പത്തനംതിട്ടയ്ക്കടുത്ത മാക്കാംകുന്ന് ഗ്രാമത്തിലെ ഒരു കുടിപ്പള്ളിക്കൂടത്തിൽ, “ത്രിയേക ദൈവത്തിനു സ്തുതി’ എന്ന് നിലത്തെഴുത്താശാൻ്റെ കൈപിടിച്ചെഴുതി, നാലാം വയസ്സിൽ അക്ഷരങ്ങളുടെ ലോകത്തേക്ക് പിച്ചവച്ച കെ.വി മാമ്മന് ഇപ്പോൾ പ്രായം 96.
കോട്ടയം മാങ്ങാനത്തെ വീട്ടിൽ,അക്ഷരങ്ങൾക്കും പുസ്തകങ്ങൾക്കും നടുവിൽ ചുറുചുറുക്കോടെ തൻ്റെ സപര്യ തുടരുന്നു,അദ്ദേഹം.മലയാള മനോരമയുടെ രണ്ടാമത്തെ മുഖ്യ പത്രാധിപരായ കെ.സി മാമ്മൻ മാപ്പിളയുടെ കാലത്ത്, 1953ൽ സബ് എഡിറ്ററായി പത്രത്തിൽ നിയമിക്കപ്പെട്ട മാമ്മൻ്റെ മാദ്ധ്യമജീവിതം ഒരു സത്യവിശ്വാസിയുടെ തീർത്ഥാടനമാണ്.
1950ൽ ചർച്ച് വീക്കിലിയിൽ സഹായിയും,പിന്നെ സബ് എഡിറ്ററുമായി തുടങ്ങിയ മാമ്മൻ്റെ മാദ്ധ്യമജീവിതത്തിന് ഇപ്പോൾ 75 വയസ്സ്.അതിൽ 37 വർഷവും മലയാള മനോരമയുടെ കോട്ടയത്തെ പത്രാധിപസമിതിയിൽ. പത്രപ്രവർത്തനത്തിൽ പ്രൊഫഷണൽ യോഗ്യത നേടിയ മനോരമയിലെ ആദ്യത്തെയാൾ. നാലു തലമുറ പത്രാധിപന്മാർക്കൊപ്പം പ്രവർത്തിച്ച്,1990ൽ പിരിയുമ്പോൾ അദ്ദേഹം അസിസ്റ്റൻ്റ് എഡിറ്ററായിരുന്നു.
നൂറിലധികം പുസ്തകങ്ങളിലൂടെ മലങ്കര ഓർത്തഡോക്സ് സഭയുടെ ചരിത്രകാരനായി സ്വയം അടയാളപ്പെടുത്തിയ അദ്ദേഹത്തിൻ്റെ ഏറ്റവും ഒടുവിലത്തെ രചന പ്രസിദ്ധീകരിക്കപ്പെട്ടത് 2023 ഒക്ടോബറിൽ.‘മലങ്കരസഭ എന്ന മഹാബോധിവൃക്ഷത്തണലിൽ’, എന്ന് തൻ്റെ ആത്മകഥയ്ക്ക് അദ്ദേഹം നൽകിയ പേരിൽ എല്ലാം അടങ്ങിയിരിക്കുന്നു. “ദേവലോകത്തിൻ്റെ മനോരമ അംബാസഡർ;മനോരമയുടെ ദേവലോകം അംബാസഡർ’ എന്നാണ് ഈ പുസ്തകത്തിന്റെ അവതാരികയിൽ ഡോ. ജേക്കബ് കുര്യൻ അദ്ദേഹത്തിൻ്റെ മനോരമക്കാലത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.
ആദ്ധ്യാത്മികാന്തരീഷം നിറഞ്ഞുനിന്ന ഒരു സാധാരണ കർഷകടുംബത്തിൽ ആറ് മക്കളിൽ നാലാമനായി പിറന്ന മാമ്മൻ,സൺഡേ സ്കൂളിൽ മുടങ്ങാതെ പോയി വേദവചനങ്ങളും ബൈബിൾ കഥകളും ഹൃദിസ്ഥമാക്കി.സ്കൂളിലെ പദ്യങ്ങൾ കാണാതെ പഠിക്കുകയും അക്ഷരശ്ളോകമത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്തു.ഗവ.ഹൈസ്കൂളിൽ ഏഴാം ക്ളാസ് പൂർത്തിയാൽ 12 രൂപ ഫീസടച്ച് പബ്ളിക് പരീക്ഷ എഴുതണം. അതിന് 13 വയസ് പൂർത്തിയായെന്ന് ഒരു സർക്കാർ ഡോക്ടർ സർട്ടിഫിക്കറ്റ് നൽകുകയും വേണം.അതിനായി,പിതാവുമൊത്ത് വീടിനടുത്തുള്ള സർക്കാർ ആശുപത്രിയിലെ ഡോക്ടർ അറുമുഖൻ പിള്ളയെ കണ്ടു.സർട്ടിഫിക്കറ്റ് നൽകാൻ ആറു രൂപ ഫീസ് അയാൾ ആവശ്യപ്പെട്ടു. “പരീക്ഷയ്ക്കിരിക്കാൻ എല്ലാം കൂടി 24 രൂപ ചെലവാകും.അത് വലിയൊരു സംഖ്യയായിരുന്നു. അതിനാൽ ഏഴാം ക്ളാസിൽ വീണ്ടും പഠിച്ചു”.അടുത്ത തവണ സർട്ടിഫിക്കറ്റിനായി സമീപിച്ചപ്പോഴും ആറു രൂപ തന്നേ തീരൂ എന്ന് ഡോക്ടർ ശഠിച്ചതിനാൽ പിതാവിൻ്റെ ജന്മദേശമായ തുമ്പമണ്ണിലെത്തി. അവിടുത്തെ സർക്കാർ ഡോക്ടർ സന്തോഷത്തോടെ ആ സർട്ടിഫിക്കേറ്റ് നൽകി.
കൈക്കൂലിക്കാർക്കും മദ്യപന്മാർക്കുമെതിരെ അന്ന് രൂപപ്പെട്ട രോഷം ഈ പ്രായത്തിലും അടങ്ങിയിട്ടില്ല .
സമൂഹത്തിലെയും സഭയ്ക്കുള്ളിലെയും ധാർമ്മികാപഭ്രംശങ്ങൾക്കും പുഴുക്കുത്തുകൾക്കുമെതിരെയുള്ള നിരന്തര സമരം കൂടിയാണ് അദ്ദേഹത്തിൻ്റെ ജീവിതം. പൊതുവേ സൗമ്യനായ മാമ്മൻ ഇത്തരക്കാരെ വിമർശിക്കാൻ കടുത്ത പദങ്ങളാണ് ആത്മകഥയിൽ പോലും ഉപയോഗിച്ചിരിക്കുന്നത്.
ഏഴാം തരം പാസ്സായിക്കഴിഞ്ഞുള്ള തുടർ വിദ്യാഭ്യാസം കാതോലിക്കേറ്റ് ഇംഗ്ളീഷ് ഹൈസ്കൂളിലായിരുന്നു. പത്തനംതിട്ട ജില്ലയുടെ രൂപവത് കരണത്തിന് കാരണക്കാരനായ മുൻ എം.എൽ.എ കെ.കെ നായർ അവിടെ മാമ്മന്റെ സഹപാഠിയായിരുന്നു.ജസ്റ്റിസ് എം.ഫാത്തിമ ബീവി സീനിയറായി പഠിച്ചിരുന്നു. ഈ വിദ്യാലയം 1952ൽ കാതോലിക്കേറ്റ് കോളജായി വളർന്നു. തിരുവനന്തപുരം തൈക്കാട്ടുള്ള യൂണിവേഴ്സിറ്റി ഇൻ്റർമീഡിയറ്റ് കോളെജിൽ നിന്നാണ് മാമ്മൻ ഇൻ്റർമീഡിയറ്റ് പാസ്സായത് .ആ സമയത്ത് പിതാവ് അപ്രതീക്ഷിതമായി മരിച്ചതോടെ നാട്ടിലേക്ക് മടങ്ങി.ജോലിക്ക് ശ്രമിച്ചെങ്കിലും ഒന്നും ശരിയായില്ല.1950ൽ കോട്ടയത്തെത്തിയ മാമ്മൻ പിന്നെ ആ നഗരത്തെ തൻ്റെ കർമ്മഭൂമിയാക്കി.
ജീവിതം മറ്റൊരു വഴിയിലൂടെ പോകാൻ തുടങ്ങി.അതിനു കാരണം പള്ളിയായിരുന്നു. പഠിക്കുമ്പോൾ തന്നെ സ്വന്തം ഇടവകപ്പള്ളിയിലെ സെൻ്റ് സ്റ്റീഫൻസ് സൺഡേ സ്കൂളിൽ അദ്ധ്യാപകനായ അദ്ദേഹം എം.ജി.ഒ.സി.എസ്.എം എന്ന വിദ്യാർത്ഥി പ്രസ്ഥാനത്തിൻ്റെയും സജീവപ്രവർത്തകനായിരുന്നു .സി.എം സ്റ്റീഫനും പി.സി അലക്സാണ്ടറുമൊക്കെ ഈ പ്രസ്ഥാനത്തിലൂടെയായിരുന്നു പൊതു രംഗത്തെത്തിയത് .
മലങ്കര സഭയുടെ അനൗദ്യോഗിക പ്രസിദ്ധീകരണമായ ചർച്ച് വീക്കിലിയുടെ പത്രാധിപർ മലയാള മനോരമയുടെ മാനേജരും മുഖപ്രസംഗമെഴുത്തുകാരനുമായ നാലാത്ര എൻ.എം എബ്രഹാമായിരുന്നു. ഓഫീസിൽ സഹായിയായി അദ്ദേഹം മാമ്മനെ നിയമിച്ചു.ഫാ. സി.ഇ ജോർജ്ജായിരുന്നു മാനേജർ. വരിസംഖ്യ കുടിശ്ശിക പിരിക്കുക,പുതിയ വരിക്കാരെ ചേർക്കുക തുടങ്ങിയവായിരുന്നു ജോലികൾ. ഏതാനും മാസങ്ങൾക്കകം,ഫാ.ജോർജ്ജ് വെല്ലൂരിൽ വച്ച് മരിച്ചതിനെത്തുടർന്ന് മലയാള മനോരമയിൽ ജോലിചെയ്തിരുന്ന എം.കുര്യനെയും മാമ്മനെയും സബ് എഡിറ്റർമാരായി നിയമിച്ചു. ലേഖനങ്ങൾ വായിച്ച് തെറ്റു തിരുത്തി എഡിറ്റ് ചെയ്യുക,പ്രൂഫ് നോക്കുക,ക്രൈസ്തവ വാർത്തകൾ എഴുതുക തുടങ്ങിയവ മുതൽ ഓഫീസ് കാര്യങ്ങൾ വരെ ചെയ്തു.അതാ യിരുന്നു മാമ്മൻ്റെ പത്രപ്രവർത്തന കളരി.
മനോരമയിൽ ചേർന്നിട്ടും അര നൂറ്റാണ്ടോളം അദ്ദേഹം ചർച്ച് വീക്കിലിയുടെ പത്രാധിപ സമിതിയിൽ തുടർന്നു.അത് മറ്റൊരു ചരിത്രം.കോട്ടയം വൈ.എം.സി.എ കെട്ടിടത്തിലായിരുന്നു വീക്കിലിയുടെ ഓഫീസ്.മാമ്മൻ അവിടെ താമസമാക്കി. “എബ്രഹാം മലങ്കരസഭയിലെ ഇരുകക്ഷികളിൽപ്പെട്ടവർക്കും സുസമ്മതനായിരുന്നു.അദ്ദേഹം എന്നെ ഒരു പുത്രനെപ്പോലെ സ്നേഹിക്കുകയും കരുതുകയും എൻ്റെ ഉയർച്ചയിലേക്കുള്ള വഴി കാട്ടിത്തരികയും ചെയ്തു”.
1951ൽ മാമ്മൻ ബിരുദത്തിന് സി.എം.എസ് കോളജിൽ ചേർന്നു-ചരിത്രവും സാമ്പത്തികശാസ്ത്രവുമാ യിരുന്നു പഠിച്ചത്.പി.സി ജോസഫായിരുന്നു പ്രിൻസിപ്പൽ.പ്രൊഫ. സി.ഐ രാമൻ നായർ,അമ്പലപ്പുഴ രാമവർമ്മ തുടങ്ങിയ പ്രഗത്ഭർ അദ്ധ്യാപകരായുണ്ടായിരുന്നു.കോളജ് വാർഷികത്തോടനുബന്ധിച്ച് , ‘ഒന്നാം പഞ്ചവത്സരപദ്ധതിയുടെ നേട്ടങ്ങൾ’ എന്ന വിഷയത്തെപ്പറ്റി നടത്തിയ പ്രസംഗമത്സരത്തിൽ മാമ്മനായിരുന്നു ഒന്നാം സമ്മാനം കിട്ടിയത്.അതിൻ്റെ വാർത്ത മനോരമയിൽ വന്നു.
1953 മാർച്ച് 15. ബിരുദ പരീക്ഷാഫലം പുറത്തുവന്ന അന്നു തന്നെ കെ.വി മാമ്മൻ മലയാള മനോരമയിൽ സബ് എഡിറ്ററായി ചേർന്നു. ഇൻ്റർവ്യൂ സമയത്ത് പത്രാധിപർ കെ.എം ചെറിയാൻ ചോദിച്ചു, “താൻ പ്രസംഗിക്കുന്ന ആളാണോ?’’.അപ്പോൾ,പത്രത്തിൽ വാർത്തവന്ന കാര്യം എൻ.എം എബ്രഹാം അദ്ദേഹത്തെ അറിയിച്ചു.മനോരമ ബാലജനസഖ്യത്തിൻ്റെ ‘ശങ്കരച്ചേട്ടൻ’ ചുമതല കൂടി അദ്ദേഹം മാമ്മനെ ഏൽപ്പിച്ചിട്ട് പറഞ്ഞു, “കുറച്ചു കഴിഞ്ഞ് വിട്ടുപോകരുത്. റിട്ടയർമെൻ്റ് വരെ മനോരമയിൽ തുടരണം”.
അന്ന് കോട്ടയത്തു നിന്ന് മാത്രമേ പത്രം ഇറങ്ങിയിരുന്നുള്ളൂ.28000 കോപ്പിയായിരുന്നു സർക്കുലേഷൻ.പ്രഭാതദിനപത്രമായിരുന്നുവെങ്കിലും മിക്ക ദിവസവും ഉച്ചയോടെയാണ് ഇറങ്ങിയിരുന്നത്. നഗരത്തിൽ മാത്രം വൈകുന്നേരത്തോടെ വിതരണം ചെയ്യും.മറ്റു സ്ഥലങ്ങളിലേക്ക് ബസിലും ട്രെയിനിലും അയക്കുന്ന പത്രം അടുത്ത ദിവസമായിരുന്നു ഏജൻ്റുമാർ വിതരണം ചെയ്തിരുന്നത്.ഞായറാഴ്ച പത്രം ഇറങ്ങിയിരുന്നില്ല.വർഷത്തിൽ എട്ട് അവധിയുമുണ്ടായിരുന്നു.
പരസ്യങ്ങൾ അന്നും പത്രത്തിൻ്റെ ജീവനാഡിയായിരുന്നു.പത്രാധിപരുടെ നോട്ടം പരസ്യങ്ങളിലായിരുന്നു. ആ കാശ് കിട്ടിയാലെ പത്രം ഇറക്കാൻ കഴിയൂ.
“കെ.പി കരുണാകര പിഷാരടിയുടെ മേൽനോട്ടത്തിലായിരുന്നു ഞാൻ മനോരമയിൽ പത്രപ്രവർത്തനത്തിൻ്റെ ബാലപാഠങ്ങൾ പഠിച്ചത്. പൂർണ്ണ ഗാന്ധിയനായിരുന്നു അദ്ദേഹം”.മുഖ്യ പത്രാധിപർ മാമ്മൻ മാപ്പിളള വല്ലപ്പോഴുമേ ഓഫീസിൽ വന്നിരുന്നുള്ളൂ.അദ്ദേഹത്തിൻ്റെ ആരോഗ്യം ക്ഷയിച്ച കാലമായിരുന്നു അത്.ചില യോഗങ്ങളിൽ അദ്ദേഹത്തിൻ്റെ പ്രസംഗങ്ങൾ സീനിയർ എഡിറായ പി.ഒ എബ്രഹാം വായിക്കുകയായിരുന്നു പതിവ്. സമുദായക്കേസിൽ ഓർത്തഡോക്സ് സഭയുടെ മുഖ്യ അഭിഭാഷകനായിരുന്ന മാത്യു തെള്ളിയിൽ വൈക്കത്ത് നിർമ്മിച്ച് സഭയ്ക്ക് നൽകിയ പള്ളിയുടെ വെഞ്ചരിപ്പ് ചടങ്ങിൽ1954 ജനുവരി ഒന്നിന് മുഖ്യപ്രഭാഷകൻ മാമ്മൻ മാപ്പിളയായിരുന്നു.പോകാൻ കഴിയാഞ്ഞതിനാൽ, അദ്ദേഹത്തിനായി എൻ.എം എബ്രഹാം തയ്യാറാക്കിയ പ്രസംഗം വായിക്കാനുള്ള ചുമതല തലേദിവസം മാമ്മനെ ഏൽപ്പിച്ചു.രാത്രി മൂന്നാലു പ്രാവശ്യം അത് വായിച്ചുനോക്കി,തെറ്റുവരാതിരിക്കണേ എന്ന് പ്രാർത്ഥിച്ച് കിടന്ന മാമ്മൻ ഉറക്കമുണർന്നത് ഹൃദ്രോഗം മൂലം മാമ്മൻ മാപ്പിള അന്തരിച്ചെന്ന വാർത്ത കേട്ടായിയിരുന്നു.“അത് എന്നെ വല്ലാതെ ഉലച്ചു”.
സഭാത്തർക്കത്തിൽ ഓർത്തഡോക്സ് പക്ഷത്തിനെതിരായി 1951ൽ തിരുക്കൊച്ചി ഹൈക്കോടതി വിധിയുണ്ടായപ്പോൾ, അതിനെതിരെ ശക്തവും അതിദീർഘവുമായ മുഖപ്രസംഗമെഴുതി സഭാംഗങ്ങൾക്ക് ധൈര്യവും പ്രത്യാശയും പകർന്നു നൽകിയത് മാമ്മൻ മാപ്പിളയായിരുന്നു.സഭയുടെ ആസ്ഥാനമായ പഴയ സെമിനാരി നഷ്ടപ്പെട്ടേക്കുമെന്ന ആശങ്കയെത്തുടർന്ന്,അദ്ദേഹം മുൻ കൈയെടുത്ത്, ഏതാനും ദിവസങ്ങൾകൊണ്ട് ഒന്നരലക്ഷം രൂപ സംഭരിച്ച് വാങ്ങിയ ഏഴേക്കർ സ്ഥലത്താണ് ദേവലോകം അരമന നിർമ്മിച്ചത്.
അദ്ദേഹത്തിൻ്റെ ധർമ്മനിഷ്ഠയെക്കുറിച്ചുള്ള രസകരമായ ഒരു കഥ മാമ്മൻ പറഞ്ഞു. അവസാന കാലത്ത് മലബന്ധത്താൽ കഷ്ടപ്പെട്ട അദ്ദേഹത്തോട് ഡോക്ടർ ഉപദേശിച്ചു, “രാത്രി ഭക്ഷണം കഴിഞ്ഞ് കിടക്കും മുൻപ് ഒന്നോ രണ്ടോ പെഗ്ഗ് വിസ്കിയോ ബ്രാണ്ടിയോ കഴിച്ചാൽ ശരിയാകും”.ഉടൻ തന്നെ മാമ്മൻ മാപ്പിള പറഞ്ഞു, “എനിക്ക് ഏഴ് ആൺ മക്കളാണുള്ളത്. ഞാൻ ബ്രാണ്ടി വാങ്ങി വീട്ടിൽ വച്ച് കുടി തുടങ്ങിയാൽ അവർ ഭാവിയിൽ മുഴുക്കുടിയന്മാരാകും.അതു വേണ്ട.ഞാൻ മരിച്ചോട്ടെ”.
താൻ പത്രത്തിൽ ചേരുന്ന കാലത്ത് മനോരമ പൊതുവിൽ മലങ്കര ഓർത്ത ഡോക്സ് സഭയുടെ പത്രമായിട്ടാണ് കരുതിപ്പോന്നിരുന്നത്.1960കളിൽ ഇതിനു മാറ്റം വന്നുതുടങ്ങി. ‘കമ്മ്യൂണിസ്റ്റുകാർ അധികാരത്തിൽ വന്നാൽ താൻ ആത്മഹത്യ ചെയ്യും’ എന്ന് പറഞ്ഞയാളായിരുന്നു, മാമ്മൻ മാപ്പിള.പക്ഷേ,നവജീവനിൽ പ്രവർത്തിച്ച ടി.കെ.ജി നായരും വി.കെ.ബി നായരുമൊക്കെ മലയാള മനോരമയിലെത്തിയെന്ന് മാമ്മൻ ചൂണ്ടിക്കാട്ടി. “പത്രത്തിന്റെ നിലപാടിൽ കാലാനുസൃതമായ മാറ്റങ്ങൾ വന്നു. തങ്ങളെപ്പറ്റി എന്തു പറയുന്നു എന്നറിയാൻ കമ്മ്യൂണിസ്റ്റുകാർ മനോരമ വായിക്കും”.
മാമ്മൻ മാപ്പിളയുടെ മരണത്തെ തുടർന്ന് കെ.എം ചെറിയാൻ ചീഫ് എഡിറ്ററായി .അക്കാലത്ത്, മുംബൈയിൽ കുടുംബവ്യവസായങ്ങൾ നോക്കി നടത്തുകയായിരുന്നു,കെ.എം മാത്യു.പത്രത്തിൻ്റെ സാമ്പത്തിക കാര്യങ്ങൾ ഉൾപ്പെടെ എല്ലാംകൂടി നടത്തിക്കൊണ്ടു പോകാൻ ചെറിയാന് കഴിയുമായി രുന്നില്ല. അങ്ങനെ,1954ൽ കെ.എം മാത്യു മാനേജിങ്ങ് എഡിറ്ററായി ചുമതലയേറ്റു.പത്രം വളർച്ചയുടെ പടവുകൾ ഒന്നൊന്നായി കയറി,ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള ഭാഷാപത്രമായി വളർന്ന പുതിയ കാലഘട്ടമാണത്. “ ഫിലോസഫി പഠിച്ച കെ.എം ചെറിയാൻ തീരുമാനങ്ങളെടുക്കുന്നത് വളരെപ്പ തിയെയാരുന്നു.എന്നാൽ എല്ലാകാര്യങ്ങളും എല്ലാവരോടും ചർച്ച ചെയ്ത് പെട്ടെന്ന് തീരുമാനങ്ങ ളെടുത്തിരുന്നു കെ.എം മാത്യു”.
തുടക്കത്തിൽ പ്രാദേശിക വാർത്തകൾ എഡിറ്റ് ചെയ്യുന്ന ജോലിയായിരുന്നു,മാമ്മനെ ഏൽപ്പിച്ചിരുന്നത്. അന്ന് എല്ലാ ജില്ലകളിലും റിപ്പോർട്ടർമാരോ പ്രാദേശിക ലേഖകരോ ഉണ്ടായിരുന്നില്ല.ഡൽഹിയിൽ വി. എം മരങ്ങോലിയും പിന്നീട് ടി.വി.ആർ ഷേണായിയും തിരുവനന്തപുരത്ത് കെ. ആർ ചുമ്മാറുമുണ്ടായി രുന്നു. പ്രാദേശിക വാർത്തകൾ ഏജൻ്റുമാർ തന്നെയായിരുന്നു അയച്ചിരുന്നത്. അക്ഷരത്തെറ്റുകളും ഭാഷാപരമായ പിഴവുകളുമുള്ള അവ മുഴുവൻ മാറ്റിയെഴുതും.ആദ്യമൊക്കെ എല്ലാം കൂടി ഒരു പേജിലായിരുന്നു കൊടുത്തിരുന്നത്.അതിന് വായനക്കാർ കൂടിയതോടെ കൂടുതൽ സ്ഥലം നൽകി.ചരമവാർത്തകൾക്കും പ്രാധാന്യം നൽകി. “പ്രധാനപ്പെട്ട വ്യക്തികളുടെ മരണവാർത്തകൾ മാത്രമായിരുന്നു അക്കാലത്ത് മറ്റു പത്രങ്ങൾ നൽകിയിരുന്ന്ത്.അതിനു മാറ്റംവരുത്തിയത് മനോരമയാണ്”.
ചരമവാർത്തയിൽ പരേതരുടെ ഉറ്റവരുടെ പേരുകൾ ഉൾപ്പെടുത്തിയതോടെ അതിന് വായനക്കാർ കൂടി. മറ്റു പത്രങ്ങളും അതുപോലെ ചരമവാർത്തകൾ കൊടുത്തുതുടങ്ങി.
വായനക്കാർ ഏറെയുണ്ടായിരുന്നെങ്കിലും, പത്രത്തിൽ നക്ഷത്രഫലം കൊടുക്കുന്നതിനു മാമ്മൻ എതിരായിരുന്നു. “ഉന്നത മേധാശക്തിയുള്ള ബ്രാഹ്മണർ നടത്തുന്ന ദ ഹിന്ദു, ‘ദിസ് വീക്ക് ഫോർ യു’ പംക്തി അക്കാലത്ത് നിർത്തിയത് കെ.എം മാത്യുവിൻ്റെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ പകുതി തമാശയായി അദ്ദേഹം പറഞ്ഞു-അന്ധവിശ്വാസികൾ വളരുന്നതും അത്തരം വിശ്വാസങ്ങൾ വളർത്തുന്നതും ഒരുതരത്തിൽ പറഞ്ഞാൽ, പത്രത്തിൻ്റെ സർക്കുലേഷൻ വർദ്ധിപ്പിക്കും”.
ബാലജന സഖ്യത്തിൻ്റെ ശങ്കരച്ചേട്ടനായി ആറേഴു വർഷം തെക്കൻ കേരളത്തിലെ ഒട്ടേറെ പ്രദേശങ്ങളിൽ സഞ്ചരിച്ചത് മാമ്മന് അവിസ്മരണീയമായ അനുഭവമാണ് .” അന്ന് ബസിലായിരുന്നു യാത്രകൾ മുഴുവൻ. അതിൻ്റെ മിനിമം ചെലവ് മാത്രമായിരുന്നു ഓഫീസിൽ നിന്ന് ഞാൻ വാങ്ങിയിരുന്നത്”. ബാലജന സഖ്യം എല്ലാ വിഭാഗം കുട്ടികളുടെയും പൊതുവേദിയായിരുന്നു.കുട്ടികൾക്ക് മറ്റ് പ്രസംഗവേദികൾ ഉണ്ടായിരുന്നില്ല.അന്ന് ബാലജനസഖ്യം വേദികളിലൂടെ, അതിൻ്റെ ഭാരവാഹികളായി,പൊതുജീവിതത്തിൽ ഉയർന്നുവന്നവർ ധാരാളമുണ്ട്.അതിൽ ഒന്നാമൻ ഉമ്മൻ ചാണ്ടിയായിരുന്നു. ‘എന്നെ പഠിപ്പിക്കാത്ത ഗുരുനാഥൻ’ എന്നായിരുന്നു നിലയ്ക്കൽ പള്ളിയിൽ മാമ്മൻ്റെ ശതാഭിഷേകച്ചടങ്ങിൽ അദ്ദേഹത്തെ പൊന്നാട അണിയിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞത്.ജോസഫ് എം. പുതുശ്ശേരി, തോമസ് കുതിരവട്ടം,പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവായിരുന്ന ടി.കെ.എ നായർ, മുൻ ഹൈക്കോടതി ജസ്റ്റിസ് മാത്യൂസ് പി മാത്യൂസ് തുടങ്ങിയവരും അക്കാലത്ത് ബാലജനസഖ്യം ഭാരവാഹികളായിരുന്നു.
1959ൽ മാമ്മൻ ഉൾപ്പെടെ നാലു പേരെ പത്രാധിപസമിതിയിൽ നിന്ന് പുസ്തകപ്രസിദ്ധീകരണ വിഭാഗത്തിലേക്ക് മാറ്റി. ആയിടെ നിയമിക്കപ്പെട്ട ശമ്പള കമ്മീഷൻ,പത്രത്തിൻ്റെ പ്രചാരത്തിനും വരുമാനത്തിനും അനുസൃതമായി ശമ്പളം കൂട്ടാൻ ശുപാർശചെയ്യുമെന്ന് മാനേജ്മെൻ്റിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്നായിരുന്നു ഈ നടപടിയെന്ന് അറിഞ്ഞു. “മോശമായ ഈ നീക്കം എനിക്ക് അസംതൃപ്തിയും ദു:ഖവുമുണ്ടാക്കി”.മിസിസ് കെ.എം മാത്യുവിൻ്റെ പാചക പുസ്തകങ്ങളും ഗുരുനാഥനായ പ്രൊഫ.അമ്പലപ്പുഴ രാമവർമ്മയുടെ പ്രബന്ധസമാഹാരവും മറ്റും പ്രസിദ്ധീകരിക്കാൻ കഴിഞ്ഞതിൽ സംതൃപ്തിയുണ്ടായെങ്കിലും,മാമ്മൻ ഒരു വർഷത്തെ അവധിയിൽ പ്രവേശിച്ചു.നാഗ്പ്പൂരിലെ പ്രസിദ്ധമായ ഹിസ്ലോപ് കോളജിൽ ജേണലിസം ഡിപ്ളോമയ്ക്ക് ചേർന്നു.
ഇക്കാലത്തായിരുന്നു വിവാഹം.വധു ലീലാമ്മ പുന്നൂസ്. വെല്ലൂരിൽ നിന്ന് ബി.എസ്.സി (നഴ്സിങ്ങ്) പാസായ ശേഷം അവിടെ പബ്ളിക് ഹെൽത്ത് നെഴ്സായി ഗ്രാമസേവനം ചെയ്യുകയായിരുന്നു അവർ. “ നാഗ്പ്പൂർ സർവകലാശാലയിൽ നിന്ന് എനിക്കൊരു സ്കോളർഷിപ്പ് കിട്ടിയിരുന്നെങ്കിലും അത് തികയുമായിരുന്നില്ല.ഭാര്യ മാസം തോറും ഒരു തുക അയച്ചുതന്നു”.ഡോ.കെ.ഇ ഈപ്പനും വിക്ടർ കോയിൽ പിള്ളയുമായിരുന്നു മുഖ്യ അദ്ധ്യാപകർ. ഹിതവാദ,നാഗ്പ്പൂർ ടൈംസ് പത്രങ്ങളിലെ പത്രാധിപന്മാരും ക്ളാസ്സെടുത്തിരുന്നു. “ക്ളാസിൻ്റെ മേശപ്പുറത്ത് ‘Accuracy’ എന്ന ആപ്തവാക്യം മുദ്രണം ചെയ്ത് വച്ചിരുന്നു.പത്രത്തിൻ്റെ വില വാർത്തകളുടെ കൃത്യതയെ അടിസ്ഥാനപ്പെടുത്തിയാണ് നിർണ്ണയിക്കപ്പെടുന്നതെന്ന് മനസ്സിലായി”.
1960ൽ ഒന്നാം ക്ളാസിൽ ജേണലിസം ഡിപ്ളോമ പാസായി.വെല്ലൂരിൽ നിന്ന് ഭാര്യയെയും കൂട്ടി മാമ്മൻ കോട്ടയത്ത് തിരിച്ചെത്തി,ജോലിയിൽ വീണ്ടും പ്രവേശിച്ചു.അങ്ങനെ, ജേണലിസം ഡിപ്ളോമയുള്ള മനോരമയിലെ ആദ്യ പത്രക്കാരനായി, അദ്ദേഹം.അപ്പോഴേക്കും ശമ്പളവർദ്ധന നടപ്പിലാക്കിയിരുന്നു. “പിന്നീട് കെ.എം മാത്യു താല്പര്യമെടുത്ത് മനോരമയിൽ നിന്ന് തോമസ് ജേക്കബ് അടക്കമുള്ള ചെറുപ്പക്കാരെ തോംസൺ ഫൌണ്ടേഷൻ ഉൾപ്പെടെയുള്ള വിദേശ മാദ്ധ്യമപരിശീലന സ്ഥാപനങ്ങളിൽ അയച്ചു”.
ആധുനിക സാങ്കേതിക വിദ്യകളും പുതിയ എഡിഷനുകളും പരിശീലനം ലഭിച്ച പത്രപ്രവർത്തകരുമായി ,എല്ലാവരുടെയും കഠിനാദ്ധ്വാനത്തിലൂടെയാണ് ചെറിയ കാലയളവിനുള്ളിൽ പത്രം വൻ നേട്ടങ്ങൾ കൊയ്തെടുത്തതെന്ന് മാമ്മൻ പറഞ്ഞു .
മനോരമ ഒരു കുടുംബം പോലെയായിരുന്നു.മാങ്ങാനത്ത് വീടുവയ്ക്കാനായി പത്ത് സെൻ്റ് സ്ഥലം വാങ്ങാൻ 2000 രൂപ വായ്പ നൽകി സഹായിച്ചത് കെ.എം മാത്യുവായിരുന്നു. “ബോണസ് കിട്ടു മ്പോൾ തിരിച്ചു നൽകാമെന്ന് ഞാൻ പറഞ്ഞു.ജീവനക്കാരുടെ പ്രശ്നങ്ങളോട് അനുഭാവപൂർവ്വം പ്രതികരിക്കുന്ന സ്വഭാവക്കാരനായ മാത്തുക്കുട്ടിച്ചായൻ ഒരു ചെറു പുഞ്ചിരിയോടെ കാശ് തന്നിട്ട് പറഞ്ഞു;മറ്റാരോടും പറയരുത്”.
മുപ്പത്തിയേഴ് വർഷവും മാമ്മൻ ഡെസ്കിൽ മാത്രമാണ് പ്രവർത്തിച്ചത്.സഭാ സ്പെഷ്യലിസ്റ്റായി അറിയപ്പെട്ടു, അദ്ദേഹം. മലങ്കര കാതോലിക്കാസഭയുടെ പ്രധാനപ്പെട്ട എല്ലാ ചടങ്ങുകളുടെയും റിപ്പോർട്ടുകൾ അദ്ദേഹമാണ് എഴുതിയിരുന്നത്. 1964ൽ ബസേലിയോസ് ഔഗേൻ്റെയും 1966ൽ ദിനിമോസ് പ്രഥമൻ ബാവയുടെയും കാതോലിക്കാവാഴ്ച, പുരോഹിത പ്രമുഖരുടെ ചരമങ്ങൾ തുടങ്ങിയവയെക്കുറിച്ചെഴുതിയ റിപ്പോർട്ടുകൾ മാമ്മൻ ഓർക്കുന്നു.മറ്റ് ഒട്ടേറെ റിപ്പോർട്ടുകളും അദ്ദേഹമെഴുതിയിട്ടുണ്ട്.
ആദ്യകാലത്തെ രസകരമായ ഒരു റിപ്പോർട്ടിങ്ങ് അനുഭവമുണ്ട്. കുമരനല്ലൂർ ക്ഷേത്രത്തിൽ നടന്ന നായർ മഹാസമ്മേളനത്തിൽ മന്നത്ത് പത്മനാഭനായിരുന്നു മുഖ്യ പ്രസംഗകൻ .അത് റിപ്പോട്ട് ചെയ്യാൻ അയച്ചത് മാമ്മനെ. കത്തിക്കയറിയ പ്രസംഗത്തിൽ മന്നം ഇങ്ങനെ ആഹ്വാനം ചെയ്തു, " നായർ അയൽവക്ക ത്തെ അച്ചിക്ക് വിറകുകീറുകയും വെള്ളം കോരുകയും ചെയ്യുന്ന കാലത്തോളം ഗുണം പിടിക്കുക യില്ല.നിങ്ങൾ മാപ്പിളമാരെ കണ്ടുപഠിക്കണം” .ഓഫീസിലെത്തി ഇക്കാര്യം പറഞ്ഞപ്പോൾ അത് കൊ ടുക്കാനെ കഴിയില്ല എന്ന് നിർദ്ദേശം കിട്ടി.അതിനാൽ,യോഗത്തിൽ പ്രസംഗിച്ചവരുടെ പേരു മാത്രം കൊടുത്തു.
ചമ്പക്കുളം വള്ളംകളി റിപ്പോർട്ട് ചെയ്യാൻ മനോരമയുടെ ബോട്ടിൽ, ഫോട്ടോഗ്രാഫർ എം.കെ ജോണിനും പി.ആർ.ഒ ജോർജ്ജ് മാത്യുവിനുമൊപ്പം പോയതാണ് മറ്റൊരു അനുഭവം. അന്ന് നെൽകൃഷിയും തെങ്ങുചെത്തും സജീവമായ കാലം. ഇളം കള്ളൊഴിച്ചായിരുന്നു വെള്ളേപ്പം ഉണ്ടാക്കിയിരുന്നത്.തിരിച്ചുവരുമ്പോൾ,കള്ളുകുടവുമായി വന്ന ഒരു വള്ളത്തിൽ നിന്ന് രണ്ടുകുപ്പി മധുരക്കള്ള് വാങ്ങി.കാശുവാങ്ങിക്കഴിഞ്ഞ്, വള്ളക്കാരൻ രണ്ടുകുപ്പി വെള്ളം കുടത്തിലേക്ക് ഒഴിക്കുന്നത് കണ്ട് അന്വേഷിച്ചു.അയാൾ പറഞ്ഞു, “ഷാപ്പിൽ കള്ളിൻ്റെ കണക്ക് കൊടുക്കുമ്പോൾ കുറയരുത്”.
വള്ളം കളി ചിലർക്കെല്ലാം ‘വെള്ളംകളി’യാണെന്നും കണ്ടറിഞ്ഞു.നെഹ്റു ട്രോഫി,ആറന്മുള വള്ളംകളികളും മാമ്മൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് നിർമ്മാണത്തിന് മുന്നോടിയായി ഉണ്ടായ ഒരു തർക്കം പഠിക്കാൻ ഡി.സി.സി പ്രസിഡൻ്റുമാരുടെയും കുട്ടനാട് എം.എൽ.യുടെയും നേതൃത്വത്തിൽ നടത്തിയ ബോട്ടുയാത്ര റിപ്പോർട്ട് ചെയ്തതും മാമ്മനായിരുന്നു.പ്രമുഖ നെൽക്കൃഷിക്കാരനായിരുന്ന പൂപ്പള്ളിൽ കുട്ടിയച്ചൻ്റെ പാടശേഖരത്തിനു നടുവിലൂടെയാണു റോഡ് നിർമ്മിക്കേണ്ടിവന്നത്. ഇതേ ക്കുറിച്ചായിരുന്നു തർക്കം. “ബോട്ട് യാത്ര കഴിഞ്ഞപ്പോഴേക്കും വൈകീട്ട് അഞ്ചുമണിയായി.കോട്ടയത്ത് മടങ്ങിച്ചെന്ന് അന്നു തന്നെ റിപ്പോട്ടെഴുതാൻ കഴിയാത്തതിനാൽ കുട്ടിയച്ചൻ്റെ വീട്ടിൽ തങ്ങി.അവിടെ വച്ച് റിപ്പോർട്ട് എഴുതി.രാവിലെ സർവ്വീസ് ബോട്ടിൽ മടങ്ങി.ബോട്ട് നീങ്ങിത്തുടങ്ങിയപ്പോൾ, കുട്ടിയച്ചൻ്റെ മകൻ ബേബി പെട്ടെന്ന് എൻ്റെ പോക്കറ്റിൽ 15 രൂപ ഇട്ടുതന്നു.തിരിച്ചുകൊടുക്കാൻ ഒരു വഴിയുമില്ല. 'ഓഫീസിലെത്തിയപ്പോൾ ‘കൈക്കൂലിക്കാര്യം എൻ. എം എബ്രഹാമിനോട് പറഞ്ഞു. അത് വാങ്ങി വരവുവയ്ക്കാൻ മനോരമയിൽ പ്രത്യേക അക്കൗണ്ട് ഹെഡില്ലന്ന് അദ്ദേഹം പറഞ്ഞു. അതിനാൽ. ‘മാമ്മച്ചൻ അത് എടുത്തോ’ എന്ന് നിർദ്ദേശിച്ചു.അങ്ങനെ, ജീവിതത്തിൽ ആദ്യമായി എനിക്ക് കൈക്കൂലി കിട്ടി;അവസാനമായും”.
കേന്ദ്ര സർക്കാരിൻ്റെ ക്ഷണമനുസരിച്ച് 1965 മാർച്ചിൽ മനോരമയുടെ എറണാകുളം പ്രതിനിധി എം.സി കുരുവിളയ്ക്കൊപ്പം ഒരാഴ്ച ശ്രീനഗറിലെ ദാ ൽ തടാകത്തിലെ ഒരു ഹൗസ്ബോട്ടിൽ താമസിച്ചതും ഓർമ്മയിൽ തിളങ്ങിനിൽക്കുന്നുണ്ട്. മറ്റു പ്രമുഖ പത്രങ്ങളിൽ നിന്നുള്ളവരും ഉണ്ടായിരുന്നു.അന്നത്തെ യുവരാജാവ് ഡോ. കരൺസിങ്ങ് ഒബ്റോയ് പാലസ് ഹോട്ടലിൽ എല്ലാവർക്കും സൽക്കാരം നൽകി.വിലകൂടിയ മദ്യവും വിളമ്പി.“ ‘മദ്യം കഴിക്കില്ല,ക്ഷമിക്കണം’ എന്ന് പറഞ്ഞപ്പോൾ എനിക്ക് ഓറഞ്ച് സ്ക്വാഷ് കിട്ടി”.തിരികെ എത്തി,ആ സന്ദർശനത്തെപ്പറ്റി ഒരു പുസ്തകമെഴുതി-കാഷ്മീർ താഴ്വരയിൽ.
ഏറെക്കാലം പത്രത്തിലെ തെറ്റുകൾ കണ്ടെത്തി പരിഹരിക്കുന്ന ചുമതല മാമ്മനായിരുന്നു. "മാത്തുക്കുട്ടിച്ചായനായിരുന്നു അത് എന്നെ ഏൽപ്പിച്ചത്.ഇപ്പോഴും പത്രം വന്നാൽ എൻ്റെ കണ്ണ് തെറ്റുകളിലായിരിക്കും. ഭാഷാപരമായ തെറ്റുകൾ ധാരാളമുണ്ട്.”.മുഖപ്രസംഗങ്ങൾ പ്രസിദ്ധീകരിക്കുന്നതിനു മുൻപ് പരിശോധിക്കുന്ന ചുമതലയും അദ്ദേഹത്തിനായിരുന്നു.
മാമ്മൻ മാപ്പിളയുടെ കാലം മുതൽക്കുണ്ടായിരുന്ന ചില ചിട്ടകൾ ഇപ്പോൾ പാലിക്കപ്പെടുന്നില്ലെന്ന് മാമ്മൻ പറഞ്ഞു.പണ്ട് അക്രമത്തിൻ്റെ വാർത്തകൾ ഒന്നാം പേജിൽ കൊടുത്തിരുന്നില്ല. “പൊലീസുകാർ സ്ത്രീയെ ബലാൽസംഗം ചെയ്തു എന്ന വാർത്ത നൽകിയ പി.സി കോരുതിനെ മാമ്മൻ മാപ്പിള വിളിച്ചുവരുത്തി ശാസിച്ചു.ഇത് മാന്യന്മാർ വായിക്കുന്ന പത്രമല്ലേ.മാനഭംഗം ചെയ്തു എന്നല്ലേ കൊടുക്കേണ്ടിയിരുന്നത്?ഇന്ന് പത്രങ്ങൾ നിറയെ ബലാൽസംഗവാർത്തകളാണ്”.
മദ്യവിപത്തിനെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച മാമ്മൻ ,തൻ്റെ ആത്മകഥയിൽ ‘മദ്യകേരളത്തിൽ ശുദ്ധജലം കൊണ്ടു ജീവിച്ചയാൾ’ എന്നാണ് സ്വയം വിശേഷിപ്പിച്ചിരിക്കുന്നത്.ആത്മകഥക്കൊപ്പം ചേർത്തിട്ടുള്ള ലേഖനത്തിൽ കെ.വി മാമ്മനെ ‘ദൈവവചനത്തെ ജീവിതനിലപാടുകളാക്കിയ ഒരു പിതാവ് ‘ എന്ന് വിശേഷിപ്പിച്ച്,ഡോ.യുഹാനോൻ മാർ ദിയസ്കോറസ് മെത്രാപ്പോലീത്ത ഇങ്ങനെ എഴുതുന്നു,“ജീവിതനിയോഗങ്ങളെ തിരിച്ചറിഞ്ഞ് അതിനുവേണ്ടി അദ്ദേഹം ഒരു ആയുസ്സുമുഴുവൻ മാറ്റിവച്ചു”.
1990ൽ മാമ്മൻ മലയാള മനോരമയിൽ നിന്ന് അസിസ്റ്റൻ്റ് എഡിറ്ററായി വിരമിച്ചു.അതിനു ശേഷം സഭാചരിത്ര,ജീവചരിത്ര ഗ്രന്ഥങ്ങളുടെ രചനയ്ക്കും പ്രസാധനത്തിനുമായി ജീവിതം തന്നെ അർപ്പിച്ചു.സ്വന്തമായി സ്ഥാപിച്ച കോട്ടയ്ക്കൽ പബ്ളിഷേഴ്സാണ് അദ്ദേഹത്തിൻ്റെയും മറ്റുള്ളവരുടെയും പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നത്.
മനോരമയിൽ ജോലി ചെയ്യുമ്പോൾ തന്നെ അദ്ദേഹം ചരിത്ര പുസ്തകരചന ആരംഭിച്ചിരുന്നു.പാമ്പാടി തിരുമേനിയുടെ ജീവചരിത്രമായ 'താബോറിലെ താപസവര്യൻ' ആയിരുന്നു ഈ ഗണത്തിൽ പെട്ട അദ്ദേഹത്തിൻ്റെ ആദ്യ രചന.മലങ്കരസഭയുടെ സമുന്നത സാരഥികൾ,സമ്പൂർണ്ണ സഭാചരിത്രം എ.ഡി 52-2014 തുടങ്ങി നൂറിലധികം ഗ്രന്ഥങ്ങൾ അദ്ദേഹത്തിൻ്റേതായുണ്ട്.ഫാ.ഡോ.ജോസഫ് ചീരൻ,അഡ്വ. പി.സി മാത്യു പുലിക്കോട്ടിൽ,ജോയിസ് തോട്ടയ്ക്കാട് എന്നിവരുടെ സഹകരണവും പ്രസാധനത്തിനുണ്ട്. പ്രായത്തെ വകവയ്ക്കാതെ,അദ്ദേഹം തൻ്റെ ദൗത്യം പ്രതിബദ്ധതയോടെ തുടരുകയാണിപ്പോഴും.
മനോരമയിൽ നിന്ന് വിരമിച്ച ശേഷം രണ്ടു വർഷത്തോളം മാമ്മൻ സ്വന്തമായി ഒരു സായാഹ്ന ദിനപത്രം നടത്തി-ദിനാന്തദീപം.ആദ്യ ലക്കത്തിൻ്റെ ലീഡ് സ്റ്റോറിയുടെ തലക്കെട്ട് ഇതായിരുന്നു-മദ്യപന്മാർ കേരളത്തെ വിഴുങ്ങുന്നു.കറൻ്റ് പോകുന്നത് പതിവായതോടെ പത്രം നഷ്ടത്തിലായി.
പലപ്പോഴും വെട്ടിത്തുറന്ന് കാര്യങ്ങൾ പറയുന്നതാണ് അദ്ദേഹത്തിൻ്റെ പ്രകൃതം.1993ൽ എഴുതിയ ജീവചരിത്ര ഗ്രന്ഥമായ ‘ചിത്രമെഴുത്ത് കെ.എം വറുഗീസ്’, അറിയപ്പെടുന്ന ആ സാഹിത്യകാരനെ മലങ്കരസഭാദ്ധ്യക്ഷൻ സഭയിൽ നിന്ന് ആക്ഷേപിച്ചുപുറംതള്ളിയതിനെ നിശിതമായി വിമർശിക്കുന്നുണ്ട്. “സ്വന്തം സമുദായത്തിലുള്ള എഴുത്തുകാരെയും സാഹിത്യകാരന്മാരെയും പ്രോൽസാഹിപ്പിക്കുകയോ അവരുടെ പുസ്തകങ്ങൾ വാങ്ങിയും വായിച്ചും പ്രചരിപ്പിച്ചും മറ്റും പ്രബുദ്ധരാകുകയോ ചെയ്യാത്ത ഒരു ജനവിഭാഗമാണ് സുറിയാനി ക്രിസ്ത്യാനികൾ”.
അദ്ദേഹം പറയുന്നു,“തമ്പുരാൻ സഹായിച്ച് കഞ്ഞികുടിക്കാനുള്ളത് എനിക്കുണ്ട്;ഒത്തിരി ഒന്നുമില്ല.അതുകൊണ്ട് ആരെ പേടിക്കാനാ,തമ്പുരാനെ ഒഴിച്ച്?ഞാൻ,ശരിയെന്ന് തോന്നുന്നത് എഴുതും.ആരെക്കുറിച്ചും എഴുതും”.
ഇന്നും മനോരമ കൃത്യമായി വായിക്കും.“മരിക്കും വരെ പത്രം സൗജന്യമായി കിട്ടും. വാർത്തകളെക്കുറിച്ച് മുൻ സഹപ്രവർത്തകരെ വിളിച്ച് അഭിപ്രായങ്ങൾ പങ്കുവെയ്ക്കും”.ദ ഹിന്ദുവും വായിക്കും. സാങ്കേതിക മായി ഏറെ മുന്നോട് പോയിട്ടുണ്ടെങ്കിലും പത്രവായന സാംസ്കാരികമൂല്യങ്ങൾ വിനിമയം ചെയ്യുന്നില്ലന്ന് അദ്ദേഹം നിരീക്ഷിച്ചു.അച്ചടിമാദ്ധ്യമങ്ങളിൽ ഭാഷയുടെ സീമകൾ ലംഘിക്കപ്പെടുന്നു.തെറ്റായ ഭാഷ പഠിപ്പിക്കാൻ മാദ്ധ്യമങ്ങൾക്ക് അവകാശമില്ല.എല്ലാം ഒരു ഞാണിന്മേൽക്കളിയാണിപ്പോൾ. പത്രവായനയും പ്രചാരവും കുറഞ്ഞു. പുതുതലമുറയ്ക്ക് പത്രം വായിക്കാൻ താല്പര്യമേയില്ല,അതിനാൽ പത്രങ്ങളുടെ ഭാവി ശോഭന മാണെന്ന് തോന്നുന്നില്ല.ദൃശ്യമാദ്ധ്യമങ്ങളുടെ നിലവാരം തകർന്നു. അതിനാൽ, അപൂർവമായി മാത്രമേ ടി.വി കാണാറുള്ളൂവെന്നും മാമ്മൻ പറഞ്ഞു.
ഇക്കഴിഞ്ഞ മെയിൽ പക്ഷാഘാതം വന്നുവെങ്കിലും ഏതാനും ദിവസത്തെ ആശുപത്രിവാസത്തിനു ശേഷം പൂർവാധികം ഊർജ്ജസ്വലനായി വീട്ടിൽ മടങ്ങിയെത്തിയ അദ്ദേഹം അടുത്ത പുസ്തകത്തിൻ്റെ പണിപ്പുരയിലാണ് .
ഭാര്യ ലീലാമ്മ മന്ദിരം ലേയമ്മ മെമ്മോറിയൽ നഴ്സിങ്ങ് സ്കൂൾ മുൻ പ്രിൻസിപ്പലാണ് .ബിസിനസുകാരനായ വർഗ്ഗീസ് മാമ്മൻ,നോട്ട റി പബ്ളിക് അഡ്വ.മോഹൻ മാമ്മൻ, അണുശക്തി വകുപ്പിലെ ശാസ്ത്രജ്ഞ ഡോ.അനിത മേരി തോമസ് എന്നിവരാണ് മക്കൾ. കെ.വി മാമ്മനൊപ്പം ഡി.പ്രദീപ് കുമാർ,കെ.ഹേമലത
(2024 സെപ്തംബർ 7നു ക്ളബ്ബ് ഹൗസിലെ 'ചരിത്രസാക്ഷികൾ' പരമ്പരയിൽ പ്രത്യേക
അതിഥിയായി കെ.വി മാമ്മൻ പങ്കെടുത്തു.അതിൻ്റെ ശബ്ദലേഖനം മീഡിയ വേവ്സ്
ചാനലിലുണ്ട്:https://youtu.be/Co8uFj0JFYY?si=OfejR5_4ZeMVQWKz)
No comments:
Post a Comment