2020-ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ പ്രൊഫ. ഓംചേരി എൻ.എൻ പിള്ളയുടെ 'ആകസ്മികം ' ഓർമ്മക്കുറിപ്പുകളെ ആസ്പദമാക്കി കേരള കൗമുദി വാരാന്തപ്പതിപ്പിൽ (12.9.21) എഴുതിയ ലേഖനത്തിന്റെ പൂർണ്ണരൂപം:
****************
ആകസ്മികം:
ഓംചേരി എൻ.എൻ. പിള്ള
(ഓംചേരിയുടെ ഓർമ്മക്കുറിപ്പുകൾ)
പേജ് 318, വില 320 രൂപ
എൻ.ബി.എസ്, കോട്ടയം
ബഹുമുഖ പ്രതിഭയാണ് പ്രൊഫ. ഓംചേരി എൻ.എൻ പിള്ള . നാടകവേദിയിൽ തന്റേതായ ഒരിടം അടയാളപ്പെടുത്തിയ ഗുരുതുല്യനായ നാടകകൃത്ത് മാത്രല്ല , അദ്ദേഹം. ബഹുജന വർത്താവിതരണ മേഖലയിൽ വിവിധ തലങ്ങളിൽ ശ്രദ്ധേയ സംഭാവനകൾ നൽകിയ ഓംചേരി, മാസ് കമ്യൂണിക്കേഷൻ വിദഗ്ദ്ധനെന്ന നിലയിൽ ലോകമെമ്പാടും അറിയപ്പെടുന്നു. വിദേശ സർവ്വകലാശാലകളിലടക്കം വിസിറ്റിങ്ങ് പ്രൊഫസറുമായിരുന്നു. ജീവിത സായാഹ്നത്തിലും കർമ്മനിരതനാണ് അദ്ദേഹം.
വൈക്കം ഇംഗ്ലീഷ് സ്ക്കൂളിൽ വിദ്യാർത്ഥിയായി തുടങ്ങിയ അദ്ദേഹം റെയിൽവേ ഉദ്യോഗസ്ഥനായി ജോലിയിൽ പ്രവേശിച്ച ശേഷം,ബിരുദമെടുക്കാൻ ജോലി ഉപേക്ഷിച്ചു. തിരുവനന്തപുരത്തെ ബിരുദപഠനത്തിനിടയിൽ അതിനായുള്ള പണമുണ്ടാക്കാൻ, അന്നത്തെ പ്രമുഖ പത്രങ്ങളിലൊന്നായ 'പ്രഭാത'ത്തിന്റേയും, തുടർന്ന് , 'മലയാള രാജ്യ'ത്തിന്റെ ലേഖകനായി. കവിതകളും രാഷ്ട്രീയനാടകങ്ങളുമെഴുതി.തുടർന്ന്,എറണാകുളം ലോ കോളേജിൽ നിന്ന് നിയമ ബിരുദം നേടിയ ശേഷം, കേന്ദ്ര ഇൻഫർമേഷൻ സർവീസിൽ സബ് എഡിറ്ററായി,1952-ൽ ആകാശവാണി ഡൽഹി വാർത്താ വിഭാഗത്തിൽ എത്തിയ ഓംചേരി, ഇന്ദ്രപ്രസ്ഥം തന്റെ കർമ്മഭൂമിയാക്കിയിട്ട് ഇപ്പോൾ 69 വർഷം.
കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2020-ലെ പുരസ്ക്കാരം ലഭിച്ച ,'ആകസ്മികം' എന്ന സർവ്വതലസ്പർശിയായ അദ്ദേഹത്തിന്റെ ജീവിതസ്മരണകൾ കേരളത്തിന്റെ പോയകാല സാമൂഹിക ജീവിതത്തിന്റേയും,ഡൽഹി നഗരത്തിന്റെ വികാസപരിണാമങ്ങളുടേയും നേർസാക്ഷ്യവുമാകുന്നുണ്ട്. ദേശീയ രാഷ്ട്രീയത്തിലെ ചില പ്രധാന സംഭവ വികാസങ്ങളുടെ ചരിത്രാഖ്യാനങ്ങൾ കൂടിയാണ് ഈ ഓർമ്മക്കുറിപ്പുകൾ .
ഓംചേരി ഈ സ്മരണകൾ പലപ്പോഴായി പറഞ്ഞു കൊടുക്കുകയായിരുന്നു.നാല്പതു ദിവസം ഇവ കേട്ട്, ശബ്ദലേഖനം ചെയ്തത് മുൻ ചീഫ് സെക്രട്ടറിയും മുൻ പ്രോവിഡന്റ് ഫണ്ട് കമ്മീഷണറുമായ ഡോ.വി.പി.ജോയിയായിരുന്നു. ഈ വായ്മൊഴികൾ എഡിറ്റ് ചെയ്ത് വരമൊഴിയാക്കി മാറ്റി, രാധാകൃഷ്ണൻ അയിരൂർ .
ജോയ് വാഴയിൽ എന്ന പേരിൽ കവിതകളെഴുതുന്ന ഡോ. വി.പിജോയി 'ധന്യ ജീവിതത്തിന്റെ നിലാ സ്മൃതികൾ' എന്ന പേരിൽ ഈ ഗ്രന്ഥത്തിനെഴുതിയ സുദീർഘമായ അവതാരികയിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു :."..അദ്ദേഹത്തിന് നൽകുവാനുള്ളത് നന്മയുടെ സന്ദേശം ആണ് . അദ്ദേഹത്തിന്റെ ആത്മകഥ നമ്മെ പഠിപ്പിക്കുന്നത്, പ്രയാസങ്ങളും ബുദ്ധിമുട്ടുകളുമല്ല ജീവിതം ദുരിതമയമാക്കുന്നത് എന്നാണ്. എല്ലാത്തിനെയും നന്മയുടെ പാതയിലൂടെ കാണാൻ സന്മനസ്സുള്ളവർക്ക് പ്രയാസങ്ങളിലും ബുദ്ധിമുട്ടുകളിലും ജീവിതം സന്തുഷ്ടി പ്രദാനം ചെയ്യും. അത്തരം മാനസിക ഭാവം ഉൾക്കൊള്ളുന്ന ഈ ആത്മകഥ എല്ലാവരെയും പ്രചോദിപ്പിക്കും എന്നതിൽ സംശയമില്ല ".
വൈക്കത്തിനടത്തുള്ള മൂത്തേടത്ത്കാവിലെ വീട്ടിന്റെ ചുവരിൽ തൂക്കിയിട്ട ശ്രീരാമകൃഷ്ണൻ , വിവേകാനന്ദൻ, മഹാത്മാ ഗാന്ധി, നെഹ്രു, ഭഗത് സിങ്ങ് തുടങ്ങിയവരുടെ ഛായാചിത്രങ്ങളിലൂടെ പകർന്നു കിട്ടിയ ദേശാഭിമാനത്തിന്റെ 'കാഴ്ച ജ്ഞാനം'. വീട്ടിൽ പതിവായി വരുത്തിയിരുന്ന സ്വദേശാഭിമാനി, ലക്ഷ്മീബായി, കവനകൗമുദി എന്നീ മാസികകൾ നൽകിയ പുതിയ ലോകത്തെക്കുറിച്ചുള്ള അറിവുകൾ .അയിത്തം കൊടികുത്തിവാണ കുട്ടിക്കാലത്ത്, കുത്താൻ വന്ന പശുവിൽ നിന്ന് രക്ഷിക്കാൻ നാണപ്പന്റെ മുകളിൽ കമിഴ്ന്നു കിടന്ന്, കുത്തേറ്റ് വാങ്ങിയ അയൽക്കാരി, കുട്ടിയെ തൊട്ട് അശുദ്ധമാക്കിയെന്ന് പറഞ്ഞ കരപ്രമാണിയെ 'ഫാ' എന്നാരാട്ട് കൊടുത്ത് , അവരെ വിളിച്ചിരുത്തി, ആഹാരം നൽകിയ അമ്മ പകർന്നു നൽകിയ സമത്വമെന്ന സാമൂഹിക നീതിബോധം . മതപ്രഭാഷണം കേൾക്കാൻ പോയി ആകസ്മികമായി പരിചയപ്പെട്ട നവോത്ഥാന നായകരിലൊരാളായ സ്വാമി ആഗമാനന്ദയുടെ കാലടി ശ്രീരാമകൃഷ്ണാശ്രമത്തിലെ അന്തേവാസിയായുള്ള കുറച്ചു കാലത്തെ ജീവിതം . മുടങ്ങാതെ 'ഹിന്ദു' പത്രം വായിക്കണമെന്നും, ഗീതാ ശ്ലോകങ്ങൾ ഹൃദിസ്ഥമാക്കണമെന്നതു മുൾപ്പെടെയുള്ള അവിടത്തെ ചിട്ടകൾ.
- നാരായണ പിള്ളയെ സാമൂഹിക പ്രതിബദ്ധതയുള്ള എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമാക്കി വളർത്തിയത് ഈ ചുറ്റുപാടുകളായിരുന്നു.
'ഓഞ്ചേരി' വീട്ടിലെ നാരായണപിള്ളയെ 'ഓംചേരി'യാക്കിയത് , അച്ഛന് വന്നിരുന്ന നല്ല ഭംഗിയുള്ള കൈപ്പടയിലെഴുതിയ ഒരാളുടെ കത്തുകളായിരുന്നു. 'നാരായണ പിള്ള , ഓംചേരി വീട്, എന്നായിരുന്നു , വിലാസം എഴുതിയിരുന്നത്. എഴുത്തിന്റ അവസാനം ' എന്ന് സ്വന്തം രാമകൃഷ്ണപിള്ള' എന്നെഴുതും. അദ്ദേഹം ധീരനായൊരു പത്രാധിപരാണെന്ന് അച്ഛൻ പറഞ്ഞറിഞ്ഞു: സ്വദേശാഭിമാനി കെ.രാമകൃഷ്ണപിള്ള. 'ഓഞ്ചേരി' മാറ്റി 'ഓംചേരി'യാക്കിയത് അങ്ങനെയായിരുന്നു.
യൂണിവേഴ്സിറ്റി കോളേജിൽ ഡിഗ്രിക്ക് ഇസ്ലാമിക ചരിത്രമായിരുന്നു പഠിച്ചത്.അന്നത്തെ തീപ്പൊരി നേതാവ് കെ. ബാലകൃഷ്ണൻ പ്രസംഗിച്ച ഒരു രാഷ്ട്രീയ യോഗത്തിൽ ഒരു പെൺകുട്ടി ബോധേശ്വരന്റെ കേരള ഗാനം ആലപിച്ചു. നല്ല ആലാപനം. ഗായികയെ ശ്രദ്ധിച്ചു. കമുകറ ലീലാബായ്. കഥാകൃത്ത് കൂടിയാണ്. സഹോദരൻ ഒപ്പം കോളേജിൽ പഠിക്കുന്നുണ്ട് - പുരുഷോത്തമൻ. അന്ന് അദ്ദേഹം ഗായകനായി പേരെടുത്തിരുന്നില്ല.
ഗാന്ധിജി വധിക്കപ്പെട്ടപ്പോൾ, നാരായണപിള്ള ഒരു കവിതയെഴുതി, തിരുവിതാംകൂർ റേഡിയോയ്ക്ക് നൽകി.അത് റേഡിയോയിൽ ആലപിച്ചതും ലീലാബായി ആയിരുന്നു.ആ ബന്ധം തളിർത്തു. പ്രതിബന്ധങ്ങൾ തരണം ചെയ്ത്, പിന്നീടവർ ഒന്നിച്ചു.
നിയമസഭാ റിപ്പോർട്ടിങ്ങിനു പോയ അനുഭവത്തെ മുൻ നിർത്തിയായിരുന്നു , ഓം ചേരി ആദ്യത്തെ നാടകമെഴുതിയത്. അന്ന് അസംബ്ലിയിൽ എന്തു ചോദിച്ചാലും,'നോട്ടീസ് വേണം' എന്ന് സ്ഥിരം ഉത്തരം പറയുന്ന ഒരു മന്ത്രിയുണ്ടായിരുന്നു. മന്നത്ത് പത്മനാഭൻ, കത്തോലിക്ക നേതാവ് തര്യത് കുഞ്ഞിത്തൊമ്മൻ , മുസ്ലീംലീഗിലെ പി.എസ്.മുഹമ്മദ് തുടങ്ങിയ സാമുദായിക നേതാക്കൾ കൂടി അംഗങ്ങളായ നിയമസഭയെ ആസ്പദമാക്കി എഴുതിയ ആ രാഷ്ട്രീയ ഹാസ്യ നാടകത്തിൽ അവരെല്ലാം കഥാപാത്രങ്ങളായിരുന്നു. നാടകം കാണാൻ വി.ജെ.റ്റി ഹോളിൽ വലിയ സദസ്സുണ്ടായിരുന്നു. ഓംചേരി നോക്കുമ്പോൾ, ദാ, മുൻ നിരയിലിരിക്കുന്നു , മന്നം.അടുത്ത ദിവസം 'മലയാള രാജ്യം' ഓഫീസിൽ ജോലിക്കെത്തിയപ്പോൾ, മാനേജരുടെ മുറിയിലിരിക്കുന്നു, അദ്ദേഹം. മാനേജ്മെന്റുമായി നല്ല ബന്ധമുണ്ടായിരുന്നു, സമുദായാചാര്യന്. അദ്ദേഹം വിളിപ്പിച്ചു. ജോലി പോയെന്ന് ഉറപ്പിച്ചാണ് ചെന്നത്. പക്ഷേ, മന്നം പറഞ്ഞു,'' വളരെ ഭേഷായി... ഞാൻ ആരാണ് - മറ്റുള്ളവർ എന്നെ എങ്ങനെ കാണുന്നു എന്ന കാര്യം ആ നാടകം കണ്ടപ്പോൾ എനിക്ക് മനസിലായി''.
മന്നവുമായുള്ള അടുത്ത ബന്ധത്തിലേക്കാണത് നയിച്ചത്. പത്രസ്ഥാപനത്തിൽ കിടന്നുങ്ങിയിരുന്ന ആ ചെറുപ്പക്കാരനെ കേശവദാസപുരത്തെ അദ്ദേഹത്തിന്റെ ബംഗ്ലാവിലേക്ക് മന്നം ക്ഷണിച്ചു.
ശബരിലയിൽ വച്ച് കണ്ടുമുട്ടിയ മേൽശാന്തി കൃഷ്ണൻ നമ്പൂതിരിയും ഓംചേരിയുടെ ജീവിത കഥയിലെ തിളക്കമാർന്ന കഥാപാത്രമാണ്. ലീലയുടെ വീട്ടുകാർ അവരുടെ വിവാഹത്തെ അംഗീകരിക്കാത്ത സമയത്ത്, ജാതകം നോക്കി ,'ഇതേ നടക്കൂ' എന്ന് പറയുകയും, അതിന് സഹായങ്ങളൊരുക്കുകയും ചെയ്ത അദ്ദേഹത്തിന്റെ ജീവിത പ്രതിസന്ധികളിൽ പിന്നീട് തുണയായിത്തീർന്നു, ഓംചേരി.
ആകാശവാണി ഡൽഹി മലയാളം വാർത്താ വിഭാഗത്തിൽ സബ് എഡിറ്ററായി ജോലിയിൽ പ്രവേശിച്ചപ്പോൾ ഒപ്പം റോസ്കോട്ട് കൃഷ്ണപിള്ളയും, 'ജനയുഗ'ത്തിന്റെ സ്ഥാപകരിലോരാളായ ആർ .കോൺസ്റ്റൻടൈനുമുണ്ടായിരുന്നു. റോസ്കോട്ട് 'കൃഷ്ണൻകുട്ടി' , കോൺസ്റ്റൻടൈൻ 'ക്രിസ്പി' എന്നീ പേരുകളിൽ ഓംചേരിക്കൊപ്പം വാർത്തകൾ വായിച്ചു. (ജാതിവാലുകൾ ആകാശവാണി വാർത്താ വായനക്കാർ ആരും ഉപയോഗിക്കില്ല; ഇന്നും) .
മൂവരും ഒന്നിച്ചായിരുന്നു , ആ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ ട്രെയിനിൽ ഡൽഹിക്ക് പോയത്. ഏതോ ഒരു സ്റ്റേഷനിൽ വണ്ടി നിർത്തിയപ്പോൾ, ചായ കുടിക്കാൻ പുറത്തിറങ്ങിയ ഓംചേരി പെഴ്സ് അവിടെ മറന്നു വച്ചു. ഒരാൾ അതെടുത്ത് അദ്ദേഹത്തിന് നൽകി.ആളിനെ പരിചയപ്പെട്ടു. പേരു് തമ്പി. ശ്രീറാം ഇൻസ്റ്റിറ്റൂട്ട് ഫോർ ഇൻഡസ്ട്രിയൽ റിസർച്ചിലെ സയന്റിഫിക് ഓഫീസർ .ഡൽഹിയിലിറങ്ങിയപ്പോൾ, തന്റെ വീട്ടിൽ താമസിക്കാൻ അദ്ദേഹം ക്ഷണിച്ചു.ആകസ്മികമായ ആ കണ്ടുമുട്ടൽ സമാനതകളില്ലാത്ത ഒരു ബന്ധത്തിലേക്കാണവരെ നയിച്ചത്. അദ്ദേഹത്തിന്റേയും ഓംചേരിയുടേയും കുടുംബങ്ങൾ കാൽ നൂറ്റാണ്ടോളം ഒന്നിച്ചു താമസിച്ചു!"അക്കൗണ്ട് വയ്ക്കാതെയും കണക്കു നോക്കാതെയും ഒരു കൂട്ടു കുടുംബം പോലെയാണ് ഞങ്ങൾ കഴിഞ്ഞിരുന്നത്..''
സാധാരണക്കാരായ ഡൽഹി മലയാളികൾക്കായി, എ.കെ.ജി മുൻകൈ എടുത്ത് ഡൽഹി മലയാളി അസോസിയേഷൻ രൂപീകരിച്ചതിൽ അന്ന് ആകാശവാണി മലയാളം വാർത്താവിഭാഗത്തിൽ പ്രവർത്തിച്ചവരുടെ സജീവമായ പങ്കാളിത്തമുണ്ടായിരുന്നു. അഭിജാതരായ മലയാളികൾക്കായി കേരള ക്ലബ്ബ് 1939 മുതൽ ഉണ്ടായിരുന്നു. തൊഴിലാളികളുൾപ്പെടെയുള്ള പാവപ്പെട്ടവർക്കായി ,'അരിവയ്പുകാരുടെ സംഘടന' രൂപവല്കൃതമായി. അതിനായി എ.കെ.ജി നിർദേശിച്ചതനുസരിച്ച്, ഓംചേരി ഒരു നാടകമെഴുതി: ഈ വെളിച്ചം നിങ്ങൾക്കുള്ളതാകുന്നു.
കമ്യൂണിസ്റ്റുകാർ നോട്ടപ്പുള്ളികളാകുന്ന കാലം. അവരുമായി ബന്ധമുണ്ടെന്നറിഞ്ഞാൽ, ജോലി പോകും. അതുകൊണ്ട്, ഒരു തൂലികാ നാമം ആവശ്യമായി വന്നു - വിലാസലതിക ബി.എ (ഓണേഴ്സ് ) . ആ നാടകത്തിൽ അന്നത്തെ കമ്യൂണിസ്റ്റ് എം.പി.മാരും വേഷമിട്ടു. സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ നാടക മത്സരത്തിൽ വിലാസലതികയുടെ ആ രചനയ്ക്ക് ഒന്നാം സമ്മാനവും കിട്ടി. അങ്ങനെ വിലാസലതികയ്ക്ക് ധാരാളം ആരാധകരുണ്ടായി.
- പില്ക്കാലത്ത്,വിനോബ ഭാവയുടെ ഭൂദാനപ്രസ്ഥാനത്തെ നിശിതമായി വിമർശിച്ചു കൊണ്ട് 'മാതൃഭൂമി' ആഴ്ചപ്പതിപ്പിൽ വിലാസലതിക ലേഖനമെഴുതിയപ്പോൾ, കേളപ്പൻ അതിന് എഴുതിയ മറുപടിയിൽ പറഞ്ഞു: ഇതിനു പിന്നിൽ ഒരു പൂതന ഒളിഞ്ഞിരിപ്പുണ്ട്!
വാർത്താവിതരണ വകുപ്പുമായി ബന്ധപ്പെട്ട് വിവിധ രംഗങ്ങളിൽ ഉന്നത സ്ഥാനം വഹിച്ചിട്ടുള്ള ഓംചേരിയായിരുന്നു, ഇന്ദിരാ ഗാന്ധിയുടെയും കോൺഗ്രസിന്റെയും എക്കാലത്തേയും ജനപ്രിയ മുദ്രാവാക്യമായ 'ഗരീബി ഹഠാവോ ' എന്ന രാഷ്ട്രീയ പ്രചാരണായുധം രൂപപ്പെടുത്തിയെടുത്തത്.
1971-ൽ , ഒരു സുഹൃത്തായ കെ.എസ്.നായർ അവശ്യപ്പെട്ടതനുസരിച്ച്, രഹസ്യമായി തയ്യാറാക്കിക്കൊടുത്തതായിരുന്നു , അത് . അന്നത്തെ എ.ഐ.സി.സി ജോയിന്റ് സെക്രട്ടറി മുകുൾ ബാനർജിയുടെ ആവശ്യപ്രകാരമായിരുന്നു കെ.എസ്. നായർ അദ്ദേഹത്തെ സമീപിച്ചത്.
പരസ്യരംഗത്തെ അതികായനായിരുന്ന ഡേവിഡ് ഒഗിൽവിയുടെ 'ബിഗ് ഐഡിയ' തിയറി പരീക്ഷിച്ചു നോക്കാൻ ഓംചേരി തീരുമാനിച്ചു. ദാരിദ്ര്യ നിർമ്മാർജ്ജനമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും പ്രതിപക്ഷത്തിന് സൃഷ്ടിപരമായ ഒരു കാര്യവും പറയാനില്ലെന്നും ഇന്ദിരാ ഗാന്ധി ആയിടയ്ക്ക് പ്രസംഗിച്ചത് ഓർത്തെടുത്തു. അതിൽ നിന്ന് 'ഗരീബി ഹഠാവോ' എന്ന മുദ്രാവാക്യം രൂപപ്പെടുത്തി. സമാനമായ മൂന്നാല് മുദ്രാവാക്യങ്ങളും ഉണ്ടാക്കി. ഡൽഹിയ്ക്കടുത്തുള്ള മഡോത്തി എന്ന ഗ്രാമത്തിൽ പോയി,ഇത് വച്ച് ഒരു സർവ്വെ നടത്തി. 'ഗരീബി ഹഠാവോ'യ്ക്ക് വൻ സ്വീകാര്യതയാണ് ലഭിച്ചത്.
- ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിൽ ഇടം നേടി, ആ രാഷ്ട്രീയ പ്രചാരണ മുദ്രാവാക്യം.
ഭരണാധികാരിയെന്ന നിലയിൽ ഇന്ദിരാ ഗാന്ധിയെ ബഹുമാനിച്ചിരുന്ന ഓംചേരിയുടെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും സംഘർഷഭരിതമായ ദിനങ്ങൾ അടിയന്തരാവസ്ഥക്കാലത്തെ ഡെപ്യൂട്ടി സെൻസർഷിപ്പ് ഓഫീസർ പദവിയായിരുന്നു. ആ ആത്മസംഘർഷങ്ങളാണ് 'ഉലകുട പെരുമാൾ ' എന്ന പൊളിറ്റിക്കൽ അലിഗറി നാടകത്തിനടിസ്ഥാനം.
വി.കെ.മാധവൻ കുട്ടി, ഡോ.കെ.പി. കരുണാകരൻ, കൃഷ്ണചൈതന്യ തുടങ്ങി ധാരാളം പ്രശസ്തരെക്കുറിച്ചുള്ള തൂലികാചിത്രങ്ങളുമുണ്ട്, ഈ ഓർമ്മക്കുറിപ്പുകളിൽ . 'ഫാക്ട്' എം.ഡിയായിക്കെ, വ്യാജക്കേസിൽ കുടുക്കി സസ്പെന്റ് ചെയ്ത്, രാഷ്ട്രീയ നേതാക്കൾ വേട്ടയാടിയ എം.കെ.കെ.നായരെക്കുറിച്ചുള്ള ഓർമകൾ ഹൃദയത്തെ തൊടുന്ന പൊള്ളുന്ന അനുഭവങ്ങളാണ്. പന്ത്രണ്ട് വർഷം നീണ്ടുനിന്ന വ്യവഹാരത്തിനായി വസ്തുവകകളെല്ലാം വില്ക്കുകയും സമ്പാദ്യം മുഴുവൻ ചെലവഴിക്കുകയും ചെയ്ത്,തീർത്തും അവശനും ദരിദ്രനുമായി ത്തീർന്ന എം.കെ.കെ നായർ ഒരിക്കൽ ഡൽഹിയിലെത്തി. എപ്പോൾ വന്നാലും ഓംചേരിയുമൊത്ത് ദരിയ ഗഞ്ചിലെ ഒരു ഹോട്ടലിൽ തന്തൂരി ചിക്കൻ കഴിക്കാൻ പോകുന്ന അദ്ദേഹം അന്ന് അതു വേണ്ട എന്നാണ് പറഞ്ഞത്. ഓംചേരി നിർബന്ധിച്ച ശേഷമാണ് ഹോട്ടലിൽ പോയത്. ഭക്ഷണം കഴിഞ്ഞ്, കൗണ്ടറിൽ പോയി ഓംചേരി ബില്ലടച്ചത് കണ്ട് എം.കെ.കെ.നായരുടെ കണ്ണിൽ നിന്ന് കണ്ണീർ തുളുമ്പി വീണു. "ഇക്കാര്യം ഇന്നും കണ്ണീരോടെയല്ലാതെ എനിക്ക് ഓർമ്മിക്കാൻ കഴിയുന്നില്ല " .
- ഇത്തരം മനസിൽ തട്ടുന്ന ജീവിതാനുഭവങ്ങളാൽ സമ്പന്നമാണ് ഓംചേരിയുടെ ഈ ഓർമ്മക്കുറിപ്പുകൾ. മനുഷ്യത്വമാണ് അദ്ദേഹത്തിന്റെ ജീവിതത്തിന്റേയും രചനകളുടേയും നാനാർത്ഥങ്ങളുള്ള രാഷ്ട്രീയം .
ധന്യമായ ഈ ജീവിതാനുഭവങ്ങൾ പങ്കുവച്ചതിന് നമ്മൾ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു.
ഡൽഹി മലയാളികളുടെ ഏഴു പതിറ്റാണ്ടിന്റെ കലാ-സാംസ്ക്കാരിക ചരിത്രമെന്ന നിലയിലും ഈ ഓർമ്മക്കുറിപ്പുകൾക്ക് പ്രസക്തിയുണ്ട്.
No comments:
Post a Comment