അരനൂറ്റാണ്ടിലേറെ നീണ്ടു നിൽക്കുന്ന പത്രപ്രവർത്തന ജീവിതം;അതും ഏറ്റവും പ്രചാരം കൂടിയ പത്രങ്ങളിലൊന്നായ മലയാള മനോരമയിൽ.ഇന്ത്യൻ ഭാഷാപത്രങ്ങളിലെ ഏറ്റവും പ്രായം കുറഞ്ഞ ന്യൂസ് എഡിറ്റർ. ബ്രിട്ടനിലെ തോംപ്സൺ റോയിട്ടേഴ്‌സ് ഫൗണ്ടേഷന്റെ കീഴിൽ മുതിർന്ന ജേണലിസ്റ്റുകൾക്ക് നടത്തിയ പരിശീലനത്തിൽ ഒന്നാമത്തെത്തിയ ആദ്യ ഇന്ത്യക്കാരൻ..
- മലയാള മനോരമയുടെ എഡിറ്റോറിയൽ ഡയറക്ടറായി വിരമിച്ച തോമസ് ജേക്കബിൻ്റെ മാദ്ധ്യമജീവിതം ഈ വിശേഷണങ്ങൾക്കെല്ലാം അപ്പുറത്താണ്.ക്ലബ് ഹൗസ് മീഡിയ റൂമിന്റെ 'ചരിത്രസാക്ഷികൾ' പരമ്പരയിൽ ( 2024 മാർച്ച് 9)പ്രത്യേക അതിഥിയായി എത്തിയ തോമസ് ജേക്കബിന്റെ അര നൂറ്റാണ്ടിലേറെ നീളുന്ന പത്രപ്രവർത്തനാനുഭവങ്ങളിലൂടെ..
ചെറുപ്പകാലം മുതൽ കൗതുകമുള്ള കാര്യങ്ങൾ ശ്രദ്ധിക്കുന്ന ആളായിരുന്നു തോമസ് ജേക്കബ്. കോളേജിൽ പഠിക്കുമ്പോൾ പത്രപ്രവർത്തനത്തിലെ പുതിയ കാര്യങ്ങൾ അദ്ദേഹത്തെ ആകർഷിച്ചിരുന്നു. വാർത്ത എങ്ങിനെയൊക്കെ എഴുതാം,വ്യത്യസ്തമാക്കാം എന്നൊക്കെ സ്വയം പരീക്ഷണം നടത്തുമായിരുന്നു.
മലയാള മനോരമയുടെ തിരുവല്ല ലേഖകനായിരുന്നു പി. പി വർഗീസ്. കോളേജ് വിട്ടുവന്നാൽ അദ്ദേഹത്തിന്റെ ഓഫീസിൽ ചെന്ന് വാർത്തകൾ മാറ്റിയെഴുതിക്കൊടുക്കും. അദ്ദേഹം അയയ്ക്കുന്ന വാർത്തകൾ നോക്കാൻ തോമസ് ജേക്കബിനെ ഏ പൂർത്തിയാക്കാൻ കഴിഞ്ഞില്ല.
കോളേജിന്റെ ആദ്യ ബാച്ചിൽ പ്രതീക്ഷിച്ചിരുന്ന 100% വിജയം അങ്ങനെ ഉണ്ടാകാതെ പോയി.
"നാട്ടിൽ ഞങ്ങളുടെ കാരണവന്മാർ സ്ഥാപിച്ച ഒരു ഹൈസ്കൂളിലെ ശാസ്ത്രാധ്യാപകന്റെ ജോലി കിട്ടുമെന്ന പ്രതീക്ഷയും ഇല്ലാതായി.കുടുംബത്തിനോടുള്ള താല്പര്യം കൊണ്ടും ഞങ്ങളുടെ സാമ്പത്തിക പ്രയാസം അറിയാവുന്നതുകൊണ്ടും മാനേജ്മെൻ്റ്വേക്കൻസി എനിക്കായിറിസർവ്വ് ചെയ്തു വച്ചിരുന്നു."
ചെറുപ്പകാലം മുതൽ കാർട്ടൂൺ വരയ്ക്കും,വര ആസ്വദിക്കും. പല പത്രങ്ങളുടെ കാർട്ടൂണുകൾ താരതമ്യപ്പെടുത്തും.
കോളേജിൽ പഠിക്കുമ്പോൾ മനോരമയിൽ കാർട്ടൂൺ വന്നിട്ടുണ്ട്. അക്കാലത്ത് നടന്ന പി.എം. ജി ജീവനക്കാരുടെ സമരത്തെപ്പറ്റിയുള്ളതായിരുന്നു ആ കാർട്ടൂൺ.അറിയപ്പെടുന്ന രാഷ്ട്രീയ കാർട്ടൂണിസ്റ്റായ കെ. എസ് പിള്ളയാണ് അന്ന് മനോരമ,കേരള ഭൂഷണം,ദേശബന്ധു പത്രങ്ങളിൽ വരച്ചിരുന്നത്.
" അന്ന് അദ്ദേഹവും സമരത്തെപ്പറ്റിയാണ് വരച്ചത്. കെ. എസ് പിള്ളയുടെ കാർട്ടൂണിനൊപ്പം എൻ്റെയും വന്നത് എനിക്ക് എവറസ്റ്റ് കയറിയ പോലുള്ള സംഭവമായിരുന്നു".
അതാണ് മനോരമയിലേക്കുള്ള വഴി തുറന്നത്."ഞാൻ വരയ്ക്കും എന്ന് അറിയാമായിരുന്ന ഒരു പ്രൊഫസർ എന്നെയും കൊണ്ട് അന്നത്തെ മനോരമ എഡിറ്റർ കളത്തിൽ വർഗീസിനെ കാണാൻ പോയി. കാർട്ടൂൺ മാറ്റിവെച്ച് കുറേനേരം വർത്തമാനം പറഞ്ഞു. എന്റെ താൽപര്യം മനസ്സിലാക്കി,ജോലിക്ക് താല്പര്യമുണ്ടെങ്കിൽ കെ.എം മാത്യു സാറിനെ കാണാൻ പറഞ്ഞു. അദ്ദേഹം സഹോദരൻ കെ.എം ചെറിയാൻ്റെ അടുത്തേക്കയച്ചു".ആറ്റംബോംബിനെക്കുറിച്ച് ലേഖനം എഴുതാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്.ഇഷ്ടപ്പെട്ട വേറെ എന്തെങ്കിലും വിഷയത്തെപ്പറ്റി ഒരു ഉപന്യാസവും കൂടി എഴുതാൻ പറഞ്ഞു."കുശിനിയിൽ സഹായിക്കുവാൻ വരുന്ന ഒരു സാധാരണ സ്ത്രീക്ക് വരെ മനസ്സിലാകുന്ന രചനാരീതിയാണ് വേണ്ടതെന്ന് കരുതി. നാത്തൂൻ പോരിന്റെ രീതിയിൽ അവതരിപ്പിച്ചു.നർമ്മ ബോധത്തെ പറ്റി മുൻപ് എഴുതിയ ഒരു ഉപന്യാസം പോലെ മറ്റൊരെണ്ണം എഴുതി. അതും കൊണ്ട് കെ.എം ചെറിയാനെയും കെ. എം മാത്യുവിനെയും ചെന്ന് കണ്ടു " .
കൂടിക്കാഴ്ച കഴിഞ്ഞ് മൂന്നു മാസം ആയിട്ടും വിവരം ഒന്നും അറിഞ്ഞില്ല.പിന്നീട്
മാർത്തോമാ സഭയുടെ അധ്യക്ഷനായിത്തീർന്ന മാർ ക്രിസോസ്റ്റത്തിനെ ചെന്നുകണ്ടു. അദ്ദേഹം അന്ന് മെത്രാനാണ് ;നാട്ടുകാരനും.അദ്ദേഹം കെ. എം മാത്യുവിനെ വിളിച്ചു. തിരുമേനിയുടെ നർമ്മം അറിയാവുന്നതുകൊണ്ട് മാത്യു ചോദിച്ചു, ''തോമസ് ജേക്കബ്, തിരുമേനിയുടെ ആളാണോ? എങ്കിൽ എടുക്കുന്ന പ്രശ്നമേ ഇല്ല. തിരുമേനിയുടെ ആൾക്കാരെല്ലാം മഹാ ഉഴപ്പൻമാരാണ്. അങ്ങനെ പറഞ്ഞെങ്കിലും, ഒരാഴ്ചയ്ക്കുള്ളിൽ വന്നു ജോയിൻ ചെയ്യാൻ എന്നോട് ആവശ്യപ്പെട്ടു".
വി.പി രാമചന്ദ്രനും തോമസ് ജേക്കബും കേരള മീഡിയ അക്കാദമിയിൽ നടന്ന മത്തായി മാഞ്ഞൂരാൻ - എൻ.എൻ സത്യവ്രതൻ അനുസ്മരണച്ചടങ്ങിൽ .
കാർട്ടൂണിസ്റ്റാകാനാഗ്രഹിച്ചാണ് മനോരമയിൽ ചെല്ലുന്നത്."പക്ഷേ,എന്നെ പത്രപ്രവർത്തകനാക്കാൻ അവർ തീരുമാനിക്കുകയായിരുന്നു".അങ്ങനെ, എഡിറ്റോറിയൽ വിഭാഗത്തിൽ ട്രെയിനിയായി. സ്റ്റൈപെൻഡ് 50 രൂപ.വായനയിലുള്ള താൽപര്യം സാഹിത്യത്തോടും സർഗാത്മകമായ പ്രവർത്തനങ്ങളോടും ഉണ്ടായിരുന്നു.കാർട്ടൂണിസ്റ്റാകാൻ ആഗ്രഹിച്ചിട്ട്, അതിന് കഴിയാത്തതിൽ അൽപ്പം ചിന്താക്കുഴപ്പം ആദ്യം ഉണ്ടായിരുന്നു. പക്ഷേ,വിജയിക്കണമെങ്കിൽ ജോലിയിൽ നൂറു ശതമാനം ശതമാനം ശ്രദ്ധ കേന്ദ്രീകരിച്ചാലേ പറ്റൂ എന്ന് മനസ്സിലാക്കി, പത്രപ്രവർത്തനത്തിൽ മാത്രം ശ്രദ്ധയർപ്പിച്ചു .
1960ൽ, ജോലിക്ക് കയറുമ്പോൾ കോട്ടയത്തുനിന്ന് മാത്രം പ്രസിദ്ധീകരിക്കുന്ന പത്രമായിരുന്നു മനോരമ. 92,000ത്തിൽ താഴെ കോപ്പികൾ." ചേർന്നയുടൻ കെ. എം മാത്യു എന്നെ പത്രാധിപ സമിതിയംഗമായ ബാബു ചെങ്ങന്നൂരിനെ കാണാൻ അയച്ചു. എഡിറ്റോറിയൽ റൂമിലേക്ക് കയറുമ്പോൾ ഞാൻ ആദ്യം കാണുന്ന പത്രാധിപർ കൊടുപ്പുന്ന ഗോവിന്ദ ഗണകൻ സാർ ആണ്. മലയാള ഭാഷയുടെ, സംസ്കൃതത്തിന്റെ, ഗണകത്തിന്റെ, ഭാവി പ്രവചനത്തിന്റെ ഒക്കെ ആചാര്യനായ കൊടുപ്പുന്ന മലയാള മനോരമ പത്രാധിപസമിതിയിൽ അംഗമായിരുന്നു !"
പത്രാധിപ സമിതിയിൽ അന്ന് വെറും ഏഴുപേർ മാത്രമാണുള്ളത്. അതിൽ പ്രമുഖൻ
പട്ടാമ്പിക്കാരനായ കെ. പി കരുണാകര പിഷാരടിയായിരുന്നു.യാത്രാ സൗകര്യങ്ങൾ പരിമിതമായ അക്കാലത്ത് കോട്ടയത്തെത്തിയ 16 വയസ് മാത്രമുള്ള പയ്യനെ അന്നത്തെ ചീഫ് എഡിറ്റർ കെ. സി മാമ്മൻ മാപ്പിള നോവൽ തർജ്ജമക്കാരനായി ജോലിക്കെടുത്തു. പിന്നീട് അദ്ദേഹം മനോരമയുടെ സബ് എഡിറ്ററും വനിത മാസികയുടെ ആദ്യ പത്രാധിപരുമായി . സർവോദയ പ്രസ്ഥാനത്തിൻ്റെ നേതാവുമായിരുന്നു,പിഷാരടി.
ഡോ.എം ലീലാവതി,തോമസ് ജേക്കബ്,വി.പി രാമചന്ദ്രൻ,ടി.വേണുഗോപാലൻ,എൻ.എൻ സത്യവ്രതൻ എന്നിവർ കേരള മീഡിയ അക്കാദമിയിലെ ഒരു ഓണാഘോഷത്തിൽ .
മനോരമ പത്രാധിപ സമിതിയിൽ ഉണ്ടായിരുന്ന പി.സി കോരുത് നോവലിസ്റ്റായിരുന്നു. അദ്ദേഹത്തിന് വീട്ടിൽ ഒരു പ്രസ് ഉണ്ടായിരുന്നു;പി. സി പ്രസ്സ്.പ്രസ്സിൽ അച്ചടിക്കാനായി ഒന്നുമില്ലന്ന് ഫോർമാൻ പറയുമ്പോൾ നോവൽ എഴുതിറക്കാടുക്കും.ഒരിക്കൽ എഴുതാനിരുന്നെങ്കിലും കഥ വന്നില്ല.
അദ്ദേഹം മനോരമ ഓഫീസിൽ കെട്ടുകണക്കിന് വരുമായിരുന്ന കുറേ കടലാസ് വീട്ടിൽ കൊണ്ടുപോയി.
റഷ്യൻ, അമേരിക്കൻ എംബസികളിൽ നിന്ന് വരുന്ന മലയാളം ബുള്ളറ്റിനായിരുന്നു അവ. അതിൽ നിന്ന് അദ്ദേഹം, 'നെഹ്റു റഷ്യയിൽ' എന്ന പുസ്തകം തയ്യാറാക്കി. അത് അച്ചടിച്ച് വിതരണത്തിനായി എൻ.ബി.എസിനെ ഏൽപ്പിച്ചു.സാഹിത്യപ്രവർത്തകസഹകരണ സംഘത്തിലെ ഡയറക്ടർ ബോർഡ് അംഗം കൂടിയായിരുന്നു കോരുത് ."റഷ്യൻ ബുള്ളറ്റിൻ പകർത്തിവെച്ച ആ പുസ്തകത്തിന് എട്ട് പതിപ്പുകൾ ഉണ്ടായി എന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല," തോമസ് ജേക്കബ് പറഞ്ഞു. തിരുവല്ലക്കാരൻ ടി. ജോൺ പത്രാധിപസമിതിയിൽ ഉണ്ടായിരുന്നു.
അദ്ദേഹത്തിന് സാഹിത്യം അറിയില്ലെങ്കിലും ഇംഗ്ലീഷ് വാർത്തകൾ തർജ്ജമ ചെയ്യുന്നതിൽ വിദഗ്ധനായിരുന്നു.പത്രാധിപ സമിതിയിൽ ഉണ്ടായിരുന്ന എം.കുര്യൻ മലയാള പത്രങ്ങളിൽ ശാസ്ത്ര ബിരുദാനന്തര ബിരുദധാരിയായിരുന്ന ആദ്യത്തെയാളായിരുന്നു.
1957 ചൈനയും റഷ്യയും ചേർന്ന് സ്പുട്നിക് ബഹിരാകാശത്തേക്ക് അയച്ചപ്പോൾ
മാതൃഭൂമിയിൽ ശാസ്ത്ര ലേഖനങ്ങൾ എഴുതാറുണ്ടായിരുന്ന സി.രാധാകൃഷ്ണനെക്കൊണ്ട് വാർത്ത എഡിറ്റ് ചെയ്യിക്കാൻ മാതൃഭൂമി പത്രാധിപസമിതി തീരുമാനിച്ചത് തോമസ് ജേക്കബ് ഓർത്തു.അ അ അദ്ദേഹം കോഴിക്കോട് പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു. " മാനവിക വിഷയങ്ങളിൽ ബിരുദമെടുത്ത ഞങ്ങൾക്ക് മനസ്സിലാകുന്നില്ല. മനുഷ്യന് മനസ്സിലാക്കാവുന്ന ഭാഷയിൽ ഇതൊന്ന് തർജ്ജമ ചെയ്ത് തരണം" , അവർ രാധാകൃഷ്ണനോട് ആവശ്യപ്പെട്ടു. സി.രാധാകൃഷ്ണൻ റോക്കറ്റ്, സ്പുട്നിക് എന്ന വാക്കുകൾ അതേപടി നിലനിർത്തി. ഓർബിറ്റിന് (ഭ്രമണപഥം)അദ്ദേഹം കൊടുത്ത പേര് പ്രദക്ഷിണ വഴി എന്നായിരുന്നു.
അന്ന് ബഹിരാകാശം എന്ന വാക്ക് പോലും ഇല്ല.മാന്നാനത്തുള്ള കെ.വി മാമ്മൻ, എൽ. എൽ. ബിക്കാരനായിരുന്ന കെ. മാത്തൻ, നോവലിസ്റ്റ് ബാബു ചെങ്ങന്നൂർ എന്നിവരും അന്ന് പത്രാധിപ സമിതിയിൽ ഉണ്ടായിരുന്നു .കൊല്ലം ഫാത്തിമ കോളേജിൽ ബി.കോമിന്റെ പ്രാഗ് രൂപമായ എൻ.ഡി.എ കോഴ്സ് ചെയ്ത ബാബു ചെങ്ങന്നൂർ,പത്രപ്രവർത്തനത്തിൽ ഒരു പരിശീലനവും ഇല്ലാതെ ഏറെചെറിയ പ്രായത്തിൽ മലയാള മനോരമയുടെ ആദ്യ ന്യൂസ് എഡിറ്ററായി.
ബിരുദമോ ബിരുദാനന്തര ബിരുദമോ കഴിഞ്ഞവർ മാത്രമേ അന്ന് പത്രാധിപർ ആകൂ.എന്നാൽ, എസ്.എസ്.എൽ.സി പാസാകാത്തവർ പോലും അന്നത്തെ പത്രാധിപസമിതിയിൽ ഉണ്ടായിരുന്നു ."അന്നത്തെ എസ്.എസ്.എൽ.സിക്കാർ ഇന്നത്തെ എം.എ ക്കാർക്ക് തുല്യരായിരുന്നു.അവരുടെ ഇംഗ്ലീഷ് വളരെ മെച്ചപ്പെട്ടതായിരുന്നു".
ഇന്ന് റിപ്പോർട്ടർമാർ ഉൾപ്പെടെ 400 പേർ മനോരമയുടെ എഡിറ്റോറിയൽ സംഘത്തിലുണ്ട്. അന്ന് ഒരു സ്ഥലത്ത് മാത്രമാണ് അച്ചടിച്ചിരുന്നത്. ഇന്ന് കേരളത്തിൽ 11 സ്ഥലങ്ങളിൽ നിന്ന് അച്ചടിക്കുന്നതിനു പുറമേ ചെന്നൈ, ബംഗളൂർ, ബോംബെ,ഡൽഹി കൂടാതെ ഗൾഫിലെ രണ്ട് സ്ഥലങ്ങളിൽ നിന്നും അച്ചടിക്കുന്നുണ്ട്. കോട്ടയത്ത് മാത്രം അറുപതോളം പേരുണ്ട്.മറ്റു സ്ഥലങ്ങളിൽ ഒരു ഡസനിലേറെ പത്രാധിപന്മാരുണ്ട്.മനോരമയ്ക്ക് ഒരു മുഴുവൻ സമയ റിപ്പോർട്ടർ അക്കാലത്ത് തിരുവനന്തപുരത്തുണ്ടായിരുന്നു. "ഇന്ന് ഡസനിലേറെ റിപ്പോർട്ടർമാരുണ്ട്" .
കോഴിക്കോട് നിന്ന് മാത്രം അച്ചടിച്ചിരുന്ന മാതൃഭൂമി 1962ൽ കൊച്ചിയിൽക്കൂടി അച്ചടിക്കാൻ തീരുമാനിച്ചു. മനോരമ ഉൾപ്പെടെ മറ്റു പത്രങ്ങളുമായുള്ള മത്സരത്തിന്റെ ഭാഗമായിരുന്നു അത്.
1938 ൽ കോട്ടയത്തുനിന്ന് ഇറക്കിയ പൗരധ്വനിയുടെ ഉടമ കെ. എൽ ചാക്കോ രണ്ട് സ്ഥലങ്ങളിൽ പത്രം അച്ചടിച്ച ആദ്യ വ്യക്തിയാണ്. 1948 ൽ പൗരശക്തി എന്ന പേരിൽ തിരുവനന്തപുരത്തു തുടങ്ങിയതുകൊണ്ട് രണ്ടാം എഡിഷൻ തുടങ്ങുന്ന ആദ്യത്തെ ആൾ എന്ന ഖ്യാതി കിട്ടാതെ പോയി.
മാതൃഭൂമി രണ്ടാം എഡിഷൻ ആലോചിക്കുന്നതിന് 14 വർഷം മുൻപാണ് ഇത്.പ്രമുഖ പത്രങ്ങൾ അക്കാലത്ത് ഉച്ചകഴിഞ്ഞും വൈകിട്ടുമാണ് ഇറങ്ങിയിരുന്നത്.മാതൃഭൂമി സായാഹ്ന പത്രം ആയിരുന്നില്ല. കെ. പി കേശവമേനോന്റെ ആത്മകഥയിൽ പത്രം അച്ചടിച്ച് കയ്യിൽ കിട്ടിയപ്പോഴേക്കും നേരം പുലർന്നിരുന്നു എന്ന് പറയുന്നുണ്ട്.1950കളിൽ മാത്രമാണ് മനോരമ പ്രഭാത എഡിഷൻ ആരംഭിക്കുന്നത്.
സായാഹ്ന പത്രം പ്രഭാത പത്രമായതിനെക്കുറിച്ച് കെ. എം മാത്യു പറയുന്ന ഒരു തമാശ ഇതാണ്. ''കയ്യിലുള്ളത് ഒരു പഴഞ്ചൻ പ്രസ്സ്. അതിൽ പത്രം അച്ചടിച്ച് ദിവസവും വിതരണം ചെയ്യണം. സായാഹ്ന പത്രമാകുമ്പോൾ വൈകിട്ട് 8 മണി വരെ വിതരണം ചെയ്യാം.അതുകഴിഞ്ഞ് വിതരണമൊന്നും നടക്കില്ല.ഒരിക്കൽ കേടായ പ്രസ്സ് ശരിയാക്കി അച്ചടിച്ചു വന്നപ്പോൾ നേരം വെളുത്തു.അങ്ങനെ അത് പ്രഭാത പത്രമായി."1950 കളിൽ മനോരമ പ്രഭാതമാത്രമായി.
തിരുവിതാംകൂർ കൊച്ചി ഭാഗത്തെ പല പത്രങ്ങളും സായാഹ്ന പത്രങ്ങൾ ആയിരുന്നു. പ്രഭാത എഡിഷൻ ഉള്ളവയ്ക്ക് സായാഹ്ന എഡിഷൻ കൂടി ഉണ്ടായിരുന്നു.1966 ൽ കോഴിക്കോട് മാതൃഭൂമിക്കും ചന്ദ്രികയ്ക്കും പ്രഭാത പത്രത്തിന് പുറമേ ഒരു ഈവനിംഗ് എഡിഷൻ കൂടി ഉണ്ടായിരുന്നു.ബ്രോഡ് ഷീറ്റിൽ തന്നെയുള്ള പത്രം എട്ടു പേജ് ആയിരുന്നു. എട്ടുപേജ് ഉണ്ടെങ്കിലും ഫലത്തിൽ മൂന്നു പേജോളം വായിച്ചവ തന്നെയായിരിക്കും. മുഖപ്രസംഗം, സ്പോർട്സ് പേജുകൾ രാവിലെ ഇറങ്ങിയത് തന്നെ. നാലുമണി വരെയുള്ള വാർത്തകൾ ഉൾക്കൊള്ളിക്കേണ്ടതിനാൽ സായാഹ്നപത്രങ്ങൾ നേരത്തെ അച്ചടിക്കാൻ കഴിയില്ല . ഇവയ്ക്ക് വലിയ പ്രചാരം ഉണ്ടായിരുന്നില്ല.
1970 ആയപ്പോഴേക്കും മാതൃഭൂമി സായാഹ്ന എഡിഷൻ നിർത്തി.ചന്ദ്രിക മുൻപേ നിർത്തിയിരുന്നു. മദ്രാസിൽ നിന്ന് വന്നിരുന്ന ദ ഹിന്ദു ആദ്യകാലത്ത് ഒരു ഈവനിംഗർ ആയിരുന്നു. മദ്രാസിൽ നിന്നുള്ള ദി മെയിൽ (മദ്രാസ് മെയിൽ)നിലയ്ക്കും വരെ ഈവനിംഗർ ആയിരുന്നു.രാത്രി ഏഴ് മണിയോടെ കേരളത്തിലേക്കുള്ള ട്രെയിനിൽ കയറ്റി അയക്കും.ഇവിടെ വരുമ്പോൾ നേരം വെളുക്കും.ഫലത്തിൽ ഹിന്ദുവും മെയിലും കേരളത്തിൽ മോണിംഗ് എഡിഷൻ ആയിട്ടാണ് വിതരണം ചെയ്തിരുന്നത്. തലേദിവസം വൈകിട്ട് മദ്രാസിൽ നിന്ന് ഇറങ്ങുന്ന പേജുകൾ മുഴുവൻ ചേർത്തു കൊണ്ടായിരുന്നു മോണിംഗ് എഡിഷൻ ഇവിടെ എത്തിയിരുന്നത്.
അപൂർവമായി ഓടുന്ന ബസ്സുകളിൽ കയറ്റി വേണം എത്തിച്ചുകൊടുക്കാൻ.പത്രങ്ങൾ വിതരണം ചെയ്യുന്നതിന് ഡെലിവറി വാൻ വരുന്നത് കോട്ടയത്ത് നിന്ന് ഡോ. ജോർജ് തോമസ് 1959ൽ കേരള ധ്വനി ആരംഭിച്ചപ്പോൾ മാത്രമാണ്.
കല്ലൂപ്പാറയിൽ നിന്ന് രണ്ടുതവണ എം.എൽ.എയായ ജോർജ് തോമസ് അമേരിക്കയിൽ പ്രവർത്തിച്ചിരുന്ന കാലത്ത് ഇവിടെ കമ്മ്യൂണിസ്റ്റ് വിരുദ്ധ പത്രം തുടങ്ങാൻ അദ്ദേഹത്തിന് സാമ്പത്തിക സഹായം കിട്ടി. ധാരാളം കാശും കൊണ്ട് വന്ന അദ്ദേഹം 'എല്ലാ ദിവസവും വായിക്കാവുന്ന കേരളധ്വനി പത്രം വരുന്നു'എന്ന് മറ്റുപത്രങ്ങളിൽ പരസ്യംചെയ്തു .അന്ന് ക്രിസ്ത്യൻ ഉടമസ്ഥതയിലുള്ള
പത്രങ്ങൾക്ക് ഞായറാഴ്ച അവധിയായിരുന്നതിനാൽ തിങ്കളാഴ്ച ഇറങ്ങിയിരുന്നില്ല.അപ്പോഴാണ് ഏഴു ദിവസവും വായിക്കാവുന്ന കേരളധ്വനി വരുന്നത്.ആഴ്ചയിൽ എഴുദിവസവും പത്രമിറക്കാനും സ്വന്തം വാൻ ഉപയോഗിച്ച് പത്രം വിവിധ ജില്ലകളിൽ എത്തിക്കാനുമുള്ള തീരുമാനം പ്രൊഫഷണലായി വലിയ പുരോഗതി ഉണ്ടാക്കി.ഇതോടെകുറെ ആളുകൾ കേരളധ്വനിലേക്ക് മാറിയത് മലയാള മനോരമയുടെ സർക്കുലേഷനെ ബാധിച്ചു. അതിനാൽ,മനോരമയും ഏഴു ദിവസവും ഇറക്കാൻ തീരുമാനിച്ചു.'ചില സുപ്രധാന വാർത്തകൾ നാളെ പ്രതീക്ഷിക്കുന്നത് കൊണ്ട് നാളെയും പത്രം ഉണ്ടാകും, പതിവുസമയത്ത് കെട്ടുകൾ വാങ്ങണം' എന്ന അറിയിപ്പ് മനോരമ ഏജൻറ്മാർക്ക് നൽകി .ഇത് വായിച്ച് നാട്ടിലെ ചെറുപ്പക്കാർ കഥയുണ്ടാക്കി.ഓഫീസിലെ ഗണകൻ ഗണിച്ച് പറഞ്ഞിരിക്കും, നാളെസുപ്രധാന വാർത്തകൾ ഉണ്ടാകുമെന്ന്!
പത്രാധിപ സമിതി അംഗമായ കൊടുപ്പുന്നയെ കാണുമ്പോഴൊക്കെ , ഇങ്ങനെ കളിയാക്കി കഥയുണ്ടാക്കി, അവസാനം പറഞ്ഞതുപോലെ ആയിപ്പോയല്ലോ എന്നോർത്ത് ചിരിക്കാറുണ്ട്.
കേരളധ്വനി വന്ന ശേഷമാണ് മനോരമ പത്രവിതരണത്തിന് വാൻ വാങ്ങുന്നത്.മാതൃഭൂമി അടക്കമുള്ള മറ്റ് പത്രങ്ങളും സ്വന്തം വാനുകളിൽ പത്രം എത്തിക്കാനുള്ള സംവിധാനം ഏർപ്പെടുത്തി .
1960ൽ 26ആം വയസ്സിൽ ന്യൂസ് എഡിറ്ററായത് ഒരു പരിണാമത്തിന്റെ കഥ കൂടിയാണ്. "ഇരുപതാമത്തെ വയസ്സിലാണ് മലയാള മനോരമയിൽ ചേർന്നത്. ആറു വർഷം കഴിഞ്ഞാണ് മലയാള മനോരമ കോഴിക്കോട് പുതിയ എഡിഷൻ ആരംഭിക്കുന്നത്". മനോരമയുടെ രണ്ടാമത്തെ യൂണിറ്റ് മാതൃഭൂമിയുടെ ഹെഡ്ഓഫീസായ കോഴിക്കോട് വേണം എന്നായിരുന്നു തീരുമാനം.കോട്ടയത്തെ മനോരമയിൽ രണ്ടാമത്തെ പ്രസ് ആയി ഉപയോഗിച്ചുകൊണ്ടിരുന്നത്,നേതാജി സുഭാഷ് ചന്ദ്ര ബോസ് കൊൽക്കത്തയിലേക്ക് കൊണ്ടുപോകാൻ വാങ്ങിയ പ്രസ്സ് ആയിരുന്നു.മധുരയിലെ തമിഴ് പ്രസ്സുകാരിൽ നിന്നാണ് അത് വാങ്ങിയത് . പഴയ പ്രസ് കോഴിക്കോട്ടേക്ക് കൊണ്ടു പോയി .
കോഴിക്കോട്ടേക്ക് പോകാൻ പട്ടാമ്പിക്കാരനായ കരുണാകര പിഷാരടിക്ക് ആഗ്രഹമുണ്ടായിരുന്നു. സാഹിത്യ സഹകരണ സംഘത്തിൻറെയും പരിഷത്തിന്റെയും നേതാവുമായി മാറിയ പയ്യന്നൂർകാരനായ സി.പി ശ്രീധരൻ പത്രാധിപസമിതിയിൽ ഉണ്ടായിരുന്നു .ഇവർ രണ്ടുപേരും കോഴിക്കോട് പോകാൻ ആഗ്രഹിച്ചിരുന്നു ."മനോരമയിലെ ഏറ്റവും പ്രായം കുറഞ്ഞ പത്രാധിപരാണ് അന്ന് ഞാൻ. സീനിയോറിറ്റിയിലും ഏറ്റവും താഴെ. മനോരമയിൽ ചുമതലയേറ്റ ശേഷം അടുത്ത ആറു വർഷം ആരും പുതുതായി നിയമിക്കപ്പെട്ടിട്ടില്ല.കോഴിക്കോട് മനോരമ പത്രം തുടങ്ങുന്നതിന് ഒരു മാസം മുൻപ് എന്നെ വിളിച്ച് ഞാനാണ് അവിടെ പോകുന്നത് എന്ന് പറഞ്ഞു.പിന്നീട് ന്യൂസ് എഡിറ്റർ ആവുക ഞാൻ ആയിരിക്കും എന്ന് പോകും മുമ്പ് തന്നെ സൂചന തന്നു.ഞങ്ങൾക്ക് ഒരു ടാർഗറ്റ് തരികയോ ഒന്നും ചെയ്തില്ല".(2).jpg)
(2).jpg)
ആകെ പറഞ്ഞത് ഇത്രമാത്രം : 'നിങ്ങൾ ഒന്നു പോയി അവിടെ പത്രം ഇറക്കാൻ ആകുമോ, നാലഞ്ചു വർഷം കഴിഞ്ഞ് മാതൃഭൂമിയെ പിടിച്ചൊന്ന് കുലുക്കാൻ ആകുമോ എന്ന് ശ്രമിച്ചു നോക്കുക '.കൂടെ ജോലി ചെയ്യാൻ മറ്റുപത്രങ്ങളിൽ നിന്ന് റിക്രൂട്ട് ചെയ്ത നാലുപേരെക്കൂടാതെ അന്നത്തെ കോഴിക്കോട് ലേഖകർ കെ. ആർ ചുമ്മാറും ജോയ് ശാസ്താം പടിക്കലും.
"സാഹചര്യങ്ങളെ ഫലപ്രദമായി ഉപയോഗിച്ചതുകൊണ്ടും പത്രം പലരീതിയിൽ വ്യത്യസ്തമായിരുന്നതുകൊണ്ടും മൂന്നാം വർഷം തന്നെ ഞങ്ങൾ പ്രചാരത്തിൽ കോഴിക്കോട് മാതൃഭൂമിയ്ക്ക് മുന്നിലെത്തി. ഒരു വർഷം കൂടി കഴിഞ്ഞപ്പോൾ മനോരമ കേരളത്തിലെ ഒന്നാമത്തെ പത്രമായി, തൽസ്ഥിതി ഇപ്പോഴും തുടരുന്നു."തോമസ് ജേക്കബ് പറഞ്ഞു.മനോരമയുടെ ഒന്നാംസ്ഥാനത്തേക്കുള്ള തുടക്കം കോഴിക്കോട് നിന്നായിരുന്നു.ചെറുപ്പമായി ചിന്തിച്ചിരുന്ന ആളുകളുടെ ഒരു യൂണിറ്റായിരുന്നു, അത്.
ഇടതുപക്ഷ പശ്ചാത്തലം ഉള്ളവർ അക്കാലത്ത് തന്നെ മനോരമയിൽ ഉണ്ടായിട്ടുണ്ട്.സി.പി.ഐയുടെ മുഖപത്രമായ നവജീവൻറെ ചീഫ് എഡിറ്റർ ആയിരുന്ന ടി.കെ.ജി നായർ,നവജീവനിൽ പ്രവർത്തിച്ചിരുന്ന മണ്ണാലത്ത് ശ്രീധരൻ,ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി,ദേശാഭിമാനി വിട്ട് ഡെക്കാൻ ഹെറാൾഡിന്റെ ലേഖകനായി പ്രവർത്തിച്ചിരുന്ന കെ.ജി നെടുങ്ങാടി,കവി കടവനാട് കുട്ടികൃഷ്ണൻ, കെ.അബൂബക്കർ,എ.ഡി വർഗീസ് എന്നിവർ കോഴിക്കോട് മനോരമയിലെത്തി.
ആത്മാർത്ഥമായി ജോലി ചെയ്യുന്ന, കാര്യപ്രാപ്തിയുള്ള ടി.കെ.ജി നായർ പിന്നീട് മനോരമയുടെ മുഖപ്രസംഗം എഴുതുന്ന ആളായി. ഇടത് സഹചാരിആയിരുന്ന കെ.ആർ ചുമ്മാർ പിന്നീട് കോൺഗ്രസിന്റെയും കരുണാകരനെയും ഒക്കെ അടുത്ത ആളായി മാറി. ഇവരുടെയൊക്കെ നേതൃത്വത്തിലാണ് കോഴിക്കോട് മനോരമ പ്രവർത്തനം ആരംഭിച്ചത്. ഒരു ടീമായി പ്രവർത്തിച്ചു എന്നതാണ് അതിലെ വിജയം.
ആറു പേർ കോഴിക്കോട് മനോരമയിൽ പ്രവർത്തിക്കുമ്പോൾ മാതൃഭൂമിയിലെ പത്രാധിപസമിതി അംഗങ്ങളുടെ എണ്ണം 24 ആയിരുന്നു ഇവരോട് എങ്ങനെ മത്സരിക്കും എന്നൊക്കെ പേടിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു. എന്നാൽ മാതൃഭൂമിയിലെ 24 പേർക്കിടയിൽ ഗ്രൂപ്പിസം ഉണ്ടായിരുന്നു.
വ്യക്തിയുടെ ചുറ്റും വിഗ്രഹങ്ങളെ സൃഷ്ടിക്കുന്നവർ.
എന്നാൽ മനോരമയിൽ കെ. എം മാത്യുവിന്റെ നേതൃത്വം ഉണ്ടായിരുന്നതുകൊണ്ട് ഒറ്റ ടീമായി പ്രവർത്തിച്ചു എന്നതാണ് വ്യത്യാസം."ഒരിക്കൽ പോലും ബ്യൂറോയിൽ പ്രവർത്തിച്ചിട്ടില്ല എന്നതിൽ മാത്രമാണ് ഏറെ മനസ്താപം ", അദ്ദേഹം പറഞ്ഞു.
ഒരു കാര്യം സാധിച്ചെ ടുക്കാൻ റിപ്പോർട്ടർമാർ ചെലുത്തുന്ന സ്വാധീനം അനിതരസാധാരണമാണ്. "പ്രായോഗികമായ അനുഭവത്തിലൂടെ ഒരു റിപ്പോർട്ടർക്ക് കൈവരുന്ന സവിശേഷത പത്രാധിപസമിതിയിൽ ഇരിക്കുന്ന ഒരാൾക്ക് ഉണ്ടാകണം എന്നില്ല.അതുകൊണ്ട് റിപ്പോർട്ടർ ആയി ജോലി ചെയ്യണമെന്നത് എൻറെ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു. എങ്കിലും റിപ്പോർട്ടർമാരെ എല്ലാവരെയും ഡയറക്റ്റ് ചെയ്യാൻ കഴിഞ്ഞതും വലിയ കാര്യം തന്നെ. ഉന്നത സ്ഥാനത്ത് ഇരുന്നു ഡയറക്റ്റ് ചെയ്യുക എന്നല്ല, കൂട്ടായി ചിന്തിച്ച് അവരെ നയിക്കാൻ കഴിഞ്ഞു എന്നാണ്
ഉദ്ദേശിച്ചത് ".
ഒരിക്കൽ പോലും ഒരു ബ്യൂറോയിൽ പ്രവർത്തിച്ചിട്ടില്ലെങ്കിലും റിപ്പോർട്ട് ചെയ്യാൻ അവസരങ്ങൾ ധാരാളം കിട്ടിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ പ്രസംഗങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്, അവരുടെ വസതികൾ സന്ദർശിക്കാൻ കഴിഞ്ഞിട്ടുണ്ട്. വലിയ അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ സ്ഥിരമായി റിപ്പോർട്ടർമാരുടെ സീറ്റിൽ ഉണ്ടായിട്ടില്ല.
1966 ലാണ് മനോരമ കോഴിക്കോട് എത്തുന്നത്. ' 79ൽ മനോരമ കൊച്ചിയിൽ തുടങ്ങാൻ തീരുമാനിച്ചു.
കെ. ആർ ചുമ്മാർ എതിർത്തു.തിരുവനന്തപുരത്താണ് യൂണിറ്റ് ആരംഭിക്കേണ്ടത് എന്നായിരുന്നു ചുമ്മാറിന്റെ പക്ഷം ."കൊച്ചി കേരളത്തിന്റെ വാണിജ്യ തലസ്ഥാനമാകാൻ പോവുകയാണ്, അതിനുമുമ്പ് അവിടെ വേരുറപ്പിക്കണം എന്ന മാനേജ്മെൻറ് തീരുമാനംനടപ്പിലായി. കൊച്ചിയിലേക്ക് എന്നെ മാറ്റാൻ തീരുമാനിച്ചു."മനോരമ 'ദ് വീക്ക്' വാരിക ആരംഭിച്ചതിനെതിരെയും ചുമ്മാർ കലഹിച്ചിരുന്നു . ഇംഗ്ലീഷ് ജേണലിസത്തിലേക്ക് ഒരു എൻട്രി ആയിട്ടാണ് വീക്ക് ആരംഭിച്ചത്.
1987 ലാണ് തിരുവനന്തപുരം എഡിഷൻ തുടങ്ങുന്നത്.തിരുവനന്തപുരത്തും എന്നെ നിയോഗിക്കാനാണ് മാനേജ്മെൻറ് തീരുമാനിച്ചത്.എന്നാൽ തിരുവനന്തപുരത്ത് പോകേണ്ടി വന്നില്ല. ആ നിലയിൽ ടെക്നോളജി മാറി, കോട്ടയത്ത് ഇരുന്ന് നിയന്ത്രിക്കാവുന്ന രീതി വന്നു. മുഴുവൻ പേജുകളും കോട്ടയത്ത് തന്നെ തയ്യാറാക്കി,അച്ചടി മാത്രം തിരുവനന്തപുരത്ത് ആക്കാം എന്നായി. കോട്ടയത്ത് ഇരുന്നു നിയന്ത്രിച്ചാൽ മതി എന്ന് തീരുമാനം വന്നു.
ടെലിഫോൺ ടെക്നോളജിയിൽ വന്ന വികാസവും വലുതായിരുന്നു.ഫോട്ടോ അയക്കുന്നതിനുള്ള സൗകര്യം വന്നതോടെ ലോകത്തെവിടെ നടക്കുന്ന സംഭവത്തിന്റെയും ചിത്രങ്ങൾ വച്ച് പേജ് അച്ചടിക്കാം എന്ന രീതി വന്നു."പ്രചാരം 25 ലക്ഷമായി വർദ്ധിച്ചതും ടെക്നോളജിയുടെ പുരോഗതി കൊണ്ടാണ്. പത്രാധിപന്മാരുടെ മികവാണെന്ന് പറയില്ല", അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യത്തിന്റെ ഭാഗമായി ആരംഭിച്ച വളരെ പാരമ്പര്യമുള്ള മാതൃഭൂമി പത്രവും സർക്കുലേഷനിൽ ഒന്നാം സ്ഥാനത്തുള്ള മനോരമയുമായി വലിയ വ്യത്യാസം ഉണ്ട്. ഒന്നാം സ്ഥാനം നിലനിർത്താൻ മനോരമയെ സഹായിച്ചത് പ്രധാനമായും കണ്ടെന്റിൽ വരുത്തിയ മാറ്റമാണ്. സംഭവം നടന്നു കഴിഞ്ഞാലുള്ള റിപ്പോർട്ടുകൾ ആണ് മുൻപ് നൽകിയിരുന്നത്. പ്രസംഗങ്ങൾ മാത്രം റിപ്പോർട്ട് ചെയ്യുന്ന രീതി മാറി. നാളെ നടക്കാൻ പോകുന്ന സംഭവം ഇന്നേ പറയുന്ന രീതിയിലേക്കുള്ള മാറ്റം. നടക്കാൻ പോകുന്ന കാര്യങ്ങൾ നടക്കുന്നതിനും പ്രഖ്യാപിക്കുന്നതിനു മുൻപ് തന്നെ അതിനെപ്പറ്റി പറയുക.
"വീണു കിട്ടുന്നതല്ല വാർത്ത; അന്വേഷിച്ച് കണ്ടെത്തുന്നതാണ്.അങ്ങനെയൊരു നയം മനോരമ സ്വീകരിച്ചു .അന്വേഷിച്ചു കണ്ടുപിടിക്കാൻ കഴിയാത്ത കാര്യങ്ങൾ വളരെ കുറവാണ്.
ചില കാര്യങ്ങൾ നേരിട്ട് കിട്ടുകയില്ലായിരിക്കാം. ബാക്കി കാര്യങ്ങൾ സാഹചര്യ തെളിവുകൾ വഴിയായി കിട്ടും എന്ന വിശ്വാസത്തോടുകൂടി വാർത്തയെ ഹാൻഡിൽ ചെയ്യാൻ കഴിഞ്ഞു എന്നതാണ് വിജയത്തിൻറെ ഒരു ഘടകം", തോമസ് ജേക്കബ് വിശദീകരിച്ചു."രണ്ടാമത്തെ വിജയം എഡിറ്റോറിയൽ പേജിൽ വരുത്തിയ മാറ്റം തന്നെയാണ്. വളരെ ഗൗരവതരമായ വിഷയങ്ങൾ കൊടുക്കുന്ന ഒരു പേജ് ആയിരുന്നു അത്. അതിലേക്ക് മിഡിൽ പീസും നർമ്മലേഖനങ്ങളും കൊണ്ടുവന്നു." തിങ്കളാഴ്ചകളിൽ രാഷ്ട്രീയനർമ്മം കലർന്ന ഒരു പംക്തി തുടങ്ങി. കാർട്ടൂണുകൾക്ക് വ്യാപകമായ സ്വീകാര്യത കിട്ടുന്ന രീതിയിൽ അവയെ കൈകാര്യം ചെയ്തു. കാർട്ടൂണിസ്റ്റ് യേശുദാസൻ ഒരു ദിവസം പെട്ടെന്ന് മനോരമ വിട്ടപ്പോൾ പത്രത്തിന് കാർട്ടൂണിസ്റ്റ് ഇല്ലാതായി. നിലവിലുള്ള ആർട്ടിസ്റ്റുകളെ കാർട്ടൂണിസ്റ്റുകളായി മാറ്റിയെടുക്കാൻ ശ്രമം നടത്തി.അതിൻറെ വലിയ സാഫല്യമുണ്ടായത് അങ്ങനെ കാർട്ടൂണിസ്റ്റായി പരിണമിച്ച ബൈജു പൗലോസിനെ ആ വർഷത്തെ ഇന്ത്യയിലെ ഏറ്റവും വലിയ കാർട്ടൂണിസ്റ്റ് ആയി പ്രസ് കൗൺസിൽ തന്നെ തെരഞ്ഞെടുത്തു എന്നതാണ്. ഏതൊരു കാര്യവും വിചാരിച്ചാൽ നേടിയെടുക്കാൻ സാധിക്കും എന്നതിന്റെ സാക്ഷ്യമാണ് ബൈജു.
മറ്റൊന്ന് ഹ്യൂമൻ ഇൻട്രസ്റ്റ് സ്റ്റോറികളാണ്. മനോരമ്യ കഥകൾ. മലയാള പത്രങ്ങളിലേക്ക് മനോരമയാണ് അത് കൊണ്ടുവന്നത്. ഇന്ന് മനോരമ്യ കഥകൾ ധാരാളമുണ്ട്. ഉള്ളടക്കത്തിലും എഴുത്തിന്റെ ക്രാഫ്റ്റിലും വരുത്തിയ വ്യത്യാസം വലിയ മാറ്റങ്ങളാണ് മാധ്യമ മേഖലയിൽ കൊണ്ടുവന്നത്.
"ഒരു വാചകം എങ്ങനെ പറയണം എന്നത് പ്രധാനമാണ്. നിർവികാരമായി വായിച്ചു പോകുന്ന ഒരു കാര്യം ചമത്ക്കാരത്തോടുകൂടി പറയുമ്പോൾ പൊട്ടിച്ചിരിച്ചു പോകും.ആലത്തൂർ മണ്ഡലത്തിലെ മത്സരത്തെപ്പറ്റി ഈയിടെ വന്ന ഒരു അവലോകനം ഉള്ളിൽ ചിരി നിറച്ചു.'വിജയരാഘവൻ ആണ് തൊട്ടപ്പുറത്തെ മണ്ഡലത്തിൽ മത്സരിക്കുന്നത് എന്ന് പറഞ്ഞ ശേഷം ലേഖകൻ അവസാനിപ്പിക്കുന്ന വാചകം ഇങ്ങനെയാണ്. "ഇപ്പോൾ മറ്റൊരു മണ്ഡലത്തിൽ സ്ഥാനാർഥി ആയതുകൊണ്ട് വിജയരാഘവന് കഴിഞ്ഞതവണത്തെ പോലെ മറ്റു സ്ഥാനാർത്ഥികളെ സഹായിക്കാൻ കഴിഞ്ഞേക്കില്ല'' എന്ന് വായിച്ചപ്പോൾ പൊട്ടിച്ചിരിച്ചു പോയി." എന്ന് അദ്ദേഹം പറഞ്ഞു. റൈറ്റിംഗ് ക്രാഫ്റ്റിൽ വന്ന വലിയ മാറ്റം വിജയ ഘടകമായി.
ഫോട്ടോഗ്രാഫിന്റെ കാര്യത്തിൽ വന്ന മാറ്റവും ശ്രദ്ധേയമായിരുന്നു. "മുൻപ് ഗ്രൂപ്പ് ഫോട്ടോകൾ ആയിരുന്ന കാലത്തുനിന്ന് മാറി.അതിൽ കൂടുതൽ ജീവസ്സുറ്റ എത്രയോ ചിത്രങ്ങൾ. ഇതെല്ലാം മനോരമയുടെ കുതിച്ചുചാട്ടത്തിനുള്ള കാരണങ്ങൾ തന്നെയാണ് എന്നാണ് വിശ്വാസം,"അദ്ദേഹം പറഞ്ഞു.
മൂന്ന് പുസ്തകങ്ങളാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. 'കഥാവശേഷൻ','ചന്ദ്രക്കലാധരൻ', ടി.വേണുഗോപാലനുമായി ചേർന്ന് എഴുതിയ 'നാട്ടുവിശേഷം'. ഇവയല്ലാതെ വർഷങ്ങളായി മനോരമ ആഴ്ചപ്പതിപ്പിൽ എഴുതിക്കൊണ്ടിരിക്കുന്നത് കഥക്കൂട്ട് എന്ന കോളമാണ്. ആരംഭിക്കുന്നതിനു കാരണം കെ. എ ഫ്രാൻസിസ് ആണ്.
ധാരാളം യാത്ര ചെയ്യാറുണ്ട്. യാത്ര പോകുമ്പോൾ മൂന്നുനാല് ആളുകൾ കൂടെ ഉണ്ടാകും. വായിക്കാൻ പറ്റാത്തതുകൊണ്ട് കഥകളാണ് പറയുക.കഥ പറയുമ്പോൾ സമാനമായ മറ്റൊരു കഥ വേറെ ഒരാൾ പറയും."ഏതാനും മാസം മുൻപ് നിര്യാതനായ മനോരമ വാരികയുടെ പത്രാധിപരായിരുന്ന കെ.എ ഫ്രാൻസിസ് ഞാൻ കോഴിക്കോട് ചെല്ലുന്ന കാലം മുതൽ എൻറെ കൂടെ ഉണ്ടായിരുന്നു . ഇതൊരു കോളം ആക്കി എഴുതിച്ചാൽ സംഗതി ഓടുമല്ലോ എന്ന് പറഞ്ഞത് ഫ്രാൻസിസ് ആണ്. വിരമിച്ചതിനുശേഷം ആലോചിക്കാം എന്നാണ് ഞാൻ മറുപടി പറഞ്ഞത്".
'റിട്ടയർ ചെയ്ത് കഴിഞ്ഞ് എഴുതുന്നത് ആർക്കുവേണം? സാർ ഇപ്പോൾ എഴുതുമെങ്കിൽ എഴുതുക' എന്ന് പറഞ്ഞ് ഫ്രാൻസിസ് നിരന്തരം ശല്യപ്പെടുത്തിയപ്പോഴാണ് എഴുതാൻ ആലോചിച്ചത്.
"ആലോചിക്കാം എന്ന് മാത്രമാണ് പറഞ്ഞതെങ്കിലും കെ.എം മാത്യു സാറിന്റെ സാന്നിധ്യത്തിൽ, 'തോമസ് സർ കോളം തുടങ്ങാൻ സമ്മതിച്ചിട്ടുണ്ട് 'എന്ന് ഫ്രാൻസിസ് അറിയിച്ചു. മാത്യു സാറിന്റെ പച്ചക്കൊടി കിട്ടിയതോടെ തുടങ്ങാതിരിക്കാൻ വയ്യാത്ത നിലയിൽ ആയി".
"നടന്നിട്ടുണ്ടോ എന്ന് വിശ്വസിക്കാൻ പ്രയാസമുള്ള സംഭവങ്ങൾ,കഥകൾആയിരിക്കണം അതിൽ വരേണ്ടത് എന്ന് ചിന്തിച്ചു. പണ്ടുമുതലേ വ്യത്യസ്തമായ കൗതുകമുള്ള കാര്യങ്ങൾ മനസ്സിൽ വയ്ക്കുന്ന ആളായിരുന്നു . മനസ്സിൽ ഉൾക്കൊള്ളിക്കാനുള്ള സ്ഥലം കുറവായതുകൊണ്ട് കുറെ കാര്യങ്ങൾ ചിന്തയിൽ നിന്ന് എലിമിനേറ്റ് ചെയ്യണം.അങ്ങനെ എലിമിനേഷൻ എല്ലാ ദിവസവും നടത്തും. ഡിസ്കാർഡ് ചെയ്യുന്ന ഒരു പ്രോസസ് ഉള്ളതുകൊണ്ട് രസകരമായ കഥകളുടെ ഒരു ശേഖരം ഉണ്ടായിരുന്നു .
എപ്പോൾ ചോദിച്ചാലും ഒരു കഥ കയ്യിൽ ഉണ്ടായിരിക്കണം."അദ്ദേഹം കഥയെഴുത്തിന്റെ രഹസ്യം വെളിപ്പെടുത്തി.'ഇങ്ങനെയൊരു സംഭവം മലയാളത്തിൽ ഉണ്ടായിട്ടുണ്ടോ,കേരളത്തിൽ നടന്നിട്ടുണ്ടോ' എന്ന് ആളുകൾ ചോദിച്ചുതുടങ്ങി. പംക്തിയുടെ സ്വീകാര്യത വർദ്ധിച്ചതോടെ എഴുതാനുള്ള താൽപര്യവും വർദ്ധിച്ചു. " ഇപ്പോൾ 20 വർഷമാകുന്നു. ആയിരം കഥക്കൂട്ട് എഴുതിക്കഴിഞ്ഞു.
അതിൽ കുറച്ചു മാത്രമേ പുസ്തക രൂപത്തിൽ വന്നിട്ടുള്ളൂ.
"ഇനിയും ധാരാളം സമാഹരിക്കാനുണ്ട്. ഓർമ്മകൾ അവശേഷിക്കുന്ന കാലം വരെ എഴുതാൻ പലരുടെയും അനുഭവം ഓർമ്മയിലുണ്ട് ." ഒരു സംഭവത്തെ പറ്റി ഓർക്കുമ്പോൾ ഒരു കഥയെ കിട്ടിയുള്ളൂ വെങ്കിൽ സമാനമായ മറ്റൊരു കഥ മാതൃഭൂമിയിൽ ഉണ്ടായിട്ടുണ്ടോ കേരളകൗമുദിയിൽ ഉണ്ടോ എന്നന്വേഷിക്കും.
ആളുകളുമായുള്ള ഒരു സൗഹൃദമാണ് ഇത്രയും കാലം ഈ കോളം സഫലമായി നടത്താൻ കാരണമായത് . സംശയം തീർക്കാൻ മനോരമയുടെ ആർക്കേവ്സിന്റെ സഹായമുണ്ട്. സംഭവം നടന്ന വർഷവും തീയതിയും ഒക്കെ ആർക്കൈവ് സിൽ നിന്നാണ് കിട്ടുന്നത്. "വ്യത്യസ്തമായ കോളം അവതരിപ്പിക്കാൻ കഴിയുന്നതിനു കാരണം പലരുടെയും സഹകരണമാണ്".
കെ.എം മാത്യു സാറിനെ പോലെ വൈഭവമുള്ള ഒരാൾ അധികമുണ്ടാകില്ല. പിതാവിന്റെയും സഹോദരങ്ങളുടേയും പോലെ ഒരു പ്ലാന്റർ ആകേണ്ടയാൾ. എസ്റ്റേറ്റിലെ കങ്കാണി സ്ഥാനത്ത് നിന്നുള്ള വളർച്ചയാണ് മാത്യുവിന്റെത്.അദ്ദേഹം ബോംബെയിലേക്ക് പോയി ബിസിനസ് ആരംഭിക്കുവാൻ ആഗ്രഹിച്ചു. അതിനിടെ പിതാവിന്റെ നിർദ്ദേശപ്രകാരം നാട്ടിൽ വന്നു.ജ്യേഷ്ഠൻ കെ.എം ചെറിയാൻ പത്രത്തിന്റെ നേതൃത്വം ഏറ്റെടുത്തിരുന്നു.
പരിചയമുള്ളവരോടൊക്കെ കടം വാങ്ങി. ന്യൂസ് പ്രിന്റിന് കാശില്ല, അടുത്ത ദിവസം പത്രം ഇറക്കണ്ട എന്ന് നിശ്ചയിച്ചിട്ടും ജീവനക്കാർ കടമെടുത്ത് പത്രമിറക്കി .ഇതിനിടെ കെ.എം മാത്യു മൂത്ത സഹോദരന് വിവരങ്ങൾ പറഞ്ഞു കത്തെഴുതി . അദ്ദേഹത്തിൻറെ മറുപടി ഇപ്രകാരമായിരുന്നു, " നീ വന്നത് കൊണ്ട് കാര്യമൊ ന്നുമില്ല,രക്ഷപ്പെടാൻ ഒരു മാർഗ്ഗവുമില്ല. "അധികം വൈകാതെ പിതാവ് മരിച്ചു. കെ എം മാത്യു പിതാവിന്റെ ആഗ്രഹം പോലെ പത്രത്തിന്റെ ചുമതല ഏറ്റെടുത്തു.
കിട്ടിയ എല്ലാ അവസരങ്ങളും പത്രപ്രവർത്തനം പഠിക്കാൻ ചെലവഴിച്ചു. ബോംബെയിൽ അന്ന് റോയിട്ടേഴ്സിന്റെ പ്രശസ്തനായ ലേഖകൻ , എം.ശിവറാമിന്റെ കൂടെ ഫ്രീ പ്രസ് ജേണൽ സന്ദർശിച്ചു.സിംഗപ്പൂരിൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ ശില്പശാലയിൽ പങ്കെടുത്തു. ശില്പശാലയുടെ കൺസൾട്ടന്റ് ആയിരുന്നു പ്രശസ്തനായ റ്റാഴ്‌സി വിറ്റാച്ചി. കെ.എം മാത്യു അദ്ദേഹത്തെ ഇന്ത്യയിലേക്ക് ക്ഷണിച്ചു. അദ്ദേഹം പിന്നീട് പറഞ്ഞിട്ടുള്ളത്, " നമ്മൾ വിചാരിച്ചാൽ 5000 രൂപ പോലും ഉണ്ടാക്കാൻ പറ്റാത്ത കാലഘട്ടമായിരുന്നു എങ്കിലും ഞാൻ അദ്ദേഹത്തെ കേരളത്തിലേക്ക് കൊണ്ടുപോകും എന്ന് തീരുമാനിച്ചു".1972 ലാണ് റ്റാഴ്സി പരിശീലനത്തിന് കേരളത്തിൽ എത്തിയത്.
കേരളത്തിലെ എല്ലാ പത്രങ്ങൾക്കും റ്റാഴ്സിയുടെ പരിശീലനത്തിൽ പങ്കെടുക്കാൻ അവസരം നൽകി.
മലയാളത്തിലെ എല്ലാ പത്രങ്ങളെയും മത്സരത്തിന് പര്യാപ്തരാക്കി എന്നുള്ളതാണ് കെ.എം മാത്യു ചെയ്ത സേവനം. മറ്റുപത്രങ്ങളും നന്നായാലെ മനോരമയും നന്നാകൂ എന്ന് അദ്ദേഹം വിശ്വസിച്ചു.
കുത്തകകൾ വന്ന ശേഷം റഷ്യയിലെ പ്രവ്ദയ്ക്കും ലിസ്‌വെസ്റ്റ്യക്കും സംഭവിച്ച ദുരന്തത്തെ പറ്റി അദ്ദേഹത്തിന് അറിയാമായിരുന്നു. മലയാളത്തിലെ പത്രങ്ങൾ ഇത്രമാത്രം ശക്തമായി ചിന്തിക്കുന്നവരായത് റ്റാഴ്സിയുടെ പരിശീലനത്തിലൂടെയാണ് .
പിന്നീട് പല അവസരങ്ങളിലും മനോരമയ്ക്ക് മാത്രമായി അദ്ദേഹം വന്നു. കെ. എം മാത്യു മുഴുവൻ സമയപത്ര പ്രവർത്തകനായി. ടാഴ്സിയെപ്പോലെ ലോകത്തിന്റെ പല ഭാഗത്തും പത്രപ്രവർത്തന പരിശീലനത്തിന് നേതൃത്വം നൽകി. "ഇങ്ങനെ നൂറും ഇരുന്നൂറും ഡിഗ്രി മാറി ചിന്തിക്കാൻ കഴിയുന്ന ഒരാൾ ഇന്ത്യൻ പത്രപ്രവർത്തന രംഗത്ത് തന്നെ അധികം ഉണ്ടാകില്ല.
"മനോരമയുടെ ഇന്നത്തെ വളർച്ചയുടെ കാരണക്കാരനായ ആൾ.ആളുകളെ പറ്റിയുള്ള അദ്ദേഹത്തിൻറെ ബോധ്യം തെറ്റാറില്ല. വിശ്വസിച്ച ആളുകളെ കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏൽപ്പിക്കാൻ തയ്യാറായി അദ്ദേഹം. അവരെല്ലാം വഴിതെറ്റാതെ പോകുന്നുണ്ടെന്ന് ഇടക്കൊന്ന് മോണിറ്റർ ചെയ്യുമെന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ",തോമസ് ജേക്കബ് പറഞ്ഞു.
എഡിറ്റോറിയൽ ഡയറക്ടർ ആയി മനോരമയുടെ ഉന്നത നയ രൂപീകരണ സമിതിയെ ദീർഘകാലം നയിച്ച തോമസ് ജേക്കബ് 2017 ലാണ് വിരമിച്ചത്.
ജീവിതത്തിലെ വലിയ സംഭാവനകളെ കുറിച്ചും അദ്ദേഹം സംസാരിച്ചു. "പത്രത്തിന്റെ രൂപീകരണത്തിന് നേതൃത്വം വഹിച്ചു എന്നത് ആലങ്കാരികമായി മാത്രം പറയുന്നതാണ്. എല്ലാവരോടും അഭിപ്രായങ്ങൾ ചോദിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങൾ സ്വരൂപിച്ച് അതിൻറെ തെരഞ്ഞെടുപ്പുകൾ നടത്തുകയും അതിൽ ഏറ്റവും സ്വീകാര്യമായ മാർഗം തേടുകയും മാത്രമാണ് ചെയ്തിട്ടുള്ളത്. ഞാൻ നിർദ്ദേശിക്കുന്ന മാർഗം തന്നെ തെരഞ്ഞെടുക്കണമെന്ന് നിർബന്ധമില്ല. ഞാൻ നിർദ്ദേശിച്ചതിൽ നിന്ന് വിരുദ്ധമായ വാദങ്ങൾ പലപ്പോഴും സ്വീകരിച്ചിട്ടുമുണ്ട്." തോമസ് ജേക്കബ് പറഞ്ഞു.
കൂട്ടായ ശ്രമത്തോടെയുള്ള മുന്നേറ്റം ആയിരുന്നു വിജയത്തിന് കാരണം.
"മനോരമ പത്രാധിപസമിതിയിലെ എത്രയോ ആളുകൾ, അവരുടെ കൂട്ടായ ചിന്ത, പത്രാധിപസമിതിയിൽ ഇല്ലാത്ത ആളുകളുടെ പുറത്തുനിന്നുള്ള അഭിപ്രായങ്ങൾ,ശാസനകൾ അങ്ങനെയുള്ള നൂറുനൂറ് അഭിപ്രായങ്ങളിൽ നിന്ന് ക്രോഡീകരിച്ച സമാഹൃത ചിന്തയിലൂടെയായിരുന്നു മനോരമയെ മുന്നോട്ടു നയിക്കാൻ കഴിഞ്ഞത് എന്ന് വിശ്വസിക്കുന്നു. അല്ലാതെ ഒരു വ്യക്തി ഒരു പത്രത്തെ നയിക്കുന്നു , അദ്ദേഹത്തിൻറെ തലയിലെ ആശയങ്ങൾ കൊണ്ട് നടപ്പിലാക്കാൻ ശ്രമിക്കുന്നു എന്നത് മനസ്സിൽ നിന്ന് തന്നെ മാറ്റിവെച്ചുകൊണ്ടാണ് ഞാൻ പത്ര ഓഫീസിലെ ഉത്തരവാദിത്വങ്ങളിലേക്ക് പ്രവേശിച്ചിട്ടുള്ളത്. എന്റെ കാലത്ത് എന്റേതായ നയങ്ങളോ നേട്ടങ്ങളോ എനിക്ക് കൃത്യമായി പറയാനില്ല.എല്ലാവരുടെയും കൂടെയുള്ള നേട്ടങ്ങൾ മാത്രം.അതുകൊണ്ടുതന്നെ അങ്ങനെയുള്ള ഉദാഹരണങ്ങൾ എടുത്തു പറയാൻ ആഗ്രഹവുമില്ല. " തോമസ് ജേക്കബ് പറഞ്ഞു.
മാധ്യമ മേഖലയിലെ നവമാധ്യമങ്ങൾ ഉൾപ്പെടെയുള്ള പുതിയ പ്രവണതകളെപ്പറ്റിയും അദ്ദേഹം സംസാരിച്ചു മാധ്യമങ്ങൾ ആരംഭിച്ചിട്ട് 175 വർഷത്തിലാണ് ഇപ്പോൾ നിൽക്കുന്നത്. അച്ചടി മാധ്യമങ്ങൾ 175 വർഷം വരെ നിലനിന്നു.നവമാധ്യമങ്ങൾ എത്ര കാലം നിലനിൽക്കുമെന്ന് പറയാൻ കഴിയില്ല. ടെലിവിഷൻ വന്ന സമയത്ത് , അത് കാലങ്ങളോളം നിലനിൽക്കും എന്നായിരുന്നു പ്രതീക്ഷ. ഇപ്പോൾ അതിൻറെ ഡിക്ലൈൻ ആരംഭിച്ചു കഴിഞ്ഞു. നവമാധ്യമങ്ങൾക്ക് അച്ചടി മാധ്യമങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ആയുസ്സ് കുറവായിട്ടാണ് കാണപ്പെടുന്നത്. അവസാനമായി ഇല്ലാതാകുന്നവയാണ്അച്ചടി മാധ്യമങ്ങൾ എന്നാണ് പറയാൻ കഴിയുക.
പഴയതുപോലെ 25 ലക്ഷം കോപ്പി ഉണ്ടാകും എന്നല്ല, അച്ചടി മാധ്യമങ്ങൾ കേരളത്തിലെ വായനാശീലമുള്ള ഒരു തലമുറ അവസാനിക്കുന്നത് വരെ തുടരും. നവമാധ്യമങ്ങളുടെ ഇരച്ചു കയറൽ കാരണം ഇതെല്ലാം നിലച്ചു പോകും എന്ന വിശ്വാസം തീർത്തും ഇല്ല.പ്രാദേശിക പത്രപ്രവർത്തനത്തിന് വലിയ മാറ്റം വന്നിട്ടുണ്ട്. ഇന്ന് പത്രങ്ങളുടെ പ്രധാന ലേഖകർ അല്ലെങ്കിൽ സൂക്ഷിപ്പുകാർ എന്ന് പറയുന്നവർ പ്രാദേശിക ലേഖകന്മാരായി മാറിക്കഴിഞ്ഞു. 2020 ലെ പകർച്ചവ്യാധിക്കാലത്താണ് പത്രലേഖകർ നേരിട്ട് പോയി റിപ്പോർട്ട് ചെയ്യുന്ന ശീലത്തിന് മാറ്റം വന്നത്. കിട്ടുന്നതെല്ലാം റിപ്പോർട്ട് ആയി കൊടുക്കുന്ന ശീലം പത്രലേഖകർ സ്വീകരിച്ചു. പത്രങ്ങൾക്ക് അടുത്തിടെ ഉണ്ടായിട്ടുള്ള തിരിച്ചടികൾ ഭീകരമാണ്.
എബ്രഹാം ലിങ്കന്റെ മരണം മൂന്നര മാസം കഴിഞ്ഞാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
സി.എം.എസ് കോളേജ് മാഗസിന്റെ ഒരു എഡിഷനിലാണ് എബ്രഹാം ലിങ്കൺ വെടിയേറ്റു മരിച്ച കാര്യം റിപ്പോർട്ട് ചെയ്യപ്പെട്ടത്. അപ്പോഴേക്കും മൂന്നര മാസം കഴിഞ്ഞിരുന്നു.ടെക്നോളജിയുടെ ഏറ്റവും പ്രാകൃതാവസ്ഥയിൽ സംഭവിച്ച ഒരു കാര്യമായിരുന്നു ഇത് . എന്നാൽ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ കേരളത്തിലെ ഒരു ക്ഷേത്രത്തിൽ വച്ച് അപമാനിതനായ സംഭവം ഒരു പത്രത്തിലും വാർത്തയായില്ല. ആറുമാസം കഴിഞ്ഞ് കോട്ടയത്തെ ഒരു സമ്മേളനത്തിൽ അദ്ദേഹം പ്രസംഗിച്ചത് അവിടെയുള്ള പ്രാദേശിക പത്രലേഖകർ റിപ്പോർട്ട് ചെയ്തപ്പോൾ മാത്രമാണ് ലോകം അറിഞ്ഞത്. കേരളത്തിൽ നടന്ന ഒരു സംഭവം പോലും ആറുമാസം കഴിഞ്ഞ് പുറത്തുവരുന്ന തരത്തിൽ റിപ്പോർട്ടിങ്ങിൽ അപചയങ്ങൾ സംഭവിക്കുന്നു. പത്ര ലേഖകർ അവിടെ ഉണ്ടായിരുന്നില്ല എന്നതാണ് കാരണം. പ്രാദേശിക ലേഖകരുടെ ഒരു മേൽക്കൈ ആണ് ഇനി ഉണ്ടാകാൻ പോകുന്നത്. അവരുടെ കഴിവുകൾ വർധിപ്പിക്കണം.
പല പത്രങ്ങളുടെയും ഒന്നാം പേജിൽ ഇപ്പോൾ 20- 22 വാർത്തകളെങ്കിലും വരുന്നുണ്ട്. പണ്ടൊക്കെ എട്ടു മുതൽ പത്ത് ഐറ്റം മാത്രമാണ് ഒന്നാം പേജിൽ കൊടുക്കാറുള്ളത്. പകരം ചെറിയ നുറുങ്ങുകളായി ധാരാളം വാർത്തകൾ കൊടുക്കുന്നു. വാട്സാപ്പിലൂടെ പ്രചരിപ്പിക്കാനുള്ള സൗകര്യത്തിനു വേണ്ടി നീളം കുറഞ്ഞ വാർത്തകൾ കൊടുക്കുകയാണ്.
പത്രവാർത്തയുടെ തെരഞ്ഞെടുപ്പിൽ വന്ന മാറ്റം ശ്രദ്ധേയമാണ്. മറ്റുപത്രങ്ങളുടെ ഒന്നാം പേജിൽ കാണാത്ത ഐറ്റം നമ്മുടെ ഒന്നാം പേജിൽ ഉണ്ടാവുക .ഗ്യാസ് സിലിണ്ടറിന്റെ വില 100 രൂപ കുറഞ്ഞ വാർത്ത അഞ്ച് പത്രങ്ങളിൽ ഒന്നിൽ മാത്രമാണ് ഒന്നാം പേജിൽ പ്രധാന വാർത്തയായി എത്തിയത്.
ഒരു വീട്ടമ്മയ്ക്ക് 100 രൂപയുടെ ലാഭം ഉണ്ടാകുന്ന കാര്യം പ്രധാന വാർത്തയാകുന്നില്ല .സിംഗിൾ കോളം തലക്കെട്ടിനു മീതെ ഒരു പത്രത്തിലും കണ്ടില്ല. 'വോട്ട് കിട്ടാൻ വേണ്ടി ബി.ജെ.പി ചെയ്യുന്ന കാര്യമാണ്,അത് കൊടുക്കേണ്ടതില്ല'എന്ന രാഷ്ട്രീയ ചിന്ത കൊണ്ടുണ്ടായ തീരുമാനമാകാം. പല കാരണങ്ങളുടെയും സ്വാധീനം ഇപ്പോൾ ഒന്നാം പേജിലെ വാർത്താവിന്യാസത്തിൽ സ്ഫുരിക്കുന്നുണ്ട്.
നാം ആലോചിക്കുന്നത് പോലെയാണോ അതിൻറെ ഇഫക്ട് എന്നത് പഠനം നടത്തിയാലേ പറയാനാകൂ.
പത്രങ്ങൾ പ്രിന്റ് ആണെങ്കിൽ രാത്രി അച്ചടിച്ച് രാവിലെ എത്തിക്കു ന്നത് പലവിധ കാരണങ്ങളാൽ സൗകര്യമാണ്. എന്നാൽ ഓൺലൈൻ ആണെങ്കിൽ ഏത് സമയത്തും വാർത്ത കൊടുക്കാവുന്നതാണ്.
ആദ്യം വായിക്കുന്ന പത്രം മാതൃഭൂമിയാണ്.പണ്ട് മത്സരത്തിന്റെ കാലഘട്ടത്തിൽ തുടങ്ങിയ ശീലമാണ്. മാതൃഭൂമിയുടെ പേജുകൾ ഒന്ന് മറിച്ചു നോക്കും. തല പോകുന്ന വല്ല ഇടപാടുകളും അതിനകത്ത് സംഭവിച്ചിട്ടുണ്ടോ എന്നതാണ് നോക്കുക. ഇപ്പോഴും ആദ്യത്തെ സ്കാൻ മാതൃഭൂമി തന്നെയാണ്. വിശദമായ വായന മനോരമയാണ്.
ആദ്യം വായിക്കുന്ന പേജ് ചരമ പേജ് ആണ്. ഓൺലൈൻ അല്ലെങ്കിൽ വാട്സാപ്പ് മെസ്സേജുകളിലൂടെ ചരമ വാർത്തകൾ കിട്ടുന്നുണ്ടെങ്കിലും വ്യക്തിബന്ധങ്ങൾ അനുസരിച്ചാണ് പല വാർത്തകളും കിട്ടുക.അങ്ങിനെയ ല്ലാതെ അറിയേണ്ട എത്രയോ ചരമങ്ങളുണ്ട്.പ്രധാനമായും പരിചയക്കാരോ
സുഹൃത്തുക്കളുടെ ബന്ധുക്കളോ മരിച്ചിട്ടുണ്ടോ എന്നറിയാനാണ് ചരമ പേജ് വായിക്കുന്നത്. ചരമപ്പേജിൽ നിന്ന് മറ്റു വാർത്തകൾ ധാരാളം ഉണ്ടാക്കിയിട്ടുള്ള ഒരാളെന്ന നിലയിൽ ആദ്യം നോക്കുക, ആ പേജ് ആണ്. നിര്യാതരായവരുടെ മക്കളുടെ പേര് വെച്ച് എന്തെല്ലാം കാര്യങ്ങൾ കൗതുകകരമായി കണ്ടെത്താം. ചരമപേജ് പല കാര്യങ്ങൾക്ക് ഉപയോഗിക്കുന്ന ആളുകളുണ്ട് . കോഴിക്കോട് നിന്നുള്ള എഴുത്തുകാരൻ, മരിച്ചുപോയ ഗോപാലകൃഷ്ണൻ 10 കോളം ഉള്ള ചരമ പേജിലെ 10 പേരുടെ വയസ്സിന്റെ ശരാശരി എടുത്ത് തന്റെ വയസ്സുമായി താരതമ്യം ചെയ്യും. അ ത് തന്നെക്കാൾ കൂടുതലാണെങ്കിൽ അന്നത്തെ ദിവസം നന്നായി എന്ന് വിചാരിക്കുന്നത് എന്ത് കൌതുകമാണ്. കഥാകാരൻ മാത്യൂസ് കഥാപാത്രങ്ങളുടെ പേര് കണ്ടെത്തുന്നത് ചരമ പേജിലൂടെയാണ് എന്ന് കേട്ടിട്ടുണ്ട്. പല കാര്യത്തിനും പേജ് ഉപയോഗിക്കുന്നു.
മലയാളപത്രപ്രവർത്തന മേഖലയ്ക്ക് തോമസ് ജേക്കബ് നൽകിയ നിസ്തുല സംഭാവനകൾക്കുള്ള ഉപഹാരമായി സംസ്ഥാന സർക്കാരിന്റെ ഏറ്റവും വലിയ അവാർഡുകളിൽ ഒന്നായ സ്വദേശാഭിമാനി കേസരി പുരസ്കാരം അദ്ദേഹത്തെ തേടിയെത്തി. അദ്ദേഹത്തിന് ലഭിച്ച പ്രശസ്തമായ മറ്റു അവാർഡുകൾ കെ. ബാലകൃഷ്ണൻ, സി. എച്ച് മുഹമ്മദ് കോയ, വിജയരാഘവൻ, എം. വി പൈലി, കെ. വി ഡാനിയേൽ, തോപ്പിൽ ഭാസി, കെ. ബി മേനോൻ സ്മാരക പുരസ്കാരം, ജർമ്മനിയിൽ നിന്നുള്ള വാർത്താപുരസ്കാരം എന്നിവയാണ്. കേരള പ്രസ്സ് അക്കാദമിയിൽ തുടർച്ചയായി രണ്ടുവട്ടം ചെയർമാൻ ആയിരുന്നു.
175 വർഷം പഴക്കമുള്ള മലയാളമാധ്യമ ചരിത്രത്തിലെ കഴിഞ്ഞുപോയ 64 വർഷങ്ങൾ തോമസ് ജേക്കബിന്റെ പേരിനൊപ്പം ചേർത്തുവയ്ക്കാൻ കഴിയും എന്ന് പറഞ്ഞാൽ അതിശയോക്തി ഒട്ടുമില്ല. മലയാളിയുടെ പത്രവായനയ്ക്ക് അതിരുകൾ നിശ്ചയിച്ച, എഴുത്തിന്റെ ചാതുര്യം പത്രപ്രവർത്തകരെ പഠിപ്പിച്ച പത്രാധിപർ. പത്രപ്രവർത്തനത്തിന്റെ കൂട്ടുത്തരവാദിത്വം സഹപ്രവർത്തകരുമായി പങ്കുവെച്ച നയതന്ത്രജ്ഞൻ. അവിശ്വനീയമായ ആയിരത്തൊന്നോളം അനുഭവകഥകൾ കഥ ക്കൂട്ടിലൂടെ മലയാളിക്ക് പറഞ്ഞുതന്ന തോമസ് ജേക്കബ് എഴുത്തിനു പുതിയ നിറക്കൂട്ടുകൾ പകർന്നുകൊണ്ട് വായനക്കാരന്റെ മനസ്സിൽ കഥാസഞ്ചാരം നടത്തുകയാണ്, ഓർത്തുപറയാൻ കഥകൾ ഏറെയുണ്ടിനിയും; താത്പര്യത്തോടെ വായിക്കാൻ വായനക്കാരും..
തോമസ് ജേക്കബ്ബുമായി സംസാരിച്ചത് ഡി. പ്രദീപ് കുമാറും കെ .ഹേമലതയും .
ഈ പരിപാടിയുടെ ശബ്ദലേഖനം മീഡിയ വേവ്സ് ചാനലിലുണ്ട്.https://youtu.be/pfBl1uBP61o?si=t1_MgTq88jBUpm_E
(റിപ്പോർട്ട് എഴുതിയത് : കെ. ഹേമലത)
***************************
തോമസ് ജേക്കബിനൊപ്പം കെ.ഹേമലത,ഡി.പ്രദീപ് കുമാർ
No comments:
Post a Comment