കേരളത്തിനു പ്രിയംകരമാകുന്ന വിദേശപഴങ്ങളെക്കുറിച്ചു 32 അദ്ധ്യായങ്ങളുള്ള ആകാശവാണിയുടെ “കൃഷിപാഠ”പരമ്പര (അമൃതം,മധുരം ഈ നവഫലങ്ങൾ) ഇന്ന് സമാപിക്കുകയാണു.
റമ്പൂട്ടാൻ,ദുരിയാൻ,മാങ്കോസ്റ്റീൻ,പുലാസാൻ, ലിച്ചി,പീച്ച്,പീർ,അനോന,നോനി,ഡ്രാഗൻ ഫ്രൂട്ട്,സ്റ്റാർ ഫ്രൂട്ട്,ലാങ്ങ്സാറ്റ്,കാരംബോള,മിറക്കിൾ ഫ്രൂട്ട്,സ്ട്രോബറി തുടങ്ങിയ 20ഓളം ഫലവൃക്‌ഷങ്ങൾ തേടി കഴിഞ്ഞ മൂന്ന് മാസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലൂടെ നടത്തിയ യാത്രകൾ ഒരു മാദ്ധ്യമപ്രവർത്തകൻ എന്ന നിലയിൽ മൂന്ന് പതിറ്റാണ്ടിനുള്ളിൽ ലഭിച്ച വ്യത്യസ്തമായ അനുഭവമായിരുന്നു.
ജോലി തേടി അരനൂറ്റാണ്ടിനു മുൻപ് മലേഷ്യയിലേക്കും ശ്രീലങ്കയിലേക്കുമൊക്കെ പോയവർ കൊണ്ടുവന്ന് വീട്ടുവളപ്പുകളിൽ കൌതുകട്ത്തിനു വളർത്തിയെടുത്തവയായിരുന്നു റംബൂട്ടാനും ദുരിയാനുമടക്കമുള്ള ഈ മറുനാടൻ ഫലവൃക്‌ഷങ്ങളിൽ ഭൂരിപക്ഷവും.കേരളത്തിന്റെ കലാവസ്ഥയിൽ അവ നന്നായി വളർന്നു.ആദ്യകാല മരങ്ങളിൽ ബഹുഭൂരിപക്ഷവും റാന്നി,കോന്നി,എരുമേലി,പത്തനംതിട്ട,കോഴഞ്ചേരി ഭാഗങ്ങളിലായിരുന്നു.അവിടെ 47 വർഷം പ്രായമുള്ള റംബൂട്ടാൻ ദുരിയാൻ മരങ്ങൾ നിറയെ പഴം പിടിച്ചുനിൽക്കുന്ന അപൂർവദൃശ്യം മനംകുളിർപ്പിക്കുന്നതാണു.അതിമധുരമുള്ളതാണു റംബൂട്ടാൻ പഴങ്ങൾ.ചുവന്ന് രോമങ്ങളോട് കൂടിയവ.ഇവ പഴുക്കാറായാൽ അണ്ണാനും തത്തകളും പിന്നെ പേരറിയാത്ത കിളികളും എത്തും.തത്തയുമായി രൂപസാദൃശ്യമുള്ളതും എന്നാൽ അവയെക്കാൾ ചെറുതുമായ കിളികൾ കൂട്ടത്തോടെ പറന്നെത്തി ഏതാനും മിനിറ്റുകൾ കൊണ്ട് ആയിരക്കണക്കിനു പഴങ്ങൾ കൊത്തിത്തിന്ന് മറയും.ഇത് ഒഴിവാക്കാനായി പഴം പാകമാകുന്നതിനു മുൻപ് തന്നെ പ്രത്യേകതരം വലയിട്ട് മരം മൂടും.പാട്ടകൊട്ടി ശബ്ദമുണ്ടാക്കി അണ്ണാനേയും മറ്റും അകറ്റാൻ കാവൽക്കാരെയും വെയ്ക്കും.ആദ്യകാലങ്ങളിൽ ഈ പഴത്തിന്റെ രുചി കിളികൾക്ക് ഒട്ടും പരിചിതമല്ലാതിരുന്നതു കൊണ്ടാകാം,ഒരു ശല്യവുമുണ്ടായിരുന്നില്ല.പിന്നെ എന്നോ അവർ അതിന്റെ രുചി അറിഞ്ഞു. റംബൂട്ടാൻ മരങ്ങളിൽ ആണ്മരങ്ങളുണ്ട്.അവ പൂക്കുമെങ്കിലും കായ്ക്കില്ല.നന്നായി പരിചരിച്ചാൽ നാലു വർഷം കൊണ്ട് ഈ മരങ്ങൾ പൂക്കും.അപ്പോഴായിരിക്കും അത് ആന്മരമാണെന്ന് അറിയുക.അത് പരിഹരിക്കാനെന്താണു ഒരു വഴി? കേന്ദ്രസർക്കാർ ജോലി രാജിവെച്ച് അഞ്ചലിൽ നെഴ്സറി നടത്തുന്ന പി.കെ.സുന്ദരേശൻ എന്ന സ്വാമി ഞങ്ങളോട് പറഞ്ഞു:തൈകൾ സ്കാൻ ചെയ്താൽ മതി.ആണോ പെണ്ണോ എന്ന് കൃത്യമായി അറിയാം.അദ്ദേഹം തന്റെ സ്കാനിങ്ങ് യന്ത്രം ഞങ്ങൾക്ക് കാണിച്ചുതന്നു.ഒരടി നീളമുള്ള ഒരു നൂലിൽ കെട്ടിയിരിക്കുന്ന ചെറിയൊരു കഷണം കല്ല്!കായ്ച്ചു നിൽക്കുന്ന ഒരു റംബൂട്ടാൻ മരത്തിന്റെ ചില്ലകൾ താഴ്ത്തി അദ്ദേഹം നൂലിൽ കെട്ടിയ കല്ല് അതിനു മുകളിൽ പിടിച്ചു.ഒന്നു- രണ്ടു മിനിറ്റ് കഴിഞ്ഞപ്പോൾ കല്ല് തനിയെ ആടാൻ തുടങ്ങി.വൃത്താകൃതിയിൽ വലതേക്കാണു കല്ല് ചലിച്ചുകൊണ്ടിരുന്നത്.ഞങ്ങൾ ഒരോരുത്തരായി പരീക്ഷണം ആവർത്തിച്ചു.‘പെണ്മരം ആയതുകൊണ്ടാണു ഇത് വൃത്താകൃതിയിൽ കറങ്ങുന്നത്”,അദ്ദേഹം വിശദീകരിച്ചു.ഏതു മരത്തിന്റേയും ജാതി ഇങ്ങനെ തിരിച്ചറിയാം.”ആണ്മരമാണെങ്കിൽ കല്ല് പെൻഡുലം പോലെ നേരെ ചലിക്കും”.ഒപ്പം ഉണ്ടായിരുന്ന ട്രാൻസ്മിഷൻ എക്സിക്യൂട്ടീവ് കെ.ഉഷയുടെ കൈയ്ക്ക് മീതെ അദ്ദേഹം നൂലിൽ കെട്ടിയ ഈ കല്ല് പിടിച്ചു;അത്ഭുതം-അത്വൃത്താകൃയിൽ കറങ്ങാനാരംഭിച്ചു!മരങ്ങളുടെ മാത്രല്ല, മനുഷ്യരുടെ ലിംഗവ്യത്യാസം അറിയാനും ഇതുകൊണ്ടു പറ്റും!പിന്നെ പരീക്ഷണം എന്റെയടുത്തായി.. അത് പെൻഡുലത്തെ പോലെ നേരെ ആടാൻ തുടങ്ങി.ഞങ്ങൾ ഒരോരുത്തരായി മാറി-മാറി പരിക്ഷണം ആവർത്തിച്ചു.എല്ലാം കിറുകൃത്യം!പൂത്തിട്ടും കായ്ക്കാതെ നിൽക്കുന്ന ആൺ റംബൂട്ടാൻ മരത്തിന്റെ ചില്ലകൾക്ക് മീതെയും കല്ല് വെച്ച് പിന്നെയും ഞങ്ങൾ ഇത് സ്വയം ബോദ്ധ്യപ്പെട്ടു. --എന്താണിതിന്റെ ശാസ്ത്രീയ വശം?അത് കണ്ടെത്തേണ്ടത് ശാസ്ത്രജ്ഞരാണു.സത്യത്തിൽ ഇത് സ്വാമിയുടെ കണ്ടെത്തലല്ല.നൂറ്റാണ്ടുകളായി ഇത്തരം അസംഖ്യം നാട്ടറിവുകൽ നമ്മുടെ കർഷകർ വിജയകരമായി ഉപയോഗിക്കുന്നുണ്ടു.കല്ലിനു പകരം സ്വർണ്ണം നൂലിൽ കെട്ടി ജാതിച്ചെടികളിലെ ആൺ-പെൺ വ്യത്യാസം തിരിച്ചറിയുന്നുണ്ടു.അതിനു കൂടുതൽ കൃത്യതയുണ്ടെന്ന് ജാതികർഷകർ സാക്ഷ്യപ്പെടുത്തുന്നുണ്ടു.ഏതാണ്ട് ഇതേ മാതൃകയിൽ ഏതോ ലോഹത്തകിടുകൾ ചരടിൽ കെട്ടി അതിന്റെ ചലനം നിരീക്ഷിച്ച് ഭൂമിയിൽ വെള്ളത്തിന്റെ ലഭ്യത കണ്ടെത്തി കിണറിനു സ്ഥാനനിർണ്ണയം നടത്തുന്ന രീതി വളരെപ്പേർക്കറിയാം.ഉന്നതനായ ഒരു ന്യായാധിപൻ വരെ പരമ്പരാഗതമായി കിട്ടിയ ഈ അറിവ് ഉപയോഗിച്ച് ഇപ്പോഴും കിണറിനു സ്ഥാനനിർണ്ണയം നടത്തിക്കോടുക്കാറുണ്ടു. തായ്ലാന്റ്,മലേഷ്യ,സുമാത്ര പ്രദേശങ്ങളിൽ നിന്നുമെത്തിയ ദുരിയാൻ പഴത്തെക്കുറിച്ച് രസകരമായ കഥകളുണ്ടു.അവിടെ കാടുകളിൽ മാത്രം വളരുന്ന ഈ മരം മദ്ധ്യകേരളത്തിലും തൃശൂർ ജില്ലയിലെ ചാലക്കുടി പ്രദേശത്തും വീട്ടുവളപ്പുകളിൽ വെച്ചുപിടിപ്പിച്ചിട്ടുണ്ടു.കണ്ടാൽ ചക്ക പോലിരിക്കുന്ന ഈ പഴം പഴങ്ങളുടെ രാജാവ് എന്ന അപരനാമട്ത്തിലാണു അറിയപ്പെടുന്നത്.പക്ഷേ ഇതിനു അസഹനീയമായ ഗന്ധമാണുള്ളത്.ഇതുകാരണം മലേഷ്യയിലും സിങ്കപ്പൂരിലുമൊക്കെ ബസിലും ട്രെയിനിലും ദുരിയാൻ കയറ്റുന്നത് നിരോധിച്ചിട്ടുണ്ടു.മണം തീരെ ഷ്ടമല്ലെങ്കിലെന്ത്, തീവിലയാണു ദുരിയാൻ പഴത്തിനു.വന്ധ്യതക്കുള്ള ദിവ്യഔഷധമെന്ന നിലയിൽ ഇതിനു വൻ ഡിമാന്റാണു.ലൈംഗികോത്തേജനത്തിനും ഇത് അത്യുത്തമം.സ്ത്രീകളിൽ ഈസ്ട്രജൻ ഹോർമോൺ ഉത്പാദനം വർദ്ധിപ്പിക്കുന്ന ഘടകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ടത്രേ.വിദേശരാജ്യങ്ങളിൽ ദുരിയാൻ സമൃദ്ധമായി ലഭിക്കുന്ന ജൂൺ-സെപ്റ്റംബർ മാസങ്ങളിൽ വന്ധ്യതാചികിത്സക്കായി ചില ആശുപത്രികളിൽ ദുരിയാൻ വാർഡുകൾ തന്നെ തുറക്കുന്നുണ്ടെന്നും മാദ്ധ്യമങ്ങൽ റിപ്പോർട്ട് ചെയ്തിയ്യുണ്ടു.തമിഴ്നാട് സർക്കാറിന്റെ നീലഗിരിജില്ലയിലുള്ള കല്ലാർ,ബാർളിയാർ കൃഷിത്തോട്ടങ്ങളിൽ ദുരിയാൻ മരങ്ങൾ വന്തോതിൽ വെച്ചുപിടിപ്പിച്ചിട്ടുണ്ടു.അവിടെയും ചിലർ ദുരിയാൻ ക്ലിനിക്കുകൾ തുറന്നിട്ടുണ്ടു.വെചൂച്ചിറയിൽ 48 വർഷം പ്രായമുള്ള ദുരിയാൻ മരത്തിന്റെ ഊടമ എ.എസ്.വർക്കി എന്ന 84കാരനായ കാരണവർ പറഞ്ഞത് ഓർമ്മയിൽ തങ്ങി നിൽക്കുന്നു.നല്ല മൂർച്ചയുള്ള കൂർത്തമുള്ളുകളാണു ദുരിയാൻ പഴത്തിന്റേത്.ഇവ പഴുത്താൽ തനിയെ താഴെ വീഴുകയാനു പതിവ്.95 ശതമാനം പഴങ്ങളും രാത്രി വീഴും.രാവിലെ ഇവ പെറുക്കാൻ ജോലിക്കാർ പോകുന്നത് തലയിൽ ഹെൽമറ്റും വെച്ചാണു.അപ്പോൾ ഏതെങ്കിലുമൊരു ദുരിയാൻ പഴം അടർന്ന് തലയിൽ വീണാൽ ആൾ മരിച്ചു പോകും.ആനയുടെ തലയിൽ വീണാൽ പോലും തല തുളച്ചുകയറുമത്രേ!
വർഷങ്ങളായി നമ്മുടെ ഇഷ്ടപഴങ്ങലിലൊന്നായ ഓറഞ്ച് കേരളത്തിലെ
ഉയർന്ന പ്രദേശങ്ങളായ മൂന്നാറിലും നെല്ലിയാമ്പതിയിലും മാത്രമേ വളരൂ എന്നത് നമ്മുടെ അറിവില്ലായ്മ
മാത്രമാണെന്ന് ബോദ്ധ്യപ്പെട്ടത് ഏറ്റുമാനൂരിലെ രാമചന്ദ്രന്നായരുടേയും അഞ്ചലിലെ സുന്ദരേശന്റേയുമൊക്കെ
നെഴ്സറികളിൽ അവ ചോടിയോടെ വളർന്ന് കായ് പിടിച്ചു നിൽക്കുന്നത്കണ്ടപ്പോളായിരുന്നു.കേരളത്തിലെ
ശീതകാലപചക്കറികളുടേയും ആപ്പിൾ.,പ്ലം,പീച്ച്,പിയർ തുടങ്ങിയ പഴങ്ങളുടേയും ഒരേയൊരു കേന്ദ്രമായ
മറയൂർ-കാന്തല്ലൂർ മേഖലയിലെ കർഷകരും ഈ വിലപ്പെട്ട അറിവു ഞങ്ങൾക്ക് പകർന്ന് നൽകി-സമതലപ്രദേശങ്ങളിലും
ഓറഞ്ച് കൃഷി ചെയ്യാം.സാമാന്യം ഭേദപ്പെട്ട വിളവ് ലഭിക്കുകയും ചെയ്യും.ഈ ഓറഞ്ചിനു പുളിരസം ഉണ്ടെങ്കിൽ ഇടയ്ക്ക് അൽപ്പം കുമ്മായം ചേർത്തുകൊടുത്താൽ മതിയെന്നാണു പി.കെ.സുന്ദരേശന്റെ കണ്ടെത്തൽ. സ്ട്രോബറിയുടെ കാര്യവും അങ്ങനെ തന്നെ.മൂന്നാറിലെ ടാറ്റ എസ്റ്റേറ്റുകളിൽ മാത്രം
വ്യാവസായികാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന സ്ട്രോബറി കേരളത്തിൽ എവിടെയും നട്ടുപിടിപ്പിക്കാം.പഴവിപണിയിൽ
വലിയവിലയുള്ള സ്ട്രോബറി ഞങ്ങൾ തൃശൂരിലും നട്ട് വിളവെടുത്തു.ആർക്കും ഇത് പരീക്ഷിക്കാം.സ്ട്രോബറി
പഴങ്ങൾ അതേപടി പഞ്ചസാരപാനിയിലിട്ട് പ്രിസെർവായി മാർക്കറ്റിലെത്തിക്കുന്ന ടാറ്റയുടെ
നല്ലതണ്ണിയിലെ ഫാക്റ്ററിയിൽ ഈ പണികളെല്ലാം ചെയ്യുന്നത് മൂകരും ബധിരരുമായ കുറേ ചെറുപ്പക്കാണു.എസ്റ്റേറ്റ്
തൊഴിലാളികളുടെ മക്കളാണു ഇവർ.‘ഡെയർ”(DARE) എന്ന പേരിൽ ഈ കുട്ടികൾക്കായി നടത്തുന്ന സ്പെഷ്യൽ
സ്കൂളിൽ നിന്ന് പരീശീലനം നേടിയവരാണു കേരളത്തിലെ ഒരേയൊരു സ്ട്രോബ്ബറി ഫാക്റ്ററിയിലെ
ജീവനക്കാരെല്ലാം.
കാന്തല്ലൂരിൽ ഏറ്റവുമധികം
ആപ്പിൾ കൃഷിചെയ്യുന്ന ജോർജ്ജ് ജോസഫ് എന്ന കായികാദ്ധ്യാപകന്റെ തോട്ടത്തിൽ മറ്റനേകം വിദേശപഴങ്ങൾക്കൊപ്പം സ്ട്രോബറിയുടെ കുലത്തിൽ
പെടുന്ന ബ്ലാക്ക്ബെറിയുമുണ്ടു.ആപ്പിളിനെക്കുറിച്ചുള്ള മോഹന സങ്കൽപ്പങ്ങൾ തകർന്നത്
മരങ്ങൾ നേരിൽ കണ്ടപ്പോളായിരുന്നു.ഒരിലപോലുമില്ലാതെ ഉണങ്ങിയതുപോലെ നിൽക്കുന്ന കുറെ കുറ്റിക്കമ്പുകളാണു ആപ്പിൾമരങ്ങൾ എന്ന് വിശ്വസിക്കാനായില്ല.ഇലയെല്ലാം പൊഴിച്ചുനിൽക്കുന്നവ ആദ്യം പൂവിടും; പിന്നെ ഇലകൾ തളിർക്കും.പഴങ്ങൾ വിളഞ്ഞ് പഴുക്കാറാകുമ്പോൾ ആരെയും ആകർഷിക്കുന്ന സൌന്ദര്യമുണ്ടാകും
ഈ ആപ്പിൾ മരങ്ങൾക്ക്.
-പുതുപഴങ്ങൾ തേടിയുള്ള
ഈ യാത്രക്കിടയിൽ എത്രയോ പഴങ്ങൾ നാവിലും മനസിലും അമൃതമഴ പെയ്യിച്ചു!ബറാബ,മിൽക്കി ഫ്രൂട്ട്,മധുരപ്പുളി,അവക്കാഡോ,ആസ്ട്രേലിയൻ
പാഷൻഫ്രൂട്ട്…ഇങ്ങനെ നീളുന്നു ഈ പട്ടിക.ഇവ കണ്ടെത്തി നട്ടുവളർത്തുന്നതിൽ ആത്മനിർവൃതി
കണ്ടെത്തുന്ന കല്ലട രമേശിനേയും റാന്നിയിലെ എബ്രഹാം തോമസ്,കാഞ്ഞിരപ്പള്ളിയിലെ ഹോംഗ്രോൺ നെഴ്സറിയിലെ
ഷൈജുവിനേയും സെബാസ്റ്റ്യനേയും പോലുള്ള പ്രതിബദ്ധരായ എത്രയോ പേരെ ഞങ്ങൾ കണ്ടുമുട്ടി.അവരുടെ വിലപ്പെട്ട
അനുഭവങ്ങൾ ശ്രോതാക്കളുമായി പങ്കുവെച്ചു.
-ഈ പുതുപഴങ്ങൾ വ്യാപകമാകുന്നതോടെ
നമ്മുടെ കൊച്ചുകേരളം ലോകത്തിന്റെ തന്നെ പഴത്തോട്ടമായി വളരുകയാണു.നൂറുകണക്കിനു വൈവിദ്ധ്യപൂർണ്ണമായ
നാടൻ മാവിനങ്ങളും,പ്ലാവും,വാഴയിനങ്ങളും മറ്റും സമൃദ്ധമായുള്ള നമ്മുടെ നാട്ടിൽ അവയെക്കാൾ
ഗുണമേന്മയുള്ളതും പ്രത്യേകപരിചരണമൊന്നും ആവശ്യമില്ലാത്തതുമായ ഈ മറുനാടൻഫലവൃക്‌ഷങ്ങൾ കൂടി വേരുറപ്പിക്കുന്നതോടെ കേരളം പഴങ്ങളുടെ സ്വന്തം സ്വർഗ്ഗഭൂമിയാവുകയാണു.
No comments:
Post a Comment