*കെ. ഹേമലത തയ്യാറാക്കിയ ട്രാൻസ്ക്രിപ്ഷൻ :
'ചരിത്രസാക്ഷികൾ'(ക്ലബ് ഹൗസ് മീഡിയ റൂം, 2023 മാർച്ച് 04) പരമ്പരയുടെ പത്താം ഭാഗത്തിൽ അനുഭവങ്ങളും വീക്ഷണങ്ങളും പങ്കുവയ്ക്കാനെത്തിയത് ദേശാഭിമാനിയുടെ മുൻ സീനിയർ അസിസ്റ്റന്റ് എഡിറ്റർ രവി കുറ്റിക്കാടും കേരള കൗമുദി മുൻ ബ്യൂറോ,യൂണിറ്റ് ചീഫ് പി.വി മുരുകനുമാണ്.
തനിക്ക് 74 വയസ്സ് പൂർത്തിയായി എന്ന് പറഞ്ഞാണ് രവികുറ്റിക്കാട് പ്രഭാഷണം ആരംഭിച്ചത്.
കുടുംബത്തിലെ മൂത്തകുട്ടിയായിരുന്നു. പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ അച്ഛൻമരിച്ചു. അമ്മ നല്ല വായനക്കാരിയായിരുന്നു. പ്രമുഖരായ നിരവധി പേരുടെ ജീവചരിത്രം വായിച്ചിട്ടുണ്ട്, അമ്മ. അങ്ങനെ പല നേതാക്കന്മാരെയും അമ്മയ്ക്ക് അറിയാമായിരുന്നു.കുട്ടിയായിരിക്കുമ്പോൾ തന്നെ വായിക്കാൻ പ്രേരണ നൽകിയത് അമ്മയായിരുന്നു.ഞാൻ എഴുത്തുകാരൻ ആകണം എന്നായിരുന്നു അമ്മയുടെ ആഗ്രഹം.
വായന അതിന് വലിയ പ്രേരണയായിരുന്നു.'മഹാരാജാസിന് ഹൃദയപൂർവ്വം' എന്ന പുസ്തകം നടൻ മമ്മൂട്ടി പ്രകാശനം ചെയ്തപ്പോൾ മമ്മൂട്ടിയെ കാണാൻ നാട്ടിൽ നിന്ന് കാറുപിടിച്ച് 5000 ത്തിൽ പരം പേർ തിങ്ങി നിറഞ്ഞ സദസ്സിൽ മുന്നിൽ തന്നെ ഇരുന്നു, അമ്മ.
പുസ്തകങ്ങൾ എന്നും ദൗർബല്യമാണ്. ആദ്യമായി ചെറുകഥാമത്സരത്തിൽ പങ്കെടുത്ത് രണ്ടാം സമ്മാനം വാങ്ങിയത് പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ്. യു. സി കോളേജിൽ ചേർന്നതോടെ വായന വിപുലമായി. കുറ്റിപ്പുഴ കൃഷ്ണപിള്ള സാർ വിരമിച്ച ശേഷമാണ് അവിടെ പഠിക്കാൻ എത്തുന്നത്. ഒരിക്കൽ വഴിയിൽ കണ്ടപ്പോൾ അദ്ദേഹത്തോടുള്ള ഇഷ്ടം കൊണ്ട് കൂടെ നാല് കിലോമീറ്റർ നടന്ന സംഭവം ഓർക്കുന്നു.
തൃശ്ശൂർ രാമവർമ്മപുരത്ത് എഴുത്തുകാരുടെ ക്യാമ്പ് നടക്കുമ്പോൾ സഹ മുറിയനായി എത്തിയത് സാക്ഷാൽ എൻ. എൻ പിള്ളയായിരുന്നു.നിരവധി എഴുത്തുകാർ അത്തവണ ക്യാമ്പിൽ എത്തിയിരുന്നു. ചെറുകാടിന്റെ മകൻ മോഹനനും ഒപ്പം ഉണ്ടായിരുന്നു.
യു. സി കോളേജ്, എറണാകുളം മഹാരാജാസ്, കേരളവർമ എന്നീ കോളേജുകളിലായിട്ടാണ് പഠനം പൂർത്തിയാക്കിയത്.മലയാളത്തിൽ ബിരുദാ നന്തര ബിരുദം കഴിഞ്ഞ് തൃശൂർ വിമല കോളേജിൽ നിന്ന് ജേണലിസവും പാസ്സായി.
കേരള ടൈംസിലാണ് ആദ്യം ജോലി കിട്ടിയത്. ചീഫ് എഡിറ്റർ വെളിപ്പറമ്പൻ അച്ചനായിരുന്നു. നല്ല പ്രചാരം ഉണ്ടായിരുന്ന പത്രമായിരുന്നു കേരള ടൈംസ് അന്ന്. പത്രത്തിൻറെ പറവൂർ ലേഖകനായി നിയമനം കിട്ടി. പ്രമുഖ തിരക്കഥാകൃത്തായിരുന്ന ജോൺ പോൾ, മുൻ എം.പി സെബാസ്റ്റ്യൻ പോൾ തുടങ്ങി എഴുത്തിൽ താല്പര്യമുള്ള നിരവധി പേർ ടൈംസിൽ അക്കാലത്ത് ജോലി ചെയ്തിരുന്നു. കലാമണ്ഡലം ഗോപി കർണ്ണനായി അവതരിപ്പിച്ച കർണ്ണശപഥത്തെക്കുറിച്ചുള്ളതാണ് എന്റേതായി പത്രത്തിൽ വന്ന ആദ്യ ഫീച്ചർ.
ഫോട്ടോയോടൊപ്പം ഒന്നാം പേജിൽ കൊടുത്തു. കഥകളിക്കൊന്നും ടൈംസിൽ ഇടമില്ലാത്ത കാലമായിരുന്നു അത്. പിന്നീട് വെളിപ്പറമ്പൻ അച്ചൻ എന്നെ കാണുമ്പോൾ പറയും : ഞങ്ങളുടെ പത്രത്തിൽ ഇത്തരം വർത്തകളൊന്നും കൊടുക്കാറില്ല. പക്ഷേ, രവി എഴുതിയ ഫീച്ചർ കണ്ടപ്പോൾ കൊടുക്കണം എന്ന് തോന്നി .
പറവൂർ ബസ് സ്റ്റാൻഡിന് അടുത്തുള്ള കടയിൽ കണ്ട ഒരാളാണ് എന്നോട് ചോദിച്ചത് ,' കേസരി ബാലകൃഷ്ണപിള്ളയെ അറിയാമോ?' പറഞ്ഞു,' കേട്ടിട്ടുണ്ട്, വായിച്ചിട്ടുണ്ട്, പക്ഷേ ,കണ്ടിട്ടില്ല'. തൊട്ടടുത്തുള്ള ഒരു വീട് കാട്ടി അയാൾ പറഞ്ഞു, 'അക്കാണുന്നതാണ് കേസരിയുടെ വീട്'. ആകെ ത്രില്ലടിച്ചു പോയി. വാർത്ത കൊടുക്കുമോ എന്നത് മനസ്സിൽ അപ്പോൾ ഇല്ലായിരുന്നു. കേസരി ബാലകൃഷ്ണപിള്ളയുടെ ഭാര്യ ഗൗരിയമ്മ താമസിച്ചിരുന്നത് ആ ഓലപ്പുരയിലാണ്. അവിടെ ചെന്നു. ആ അമ്മയുടെ മുഖം ഇപ്പോഴും ഓർമ്മയുണ്ട്.
കൂമ്പാള പോലെ വെളുത്ത് ഐശ്വര്യം ഉള്ള ഒരമ്മ. ചാണകം മെഴുകിയ ഇറയം. എന്നോട് ഇരിക്കാൻ പറഞ്ഞു. 'കേസരിയെ കുറിച്ച് വായിച്ചിട്ടുണ്ടോ ' എന്ന് അന്വേഷിച്ചു, വായിക്കണം എന്നോർമ്മിപ്പിച്ചു. കേസരി പത്രം തുടങ്ങിയ കഥ പറഞ്ഞു. പിന്നെ പ്രബോധകൻ തുടങ്ങിയ കഥ. ആകെയുണ്ടായിരുന്ന മകൾ മരിച്ച കഥയും പറഞ്ഞു. അതിൽ കേസരിക്കുണ്ടായ സങ്കടം. താടി വളർത്തിയതിന്റെ കാരണം ഫ്യൂറിസം എന്ന അസുഖം ബാധിച്ചതിനാലാണ് എന്നും പറഞ്ഞു.നെഞ്ചിൽ തണുത്ത കാറ്റ് അടിക്കാതിരിക്കാൻ താടി വളർത്തിയതാണത്രെ.
മുഴുവൻ നേരവും അദ്ദേഹത്തിന് വായന തന്നെയായിരുന്നു. അവരെയെ കല്യാണം കഴിച്ച ശേഷം എവിടെയും കൊണ്ടുപോയിട്ടില്ല. അദ്ദേഹം വായിക്കും, അവർ എഴുതി കൊടുക്കും. അങ്ങനെയാണ് 'ഒരു സ്ത്രീയുടെ ജീവിതം' എന്ന മോപ്പസാങ്ങിന്റെപ്രശസ്ത നോവൽ അവർ തർജ്ജമ ചെയ്തത്. എഴുതി കഴിഞ്ഞപ്പോൾ തോന്നിയത്രേ,അത് തന്റെ തന്നെ കഥയാണെന്ന്. 'എന്നെക്കുറിച്ച് മകന് അറിയണമെങ്കിൽ ആ കഥ വായിക്കണം' അവർ പറഞ്ഞു.
പുസ്തകത്തിന്റെ കോപ്പി തരാമെന്ന് പറഞ്ഞു. കേസരി മരിച്ചു എന്ന് മാതൃഭൂമിയിൽ തെറ്റായ വാർത്ത വന്നതും കേസരിക്കു വാശി തോന്നി, ജീവിച്ചിരിക്കുന്നുണ്ടെന്ന് അറിയിക്കാൻ കുപ്പായമൊക്കെയിട്ട് റോഡിൽക്കൂടി പലവട്ടം നടന്നതും അവർ ഓർത്തു പറഞ്ഞു. കോട്ടയത്ത് വച്ചുള്ള അദ്ദേഹത്തിന്റെ വിയോഗത്തെത്തുടർന്ന് അവിടെ നിന്ന് ഭൗതികശരീരം കൊണ്ടുവന്ന സംഭവവും ശേഷമുള്ള അവരുടെ
ഏകാന്ത ജീവിതവും. അങ്ങനെ നിരവധി കഥകൾ പറഞ്ഞു. പറഞ്ഞതുവെച്ച് ടൈംസിൽ വാർത്ത എഴുതിക്കൊടുത്തു.ഫീച്ചറായിട്ടാണ് വാർത്ത പ്രസിദ്ധീകരിച്ചത്.
വാർത്ത കണ്ട് എന്നെ ഒരുപാട് പേർ വിളിച്ചു.വെളിപ്പറമ്പൻ അച്ചൻ പത്രപ്രവർത്തകർക്കുള്ള പെൻഷൻ കമ്മിറ്റിയിൽ അംഗമായിരുന്നു എന്ന കാര്യം അപ്പോൾ എനിക്ക റിയുമായിരുന്നില്ല . വാർത്ത പ്രസിദ്ധീകരിച്ചത് വലിയ നിമിത്തമായി. കേസരിയുടെ വിധവയ്ക്ക് പെൻഷൻ അനുവദിച്ച് ഉത്തരവായി.
ഓർക്കുമ്പോൾ ഇപ്പോഴും കണ്ണു നിറയുന്നു എന്ന് പറഞ്ഞ് മറ്റൊരു സന്ദർഭവും രവി കുറ്റിക്കാട് ഓർത്തെടുത്തു .
പറവൂർ മുനിസിപ്പാലിറ്റി നിർമ്മിച്ച ടൗൺ ഹാളിന് കേസരിയുടെ പേര് നൽകാൻ സുഹൃത്ത് കൂടിയായിരുന്ന അന്നത്തെ മുനിസിപ്പൽ ചെയർമാൻ എൻ. എ അലി തീരുമാനിക്കുന്നു. കേസരിയുടെ വസതിയിൽ നിന്ന് കൊളുത്തുന്ന ദീപശിഖ ടൗൺ ഹാളിൽ എത്തിക്കുന്ന രീതിയിലായിരുന്നു പരിപാടി. അനുമതിക്കായി വീണ്ടും കേസരിയുടെ സഹധർമ്മിണിയെ ചെന്നു കണ്ടു. ഓർമ്മയുണ്ടോ എന്ന് ആരാഞ്ഞു. 'പെൻഷൻ വാങ്ങി തന്നത് മകനാണോ" എന്ന് എന്നോട് ചോദിച്ചു. കേസരിയുടെ പേര് പറഞ്ഞപ്പോൾ സർക്കാർ അമ്മക്ക് അനുവദിച്ചതാണ് എന്ന് മറുപടി പറഞ്ഞു. എന്നോടിരിക്കാൻ പറഞ്ഞു, വീടിനകത്ത് പോയി സൂക്ഷിച്ചു വച്ചിരുന്ന ഒരു പഴയ കവറിൽ നിന്ന് പഴകി മഞ്ഞ നിറമായ 50 രൂപയുടെ ഒരു നോട്ട് എടുത്ത് കയ്യിൽ തന്നു .മകന് ഒരു സമ്മാനം തരാനായി സൂക്ഷിച്ചു വച്ചതാണെന്ന് പറഞ്ഞു നിർബന്ധിച്ചു വാങ്ങിപ്പിച്ചു. പോരാൻ നേരത്ത് അമ്മയ്ക്ക് തന്നെ ഇരിക്കട്ടെ എന്ന് പറഞ്ഞ് തുക ഞാൻ തിരികെ കൊടുക്കുകയും ചെയ്തു.
കേസരിയുടെ പേരിട്ട പറവൂർ ടൌൺ ഹാൾ ഉപരാഷ്ട്രപതി ശങ്കർ ദയാൽ ശർമയെ കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാനായിരുന്നു പരിപാടി. അദ്ദേഹത്തിന് ഉപഹാരമായി നൽകിയത് ഭഗവത്ഗീതയിലെ ഒരു രംഗം ചിത്രീകരിക്കുന്ന ഫലകമായിരുന്നു. തേരിൽ കയറിയ അർജ്ജുനനോട് കൃഷ്ണൻ ദൂത് പറയുന്ന രംഗം. പത്രത്തിൽ വാർത്ത ആകണമെങ്കിൽ ഇത്തരം ഒരു ഉപഹാരം വേണ്ടി വരും എന്നു അലിയോട് പറഞ്ഞു. ഉപഹാരം സ്വീകരിച്ച് ഉപരാഷ്ട്രപതി 15 മിനിറ്റോളം അതിനെപ്പറ്റി സംസാരിക്കുകയും ചെയ്തു. പത്രത്തിൽ എല്ലാം ബോക്സ് സ്റ്റോറിയായി വാർത്ത വന്നു.
കളമശ്ശേരിയിൽ ബന്ധുവായിരുന്ന ജില്ലാ ജഡ്ജിയുടെ വീട്ടിൽ വച്ചായിരുന്നു ഗൗരി അമ്മയുടെ മരണം എന്ന് പിന്നീട് അറിഞ്ഞു.
അപ്പോഴേക്കും ദേശാഭിമാനിയിൽ ജോലിയിൽ പ്രവേശിച്ചിരുന്നു. വാർത്ത ദേശാഭിമാനിക്കും കൊടുക്കാൻ കഴിഞ്ഞില്ല. വലിയ വാർത്ത ആകേണ്ടതായിരുന്നെങ്കിലും ചെറിയ വാർത്ത മാത്രമായി പത്രത്തിൽ വന്നു.
ചങ്ങമ്പുഴക്ക് കേസരി എഴുതിക്കൊടുത്ത അവതാരിക ഇപ്പോഴും കയ്യിലുണ്ട്.അദ്ദേഹത്തിന്റെ സഹധർമ്മിണി എനിക്ക് തന്ന കേസരിയുടെ കയ്യൊപ്പിട്ട കടലാസ് പിന്നീട് തിരുവനന്തപുരത്തെ കേസരി സ്മാരക ട്രസ്റ്റിന് കൈമാറി. അന്ന് ദ ഹിന്ദു പത്രത്തിൽ ഉണ്ടായിരുന്ന ഗൗരി ദാസൻ നായർക്കാണ് നൽകിയത്.
കേരള ടൈംസിൽ ജോലി ചെയ്യുമ്പോൾ പറവൂരിലെ നിരവധി സംഭവങ്ങൾ വാർത്തയാക്കി. പറവൂർ കോടതി വളപ്പിൽ പൈപ്പുകൾ പൊട്ടിയ വാർത്ത. പൊട്ടിയ പൈപ്പിനിടയിൽ പാമ്പുകളും. വാർത്ത വന്നപ്പോൾ വാട്ടർ അതോറിറ്റിയിലെ ഒരു എൻജിനീയർ കേരള ടൈംസ് പത്രത്തിൽ പരാതിപ്പെട്ടു. വേണ്ടതാണ് ചെയ്തത് എന്ന് പറഞ്ഞ് ഫാദർ ആശ്വസിപ്പിച്ചു. പറവൂരിലെ വെടിക്കെട്ട് അപകടത്തിന്റെ വാർത്തയാണ് ഓർക്കുന്ന മറ്റൊന്ന്. മനോരമ കഥകൾ പലതും കൊടുത്തപ്പോൾ അവിടുത്തെ ബേബി എന്ന റിപ്പോർട്ടർ എന്നോട് പറഞ്ഞു, സ്റ്റോറികൾ എഴുതി കൊടുക്കാൻ.കാരണം, ബേബിക്ക് ഞാൻ എഴുതും പോലെ എഴുതാൻ അറിയില്ലത്രേ. വേറെ രീതിയിൽ മാറ്റിയെഴുതി ഒരു കോപ്പി അയാൾക്കും കൊടുക്കുമായിരുന്നു.
ദേശാഭിമാനിയിൽ ജോലി കിട്ടിയ കാലത്ത് ശമ്പളം കുറവായിരുന്നു. ആഴ്ചയിൽ 10 രൂപ. എറണാകുളത്ത് അക്കാലത്ത് ജീവിക്കാൻ അതുമതി. ചായക്ക് പത്തു പൈസ, ഊണ് കഴിക്കാൻ ഒരു രൂപ. ഇടയ്ക്ക് വീട്ടിൽ അമ്മയെ കാണാൻ പോകുമ്പോൾ അമ്മയുടെ കയ്യിൽ നിന്ന് പോരാത്ത കാശു വാങ്ങും.ഒരിക്കൽ വീട്ടിൽ ചെന്നപ്പോൾ അടുത്ത വീട്ടിലെ മറിയച്ചേടത്തി വീട് മേയാൻ അമ്മയോട് ഓല ആവശ്യപ്പെടുന്നത് കേട്ടു. ശ്രദ്ധിച്ചപ്പോൾ വാർത്താപ്രാധാന്യം ഉണ്ടെന്ന് മനസ്സിലായി.പിന്നീട് അത് 'ഓലയ്ക്ക് തീ വില' എന്ന പേരിൽ വാർത്തയാക്കി.
അടിയന്തിരാവസ്ഥക്കാലം. സെൻസറിംഗ് ഓഫീസർക്ക് സംശയം. എന്താണ് തീ വില എന്നായി. വാർത്തയിൽ എന്റെ പേര് ബൈലൈനായി കൊടുത്ത് പ്രശ്നം പരിഹരിച്ചു.
ഹ്യൂമൻ ഇൻട്രസ്റ്റ് സ്റ്റോറി ആയി കൊടുത്തത് നല്ല പ്രതികരണം ഉണ്ടാക്കി.
അടിയന്തിരാവസ്ഥ ക്കാലമായതിനാൽ വാർത്തകൾ എല്ലാം സെൻസർ ചെയ്താണ് കൊടുത്തിരുന്നത്. അക്കാലത്ത് സോവിയറ്റ് നാട് എന്ന പ്രസിദ്ധീകരണത്തിലെ വാർത്തകളുടെ തർജമ കൊടുക്കുകയായിരുന്നു പ്രധാനമായും ചെയ്തിരുന്നത്. ആലപ്പുഴയിൽ താറാവുകൾ കോഴി വസന്ത ബാധിച്ച് കൂട്ടത്തോടെ ചത്ത വാർത്ത പോലും കൊടുക്കാൻ സമ്മതിച്ചിരുന്നില്ല.
ചെറുപ്പക്കാരുടെ ഇടയിൽ ലഹരിഉപയോഗം വ്യാപകമായ സമയത്ത് ദേശാഭിമാനിയിൽ
എഴുതിയ പരമ്പര വലിയ ചലനം ഉണ്ടാക്കി. ലഹരി ഉപയോഗിക്കുന്ന ചെറുപ്രായക്കാരിലെ വിത്ഡ്രോവൽ സിംപ്‌റ്റം (ലഹരി കിട്ടാതാവുമ്പോളുള്ള അവസ്ഥ) കടുത്തതായിരുന്നു. ലോക് നാഥ് ബെഹ്‌റയായിരുന്നു അന്ന് സിറ്റി പോലീസ് കമ്മീഷണർ. അർബുദ രോഗികൾക്ക് വേദനാ സംഹാരിയായി കൊടുക്കുന്ന ടി.ഡി ജസീക് എന്ന മരുന്ന് വ്യാപകമായി ലഹരിയായി ഉപയോഗിച്ചിരുന്നു. സൂചന കിട്ടി,ഒരിക്കൽ പുല്ലേപ്പടി ശ്മശാനത്തിൽ ഫോട്ടോഗ്രാഫറു മായി ചെന്നു. ഫ്ലാഷ് അടിച്ചപ്പോൾ കൂടിയിരുന്ന ലഹരി സംഘം കണ്ടു. ജീവനും കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. നഗരത്തിലെ പ്രശസ്തമായ ഒരു ഹോസ്റ്റലിൽ ലഹരി മരുന്ന് എത്തിച്ചിരുന്നത് പൂക്കാരികൾ ആയിരുന്നു. തലയിൽ ചൂടാനുള്ള പൂക്കൾക്കൊപ്പം ലഹരി മരുന്നിന്റെ പൊതിയും അവർ വിതരണം ചെയ്തു.
നിരവധി വാർത്തകൾ ലഹരി ഉപയോഗം സംബന്ധിച്ച് കൊടുത്തിരുന്നു.പരമ്പരയ്ക്ക്
നാർക്കോട്ടിക് കൗൺസിൽ ഓഫ് ഇന്ത്യയുടെ അവാർഡും കിട്ടി. പക്ഷേ അതോടെ
സുരക്ഷയില്ലാതെ വഴി നടക്കാൻ കഴിയാതെയായി.ഓഫീസിൽ ഡ്യൂട്ടിയിൽ ആയിരുന്നപ്പോൾ ഒരു രാത്രി ജേണലിസ്റ്റ് കോളനിയിലെ എന്റെ വീട്ടിൽ രണ്ടുപേർ വന്നു. ഭാര്യയെ വിളിച്ചു ബഹളം ഉണ്ടാക്കി. പലതരം ഭീഷണികൾ പിന്നീടും ഉണ്ടായി.
പാലിയം സമരത്തിൻറെ ഭാഗമായി ലേഖന പരമ്പരകൾ കൊടുത്തിരുന്നു.താഴ്ന്ന വിഭാഗത്തിൽപ്പെട്ട ജന വിഭാഗങ്ങൾക്ക് വഴിനടക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സമരമായിരുന്നു, അത്.സമരത്തിൽ പങ്കെടുത്തവരിൽ നിരവധി സ്ത്രീകൾ ഉണ്ടായിരുന്നു.കൊട്ടാരം വിട്ടിറങ്ങിയവരും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. 1947ൽ രാത്രി 12 മണിക്ക് മൂന്ന് പെൺകുട്ടികൾ വീട്ടിൽ നിന്ന് ഇറങ്ങി, കിലോമീറ്ററുകളോളം നടന്ന് സമരവേദിയിലെത്തി പങ്കെടുത്തു. ഇരിങ്ങാലക്കുടയിൽ നിന്നും കൊടുങ്ങല്ലൂർ നിന്നും എറണാകുളം ജില്ലയിലെ പറവൂർ ചേന്ദമംഗലത്തു നടന്ന പാലിയം സമരത്തിൽ പങ്കെടുക്കാൻ ആൾക്കാർ എത്തിയിരുന്നു. പാലിയം സമരത്തിന്റെ എഴുപത്തഞ്ചാം വാർഷികമാണ് വരുന്നത്. കേരളത്തിന് സ്വാതന്ത്ര്യം കിട്ടിയ അതേ വർഷം, വഴി നടക്കാൻ സ്വാതന്ത്ര്യത്തിനുവേണ്ടി സമരം ചെയ്യേണ്ടതായി വന്ന ചരിത്രം അടയാളപ്പെടുത്തേണ്ട ചരിത്രം തന്നെയായിരുന്നു. തിരു - കൊച്ചി മുൻ മുഖ്യമന്ത്രി സി.കേശവൻ ആണ് ഉദ്ഘാടനം നിർവഹിച്ചത്. അദ്ദേഹം പിന്നീട് നിലപാടുകളിൽ നിന്ന് പിൻമാറി. സമരം രൂക്ഷമായപ്പോൾ മകൻ കെ.ബാലകൃഷ്ണൻ ( കൗമുദി ) സമരപ്പന്തലിൽ വന്നു പ്രസംഗിച്ചു, 'അച്ഛൻറെ പോക്ക് ശരിയല്ല' .
പാലിയം സമരത്തിൽ തമ്പുരാട്ടിമാരുടെ പങ്ക് വലുതായിരുന്നു. സമരത്തിൽ പങ്കെടുത്ത തൃപ്പൂണിത്തുറ കോവിലകത്തെ തമ്പുരാക്കന്മാരെ പോലീസ് മർദ്ദിച്ചു. അവരിൽ ഒരാൾ മുൻസിപ്പൽ ചെയർമാൻ ആയിരുന്നു. മർദ്ദിച്ച ശേഷമാണ് പോലീസുകാർ അറിയുന്നത് അവർ തമ്പുരാക്കന്മാർആയിരുന്ന കാര്യം. അടി കൊണ്ടിട്ടും വീണ്ടും സമരപ്പന്തലിൽ എത്തി,തമ്പുരാൻ.
പോലീസ് മർദ്ദനത്തിൽ ഏ.ജി വേലായുധൻ മരിച്ചതും ഈ സമരത്തിൽ തന്നെ. കൂടുതൽ സ്ത്രീകൾ പങ്കെടുത്ത സമരം. കല്ലാട് കൃഷ്ണന്റെ പത്നി തുടങ്ങി നിരവധി സ്ത്രീകൾ. വഴി നടത്താൻ അവകാശം കിട്ടേണ്ടിയിരുന്ന അധ:സ്ഥിത വിഭാഗങ്ങളിൽ പെട്ടവരെക്കൂടാതെ സവർണ്ണ വിഭാഗങ്ങളിൽ പ്പെട്ടവരും പിന്തുണ പ്രഖ്യാപിച്ച് സമരത്തിന് എത്തി എന്നതാണ് വ്യത്യസ്തമാക്കുന്നത്. പങ്കെടുത്ത തമ്പുരാട്ടിമാരുടെ റോൾ എടുത്തു പറയേണ്ടതാണ്. പാലിയം സമരത്തെക്കുറിച്ച് എഴുതിയ പുസ്തകം പ്രസിദ്ധീകരിച്ചത് ഈയിടെയാണ്. 'അന്തപുരങ്ങളിലെ അഗ്നി നക്ഷത്രങ്ങൾ 'എന്ന പരമ്പരയാണ് അന്ന് എഴുതിയത്.
എറണാകുളം ജനറൽ ആശുപത്രി, ഷിപ്പിയാർഡ്, കൊച്ചിൻ യൂണിവേഴ്സിറ്റി, കൊച്ചിയിലെ പൈതൃക മന്ദിരങ്ങൾ ഇവയെപ്പറ്റിയെല്ലാം നിരവധി വാർത്തകൾ കൊടുത്തു.
1967ൽ മഹാരാജാസിൽ പഠിക്കുമ്പോൾ സാഹിത്യത്തിൽ താല്പര്യമുള്ള ഒരു വലിയ ഗ്യാങ് ഉണ്ടായിരുന്നു. എല്ലാവരും ചേർന്ന് സങ്കേതം എന്ന ഒരു മാസിക ഇറക്കി. എൻ. എസ്.മാധവന്റെ ആദ്യ കഥ പ്രസിദ്ധീകരിച്ചത് സാങ്കേതത്തിലാണ്. അതിന്റെ പ്രവർത്തനവുമായി ഏറെ സഹകരിച്ചിട്ടുണ്ട്.
ടി.കെ രാമചന്ദ്രനെ പോലെ എഴുത്തിൽ താല്പര്യമുള്ള ചിലരും ഉണ്ടായിരുന്നു. വളരെ കാലത്തിനു ശേഷം 'പ്രണയപൂർവ്വം മഹാരാജാസിന്' എന്ന പേരിൽ മഹാരാജാസ് കോളേജിൻറെ ചരിത്രം എഴുതാൻ ഇടയായി. പൂർവ്വവിദ്യാർത്ഥി സംഘടനയുടെ ആഭിമുഖ്യത്തിലാണ് ഇറങ്ങിയത്.
മലയാള സാഹിത്യത്തിൻറെ ആധുനിക കാലഘട്ടം കൂടിയായിരുന്നു അത്.അന്ന് പ്രശസ്ത കവി കെ. സച്ചിദാനന്ദൻ എസ്.എഫ്.ഐയുടെ സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. ദേശാഭിമാനിയിലെ തിരക്കിനിടയിലാണ് മഹാരാജാസിന്റെ ചരിത്രം നാലു വർഷം കൊണ്ട് പൂർത്തിയാക്കിയത്. അതിന് കെ. ദാമോദരൻ അവാർഡ് കിട്ടി. സുപ്രീം കോടതി മുൻ ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യരുടെ ആദ്യ ജീവചരിത്രം എഴുതാൻ കഴിഞ്ഞു.'ജനഹൃദയങ്ങളിലൊരു ന്യായാധിപൻ' എന്നാണ് പുസ്തകത്തിന്റെ ടൈറ്റിൽ.പിന്നീട് അത് തമിഴിലേക്ക് തർജ്ജമ ചെയ്തു. 'വൺ ഓഫ് മൈ ബെസ്റ്റ് ബയോഗ്രഫീസ്' എന്ന് കൃഷ്ണയ്യർ പുസ്തകത്തെ പറ്റി പറഞ്ഞിട്ടുണ്ട്.രണ്ടുകൊല്ലം കൃഷ്ണയ്യരോടൊപ്പം നടന്നിട്ടാണ് പുസ്തകം പൂർത്തിയാക്കിയത്.കൃഷ്ണയ്യരുമായുള്ള സഹവാസം എന്റെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കാനുള്ള അവസരവുമായി മാറി. അദ്ദേഹത്തിൻറെ പ്രഭാഷണങ്ങൾ,വിധി ന്യായങ്ങൾ, ഇടപെട്ടിട്ടുള്ള പൊതു വിഷയങ്ങൾ, പൊതു താൽപര്യ ഹർജികൾ, വിധികൾ പഠിച്ചു. ഹർജിക്കാരേയും മറ്റു പലരെയും നേരിൽ കണ്ട് അഭിമുഖങ്ങൾ നടത്തി.
കേരള ഹൈക്കോടതി ജസ്റ്റിസ് ആയിരുന്ന രാഘവൻ വയസ്സ് തിരുത്തിയ സംഭവം ഓർക്കുന്നു. രണ്ടുവർഷമാണ് തിരുത്തിയത്. അത്തരത്തിൽ വന്ന വാർത്തയുടെ കുറിപ്പുകൾ കൊടുത്താലേ സി.ബി.ഐക്ക് അന്ന് കേസ് മുന്നോട്ടു കൊണ്ടു പോകാൻ കഴിയുമായിരുന്നുള്ളൂ സിബിഐയിലെ ഉയർന്ന ഉദ്യോഗസ്ഥർ വാർത്ത അന്വേഷിച്ചു വന്നു. ദേശാഭിമാനിയിൽ വാർത്ത കൊടുക്കാൻ കഴിയുന്ന സാഹചര്യമായിരുന്നില്ല. എന്നാൽ കൗമുദി കൊടുത്തു. അത് പിന്നീട് കേസായി. ജഡ്ജിക്കെതിരെ നടപടിയും ഉണ്ടായി.
എം.ടിയുടെ രണ്ടാമൂഴം പ്രസിദ്ധീകരിച്ച് കുറേ ദിവസം കഴിഞ്ഞപ്പോൾ ഉണ്ടായ സംഭവവും ഓർക്കുന്നു. കടയിൽ ചായ കുടിക്കാൻ പോയപ്പോഴാണ്, രണ്ടു ചെറുപ്പക്കാർ തമ്മിൽ സംസാരിക്കുന്നത് കേട്ടത്; യുഗാന്ത ഒന്ന് വായിച്ചു നോക്കിക്കൊള്ളൂ.അതിന്റെ ഇൻഫ്ലുവൻസ് രണ്ടാമൂഴത്തിൽ ഉണ്ടായോ എന്ന് സംശയമുണ്ട് എന്നാണ് അവർ തമ്മിൽ പറഞ്ഞത്. ഉടൻ ബോംബെയിലെ ബന്ധുവിനെ വിളിച്ച് ചർച്ച്ഗേറ്റിനടുത്ത് പഴയ പുസ്തകങ്ങൾ വിൽക്കുന്നിടത്ത് അന്വേഷിപ്പിച്ചു. യുഗാന്ത അയച്ചു തന്നു. വായിച്ചു കഴിഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി. ആന്ത്രോപോളജിസ്റ്റായ ലീലാവതി കർവ്വേയുടെ കൃതിയാണ് യുഗാന്ത. യുഗാന്തയിൽ ഓരോ കഥാപാത്രത്തേയും പരിചയപ്പെടുത്തുന്നു. അതിലൂടെയാണ് ഇവരുടെ റോളുകളെ പറ്റി പറയുന്നത്. അവസാനയാത്രാ സമയത്ത് ഭീമസേനൻ ദ്രൗപതിയെ മടിയിൽ കിടത്തുകയും ആശ്വസിപ്പിക്കുകയും ചെയ്യുമ്പോൾ അവൾ പറയുന്നു, " നീ ആയിരിക്കും അടുത്ത ജന്മത്തിൽ എന്റെ ഭർത്താവ്".
നോവൽ എങ്ങനെ ആരംഭിക്കണം എന്ന പ്രചോദനം എം. ടിക്ക് ലഭിച്ചിട്ടുള്ളത് ലീലാവതയുടെ പുസ്തകത്തിൽ നിന്നാണ്. അതിൽ നിന്നാണ് കഥ ആരംഭിക്കുന്നത്. അവരും ഇങ്ങനെയാണ് ഭീമസേനനെ ചിത്രീകരിക്കുന്നത്. പെടാവുന്ന ഒരു കഥാപാത്രം എന്ന രീതിയിലാണ് ഭീമനെ അവർ പരിചയപ്പെടുത്തുന്നത്. ആ പുസ്തകത്തിന്റെ സ്വാധീനം എടുത്തു പറയേണ്ടതായിരുന്നു എന്ന് എനിക്ക് തോന്നി. ഞാൻ ദേശാഭിമാനിയിൽ വാർത്ത കൊടുത്തു. എം.എൻ കുറുപ്പായിരുന്നു വാരാന്ത്യപ്പതിപ്പിന്റെ എഡിറ്റർ. അദ്ദേഹം ഇത് കൊടുക്കുമോ എന്ന് സംശയം ആയിരുന്നു. പി. ഗോവിന്ദപ്പിള്ളയും പുസ്തകം വായിച്ചിരുന്നു. അദ്ദേഹം പറഞ്ഞു, തന്റെ മനസ്സിലും വന്ന കാര്യമാണ് ഇപ്പോൾ ചർച്ചയാകുന്നത് എന്ന്. എന്നാൽ ഇത് സംബന്ധിച്ച് വേറെ ചില പ്രശ്നങ്ങളുണ്ടായപ്പോൾ ആ വിഷയം വിടുകയായിരുന്നു. ഇന്നാണെങ്കിൽ വലിയ വിവാദമായേനെ.
പ്രശസ്തരായ പലരെയും ഇൻറർവ്യൂ ചെയ്തിട്ടുണ്ട്. മജീഷ്യൻ പ്രൊഫ. ഭാഗ്യനാഥ്, പ്രമുഖ കലാനിരൂപകനായിരുന്ന കൃഷ്ണ ചൈതന്യ, കലാമണ്ഡലം ഹൈദരാലി തുടങ്ങി നിരവധി പേർ.
പ്രൊഫ. ഭാഗ്യനാഥിന്റെ പത്നി സുലോചന, സ്വാതന്ത്ര്യ ദിനത്തിൽ രാവിലെ മഹാരാജാസിൽ പതാക ഉയർത്തിയ വിദ്യാർത്ഥി കളുടെ സംഘത്തിൽ ഉണ്ടായിരുന്നു. മഹാരാജാസിലെ അമ്പതാം വാർഷിക ദിനം ആഘോഷിക്കുമ്പോൾ എറണാകുളം പ്രസ് ക്ലബ് സെക്രട്ടറിയായിരുന്നു ഞാൻ. അന്ന് സ്വാതന്ത്ര്യ ദിനത്തിൽ പതാക ഉയർത്തിയതിനെ തുടർന്ന് പുറത്താക്കപ്പെട്ട 17 പേരെ തിരഞ്ഞു പിടിക്കാൻ ശ്രമിച്ചു. പലരും അന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നില്ല . എന്നാൽ അതിൽ ഒരാളായ സുലോചന വന്നിരുന്നു. പ്രശസ്ത നടി വിധുബാലയുടെ അമ്മയാണ് സുലോചന. ഭർത്താവിനൊപ്പമാണ് എത്തിയത്. കൊടിയുയർത്തിയ സ്ഥലത്ത് പോയി വാർത്ത തയ്യാറാക്കി. പത്രക്കാർ ഏറെ ആഘോഷിച്ച ഒന്നായിരുന്നു ആ സംഭവം.പുറത്താക്കപ്പെട്ടവരിൽ ഡോ. എൻ. എ.കരീമും ഉണ്ടായിരുന്നു . കോളേജിൽ നിന്ന് പോയശേഷം അദ്ദേഹം വേറെ സർവ്വകലാശാലയിൽ പഠനം പൂർത്തിയാക്കിയിരുന്നു. പിന്നീട് പ്രോ വി സിയായിട്ടാണ് തിരിച്ചു മഹാരാജാസിൽ സന്ദർശനത്തിനെത്തുന്നത്. അതും വാർത്തയായി. അന്ന് ജാഥ നയിച്ചത് സുലോചനയായിരുന്നു. സ്വാതന്ത്ര്യ ദിനത്തിൽ ഉടുത്ത അതേ ചുവന്ന സാരിയുടുത്താണ് അമ്പതാം വാർഷികത്തിനും അവർ എത്തിയത്.ഓൾഡ് സ്റ്റുഡൻസ് അസോസിയേഷനാണ് ചടങ്ങ് സംഘടിപ്പിച്ചത്.
'എന്തുചെയ്യണം?' എന്ന രവി കുറ്റിക്കാടിന്റെ നാടകത്തില് മമ്മൂട്ടി അഭിനേതാവായിരുന്നു.
മമ്മൂട്ടി തന്നെ അവതരിപ്പിച്ച നാടകം അടിയന്തിരാവസ്ഥ ക്കാലത്താണ് വേദിയിൽ എത്തിയത്.
കേരളത്തില് പലയിടത്തും ഈ നാടകം അരങ്ങേറിയിട്ടുണ്ട്.
പിൽക്കാലത്ത് എറണാകുളം ജില്ലാ കളക്ടറായ ഡോ. കെ. ആർ വിശ്വംഭരൻ അന്ന് സംഘത്തിൽ ഉണ്ടായിരുന്നു.ദേശാഭിമാനിയിൽ ജോലി ഉണ്ടായിരുന്നെങ്കിലും താമസം ലോ കോളേജിലെ ഹോസ്റ്റലിൽ ആയിരുന്നു. മമ്മൂട്ടിയുടെയും വിശ്വംഭരന്റെയും ഒക്കെ ഒപ്പമായിരുന്നു താമസം. ഒരു നാടകമത്സരം വന്നപ്പോൾ അവതരിപ്പിക്കാൻ തീരുമാനിച്ചു. കഥാതന്തു ഉണ്ടാക്കിയത് ഞാനാണ്. പിന്നീട് മഹാരാജാസ് കോളേജിന്റെ മെയിൻ ഹാളിൽ നാടകം അവതരിപ്പിച്ചു.
സ്റ്റേജിൽ വന്ന് ഒരു കഥാപാത്രം, കളിക്കുന്ന നാടകം എന്താണെന്ന് പറയുന്നു. അങ്ങനെ വേണം തുടങ്ങാൻ. മഹാരാജാസിന്റെ മെയിൻ ഹാളിൽ താൻ നാടകം അവതരിപ്പിക്കാം എന്ന് മമ്മൂട്ടി പറഞ്ഞു സേക്രഡ് ഹാർട്ട് കോളേജിന്റെ നാടകമുൾപ്പെടെ പല കലാലയങ്ങളുടെയും നാടകങ്ങൾ മത്സരത്തിനുണ്ടായിരുന്നു. മൈക്ക് എടുത്ത് 'ഞങ്ങൾ ഈ ഭൂമിയിൽ നാടകം കളിക്കുകയാണ്'എന്ന് മമ്മൂട്ടി പറഞ്ഞു തുടങ്ങിയതും ചുള്ളിക്കാടിന്റെ കവിതയ്ക്കായി കാതുകൂർപ്പിക്കുന്നത് പോലെ സൂചി വീണാൽ കേൾക്കാവുന്ന നിശബ്ദത ഹാളിൽ നിറഞ്ഞു. മനോഹരമായ പ്രസന്റേഷനായിരുന്നു അത്. ഞങ്ങൾ പ്ലാൻ ചെയ്തതിനേക്കാൾ ഗംഭീരമായിരുന്നു. നാടകത്തിന് രണ്ടാം സമ്മാനമാണ് കിട്ടിയത്. പിന്നീട് അത് പല സ്ഥലത്തും കളിക്കാനായി. അടിയന്തരാവസ്ഥ ക്കാലമായിരുന്നു. പോലീസ് പിടിച്ചിരുന്നെങ്കിൽ വിശ്വംഭരൻ ഐ.എ.എസ് ആവുകയില്ലായിരുന്നു. ഞാൻ ദേശാഭിമാനിലും ഉണ്ടാകില്ല. എല്ലാവരും ജയിലിൽ ആകുമായിരുന്നു. സ്റ്റേജിൽ ബാക്ക് ഡ്രോപ്പ് ആയി വച്ചിരുന്നത് അശോകസ്തംഭം ആയിരുന്നു. മേശയും കയ്യൊടിഞ്ഞ കസേരയും അധികാരത്തിന്റെ ചിഹ്നങ്ങൾ ആയിരുന്നു. ജുഡീഷ്യറിയും എക്സിക്യൂട്ടീവും തമ്മിലുള്ള തർക്കം ഞാനോ നീയോ വലുത് എന്ന രീതിയിൽ. സാധാരണക്കാരന്റെ പ്രതിനിധിയായി നിലത്ത് ഒരു കർഷക തൊഴിലാളി കിടക്കുന്നു. ഹാസ്യാത്മകമായി അയാൾ പറയുന്ന കാര്യങ്ങൾക്ക് ജനം കയ്യടിക്കും. ഞാൻ പറയേണ്ടതാണ് എന്ന് ഓരോരുത്തർക്കും തോന്നുന്ന കാര്യങ്ങളാണ് അയാൾ പറയുന്നത്. വിപ്ലവത്തിന്റെ സിംബൽ ആയ തീപ്പന്തം വന്നാണ് അവസാനിക്കുന്നത്.
പ്രശസ്ത ഗായകൻ കലാമണ്ഡലം ഹൈദരാലിയുടെ ചരമവുമായി ബന്ധപ്പെട്ട് ഒരു മീറ്റിംഗ് കൂടിയപ്പോൾ മമ്മൂട്ടി വീണ്ടും ഈ നാടകം അവതരിപ്പിക്കാൻ താൽപര്യം കാണിച്ചിരുന്നു. ഇപ്പോഴും കളിക്കാൻ മാത്രം ആ കഥയ്ക്ക് പ്രാധാന്യമുണ്ട്.
എറണാകുളത്ത് നടന്ന കുപ്രസിദ്ധമായ നഗ്നയോട്ടം. സംഭവത്തിന്റെ പടം എടുക്കാൻ കൃഷ്ണൻ നായർ സ്റ്റുഡിയോയിലെ ജനാർദ്ദനൻ പ്ലാൻ ചെയ്തിരുന്നു .ബി. എ പൊളിറ്റിക്സിന് പഠിച്ചിരുന്ന അഷ്‌റഫ് പടിയൻ(സംവിധായകൻ കമലിന്റെ അമ്മാവൻ) ഇതിന്റെ സംഘാടകനായിരുന്നു എന്ന് ഓർക്കുന്നു. ഓട്ടത്തിൽ പങ്കെടുത്തവരുടെ വസ്ത്രങ്ങളെല്ലാം എടുത്തുവെച്ച് ബ്രോഡ് വേയിൽ കൂടി ഓടാൻ പറഞ്ഞത് പടിയനാണ്. ഓടിക്കഴിഞ്ഞപ്പോൾ പക്ഷേ ജനാർദ്ദനൻ പടമെടുക്കാൻ മറന്നുപോയി. കോളേജ് ഹോസ്റ്റലിന്റെ ഭാഗത്തുനിന്ന് വീണ്ടും നടത്തിയ ഓട്ടത്തിന്റെ പടമാണ് വാർത്തയുടെ ഭാഗമായത്. ഇന്ത്യയിലെ തന്നെ ആദ്യത്തെ സ്ട്രീക്കിങ് ആയിരുന്നു അത്.
കവി ചങ്ങമ്പുഴയുടെ പത്നി ശ്രീദേവി ചങ്ങമ്പുഴയുമായി ഇൻറർവ്യൂ നടത്തിയിട്ടുണ്ട്. കുടുംബ ജീവിതത്തിലെ അസ്വാരസ്യങ്ങളുടെ കഥകൾ പറഞ്ഞു. പിന്നീട് ചില അന്വേഷണങ്ങളിൽ നിന്നായി എനിക്ക് ഇടപ്പള്ളി രാഘവൻപിള്ളയുമായി ബന്ധപ്പെട്ട കഥകൾ കിട്ടി. പിന്നീട് എനിക്കതൊരു ഗവേഷണ വിഷയമായി മാറി. തകഴിയുടെ വീട്ടിൽ നിന്ന് കിട്ടിയ വേറെ ചില രേഖകളും ഉണ്ടായിരുന്നു. ചന്ദ്രശേഖരൻ എന്ന വ്യക്തി പറഞ്ഞ സംഭവവും ഓർക്കുന്നു.ഇടപ്പള്ളിക്കാരനായ ചന്ദ്രശേഖരന്റെ വീട്ടിൽ ഒരു രൂപയ്ക്ക് രമണൻ വിൽക്കാൻ ചങ്ങമ്പുഴ കൊണ്ട് ചെന്നപ്പോൾ അത് വായിച്ച് അദ്ദേഹം ഞെട്ടിപ്പോയി എന്നാണ് പറയുന്നത്. തൊട്ടടുത്ത വീട്ടിലെ രാഘവൻപിള്ള, കുളിച്ച് തല തുവർത്തുമ്പോൾ പാടിയിരുന്ന വരികളായിരുന്നു അവയിൽ ചിലത്. രമണനിൽ വരികൾ എങ്ങനെ വന്നു എന്ന സംശയം അയാൾ പങ്കുവയ്ക്കുകയായിരുന്നു .
അമ്പതു വർഷത്തെ മലയാള സിനിമയുടെ ചരിത്രം പറയുന്ന 'വെള്ളിത്തിര ' എന്ന കൃതിയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.2008ൽ വിരമിക്കുമ്പോൾ ദേശാഭിമാനി വാരാന്തപ്പതിപ്പിന്റെ എഡിറ്ററായിരുന്നു.
അന്വേഷണാത്മക പത്രപ്രവര്ത്തനത്തിനുള്ള നാര്ക്കോട്ടിക് കൗസില് ഓഫ് ഇന്ത്യയുടെ അവാര്ഡ്, ചൊവ്വര പരമേശ്വരന് അവാര്ഡ്,കെ. ദാമോദരന് അവാര്ഡ് തുടങ്ങി നിരവധി അംഗീകാരങ്ങളും രവി കുറ്റിക്കാടിനെ തേടിയെത്തിയിട്ടുണ്ട്.
'കാണാപ്പുറങ്ങളിലെ നായനാര്', കെ.പി.എ.സി. ലളിതയുടെ ജീവിതകഥ, പത്രപ്രവര്ത്തക ലീലാമേനോന്റെ ആത്മകഥ, 'നിലക്കാത്ത സിംഫണി', കലാമണ്ഡലം ഹൈദരലിയുടെ പുസ്തകം, 'ഓര്ത്താല് വിസ്മയം', കെ.പി.എ.സി. യുടെ യവനിക എന്നീ പുസ്തകങ്ങളുടെ എഡിറ്റിങ്ങ് നടത്തിയത് രവി കുറ്റിക്കാടാണ്. ' അനുഭൂതികളുടെ ചിറകില്' എന്ന ലേഖന സമാഹാരവും അദ്ദേഹത്തിൻെറതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ക്ലബ് ഹൗസ് മീഡിയ റൂമിൽ എത്തിയ മറ്റൊരതിഥി , കേരള കൗമുദി തിരുവന്തപുരം എഡിഷനിൽ ബ്യൂറോ ചീഫായിരുന്ന പി. വി മുരുകനാണ്.
ശ്രീലങ്കയിൽ തമിഴ് വംശജർക്കെതിരെ വംശീയ കലാപം രൂക്ഷമായ കാലമായിരുന്നു അത്.
തമിഴ് അറിയാമായിരുന്നതാണ് പി. വി മുരുകനെ എൽ. ടി. ടി.ഇയുടെ താവളങ്ങളിലേക്ക് എത്തിച്ചത്. മുൻ പരിചയം ഉണ്ടായിരുന്നില്ല.മൂന്നാഴ്ച അവിടെ താമസിച്ച് ബന്ധങ്ങൾ ഉണ്ടാക്കിയെടുക്കുകയായിരുന്നു. പത്രക്കാർ എന്ന് പറഞ്ഞാൽ എല്ലായിടത്തും സ്വീകാര്യത ഉണ്ടാകണമെന്നില്ല. പല വാർത്തകളും യാദൃച്ഛികമായി കിട്ടിയവയാണ്. ചാരനാണ് എന്ന് തോന്നിയാൽ അപകടമാണെന്ന് അറിയാമായിരുന്നു. മാത്രമല്ല ,അവർ തുറന്നു സംസാരിക്കുകയുമില്ല. വാർത്തയുടെ സോഴ്സുകൾ ഒരാൾക്കുമുന്നിലും
ഒരിക്കലും വെളിപ്പെടുത്തിയിട്ടില്ല. മദനിയെ വെളിപ്പെടുത്തി തന്ന പോലീസ് ഉദ്യോഗസ്ഥൻ ഇപ്പോഴുമുണ്ട്. ജോലിയിൽ നിന്നും വിരമിച്ചു ,അദ്ദേഹം. രാജേഷ് ദിവാൻ എന്ന അന്നത്തെ കൊല്ലം പോലീസ് സൂപ്രണ്ട് ചോദ്യംചെയ്യാൻ എത്തിയെങ്കിലും സോഴ്സ് വെളിപ്പെടുത്തില്ല എന്ന നിലപാടിൽ ഉറച്ചുനിന്നു.അത്തരം നിയമങ്ങൾ ഒന്നും അന്നില്ല. ഇന്നത്തെ പോലെ മൊബൈൽ കോണ്ടാക്ടിൽ നിന്ന് ചോർത്തിയെടുക്കാൻ ആകാത്തത് കൊണ്ട് ഞാൻ പിടിച്ചുനിന്നു.
നിരവധി രഹസ്യ ക്യാമ്പുകൾ രാമേശ്വരം തീരത്ത് ഉണ്ടായിരുന്നു. നിരോധിക്കപ്പെട്ട സംഘടനയായി എൽ. ടി ടി.ഇ തുടരുമ്പോൾ തന്നെ അവർ തമിഴ് വംശജർക്കായി നിരവധി രഹസ്യ ക്യാമ്പുകൾ രാമേശ്വരത്ത് തുറന്നിരുന്നു. രഹസ്യമായി ഇന്ത്യ ഗവൺമെൻറ് ആയുധങ്ങൾ നൽകി സഹായിച്ചിരുന്നു എന്നതും വാസ്തവമാണ്. എന്നാലും മാധ്യമങ്ങൾക്ക് രഹസ്യമായി മാത്രമേ അത്തരം ക്യാമ്പുകളിൽ റിപ്പോർട്ടിംഗ് നടത്താൻ കഴിയുമായിരുന്നുള്ളൂ. ക്യാമ്പുകളിൽ എത്തുന്നവർ അവരെ ഒറ്റിക്കൊടുക്കാൻ പോകുന്നവരാണെന്ന തോന്നൽ ഉണ്ടായാൽ വലിയ ആപത്താണ്.
ഞങ്ങൾ യാത്ര ചെയ്തിരുന്ന കപ്പൽ ശ്രീലങ്കൻ നാവിക സേന തടഞ്ഞു. മുന്നോട്ടു പോകാൻ പറ്റാതെയായി. തിനാൽ ജാഫ്നയിൽ ഞങ്ങൾക്ക് എത്താൻ കഴിഞ്ഞില്ല. അവിടെ എത്തിയിരുന്നെങ്കിൽ പുലി നേതാവായിരുന്ന പ്രഭാകരനെ ഇൻറർവ്യൂ ചെയ്യാമായിരുന്നു. ഇന്ത്യ ഗവൺമെൻറ് പിന്നീട് ഭക്ഷ്യ വസ്തുക്കൾ വിമാനങ്ങളിൽ എത്തിച്ച എയർ ഡ്രോപ്പ് ചെയ്യുകയായിരുന്നു.
വിഷയം ഫോളോ അപ്പ് ചെയ്യാൻ കഴിഞ്ഞില്ല. രാമേശ്വരത്തും ധനുഷ്കോടിയിലും അഭയാർത്ഥികൾ വരുന്നുണ്ടെങ്കിലും വാർത്താ പ്രാധാന്യമുള്ള സംഭവങ്ങൾ അന്നത്തെപ്പോലെ ഇപ്പോഴില്ല. ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി കൊണ്ട് എത്തുന്നവരും ഇപ്പോൾ അഭയാർത്ഥികൾ ആയി എത്തുന്നുണ്ട്. ശ്രീലങ്കയ്ക്ക് ഇപ്പോൾ ഇന്ത്യയുടെയും ചൈനയുടെയും കൈത്താങ്ങ് ഉള്ളതുകൊണ്ട് തമിഴ് ഈഴം പ്രശ്നം കാര്യമായി ഉണ്ടാകുന്നില്ല. എൽ ടി ടി.ഇ യുടെ പല ഗ്രൂപ്പുകളും വിദേശത്ത് ഉണ്ട്. എന്നാൽ ശ്രീലങ്കൻ സർക്കാർ ആ പ്രശ്നത്തെ നല്ല രീതിയിൽ ഒതുക്കി കഴിഞ്ഞു എന്ന് വേണം കരുതാൻ.
പുലി നേതാവ് പ്രഭാകരൻ വധിക്കപ്പെടുന്നത് വരെയുള്ള ശ്രീലങ്കയുടെ ചരിത്രം എം പി സമ്പത്തുമായി ചേർന്ന് പുസ്തകരൂപത്തിൽ ആക്കാനുള്ള ശ്രമത്തിലാണ് മുരുകൻ ഇപ്പോൾ.
തമിഴ് വംശജരുടെ ഇപ്പോഴത്തെ അവസ്ഥ അടിമകളുടെതാകും എന്നാണ് കരുതുന്നത്. അവരുമായി ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല. ബി.ബി.സി പോലും ഇത്തരത്തിലുള്ള വാർത്തകൾ അന്വേഷിച്ചു പോകുന്നില്ല. പോകാനുള്ള ചെലവ് ആരെങ്കിലും ഏറ്റെടുക്കുമെങ്കിൽ പോകാൻ ഇനിയും തയ്യാറാണ്, മുരുകൻ പറഞ്ഞു. ജോലി മതിയായി എന്ന് തോന്നിയിട്ടാണ് കൗമുദി വിട്ടത്. ന്യൂസ് ബുള്ളറ്റിൽ എന്ന പേരിൽ ഒരു ഈവനിംഗ് ഡെയിലി പിന്നീട് ആരംഭിച്ചു. തിരുവനന്തപുരത്തും കൊച്ചിയിലും എഡിഷനുകൾ ഉണ്ടായിരുന്നു. സുപ്രീം കോടതി മുൻ ജസ്റ്റിസ് വി. ആർ കൃഷ്ണയ്യരാണ് പ്രകാശനം ചെയ്തത്. ചില രാഷ്ട്രീയ വിഷയങ്ങൾ കാരണം പത്രം പൂട്ടി. കെ ബാബു എക്സൈസ് വകുപ്പ് മന്ത്രി ആയിരുന്നപ്പോൾ എക്സൈസ് പോളിസിയുമായി ബന്ധപ്പെട്ട പ്രധാന വാർത്ത ബ്രേക്ക് ചെയ്തത് ഞങ്ങളായിരുന്നു. പാർട്ടിക്കെതിരെ ബാബു കേസ് കൊടുത്തു. മാത്രമല്ല പത്രത്തിന്റെ ഉടമകളെ സ്വാധീനിച്ചു. എന്നാൽ നിക്ഷേപകർ പിന്മാറി.എനിക്ക് വലിയ നഷ്ടം ഉണ്ടായി. സ്വന്തമായി ഉണ്ടായിരുന്ന പത്തു വിറ്റ് കടം തീർക്കേണ്ട പ്രതിസന്ധി വന്നു. തിരൂർ, കൊച്ചി എന്നിങ്ങനെ രണ്ട് എഡിഷനുകളിലായി ആരംഭിച്ച പത്രം.
നാലുവർഷം മുമ്പ് ലോകസഭ തെരഞ്ഞെടുപ്പിന് തുടങ്ങിയ യൂട്യൂബ് ചാനൽ പാർട്ണർഷിപ്പ് തർക്കത്തെ തുടർന്ന് നിർത്തേണ്ടി വന്നു. കേരള ലിറ്ററേച്ചർ ഡോട്ട് കോം എന്ന പേരിൽ( kerala literature.com ) വെബ്സൈറ്റ് ഉണ്ട്. അത് നടത്തിക്കൊണ്ടു പോകാനുള്ള പൈസ ഗൂഗിളിൽ നിന്ന് ലഭിക്കുന്നുണ്ട്. ഗവേഷണ വിദ്യാർത്ഥികൾ ഉൾപ്പടെ നിരവധിപേർ ഉപയോഗിക്കുന്ന ഒരു സൈറ്റ് ആണ് ഇത്. 15 വർഷമായി നടത്തിക്കൊണ്ടു പോകുന്നു.
26 വര്ഷം കേരളകൗമുദിയില് വിവിധതസ്തികകളില് ജോലി ചെയ്തു. 2012ല് രാജിവച്ച് കോളേജില് അധ്യാപകനായി. ഇപ്പോള് മദര് തെരേസ സ്വാശ്രയകോളേജില് മാസ് കമ്മ്യൂണിക്കേഷന് വകുപ്പ് അധ്യക്ഷനായി പ്രവര്ത്തിക്കുന്നു. കലാകൗമുദിയില് രാഷ്ട്രീയ ലേഖനങ്ങള് എഴുതിയിരുന്നു.
കേരളകൗമുദി തിരുവനന്തപുരം ബ്യൂറോ ചീഫ് ആയിരുന്നു, പിരിയുമ്പോൾ. കേരളകൗമുദി ഫ്ളാഷിൻ്റെ തുടക്കം മുതൽ ജനറൽ എഡിറ്ററായിരുന്നു,ഏഴുവർഷം കൊച്ചിയിൽ യൂണിറ്റ് ചീഫ് ആയിരുന്നു..
മീഡിയ അക്കാദമിയുടെ പല ജോലികളും ചെയ്യുന്നുണ്ട്.
മാദ്ധ്യമപ്രവർത്തകരുടെ പുതിയ തലമുറ പഴയതുപോലെ റിസ്ക് ഏറ്റെടുക്കുന്നില്ല എന്നാണ് മുരുകന്റെ അഭിപ്രായം. . 40 വർഷം മുൻപത്തെ ജേണലിസം അല്ല ഇന്നുള്ളത്. . കഷ്ടപ്പെട്ട് ജോലി എടുത്താൽ റിസൾട്ട് ഉണ്ടാകുന്ന കാലം മാറി.
ഇപ്പോൾ മാധ്യമ സാന്ദ്രത കൂടുതലാണ്. മാധ്യമങ്ങൾ വളരെ കഷ്ടപ്പെട്ട് ഇൻവെസ്റ്റിഗേറ്റ് ചെയ്ത് ഒരു വിഷയം കൊണ്ടുവന്നാൽ അതിനേക്കാൾ പ്രാധാന്യത്തോടെ മറ്റൊരു മുഷിഞ്ഞ
വിഷയം സോഷ്യൽ മീഡിയയിൽ കത്തിപ്പടരുകയും പ്രധാന വിഷയം താഴെ പോകുകയും ചെയ്യും. ഗവേഷണം നടത്തി കൊണ്ടുവരുന്നതിനേക്കാൾ പ്രാധാന്യം ഒരു അബ്സർഡിറ്റിക്ക് കിട്ടുന്നുണ്ട്. അത് സാമൂഹ്യ മാധ്യമങ്ങളുടെ വരവോടെ മാദ്ധ്യമ മേഖലയിൽ വന്ന മാറ്റമാണ്. പണ്ടുള്ളത്ര സാഹസികതയെടുത്ത് കഷ്ടപ്പാടു സഹിച്ച് അന്വേഷണാത്മക പ്രവർത്തനം നടത്തുന്നത് മണ്ടത്തരമാണ്. രാജ്യന്തര തലത്തിൽ റിപ്പോർട്ടർമാരുടെ വലിയ നെറ്റ്‌വർക്ക് ഉണ്ടാക്കിയാണ് ജോസി ജോസഫ് (ദി ഹിന്ദു മുൻ സെക്യൂരിറ്റി എഡിറ്റർ )പോലുള്ള മുതിർന്ന മാധ്യമപ്രവർത്തകർ പ്രവർത്തിക്കുന്നത്. പെഗാസസ് ഉൾപ്പെടെ അന്തർദേശീയ തലത്തിൽ ശ്രദ്ധ നേടിയ പല സംഭവങ്ങളും അന്വേഷിക്കുന്നത് അമ്പ തോളം മാധ്യമ സ്ഥാപനങ്ങൾ/ സംഘടനകൾ കൈ കോർത്തുകൊണ്ടാണ്. ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റുകളുടെ ശൃംഖല ഉണ്ടാക്കി കൊണ്ടാണ് അത്തരം പ്രവർത്തനങ്ങൾ നടക്കുന്നത്. അതിന് ഫലപ്രാപ്തി ഉണ്ടാകും. പകരം, ഒരാൾ ജാഫ്നയിൽ ചെന്നിറങ്ങി ശ്രീലങ്കൻ തമിഴരുടെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ചുള്ള റിപ്പോർട്ട് തയ്യാറാക്കി വന്നാൽ ആര് പ്രസിദ്ധീകരിക്കും എന്ന ചോദ്യം പ്രസക്തമാണ്.
ഇപ്പോഴത്തെ തലമുറയെ കുറ്റപ്പെടുത്തേണ്ടതില്ല. റിസ്ക്, പെയിൻ എടുക്കേണ്ട കാര്യമില്ല. ആഗോളീകരണത്തിന്റെ പുതിയ തത്വം, 'കുറഞ്ഞ അധ്വാനം,പരമാവധി ലാഭം' എന്നതാണ്. ചെറിയ കഷ്ടപ്പാട് സഹിച്ച് നിരവധി കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുകയാണ് പ്രായോഗികം. വ്യക്തിപരമായ താൽപര്യം ഇന്ന് വലിയ ഘടകമല്ല.
മാനേജ്മെന്റിന് താല്പര്യമുള്ള റിപ്പോർട്ടുകൾ മാത്രമേ പ്രസിദ്ധീകരിക്കൂ. മുൻപ് മാനേജ്മെന്റുകൾക്ക് ബിസിനസ് താല്പര്യങ്ങൾ കുറവായിരുന്നു. കച്ചവട താൽപര്യങ്ങൾക്കും ലാഭേച്ഛക്കും അപ്പുറം സാമൂഹിക പ്രതിബദ്ധത, പത്രധർമ്മം ഇങ്ങനെയുള്ള കാര്യങ്ങളാണ് അവരെ നയിച്ചിരുന്നത്. ഏത് വിധേനയും ലാഭം ഉണ്ടാക്കുകയാണ് പുതിയ രീതി. കാലത്തിന് അനുസരിച്ച് ജോലി ചെയ്യുകയായിരിക്കും ഉചിതം. തുറന്നെഴുതാൻ മാനേജ്മെന്റിനും ഭയമുണ്ട്. ഇന്ത്യയിലെ ആദ്യത്തെ പ്രസ്സ് കമ്മീഷൻ പരസ്യത്തിന് അതിർവരമ്പ് നിശ്ചയിച്ചിരുന്നു. പത്രത്തിലെ ഇടത്തിൻറെ 40 ശതമാനത്തിൽ കൂടുതൽ പരസ്യം പത്രത്തിൽ പാടില്ല എന്നായിരുന്നു നിർദ്ദേശം. ശുപാർശ നടപ്പിലായില്ല, എങ്കിലും ഇപ്പോൾ ആ പ്രശ്നമേ ഇല്ല. കാരണം പരസ്യം തന്നെ ഇല്ല 40 ഉം 50 ഉം പേജുള്ള പത്രങ്ങൾ പോലും 16 പേജിലേക്ക് ലേക്ക് ചുരുങ്ങി.
ഇപ്പോൾ ഇറങ്ങുന്ന പത്രങ്ങൾ പുതിയ തലമുറയെ ആകർഷിക്കാൻ വേണ്ടതൊന്നും കൊടുക്കുന്നില്ല. ചെറുപ്പക്കാരെ ആകർഷിക്കാവുന്ന തരത്തിൽ ഉള്ളടക്കവും ഡിസ്പ്ലേയും മാറണം. ഓൺലൈൻ എഡിഷനിൽ പോലും വിദേശ രീതി കൊണ്ടുവരുന്നില്ല. വിദേശത്ത് ഓൺലൈൻ പത്രപ്രവർത്തകർ പുതിയ പ്രവണതകൾ മനസ്സിലാക്കി കൊണ്ടാണ് ജോലി ചെയ്യുന്നത്. സാമൂഹ്യ മാദ്ധ്യമങ്ങളിൽ പുതുതലമുറയെ ആകർഷിക്കുന്ന രീതിയിൽ ശ്രദ്ധ പിടിച്ചു പറ്റുന്ന, ക്യാച്ചി ആയ, വാർത്തകൾ കൊടുക്കണം, മുരുകൻ അഭിപ്രായപ്പെട്ടു.
പാർട്ടി പത്രങ്ങൾക്ക് നാട്യം ഇല്ലെന്ന് രവി കുറ്റിക്കാട് സമർത്ഥിച്ചു. നിഷ്പക്ഷ പത്രങ്ങൾക്ക് പക്ഷേ, പാർട്ടിയുണ്ട്. പാർട്ടി പത്രങ്ങൾ വസ്തുതകൾ പറയുന്നുണ്ടെങ്കിൽ എന്തിന് മറ്റുപത്രങ്ങൾ തേടി പോകണം എന്ന ചോദ്യം പ്രസക്തമാണ്. കോട്ടയത്തെ ദേശാഭിമാനി യൂണിറ്റ് ഉദ്ഘാടനം ചെയ്യുന്ന വേളയിൽ മനോരമയുടെ ചീഫ് എഡിറ്റർ ആയിരുന്ന കെ.എം.മാത്യു പറഞ്ഞ കാര്യമാണ് കുറ്റിക്കാട് മറുപടിയായി പറഞ്ഞത്. താൻ ആദ്യം വായിക്കുന്നത് ദേശാഭിമാനിയാണ് എന്നാണ് കെഎം മാത്യു പറഞ്ഞത്. മറ്റുള്ളവർ എന്താണ് പറയുന്നത് എന്നറിയാനാണ് ദേശാഭിമാനി വായിക്കുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്. പാർട്ടി കാര്യങ്ങളെ മറ്റുള്ളവർ എങ്ങനെ കാണുന്നു എന്നത് അറിയാനാണ് വ്യത്യസ്ത പത്രങ്ങൾ വായിക്കുന്നത്, കുറ്റിക്കാട് പറഞ്ഞു. അടിയന്തരാവസ്ഥക്കാലത്തിനുശേഷം ദേശാഭിമാനി വടക്കേ ഇന്ത്യൻ വാർത്തകൾക്ക്, പ്രത്യേകിച്ച് ദേശീയ വാർത്തകൾക്ക് പ്രാധാന്യം കൊടുത്തിരുന്നു. അത് വായിക്കാൻ കൂടുതൽ വായനക്കാർ ഉണ്ടായിരുന്നു.
ഇപ്പോൾ പാർട്ടിക്കാർ പോലും പത്രം വായിക്കുന്നില്ല എന്ന സംശയം ചർച്ചയിൽ ഉയർന്നു.
കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പത്രം എന്തുകൊണ്ട് ഏറ്റവും സർക്കുലേഷൻ കൂടിയ പത്രം ആകുന്നില്ല? കുറ്റിക്കാടിന്റെ മറുപടി, പത്രം വാങ്ങാൻ സാമ്പത്തികശേഷിയില്ലാത്തവർ പാർട്ടിയിൽ ഇപ്പോഴുമുണ്ട് എന്നായിരുന്നു. പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിൽ . വായ്പയെടുത്ത് ഒരു വർഷത്തെ സബ്സ്ക്രിപ്ഷൻ എടുത്ത് ദേശാഭിമാനി പത്രം വാങ്ങിക്കുന്ന ചുമട്ട് തൊഴിലാളികൾ ഉണ്ട്, പാർട്ടിയിൽ.
പാർട്ടി പോലും പരസ്യം ചെയ്യുന്നത് കൂടുതൽ പേർ വായിക്കുന്ന കൂടുതൽ റീച്ചുള്ള സർക്കുലേഷൻ കൂടിയ പത്രങ്ങളിലാണ് എന്ന ആരോപണവും ചർച്ചയിൽ ഉയർന്നുവന്നു.സത്യത്തിനു നിരക്കുന്ന പ്രവർത്തനം മാധ്യമപ്രവർത്തകന് പാർട്ടി പത്രത്തിൽ ചെയ്യാൻ കഴിയുമോ എന്ന ചോദ്യം ഉന്നയിക്കപ്പെട്ടു. വാർത്തകൾ എല്ലാം സത്യസന്ധമായി തന്നെയാണ് കൊടുക്കുന്നത്, കുറ്റിക്കാട് പറഞ്ഞു.
ലഭ്യമായ ഏറ്റവും ശരിയായ വ്യാഖ്യാനം നൽകുകയും ചെയ്യുന്നു. കെ.എം മാത്യു ഒരിക്കൽ ഇ.എം.എസ്
നമ്പൂതിരിപ്പാടിനോട് പറഞ്ഞു, ഞങ്ങൾ ബൂർഷ്വാ പത്രങ്ങൾ ചെയ്യുന്ന കാര്യം നിങ്ങളും ചെയ്യുന്നു. പള്ളിപ്പെരുന്നാളിന്റെ വാർത്ത ഞങ്ങൾ കൊടുക്കുന്നതുപോലെ നിങ്ങളും കൊടുക്കുന്നു. ഇഎംഎസിന്റെ മറുപടി ഇങ്ങനെ, ' ജനങ്ങൾക്ക് അന്യമല്ലാത്തതൊന്നും ഞങ്ങൾക്കും അന്യമല്ല. ഉത്സവം കാണാൻ പോകുന്നവനും അയാളുടെ വാർത്ത പത്രത്തിൽ വരണം എന്ന് ആഗ്രഹിക്കുന്നുണ്ട്.'
ഡി. പ്രദീപ് കുമാർ, കെ. ഹേമലത എന്നിവർ പരിപാടിയിൽ മോഡറേറ്റർമാരായി.
ഈ പരിപാടിയുടെ ശബ്ദലേഖനം മീഡിയ വേവ്സ് യൂട്യൂബ് ചാനലിലുണ്ട് :https://youtu.be/PeGSYXWlMtM
No comments:
Post a Comment