സർക്കാർ മെഡിക്കൽ കോളേജുകളിലെ ഡോക്റ്റർമാരുടെ സ്വകാര്യപ്രാക്റ്റീസ് പുനസ്ഥാപിക്കാനുള്ള നീക്കം ശക്തിപ്പെടുമ്പോൾ ഓർമ്മവരുന്നത് ആറു വർഷം മുൻപ് കോട്ടയം മെഡിക്കൽ കോളേജിൽ ഉണ്ടായ ഒരു സംഭവമാണു.
പാവപ്പെട്ട രോഗികളിൽ നിന്ന് കൈക്കൂലിയായി ഇറച്ചിയും മീനും വരെ ചോദിച്ചുവാങ്ങുന്നത് ശീലമാക്കിയ ഒരു വനിതാഡോക്ടറെ ക്ഷുഭിതരായ ചെറുപ്പക്കാർ തടഞ്ഞുവെച്ചു എന്ന വാർത്തയാണത്.അതിനും മുൻപ്, അഴിമതിക്കാരായ ഡോക്ടർമാരെ ചെരുപ്പുമാലയണിയിച്ച് റോഡിലൂടെ നടത്തിക്കാനും ജനങ്ങൾ തയ്യാറായി.
കനത്ത ശംബളം വാങ്ങിച്ചിട്ടും കൃത്യമായി ജോലിചെയ്യുകയോ,രോഗികകളോട് സഹാനുഭൂതിയോടെ പെരുമാറുകയോ ചെയ്യാത്ത ഇക്കൂട്ടർ സ്വകാര്യ പ്രാക്റ്റീസിലൂടെ അനധികൃതമായി ലക്ഷങ്ങളാണു സമ്പാദിച്ചത്. വീട്ടിൽ സ്വകാര്യ ക്ലിനിക്കുകൾ പോലും ചിലർ തുറന്നു.മറ്റു ചിലരാകട്ടെ സർക്കാരിന്റെ ശമ്പളവും കൈപ്പറ്റി സ്വകാര്യ ആശുപത്രിയിൽ ജോലി നോക്കുകയായിരുന്നു.ഭാവിയിലെ ഡോക്ടർമാരെ പരീശീലിപ്പിക്കുകയും,രോഗികൾക്ക് വിദഗ്ദ്ധ ചികിത്സ നൽകുകയും ചെയ്യാൻ ബാദ്ധ്യസ്ഥപ്പെട്ട മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരിൽ ബഹുഭൂരിപക്ഷവും ഇങ്ങനെ പണക്കൊതിയരും ദുഷിച്ചവരുമായി മാറി.വീട്ടിൽ ചെന്നു കാണുന്നവർക്കുമാത്രമായി അവർ ആശുപത്രി സംവിധാനങ്ങൾ വ്യാപകമായി ദുരുപയോഗം ചെയ്തു.വൻ തുക ഫീസായി നൽകാത്തവർക്ക് ആശുപത്രികളിൽ ശ്രദ്ധയോ പരിഹരണമോ ലഭിക്കാത്ത ദുസ്ഥിതി വന്നു ചേർന്നു.ക്യൂ നിന്ന് ഒ.പി ടിക്കറ്റെടുക്കുന്ന പാവങ്ങൾ തീർത്തും അവഗണിക്കപ്പെട്ടു.
പഠനത്തിനും ഗവേഷണത്തിനും വിനിയോഗിക്കേണ്ട സമയം മുഴുവൻ അവർ കീശ വീർപ്പിക്കാനുള്ള സ്വകാര്യ പ്രാക്റ്റീസിനു നീക്കി വെച്ചതോടെ മെഡിക്കൽ കോളേജുകളുടെ ഗുണനിലവാരം ഇടിഞ്ഞു.ഇതിന്റെ പ്രതിഫലനം മറ്റു ആശുപത്രികളിലും ഉണ്ടായി.അവരും കൈക്കൂലി വിദഗ്ദ്ധരായതോടെ ആരോഗ്യരംഗം ആകെ കുത്തഴിഞ്ഞ നിലയിലായി.ധാർമ്മികതയ്ക്കും വൈദ്യസദാചാരത്തിനും നിരക്കാത്ത ഒട്ടേറെ നടപടികൾ ഡോക്റ്റർമാരുടേയും അവരുടെ സംഘടനകളുടെയും ഭാഗത്ത് നിന്നുണ്ടായി.സമ്മാനങ്ങളും പ്രലോഭനങ്ങളുമായി എത്തുന്ന മരുന്നു കമ്പനികളുടെ ഗുണനിലവാരമില്ലാത്തതും അപകടകരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നതുമായ മരുന്നുകളും ഫൂഡ് സപ്ലിമെന്റുകളും ഡോക്റ്റർമാർ രോഗികളുടെ മേൽ അടിച്ചേൽപ്പിച്ചു.ഡോക്റ്റർമാർക്ക് ഫ്രീഡ്ജും കാറും മക്കൾക്ക് മെഡിസിനു സീറ്റും വരെ ഈ അവിഹിതമായ വിപണനതന്ത്രത്തിനു വഴങ്ങിയതിനുള്ള പ്രതിഫലമായി നൽകപ്പെട്ടു.
ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണു ഇത് സൃഷ്ടിച്ചത്. ഇക്കഴിഞ്ഞ ഒരു ദശാബ്ദം കൊണ്ടു കേരളത്തിൽ ജീവിതശൈലീരോഗങ്ങളായ പ്രമേഹം,രക്താതിമർദ്ദം,ഹൃദ്രോഗങ്ങൾ തുടങ്ങിയവ ഭയാനകമാംവിധം വർദ്ധിക്കാനും,കരൾ ,വൃക്ക രോഗങ്ങൾ ബാധിച്ച് ആയിരങ്ങൽ മരിക്കാനും ഇടയാക്കിയ കാരണങ്ങളിൽ ഒന്നിന്റെ വേരുകൾ ഇതിലാണുള്ളത്.ഒരു മാനദണ്ഡവുമില്ലാതെ ആന്റീ ബയോട്ടിക്കുകൾ കുറിച്ചുകൊടുക്കുകയും ജലദോഷത്തിനു പോലും അനാവശ്യമരുന്നുകൾ കഴിപ്പിക്കുകയും ചെയ്ത് ഫീസും കമ്മീഷനും വാങ്ങി ഡോക്ടർമാർ കൊഴിച്ചു തടിച്ചപ്പോൾ കേരളം രോഗാതുരമായി.
ലോകമെമ്പാടും പാടിപ്പുകഴ്ത്തപ്പെട്ട ആരോഗ്യരംഗത്തെ കേരള മാതൃക ദയനീയമായി തകർന്നടിയുന്നതിനു നാമിന്ന് ദൃക്‌സാക്ഷികളും ഇരകളുമാണു.പറ്റിറ്റാണ്ടുകൾക്ക് മുൻപ് നിർമ്മാർജ്ജനം ചെയ്യപ്പെട്ട കോളറയും മലമ്പനിയുമടക്കമുള്ള എല്ലാ മാരക പകർച്ചവ്യാധികളും രോഗങ്ങളും തിരിച്ചുവന്നിരിക്കുന്നു.ഓരോ മഴക്കാലത്തും പടർന്നു പിടിക്കുന്ന ചിക്കുൻ ഗുനിയയിലും ജപ്പാൻ ജ്വരത്തിലും മറ്റും ആലപ്പുഴയടക്കം ചില ജില്ലകളിലെ ജനജീവിതം തന്നെ സ്തംഭിക്കുകയാണു.പണ്ടു പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ മുഖേന വളരെ വിജയകരമായി നടത്തിയിരുന്ന രോഗപ്രതിരോധപ്രവർത്തനങ്ങൾ അപ്പാടെ താറുമാറയിരിക്കുന്നു.പ്രിതിരോധ മരുന്നു കുത്തിവെപ്പുകളെടുക്കുന്നവരുടെ എണ്ണത്തിൽ പോലും കാര്യമായ ഇടിവു സംഭവിച്ചിരിക്കുന്നു.
നിർബന്ധപൂർവം മാത്രം ഗ്രാമീണസേവനത്തിനയക്കുന്ന ഡോക്ടർമാർക്ക് പൊതുജനാരോഗ്യസംരക്ഷണത്തിൽ ഒരു താൽപ്പര്യവുമില്ല.ബോണ്ട് വ്യവസ്ഥകൾ പൂർത്തിയാക്കി,എക്സ്പീരിയൻസ് നേടി, മുഴുത്ത ശമ്പളം നൽകുന്ന സ്വകാര്യ ആശുപത്രികളിലേക്ക് ചാടുന്നതിനെക്കുറിച്ച് മാത്രമാണു അവരുടെ ചിന്ത.അവർക്ക് എന്ത് മെഡിക്കൽ എത്തിക്സ്?എന്ത് സാമൂഹികപ്രതിബദ്ധത?പഠിച്ചിറങ്ങിയത് സ്വാശ്രയ കോളേജുകളിൽ നിന്നാണെങ്കിൽ കൂടുതലൊന്നും പറയേണ്ടതില്ലല്ലോ.
ഈ ഭീതിദമായ അവസ്ഥയിൽ നിന്ന് കേരളത്തിലെ ആതുരശുശ്രൂഷാരംഗത്ത കരകയറ്റുന്നതിനുള്ള ഒരു എളിയ ശ്രമമായിരുന്നു മെഡിക്കൽ കോളെജുകളിലെ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്റ്റീസ് നിരോധിക്കൽ.വർഷങ്ങൾ നീണ്ട പഠനങ്ങൾക്കും സംവാദങ്ങൾക്കുമൊടുവിൽ കൈക്കൊണ്ട ഈ തീരുമാനത്തിനെതിരെ പണക്കൊതിയരായ ഒരു പറ്റം ഡോക്ടർമാർ അന്നേ പ്രവർത്തിക്കുന്നുണ്ടായിരുന്നു.ഡോക്റ്റർമാരുടെ ശമ്പളം ഗണ്യമായി വർദ്ധിപ്പിച്ചും അനുബദ്ധ സൌകര്യങ്ങൾ ചെയ്തുകൊടുത്തും എടുത്ത ഈ തീരുമാനം മെഡിക്കൽ കോളേജുകളുടെ ഗുണനിലവരം ഉയർത്തിയെന്നാണു പഠനങ്ങൾ വ്യക്തമാക്കിയത്.താലൂക്ക് ,ജില്ലാ ആശുപത്രികളിലെ സൌകര്യങ്ങൾ സർക്കാർ ഗണ്യമായി വർദ്ധിപ്പിച്ചു.റഫറൽ ആശുപത്രി എന്ന നിലയിൽ വിദഗ്ദ്ധചികിത്സ നൽകേണ്ട രോഗികളുടെ എണ്ണം മെഡിക്കൽ കോളേജ് ആശുപത്രികളിൽ വർദ്ധിക്കുകയും ചെയ്തു.ഡോക്ടർമാരുടെ സ്വകാര്യ രോഗികളുടെ പിൻ വാതിൽ അഡ്മിഷൻ ഗണ്യമായി കുറഞ്ഞതോടെ ഇടത്തരക്കാർക്കും പാവങ്ങൾക്കും മെഡിക്കൽ കോളെജുകളിലെ ചികിത്സാ സംവിധാനങ്ങൾ ഏതാണ്ട് പൂർണ്ണമായിത്തന്നെ ഉപകാരപ്പെടാൻ തുടങ്ങി.അദ്ധ്യാപകർക്ക് പഠനത്തിനും ഗവേഷണത്തിനും ഇഷ്ടം പോലെ സമയം ലഭിക്കുന്നതിനാൽ മെഡിസിൻ വിദ്യാർത്ഥികളുടെ പഠന,പരിശീലന നിലവാരവും കാര്യമായി ഉയർന്നു.
സ്വകാര്യ പ്രാക്റ്റീസ് ഒരിക്കലും അനുവദിക്കാത്ത തിരുവനന്തപുരത്തെ ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ടും,റീജ്യണൽ ക്യാൻസർ സെന്ററും ദേശീയ തലത്തിൽ തന്നെ മികവുറ്റ കേന്ദ്രങ്ങളാണു.ആ നിലവാരത്തിലേക്ക് നമ്മുടെ മെഡിക്കൽകോളേജുകളെ ഉയർത്തുന്നതിനു കഴിഞ്ഞ സർക്കാർ സ്വീകരിച്ച അർത്ഥവത്തായ ഈ നടപടി ഒരു മുൻ വിചാരവുമില്ലാതെ പിൻ വലിക്കുന്നത് കേരളത്തെ രോഗങ്ങളുടെ നരകത്തിലേക്ക് ഏടുത്തെറിയുന്നതിനു സമാനമാണു.
പണത്തോടുള്ള അത്യാർത്തി മാത്രം കൈമുതലായുള്ള,ദുരമൂത്ത,സാമൂഹ്യപ്രതിബദ്ധതയോ,ധാർമ്മികതയോ ഇല്ലാത്ത ഒരു പറ്റം ഡോക്ടർമാരുടെ വായിൽ തലവെച്ചു കൊടുക്കരുത്.അത് അപകടകരമാണു.
1 comment:
പഠനത്തിനും ഗവേഷണത്തിനും വിനിയോഗിക്കേണ്ട സമയം മുഴുവൻ അവർ കീശ വീർപ്പിക്കാനുള്ള സ്വകാര്യ പ്രാക്റ്റീസിനു നീക്കി വെച്ചതോടെ മെഡിക്കൽ കോളേജുകളുടെ ഗുണനിലവാരം ഇടിഞ്ഞു...
വളരെ ശരി
Post a Comment