'ചിത്രം ചരിത്രം' പരമ്പരയുടെ ഒമ്പതാം ഭാഗത്തിൽ (ക്ലബ് ഹൗസ് മീഡിയ റൂം,2022 ഡിസംബർ 3, ശനി) അതിഥികളായി എത്തിയത് മാതൃഭൂമിയുടെ മുൻ സീനിയർ ന്യൂസ് ഫോട്ടോഗ്രാഫർ വി.എസ് ഷൈനും മംഗളത്തിന്റെ സീനിയർ ന്യൂസ് ഫോട്ടോഗ്രാഫർ യു.എസ് രാഖിയുമായിരുന്നു.
പത്രങ്ങൾക്കുവേണ്ടി വാർത്താചിത്രങ്ങൾ എടുത്തിരുന്ന എറണാകുളത്തെ എം.പി സ്റ്റുഡിയോയിലായിരുന്നു ഫോട്ടോഗ്രാഫിയിൽ പരിശീലനം തുടങ്ങിയതെന്ന് വി.എസ്. ഷൈൻ പറഞ്ഞു. ഗംഗാധരൻ മാസ്റ്റർ,ടി.ഒ. ഡോമനിക്ക് എന്നിവരുടെ ശിക്ഷണത്തിൽ ഫോട്ടോഗ്രഫി പഠിച്ചു. അവരുടെ കേരള സ്ക്കൂൾ ഓഫ് ഫൈൻ ആർട്സിലും പഠിച്ചു. എം.ആർ.ഡി ദത്തൻ,ബാബുരാജ്, വിജയൻ, വെങ്കിട്ടരാമൻ,മെൻഡസ് എന്നിവരായിരുന്നു ഗുരുനാഥൻമാർ.ഈ കലാപഠനം,പിൽക്കാലത്ത് ഫോട്ടോഗ്രഫിയെ ഏറെ സഹായിച്ചിട്ടുണ്ട്.
ആകർഷകമായ കലാവിഷ്ക്കാരങ്ങൾക്ക് സാദ്ധ്യത ആ മേഖലയിലാണന്ന് തിരിച്ചറിഞ്ഞു. ഫോട്ടോ എടുക്കുമ്പോൾ കൃത്യമായ ഘടനയും, ലൈറ്റിങ്ങും, ആംഗിളുകളും തെരഞ്ഞെടുക്കാൻ കലാപഠനം സഹായകരമായി.പിന്നെ, മൃത്തകുന്നത്തെ രേഖാ സ്റ്റുഡിയോയിലും പരിശീലിച്ചു. ചേച്ചിയുടെ ഭർത്താവായിരുന്നു, സ്റ്റുഡിയോ നടത്തിയിരുന്നത്.
ഡിഗ്രിക്ക് പഠിച്ച മാല്യങ്കര എസ്.എൻ.എം കോളേജിൽ മാഗസിൻ എഡിറ്ററായിരുന്നു. അക്കാലത്ത് കഥകളും എഴുതിയിട്ടുണ്ട്.
![]() |
കുപ്പത്തൊട്ടിയിൽ ഉപേക്ഷിക്കപ്പെട്ട കുടുംബചിത്രം |
1987ലാണ് മാതൃഭൂമിയിൽ ഫോട്ടോഗ്രാഫറായി ചേരുന്നത്;കോഴിക്കോട് യൂണിറ്റിൽ.ആദ്യ മാസത്തിൽ എടുത്ത വാഹനാപകട ചിത്രമാണ് ആദ്യത്തെ ശ്രദ്ധേയ ന്യൂസ് ഫോട്ടോ . സ്റ്റേഡിയത്തിനടുത്ത് ഓട്ടോറിക്ഷയിടിച്ച് ഒരു കാൽനട യാത്രികൻ റോഡിൽ തെറിച്ചു വീഴുന്ന ലൈവ് ചിത്രമായിരുന്നു , അത് .
34 വർഷത്തെ സേവനത്തിനിടയിൽ മറക്കാനാവാത്ത ഒട്ടേറെ അനുഭവങ്ങളുണ്ട്.
തൃശൂരിലെ മുണ്ടൂരിനടുത്ത് ഇടഞ്ഞ പാറമേക്കാവ് രാജേന്ദ്രൻ എന്ന ആനയെ മയക്കുവെടി വച്ച വെറ്റിനറി ഡോക്ടർ കുത്തേറ്റ് മരിച്ചതിന് സാക്ഷിയാകേണ്ടി വന്നു. അദ്ദേഹം വിരമിക്കുന്നതിന് ഏതാനും ആഴ്ചകൾക്കു മുമ്പായിരുന്നു,ഈ ദാരുണാന്ത്യം."എക്സ്പ്രസ് ദിനപത്രത്തിലെ ഫോട്ടോഗ്രാഫറായ പ്രദീപുമൊത്തായിരുന്നു അവിടെ പോയത്. ഞങ്ങൾ ഡോക്ടറുടെ അടുത്തുണ്ടായിരുന്നു. മയക്കുവെടി വച്ചാൽ ആന മുന്നോട്ടാണ് ഓടാറ്. പക്ഷേ, വെടിയേറ്റ ആന അടുത്തേയ്ക്ക് പാഞ്ഞു വന്നു. ജീവനും കൊണ്ട് വയലിലൂടെ ഓടുന്നതിനിടയിൽ ഒരു പടമെടുത്തു. ഡോക്ടറുടെ പിന്നാലെ ആന പായുന്നതായിരുന്നു ,അത്.അടുത്ത കൈത്തോടിലേക്ക് ഓടിപ്പോയ ഡോക്ടറെ തൊട്ടടുത്ത നിമിഷങ്ങളിൽ ആന കൊന്നു".
കൊച്ചിയിലെ പഴയ വിമാനത്താവളത്തിൽ, ഉപരാഷ്ട്രപതി കെ.ആർ.നാരായണന് പ്രവർത്തകർ സ്വീകരണം നൽകുമ്പോൾ, ആരവമില്ലാതെ,ഏകനായി നടന്നു വരുന്ന കെ.കരുണാകരന്റെ ചിത്രം എടുത്തു. അത് അന്ന് ഏറെ ചർച്ച ചെയ്യപ്പെട്ടു.
ഇന്നും ഏറെ സാമൂഹിക പ്രാധാന്യമുള്ള ചില ചിത്രങ്ങളുമുണ്ട്. തോപ്പുംപടിയിൽ കാറിടിച്ച്, ബസിനടിയിൽ പെട്ട് മരിച്ച ഒരു യുവാവിന്റെ ചിത്രം മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിക്കുന്നവരുടെ ഫോട്ടോ , വലിയ ചോദ്യചിഹ്നങ്ങളുയർത്തി. കളമശ്ശേരിയിൽ, മാലിന്യക്കൂമ്പാരത്തിൽ ഉപേക്ഷിക്കപ്പെട്ട ദമ്പതിമാരുടെ ഫോട്ടോയായിരുന്നു , മറ്റൊന്ന്.
കഥാകൃത്ത് സി.എസ് ചന്ദ്രികയെ തിരുവനന്തരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ പുരുഷ പൊലീസുകാർ മർദ്ദിക്കുന്ന ചിത്രവും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ ഒന്നാണ്. അതിന് സംസ്ഥാന ഫോട്ടോഗ്രഫി പുരസ്കാരവും കിട്ടി.
ഗുരുവായൂർ കേശവന് ദേവസ്വത്തിന്റെ ആനകൾ കൂട്ടത്തോടെ പ്രണാമമർപ്പിക്കുന്നതിന്റെ ചരിത്രം തുടങ്ങുന്നത് ഒരു ഫോട്ടോയോടെയാണന്ന് വി.എസ്.ഷൈൻ അനുസ്മരിച്ചു. ഒരു ആന മാത്രം വന്ന് കേശവന്റെ പ്രതിമയ്ക്കു മുന്നിൽ പ്രണാമം അർപ്പിക്കുകയായിരുന്നു , പതിവ്. പുന്നത്തൂർ കോട്ടയിലുള്ള മറ്റ് ആനകൾ അപ്പോൾ അതു വഴി കടന്നുപോവും."ആ ആനകൾ അപ്പോൾ കുറച്ചുനേരം അവിടെ നിന്നാൽ നല്ലൊരു പടം എടുക്കാമല്ലോ എന്ന് അവിടുത്തെ ലേഖകനോട് ചോദിച്ചു. വലിയ സ്വാധീനമുള്ള പൊതുപ്രവർത്തനായ അദ്ദേഹം ദേവസ്വം അധികാരികളോട് സംസാരിച്ച്, അതിന് അനുവാദം വാങ്ങി. അതിനു ശേഷം ആ ചടങ്ങിൽ മറ്റ് ആനകളും വരിയായി നിൽക്കും".
കെ.ഗോപാലകൃഷ്ണൻ മാതൃഭൂമി പത്രാധിപരായിരിക്കേ, ഒന്നാം പേജിൽ, തൃശൂർ പൂരത്തിന്റെ അസാധാരണമായൊരു മുഴുവൻ പേജ് ചിത്രം വന്നതിന്റെ കഥയും വി.എസ്. ഷൈനും, സഹപ്രവർത്തകനായിരുന്ന ബി. ചന്ദ്രകുമാറും വിവരിച്ചു. നാലുപേരെയാണ് പടമെടുക്കാനയച്ചത്. എന്നാൽ, പത്രാധിപർക്ക് ഒരു ചിത്രവും ഇഷ്ടപ്പെട്ടില്ല. അദ്ദേഹം ദേഷ്യപ്പെട്ടു. "ഇവയിൽ നിന്ന് ഒരു ഫോട്ടോ സെലക്റ്റ് ചെയ്യാൻ എന്നോട് പറഞ്ഞു", ചന്ദ്രകുമാർ കൂട്ടിച്ചേർത്തു. "തെക്കോട്ടിറക്കത്തിനായി ആനകൾ തിരിയുന്നതിന്റെ പടം ഞാൻ തെരഞ്ഞെടുത്ത് നൽകി. അത് ആർക്കും സ്വീകാര്യമായില്ല. എല്ലാ പത്രങ്ങളിലും വരുന്ന സാധാരണ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ ഇത് വലിയ ചർച്ചയാകുമെന്ന് പറഞ്ഞപ്പോൾ ,അദ്ദേഹം സ്വീകരിച്ചു". അങ്ങനെ, കീഴ് വഴക്കത്തിൽ നിന്ന് വഴിമാറി സഞ്ചരിച്ച ആ ചിത്രം അച്ചടിക്കപ്പെട്ടു.
ടി.എൻ ശേഷൻ തെരഞ്ഞെടുപ്പ് കമ്മീഷണറായിരിക്കേ നടന്ന ,1994 ലെ ഗുരുവായ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചത് എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.ടി. കുഞ്ഞു മുഹമ്മദ്. പുതുതായി ഏർപ്പെടുത്തിയ ചില പരിഷ്ക്കാരങ്ങൾ കാരണം വോട്ടെണ്ണൽ പാതിരാ കഴിഞ്ഞും നീണ്ടുപോയി. അവിടെ കാത്തുനിന്നു.ഫലപ്രഖ്യാപനത്തിനു ശേഷം വിജയി പുറത്തു വന്നപ്പോൾ, ചുറ്റിനും ഈയാംപാറ്റകൾ. അതിനിടയിലൂടെ അദ്ദേഹം വരുന്ന ചിത്രമായിരുന്നു, പത്രത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടത്.
യാത്രകൾ എന്നും ഹരമായിരുന്നു. 1997 ൽ സഹപ്രവർത്തകനായ ടി. അജിത് കുമാറിനും കെ.എൻ. ഷാജിക്കുമൊപ്പം നടത്തിയ ഹിമാലയൻ യാത്രയുടെ ചിത്രങ്ങൾ തൃശൂരിൽ 'മൈൻഡ് സ്ക്കേപ്പ് ' എന്ന പേരിൽ പ്രദർശിപ്പിച്ചു. എം.പി.സുരേന്ദ്രനായിരുന്നു , ആ പേരിട്ടത്. ഗംഗോത്രിയിൽ നിന്ന് ഗോമുഖ് വഴി ,മഞ്ഞ് പാളികൾ നിറഞ്ഞ്, അപകടം പതിയിരിക്കുന്ന പാതയിലൂടെ കിലോമീറ്ററുകൾ താണ്ടിയാണ്, തപോവനിലെത്തിയത്. ആരും വരാത്ത കൊടും ശൈത്യത്തിലും അവിടെ ഒറ്റയ്ക്ക് താമസിക്കുന്ന മാത എന്ന തപസ്വിനി യേയും കണ്ടു.
ഫോട്ടോയ്ക്ക് പിന്നിലെ ഇത്തരം അനുഭവങ്ങളെക്കുറിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ 25 ആഴ്ചകൾ കോളം എഴുതിയിട്ടുണ്ട്. വാരാന്തപ്പതിപ്പിലും മറ്റു പ്രസിദ്ധീകരണങ്ങളിലുമടക്കം ധാരാളം ഫീച്ചറുകളും എഴുതി. വടകരയിലെ സിദ്ധാശ്രമത്തേയും, മാനസിക വിഭ്രാന്തി ബാധിച്ച മകൻ രാജുവുമായി തൃശൂർ റൗഡിൽ നാല് പതിറ്റാണ്ടോളം അലഞ്ഞ ലക്ഷ്മിയമ്മാളിനേയും കുറിച്ചുള്ള ഫീച്ചറുകളും ഇതിൽ ഉൾപ്പെടും.
കേരളത്തിലെ പതിനാല് ജില്ലകളിലേയും സാമൂഹിക, കലാ-സാഹിത്യ, പൊതുജീവിതത്തിലുണ്ടായ മാറ്റങ്ങളെ അടയാളപ്പെടുത്തുന്ന 350 ചിത്രങ്ങളും ലഘുവിവരണങ്ങളും ഉൾക്കൊള്ളുന്ന 'പ്രദക്ഷിണം:മണ്ണ്, മനുഷ്യൻ, മലയാളം' എന്ന ആൽബം തയ്യാറാക്കിയിട്ടുണ്ട്."പല കാരണങ്ങളാൽ പത്രത്തിൽ പ്രസിദ്ധീകരിക്കാൻ കഴിയാതെ പോയ ചിത്രങ്ങളും ഇതിലുണ്ട്. ഒരു പരിവർത്തന കാലത്താണ് നമ്മൾ ജീവിക്കുന്നത്. ഇക്കാലത്തിനിടയിൽ എല്ലാ രംഗത്തും വന്ന മാറ്റങ്ങളുടെ ഡോക്യുമെന്റേഷനാണത്". വേൾഡ് മലയാളി കൗൺസിലിന്റെ ഒരു ലക്ഷം രൂപയുടെ ആഗോള പാരിസ്ഥിതിക പുരസ്കാരം അതിന് കിട്ടി.
നമ്മുടെ ആചാരാനുഷ്ഠാനങ്ങൾ, ഉത്സവങ്ങൾ, തുടങ്ങിയവയെക്കുറിച്ച് ഡോക്യുമെന്ററി ചിത്രം ചെയ്യണമെന്ന് ആഗ്രഹമുണ്ട്.
ഡാർക്ക് റൂമിൽ പ്രോസസ് ചെയ്ത്, പ്രിന്റെടുത്ത്, വാഹനങ്ങളിൽ മറ്റു കേന്ദ്രങ്ങളിലേക്കയച്ചിരുന്ന കാലത്ത് ഫോട്ടോഗ്രാഫറായി തുടങ്ങി, ഡിജിറ്റൽ യുഗത്തിൽ വിരമിച്ച മാധ്യമ ജീവിതമാണ് വി.എസ്. ഷൈനിന്റേത്."അന്ന് നാല്പതോളം ന്യൂസ് ഫോട്ടോഗ്രാഫർമാർ മാത്രമാണ് കേരളത്തിലുണ്ടായിരുന്നത്. ഇന്ന് എത്രയോ പേർ ! വിഷ്വൽ കമ്യൂണിക്കേഷനും മൊബൈൽ ഫോണുകളും വ്യാപകമായതോടെ, സ്വന്തം നിലയിൽ വ്യത്യസ്തമായ ചിത്രങ്ങൾ കണ്ടെത്താൻ കഴിയുക എന്നതാണ് ന്യൂസ് ഫോട്ടോഗ്രാഫർമാരുടെ മുന്നിലുള്ള വലിയ വെല്ലുവിളി",വി.എസ്.ഷൈൻപറഞ്ഞു.
കേരളത്തിലെ ആദ്യത്തെ വനിതാ ന്യൂസ് ഫോട്ടോഗ്രാഫറായ യു.എസ് രാഖി ആദ്യം തേജസിലാണ് പ്രവർത്തിച്ചത്. ഇപ്പോൾ , മംഗളത്തിന്റെ സീനിയർ ന്യൂസ് ഫോട്ടോഗ്രാഫറാണ് (അടുത്തിടെ മാത്രമാണ് മറ്റൊരു വനിതാ ഫോട്ടോഗ്രാഫർ നിയമിക്കപ്പെടുന്നത് - മലയാള മനോരമയിൽ ).
1996 മുതൽ ഫോട്ടോയെടുക്കാൻ തുടങ്ങി.പക്ഷേ, അക്കാലത്ത് സ്ത്രീകൾക്ക് ഫോട്ടോഗ്രഫി പഠിക്കാൻ പോലും പ്രയാസമായിരുന്നു. സമീപിച്ച സ്റ്റുഡിയോകളെല്ലാം കൈയൊഴിഞ്ഞു.'ഡാർക്ക് റൂമിൽ പെൺകുട്ടികളെ നിർത്താൻ പറ്റില്ല' എന്നായിരുന്നു അവർ പറഞ്ഞത്. തിരുവനന്തപുരത്തെ ശ്രമിക് വിദ്യാപീഠത്തിൽ ആറു മാസ കോഴ്സിന് അപേക്ഷിച്ചപ്പോൾ , അവരും വിസമ്മതിച്ചു. ഏറെ നിർബന്ധിച്ചപ്പോൾ, മറ്റൊരു പെൺകുട്ടിയെ കൂട്ടി വന്നാൽ പ്രവേശിപ്പിക്കാമെന്നായി. നിരാശയായി പുറത്തിറങ്ങിയപ്പോൾ ഈ കോഴ്സിനു ചേരാനുള്ള അപേക്ഷ വാങ്ങാനെത്തിയ ഒരു പെൺകുട്ടിയെ കണ്ടു. അങ്ങനെ ഫോട്ടോഗ്രഫി പഠിച്ചു. സ്ത്രീ സംവരണത്തെക്കുറിച്ചുള്ള ഒരു ചർച്ചയുടെ ഫോട്ടോ എടുത്തു കൊണ്ടായിരുന്നു , തുടക്കം.
കോഴ്സ് കഴിഞ്ഞ് ഫ്രീലാൻസറായി പ്രവർത്തിച്ചു തുടങ്ങി. കല്യാണപ്പടങ്ങളും എടുത്തു. ഓരോയിടത്തും ചെന്ന്, ജോലി ചോദിച്ചു വാങ്ങുകയായിരുന്നു. 1999-ൽ മാനവീയം പരിപാടികളുടെ ഫോട്ടോകളെടുക്കാൻ അന്നത്തെ സാംസ്കാരിക വകുപ്പ് മന്ത്രി എം.എ.ബേബിയാണ് അവസരം തന്നത്. സൂര്യ ഫെസ്റ്റിവൽ , അല്യോൻസ് ഫ്രാൻസേസ് തുടങ്ങിയവയൊക്കെ കവർ ചെയ്തു. ഒരു വർഷത്തോളം ട്രിവാൻഡ്രം സ്പീക്കിങ്ങ് എന്ന ടാബ്ലോയിഡിൽ ഫോട്ടോഗ്രാഫറായി.
2010 ലാണ് തേജസിൽ ചേരുന്നത്.2015 ലെ ദേശീയ ഗെയിംസ്, സാഫ് കപ്പ് അന്താരാഷ്ട്ര ഫുട്ബോൾ മത്സരം, 20-20 കിക്കറ്റ് ഉൾപ്പെടെ ധാരാളം കായിക വിനോദ പരിപാടികളുടെ ചിത്രങ്ങളെടുത്തിട്ടുണ്ട്. കോളേജിൽ പഠിക്കുമ്പോൾ ഹോക്കി കളിക്കുമായിരുന്നു. വിദ്യാർത്ഥി സംഘടനാ രംഗത്തും സജീവമായിരുന്നു. രണ്ടും ഫോട്ടോഗ്രഫിയിൽ ഉപകാരപ്പെട്ടിട്ടുണ്ട്. സെക്രട്ടറിയിലെ സമര ഭൂവിൽ നിന്ന് പടങ്ങളെടുക്കുമ്പോൾ , കല്ലേറും ജലപീരങ്കിയുമാക്കെ വരുന്നത് എവിടെ നിന്നെന്നറിഞ്ഞ് രക്ഷപെടാനാകും.
ഉറ്റവരുടെ വേർപാടുകൾ സൃഷ്ടിച്ച വ്യക്തിപരമായ നഷ്ടങ്ങൾക്കിടയിൽ നിന്നുകൊണ്ടാണ് ഫോട്ടോഗ്രഫി രംഗത്ത് തുടർന്നത്. അതിനാൽ ഇടവേളകളുമുണ്ടായി."കാര്യമായ ഓഫ്-ബീറ്റ് ചിത്രങ്ങൾ എടുക്കാൻ കഴിഞ്ഞിട്ടില്ല".
കേരളത്തിൽ,പുരുഷൻമാർ വ്യാപരിക്കുന്ന വാർത്താ ചിത്ര രംഗത്ത് ഒറ്റയ്ക്ക് പ്രവർത്തിക്കുമ്പോൾ പ്രശ്നങ്ങളൊന്നും അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ലെന്ന് യു.എസ് രാഖി പറഞ്ഞു. "ശരീരത്തെക്കുറിച്ച് എപ്പോഴും ബോധവതിയല്ലെങ്കിൽ ഒരു പ്രശ്നവുമില്ല".
ഡി.പ്രദീപ് കുമാർ, കെ. ഹേമലത, ബി.ചന്ദ്രകുമാർ എന്നിവർ മോഡറേറ്റർമാരായി.
ചിത്രം ചരിത്രം :ഒൻപതാം ഭാഗത്തിന്റെ ശബ്ദലേഖനം മീഡിയ വേവ്സ് യൂട്യൂബ് ചാനലിലുണ്ട്(uploaded by ShibuP.M).
No comments:
Post a Comment