സ്വാതന്ത്ര്യപൂര്‍വ ദിനങ്ങളില്‍ സമാധാനദൂതുമായി ഗാന്ധിജി
1947 ആഗസ്റ്റ് 15ന് ഇന്ത്യ സ്വാതന്ത്ര്യത്തിലേക്ക് കണ്‍തുറക്കുമ്പോള്‍ താന്‍ ദല്‍ഹിയില്‍ ഉണ്ടായിരിക്കില്ലെന്ന് രണ്ട് ആഴ്ചകള്‍ക്കുമുമ്പ് തന്നെ ഗാന്ധിജി അറിയിച്ചിരുന്നു. വര്‍ഗ്ഗീയ ലഹളകളാല്‍ ഒരു വിഭാഗം ജനങ്ങള്‍ നരകതുല്യമായ ജീവിതം നയിക്കുന്ന ബംഗാളിലെ നവ്‌ഖേലിയില്‍ ആയിരിക്കും താന്‍ ആ ദിവസം ചെലവഴിക്കുകയെന്ന് അദ്ദേഹം തന്റെ അടുത്ത സഹപ്രവര്‍ത്തകരോടും രാഷ്ട്രത്തോടും പ്രഖ്യാപിച്ചിരുന്നു.
1947 ജൂലൈ 30. പഴയ ദല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മനുവിനും ആഭയ്ക്കും കുറച്ച് അനുയായികള്‍ക്കു
മൊപ്പം അദ്ദേഹം തലസ്ഥാനം വിട്ടു. അസ്വസ്ഥബാധിതമായ പഞ്ചാബ് വഴി ജമ്മു-കാശ്മീരിലേക്കായിരുന്നു അദ്ദേഹത്തിന്റെ ആ യാത്ര.
ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിലുള്ള വൈര്യം കത്തിപടരുന്ന പ്രദേശങ്ങളില്‍ സമാധാനദൂതുമായി അദ്ദേഹമെത്തി. പക്ഷേ, ആ ദൗത്യം ഒട്ടും സുഖകരമായിരുന്നില്ല. റാവല്‍പിണ്ടിയിലേക്കുള്ള യാത്രാമധ്യേ അമൃത്‌സര്‍ റെയില്‍വേ സ്റ്റേഷനില്‍ അദ്ദേഹത്തിന് നേരെ കുറേപേര്‍ കരിങ്കൊടി കാട്ടി. അദ്ദേഹം മടങ്ങിപോകാന്‍ അവര്‍ ആക്രോശിച്ചു. പക്ഷേ, സാമുദായിക സംഘര്‍ഷങ്ങളാല്‍ ജീവിതം താറുമാറായവര്‍ റാവല്‍പിണ്ടിയിലെ അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനയോഗത്തില്‍ വിതുമ്പലോടെ പങ്കെടുത്തു. അവിടെ നിന്ന് ജമ്മു-കാശ്മീര്‍ അതിര്‍ത്തിയായ കോഹ്‌ലയില്‍ അദ്ദേഹമെത്തി. കലാപകലുഷിതമായ അന്തരീക്ഷമായിരുന്നു സംസ്ഥാനത്താകെ.
കാശ്മീര്‍ സിംഹം എന്നറയിപ്പെടുന്ന ദേശീയവാദി നേതാവ് ഷേക് അബ്ദുള്ള ജയിലറകള്‍ക്കുള്ളില്‍ അടയ്ക്കപ്പെട്ടിരുന്നു. രാജഭരണത്തിന്‍ കീഴിലായിരുന്നു സംസ്ഥാനമപ്പോള്‍. മഹാത്മാഗാന്ധി കാശ്മീര്‍ സന്ദര്‍ശിക്കുന്നതിനെതിരെ മഹാരാജാ ഹരിസിംഗ്, അന്നത്തെ വൈസ്രോയി ലോര്‍ഡ് മൗണ്ട് ബാറ്റണ് കത്തെഴുതിയിരുന്നു. ഇന്ത്യയിലെ സ്ഥിതിഗതികള്‍ മംഗളകരമായിട്ടേ തന്റെ രാജ്യത്തേക്ക് ഗാന്ധിജിയുള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കള്‍ വരാവൂ എന്നായിരുന്നു രാജാവിന്റെ നിലപാട്. ആ വിലക്ക് വകവയ്ക്കാതെയായിരുന്നു ഗാന്ധിജി ശ്രീനഗറിലേക്ക് യാത്ര തിരിച്ചത്. പക്ഷേ അദ്ദേഹത്തെ രാജഭരണാധികാരികള്‍ തടഞ്ഞില്ല.
ദേശീയപ്രസ്ഥാനത്തെ ഉരുക്കുമുഷ്ടിയുപയോഗിച്ചടിച്ചമര്‍ത്തിയ പ്രധാനമന്ത്രി പണ്ഡിറ്റ് രാമചന്ദ്രകാഗിന്റെ ഒരു സന്ദേശം അദ്ദേഹത്തിന്റെ രണ്ട് സെക്രട്ടറിമാര്‍ അതിര്‍ത്തിയില്‍ വച്ച് ഗാന്ധിജിയെ ഏല്‍പിച്ചു. അതിഥി സ്വാഗതം ചെയ്യപ്പെടേണ്ട ആളാണോ, അല്ലയോ എന്നൊന്നും പരിഗണിക്കാതെ തങ്ങള്‍ കാശ്മീര്‍ സന്ദര്‍ശിക്കുന്ന വിശിഷ്ടവ്യക്തികള്‍ക്ക് രാജകീയ സ്വീകരണം നല്‍കുമെന്നും രണ്ട് സ്റ്റേറ്റ് കാറുകള്‍ ഗാന്ധിജിയുടെ സംഘത്തിന് അകമ്പടി സേവിക്കുമെന്നും അവര്‍ അറിയിച്ചു. നാഷണല്‍ കോണ്‍ഫറന്‍സിന്റെ പ്രവര്‍ത്തകരും ജനങ്ങളും ഗാന്ധിജിയെ ഉത്സാഹഭരിതരായി സ്വീകരിച്ചു. യാത്രാമധ്യേ റാംപൂരില്‍ അദ്ദേഹവും സംഘവും കുറച്ചുനേരം വിശ്രമിച്ചു. ദുര്‍ഘടമായ മലനിരകളിലൂടെയുള്ള യാത്ര അദ്ദേഹത്തെ ക്ഷീണിപ്പിച്ചിരുന്നു. അതുകൊണ്ട് ആട്ടിന്‍പാലും, പഴങ്ങളും കഴിച്ച് അല്പസമയം ഉറങ്ങിയശേഷം അദ്ദേഹവും സംഘവും ശ്രീനഗറിലേക്ക് യാത്ര തുടര്‍ന്നു. കാശ്മീര്‍ താഴ്വരയിലെ രണ്ടാമത്തെ വലിയ നഗരമായ ബാറാമുള്ളയില്‍ കാശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ് അദ്ദേഹത്തിന് വലിയ സ്വീകരണം ഒരുക്കിയിരുന്നു. പക്ഷേ, കാശ്മീരിനെ പാകിസ്ഥാനില്‍ ലയിപ്പിക്കണം എന്നാവശ്യപ്പെട്ട് മുസ്ലിം കോണ്‍ഫറന്‍സ് പ്രവര്‍ത്തകര്‍ അക്രമാസക്തരായി. അവര്‍ നാഷണല്‍ കോണ്‍ഫറന്‍സിനും നിന്നും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനുമെതിരായി മുദ്രാവാക്യങ്ങള്‍ മുഴക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ബഹളത്തിനിടയില്‍ ഗാന്ധിജിയെ ആക്രമിക്കാനും ശ്രമമുണ്ടായി. അദ്ദേഹം സഞ്ചരിച്ച കാറിന്റെ ഗ്ലാസുകള്‍ അക്രമികള്‍ അടിച്ചു തകര്‍ത്തു. ലഹളക്കാര്‍ക്കിടയിലേക്കിറങ്ങി ചെന്ന് അവര്‍ക്ക് പറയാനുള്ളതെന്തെന്ന് കേള്‍ക്കാന്‍ ഗാന്ധിജി ശ്രമിച്ചു. പക്ഷേ, സുരക്ഷാ ഉദേ്യാഗസ്ഥര്‍ അദ്ദേഹത്തെ പിന്തിരിപ്പിച്ചു.
വൈകിട്ട്, സൂര്യനസ്തമിച്ചശേഷമാണ്, ഗാന്ധിജിയും സംഘവും ശ്രീനഗറിലെത്തിയത്. നഗരപ്രാന്തത്തില്‍ തന്നെ ആയിരക്കണക്കിനാള്‍ക്കാര്‍ റോഡിനിരുവശവും അദ്ദേഹത്തെ സ്വീകരിക്കുവാന്‍ തടിച്ചുകൂടിയിരുന്നു. അവരെ കൂപ്പുകൈകളോടെ പ്രത്യഭിവാദ്യം ചെയ്ത,് വളരെ പതുക്കെയാണ് അദ്ദേഹത്തിന്റെ വാഹനം സഞ്ചരിച്ചത്.
നഗരത്തിനു പുറത്തുവച്ച് ബീഗം അബ്ദുള്ളയും അനുയായികളും അദ്ദേഹത്തെ മാലചാര്‍ത്തി സ്വീകരിച്ചു. തുടര്‍ന്ന് പൊതുപ്രവര്‍ത്തകനും കോണ്‍ട്രാക്ടറുമായ കിശോരിലാല്‍ സേത്തിയുടെ വസതിയിലേക്കാണ് അദ്ദേഹവും സംഘവും പോയത്. ദീര്‍ഘമായ യാത്രയും അക്രമസംഭവങ്ങളും അദ്ദേഹത്തിന്റെ ഉന്മേഷം കൊടുത്തിയിരുന്നു. എങ്കിലും വസതിക്കുമുമ്പില്‍ തടിച്ചുകൂടിയ ആയിരങ്ങളെ അഭിവാദ്യം ചെയ്യാന്‍ അഞ്ചു തവണ അദ്ദേഹം ബാല്‍ക്കണിയില്‍ വന്നു. സന്ധ്യക്ക് അദ്ദേഹം ശ്രീനഗറിലെ പ്രസിദ്ധമായ ദാല്‍ തടാകം സന്ദര്‍ശിച്ചു.
ആഗസ്റ്റ് രണ്ടാം തീയതി നന്നേ പുലര്‍ച്ചെ, പതിവുപോലെ കൃത്യം 3 മണിക്ക് തന്നെ അദ്ദേഹം ഉണര്‍ന്നു. അന്നത്തെ ആദ്യ സന്ദര്‍ശകന്‍ പ്രധാനമന്ത്രി പണ്ഡിറ്റ് രാമചന്ദ്രകാംഗായിരുന്നു. ജമ്മു കാശ്മീരിലെ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തെ അടിച്ചമര്‍ത്തുന്നതിന് നേതൃത്വം കൊടുത്ത ആ ഭരണാധികാരിയുമായ ഗാന്ധിജി വളരെ ശാന്തനായി ഒരു മണിക്കൂറോളം സംഭാഷണം നടത്തി. തുടര്‍ന്ന് കാശ്മീര്‍ നവ് ജവാന്‍ സംഘ്, കാശ്മീര്‍ വിദ്യാര്‍ത്ഥി ഫെഡറേഷന്‍, ആള്‍ സ്റ്റേറ്റ് കാശ്മീരി പണ്ഡിറ്റ് കോണ്‍ഫറന്‍സ് തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളും പൗരപ്രമുഖരും അദ്ദേഹത്തെ സന്ദര്‍ശിച്ചു.
ഇന്ത്യന്‍ യൂണിയനില്‍ ചേരണോ പാകിസ്ഥാനില്‍ ലയിക്കണോ എന്ന നീറുന്ന പ്രശ്‌നമാണ് കാശ്മീരില്‍ അസ്വാസ്ഥ്യം വിതച്ചത്. മുസ്ലിം തീവ്രവാദി സംഘടനകള്‍ കാശ്മീരിനെ പാകിസ്ഥാന്റെ ഭാഗമാക്കുന്നതിനുവേണ്ടിയാണ് വാദിച്ചത്. നാഷണല്‍ കോണ്‍ഫറന്‍സും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും, ജമ്മുകാശ്മീര്‍ ഇന്ത്യന്‍ യൂണിയന്‍ ഭാഗമാകുന്നതിനുവേണ്ടി നില കൊണ്ടു.
ജമ്മുവിലെ ഹൈന്ദവരില്‍ നല്ലൊരു ശതമാനം വരുന്ന പണ്ഡിറ്റുകള്‍ അക്രമത്തിന് ഇരയായ കാലമായിരുന്നു അത്. വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ ആളിക്കത്തിക്കൊണ്ടിരുന്നു. അതിന് തടയിടാന്‍ ഗാന്ധിജിയുടെ സാന്നിധ്യം വലിയ ഒരു വിഭാഗം ജനങ്ങള്‍ ആഗ്രഹിച്ചു.
ബീഗം അബ്ദുളളയും നാഷണല്‍ കോണ്‍ഫറന്‍സിലെ മറ്റു ചില നേതാക്കളും അദ്ദേഹത്തെ അന്നും സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. ഗാന്ധിജി കാശ്മീര്‍ നാഷണല്‍ ഹോസ്പിറ്റലും സ്വാമി സന്ദിദേവിന്റെ വസതിയും സന്ദര്‍ശിച്ചു.
സായാഹ്നത്തില്‍ ആയിരക്കണക്കിനാളുകള്‍ അദ്ദേഹത്തിന്റെ വസതിക്കകത്തും പരിസരത്തും തടിച്ചുകൂടി. അവര്‍ അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനായോഗമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വന്നത്. അധികൃതര്‍ അതിന് അന്‍മതി നല്‍കിയിരുന്നില്ല.
''പ്രാര്‍ത്ഥനായോഗങ്ങള്‍ എന്നെ സംബന്ധിച്ചിടത്തോളം മഹത്തരമായ കാര്യമാണ്. പക്ഷേ അധികൃതര്‍ അനുവദിക്കാത്ത പക്ഷം ഞാനത് നടത്താന്‍ ഇഷ്ടപ്പെടുന്നില്ല. പ്രാര്‍ത്ഥനായോഗം നടത്തണമെങ്കില്‍ ദയവായി നിങ്ങള്‍ സര്‍ക്കാരില്‍ നിന്ന് അനുവാദം വാങ്ങൂ,'' തന്നെ സന്ദര്‍ശിച്ച സംഘടനാ പ്രതിനിധികളോട് അദ്ദേഹം ഇങ്ങനെ പറഞ്ഞു.
''ഷേയ്ക്ക് അബ്ദുള്ള ഒരു വലിയ സത്യഗ്രഹിയാണ്. ഞാന്‍ കാശ്മീരിലെ ജനങ്ങളേയും ബീഗം ഷേയ്ക്ക് അബ്ദുള്ളയെയും കാണാനാണ് ഇവിടെ വന്നത്. പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ ഒരു വഴക്ക് ഉണ്ടാക്കിക്കാനല്ല ഞാന്‍ ഇവിടെ എന്നത്. പാകിസ്ഥാന്‍ ഇതിനോടകം രൂപവത്ക്കരിക്കപ്പെട്ടു കഴിഞ്ഞു. അതുകൊണ്ടു തന്നെ അതിന്റെ പേരില്‍ വഴക്കുണ്ടാക്കാന്‍ ഒരു കാരണവും ഇപ്പോഴില്ല.''
ജനങ്ങള്‍ പിരിഞ്ഞു പോയില്ല. അവസാനം, പ്രധാനമന്ത്രി പണ്ഡിറ്റ് രാമചന്ദ്ര കാംഗ് ഗാന്ധിജിയുടെ സെക്രട്ടറിയെ വിളിച്ച് അദ്ദേഹം താമസിക്കുന്ന സ്വകാര്യ വസതിയില്‍ പ്രാര്‍ത്ഥനായോഗം നടത്തുന്നതിന് നിരോധനം ബാധകമല്ലെന്നറിയിച്ചു. ഇരുപതിനായിരത്തോളം ആള്‍ക്കാര്‍ അപ്പോഴേക്കും അവിടെ എത്തിയിരുന്നു. വിശുദ്ധ ഖുറാനില്‍ നിന്നുള്ള വചനങ്ങള്‍ ആ പ്രാര്‍ത്ഥനായോഗത്തില്‍ ബീഗം അബ്ദുള്ള ആലപിച്ചു. തുടര്‍ന്ന് തെരഞ്ഞെടുത്ത ഭഗവദ്ഗീതാ വചനങ്ങള്‍ മനുഗാന്ധിയും ഡോ. സുശീല്‍ നയ്യാരും ആലപിച്ചു.
പാഴ്‌സികളുടെ വിശുദ്ധഗ്രന്ഥമായ 'സെന്റ് അവസ്ഥ'യില്‍ നിന്നുള്ള ഏതാനും വരികളും ആലപിക്കപ്പെട്ടു. കാശ്മീരി പെണ്‍കുട്ടികളുടെ സംഘം ഗാന്ധിജിയുടെ ഇഷ്ട ഭജനുകള്‍ ആലപിച്ചു. അപ്പോഴേക്കും ഇരുട്ടായി. സമയമേറെക്കഴിഞ്ഞിരുന്നു. 'ഇന്നിനി പതിവുപോലത്തെ പ്രസംഗം വേണ്ട' എന്ന് അദ്ദേഹം പറഞ്ഞു. കൈകള്‍ കൂപ്പി ജനക്കൂട്ടത്തെ അനുഗ്രഹിച്ചശേഷം അദ്ദേഹം വേദിവിട്ടു.
സംഘര്‍ഷബാധിതമായ ജമ്മു-കാശ്മീരില്‍ സാമുദായിക വൈര്യത്തിന്റെ കനലുകള്‍ കെടുത്താന്‍ ഗാന്ധിജിയുടെ ആ സാന്നിധ്യത്തിനായി. മതാതീതമായി, ജനഹൃദയങ്ങളിലേക്കിറങ്ങി ചെല്ലുന്ന ദിവ്യമായ ഒരു ചൈതന്യമാണത്. ഗാന്ധിജിയുടെ ഇത്തരം സന്ദര്‍ശനങ്ങള്‍ സംഘര്‍ഷഭൂമികളില്‍ ശാന്തിയുടെയും സമാധാനത്തിന്റെയും കുളിര്‍കാറ്റായി.
അഖണ്ഡഭാരതം ഇനി സങ്കല്പത്തില്‍ മാത്രമേയുള്ളുവെന്നും പാകിസ്ഥാന്‍ യാഥാര്‍ത്ഥ്യമായി ക്കഴിഞ്ഞുവെന്നുമുള്ള സത്യം അദ്ദേഹത്തെ ഏറെ വേദനിപ്പിച്ചനാളുകളായിരുന്നു അവ.
ഹിന്ദുക്കളും മുസ്ലിങ്ങളും പരസ്പരം കൊല നടത്തുന്നതും വാസസ്ഥലങ്ങള്‍ ആക്രമിക്കുന്നതും അദ്ദേഹത്തെയേറെ നൊമ്പരപ്പെടുത്തി. റാവല്‍പിണ്ടിയിലേയും ലാഹോറിലേയും അഭയാര്‍ത്ഥി ക്യാമ്പുകളില്‍ അദ്ദേഹം നടത്തിയ സന്ദര്‍ശനങ്ങളും കാശ്മീര്‍ യാത്രയും സാമുദായിക സംഘര്‍ഷങ്ങള്‍ക്ക് ഏറെ അയവ് വരുത്തി. വര്‍ഗ്ഗീയകലാപങ്ങളാല്‍ കലുഷിതമായ പഞ്ചാബിലെ അഭയാര്‍ത്ഥി ക്യാമ്പുകളിലെ ദൃശ്യങ്ങള്‍ അദ്ദേഹത്തെയേറെ നൊമ്പരപ്പെടുത്തി.
''ഇവിടുത്തെ ജനങ്ങളുടെ വേദനകളെക്കുറി ഞാന്‍ പൂര്‍ണ്ണമായും ബോധവാനാണ്. പഞ്ചാബില്‍ നിന്നും ജനങ്ങള്‍ പലായനം ചെയ്യുന്നതില്‍ ഞാന്‍ ഏറെ ദുഃഖിതനാണ്. അതങ്ങനെ ആയിരിക്കരുത്. ലാഹോറില്‍ നിന്നും മുസ്ലിംങ്ങള്‍ അല്ലാത്തവരെ ഒഴിപ്പിക്കുമെന്ന ഭയത്താലാണ് ജനങ്ങള്‍ അവിടെനിന്നും ഓടിപോകുന്നത്. ലാഹോര്‍ മരിച്ചുകൊണ്ടിരിക്കുകയാണെന്ന് നിങ്ങള്‍ വിചാരിക്കുന്നുവെങ്കില്‍ പോലും, ഒരിയ്ക്കലും അവിടെനിന്നും ഓടിപ്പോകരുത്. അവിടെക്കിടന്ന് നഗരത്തോടൊപ്പം മരിയ്ക്കുക. നിങ്ങള്‍ ഭയചകിതരാണെങ്കില്‍ യഥാര്‍ത്ഥമരണത്തിന് മുമ്പ് തന്നെ നിങ്ങള്‍ മരിക്കും, അതൊരിയ്ക്കലും ശുഭകരമല്ല. പഞ്ചാബിലെ ജനങ്ങള്‍ ഭീരുക്കളായല്ല, ധീരരായാണ് മരിച്ചതെന്നാണ് ഞാന്‍ കേള്‍ക്കുന്നതെങ്കില്‍ എനിക്ക് ദുഃഖമുണ്ടാകില്ല. ഞാന്‍ കൊലചെയ്യപ്പെടുകയാണെങ്കില്‍ പോലും ആര്‍ക്കുമെതിരായി എനിക്ക് ദ്വേഷം ഉണ്ടാകില്ല. മറിച്ച് എന്നെ കൊലപ്പെടുത്തുന്നവര്‍ക്ക് നല്ല ബുദ്ധി ഉണ്ടാകണേ എന്നു ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കും.''
- ഗാന്ധിജിയുടെ ഈ വാക്കുകള്‍ വര്‍ഗ്ഗീയ കലാപങ്ങളില്‍ പെട്ട് നരകതുല്യമായി ജീവിക്കേണ്ടിവന്ന പഞ്ചാബ് പ്രവിശ്യയിലെ ജനങ്ങള്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു നല്‍കി. പാകിസ്ഥാനിലെ മതന്യൂനപക്ഷങ്ങള്‍ക്ക് അവിടെ തുല്ല്യ അവകാശങ്ങളും പൂര്‍ണ്ണ സംരക്ഷണവും ലഭിക്കുമെന്ന് ഗാന്ധിജി വിശ്വസിച്ചു. നിര്‍ദ്ദിഷ്ട പാക്കിസ്ഥാന്‍ ദേശീയ പതാകയില്‍ ചന്ദ്രക്കല എന്ന മതപരമായ ചിഹ്നം ഉള്ളതുകൊണ്ട് അതിനെ തള്ളിപറയരുതെന്നദ്ദേഹം ജനങ്ങളോടപേക്ഷിച്ചു. സ്വതന്ത്ര്യ ഇന്ത്യയുടെ പതാകയില്‍ 'ചര്‍ക്ക' ഉണ്ടായിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
''ദേശീയ പതാകയിലെ ചക്രം ചര്‍ക്കയെക്കൂടി പ്രതിനിധീകരിക്കുന്നു എന്നാണ് നമ്മോട് ജവഹര്‍ലാല്‍ നെഹ്‌റുവും മറ്റും പറയുന്നത്. ചിലരാകട്ടെ അത് സുദര്‍ശന ചക്രമാണെന്നും വിവരിക്കുന്നു. സുദര്‍ശന ചക്രം എന്താണെന്ന് എനിക്ക് നന്നായി അറിയാം.''
തന്റെ നിര്‍ദ്ദേശം അനുസരിച്ച് ദേശീയ പതാകയില്‍ ചര്‍ക്ക ഉള്‍പ്പെടുത്തുന്നില്ലെങ്കില്‍ താന്‍ അതിനെ വന്ദിക്കുകയില്ലെന്നാണ് ലാഹോറില്‍ ഒരു സംഘം കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം വേദനയോടെ പറഞ്ഞത്.
1947 ആഗസ്റ്റ് ആറാം തീയതി വൈകിട്ട് ഗാന്ധിജിയും സംഘവും ലാഹോറില്‍ നിന്ന് കല്‍ക്കത്താമെയിലിന്റെ മൂന്നാം ക്ലാസ്സ് കംപാര്‍ട്ട്‌മെന്റില്‍ കയറി. അമൃത്‌സര്‍ വഴി പാറ്റ്‌നയിലേക്ക്. പിന്നെ കല്‍ക്കത്തയിലെ ഹൗറ സ്റ്റേഷനിലേക്ക്. ഇന്ത്യ സ്വാതന്ത്ര്യത്തിലേക്ക് കണ്‍തുറക്കുന്ന ദിനത്തില്‍ കിഴക്കന്‍ ബംഗാളിലെ (ഇപ്പോള്‍ ബംഗ്ലാദേശ്) ചിറ്റഗോംഗ് ഡിവിഷനിലുള്ള നവ്‌ഖേലിയിലെ കലാപബാധിതര്‍ക്കൊപ്പം താനുണ്ടാകുമെന്ന്, അവര്‍ക്ക് നല്‍കിയ ഉറപ്പു പാലിക്കാന്‍ ഗാന്ധിജി ആഗ്രഹിച്ചു.
കാലവര്‍ഷത്തില്‍ ചോര്‍ന്നൊലിക്കുന്ന കംപാര്‍ട്ടുമെന്റിലായിരുന്നു ഗാന്ധിജിയും സംഘവും. തറയാകെ വെള്ളം. ഇത് അസഹനീയമായപ്പോള്‍ അനുയായികളിലാരോ ട്രെയിനിലെ ഗാര്‍ഡിനോട് പരാതിപ്പെട്ടു. അദ്ദേഹം ഉടന്‍തന്നെയെത്തി അസൗകര്യങ്ങള്‍ക്ക് ക്ഷമാപണം ചെയ്തു. ചോര്‍ന്നൊലിക്കാത്ത മറ്റൊര കംപാര്‍ട്ട്‌മെന്റിലേക്ക് ഗാന്ധിജിയെയും, സംഘത്തെയും മാറ്റാമെന്ന് ഗാര്‍ഡ് പറഞ്ഞു.
''അപ്പോള്‍, അതിനുശേഷം ഈ കംപാര്‍ട്ട്‌മെന്റിന് എന്ത് സംഭവിക്കും,''ഗാന്ധിജി ചോദിച്ചു.
''സര്‍, അത് നമുക്ക് മറ്റ് യാത്രക്കാര്‍ക്ക് കൊടുക്കാം.''
ഗാന്ധിജിയുടെ ഉത്തരം പെട്ടെന്നായിരുന്നു;
''മഴയത്ത് ചോരുന്ന കംപാര്‍ട്ട്‌മെന്റ് മറ്റുള്ളവര്‍ക്ക് കൊള്ളാമെങ്കില്‍ ഞങ്ങള്‍ക്കും അത് പറ്റും. മറ്റുള്ളവരുടെ ചെലവില്‍ സുഖയാത്ര നടത്തുന്നതിനെക്കുറിച്ച് ചിന്തിക്കുന്നതെങ്ങനെ? അതുകൊണ്ട് നിങ്ങളുടെ സഹായത്തിന് നന്ദി, ഞങ്ങളീ കംപാര്‍ട്ട്‌മെന്റില്‍ തന്നെ യാത്ര തുടര്‍ന്നോളാം.''
സ്തബ്ധനായി നിന്ന ഗാര്‍ഡിനോട് അദ്ദേഹം ഒരുപദേശവും നല്‍കി;
''പാവപ്പെട്ട യാത്രക്കാരെ പീഡിപ്പിക്കരുത്, കൈക്കൂലി വാങ്ങുകയും അരുത്. നിങ്ങള്‍ക്ക് ചെയ്യാവുന്ന വലിയ സേവനങ്ങള്‍ ഇതാണ്.''
ട്രെയില്‍ അമൃത്‌സറില്‍ നിര്‍ത്തിയപ്പോള്‍ ആയിരത്തിലധികം ജനങ്ങള്‍ അദ്ദേഹത്തെ കാണാന്‍ ഇരുവശത്തും തടിച്ചുകൂടി. അവര്‍ അദ്ദേഹത്തിന് ദീര്‍ഘായുസ്സ് ആശംസിച്ചു. പലരും കരയുന്നുണ്ടായിരുന്നു. ഒരാഴ്ച മുമ്പ് ഇതേസ്ഥലത്ത് അക്രമാസക്തരായ ജനങ്ങള്‍ അദ്ദേഹത്തിനുനേരെ കരിങ്കെ
ാടി കാണിക്കുകയും, കാറിന്റെ ഗ്ലാസ്സുകള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തിരുന്നു. കാശ്മീരിലെയും പഞ്ചാബിലേയും അദ്ദേഹത്തിന്റെ പര്യടനങ്ങള്‍ അവിടെ സമാധാനം പുനഃസ്ഥാപിച്ച വാര്‍ത്തകള്‍ കേട്ട് പശ്ചാത്താപത്തോടെയാണ് അവരെത്തിയത്. ഒരു കൂട്ടം ചെറുപ്പക്കാര്‍ ഗാന്ധിജിയില്‍ നിന്ന് അദ്ദേഹം ഉണ്ടാക്കിയ തുണികൊണ്ടുള്ള സഞ്ചി ചോദിച്ചുവാങ്ങി. വര്‍ഗ്ഗീയ ലഹളകളാല്‍ എല്ലാം നഷ്ടപ്പെട്ട അഭയാര്‍ത്ഥികള്‍ക്ക് സഹായധനം ശേഖരിച്ചു നല്‍കാനായിരന്നു ഈ തുണിസഞ്ചി.
തങ്ങളോട് പൊറുക്കണമെന്നവര്‍ ഗാന്ധിജിയോടപേക്ഷിച്ചു. അവരോട് ഗാന്ധിജി പറഞ്ഞു;
''കഴിഞ്ഞ കാലം മറക്കുക. ഉണര്‍ന്നെണീക്കുന്ന മാത്രയില്‍ നമുക്കുമുന്നില്‍ വിടരുന്നത് ഓരോ പുതിയ പ്രഭാതമാണ്. നമുക്കെല്ലാം അങ്ങനെയിപ്പോള്‍ ഉണര്‍ന്നെണീക്കാം.''
ട്രെയില്‍ പാട്‌നയിലേക്ക് നീങ്ങിക്കൊണ്ടിരിക്കെ, അകത്തും പുറത്തും മഴപെയ്തുകൊണ്ടിരിക്കെ, അദ്ദേഹം 'ഹരിജന്‍' മാസികയ്ക്കുവേണ്ടി വളരെ പ്രധാനപ്പെട്ട ഒരു ലേഖനം എഴുതുകയായിരുന്നു. വഴിയിലുടനീളം, ട്രെയിന്‍ നിര്‍ത്തിയ എല്ലാ സ്റ്റേഷനുകളിലും, ജനങ്ങള്‍ അദ്ദേഹത്തെ അഭിവാദ്യം ചെയ്യാനെത്തിയിരുന്നു. സ്വതന്ത്ര്യഭാരതത്തിലെ കുട്ടികള്‍ക്ക് എന്തുതരം വിദ്യാഭ്യാസമാണ് ലഭിക്കേണ്ടതെന്നായിരുന്നു ആ ലേഖനത്തില്‍ ഗാന്ധിജി ദീര്‍ഘദര്‍ശിത്വത്തോടെ പ്രതിപാദിച്ചത്.
''ഇപ്പോഴത്തെ അസ്വാസ്ഥ്യജനകമായ അന്തരീക്ഷം അപ്രത്യക്ഷമാകും. വൈകാതെ സമാധാനം കൈവരും. അപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സമരഭടന്മാരാകേണ്ടിവരില്ല അവര്‍ക്ക് പൂര്‍ണ്ണമായും പഠനത്തിലേക്കു തന്നെ മടങ്ങാം. ഒരു സന്യാസിയുടെ ജീവിതത്തോടാണ് ഒരു വിദ്യാര്‍ത്ഥിയുടെ ജീവിതത്തെ യഥാര്‍ത്ഥത്തില്‍ തദാത്മ്യം ചെയ്യേണ്ടത്. ഉയര്‍ന്ന ചിന്തയുടെയും ലളിതജീവിതത്തിന്റെയും പ്രതീകമായിരിക്കണം ഓരോ വിദ്യാര്‍ത്ഥിയും. അച്ചടക്കത്തിന്റെ പ്രതിരൂപമായിരിക്കണം, അവര്‍. അവരുടെ സന്തോഷം പഠനങ്ങളില്‍ നിന്നാണുണ്ടാകുന്നത്. മഹത്തായ വിജ്ഞാനമണ്ഡലങ്ങളിലേക്ക് മുന്നേറുന്ന വിദ്യാര്‍ത്ഥികള്‍ നല്‍കുന്ന സന്തോഷം എത്ര വലുതാണ്.''
ആഗസ്റ്റ് 8-ാം തീയതി വൈകിട്ട് ഗാന്ധിജിയും സംഘവും പാറ്റ്‌ന റെയില്‍വേ സ്റ്റേഷനിലിറങ്ങി. അദ്ദേഹം ആദ്യം ചെയ്തത്, ബീഹാര്‍ ഗവര്‍ണറായി നിയമിക്കപ്പെട്ട ജയ് രാംദാസ് ദൗലത്ത് റാമിന് ഒരു കത്തയക്കുകയായിരുന്നു. കുത്തഴിഞ്ഞു കിടക്കുകയായിരുന്ന ബീഹാറിലെ ഭരണം നേരെയാക്കാനും, മന്ത്രിമാരെക്കൊണ്ട് ഒരുമയോടെ അവരുടെ ജോലികള്‍ ചെയ്യിക്കുവാനും ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്താനും അദ്ദേഹം ആവശ്യപ്പെട്ടു.
ലളിതജീവിതം നയിക്കണമെന്നും മാതൃഭാഷയായ ഹിന്ദിയില്‍ തന്നെ കത്തിടപാടുകള്‍ നടത്തണമെന്നും, ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമല്ലാത്ത കഴിവുള്ള ഒരാളെ സെക്രട്ടറിയായി വയ്ക്കണമെന്നും, ഗാന്ധിജി അദ്ദേഹത്തിന് ഉപദേശം നല്‍കി. അന്നു വൈകിട്ട് അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനയോഗത്തില്‍ തടിച്ചുകൂടിയ ആയിരങ്ങളോട്, ആഗസ്റ്റ് 15-ാം തീയതി സ്വാതന്ത്ര്യദിനം എങ്ങനെ പവിത്രമായി ആഘോഷിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.
'ആഗസ്റ്റ് 15ന് പ്രാര്‍ത്ഥനാനിരതരായി, സ്വന്തം കര്‍ത്തവ്യങ്ങളിലേര്‍പ്പെടുക. രാജ്യം വിഭജിക്കപ്പെട്ടാലും, പകയും വിദ്വേഷവും പടര്‍ന്നു പിടിച്ചാലും, പരസ്പര സ്‌നേഹവും വിശ്വാസവും പുലര്‍ത്തണമെന്നും അതാണ് ഏറ്റവും വലിയ നന്മയെന്നും' അദ്ദേഹം അവരെ ഓര്‍മ്മിപ്പിച്ചു.
വിഭജനത്തിന്റെ പ്രത്യാഘാതങ്ങള്‍ അദ്ദേഹത്തെ ഏറെ ഖിന്നനാക്കിയിരുന്നു. തന്നെ സന്ദര്‍ശിക്കാനെത്തിയവരോട് അദ്ദേഹം ഈ ആശങ്കകള്‍ പങ്കുവച്ചു. ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയില്‍ രണ്ടു പൗരത്വങ്ങള്‍ ഉണ്ടാകില്ലെന്ന് അദ്ദേഹം വിശ്വസിച്ചു. പാസ്‌പോര്‍ട്ടില്ലാതെ രണ്ടു രാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് രാജ്യാതിര്‍ത്തി കടക്കാമെന്നും അദ്ദേഹം പ്രതീക്ഷിച്ചു. മതാടിസ്ഥാനത്തില്‍ പുതുതായി രൂപം കൊണ്ട രണ്ട് രാജ്യങ്ങളല്ല ഇന്ത്യയും പാകിസ്ഥാനുമെന്നും, മറിച്ച് അവ അഖണ്ഡഭാരതത്തിന്‍ന്റെ രണ്ട് ഭാഗങ്ങള്‍ മാത്രമാണെന്നും അദ്ദേഹം വ്യാഖ്യാനിച്ചു.
ഒരു വീടിന്റെ മേല്‍ക്കുരയ്ക്കകത്ത് ഹിന്ദുക്കള്‍ക്കും, മുസ്ലിങ്ങള്‍ക്കും സഹോദരരെപോലെ കഴിയാമെന്നും അദ്ദേഹം പ്രത്യാശിച്ചു. സ്വാതന്ത്ര്യാനന്തരം സന്നദ്ധസേവന പ്രസ്ഥാനമായി മാറേണ്ട ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ,് ഇന്ത്യയില്‍ മാത്രമല്ല പാകിസ്ഥാനിലും സേവന പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ഇങ്ങനെയുള്ള ഒരു പാരസ്പര്യത്തില്‍ രണ്ട് രാഷ്ട്രങ്ങളിലെയും ആരാധനാലയങ്ങള്‍ സംരക്ഷിക്കപ്പെടുമെന്നും ഗാന്ധിജി പ്രത്യാശിച്ചു.
ഗാന്ധിജി അസന്നിഗ്ധമായി തന്റെ നിലപാട് ഇങ്ങനെ വ്യക്തമാക്കി;
''പൗരാണികവും, അവിഭാജ്യവുമായ മഹത്തായ ഈ രാഷ്്രടത്തിലെ ഒരു പൗരനാണ് ഞാന്‍. ഇന്ത്യയിലെയും പാകിസ്ഥാനിലെയും, ഓരോരുത്തരും ഇങ്ങനെ വിചാരിച്ചാല്‍ രാജ്യം വിഭജിക്കപ്പെടുന്നതുകൊണ്ട് അഹിതമായതൊന്നും സംഭവിക്കില്ല. അതാണ് ഭാരതപൗരന്‍ എന്ന നിലയില്‍ മുഹമ്മദാലി ജിന്ന തന്നെ പാകിസ്ഥാനിലേക്ക് പോയത്, അവിടുത്തെ ജനങ്ങളെ സേവിക്കാനണു. എന്നെ സംബന്ധിച്ച് ഇന്ത്യയെന്നോ, പാകിസ്ഥാനെന്നോ ഉള്ള ഭേദമില്ല. രണ്ടും എന്റെ മാതൃരാജ്യങ്ങള്‍.''
- ഗാന്ധിജിയെന്ന വിശ്വപൗരന്റെ മാനവികതയിലും സാഹോദര്യത്തിനും മതാതീതമായ ആത്മീയതയിലും ഊന്നി നിന്നുകൊണ്ടുള്ള നിഷ്‌കാമകര്‍മ്മയോഗമാണിവിടെ പ്രകടമാകുന്നത്. സമത്വഭാവനയുടെ ഉദാത്ത മാതൃകയാണു, സ്വതന്ത്ര്യപൂര്‍വ്വദിനങ്ങളില്‍ അധികാരത്തോടും പദവികളോടും തികഞ്ഞ അനാസക്തി പുലര്‍ത്തിക്കൊണ്ട് ദല്‍ഹിയില്‍ നിന്ന് കാതങ്ങള്‍ക്കകലെ, പീഡിതര്‍ക്കിടയില്‍ ആത്മവിശ്വാസമുണര്‍ത്തിക്കൊണ്ട്, അദ്ദേഹം നടത്തിയ ഈ സമാധാന ദൗത്യം. ഇതിന് ലോകചരിത്രത്തില്‍ സമാനതകളില്ല.
No comments:
Post a Comment