വൈക്കം മധു,വൈക്കം കിഴക്കെ ഉണ്ണിയിൽ എം.കെ കൃഷ്ണപിള്ളയുടെയും ലക്ഷ്മിക്കുട്ടി അമ്മയുടെയും മകൻ മധുസൂദനൻ നായർ,1967ൽ കോട്ടയത്ത് മലയാള മനോരമയിൽ എത്തിയത് മുംബൈയിൽ നിന്ന്.
അവിടെ കെ.സി കോളേജിൽ നിന്ന് ബിരുദം നേടി,നാവിക സേനയുടെ ലയൺസ് ഗേറ്റിലെ ഓഫീസിൽ കുറച്ചുകാലം അസിസ്റ്റൻ്റായി ജോലിചെയ്യുന്നതിനിടയിൽ, സിദ്ധാർത്ഥ് കോളേജ് ഓഫ് ജേണലിസത്തിൽ നിന്ന് ഡിപ്ളോമയും പാസായി നാട്ടിലെത്തിയ മധു ആദ്യം പത്രപ്രവർത്തകനായല്ല നിയമിക്കപ്പെട്ടത്.പരസ്യ വിഭാഗത്തിൽ.ഏതാനും വർഷം ജോലിചെയ്ത ശേഷമാണ് ടെസ്റ്റെഴുതി,ജേണലിസ്റ്റ് ട്രെയിനിയായി,പത്രപ്രവർത്തകനായത് .മുപ്പത്തിയേഴു വർഷം നീണ്ട മനോരമ ജീവിതം അവസാനിക്കുമ്പോൾ അദ്ദേഹം സീനിയർ അസിസ്റ്റൻ്റ് എഡിറ്ററായിരുന്നു.
ഭാഷാശുദ്ധിയിൽ നിഷ്കർഷത പുലർത്തിയ വൈക്കം മധു പിന്നെ ഗ്രന്ഥകാരനായി.ഭാഷകളിലെ ചിഹ്നങ്ങളെക്കുറിച്ച് എഴുതിയ ‘ഇടയാളങ്ങൾ’ കേരള സാഹിത്യ അക്കാദമിയുടെ 2021ലെ ഐ.സി ചാക്കോ എൻഡോവ്മെൻ്റ് പുരസ്കാരം നേടി.ജീവിതാനുഭവങ്ങളെയും കാലികസംഭവങ്ങളെയും ദാർശനികമായി,നർമ്മരസത്തോടെ വിശകലം ചെയ്യുന്ന ലേഖനങ്ങളുടെ സമാഹാരമായ ‘ഒരു രാജാവിനെ കൊല്ലേണ്ടതെങ്ങനെ’ എന്ന അദ്ദേഹത്തിൻ്റെ പുസ്തകവും ഏറെ ശ്രദ്ധേയമായി.
ഓർമ്മക്കുറവും കേൾവിക്കുറവും വകവെയ്ക്കാതെ, വൈക്കം മധു അടുത്ത പുസ്തകത്തിൻ്റെ രചനയിലാണിപ്പോൾ.
കോട്ടയം നഗരത്തിലുള്ള ചാലുക്കുന്നിലെ ‘കിങ്ങിണി’യിലിരുന്ന് അദ്ദേഹം കഴിഞ്ഞകാലത്തേക്ക് സഞ്ചരിച്ചു.ആദ്യാക്ഷരം കുറിച്ച വൈക്കത്തെ ആശാൻപള്ളിക്കൂടമാണ് ആദ്യം തെളിഞ്ഞുവരുന്നത്. ‘മറക്കുവതെങ്ങനെ എൻ്റെ വി.സിയെ’ എന്ന പേരിൽ എഴുതിയ ലേഖനത്തിൽ അക്കാലത്തിൻ്റെ ചരിത്രസ്പർശമുണ്ട്.“ഓലമേഞ്ഞ,ചുറ്റും പകുതി മാത്രം മറച്ച ചെറിയ ഓലപ്പുരയായിരുന്നു ഞങ്ങളുടെ ഇളം ബാല്യം കയറിയിരുന്ന ആദ്യ യൂണിവേഴ്സിറ്റി”.അത് ‘സെൻട്രലി എയർ കണ്ടീഷൻഡും പരിസ്ഥിതി സൗഹൃദവുമായ ഡീംഡ്—ടു-ബി യൂണിവേസിറ്റി’യായിരുന്നു.അവിടെ, കുളിർത്ത പൂഴിയിൽ ചമ്രം പടിഞ്ഞിരുന്ന്,വലത് കൈയിലെ തള്ളവിരൽ പൂഴിയിലാഴ്ത്തി, ‘അ’ എഴുതി.വലതു കൈയിൽ നാരായം തിരുകി,ഓലയിൽ അക്ഷരം എഴുതുന്ന ‘ദരിദ്രഭക്ഷുകനായ വി.സി’യുടെ ചിത്രം അദ്ദേഹം മറന്നിട്ടില്ല.ഓരോ അക്ഷരത്തിനും ഓരോ ഓല. “നാരായത്തുമ്പിൽ നിന്ന് അക്ഷരങ്ങൾ വീണാലുടൻ തുമ്പയുടെ ചാറും അടുപ്പിലെ വിറകുകരിയും ചാലിച്ച്,എഴുത്തോലയുടെ നാരായച്ചാലിൽ പുരട്ടുന്നതോടെ അക്ഷരങ്ങൾ മെല്ലെ കൺതുറക്കും”.രാവിലെ വെറുംവയറോടെ അക്ഷരം പഠിപ്പിക്കാനെത്തിയിരുന്ന ആശാൻ്റെ ഉച്ചയൂണ് ശിഷ്യരുടെ വീടുകളിൽ നിന്നായിരുന്നു.
കേരളീയ സമൂഹം താണ്ടിയ വഴികളും ഓർമ്മയിലുണ്ട്.അമ്മ സ്കൂളിൽ പഠിക്കുന്ന കാലത്ത്, പെൺകുട്ടികൾക്ക് മാറു മറയ്ക്കുന്നതിനു വിലക്കുണ്ടായിരുന്നു.മുണ്ടു മാത്രമുടുത്തായിരുന്നു മിക്കവരും ക്ളാസിൽ വന്നിരുന്നത്. അക്കാലത്തെക്കുറിച്ചും അദ്ദേഹം എഴുതിയിട്ടുണ്ട് - ‘അമ്മയുടെ റൗക്ക’.
തമിഴ്‌നാട് അതിർത്തിയ്ക്കടുത്തുള്ള ഉടുമ്പൻചോലയിലെ ചതുരംഗപ്പാറയിൽ കച്ചവടമായിരുന്നു അച്ഛന് .കുട്ടിക്കാലത്ത് അവിടെയും താമസിച്ചിട്ടുണ്ട്. മലയിറങ്ങി, 15 മൈൽ നടന്നാൽ തമിഴ്‌നാട്ടിലെ തേവാരം ഗ്രാമം.അവിടെ നിന്ന് ഉത്തമപാളയത്തേക്ക് ടി.വി.എസ് കമ്പനിയുടെ ബസുണ്ടായിരുന്നു.പിന്നെ കമ്പം വഴി കുമളിയിലേക്കും അവരുടെ ബസ് ഓടിയിരുന്നു. “അതിൻ്റെ സമയനിഷ്ഠ പ്രസിദ്ധമായിരുന്നു. ബസിൻ്റെ സമയം കണക്കാക്കി വാച്ച് കറക്ട് ചെയ്യാമായിരുന്നു”.അക്കാലത്ത് തമിഴ്‌നാട്ടുകാർ ബസിനെ കാർ എന്നും മലയാളികൾ പ്ളഷർ കാർ എന്നുമായിരുന്നു വിളിച്ചിരുന്നത്.തേവാരത്തുകാർക്കത് ‘പെളസറാ’യി.
-ഇങ്ങനെ,കുട്ടിക്കാലത്ത് തന്നെ യാത്രകളും വിഭിന്ന സംസ്കാരവും ഭാഷയും അടുത്തറിഞ്ഞു.വൈക്കത്തെ പ്രമാണി കുടുംബങ്ങളിൽ അന്ന് അക്ഷരശ്ളോക സദസുകൾ പതിവായിരുന്നു.അതുകേട്ട്, കവിതയിൽ കമ്പം കയറി.ശ്ളോകങ്ങൾ ഹൃദിസ്ഥമാക്കി, അതിൽ പങ്കെടുത്തു. അക്കാലത്തെക്കുറിച്ചുള്ള രസകരമായ ഓർമ്മകളുണ്ട്. അക്ഷരശ്ളോക സദസിനു വൈകിയെത്തിയ സഹൃദയൻ അതിൻ്റെ കാരണം ശ്ളോകത്തിൽ തന്നെ ചൊല്ലി.
സത്യഗ്രഹത്തിലൂടെ ദേശീയസ്വാതന്ത്ര്യസമരത്തിൻ്റെയും സാമൂഹിക നവോത്ഥാനപ്രസ്ഥാന ങ്ങളുടെയും കർമ്മഭൂമിയായ വൈക്കത്ത് വളർന്ന അദ്ദേഹം,പത്താംക്ളാസ് കഴിഞ്ഞ് ഹിന്ദി പ്രചാര സഭയുടെ പ്രവീണ കോഴ്സും പാസായി.ഭാഷ അറിയാവുന്നതിനാൽ മുംബൈയിലെ ബിരുദ പഠനവും ജീവിതവും ബുദ്ധിമുട്ടിച്ചില്ല.നേവിയിൽ ജോലി ചെയ്തുകൊണ്ടിരിക്കെയായിരുന്നു, 1962ലെ ഇന്തോ-ചീന യുദ്ധകാലത്ത് സായാഹ്ന കോഴ്സിൽ ജേണലിസം ഡിപ്ളോമയ്ക്ക് ചേർന്നത്.അംബേദ്കർ എജൂക്കേഷൻ സൊസൈറ്റിക്ക് കീഴിലുള്ള സിദ്ധാർത്ഥ് കോളേജ് ഓഫ് ജേണലിസത്തിൻ്റെ ആദ്യ ബാച്ചായിരുന്നു അത്.ജോർജ്ജ് കുട്ടി,കണ്ണോത്ത് ബാലൻ തുടങ്ങി അഞ്ചാറു മലയാളി കളുൾപ്പെടെ 35 പേരുണ്ടായി രുന്നു. ബ്രിട്ടീഷുകാർക്കെതിരെ എഴുതിയതിൻ്റെ പേരിൽ ഇന്ത്യ വിടേണ്ടിവന്ന ബഞ്ചമിൻ ഹോർണിമാൻ്റെ ‘ബോംബ ക്രോണിക്കിളി’ൽ അദ്ദേഹത്തോടൊപ്പം ജോലി ചെയ്ത ഐസക്ക് എസക്കിൽ എന്ന ജൂതനായിരുന്നു,പ്രിൻസിപ്പൽ.ആ കോഴ്സ് പാസായവരിൽ മുഴുവൻസമയ പത്രപ്രവർത്തകരായവർ വളരെക്കുറച്ചാളുകൾ മാത്രം.
1967ൽ നാട്ടിൽ തിരിച്ചെത്തിയ വൈക്കം മധുവിന് മലയാള മനോരമയിലേക്കുള്ള വഴി ഒരുക്കിയത് അകന്ന ബന്ധുവായിരുന്ന ഏറ്റുമാനൂർ ഗോപാലൻ നായർ.അദ്ദേഹം വഴി എഡിറ്റോറിയൽ വിഭാഗം മേധാവിയുമായി ബന്ധപ്പെട്ടു.പരസ്യവിഭാഗത്തിൽ ജോലിചെയ്യുന്ന ഒരു ആൻഡ്രൂസ് വിരമിച്ച ഒഴിവിൽ മധു മനോരമയിൽ ജോലിയിൽ പ്രവേശിച്ചു.പരസ്യങ്ങൾ വിവർത്തനം ചെയ്യുകയായിരുന്നു പണി.ഏതാനും വർഷം കഴിഞ്ഞ് സബ് എഡിറ്ററായി.കെ.സി മാമ്മൻ മാപ്പിളയുടെ കാലത്ത് പത്രാധിപസമിതി അംഗമായ,ഏറെ സീനിയറായ, കെ.വി മാമ്മൻ ജേണലിസത്തിൽ ഡിപ്ളോമയുള്ള ആദ്യത്തെ മനോരമക്കാരനായിരുന്നു.അദ്ദേഹത്തിൻ്റെ ശിഷ്യനായി,ആ നിരയിലെ രണ്ടാമനായി വൈക്കം മധു.
“എൻ.എം എബ്രഹാം,കെ.പി കൃഷ്ണപിഷാരടി എന്നിവരുടെ കടുത്ത ശിക്ഷണത്തിലായിരുന്നു എൻ്റെ തുടക്കം.അവർ ഭാഷയിൽ ഏറെ ശ്രദ്ധിച്ചിരുന്നു”.അന്ന് ബാബു ചെങ്ങന്നൂർ, വി.കെ.ബി നായർ തുടങ്ങിയവരായിരുന്നു ന്യൂസ് എഡിറ്റർമാർ.”നോവലിസ്റ്റായ ബാബു ചെങ്ങന്നൂർ ദേഷ്യക്കാരനായിരുന്നു .ആദ്യ കാലത്ത്, ഞാൻ എഡിറ്റ് ചെയ്ത കോപ്പികൾ അദ്ദേഹം വലിച്ചെറിഞ്ഞിട്ടുണ്ട്”.കെ.വി മാമ്മൻ, ടി.കെ.ജി നായർ തുടങ്ങിയവരായിരുന്നു എഡിറ്റോറിയൽ പേജിലെ ലേഖനങ്ങളും ഡെസ്കിലെ പ്രധാനകാര്യങ്ങളും നോക്കിയിരുന്നത്.എൻ.എം മാണി,ജോയി തിരുമൂലപുരം,കുര്യൻ പാമ്പാടി തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
കുട്ടികൃഷ്ണമാരാരുടെ പുസ്തകങ്ങൾ വായിച്ച് ഭാഷാശുദ്ധി വരുത്തി. “വിവർത്തനം ചെയ്ത് വാർത്തകളെഴുതുമ്പോഴും, മാറ്റിയെഴുതി തലക്കെട്ടെഴുതുമ്പോഴും ഞാൻ ജൂനിയർമാരെ വരെ കാണിച്ചിരുന്നു”.ലേഖകർ അയയ്ക്കുന്ന മിക്കവാറും വാർത്തകൾ ഡെസ്കിൽ മാറ്റിയെഴുതുമായിരുന്നു. “ഉടമസ്ഥരുടെ താല്പര്യങ്ങൾക്ക് വിരുദ്ധമായതൊന്നും ഒരു പത്രത്തിലും വരുകയില്ല.എല്ലാവർക്കും വാണിജ്യ-രാഷ്ട്രീയ താല്പര്യങ്ങളുണ്ട്. മനോരമയിലും അങ്ങനെ തന്നെ”.
മാസത്തിലൊരിക്കലുള്ള എഡിറ്റോറിയൽ യോഗത്തിന് മുഖ്യ പത്രാധിപർ കെ.എം മാത്യു എത്തും.എല്ലാ കാര്യങ്ങളും അവിടെ തുറന്നു പറയാം,വിമർശിക്കാം.“മാത്തുക്കുട്ടിച്ചായൻ ദേഷ്യപ്പെട്ടൊന്നും പറയില്ല.ആരെയും വെറുപ്പിക്കില്ല.പത്രത്തിൽ തെറ്റുവരുത്തിയാൽ ക്യാബിനിലേക്ക് വിളിപ്പിച്ച്, വളരെ സൗമ്യമായി സംസാരിക്കും.’നമ്മൾ ശ്രദ്ധിക്കേണ്ടേ’,’നമുക്ക് അവരെ പിണക്കാൻ പറ്റുമോ’ എന്നൊക്കെ ചോദിക്കും.മിസിസ് കെ.എം മാത്യുവും അങ്ങനെയായിരുന്നു.”തെറ്റുകൾ ചൂണ്ടിക്കാട്ടി ചിലപ്പോഴൊക്കെ മുഖ്യ പത്രാധിപർ കുറിപ്പുകളും കൊടുത്തയച്ചിരുന്നു.
മുൻപ്,പത്രത്തിൻ്റെ ഒരോ കോളവും വരകളിട്ട് വേർതിരിച്ചിരുന്നു .അത് നിർത്തിയത് എഡിറ്റോറിയൽ യോഗത്തിലുയർന്ന അഭിപ്രായത്തെ തുടർന്നായിരുന്നുവെന്ന് വൈക്കം മധു ഓർക്കുന്നു.വാർത്തകളിൽ കുറ്റപ്പെടുത്തലോ ആരോപണങ്ങളൊ ഉണ്ടെങ്കിൽ ബന്ധപ്പെട്ടവരോട് സംസാരിച്ച് വ്യക്തത ഉണ്ടാക്കിയതിനു ശേഷമേ കൊടുക്കാവൂ എന്ന് പത്രാധിപർ നിഷ്കർഷിച്ചിരുന്നു.അതിനായി വാർത്തകൾ മാറ്റിവെയ്ക്കേണ്ടിവന്നിട്ടുണ്ട് .വളരെ പ്രധാനപ്പെട്ട വാർത്തകൾ മാത്രമേ അദ്ദേഹത്തെ കാണിച്ചിരുന്നുള്ളൂ. ബാക്കിയെല്ലാം ന്യൂസ് എഡിറ്ററോ അതത് ദിവസങ്ങളിലെ ചുമതല വഹിച്ചിരുന്നവരോ ചെയ്യുകയായി രുന്നു പതിവ്.
കോട്ടയത്ത് പത്രാധിപ സമിതിയിൽ മാത്രമാണ് വൈക്കം മധു ജോലി ചെയ്തത്.മറക്കാനാവാത്ത ചില അനുഭവങ്ങളുണ്ട് .ഒരിക്കൽ രോഷാകുലനായി ഒരാൾ ന്യൂസ് എഡിറ്ററെ കാണാനെത്തി, “സാർ,ഞാൻ മരിച്ചിട്ടില്ല’’.ന്യൂസ് എഡിറ്റർ പറഞ്ഞു, “അത് നിങ്ങളെ കണ്ടാൽ അറിയാമല്ലോ’’.അയാൾ അന്നത്തെ ചരമവാർത്ത കാട്ടി പറഞ്ഞു,“ദാ,ഈ വാർത്തപ്രകാരം ഞാൻ മരിച്ചുപോയല്ലോ”.
-കുടുംബ വഴക്കിനെ തുടർന്ന് അദ്ദേഹത്തിൻ്റെ മക്കളിലാരോ കൊടുത്തതായിരുന്നു ആ ‘ചരമ’ വാർത്ത!
“അടുത്ത ദിവസം ക്ഷമാപണക്കുറിപ്പ് കൊടുത്തു.ആ സംഭവത്തെത്തുടർന്ന് ചരമവാർത്തകൾ വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യാൻ സംവിധാനം ഏർപ്പെടുത്തി. വാർത്ത എഴുതിയെടുത്ത് നൽകാനായി ഡെസ്കിൽ രണ്ടുപേരെ ഡ്യൂട്ടിക്കിടാൻ തുടങ്ങി.അതിനുശേഷം,ബന്ധുക്കളുടെ ഫോൺ നമ്പർ വാങ്ങി, വിവരം ഉറപ്പുവരുത്തിയ ശേഷമേ വാർത്ത കോടുക്കൂ”.
പല വിദേശ പത്രപ്രവർത്തകരെയും അമ്പരപ്പിച്ചതാണ് ചരമവാർത്തകൾക്ക് മനോരമ നൽകിയ പ്രാധാന്യം.അവിടെ ഇപ്പോഴും വളരെ പ്രധാനപ്പെട്ടവരുടെ ചരമവാർത്തകളേ നൽകൂ. “ പത്രത്തിന് ജനങ്ങളുമായുള്ള ബന്ധം വ്യക്തമാക്കുന്നതാണ് ഈ വാർത്തകൾ.മലബാർ ഭാഗങ്ങളിലേക്ക് കുടിയേറിയവർ നാട്ടിലുള്ളവരുടെയും ബന്ധുക്കളുടേയുമൊക്കെ വേർപാടുകൾ അറിയുന്നത് ഈ വാർത്തകളിലൂടെയാണ് .അതു നൽകാൻ ടി.വി ചാനലുകൾക്കോ മറ്റു മാദ്ധ്യമങ്ങൾക്കോ കഴിയില്ല. മനോരമയുടെ പ്രചാരം കൂട്ടാൻ ചരമവാർത്തകളും പ്രാദേശികവാർത്തകളും ഏറെ സഹായിച്ചു.ഇക്കാര്യത്തിൽ മറ്റു പത്രങ്ങൾക്ക് മനോരമയായിരുന്നു മാർഗദർശിയായത്”.
വൈക്കം മധു അപൂർവമായി മാത്രമേ പത്രത്തിൽ റിപ്പോർട്ടുകൾ എഴുതിയിട്ടുള്ളൂ.ജർമ്മൻ മലയാളി അസോസിയേഷൻ്റെ ക്ഷണമനുസരിച്ച് ആ രാജ്യം സന്ദർശിച്ചപ്പോൾ എഴുതിയ റിപ്പോർട്ടുകൾ അവിടെയിരുന്നുകൊണ്ടു തന്നെ പത്രത്തിൽ വായിച്ചത് ഇപ്പോഴും ഓർക്കുന്നു.ആസാം,മിസോറാം, നാഗാലാൻ്റ് സംസ്ഥാനങ്ങളിൽ നടത്തിയ സ്വകാര്യ സന്ദർശനത്തെക്കുറിച്ചും പത്രത്തിലെഴുതി. പാലക്കാട്,കണ്ണൂർ തുടങ്ങിയ പുതിയ യൂണിറ്റുകൾ ആരംഭിച്ചപ്പോഴും പുതിയ പത്രപ്രവർത്തകർക്കായി പരിശീലനപരിപാടികൾ നടത്തിയപ്പോഴും അദ്ദേഹം അദ്ധ്യാപകനുമായി.
പത്രപ്രവർത്തനജീവിതത്തിനിടയിലും വൈക്കം മധു അക്ഷരശ്ളോകക്കമ്പം വിട്ടില്ല. അതിനായി ‘ശ്ളോകം’ എന്ന പേരിൽ ഒരു അക്ഷരശ്ളോക മാസിക തന്നെ രണ്ടു വർഷത്തോളം അദ്ദേഹം പ്രസിദ്ധീകരിച്ചു.മകൻ്റെ പേരിലായിരുന്നു രജിസ്ട്രേഷൻ.ഭോപ്പാലിൽ നടന്ന ലോക കവിസമ്മേളനം പ്രമാണിച്ച്,ഇംഗ്ളിഷ് കവിതകളും വിവർത്തനങ്ങളുമുൾപ്പെടുത്തി ഇറക്കിയ പതിപ്പ് ,ട്രെയിനിൽ അയച്ച്, അവിടെ വിതരണം ചെയ്തതും ധന്യമായ ഓർമ്മ.മകൾ ശർമ്മിളയ്ക്കും മകൻ ദിലീപനും ഇന്നും അക്ഷരശ്ളോകത്തിൽ താല്പര്യമുണ്ട് .പണ്ട് പഠിച്ച ശ്ളോകങ്ങളൊന്നും അവർ മറന്നിട്ടില്ല.
2004ൽ വൈക്കം മധു മനോരമയിൽ നിന്ന് വിരമിച്ചു.പിന്നെ രണ്ടുവർഷത്തോളം മംഗളത്തിൽ പ്രവർത്തിച്ചു.തുടർന്ന് കുറച്ചുകാലം ‘ഏവിയേഷൻ ഹെറാൾഡ്’ എന്ന ഇംഗ്ളീഷ് മാസികയുടെ പത്രാധിപരായി. കോട്ടയം പ്രസ് ക്ളബിൻ്റെ ജേണലിസം കോഴ്സ് ഡയറക്ടർ,ബി .സി.എം കോളേജിൻ്റെ ആഡ്-ഓൺ-കോഴ്സ് അദ്ധ്യാപകൻ എന്നീ നിലകളിൽ പത്രപ്രവർത്തക പരിശീലകനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട് .
മലയാള മനോരമയ്ക്കു പുറമേ മാതൃഭൂമിയും ദ ഹിന്ദുവും വായിക്കും.ടെലിവിഷൻ അപൂർവ്വമായേ കാണൂ. “പത്രങ്ങൾ ഭാഷാപരമായി തകർച്ചയിലാണ് .ഇപ്പോൾ പ്രാദേശിക ഭാഷയും പുതുവാക്കുകളുമൊക്കെ ഉപയോഗിച്ച് ആളുകളെ സുഖിപ്പിക്കുന്ന രീതിയിലുള്ള തലക്കെട്ടുകൾ കൊടുക്കുന്നുണ്ട്”.
ചെറുപ്പക്കാർക്ക് പത്രം വായിക്കാൻ താല്പര്യമില്ല.എല്ലാം മൊബൈൽമയമാണിപ്പോൾ. പക്ഷേ,ടി.വി ചാനലുകൾക്കും മറ്റു മാദ്ധ്യമങ്ങൾക്കും വാർത്തകളുടെ പശ്ചാത്തലവും അനുബന്ധ വിവരങ്ങളും മറ്റു വിശദാംശങ്ങളും നൽകാൻ കഴിയാത്തതിനാൽ പത്രങ്ങൾക്ക് അത് ചെയ്യാം.പ്രധാന വാർത്തകളുടെ ഫോളോ-അപ് സ്റ്റോറികൾ കൊടുക്കാം.കൂടുതൽ വികസന വാർത്തകളും നൽകാം.പഴയ തലമുറയ്ക്ക് ഇഷ്ടപ്പെടുന്ന കാര്യങ്ങളും കൂടുതലായി നൽകണമെന്നും അദ്ദേഹം പറഞ്ഞു.
പുതു തലമുറയിൽപെട്ടവർ മാദ്ധ്യരംഗത്തേക്ക് വരാൻ മടിക്കുന്നതിൻ്റെ കാരണം കുറഞ്ഞ ശമ്പളവും ‘ഹയർ ആൻ്റ് ഫയർ’ നയവുമാണെന്ന് വൈക്കം മധു പറഞ്ഞു.സാമൂഹികസേവന താല്പര്യവും അവർക്ക് കുറവാണ് . “പത്രപ്രവർത്തകർക്ക് സമൂഹത്തോട് പ്രതിബദ്ധതയും ഉത്തരവാദിത്വവും വേണം”.
എന്നാൽ,സ്വതന്ത്രമായ മാധ്യമങ്ങൾ നിലനിൽക്കാൻ പ്രയാസമുള്ള കാലഘട്ടമാണിത്. വ്യവസായികളല്ലാത്ത വർക്ക് പത്രം നടത്താൻ കഴിയില്ല.അതുകൊണ്ട്, മുതൽ മുടക്കുന്നവരുടെ താല്പര്യം സംരക്ഷിക്കപ്പെടുന്നു.
വിരമിച്ച ശേഷമാണ് വൈക്കം മധു രണ്ടു പുസ്തകങ്ങളും എഴുതിയത്. ‘ഇടയാളം’ എന്ന ആദ്യ ഗ്രന്ഥം ഭാഷാചിഹ്നങ്ങളെക്കുറിച്ച് ദീർഘകാലം ഗവേഷണം ചെയ്താണ് എഴുതിയത്.2500 വർഷം മുൻപായിരുന്നു ചിഹ്നങ്ങളുടെ ഉത്ഭവം.രണ്ടാമത്തെ പുസ്തകത്തിൻ്റെ പേരിനടിസ്ഥാനമായ ‘ഒരു രാജാവിനെ കൊല്ലേണ്ടതെങ്ങനെ’ എന്ന ലേഖനം, ബസ്തറിലെ ആദിവാസി ജനസമൂഹത്തിനുമേൽ ഭരണകൂടങ്ങൾ നടത്തിയ അടിച്ചമർത്തലുകളെക്കുറിച്ചുള്ള ഗവേഷണാത്മകമായ ഉപന്യാസമാണ് .ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ‘വെളിച്ചെണ്ണയിൽ വറുത്തെടുത്ത വിപ്ളവം’,ഏഷ്യാ -പസഫിക് മേഖലയിലെ ബുഗൈൻവിലെ എന്ന ദ്വീപിലെ ആദിമജനസമൂഹം വെളിച്ചെണ്ണ ഇന്ധനമാക്കി തങ്ങളുടെ രാജ്യത്തിൻ്റെ നിലനിൽപ്പിനായി നടത്തിയ അസാധാരണമായ ചെറുത്തുനിലിൻ്റെ കഥയാണ്.അന്വേഷണാത്മകമായ മറ്റൊരു ലേഖനം.
പ്രായം തളർത്തുമ്പോഴും, ഇത്തരം അന്വേഷണങ്ങളുടെ ദുർഘട പാതയിൽ തന്നെയാണ് വൈക്കം മധു. വാക്കുകളുടെ നാൾവഴികളിലൂടെയാണിപ്പോഴും സഞ്ചാരം.
No comments:
Post a Comment