നൂറ്റാണ്ടുകള്‍ നീണ്ട ബ്രിട്ടീഷ് അധിനവേശത്തില്‍ നിന്ന് ഇന്ത്യ സ്വതന്ത്രമാകുന്ന ചരിത്ര മുഹൂര്‍ത്തത്തിന് ദല്‍ഹി ഒരുങ്ങവേ, ആ ആഘോഷങ്ങളില്‍ നിന്നെല്ലാം മാറിനിന്നു, മഹാത്മഗാന്ധി. ഇന്ത്യ രണ്ടായി വിഭജിക്കപ്പെടുമെന്ന കദനഭാരവും പേറി, ഹിന്ദുമുസ്ലിം കലാപങ്ങള്‍ക്കിരയായ ജനങ്ങള്‍ക്ക് സാന്ത്വന സ്പര്‍ശവുമായി കലാപബാധിതമേഖലകളിലായിരുന്നു, സ്വാതന്ത്ര്യപൂര്‍വ്വദിനങ്ങളിൽ,അദ്ദേഹം.
ദല്‍ഹിയില്‍ നിന്നും പഞ്ചാബ് വഴി കാശ്മീരിലേക്ക്, അവിടെനിന്നും റാവല്‍പിണ്ടി വഴി പട്‌നയിലേക്ക്.
സ്വാതന്ത്ര്യദിനത്തില്‍ ബംഗാളിലെ ചിറ്റഗോഗ പ്രവിശ്യയിലുള്ള നവ്‌ഖേലി ഗ്രാമത്തില്‍ വര്‍ഗ്ഗീയ കലാപങ്ങള്‍ക്കിരയായ പാവങ്ങളോടൊപ്പം ചെലവഴിക്കാന്‍ ഒരുങ്ങിയാണ് അദ്ദേഹം പുറപ്പെട്ടത്. പക്ഷേ, കല്‍ക്കത്തയിലെത്തിയപ്പോഴേക്കും അവിടെ സ്ഥിതിഗതികള്‍ നിയന്ത്രണാനീതമായിരുന്നു.
ഗാന്ധിജിയുടെ മാസ്മരികമായ സാന്നിധ്യത്തിന് മാത്രമേ വര്‍ഗ്ഗീയ വിദേ്വഷത്തില്‍ കത്തിയമരുന്ന കല്‍ക്കത്താതെരുവുകളില്‍ സമാധാനം പുനഃസ്ഥാപിക്കാനാകൂ എന്ന് എല്ലാവരും വിശ്വസിച്ചു. അദ്ദേഹത്തിന്റെ സാന്നിധ്യം കുറച്ച് ദിവസം അവിടെയുണ്ടാകണമെന്ന് അവര്‍ ഒന്നായി അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചു. അങ്ങനെ, സ്വാതന്ത്ര്യദിനത്തിന് കല്‍ക്കത്തയില്‍ തന്നെ തങ്ങാന്‍ അദ്ദേഹം തീരുമാനിച്ചു. ആഗസ്റ്റ് 14-ാം തീയതി വൈകിട്ടത്തെ അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനായോഗത്തില്‍ ജനങ്ങളോട് ഇങ്ങനെ പറഞ്ഞു; ''നാളെ വൈദേശിക നുകത്തില്‍ നിന്ന് നാം വിമോചിക്കപ്പെടുന്ന ദിവസമാണ്. അത് ഒരു മഹത്ദിനമാണ്. നമുക്കത് ആഘോഷിയ്ക്കണം. എന്നാല്‍ നാളെമുതല്‍ക്ക് ഇന്ത്യയ്ക്കും പാകിസ്ഥാനും വലിയ ഭാരം ചുമലിലേറ്റേണ്ടതുണ്ട്. ഈ ദിവസം പ്രാര്‍ത്ഥനാനിരതരായിരിക്കാന്‍ ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. ആഗസ്റ്റ് 15-ാം തീയതി 24 മണിക്കൂറും ഉപവസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുക. ഭാരതത്തിനാകെ ഐശ്വര്യമുണ്ടാകുന്നതിനായി ഓരോരുത്തരും പ്രാര്‍ത്ഥിക്കുക. കഴിയുന്നത്ര ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുക.''
അദ്ദേഹം കലാപ കലുഷിതമായ കല്‍ക്കത്ത തെരുവിലെ ഹൈദരി-മാന്‍ഷനിലാണ് താമസിച്ചത്. മുസ്ലിം നേതാവായ ഷഹീദ് സാഹിദ് അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. അവര്‍ ഒന്നിച്ച് സമാധാന പുനഃസ്ഥാപനത്തിനായി ശ്രമിച്ചു. 1946ല്‍ കല്‍ക്കത്തയില്‍ നടന്ന വര്‍ഗ്ഗീയ ലഹളകളില്‍ ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടതിനുത്തരവാദിയെന്നാരോപിക്കപ്പെട്ട സുഹ്‌റാവാഡിയും അവരോടൊപ്പം അവിടെയുണ്ടായിരുന്നു. അയാളുടെ രക്തത്തിനുവേണ്ടി ദാഹിക്കുന്നവരുടെ ആക്രോശങ്ങള്‍ പുറത്ത്. ഗാന്ധിജി അയാളുമായി സംസാരിച്ചു. ആ വര്‍ഗ്ഗീയ കലാപങ്ങളില്‍ ഉണ്ടായ ജീവനഷ്ടത്തിനുത്തരവാദി താനാണെന്ന് അയാള്‍ സമ്മതിച്ചു. താന്‍ അതില്‍ പശ്ചാത്തപിക്കുന്നു എന്നേറ്റു പറഞ്ഞ് അയാള്‍ ഗാന്ധിജിക്കുമുന്നില്‍ തലകുമ്പിട്ടു നിന്നു. ജനകൂട്ടം സ്തബ്ധരായി ഈ കുറ്റസമ്മതത്തിനും, പശ്ചാത്താപപ്രകടനത്തിനും സാക്ഷ്യം വഹിച്ചു. ഗാന്ധിജി പറഞ്ഞു. ''ഇതൊരു വഴിത്തിരിവാണ്. ഇപ്പോള്‍ ഒരു ശുദ്ധീകരണപ്രക്രിയ ആരംഭിച്ചതായി ഞാന്‍ മനസ്സിലാക്കുന്നു.''
ആഗസ്റ്റ് 14-ാം തീയതി അര്‍ധരാത്രി. ദല്‍ഹി റെയ്‌സിനാ ഹില്ലിലെ കോണ്‍സ്റ്റിസ്റ്റ്യൂവന്റ് അസംബ്ലി ഹാളില്‍ ഇന്ത്യ സ്വതന്ത്രരാഷ്ട്രമായി പ്രഖ്യാപിക്കപ്പെട്ട ആ അധികാര കൈമാറ്റ ചടങ്ങ് നടന്നപ്പോള്‍ ഗാന്ധിജിയുടെ അസാന്നിധ്യം പ്രതേ്യകം ശ്രദ്ധിക്കപ്പെട്ടു.
കോണ്‍സ്റ്റിറ്റ്യുവന്റ് അസംബ്ലി പ്രസിഡന്റ് ബാബു രാജേന്ദ്രപ്രസാദ് സ്വാതന്ത്ര്യലബ്ധിക്കായി മഹാത്മാഗാന്ധി നടത്തിയ ശ്രമങ്ങളെ ആമുഖപ്രസംഗത്തില്‍ പ്രകീര്‍ത്തിച്ചു. ''ഇന്ത്യാചരിത്രത്തിലെ പ്രതിസന്ധി ഘട്ടങ്ങളില്‍ നമ്മള്‍ക്ക് സജീവമായിരിക്കാന്‍ ബലമേകിയത് അദ്ദേഹം നല്‍കിയ നമ്മുടെ സംസ്‌കാരത്തിന്റെ അമരമായ ചൈതന്യമാണ്. ആ ചൈതന്യമാണ്, ജന്മാവകാശമായ സ്വാതന്ത്ര്യം നേടാനും നീതിയ്ക്കു വേണ്ടി പോരാടാനും ആയുധങ്ങളോ പടക്കോപ്പുകളോ ഇല്ലാതെ സത്യത്തിലും അക്രമരാഹിത്യത്തിലും ഉറച്ചു നിന്നുകൊണ്ട് വിജയം നേടാനും ഇന്ത്യയെ പ്രാപ്തമാക്കിയത്'' അദ്ദേഹം അനുസ്മരിച്ചു.
'ഇന്ത്യ സ്വാതന്ത്ര്യത്തിലേക്ക് കണ്‍തുറക്കുന്നു'വെന്ന പ്രസിദ്ധമായ പ്രസംഗത്തിലൂടെ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു ആ മുഹൂര്‍ത്തത്തെ ധന്യമാക്കി. തുടര്‍ന്ന് സംസാരിച്ച പുതിയ ഗവര്‍ണര്‍ ജനറല്‍ ലോര്‍ഡ് മൗണ്ട് ബാറ്റണ്‍, ആ ചരിത്ര മുഹൂര്‍ത്തത്തില്‍ ഗാന്ധിജിയുടെ അസാന്നിധ്യം വേദനിപ്പിക്കുന്നതാണെന്ന് എടുത്തു പറഞ്ഞു;''ഇന്ത്യ അതിന്റെ സ്വാതന്ത്ര്യലബ്ധിക്ക് മഹാത്മാഗാന്ധിയോട് കടപ്പെട്ടിരിക്കുന്നു എന്നത് ഒരിക്കലും മറന്നുകൂടാ.''
ഭാരതമെമ്പാടും ത്രിവര്‍ണ്ണ പതാകകള്‍ പാറിക്കളിക്കവേ, രാഷ്ട്രം ഉത്സവ ലഹരിയില്‍ മുങ്ങവേ, ഗാന്ധിജി നിശ്ശബ്ദനായിരുന്നു. എവിടെയും 'വന്ദേമാതര'വും 'ഭാരത് മാതാ കീ ജയ്'യും മുഴങ്ങി. ഗാന്ധിജിയുടെ മനസ്സില്‍ അപ്പോള്‍, കല്‍ക്കത്തയിലെ അശാന്തമായ തെരുവുകളും മനുഷ്യരും മാത്രമാണുണ്ടായിരുന്നത്. സമാധാന പുനഃസ്ഥാപനത്തിനായി ശാന്തിമന്ത്രങ്ങള്‍ ആലപിച്ചുകൊണ്ട് ഹിന്ദുക്കളുടെയും മുസ്ലിങ്ങളുടെയും മറ്റു സമുദായക്കാരുടെയും ചെറുജാഥകള്‍ പ്രധാനവീഥികളിലൂടെ കടന്നു പൊയ്‌ക്കൊണ്ടിരുന്നു. സാമുദായിക അസ്വാസ്ഥ്യങ്ങളുടെ മഞ്ഞ് ഉരുകാന്‍ തുടങ്ങി. ദീകരമായ അവസ്ഥയ്ക്ക് മാറ്റമുണ്ടായെന്ന് സമുദായ നേതാക്കള്‍ ഗാന്ധിജിയോട് പറഞ്ഞു.
സ്വാതന്ത്ര്യദിനത്തെ വരവേല്‍ക്കാന്‍ പലയിടത്തും രാത്രി അലങ്കാരദീപങ്ങള്‍ തെളിച്ചു. ജനങ്ങള്‍ മധുര പലഹാരങ്ങള്‍ കൈമാറി. 78കാരനായ ഗാന്ധിജി അന്ന് പതിവിലും ക്ഷീണിതനായിരുന്നു. കുറെ ദിവസങ്ങളായി അദ്ദേഹത്തിന്റെ പതിവുകള്‍ തെറ്റുകയായിരുന്നു. അന്നും അത് സംഭവിച്ചു. രാത്രി 8 മണിക്ക് ഉറങ്ങാന്‍ അദ്ദേഹത്തിനായില്ല. സന്ദര്‍ശകര്‍ വന്നുകൊണ്ടേയിരുന്നു. രാത്രി പതിനൊന്നര കഴിഞ്ഞിട്ടാണ് അദ്ദേഹത്തിന് തല ചായ്ക്കാനായത്. തന്റെ 'രാത്രി പകുതിയും കടന്നു പോയിരിക്കുന്നു'എന്ന് അദ്ദേഹം തമാശയായി പറഞ്ഞു. എത്ര വൈകിയാലും വെളുപ്പിന് മൂന്നരയ്ക്കു തന്നെ ഉണരുന്നതാണ് അദ്ദേഹത്തിന്റെ ശീലം. മൂന്നു മണിക്കൂറിനുശേഷം ഗാന്ധിജി ഉണര്‍ന്നെണീറ്റു. കൃത്യം മൂന്നരയ്ക്കു തന്നെ. സ്വതന്ത്ര്യഇന്ത്യയിലെ ബാപ്പുവിന്റെ ആദ്യദിനം ആരംഭിക്കുകയായി.
രാവിലെ ഒരു കൂട്ടം കുട്ടികള്‍ അദ്ദേഹത്തെ കാണാനെത്തി. സ്വാതന്ത്ര്യലബ്ധിയില്‍ ആഹ്ലാദം പങ്കുവയ്ക്കാനാണ് രബീന്ദ്രനാഥ ടാഗോറിന്റെ ഗീതാജ്ഞലിയിലെ ഗീതങ്ങള്‍ ആലപിച്ചുകൊണ്ടായിരുന്നു, ഗാന്ധിജിയെ കാണാന്‍ അവരെത്തിയത്. അവര്‍ അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങി, പാട്ടുകളാലപിച്ചു മടങ്ങിപ്പോയി.
സ്വാതന്ത്ര്യദിനപുലരിയിലും ഗാന്ധിജിയുടെ ദിനചര്യകള്‍ക്ക് ഒരു മാറ്റവുമുണ്ടായില്ല. പതിവുപോലെ പ്രഭാത നടത്തത്തിനിറങ്ങിയപ്പോള്‍ ആയിരക്കണക്കിനാളുകള്‍ ബഹുമാനത്തോടെയും കൗതുകത്തോടെയും അദ്ദേഹത്തെ പൊതിഞ്ഞു. മുന്‍പ് പ്രഖ്യാപിച്ചതുപോലെ ഉപവസിച്ചും, ചര്‍ക്കയില്‍ നൂല്‍നൂറ്റമാണ് സ്വതന്ത്ര്യ ഇന്ത്യയിലെ ആദ്യദിനം ഗാന്ധിജി ചെലവഴിച്ചത്. ചര്‍ക്കതിരിക്കുമ്പോള്‍, പതിവുപോലെ, തനിക്കു ലഭിച്ച കത്തുകള്‍ക്കുള്ള മറുപടി അദ്ദേഹം പറഞ്ഞു കൊടുത്തു. ലണ്ടനിലെ അഗതാഗാരിസണിനുള്ള കത്തായിരുന്നു അതില്‍ ഒന്ന്.
''ചര്‍ക്കയില്‍ നൂല്‍ നൂറ്റു കൊണ്ടിരിക്കുമ്പോഴാണ് ഞാനീ കത്ത് പറഞ്ഞെഴുതിക്കുന്നത്. മഹത്തായ ഈ ദിവസം ഞാന്‍ ആഘോഷിക്കുന്നത് ദൈവത്തോട് നന്ദി പറഞ്ഞും പ്രാര്‍ത്ഥിച്ചുമാണ്.'' ബംഗാളിലെ കോണ്‍ഗ്രസ്സ് മന്ത്രിമാര്‍ ഗാന്ധിജിയെ സന്ദര്‍ശിച്ചു. അദ്ദേഹം അവര്‍ക്ക് നല്‍കിയ ഉപദേശങ്ങള്‍ ഇവയായിരുന്നു.
''ഇന്നുമുതല്‍ നിങ്ങള്‍ മുള്‍ക്കിരീടം ധരിക്കുകയാണ്. അശ്രാന്ത പരിശ്രമം ചെയ്യുക. സത്യത്തിന്റെയും അക്രമരാഹിത്യത്തിന്റെയും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക. ലളിതജീവിതം നയിക്കുക. ദീനാനുകമ്പ ഉള്ളവരായിരിക്കുക. ഇന്നുമുതല്‍ നിങ്ങള്‍ അനുനിമിഷം പരീക്ഷിക്കപ്പെടും. അധികാരത്തെക്കുറിച്ച് ബോധവാന്മാരിയിരിക്കുക. പദവികള്‍ വഴിതെറ്റിക്കും. അതിന്റെ ഭ്രമങ്ങളില്‍ സ്വയം അകപ്പെടാന്‍ ഇടവരരുത്. ''
വൈകിട്ടത്തെ പ്രാര്‍ത്ഥനായോഗത്തില്‍ മുപ്പതിനായിരത്തോളം പേര്‍ പങ്കെടുത്തു. മതവൈര്യം മറന്ന് അവിടെ ഒത്തുകൂടിയതിന് കല്‍ക്കത്താനിവാസികളെ ബാപ്പു അഭിനന്ദിച്ചു. ഹിന്ദുക്കള്‍ മോസ്‌ക്കുകളിലും മുസ്ലിംങ്ങള്‍ ക്ഷേത്രങ്ങളിലും സൗഹൃദസന്ദര്‍ശനം നടത്തുന്നു എന്ന വാര്‍ത്ത അദ്ദേഹത്തെ സന്തോഷിപ്പിച്ചു. ആ സാഹോദര്യം ഹൃദയത്തിന്റെ അടിയില്‍ നിന്നാണ് വരുന്നതെന്നും അത് നൈമിഷികം മാത്രമാകരുതെന്നും അദ്ദേഹം പറഞ്ഞു. ''ഈ സാഹോദര്യം തുടര്‍ന്നാല്‍ കല്‍ക്കത്തയും ഹൗറയും. അധികം വൈകാതെ സമുദായിക അസ്വാസ്ഥ്യത്തിന്റെ പിടിയില്‍ നിന്ന് മോചിതമാകും'' അദ്ദേഹം പറഞ്ഞു. പക്ഷേ, ഇപ്പോഴും വര്‍ഗ്ഗീയ ലഹളകളൊടുങ്ങാത്ത ലാഹോറിലും പഞ്ചാബിലുമുള്ളവര്‍ കല്‍ക്കത്തയുടെ മാതൃക പിന്‍തുടരുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചു. സ്വാതന്ത്ര്യലബ്ധിയുടെ ലഹരിയില്‍ കല്‍ക്കത്തയിലെ ഗവണ്‍മെന്റ് ഹൗസ് കയ്യേറാന്‍ ചിലര്‍ ശ്രമിച്ചതിലുള്ള അസന്തുഷ്ടി അദ്ദേഹം പരസ്യമായി പ്രകടിപ്പിച്ചു. അതിനെ 'കുറ്റകരമായ നിയമരാഹിത്യം' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
''ഇപ്പോള്‍ ഇന്ത്യ സ്വതന്ത്രമായിരിക്കുന്നതിനാല്‍, സ്വാതന്ത്ര്യത്തെ ഉള്‍ക്കാഴ്ചയോടെയും നിയന്ത്രണത്തോടെയും ഉപയോഗിക്കാന്‍ നമ്മള്‍ പഠിക്കേണ്ടിയിരിക്കുന്നു. സ്വാതന്ത്ര്യലബ്ധിയോടെ ഓരോരുത്തരും അവരവരുടെ തന്നെ യജമാനന്മാരായി മാറിയിരിക്കുന്നു.''
തുടര്‍ന്ന് സംസാരിച്ച സുഖര്‍വാര്‍ഡി ഗാന്ധിജിയുടെ മാസ്മരിക സാന്നിധ്യത്തില്‍ ഹിന്ദു-മുസ്ലിം സാഹോദര്യം കല്‍ക്കത്തയില്‍ പുനഃസ്ഥാപിക്കപ്പെട്ടതെങ്ങനെയെന്ന് വിവരിച്ചു.
അവിടെക്കൂടി നിന്ന ജനാവലിയോട് ഏകസ്വരത്തില്‍, 'ജയ് ഹിന്ദ്, ജയ് ഹിന്ദ്' എന്ന് ചൊല്ലാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. അവര്‍ ഒന്നായി അങ്ങനെ ചെയ്തപ്പോള്‍ ഗാന്ധിജി മന്ദഹസിച്ചു.
അടുത്ത ദിവസവും ഗാന്ധിജി ഹൈദര്‍-ഇ-മാന്‍ഷനില്‍ തന്നെ കഴിച്ചുകൂട്ടി. അപ്പോഴും ആയിരങ്ങള്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാനെത്തി. ജനാധിക്യം കാരണം പരിസരം മലിനമായിരുന്നു. അധികൃതര്‍ ആഗസ്റ്റ് 14ന് ശേഷം അവിടെ വന്നതേയില്ല. ആഗസ്റ്റ് 16-ാം തീയതി ഗാന്ധിജി തന്റെ പാദരക്ഷകള്‍ ഊരിവച്ച് ആ മാലിന്യത്തിനിടയിലൂടെ നടക്കാന്‍ തുടങ്ങി. സ്തബ്ദരായ പ്രദേശവാസികള്‍ അദ്ദേഹത്തെ അനുഗമിച്ചു. അവരെല്ലാം കൂടി പരിസരം വൃത്തിയാക്കി. 'ഹരിജന്‍-ബന്ധു' എന്ന തന്റെ ഗുജറാത്തി മാസികയില്‍ കല്‍ക്കത്ത സന്ദര്‍ശനമുണ്ടാക്കിയ സദ്ഫലങ്ങളെക്കുറിച്ച് അദ്ദേഹം എഴുതി. ഓരോ നിമിഷവും വളരുന്ന സാഹോദര്യം തന്നെ സന്തോഷവാനാക്കുന്നു. ഇതൊരു യാദൃച്ഛികതയോ അത്ഭുതമോ എന്ന് തനിക്ക് പറയാനാകുന്നില്ല. സമാധാനപുനഃസ്ഥാപനത്തിന് താസോ, ഷഹീദ് സാഹിബോ കാരണക്കാരല്ല. എന്തുകൊണ്ടെന്നാല്‍, തങ്ങളെല്ലാം ദൈവത്തിന്റെ കൈകളിലെ കളിപ്പാവകള്‍ മാത്രമാണെന്നാണ് ഗാന്ധിജി പറഞ്ഞത്.
''പരസ്പരവൈര്യത്തിന്റെ വിഷം നമ്മള്‍ കുടിച്ചിരിക്കുന്നു. ഇപ്പോള്‍ സാഹോദര്യത്തിന്റെ ഈ നറുതേന്‍ മധുരതരമായി അനുഭവപ്പെടുന്നു. ഈ മാധുര്യം ഒരിക്കലും പോകാതിരിക്കട്ടെ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.''
ദല്‍ഹിയിലും സംസ്ഥാനതലസ്ഥാനങ്ങളിലും പുതിയ ജനായത്ത സര്‍ക്കാരുകള്‍ അധികാരമേറ്റെടുത്തപ്പോള്‍ പദവികളുടെ ആ ശീതളച്ഛായയില്‍ നിന്ന് വിദൂരത്തായിരുന്നു മഹാത്മാവ്, അപ്പോള്‍.
1 comment:
ഇങ്ങിനെ പോയാൽ അടുത്ത രണ്ട്
പതിറ്റാണ്ടോടുകൂടി ഗാന്ധിജിയെ ആരു അറിയാതാകും...
Post a Comment