ജനതാ പരീക്ഷണങ്ങൾ പിന്നെയും രണ്ടു തവണ കൂടി ആവർത്തിക്കപ്പെട്ടു.ആൻഡ്രയിലും തമിഴ്നാട്ടിലും വിഗ്രഹങ്ങൾ പ്രതിഷ്ഠിക്കപ്പെടുകയും പിന്നാലെ തച്ചുടക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നു.അത്രക്കും നാടകീയമാണു തെരഞ്ഞെടുപ്പ് ഫലങ്ങൾ.കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല.ഓരോ തെരഞ്ഞെടുപ്പിലും ഭരണകക്ഷിയെ മാറ്റി പ്രതികാരം ചെയ്യുന്നവരാണു നമ്മൾ.
പക്ഷേ,എന്തുകൊണ്ടാണു ഈ പ്രക്രിയ ആവർത്തിക്കേണ്ടി വരുന്നത്?തെരഞ്ഞെടുപ്പ് പ്രകടനപത്രികകളിൽ ഒരൊറ്റ വോട്ടർക്കും ഇപ്പോൾ വിശ്വാസമില്ലാത്തത് എന്തുകൊണ്ടാണു?എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളേയും അവിശ്വാസത്തോടെ മാത്രം വീക്ഷിക്കാൻ ബഹുഭൂരിപക്ഷത്തേയുംനിർബധിതമാക്കുന്ന സാഹചര്യം എന്താണു?രാ ഷ്ട്രീയക്കാരെ പരാന്നഭോജികളും അഴിമതിക്കാരുമായി മാത്രം കാണാൻ അവർ തയ്യാറാകുന്നത് എന്തുകൊണ്ടാണു?ലോകത്തെ ഏറ്റവും സുതാര്യവും കാര്യക്ഷമവുമായ ഭരണസംവിധാനമായ ഇന്ത്യൻ ജനാധിപത്യത്തിൽ പൊളിച്ചെഴുത്ത് വേണമെന്ന് ഒരു ന്യൂനപക്ഷം ആവശ്യപ്പെടുന്നത് എന്തുകൊണ്ടാണു?
-ഇവിടെയാണു നമ്മുടെ വോട്ടിങ്ങ് സമ്പ്രദായത്തിന്റെ മൌലികമായ ചില പോരായ്മകൾ ചർച്ചചെയ്യപ്പെടേണ്ടത്.രേഖപ്പെടുത്തപ്പെട്ട വോട്ടിന്റെ പകുതിയെങ്കിലും നേടിയ സ്ഥാനാർത്ഥിയേ വിജയിയാകൂ എങ്കിൽ നമ്മുടെ ജനാധിപത്യസ്ഥാപനങ്ങളിൽ ഇന്നുള്ളവരിൽ പത്ത് ശതമാനം പോലും അംഗങ്ങൾ ഉണ്ടാകില്ല.ഉത്തർപ്രദേശ് നിയമസഭാതെരഞ്ഞെടുപ്പിൽ ഇത്തവണ 61 ശതമാനം പേരാണു വോട്ടു ചെയ്തത്.ഭൂരിപക്ഷം നേടിയ എസ്സ്.പിക്ക് ആകെ കിട്ടിയതോ വെറും 31 ശതമാനം വോട്ട്!നാലും അഞ്ചും സ്ഥാനാർത്ഥികൾ മാറ്റുരച്ച ബഹുഭൂരിപക്ഷം മണ്ഡലങ്ങളിലും പോൾ ചെയ്യപ്പെട്ട വോട്ടിന്റെ മൂന്നിലൊന്നു പോലും നേടാത്തവർ വിജയികളായിട്ടുണ്ടു.ഇതൊരു പുതിയ കാര്യമല്ല.പണ്ടു തീവ്രവാദം കത്തിനിന്ന നാളുകളിൽ പഞ്ചാബിലും ജമ്മു-കാഷ്മീരിലും നടന്ന തെരഞ്ഞെടുപ്പ് പ്രഹസനങ്ങൾ ഓർക്കുക.വെറും ഒരു ശതമാനം പേർ പോലും വോട്ടു ചെയ്യാത്ത മണ്ഡലങ്ങളിൽ നിന്നു പോലും ജനപ്രതിനിധികളുണ്ടായി!അവർ അധികാരം കൈയാളി.
അക്കൌണ്ടബിളിറ്റി അഥവാ ,തങ്ങളെ തെരഞ്ഞെടുത്തവരോട് കണക്ക് ബോധിപ്പിക്കൽ,അഞ്ചാണ്ടിലൊരിക്കൽ മാത്രമാണെന്ന സൌകര്യമാണു ജനപ്രതിനിധികളെ അധികാരദല്ലാളരും സുഖലോലുപരും ദുരാഗ്രഹികളുമൊക്കെയാക്കുന്നത്.ബിനാമി പേരുകളിൽ സമ്പത്ത് വാരിക്കൂട്ടുന്ന നേതാക്കൾ ഇന്ന് സർവസാധാരണം.നഗ്നമായ അധികാര ദുർവിനിയോഗത്തിലൂടെ മക്കളേയും മരുമക്കളേയും പദവികളിൽ തിരുകിക്കയറ്റുന്നവിശുദ്ധരും കുറവല്ല.പക്ഷേ,ഇതൊക്കെ അങ്ങാടിയിൽ പാട്ടായാലും അടുത്ത തെരഞ്ഞെടുപ്പ് വരെ കാത്തിരുന്നേ മതിയാകൂ.ഇതിനിടയിൽ വോട്ടർക്ക് ഒന്നും ചെയ്യാനാകില്ല
.ജനപ്രതിനിധികളെ അഴിമതി വീരരാക്കുന്ന ഈ സംവിധാനം മാറ്റിയേ മതിയാകൂ.സർക്കാരിനെതിരെയും ,ഭരണസമിതികൽക്കെതിരേയും അവിശ്വാസപ്രമേയം അവതരിപ്പിക്കാൻ ഭരണഘടനാവ്യവസ്ഥയുണ്ടു.അതേ മാതൃകയിൽ എന്തുകൊണ്ടു ,അപഥസഞ്ചാരം നടത്തുന്ന ജനപ്രതിനിധിയെ പുറത്താക്കാൻ,അല്ലെങ്കിൽ തിരിച്ചുവിളിക്കാൻ വോട്ടർമർക്ക് അവകാശം നൽകിക്കൂടാ? ഇടക്കിടെ ഇങ്ങനെ ജനഹിത പരിശോധന നടത്തുന്നത് വളരെ ചെലവുള്ള ഏർപ്പാടല്ലേ എന്നാകും ചോദ്യം.അഴിമതിയുടെ വടവൃക്‌ഷങ്ങൾ ദിവസവും ഖജനാവിൽ നിന്ന് കാർന്നുതിന്നുന്ന കോടികളുടെ ആയിരത്തിലൊരംശം പോലും വേണ്ട,ഈ ഹിതപ്രിശോധനകൾക്കുള്ള ചെലവു.ജനാധിപത്യത്തെ ബലപ്പെടുത്താൻ ഇത്തരം ചില ‘ആഡംബരങ്ങൾ” കൂടി നമുക്ക് ആവശ്യമുണ്ടു.
ഇനി പറയുക- വോട്ടർമാർക്കും വേണ്ടേ,അവിശ്വാസപ്രമേയാവതരണാവകാശം?
No comments:
Post a Comment