ഫേസ്ബുക്കിലോ,ട്വിറ്ററിലോ,ബ്ലോഗിലോ വന്ന കമന്റോ,കുറിപ്പോ,ലേഖനമോ തനിക്ക് "അസ്യാസ്ഥ്യം ഉണ്ടാക്കുന്നു"(causing annoyance) എന്ന് ആരെകിലും ഒരു പരാതി മെയിൽചെയ്താലുടൻ അത് ,"ലൈക്ക്" ചെയ്തവരേയും ,ഷെയർ ചെയ്തവരേയുമടക്കം കേസിൽ പ്രതിയാക്കി പീഡിപ്പിച്ചുരസിക്കാമെന്ന് ഒരു പക്ഷേ, മറ്റു സംസ്ഥാനങ്ങള്‍ക്ക് കാണിച്ചു കൊടുത്തത് നമ്മുടെ പൊതുപ്രവര്‍ത്തകരും പൊലീസുമായിരുന്നു.
സൈബർ നിയമം ഉണ്ടാക്കിയ ലോകത്തെ 12ആമത്തെ രാജ്യമാണു ഇന്ത്യ. കമ്പ്യൂട്ടർ,മൊബൈൽ ഫോൺ,ഇന്റർനെറ്റ് തുടങ്ങിയ വിവര-വിജ്ഞാന-വ്യാപന സങ്കേതങ്ങൾ ദുരുപയോഗം ചെയ്യുന്നതിനെതിരെ കേന്ദ്രസർക്കാർ പാസാക്കിയ നിയമം സൈബർലോകത്ത് എതിർശബ്ദങ്ങളെ ഞെരിച്ചുകൊല്ലാനുള്ള ഫാസിസ്റ്റ് ആയുധമായി വളരെപ്പെട്ടെന്ന് എങ്ങനെയാണു മാറിയത്? ഈ കരി നിയമം ഉപയോഗിച്ച് കേരളത്തില്‍,ഒരു പക്ഷേ ഇന്ത്യയില്‍ തന്നെ, ആദ്യമായി അറസ്റ്റു ചെയ്യപ്പെട്ട (2008 ഡിസംബര്‍), ‘ചിത്രകാരന്‍’ എന്നപേരില്‍ സാമൂഹികപ്രശ്നങ്ങളെക്കുറിച്ച് നിരന്തരം എഴുതുന്ന ടി.മുരളിയുടെ അനുഭവം ഇതിന്റെ ഉത്തമ ദൃഷ്ടാന്തമാണു.പരസ്യ ഏജൻസി നടത്തുന്ന അദ്ദേഹത്തിന്റെ കണ്ണൂരിലെ ഓഫീസിൽ നിന്നും ‘കുറ്റകൃത്യത്തിനു’ ഉപയോഗിച്ചതായി അരോപിക്കപ്പെട്ട കമ്പ്യൂട്ടറിന്റെ ഹാർഡ് ഡിസ്ക് അവർ പിടിച്ചെടുത്തുകൊണ്ടു പോയി.കേസിപ്പോഴും നടക്കുകയാണു. "സരസ്വതിക്ക് എത്ര മുലകളുണ്ട്? എന്ന പേരില്‍ അദ്ദേഹം എഴുതിയ കുറിപ്പ് വംശവൈരം ഉണ്ടാക്കുന്നു എന്ന് സന്തോഷ് ജനാര്‍ദ്ദനന്‍ നല്‍കിയ ഇ-മെയില്‍ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കണ്ണൂര്‍ ടൌണ്‍ പോലീസ് IT Act അനുസ്സരിച്ച് കേസ് ചാര്‍ജ്ജ് ചെയ്തത്.
-എന്താണിവിടെ ചിത്രകാരന്‍ ചര്‍ച്ച ചെയ്തത്?
ഒരു പത്രത്തില്‍ വന്ന സരസ്വതിയുടെ ‘ശിവകാശി സ്റ്റൈല്‍’ കലണ്ടര്‍ ചിത്രങ്ങളെക്കുറിച്ചായിരുന്നു പ്രമുഖ ചിത്രകാരന്‍ കൂടിയായ മുരളി ഇങ്ങനെ എഴുതിയത്:“സത്യത്തില്‍, ഈ ദൈവങ്ങളുടെ ചിത്രങ്ങളൊക്കെ കാലികമായി മാറ്റിവരക്കേണ്ട സമയമായിരിക്കുന്നു. ഷക്കീലയെപ്പോലെയോ, ഖുശ്ബുവിനെപ്പോലെയോ,നയന്‍സിനെപ്പോലെയോ മാദകമായ അകിടുള്ള സരസ്വതിയും, മഹാലക്ഷ്മിയും, പാര്‍വ്വതിയുമൊക്കെ അവതരിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയായി ഭക്തരായ ചിത്രകാരന്മാര്‍ക്കും, ബ്രാഹ്മണര്‍ക്കും തോന്നേണ്ടതാണ്.”
.ചിത്രകാരനു തന്റെ സ്വതസിദ്ധമായ ശൈലിയില്‍,ഇതേ പോലെ എഴുതുന്നതിനുള്ള സ്വാതന്ത്ര്യമുണ്ടു.ഭാഷ അരോചകമോ നികൃഷ്ടമോ ഒക്കെയായി പലര്‍ക്കും തോന്നാം.അത് ശൈലിയുടെ പ്രശ്നം.പക്ഷേ,പൊലീസ് ഈ കിരാത നിയമവ്യവസ്ഥ അദ്ദേഹത്തിനു മേല്‍ പ്രയോഗിച്ചു.അതൊരു തുടക്കം മാത്രമായിരുന്നു.
നവമാദ്ധ്യമങ്ങള്‍ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ,സിറ്റിസൺ ജേർണലിസത്തിന്റെ പുതിയ വഴിത്താരകൾ വെട്ടിത്തുറന്നിരിക്കുമ്പോളാണു, ഈ ജനകീയവിപ്ലവത്തിനു നേരെ ഐ.ടി ആക്ട് എടുത്തുവീശുന്നത്.അതിനു ഒരു രക്തസാക്ഷി വരെയുണ്ടായി-തുറവൂരിലെ അഡ്വക്കേറ്റ് ഷൈൻ.ജീവിച്ചിരിക്കുന്ന രക്തസാക്ഷികളുടെ നിര വളരെ നീണ്ടതാണു. കൊച്ചി എഫ്.എം നിലയത്തിന്റെ ആദ്യ കാഷ്വല്‍ അവതാരകരിലൊരാളും, ‘കൈരളി’ ചാനലിന്റെ ആദ്യ വാര്‍ത്താവതാരകനുമായിരുന്ന കെ.വി.ഷൈൻ 41ആം വയസില്‍.ചേർത്തലക്കടുത്ത തുറവൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ 2012 ഏപ്രിൽ 15നു രാത്രി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചതിന്റെ പശ്ചാത്തലം ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ടു. സൈബർലോകത്ത് “വിചിത്രകേരളം”എന്ന വ്യത്യസ്തമായ ബ്ലോഗിലൂടെ തന്റെ സാന്നിദ്ധ്യം അടയാളപ്പെടുത്തി, അദ്ദേഹം.എന്നാല്‍ ഈ ബ്ലോഗില്‍ കാണിപ്പയ്യൂരിന്റെ ഒരു ഗ്രന്ഥത്തെ അടിസ്ഥാനമാക്കി ഷൈന്‍ എഴുതിയ കുറിപ്പ് അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഗതി തന്നെ മാറ്റി.‘നായർ സമുദായത്തെ ആക്ഷേപിക്കുന്ന രചനകൾ പോസ്റ്റു ചെയ്തു ‘എന്ന എൻ.എസ്.എസ് ജനറൽ സെക്രട്ടറിയായിരുന്ന പി.കെ.നാരായണപണിക്കരുടെപരാതിയിൽ 2010 മെയിൽ അദ്ദേഹംഅറസ്റ്റ് ചെയ്യപ്പെടുകയും പൊലീസിനാൽ വേട്ടയാടപ്പെടുകയും ചെയ്തു. അറസ്റ്റിനെ തുടർന്ന് സർക്കാർ, ടെക്നിക്കൽ സ്കൂളിൽ എൽ.ഡി.ക്ലർക്കായിരുന്ന അദ്ദേഹത്തെ സസ്പെന്റ് ചെയ്തു. നാട്ടിലെങ്ങും ‘സൈബര്‍ കുറ്റവാളി‘യായി മുദ്രയടിക്കപ്പെട്ട ഷൈന്‍ ഒരു വര്‍ഷത്തിനു ശേഷം, തിരികെ ജോലിയിൽ പ്രവേശിച്ച് അധികം വൈകാതെ മരിക്കുകയായിരുന്നു. സൈബർ പൊലീസിന്റെ തലപ്പത്ത് അവരോധിക്കപ്പെട്ട ടോമിൻ തച്ചങ്കരിയുടെ കാലത്ത് ഈ കരിനിയമമുപയോഗിച്ചുള്ള തേർവാഴ്ച്ചയായിരുന്നു കുറ്റിപ്പുറം കെൽട്രോണിലെ ജീവനക്കാരനായ മൊയ്തു 2009ൽ അറസ്റ്റുചെയ്യപ്പെട്ടത് പിണറായി വിജയൻ സൈബർ പൊലീസിനു നൽകിയ ഒരു പരാതിയിന്മേലായിരുന്നു.തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഏൽ.ഡി.എഫിനേറ്റ പരാജയത്തെ പിണറായി വിശദീകരിക്കാൻ ശ്രമിക്കുന്നത്,ശ്രീനിവാസന്റെ പ്രശസ്ത സിനിമയായ ‘സന്ദേശ’ത്തിലെ ശങ്കരാടിയുടെ ചില ഡയലോഗുകൾ ഉദ്ധരിച്ചാണെന്ന് ചിത്രീകരിച്ച ഒരു കാർട്ടൂൺ ഫോർവേഡ് ചെയ്ത ‘കുറ്റ’ത്തിനായിരുന്നു,മൊയ്തുവിനെ തച്ചങ്കരിപൊലീസ് സൈബർ കുറ്റവാളിയാക്കി പത്രസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചത്.
കൊടുങ്ങല്ലൂരിലെ ശിവപ്രസാദ് കാര്യമെടുക്കുക. .ചെങ്ങന്നൂരിലെ ഭഗവതി എല്ലാമാസവും മനുഷ്യ സ്ത്രീകളെപ്പോലെ ഋതുമതിയാകുന്നതിന്റെ യുക്തി അന്വേഷിച്ച് ഫേസ്ബുക്ക് പേജിലിട്ട കുറിപ്പ് അദ്ദേഹത്തെ സൈബര്‍ കേസില്‍ പ്രതിയാക്കി. മാതാ അമൃതാനന്ദമയിയെ വിമർശിച്ച് ഫേസ്ബുക്കിൽ എഴുതിയ ‘ടിന്റുമോനു’എതിരെയും ഈ ഭീകരനിയമം ഉപയോഗിച്ചിട്ടുണ്ടു.ആ പോസ്റ്റ് ഷെയർ ചെയ്തവ്പര്‍ക്കെതിരെയും പൊലീസ് കേസെടുത്തു..കോണ്‍ഗ്രസ് നേത്രി ബിന്ദു കൃഷ്ണയുടെ പരാതിയിൽ പൊലീസ് 150 പേർക്കെതിരെയും സൈബര്‍ നിയമം എടുത്തു പ്രയോഗിച്ചു. ഇങ്ങനെ , ശത്രുക്കളെ ഒതുക്കാനും വിമതശബ്ദങ്ങളെ ഞെരിച്ചുകൊല്ലാനും കേരള പൊളിസ് ആക്റ്റിലും വ്യവസ്ഥയുണ്ടാക്കി.മാദ്ധ്യമങ്ങളുടേയും വ്യവസ്ഥാപിത മത-രാഷ്ട്രീയ പ്രസ്ഥാനങ്ങളുടേയും കെട്ടുപാടുകള്‍ പൊട്ടിച്ചെറിഞ്ഞ് ,പൊതുപ്രശ്നങ്ങളോട് തീവ്രമായി പ്രതികരിക്കുന്നവരെ ഭീഷണിപ്പെടുത്താനും ‘ഫിയര്‍ സൈക്കോസിസ്’ ഉണ്ടാക്കി നിഷ്ക്രിയരാക്കാനും ദുര്‍വൃത്തരായ ഭരണാധികാരികല്‍ മുന്നോട്ട് വന്നു.ബംഗാളിലും ഉത്തര്‍പ്രദേശിലുമൊക്കെ കാര്‍ട്ടൂണിസ്റ്റുകളും കോളെജ് പ്രൊഫസര്‍മാരും വിദ്യാര്‍ത്ഥികളും അറസ്റ്റ്ചെയ്യപ്പെട്ടത് ഇങ്ങനെയായിരുന്നു.രാഷ്ട്രീയപാര്‍ട്ടികളുടെ പിന്‍ബലമില്ലാത്ത,സൈബര്‍ലോകത്തു മാത്രം വ്യാപരിക്കുന്ന,അസംഘടിതരായ നവമാദ്ധ്യമപ്രവര്‍ത്തകരെ പീഡിപ്പിക്കുക താരതമ്യേന എളുപ്പമായിരുന്നു. ഇത്രയേരെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളുണ്ടായിട്ടും പൊതുസമൂഹം ഇക്കാര്യത്തില്‍ കാര്യമായ ഇടപെടലുകള്‍ നടത്തിയിട്ടില്ല.മാദ്ധ്യമങ്ങളുടെ ഭാഗത്തും ജാഗ്രതക്കുറവുണ്ടായി.ഇപ്പോള്‍ ഈ കരിനിയമവ്യവസ്ഥയ്കെതിരെ ഉന്നതനീതിപീഠത്തെ സമീപിച്ച് ചരിത്രപ്രധാനമായ വിധി സമ്പാദിച്ചതു ഒരു നിയമവിദ്യാര്‍ത്ഥിയാണെന്ന് ഓര്‍ക്കുക. 66 എ വകുപ്പ് റദ്ദാക്കപ്പെട്ടതുകൊണ്ടു മാത്രം ഭരണകൂടങ്ങളുടെ അമിതാധികാരപ്രയോഗം അവസാനിക്കുകയില്ല. കാരണം, സൈബര്‍ നിയമത്തിലെ 69ആം വകുപ്പ് വേണ്ടവിധം ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല.കോടതി അത് നിലനിര്‍ത്തിയിട്ടുള്ളതിനാല്‍ നവമാദ്ധ്യമപ്രവര്‍ത്തകര്‍ക്കുനേരെ അതെടുത്ത് പ്രയോഗിക്കാനുള്ള സാദ്ധ്യതയുണ്ടു.ഇനി ഭയക്കേണ്ടത് അതാണു.രാജ്യസുരക്ഷയെക്കരുതി , ഇന്റര്‍നെറ്റിലൂടെയുള്ള ഫോണ്‍ സംഭാഷണങ്ങളും എസ്.എം.എസ് സന്ദേശങ്ങളും നിരീക്ഷിക്കാനും,ഇ-മെയിലുകളും വെബ്സൈറ്റുകളും ഇന്റര്‍സെപ്റ്റ് ചെയ്യാനും പൊലീസിനും മറ്റും അധികാരം നല്‍കുന്ന ഈ വകുപ്പ് വരും കാലത്ത് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുകയില്ലെന്ന് ആരു കണ്ടു?.ഏത് അര്‍ദ്ധരാത്രിയും എവിടെയും കേറിച്ചെന്ന് കമ്പ്യൂട്ടറും മറ്റും പരിശോധിക്കാനും മെയില്‍ തുറന്നു നോക്കാനുമൊക്കെയുള്ള വ്യവസ്ഥ ചെയ്യുന്ന ഈ വകുപ്പില്‍ വേണ്ട ഭേദഗതികള്‍ വരുത്തേണ്ടതുണ്ടു.അതെക്കുറിച്ചാകട്ടെ ഇനിയുള്ള ചര്‍ച്ചകള്‍.
No comments:
Post a Comment