ആരാച്ചാർ
(നോവൽ)
കെ.ആർ.മീര
പേജ് 552, വില 550 രൂപ.
ഡി.സി.ബുക്സ്
2012-ൽ പുറത്തിറങ്ങിയ ഈ നോവലിന്റെ കഴിഞ്ഞ വർഷം ഒക്ടോബറിൽ പ്രസിദ്ധീകരിച്ച 37ആം പതിപ്പാണ് വായിച്ചത്. കേന്ദ്ര-കേരള സാഹിത്യ അക്കാദമികളുടെ പുരസ്ക്കാരങ്ങൾക്കും വയലാർ അവാർഡ് ഉൾപ്പെടെയുള്ള ഒട്ടേറെ ബഹുമതികൾക്കു മർഹമാവുകയും,വിവർത്തനങ്ങളിലൂടെ ഇംഗ്ലീഷടക്കം മറ്റ് ഭാഷകളിൽ ഏറെ വായിക്കപ്പെടുകയും ചെയ്യുന്ന ഈ ബൃഹദാഖ്യായിക മലയാള നോവൽ സാഹിത്യത്തിലെ ഇതിഹാസമാനമുള്ള രചനകളിലൊന്നാണ്.
ഇരുപത്തിരണ്ടുകാരിയായ ഒരു ആരാച്ചാർ യുവതിയുടെ ഏതാനും ആഴ്ചകളിലെ മാത്രം ജീവിതാഖ്യാനത്തിലൂടെ,കെ.ആർ മീര ചരിത്രത്തിന്റേയും പുരാവൃത്തത്തിന്റേയും സമകാലിക ജീവിതാവസ്ഥകളുടേയും വലിയ പശ്ചാത്തലത്തിൽ നടത്തുന്ന ജീവിത വിചാരങ്ങളാണ് ഈ നോവൽ. അത് വിവിധ കാലഘട്ടങ്ങളിലെ ഭരണാധികാരികളേയും ജനസമൂഹങ്ങളേയും നീതിന്യായ വ്യവസ്ഥകളേയും, ധാർമ്മികതയേയും, സ്ത്രീ - പുരുഷ ബന്ധങ്ങളേയും സസൂക്ഷ്മം വിലയിരുത്തുകയും ഡിസെക്ഷൻ ടേബിളിലെന്നപോലെ കീറിമുറിച്ച് പരിശോധിക്കുകയും ചെയ്യുന്നുണ്ട്.
ക്രിസ്തുവിനുമുമ്പുള്ള കാലത്തേക്ക് നീണ്ടു പോകുന്ന വേരുകളുള്ള ഇതിലെ ആരാച്ചാർ കുടുംബത്തെക്കുറിച്ച്, തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ട കഥകളും ഉപകഥകളും പുരാവൃത്തങ്ങളും നിറഞ്ഞതാണ് ഈ നോവൽ. അതിൽ ആദ്യാവസാനം ശവഗന്ധമുണ്ട്. രാജഭരണ കാലത്തും , കൊളോണിയൽ ഭരണകാലത്തും, സ്വാതന്ത്ര്യാനന്തരം അടിയന്തിരാവസ്ഥക്കാലത്തും,പിന്നെ കഥ നടക്കുന്ന ഇടതുപക്ഷ ഭരണകാലത്തും നീതിയുടേയും ന്യായത്തിന്റേയും അളവുകോലുകൾ വ്യത്യസ്തമാവുകയും, ഹിംസ ബഹുഅവതാരങ്ങളിലൂടെ പിടിമുറുക്കുകയും ചെയ്യുന്നുണ്ട്. എല്ലാക്കാലത്തും ഇരകളാക്കപ്പെടുന്നവരിൽ നിസ്വരും സ്ത്രീ കളുമുൾപ്പെടും.
പക്ഷേ, ഇരയാക്കപ്പെടാനല്ല, ഇരയാക്കിയവരെ കുടുക്കാനാണ് ചേതനാ ഗൃദ്ധാ മല്ലിക്ക് എന്ന ഈ കഥയിലെ പെൺകുട്ടി തീരുമാനിക്കുന്നത്. അതിനവൾക്ക് ആത്മബലമേകുന്നത് ആരാച്ചാരൻമാരുടെ ചരിത്രവും പുരാവൃത്തങ്ങളും, ജീവിത പശ്ചാത്തലവും നൽകിയ ഉൾക്കാഴ്ചയാണ്.. അതാണ് ഈ നോവലിനെ അതിശക്തമായ രാഷ്ട്രീയ -സ്ത്രീപക്ഷ രചനയാക്കുന്നത്.
കൊലക്കയറിൽ കുരുങ്ങിയ കഥകൾ സഞ്ചിതസ്മൃതികളായി തലമുറകളിലേക്ക് കൈമാറ്റം ചെയ്ത് കിട്ടുന്നവയാകാം. പക്ഷേ, സമകാലിക ജീവിതാനുഭവങ്ങളുമായി ബന്ധിപ്പിച്ച്, അവയെ തന്റെ രക്ഷാകവചമാക്കിയെടുക്കാൻ വ്യാഖ്യാനിച്ച്, ബോധോദയം നേടുന്നുണ്ട് , ഈ പെൺകുട്ടി.
മലയാളിക്ക് തീർത്തും അപരിചിതമായ കഥയും ജീവിതപരിസരങ്ങളും . ഓരോ സന്ദർഭത്തേയും ചരിത്ര ബോധത്തോടെ, കഥയുടെ ചട്ടക്കൂട്ടിൽ നിന്ന് അവതരിപ്പിക്കുന്ന അസാധാരണമായ ആഖ്യാന ശൈലിയാണ് ഈ നോവലിന്റെ സവിശേഷത. ആനന്ദിന്റെ 'ആൾക്കൂട്ടം' അത്തരത്തിലുള്ള ഗഹനമായ ഒരു രാഷ്ട്രീയ-വൈജ്ഞാനിക വ്യവഹാരമായിരുന്നു. പക്ഷേ, നോവലിന്റെ ജീവിത പരിസരത്തിനും, അതിന്റെ സ്വാഭാവിക ജൈവ ഘടനയ്ക്കുമപ്പുറത്തേക്ക് നിരന്തരം സഞ്ചരിക്കുന്ന കഠിന വ്യവഹാരങ്ങളിൽ കഥ മുങ്ങിപ്പോയി എന്നതായിരുന്നു 'ആൾക്കൂട്ട'ത്തിന്റെ പ്രധാന പോരായ്മ. ഇവിടെ നേരെ തിരിച്ചാണ്, കഥകളുടേയും ഉപകഥകളുടെയും കുത്തൊഴുക്കാണ്.
ചേതനയുടെ അച്ഛൻ ബാബ ഫണിഭൂഷൺ ഗൃദ്ധാ മല്ലിക്കിന്റെ 105 വയസ്സായ അമ്മ ഥാക്കുമ്മ തമാശയായി പറയുന്നതു പോലെ, ഭ്രൂണാവസ്ഥയിൽ പോലും ലക്ഷണമൊത്ത കുടുക്കു തന്നെ ഉണ്ടാക്കിയവളാണ്, ചേതന. കുട്ടിയായിരിക്കുമ്പോഴേ ദുപ്പട്ടയുടെ തലപ്പുകൊണ്ട് ലക്ഷണമൊത്ത കുടുക്ക് ഉണ്ടാക്കി ശീലിച്ചവൾ. ആരാച്ചാർ കുടുംബത്തിന്റെ വംശവൃക്ഷത്തിലെ ഇളയവൾ. 451 പേരെ തൂക്കിക്കൊന്നതിൽ അഭിമാനിക്കുന്ന ബാബയുടെ മകൾ. തന്റെ തൂക്കിക്കൊലകളുടെ പത്രവാർത്തകൾ ചില്ലിട്ടു സൂക്ഷിച്ച മുറിയിലിരുന്ന് ആ വീരകഥകൾ, നാടക ഡയലോഗുകൾ പോലെ വിളമ്പി , പത്രക്കാർക്കും ചാനലുകാർക്കും വിറ്റ് കാശാക്കുന്നുണ്ട് ബാബ. അയാളുടെ സഹായിയായ അനുജൻ സുഖ്ദേവ് എന്ന കാക്കു ബാർബറാണ്.ഒരു കോഴിയെപ്പൊലും കൊല്ലാൻ കെല്പില്ലാത്തവനെന്ന് നിരന്തരം ആക്ഷേപിക്കപ്പെടുന്ന കാക്കു മുൻപ് നെക്സലൈറ്റായിരുന്നു. അടിയന്തിരാവസ്ഥക്കാലത്ത് ക്രൂരമായ പീഡനങ്ങൾക്കിരയായവൻ. ലോക്കപ്പിൽ തലകീഴായി കെട്ടിത്തൂക്കപ്പെട്ടപ്പൊഴും പ്രേമഗാനം പാടിയവൻ.
ചേതനയുടെ ആത്മഭാഷണങ്ങളായാണ് നോവൽ ആഖ്യാനം ചെയ്യപ്പെട്ടിരിക്കുന്നത്. കാക്കുവിന്റേയും, അടിയന്തിരാവസ്ഥക്കാലത്ത് തല്ലിയൊടിക്കപ്പെട്ട കാലുമായി 'ഭവിഷ്യത്ത്' എന്നപഴയ പത്രം നടത്തുന്ന മാനദെയുടേയും ജീവിതകഥയിൽ എഴുപതുകളിലെ ബംഗാൾ രാഷ്ട്രീയത്തിന്റെ മാത്രമല്ല, ഇന്ദിരാഗാന്ധിയുടേയും സിദ്ധാർത്ഥ ശങ്കർ റേയിയുടേയും ഇരുണ്ട കാലത്തിന്റെ കൂടി ചരിത്രമുണ്ട്. അമിതാധികാരം അവരെ എങ്ങനെ ദുഷിപ്പിച്ചുവെന്നതിന്റെ സാക്ഷ്യങ്ങളുണ്ട്. ഒളിവിലിരുന്ന് ജോർജ് ഫെർണാണ്ടസിനെപ്പോലുള്ളവർ അതിനെ പ്രതിരോധിക്കാൻ ശ്രമിച്ചതിന്റെ ചരിത്രമുണ്ട്.
പ്ലസ് ടുവിന് ഹൈ ഡിസ്റ്റിങ്ഷൻ വാങ്ങിയിട്ടും തുടർന്നു പഠിക്കാനാവാത്ത ചേതനയ്ക്ക് നല്ല രാഷ്ട്രീയാവബോധമുണ്ടാകുന്നത് ഈ ബന്ധങ്ങളിലൂടെയാണ്. ഗുണ പാഠങ്ങളോടെ ആരാച്ചാര പരമ്പരയിലെ പൂർവ്വപിതാക്കൻമാരുടെ കഥകൾ പറഞ്ഞു കൊടുത്ത ഥാക്കുമായും അവളിൽ ആത്മബോധമുണ്ടാക്കിയിട്ടുണ്ട്. തൂക്കിലേറ്റിയ ഒരു പ്രതിയുടെ അച്ഛൻ, കൈകളും കാലുകളും ഛേദിച്ചെറിഞ്ഞ അവളുടെ സഹോദരൻ രാമുദായും അവൾക്ക് ജീവിതത്തെക്കുറിച്ച് ഉൾക്കാഴ്ചകൾ നൽകുന്നുണ്ട്. 45ആം വയസിൽ 65 കാരന്റെ ഭാര്യയാകേണ്ടി വന്ന അമ്മയുടെ ജീവിത ദുരന്തങ്ങളും ചേതനയിലെ സ്ത്രീയെ ശക്തിപ്പെടുത്തുന്നുണ്ട്.
അവൾ എല്ലാം കാണുകയും കേൾക്കുകയും ചെയ്താണ് വളർന്നത്. 'കുടുംബത്തിലെ അധികമുണ്ടായിരുന്ന യിട്ടും ഓരോ ചില്ലിയും സമുദ്രത്തിലേക്ക് കുതിക്കുന്ന ഗംഗയിലെ നീർമണികളെ പോലെ സൊനാഗച്ചിയിൽ വിലയം പ്രാപിച്ചു'.
'അസാമാന്യ പൊക്കവും, പുഷ്ട ശരീരവും മുഴച്ചുയർന്ന കണ്ണു'മുണ്ടുമുണ്ടായിട്ടും ഒരു പ്രസിൽ പ്രൂഫ് റീഡറായി ജോലി നോക്കുമ്പോൾ, അതിന്റെ ഉടമ അവളെ അപമാനിച്ചു. പിന്നിൽ നിന്ന് കക്ഷങ്ങളിലൂടെ മാറിടത്തിൽ പിടിച്ച അയാളെ, മാറിൽ നിന്ന് ദുപ്പട്ട എടുത്ത് നിമിഷ നേരം കൊണ്ട് ഒരു കുടുക്കുണ്ടാക്കി നേരിട്ടു, അവൾ. അത്, 'ചിരിച്ചു കൊണ്ട് വരണമാല്യം പോലെ അയാളുടെ കഴുത്തിൽ അണിയിച്ചു. അയാൾ എന്നെ ചേർത്തുപിടിക്കും മുർപ് ഞാൻ കുടുക്കു വലിച്ചു മുറുക്കി, ദുപ്പട്ടയുടെ മറ്റേ അറ്റം ജനലഴികളിലൊന്നിലൂടെ കടത്തി ശക്തമായി വലിച്ചതോടെ അയാളുടെ വായ പിളർന്നു ,കണ്ണുകൾ തുറിച്ചു. പുറത്തുചാടിയ നാവിൽ നിന്ന് പാൻ ചുവന്ന ചോരപോലെ ഒഴുകി'.
സുഹൃത്തിന്റെ മകളായ പിഞ്ചു ബാലികയെ ബലാല്ക്കാരം ചെയ്ത് കൊലപ്പെടുത്തിയതിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട യതീന്ദ്രനാഥ് ബാനർജിയുടെ ആരാച്ചാരായി ബാബയും, അയാളെ സഹായിക്കാനായി ചേതനയും നിയമിക്കപ്പെടുന്നു. ആരാച്ചാരെ തേടിയെത്തിയ ഒരു ചാനലിന്റെ റിപ്പോർട്ടർ സഞ്ജീവ് കുമാർ മിത്ര അവളുടെ ജീവിതത്തിൽ അതിക്രമിച്ചു കയറുന്നതാണ് നോവലിലെ വഴിത്തിരിവ്. തൂക്കിക്കൊലയെ അയാൾ വലിയ മാധ്യമ ആഘോഷവും ഉല്പന്നവുമാക്കി മാറ്റി. ദുരൂഹതകൾ നിറഞ്ഞ ഒരു ജീവിത വൃക്ഷത്തിലെ കണ്ണിയായ അയാളുടെ രക്തത്തിൽ മോഷണത്തിന്റെ ജീനുകളും, കേരളം വരെ വ്യാപിക്കുന്ന കച്ചവടത്തിന്റെ പാരമ്പര്യക്കണ്ണികളുമുണ്ടായിരുന്നു.
അവളുടെ ഇടതു മാറിടത്തിൽ ഞെരിക്കുകയും, അലിപ്പൂർ ജയിലിൽ തൂക്കിലേറ്റുന്നവർ ചത്തുവീഴുന്ന ഇരുണ്ട അറയിൽ അവളെ തള്ളിയിട്ട് ബലാല്ക്കാരം ചെയ്യുകയും, വ്യാജ വിവാഹ വാഗ്ദാനം നൽകി പ്രലോഭിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട് , അയാൾ. ഇരപിടിക്കുന്നതിൽ ആണധികാരത്തിന്റെ പാരമ്പര്യത്തിളക്കമുണ്ട്, 'എനിക്ക് നിന്നെ ഒന്നനുഭവിക്കണം ' എന്ന അയാളുടെ ശബ്ദത്തിൽ. അവസാനം, അവൾ അയാളെ സൊനാഗച്ചിയിലെ അയാളുടെ കിടപ്പുമുറിയിൽ കൊണ്ടുപോയി, അതേ വാക്യമാവർത്തിച്ചപ്പോൾ അയാളിലെ പുരുഷൻ ഉറഞ്ഞുപോയി.
ഏതൊരു സ്ത്രീയെയും പോലെ സ്നേഹിക്കപ്പെടാൻ അവളും ആഗ്രഹിച്ചു. പക്ഷേ, അയാൾ ഹൃദയം കൊണ്ട് അവളെ സ്റ്റേഹിച്ചില്ല. പകരം ശരീരം കൊണ്ട് കാമിച്ചു. ആദ്യത്തെ ആരാച്ചാരല്ലാതിരുന്നിട്ടും അവളെ അങ്ങനെയാക്കി ചിത്രീകരിച്ചു. അവളെ സ്ത്രീസ്വാതന്ത്രത്തിന്റെ പ്രതീകമായ 'ഐക്കണാ'ക്കി, തന്റെ പേരും കരിയറും ഉയർത്താൻ ഉപയോഗിച്ചു.
മിഥ്യാഭിമാനബാധയാൽ അച്ഛൻ അനുജനെയും ഭാര്യയെയും വെട്ടിക്കൊലപ്പെടുത്തിയതു കാരണം, ഒറ്റയ്ക്ക് തന്നെ തൂക്കിക്കൊല നടത്താൻ നിയോഗിക്കപ്പെട്ട അവൾ അതിനു ശേഷം എത്തപ്പെട്ടത് അയാളുടെ ചാനൽ സ്റ്റുഡിയോയിൽ . അവിടെ ഒരുക്കിയിരുന്ന തൂക്കുമരത്തിൽ,ക്യാമറക്കണ്ണുകളുടെ വെള്ളിവെളിച്ചത്തിൽ ,അവൾ സഞ്ജീവ് കുമാർ മിത്രയെ തന്നെ തൂക്കിലേറ്റുകയാണ്: താൻ സ്നേഹിച്ച, ആഗ്രഹിച്ച പുരുഷനെ . അപ്പോൾ, 'അവളുടെ സിരകളിലോടുന്ന ആരാച്ചാരുടെ രക്തം അയാളുടെ ജീവനു വേണ്ടി ആർത്തി പിടിച്ചു..ഞാൻ കുടുക്ക് സാവധാനം മുറുക്കി. മിന്നൽ വേഗത്തിൽ കയറിന്റെ മറ്റേ തുമ്പ് വലിച്ചു. സഞ്ജീവ് കുമാർ മിത്ര ഒരേങ്ങലോടെ ആകാശത്തേക്കുയർന്നു ...അയാൾ അമ്മേ എന്ന് നിലവിളിച്ചു....അയാളുടെ കാലുകൾ അന്തരീക്ഷത്തിൽ നൃത്തം ചെയ്തു.'
- കണ്ണുകളിൽ പ്രതിബിംബമുണ്ടോ എന്നു നോക്കി മരണ ലക്ഷണം അറിയുവാൻ കഴിവുള്ളവരാണ് ആരാച്ചാരപരമ്പരയിലുള്ളവർ . തന്റെ കാമുകനെ തൂക്കിലേറ്റിയപ്പോൾ അവൾ അയാളുടെ മരണ ലക്ഷണം ഗണിച്ചിട്ടുണ്ടാകും.
-കഥയെ ജീവിതത്തിന്റെ തനിയാവർത്തനമല്ലാതാക്കുന്നത് ഇങ്ങനെയാണ്. യാഥാർത്ഥ്യത്തിൽ നിന്ന് നാടകീയമായ ഭാവനാതലത്തിലൂടെ അതീതയാഥാർത്ഥ്യത്തിലാണ് നോവൽ അവസാനിക്കുന്നത്. ഇരട്ടക്കൊല കേസിൽ തൂക്കിക്കൊല്ലാൻ വിധിക്കപ്പെട്ടാൽ സ്വന്തം പിതാവിന്റെ ആരാച്ചാരാകാം ആ മകൾ എന്ന സൂചനയുമുണ്ട്.
നോവലിന്റെ കഥാപരിസരമാണ് അതിന്റെ രാഷ്ട്രീയത്തെ അസാധാരണമായ ഉൾക്കാഴ്ചയോടെ നിർണ്ണയിച്ചിരിക്കുന്നത്.
ശവങ്ങൾ എന്നും ഘോഷയാത്ര പോലെ കടന്നുപോകുന്ന ഇടവഴിയിലെ കൊച്ചു വീട്. ഗംഗയുടെ തീരമായ നീം തലഘാട്ടിലെ വിറകിൻ ചിതകളിലെപ്പോഴുമെരിയുന്ന ശവങ്ങളുടെ ഗന്ധമുള്ള അന്തരീക്ഷം. മാടിർ ബുടി എന്ന മൺകോപ്പകൾ നിരത്തിയ ചെറിയ ചായക്കടയും ബാർബർ ഷാപ്പുമടങ്ങുന്ന ആരാച്ചാരുടെ കുടുംബ വീട്. സർക്കുലാർ തീവണ്ടികളും ഇഴയുന്ന ട്രാമുകളുള്ള സരണികൾ. ജാത്ര പാര നാടക കമ്പനികളുടെ ബോർഡുകളും , തൈരിന്റെ ഗന്ധമുള്ള 'ബോയ്'കടകളും ദേവീദേവൻമാരുടെ ചിത്രങ്ങൾ വില്ക്കുന്ന കൊമർതുള്ളികളുമുള്ള തെരുവുകളും ലെയ്നുകളും.
ചെരുപ്പു കുത്തികളും,ചെവിത്തോണ്ടി വില്പനക്കാരും, ക്ഷുരകൻമാരും, കച്ചവടക്കാരും ഭിക്ഷക്കാരുമൊക്കെ നിറഞ്ഞ റോഡുകൾ.കറുത്തവരുടെ , അരികുവല്കൃത ജീവിതങ്ങൾ . 'ഭഗ്ബാൻ മഹാദേബി'നും 'മാ കാളി 'ക്കും ചോരയും മദ്യവും അർപ്പിക്കുന്ന ചുവന്ന ബംഗാൾ. ആരാച്ചാർ ജോലി ശരിയാക്കാൻ, പാർട്ടി ജില്ലാ മേധാവിയായ ഡി.സി സെക്രട്ടറിക്കും, മരണത്തോട് മല്ലിടുന്ന മകന്റെ ശുശ്രൂഷക്ക് ആശുപത്രിയിലെ ഇടനിലക്കാരനുമൊക്കെ കൈക്കൂലി കൊടുക്കേണ്ടി വരുന്ന ദുരവസ്ഥ. ജോലിയും കൂലിയുമില്ലാതെ, കിടപ്പാടവും കൃഷിസ്ഥലവും നഷ്ടപ്പെട്ട് ,ഗ്രാമങ്ങളിൽ നിന്ന് തെരുവിലെത്തപ്പെടുന്ന അഭയാർത്ഥികൾ .
ഈ നോവലിലെ ഏറ്റവും ഹൃദയ ഭേദകമായ ചിത്രം പതിനെട്ടാം അധ്യായത്തിലുണ്ട്. വീടിനടുത്തു നിന്ന് രാത്രി മുഴുവൻ നിലവിളി കേട്ട് അന്വേഷിച്ചിറങ്ങിയ ഥാക്കുമായാണ് ചേതനയെ അവിടേക്ക് കൂട്ടിക്കൊണ്ടുപോയത്.ഓടയുടെ മുകളിൽ താമസിക്കുന്ന ഒരു കുടുബത്തിലെ പത്ത് പതിനാല് വയസ്സു പ്രായമുള്ള ആൺകുട്ടി നഗ്നനായി അവിടെ കിടന്നിരുന്നു. 'വലിയ തലയും വീർത്ത വയറുമായി ഒരുപാട് ദിവസം വെള്ളത്തിൽക്കിടന്ന ഒരു മൃതദേഹം പോലെ ഒരു ശരീരം.'അവന്റെ കണ്ണുകളുടെ കോണിൽ നിന്ന് പുറത്തുവന്നത് ചിതലുകളായിരുന്നു. മൂക്കിനുളളിൽ നിന്ന് തവിട്ടു നിറമുള്ള ചെറിയ ശവംതീനിയുറുമ്പുകളും ചെവികളിൽ നിന്ന് നീലമണിയനീച്ചകളും പുറത്തു വന്നു. അവൻ കോട്ടുവായോ ഏമ്പക്കമോ ഇട്ടപ്പോൾ ചെറിയ ചുവന്ന ചാഴികൾ വായിൽ നിന്ന് പറന്നു. ' ഇടയ്ക്ക് അവൻ ഒന്ന് ന്തെളിഞ്ഞു പിരിഞ്ഞപ്പോൾ അവന്റെ ലിംഗത്തിൽ നിന്ന് മൂത്രത്തിന്റെ നീണ്ട തുള്ളികൾ പോലെ വെള്ളച്ചിറക്കുള്ള നിശാശലഭങ്ങൾ പുറത്തുവന്ന് മെഴുക്കു തിരിക്കു നേരെ പറന്നു'.
-മിഡ്നാപൂരിനടുത്ത ഗ്രാമത്തിൽ നിന്ന് കൃഷി നശിച്ചപ്പോൾ എല്ലാം നഷ്ടപ്പെട്ട് ഒരു വർഷം മുൻപ് ഹൗറ സ്റ്റേഷനിൽ വന്നിറങ്ങിയതാണവന്റെ കുടുംബം . ഥാക്കുമാ കോരിക്കൊടുത്ത കഞ്ഞി കുടിച്ച്,അവൻ മരിച്ചു. അവനെ സംസ്കരിക്കാൻ അവർക്ക് പണമുണ്ടായിരുന്നില്ല. 'അവനെ ഒരു വള്ളത്തിൽ കയറ്റി , നദിയുടെ നടുവിലെത്തി കളി താഴെയിട്ടു.'
-പുരാവൃത്തത്തിന്റേയോ ഭാവനയുടെയോ നിറം ചേർക്കാത്ത, കല്പിത കഥകളല്ലാത്ത പച്ചയായ ജീവിത യാഥാർത്ഥ്യങ്ങൾ.അശരണരെ സംരക്ഷിക്കുന്നതിൽ ഭരണകൂടം പരിതാപകരമായി പരാജയപ്പെട്ടതിന്റെ പിന്നെയും സാക്ഷ്യങ്ങളുണ്ട് , അംലഷോളിലെ പട്ടിണി മരണങ്ങൾ പോലെ. ഇത്തരം മുഹൂർത്തങ്ങളിലൂടെ കടന്നുപോകുമ്പോൾ, ബംഗാളിൽ ഇടതുപക്ഷം നിരാകരിക്കപ്പെടുമെന്ന് ഈ നോവൽ എഴുതപ്പെട്ട കാലത്ത് തന്നെ നിശബ്ദം പ്രവചിച്ചിരുന്നു എന്ന് നമ്മൾ അറിയുന്നുണ്ട്. അത്രയ്ക്കും ജീവിതത്തിന്റെ സൂക്ഷ്മാംശങ്ങളിലേക്ക് നോവലിസ്റ്റ് ഇറങ്ങിച്ചെല്ലുന്നുണ്ട്, ഇവിടെ.
-ഇങ്ങനെ കാലമുദ്രകളാലും വൈവിധ്യ പൂർണ്ണമായ ദേശമുദ്രകളാലും തലമുറകളുടെ ജീവിതങ്ങളെ ഒറ്റ ഫ്രെയിമിൽ കൊണ്ട് വന്ന് താരതമ്യം ചെയ്യുന്ന സമ്പന്നമായ ആഖ്യാന ശൈലിയാണ് 'ആരാച്ചാർ' നോവലിനെ പുതു കാലത്തെ ഇതിഹാസമാനമുള്ള രചനയാക്കിയിരിക്കുന്നത്. ഥാക്കുമ്മ, ചേതനയ്ക്കു പറഞ്ഞു കൊടുത്ത കഥകളിൽ മരണവും പ്രേമവും മാത്രമല്ല, ഭൂമിയുമുണ്ടായിരുന്നു. മനഷ്യരുടെ മരണം ഈച്ചകളുടെ വരവ് നോക്കി പ്രവചിക്കുന്നു മുണ്ട് , അവർ.
മരണത്തിന്റെ ഗന്ധം മാത്രമല്ല, ബംഗാൾ ജനതയുടെ ആഹാരവൈവിധ്യത്തിന്റെ ഗന്ധങ്ങൾ നിറഞ്ഞ ഉപമകളും ബിംബങ്ങളും സമൃദ്ധമായി ഉപയാഗിച്ചിട്ടുണ്ട് നോവലിൽ.'ആൾക്കൂട്ട'ത്തിന്റെ വരണ്ട ജീവിത പരിസരങ്ങല്ല, 'ആരാച്ചാരി'ൽ. പൊരിയും മസാലയും കപ്പലണ്ടിയും കശുവണ്ടിയും ചേർത്തുണ്ടാക്കുന്ന വിഭവമാണ് ഖാൽ മൂറി.'സ്നേഹിക്കുന്ന പുരുഷനോടൊപ്പം ഹൃദയം തുറന്ന് ചിരിച്ചു കൊണ്ട് ഖാൽ മൂറി ഭക്ഷിക്കാൻ' ചേതന മോഹിച്ചിരുന്നു. നരച്ച തലമുടി പോലുള്ള ബുരിൽ ഭൂൽ മിഠായിയും 'ദോയി'യുടെ ഗന്ധവും അവൾക്ക് പ്രിയപ്പെട്ടതായിരുന്നു.
ബംഗാളികളുടെ ഇഷ്ട മത്സ്യമായ ഇലിഷ് പല അവസരങ്ങളിൽ നോവലിൽ കടന്നുവരുന്നുണ്ട്. വർഷത്തിൽ ഒരിക്കൽ മാത്രം ഇലിഷ് മത്സ്യം വാങ്ങാൻ കഴിവുള്ളവരായിരുന്നു ആരാച്ചാർ കുടുംബമെന്നു പറയുന്നുണ്ട്. തന്റെ ശരീരം കളിപാട്ടമല്ലെന്ന്,അതിൽ അതിക്രമിച്ചു കയറിയ സഞ്ജീവ് കുമാറിനോട് രോഷത്തോടെ പറയുമ്പോഴും അയാളുടെ സ്നേഹ പരിലാളനങ്ങൾക്ക് കൊതിച്ച അവൾ ,അശാന്തമായ മനസ്സോടെ,ഇലിഷ് കറി കഴിക്കാൻ കഴിയാതെ സങ്കടപ്പെടുന്നു മുണ്ട്.
ചേതന തൂക്കിലേറ്റുന്നതിനു മുൻപ്, തടവറയിൽ യതീന്ദ്രനാഥ് ബാനർജി ആവശ്യപ്പെടുന്നതും ഇലീഷ് ഷോർഷെ.
" ഹിൽസ വിളമ്പിയപ്പോൾ അയാൾ ആ പാത്രമെടുത്ത് മൂക്കിനടുത്തേക്ക് ചേർത്ത് ഞങ്ങളെ നോക്കി ഉള്ളിലേക്ക് ശ്വാസം വലിച്ചു.
- ഈ ജീവിതത്തിലെ അവസാനത്തെ ഹിൽസ ..!'.
അവസാന അത്താഴത്തിന് അയാൾ ആവശ്യപ്പെട്ടത് മധുരമുള്ള തൈരായിരുന്നു.
- ഈ ജീവിതത്തിലെ അവസാനത്തെ മിഷ്ടി ദോയ് '.
-ഈ ഭാഗം വായിച്ചപ്പോൾ ഓർമ്മകളുടെ തിരയിളക്കം എനിക്കുണ്ടായി. ഓരോ തിരുവോണ സദ്യയും കഴിച്ച്, ' അങ്ങനെ ഒരു ഓണം കൂടി കഴിഞ്ഞു ' എന്ന് ദു:ഖത്തോടെ ആത്മഗതം ചെയ്ത എന്റെ പൂർവ്വികരാണ് മുന്നിൽ. ആഹാരം ജീവൽ പ്രതീകങ്ങളാകുന്ന എത്രയോ സന്ദർഭങ്ങളുണ്ട് ഒരോരുത്തർക്കും .
- ഇങ്ങനെ , മലയാള നോവൽ സാഹിത്യത്തിൽ 'ആരാച്ചാർ' അനന്യമായി നില്ക്കുന്നു.പ്രമേത്തിന്റെ പുതുമ, ആഖ്യാനപാടവം, മിഴിവാർന്ന കഥാപാത്രങ്ങൾ, ഒഴുക്കുളള ഭാഷ തുടങ്ങിയവയാൽ അദ്വിതീയമായ സ്ഥാനം നേടിയിരിക്കുന്നു ഈ നോവൽ.ധീരമായ ദർശനത്തിന്റെ തെളിച്ചവുമുണ്ട്.
ബംഗാളിന്റെ രാഷ്ട്രീയ, സാമൂഹിക ചരിത്രത്തെക്കുറിച്ചും തലമുറകളുടെ പാരമ്പര്യമുള്ള ആരാച്ചാരൻമാരുടെ കുടുംബത്തെക്കുറിച്ചും കെ.ആർ.മീര ഗഹനമായ ഗവേഷണവും ഗൃഹപാഠവും നടത്തിയിട്ടുണ്ട്. അതിന്റെ മെച്ചങ്ങളെക്കുറിച്ചാണ് ഈ എഴുതിയതൊക്കെ.
പക്ഷേ, അധികമായാൽ അമൃതും വിഷമാണ്. ആരാച്ചാരകുടുംബ ചരിത്രത്തെക്കുറിച്ചുള്ള ഒരു ഗവേഷണ പ്രബന്ധം ഈ കൃതിയിൽ നിന്ന് ആർക്കും തയ്യാറാക്കാം. അവരുടെ വംശപരമ്പരകളുമായി ബന്ധപ്പെട്ട് ലഭ്യമായ ഏതാണ്ടെല്ലാ കഥകളും ഉപകഥകളും ചരിത്രവും പുരാവൃത്തങ്ങളും ഐതിഹ്യങ്ങളുമൊക്കെ നിറഞ്ഞു കവിഞ്ഞ് നോവലിന് *വൃഥാസ്ഥൂലത* ഉണ്ടായിരിക്കുന്നു. തൂക്കുമരത്തിലേക്കാനയിക്കപ്പെട്ടവനോട് പോലും അത്യന്തം ദുരൂഹമായൊരു ആരാച്ചാർക്കഥ മന്ത്രിക്കുണ്ട് , ചേതന !
പരത്തി പറയൽ എത്ര മാത്രം അസുന്ദരവും അനാകർഷകവുമാണെന്നതിന് മറ്റൊരു ഉദാഹരണമാണ് 'ആരാച്ചാർ'. കഥയുടെ വൈകാരികാന്തരീക്ഷത്തിന് നിരക്കാത്തതും വിജ്ഞാന -വിവരശേഖര പ്രദർശനമെന്ന പ്രതീതി സൃഷ്ടിച്ച്, വായനയുടെ ഒഴുക്ക് തടസ്സപ്പെടുത്തുന്നതുമായ ഘടകമാണിത്. അടുത്ത കാലത്തിറങ്ങിയ ' നടവഴിയിലെ നേരുകൾ', മറ്റാരു ഉദാഹരണം. 'മാമ, ആഫ്രിക്ക',' കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത' എന്നീ നോവലുകളിലെ ചില ഭാഗങ്ങളിലും ഈ ദോഷമുണ്ട്.
അതുകൊണ്ട് ഒരു വായനക്കാരന്റെ ആകുലത മുൻനിർത്തി ആവർത്തിക്കട്ടെ : *മലയാളത്തിൽ ലിറ്റററി എഡിറ്റർമാരുടെ ആവശ്യമുണ്ട്*. മാറിയ ജീവിത സാഹചര്യത്തിൽ ചെറുതാണ് സുന്ദരം.
തീക്ഷ്ണമായ അനുഭവങ്ങളുടെ ലാവാപ്രവാഹങ്ങളിൽ നിന്ന് ഏത് തെരഞ്ഞെടുക്കണമെന്നതിലും എഴുത്തുകാരുടെ പ്രതിഭയുടെ സത്ത അടങ്ങിയിട്ടുണ്ട്. അത് അവരുടെ രചനാ സ്വാതന്ത്യത്തിന്റെ തീർപ്പിന് വിടുകയാണുചിതം.
ഇതിനെല്ലാമുപരിയായി ,അപൂർവമായ വായനാനുഭവം തീർക്കുന്ന 'ആരാച്ചാർ' എക്കാലത്തേയ്ക്കുമുള്ള ഈടുവയ്പാണ്. കാലത്തിന്റെ ചിതലുകൾ തിന്നു തീർക്കാതെ, ഭാഷയിലും നമ്മുടെ ഭാവുകത്വത്തിലും ഈ നോവൽ തലയുയർത്തിപ്പിടിച്ച് നില്ക്കും.
No comments:
Post a Comment