ക്ലബ് ഹൗസ് മീഡിയ റൂമിൽ 'ചരിത്രസാക്ഷികൾ' പരമ്പരയുടെ ഏഴാം ഭാഗത്തിൽ (11ഫെബ്രുവരി,2023)അനുഭവങ്ങൾ പങ്കുവയ്ക്കാനെത്തിയത്, മുതിർന്ന മാദ്ധ്യമ പ്രവർത്തകനും മീഡിയ കൺസൽറ്റന്റുമായ കെ.ബാബു ജോസഫാണ്.
പ്രമുഖ പത്രപ്രവർത്തകനും മാതൃഭൂമിയുടെ ബ്യൂറോ ചീഫുമായിരുന്ന ജി. ശേഖരൻ നായർക്ക് ആദരാഞ്ജലി അർപ്പിച്ചു കൊണ്ടാണ് ബാബു ജോസഫ് മാദ്ധ്യമരംഗത്തെ തന്റെ ഓർമ്മകൾ പങ്കുവയ്ക്കാൻ തുടങ്ങിയത്.
ഭാരതീയ വിദ്യാഭവനിൽ നിന്നും 1979 ലാണ് ജേണലിസത്തിൽ ഡിപ്ലോമ പൂർത്തിയാക്കി ഇന്റേൺഷിപ്പിനായി മാതൃഭൂമിയിൽ എത്തുന്നത്. അദ്ധ്യാപകൻ കൂടിയായിരുന്ന കെ. പി വിജയൻ സഹായിച്ചു.
മാതൃഭൂമി കൊച്ചി ബ്യൂറോ ചീഫ് ചൊവ്വര പരമേശ്വരന്റെ മകൻ ഗാന്ധിയനായിരുന്ന കെ. രാമചന്ദ്രനായിരുന്നു.ചന്ദ്രേട്ടൻ എന്നാണ് അദ്ദേഹത്തെ വിളിക്കുക.എൻ. എൻ. സത്യവ്രതൻ ഉൾപ്പെടെ ബൈലൈനിൽ മാത്രം കണ്ടിട്ടുള്ള നിരവധി പേരുടെ സാന്നിധ്യമുള്ള മാതൃഭൂമി ബ്യൂറോ, അനുഭവങ്ങളുടെ വലിയ കളരിയായിരുന്നു .
അന്വേഷണാത്മക പത്രപ്രവർത്തനത്തിന് വ്യത്യസ്തമായ രൂപവും തലവും നൽകിയ ജി.ശേഖരൻ നായർ ഉൾപ്പെടെ പ്രഗൽഭരായ നിരവധി പേർക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞു.
അഞ്ചു വർഷമാണ് മാതൃഭൂമിയിൽ ഉണ്ടായിരുന്നത്. പൂർണ്ണമായും ഒരു പ്രൊഫഷണൽ പത്രാധിപരെന്ന് വിശേഷിപ്പിക്കാൻ കഴിയുന്ന വി.പി. രാമചന്ദ്രനായിരുന്നു അന്ന് മുഖ്യ പത്രാധിപർ. മാതൃഭൂമിയുടെ ബിസിനസ് പേജ് ആരംഭിക്കുന്നത് ആക്കാലത്താണ്.
വി.പി. രാമചന്ദ്രൻ റാഞ്ചിയിൽ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ വാർത്ത ഏജൻസിയുടെ ബിസിനസ് ലേഖകൻ ആയിരുന്നു. അതുകൊണ്ടുതന്നെ മാതൃഭൂമിയിൽ ബിസിനസ് ജേണലിസം ശക്തമായി മുന്നോട്ടു കൊണ്ടുപോകണം എന്ന ആഗ്രഹം വി.പി.ആറിന് ഉണ്ടായിരുന്നു. ജനറൽ എഡിറ്റർമാരുടെ കോൺഫറൻസിൽ ബിസിനസ് പേജ് തുടങ്ങാൻ അംഗീകാരം നൽകി. ബിസിനസിന് കൃത്യമായ പേജുകൾ ഉണ്ടായി.
ഇന്ന് ബിസിനസ് കോർപ്പറേറ്റുകളുടെ പത്രസമ്മേളനങ്ങൾ അവിഭാജ്യ ഘടകങ്ങളാണ് , മാധ്യമങ്ങൾക്ക്. അന്നാകട്ടെ, മാതൃഭൂമിക്കാർക്ക് പത്രസമ്മേളനത്തിൽ പങ്കെടുക്കുന്നതിന് കർശന നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു. ക്ഷണിക്കുന്ന സ്ഥാപനത്തിന്റെ യോഗ്യത പരിശോധിച്ച് ഉറപ്പുവരുത്തും. എഡിറ്റോറിയൽ കോൺഫറൻസിൽ ചർച്ചചെയ്ത ശേഷം മാത്രമാണ് റിപ്പോർട്ടർമാരെ അയക്കുക. പോകുന്നതിനു മുൻപ് ചന്ദ്രേട്ടന്റെ ബ്രീഫിങ് ഉണ്ടാകും. 'മദ്യസൽക്കാരം ഒക്കെ ഉണ്ടാകും, വീണു പോകരുത്, മാതൃഭൂമിയുടെ വിലയും നിലയും കാത്തുസൂക്ഷിക്കണം..
കൊച്ചി കേന്ദ്രമായി നടന്ന ഒരു അന്താരാഷ്ട്ര കള്ളക്കടത്ത് കേസ്, ബോൾഗാട്ടി പാലസിനു മുന്നിൽ നങ്കൂരമിട്ടിരുന്ന ഒരു നൗകയിൽ നിന്നാണ് ആരംഭിക്കുന്നത്. ബോൾഗാട്ടിക്കടുത്തു നങ്കൂരമിട്ട പ്രത്യേക തരത്തിലുള്ള നൗക ശ്രദ്ധിക്കാനിടയായതാണ് ലോകശ്രദ്ധ നേടിയ വാർത്തയിലേക്ക് നയിച്ചത്. ജിം ഹോവാർഡ്, ബ്രയാൻ മിൽ ഗേറ്റ് എന്നിവർ പങ്കാളികളായ കേസ്. വാർത്തയെ തുടർന്ന് എല്ലാവരും അറസ്റ്റിലായി. ബ്രയൻ മിൽ ഗേറ്റ് പിന്നീട് 'കൊച്ചി കണക്ഷൻ' എന്ന പേരിൽ ഒരു പുസ്തകം എഴുതി.
രാഷ്ട്രപതിയുടെ മെഡൽ നേടിയ കസ്റ്റംസ് സൂപ്രണ്ട് അച്യുതമേനോൻ വലിയ സോഴ്സ് ആയിരുന്നു. കൊച്ചി കസ്റ്റംസ് അക്കാലത്ത് നടത്തിയ റെയിഡുകൾ ആഴ്ചയിൽ മിക്കപ്പോഴും വാർത്തകളായി.
കൊച്ചി പോർട്ട് ട്രസ്റ്റിൽ ടി.എൻ ജയചന്ദ്രൻ ചെയർമാനായിരിക്കുമ്പോൾ നിരവധി വാർത്തകൾ റിപ്പോർട്ട് ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. ഷിപ്പിംഗ് ബോർഡിന്റെയും കേന്ദ്ര ഗവൺമെന്റിന്റെയും യോഗങ്ങൾക്ക് അദ്ദേഹം ഡൽഹിയിൽ പോകുമ്പോൾ ഞങ്ങൾ പറയും, 'തിരിച്ചു വരുമ്പോൾ രണ്ടുമൂന്നു സ്റ്റോറികൾ എങ്കിലും കൊണ്ടുവരണം'.
നിരവധി വാർത്തകൾ അദ്ദേഹം ഷെയർ ചെയ്തിരുന്നു. ചിലതെല്ലാം ഡൽഹി ഡേറ്റ് ലൈനുകളിലും പ്രസിദ്ധീകരിച്ചു.
അന്താരാഷ്ട്ര ഫുട്ബോൾ മത്സരം, കലോത്സവങ്ങൾ, തൊഴിലാളി സമരങ്ങൾ തുടങ്ങി നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാൻ കഴിഞ്ഞു. കലോത്സവങ്ങൾക്ക് ഫോട്ടോഗ്രാഫറായി രാജൻ പൊതുവാൾ എത്തും. രണ്ടുപേരും നല്ല കോമ്പിനേഷൻ ആയിരുന്നു എന്ന് തോന്നിയിട്ടുണ്ട്.
കൊച്ചി കപ്പൽശാലയിലെ അക്കാലത്തെ തൊഴിൽ തർക്കങ്ങളും എടുത്തു പറയേണ്ടതാണ്. മെട്രോമാൻ ഇ.ശ്രീധരൻ ആയിരുന്നു അന്ന് ഷിപ് യാർഡിന്റെ ചെയർമാൻ. തൊഴിലാളി യൂണിയനുകൾ അക്കാലത്ത് കടുത്ത വിലപേശൽ നടത്തിയിരുന്നു. കർശനക്കാരനായ ചെയർമാനെതിരെ 'ശ്രീധരൻ ഗോബാക്ക് എന്ന മുദ്രാവാക്യം വിളിച്ച് യൂണിയൻ സമരം ചെയ്ത സംഭവം വരെ ഉണ്ടായി.തുടരാൻ ബുദ്ധിമുട്ടായ ശ്രീധരൻ ഇനി കൊച്ചിയിലേക്കില്ല എന്ന് തീരുമാനിച്ച് കപ്പൽ ശാല വിട്ടുപോയി.
ഒന്നുരണ്ട് ചെയർമാൻമാർ മാറി വന്നെങ്കിലും കപ്പൽ ശാലക്ക് വലിയ മേൽഗതി ഉണ്ടായില്ല. അതോടെ സംഘടനകൾ ചുവടു മാറ്റി. പുതിയ മുദ്രാവാക്യം ഇങ്ങനെയായിരുന്നു, 'ശ്രീധരനെ വിളിക്കൂ, കപ്പൽ ശാലയെ രക്ഷിക്കൂ'. രണ്ടും റിപ്പോർട്ട് ചെയ്യാനുള്ള ഭാഗ്യം ലഭിച്ചു.
ഷിപ് യാർഡിന്റെ ആദ്യ കപ്പൽ 'റാണി പത്മിനി' നീറ്റിലിറക്കുന്ന വാർത്തയും ശ്രദ്ധിക്കപ്പെട്ടു. നാളികേരമുടച്ച് കായലിലേക്കിറക്കിയ റാണി പത്മിനിയുടെ പടവും കൊടുത്തിരുന്നു.
പ്രത്യേക സാഹചര്യത്തിൽ മാതൃഭൂമിയിൽ നിന്ന് വിട്ടു പോരുന്നത് 1984 ഒക്ടോബറിലാണ്. കേരളകൗമുദിയുടെ ബ്യൂറോ ചീഫ് ആയിരുന്ന എ. പി വിശ്വനാഥനെ യാദൃച്ഛികമായി കണ്ടുമുട്ടി.പിന്നീട് കൗമുദിയിൽ ചേർന്നു.
ദി ഇന്ത്യൻ എക്സ്പ്രസിന്റെ മുൻ മാനേജർ കൂടിയായിരുന്നു എ. പി വിശ്വനാഥൻ.
കേരളകൗമുദിയുടെ അന്നത്തെ മാനേജിങ് ഡയറക്ടർ പത്രം ഉടമ കൂടിയായ എം.എസ് മധുസൂദനനായിരുന്നു. ധിഷണാശാലിയായ പത്രം ഉടമയായിരുന്നു അദ്ദേഹം.
മനോരമയും മാതൃഭൂമിയും കൊടുത്തതിനേക്കാൾ ബിസിനസ് വാർത്തകൾ അന്ന് കൗമുദിക്ക് വേണ്ടി കൊടുക്കാൻ കഴിഞ്ഞിരുന്നു.
ശ്രീലങ്കയിൽ എൽ.ടി. ടി. ഇ പ്രക്ഷോഭത്തിൽ നിന്ന് രക്ഷ തേടി ഇന്ത്യയിലെത്തിയ ആദ്യ അഭയാർത്ഥി സംഘത്തെ രാമേശ്വരത്ത് പോയി ഇൻറർവ്യൂ ചെയ്യാനായി. തമിഴ്നാട് ഇലക്ഷൻ റിപ്പോർട്ട് ചെയ്യാൻ പോയപ്പോൾ കെ.പി.സി.സി. മുൻ പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന്റെ മുറിയിലാണ് കഴിഞ്ഞത്. തമിഴ് അറിയില്ലെങ്കിലും കരുണാനിധി, അൻപഴകൻ എന്നിവരെ ഇൻറർവ്യൂ ചെയ്യാൻ കഴിഞ്ഞു.
ജീവൻ ടി.വിയുടെ എഡിറ്ററായിരുന്നപ്പോൾ കിട്ടിയ എക്സ്ക്ലൂസീവ് വാർത്ത, വാജ്പേയി ഗവൺമെൻറ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നേരത്ത യാക്കാൻ സാധ്യതയുണ്ട് എന്നതാണ്. തിരുപ്പൂരിൽ പാർട്ടി ദേശീയ എക്സിക്യൂട്ടീവ് യോഗം നടക്കുകയായിരുന്നു. യോഗത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി വാജ്പേയ് എത്തും. തെരഞ്ഞെടുപ്പ് നേരത്തെ ആക്കാനുള്ള അനൗൺസ്മെൻറ് ഉണ്ടാകും എന്ന പ്രതീക്ഷയിൽ മാധ്യമപ്രവർത്തകർ. ആകസ്മികമായി കോൺഫ്രൻസ് ഹാളിൽ മൊബൈൽ ഫോണുകളുടെ സിഗ്നലുകൾ പെട്ടെന്ന് കിട്ടാതെ ആയി. അകത്ത് ഒപ്പമുണ്ടായിരുന്ന സുരേഷിന്റെ ഫോൺ മാത്രം പ്രവർത്തിച്ചു. ജീവൻ ടിവിയുടെ1.30 തിന്റെ ഇംഗ്ലീഷ് ബുള്ളറ്റിൻ തീരുന്നതിനു മുൻപ് വാജ്പേയ് എത്തി, മന്ത്രിസഭ പിരിച്ചുവിടാനുള്ള തീരുമാനം അറിയിച്ചു. സുരേഷിന്റെ മൊബൈലിൽ നിന്ന് തൽസമയം ജീവൻ ടിവിയുടെ ഇംഗ്ലീഷ് വാർത്താ മുറിയിലേക്ക് എന്റെ വോയിസ് ലൈവ് ആയി കൊടുക്കാൻ കഴിഞ്ഞു.എൻ. ഡി.ടി.വി അടക്കം ദേശീയ മാധ്യമങ്ങൾ പലതും അന്ന് തിരുപ്പൂരിൽ ഉണ്ടായിരുന്നെങ്കിലും ആ വേദിയിൽ നിന്ന് വാർത്ത റിപ്പോർട്ട് ചെയ്യാൻ സാധിച്ചത് ജീവൻ ടിവിക്ക് മാത്രമായിരുന്നു.
അക്കാലത്തെ തൊഴിലാളി യൂണിയൻ നേതാക്കളും വ്യക്തിത്വമുള്ളവരായിരുന്നു. തെറ്റായ താല്പര്യങ്ങൾ തിരുത്താൻ അവർ ആർജ്ജവം കാണിച്ചു. മാദ്ധ്യമങ്ങൾക്കും അതിൽ പങ്കുണ്ടായിരുന്നു. ഫാക്റ്റിലെ അന്നത്തെ ചെയർമാൻ ചന്ദ്രൻ നല്ല രീതിയിൽ പ്രവർത്തിച്ചിരുന്ന ആളായിരുന്നെങ്കിലും യൂണിയനുമായി നല്ല ബന്ധത്തിലായിരുന്നില്ല. പ്രഗൽഭനായ ഒ.പി. ജോസഫ് ആയിരുന്നു ജനറൽ മാനേജർ. യൂണിയൻ നേതാക്കൾ പത്രക്കാരെ ബ്രീഫ് ചെയ്യും. ചെയർമാനോട് ചോദിക്കാനുള്ള ചോദ്യങ്ങൾ ഞങ്ങളെ കൊണ്ടാണ് ചോദിപ്പിക്കുക. അവർ ചോദിച്ചാൽ തർക്കങ്ങളിലേക്ക് പോകും എന്നതിനാലാണ്. ചിലപ്പോൾ വാർത്താപ്രാധാന്യമുള്ള മറുപടികൾ കിട്ടും. അങ്ങനെ ഒരു ലിങ്ക് ആയി പ്രവർത്തിക്കാൻ കഴിഞ്ഞത് വലിയ പ്രിവിലേജ് ആയിരുന്നു.
പ്രാദേശികഭാഷയിൽ ആദ്യത്തെ ബിസിനസ് ആൻഡ് കറണ്ട് അഫയേഴ്സ് പരിപാടി
ദൂരദർശൻ ആരംഭിച്ച 'വിപണി'യാണ്.
പ്രശസ്തമായ ആ പരിപാടിയുടെ അവതാരകൻ എന്ന നിലയ്ക്ക് വലിയ അംഗീകാരം കിട്ടി.
ശശികുമാറും റിനി ഖന്നയും ആങ്കർ ചെയ്യുന്ന 'മണി മാറ്റേഴ്‌സ്'എന്ന പരിപാടി ഏഷ്യാനെറ്റിൽ ശശികുമാറിന്റെ നേതൃത്വത്തിൽ തുടങ്ങുന്നത് പിന്നീടാണ്. കേരളത്തിലെ പ്രമുഖ ബാങ്ക് ചെയർമാൻമാരും ഉദ്യോഗസ്ഥരും ആദ്യമായി ടെലിവിഷനിൽ വരുന്നത് 'വിപണി'യിലൂടെയാണ്.
സ്വകാര്യ ചാനലുകൾ വന്നതിനുശേഷം ബിസിനസ് സ്ലോട്ടുകൾ നിരവധി ഉണ്ട്. റിപ്പോർട്ടിംഗ് എളുപ്പമായി. ബിസിനസ് കൈകാര്യം ചെയ്യുന്നതിന് മാദ്ധ്യമങ്ങളിൽ
പ്രത്യേക ലേഖകന്മാരുണ്ട്.
പരസ്യം കൊടുക്കുന്നവരുടെ വാർത്തകൾക്ക് കൂടുതൽ പ്രാധാന്യം കൊടുക്കുന്നു. മനോരമ വാർത്തകൾക്കും വിജയഗാഥകൾക്കുമാണ് പ്രാധാന്യം. വിലയിരുത്തലുകളോ വിശകലനങ്ങളോ അധികമില്ല. വായനക്കാരുടെ താൽപ്പര്യം കുറഞ്ഞതുകൊണ്ടാണോ പത്രക്കാർ സാമ്പത്തിക വാർത്തകൾക്ക് പ്രാധാന്യം കൊടുക്കാത്തതാണോ എന്ന് വ്യക്തമല്ല.
ഗൗതം അദാനി - ഹിന്റൻ ബെർഗ് വിഷയത്തിന്റെ രാഷ്ട്രീയ മാനങ്ങൾ ആണ് കൂടുതലായി മാധ്യമങ്ങൾ പുറത്ത് കൊണ്ടുവന്നത്. ഓഹരി വിപണിയുമായി ബന്ധപ്പെട്ടതോ നിക്ഷേപകരുമായി ബന്ധപ്പെട്ടതോ ആയ വാർത്തകൾ കാര്യമായി പുറത്തു വന്നില്ല.രാഷ്ട്രീയമാനങ്ങളുള്ള വാർത്ത തന്നെയായിരുന്നെങ്കിലും സ്ഥാപനവുമായി ബന്ധപ്പെട്ട് നടത്തിയ കൃത്രിമം എന്ന് പറഞ്ഞ് അമേരിക്കൻ കമ്പനി മുന്നോട്ടുകൊണ്ടുവന്ന കാര്യങ്ങൾക്ക് ആഴം കുറവായിരുന്നു. 1980 കളിൽ ഹർഷത് മേത്ത യുടെ ഓഹരിത്തട്ടിപ്പ് നടക്കുന്ന സമയത്ത് 'ഓഹരികളുടെ ലോകം' എന്ന പേരിൽ ദൂരദർശൻ
പരിപാടി അവതരിപ്പിച്ചിരുന്നു.
ടെലിവിഷൻ വന്നശേഷം വികസനോൻമുഖ വാർത്തകൾ, കൃഷി, പരിസ്ഥിതി വാർത്തകളുടെ പ്രാധാന്യം കുറഞ്ഞു പോകുന്നു. വാർത്തകൾ വിവാദങ്ങളിലേക്ക് തരംതാഴുന്നു. വലിയ ദ്രു വീകരണമാണ് ടി .വി വന്നതോടെ സംഭവിച്ചത്.
വിവാദങ്ങൾ മാത്രമല്ല വാർത്ത. ജനങ്ങളെ ബാധിക്കുന്ന നിരവധി വിഷയങ്ങൾ ഉണ്ട്. പുതിയ തലമുറ, പ്രത്യേകിച്ച് കൗമാരപ്രായക്കാർ പത്രം വായിക്കുന്നില്ല. അറിയണമെന്ന് താത്പര്യമുള്ള കാര്യങ്ങൾ മാത്രമാണ് അവർ വായിക്കുന്നത്. സ്പോർട്സ് താല്പര്യമുള്ള ആളുകൾ അതുമാത്രം. കമ്മോഡിറ്റിയുടെ സ്വഭാവം മാധ്യമങ്ങൾക്ക് വന്നു.മാധ്യമങ്ങൾ ഒരു ഉപഭോഗ വസ്തു മാത്രമായി മാറി.
വായനക്കാരുടെ അഭിരുചിയിലും മാറ്റം വന്നു. വേണ്ടത്ര സംസ്കരിച്ച്, ഒന്നിൽ കൂടുതൽ സോഴ്സുകളെ ക്രോസ് ചെക്ക് ചെയ്തു വാർത്ത കൊടുത്തിരുന്ന പോയ കാലം തിരിച്ചുവരും എന്നുതന്നെയാണ് പ്രതീക്ഷ. കൃത്യമായ സോഴ്സുകൾ വാർത്തകൾക്കുണ്ടായിരിക്കണം.സോഴ്സ് ഇല്ലാതെ വാർത്ത കൊടുക്കാൻ മാതൃഭൂമി തയ്യാറായിരുന്നില്ല.
ഇത് മത്സരത്തിന്റെ കാലമാണ്.വാർത്ത തെറ്റായാലും അപൂർവ്വമായി മാത്രമാണ് തിരുത്തലുകൾ വരുന്നത്. രാവിലെ കൊടുത്ത വാർത്ത തെറ്റാണെങ്കിൽ ഏഴു മണി ബുള്ളറ്റിനിൽ വേറെ ഒരു വാർത്ത കൊടുക്കുന്നു. തിരുത്തിയത് കാണാത്തവരുടെ മുന്നിൽ തിരുത്താത്ത വാർത്ത ശരിരൂപത്തിൽ തന്നെ കിടക്കും. അത്തരം മൂല്യബോധമാണ് നയിക്കുന്നത്.
കമ്മോഡിറ്റി എന്ന നിലയിൽ പത്രങ്ങളും ചാനലുകളും നിലനിൽക്കേണ്ട ആവശ്യകത ഉണ്ടായിരിക്കാം. രാഷ്ട്രീയ സമ്മർദ്ദങ്ങളും ഭീഷണികളും മാദ്ധ്യമങ്ങൾക്ക് നേരിടേണ്ടിയും വരുന്നുണ്ട്.
മാധ്യമങ്ങളുടെ കുത്തകവൽക്കരണവും പ്രശ്നമാണ്. ബിസിനസ് സ്ഥാപനങ്ങളുടെ കീഴിൽ പ്രവർത്തിക്കുന്ന മാധ്യമങ്ങൾക്ക് നിലനിൽപ്പിന് അവയെ ആശ്രയിക്കേണ്ടി വരുന്ന അവസ്ഥയിൽ വാർത്തക്ക് എന്തുമാത്രം സ്വതന്ത്രതയുണ്ടാകും, വസ്തുതാപരമാകും എന്ന് ചിന്തിക്കണം.
പ്രാദേശികമായി ഏറെ പ്രസക്തമായിരുന്ന നിരവധി മാധ്യമങ്ങൾ ഇല്ലാതെയായി. നിലവിലുള്ളവ വലിയ വെല്ലുവിളികൾ നേരിടുകയാണ്.കൊവിഡ് കാലത്ത് പല മാധ്യമങ്ങളും ശോഷിച്ചു പോയി. എണ്ണത്തിലും, വണ്ണത്തിലും, നിലവാരത്തിലും മാറ്റം ഉണ്ടായിട്ടുണ്ട്. രാഷ്ട്രീയപരമായ ഭയപ്പെടുത്തലുകൾ, ഭീഷണികൾ, അഭിപ്രായസ്വാതന്ത്ര്യത്തിന് തടയിടുന്ന പ്രശ്നങ്ങൾ ഉണ്ട്. അഭിപ്രായസ്വാതന്ത്ര്യം തന്നെ നിലവിട്ട് പോകുന്നുണ്ടോ എന്ന ആശങ്കയും മാധ്യമപ്രവർത്തകർക്കിടയിലുണ്ട്. ജനങ്ങൾക്കും അതേ ആശങ്കയുണ്ട്.അങ്ങനെ കലുഷിതമായ ഒരു സന്ദർഭത്തിൽ കൂടിയാണ് നാം കടന്നു പോകുന്നത്.
മാധ്യമങ്ങൾക്ക് പഴയ പ്രൗഢിയും പ്രസരിപ്പും വിശ്വാസ്യതയും നേടിയെടുക്കാൻ കഴിയണം. എന്നാൽ മാത്രമേ ജനാധിപത്യ സംവിധാനങ്ങൾ നിലനിൽക്കുകയുള്ളൂ. വിശ്വാസ്യത നഷ്ടപ്പെട്ടു പോകുന്നത് ജനാധിപത്യത്തിന് ഭീഷണിയാണ്. മാധ്യമങ്ങളെ നിശബ്ദരാക്കിക്കൊണ്ടു ള്ള രാഷ്ട്രീയ പ്രവർത്തനം, സ്വേച്ഛാധിപത്യ വ്യവസ്ഥയുടെ രീതിയാണ്. വസ്തുതയാണ് അറിയുന്നത് എന്ന് ഉറപ്പാക്കാനുള്ള അവകാശം വായനക്കാർക്ക് ഉണ്ട്. ഇന്ന് വസ്തുതയെക്കാൾ താൻ കേൾക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ, ഇഷ്ട വിഷയങ്ങൾ മതപരമായ കാഴ്ചപ്പാടുകൾ ശരി വയ്ക്കുന്ന മാധ്യമങ്ങൾ - ഇത് മാത്രം കാണാൻ ഇഷ്ടപ്പെടുന്ന ഒരു വലിയ വിഭാഗം ജനങ്ങൾ ഉണ്ടായി വന്നിരിക്കുന്നു. അത്തരത്തിലുള്ള ധ്രുവീകരണം സംഭവിച്ചിരിക്കുന്നു. വസ്തുനിഷ്ഠത എന്നത് കാഷ്വാലിറ്റി ആയിരിക്കുന്നു. വസ്തുതകൾ അറിയാൻ ആഗ്രഹിക്കുന്നവർക്ക് അതു നൽകുന്ന മാധ്യമങ്ങൾ ഇനിയും ഉണ്ടായി വന്നേക്കും. അതിനായി വസ്തുനിഷ് ഠമായ വാർത്തകൾ കൊടുത്തു ശീലിപ്പിക്കണം.
ഇഷ്ടപ്പെട്ടത് മാത്രം കേൾക്കാൻ ചിലർ ആഗ്രഹിക്കുന്നത് കൊണ്ടാണ് മാധ്യമങ്ങൾക്കെതിരെ സൈബർ ഗുണ്ടായിസം ഉണ്ടാകുന്നത്. അസഹിഷ്ണുത കൂടിവരുന്നു.
മുഖ്യമന്ത്രിമാരെയും പാർട്ടി സെക്രട്ടറിയെയും പ്രധാനമന്ത്രിയെത്തന്നെയും രൂക്ഷമായി വിമർശിച്ചിരുന്ന തലയെടുപ്പുള്ള മാധ്യമപ്രവർത്തകർ ഉണ്ടായിരുന്നു. വിമർശനത്തെ സ്പോർട്സ്മാൻ സ്പിരിറ്റോടെ കാണേണ്ട രാഷ്ട്രീയ - ഉദ്യോഗസ്ഥ നേതൃത്വത്തിന് സഹിഷ്ണുത കുറഞ്ഞു. മാദ്ധ്യമങ്ങളെ ഭയപ്പെടുത്തി വരുത്തിയിൽ നിർത്താനുള്ള ശ്രമം.
ഉണ്ടായിട്ടുള്ള വലിയ ഒരേ ശബ്ദം മാത്രം കേൾപ്പിക്കുന്ന കാലഘട്ടത്തിലൂടെയാണ് സമയം കടന്നു പോകുന്നത്.
വാർത്തകൾക്ക് ഒരുപാട് ഫ്രില്ലുകൾ (അലങ്കാരങ്ങൾ) വേണമെന്നില്ല. അതിശയോക്തി കലർന്ന വാർത്തകൾ വന്നില്ലെങ്കിൽ അതിനു കിക്ക് പോര എന്ന ചിന്തയാണ് ഇപ്പോഴുള്ളത്. ദൃശ്യമാധ്യമങ്ങൾ വിഷ്വൽസിനെ കളർ ഗ്രേഡ് ചെയ്ത് സമ്പന്നമാക്കി, വർണ്ണാഭമാക്കി എഡിറ്റ് ചെയ്ത് അവതരിപ്പിക്കുന്നു. യഥാർത്ഥ റഷസ് മാറ്റി കൃത്രിമമായി നിറപ്പകിട്ടോടെ ദൃശ്യങ്ങൾ കാണിക്കുന്നു. ഒരു പരിധിയുമില്ലാതെ അതിശയോക്തിയോടെ നിറം പിടിപ്പിച്ച വാർത്തകൾ അവതരിപ്പിക്കുന്നു.ആളുകളെ മന്ദിപ്പിച്ചിരുത്തുന്ന രീതി.
ടെലിവിഷൻ വന്നതിനുശേഷം ഉണ്ടായ വലിയ മാറ്റം വാർത്താന്വേഷണങ്ങളിലും ആലസ്യം ഉണ്ടാകുന്നുണ്ട്. ക്യാമറാമാൻ മാത്രം പോയി വാർത്ത റിപ്പോർട്ട് ചെയ്ത് ഷെയർ ചെയ്യുന്നു. നിരവധി അസൈൻമെന്റുകൾ ഒരേസമയം ഉണ്ടാകുമ്പോൾ സംഭവിക്കുന്നതായിരിക്കാം. മുൻപ് വാർത്താ ശേഖരണത്തിനും അ വതരണത്തിനും ചില മാനദണ്ഡങ്ങൾ ഉണ്ടായിരുന്നു.
മുഖ്യധാരാ മാധ്യമങ്ങളിൽ എഡിറ്റർമാരുടെ പങ്ക് കുറഞ്ഞുവരുന്നു.
നവ മാധ്യമങ്ങളിൽ എഡിറ്റർമാർ ഇല്ല. പത്രാധിപർ മാർക്കറ്റിംഗ് ഡിവിഷനെ ശക്തിപ്പെടുത്തുന്ന ഒരു കാലഘട്ടം കൂടിയാണ്. വാർത്ത കൊടുത്തശേഷം വസ്തുത മറിച്ചാണെങ്കിൽ അത് തിരുത്താൻ ധൈര്യമുള്ള പത്രാധിപന്മാരും റിപ്പോർട്ടർമാരും ഇന്നില്ല. മാധ്യമ സിൻഡിക്കേറ്റ് എന്ന് മുൻപ് മുഖ്യമന്ത്രി പറഞ്ഞതിനോട് യോജിപ്പ് ഇല്ലെങ്കിൽ പോലും വാർത്തകൾ സ്റ്റാൻഡേർഡൈസ് ചെയ്യപ്പെടുന്നു എന്നത് വാസ്തവമാണ്.
വസ്തുതകൾ ഗവേഷണം നടത്തി മനസ്സിലാക്കി, പരിശോധിച്ച് വാർത്ത പ്രസിദ്ധീകരിക്കാൻ 24 മണിക്കൂർ ഉണ്ടായിരുന്നു. ഇപ്പോൾ ഓരോ സെക്കന്റിലും ബ്രേക്ക് ചെയ്യുന്ന വിസ്ഫോടകാവസ്ഥയിൽ വാർത്താപ്രളയത്തിനിടയിൽ വസ്തുതയും അതിശയോക്തിയും ഏതെന്നു തിരിച്ചറിയാൻ കഴിയുന്നില്ല. വസ്തുത അറിയേണ്ടവർ കാലക്രമത്തിൽ കൂടി വരുമോ എന്ന് പറയാൻ കഴിയില്ല.
വാർത്ത എൻഗേജിങ് അല്ലെങ്കിൽ അതേ പൈങ്കിളി സ്വഭാവമുള്ള സീരിയൽ ഉണ്ടാകും.
വാർത്താശേഖരണത്തിൽ ഒരു ആലസ്യ മനോഭാവം ഉണ്ടാകുന്നുണ്ട്.. ക്യാമറാമാൻമാർ മാത്രം പോയി വാർത്തകൾ റിപ്പോർട്ട് ചെയ്യുകയും ഷെയർ ചെയ്യുകയും ചെയ്യുന്ന രീതിയുണ്ട്. ഒരേസമയം നിരവധി അസൈൻമെന്റുകൾ ഉണ്ടാകുമ്പോൾ സംഭവിക്കുന്നതായിരിക്കാം. വാർത്ത കൈകാര്യം ചെയ്യുമ്പോൾ ചില മാനദണ്ഡങ്ങൾ മുൻപ് പാലിച്ചിരുന്നു. ഒരു ഇൻസ്റ്റിറ്റ്യൂട്ടിലും പഠിച്ചാൽ കിട്ടാത്ത മൂല്യബോധന കല്പനകൾ അന്നത്തെ പത്രപ്രവർത്തകർ പാലിച്ചിരുന്നു.
പരിപാടിയിൽ ഡി.പ്രദീപ് കുമാർ,കെ.ഹേമലത എന്നിവർ മോഡറേറ്റർമാരായി.
ചരിത്രസാക്ഷികൾ ഏഴാം ഭാഗത്തിന്റെ ശബ്ദലേഖനം മീഡിയ വേവ്സ് യൂട്യൂബ് ചാനലിൽ ലഭ്യമാണ് :
(*കെ. ഹേമലത എഴുതിയത്)
No comments:
Post a Comment