ഇന്ത്യൻ മെഡിക്കൽ സർവ്വീസിലേക്ക് തെരത്തെടുക്കപ്പെട്ട ആദ്യ മലയാളിയായ കേണൽ ഗോപിനാഥപണ്ടാലയെ മാതൃകയാക്കി,തന്റെ മകൻ ശക്തിധരൻ നായരെ ഒരു ഡോക്ടറാക്കാൻ അദ്ദേഹത്തിന്റെ പിതാവ് ആഗ്രഹിച്ചു. പക്ഷേ, മകന് താല്പര്യം വീണയും വായ്പാട്ടും ഇംഗ്ലീഷ് നാടകങ്ങളും സ്പോർട്സും സിനിമയുമൊക്കെയായിരുന്നു.
മദിരാശി നിലയം ഉദ്ഘാനം ചെയ്യപ്പെട്ടിട്ട് അധിക കാലമായിട്ടില്ല. ഇംഗ്ലീഷ് നാടക പരിപാടിയുടെ ഓഡിഷനിൽ 'ഹെൻറി അഞ്ചാമൻ' നാടകത്തിലെ ഒരു കഥാപാത്രത്തിന്റെ ഏതാനും സംഭാഷണ ശകലങ്ങൾ അവതരിപ്പിക്കാനായി ശക്തിധരൻ നായർ ആദ്യമായി ആകാശവാണി നിലയത്തിലെത്തി.
ഏതാനും മാസങ്ങൾ കഴിഞ്ഞ്,നിലയത്തിൽ കലാകാരൻമാരുടെ ഒരു ക്ലബ്ബ് ഉദ്ഘാടനം ചെയ്യാൻ കൺട്രോളർ ഓഫ് ബ്രോഡ്കാസ്റ്റിങ്ങ് ലയണൽ ഫീൽഡൺ വന്നപ്പോൾ, ആ ചടങ്ങിൽ പങ്കെടുക്കാൻ ശക്തിധരൻ നായർക്കും ക്ഷണം കിട്ടി. ഇമ്പീരിയൽ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗവും മദ്രാസ് മേയറുമായിരുന്ന കെ.സത്യ മൂർത്തിയുമൊത്തായിരുന്നു പോയത്.
പരിചയപ്പെടുത്തിയപ്പോൾ, ഫീൽഡൺ ഈ ചെറുപ്പക്കാരന്റെ അഭിരുചികൾ ചോദിച്ചറിഞ്ഞു. ഇയാളുടെ കഴിവുകൾ പ്രയോജനപ്പെടുത്താൻ സ്റ്റേഷൻ ഡയറക്ടർ വിക്ടർ പരം ജ്യോതിയോട് നിർദ്ദേശിച്ചു.
കുട്ടികൾക്കും സ്ത്രീകൾക്കും വേണ്ടിയുള്ള പരിപാടികൾ ഇംഗ്ലീഷിൽ തയ്യാറാക്കുന്നതിന് കരാർ അടിസ്ഥാനത്തിൽ താല്ക്കാലികമായി ശക്തിധരൻ നായർ അവിടെ നിയമിക്കപ്പെട്ടു.
- ഇന്ത്യൻ റേഡിയോ പ്രക്ഷേപണത്തിലെ കുലപതിമാരിലൊരാളായിത്തീർന്ന, ജി.പി.എസ് നായരുടെ ആകാശവാണി ജീവിതത്തിന്റെ തുടക്കം അങ്ങനെയായിരുന്നു.
അന്ന് മലബാർ ബിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തിലായിരുന്നു. പ്രവിശ്യാആസ്ഥാനമായ മദ്രാസിൽ ധാരാളം കേരളീയരുണ്ടായിരുന്നു. അവർക്കായി റേഡിയോയിൽ മലയാള പരിപാടികൾ ആരംഭിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. സാംസ്കാരിക രംഗത്ത് സജീവമായിരുന്ന മലയാള സമാജത്തിന്റെ ഭാരവാഹിയായിരുന്ന ഡോ.സി.ആർ. കൃഷ്ണ പിള്ള ഉൾപ്പെടെയുള്ളവരായിരുന്നു, ഇതിന്റെ മുൻപന്തിയിൽ.
-അങ്ങനെ,1939-ലെ ഓണത്തിന് കൊല്ലങ്കോട്ടെ സർ വാസുദേവരാജയുടെ സന്ദേശം മദ്രാസ് -ബി നിലയം പ്രക്ഷേപണം ചെയ്തു. മലയാളത്തിലെ ആദ്യ റേഡിയോ പ്രക്ഷേപണമായി അത് ചരിത്രത്തിൽ ഇടം നേടി. തുടർന്ന്, വിശേഷാവസരങ്ങളിലും മലയാള പരിപാടികൾ പ്രക്ഷേണം ചെയ്തു തുടങ്ങി. 1942ലാണ് മദ്രാസ് നിലയത്തിൽ നിന്ന് സ്ഥിരമായി മലയാള പ്രക്ഷേപണം ആരംഭിക്കുന്നത് ( ആ ചരിത്രം മറ്റൊരദ്ധ്യായത്തിൽ ) .
ശക്തിധരൻ നായർക്ക് 1939 - ൽ പ്രോഗ്രാം അസിസ്റ്റന്റായി നിയമനം കിട്ടി. കർണ്ണാടക സംഗീതത്തിന്റേയും സ്റ്റുഡിയോയ്ക്ക് പുറത്തു നിന്നുള്ള(ഒ.ബി) പരിപാടികളുടേയും ചുമതല കൂടി ലഭിച്ചു. അന്ന് എല്ലാ ദിവസവും ആറര മണിക്കൂർ കർണ്ണാടക സംഗീത പരിപാടികളായിരുന്നു. ബഹുഭൂരിപക്ഷം കച്ചേരികളും തത്സമയ പ്രക്ഷേപണം. ശബ്ദലേഖനം ഏറെ ചെലവുള്ള അലൂമിനിയം ഡിസ്ക്കുകളിലായിരുന്നു ചെയ്തിരുന്നത്. മഹാരഥൻമാരുടെ പരിപാടികൾ മാത്രം അപൂർവ്വമായി ഇങ്ങനെ ശബ്ദലേഖനം ചെയ്തിരുന്നു.
സംഗീതജ്ഞരെ തെരഞ്ഞെടുക്കുന്നതിന് ഓഡിഷൻ ബോർഡുകളൊന്നുമുണ്ടായിരുന്നില്ല. സ്റ്റേഷനധികാരികളായ രണ്ടു പേർ പരിപാടി കേട്ട് വിലയിരുത്തും. രണ്ടാളും ഒരേ അഭിപ്രായം പറഞ്ഞാൽ ആളെ തെരഞ്ഞെടുക്കും. " ഈ വിധം തെരഞ്ഞെടുക്കപ്പെട്ടവരിൽ കെ.എസ്. നാരായണ സ്വാമി, എം.ഡി.രാമനാഥൻ, വസന്ത കോകിലം, എം.എൽ.വസന്തകുമാരി എന്നിവരുൾപ്പെ ട്ടിരുന്നതായി ഓർക്കുന്നു. അന്ന് മദ്രാസ് സ്റ്റേഷൻ തെരഞ്ഞെടുത്ത സംഗീതജ്ഞരെല്ലാം ഒന്നാം കിടക്കാർ തന്നെയാണ് "('റേഡിയോ സ്മരണകൾ ' , ജി.പി.എസ്.നായർ).
രണ്ടാം ലോക മഹായുദ്ധകാലം റേഡിയോ പ്രക്ഷേപണരംഗത്തും വലിയ മാറ്റങ്ങൾ വരുത്തി. ഏറെ വെല്ലുവിളികൾ നിറഞ്ഞ കാലം. വാർത്തകൾക്കും വിവരങ്ങൾക്കുമായി കൂടുതൽ പേർ റേഡിയോയ്ക്ക് കാതോർത്തിരുന്ന നാളുകൾ. യുദ്ധ വാർത്തകൾ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ ഡൽഹിയിൽ നിന്നു കൂടി ആരംഭിച്ചു. അവിടെ തമ്പുരു ആർട്ടിസ്റ്റായി ചേർന്ന കെ.രാഘവനെപ്പോലുള്ള കലാകാരൻമാർ ഡൽഹി നിലയത്തിൽ തുടങ്ങിയ പുതിയ പരിപാടികൾക്കായി അവിടേക്ക് മാറ്റി നിയമിക്കപ്പെട്ടു.
യുദ്ധവും വ്യോമാക്രമണവും ഭയന്ന് ജനങ്ങൾ മദ്രാസിൽ നിന്ന് പലായനം ചെയ്യാൻ തുടങ്ങി. ഇടയ്ക്കിടെ ആ പൽസൂചന നൽകി സൈറൻ മുഴങ്ങും. ജപ്പാന്റെ രണ്ടു ബോംബുകൾ നഗരത്തിൽ പതിച്ചതോടെ ഭയം വർദ്ധിച്ചു. രാത്രി മുഴുവൻ വിമാനവേധനത്തോക്കുകളിൽ നിന്നുള്ള വെടിയൊച്ചകൾ മുഴങ്ങിക്കൊണ്ടിരിക്കും. "അവയിൽ നിന്നും പൊങ്ങിപ്പൊട്ടിയ ഷെല്ലുകൾ നഗരത്തിൽ പലയിടത്തും പതിച്ചു." റേഡിയോ പ്രഭാഷണം നടത്താമെന്നേറ്റിരുന്ന ഒരു ഹൈക്കോടതി ജഡ്ജി തന്നെ ഭയന്ന്, കോയമ്പത്തൂരേക്ക് പോയി.
ചെമ്പൈയുടെ കച്ചേരിക്ക് പക്കമേളം വായിക്കേണ്ടിയിരുന്നവരും നഗരം വിട്ടിരുന്നു. വീണ വായിക്കാൻ അവസാനം, ഒരു പതിനഞ്ച് വയസുകാരനെ കണ്ടെത്തി. പരിപാടി കഴിഞ്ഞ് ചെമ്പൈ സന്തോഷത്തോടെ ആ ബാലനെ തലയിൽ കൈ വച്ച് അനുഗ്രഹിച്ചു. ബാലചന്ദറായിരുന്നു, അത്.
1943 - ൽ യുദ്ധ സംബന്ധമായ പരിപാടികളുടെ ചുമതല ജി.പി.എസ്.നായർക്ക് നൽകി. യുദ്ധത്തെ പിന്തുണച്ചു കൊണ്ടുള്ള പരിപാടികളായിരുന്നു ഭൂരിപക്ഷവും. യുദ്ധത്തെക്കുറിച്ചുള്ള പ്രചാരണയോഗങ്ങളിലെ പ്രസംഗങ്ങളും പ്രഭാഷണങ്ങളും വാർത്ത കളുമൊക്കെ പ്രക്ഷേപണം ചെയ്യുന്ന 'ദ മൂവിങ്ങ് ഫിങ്കർ' എന്ന പരിപാടിയെക്കുറിച്ച് മറക്കാനാവാത്ത ഒരനുഭവം ജി.പി.എസ്.നായർ രേഖപ്പെടുത്തിയിട്ടുണ്ട്. മികച്ചൊരു പ്രഭാഷകനായ ചാൾസ് ക്രോസ് എന്ന ബ്രിട്ടീഷുകാരൻ തയ്യാറാക്കിയ ഒരു പരിപാടിയിൽ നേതാജി സുഭാഷ് ചന്ദ്രബോസിനെ 'രാജ്യദ്രോഹി' എന്നാണ് വിശേഷിപ്പിച്ചത്. നേതാജി അന്ന് മലയായിലും സിങ്കപ്പൂരിലും നിന്ന് തുടർച്ചയായി ഇന്ത്യക്കാർക്കായി പ്രക്ഷേപണങ്ങൾ നടത്തിവരുന്ന കാലമായിരുന്നു.
ഡയറക്ടർ അംഗീകരിച്ചതാണെങ്കിലും, 'രാജ്യദ്രോഹി' എന്ന് നേതാജിയെ വിളിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം സായ്പിനോട് പറഞ്ഞു. ഇന്ത്യയോട് സംശയാതീതമായ കൂറുള്ള അദ്ദേഹത്തെ ആക്ഷേപിക്കരുതെന്ന നിലപാട് സായ്പിനെ കുപിതനാക്കി.
"അടിയന്തിരാവസ്ഥയിൽ പ്രയോഗിക്കുന്നതിനുള്ള നിയന്ത്രണോപാധി ഉപയോഗപെടുത്തി, അത് പ്രക്ഷേപണം ചെയ്യില്ലെന്ന് ഞാനും പറഞ്ഞു. ഒടുവിൽ, ആ പദപ്രയാഗം മാറ്റുവാൻ സായ്പ് നിർബന്ധിതനായി".
'സബർബൻ ടെയ്ൻസ് ' എന്നാരു വാരികാ പരിപാടിയുടെ ചുമതല അദ്ദേഹത്തിനുണ്ടായിരുന്നു. നഗരപ്രാന്തപ്രദേശങ്ങളിലെ തീവണ്ടികളിൽ സഞ്ചരിച്ച് ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളിലുള്ളവരുടെ സംഭാഷണങ്ങൾ കേട്ടും ശബ്ദലേഖനം ചെയ്തും തയ്യാറാക്കിയ ഈ യു ദ്ധയകാലപരിപാടി ഏറെ ജനപ്രിയമായിരുന്നു.
നോബേൽ സമ്മാന ജേതാവ് സർ സി.വി.രാമൻ ഊർജ്ജതന്ത്രത്തെക്കുറിച്ച് പ്രഭാഷണം നടത്താൻ മദ്രാസ് റേഡിയോ നിലയത്തിൽ വന്നു. സാധാരണക്കാർക്ക് മനസിലാകുന്ന വിധത്തിൽ ഒരു പ്രഭാഷണ പരമ്പര നടത്താൻ പറ്റുമോ എന്ന് ജി.പി.എസ്.നായർ അദ്ദേഹത്തോട് ചോദിച്ചു. അദ്ദേഹം സന്താഷപൂർവ്വം സമ്മതിച്ചു.' നാട്ടിൻ പുറത്തെ ഊർജ്ജതന്ത്രം ' എന്ന പേരിൽ അദ്ദേഹം നടത്തിയ ആറു പ്രഭാഷണങ്ങൾ ആകാശവാണി പുസ്തകമായിറക്കി.
മോണ്ടിസ്സോറി വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ച് മറിയാ മോണ്ടിസ്റ്റോറിയെക്കൊണ്ടു തന്നെ റേഡിയോ പ്രഭാഷണങ്ങൾ നടത്തിക്കാനും അദ്ദേഹത്തിന് സാധിച്ചു. ഈ പ്രഭാഷണങ്ങളും ആകാശവാണി പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടു്.
ഷെല്ലുകൾ തീ മഴ പെയ്യിച്ച ഒരു രാത്രിയിലുണ്ടായ പെരുമഴയിൽ നഗരവും നിലയവും വെള്ളത്തിൽ മുങ്ങി. രാവിലെ സൈക്കിളിൽ നിലയത്തിലേക്ക് പുറപ്പെട്ട അദ്ദേഹത്തിന് കഴുത്തറ്റം വെള്ളത്തിലൂടെ നടന്ന് പോവേണ്ടി വന്നു. വെള്ളപ്പൊക്കം കാരണം സ്റ്റുഡിയോയിലേക്ക് കടക്കുവാൻ പോലും കഴിയുമായിരുന്നില്ല. പ്ര ക്ഷേപണം കൺട്രോൾ റൂമിലേക്കുമാറ്റി. അനൗൺസർ എത്താത്തതിനാൽ ജി.പി.എസ് നായരും, അസിസ്റ്റന്റ് എഞ്ചിനിയർ എസ്.എസ്. അയ്യരും ചേർന്ന് വൈകീട്ട് 3 മണി വരെ പ്രക്ഷേപണ പ്രവർത്തനങ്ങൾ നടത്തി."വെള്ളം ഉയർന്നു വന്നതിനനുസരിച്ച് യന്ത്രോപകരണങ്ങൾ ഉയർത്തിക്കൊണ്ടിരുന്നു. കുളിക്കുന്ന വേഷത്തിൽ, കിട്ടുകിടാ വിറച്ചു കൊണ്ടാണ് ജോലി ചെയ്തിരുന്നത് " .
ക്രിക്കറ്റ്, ഹോക്കി, ഫുട്ട്ബാൾ , ടെന്നിസ് കളികളുടേയും പ്രമുഖർ പങ്കെടുക്കുന്ന അന്താരാഷ്ട്ര സമ്മേളങ്ങളുടേയും ദൃക്സാക്ഷിവിവരണങ്ങളും അക്കാലത്തെ പരിമിതമായ സൗകര്യങ്ങൾക്കകത്തു നിന്ന് പ്രക്ഷേപണം ചെയ്ത കഥ ജി.പി.എസ്.നായർ ഓർമ്മക്കുറിപ്പുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
1946-ൽ തിരുവനന്തപുരത്ത് നടന്ന എഫ്. എ. ഒ സമ്മേളനം ഉദ്ഘാടനം ചെയ്തത് അന്നത്തെ കേന്ദ്ര ഭക്ഷ്യ മന്ത്രിയായ ഡോക്ടർ രാജേന്ദ്രപ്രസാദായിരുന്നു. തീവണ്ടി വൈകിയതിനെ തുടർന്ന്,ആകാശവാണി സംഘത്തിന് ഉദ്ഘാടനച്ചടങ്ങിനെത്താനായില്ല. രാത്രി ദിവാൻ സി.പി.രാമസ്വാമി അയ്യരുടെ ഔദ്യോഗിക വസതിയായ 'ഭക്തിവിലാസ'ത്തിൽ തങ്ങിയ അദ്ദേഹത്തെ ചെന്നുകണ്ട് ജി.പി.എസ് നായർ കാര്യം ധരിപ്പിച്ചു. അടുത്ത ദിവസം രാവിലെ വിമാനത്താവളത്തിലേക്ക് പോകുന്ന വഴി, പാളയത്തെ ട്രാവൻകൂർ റേഡിയോ സ്റ്റേഷനിലെത്തി ഡോ.രാജേന്ദ്രപ്രസാദും സി.പി. രാമസ്വാമി അയ്യരും തങ്ങളുടെ സന്ദേശം റെക്കാർഡു ചെയ്തു. മാത്രല്ല, ആ ഡിസ്ക്ക് അദ്ദേഹം വിമാനത്തിൽ കൂടെ കൊണ്ടുപോയി മദ്രാസിൽ എത്തിക്കുകയും ചെയ്തു.
പ്രധാമന്ത്രി ജവഹർലാൽ നെഹ്രു പങ്കെടുത്ത ഊട്ടിയിൽ നടന്ന എക്കാഫെ സമ്മളനവും അദ്ദേഹത്തിന്റെ ദക്ഷിണേന്ത്യൻ പര്യടനവും ഒപ്പം സന്ദർശിച്ച് റിപ്പോർട്ടു ചെയ്തു, ജി.പി.എസ്.നായർ.
1948 - ൽ , ആകാശവാണിയുടെ വാർത്താ , വിദേശകാര്യ വിഭാഗങ്ങൾ വിഭജിക്കുന്നതിന് ചുമതലപ്പെടുത്തിയ അസിസ്റ്റന്റ് സ്റ്റേഷൻ ഡയറക്ടറായി ജി.പി.എസ്.നായർ ഡൽഹിയിൽ നിയമിതനായി.
ആകാശവാണി ഹോസ്റ്റലിൽ വിഖ്യാത സംഗീതജ്ഞനായ രവിശങ്കർ മൂന്നു മാസത്തോളം അദ്ദേഹത്തിന്റെ അതിഥിയായി താമസിച്ചു.
"അദ്ദേഹത്തിന്റെ ആനന്ദമൂർച്ഛയുളവാക്കുന്ന സിതാർ വായന വെളുപ്പിന് മൂന്നര- നാല് മണിയോടെ ആരംഭിക്കും. ദിവസേന അതു കേട്ടുകൊണ്ടാണ് ഞാൻ ഉണർന്നിരുന്നത് ".
തിരുവിതാംകൂർ രാജകുടുംബത്തിൽ നിന്ന് റേഡിയോ നിലയം ഏറ്റെടുത്ത്,ആൾ ഇന്ത്യ റേഡിയോയിൽ ലയിപ്പിക്കുന്നതിനും , കോഴിക്കോട് നിലയം പ്രവർത്തന സജ്ജമാക്കുന്നതിനും വേണ്ടി 1949 ഡിസംബറിൽ ജി.പി.എസ് നായരെ കേരളത്തിലേക്കയച്ചു. അന്ന് ഒരു തിരുവനന്തപുരം കാരനായിരുന്നു, ഡയറക്ടർ ജനറൽ : കേണൽ എൻ.എ.എസ്. ലക്ഷ്മണൻ (വിശദാംശങ്ങൾ പ്രത്യേക അദ്ധ്യായത്തിൽ ).
മദ്രാസിലെത്തി, അവിടെ നിന്ന് കാറിൽ പി.ഭാസ്ക്കരനെയും കൂട്ടിയായിരുന്നു അദ്ദേഹം കേരളത്തിലെത്തിയത്.
1950 ഏപ്രിൽ ഒന്നാം തീയതി ട്രിവാൻഡ്രം റേഡിയോ ആൾ ഇന്ത്യ റേഡിയോയുമായി സംയോജിപ്പിച്ചു. ബി.ബി.സിയിൽ പരിശീലനത്തിന് പോയ ശേഷം സ്റ്റേഷന്റെ ഡയറക്റുടെ ചുമതല വഹിച്ചിരുന്ന എഞ്ചിനിയർ പി.രാമവർയിൽ നിന്ന് ജി.പി.എസ്.നായർ ചാർജ്ജ് ഏറ്റുവാങ്ങി. അദ്ദേഹം അങ്ങനെ തിരുവനന്തപുരം ആകാശവാണിയുടെ ആദ്യ സ്റ്റേഷൻ ഡയറക്ടറായി. രാമവർമ്മ ആദ്യ സ്റ്റേഷൻ എഞ്ചിനിയറും.
നിലയത്തിൽ പ്രവർത്തിച്ചിരുന്ന ടെലിഫോൺ - വിദ്യുച്ഛക്തി വകുപ്പിലെ ജീവനക്കാരിൽ ചിലരെ ആൾ ഇന്ത്യ റേഡിയോയിലേക്ക് പ്രോഗ്രാം അസിസ്റ്റന്റുമാരായി നിയമിച്ചു.ആർ. സേതുരാമൻ, പി.സുബ്രഹ്മണ്യം, പി.ഭാസ്ക്കര പിള്ള തുടങ്ങിയവർ.
ട്രിവാൻഡ്രം റേഡിയോയിൽ നിന്ന് അനൗൺസർമാരും കലാകാരികളുമായ പറവൂർ കെ.ശാരദാമണി, ഇന്ദിരാ പൊതുവാൾ, സി.എസ്.രാധാദേവി, പി.ഗംഗാധരൻ നായർ എന്നിവരും ആൾ ഇന്ത്യ റേഡിയോയുടെ ഭാഗമായി.
ഭക്തി വിലാസത്തിലേക്ക് ആകാശവാണി നിലയം മാറ്റുന്നതിന് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഏറെ ശ്രമങ്ങൾ നടത്തി. അന്നത്തെ ഡയറക്ടർ ജനറൽ ലക്ഷണനും ചീഫ് എഞ്ചിനിയർ റാം ചന്ദാനിയും തിരു-കൊച്ചി മുഖ്യമന്ത്രി ടി.കെ.നാരായണപിള്ളയയെ ചെന്നു കണ്ടു. മന്ത്രിസഭാംഗങ്ങളുടെ സമ്മതം സമ്പാദിക്കാനായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം. മന്ത്രിമാരായ ടി.എം. വർഗ്ഗീസ്, എ.ജെ.ജോൺ , പനമ്പിള്ളി ഗോവിന്ദമേനാൻ എന്നിവരെയും അവർ ചെന്നു കണ്ടു. അവസാനം, പാളയത്തെ കെട്ടിടത്തിനു പകരമായി ഭക്തി വിലാസം കൈമാറ്റം ചെയ്യപ്പെട്ടു. ഒരു രൂപ പാട്ടത്തിന്,മുൻ വശത്തുള്ള പുരയിടം (ഇപ്പോൾ പൊലീസ് ക്വാർട്ടേഴ്സ് ) ദീർഘകാലത്തേക്ക് ആകാശവാണിക്ക് നൽകാനും വ്യവസ്ഥയുണ്ടായിരുന്നു. എന്നാൽ,ഡൽഹി ആകാശവാണിയുടെ തല പ്പത്തുണ്ടായ മാറ്റങ്ങളെ തുടന്ന് അത് നടന്നില്ലന്നും ജി.പി.എസ്.നായർ രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രതിഫലമൊന്നും കൂടാതെ ഭക്തി വിലാസം ആൾ ഇന്ത്യ റേഡിയോയ്ക്ക് കിട്ടിയതിനെക്കുറിച്ച് ചിലർ ഡൽഹിക്ക് പരാതികളയച്ചു. ആകാശവാണിക്ക് ഇത്രയും വലിയ കെട്ടിടം ആവശ്യമുണ്ടോ, അതിന്റെ സംരക്ഷണച്ചെലവ് എത്രയാകും എന്ന് പഠിച്ച് റിപ്പോർട്ട് നൽകിയ ഒരു ഡെപ്യൂട്ടി സെക്രട്ടറി അദ്ദേഹത്തോട് ഉപദേശിച്ചതിങ്ങനെ: സ്ഥാപനത്തിനു ഗുണം വരുത്തുവാൻ ആവശ്യമില്ലാതെ , എന്തിനിങ്ങനെ ബുദ്ധിമുട്ടുന്നു!
പുതിയ ധാരാളം പരിപാടികൾ ആരംഭിക്കുകയും, പ്രക്ഷേ പണ സമയം ദീർഘിപ്പിക്കുകയും ചെയ്തതോടെ തിരുവനന്തപുരം നിലയത്തിലേക്ക് ആഴ്ച തോറും ശരാശരി ആയിരം കത്തുകൾ കിട്ടാൻ തുടങ്ങി.
ഇതിനിടയിയാണ് കേരളത്തിലെ രണ്ടാമത്തെ ആകാശവാണി നിലയം കോഴിക്കോട് പ്രവർത്തനമാരംഭിക്കുന്നത് : 1950 മെയ് 14 ന്. ആ നിലയത്തിന്റെയും ആദ്യ സാരഥിയായി , ജി.പി.എസ്.നായർ.(കോഴിക്കോട് നിലയത്തിന്റെ ചരിത്രം പ്രത്യേക അദ്ധ്യായത്തിൽ).
തിരുവനന്തപുരം സ്റ്റേഷന്റെ നിയന്ത്രണത്തിലായിരുന്നു , ആരംഭകാലത്ത് കോഴിക്കോട് നിലയവും. ഗ്രാ മീണ പരിപാടികൾ, സ്ത്രീകൾക്കുള്ള പരിപാടികൾ, നാടകം തുടങ്ങിയവ രണ്ടു നിലയത്തിനും പൊതുവായുള്ളവയായിരുന്നു. ടെലിഫോൺ ലൈൻ മുഖേനയുള്ള റിലേ പരിപാടികളിൽ തടസം നേരിട്ടിരുന്നു. കോഴിക്കോട്ടെ ഭാഷ തിരുവിതാംകൂറുകാർക്ക് മനസിലാകുന്നില്ലെന്ന് പരാതികളുണ്ടായിരുന്നുവെന്നും അദ്ദേഹം അനുസ്മരിക്കുന്നുണ്ട്.
കോഴിക്കോട് നിലയം തുടങ്ങിയ വർഷം തന്നെ ചതയത്തിന് ശ്രീനാരായണ ഗുരുവിനെക്കുറിച്ചുള്ള പ്രത്യേക പരിപാടിയൊന്നും ആസൂത്രണം ചെയ്യുന്നില്ലെന്ന് പരാതിയുണ്ടായി. നിലയം ബഹിഷ്ക്കരിക്കുമെന്നും കരിങ്കൊടി പ്രകടനം നടത്തുമെന്നും അറിയിപ്പുണ്ടായതിനെ തുടർന്ന് ഡയറക്ടർ ജനറൽ ജി.പി.എസ്.നായരെ കോഴിക്കോട്ടേക്കയച്ചു: "ചതയത്തിന് മൂന്ന് ദിവസം മുമ്പാണിത്. ഞാൻ കോഴിക്കോട്ടെത്തി മധുപ്പണിക്കരെ (അസിസ്റ്റന്റ് സ്റ്റേഷൻ ഡയറക്ടർ ) കണ്ടു സംസാരിച്ചു. പി.ഭാസ്കരൻ ശ്രീനാരായണ ഗുരുവിനെ പിറ്റി നല്ല ഒരു സംഗീത പരിപാടി തയ്യാർ ചെയ്തിരുന്നു. ഒന്നാംകിട പാട്ടുകാരെ ഉപ്പെടുത്തി ആ പരിപാടി പ്രക്ഷേപണം നടത്തുകയും ചെയ്തു. അതോടെ, പ്രക്ഷോഭണത്തിന് തയ്യാറായി വന്നവർ സ്റ്റേഷൻ ഭാരവാഹികളെ അഭിനന്ദിക്കുന്നവരായി മാറി".
1952 - ൽ ജി.പി.എസ് നായരെ ബി.ബി.സിയിൽ പരിശീലനത്തിനായി ലണ്ടനിലേക്കയച്ചു. വിദഗ്ദ്ധ പരിശീലനം കഴിഞ്ഞ് ആ വർഷം ഡിസംബറിൽ തിരിച്ചെത്തിയ അദ്ദേഹത്തെ സ്പെഷ്യൽ ഓഫീസറായി നിയമിച്ചത് ഔറംഗബാദിൽ. നൈസാമിന്റെ കാലത്ത് ആരംഭിച്ച റേഡിയോ നിലയം ആൾ ഇന്ത്യ റേഡിയോയിൽ ലയിപ്പിക്കുന്ന നടപടികൾ മൂന്നു മാസം കൊണ്ട് പൂർത്തിയാക്കിയ അദ്ദേഹത്തെ പിന്നെ മറ്റൊരു ദൗത്യവുമായി മൈസൂരിലേക്കാണയച്ചത്. സൈക്കോളജി പ്രൊഫസറായിരുന്ന വി.ഗോപാലസ്വാമി ആരംഭിച്ച്, മൈസൂർ രാജകുടുംബം നടത്തിവന്ന ആകാശവാണി നിലയം ആൾ ഇന്ത്യ റേഡിയോയിൽ സംയോജിപ്പിച്ചതിനെ തുടർന്നുള്ള ജീവനക്കാരുടെ വിന്യാസം, ബാംഗ്ലൂർ ആകാശവാണി നിലയം തുടങ്ങുന്നതിനുള്ള പ്രവർത്തനങ്ങൾ എന്നീ പ്രത്യേക ചുമതലകളും അദ്ദേഹത്തെ ഏല്പിച്ചു.
പഞ്ചവീണക്കച്ചേരി, പരമ്പരാഗത ആന പിടുത്തമായ വെദ്ദയെക്കുറിച്ചുള്ള ചിത്രീ കരണം തുടങ്ങിയ ശ്രദ്ധേയമായ പരിപാടികളും ഇക്കാലത്ത് അദ്ദഹം ചെയ്തു.ആർ.കെ.നാരായണനായിരുന്നു , ഈ ചിത്രീകരണത്തിന്റെ സ്ക്രിപ്റ്റ് എഴുതിയത്.
തലസ്ഥാനമായ ബാംഗ്ലൂരിലേക്ക് നിലയം മാറ്റണമെന്ന നിർദ്ദേശമുണ്ടായി. രാജ്ഭവന്റെ എതിർ വശത്തുള്ള കബ്ബൺ ഹൗസ്, അതിന്റെ ഉടമയുമായി ദീർഘമായ ചർച്ചകൾ നടത്തിയാണ് ഏറ്റെടുത്തത്.
ക്രൂഷ്ചേവും ബുൾഗാനിനും ഇന്ത്യാ സന്ദർശനത്തിന്റെ ഭാഗമായി ബാംഗ്ലൂർ വന്നതിന്റെ റിപ്പോർട്ട് അന്ന് രാത്രി തന്നെ പ്രക്ഷേപണം ചെയ്ത്, ജി.പി.എസ്.നായർ പുതിയ ദൗത്യമേറ്റെടുക്കാൻ വിജയവാഡയിലേക്ക് തിരിച്ചു.
ഈ നിലയത്തെക്കുറിച്ച് മാധ്യമങ്ങൾ നിരന്തരമായി പരാതിപ്പെട്ടിരുന്ന കാലമായിരുന്നു, അത്. അതിപ്രഗത്ഭരായ കലാകാരൻമാരെ കണ്ടെത്തി,പരിപാടികളുടെ പ്രൊഡ്യൂസർമാരാക്കി. ഡോ.ബാലമുരളീകൃഷ്ണ സംഗീത പരിപാടികളിൽ സജീവമായി. ആകാശവാണി കച്ചേരികളിലൂടെ അദ്ദേഹം പ്രസിദ്ധനായിത്തീർന്നു. രാവിലെ ആരംഭിച്ച 'ഭക്തി രഞ്ജിനി' മറ്റ് നിലയങ്ങും തുടങ്ങി.
കൃഷ്ണാനദിക്കരയിലെ മസൂലിപട്ടണത്തിനടുത്ത കുച്ചുപ്പുടി ഗ്രാമത്തിൽ നിന്നുത്ഭവിച്ച, ആ പേരിൽ അറിയപെടുന്ന നൃത്തരൂപം തകർച്ചയുടെ വക്കിലായിരുന്നു. ക്ഷയോൻ മുഖമായ ആ നൃത്ത രൂപത്തെ പ്രോത്സാഹിപ്പിക്കാനായി , ക്ഷണിക്കപ്പെട്ട സദസുകൾക്ക് മുന്നിൽ അത് ആകാശവാണി അവതരിപ്പിച്ചു. സംഗീതരൂപത്തിലും ഇത് പ്രക്ഷേപണം ചെയ്തു.
അവിടെ നിന്ന്,മൂന്നര വർഷം ഹൈദരാബാദ് സ്റ്റേഷനിൽ .
പുതിയ സ്റ്റുഡിയോ നിർമ്മാണത്തിന്റെ ഉദ്ഘാടനം രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദ് നടത്തുകയാണ്. അതിന് മുൻപ് ഒരു രാഷ്ട്രപതിയും ഒരു ആകാശവാണി സ്റ്റുഡിയോയുടെ ഉദ്ഘാടനം നടത്തിയിട്ടില്ല. ജി.പി.എസ് നായരുടെ ഭൗർഭാഗ്യത്തിന്,തലേരാത്രി അപ്രതീക്ഷിതമായി ഉണ്ടായ കാറ്റിലും മഴയിലും ഉദ്ഘാട വേദിയായ തുണിപ്പന്തൽ നിലംപൊത്തി. വെളുപ്പിന് ചീഫ് സെക്രട്ടറിയെ വിളിച്ചുണർത്തി ജൂബിലി ടൗൺഹാളിൽ പുതിയ വേദിയൊരുക്കി.
ചടങ്ങ് ഭംഗിയായി നടന്നുവെങ്കിലും,അന്നത്തെ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി ഡോ.ബി.വി.കെസ്ക്കർ ക്ഷുഭിതനായി. ജി.പി.എസിനെ വിളിച്ച്, ഗോഹട്ടി നിലയത്തിലേക്ക് പോകാൻ സമ്മതമാണോ എന്ന് തിരക്കി. എങ്കിൽ, താൻ രാജി വയ്ക്കുമെന്നായിരുന്നു , അദ്ദേഹം മന്ത്രിയെ അറിയിച്ചത്. 100 രൂപ ശമ്പളം കൂട്ടി നൽകാമെന്ന് മന്ത്രി പറഞ്ഞെങ്കിലും അദ്ദേഹം വഴങ്ങിയില്ല. അവസാനം, ഡൽഹിയിൽ വിളിച്ച്, മുൻകൂട്ടി തയ്യാറാക്കിവച്ചിരുന്ന സ്ഥലം മാറ്റ ഉത്തരവ് അയയ്ക്കണ്ടന്ന് മന്ത്രി നിർദ്ദേശിച്ചു.
ആന്ധ്ര സംഗീത നാടക അക്കാദമിയിൽ അദ്ദേഹത്തെ സർക്കാർ അംഗമാക്കി. ആകാശവാണിയുടെ തലസ്ഥാനനഗരിയിലെ ഡയറക്ടർ അക്കാദമി അംഗമായിരിക്കണമെന്ന് ആദ്യം തീരുമാനിച്ച സംസ്ഥാനം ആന്ധ്രയായിരുന്നു.
പിന്നെ ഏതാനും മാസം അഹമ്മദാബാദിലും, തുടർന്ന് ബാംഗ്ലൂരിലും സ്റ്റേഷൻ ഡയറക്ടറായി അദ്ദേഹം പ്രവർത്തിച്ചു. സൂര്യാഘാതമേല്ക്കുകയും കടുത്ത ചൂട് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുകയും ചെയ്തതാണ് ബാംഗ്ലൂരിലേക്ക് സ്ഥലം മാറ്റം വാങ്ങാൻ കാരണം.
സ്വാതിതിരുനാൾ ജയന്തി പ്രമാണിച്ച്,ഒരു മാസം നീണ്ടു നിന്ന സംഗീത കച്ചേരികളിൽ അദ്ദേഹത്തിന്റെ ഹിന്ദിയിലെഴുതിയ രചനകള ളും അവതരിപ്പിക്കപ്പെട്ടു. പുരന്ദരദാസിന്റെ ജൻമദിനാഘോഷത്തിന് വിദൂരസ്ഥ ഗ്രാമമായ ഹംഫിയിൽ നിന്ന് എം.എസ്.സുബ്ബലക്ഷ്മി ഉൾപ്പെടെയുള്ളവരുടെ കച്ചേരികൾ ടെലിഫോൺ വഴി ശബ്ദലേഖനം ചെയ്ത്,പ്രക്ഷേപണം ചെയ്തു. അങ്ങനെ, സാഹസികമായ ഏറെ പരീക്ഷണങ്ങളും അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തിലുണ്ട്.
രണ്ടു വർഷത്തിനു ശേഷം, ജി.പി.എസ് നായർ തിരുവനന്തപുരം ആകാശവാണിയിൽ വീണ്ടും നിയമിക്കപെട്ടു. ഏതാനും മാസങ്ങൾക്കകം ഡോ. വി.കെ.നാരായണ മേനോൻ ഡയറക്ടർ ജനറലായി ചുമതലയേറ്റു.
രണ്ടു മലയാളികൾ തലപ്പത്തു വന്നതോടെ ആകാശവാണി പ്രക്ഷേപണം കൂടുതൽ സ്ഥലങ്ങളിൽ എത്തിക്കാനും, പുതിയ സംവിധാനങ്ങളേർപ്പെടുത്താനുമൊക്കെ അനുകൂലമായ അവസരം കൈവന്നിരിക്കുന്നതായി അന്ന് പത്രങ്ങൾ മുഖ പ്രസംഗങ്ങൾ എഴുതി.
"എന്നാൽ ഈ പ്രതീക്ഷകൾ സഫലമായില്ല", എന്ന് അദ്ദേഹം ആത്മകഥയിൽ പരിതപിക്കുന്നുണ്ട്. ഡോ. നാരായണമേനോൻ അതിനിടയിൽ ആകാശവാണി വിട്ടു.
ആലപ്പുഴയിൽ 100 കിലോവാട്ട് പ്രസരണി ആരംഭിക്കുന്നതിനും, തിരുവനന്തപുരം നിലയത്തിൽ കൂടുതൽ സ്റ്റുഡിയോ നിർമ്മിക്കുന്നതിനുള്ള പ ണികൾക്ക് തുടക്കമിട്ടത് ഇക്കാലത്താണ്.
പില്ക്കാലത്ത് ജനപ്രിയ ആക്ഷേപഹാസ്യ റേഡിയോ രൂപകമായി മാറിയ 'കണ്ടതും കേട്ടതും' അദ്ദേഹത്തിന്റെ കാലത്ത് "ആരംഭിച്ചതാണ്. സംസ്ഥാന സർക്കാരിന്റെ പബ്ലിക് റിലേഷൻസ് വകുപ്പുമായി ചേർന്ന് ആരംഭിച്ച 'റേഡിയോഗ്രാമരംഗം' പരിപാടി ഏറെ ശ്രദ്ധ പിടിച്ചുപറ്റി. പി.ആർ.ഡിയിൽ ഉദ്യോഗസ്ഥനായ നോവലിസ്റ്റ് ജി.വിവേ കാനന്ദനായിരുന്നു ഈ പരിപാടിയുടെ ചീഫ് ഓർഗനൈസർ . അദ്ദേഹത്തിന്റെ ഓഫീസ് ആകാശവാണിയിലായിരുന്നു.
'സാമവേദം' എട്ടു മണിക്കൂർ നേരം ശബ്ദലേഖനം ചെയ്യാനായതും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.
സ്വദേശത്ത് നിന്ന് വിരമിക്കണമെന്ന ജി.പി.എസ്.നായരുടെ ആഗ്രഹം സഫലമായില്ല. ബോംബെയിൽ പുതിയതായി ആരംഭിച്ച കൊമേഴ്ഷ്യൽ ബ്രോഡ്കാസ്റ്റിങ്ങ് സർവീസിന്റെ സ്പെഷ്യൽ ഓഫീസറായി അദ്ദേഹം നിയമിതനായി.
വിവിധ് ഭാരതിയിൽ നിന്ന് വാണിജ്യ പ്രക്ഷേപണം ആരംഭിക്കുക എന്ന ശ്രമകരമായ ദൗത്യമാണ് അദ്ദേഹത്തെ ഏല്പിച്ചത്. 1967 മെയ് മാസത്തിലായിരുന്നു, അത്. അക്കൊല്ലം നവം.1 ന് വാണിജ്യ പ്രക്ഷേപണം ആരംഭിക്കണമെന്ന് തീരുമാനിച്ചിരുന്നു. അതിന്, മുൻ മാതൃകകളൊന്നും അദ്ദേഹത്തിന്റെ മുന്നിലുണ്ടായിരുന്നില്ല.
"ഏറ്റവും കഠിനമായ ജോലി ചെയ്യേണ്ടി വന്നു : സ്റ്റുഡിയോയിലും മറ്റുമായി രാത്രി ഒന്നര വരെ " .
മുൻ നിശ്ചയ പ്രകാരം അന്നത്തെ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി കെ.കെ.ഷാ വാണിജ്യ പ്രക്ഷേപണം ഉദ്ഘാടനം ചെയ്തു.
കഠിനാദ്ധ്വാനം കാരണം രോഗബാധിതനായ ജി.പി.എസ് നായർക്ക് ആ ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. ഒരു ആശുപത്രിക്കിടക്കയിൽ കിടന്ന്, റേഡിയോയിലൂടെ അദ്ദേഹം ഉദ്ഘാടന ചടങ്ങുകൾ കേട്ടു...
അബു ഫെല്ലോഷിപ്പ് ലഭിച്ച് വാണിജ്യ പ്രക്ഷേപണത്തെ പറ്റി പഠിക്കുവാൻ അദ്ദേഹം 1968 ഫെബ്രുവരിയിൽ ആസ്ട്രേലിയയിലേക്ക് പോയി. പത്താഴ്ചത്തെ ഊർജ്ജിത പരിശീലം കഴിഞ്ഞ് തിരിച്ചെത്തിയ അദ്ദേഹം കൊമേഴ്ഷ്യൽ ബ്രോഡ്കാസ്റ്റിങ്ങ് സർവ്വീസിന്റെ ഡയറക്ടറായി നിയമിതനായി. ബോംബെയ്ക്കു പുറമേ മറ്റ് 17 നിലയങ്ങളിൽ കൂടി വാണിജ്യ പ്രക്ഷേപണം ആരംഭിച്ചു. സ്പോൺസേഡ് വിനോദ പരിപാടികൾ ആരംഭിക്കുന്നത് ഇക്കാലത്താണ്. ആകാശവാണി ഓഡിഷൻ പാസാകാത്ത ഒട്ടേറെ ജനപ്രിയ കലാകാരൻമാർ ഈ പരിപാടികളിലൂടെ ശ്രോതാക്കളുടെ മനം കവർന്നു. 'റേഡിയോ ജോക്കി'കളും പുതുമയാർന്ന പരിപാടികളുമായി പ്രക്ഷേപണത്തെ ആകർഷകമാക്കി.
പ്രതീക്ഷിച്ചതിലും കവിഞ്ഞ ലാഭമാണ് ആകാശവാണിക്ക് വാണിജ്യ പ്രക്ഷേപണത്തിൽ നിന്ന് ആരംഭം മുതല്ക്കേ കിട്ടാൻ തുടങ്ങിയത്.
തൊട്ടതെല്ലാം പൊന്നാക്കി മാറ്റി, ഇന്ത്യൻ റേഡിയോ പ്രക്ഷേപണത്തിൽ തിളക്കമാർന്ന ഒരദ്ധ്യായമെഴുതിച്ചേർത്ത ജി.പി.എസ് നായർ 1971- സെപ്തംബറിൽ സർവ്വീസിൽ നിന്ന് വിരമിച്ചു.
ആകാശവാണിയും താനും തമ്മിലുള്ളത് അഭേദ്യമായ ആത്മീയ ബന്ധമായിരുന്നുവെന്നും, വിരമിക്കലോടെ അത് അവസാനിക്കുന്നില്ലന്നും പറഞ്ഞാണ് ജി.പി.എസ്.നായർ തന്റെ 'റേഡിയോ സ്മരണകൾ ' അവസാനിപ്പിക്കുന്നത്.
' പൂക്കൾ കൊണ്ട് ഈശ്വരാർച്ചന നടത്തുന്നതു പോലെ വേണം, റേഡിയോയിൽ വാക്കുകൾ ഉപയോഗിക്കാൻ ' എന്ന് തന്റെ പിൻതലമുറയെ ആഹ്വാനം ചെയ്ത മനീഷിയായ ആ പ്രക്ഷേപകൻ 2001-ൽ അന്തരിച്ചു.
No comments:
Post a Comment