മാഡം കാമ:ചരിത്രത്താളുകളിൽ നിന്ന് മായുന്ന ഒരു ഏട് ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ അറുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുമ്പോൾ ,ചരിത്രം വിസ്മരിക്കാൻ ശ്രമിക്കുന്ന ഒരു വനിതയെ ഓർമ്മവരുന്നു- നമ്മുടെ ത്രിവര്‍ണ്ണ പതാക പൊതു വേദിയില്‍ ആദ്യമായി ഉയര്‍ത്തിയത് മാഡം കാമയായിരുന്നു. 1907 ആഗസ്റ്റ് 18ന് ജര്‍മ്മനിയിലെ സ്റ്റുട്ട്ഗാർട്ട് പട്ടണത്തില്‍ നടന്ന സോഷ്യലിസ്റ്റ്കാരുടെ മഹാസമ്മേളനത്തിലാണ് ഈ ധീരവനിത മൂവര്‍ണ്ണക്കൊടി കൈയ്യിലേന്തി ഇങ്ങനെ പ്രഖ്യാപിച്ചത് “ഇത് സ്വതന്ത്രേന്ത്യയുടെ പതാകയാണ്. എണ്ണമറ്റ ദേശാഭിമാനികളുടെ ത്യാഗസമ്പൂര്‍ണ്ണമായ ജീവിതത്തെയാണ് ഇത് പ്രതിനിധാനം ചെയ്യുന്നത്. ഈ പതാകയെ അഭിവാദ്യം ചെയ്യുവിന്‍”. എന്നിട്ട് അവര്‍ മൂവര്‍ണ്ണക്കൊടി കൈയ്യിലുയര്‍ത്തിപ്പിടിച്ചു. യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ആയിരത്തോളം പ്രതിനിധികള്‍ “ഇന്ത്യ നെടുനാള്‍ വാഴട്ടെ” എന്ന മുദ്രാവാക്യത്തോടെ പതാകയെ അഭിവാദ്യം ചെയ്തു. ആ പതാകയിലെ ,മഞ്ഞ,ചുവപ്പ് നിറങ്ങൾ യഥാക്രമം ഇസ്ലാം,ഹിന്ദു,ബുദ്ധമതങ്ങളെ പ്രതിനിധീകരിക്കുന്നു.താമരകൾ ബ്രിട്ടീഷ് ഇന്ത്യയിലെ എട്ട് പ്രവിശ്യകളേയും.1914ൽ ഈ പതാകയെ ഇന്ത്യൻ ഇൻഡിപൻഡസ് കമ്മിറ്റി അംഗീകരിച്ചു.കാമ സ്റ്റട്ഗാർട്ടിലുയർത്തിയ ആ പതാക ഇന്നും പുനയിലെ മറാത്താ-കേസരി ലൈബ്രറിയിൽ സൂക്ഷിച്ചിട്ടുണ്ടു.
1931-ലെ കറാച്ചി സമ്മേളനത്തില്‍ വച്ചാണ് ത്രിവര്‍ണ്ണപതാകയെ കോണ്‍ഗ്രസ് അംഗീകരിച്ചത്. അതിന് 24 വര്‍ഷങ്ങള്‍ക്കു മുമ്പാണ് നമ്മുടെ ദേശീയ പതാകയുടെ അതേ മാതൃതയിലുള്ള ത്രിവര്‍ണ്ണപതാക മാഡം കാമ വിദേശമണ്ണില്‍ ഉയര്‍ത്തിയതെന്ന് ഓര്‍ക്കുക.
35 വര്‍ഷം ലണ്ടനിലും പാരീസിലും താമസിച്ച് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് പടവെട്ടിയ ധീര വിപ്ലവകാരിയായിരുന്നു മാഡം കാമ. എവിടെ പോകുമ്പോഴും ത്രിവര്‍ണ്ണ പതാക അവരുടെ കൈയിലുണ്ടാകും.
മാഡം കാമയുടെ സ്വദേശം മുംബൈയായിരുന്നു. ധനികനായ ഒരു പാര്‍സിയുടെ മകളായിരുന്നു അവര്‍. യഥാര്‍ത്ഥ പേര് ഭികൈജി കാമ. റസ്റ്റം കെ.ആര്‍ കാമ എന്ന അഭിഭാഷകന്റെ ഭാര്യയായതോടെ മാഡം കാമ എന്ന് അറിയപ്പെട്ടു തുടങ്ങി. വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴേ സാമൂ ഹികസേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട മാഡം കാമയുടെ ജീവിതം മാറ്റിമറിച്ചത് 1896-ല്‍ മുംബൈയില്‍ പടര്‍ന്നു പിടിച്ച പ്ലേഗായിരുന്നു. ആയിരക്കണക്കിനാളുകള്‍ ഈ പകര്‍ച്ചവ്യാധിക്കിരയായി. സ്വന്തം ആരോഗ്യം പോലും അവഗണിച്ചുകൊണ്ട് മാഡം കാമ രോഗികളെ പരിചരിക്കുന്നതില്‍ വ്യാപൃതയായി. അവരെയും രോഗം ബാധിച്ചു. 1901-ല്‍ തകര്‍ന്ന ആരോഗ്യം വീണ്ടെടുക്കാന്‍ വിദഗ്ദ്ധചികിത്സക്കായി കാമ ഇംഗ്ലണ്ടിലേക്ക് പോയി.
പിന്നെ അവര്‍ മടങ്ങിവന്നത് നീണ്ട 35 വര്‍ഷങ്ങള്‍ക്കു ശേഷം. സ്വന്തം മണ്ണില്‍ കിടന്നു മരിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ അവസാനം അവരെ അനുവദിക്കുകയായിരുന്നു. 1936 ആഗസ്റ്റ് 13നു അവര്‍ വിട ചൊല്ലി.
ലണ്ടനില്‍ ചികിത്സക്കു പോയ മാഡം കാമ, അസുഖമെല്ലാം ഭേദമായി പണ്ടേ നാട്ടിലേക്കു മടങ്ങിയേനേ. അതിനുള്ള തയ്യാറെടുപ്പെല്ലാം നടത്തിക്കഴിഞ്ഞ് ഒരു വൈകുന്നേരം ഹൈഡ്പാര്‍ക്കിലൂടെ ചുറ്റിക്കറങ്ങിയപ്പോഴാണ് അവരുടെ ജീവിതത്തിലെ വന്‍ വഴിത്തിരിവ് സംഭവിക്കുന്നത്. ഹൈഡ്പാര്‍ക്ക് സ്ഥിരം പ്രസംഗ വേദിയാണ്. ആര്‍ക്കും ഏതു വിഷയത്തെക്കുറിച്ചും പ്രസംഗിക്കാം. കേള്‍വിക്കാരേറെ ഉണ്ടാകും. കാമ ചെന്ന ദിവസം ശ്യാം ജി കൃഷ്ണവര്‍മ്മ എന്ന ഒരു ഇന്ത്യക്കാരന്‍ ഘോരഘോരം പ്രസംഗിക്കുന്നു. ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ ചെയ്യുന്ന അതിക്രമങ്ങളാണ് വിഷയം. ആ തീപ്പൊരി പ്രസംഗം അവരെ ഇരുത്തി ചിന്തിപ്പിച്ചു. മാതൃരാജ്യത്തിന്റെ മോചനത്തിനായി ജീവിതം ഉഴിഞ്ഞുവയ്ക്കാന്‍ അവര്‍ തീരുമാനിച്ചു.കോൺഗ്രസിന്റെ ബിട്ടീഷ് കമ്മറ്റി പ്രസിഡന്റായ ദാദാഭായി നവറോജിയുമായി അവർ പരിചയപ്പെട്ടു.അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായാണു പൊതുജീവിതം തുടങ്ങിയത്. ഹൈഡ്പാര്‍ക്കില്‍ അവര്‍ പിന്നെ, പ്രസംഗകയായി. കൃഷ്ണവര്‍മ്മയോടൊപ്പം ഇംഗ്ലണ്ടിലെ ഇന്ത്യക്കാരെ സംഘടിപ്പിച്ച് വിപ്ലവ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.നവറോജി,സിങ്ങ് രവാഭായി റാണ,കൃഷ്ണവര്‍മ്മ എന്നിവരോടൊപ്പം ലണ്ടനിൽ അവർ ഹോം റൂൾ സൊസൈറ്റി സ്ഥാപിച്ചു.1905ൽ പാരീസ് ഇന്ത്യൻ സൊസൈറ്റി സ്ഥാപിച്ചുകൊണ്ട് പ്രവർത്തനമണ്ഡലം ഫ്രാൻസിലേക്കും വ്യാപിപ്പിച്ചു. ഇന്ത്യയിൽ നിരോധിക്കപ്പെട്ട ‘വന്ദേ മാതരം‘, ‘ തൽവാർ’ ഉൾപ്പെടെയുള്ള വിപ്ലവപ്രസിദ്ധീകരണങ്ങൾ അവർ വിദേശരാജ്യങ്ങളിൽ അച്ചടിച്ച് പ്രചരിപ്പിച്ചു.അവ ഫ്രഞ്ച് കോളനിയായിരുന്ന പോണ്ടിച്ചേരി വഴി ഇന്ത്യയിലെത്തിച്ചു.വിനായക് സവാക്കറുടെ അറസ്റ്റും ,കസ്റ്റഡിയിൽ നിന്നുള്ള രക്ഷപെടലുംകാരണം മാഡം കാമയുടെ ലണ്ടനിലെ സ്വത്തുക്കൾ സർക്കാർ കണ്ടുകെട്ടിയ സമയത്ത് ലെനിൻ അവരെ റഷ്യയിലേക്ക് ക്ഷണിച്ചിരുന്നതായി പറയപ്പെടുന്നു.ഒന്നാം ലോകമഹായുദ്ധത്തിൽ ഫ്രാൻസും ബ്രിട്ടനും സഖ്യകക്ഷി കളായിതീർന്നതോടെ ഫ്രാൻസിലെ ഇന്ത്യൻസ്വാതന്ത്യസമരപോരാളികൾ കടുത്തപ്രതിസന്ധിയി ലായി.കാമയും റാണയുമൊഴികെയുള്ളവർ രാജ്യം വിട്ടു.അവിടെതന്നെ പ്രവർത്തനം തുടർന്ന അവർ അറസ്റ്റു ചെയ്യപ്പെടുകയും മദ്ധ്യ ഫ്രാൻസ് പ്രവിശ്യയിലുള്ള വിച്ചിയിലെ ഒരു കമ്മ്യൂണിൽ തടവിലാക്കപ്പെടുകയും ചെയ്തു. റാണയേയും കുടുംബത്തേയും കരീബിയൻ ദ്വീപായ മാർട്ടിനിക്കിലേക്കായിരുന്നു നാടുകടത്തിയത്.1917ൽ അവർ മോചിപ്പിക്കപ്പെടുവെങ്കിലും 1935വരെ വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ പ്രവാസിയായികഴിഞ്ഞ് ഇന്ത്യൻ സ്വാതന്ത്യത്തിനുവേണ്ടി പൊരുതി.ആ വർഷം ആദ്യം അവർക്ക് പക്ഷാഘാതം പിടിപെട്ടതോടെആരോഗ്യനില തീരെ വഷളായി.തന്റെ നാളുകൾ എണ്ണപ്പെട്ടെന്ന് തോന്നിയതോടെ മാതൃരാജ്യത്തേക്ക് മടങ്ങാൻ അനുവദിക്കണമെന്ന് അവർ ബ്രിട്ടീഷ് സർക്കാരിനോട് അപേക്ഷിച്ചു.സർ കൊവാസി ജഹാങീറിനോടൊപ്പം സ്വന്തം മണ്ണിൽ മൂന്നര പതിറ്റാണ്ടിനുശേഷം കാലെടുത്ത് കുത്തിയ അവർ പിന്നെ അധികകാലം ജീവിച്ചില്ല.ഒൻപതു മാസങ്ങൾക്ക് ശേഷം,1936 ആഗസ്റ്റ് 13നു മാഡം കാമ ചരിത്രത്താളുകളിലേക്ക് പിൻ വാങ്ങി.തന്റെ സമ്പാദ്യത്തിന്റെ മുഖ്യപങ്കും അവർ അനാഥപെൺകുട്ടികൾക്കായി ബോംബെയിൽ സ്ഥാപിക്കപ്പെട്ട ഒരു ട്രസ്റ്റിനുവേണ്ടി സമർപ്പിച്ചു. സ്വാതന്ത്ര്യസമരത്തിലെ ഉജ്ജ്വലമായ ഒരദ്ധ്യായമായിരുന്നു ആ ജീവിതം.പക്ഷേ,അത് ക്രമേണ വിസ്മൃതമായി.ഈ അവസരത്തിലെങ്കിലും നമുക്ക് മാഡം കാമയെക്കുറിച്ചോർക്കാം.
2 comments:
buy viagra order viagra online with no prescription - generic viagra ??????
മാഡം കാമയുടെ ചരിത്രം നമ്മുടെ തലമുറ അറിഞ്ഞിരിക്കേണ്ട ഒന്നാണ്. പ്രതെയ്കിച്ചും സ്ത്രീകള്‍. അത് വലിയ ഒരു പ്രചോദനം തന്നെയാണ്.
Post a Comment