിമാനടികളെ കൊണ്ടുവന്നെന്നു വാർത്ത കൊടുത്തതിലുള്ള പകയാണത്രേ പത്രലേഖകനെ കൊലപ്പെടുത്താൻ ഇയാളെ പ്രേരിപ്പിച്ചതെന്നാണു റിപ്പോർട്ടുകൾ പറയുന്നത്.
ഒരു പക്ഷേ,ഒരു പ്രമുഖ പത്രത്തിന്റെ ലേഖകനെ ഒരു വാർത്തയുടെ പേരിൽ വകവരുത്താൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ക്രിമിനലുകളെ ഏർപ്പെടുത്തിയ സംഭവം കേരളത്തിൽ ഇതാദ്യത്തേതായിരിക്കും.
സാധാരണ നിലയ്ക്ക് മാനേജ്മെന്റുകളെ പാട്ടിലാക്കി ലേഖകനെ ഒതുക്കുകയാണു എളുപ്പവഴി.ഇക്കാലത്ത് നേതാക്കളേയും,ഉയർന്ന ഉദ്യോഗസ്ഥരേയും,മത,ജാതി സംഘടനക്കാരേയും ,ബിസിനസുകാരേയുമൊന്നും പിണക്കാൻ പാടില്ലെന്നും,അവർക്ക് ഹിതകരമല്ലാത്ത ഒരു വരി പോലും പ്രസിദ്ധീകരിക്കാൻ പാടില്ലെന്നും സാമാന്യബുദ്ധിയുള്ള എല്ലാ മാദ്ധ്യമപ്രവർത്തകർക്കും അറിയാം.വിലപ്പെട്ട ഈ ബാലപാഠം പഠിക്കാത്തവർക്ക് ഇന്ന് മാദ്ധ്യമലോകത്ത് സ്ഥാനമില്ല.അതുകൊണ്ടാണു സമകാലിക മാദ്ധ്യമപ്രവർത്തനം എല്ലാവരേയും പ്രീതിപ്പെടുന്നതും ,ആരേയും അലോസരപ്പെടുത്താത്തതുമായ ഒരുതരം “പബ്ലിക് റിലേഷൻസ് വർക്ക്” മാത്രമായി തീർന്നത്.
ഇതിനു വളരെ പരിമിതമായ അപവാദങ്ങൾ മാത്രമേയുള്ളൂ.ഏതെങ്കിലുമൊരു മാദ്ധ്യമം ഏതെങ്കിലും ഒരു രാഷ്ട്രീയ നേതാവിന്റേയോ,ബിസിനസുകാരന്റേയോ,മത,ജാതി നേതാക്കളുടേയോ അഴിമതിയോ സ്വജനപക്ഷപാതമോ തുറന്നുകാട്ടാൻ തുടങ്ങിയാൽ നമുക്ക് ഒന്നു ഉറപ്പിക്കാം:അവരും മാദ്ധ്യമമുതലാളിയും തമ്മിൽ ഉടക്കിയിരിക്കുന്നു.അങ്ങനെ മുതലാളിയുടെ ശത്രുപക്ഷത്ത് നിലയുറപ്പിച്ചിരിക്കുന്നവരെ തുറന്നുകാണിക്കാൻ അവർ ഇൻവെസ്റ്റിഗേറ്റീവ് ജേർണ്ണലിസത്തിന്റെ വജ്രായുധം പുറത്തെടുക്കും.ദുർബലമായ ഒരു ആരോപണം പോലും ഉന്നയിക്കാൻ പറ്റിയില്ലെങ്കിൽ എല്ലാ സീമകളേയും ലംഘിച്ചുകൊണ്ട് വ്യക്തിഹത്യയും അപവാദപ്രചാരണങ്ങളും നടത്തും.എഴുതി അവർ ആടിനെ പട്ടിയാക്കും.പിന്നെ അതിനെ പേപ്പട്ടിയുമാക്കും!
ഇങ്ങനെ അന്നദാതാക്കൾക്ക് വേണ്ടി സത്യത്തെ കുഴിവെട്ടിമൂടാനും അസത്യത്തെ വെള്ളപൂശാനും വേണ്ടി കൂലിയെഴുത്തു നടത്താൻ വിധിക്കപ്പെട്ട വിലകുറഞ്ഞ ജന്മമാണു തങ്ങളുടേതെന്ന് അറിവുള്ള ഒരു മാദ്ധ്യമപ്രവർത്തകനും ഒരു പൊലീസുകാരനേയും പ്രകോപിപ്പിക്കില്ല.
അല്ലെങ്കിൽ തന്നെ,പൊലീസ് മനുഷ്യാവകാശങ്ങളുടെ അന്തകരാകുന്നത് ,മുഖ്യമായും പിന്നാക്ക പ്രദേശങ്ങളിലാണു. ഇടുക്കിയിലേയും പാലക്കാട്ടേയും വയനാട്ടിലേയും ഉൾപ്രദേശങ്ങളിൽ അവർ കടുത്ത കൈക്കൂലിക്കാരും,പീഡകരുമായി വിലസുന്നുണ്ടു.മറ്റു സർക്കാർ ഓഫീസുകളിലും അഴിമതി കൊടികുത്തി വാഴുന്നു.പക്ഷേ,ഏതെങ്കിലും മാദ്ധ്യമം ഇവ റിപ്പോർട്ട് ചെയ്യുമോ?
ഒരിക്കലുമില്ല.പ്രാദേശിക ലേഖകരോ ഏജന്റുമാരോ ആണു അവ റിപ്പോർട്ട് ചെയ്യേണ്ടത്.അൽപ്പവരുമാനമുള്ള,സ്ഥിരം ജീവനക്കരല്ലാത്ത,പത്രലേഖകരുടെ അവകാശങ്ങളൊന്നുമില്ലാത്ത ഇക്കൂട്ടർ അതിനു ഒരിക്കലും തുനിയുകയില്ല.കഷ്ടിച്ച് ജീവിക്കാൻ മാത്രമുള്ള വരുമാനമുണ്ടാക്കാൻ നെട്ടോട്ടമോടുന്ന ഇവർക്ക് ആരേയും പിണക്കാനാവില്ല.നാടുനന്നാക്കാനുള്ള ത്വരയൊന്നുമല്ലല്ലോ അവരെക്കൊണ്ടു ഈപ്പണി ചെയ്യിക്കുന്നത്.
പ്രവീൺ വധക്കേസിലെ ഷാജിയും ,ഇപ്പോൾ പിടിയിലായ സന്തോഷ് നായരും സത്യത്തിൽ നമ്മുടെയിടയിലെ ക്രിനിനലുകളിലെ ചില ചെറിയ മീനുകൾ മാത്രം.ജന്മനാ കുറ്റവാളികളായ ഒരു വൻ നിരതന്നെ കേരളാപൊലീസിന്റെ ഉന്നതപദവികളിൽ വിഹരിക്കുന്നുണ്ടു.രാഷ്ട്രീയക്കാരുടെ മൂടുതാങ്ങികളായ ഇത്തരക്കാർ ഏതു മുന്നണി അധികാരത്തിൽ വന്നാലും കണ്ണായ സ്ഥാനങ്ങളിൽ കയറിപറ്റും.ക്രിമിനൽ ട്രാക്ക്റിക്കാർഡുള്ള ഇത്തരം ഉന്നതോദ്യോഗസ്ഥരെ മാതൃകയാക്കിക്കൊണ്ടാണു കീഴുദ്യോഗസ്ഥർ ക്വൊട്ടേഷൻ സംഘങ്ങളുമായി ചങ്ങാത്തം കൂടുന്നത്.
പൊലിസ് സേനയിൽ കയറിക്കൂടിയ ഈ മാഫിയാരജാക്കന്മാരെ തൂത്തെറിയുവാനുള്ള ചങ്കൂറ്റം പുതിയ ഭരണാധികാരികൾക്കുണ്ടോ?മുഖം നോക്കാക്കതെ ഇത്തരക്കാരെ തുറന്നുകാണിക്കാനുള്ള സ്വതന്ത്ര്യം മാദ്ധ്യമപ്രവർത്തകർക്ക് ലഭിക്കുമോ?
ഇല്ലെങ്കിൽ ഗുണ്ടകളും പൊലീസിലെ ക്രിമിനലുകളും ചേർന്ന് മാദ്ധ്യമപ്രവർത്തനം ഇവിടെ അസാദ്ധ്യമാക്കും വിധം ഒളിയാക്രമണങ്ങൾ നടത്തും.
No comments:
Post a Comment