സംഗീത ലോകത്തെ ജ്ഞാനഗുരുവെന്ന് വിശേഷിപ്പിക്കപ്പെടുന്ന വി.ദക്ഷിണാമൂർത്തി സ്വാമികൾ ശാസ്ത്രീയ സംഗീതത്തേയും ശുദ്ധ സംഗീതത്തേയും ജനപ്രിയ ചലച്ചിത്രഗാനങ്ങളിൽ സമന്വയിപ്പിച്ച മഹാപ്രതിഭയാണ്. യേശുദാസ് മാത്രമല്ല അച്ഛൻ അഗസ്റ്റിൻ ജോസഫും മകൻ വിജയ് യേശുദാസും അദ്ദേഹത്തിന്റെ സംഗീത സംവിധാനത്തിൽ ഗാനങ്ങൾ ആലപിച്ചു. മൂന്നു തലമുറകളുടെ സംഗീത ഗുരുനാഥനാകാനുള്ള അപൂർവ്വഭാഗ്യം അദ്ദേഹത്തിന് സിദ്ധിച്ചു.
ദക്ഷിണാമൂർത്തിയുടെ ജീവിതം എന്നും ഭക്തിസാന്ദ്രമായിരുന്നു. ഒരു സന്യാസിയുടെ നിർമലതയും ലാളിത്യവും ജീവിതത്തിലുടനീളം പുലർത്തിപ്പോരുന്ന ഈ സാത്വികന്റെ ഓരോ ദിവസവും ആരംഭിക്കുന്നത് വൈക്കത്തപ്പന്റെ നാമം ഉച്ചരിച്ചുകൊണ്ടാണ്. അദ്ദേഹത്തിന്റെ ഓർമ്മകൾ രേഖപ്പെടുത്തിയ “സംഗീതരാജാങ്കണത്തിൽ” എന്ന പുസ്തകത്തിൽ ഉടനീളം ഈ ഭക്തി അണപൊട്ടി ഒഴുകുന്നുണ്ട്.
ആലപ്പുഴ ജില്ലയിലെ മുല്ലയ്ക്ൽ തെക്കേമഠത്തിൽ 1919 ഡിസംബർ 9 ന് ഡി.വെങ്കടേശ്വരയ്യരുടേയും പാർവ്വതിയമ്മാളുടേയും മൂത്ത മകനായി പിറന്ന ദക്ഷിണാമൂർത്തിയെ ഭക്തിമാർഗത്തിലേക്കും സംഗീതത്തിലേക്കും വഴി നടത്തിച്ചത് അമ്മയായിരുന്നു. സഹോദരങ്ങളെ ഉറക്കാൻ അമ്മ പാടിയ താരാട്ടു പാട്ടുകളായിരുന്നു സംഗീതത്തിലെ ആദ്യ പാഠങ്ങൾ. അതു കേട്ട് ദക്ഷിണാമൂർത്തിയും പാടാൻ തുടങ്ങി.
ആറു വയസ്സായപ്പോഴേക്കും അദ്ദേഹം അമ്മയിൽ നിന്ന് 27 കീർത്തങ്ങൾ പഠിച്ചു. സ്നേഹമയിയായ ആ അമ്മ മുലപ്പാലിനോടൊപ്പം സംഗീതത്തിന്റെ മധുരവും പകർന്നു നല്കി.
പഠനത്തിൽ പിന്നാക്കമായിരുന്ന ദിക്ഷിണാമൂർത്തി് സ്കൂൾ ഫൈനൽ തോറ്റതോടെ പഠിപ്പ് നിർത്തി. ചരിത്ര പരീക്ഷക്ക് ഒരു ചോദ്യത്തിനു പോലും ഉത്തരം അറിയാത്തതിനാൽ പരീക്ഷാ കടലാസിൽ ഒന്നു രണ്ട് വർണ്ണങ്ങൾ ഭംഗിയായി വിസ്തരിച്ച് എഴുതി വച്ച് സ്ഥലം വിടുകയായിരുന്നു. സംഗീതജ്ഞാനമുള്ള ഒരു അയ്യരായിരുന്നു സാർ.
തിരുവനന്തപുരത്തെ വെങ്കിടാചലം പോറ്റിയുടെ കീഴിൽ ഫോർത്ത് ഫോറം മുതല്ക്കേ ശാസ്ത്രീയ സംഗീത പഠനം നടത്തിവന്ന അദ്ദേഹം പരീക്ഷാ തോൽവിക്കു ശേഷം വർണ്ണങ്ങൾ പാടി ജീവിക്കാമെന്ന് തീരുമാനിച്ചു.
പതിമൂന്നാം വയസ്സിൽ അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്ര സന്നിധിയിലായിരുന്നു ആദ്യത്തെ കച്ചേരിയുടെ അരങ്ങേറ്റം നടന്നത്. ഗുരുവിനോടൊപ്പം എം.കെ ത്യാഗരാജ ഭാഗവതരും, എസ്.ഡി സുബ്ബലക്ഷ്മിയുൾപ്പെടെയുള്ള സംഗീത പ്രതിഭകളും അടങ്ങിയ സദസ് അദ്ദേഹത്തെ അഭിനന്ദിച്ചു. അക്കാലത്തെ പ്രശസ്ത നാഗസ്വര വിദ്വാന്മാരായിരുന്ന ശങ്കരനാരായണപ്പണിക്കരും അനിയൻ ഗോപാലകൃഷ്ണപ്പണിക്കരും നടത്തുന്ന കച്ചേരികൾക്കെല്ലാം അവർ ദക്ഷിണാമൂർത്തിയേയും കൊണ്ടുപോകും:രാഗം പാടിക്കും.
ഒരു ദിവസ്സം സുഹൃത്തായ രങ്കന്റെ വീട്ടിലിരിക്കുമ്പോൾ അയാളുടെ അച്ഛനായ ബഹൻ കിടണ്ണ ഊണു കഴിച്ച സംതൃപ്തിയോടെ “വൈക്കത്തപ്പാ, അന്നദാനപ്രഭോ” എന്ന് ഭക്തിപുരസരം ഉരുവിടുന്നത് ദക്ഷിണാമൂർത്തി കേൾക്കാനിടയായി. എന്താണ് അതിന്റെ അർത്ഥമെന്ന് അദ്ദേഹം തിരക്കി. വൈക്കത്തപ്പൻ വിചാരിച്ചാൽ സാധിക്കാത്തത് ഒന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെയെങ്കിൽ അതൊന്നു പരീക്ഷിച്ചു നോക്കാമെന്ന് ദക്ഷിണാമൂർത്തി വിചാരിച്ചു. അന്നുമുതൽ എന്നും രാത്രി ഉറങ്ങാൻ കിടക്കുമ്പോഴും ഉണരുമ്പോഴും “വൈക്കത്തപ്പാ, അന്നദാനപ്രഭോ” എന്ന് വിളിച്ച് ദക്ഷിണാമൂർത്തി പ്രാർത്ഥിക്കാനാരംഭിച്ചു. പതിനൊന്നാമത്തെ ദിവസ്സം ഗഞ്ചിറ വിദ്വാൻ കൃഷ്ണയ്യർ അർദ്ധരാത്രി കതകിൽ മുട്ടി, വൈക്കത്ത് ഒരു കച്ചേരിക്ക് പുറപ്പെടണമെന്ന് അറിയിച്ചു.
പില്ക്കാലം വൈക്കത്തപ്പന്റെ ഉപാസകനായി ജീവിക്കാൻ ദക്ഷിണാമൂർത്തിയെ പ്രേരിപ്പിച്ചത് ഈ ക്ഷണമായിരുന്നുവെന്ന് ഓർമ്മക്കുറിപ്പുകളിൽ അദ്ദേഹം രേഖപ്പെടുത്തുന്നു. അന്ന് വൈക്കത്ത് ഒരു കല്ല്യാണത്തിന് കച്ചേരി നടത്താൻ പോയ അദ്ദേഹം അവിടെ നിന്ന് മടങ്ങിയില്ല. ഒരു കുട്ടിയെ പാട്ടു പഠിപ്പിക്കാൻ ക്ഷണം കിട്ടി. ആഹാരവും മാസം 35 രൂപ ഫീസും കിട്ടും.പിന്നെ,വൈക്കത്തെ പ്രധാനികളുടെ വീടുകളിലെല്ലാം കുട്ടികളെ സംഗീതം പഠിപ്പിക്കാനുള്ള അവസരം കിട്ടി. ട്യൂഷനെല്ലാം കഴിഞ്ഞ് ക്ഷേത്രത്തിന്റെ തെക്കേ നടയിലുള്ള കടയിലിരുന്ന് സമയം പോക്കും. ഒരു ദിവസം അതുവഴി വന്ന മൃദംഗവാദകനായ ഒരു സുഹൃത്ത് ദക്ഷിണാമൂർത്തിയെ ഉപദേശിച്ചു; ഇങ്ങനെയിരുന്ന് സമയം കളയുന്നതെന്തിന്? വൈക്കത്തപ്പനെ ഭജിച്ചൂടെ?
ചെമ്പൈയെപ്പോലുള്ള മഹാരഥന്മാർ ക്ഷേത്രത്തിൽ വന്ന് ഭജനമിരിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്നു മുതൽ മൂന്നര കൊല്ലം തുടർച്ചയായി നിർമ്മാല്യ ദര്ശനവും ഭജനവും നടത്തി. രാത്രി 9 മുതൽ പുലർച്ചെ നിര്മ്മാല്യത്തിനുള്ള ശംഖനാദം മുഴങ്ങുന്നതുവരെ വൈക്കത്തപ്പന്റെ നടയിലുള്ള സമൂഹമാളികയിലിരുന്ന് ദക്ഷിണാമൂർത്തി എല്ലാം മറന്ന് പാടുമായിരുന്നു. അങ്ങനെ പാടിപ്പാടി പതം വന്നതാണ് തന്റെ ശബ്ദമെന്ന് അദ്ദേഹം ഓര്മ്മക്കുറിപ്പുകളിൽഎഴുതി.
1950-ൽ നല്ലതങ്കയിലെ “കതക് തുറക്കില്ലയോ” എന്ന അഭയദേവ് എഴുതിയ വന്ദന ശ്ലോകത്തിന് ഈണം നല്കിക്കൊണ്ടാണ് വി.ദക്ഷിണാമൂർത്തിയുടെ യുഗം തുടങ്ങുന്നത്. മലയാള സിനിമാ സംഗീതത്തിന്റെ ചരിത്രത്തോടൊപ്പം വളർന്ന മറ്റൊരു സംഗീതപ്രതിഭയും ഇന്ന് നമ്മോടൊപ്പമില്ല. ഈ സംഗീത രാജാങ്കണത്തിൽ നില്ക്കുമ്പോഴും വിനയാന്വിതനായ ദക്ഷിണാമൂർത്തി സ്വാമികൾ തൊഴുകൈകളോടെ പറയുന്നു “എല്ലാം വൈക്കത്തപ്പന്റെ കൃപ: വൈക്കത്തപ്പൻ എന്റെ ഉള്ളിലിങ്ങനെ മന്ത്രിക്കുന്നു. നിർവികല്പ സമാധിയാണെനിക്ക് വിധിച്ചിരിക്കുന്നത്. പാട്ടുപാടിക്കൊണ്ടാവാം അത്. അതോടെ വന്ന സ്ഥലത്തേക്ക് തിരിച്ചുള്ള യാത്ര....”
No comments:
Post a Comment