കഴിഞ്ഞ ദിവസം ഇരിഞ്ഞാലക്കുടയ്ക്കടുത്ത് മൂന്നുപീടികയിൽ ഒരു കർഷകനെ സന്ദർശിക്കാനിടയായി.ഇന്ത്യയിലും വിദേശങ്ങളിലും ദ്iർഘകാലം ഇംഗ്ലീഷ് അദ്ധ്യാപകനായി സേവനമനുഷ്ഠിക്കുകയും ,അനേകം പുരസ്കാരങ്ങൾ വാങ്ങിക്കൂട്ടുകയും ചെയ്ത നംബോത്ത് ചന്ദ്രൻ മാസ്റ്റൻ ഒന്നര ദശകത്തിലേറെയായി തികഞ്ഞ ഒരു കർഷകനാണു.വീട്ടിലും പരിസരത്തുമായി പത്തേക്കറോളം വരുന്ന കൃഷിത്തോട്ടം.അതിൽ വളരാത്തതായി ഒന്നുമില്ല.പൂന്തോട്ടത്തിലൊഴികെ എല്ലാറ്റിലും നാടൻ ഇനങ്ങൾ.കൃഷിയിടത്തിൽ രാസവളമോ കീടനാശിനിയോ ഉപയോഗിക്കില്ല.അവിടത്തെ കളകളും കാടും പടലുമൊന്നും പറിച്ചുകളയില്ല.അതെന്തിനു എന്നാണു ചോദ്യം.ഫുക്കുവോക്കയുടെ അതേ വഴിയിലൂടെ സഞ്ചരിച്ച്,നാടൻ പശുവിന്റെ ചാണകവും മൂത്രവും മാത്രം ഉപയോഗിച്ച് മണ്ണിൽ പൊന്നുവിളയിക്കുന്ന സുഭാഷ് പലേക്കറുടെ “സീറോ ബജറ്റ്”കൃഷിരീതിയിലെത്തി നിൽക്കുന്നു,ഇദ്ദേഹം.
ലക്ഷങ്ങൾ മുടക്കി കത്തിയവാറിൽ നിന്ന് ഒരു കൌതുകത്തിനു വെള്ളക്കുതിരയേയും ,മനുഷ്യനെ പോലെ സംസാരിക്കുന്ന തത്തയേയും സ്വന്തമാക്കിയ ചന്ദ്രൻ മാസ്റ്റർ,ഹൈക്കോടതിയിൽ ഹർജി നൽകിയായിരുന്നു കേരള കാർഷിക സർവകലാശാലയിൽ നിന്ന് ഒരു വെച്ചൂർ പശുവിനെ സ്വന്തമാക്കിയത്.ഇപ്പോൾ ഇവിടെ വെച്ചൂർ പശുക്കളുടെ എണ്ണം പത്ത്.സംസ്ഥാനത്ത് ഇപ്പോൾ 200ൽ താഴെ മാത്രമാണു അത്യപൂർവമായ ഈ നാടൻ പശുവിനമുള്ളത് എന്നറിയുക.വെച്ചുരിൽ പോലും ഒന്നോ രണ്ടോ വെച്ചൂർ പശുക്കളേയുള്ളുവത്രേ.
ലക്ഷങ്ങൾ മുടക്കി കത്തിയവാറിൽ നിന്ന് ഒരു കൌതുകത്തിനു വെള്ളക്കുതിരയേയും ,മനുഷ്യനെ പോലെ സംസാരിക്കുന്ന തത്തയേയും സ്വന്തമാക്കിയ ചന്ദ്രൻ മാസ്റ്റർ,ഹൈക്കോടതിയിൽ ഹർജി നൽകിയായിരുന്നു കേരള കാർഷിക സർവകലാശാലയിൽ നിന്ന് ഒരു വെച്ചൂർ പശുവിനെ സ്വന്തമാക്കിയത്.ഇപ്പോൾ ഇവിടെ വെച്ചൂർ പശുക്കളുടെ എണ്ണം പത്ത്.സംസ്ഥാനത്ത് ഇപ്പോൾ 200ൽ താഴെ മാത്രമാണു അത്യപൂർവമായ ഈ നാടൻ പശുവിനമുള്ളത് എന്നറിയുക.വെച്ചുരിൽ പോലും ഒന്നോ രണ്ടോ വെച്ചൂർ പശുക്കളേയുള്ളുവത്രേ.
കുറിയ ഇനം നാടൻ പശുക്കളിൽ രണ്ടാം സ്ഥാനമുള്ള കാസർകോഡ് ഡ്വാർഫ് ഇനവും ഇവിടെയുണ്ടു.ഒരു പക്ഷേ ,ലോകത്തെ തന്നെ ഏറ്റവും ചെറിയ പശുവും ഇദ്ദേഹത്തിന്റെ തൊഴുത്തിലുണ്ടു.വെറും 71 സെന്റീമീറ്റർ മാത്രം ഉയരമുള്ളതാണു ഇത്.കാടുകളിൽ മാത്രം കാണുന്നതും അന്യം നിന്നുപോയെന്ന് വിശ്വസിക്കപ്പെട്ടതുമായ മറ്റൊരു അപൂർവ്വ ഇനം പശുവും ഇവിടെയുണ്ടു.ഹൈറേഞ്ച് ഡ്വാർഫ് എന്ന് അറിയപ്പെറ്റുന്ന ഈ കുള്ളൻ പശുക്കൾ പശ്ചിമഘട്ടമലനിരകളിലും സമീപപ്രദേശങ്ങളിലും മാത്രം കണ്ടുവരുന്നു.2004ൽ പാലക്കാട്ട് ജില്ലയിലെ എലപ്പുള്ളി പഞ്ചായത്തിലെ ഒരു ഒറ്റപ്പെട്ട തുരുത്തിൽ രണ്ടു സ്ത്രീകൾ വളർത്തുന്ന പശുക്കളിൽ നിന്ന് കൃഷിശാസ്ത്രജ്ഞർ ,വംശനാശം വന്നുവെന്ന് വിശ്വസിക്കപ്പെട്ട ഈ ഇനത്തെ കണ്ടെത്തുകയായിരുന്നു.ഗുജറാത്തിലെ നാടൻ ഇനമായ ഗീർ പശുക്കളേയും ചന്ദ്രൻ മാസ്റ്റർ വളർത്തുന്നുണ്ടു.ഏറ്റവുമധികം പാൽ തരുന്നതും,മനുഷ്യനുമായി ഏറെ ഇണങ്ങുന്നതുമായ ഗീർ പശുക്കൾ കുട്ടിയാനയെപ്പോലെ വളരും.
ഇവയുടെയെല്ലാം പാലിനു ഔഷധഗുണമുണ്ടു.വിലയേറിയതാണു ഇവയുടെ പാൽ.
കേരളത്തിൽ,പക്ഷേ,കൌതുകത്തിനു വേണ്ടിയല്ലാതെ നാടൻ പശുക്കളെ വളർത്തുന്നതിനു സർക്കാരും കൃഷിശാസ്ത്രജ്ഞരും അനുകൂലമല്ല.അതിനു കട്ടായം എതിരുമാണു.ഇതിനു എതിരെ നിരത്താൻ ഒട്ടേറെ ശാസ്ത്രീയ കണക്കുകൾ അവരുടെ കൈവശം ഉണ്ടു.1970തുകളിൽ ഇൻഡോ,സ്വിസ് പ്രൊജൿറ്റിന്റെ ആരംഭത്തോടെ അത്യുൽപ്പാദനശേഷിയുള്ള പശുക്കളെ കൊണ്ടുവന്നായിരുന്നു നമ്മൾ ധവളവിപ്ലവം വിജയകരമായി നടത്തിയത് എന്നാണു മുഖ്യവാദം.എന്നിട്ടും ഇപ്പോൾ സംസ്ഥാനത്ത് ആവശ്യത്തിനു പാൽ കിട്ടുന്നില്ല.അയൽ സംസ്ഥാനങ്ങളിൽ നിന്നും പാൽ നിത്യവും ഇറക്കുമതി ചെയ്യുന്നു.ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം അഞ്ചു തവണ മിൽമ പാലിനു വില കൂട്ടി.ഇനിയും വില വർദ്ധിപ്പിക്കാൻ പോകുന്നു.എന്നിട്ടും ക്ഷീരകർഷകരുടെ എണ്ണം അതിവേഗം കുറഞ്ഞു വരുകയാണു.കർഷകർക്ക് എന്നും നഷ്ടം മാത്രം.
എന്താനു ഇതിനു കാരണം?
വിദേശ ഇനം സങ്കര പശുക്കൾക്ക് രോഗപ്രതിരോധശേഷി തീരെയില്ല.അവയെ പോറ്റുന്നതിനു കൂടുതൽ ചെലവു വരും.പാൽ കൂടുതൽ കിട്ടിയാലും മൊത്തം ചെലവു താങ്ങാൻ പറ്റില്ല.സർക്കാർ, കാലിത്തീറ്റയ്ക്ക് സബ്സിഡിയും മറ്റ് ആനുകൂല്യങ്ങളും നൽകിയില്ലെങ്കിൽ അടുത്ത വർഷങ്ങളിൽ കേരളത്തിലെ പശുവളർത്തൽ നാമമാത്രകർഷകരിലേക്ക് ഒതുങ്ങും.പച്ചക്കറിക്കും,അരിക്കുമൊക്കെ അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന നമ്മൾ പാലിനും ഏതാണ്ട് പൂർണ്ണമായി മറ്റുള്ളവരെ ആശ്രയിക്കും.പശുത്തൊഴുത്തുകളിൽ നിന്നുള്ള ചാണകവും ഗോമൂത്രവുമാണു നമ്മുടെ കൃഷിയുടെ പ്രധാന വളം.മണ്ണിന്റെ ഫലഭൂയിഷ്ടത നിലനിർത്തുന്ന ഈ ജീവാണുവളം അപ്രത്യക്ഷമാകുന്നതോടെ രാസവളങ്ങളെ കൂടുതലായി ആശ്രയിക്കേണ്ടി വരും.നമ്മുടെ മണ്ണു ഇതോടെ കൂടുതൽ ഊഷരമാകും.അവശേഷിച്ച പച്ചപ്പുകൾ കൂടി ഇല്ലാതാകും.ജൈവവൈവിധ്യം പഴംകഥ മാത്രമാകും…ഇങ്ങനെ പോകുന്നു, തൊഴുത്തിൽ നിന്ന് പശുക്കൾ അപ്രത്യക്ഷമാകുമ്പോളുണ്ടാകുന്ന ദുരന്തങ്ങൾ.
ഇപ്പോൾ വെച്ചൂർ പശുക്കളുടേയും,ഹൈറേഞ്ച്,കാസർകോഡ് ഡ്വാർഫ് ഇനങ്ങളുടേയും മഹത്വത്തെക്കുറിച്ച് ഊറ്റം കൊള്ളുന്നവർ അറിയാൻ ചന്ദ്രൻ മാസ്റ്റർ പറഞ്ഞ ധവളവിപ്ലവ കഥ വിവരിക്കാം.1970തുകളിലായിരുന്നു മൃഗസംരക്ഷണ വകുപ്പ് ഒരു ഉഗ്രശാസന പുറപ്പെടുവിച്ചത്.നാട്ടിലെങ്ങും ഇനി ഒരു വിത്തുകാളയേയും കണ്ടുപോകരുത്.അത്യുല്പാദന ശേഷിയുള്ള സുനന്ദിനി പശുക്കളെ കേരളമെങ്ങും വ്യാപിപ്പിച്ച് പാൽ വിപ്ലവം നടത്താൻ തുനിഞ്ഞിറങ്ങിയ സർക്കാരിനു നാടൻ പശുക്കളെ വളർത്തുന്നവർ ദേശവിരുദ്ധരും,പുരോഗതിയെ അട്ടിമറിക്കാനിറങ്ങിത്തിരിച്ചിരിക്കുന്ന പിന്തിരിപ്പരുമായി.നാടൻ വിത്തുകാളയെ വളർത്തുന്നവരെ ഉദ്യോഗസ്ഥർ വേട്ടയാടി.അവയെ പിടിച്ച് വന്ധ്യംകരിച്ചു.
പക്ഷേ ഇത് പൂർണ്ണമായി നടപ്പിലാക്കാൻ കഴിഞ്ഞില്ല.കേരളത്തിലെ ഒട്ടേറെ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് നടയ്ക്കിരുത്തിയ നാടൻ പശുക്കളുണ്ടായിരുന്നു.അവിടെ കയറി ധവളവിപ്ലവം നടത്താൻ ഒരു ഉദ്യോഗസ്ഥനും ധൈര്യം ഉണ്ടായിരുന്നില്ല.വിദൂര ഗ്രാമങ്ങളിലും ,പശ്ചിമഘട്ട മലനിരകളിലും കുറേ നാടൻ പശുക്കൾ ഉദ്യോഗസ്ഥരുടെ വംശഹത്യക്കിരയാകാതെ കാലം കഴിച്ചു.ഭാഗ്യം!ഇല്ലായിരുന്നുവെങ്കിൽ ഇന്ന് ലോകമെമ്പാടും പ്രകീർത്തിക്കപ്പെടുന്ന നമ്മുടെ മാത്രം സ്വന്തമായ അപൂർവ്വജനുസ്സിൽ പെട്ട വെച്ചൂർ പശുക്കളും, ഹൈറേഞ്ച്,കാസർകോഡ് ഡ്വാർഫ് ഇനങ്ങളും അവശേഷിക്കുമായിരുന്നില്ല.
നാൽക്കാലികൾക്കുള്ള വിവേകം പോലും ഉദ്യോഗസ്ഥർക്കും ഭരണാധികാരികൾക്കും ഇല്ലാതെ പോയി.ഇന്ന് അവശേഷിക്കുന്ന ഓരോ നാടൻ പശുവും നമ്മോട് പറയുന്നത് നാടിന്നിണങ്ങുന്ന കാർഷികപരിഷ്കാരങ്ങളുടെ ആവശ്യകതയെക്കുറിച്ചാണു.പ്രത്യേകിച്ച് ചെലവൊന്നും ഇല്ലാതെ ആർക്കും വെച്ചൂർ പശുവിനെ വളർത്താം.ഇവയെ വംശനാശം നടത്താൻ ശ്രമിച്ചർ ഇപ്പോഴും ഇവിടെയുണ്ടു.
ആ കന്നുകാലികളെ ആരു കൈകാര്യം ചെയ്യും?
No comments:
Post a Comment