'ദൃശ്യസാക്ഷ്യം' പരമ്പരയുടെ ( ക്ലബ് ഹൗസ് മീഡിയ റൂം, 2024 മാർച്ച് 2 )അഞ്ചാം ഭാഗത്തിൽ അതിഥികളായി എത്തിയത് വിധു വിൻസെൻ്റും സജീദ് നടുത്തൊടിയും .
'മാൻഹോൾ' സിനിമയിലൂടെ 2017ൽ സംവിധാനത്തിനും ഏറ്റവും നല്ല ചിത്രത്തിനുമുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ഇരുപത്തിയൊന്നാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഏറ്റവും നല്ല മലയാള ചിത്രത്തിനും നവാഗത സംവിധാനത്തിമുള്ള പുരസ്കാരം നേടിയ വിധു വിൻസെൻ്റ്, 'സ്റ്റാൻ്റപ്പ്', 'വൈറൽ സെബി' എന്നീ സിനിമകളും ചെയ്തു.'വൃത്തിയുടെ ജാതി' ,2015 ൽ സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങളിൽ സംവിധാനത്തിനും തിരക്കഥമുള്ള പുരസ്കാരങ്ങൾ നേടിയ 'നാടകാന്ത്യം', സംസ്ഥാന ടെലിവിഷൻ പുരസ്കാരം നേടിയ 'ആഫ്റ്റർ ദി എൻഡ് ഓഫ് ഡ്രാമ ', 'വിമോചനത്തിന്റെ പാട്ടുകാർ ','ദ റീബർത്ത് ഓഫ് എ റിവർ' തുടങ്ങിയവയാണ് വിധു വിൻസെന്റിന്റെ ഡോക്യുമെൻ്ററികൾ .മാധ്യമ പ്രവർത്തക,സ്ത്രീ അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടങ്ങളിലെ സംഘാടക, ചിത്രകാരി,തുടങ്ങിയ വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചു. വിധു എഴുതിയ 'ദൈവം ഒളിവിൽ പോയ നാളുകൾ ' എന്ന പുസ്തകത്തിന് 2020 ഏറ്റവും നല്ല യാത്രാവിവരണ ഗ്രന്ഥത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.
"സിനിമാക്കാരി ആകണമെന്ന് കുട്ടിക്കാലത്ത് വിചാരിച്ചിട്ടേയില്ല". സ്കൂളിൽ പഠിക്കുമ്പോൾ ഒട്ടേറെ നാടകങ്ങളിൽ അഭിനയിച്ചു.സംസ്ഥാന തലത്തിൽ രണ്ട് പ്രാവശ്യം സമ്മാനം ലഭിച്ച നാടക ടീമിൽ അംഗമായിരുന്നു. കുറച്ചു നാടകങ്ങളും സംവിധാനം ചെയ്തു. പിന്നീട് 'നിരീക്ഷണ' നാടക സമിതിയിൽ അംഗമായി, നാടകങ്ങൾ കളിച്ചു. സി.എസ് ചന്ദ്രികയുടെ 'ഉറുമ്പുകൾ സംസാരിക്കുന്നു' നാടകത്തിൽ പ്രധാന വേഷവും ചെയ്തു. രഘൂത്തമൻ്റെ 'അഭിനയ' അവതരിപ്പിച്ച 'ഭഗവദജ്ജുഗം' നാടകത്തിലും പ്രധാന വേഷം ചെയ്തു. ഡൽഹിയിലും അത് അവതരിപ്പിക്കപ്പെട്ടു.
ആകാശവാണി പരിപാടികളിൽ പങ്കെടുത്തുകൊണ്ടായിരുന്നു മാദ്ധ്യമ രംഗത്തെ തുടക്കം. ആർ.ശ്രീകണ്ഠൻ നായർ അവതാരകനായി തിരുവനന്തപുരം ആകാശവാണിയുടെ യുവവാണി പരിപാടിയിൽ പ്രക്ഷേപണം ചെയ്തിരുന്ന 'ജസ്റ്റ് എ മിനിറ്റ്' പരിപാടിയിൽ പങ്കെടുത്തു. കേരള മീഡിയ അക്കാദമിയിൽ വിദ്യാർഥിനിയായിരിക്കെ, കൊച്ചി എഫ്.എം നിലയത്തിലെ യുവവാണി പരിപാടികൾക്കുവേണ്ടി സ്ക്രിപ്റ്റുകൾ എഴുതുകയും ഫീച്ചറുകൾ തയ്യാറാക്കുകയും ചെയ്തു.
ഡോക്യുമെൻ്ററികളുമായി ബന്ധമുണ്ടായത് തിരുവനന്തപുരം സി-ഡിറ്റിൽ പഠിക്കുമ്പോഴായിരുന്നു.
ആനന്ദ് പട് വർദ്ധൻ്റെ 'റാം കീ നാം' പോലെയുള്ള രാഷ്ട്രീയ ഡോക്യുമെൻ്ററികൾ കണ്ടു. അദ്ദേഹത്തെപ്പോലെ, സ്വന്തം ഡോക്യുമെൻ്ററിയുമായി, ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്, ആളുകൾ കൂട്ടംകൂടി നിൽക്കുന്ന ഇടങ്ങളിലെല്ലാം കാണിക്കണമെന്ന് സ്വപ്നം കണ്ടു."ഡോക്യുമെൻ്ററികളെ ഒരു ആക്ടിവിസ്റ്റിൻ്റെ കാഴ്ചപ്പാടിലൂടെയാണ് കണ്ടത്. ജനപ്രിയ സിനിമകളിൽ കാണാത്ത കാഴ്ചകൾ, അതിൻ്റെ പിന്നിലെ രാഷ്ട്രീയം,കാഴ്ചകളിലെ ജെൻഡർ പക്ഷം തുടങ്ങിയവയൊക്കെ മനസ്സിൽ പതിഞ്ഞു".
ജനകീയാസൂത്രണത്തിന്റെ ആദ്യ നാളുകളിൽ അത് ഡോക്യുമെന്റ് ചെയ്യാൻ വിവിധ ജില്ലകളിൽ പോയ ഷൂട്ടിംഗ് സംഘത്തിൽ ഉണ്ടായിരുന്നു.ഡോക്ക്യുമെന്ററികൾ നിർവഹിക്കുന്ന ധർമ്മം എന്തെന്ന ആലോചനകളിലേക്ക് അത് വഴിതെളിച്ചു. അവയുടെ രൂപം എന്തായിരിക്കണമെന്ന ധാരണ രൂപപ്പെട്ടു.
മീഡിയ വൺ ടെലിവിഷൻ ചാനലിൽ പ്രവർത്തിക്കുമ്പോഴാണ് പ്രധാനപ്പെട്ട ഡോക്യുമെൻ്ററികളിൽ ചിലത് ചെയ്തത്.അതിൽ ഏറ്റവും ഇഷ്ടപ്പെട്ടത്, 'വൃത്തിയുടെ ജാതി'യാണ് . കൊല്ലത്ത്, വീടിനടുത്തുള്ള ഒരുപറ്റം മനുഷ്യരുടെ ജീവിതമായിരുന്നു അതിൽ .അഴുക്കുചാനലിൽ ഇറങ്ങി മാലിന്യം നീക്കം ചെയ്യുന്ന ഒരു ജനസമൂഹത്തിന്റെ ജീവിതചിത്രം. അതിൻ്റെ തുടർച്ചയായി ചെയ്ത 'മാൻഹോൾ' എന്ന ആദ്യ സിനിമയും പുറത്ത് വന്നതോടെ, ആ വിഷയം ആദ്യമായി പൊതുസമൂഹത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ടു.അടുത്ത വർഷത്തെ സംസ്ഥാന ബജറ്റിൽ ധനമന്ത്രി തോമസ് ഐസക്ക് ഈ സിനിമയെ പരാമർശിച്ചു."അവാർഡിനേക്കാൾ വലിയ സന്തോഷം പകർന്നു നൽകി,അത്".ഈ ജോലി ചെയ്യുന്ന ജനവിഭാഗത്തെ പുനരധിവസിപ്പിക്കാനുള്ള പദ്ധതികൾ അദ്ദേഹം ബജറ്റിൽ ഉൾപ്പെടുത്തി. യന്ത്ര സഹായത്തോടെയുള്ള മാലിന്യ നിർമ്മാർജ്ജന പദ്ധതികൾ നടപ്പാക്കാൻ വേണ്ടി ബജറ്റ് തുക വകയിരുത്തി.എൻജിനിയറിങ് വിദ്യാർത്ഥിയായ നൗഷാദിന്റെ നേതൃത്വത്തിൽ ജൻറോബോട്ടിക്സ് എന്ന സ്റ്റാർട്ടപ്പ്, മാൻ ഹോളുകളിൽ ഇറങ്ങി വൃത്തിയാക്കുന്ന റോബോട്ട് (bandicoot) വികസിപ്പിച്ചു. ഇന്ത്യയിൽ കുട്ടികളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടുന്ന ബെസ്വാദ വിൽസന് മഗ്സസെ അവാർഡ് കിട്ടിയതും ആ കൊല്ലമാണ്.അദ്ദേഹത്തിൻ്റെയും സംസ്ഥാന ശുചിത്വ മിഷന്റെയും നേതൃത്വത്തിൽ കേരളത്തിലെ ശുചീകരണ തൊഴിലാളികളെക്കുറിച്ച് സർവ്വേയും നടത്തപ്പെട്ടു. "അങ്ങനെ, ഈ സിനിമ സൃഷ്ടിച്ച പ്രതികരണങ്ങളെ ആസ്പദമാക്കി മറ്റൊരു ചിത്രം എടുക്കുന്നതിനെക്കുറിച്ചുള്ള ആലോചനയിലാണിപ്പോൾ ".
അടിയന്തരാവസ്ഥയുടെ നാല്പതാം വാർഷികത്തിൽ, അതേക്കുറിച്ച് ചെയ്ത ആത്മകഥാംശമുള്ള ഒരു ഡോക്യുമെൻ്ററിയാണ് പ്രിയപ്പെട്ട മറ്റൊന്നാണ് .'സമയം സ്വാതന്ത്ര്യത്തെ ഭയപ്പെടുത്തിയപ്പോൾ ' എന്ന ആ ഡോക്യുമെൻ്ററി ചെയ്തത് ,വീട്ടുകാർ ഇന്ദിരാഗാന്ധിയെയും അടിയന്തിരാവസ്ഥയെയും കുറിച്ച് പറഞ്ഞതിൻ്റെ ഓർമ്മകളെ ആസ്പദമാക്കിയാണ് ."1975 ൽ പിറന്ന ഞാൻ ഒരു അടിയന്തിരാവസ്ഥാക്കുട്ടിയാണ്". വീട്ടിലെ റേഡിയോയിലൂടെ ഇന്ദിര ഗാന്ധിയുടെ ശബ്ദം കേട്ട അമ്മയുടെ അച്ഛൻ അടക്കമുള്ള വീട്ടുകാരുടെ ഓർമ്മകൾ.ആ കാഴ്ചപ്പാടിലൂടെയാണ് ചിത്രം എടുത്തത്.
"സുരക്ഷിതമായ കഥയെ പിന്തുടർന്നാണ് സിനിമകൾ ഉണ്ടാക്കുന്നത്. പക്ഷേ, ഡോക്യുമെൻ്ററികൾ വലിയ സ്വാതന്ത്ര്യം നൽകുന്നുണ്ട്.മിക്കപ്പോഴും അലിഖിതമായ ഒരു സ്ക്രിപ്റ്റിൻമേലാണ് അവ ചെയ്യുന്നത്".
'റീബർത്ത് ഓഫ് എ റിവർ' , മീനച്ചലാറ്റിന്റെ രണ്ട് കൈവഴികൾ പുനരുജ്ജീവിപ്പിച്ച്, നദിയെ സംരക്ഷിക്കാൻ ജില്ലാ പഞ്ചായത്തിൻ്റെയും ഹരിത കേരള മിഷന്റെയും നേതൃത്വത്തിൽ നടന്ന ജനകീയ കൂട്ടായ്മയെക്കുറിച്ചുള്ള ഡോക്യുമെൻ്ററിയാണ് . എട്ട് മാസം കൊണ്ടാണ് അത് ഷൂട്ട് ചെയ്തത്. എല്ലാ രാഷ്ട്രീയ പാർട്ടികളിലും പെട്ടവർ ഒത്തൊരുമിച്ചാണ് പുഴയെ വീണ്ടെടുക്കാനുള്ള യജ്ഞത്തിനിറങ്ങിയത്.മാലിന്യങ്ങൾ നീക്കം ചെയ്ത ശേഷം പെയ്ത മഴയിൽ കൈവഴികളിലൂടെ വെള്ളമൊഴുകി. അതുവരെ ഉരുളിയിൽ വെള്ളമെടുത്ത് പ്രതീകാത്മകമായി നടത്തിയിരുന്ന അവിടുത്തെ ഒരു ക്ഷേത്രത്തിലെ ആറാട്ട് ,കാൽ നൂറ്റാണ്ടിനു ശേഷം കടവിലെ വെളളത്തിൽ നടത്തി.
"ഞങ്ങളും അവിടെ എല്ലാറ്റിൻ്റെയും ഭാഗമായാവുകയായിരുന്നു". അടുത്തിടെ മേഘാലയയിൽ നടന്ന ജലഉച്ചകോടിയിലും ഈ ചിത്രം കാണിച്ചു.
കെ.കെ. ഷൈലജ മന്ത്രിയായിരിക്കെ, സംസ്ഥാന സാമൂഹിക ക്ഷേമ വകുപ്പിന് വേണ്ടി ചെയ്ത ഡോക്യുമെൻ്ററിയാണ് 'വിമോചനത്തിന്റെ പാട്ടുകാർ'.പുതിയ തലമുറയിൽപെട്ടവർക്ക് കേരളത്തിലെ സ്ത്രീകളുടെ വികാസ പരിണാമങ്ങളുടെ ചരിത്രം വ്യക്തമാക്കുന്ന ചിത്രം.അവരെ മുഷിപ്പിക്കാതെ, ഒരു സിനിമ കാണുന്ന ലാഘവത്തോടെ, ചരിത്രവും പുരാവൃത്തവും കൂടിച്ചേർന്ന ഡോക്ക്യു -ഫിക്ഷൻ.
പുതുകാലത്ത് ദൃശ്യാവിഷ്ക്കാക്കാരങ്ങൾക്കുള്ള സാധ്യതകൾ വളരെ വിപുലമായിക്കൊണ്ടിരിക്കുന്നു. പക്ഷേ, ഡോക്ക്യുമെന്ററികൾക്ക് വേദികൾ പരിമിതമാണ്. നെറ്റ് ഫ്ലക്സ് പോലെയുള്ള പ്ലാറ്റ്ഫോമുകൾ വന്നതിന് ശേഷം സാധ്യതകൾ കൂടിയിട്ടുണ്ടെന്നും വിധു വിൻസെൻ്റ് പറഞ്ഞു.
തൻ്റെ ഏറ്റവും പുതിയ സിനിമയായ 'വൈറൽ സെബി' അതിരുകളെ പ്രശ്നവല്ക്കരിക്കുന്ന ഒരു രാഷ്ട്രീയ ചിത്രമാണെന്ന് വിധു പറഞ്ഞു. ഒരു ഡ്രൈവറുടെ ഒരു ദിവസമാണ് അതിൻ്റെ പശ്ചാത്തലം. കോഴിക്കാട് നിന്ന് ബാംഗ്ലൂരിലേക്കുള്ള കാർ യാത്രയിൽ അയാൾക്കുണ്ടാകുന്ന ആന്തരിക മാറ്റങ്ങളുടെ കഥ.
"മാദ്ധ്യമപ്രവർത്തകർക്ക് ഒരിക്കലും നിഷ്പക്ഷമായി നിൽക്കാൻ പറ്റില്ല എന്ന രാഷ്ട്രീയബോധ്യം ഉണ്ടായപ്പോഴാണ് ഏഷ്യാനെറ്റിലെ ജോലി രാജിവച്ചത്", വിധു പറഞ്ഞു. ചില പക്ഷങ്ങളെ എപ്പോഴും ചേർത്ത് പിടിക്കേണ്ടണ്ടതുണ്ട്. 2003ൽ മുത്തങ്ങയിൽ ആദിവാസി ഭൂപ്രക്ഷോഭം ഉണ്ടായപ്പോൾ അതിനോട് അനുഭാവം പ്രകടിപ്പിച്ച് ,അവിടെ പോകാൻ ആഗ്രഹിച്ചു.അതിന് അനുമതി കിട്ടിയില്ല.പക്ഷേ,മുത്തങ്ങ പ്രക്ഷോഭത്തിൽ പങ്കെടുക്കുകയും അറസ്റ്റിലാവുകയും ചെയ്തു. അതെത്തുടന്നുണ്ടായ പ്രശ്നങ്ങളാണ് ഏഷ്യാനെറ്റ് വിടാൻ കാരണം .
രണ്ട് സംസ്ഥാന ടെലിവിഷൻ പുരസ്ക്കാരങ്ങളും നാല് യു.ജി.സി - സി.ഇ. സി ദേശീയ പുരസ്കാരങ്ങളും ഉൾപ്പെടെയുള്ള അംഗീകാരങ്ങൾ ലഭിച്ച ഡോക്യുമെൻ്ററികളുടെ സംവിധായകനാണ് അടുത്തതായി സംസാരിച്ച സജീദ് നടുത്തൊടി . 'ബാംബൂ ബാലഡ്സ് ', 'എ ഡയറി ഓൺ ബ്ലൈൻഡ്നെസ്', 'ഔട്ട് ഓഫ് ദ ഷാഡോസ് ',മാഗ്രോവ്സ്:നേച്ചേഴ്സ് ഹാർഡി ഫൂട്ട് സോൾ ജ്യേഴ്സ്','ഗാർഡൻ ഓഫ് ഹെർബ്സ് ആൻ്റ് ഡ്രീംസ്' തുടങ്ങിയവയാണ് അദ്ദേഹത്തിൻ്റെ ഡോക്യുമെൻ്ററികൾ.
കോഴിക്കോട് സർവ്വകലാശാലയിലെ എം.സി.ജെ പഠനമാണ് ഡോക്ക്യുമെൻ്ററികളുമായി പരിചയപ്പെടാൻ ഇടയാക്കിയതെന്ന് സജീദ് നടുത്തൊടി അനുസ്മരിച്ചു.ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള ഡോക്യുമെൻ്ററികൾ കണ്ടു.കോഴ്സ് കഴിഞ്ഞ്, കുറച്ചുകാലം ഹൈദരാബാദിലെ ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് യൂണിറ്റിൽ സബ് എഡിറ്ററായി ജോലി ചെയ്തു. തുടർന്ന്, കോഴിക്കോട് സർവ്വകലാശാലയിലെ ഇ.എം.എം.ആർ.സി യിൽ വിദ്യാർത്ഥികൾക്ക് വേണ്ടി ഓൺലൈൻ വീഡിയോ തയ്യാറാക്കുന്ന വിഭാഗത്തിൽ ജോലി കിട്ടി.
ജോലിയുടെ ഭാഗമായാണ് ഡോക്യുമെൻ്ററികൾ തയ്യാറാക്കിയത്.മനുഷ്യന് ഉപകാരപ്രദമായ ബാക്ടീരിയകളെക്കുറിച്ച് സ്‌പൈസസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്ന ഗവേഷണത്തെ ആസ്പദമാക്കിയുള്ള സയൻസ് ഡോക്യുമെൻ്ററിയായിരുന്നു ആദ്യം ചെയ്തത്."മനുഷ്യൻ്റെ ജീവിതവും ജീവിതാവസ്ഥകളും എപ്പോഴും ആകർഷിച്ചു". അങ്ങനെയാണ് വാഹനാപകടത്തിൽപ്പെട്ട് ചലിക്കാനാവാതെ കിടപ്പിലായ മലപ്പുറത്തെ തോരപ്പാ മുസ്തഫയുടെ ജീവിതത്തെക്കുറിച്ച് 'ഗാർഡൻ ഓഫ് ഹെർബ്സ് ആൻ്റ് ഡ്രീംസ് ' എന്ന ഡോക്യുമെൻററി ചെയ്തത് .അദ്ദേഹം സ്വന്തം വീട്ടിൽ വലിയ ഔഷധസസ്യത്തോട്ടം നിർമ്മിക്കുകയും കൈകൾ ഉപയോഗിച്ച് വാഹനം ഓടിക്കുന്ന സംവിധാനം ഉണ്ടാക്കി, ഡൽഹി വരെ സഞ്ചരിച്ച് മറ്റുള്ളവർക്ക് മാതൃകയാവുകയും ചെയ്തു. ഒട്ടേറെ പേർക്ക് അദ്ദേഹം ഈ സാങ്കേതിക വിദ്യ കൈമാറി. ഈ ഡോക്യുമെൻറിക്ക് യു.ജി.സിയുടെ ദേശീയ പുരസ്കാരം ഉൾപ്പെടെ ഒട്ടേറെ അവാർഡുകൾ ലഭിച്ചു.
'ഔട്ട് ഓഫ് ദ ഷാഡോസ്' , അട്ടപ്പാടിയിലെയും വയനാട്ടിലെയും ആദിവാസി ജനസമൂഹങ്ങൾ റേഡിയോയും ടെലിവിഷനും ഉപയോഗപ്പെടുത്തി തങ്ങളുടെ ഭാഷയിൽ പരിപാടികൾ അവതരിപ്പിക്കുന്നതിനെക്കുറിച്ചായിരുന്നു.കണ്ടൽ വനസംരക്ഷണവുമായി ബന്ധപ്പെട്ട മൂന്ന് തലമുറകളിൽപെട്ടവരുടെ പ്രവർത്തങ്ങളെക്കുറിച്ച് എടുത്ത ഡോക്യുമെൻ്ററിയാണ് 'മാൻ ഗ്രോവ്സ്:നേച്ചേഴ്സ് ഹാർഡി ഫൂട്ട് സോൾജ്യേഴ്സ്''.
ഒട്ടേറെ പുരസ്കാരങ്ങൾ ലഭിക്കുകയും പല മേളകളിൽ പ്രദർശിപ്പിക്കപ്പെടുകയും ചെയ്ത 'ബാംബൂ ബാലഡ്സ്' കൊപ്പം സ്കൂളിലെ വിദ്യാർഥിനിയായ നൈനയുടെ മുളസംരക്ഷണ പ്രവർത്തനങ്ങളെ ആസ്പദമാക്കിയുള്ള ഡോക്യുമെൻ്ററിയാണ്.ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി മറ്റുള്ളവർക്കൊപ്പം പഠിക്കുന്ന ഹാരൂൺ കരിം എന്ന കാഴ്ച പരിമിതിയുള്ള വിദ്യാർത്ഥിയുടെ കഥയാണ് 'ഡയറി ഓൺ ബ്ലൈൻഡ്നെസ് '.
ഡൗൺ സിൻഡ്രോം ബാധിച്ച മകനെ മ്യൂസിക് തെറാപ്പിയിലൂടെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരുവാൻ ശ്രമിച്ച ഒരു അമ്മയെക്കുറിച്ചുള്ളതാണ് ഏറ്റവും അവസാനം ചെയ്ത 'റെയ്സ്ഡ് ഓൺ റിഥം' എന്ന ഡോക്യുമെൻ്ററി.
''ഓരോ വിഷയം ചെയ്യുമ്പോഴും അതേക്കുറിച്ച് ഗവേഷണം നടത്തും.ഏറെ കൗതുകത്തോടെ കൂടിയാണ് ഓരോന്നിനെയും ഞാൻ കാണുന്നത് .ഡോക്യുമെൻ്ററികൾ ഷൂട്ട് ചെയ്യുമ്പോൾ സ്വാഭാവികത നിലനിർത്താനായി ക്ഷമയോടുകൂടി കാത്തിരിക്കും.'ഡയറി ഓൺ ബ്ലൈൻഡ്നെസ്' ഷൂട്ട് ചെയ്തപ്പോൾ ആദ്യം വളരെ ഫോർമലായാണ് ഹാരൂൺ സംസാരിച്ചത്. പിന്നീട് അവനുമായി ചങ്ങാത്തത്തിലായി. അതിനുശേഷം വളരെ സ്വാഭാവികമായി അവൻ സംസാരിക്കാൻ തുടങ്ങി. ആ ഭാഗം മാത്രമാണ് ഡോക്ക്യുമെന്ററിയിൽ ഉൾപ്പെടുത്തിയത്".
ഡോക്യുമെൻററി ഷൂട്ട് ചെയ്യുമ്പോൾ വലിയ സംവിധാനങ്ങൾ ഉപയോഗിക്കാറില്ല. സിനിമയുടേതു പോലുള്ള സെറ്റപ്പ് ആണെങ്കിൽ അതു കണ്ട്, പങ്കെടുക്കുന്നവരുടെ സംസാരത്തിൽ സ്വാഭാവികത നഷ്ടപ്പെടും എന്നതാണ് അനുഭവം.ഇപ്പോൾ അരമണിക്കൂർ ദൈർഘ്യമുള്ള ഒരു ഡോക്യുമെൻ്ററി ഒരു ലക്ഷത്തോളാളം രൂപ കൊണ്ട് നിർമ്മിക്കാൻ പറ്റും.
ഡോക്യുമെൻ്ററികൾ മുഷിപ്പിക്കുന്നതാണ് എന്ന് പൊതുവായ ഒരു ധാരണയുണ്ട്. "പക്ഷേ, പ്രേക്ഷകരുടെ താൽപര്യങ്ങൾക്ക് പരിഗണന കൊടുത്തു കൊണ്ടുള്ള രീതിയാണ് അവലംബിക്കുന്നത്. അവരുടെ അഭിരുചികൾപരിഗണിച്ചാണ് ഞാൻ ഡോക്യുമെൻ്ററികൾ ചെയ്യാറുള്ളത്". 'ബാംബൂ ബാലഡ്സ്' സിനിമ പോലെ കണ്ടിരുന്നു എന്ന് പലരും അറിയിച്ചിട്ടുണ്ട്. ഇറ്റലിയിൽ അത് സ്ക്രീൻ ചെയ്തപ്പോൾ ,അത് കണ്ട് ഒരാൾ അഭിനന്ദനം അറിയിച്ചിരുന്നു. അസമിലെ സ്കൂളുകളിലും പോലീസ് സ്റ്റേഷനുകളിലും ആ ചിത്രം പ്രദർശിപ്പിക്കപ്പെട്ടപ്പോഴും നല്ല അഭിപ്രായം കിട്ടി.തന്നെ ക്കുറിച്ചുള്ള ഡോക്യുമെൻ്ററി കണ്ടപ്പോൾ തോരപ്പാ മുസ്തഫ സന്തോഷം കൊണ്ട് മതിമറന്നതും സജീദ് ഓർക്കുന്നുണ്ട്.
പല വിദേശ ഡോക്യുമെൻ്ററികളിലും സൗന്ദര്യാത്മകതയ്ക്കും കലാമൂല്യത്തിനും രൂപത്തിനും പ്രാധാന്യം നൽകുന്നുണ്ടെന്ന് മനസ്സിലായി. മുൻപ് ഡോക്യുമെൻ്റികൾ ആഴത്തിലുള്ള അന്വേഷകമായ വാർത്തകളായിരിക്കണം എന്ന സമീപനമായിരുന്നു പലർക്കുമുണ്ടായിരുന്നത്. മിക്കവയും രാഷ്ട്രീയ ഡോക്ക്യുമെൻ്ററികളായിരുന്നു. ഇപ്പോൾ, ഫീച്ചർ സിനിമയും ഡോക്യുമെൻ്ററികളും തമ്മിലുള്ള അതിർവരമ്പുകൾ കുറഞ്ഞവരുകയാണ്.
പക്ഷേ, ഇപ്പോഴും ഡോക്കുമെൻ്ററികൾ സ്ക്രീൻ ചെയ്യാനുള്ള സൗകര്യങ്ങൾ വളരെ കുറവാണ്.അവ മാർക്കറ്റ് ചെയ്യാൻ സാധ്യത തീരെയുമില്ല."ഔദ്യോഗിക സംവിധാനത്തിന് ഭാഗമായതുകൊണ്ട് പരിമിതികൾക്ക് നടുവിൽ നിന്നാണ് ഞാൻ ഇതുവരെ ഡോക്യുമെൻ്ററികൾ ചെയ്തത്. സ്വതന്ത്രമായ വർക്കുകൾ ചെയ്യണമെന്ന് ഏറെ ആഗ്രഹമുണ്ട് .ഒരു ഫീച്ചർ ഫിലിം ചെയ്യാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു", സജീദ് നടുത്തൊടി പറഞ്ഞു.
പരിപാടിയിൽ ഡി.പ്രദീപ് കുമാറും കെ.ഹേമലതയും മോഡറേറ്റർമാരായി.
'ദൃശ്യസാക്ഷ്യം' പരമ്പരയുടെ അഞ്ചാംഭാഗത്തിന്റെ ശബ്ദലേഖനം മീഡിയ വേവ്സ് ചാനലിലുണ്ട്.https://youtu.be/m9-IvWPk_q0?si=VSWe_sBJpP9xKcUt
No comments:
Post a Comment