ഇ മലയാളം വായിക്കാനും എഴുതാനും ഇവിടെ ഞെക്കുക UNICODE MALAYALAM FONTS

Click here for Malayalam Fonts

Search This Blog

Showing posts with label എൻ.എം എബ്രഹാം. Show all posts
Showing posts with label എൻ.എം എബ്രഹാം. Show all posts

Sunday, 29 September 2024

കെ.വി മാമ്മൻ:ഒരു വിശ്വാസിയുടെ മാദ്ധ്യമജീവിതം

പത്തനംതിട്ടയ്ക്കടുത്ത മാക്കാംകുന്ന് ഗ്രാമത്തിലെ ഒരു കുടിപ്പള്ളിക്കൂടത്തിൽ, “ത്രിയേക ദൈവത്തിനു സ്തുതി’ എന്ന് നിലത്തെഴുത്താശാൻ്റെ കൈപിടിച്ചെഴുതി, നാലാം വയസ്സിൽ അക്ഷരങ്ങളുടെ ലോകത്തേക്ക് പിച്ചവച്ച കെ.വി മാമ്മന്  ഇപ്പോൾ പ്രായം 96.

 കോട്ടയം മാങ്ങാനത്തെ വീട്ടിൽ,അക്ഷരങ്ങൾക്കും പുസ്തകങ്ങൾക്കും നടുവിൽ ചുറുചുറുക്കോടെ തൻ്റെ സപര്യ തുടരുന്നു,അദ്ദേഹം.മലയാള മനോരമയുടെ രണ്ടാമത്തെ മുഖ്യ പത്രാധിപരായ കെ.സി മാമ്മൻ മാപ്പിളയുടെ കാലത്ത്, 1953ൽ സബ് എഡിറ്ററായി പത്രത്തിൽ നിയമിക്കപ്പെട്ട മാമ്മൻ്റെ മാദ്ധ്യമജീവിതം ഒരു സത്യവിശ്വാസിയുടെ തീർത്ഥാടനമാണ്.
 
1950ൽ ചർച്ച് വീക്കിലിയിൽ സഹായിയും,പിന്നെ സബ് എഡിറ്ററുമായി തുടങ്ങിയ മാമ്മൻ്റെ  മാദ്ധ്യമജീവിതത്തിന്  ഇപ്പോൾ 75 വയസ്സ്.അതിൽ 37 വർഷവും മലയാള മനോരമയുടെ കോട്ടയത്തെ പത്രാധിപസമിതിയിൽ. പത്രപ്രവർത്തനത്തിൽ പ്രൊഫഷണൽ യോഗ്യത നേടിയ മനോരമയിലെ ആദ്യത്തെയാൾ. നാലു തലമുറ പത്രാധിപന്മാർക്കൊപ്പം പ്രവർത്തിച്ച്,1990ൽ പിരിയുമ്പോൾ അദ്ദേഹം അസിസ്റ്റൻ്റ് എഡിറ്ററായിരുന്നു.

 നൂറിലധികം പുസ്തകങ്ങളിലൂടെ മലങ്കര ഓർത്തഡോക്സ് സഭയുടെ ചരിത്രകാരനായി സ്വയം അടയാളപ്പെടുത്തിയ അദ്ദേഹത്തിൻ്റെ ഏറ്റവും ഒടുവിലത്തെ രചന പ്രസിദ്ധീകരിക്കപ്പെട്ടത് 2023 ഒക്ടോബറിൽ.‘മലങ്കരസഭ എന്ന മഹാബോധിവൃക്ഷത്തണലിൽ’, എന്ന് തൻ്റെ ആത്മകഥയ്ക്ക് അദ്ദേഹം നൽകിയ പേരിൽ എല്ലാം അടങ്ങിയിരിക്കുന്നു. “ദേവലോകത്തിൻ്റെ മനോരമ അംബാസഡർ;മനോരമയുടെ ദേവലോകം അംബാസഡർ’ എന്നാണ്   ഈ പുസ്തകത്തിന്റെ  അവതാരികയിൽ ഡോ. ജേക്കബ് കുര്യൻ അദ്ദേഹത്തിൻ്റെ മനോരമക്കാലത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.

ആദ്ധ്യാത്മികാന്തരീഷം നിറഞ്ഞുനിന്ന ഒരു സാധാരണ കർഷകടുംബത്തിൽ ആറ് മക്കളിൽ  നാലാമനായി പിറന്ന മാമ്മൻ,സൺഡേ സ്കൂളിൽ മുടങ്ങാതെ പോയി വേദവചനങ്ങളും ബൈബിൾ കഥകളും ഹൃദിസ്ഥമാക്കി.സ്കൂളിലെ പദ്യങ്ങൾ കാണാതെ പഠിക്കുകയും അക്ഷരശ്ളോകമത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്തു.ഗവ.ഹൈസ്കൂളിൽ ഏഴാം ക്ളാസ് പൂർത്തിയാൽ 12 രൂപ ഫീസടച്ച് പബ്ളിക് പരീക്ഷ എഴുതണം. അതിന്  13 വയസ് പൂർത്തിയായെന്ന് ഒരു സർക്കാർ ഡോക്ടർ സർട്ടിഫിക്കറ്റ് നൽകുകയും വേണം.അതിനായി,പിതാവുമൊത്ത്  വീടിനടുത്തുള്ള സർക്കാർ ആശുപത്രിയിലെ ഡോക്ടർ അറുമുഖൻ പിള്ളയെ  കണ്ടു.സർട്ടിഫിക്കറ്റ് നൽകാൻ ആറു രൂപ ഫീസ് അയാൾ ആവശ്യപ്പെട്ടു. “പരീക്ഷയ്ക്കിരിക്കാൻ എല്ലാം കൂടി 24 രൂപ ചെലവാകും.അത് വലിയൊരു സംഖ്യയായിരുന്നു. അതിനാൽ ഏഴാം ക്ളാസിൽ വീണ്ടും പഠിച്ചു”.അടുത്ത തവണ സർട്ടിഫിക്കറ്റിനായി സമീപിച്ചപ്പോഴും ആറു രൂപ തന്നേ തീരൂ എന്ന് ഡോക്ടർ  ശഠിച്ചതിനാൽ പിതാവിൻ്റെ ജന്മദേശമായ തുമ്പമണ്ണിലെത്തി. അവിടുത്തെ  സർക്കാർ ഡോക്ടർ  സന്തോഷത്തോടെ ആ സർട്ടിഫിക്കേറ്റ് നൽകി.
കൈക്കൂലിക്കാർക്കും മദ്യപന്മാർക്കുമെതിരെ അന്ന് രൂപപ്പെട്ട രോഷം ഈ പ്രായത്തിലും അടങ്ങിയിട്ടില്ല .

സമൂഹത്തിലെയും സഭയ്ക്കുള്ളിലെയും  ധാർമ്മികാപഭ്രംശങ്ങൾക്കും പുഴുക്കുത്തുകൾക്കുമെതിരെയുള്ള  നിരന്തര സമരം കൂടിയാണ്  അദ്ദേഹത്തിൻ്റെ ജീവിതം. പൊതുവേ സൗമ്യനായ മാമ്മൻ ഇത്തരക്കാരെ വിമർശിക്കാൻ കടുത്ത പദങ്ങളാണ്  ആത്മകഥയിൽ പോലും ഉപയോഗിച്ചിരിക്കുന്നത്.

ഏഴാം തരം പാസ്സായിക്കഴിഞ്ഞുള്ള തുടർ വിദ്യാഭ്യാസം കാതോലിക്കേറ്റ് ഇംഗ്ളീഷ് ഹൈസ്കൂളിലായിരുന്നു. പത്തനംതിട്ട ജില്ലയുടെ രൂപവത് കരണത്തിന്  കാരണക്കാരനായ മുൻ എം.എൽ.എ കെ.കെ നായർ അവിടെ മാമ്മന്റെ സഹപാഠിയായിരുന്നു.ജസ്റ്റിസ് എം.ഫാത്തിമ ബീവി സീനിയറായി പഠിച്ചിരുന്നു. ഈ വിദ്യാലയം 1952ൽ കാതോലിക്കേറ്റ് കോളജായി വളർന്നു. തിരുവനന്തപുരം തൈക്കാട്ടുള്ള യൂണിവേഴ്സിറ്റി ഇൻ്റർമീഡിയറ്റ് കോളെജിൽ നിന്നാണ് മാമ്മൻ   ഇൻ്റർമീഡിയറ്റ് പാസ്സായത് .ആ സമയത്ത് പിതാവ് അപ്രതീക്ഷിതമായി മരിച്ചതോടെ നാട്ടിലേക്ക് മടങ്ങി.ജോലിക്ക് ശ്രമിച്ചെങ്കിലും ഒന്നും ശരിയായില്ല.1950ൽ കോട്ടയത്തെത്തിയ മാമ്മൻ പിന്നെ ആ നഗരത്തെ തൻ്റെ കർമ്മഭൂമിയാക്കി.

ജീവിതം മറ്റൊരു വഴിയിലൂടെ പോകാൻ തുടങ്ങി.അതിനു കാരണം പള്ളിയായിരുന്നു. പഠിക്കുമ്പോൾ തന്നെ സ്വന്തം ഇടവകപ്പള്ളിയിലെ സെൻ്റ് സ്റ്റീഫൻസ് സൺഡേ സ്കൂളിൽ അദ്ധ്യാപകനായ അദ്ദേഹം  എം.ജി.ഒ.സി.എസ്.എം  എന്ന വിദ്യാർത്ഥി പ്രസ്ഥാനത്തിൻ്റെയും സജീവപ്രവർത്തകനായിരുന്നു .സി.എം സ്റ്റീഫനും പി.സി അലക്സാണ്ടറുമൊക്കെ  ഈ പ്രസ്ഥാനത്തിലൂടെയായിരുന്നു പൊതു രംഗത്തെത്തിയത് .
 

മലങ്കര സഭയുടെ അനൗദ്യോഗിക പ്രസിദ്ധീകരണമായ ചർച്ച് വീക്കിലിയുടെ പത്രാധിപർ മലയാള മനോരമയുടെ മാനേജരും മുഖപ്രസംഗമെഴുത്തുകാരനുമായ നാലാത്ര എൻ.എം എബ്രഹാമായിരുന്നു. ഓഫീസിൽ സഹായിയായി അദ്ദേഹം മാമ്മനെ നിയമിച്ചു.ഫാ. സി.ഇ ജോർജ്ജായിരുന്നു മാനേജർ. വരിസംഖ്യ കുടിശ്ശിക പിരിക്കുക,പുതിയ വരിക്കാരെ ചേർക്കുക തുടങ്ങിയവായിരുന്നു ജോലികൾ. ഏതാനും മാസങ്ങൾക്കകം,ഫാ.ജോർജ്ജ് വെല്ലൂരിൽ വച്ച് മരിച്ചതിനെത്തുടർന്ന് മലയാള മനോരമയിൽ ജോലിചെയ്തിരുന്ന എം.കുര്യനെയും മാമ്മനെയും സബ് എഡിറ്റർമാരായി നിയമിച്ചു. ലേഖനങ്ങൾ വായിച്ച് തെറ്റു തിരുത്തി എഡിറ്റ് ചെയ്യുക,പ്രൂഫ് നോക്കുക,ക്രൈസ്തവ വാർത്തകൾ എഴുതുക തുടങ്ങിയവ മുതൽ ഓഫീസ് കാര്യങ്ങൾ വരെ ചെയ്തു.അതാ യിരുന്നു മാമ്മൻ്റെ പത്രപ്രവർത്തന കളരി.
മനോരമയിൽ ചേർന്നിട്ടും അര നൂറ്റാണ്ടോളം അദ്ദേഹം ചർച്ച് വീക്കിലിയുടെ പത്രാധിപ സമിതിയിൽ തുടർന്നു.അത് മറ്റൊരു ചരിത്രം.കോട്ടയം വൈ.എം.സി.എ കെട്ടിടത്തിലായിരുന്നു വീക്കിലിയുടെ ഓഫീസ്.മാമ്മൻ അവിടെ താമസമാക്കി. “എബ്രഹാം മലങ്കരസഭയിലെ ഇരുകക്ഷികളിൽപ്പെട്ടവർക്കും സുസമ്മതനായിരുന്നു.അദ്ദേഹം എന്നെ ഒരു പുത്രനെപ്പോലെ സ്നേഹിക്കുകയും കരുതുകയും എൻ്റെ ഉയർച്ചയിലേക്കുള്ള വഴി കാട്ടിത്തരികയും ചെയ്തു”.

1951ൽ മാമ്മൻ ബിരുദത്തിന്  സി.എം.എസ് കോളജിൽ ചേർന്നു-ചരിത്രവും സാമ്പത്തികശാസ്ത്രവുമാ യിരുന്നു പഠിച്ചത്.പി.സി ജോസഫായിരുന്നു പ്രിൻസിപ്പൽ.പ്രൊഫ. സി.ഐ രാമൻ നായർ,അമ്പലപ്പുഴ രാമവർമ്മ തുടങ്ങിയ പ്രഗത്ഭർ അദ്ധ്യാപകരായുണ്ടായിരുന്നു.കോളജ് വാർഷികത്തോടനുബന്ധിച്ച് , ‘ഒന്നാം പഞ്ചവത്സരപദ്ധതിയുടെ നേട്ടങ്ങൾ’ എന്ന വിഷയത്തെപ്പറ്റി നടത്തിയ പ്രസംഗമത്സരത്തിൽ മാമ്മനായിരുന്നു ഒന്നാം സമ്മാനം  കിട്ടിയത്.അതിൻ്റെ വാർത്ത മനോരമയിൽ വന്നു.

1953 മാർച്ച് 15. ബിരുദ പരീക്ഷാഫലം പുറത്തുവന്ന അന്നു തന്നെ കെ.വി മാമ്മൻ മലയാള മനോരമയിൽ സബ് എഡിറ്ററായി ചേർന്നു. ഇൻ്റർവ്യൂ സമയത്ത് പത്രാധിപർ കെ.എം ചെറിയാൻ ചോദിച്ചു, “താൻ പ്രസംഗിക്കുന്ന ആളാണോ?’’.അപ്പോൾ,പത്രത്തിൽ വാർത്തവന്ന കാര്യം എൻ.എം എബ്രഹാം അദ്ദേഹത്തെ അറിയിച്ചു.മനോരമ ബാലജനസഖ്യത്തിൻ്റെ ‘ശങ്കരച്ചേട്ടൻ’ ചുമതല കൂടി അദ്ദേഹം  മാമ്മനെ ഏൽപ്പിച്ചിട്ട് പറഞ്ഞു, “കുറച്ചു കഴിഞ്ഞ് വിട്ടുപോകരുത്. റിട്ടയർമെൻ്റ് വരെ മനോരമയിൽ തുടരണം”.

അന്ന് കോട്ടയത്തു നിന്ന് മാത്രമേ പത്രം ഇറങ്ങിയിരുന്നുള്ളൂ.28000 കോപ്പിയായിരുന്നു സർക്കുലേഷൻ.പ്രഭാതദിനപത്രമായിരുന്നുവെങ്കിലും മിക്ക ദിവസവും ഉച്ചയോടെയാണ്  ഇറങ്ങിയിരുന്നത്. നഗരത്തിൽ മാത്രം വൈകുന്നേരത്തോടെ വിതരണം ചെയ്യും.മറ്റു സ്ഥലങ്ങളിലേക്ക് ബസിലും ട്രെയിനിലും അയക്കുന്ന പത്രം അടുത്ത ദിവസമായിരുന്നു ഏജൻ്റുമാർ വിതരണം ചെയ്തിരുന്നത്.ഞായറാഴ്ച പത്രം ഇറങ്ങിയിരുന്നില്ല.വർഷത്തിൽ എട്ട് അവധിയുമുണ്ടായിരുന്നു.
പരസ്യങ്ങൾ അന്നും പത്രത്തിൻ്റെ ജീവനാഡിയായിരുന്നു.പത്രാധിപരുടെ നോട്ടം പരസ്യങ്ങളിലായിരുന്നു. ആ കാശ് കിട്ടിയാലെ പത്രം ഇറക്കാൻ കഴിയൂ.

“കെ.പി കരുണാകര പിഷാരടിയുടെ മേൽനോട്ടത്തിലായിരുന്നു ഞാൻ മനോരമയിൽ  പത്രപ്രവർത്തനത്തിൻ്റെ ബാലപാഠങ്ങൾ പഠിച്ചത്. പൂർണ്ണ ഗാന്ധിയനായിരുന്നു അദ്ദേഹം”.മുഖ്യ പത്രാധിപർ മാമ്മൻ മാപ്പിളള വല്ലപ്പോഴുമേ ഓഫീസിൽ വന്നിരുന്നുള്ളൂ.അദ്ദേഹത്തിൻ്റെ ആരോഗ്യം ക്ഷയിച്ച കാലമായിരുന്നു അത്.ചില യോഗങ്ങളിൽ അദ്ദേഹത്തിൻ്റെ പ്രസംഗങ്ങൾ സീനിയർ എഡിറായ  പി.ഒ എബ്രഹാം വായിക്കുകയായിരുന്നു പതിവ്. സമുദായക്കേസിൽ ഓർത്തഡോക്സ് സഭയുടെ മുഖ്യ അഭിഭാഷകനായിരുന്ന മാത്യു തെള്ളിയിൽ വൈക്കത്ത് നിർമ്മിച്ച് സഭയ്ക്ക് നൽകിയ പള്ളിയുടെ വെഞ്ചരിപ്പ് ചടങ്ങിൽ1954 ജനുവരി ഒന്നിന്  മുഖ്യപ്രഭാഷകൻ മാമ്മൻ മാപ്പിളയായിരുന്നു.പോകാൻ കഴിയാഞ്ഞതിനാൽ, അദ്ദേഹത്തിനായി എൻ.എം എബ്രഹാം തയ്യാറാക്കിയ പ്രസംഗം  വായിക്കാനുള്ള ചുമതല  തലേദിവസം മാമ്മനെ ഏൽപ്പിച്ചു.രാത്രി മൂന്നാലു പ്രാവശ്യം അത് വായിച്ചുനോക്കി,തെറ്റുവരാതിരിക്കണേ എന്ന് പ്രാർത്ഥിച്ച്   കിടന്ന മാമ്മൻ ഉറക്കമുണർന്നത്  ഹൃദ്രോഗം മൂലം മാമ്മൻ മാപ്പിള അന്തരിച്ചെന്ന വാർത്ത കേട്ടായിയിരുന്നു.“അത് എന്നെ വല്ലാതെ ഉലച്ചു”.
 
സഭാത്തർക്കത്തിൽ ഓർത്തഡോക്സ് പക്ഷത്തിനെതിരായി 1951ൽ തിരുക്കൊച്ചി ഹൈക്കോടതി വിധിയുണ്ടായപ്പോൾ, അതിനെതിരെ ശക്തവും അതിദീർഘവുമായ മുഖപ്രസംഗമെഴുതി സഭാംഗങ്ങൾക്ക് ധൈര്യവും പ്രത്യാശയും പകർന്നു നൽകിയത് മാമ്മൻ മാപ്പിളയായിരുന്നു.സഭയുടെ ആസ്ഥാനമായ  പഴയ സെമിനാരി നഷ്ടപ്പെട്ടേക്കുമെന്ന ആശങ്കയെത്തുടർന്ന്,അദ്ദേഹം മുൻ കൈയെടുത്ത്, ഏതാനും ദിവസങ്ങൾകൊണ്ട് ഒന്നരലക്ഷം രൂപ സംഭരിച്ച് വാങ്ങിയ ഏഴേക്കർ സ്ഥലത്താണ്  ദേവലോകം അരമന നിർമ്മിച്ചത്.
 
അദ്ദേഹത്തിൻ്റെ ധർമ്മനിഷ്ഠയെക്കുറിച്ചുള്ള രസകരമായ ഒരു കഥ മാമ്മൻ പറഞ്ഞു. അവസാന കാലത്ത് മലബന്ധത്താൽ കഷ്ടപ്പെട്ട അദ്ദേഹത്തോട് ഡോക്ടർ ഉപദേശിച്ചു, “രാത്രി ഭക്ഷണം കഴിഞ്ഞ് കിടക്കും മുൻപ് ഒന്നോ രണ്ടോ പെഗ്ഗ് വിസ്കിയോ ബ്രാണ്ടിയോ കഴിച്ചാൽ ശരിയാകും”.ഉടൻ തന്നെ മാമ്മൻ മാപ്പിള പറഞ്ഞു, “എനിക്ക് ഏഴ് ആൺ മക്കളാണുള്ളത്. ഞാൻ ബ്രാണ്ടി വാങ്ങി വീട്ടിൽ വച്ച് കുടി തുടങ്ങിയാൽ  അവർ ഭാവിയിൽ മുഴുക്കുടിയന്മാരാകും.അതു വേണ്ട.ഞാൻ മരിച്ചോട്ടെ”.

താൻ പത്രത്തിൽ ചേരുന്ന കാലത്ത്  മനോരമ പൊതുവിൽ മലങ്കര ഓർത്ത ഡോക്സ് സഭയുടെ പത്രമായിട്ടാണ് കരുതിപ്പോന്നിരുന്നത്.1960കളിൽ ഇതിനു മാറ്റം വന്നുതുടങ്ങി. ‘കമ്മ്യൂണിസ്റ്റുകാർ അധികാരത്തിൽ വന്നാൽ താൻ ആത്മഹത്യ ചെയ്യും’ എന്ന് പറഞ്ഞയാളായിരുന്നു, മാമ്മൻ മാപ്പിള.പക്ഷേ,നവജീവനിൽ പ്രവർത്തിച്ച ടി.കെ.ജി നായരും വി.കെ.ബി നായരുമൊക്കെ മലയാള മനോരമയിലെത്തിയെന്ന് മാമ്മൻ ചൂണ്ടിക്കാട്ടി. “പത്രത്തിന്റെ നിലപാടിൽ കാലാനുസൃതമായ മാറ്റങ്ങൾ വന്നു. തങ്ങളെപ്പറ്റി എന്തു പറയുന്നു എന്നറിയാൻ കമ്മ്യൂണിസ്റ്റുകാർ മനോരമ വായിക്കും”. 
 
മാമ്മൻ മാപ്പിളയുടെ മരണത്തെ തുടർന്ന് കെ.എം ചെറിയാൻ ചീഫ് എഡിറ്ററായി .അക്കാലത്ത്, മുംബൈയിൽ കുടുംബവ്യവസായങ്ങൾ നോക്കി നടത്തുകയായിരുന്നു,കെ.എം മാത്യു.പത്രത്തിൻ്റെ സാമ്പത്തിക കാര്യങ്ങൾ ഉൾപ്പെടെ എല്ലാംകൂടി നടത്തിക്കൊണ്ടു പോകാൻ ചെറിയാന്  കഴിയുമായി രുന്നില്ല. അങ്ങനെ,1954ൽ കെ.എം മാത്യു മാനേജിങ്ങ് എഡിറ്ററായി ചുമതലയേറ്റു.പത്രം വളർച്ചയുടെ പടവുകൾ ഒന്നൊന്നായി കയറി,ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള ഭാഷാപത്രമായി വളർന്ന പുതിയ കാലഘട്ടമാണത്. “ ഫിലോസഫി പഠിച്ച കെ.എം ചെറിയാൻ തീരുമാനങ്ങളെടുക്കുന്നത് വളരെപ്പ തിയെയാരുന്നു.എന്നാൽ എല്ലാകാര്യങ്ങളും എല്ലാവരോടും ചർച്ച ചെയ്ത് പെട്ടെന്ന് തീരുമാനങ്ങ ളെടുത്തിരുന്നു കെ.എം മാത്യു”.
 

തുടക്കത്തിൽ പ്രാദേശിക വാർത്തകൾ എഡിറ്റ് ചെയ്യുന്ന ജോലിയായിരുന്നു,മാമ്മനെ ഏൽപ്പിച്ചിരുന്നത്. അന്ന് എല്ലാ ജില്ലകളിലും റിപ്പോർട്ടർമാരോ പ്രാദേശിക ലേഖകരോ ഉണ്ടായിരുന്നില്ല.ഡൽഹിയിൽ  വി. എം മരങ്ങോലിയും പിന്നീട് ടി.വി.ആർ ഷേണായിയും തിരുവനന്തപുരത്ത് കെ. ആർ ചുമ്മാറുമുണ്ടായി രുന്നു.  പ്രാദേശിക വാർത്തകൾ ഏജൻ്റുമാർ തന്നെയായിരുന്നു അയച്ചിരുന്നത്. അക്ഷരത്തെറ്റുകളും ഭാഷാപരമായ പിഴവുകളുമുള്ള അവ മുഴുവൻ മാറ്റിയെഴുതും.ആദ്യമൊക്കെ എല്ലാം കൂടി ഒരു പേജിലായിരുന്നു കൊടുത്തിരുന്നത്.അതിന്  വായനക്കാർ കൂടിയതോടെ കൂടുതൽ സ്ഥലം നൽകി.ചരമവാർത്തകൾക്കും പ്രാധാന്യം നൽകി. “പ്രധാനപ്പെട്ട വ്യക്തികളുടെ മരണവാർത്തകൾ മാത്രമായിരുന്നു അക്കാലത്ത് മറ്റു പത്രങ്ങൾ നൽകിയിരുന്ന്ത്.അതിനു മാറ്റംവരുത്തിയത് മനോരമയാണ്”. 

 ചരമവാർത്തയിൽ പരേതരുടെ ഉറ്റവരുടെ പേരുകൾ ഉൾപ്പെടുത്തിയതോടെ അതിന്  വായനക്കാർ കൂടി. മറ്റു പത്രങ്ങളും അതുപോലെ ചരമവാർത്തകൾ കൊടുത്തുതുടങ്ങി.
 
വായനക്കാർ ഏറെയുണ്ടായിരുന്നെങ്കിലും, പത്രത്തിൽ നക്ഷത്രഫലം കൊടുക്കുന്നതിനു മാമ്മൻ എതിരായിരുന്നു. “ഉന്നത മേധാശക്തിയുള്ള ബ്രാഹ്മണർ നടത്തുന്ന ദ ഹിന്ദു, ‘ദിസ് വീക്ക് ഫോർ യു’ പംക്തി അക്കാലത്ത് നിർത്തിയത്  കെ.എം മാത്യുവിൻ്റെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ പകുതി തമാശയായി അദ്ദേഹം പറഞ്ഞു-അന്ധവിശ്വാസികൾ വളരുന്നതും അത്തരം വിശ്വാസങ്ങൾ  വളർത്തുന്നതും ഒരുതരത്തിൽ പറഞ്ഞാൽ, പത്രത്തിൻ്റെ സർക്കുലേഷൻ വർദ്ധിപ്പിക്കും”.
 
ബാലജന സഖ്യത്തിൻ്റെ ശങ്കരച്ചേട്ടനായി ആറേഴു വർഷം തെക്കൻ കേരളത്തിലെ ഒട്ടേറെ പ്രദേശങ്ങളിൽ സഞ്ചരിച്ചത് മാമ്മന്  അവിസ്മരണീയമായ അനുഭവമാണ് .” അന്ന് ബസിലായിരുന്നു യാത്രകൾ മുഴുവൻ. അതിൻ്റെ മിനിമം ചെലവ് മാത്രമായിരുന്നു ഓഫീസിൽ നിന്ന് ഞാൻ വാങ്ങിയിരുന്നത്”. ബാലജന സഖ്യം എല്ലാ വിഭാഗം കുട്ടികളുടെയും പൊതുവേദിയായിരുന്നു.കുട്ടികൾക്ക് മറ്റ് പ്രസംഗവേദികൾ ഉണ്ടായിരുന്നില്ല.അന്ന് ബാലജനസഖ്യം വേദികളിലൂടെ, അതിൻ്റെ ഭാരവാഹികളായി,പൊതുജീവിതത്തിൽ   ഉയർന്നുവന്നവർ ധാരാളമുണ്ട്.അതിൽ ഒന്നാമൻ ഉമ്മൻ ചാണ്ടിയായിരുന്നു. ‘എന്നെ പഠിപ്പിക്കാത്ത ഗുരുനാഥൻ’ എന്നായിരുന്നു നിലയ്ക്കൽ പള്ളിയിൽ മാമ്മൻ്റെ ശതാഭിഷേകച്ചടങ്ങിൽ അദ്ദേഹത്തെ പൊന്നാട അണിയിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞത്.ജോസഫ് എം. പുതുശ്ശേരി, തോമസ് കുതിരവട്ടം,പ്രധാനമന്ത്രിയുടെ  ഉപദേഷ്ടാവായിരുന്ന ടി.കെ.എ നായർ, മുൻ ഹൈക്കോടതി ജസ്റ്റിസ്  മാത്യൂസ് പി മാത്യൂസ് തുടങ്ങിയവരും  അക്കാലത്ത് ബാലജനസഖ്യം ഭാരവാഹികളായിരുന്നു. 

1959ൽ മാമ്മൻ ഉൾപ്പെടെ നാലു പേരെ പത്രാധിപസമിതിയിൽ നിന്ന് പുസ്തകപ്രസിദ്ധീകരണ വിഭാഗത്തിലേക്ക് മാറ്റി. ആയിടെ നിയമിക്കപ്പെട്ട ശമ്പള കമ്മീഷൻ,പത്രത്തിൻ്റെ പ്രചാരത്തിനും വരുമാനത്തിനും അനുസൃതമായി ശമ്പളം കൂട്ടാൻ ശുപാർശചെയ്യുമെന്ന് മാനേജ്മെൻ്റിന്  കിട്ടിയ രഹസ്യവിവരത്തെ തുടർന്നായിരുന്നു ഈ നടപടിയെന്ന് അറിഞ്ഞു. “മോശമായ ഈ നീക്കം എനിക്ക് അസംതൃപ്തിയും ദു:ഖവുമുണ്ടാക്കി”.മിസിസ് കെ.എം മാത്യുവിൻ്റെ പാചക പുസ്തകങ്ങളും ഗുരുനാഥനായ പ്രൊഫ.അമ്പലപ്പുഴ രാമവർമ്മയുടെ പ്രബന്ധസമാഹാരവും  മറ്റും പ്രസിദ്ധീകരിക്കാൻ കഴിഞ്ഞതിൽ സംതൃപ്തിയുണ്ടായെങ്കിലും,മാമ്മൻ ഒരു വർഷത്തെ അവധിയിൽ പ്രവേശിച്ചു.നാഗ്പ്പൂരിലെ പ്രസിദ്ധമായ ഹിസ്ലോപ് കോളജിൽ ജേണലിസം ഡിപ്ളോമയ്ക്ക് ചേർന്നു.

ഇക്കാലത്തായിരുന്നു വിവാഹം.വധു ലീലാമ്മ പുന്നൂസ്. വെല്ലൂരിൽ നിന്ന് ബി.എസ്.സി (നഴ്സിങ്ങ്) പാസായ ശേഷം  അവിടെ പബ്ളിക് ഹെൽത്ത് നെഴ്സായി  ഗ്രാമസേവനം ചെയ്യുകയായിരുന്നു അവർ. “ നാഗ്പ്പൂർ സർവകലാശാലയിൽ നിന്ന് എനിക്കൊരു സ്കോളർഷിപ്പ് കിട്ടിയിരുന്നെങ്കിലും  അത് തികയുമായിരുന്നില്ല.ഭാര്യ മാസം തോറും ഒരു തുക അയച്ചുതന്നു”.ഡോ.കെ.ഇ ഈപ്പനും വിക്ടർ കോയിൽ പിള്ളയുമായിരുന്നു മുഖ്യ അദ്ധ്യാപകർ. ഹിതവാദ,നാഗ്പ്പൂർ ടൈംസ് പത്രങ്ങളിലെ പത്രാധിപന്മാരും ക്ളാസ്സെടുത്തിരുന്നു. “ക്ളാസിൻ്റെ മേശപ്പുറത്ത് ‘Accuracy’ എന്ന ആപ്തവാക്യം മുദ്രണം ചെയ്ത് വച്ചിരുന്നു.പത്രത്തിൻ്റെ വില വാർത്തകളുടെ കൃത്യതയെ അടിസ്ഥാനപ്പെടുത്തിയാണ്  നിർണ്ണയിക്കപ്പെടുന്നതെന്ന് മനസ്സിലായി”.

1960ൽ ഒന്നാം ക്ളാസിൽ ജേണലിസം ഡിപ്ളോമ പാസായി.വെല്ലൂരിൽ നിന്ന് ഭാര്യയെയും കൂട്ടി മാമ്മൻ കോട്ടയത്ത് തിരിച്ചെത്തി,ജോലിയിൽ വീണ്ടും പ്രവേശിച്ചു.അങ്ങനെ, ജേണലിസം ഡിപ്ളോമയുള്ള മനോരമയിലെ ആദ്യ പത്രക്കാരനായി, അദ്ദേഹം.അപ്പോഴേക്കും  ശമ്പളവർദ്ധന നടപ്പിലാക്കിയിരുന്നു. “പിന്നീട് കെ.എം മാത്യു താല്പര്യമെടുത്ത് മനോരമയിൽ നിന്ന് തോമസ് ജേക്കബ് അടക്കമുള്ള  ചെറുപ്പക്കാരെ തോംസൺ ഫൌണ്ടേഷൻ ഉൾപ്പെടെയുള്ള വിദേശ മാദ്ധ്യമപരിശീലന സ്ഥാപനങ്ങളിൽ അയച്ചു”.
 
ആധുനിക സാങ്കേതിക വിദ്യകളും പുതിയ എഡിഷനുകളും പരിശീലനം ലഭിച്ച പത്രപ്രവർത്തകരുമായി ,എല്ലാവരുടെയും കഠിനാദ്ധ്വാനത്തിലൂടെയാണ്  ചെറിയ കാലയളവിനുള്ളിൽ പത്രം വൻ നേട്ടങ്ങൾ കൊയ്തെടുത്തതെന്ന് മാമ്മൻ പറഞ്ഞു . 
 
മനോരമ ഒരു കുടുംബം പോലെയായിരുന്നു.മാങ്ങാനത്ത് വീടുവയ്ക്കാനായി പത്ത് സെൻ്റ് സ്ഥലം വാങ്ങാൻ 2000 രൂപ വായ്പ നൽകി സഹായിച്ചത് കെ.എം മാത്യുവായിരുന്നു. “ബോണസ് കിട്ടു മ്പോൾ തിരിച്ചു നൽകാമെന്ന് ഞാൻ പറഞ്ഞു.ജീവനക്കാരുടെ പ്രശ്നങ്ങളോട് അനുഭാവപൂർവ്വം പ്രതികരിക്കുന്ന സ്വഭാവക്കാരനായ മാത്തുക്കുട്ടിച്ചായൻ ഒരു ചെറു പുഞ്ചിരിയോടെ കാശ് തന്നിട്ട് പറഞ്ഞു;മറ്റാരോടും പറയരുത്”.
 
മുപ്പത്തിയേഴ് വർഷവും   മാമ്മൻ ഡെസ്കിൽ മാത്രമാണ്  പ്രവർത്തിച്ചത്.സഭാ സ്പെഷ്യലിസ്റ്റായി അറിയപ്പെട്ടു, അദ്ദേഹം. മലങ്കര കാതോലിക്കാസഭയുടെ പ്രധാനപ്പെട്ട എല്ലാ ചടങ്ങുകളുടെയും റിപ്പോർട്ടുകൾ അദ്ദേഹമാണ് എഴുതിയിരുന്നത്. 1964ൽ ബസേലിയോസ് ഔഗേൻ്റെയും 1966ൽ ദിനിമോസ് പ്രഥമൻ ബാവയുടെയും കാതോലിക്കാവാഴ്ച, പുരോഹിത പ്രമുഖരുടെ ചരമങ്ങൾ തുടങ്ങിയവയെക്കുറിച്ചെഴുതിയ  റിപ്പോർട്ടുകൾ  മാമ്മൻ ഓർക്കുന്നു.മറ്റ് ഒട്ടേറെ റിപ്പോർട്ടുകളും അദ്ദേഹമെഴുതിയിട്ടുണ്ട്.

ആദ്യകാലത്തെ രസകരമായ ഒരു റിപ്പോർട്ടിങ്ങ് അനുഭവമുണ്ട്. കുമരനല്ലൂർ ക്ഷേത്രത്തിൽ നടന്ന നായർ മഹാസമ്മേളനത്തിൽ മന്നത്ത് പത്മനാഭനായിരുന്നു മുഖ്യ പ്രസംഗകൻ .അത് റിപ്പോട്ട്  ചെയ്യാൻ അയച്ചത് മാമ്മനെ. കത്തിക്കയറിയ  പ്രസംഗത്തിൽ മന്നം ഇങ്ങനെ ആഹ്വാനം ചെയ്തു, " നായർ അയൽവക്ക ത്തെ അച്ചിക്ക് വിറകുകീറുകയും വെള്ളം കോരുകയും ചെയ്യുന്ന കാലത്തോളം ഗുണം പിടിക്കുക യില്ല.നിങ്ങൾ മാപ്പിളമാരെ കണ്ടുപഠിക്കണം” .ഓഫീസിലെത്തി ഇക്കാര്യം പറഞ്ഞപ്പോൾ അത് കൊ ടുക്കാനെ കഴിയില്ല എന്ന് നിർദ്ദേശം കിട്ടി.അതിനാൽ,യോഗത്തിൽ പ്രസംഗിച്ചവരുടെ പേരു മാത്രം കൊടുത്തു.
 
ചമ്പക്കുളം വള്ളംകളി റിപ്പോർട്ട് ചെയ്യാൻ മനോരമയുടെ ബോട്ടിൽ,  ഫോട്ടോഗ്രാഫർ എം.കെ ജോണിനും പി.ആർ.ഒ ജോർജ്ജ് മാത്യുവിനുമൊപ്പം പോയതാണ്  മറ്റൊരു അനുഭവം. അന്ന് നെൽകൃഷിയും തെങ്ങുചെത്തും സജീവമായ കാലം. ഇളം കള്ളൊഴിച്ചായിരുന്നു വെള്ളേപ്പം ഉണ്ടാക്കിയിരുന്നത്.തിരിച്ചുവരുമ്പോൾ,കള്ളുകുടവുമായി വന്ന ഒരു വള്ളത്തിൽ നിന്ന് രണ്ടുകുപ്പി മധുരക്കള്ള് വാങ്ങി.കാശുവാങ്ങിക്കഴിഞ്ഞ്, വള്ളക്കാരൻ  രണ്ടുകുപ്പി വെള്ളം കുടത്തിലേക്ക് ഒഴിക്കുന്നത് കണ്ട്  അന്വേഷിച്ചു.അയാൾ പറഞ്ഞു, “ഷാപ്പിൽ കള്ളിൻ്റെ കണക്ക് കൊടുക്കുമ്പോൾ കുറയരുത്”.
വള്ളം കളി ചിലർക്കെല്ലാം ‘വെള്ളംകളി’യാണെന്നും കണ്ടറിഞ്ഞു.നെഹ്റു ട്രോഫി,ആറന്മുള  വള്ളംകളികളും മാമ്മൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
 
ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് നിർമ്മാണത്തിന്  മുന്നോടിയായി ഉണ്ടായ ഒരു തർക്കം പഠിക്കാൻ  ഡി.സി.സി പ്രസിഡൻ്റുമാരുടെയും കുട്ടനാട് എം.എൽ.യുടെയും നേതൃത്വത്തിൽ നടത്തിയ ബോട്ടുയാത്ര റിപ്പോർട്ട് ചെയ്തതും മാമ്മനായിരുന്നു.പ്രമുഖ നെൽക്കൃഷിക്കാരനായിരുന്ന പൂപ്പള്ളിൽ കുട്ടിയച്ചൻ്റെ പാടശേഖരത്തിനു നടുവിലൂടെയാണു റോഡ് നിർമ്മിക്കേണ്ടിവന്നത്. ഇതേ ക്കുറിച്ചായിരുന്നു തർക്കം. “ബോട്ട് യാത്ര കഴിഞ്ഞപ്പോഴേക്കും വൈകീട്ട്  അഞ്ചുമണിയായി.കോട്ടയത്ത് മടങ്ങിച്ചെന്ന്  അന്നു തന്നെ റിപ്പോട്ടെഴുതാൻ കഴിയാത്തതിനാൽ കുട്ടിയച്ചൻ്റെ വീട്ടിൽ തങ്ങി.അവിടെ വച്ച് റിപ്പോർട്ട് എഴുതി.രാവിലെ സർവ്വീസ് ബോട്ടിൽ മടങ്ങി.ബോട്ട് നീങ്ങിത്തുടങ്ങിയപ്പോൾ, കുട്ടിയച്ചൻ്റെ മകൻ ബേബി പെട്ടെന്ന്   എൻ്റെ പോക്കറ്റിൽ 15 രൂപ ഇട്ടുതന്നു.തിരിച്ചുകൊടുക്കാൻ ഒരു വഴിയുമില്ല. 'ഓഫീസിലെത്തിയപ്പോൾ ‘കൈക്കൂലിക്കാര്യം  എൻ. എം എബ്രഹാമിനോട് പറഞ്ഞു. അത് വാങ്ങി വരവുവയ്ക്കാൻ മനോരമയിൽ പ്രത്യേക അക്കൗണ്ട് ഹെഡില്ലന്ന് അദ്ദേഹം പറഞ്ഞു. അതിനാൽ. ‘മാമ്മച്ചൻ അത് എടുത്തോ’ എന്ന് നിർദ്ദേശിച്ചു.അങ്ങനെ, ജീവിതത്തിൽ ആദ്യമായി എനിക്ക് കൈക്കൂലി കിട്ടി;അവസാനമായും”.
 
കേന്ദ്ര സർക്കാരിൻ്റെ ക്ഷണമനുസരിച്ച് 1965 മാർച്ചിൽ മനോരമയുടെ എറണാകുളം പ്രതിനിധി എം.സി കുരുവിളയ്ക്കൊപ്പം ഒരാഴ്ച ശ്രീനഗറിലെ ദാ ൽ തടാകത്തിലെ ഒരു ഹൗസ്ബോട്ടിൽ താമസിച്ചതും ഓർമ്മയിൽ തിളങ്ങിനിൽക്കുന്നുണ്ട്. മറ്റു പ്രമുഖ പത്രങ്ങളിൽ നിന്നുള്ളവരും ഉണ്ടായിരുന്നു.അന്നത്തെ യുവരാജാവ് ഡോ. കരൺസിങ്ങ് ഒബ്റോയ് പാലസ് ഹോട്ടലിൽ എല്ലാവർക്കും സൽക്കാരം നൽകി.വിലകൂടിയ മദ്യവും വിളമ്പി.“ ‘മദ്യം കഴിക്കില്ല,ക്ഷമിക്കണം’ എന്ന് പറഞ്ഞപ്പോൾ  എനിക്ക് ഓറഞ്ച് സ്ക്വാഷ് കിട്ടി”.തിരികെ എത്തി,ആ സന്ദർശനത്തെപ്പറ്റി ഒരു പുസ്തകമെഴുതി-കാഷ്മീർ താഴ്വരയിൽ.

ഏറെക്കാലം പത്രത്തിലെ തെറ്റുകൾ കണ്ടെത്തി പരിഹരിക്കുന്ന ചുമതല മാമ്മനായിരുന്നു. "മാത്തുക്കുട്ടിച്ചായനായിരുന്നു അത് എന്നെ ഏൽപ്പിച്ചത്.ഇപ്പോഴും പത്രം വന്നാൽ എൻ്റെ കണ്ണ് തെറ്റുകളിലായിരിക്കും. ഭാഷാപരമായ തെറ്റുകൾ ധാരാളമുണ്ട്.”.മുഖപ്രസംഗങ്ങൾ പ്രസിദ്ധീകരിക്കുന്നതിനു മുൻപ് പരിശോധിക്കുന്ന ചുമതലയും അദ്ദേഹത്തിനായിരുന്നു.
മാമ്മൻ മാപ്പിളയുടെ കാലം മുതൽക്കുണ്ടായിരുന്ന ചില ചിട്ടകൾ ഇപ്പോൾ പാലിക്കപ്പെടുന്നില്ലെന്ന് മാമ്മൻ പറഞ്ഞു.പണ്ട് അക്രമത്തിൻ്റെ വാർത്തകൾ ഒന്നാം പേജിൽ കൊടുത്തിരുന്നില്ല. “പൊലീസുകാർ സ്ത്രീയെ ബലാൽസംഗം ചെയ്തു എന്ന വാർത്ത നൽകിയ പി.സി കോരുതിനെ മാമ്മൻ മാപ്പിള വിളിച്ചുവരുത്തി ശാസിച്ചു.ഇത് മാന്യന്മാർ വായിക്കുന്ന പത്രമല്ലേ.മാനഭംഗം ചെയ്തു എന്നല്ലേ കൊടുക്കേണ്ടിയിരുന്നത്?ഇന്ന് പത്രങ്ങൾ നിറയെ ബലാൽസംഗവാർത്തകളാണ്”. 
 
മദ്യവിപത്തിനെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച മാമ്മൻ ,തൻ്റെ ആത്മകഥയിൽ ‘മദ്യകേരളത്തിൽ ശുദ്ധജലം കൊണ്ടു ജീവിച്ചയാൾ’ എന്നാണ്  സ്വയം വിശേഷിപ്പിച്ചിരിക്കുന്നത്.ആത്മകഥക്കൊപ്പം ചേർത്തിട്ടുള്ള ലേഖനത്തിൽ കെ.വി മാമ്മനെ ‘ദൈവവചനത്തെ ജീവിതനിലപാടുകളാക്കിയ ഒരു പിതാവ് ‘ എന്ന് വിശേഷിപ്പിച്ച്,ഡോ.യുഹാനോൻ മാർ ദിയസ്കോറസ് മെത്രാപ്പോലീത്ത ഇങ്ങനെ എഴുതുന്നു,“ജീവിതനിയോഗങ്ങളെ തിരിച്ചറിഞ്ഞ് അതിനുവേണ്ടി അദ്ദേഹം ഒരു ആയുസ്സുമുഴുവൻ മാറ്റിവച്ചു”.

1990ൽ മാമ്മൻ  മലയാള മനോരമയിൽ നിന്ന് അസിസ്റ്റൻ്റ് എഡിറ്ററായി വിരമിച്ചു.അതിനു ശേഷം സഭാചരിത്ര,ജീവചരിത്ര ഗ്രന്ഥങ്ങളുടെ രചനയ്ക്കും പ്രസാധനത്തിനുമായി ജീവിതം തന്നെ അർപ്പിച്ചു.സ്വന്തമായി സ്ഥാപിച്ച കോട്ടയ്ക്കൽ പബ്ളിഷേഴ്സാണ്  അദ്ദേഹത്തിൻ്റെയും മറ്റുള്ളവരുടെയും പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നത്.
 
മനോരമയിൽ ജോലി ചെയ്യുമ്പോൾ തന്നെ അദ്ദേഹം ചരിത്ര പുസ്തകരചന ആരംഭിച്ചിരുന്നു.പാമ്പാടി തിരുമേനിയുടെ ജീവചരിത്രമായ 'താബോറിലെ താപസവര്യൻ' ആയിരുന്നു ഈ ഗണത്തിൽ പെട്ട അദ്ദേഹത്തിൻ്റെ ആദ്യ രചന.മലങ്കരസഭയുടെ സമുന്നത സാരഥികൾ,സമ്പൂർണ്ണ സഭാചരിത്രം എ.ഡി 52-2014 തുടങ്ങി നൂറിലധികം ഗ്രന്ഥങ്ങൾ അദ്ദേഹത്തിൻ്റേതായുണ്ട്.ഫാ.ഡോ.ജോസഫ് ചീരൻ,അഡ്വ. പി.സി മാത്യു പുലിക്കോട്ടിൽ,ജോയിസ് തോട്ടയ്ക്കാട് എന്നിവരുടെ സഹകരണവും പ്രസാധനത്തിനുണ്ട്. പ്രായത്തെ വകവയ്ക്കാതെ,അദ്ദേഹം തൻ്റെ ദൗത്യം പ്രതിബദ്ധതയോടെ തുടരുകയാണിപ്പോഴും.
 
മനോരമയിൽ നിന്ന് വിരമിച്ച ശേഷം രണ്ടു വർഷത്തോളം മാമ്മൻ സ്വന്തമായി ഒരു സായാഹ്ന ദിനപത്രം നടത്തി-ദിനാന്തദീപം.ആദ്യ ലക്കത്തിൻ്റെ ലീഡ് സ്റ്റോറിയുടെ തലക്കെട്ട് ഇതായിരുന്നു-മദ്യപന്മാർ കേരളത്തെ വിഴുങ്ങുന്നു.കറൻ്റ് പോകുന്നത് പതിവായതോടെ പത്രം നഷ്ടത്തിലായി.
പലപ്പോഴും വെട്ടിത്തുറന്ന് കാര്യങ്ങൾ പറയുന്നതാണ്  അദ്ദേഹത്തിൻ്റെ പ്രകൃതം.1993ൽ എഴുതിയ ജീവചരിത്ര ഗ്രന്ഥമായ ‘ചിത്രമെഴുത്ത് കെ.എം വറുഗീസ്’, അറിയപ്പെടുന്ന ആ സാഹിത്യകാരനെ മലങ്കരസഭാദ്ധ്യക്ഷൻ സഭയിൽ നിന്ന് ആക്ഷേപിച്ചുപുറംതള്ളിയതിനെ നിശിതമായി വിമർശിക്കുന്നുണ്ട്. “സ്വന്തം സമുദായത്തിലുള്ള എഴുത്തുകാരെയും സാഹിത്യകാരന്മാരെയും പ്രോൽസാഹിപ്പിക്കുകയോ അവരുടെ പുസ്തകങ്ങൾ  വാങ്ങിയും വായിച്ചും പ്രചരിപ്പിച്ചും മറ്റും പ്രബുദ്ധരാകുകയോ ചെയ്യാത്ത ഒരു ജനവിഭാഗമാണ്  സുറിയാനി ക്രിസ്ത്യാനികൾ”. 
 
അദ്ദേഹം പറയുന്നു,“തമ്പുരാൻ സഹായിച്ച് കഞ്ഞികുടിക്കാനുള്ളത് എനിക്കുണ്ട്;ഒത്തിരി ഒന്നുമില്ല.അതുകൊണ്ട് ആരെ പേടിക്കാനാ,തമ്പുരാനെ ഒഴിച്ച്?ഞാൻ,ശരിയെന്ന് തോന്നുന്നത് എഴുതും.ആരെക്കുറിച്ചും എഴുതും”.

ഇന്നും മനോരമ കൃത്യമായി വായിക്കും.“മരിക്കും വരെ പത്രം സൗജന്യമായി കിട്ടും. വാർത്തകളെക്കുറിച്ച് മുൻ സഹപ്രവർത്തകരെ വിളിച്ച് അഭിപ്രായങ്ങൾ പങ്കുവെയ്ക്കും”.ദ ഹിന്ദുവും വായിക്കും. സാങ്കേതിക മായി ഏറെ മുന്നോട് പോയിട്ടുണ്ടെങ്കിലും പത്രവായന സാംസ്കാരികമൂല്യങ്ങൾ വിനിമയം ചെയ്യുന്നില്ലന്ന് അദ്ദേഹം നിരീക്ഷിച്ചു.അച്ചടിമാദ്ധ്യമങ്ങളിൽ ഭാഷയുടെ സീമകൾ ലംഘിക്കപ്പെടുന്നു.തെറ്റായ ഭാഷ പഠിപ്പിക്കാൻ മാദ്ധ്യമങ്ങൾക്ക് അവകാശമില്ല.എല്ലാം ഒരു ഞാണിന്മേൽക്കളിയാണിപ്പോൾ. പത്രവായനയും പ്രചാരവും കുറഞ്ഞു. പുതുതലമുറയ്ക്ക് പത്രം വായിക്കാൻ താല്പര്യമേയില്ല,അതിനാൽ പത്രങ്ങളുടെ ഭാവി ശോഭന മാണെന്ന് തോന്നുന്നില്ല.ദൃശ്യമാദ്ധ്യമങ്ങളുടെ നിലവാരം തകർന്നു. അതിനാൽ, അപൂർവമായി മാത്രമേ ടി.വി കാണാറുള്ളൂവെന്നും മാമ്മൻ പറഞ്ഞു.
 
ഇക്കഴിഞ്ഞ മെയിൽ പക്ഷാഘാതം വന്നുവെങ്കിലും ഏതാനും ദിവസത്തെ ആശുപത്രിവാസത്തിനു ശേഷം പൂർവാധികം ഊർജ്ജസ്വലനായി വീട്ടിൽ മടങ്ങിയെത്തിയ അദ്ദേഹം അടുത്ത പുസ്തകത്തിൻ്റെ പണിപ്പുരയിലാണ് .

ഭാര്യ ലീലാമ്മ മന്ദിരം ലേയമ്മ മെമ്മോറിയൽ നഴ്സിങ്ങ് സ്കൂൾ മുൻ പ്രിൻസിപ്പലാണ് .ബിസിനസുകാരനായ വർഗ്ഗീസ് മാമ്മൻ,നോട്ട റി പബ്ളിക് അഡ്വ.മോഹൻ മാമ്മൻ, അണുശക്തി വകുപ്പിലെ ശാസ്ത്രജ്ഞ ഡോ.അനിത മേരി തോമസ് എന്നിവരാണ്  മക്കൾ.
                              കെ.വി മാമ്മനൊപ്പം ഡി.പ്രദീപ് കുമാർ,കെ.ഹേമലത

(2024 സെപ്തംബർ 7നു ക്ളബ്ബ് ഹൗസിലെ 'ചരിത്രസാക്ഷികൾ' പരമ്പരയിൽ പ്രത്യേക അതിഥിയായി കെ.വി മാമ്മൻ പങ്കെടുത്തു.അതിൻ്റെ ശബ്ദലേഖനം മീഡിയ വേവ്സ് ചാനലിലുണ്ട്:https://youtu.be/Co8uFj0JFYY?si=OfejR5_4ZeMVQWKz)

Friday, 13 September 2024

ചരിത്രസാക്ഷികൾ:കുര്യൻ പാമ്പാടി

 

മാദ്ധ്യമരംഗത്ത് ആറ് പതിറ്റാണ്ടിലേറെയായി സജീവ സാന്നിദ്ധ്യമായ കുര്യൻ പാമ്പാടി 'ചരിത്രസാക്ഷികൾ’ പരമ്പരയിൽ (ക്ളബ് ഹൗസ് മീഡിയ റൂം,മെയ് 12, 2024) പ്രത്യേക ക്ഷണിതാവായെത്തി.

മലയാള മനോരമയിൽ പത്രപ്രവർത്തക ട്രെയിനിയായാണ് 1962 ൽ,അദ്ദേഹം മാദ്ധ്യമപ്രവർത്തനം ആരംഭിക്കുന്നത്.1996ൽ കോട്ടയം യൂണിറ്റിൽ നിന്ന് അസിസ്റ്റൻ്റ് എഡിറ്ററായി വിരമിച്ചു. തുടർന്ന്, 2007 വരെ ദോഹയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ദ പെനിൻസുല ഇംഗ്ളിഷ് ദിനപത്രത്തിൻ്റെ തിരുവനന്തപുരം ലേഖകനായി. അതിനുശേഷം ന്യൂയോർക്കിൽ നിന്നുള്ള ഇ-മലയാളി പ്രസിദ്ധീകരണത്തിൻ്റെ കേരള എഡിറ്ററായി.എൺപത്തിരണ്ടാം വയസിലും മാദ്ധ്യമരംഗത്ത് സജീവം.ഇത് മലയാള മാദ്ധ്യമരംഗത്തെ അനന്യമായ റെക്കാർഡാണ്.
 
“ആകസ്മികമായാണ് എൻ്റെ തുടക്കം”,അദ്ദേഹം ഓർക്കുന്നു. കോട്ടയം സി.എം.എസ് കോളേജിൽ ബി.എയ്ക്കും എം.എയ്ക്കും പഠിച്ചത് ഇംഗ്ളീഷ് സാഹിത്യം.അന്ന് ബറോഡയിൽനിന്ന് അലമ്പിക് മെഡിക്കൽ ഗ്രൂപ്പ് ,ടൈം,ന്യൂസ് വീക്ക് മാഗസിനുകളുടെ ശൈലിയിൽ എൻലൈറ്റ് മാഗസിൻ ആരംഭിച്ചു.അതിന് കേരളത്തിൽ റിപ്പോർട്ടറെ ആവശ്യപ്പെട്ട് ഇംഗ്ളീഷ് ദിനപത്രങ്ങളിൽ പരസ്യം കണ്ടപ്പോൾ അപേക്ഷിച്ചു."മുൻ പരിചയമൊന്നും ഇല്ലാതിരുന്നിട്ടും അവർ എന്നെ തെരഞ്ഞെടുത്തു”. സി.ജെ പട്ടേലായിരുന്നു പത്രാധിപർ.അതിൽ കുറെ ഫീച്ചറുകൾ വന്നു.
 
ആദ്യ ജ്ഞാനപീഠ പുരസ്കാരം ലഭിച്ച മഹാകവി ജി.ശങ്കരക്കുറുപ്പിനെക്കുറിച്ചുള്ളതായിരുന്നു ആദ്യത്തേത്.അത് കവർസ്റ്റോറിയായിരുന്നു. അടൂർ ഗോപാലകൃഷ്ണനെക്കുറിച്ചും ഓണത്തെക്കുറിച്ചും ഫീച്ചറുകളെഴുതി.ഒരു വർഷം കഴിഞ്ഞപ്പോൾ ഇന്ത്യയിലെ എല്ലാ ലേഖകരുടെ സംഗമവും പഠനക്ളാസും ബറോഡയിൽ നടന്നു.അതിൻ്റെ ഭാഗമായി എല്ലാവരെയും ഗുജറാത്തിലെ അമുൽ ഗ്രാമമായ ആനന്ദിൽ കൊണ്ടുപോയി.ആദ്യമായി ഇറങ്ങിയ പാൽ ഐസ്ക്രീം തന്ന് സത്കരിച്ചു.”മലയാളിയായ അതിൻ്റെ മേധാവിക്കും എനിക്കും ഒരേ പേരാണ് എന്ന് മനസ്സിലായി-വർഗ്ഗീസ് കുര്യൻ.പക്ഷേ, ഇംഗ്ലീഷിലെഴുതുമ്പോൾ അദ്ദേഹം Kurien,ഞാൻ Kurian”.
അക്കാലത്ത് പരിചയപ്പെട്ട ഈശോസഭാ വൈദികനായ തോമസ് പൊടിമറ്റം പേരു ചോദിച്ചപ്പോൾ മടിച്ച് -മടിച്ച് ‘കുര്യൻ’ എന്ന് പറഞ്ഞു.”ആ പേരിനൊരു ഗുണവും അന്തസുമില്ലെന്ന് പറഞ്ഞപ്പോൾ ,സുറിയാനി ക്രിസ്ത്യാനികൾ കുർബാനകളിൽ ചൊല്ലുന്ന പ്രാർത്ഥനാവാക്യം 'കുറിയേലായിസോൻ' കേട്ടിട്ടില്ലേ എന്ന് ചോദിച്ചു. 'ദൈവമേ അനുഗ്രഹിക്കേണമേ' എന്നർത്ഥം. കുര്യൻ ’ദൈവത്താൽ അനുഗ്രഹിക്കപ്പെടവൻ’ ആണെന്ന് അദ്ദേഹം വിശദീകരിച്ചു തന്നു. എന്നിട്ട് ,അൽമാരിക്, ലത്തീൻ, ഇറ്റാലിയൻ ഭാഷകളിൽ പേർ എഴുതിത്തന്നു. നിധിപോലെ ഇന്നും ഞാനത് സൂക്ഷിക്കുന്നുണ്ട്”.
അക്കാലത്ത് തന്നെ, മലയാള മനോരമ പത്രത്തിൽ കത്തുകൾ എഴുതി. അവ ഓഫീസിലെത്തി, നേരിട്ട് നൽകുകയായിരുന്നു പതിവ്.അങ്ങനെ,വാരാന്തപ്പതിപ്പിൻ്റെ ചുമതല വഹിച്ചിരുന്ന വന്ദ്യവയോധികനായ ടി.ചാണ്ടിയെ പരിചയപ്പെട്ടു. ഒരു ദിവസം കത്തുമായി ചെന്നപ്പോൾ, പുതുതായി പത്രപ്രവർത്തകരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ടെന്ന് പറഞ്ഞു.അദ്ദേഹം നൽകിയ വെള്ളക്കടലാസിൽ അപേക്ഷ എഴുതിക്കൊടുത്തു. മാനേജിങ് എഡിറ്റർ കെ.എം മാത്യുവും മുഖപ്രസംഗം എഴുതിയിരുന്ന എൻ.എം എബ്രഹാമും ഉൾപ്പെടെയുള്ളവരുടെ മുന്നിലാണ് അഭിമുഖത്തിന് ഹാജരായത്."അവർ ചോദിച്ച ചോദ്യങ്ങൾക്ക് യൗവനത്തിൻ്റെ ചോരത്തിളപ്പിൽ ഞാൻ ഇംഗ്ളീഷിലാണ് മറുപടി നൽകിയത്”.
 
1962ൽ കുര്യൻ പാമ്പാടി മലയാള മനോരമ പത്രാധിപസമിതിയിൽ ചേർന്നു-മാമ്മൻ മാപ്പിള സ്കോളർഷിപ്പോടെ. ഒപ്പം മൂന്നു പേർ. “പത്മൻ (അടൂർ ഭാസിയുടെ സഹോദരൻ), ജോൺ കുന്നപ്പള്ളി, ഐസക് അറയ്ക്കൽ. അവരെല്ലാം വിടവാങ്ങി”.അന്ന് 65000 കോപ്പിയായിരുന്നു,പ്രചാരം. തുടക്കത്തിൽ സ്കോളർഷിപ്പായി 100 രൂപ. കെ.എം ചെറിയാൻ പത്രാധിപരായിരിക്കെ,ചിക്കമഗലൂരിൽ കാപ്പിത്തോട്ടം മാനേജരായി പ്രവർത്തിച്ചിരുന്ന കെ.എം മത്യുവിനെ വിളിച്ചുവരുത്തി മാനേജിങ്ങ് എഡിറ്ററാക്കി."പുതിയതായി പത്രപ്രവർത്തകരെ നിയമിച്ച് പ്രവർത്തനം വിലുലീകരിക്കാൻ അദ്ദേഹം ആവിഷ്കരിച്ച ദീർഘവീക്ഷണമുള്ള നടപടികളാണ് പത്രത്തിൻ്റെ പ്രചാരം ക്രമേണ വർദ്ധിപ്പിച്ച്,ഒന്നാം സ്ഥാനത്തെത്തിച്ചത്”.
 
അന്ന് കോട്ടയം വൈ.എം.സി.എ കെട്ടിടത്തിലായിരുന്നു ബ്യൂറോ പ്രവർത്തിച്ചിരുന്നത്.“ഞാൻ റിപ്പോർട്ടിങ്ങ് ചോദിച്ചുവാങ്ങി.പരിശീലനത്തിൻ്റെ ഭാഗമായി എന്നെ തിരുവനന്തപുരം ബ്യൂറോയിലേക്കയച്ചു. സെക്രട്ടേറിയേറ്റിനടുത്ത ശാന്തിനഗറിലായിരുന്നു ബ്യൂറോ- ഇ.എം.എസ് താമസിച്ചിരുന്ന വീടിനടുത്ത്. പി.ആർ ജോണായിരുന്നു ബ്യുറോ ചീഫ്. പിൽക്കാലത്ത് പിക്ച്ചർ എഡിറ്ററായ അന്നത്തെ പ്രഗൽഭ ഫോട്ടോഗ്രാഫർ എം.കെ വർഗ്ഗീസിനോടൊപ്പം ഒരേ മുറിയിൽ. എൻ്റെ വളർച്ചയിൽ താങ്ങായിത്തീർന്ന അനുഭവജ്ഞാനത്തിൻ്റെ കാലം.
വർഷങ്ങളായി ശബരിമലയിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്ന കൃഷ്ണൻ നായർക്കു പകരം കുര്യൻ പാമ്പാടിയെ അവിടേക്കയച്ചു. വ്യത്യസ്തമായി,പുതിയ വീക്ഷണത്തിലൂടെ വാർത്തകൾ വരണം എന്ന സമീപനമായിരുന്നു പത്രാധിപർക്ക്. 
 
1975ൽ വലിയൊരു ഭാഗ്യം വീണു കിട്ടി.ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി ചൈന,കൊൽക്കത്തയിൽ നടന്ന 33ആമത് ലോക ടേബിൾ ടെന്നീസ് ചാമ്പ്യൻ ഷിപ്പിലേക്ക് ടീമിനെ അയയ്ക്കാൻ തീരുമാനിച്ചു.അന്താരാഷ്ട്രതലത്തിൽ തന്നെ ഏറെ രാഷ്ട്രീയപ്രാധാന്യമുള്ള നയതന്ത്ര നീക്കം കൂടിയായിരുന്നു,’പിങ്ങ്-പോങ്ങ് ഡിപ്ളോമസി’ എന്ന് അറിയപ്പെട്ട അത്. “പ്രധാനപ്പെട്ട പത്രവാർത്തകളുടെ കട്ടിങ്ങുകൾ വിഷയക്രമമനുസരിച്ച് സൂക്ഷിച്ചുവെയ്ക്കുന്ന സ്വഭാവമുണ്ടായിരുന്നു. ജൂനിയറായ എന്നെ ആ ഉത്തരവാദിത്തം ഏൽപ്പിച്ചത് അതുകൊണ്ടായിരിക്കാം”.അതിൻ്റെ രാഷ്ട്രീയ പ്രാധാന്യത്തിലൂന്നിക്കൊണ്ട്,എഴുതിയ ’ഇന്തോ-ചൈന ബന്ധത്തിൽ മഞ്ഞുരുകുന്നു’ എന്നു തുടങ്ങിയ ആ റിപ്പോർട്ടുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. “പത്രത്തിൻ്റെ പ്രചാരം കൂടിക്കൊണ്ടിരിക്കുന്ന കാലത്ത് ബൈലൈൻ റിപ്പോർട്ടുകളിലൂടെ ഞാനും താരമായി”.
 
1976ൽ മോണ്ട്രിയൽ ഒളിമ്പിക്സ് റിപ്പോർട്ട് ചെയ്യാൻ അവസരം കിട്ടി യതാണ് കുര്യൻ പാമ്പാടിയുടെ ജീവിതത്തിലെ അവിസ്മരണീയമായ മറ്റൊരു അനുഭവം. അടിയന്തിരാവസ്ഥയോടുള്ള സമീപനം കാരണം ഇംഗ്ളിഷ് ദിനപത്രങ്ങളെ ‘ജ്യൂട്ട് പ്രസ്’ എന്ന് വിളിച്ച് ആക്ഷേപിച്ച പ്രധാനമന്ത്രി ഇന്ദിരാഗാന്ധി, പ്രാദേശികഭാഷാപത്രങ്ങൾക്ക് ഒളിമ്പിക്സ് റിപ്പോർട്ട് ചെയ്യാൻ ആദ്യമായി അനുമതി നൽകി.അന്ന് വാർത്താവിതരണ വകുപ്പ് മന്ത്രി ഐ.കെ ഗുജ്റാളായിരുന്നു.
അക്രഡിറ്റേഷനു വേണ്ടി പത്രപ്രവർത്തകരെ അന്താരാഷ്ട്ര ഒളിമ്പിക്സ് സമിതിക്ക് നിർദ്ദേശിക്കുന്നത് സർക്കാരായിരുന്നു .മലയാളത്തിൽ നിന്ന് ആദ്യമായി ഒരു പത്രപ്രവർത്തകൻ അതിനു തെരഞ്ഞെടുക്കപ്പെട്ടത് മനോരമയ്ക്ക് വലിയ അഭിമാനമായി. ഗ്ളോബെടുത്ത് നോക്കിയാണ് കാനഡയെയും ഒളിമ്പിക്സ് വേദികളെയും കുറിച്ച് പഠിച്ചത്. 
 
അക്രഡിറ്റേഷനു 150 കനേഡിയൻ ഡോളർ മുൻകൂട്ടി അടയ്ക്കണമായിരുന്നു. റിസർവ് ബാങ്ക് മുഖേന അതിനു ശ്രമിച്ചെങ്കിലും കാലതാമസമുണ്ടായി.കാനഡയിലുള്ള ഭാര്യാ സഹോദരൻ മാത്യു എബ്രഹാം ആ തുക അടച്ചു. (പിന്നീട് റിസർവ് ബാങ്കിന്റെ കാശ് കിട്ടിയപ്പോൾ സംഘാടക സമിതി മോണ്ട്രിയലിൽ വച്ച് അത് തിരിച്ചുനൽകി).“ജീവിതത്തിൽ ആദ്യമായി ഞാൻ ജംബോ ജറ്റ് വിമാനത്തിൽ കയറി. ബോയിങ് 747 എമ്പറർ ഷാജഹാൻ. തൊട്ടടുത്ത സീറ്റിലുള്ളയാൾ മുഖപരിചയമുള്ള ഒരാളായിരുന്നു-ക്നാനായ കത്തോലിക്ക സഭ ബിഷപ്പ് ജോസഫ് കുന്നശ്ശേരി.അദ്ദേഹം ഫ്രാങ്ക്ഫർട്ടിലിറങ്ങി”.
ഒളിമ്പിക്സ് വില്ലേജിൽ നിന്ന് ദൂരെ മക്ളീൻ യൂണിവേഴ്സിറ്റിയിലായിരുന്നു താമസസൗകര്യം ഒരുക്കിയിരുന്നത്.അവിടെ ഇംഗ്ളിഷ് അറിയാവുന്നവർ ആരുമുണ്ടായിരുന്നില്ല.അത് വലിയ വീർപ്പുമുട്ടലുണ്ടായി.ഒരു ദിവസമേ അവിടെ താമസിക്കേണ്ടിവന്നുള്ളൂ. മോണ്ട്രിയലിൽ പ്രൂഡൻഷ്യൽ ഇൻഷ്വറൻസിൽ ജോലി ചെയ്യുന്ന ജോസഫ് സാമുവൽ എന്ന കോട്ടയംകാരൻ കാണാൻ വന്നു.അദ്ദേഹം വീട്ടിലേക്ക് ക്ഷണിച്ചു.പിന്നെ താമസം അദ്ദേഹത്തോടൊപ്പമായി.
 
അന്ന് തന്നെ നഴ്‌സുമാർ ധാരാളം മലയാളികൾ കാനഡയിലുണ്ടായിരുന്നു. കാഷായവേഷധാരിയായ ഒരു മലയാളിയെയും പരിചയപ്പെട്ടു-വാൽമോറിനിലെ വലിയൊരു ആശ്രമാധിപതിയായ വിഷ്ണുദേവാനന്ദ. പാലക്കാട് സ്വദേശിയാണ്. .അദ്ദേഹത്തിൻ്റെ ക്ഷണപ്രകാരം 60 ഏക്കറുള്ള കുന്നിൽ സ്ഥിതിചെയ്യുന്ന ആശ്രമം സന്ദർശിച്ചു. മലയാളത്തിൽ സംസാരിക്കാൻ ആളെക്കിട്ടാതെ വിഷമിച്ചിരുന്ന അദ്ദേഹത്തിൻ്റെ അമ്മയുമായി ദീർഘനേരം വർത്തമാനം പറഞ്ഞു.മീഡിയ സെൻ്ററിൽ ഓരോ റിപ്പോർട്ടർക്കും മേശയും ടെലിവിഷനുമുണ്ടായിരുന്നു. നൂറുകണക്കിനു കിലോമീറ്ററുകൾക്കകലെയും വേദികളുണ്ടായിരുന്നതിനാൽ അവിടെ പോവുക പ്രായോഗികമായിരുന്നില്ല.6000 അത് ലറ്റുകളും 3000 പത്രക്കാരും പങ്കെടുത്ത മേള.റോയിട്ടർ വാർത്താ ഏജൻസിയിൽ നിന്ന് ഓരോ ഇനത്തിലും വൈദഗ്ദ്ധ്യം നേടിയ 30 പത്രപ്രവർത്തകരുണ്ടായിരുന്നു.
 
ഇംഗ്ളീഷിലെഴുതുന്ന വാർത്തകൾ വെസ്റ്റേൺ യൂണിയൻ ഓഫീസ് മുഖേന ട്രാൻസ്ൻസ്മിറ്റ് ചെയ്യുകയായിരുന്നു. വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് നൽകിയ കാർഡുപയോഗിച്ച്,പണം നേരിട്ട് നൽകാതെ അയയ്ക്കാം. നാട്ടിൽ നിന്ന് കൊണ്ടുവന്ന ക്യാമറയിൽ ചിത്രങ്ങളെടുക്കും-ബ്ളാക്ക് ആൻ്റ് വൈറ്റ് ഫിലിം. അത് ,പൈലറ്റിനെയോ യാത്രക്കാരെയോ ഏൽപ്പിച്ച് എയർ ക്യാനഡ,എയർ ഇന്ത്യ വഴി മുംബൈയിലും അവിടെ നിന്ന് കൊച്ചിയിലും എത്തിക്കുകയായിരുന്നു.തികച്ചും സാഹസികം.
ഒളിമ്പിക്സ് കമ്മറ്റി എല്ലാ ദിവസവും നല്ല ആർട്ട് പേപ്പറിൽ അച്ചടിച്ച ‘ദി വില്ലേജ്’ എന്ന എട്ട് പേജുള്ള പത്രികയും ഇറക്കിയിരുന്നു. ലോക പ്രശസ്തരായ ഫോട്ടോഗ്രാഫർമാരെടുത്ത അതിലെ ചിത്രങ്ങളും അയച്ചിരുന്നു. കുറേ ദിവസം കഴിഞ്ഞാണ് അവ അച്ചടിച്ചുവരുക.മറ്റ് മലയാള പത്രങ്ങളിലൊന്നും ആ ചിത്രങ്ങൾ വരുകയില്ല. 
 
റുമേനിയക്കാരി നദിയ കൊമാനേച്ചിയായിരുന്നു ആ ഒളിമ്പിക്സിലെ താരം.പത്തോളം മെഡലുകൾ കിട്ടിയ ആ ജിംനാസ്റ്റ് ‘പെർഫെക്റ്റ് ടെൻ' ആയി. കമ്യൂണിസ്റ് റുമാനിയയിൽ നിന്ന് അമേരിക്കയിലേക്ക് രക്ഷപെട്ട അവർക്ക് അവിടെ പൗരത്വമുണ്ട്.
 
ടി.സി യോഹന്നാനടക്കമുള്ള അത് ലറ്റുകൾ പങ്കെടുത്ത ആ ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് വെറുംകൈയോടെ മടങ്ങേണ്ടിവന്നു. “അന്നുമുതൽ യോഹന്നാനുമായി അടുത്ത ബന്ധമുണ്ട് . ടിസ്കോ ഉദ്യോഗസ്ഥനായി വിരമിച്ച അദ്ദേഹത്തിൻ്റെ ജീവചരിത്രം എഴുതാനുള്ള ശ്രമത്തിലാണ്."
ഒളിപിക്സിനു ശേഷം ഗ്രെ ഹൗണ്ട് ബസ് ടിക്കറ്റു ഉപയോഗിച്ച് കാനഡയിലും അമേരിക്കയിലും മെക്‌സി ക്കോയിലും ചുറ്റി സഞ്ചരിച്ചു. 20 മണിക്കൂർ ബസ് യാത്രചെയ്താണ് മുമ്പ് ഒളിമ്പിക്സ് വേദിയായിരുന്ന മെക്സിക്കോ സിറ്റിയിലെത്തിയത്. അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് പ്രചാരണം, ഫിലാഡെൽഫിയയിൽ പോപ്പും മദർ തെരേസയും പങ്കെടുത്ത, ലോക ദിവ്യ കാരുണ്യ കോൺഗ്രസ് തുടങ്ങിയവ റിപ്പോർട്ട് ചെയ്തു.
 
മടക്കയാത്രയിൽ ബ്രിട്ട് റെയിൽ പാസ് ഉപയോഗിച്ച് ബ്രിട്ടനിലും യൂറോ റയിൽ പാസ് മുഖേന പടിഞ്ഞാറൻ യൂറോപ്പിലെ 16 രാജ്യങ്ങളിലും പോയി. നെതർലൻഡ്‌സിലൂടെ സഞ്ചരിക്കവേ മാൽമോ സ്റ്റേഷനിലെത്തി.അത് ഒരു അപൂർവ്വ വാർത്തയിലൂടെ പരിചിതമായ സ്ഥലമായിരുന്നു.
പത്രപ്രവർത്തകനാകും മുൻപ് വായിച്ചതായിരുന്നു ആ വാർത്ത. ഇന്തോ-നോർവീജിയൻ പ്രൊജക്ടിൻ്റെ നീണ്ടകര ഓഫീസിൽ ജോലിചെയ്തിരുന്ന അന്നാട്ടുകാരനായ ഒരാളും ഭാര്യയും കേരളത്തിൽ നിന്ന് മടങ്ങും മുൻപ് കൊച്ചി സന്ദർശിച്ചു. ജനറൽ ആശുപത്രിക്കടുത്തു കൂടി നടക്കുമ്പോൾ, അവിടെ ഉപേക്ഷിക്കപ്പെട്ട ഒരു കുഞ്ഞിനെ പരിചരിക്കുന്നത് ശ്രദ്ധയിൽ പെട്ടു. വേറെ കുട്ടികളുണ്ടായിരുന്ന അവർ ആ കുഞ്ഞിനെ കോടതി മുഖാന്തിരം ദത്തെടുത്തു.
 
''ഞാൻ മനോരമയിൽ ചേർന്ന ശേഷം,അവരുടെ അഡ്രസ് തിരക്കിപ്പിടിച്ച് ,ആ കുട്ടിയുടെ കാര്യങ്ങൾ അന്വേഷിച്ച് കത്തെഴുതി. ഏതാനും മാസം കഴിഞ്ഞ് കുട്ടിയുടെ മൂന്ന് ഫോട്ടോകൾ സഹിതം അദ്ദേഹം മറുപടി അയച്ചു."We live in a village called Malmo..എന്ന് തുടങ്ങുന്ന കത്ത്.
ആറു മാസം കഴിഞ്ഞ് ഇതെക്കുറിച്ച് ഒരു ഫീച്ചർ എഴുതി, ദ ഹിന്ദുവിൻ്റെ സണ്ടേ മാഗസിനു അയച്ചു. "It’s spring in Malmo now..’ എന്ന് ആരംഭിക്കുന്ന ആ ലേഖനം തങ്ങൾക്കുള്ള എക്സ്ക്ളുസീവാണോ എന്ന് അന്വേഷിച്ച് അവർ ടെലഗ്രാം അയച്ചു. ‘അതെ’ എന്ന് മറുപടി നൽകിയതോടെ, മാഗസിനിൽ ഒന്നാം പേജിൽ ചിത്രങ്ങളോടെ അത് പ്രസിദ്ധീകരിച്ചു. 500 രൂപയാണ് അതിനു പ്രതിഫലം കിട്ടിയത്.
 
1981ൽ ,ബംഗ്ളാദേശിൻ്റെ പത്താം രാഷ്ട്രപ്പിറവി റിപ്പോർട്ട് ചെയ്യാൻ ഡാക്ക സന്ദർശിച്ചു.വധിക്കപ്പെട്ട രാഷ്ട്രത്തലവൻ ഷേക്ക് മുജീബുർ റഹ്മാൻ്റെ മകൾ ഷേക്ക് ഹസീനയുമായി അഭിമുഖം നടത്താൻ അവസരം കിട്ടി. അന്നവർ വീട്ടു തടങ്കലിൽ ആയിരുന്നു. നാലാം തവണയും പ്രധാനമന്ത്രിയായ അവർക്കെതിരെ ഈ വർഷം നടന്ന പ്രക്ഷോഭത്തെത്തുടർന്ന് രാജിവച്ച്  ഇന്ത്യയിൽ അഭയം തേടിയിരിക്കുകയാണു.
 
1986ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ സന്ദർശനം റിപ്പോർട്ട് ചെയ്യാൻ കൊൽക്കത്തയിൽ പോയത് ഫോട്ടോഗ്രാഫർ വിക്ടർ ജോർജ്ജിനൊപ്പം. മനോരമ ഞായറാഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ഫീച്ചറിൽ ഒരേ രാജ്യക്കാരായ മാർപാപ്പയും മദർ തെരേസയും ആലിംഗബദ്ധരായി നിൽക്കുന്ന വലിയ ഫോട്ടോയുണ്ടായിരുന്നു. അതുമായി മദർ തെരേസയെ കാണാൻ പോയി.
പിന്നീട് അവരുടെ പിൻഗാമിയായിത്തീർന്ന സിസ്റ്റർ നിർമ്മലയായിരുന്നു സെക്രട്ടറി. അവരുടെ അനുമതി വാങ്ങി മദർ തെരേസയെ കണ്ട് സംസാരിച്ചു. മദർ മുൻപ് കോട്ടയത്ത് വന്നപ്പോൾ മലയാള മനോരമയിൽ നൽകിയ സ്വീകരണത്തിൽ ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി ഒരു ലക്ഷം രൂപ സംഭാവന നൽകിയിരുന്നു.
 
മരണാസന്നരായ രോഗികളെ പരിചരിക്കുന്ന,ഹൗറ പാലത്തിനടുത്തുള്ള അവരുടെ കേന്ദ്രം അടുത്ത ദിവസം മാർപാപ്പ സന്ദർശിക്കുന്നുണ്ട്. രണ്ടു പേരും ചേന്ന് അന്തേവാസികൾക്ക് കഞ്ഞി കോരി നൽകും.പഴയ ആ കെട്ടിടത്തിലെത്തിയപ്പോൾ,ചടങ്ങിൽ ഫോട്ടോയെടുക്കാൻ റോയിട്ടേഴ്സിനും പി.ടി.ഐക്കും മാത്രമേ അനുവാദം നൽകിയിട്ടുള്ളൂ എന്ന് മനസിലായി.
 
സന്യാസിനിമാരിൽ ആരെങ്കിലും അന്തേവാസികൾക്ക് ഒരു സ്പൂൺ കഞ്ഞി നൽകുന്ന പടം എടുത്താൽ മാർപാപ്പയുടെ ചിത്രത്തിനൊപ്പം ചേർത്ത് പത്രത്തിൽ നൽകാമെന്നായി വിക്ടർ.പക്ഷേ, എത്ര അപേക്ഷിച്ചിട്ടും ചുമതലയുള്ള മലയാളിയായ സിസ്റ്റർ ലുക്ക് അനുവദിച്ചില്ല. അവസാനം, മദറിൻ്റെ അനുമതിയുണ്ടെങ്കിൽ സമ്മതിക്കാമെന്നായി അവർ. തിരികെ മദർ ഹൗസിലെത്തി കാത്തിരുന്ന്, മദറിനെ കണ്ട് കാര്യം പറഞ്ഞു. “അനുകൂലപ്രതികരണം ഉണ്ടാകാത്തതിനാൽ ഞാൻ മദറിനോട് ഇങ്ങനെ പറഞ്ഞു: "We’re also missionaries. അതോടെ അവർ അയഞ്ഞു. അതിന് മദറിൻ്റെ പ്രതികരണം ഇങ്ങനെയായിരുന്നു- 'Yes yes, I understand, a candle should not be put under a canopy."
കേരളത്തിൽ നിന്ന് ആദ്യമായി സ്റ്റേറ്റ്സ് മാൻ അവാർഡ് കിട്ടുന്നത് കുര്യൻ പാമ്പാടിക്കാണ്. ബീഹാറിലെ ആദിവാസികൾക്കിടയിൽ പ്രവർത്തിച്ച സിസ്റ്റർ ജോസ്‌നയുടെ പോരാട്ടങ്ങളെക്കുറിച്ചുള്ള പരമ്പരയ്ക്കായിരുന്നു, 1980ൽ അവാർഡ് ലഭിച്ചത്. ഇതിനെ ആസ്പദമാക്കി എഴുതിയ പുസ്തകമാണ് ‘സിസ്റ്റർ ജ്യോത്സ്നയോടൊപ്പം’.
 
1987ൽ ജനറൽ റിപ്പോർട്ടിങ്ങിനുള്ള സംസ്ഥാന സർക്കാരിൻ്റെ പുരസ്കാരവും പാമ്പാടിക്ക് കിട്ടി. കിഡ്നി മാഫിയയെക്കുറിച്ചുള്ള ‘നരഭോജികൾ’ എന്ന അന്വേഷണ പരമ്പരയ്ക്കായിരുന്നു അവാർഡ്.കൊല്ലം എഡിഷനിൽ വന്ന ഒരു വാർത്തയെക്കുറിച്ച് അന്വേഷിക്കാൻ അന്നത്തെ മനോരമ ചീഫ് അസോസിയേറ്റ് എഡിറ്ററാണ് പാമ്പാടിയെ ഏൽപ്പിച്ചത്. നാട് വിട്ട് മുംബൈയിൽ പോയി, അവിടെ ഒരു ഇറാനിയൻ ഹോട്ടലിൽ ജോലിചെയ്തിരുന്ന ഉളിയക്കോവിൽ സ്വദേശിയായ ഒരാൾ തിരിച്ചെത്തി.ലോട്ടറി വില്പനയുമായി കഴിഞ്ഞ അയാൾക്ക് അസുഖം വന്നപ്പോൾ നടത്തിയ പരിശോധനയിൽ ഒരു കിഡ്നി നഷ്ടമായതായി കണ്ടെത്തിരുന്നു. 
 
കൊല്ലത്തെത്തി , അയാളുമായി സംസാരിച്ച് കാര്യങ്ങൾ മനസിലാക്കി. വീട്ടിൽ സൂക്ഷിച്ചിരുന്ന ചികിൽസാരേഖകളുടെ കോപ്പിയെടുത്തു. അതിൽ ഗോബിന്ദ് എന്ന് പെൻസിലിൽ രേഖപ്പെടുത്തിയിരുന്നു.അയാൾ കിഡ്നി മാഫിയ ഏജൻ്റായിരുന്നു.വയറു വേദന വന്നപ്പോൾ മുംബൈയിലെ ഒരു ആശുപത്രിയിൽ ഡോക്ടറായ ഗാന്ധി നടത്തിയ ശസ്ത്രക്രിയയിലാണ് കിഡ്നി നഷ്ടപ്പെട്ടതെന്ന് വ്യക്തമായി. 
 
കോട്ടയത്തെ പ്രമുഖ വൃക്കരോഗവിദഗ്ധനുമായി സംസാരിച്ച് , ഇതെക്കുറിച്ച് കൂടുതൽ പഠിച്ചു.അദ്ദേഹത്തോടൊപ്പം വൃക്കവിദഗ്ദ്ധരുടെ ഒരു സമ്മേളനത്തിൽ പങ്കെടുക്കാൻ മധുരയിൽ പോയി.
മധുരയിലെ പ്രസംഗകരിലൊരാൾ ഡോ.ഗാന്ധിയായിരുന്നു! വെല്ലൂരിലെ മെഡിക്കൽ കോളേജിലും പോയി.അവിടെ കരിക്കുവിൽപ്പനക്കാരായിരുന്നു ഏജൻ്റുമാർ. കിഡ്നി ആവശ്യമുള്ളവരാണെന്ന് പറഞ്ഞുകൊണ്ട്, ഇടനിലക്കാരെ സമീപിച്ചാണ് അന്വേഷണം നടത്തിയത്.ഹൈദരാബാദിലെയും മുംബൈയിലെയും ആശുപത്രികളിൽ അന്വേഷണം നടത്തി വിവരങ്ങൾ ശേഖരിച്ചു.കിഡ്നി സ്വീകരിച്ച അറബികളുടെ ചിത്രങ്ങൾ ആശുപത്രിയിൽ നിന്ന് സാഹസികമായി എടുത്തു. ആശുപത്രി ഉടമ ഭീഷണിപ്പെടുത്തിയതോടെ അവിടെ തുടരുന്നത് അപകടകരമായതിനാൽ തിരിച്ചു വന്നു.അപ്പോഴും ഇടനിലക്കാരനായ ഗോബിന്ദിൻ്റെ ഫോട്ടോ മാത്രം കിട്ടിയിരുന്നില്ല.
നായേഴ്സ് ആശുപത്രിക്ക് മുന്നിൽ കരിക്ക് വിൽക്കുന്ന ഒരു മലയാളിയുമായി ലോഹ്യം കൂടി.അയാൾക്ക് ആളെ അറിയാമായിരുന്നു. ഫോട്ടോയെടുത്ത് മുംബൈ ഓഫീസിൽ ഏൽപ്പിക്കാൻ ശട്ടം കെട്ടി.പരമ്പരയുടെ ഒൻപതാം ഭാഗം വന്ന അന്ന് ആ ചിത്രങ്ങൾ മുംബൈ ഓഫീസിൽ കിട്ടി. “അയാൾ ഒരു റോൾ ഫിലിമാണ് ഏൽപ്പിച്ചത്.അതിലെ ചിത്രങ്ങൾക്ക് തെളിച്ചമില്ലായിരുന്നു. പക്ഷേ,ഗോബിന്ദിൻ്റെ മുഖം വ്യക്തമായിരുന്നു. പരമ്പരയുടെ അവസാന ഭാഗത്തിൽ ഗോബിന്ദിൻ്റെ ചിത്രം കൊടുത്തു”. 
 
1996ൽ മലയാള മനോരമ നിന്ന് വിരമിച്ച ശേഷം ഇംഗ്ളീഷ് മാദ്ധ്യമപ്രവർത്തനത്തിലേക്ക് മടങ്ങി.ഓൺലൈനിലും ഏറെ സജീവമാണ്.സർവീസിലിരിക്കെ തന്നെ ഭാരതീയ വിദ്യാഭവനിൽ തുടങ്ങിയ മാദ്ധ്യമാദ്ധ്യാപനവും ഏറെക്കാലം തുടർന്നു.പഠിപ്പിച്ചവരിൽ പലരും പ്രമുഖപത്രങ്ങളിലുണ്ട്.
'രണ്ട് ജർമനികൾ' , 'സിംഹഭൂമിയിൽ' എന്നീ പുസ്തകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. 'അഹാഡ്‌സ് ' അട്ടപ്പാടിയിലെ ആദിവാസി സമൂഹത്തിലുണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ച് എഴുതിയ പുസ്കകം 'സ്വർണ്ണ ഗദ്ദേ' അടുത്തു തന്നെ പ്രസിദ്ധീകൃതമാകും.
 
അച്ചടി മാദ്ധ്യമങ്ങളുടെയും ടെലിവിഷൻ ചാനലുകളുടെയും വിജയത്തിനടിസ്ഥാനം അവയുടെ വിശ്വാസ്യതയാണന്ന് കുര്യൻ പാമ്പാടി പറഞ്ഞു.ചാനലുകളുടെ ഉടമസ്ഥർ ആരെന്നതും പ്രധാനപ്പെട്ടതാണ്.
 
പുതുകാലത്തെ മാദ്ധ്യമപ്രവർത്തകർ നല്ല ഗൃഹപാഠം ചെയ്യേണ്ടതുണ്ട്.അതിന് വിവരസാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്താം. "പേനക്ക് പകരം മൊബൈൽ ഫോണാണ് ഇന്നവരുടെ പടവാൾ. പക്ഷേ, നേരിട്ട് പോയി റിപ്പോർട്ട് ചെയ്യുന്നതിന് മുൻഗണന നൽകണം, ഒരുപാട് സ്വർണ്ണത്തരികൾ വീണു കിട്ടും".
 

ഡി.പ്രദീപ് കുമാറും കെ. ഹേമലതയും പരിപാടിയിൽ മോഡറേറ്റർമാരായി.
കോട്ടയം മെഡിക്കൽ കോളേജിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്കടുത്താണ് കുര്യൻ പാമ്പാടി താമസിക്കുന്നത്. ഭാര്യ ഗ്രേസി തിരുവനന്തപുരം, കോട്ടയം മെഡിക്കൽ കോളേജുകളിൽ ഫാക്കൽട്ടി അംഗമായിരുന്നു. മക്കളായ അനൂപും (ന്യൂയോർക്ക്) അരുണും വിവരസാങ്കേതിക രംഗത്ത് പ്രവർത്തിക്കുന്നു.
 
ഈ പരിപാടിയുടെ ശബ്ദലേഖനം മീഡിയ വേവ്സ് ചാനലിലുണ്ട്.
******
ഫോട്ടോ : 1.കുര്യൻ പാമ്പാടി. ഒപ്പം, ഡി. പ്രദീപ് കുമാർ, കെ. ഹേമലത.

Followers

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

സൂക്ഷ്മദര്‍ശി‍നി BOOKS-2

സൂക്ഷ്മദര്‍ശി‍നി BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ

GREENRADIO -കവിതാലാപനങ്ങൾ

Labels

(അ)വർണ്ണാശ്രമത്തിലെ വെണ്ണപ്പാളികൾ (1) 100th POST;FIVE QUESTIONS IN CONNECTION WITH INTERNATIONAL WOMEN'S DAY (1) 4.5 ശതമാനം ഉപസംവരണം/മുസ്ലീം ആധിപത്യം/സാമൂഹികം/ ലേഖനം/ അക്ഷയ/മുഗള്‍ / (1) A SATITRE (1) ABHAYA MURDER CASE AND MEDIA (2) AII India Radio (1) AMBEDKAR GREEN ARMY (1) ANNA HAZARE (1) ASSEMBLIES (1) AUTO DRIVERS IN KOZHIKODE (1) Aalkkoottam inland magazine (1) BABA AMTE (1) BAN ON TEACHERS WEARING SAREE IN KERALA (1) BANGALURU (1) CAPSULES (1) CASTE IN POLITICS (1) CHENGARA LAND STRUGGLE TO NEW HEIGHTS (1) COMMUNITY CYCLING IN PARIS (1) CORRUPTION IN HIGHER EDUCATION SECTOR (1) CULTURAL OUTRAGE IN THE NAME OF KHADI IN KERALA (1) CULTURAL POLICE IN KERALA (1) CYBER ACT (1) CYBER TERRORISM (1) CYCLING IN LAKSHADWEEP (1) Church in Kerala (2) D.Parameswaran Potti (1) DEEMED UNIVERSITIES (1) DR VERGHESE KURIEN (1) DUDABHAI (1) FILMREVIEW (1) G M FOODS (1) GLOBAL WARMING AND KERALA (1) GOA (1) GREEN RADIO PODCASTS (1) GREEN RADIO-PODCAST (1) GREEN RADIO-എങ്ങനെ കേള്‍ക്കാം (1) HEALTH TOURISM IN INDIA (1) HINDUSTANI MUSIC IN KERALA (1) HUMOUR (1) I T PROFESSIONALS (1) I too had a dream (1) IFFI 2011 (1) INDIA BEYOND COPENHAGEN (1) IT'S MAN-MADE (1) Indian Performing Rights (1) Indian tie (1) JASMINE REVOLUTION (1) JASMINE REVOLUTION IN INDIA (1) JUDICIARY (1) JUSTICE CYRIAC JOSEPH (1) KASARGODE DWARF (1) KERALA MUSLIMS AND DEMOCRACY (1) KERALA.KARNATAKA (1) KOCHI METRO (1) Kochi F M (2) LIFE STYLE OF KERALA BENGAL LEADERS:A STORY IN CONTRAST (1) LOK PAL BILL (1) LOKAYUKTHA (1) Little Magazines in Kerala (1) MAHATMA GANDHI (2) MAKARAJYOTI FARCE (1) MANGALA DEVI TEMPLE (1) MARTIN LUTHER KING JNR (1) MEDIA IN KERALA (1) MY BOOKS (2) Mavelikara (1) NEGATIVE VOTING RIGHT (1) NEIGHBOURHOOD SCHOOLS (1) NIGHT LIFE (1) Nationalisation of segregated graveyards (1) OCCUPY WALL STREET (2) ONAM AND TV SHOWS IN KERALA (1) Onam (2) PAIDNEWS (1) Poverty in America (1) QUALITY OF KWA TAP WATER (1) QUEEN'S ENGLISH IN KERALA (1) RACIAL DISCRIMINATION AGAINST WOMEN AND DALITS BY KERALA PRESS (1) REFERENDUM ON MAJOR DECISIONS (1) RELIGION OF ELEPHANTS IN KERALA? (1) ROYALTY TO MUSIC PERFORMANCES (1) Real estate on Moon (1) SATIRE (4) SEX (1) SOCIAL ILLITERACY IN KERALA (1) STATUES (1) SUBHA MUHOORTHA FOR CAESAREAN SURGERY (1) SUBHASH PALEKAR (1) SUFI PARANJA KATHA (1) SUPERSTITION AT SABARIMALA (1) SUTHARYAKERALAM: A HIGHTECH FARCE (1) SWINE FLUE AND MEDIA (1) THE CHURCH ON CHILD- MAKING SPREE (1) THE FOOD SECURITY ARMY IN KERALA (1) THE MAKING OF GOONDAS IN KERALA. (1) THE PLIGHT OF THE AGED IN KERALA (1) THE RIGHT TO FREE AND COMPULSORY EDUCATION BILL (1) THE SILENT MINORITY:BACKBONE OF INDIAN DEMOCRACY (1) THEKKADI (1) Thoppippala (1) URBANISATION (1) V.Dakshinamoorthy (1) VECHUR COWS (1) VELIB.FREEDOM BIKE (1) VOTERS IN THE CYBER WORLD/സാക്ഷരത/നവമാദ്ധ്യമങ്ങൾ (1) WHY DO PEOPLE DIE OF COLDWAVES IN NORTH INDIA? (1) WOMEN RESERVATION IN PARLIAMENT (1) cyber crime case against blogger (2) first F.M station in Kerala (1) greenradio podcasts (1) local radio station (1) national heritage animal (1) parallel publications in Malayalam (1) woman paedophile (1) അംബേദ്കർ (2) അംബേദ്കർ ഗ്രീൻ ആർമി (1) അക്ബറാന (1) അക്ഷയതൃതീയ (1) അക്ഷയതൃതീയ AKSHAYATHRUTHIYA (1) അഗസ്റ്റിൻ ജോസഫ് (1) അങ്കിൾ ജഡ്ജ് സിൻഡ്രോം” (1) അതിവേഗപാത (1) അതിശൈത്യമരണങ്ങൾ (1) അനുഭവം (1) അമുൽ (1) അമേരിക്കയിലെ ദരിദ്രർ (1) അയ്യങ്കാളി (1) അഷ്ടമംഗലദേവപ്രശ്നം (1) ആട്-തേക്ക്-മാഞ്ചിയം (1) ആര്‍ഭാടങ്ങള്‍ (1) ആള്‍ക്കൂട്ടം (2) ആർ.വിമലസേനൻ നായർ (1) ആൽബർട്ടോ ഗ്രനാഡോ (1) ആൾക്കൂട്ടം ഇൻലന്റ്‌ മാസിക (2) ഇന്ത്യ (1) ഉഴവൂര്‍ (1) എ.എൻ.സി (2) എം.എ.എസ് (1) എം.എഫ് ഹുസൈൻ (1) എംബെഡഡ് ജേർണ്ണലിസം/ അയ്യങ്കാളി (1) എസ്.എൻ.ഡി.പി (1) ഏംഗത്സ് (1) ഏട്ടിലെ പശു (1) ഏഷ്യാഡ് (1) ഐ.എസ്.അര്‍.ഓ (1) ഒക്യുപൈ വാൾ സ്ട്രീറ്റ് (1) ഒക്സിജന്‍ പാര്‍ലർ (1) ഒറ്റപ്പാലം (1) ഒറ്റയാൾ (3) ഓ.എൻ.വി (1) ഓഡിയോ (1) ഓണം (1) ഓർമ്മകൾ (1) ഓർമ്മയാണച്ഛൻ (1) കഞ്ഞി (1) കണ്ടതും കേട്ടതും (2) കള്ളപ്പണം (1) കവരത്തി (1) കവിതാലാപനം (2) കാല്‍കഴുകിച്ചൂട്ടൽ (1) കാളന്‍ (1) കാളയിറച്ചി (1) കാസർകോഡ് ഡ്വാർഫ് (1) കാർഷിക യന്ത്രവത്കരണം (1) കാർഷിക വിപ്ലവം (1) കാർഷികം/ ലേഖനം/ബ്ലാക്ക്ബെറി/മിൽക്കി ഫ്രൂട്ട്/അവക്കാഡോ/ദുരിയാൻ/റമ്പൂട്ടാൻ (1) കാൽകഴുകിച്ചൂട്ടൽ (1) കീഴാചാരം (1) കുഞ്ഞപ്പ പട്ടാന്നൂർ (1) കുറിപ്പ്‌ (1) കൂറുമാറ്റം (1) കൃഷ്ണയ്യർ (1) കെ.ആര്‍.നാരായണന്‍ (1) കെ.ആർ.ടോണി (1) കെ.ഗിരിജ വർമ്മ (1) കെ.ഗിരിജാവർമ (1) കെ.വി.ഷൈൻ (1) കോണകം (2) ക്ലാസിക്ക് മെട്രോ (1) ക്ഷേത്രപ്രവേശനം (1) കൻഷിറാം (1) ഖവാലി (1) ഗജ ദിനം (1) ഗിരിപ്രഭാഷണം (1) ഗീർ പശു (1) ഗുണ്ടായിസം (1) ഗുണ്ടാരാജ് (1) ഗുരുവായൂർ (1) ഗോൾചെറെ (1) ഗ്രാമസഭ (1) ഗ്രീൻ കേരള എക്സ്പ്രസ് (1) ഗ്രീൻ റേഡിയോ പോഡ്കാസ്റ്റ് (2) ചണ്ഡിഗർ (1) ചന്ദ്രൻ (1) ചരിത്രം (1) ചലച്ചിത്രനിരൂപണം (1) ചലച്ചിത്രവിചാരം-ഒരെ കടല്‍ (1) ചിഡ് വാര (1) ചിത്രകാരൻ (2) ചൂടുവെള്ളത്തിൽ വീണ (1) ചെ ഗുവേര (1) ചെങ്ങറ (2) ചൊവ്വാ (1) ജഗ്ജ്ജീവന്‍ റാം (1) ജനകീയകോടതി (1) ജനാധിപത്യംANTI-DEFECTION LAW AND INDIAN DEMOCRACY (1) ജാവേദ് അക്തർ (1) ജീവത്സാഹിത്യംശശി തരൂർ (1) ജുഡീഷ്യറിയിലെ അഴിമതി/ കെ.ജി.ബാലകൃഷ്ണൻ (1) ജ്ഞാനഗുരു (1) ടോപ്പ്ലസ് (1) ടോൾ (1) ഡോ ജോൺ മത്തായി (1) ഡ്രസ് കോഡ് (1) ഡൽഹി (1) തഥാഗതൻ (1) താതാ നിന്‍ കല്പനയാല്‍ (1) താഹ്രീർ സ്കൊയർ (1) തൃപ്പൂത്താറാട്ട് (1) തെമ്മാടിക്കുഴി (1) തോർത്ത്‌ (1) ത്യാഗികൾ (1) ത്രിവര്‍ണ്ണപതാക (1) ദ കിഡ് വിത്ത് എ ബൈക്ക് (1) ദളിത് (1) ദാരിദ്ര്യരേഖ (1) ദൃഷ്ടിപഥം (17) ദേശീയ ഉത്സവം (1) ദേശീയ പതാക-TRIBUTE TO KAMALA DAS;RECITATION OF HER POEM IN MALAYALAM (1) ധവളവിപ്ലവം (1) നക്ഷത്രഫലം (1) നര്‍മ്മം (1) നല്ലതങ്ക (1) നവമാദ്ധ്യമങ്ങൾ (1) നവവത്സരാശംസകള്‍‍ (1) നസീറാന (1) നാഗസന്യാസിമാർ (1) നാരായണ പണിക്കർ (1) നെൽസൺ മണ്ടേല (1) നേർച്ചസദ്യ (1) നർമ്മം (2) നർമ്മദ (1) പരിഹാരക്രിയ (1) പി.ഉദയഭാനു (4) പി.ഭാസ്‌കരന്‍ (1) പി.സായ് നാഥ് (1) പിണറായി (1) പുസ്തകനിരൂപണം (1) പൂന്താനം (1) പൈതൃകമൃഗം (1) പൊതുസീറ്റുകൾ (1) പൊന്നമ്പലമേട് (1) പൊർഫീരിയോ (1) പോഡ്കാസ്റ്റ് (1) പൌലോസ് മാർ പൌലോസ് (1) പ്രതിമകൾ (1) പ്രാക്കുളം ഭാസി (1) പ്രിയനന്ദനൻ (1) പ്രേം നസീർ (1) പ്ലാവില (1) ഫലിതം (5) ഫലിതം A FRIENDSHIP DAY DISASTER (1) ഫസ്റ്റ്ഗ്രേഡർ (1) ഫിദൽ (1) ഫെമിനിസ്റ്റ് (1) ഫ്രന്‍ഡ്ഷിപ് ഡേ (1) ബഷീർ (3) ബാബ ആംതെ/ (1) ബാബുരാജ് (1) ബി.ഓ.ടി (1) ബുർക്ക (1) ബൊളീവിയ (1) ഭക്ഷ്യ അരക്ഷിതാവസ്ഥ (1) ഭക്ഷ്യ സുരക്ഷാ സേന (1) ഭാവി രാഷ്ട്രീയ അജണ്ട (1) ഭൂമിക്കൊരു ചരമഗീതം (2) മംഗളാദേവി ക്ഷേത്രം 2001- (1) മകരജ്യോതി (1) മതം (2) മദ്യപാനം (2) മമത (1) മമ്മൂട്ടി (2) മറൂഗ (1) മഹാസ്ഥാപനം (1) മാഡം കാമ (1) മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് (1) മാദ്ധ്യമസദാചാരം (1) മാധവന്‍ നായര്‍ (1) മാധ്യമം (3) മാപ്പിളപ്പാട്ട് (1) മായാവതി (1) മാര്‍ക്സ് (1) മുല്ലപ്പൂ വിപ്ലവം (1) മുസ്ലീം സാക്ഷരത (1) മുസ്ലീം സ്ത്രീ സാക്ഷരതാനിരക്ക് (1) മേധാ പട്ട്കർ (1) മേഴ്സി മാത്യു (2) മൈഥിലി (1) മൊബൈൽ ഫോൺ (1) മോഹൻലാൽ (1) യൂത്ത് ഒളിമ്പിക്സ് (1) യേശുദാസ് (1) രാമനുണ്ണി (1) രാഷ്ട്രപതി (1) രാഷ്ട്രീയം (7) രാഷ്ട്രീയസദാചാരം (1) റഷ്യ (1) റഷ്യയിലെ ജനസംഖ്യ (1) റിവോദിയ (1) റെസിഡന്റ്സ് അസ്സോസിയേഷൻ (1) റേഡിയോ (7) റേഡിയോ സ്കിറ്റ് (1) റോഡ് സുരക്ഷാവാരം (1) റൌൾ (1) റ്റിന്റുമോൻ (1) ലെനിൻ (2) ലേഖനം (12) ലേഖനം/ ഡോ വർഗ്ഗീസ് കുര്യൻ (1) ലേഖനം/രാഷ്ട്രീയക്രിമിനൽവത്കരണം/CRIMINALISATION OF POLITICS/A RAJA /KANIMOZHI/TIHAR (1) ലോക അണക്കെട്ട് കമ്മീഷൻ (1) ലോക് അദാലത്ത് (1) ളാഹ ഗോപാലൻ (1) വടയക്ഷി (1) വന്ദേ മാതരം (1) വാലന്റൈന്‍സ് ഡേ (1) വാസ്തു (1) വാസ്തുദോഷനിവാരണക്രിയ (1) വാഹനപരിശോധന (1) വാർഡ് സഭ/GRAMASABHAS IN KERALA ON THE DECLINE (1) വി.പി.സിങ്ങ് (1) വിജയ് യേശുദാസ് (1) വിദ്യാരംഭം (1) വിന്നി (2) വിരുദ്ധോക്തി (1) വിശുദ്ധഗ്രന്ഥങ്ങൾ (1) വിശ്വപൌരന്‍ (1) വെച്ചൂർ പശു (1) വ്യാജമൂല്യബോധംപൊതുജനസേവക പ്രക്ഷേപകർ (1) ശതാഭിഷേകം (2) ശനിദോഷ നിവാരണണപൂജ (1) ശബരിമല (3) ശരീര ഭാഷ (1) ശവി (1) ശാർക്കര (1) ശില (1) ശുദ്ധികലശം (1) ശുഭമുഹൂർത്തപ്രസവം. (1) ശ്രീനാരായണ ഗുരു (4) ശർബാനി (1) ഷൈൻ (1) സംഗീതം (1) സദാചാര പൊലീസ് (1) സദാചാരാപഭ്രംശം (1) സഫലമീയാത്ര (1) സമൂഹികബോധം (1) സാമൂഹികം (3) സാമൂഹികം. (1) സാമൂഹികം.CYBER ACT IN KERALA (1) സാമൂഹികം.പന്നിപ്പനി (1) സാമൂഹികം/ ലേഖനം/ (3) സാമൂഹികം/ ലേഖനം/ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി (1) സാമൂഹികം/ ലേഖനം/ തദ്ദേശ തെരഞ്ഞെടുപ്പ് വിധി (1) സാമൂഹികം/ ലേഖനം/ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ.കില (1) സാമൂഹികം/ ലേഖനം/ മദ്യപാനം/വാഹനാപകടം (1) സാമൂഹികം/ ലേഖനം/ വിവരാവകാശ നിയമം/RTI ACT:DRAFT OF NEW RULES (1) സാമൂഹികം/ ലേഖനം/ B B C (1) സാമൂഹികം/ ലേഖനം/ BENGALI MIGRANT WORKERS IN KERALA (1) സാമൂഹികം/ ലേഖനം/ COMMONWEALTH GAMES (1) സാമൂഹികം/ ലേഖനം/ FOREIGN EDUCATIONAL INSTITUTIONS BILL (1) സാമൂഹികം/ ലേഖനം/ HINDU-MUSLIM AMITY;A TRUE STORY (1) സാമൂഹികം/ ലേഖനം/ ORISSA/NAVEEN PATNAIK (1) സാമൂഹികം/ ലേഖനം/ RELIGIOUS EXTREMISTS IN KERALA (1) സാമൂഹികം/ ലേഖനം/ THE COURT AND THE PEOPLES COURT (1) സാമൂഹികം/ ലേഖനം/ THE IMPACTS OF N S S'S DECISION TO FREE THEIR EDUCATIONAL INSTITUTIONS FROM RELIGIOUS ACTIVITIES (1) സാമൂഹികം/ ലേഖനം/ VOTERS' RIGHT TO MOVE NON-CONFIDENCE (1) സാമൂഹികം/ ലേഖനം/ WHY WOMEN AND DALITS NOT BEING FIELDED FROM GENERAL SEATS IN KERALA? (1) സാമൂഹികം/ ലേഖനം/ WOMEN TO UPSET THE APLECARTS OF MANY IN KERALA (1) സാമൂഹികം/ ലേഖനം/ അമേരിക്കയുടെ വായ്പാക്ഷമത/DOWNGRADE / S AND P/ KRUGMAN/OBAMA (1) സാമൂഹികം/ ലേഖനം/ ആന (1) സാമൂഹികം/ ലേഖനം/ ആയുർദൈർഘ്യം/ മാനവ വികസന സൂചിക/ലോക ആരോഗ്യദിനം (1) സാമൂഹികം/ ലേഖനം/ കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമം/RTE ACT/ന്യൂനപക്ഷസ്കൂളുകൾ (1) സാമൂഹികം/ ലേഖനം/ ഗ്രാമസഭ (1) സാമൂഹികം/ ലേഖനം/ നീതിന്യായാവകാശ നിയമം (1) സാമൂഹികം/ ലേഖനം/ പാലിയേക്കര/ടോൾ/BOT/അരാഷ്ട്രീയവത്കരണം/ചേറ്റുവ (1) സാമൂഹികം/ ലേഖനം/ പ്രവാസിത്തൊഴിലാളികൾ/ബംഗാൾ/ഒറീസ/തൊഴിൽ അല്ലെങ്കിൽ ജെയിൽ (1) സാമൂഹികം/ ലേഖനം/ ബാറ്റിസ്റ്റ (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസദാചാരം (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസാന്ദ്രത/media density/മത ന്യൂനപക്ഷ സ്കോളർഷിപ്പുകൾ (1) സാമൂഹികം/ ലേഖനം/ ലോക പൈതൃകദിനം/ബാമിയന്‍ താഴ്വര/പുരാതനം/അജന്ത/എല്ലോറ (1) സാമൂഹികം/ ലേഖനം/ ശ്രീപത്മനാഭസ്വാമി /മാർത്താണ്ഡ വർമ്മ/കാൽ കഴുകിച്ചൂട്ട് (1) സാമൂഹികം/ ലേഖനം/CUBA/POPE/FIDEL CASTRO/RAUL CASTRO (1) സാമൂഹികം/ ലേഖനം/FUKUOKA (1) സാമൂഹികം/ ലേഖനം/THE CASTE (1) സാമൂഹികം/ ലേഖനം/THE FAITHFUL AND THE DRUNKARDS (1) സാമൂഹികം/ ലേഖനം/THE FALL OF JUDICIARY IN INDIA/ILLITERACY IN JAILS (1) സാമൂഹികം/ ലേഖനം/അണ്ണാ ഹസാര/പാർലമെന്റിന്റെ പരമാധികാരം/SUPREMACY OF THE PARLIAMENT/ANNA HAZARE (1) സാമൂഹികം/ ലേഖനം/അൽ ബറാക്ക്/ഇസ്ലാമിക ബാങ്ക്/ISLAMIC BANKING IN KERALA (1) സാമൂഹികം/ ലേഖനം/ഉമ്മൻ ചാണ്ടി/ജനസമ്പർക്ക പരിപാടി/സുതാര്യകേരളം/SUTHARYAKERALAM (1) സാമൂഹികം/ ലേഖനം/കെ.ആർ.നാരായണൻ/K.R NARAYANAN/ കെ.കുഞ്ഞമ്പു/കെ.പി.എസ് മേനോൻ (1) സാമൂഹികം/ ലേഖനം/കേരള തെരഞ്ഞെടുപ്പ് 2011/ഉമ്മഞ്ചാണ്ടി മന്ത്രിസഭ/ഇ ഗവേണ്ണൻസ് (1) സാമൂഹികം/ ലേഖനം/ക്യൂബ/കാസ്ട്രോ/മാർപ്പാപ്പ/റൌൾ/ബാറ്റിസ്റ്റ/ചെഗുവരെ (1) സാമൂഹികം/ ലേഖനം/ദയാബായി/DAYABAI (1) സാമൂഹികം/ ലേഖനം/നിയമസഭാതെരഞ്ഞെടുപ്പ് /ഇലക്ഷൻ കമ്മീഷൻ /ജനാധിപത്യധ്വംസനം (1) സാമൂഹികം/ ലേഖനം/ഫിദൽ കാസ്ത്രോ/ക്യൂബ/റൌൾ കാസ്ത്രോ/ ജോസ് മാർട്ടി/ഗ്വാണ്ടനാമോ (1) സാമൂഹികം/ ലേഖനം/ബെയിൽ ഔട്ടു/ (1) സാമൂഹികം/ ലേഖനം/മുഖപ്രസംഗങ്ങൾ/ ഏജന്റുമാരുടെ സമരം/ഒപ്പീനിയൻ ലീഡേഴ്സ് (1) സാമൂഹികം/ ലേഖനം/മുല്ലപ്പൂവിപ്ലവം/സൌദി /MALE GUARDIANSHIP SYSTEM IN SAUDI ARABIA/VIRGINITY TEST ON EGYPTIAN PROTESTERS (1) സാമൂഹികം/ ലേഖനം/മൊബൈൽഫോൺ സാന്ദ്രത (1) സാമൂഹികം/ ലേഖനം/രാജ്യ സഭ/ലെജിസ്ലേറ്റീവ് കൌൺസിലുകൾ/WHO REQUIRES UPPER HOUSES? (1) സാമൂഹികം/ ലേഖനം/രാഷ്ട്രീയസദാചരം/POLITICAL MORALITY (1) സാമൂഹികം/ ലേഖനം/റേഡിയോആഡംബരങ്ങള്‍ (1) സാമൂഹികം/ ലേഖനം/ലോക്പാൽ/ഇന്ദുലേഖ/ ട്രാൻസ്പേരൻസി ഇറ്റർനാഷണൽ (1) സാമൂഹികം/ ലേഖനം/വികസനം/ടോൾ/വൈപ്പിൻ/വികസനമാതൃകകൾ /ചിക്കുൻ ഗുനിയ (1) സാമൂഹികം/ ലേഖനം/വിശ്വാസവ്യാപാരം/ആദ്ധ്യാത്മിക ദാരിദ്ര്യം/ ജാതിപ്പേരുകൾ (1) സാമൂഹികം/ ലേഖനം/ശ്രീപത്മനാഭ സ്വാമി ക്ഷേത്രം/മതിലകം/കരുവാലയം/തൃപ്പടിദാനം/ (1) സാമൂഹികം/ ലേഖനം/ഷബാന ആസ്മി (1) സാമൂഹികം/ ലേഖനം/സംവരണമണ്ഡലം (1) സാമൂഹികം/ ലേഖനം/സുകുമാർ അഴീക്കോട്/OPINION LEADER OF KERALA (1) സാമൂഹികം/ ലേഖനം/സ്വകാര്യ പ്രാക്റ്റ്iസ്/ഫൂഡ് സപ്ലിമെന്റുകൾ/കേരള മാതൃക (1) സാമൂഹികം/അയ്യങ്കാളി (1) സാമൂഹികം/ക്രിമിനൽ/ഇൻവെസ്റ്റിഗേറ്റീവ് ജേർണ്ണലിസം/ക്വൊട്ടേഷൻ സംഘം (1) സാമൂഹികം/മാർട്ടിൻ ലൂഥർ കിങ്ങ് (1) സാമൂഹികം/മുല്ലപ്പൂ വിപ്ലവം (1) സാമൂഹികം/മൂന്നാര്‍/ലേഖനം/DEATH BELLS FOR MUNNAR (1) സാമൂഹികം/ലക്ഷദ്വീപ് (1) സാമൂഹികം/ലക്ഷദ്വീപ് THE CHANGING FACE OF LAKSHADWEEP (1) സാമൂഹികം/ലേഖനം (6) സാമൂഹികം/ലേഖനം/കേരളം/M C J ALUMNI OF KERALA UNIVERSITY (1) സാമൂഹികം/ലേഖനം/റേഡിയോ/LETTERS TO RADIO (1) സാമൂഹികം/ലൈംഗികാതിക്രമം/കുട്ടികുറ്റവാളികൾ/ കൂട്ടുകുടുംബം/അണുകുടുംബം (1) സാമൂഹികം/സിംല (1) സാമൂഹികംരാവുണ്ണി (1) സാമൂഹികവിസ്ഫോടനം (1) സാമ്പത്തിക മാന്ദ്യം (1) സി.എം.എസ്‌ കോളേജ്‌ (2) സിദ്ധമതം (1) സുബ്ബലക്ഷ്മി/ചെമ്പൈ/ലേഖനം/ദേവദാസി/സദാശിവം/മീരാഭജൻ/ വൈഷ്ണവ ജനതോ (1) സുരേഷ് ഗോപി (1) സൂഫി പറഞ്ഞ കഥ (1) സൈക്കിള്‍ (1) സൈക്കിൾ (1) സൈബർ നിയമം (1) സോജ (1) സോഷ്യലിസ്റ്റ് (1) സ്കിറ്റ് (1) സ്ത്രീവസ്ത്രധാരണത്തിന്റെ രാഷ്ട്രീയം (1) സ്വർണ്ണക്കമ്മൽ (1) സ്വർണ്ണഭ്രമം (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2012 (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2013/SKIT/SATIRE/HUMOUR/D.PRADEEP KUMAR (1) ഹാസ്യം (34) ഹാസ്യം.ഫലിതം (3) ഹാസ്യം.ഫലിതം SATIRE (1) ഹാസ്യംഫാമിലി കോണ്ടാക്റ്റ് ഡേ (1) ഹീഗ്വര (1) ഹൈടെക് നിരക്ഷരർ (1) ഹൈറേഞ്ച് ഡ്വാർഫ് (1)

കേരള ബ്ലോഗ് അക്കാദമി

ഇന്ദ്രധനുസ്സ്

ബ്ലോഗ് ഹെല്‍പ്പ്ലൈന്‍