പ്രമുഖ ഡോക്യുമെൻ്ററി സംവിധായകരായ പ്രദീപ് നായരും ബിജു നെട്ടറയുമാണ് 'ദൃശ്യസാക്ഷ്യം' ക്ലബ് ഹൗസ് മീഡിയ റൂം പരമ്പരയിൽ (2024 മാർച്ച് 30) അതിഥികളായി എത്തിയത് .
കോട്ടയം സ്വദേശിയായ പ്രദീപ് നായർ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത 'ഒരിടം' സിനിമ 2004 ൽ 52ആമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ സംവിധാനത്തിനുള്ള സ്പെഷ്യൽ ജൂറി പരാമർശവും സംവിധാനം, നടി, പശ്ചാത്തല സംഗീതം, കോസ്റ്റ്യൂം,ഫിലിം പ്രോസസിങ്ങ് എന്നിവയ്ക്ക് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നേടി.
സിനിമയോടുള്ള താല്പര്യം കാരണം ബിരുദത്തിന് ശേഷം പൂണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സംവിധാനം പഠിക്കാനുള്ള പ്രവേശന പരീക്ഷ എഴുതിയെങ്കിലും കിട്ടിയില്ല. പിന്നീട് ,അവിടെ നടന്ന ഫിലിം അപ്രീസിയേഷൻ കോഴ്സിൽ ചേർന്നു. തുടർന്ന്, ആദ്യത്തെ ഡോക്ക്യുമെൻ്ററി ചെയ്തു -മാൻ വേഴ്സസ് നേച്ചർ :ദ സ്ട്രഗിൾഎറ്റേണൽ .
അടിമാലിക്കടുത്ത പഴമ്പള്ളിചാലിൽ ഉണ്ടായ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിലെടുത്ത ചിത്രമാണത്. ഡോക്ക്യുമെൻ്ററി ഷൂട്ട് ചെയ്തത് ദുരന്തം ഉണ്ടായതിൻ്റെ അടുത്ത ദിവസങ്ങളിൽ . അവിടെ എത്തി, ദുരന്തഭൂമിയിൽ നിന്നുള്ള ദൃശ്യങ്ങൾ പകർത്തി.മുംബൈ ഇൻ്റർനാഷണൽ ഡോക്യുമെൻ്ററി ഫിലിം ഫെസ്റ്റിവലിന്റെ മത്സര വിഭാഗത്തിലേക്ക് അത് തെരഞ്ഞെടുക്കപ്പെട്ടു. സി-ഡിറ്റ് അതിൻ്റെ അവകാശം വാങ്ങി.
'ന്യൂസ് പേപ്പർ ബോയ്' സിനിമയുടെ സംവിധായകൻ പി.രാമദാസിനെക്കുറിച്ചുള്ള ചിത്രമാണ്, 'എ നിയോ -റിയലിസ്റ്റിക് ഡ്രീം'. 1955 മെയിൽ റിലീസ് ചെയ്ത ഈ ഈ ചിത്രത്തിൻ്റെ സംവിധായകനായ പി.രാംദാസ് കോളേജ് വിദ്യാർത്ഥിയായിരിക്കുമ്പോഴാണ് സിനിമ ചെയ്തത്. ആദ്യ റിയലിസ്റ്റിറ്റ് ചിത്രമായി കണക്കാക്കപ്പെടുന്ന 'പഥേർ പാഞ്ചാലി'ക്കും മുൻപ് റിലീസ് ചെയ്യപ്പെട്ടതാണ് ഈ ചിത്രം."ആ സിനിമയിലൂടെ ചലച്ചിത്രകാരനെ കണ്ടെത്തുകയായിരുന്നു ഡോക്ക്യുമെന്ററിയിൽ".അഭിഭാഷകനായി തൃശ്ശൂരിൽ പ്രാക്ടീസ് ചെയ്യുന്ന പി.രാംദാസിനെ കണ്ടെത്തി, സിനിമാനിർമ്മാണത്തിൽ പങ്കാളികളായ അക്കാലത്തെ സഹപാഠികൾക്കൊപ്പം ഇരുത്തി, അവരുടെ ഓർമ്മകൾ ചിത്രീകരിച്ചു.
കോളേജിൽ പഠിക്കുന്ന കാലത്ത്, സിനിമാതാൽപര്യം കാരണം, ട്രെയിനിൽ ചെന്നൈലെത്തിയാണ് ബൈസൈക്കിൾ തീവ്സ് ഉൾപ്പെടെയുള്ള ലോക ക്ലാസിക് സിനിമകൾ അവർ കണ്ടിരുന്നത്. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സിനിമാസംവിധായകൻ രാജ്കുമാറാണെന്ന ലേഖനം വായിച്ചതാണ് ന്യൂസ്പേപ്പർ ബോയ് സിനിമ എടുക്കാൻ അവർക്ക് പ്രേരണയായത് . ആ റെക്കോർഡ് ഭേദിക്കണമെന്ന് വാശിയായി.
ആ സിനിമയുടെ പ്രിൻറ് പി.ആർ.ഡി ഓഫീസിൽ ഉണ്ടായിരുന്നു. മൂന്ന് റീലുകൾ .അതിൽ നിന്ന് ഡോക്ക്യു യമൻറ്റിക്കായി വേണ്ട ഭാഗങ്ങൾ കണ്ടെത്തി, എടുത്തു.'ഏറ്റവും വൈദഗ്ധ്യത്തോടെ ചെയ്ത മൊണ്ടാഷ് സീൻ രണ്ടാമത്തെ റീലിൽ ആയിരുന്നു. അത് പറഞ്ഞുകൊടുത്തത് ശരിയായി".
ആ ഡോക്ക്യുമെൻ്ററി ഏറെ ശ്രദ്ധ നേടി. തിരുവനന്തപുരത്തെ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലും ഡൽഹി ,ബോംബെ ചലച്ചിത്രോത്സവങ്ങളിലും അത് പ്രദർശിപ്പിച്ചു.അന്ന് സ്റ്റാർ ടി.വി ഞായറാഴ്ചകളിൽ ഡോക്യുമെൻററി സംപ്രേഷണം ചെയ്തിരുന്നു .ഈ ചിത്രവും അതിൽ അവർ ഉൾപ്പെടുത്തി . ടി.കെ രാജീവ് കുമാർ അദ്ധ്യക്ഷനായ സംസ്ഥാന ചലച്ചിത്ര അക്കാദമി രാംദാസിനെ ആദരിച്ചു .പിന്നാലെ, സർക്കാരിൻ്റെ ജെ.സി ഡാനിയൽ പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചു.
2002ൽ ഇംഗ്ലീഷിലും ഹിന്ദിയിലും മറാത്തിയിലും പ്രദീപ് നായർ ഒരു ഡോക്യുമെൻ്ററി സംവിധാനം ചെയ്തു -വെൻ ദ ലേബർ ലേബഴ്സ്.സ്വതന്ത്ര തൊഴിലാളി പ്രസ്ഥാനമായ മഹാരാഷ്ട്ര ലേബർ യൂണിയനെക്കുറിച്ചായിരുന്നു ആ ഡോക്യുമെൻ്ററി. അവരുടെ ക്ഷണമനുസരിച്ച് ആറുമാസം പൂണെയിൽ താമസിച്ച്, എടുത്ത ഡോക്യുമെൻ്ററി അന്താരാഷ്ട്ര തൊഴിൽ സംഘടന ജർമ്മനിയിൽ നടത്തിയ തൊഴിൽ കോൺഗ്രസിൽ പ്രദർശിപ്പിക്കപ്പെട്ടു.
എയ്ഡ്സ് രോഗികളുടെ ജീവിതത്തിലൂടെ, എയ്ഡ്സിനെ പ്രതിരോധിക്കുന്നതിനെക്കുറിച്ച് ഒരു അമേരിക്കൻ ഗവേഷണ സ്ഥാപനത്തിനുവേണ്ടി ചെയ്ത ഡോക്ക്യുമെൻ്ററിയാണ് 'ലൈറ്റ് ഇൻ ഡാർക്ക്നെസ്'.
'കുട്ടനാട് ഒരു അപൂർവ്വ മരുത തിണ' ഡോക്യുമെൻ്ററിക്ക് സംസ്ഥാന അവാർഡ് ലഭിച്ചു.ആ പേരിന് കടപ്പാട് കാവാലം നാരായണപ്പണിക്കരോടാണ്.കുട്ടനാടിന്റെ പൈതൃകത്തെക്കുറിച്ച് പഠിച്ച്, ആറുമാസം കൊണ്ടാണ് അത് ഷൂട്ട് ചെയ്തത്. ഒന്നരമണിക്കൂറോളം ദൈർഘ്യമുണ്ട് അതിന്. നിഖിൽ എസ്. പ്രവീണാണ് ചായാഗ്രഹണം നിർവഹിച്ചത് ."ചെറിയ പ്രായത്തിൽ തന്നെ നിഖിലിന് പുരസ്കാരം ലഭിച്ചു".
'മുന്നേ' കുടുംബശ്രീ കോട്ടയം ജില്ലയിൽ നടത്തിയ സ്ത്രീശാക്തീകരണ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ചിത്രമാണ്. കേന്ദ്ര സാമൂഹികക്ഷേമ വകുപ്പിന്റെ ചലച്ചിത്രമേള ഉൾപ്പെടെയുള്ള വേദികളിൽ അത് പ്രദർശിപ്പിക്കപ്പെട്ടു. കുടുംബശ്രീ അവരുടെ ജീവിതത്തെ എങ്ങനെ മാറ്റിമറിക്കുന്നുവെന്ന് നേരിട്ട് കണ്ടു. അവർ നാടക പരിശീലനവും തെരുവ് നാടകാവതരണവും നടത്തിയിരുന്നു .അതിൽനിന്ന് ഓഡിഷൻ നടത്തി, തിഞ്ഞെടുത്തവരാണ് അതിൽ അഭിനയിച്ചത്.
ഭക്ഷണം പാഴാക്കുന്നതിനെതിരായ ബോധവൽക്കരണ ചിത്രമാണ് 'മാ, ഡൂ നോട്ട് എനിമോർ'. ഒരു കോർപ്പറേറ്റ് സ്ഥാപനത്തിനുവേണ്ടി ചെയ്തതാണ് ഈ ഹ്രസ്വ ഡോക്യുമെൻററി .
കേരളപ്പിറവിയുടെ വജ്രജൂബിലി പ്രമാണിച്ച് ,ദേശീയ പുരസ്കാരങ്ങൾ നേടിയ സംവിധായകരെക്കൊണ്ട് വിവിധ വിഷയങ്ങളെ ആസ്പദമാക്കി,പി.ആർ.ഡി നിർമ്മിച്ച പരമ്പരയിൽ പെട്ട ചിത്രമാണ് 'പ്രകൃതിയുടെ പടയണിക്കാരൻ കടമ്മനിട്ട രാമകൃഷ്ണൻ'.ജയരാജിടൊപ്പം അത് സംവിധാനം ചെയ്തു.കേരളത്തിൻ്റെ പൈതൃകം,ചരിത്രം ,സംസ്കാരം തുടങ്ങിയവയെക്കുറിച്ച് മലയാള മനോരമ ഓൺലൈനിനായി രണ്ട് വർഷത്തോളം നീണ്ടുനിൽക്കുന്ന ഒരു പ്രൊജക്റ്റ് ചെയ്ത പരിചയമുണ്ടായിരുന്നു പ്രദീപ് നായർക്ക്.കടമ്മനിട്ടയിലെ അനുഷ്ഠാനകലയായ പടയണിയെയും കടമ്മനിട്ടയുടെ കവിതകളെയും ബന്ധിപ്പിച്ചായിരുന്നു ആ ഡോക്യുമെൻ്ററി ചെയ്തത്. "സ്ക്രിപ്റ്റ് എൻ്റേതായിരുന്നു.ചിത്രീകരണ സമയത്ത് ജയരാജന് മറ്റൊരു സിനിമയുമായി ബന്ധപ്പെട്ട തിരക്കായതിനാൽ ഷൂട്ടിങ്ങിന്റെ പ്രധാന ഭാഗങ്ങളും ഞാനാണ് ചെയ്തത്".കടമ്മനിട്ട അനുസ്മരണ ദിനത്തിൽ ചിത്രം അവിടെ പ്രദർശിപ്പിക്കപ്പെട്ടു.
ഏറ്റവും അവസാനം ചെയ്ത ഡോക്യുമെൻ്ററിയാണ് 'സ്വാത്വികം'. അത് അടുത്തുതന്നെ പ്രദർശിപ്പിക്കപ്പെടും. കഥകളിയും താന്ത്രികവിദ്യാമുദ്രകളും തമ്മിലുള്ള സാദൃശ്യത്തെക്കുറിച്ചുള്ള ചിത്രത്തിൻ്റെ കഥയും തിരക്കഥയും സ്വന്തമായിഎഴുതി.
"മിക്കപ്പോഴും ഡോക്ക്യുമെന്ററികൾ എഡിറ്റിംഗ് ടേബിളിലൂടെയാണ് രൂപപ്പെടുന്നത് .പൂർണ്ണ തിരക്കഥ മുൻകൂട്ടി എഴുതുന്ന സ്വഭാവം മിക്കപ്പോഴുമില്ല".
അടുത്തകാലത്ത് ഡോക്ക്യുമെന്ററികളുടെ ആഖ്യാനരീതിയിൽ വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട്.ഫിക്ഷനും നോൺ-ഫിക്ഷനും തമ്മിൽ തിരിച്ചറിയാൻ വയ്യാത്ത രീതിയിൽ, ഘടനാപരമായ മാറ്റം ഉണ്ടായി.പല പ്രശസ്ത ഡോക്യുമൻ്ററി മേളകളിലും ജൂറിയായി പോയിട്ടുണ്ട്. ഇന്ത്യൻ ജനത നേരിടുന്ന വിഭിന്നങ്ങളായ പ്രശ്നങ്ങൾ ഇപ്പോൾ ഡോക്യുമെൻ്ററികളിൽ ശക്തമായി പ്രതിപാദിക്കുന്നുണ്ട്. കർഷക സമരം, പൗരത്വ പ്രശ്നം, മണിപ്പൂരിലെ വർഗീയ അസ്വാസ്ഥ്യങ്ങൾ തുടങ്ങിയവ ഡൽഹിയിലും മുംബൈയിലും നടന്ന ഡോക്ക്യുമെൻ്ററി ഫെസ്റ്റിവലുകളിലെ ചിത്രങ്ങളുടെ വിഷയമായിട്ടുണ്ട് ."ചടുലമായ ആഖ്യാനശൈലിയിലുള്ള അത്തരം ഡോക്ക്യുമെൻ്ററികൾ കേരളത്തിൽ കാര്യമായി ഉണ്ടാകുന്നില്ല. അത്തരം പ്രശ്നങ്ങൾ നമ്മളെ ആഴത്തിൽ ബാധിക്കാത്തതാകാം കാരണം".
ഒ.ടി.ടി,നെറ്റ് ഫ്ലിക്സ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ ഡോക്ക്യുമെൻ്ററികൾ പ്രദർശിപ്പിക്കാൻ തുടങ്ങിയത് നല്ല കാര്യമാണെന്നും പ്രദീപ് നായർ പറഞ്ഞു.അടുത്തിടെ കോട്ടയം സി.എം.എസ് കോളേജിൽ പുരസ്കാരങ്ങൾ നേടിയ 8 ഡോക്ക്യുമെൻ്ററികൾ പ്രദർശിപ്പിച്ചപ്പോൾ വിദ്യാർഥികൾ അവ കണ്ട് ആസ്വദിച്ച അനുഭവമുണ്ട്. യുവതലമുറ അവ ഇഷ്ടപ്പെടുന്നുണ്ട് എന്ന് മനസ്സിലായി. സർക്കാരിൻ്റെ ഉടമസ്ഥതയിലുള്ള സിനിമാതിയേറ്ററുകളിൽ ഏതെങ്കിലും ഒന്നിൽ, ആഴ്ചയിൽ ഒന്നോ രണ്ടോ ഷോ ഡോക്ക്യുമെൻ്ററി സിനിമകൾക്കായി നൽകണമെന്ന് ആവശ്യപ്പെട്ട് ഡോക്യുമെൻ്ററി നിർമാതാക്കളുടെ സംഘടനയായ ഡോക്ക്യുഷോട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുൻപത്തെപ്പോലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ ഉൾപ്പെടുത്തി, സ്വതന്ത്ര ഡോക്ക്യുമെൻ്ററികൾക്ക് അവാർഡുകൾ നൽകണമെന്നും ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
2014ലാണ് ഫീച്ചർ സിനിമ 'ഒരിടം' ചെയ്യുന്നത്. "ഡോക്യുമെൻ്ററി ചെയ്ത് കൈത്തഴക്കം ആർജ്ജിച്ച ശേഷമാണ് സിനിമയിലേക്ക് തിരിഞ്ഞത്". ലൈംഗികത്തൊഴിലാളികളുടെ ജീവിതത്തെ കേന്ദ്രീകരിച്ചായിരുന്നു അത്. തിരക്കഥ എഴുതുന്നതിന് മുമ്പ് അവരുടെ ജീവിതം മനസ്സിലാക്കി. അതിനായി തൃശ്ശൂരിലെ 'ജ്വാലാമുഖി'യുമായി ബന്ധപ്പെട്ടു. ലൈംഗികത്തൊഴിലാളികൾ അവിടെ താമസിച്ചിരുന്നു."അശരണരും പാർശ്വവൽകൃതരുമായ ആ മനുഷ്യരുടെ ജീവിതം ഞടുക്കുന്നതും ഭീതിയുണ്ടാക്കുന്നതുമാണ്. അവരുടെ ദുരന്ത ജീവിതകഥകളുടെ 10 ശതമാനം പോലും സിനിമയിൽ ഉൾപ്പെടുത്താൻ പറ്റിയില്ല".ഉരുൾപൊട്ടലിൽ ഉറ്റവരെ നഷ്ടപ്പെട്ട് കൊച്ചി നഗരത്തിൽ എത്തിയ പെൺകുട്ടി മറ്റൊരു മാർഗവും ഇല്ലാതെ ലൈംഗികത്തൊഴിലാളിയായി മാറുകയും ,അതിൽ നിന്ന് പുതിയ ജീവിത തേടുകയും ചെയ്യുന്നതാണ് കഥ. തിരുവനന്തപുരത്ത് വച്ച് ഗീതു മോഹൻദാസിനെ കഥ പറഞ്ഞുകേൾപ്പിച്ചപ്പോൾ തന്നെ ആ വേഷം ചെയ്യാൻ അവർ സമ്മതിച്ചു.ലൈംഗിക ത്തൊഴിലാളിയുടെ കഥയായതിനാൽ, വളരെ ഇന്റിമേറ്റായ സീനുകൾ ഉണ്ടാകുമെന്ന ധാരണയിൽ സിനിമയുടെ വിതരണം വിലക്കു വാങ്ങാൻ ചിലർ വന്നുവെങ്കിലും , അതില്ലെന്നറിഞ്ഞപ്പോൾ പിൻവാങ്ങി."നായികയുടെ ശരീരത്തിന്റെ വാണിജ്യവൽക്കരണം എൻ്റെ ലക്ഷ്യമായിരുന്നില്ല.എൻ്റെ ക്രിയേറ്റിവിറ്റി മനസ്സിലാക്കുന്നവരായിരുന്നു നിർമ്മാതാക്കൾ ''.
ഐസക് തോമസ് കൊട്ടുകാപ്പള്ളിക്ക് ഈ സിനിമയുടെ പശ്ചാത്തല സംഗീതത്തിന് സംസ്ഥാന പുരസ്കാരം ലഭിച്ചു."സംഗീതം നൽകാൻ കൊടുത്തപ്പോൾ ഈ സിനിമയുടെ സമകാലിക , ഏഷ്യൻ സ്വഭാവം എന്നെ ബോധ്യപ്പെടുത്തിയത് അദ്ദേഹമാണ്".മരിക്കും വരെ അദ്ദേഹവുമായി വളരെ അടുത്ത സ്നേഹബന്ധം സൂക്ഷിച്ചു.
" 'ഒരിടം' തെരുവിൽ രൂപപ്പെട്ട സിനിമയായിരുന്നു. അതിൻ്റെ ചർച്ചകൾ നടന്നത് തന്നെ എറണാകുളത്തെ തെരുവുകളിലും കോഫി ഹൗസുകളിലുമായിരുന്നു. അത് ശ്രദ്ധേയ ചിത്രമായതിൽ ടീമംഗങ്ങൾക്കെല്ലാം വലിയ പങ്കുണ്ട്".
സിനിമാമാദ്ധ്യമത്തിന്റെ എല്ലാ രൂപഘടനയിലും പ്രവർത്തിക്കാൻ താല്പര്യമുണ്ടന്ന് പ്രദീപ് നായർ പറഞ്ഞു." ഡോക്ക്യുമെൻ്ററിയുടെ പുതിയ രൂപമാണ് റീൽസ് .ഇൻസ്റ്റാഗ്രാമിൽ ഞാൻ അതും ചെയ്തിട്ടുണ്ട്'". വെബ് സീരീസ് ചെയ്യാനും താല്പര്യമുണ്ട്. സ്ക്രിപ്റ്റ് ഹോട്ട്സ്റ്റാറിന് നൽകിയിട്ടുണ്ട്. പൂർത്തിയായ മൂന്ന് തിരക്കഥകളുമായി കഥാചിത്രങ്ങൾ ചെയ്യാൻ ശ്രമിക്കുന്നുണ്ടെന്നും പ്രദീപ് നായർ പറഞ്ഞു. പരസ്യ ചിത്രങ്ങളും ചെയ്യുന്നുണ്ട്. "പൂർണ്ണസമയവും ഈ രംഗത്ത് മുഴുകി പ്രവർത്തിക്കുന്നു".
നടനും തിരക്കഥാകൃത്തും സംവിധായകനും ഗ്രന്ഥകാരനുമായ ബിജു നെട്ടറ കൊല്ലം പറവൂർ സ്വദേശിയാണ് .
1982-ൽ എൻ.എൻ പിള്ളയുടെ വിശ്വകേരള കലാസമിതി നാട്ടിൽ അവതരിപ്പിച്ച 'കെ.എൻ .കെ - 1982' എന്ന നാടകം വല്ലാതെ ആകർഷിച്ചു.തുടർന്ന് ,1982-84ൽ ബിജുവിൻ്റെ നേതൃത്വത്തിൽ ഇടവയിൽ തുടങ്ങിയ നാടകട്രൂപ്പായ നവജീവൻ അദ്ദേഹത്തിൻ്റെ പ്രശസ്തനാടകങ്ങളായ 'ഗുഡ് നൈറ്റ്,' ജഡ്‌ജ് മെൻ്റ്' എന്നിവ ഒട്ടേറെ വേദികളിൽ അവതരിപ്പിച്ചു.ഈ നാടകങ്ങൾ എൻ.എൻ പിള്ള കണ്ടത് വഴിത്തിരിവായി. നാടകഭ്രമം കേറി, പ്രീഡിഗ്രി പഠനം ഉപേക്ഷിച്ച ഈ ചെറുപ്പക്കാരന് ,കോട്ടയത്തുള്ള അദ്ദേഹത്തിൻ്റെ നാടക ക്യാമ്പിക്കുള്ള വഴി തുറക്കപ്പെട്ടു.''ചെറുപ്പത്തിൽ തന്നെ നാടകരംഗത്തെ ഒരു ലെജന്റിനെ കണ്ടുമുട്ടിയതാണ് എൻ്റെ ഭാഗ്യം".
നാടക സംഘത്തോടൊപ്പം സഞ്ചരിച്ച് തൻ്റെ സ്വതസിദ്ധമായ ശൈലിൽ, ഓരോ നാടകാവതരണത്തിന് മുൻപും അദ്ദേഹം വ്യത്യസ്ത ശൈലിയിൽ ആമുഖം പറയുമായിരുന്നു.
1983-ൽ തീയറ്റർ വാടകയ്ക്കടുത്ത്, ടിക്കറ്റ് വച്ച് എൻ.എൻ പിള്ളയുടെ രണ്ടു നാടകങ്ങൾ കളിച്ചു.'ക്രോസ് ബൽറ്റ്' വിശ്വ കലാ കേന്ദ്രവും ' ക്ലൈമാക്സ്' നവജീവനും അവതരിപ്പിച്ചു.പക്ഷേ,അത് സാമ്പത്തികമായി പരാജയപ്പെട്ടു.'മുടിഞ്ഞ കുളി',' ശുദ്ധമദ്ദളം' തുടങ്ങിയ,എൻ.എൻ പിള്ളയുടെ നാടകങ്ങളും ബിജുവിന്റെ മേൽനോട്ടത്തിൽ നാട്ടിൽ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.
പിന്നീട്, ബിജു സതേൺ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ തിരക്കഥയും സംവിധാനവും പഠിക്കാൻ ചേർന്നു.മനോജ് കെ. ജയൻ, അലി അക്ബർ അനിൽ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. ആദം അയൂബ്, കെ.കെ ചന്ദ്രൻ തുടങ്ങിയവരായിരുന്നു അദ്ധ്യാപകർ.കോഴ്സിന്റെ ഭാഗമായി വീഡിയോ പ്രാക്ടിക്കൽ എടുക്കാൻ ക്യാമറയുമായി പോയത് എൻ.എൻ പിള്ളയുടെ അടുത്തേയ്ക്ക്.അദ്ദേഹവുമായി നല്ല ബന്ധം ഉണ്ടായിരുന്നു. അപ്പോൾ കളിച്ചു കൊണ്ടിരുന്ന 'ഗർഭപാത്രത്തിന്റെ വില' എന്ന നാടകത്തിൻ്റെ വേദികളിലേക്ക് അദ്ദേഹത്തോടൊപ്പം ഒരാഴ്ച സഞ്ചരിച്ചു.
അപ്പോഴാണ്, എന്തുകൊണ്ട് അദ്ദേഹത്തെക്കുറിച്ച് ഒരു ഡോക്ക്യുമെൻ്ററി എടുത്തുകൂടാ എന്ന് കെ. കെ ചന്ദ്രൻ ചോദിച്ചത്. അങ്ങനെയാണ്, 1988ൽ 'എൻ.എൻ പിള്ള : ദ ഡ്രമാറ്റിസ്റ്റ്' എന്ന ആദ്യ ഡോക്യുമെൻ്ററി സംവിധാനം ചെയ്തത്.16 എം.എം ഫിലിമിൽ ,ഒരു സിനിമയെടുക്കുന്ന എല്ലാ സംവിധാനങ്ങളോടെയുമായിരുന്നു അത് ചെയ്തത്.അദ്ദേഹത്തിൻ്റെ പ്രശസ്തമായ 'ക്രോസ് ബൽറ്റ്',' 'പ്രേതലോകം'തുടങ്ങിയ നാടകങ്ങളുടെ പ്രധാനപ്പെട്ട ചില രംഗങ്ങൾ കുടമാളൂർ കലാക്ഷേത്രത്തിൽ വീണ്ടും അവതരിപ്പിച്ച്, ഷൂട്ട് ചെയ്തു. ട്രൂപ്പിനായി ആർട്ടിസ്റ്റ് സുജാതൻ ഒരുക്കിയ സെറ്റ് തന്നെ ഉപയോഗിച്ചാണ് രംഗങ്ങൾ എടുത്തത്. അദ്ദേഹം നാടകാഭിനയം നിർത്തിയ ശേഷമായിരുന്നു ഡോക്ക്യുമെൻ്ററിക്ക് വേണ്ടി വീണ്ടും വേഷം കെട്ടിയത്. ഒപ്പം, മകൾ സുലോചനയും മകൻ വിജയരാഘവനും അഭിനയിച്ചു.എൻ.എൻ പിള്ളയുമായി തിക്കുറിശ്ശി സുകുമാരൻ നായർ, കുടമാളൂർ കരുണാകരൻ നായർ , കെ.പി ശരത്ചന്ദ്രൻ എന്നിവർ നടത്തിയ അഭിമുഖ സംഭാഷണവും അതിലുണ്ട്.ഫിലിമിന് നല്ല വിലയായിരുന്നതിനാൽ ചോദ്യവും ഉത്തരവും നേരത്തെ ചർച്ച ചെയ്താണ് ഷൂട്ട് ചെയ്തത്.
"അതൊരു പ്രൊഫഷണൽ വർക്കായിരുന്നില്ല.'എന്നെ ഡയറക്റ്റ് ചെയ്യാൻ ഒരാൾ' എന്ന് അദ്ദേഹം ചില അഭിമുഖങ്ങളിൽ എന്നെക്കുറിച്ച് പറഞ്ഞത് ഓർക്കുന്നു". സംവിധായകൻ സിദ്ധിക്കും ഈ ഡോക്ക്യുമെൻ്ററി കണ്ടിട്ടുണ്ട്. എൻ.എൻ പിള്ളയുടെ മരണശേഷം അതിന് വലിയ പ്രചാരം ലഭിച്ചു".പി.ആർ.ഡി മൂന്ന് പ്രിന്റുകൾ വാങ്ങി.
അടുത്തിടെ ഈ ഡോക്ക്യുമെൻ്ററിയുടെ നെഗറ്റീവ് ചിത്രാഞ്ജലി സ്റ്റുഡിയോയിൽ നിന്നാണ് കണ്ടെടുത്തത്.ചെന്നൈയിലെ പ്രസാദ് ലാബിൽ പോയി അത് ഹാർഡ് ഡിസ്കിലാക്കി. പിന്നീട് മൂന്ന് ഭാഗങ്ങളായി യൂട്യൂബിൽ നൽകി. അതിൻ്റെ മെച്ചപ്പെട്ട പുതിയ ഡിജിറ്റൽ പതിപ്പ് അടുത്തുതന്നെ അപ്‌ലോഡ് ചെയ്യും.
'എൻ.എൻ പള്ളിയിലേക്കൊരു ഫ്ലാഷ് ബാക്ക്', 'ശ്യാമസുന്ദരപുഷ്പമേ',തകഴി,ദേവരാജൻ,എൻ.എൻ പിള്ള തുടങ്ങിയവരുമായുള്ള അഭിമുഖസംഭാഷണങ്ങളുടെ സമാഹാരമായ 'അഭിമുഖം നയനിത്യഭിനയ:'എന്നീ പുസ്തകങ്ങളും ബിജു നെട്ടറ എഴുതിയിട്ടുണ്ട്.
"സമൂഹത്തിന് നേരെ തൊടുത്തുവിട്ട അമ്പുകളായിരുന്നു അദ്ദേഹത്തിൻ്റെ നാടകങ്ങൾ.തെറിക്കുത്തരം മുറിപ്പത്തൽ എന്നതായിരുന്നു അദ്ദേഹത്തിൻ്റെ രചനാരീതി.ഈ രീതിയിലുള്ള ഡയലോഗുകൾ ഇക്കാലത്ത് നാടകങ്ങളിൽ കൊടുക്കാൻപറ്റില്ല".
എൻ.എൻ പിള്ളയുടെ രണ്ട് കഥാപാത്രങ്ങൾ മാത്രമുള്ള ' ഗുഡ് നൈറ്റ്' എന്ന നാടകം 1992ൽ ,കരമന ജനാർദ്ദനൻ നായർക്കൊപ്പം ദൂരദർശനിൽ അവതരിപ്പിച്ചിട്ടുണ്ട് ,ബിജു. അന്ന് ദൂരദർശൻ ഡയറക്ടർ റാണി എന്ന എം.എസ് രുഗ്മിണിയായിരുന്നു."ആകാശവാണി പ്രൊഡ്യൂസർ എസ്.സരസ്വതി അമ്മയാണ് അവരെ പരിചയപ്പെടുത്തിത്തന്നത്".
2003ലാണ് 'കാക്കനാടൻ,നമ്മുടെ ബേബിച്ചായൻ' എന്ന ഡോക്ക്യുമെൻ്ററി ചെയ്തത്."അദ്ദേഹവുമായി അടുത്ത ബന്ധമുണ്ടായിരുന്നു".1992 മുതൽ പരിചയമുണ്ട്.രണ്ടുവർഷത്തോളം അദ്ദേഹത്തോടൊപ്പം സഞ്ചരിച്ചു.അങ്ങനെ, ആത്മബന്ധം ഉണ്ടായി. കാക്കനാടൻ വളരെ ജനകീയനായിരുന്നു. "അദ്ദേഹവുമായി ബന്ധമുള്ള മറ്റുള്ളവരുടെ കാഴ്ചപ്പാടിലൂടെ കാക്കനാടനെ അവതരിപ്പിക്കുകയായിരുന്നു ആ ഡോക്ക്യുമെൻ്ററിയിൽ".
'കർക്കിടകവാവ്','പരവൂർ പഴമയും പെരുമയും', തുടങ്ങിയ ഡോക്ക്യുമെൻ്ററികളും ബിജു നെട്ടറ എടുത്തിട്ടുണ്ട്.
പുതിയ തലമുറ ഡോക്ക്യുമെൻ്ററി നിർമ്മാണ രംഗത്തേക്ക് വരുന്നില്ലന്ന് അദ്ദേഹം പറഞ്ഞു.പുരസ്കാരങ്ങൾ ലഭിച്ച ഡോക്ക്യുമെൻ്ററികൾ പോലും സംരക്ഷിക്കപ്പെടുന്നില്ല.അതിന് ബാധ്യസ്ഥരായ കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ ഉൾപ്പെടെ കേരള സർക്കാർ സംവിധാനങ്ങൾ അവരുടെ കടമ നിർവഹിക്കുന്നില്ല. ഇപ്പോൾ അവയുടെ തലപ്പത്ത് വരുന്നവർ രാഷ്ട്രീയ താൽപര്യമുള്ളവരാണ്. മുൻപ്, കേരള സംഗീത നാടക അക്കാദമിയുടെ ചെയർമാൻമാരായിരുന്ന സൂര്യ കൃഷ്ണമൂർത്തിയും മുരളിയുമൊക്കെ അവിടെ പ്രശംസനീയമായ ഒട്ടേറെ കാര്യങ്ങൾ ചെയ്തിരുന്നു."പക്ഷേ, ഇപ്പോഴുള്ള സ്ഥാപനങ്ങൾക്ക് സർഗ്ഗാത്മകത തീരെ നഷ്ടപ്പെട്ടു.ക്രിമിനലിസം എല്ലാ രംഗവും കൈകടക്കിയിരിക്കുന്നു. ഇവിടെയും അത് ബാധിച്ചിരിക്കുന്നു".
സ്വന്തം കയ്യിൽ നിന്ന് കാശ് മുടക്കിയാണ് മിക്കവരും ഡോക്യുമെൻ്ററികൾ ചെയ്യുന്നത്. ഇത് സൂക്ഷിച്ച് വച്ച്, ജനങ്ങളെ കാണിക്കാനുളള സംവിധാനം ഉണ്ടാകണം. ഓരോ വർഷവും സംസ്ഥാനത്തെ മികച്ച പത്ത് ഡോക്ക്യുമെൻ്ററികൾ തെരഞ്ഞെടുത്ത്, അവയ്ക്ക് സർക്കാർ സാമ്പത്തിക സഹായം ചെയ്യുകയും വേണം.
കേന്ദ്ര സർക്കാർ ഫിലിം ആർകൈവ്സ് നിർത്തിയതുപോലെ, വരും കാലം
പൂണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടും പൂട്ടുമെന്ന് ബിജു നെട്ടറ ആശങ്കപ്പെട്ടു.
ചർച്ചയിൽ മുതിർന്ന ന്യൂസ് ഫോട്ടോഗ്രാഫറായ വിപിൻചന്ദ്രൻ ബാബു പങ്കെടുത്തു.
'ദൃശ്യസാക്ഷ്യം' ഒമ്പതാം ഭാഗത്തിൽ ഡി.പ്രദീപ് കുമാറും കെ ഹേമലതയും മോഡറേറ്റർമാരായി.
ഈ പരിപാടിയുടെ ശബ്ദലേഖനം മീഡിയ വേവ്സ് യൂട്യൂബ് ചാനലിലുണ്ട്.https://youtu.be/HLvM1Cs8RT8?si=8MIXlC4oGA5wAOdt
പ്രദീപ് നായരുടെ ഡോക്ക്യുമെൻ്ററികൾ:
1.എ നിയോ - റിയലിസ്റ്റിക് ഡ്രീം :
• A Neo-Realistic Dream | Documentary o...
2.കുട്ടനാട്: ഒരു അപൂർവ മരുത തിണ(trailor):
• KUTTANAD;ORU APOORVA MARUTHA THINA
3.മാ..
• Maa, Do not anymore, an EssEmm Corpor...
4.മുന്നേ :
• Munne- Kudumbashree Documentary
5.പ്രകൃതിയുടെ പടയണിക്കാരൻ കടമ്മനിട്ട രാമകൃഷ്ണൻ :
• പ്രകൃതിയുടെ പടയണിക്കാരൻ കടമ്മനിട്ട രാ... : ജയരാജ് .കോ - ഡയറക്ടർ: പ്രദീപ് നായർ)
അമ്പത്തിരണ്ടാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ സംവിധാനത്തിനുള്ള സെപ്ഷ്യൽ ജൂറി പുരസ്ക്കാരവും അഞ്ച് സംസ്ഥാന അവാർഡുകളും നേടിയ പ്രദീപ് നായരുടെ ഫീച്ചർ ഫിലിം - ഒരിടം:https://www.dailymotion.com/video/x26...





ബിജു നെട്ടറയുടെ ഡോക്ക്യുമെൻ്ററികൾ
1.എൻ.എൻ പിള്ള :ദ ഡ്രമാറ്റിസ്റ്റ്
ഒന്നാം ഭാഗം :
• 1988
രണ്ടാം ഭാഗം :
• NN Pillai the dramatist , utub 2_part
2.കാക്കനാടൻ നമ്മുടെ ബേബിച്ചായൻ :(trailor)
• Trailer - Kakkanadan Namnude Babychayan
രണ്ടാം ഭാഗം :
• Kakkanadan nammude babychayan-U-tub-2
മൂന്നാം ഭാഗം :
• Kakkanadan nammude babychayan.part .3...





No comments:
Post a Comment