മാമ ആഫ്രിക്ക
(നോവൽ )
ടി.ഡി.രാമകൃഷ്ണൻ
പേജ് 440, വില 460 രൂപ
ഡി.സി.ബുക്സ്.
ആഫ്രിക്ക മലയാളികൾക്കിപ്പോഴും ഏതാണ്ട് അജ്ഞാതമായ ഭൂപ്രദേശമാണ്. പത്തു ലക്ഷം വർഷങ്ങൾക്കെങ്കിലും മുൻപ് മനുഷ്യൻ പിറവിയെടുത്തുവെന്ന് പുരാതനമാനവവിജ്ഞാന പണ്ഡിതർ വിശ്വസിക്കുന്ന ആഫ്രിക്ക നമുക്കിപ്പോഴും ഏതാണ്ട് ഇരുണ്ട വൻകര തന്നെ. പ്രാക്തന ജനവിഭാഗങ്ങളുടേതടക്കം അനേകം ഗോത്രങ്ങളും, വ്യതിരിക്ത സംസ്ക്കാരവും ആഹാര-ജീവിത രീതികളും ഭാഷകളുമുള്ള ജനസമൂഹങ്ങൾ അധിവസിക്കുന്ന അൻപതിലധികം രാജ്യങ്ങൾ.
എസ്.കെ പൊറ്റെക്കാട്ടിന്റെ 'കാപ്പിരികളുടെ നാട്ടിൽ' എന്ന യാത്രാവിവരണഗ്രന്ഥത്തിലാണ് ആഫ്രിക്കൻ ജീവിതത്തെക്കുറിച്ച് ഒരുപക്ഷേ, ആദ്യമായി കേരളീയർ വിശദമായി വായിക്കുന്നത്. 1949 - ൽ അദ്ദേഹം കിഴക്കെ ആഫ്രിക്കയിൽ സഞ്ചരിക്കുമ്പോൾ , അവിടുത്തെ രാജ്യങ്ങളെല്ലാം ബ്രിട്ടീഷ് -യുറോപ്യൻ കോളനികളായിരുന്നു. ബോംബെയിൽ നിന്ന് കപ്പൽ കയറി, പത്താം നാൾ പൊറ്റെക്കാട്ട് ഇറങ്ങിയത് മൊമ്പാസ തുറമുഖത്തായിരുന്നു.
അതിന് അര നൂറ്റാണ്ട് മുൻപ്, കൃത്യമായി പറഞ്ഞാൽ, 1898-ൽ പരപ്പനങ്ങാടിയിലും കടലുണ്ടിയിലുമുള്ള 30 ഖലാസിമാരുമായി ഒരാൾ ആഫ്രിക്കയിലേക്ക് കപ്പൽ കയറി. പേര് കെ.പി.എം പണിക്കർ. ഓലയിൽ എഴുത്താണി കൊണ്ട് തുഞ്ചത്തെഴുച്ഛന്റെ അദ്ധ്യാത്മരാമായണം പകർത്തി എഴുതിക്കൊടുക്കാൻ അധികാരമുണ്ടായിരുന്ന കുടുംബത്തിലെ അംഗം, അങ്ങോട്ട് പോയത് തീവണ്ടിപ്പാത നിർമ്മാണത്തൊഴിലാളിയായി.
കപ്പൽ കയറുമ്പോൾ പെട്ടിയിൽ പണിക്കർ ഭദ്രമായി സാക്ഷിച്ചുവെച്ചു ,ആ എഴുത്താണി. ഒപ്പം,അദ്ധ്യാത്മ രാമായണം, ലളിതാ സഹസ്രനാമം, പൂന്താനത്തിന്റെ 'ജ്ഞാനപ്പാന',ചന്തുമേനോന്റെ 'ഇന്ദുലേഖ.'
പണിക്കർ കപ്പലിറങ്ങിയത് മൊംമ്പസ തുറമുഖത്ത്. ആഫ്രിക്കയുടെ ചരിത്രം തന്നെ മാറ്റിയെഴുതി,അവിടെ നിന്ന് വിക്ടോറിയ തുറമുഖം വരെ നീണ്ട റെയിൽവേ പാത. ഇത് നിർമ്മിക്കാൻ ബിട്ടീഷുകാർ കൊണ്ടുവന്ന 30000 ഇന്ത്യക്കാരിൽ ആറായിരത്തോളം പേർ മരിച്ചു.
പണിക്കർ, അവിടെ റെയിൽവേ തൊഴിലാളികളെ സംഘടിപ്പിച്ച് ട്രേഡ് യൂണിയൻ നേതാവായി,'സഖാവ് പണിക്കരാ'യി - 'ഉഹ്റു' എന്ന വിമോചനപ്പോരാട്ട രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ സ്ഥാപകനായി.മസായി ഗോത്ര വംശത്തിൽ പെട്ട ഒരു സ്ത്രീയെ വിവാഹം കഴിച്ച്,അവിടെ തന്നെ കൂടി. രാമായണം കിളിപ്പാട്ട് മുഴുവൻ മന:പാഠം പഠിച്ച,മലയാളത്തേയും കേരളത്തെയും ഇവിടുത്ത കമ്യൂണിസ്റ്റ് പ്രസ്ഥാനത്തേയും എന്നും സ്നേഹിച്ച പണിക്കർ,തന്റെ മകനെയും അതു ശീലിപ്പിച്ചു. 1947-ൽ ഇന്ത്യ സ്വതന്ത്രമായപ്പോൾ , യുഗാണ്ടയ്ക്കും സ്വാതന്ത്യമാശ്യപ്പെട്ട് പ്രകടനം നടത്തിയ പണിക്കരുടെ നേതൃത്വത്തിലുളള തൊഴിലാളികൾക്കു നേരെ അധികാരികൾ നടത്തിയ വെടിവെയ്പിൽ അദ്ദേഹമുൾപ്പെടെ 11 പേർ കൊല്ലപ്പെട്ടു.
അറിയപ്പെട്ട ഡോക്ടറായി തീർന്ന മകൻ ഡോ. വിശ്വനാഥ പണിക്കരും രഹസ്യമായി 'ഉഹ്റു' എന്ന വിമോചന പോരാട്ട പ്രസ്ഥാനത്തിൽ പ്രവർത്തിച്ചു. വീട്ടിൽ മലയാളം സംസാരിച്ചു. രാമായണം കാണാപ്പാഠം ചൊല്ലാൻ പഠിച്ചു.അവിടെ ജനിച്ചു വളർന്ന മലയാളിയായ അദ്ധ്യാപികയെ വധുവാക്കി. അവർ എന്നും രാമായണം വായിച്ചു, നാമം ജപിച്ചു.
അവരുടെ മകളാണ് താര വിശ്വനാഥ്. മുത്തച്ഛന്റെ ഭാഷയും , ആഹാരരീതികളും അനുഷ്ഠാനങ്ങും വിശ്വാസങ്ങളുമൊക്കെ പിൻതുടരുന്നവൾ. 'മുയ്ന്തി' അഥവാ ഇന്ത്യക്കാരി.മലയാളത്തിൽ എഴുന്ന ഒരു ആഫ്രിക്കൻ എഴുത്തുകാരി.
പിതൃഭാഷയായ മലയാളത്തിലെഴുതി , മാതൃഭാഷയായ സ്വഹിലിയിലേക്കും ഇംഗ്ലീഷിലേക്കും സ്വയം പരിഭാഷപ്പെടുത്തി,ചുരുങ്ങിയ കാലം കൊണ്ട് ആഫ്രിക്കൻ സാഹിത്യത്തിൽ സ്വന്തം ഇടം കണ്ടെത്തിയ എഴുത്തുകാരി. കറുപ്പ് -വെളുപ്പ് ദ്വന്ദ്വത്തെ നിരാകരിച്ചവൾ. കറുത്തവർ ഒരേ സമയം ഇരകളും വേട്ടക്കാരുമാണെന്ന് തീക്ഷ്ണമായ അനുഭവങ്ങളിലൂടെ തിരിച്ചറിഞ്ഞവൾ.
- ആ എഴുത്തുകാരിയുടെ ജീവിത കഥയാണ് ടി.ഡി.രാമകൃഷ്ണന്റെ 'മാമ, ആഫ്രിക്ക,' എന്ന നോവൽ. മലയാളത്തിലെഴുതപ്പെട്ട അന്താരാഷ്ട്ര മാനമുള്ള ആദ്യ നോവൽ. യാഥാർത്ഥ്യത്തിൽ നിന്ന് സൃഷ്ടിച്ചെടുത്ത ഭാവനാപ്രപഞ്ചത്തിലൂടെ, അതീതയാഥാർത്ഥ്യത്തിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന വിസ്മയം.റെയിൽവേയിലെ 34 വർഷത്തെ സർവ്വീസിനിടയിൽ കിട്ടിയ ഒരു തുമ്പിൽ നിന്ന്,ക്ലേശകരമായ പഠന - ഗവേഷണങ്ങൾക്കൊടുവിലാണ് , ഓലയിലെഴുതാനുള്ള നാരായം അനുഷ്ഠാനപരമായി ഉണ്ടാക്കുന്ന കരുവാരക്കുണ്ടിലെ കൊല്ലന്റെ ആല മുതൽ ക്രൂരനായ ഏകാധിപതി ഈദി അമീന്റെ അകത്തളം വരെ നീളുന്ന വിസ്തൃതമായ ,കാലദേശാതീതമായ ഒരു ബൃഹദ്കാൻവാസിൽ ഈ കഥ ആഖ്യാനം ചെയ്തിരിക്കുന്നത്.
മലയാളികൾക്ക് തികച്ചും അപരിചിതമായ രാഷ്ട്രീയ - സാമൂഹിക അന്തരീക്ഷവും ജീവിത രീതികളുമുള്ളതും,പല തലമുറകളുടേയും വംശങ്ങളുടേയും വൈരുദ്ധ്യാത്മകമായ, നിഗൂഢമായ ആചാരാനുഷ്ഠാനങ്ങളും കാല- ദേശ മുദ്ര കളുമൊക്കെ അടങ്ങിയതുമാണ് ഇതിന്റെ ഇതിവൃത്തം. നമ്മുടെ നോവൽ സാഹിത്യത്തിൽ ആരും കൈകാര്യം ചെയ്യാൻ ധൈര്യപെടാത്ത വിഷയം, ഒറ്റവായനയിൽ ഹൃദയത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നു , ടി.ഡി.രാമകൃഷ്ണൻ. യഥാതഥാഖ്യാനം, അതീന്ദ്രയാനുഭൂതി, ഫാന്റസി, ഭ്രമകല്പനകൾ,ഉപമകൾ ,പ്രതീകങ്ങൾ , എന്നിങ്ങനെ മാന്ത്രികമായൊരു വൈവിധ്യ സംയോജനത്തിന്റെ അതിശയകരമായ സൗന്ദര്യമുള്ള ആഖ്യാനശൈലിയാണ് ഈ നോവലിന്റേത്.
സത്യത്തിൽ ഇതിലെ നായകനോ പ്രതിനായകനോ ഈദി അമീനാണ്. കോളനി ഭരണാനന്തര കിഴക്കൻ ആഫ്രിക്കയുടെ രാഷ്ട്രീയ ചരിത്രമാണ് യുഗാണ്ടയുടെ പശ്ചാത്തലത്തിൽ നോവൽ പ്രതിപാദിക്കുന്നത്. ബിട്ടീഷ് - യൂറോപ്യൻ ആധിപത്യത്തിൽ നിന്ന് മോചിപ്പിക്കപ്പെട്ട ശേഷം ഐക്യ ആഫ്രിക്കൻ ഐക്യനാടുകൾ എന്ന ആശയം പ്രാവർത്തികമാക്കാൻ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ ശ്രമിക്കുന്ന സമയം. പട്ടാള മേധാവികളും ഏകാധിപതികളും ഭരണകൂടങ്ങളെ അട്ടിമറിച്ച രാഷ്ട്രീയാനിശ്ചിതത്വത്തിന്റെ കാലം.
യുഗാണ്ടയിലും പട്ടാള അട്ടിമറിയുണ്ടായി. ഏഷ്യക്കാർ പലായനം ചെയ്തു. എന്നാൽ,മനുഷ്യമാംസം തിന്നുന്ന ക്രൂരനായ ഏകാധിപതി, സാത്താന്റെ പ്രതീകം എന്ന ഭീകര പ്രതിച്ഛായയിൽ നിന്ന് ഈദി അമീനെ മാറ്റി വരയ്ക്കുന്നുണ്ട്, ഈ കൃതി.
ടി.ഡി.രാമകൃഷണന്റെ മായാസൃഷ്ടിയായ താര വിശ്വനാഥിന്റെ രചനകളിലൂടെയാണ് ഈ നോവൽ ആഖ്യാനം ചെയ്യപ്പെട്ടിരിക്കുന്നത്. ഇതിലൊരു എഡിറ്ററുണ്ട്.കോളേജ് പഠന കാലത്ത്, കേരളത്തിലിരുന്ന് യുഗാണ്ട സർവ്വകലാശാല ബിരുദവിദാർത്ഥിയായ താര വിശ്വനാഥുമായി 9 മാസം മാത്രം നീണ്ട തൂലികാ സൗഹൃദം സ്ഥാപിച്ച രാമുവാണ് ആ എഡിറ്റർ : ഒരു കഥാപാത്രവും. പ്രണയത്തിന്റെ മധുരം പുരട്ടിയ 7 കത്തുകൾ താരയ്ക്കയച്ച അയാൾക്ക് അവളും പ്രണയാതുരമായ മറുപടിക്കത്തുകളയച്ചു. ഓരോ കത്തിന്റെ അവസാനവും ഒരു ദേവതയുടെ ചിത്രമുണ്ടായിരുന്നു. വിക്ടോറിയ തടാകത്തിലെ ജലനിരപ്പിനു നടുവിൽ വാനിലേക്കുയർന്നു നില്ക്കുന്ന ദേവത. ലക്ഷ്മീ ദേവിയെപ്പോലെ, മാമ ആഫ്രിക്ക.
" ഞാൻ സൃഷ്ടിച്ച ദേവത, എന്റെ ദേവി.... ഈ ഭൂമിയിലെ എല്ലാവരുടേയും അമ്മയാണവൾ. മനുഷ്യ വംശത്തിലെ ആദ്യ കണ്ണി. ആ അമ്മയിൽ നിന്ന് , ഭൂമിയുടെ നാനാഭാഗത്തേക്കും പടർന്ന് പന്തലിച്ചതാണ് നമ്മുടെ വംശവൃക്ഷം " .
ലക്ഷ്മിയായും ദുർഗ്ഗയായും കാളിയായും നോവലിലുടനീളം നിറഞ്ഞു നില്ക്കുന്ന മാമ ആഫ്രിക്ക ഒരു മിസ്റ്റിക്ക് കഥാപാത്രമാണ്. താര,ആത്മാവിൽ കത്തിച്ചു വച്ച മെഴുകുതിരിയിൽ നിന്ന് അവളുണ്ടാക്കിയെടുത്ത നിഗൂഢസൃഷ്ടി.
- രാമു ആവശ്യപ്പെട്ടപ്രകാരം ഒരു ഫോട്ടോ അവന് അയച്ചു കൊടുത്ത് താര പിന്നെ നിശബ്ദയായി , എങ്ങോ മറഞ്ഞു....
36 വർഷത്തിനു ശേഷം, അയാൾ ഷാർജ പുസ്തകോത്സവത്തിനു പോയപ്പോയപ്പോൾ, കംപാലയിലെ ഒരു പ്രസാധന സ്ഥാപനത്തിൽ നിന്ന് വന്ന സോഫിയ മുകാസ എന്ന യുവതി രാമുവിനോട് താര വിശ്വനാഥിനെ അറിയുമോ എന്ന് ചോദിച്ചു.'' ഞാനവരുടെ മകൾ ".
1989-ൽ അവൾക്ക് ഏഴു വയസ്സുള്ളപ്പോൾ, അമ്മ മരിച്ചു പോയി. ആഫ്രിക്കയിലെ അറിയപ്പെടുന്ന എഴുത്തുകാരിയായിരുന്ന അവർ നോട്ടുബുക്കുകളിൽ എഴുതി സൂക്ഷിച്ച മലയാളത്തിലുള്ള കൃതികൾ തെരഞ്ഞെടുത്ത് സമാഹരിക്കുന്നു , രാമു, അതിൽ താരയുടെ അപൂർണ്ണമായ ആത്മകഥ, ആത്മകഥാംശമുള്ള ഏഴ് കവിതകൾ, മൂന്ന് ചെറുകഥൾ, മാമ , ആഫ്രിക്ക എന്ന നോവൽ, അവരുമായുള്ള അഭിമുഖം എന്നിങ്ങനെ എഡിറ്ററുടെ ആമുഖക്കുറിപ്പുകളോടെയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അനുബന്ധമായി,' എന്റെ അമ്മ' എന്ന പേരിൽ സോഫിയ എഴുതിയ കുറിപ്പും.
- ഇതാണ് നോവലിന്റെ ഗില്പഘടന.
'ഉഹ്റു' എന്ന സ്വലാഹി പദത്തിന്റെ അർത്ഥം 'സ്വാതന്ത്ര്യം' എന്നാണ്. ആ പേരിൽ താരാ വിശ്വനാഥ് എഴുതിയ കഥയാണ് ആദ്യ അദ്ധ്യായം. പട്ടാള അട്ടിമറിയിലൂടെ ഈദി അമീൻ യുഗാണ്ടൻ ഭരണം പിടിച്ചെടുത്ത കാലം. കംപാലയിലെ ജനകീയ ഡോക്ടറായ താരയുടെ അച്ഛൻ പണിക്കരെ തേടി സന്ധ്യയ്ക്ക് സ്റ്റേറ്റ് റിസർച്ച് ബ്യൂറോ ഉദ്യോഗസ്ഥർ എത്തുന്നു. ചുവന്ന പുസ്തകങ്ങൾ തേടി വീട്ടിൽ പരിശോധന നടത്തിയ അവർ മലയാള ഗ്രന്ഥങ്ങൾ മാത്രമല്ല, മുത്തച്ഛന്റെ കാലം മുതൽ ഏറെ പവിത്രമായി പൂജിച്ചിരുന്ന എഴുത്താണിയും എടുത്തു കൊണ്ടുപോയി.
-'ഉഹ്‌റു ' എന്ന വാക്കുപോലും നിരോധിച്ചിരിക്കുമ്പോൾ, ഡോക്ടർ എന്തിന് ചെറുപ്പക്കാരുമായി 'ഉഹ്റു'വിനെക്കുറിച്ച് സംസാരിക്കുന്നു? ചോദ്യം ചെയ്യാൻ പിടിച്ചു കൊണ്ടുപോയ ഡോ. പണിക്കരുടെ വെടിയേറ്റ മൃതദേഹവുമായി രാത്രിയിൽ പട്ടാള വണ്ടിയെത്തി.
കുഞ്ഞായ അനുജൻ മനുവിന് ഒന്നും മനസിലായില്ല. പട്ടാള വണ്ടിയിൽ കയറി യാത്ര ചെയ്ത അവൻ അവരോട് ഉഹ്റുവിന്റെ അർത്ഥം അന്വഷിക്കുന്നു. അവസാനം , അച്ഛനെ കൊന്നതിന് അവരെ അടിക്കുന്നു...
എന്നിട്ടും അവന് ആ വാക്കിന്റെ അർത്ഥം മനസിലായില്ല.
പിന്നീടൊരിക്കലും അവന് സംസാരശേഷി ഉണ്ടായില്ലെന്ന് നോവലിന്റെ തുടർന്നുള്ള ഭാഗങ്ങളിൽ നിന്ന് വ്യക്തമാകുന്നുണ്ട്.
രാഷ്ട്രീയ എതിരാളികളെയും തന്നെ അനുസരിക്കാത്തവരെയും ഫയറിങ്ങ് സ്ക്വാഡിനു മുന്നിലിട്ടു കൊടുക്കുന്ന , മുതലകൾക്ക് ഭക്ഷണമായി ഹെലികോപ്റ്ററിൽ നിന്ന് തടാകത്തിലേക്കെറിഞ്ഞു കൊടുക്കുന്ന, വെള്ളത്തിൽ കെട്ടിത്താഴ്ത്തുന്ന ക്രൂരനാണ് ഈ സൈനിക സേച്ഛാധിപതി . സർവകലാശാല സന്ദർശിച്ചപ്പോൾ താരയെ കണ്ട് മോഹിച്ച അയാൾ, അവളെയും കണ്ണുവയ്ക്കുന്നു. അയാളുടെ കൊട്ടാരമായ നൈൽ മാൻഷനിലെത്താൻ കുറിപ്പ് കൊടുത്തയ്ക്കുന്നു.
അനുസരിച്ചില്ലെങ്കിൽ മരണം. അവളുടെ അതിജീവന പോരാട്ടമാണ് പിന്നീടുള്ള സംഭവ ബഹുലമായ ജീവിതം. തന്ത്രപൂർവ്വം കെനിയയിലേക്ക് രക്ഷപെടാൻ ശ്രമിച്ച അവളെ പട്ടാളം കണ്ടെത്തി, ഹെലികൊപ്റ്റിൽ തിരിച്ചെത്തിക്കുന്നു.
അയാൾക്ക് ഇന്ത്യൻ പെൺകുട്ടികളെ ഇഷ്ടമാണത്രേ. പക്ഷേ, ഇന്ത്യൻ സ്ത്രീകൾക്ക് കറുത്ത പുരുഷൻമാരെ വെറു പ്പാണ്. 'നിങ്ങൾ ഞങ്ങളെ മനുഷ്യരായി കണക്കാക്കുന്നതേയില്ല.' സ്ത്രീയെ ശരീരം മാത്രമായി കാണുന്ന, വെപ്പാട്ടിമാരെ പ്രസവ യന്ത്രങ്ങളാക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന ഗോത്ര സംസ്ക്കാരത്തിന്റെ പ്രതിനിധി. തോക്കിൻ മുനയിലൂടെ സ്ത്രീകളെ ബെഡ്റിലെത്തിക്കുന്ന ക്രൂരൻ . അച്ഛന്റെ കൊലയാളി എന്ന് സംശയിക്കപ്പെടുന്നയാൾ.
എന്നിട്ടും,താരയിലെ സ്ത്രീ ചഞ്ചല ചിത്തയാകുന്നുണ്ടിവിടെ.
31 കുട്ടികളുടെ പിതാവായ ഈദി അമീന്റെ അടുത്ത ഭാര്യയായി, ഫസ്റ്റ് ലേഡിയാകാൻ അവൾ ഒരുങ്ങുന്നു. അയാളുടെ ഹിംസയിൽ നിന്ന് രക്ഷപെടാനാകാത്തപ്പോൾ,സ്നേഹിച്ച് മനസ് മാറ്റാമെന്ന് അവൾ വ്യാമോഹിക്കുന്നു. പ്രണയിച്ചും രതിയുടെ ഉൻമാദങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയും അവൾക്ക് അയാൾ പിയങ്കരനായി മാറി.. പ്രതിസന്ധി ഘട്ടങ്ങളിലൊക്കെ നേർവഴിക്ക് നയിക്കുന്ന മാമ അവൾക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട് : " അയാൾ പൂർണ്ണമായും ഹിംസയാണ്...... സ്നേഹത്തിന്റെ മധുരം പുരട്ടിയ രതിയുടെ വിഷം നിന്നിലേക്ക് പകർന്നു തരുകയാണ്. ആ ലഹരിയിൽ നീ മയങ്ങിപ്പോകരുത്. "
വിവാഹത്തിനു മുൻപ് അമീനിന്റെ ഗോത്രമായ കാക്വ വംശത്തിലേക്ക് പരിവർത്തനം നടത്താൻ വേണ്ടി ഗോത്ര ത്തവന്റെയൊപ്പം നാട്ടിലേക്കയ്ക്കപ്പെട്ട അവൾ ലിംഗച്ഛേദനം ഉൾപെടെയുള്ള പ്രാകൃതാചാരങ്ങൾക്കിരയാകുന്നു.
അവസാനം അയൽ രാജ്യത്തേക്ക് രക്ഷപ്പെട്ട് , അവിടെ ബിരുദ പഠനം പൂർത്തിയാക്കുന്നു.ഈദി അമീനിന്റെ സ്ഥാനഭ്രംശത്തിനു ശേഷം തിരിച്ചെത്തിയ അവളെ ഒരു വിഭാഗം , 'മലായ' അഥവാ വേശ്യയെന്നാക്ഷേപിക്കുന്നു.
അടുത്ത സുഹൃത്തിന്റെ അച്ഛനായ, തന്റെ രാഷ്ട്രീയ ഗുരു പോലും ബലാത്സംഗം ചെയ്തതാണ് , അവളെ. കടുത്ത ജീവിതാനുഭവങ്ങളിൽ നിന്നും,ക്രൂരമായ പീഡന പരമ്പരകളിൽ നിന്നും ഒറ്റപെട്ടുത്തലുകളിൽ നിന്നും പാഠങ്ങൾ പഠിച്ച താര, സ്ത്രീയുടെ സ്വയം നിർണ്ണയാവകാശത്തെ ഉയർത്തിപ്പിടിക്കുന്ന ധീരമായ രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കുകയും, ധീരമായ എഴുത്തിലൂടെ വലിയ ചലനം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. 'ഇന്ന് രാത്രി ഞാൻ ആരുടെ കൂടെ ഉറങ്ങണ്ടമെന്ന് തീരുമാനിക്കാനുള്ള അവകാശം എനിക്കാണ്, അല്ലാതെ നിങ്ങൾക്കല്ല,' എന്ന് തന്നെ അധിക്ഷേപിച്ചവർക്കു നേരെ പൊട്ടിത്തെറിച്ച അവളെ തട്ടിക്കൊണ്ട് പോയി, ബലാൽസംഗം നടത്തുന്നുണ്ട്, ഈദി അമീനിന്റെ അനുയായികൾ.
അറിയപ്പെടുന്ന എഴുത്തുകാരിയായിട്ടും, ദുരന്തങ്ങൾ താരയെ പിന്നെയും വേട്ടയാടുന്നു. കല്യാണമുറപ്പിച്ചിരുന്ന അധ്യാപകൻ റഷീദ്,ഓർമകൾ നഷ്ടപെട്ട് ജയിലറകക്കുള്ളിൽ. അധികാരം തിരിച്ചു പിടിക്കാൻ ശ്രമിച്ച ഈദി അമീന് അതിന് കഴിയാത്തത് താര ജീവിച്ചിരിക്കുന്നത് കാരണമാണെന്ന് വിശ്വസിക്കുന്ന കാക്വ ഗോത്രക്കാർ,കൊല്ലപ്പെട്ട ഡോക്ടർ പണിക്കരുടെ ശവമടക്കിയിടത്തു പോലും ആഭിചാരക്രിയകൾ ചെയ്യുകയും അമ്മയെ ബലാല്ക്കാരം നടത്തുകയും ചെയ്യുന്നു.
പോസ്റ്റ് ഗ്രാജ്വേഷന് ഒന്നിച്ച് പഠിച്ച ഇവാൻ മുസാക് എന്ന ബുഗാണ്ട രാജകുടുംബാംഗം താരയുടെ ജീവിതത്തിലേക്ക് കടന്നുവരുന്നുണ്ട്. അയാളുടെ കുഞ്ഞനുജത്തിയും ഈദി അമീനിന്റെ കാമക്കണ്ണിനിരയായി, ഫയറിങ്ങ് സ്ക്ക്വാഡിനാൽ കൊല ചെയ്യപ്പെട്ടിരുന്നു.. കൊടുമുടികൾ കീഴടക്കുന്നത് ഹരമാക്കിയ അയാളുമായി കിളിമഞ്ജാരു കയറാൻ പോകുന്നു, അവൾ. പ്രേമത്തിന്റേയും രതിയുടേയും അനുഭൂതികൾ മുഴുവൻ ആവാഹിച്ചെഴുതിയ അതിമനോഹരമായആഖ്യാനമുണ്ട് , ഈ നോവലിൽ.
താര സോഫിയയെ ഗർഭിണിയായിരിക്കുമ്പോൾ എവറസ്റ്റ് കീഴക്കാൻ പോയ ഇവാൻ മരിച്ചു.
എഴുത്തിൽ മാത്രം ശ്രദ്ധ കേന്ദീകരിച്ച്, ആഫ്രിക്കൻ സാഹിത്യത്തിൽ വലിയ പേരുണ്ടാക്കിയ താര വിശ്വനാഥ് പക്ഷേ,എയിഡ്സ് എന്ന മഹാരോഗത്തിനിരയായി അകാലത്തിൽ അന്തരിച്ചു. 'ഡാഡിയെ വിവാഹം കഴിക്കുന്നതിനു മുൻപുള്ള ദുരിതം നിറഞ്ഞ ജീവിത കാലത്തിൽ എപ്പോഴെങ്കിലുമാവണം ആ മഹാമാരിയുടെ വിത്ത് അമ്മയിൽ വന്ന് വീണിരിക്കുക,' എന്ന് അന്ത്യരംഗം വിവരിച്ച് മകൾ എഴുതിയ കുറിപ്പോടെയാണ് നോവൽ അവസാനിക്കുന്നത്.
താരയുടെ അച്ഛൻ ഡോക്ടർ പണിക്കരുടെ കൊലപാതകത്തിന്റെ യഥാർത്ഥ കാരണമായി പറയുന്ന ഖനിജ നിക്ഷേപങ്ങളെക്കുറിച്ച് , സോവിയറ്റ് യൂണിയന്റെ പിന്തുണയോടെ റിച്ചി നടത്തിയ പര്യവേക്ഷണവും ബന്ധപ്പെട്ട സംഭവങ്ങളും 'മാമ ആഫ്രിക്ക' യുടെ ജൈവഘടനയ്ക്കു പുറത്തു നിന്ന് ഇറക്കുമതി ചെയ്യപ്പെട്ട, ഏച്ചുകെട്ടലായാണ് അനുഭവപ്പെടുന്നത്.രചനയുടെ ഗൗരവും വായനയുടെ ഒഴുക്കും തടസ്സപ്പെടുത്തുന്നുണ്ട് , ഇത്. തട്ടുപൊളി പ്പൻ വാണിജ്യ സിനിമയെ അനുസ്മരിപ്പിക്കുന്നു,ഈ ഭാഗം.
അതേ പൊല ഒഴിവാക്കാമായിരുന്ന മറ്റ് ചില അദ്ധ്യായങ്ങളുമുണ്ട്, ഈ നോവലിൽ. 'മാമ,ആഫ്രിക്ക'യിൽ വിവരിക്കുന്ന മനുഷ്യോല്പത്തിയെക്കുറിച്ചുള്ള കഥയ്ക്ക് ബാലസാഹിത്യ നിലവാരമാണുള്ളത്. എഴുത്താണിയും രാമായണവും തമ്മിലുള്ള വള്ളുവനാടൻ ചുവയുള്ള സംഭാഷണ രൂപത്തിലുള്ള ' എഴുത്താണി,' എന്ന കഥ, സൂര്യദേവൻ വിളിച്ചു കൂട്ടിയ ദൈവങ്ങളുടെയും ആചാര്യൻമാരുടെയും ദാർശനികരുടെയും സമ്മേളനത്തെക്കുറിച്ചുള്ള 'ദാമു സലാമു' എന്ന അദ്ധ്യായത്തിന്റെ ആദ്യ ഭാഗങ്ങൾ എന്നിവയും തീർച്ചയായും ഒഴിവാക്കപ്പെടേണ്ടതാണ്.
പലയാവർത്തി വായിച്ച്,സ്വയം തിരുത്തലുകൾ വരുത്തുകയോ, ഒരു നല്ല ലിറ്റററി എഡിറ്റർ പ്രസാധനത്തിന് മുൻപ് ഇടപെടുകയോ ചെയ്യണമെന്ന് ഈ നോവലും അടിവരയിടുന്നുണ്ട്. എങ്കിൽ, കൃതിക്ക് ഇത്രയും ദൈർഘ്യം ഉണ്ടാകുമായിരുന്നില്ല. ശില്പപരമായി ഒരുക്കമുണ്ടാകുമായിരുന്നു..
ഇത് ഒഴിച്ചു നിർത്തിക്കഴിഞ്ഞാൽ, ടി.ഡി.രാമകൃഷ്ണന്റെ 'മാമ, ആഫ്രിക്ക', മലയാള നോവൽ സാഹിത്യത്തിൽ അനന്യമായ രചനയാണ്. അത് പുതിയൊരദ്ധ്യായം തന്നെ തുറന്നിരിക്കുന്നു എന്ന് നിസ്സംശയം പറയാം. നോവൽ സാഹിത്യമെന്ന വൻകരയുടെ പുതിയ തീരങ്ങൾ കണ്ടെത്തിയിരിക്കുന്നു, ടി.ഡി.രാമകൃഷ്ണൻ.
1 comment:
നോവൽ സാഹിത്യമെന്ന വൻകരയുടെ പുതിയ തീരങ്ങൾ കണ്ടെത്തിയിരിക്കുന്നു, ടി.ഡി.രാമകൃഷ്ണൻ.
Post a Comment