'എന്റെ ആകാശവാണിക്കാലം' (ക്ലബ്ബ് ഹൗസ് മീഡിയ റൂം, 2023 ഡിസം. 16 ) പരമ്പരയിൽ അതിഥികളായെത്തിയത് ചന്ദ്രിക ഗോപിനാഥും (മുൻ സ്റ്റാഫ് ആർട്ടിസ്റ്റ് ,കോഴിക്കോട്), ബി.രഞ്ജിനി വർമ്മയും (മുൻ സ്റ്റാഫ് ആർട്ടിസ്റ്റ്, തിരുവനന്തപുരം).
കോഴിക്കാട് ആകാശവാണിയിൽ, ആരംഭകാലം മുതൽ സ്റ്റാഫ് ആർട്ടിസ്റ്റായിരുന്നു ചന്ദ്രികയുടെ അച്ഛൻ എൻ.ഗോപിനാഥൻ. ഗോപിനാഥ ഭാഗവതർ എന്ന് എല്ലാവരും വിളിച്ചിരുന്ന അദ്ദേഹം 1971-ൽ അകാലത്തിൽ മരിക്കുമ്പോൾ ചന്ദ്രിക പാലക്കാട് സംഗീത കോളേജിൽ ഗാനഭൂഷണത്തിന് പഠിക്കുകയായിരുന്നു. സ്ക്കൂൾ വിദ്യാർത്ഥിനിയായിരിക്കുമ്പോൾ ബാലലോകം പരിപാടിയിൽ പാടിക്കൊണ്ടായിരുന്നു റേഡിയോയിലെ തുടക്കം. ഗാനഭൂഷണം പാസായ ശേഷം,1975-ൽ ആകാശവാണി കോഴിക്കോട് നിലയത്തിൽ കരാറടിസ്ഥാനത്തിൽ ഒരു വർഷത്തേയ്ക്ക് നിയമിക്കപ്പെട്ടു. അടുത്ത വർഷം സ്ഥിരം നിയമനം കിട്ടി. അങ്ങനെ,39 വർഷം നിലയത്തിൽ സ്റ്റാഫ് ആർട്ടിസ്റ്റായി പ്രവർത്തിച്ച്, 2014 ൽ വിരമിച്ചു.
മഹാരഥൻമാരായ കെ. രാഘവൻ, തൃശൂർ പി രാധാകൃഷ്ണൻ, കെ.കുഞ്ഞിരാമൻ, ഹരിപ്പാട് കെ.പി. എൻ പിള്ള, പാല സി.കെ രാമചന്ദ്രൻ തുടങ്ങിയവർ സംഗീത വിഭാഗത്തിൽ ഒപ്പമുണ്ടായിരുന്നു. കെ.എ കൊടുങ്ങല്ലൂർ, എൻ.എൻ കക്കാട്, തിക്കോടിയൻ, ജഗതി എൻ.കെ. ആചാരി തുടങ്ങിയവരും ആദ്യ കാലത്ത് നിലയത്തിലുണ്ടായിരുന്നു."അവരെല്ലാം കൊച്ചു കുട്ടിയോടെന്നപോലെ എന്നെ സ്നേഹിച്ചു. തിക്കോടിയൻ മാഷൊക്കെ അങ്ങനെയേ വർത്താനം പറയുകയുള്ളൂ. കക്കാട് മാഷ് രോഗബാധിതനായി മരിക്കുന്നതിന് തൊട്ടു മുൻപ് അദ്ദേഹത്തെ ചെന്നു കണ്ടു. ദേഹത്ത് തൊടുമ്പോൾ കടുത്ത വേദനയായിരുന്നുവെങ്കിലും, 'നന്നായിരിക്കൂ, കുട്ടി' എന്ന് അദ്ദേഹം അനുഗ്രഹിച്ചത് ഓർക്കുന്നു".
ആകാശവാണിയിലെത്തിയ ശേഷമാണ് കർണ്ണാടക സംഗീതത്തിന്റെ ഓഡിഷൻ പാസായത്. അങ്ങനെ, 1978-ൽ ബി ഗ്രേഡ് കിട്ടി.
"അച്ഛന്റെ പേരു കൂട്ടിച്ചേർത്ത്,ചന്ദ്രിക ഗോപിനാഥ് എന്ന പേരിലാണ് പാടിത്തുടങ്ങിയത്. അത് ഞാൻ അച്ഛന് കൊടുത്ത വാക്കായിരുന്നു. അത് കേൾക്കാൻ അച്ഛനുണ്ടായില്ല".
1986-ൽ എ ഗ്രേഡ് കിട്ടി. അത് അപ്രതീക്ഷിതമായിരുന്നു. അന്ന് കാവാലം കുമാറായിരുന്നു , പ്രോഗ്രാം എക്സിക്യൂട്ടീവ് . കെ.പി.കെ നമ്പ്യാർ സ്റ്റേഷൻ ഡയറക്ടറും."അവർ വിളിച്ച് ആ വാർത്ത അറിയിക്കുമ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ല. ചെമ്പൈ സംഗീതാത്സവത്തിൽ പാടിത്തുടങ്ങിയത് അതെത്തുടർന്നാണ്".
പാല സി.കെ രാമചന്ദ്രനാണ് ഗുരു."റേഡിയോയിലെ കർണ്ണാടക സംഗീത പാഠത്തിൽ വർഷങ്ങളോളം
അദേഹത്തിൽ നിന്ന് പാട്ട് പഠിച്ചത് ഞാനാണ്. അദ്ദേഹം വിരമിച്ച ശേഷം ഞാനും ആ പരിപാടിയിൽ സംഗീത ഗുരുവായി".
ലളിതഗാനാലാപനത്തിലും ഗ്രേഡുണ്ട്. ധാരാളം ലളിത ഗാനങ്ങളും ഭക്തിഗാനങ്ങളും പാടിയിട്ടുണ്ട്. ഡോ.ബി. ബാലമുരളീകൃഷ്ണയ്ക്കാപ്പം ഭക്തിഗാനം പാടിയതാണ് മറക്കാനാവാത്ത ഒരു അനുഭവം. ഒരു കച്ചേരി റെക്കാർഡ് ചെയ്യാൻ എത്തിയപ്പോഴായിരുന്നു അദ്ദേഹത്തെ പരിചയപ്പെട്ടത്." അദ്ദേഹം പേരു് ചോദിച്ചു. അടുത്ത ദിവസം ഉച്ചയ്ക്ക് റേഡിയോയിൽ ഞാൻ പാടുന്നുണ്ടന്ന് അനൗൺസറും ഗായികയുമായ മായാനാരായണൻ അദ്ദേഹത്തോട് പറഞ്ഞു. അത് കേട്ട ശേഷം അദ്ദേഹം അഭിനന്ദനനമറിയിക്കുകയും സ്വന്തം ശൈലിയിൽ പാടാൻ ശ്രമിക്കണമെന്ന് ഉപദേശിക്കുകയും ചെയ്തു. പിന്നെ നിലയത്തിൽ വന്നപ്പോഴാണ് ഒപ്പം പാടാൻ അവസരം കിട്ടിയത്".
ഏറെ ആരാധിച്ചിരുന്ന എം.എൽ വസന്തകുമാരി അടക്കമുള്ള ഒട്ടേറെ സംഗീതജ്ഞർ നിലയത്തിൽ വന്നപ്പോൾ അവരെ പരിചയപ്പെടാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു.എം.എസ് ബാബുരാജ് സംഗീതം നൽകിയ ഒരു ലളിതഗാനം പാടിയതും മറക്കാനാവാത അനുഭവം. കെ.രാഘവന്റെയും തൃശൂർ പി.രാധാകൃഷ്ണന്റെയും ഹരിപ്പാട് കെ.പി. എൻ പിള്ളയുടെയും സംഗീത സംവിധാനത്തിൽ ധാരാളം പാട്ടുകൾ പാടിയിട്ടുണ്ട്. ഒരു ഓണപ്പരിപാടിക്ക് തൃശൂർ പി.രാധാകൃഷ്ണൻ ഒരുക്കിയ 'കഥകളിമുദ്രയെനിക്കറിയില്ല, കടമിഴിയാലും കാര്യം പറയാനറിയില്ല' എന്ന ഗാനം പ്രശസ്തമാണ്. കെ.രാഘവൻ സംഗീതം നൽകിയ ' സൗവർണ്ണ മണിത്തേരിൽ നീയണഞ്ഞു' എന്ന പാട്ട് ചന്ദ്രിക ഗോപിനാഥ് ആലപിച്ചു. ഒരു കീർത്തനയും അവർ പാടി.
മറ്റ് സഹപ്രവർത്തകരെപ്പോലെ സംഗീത സംവിധാനം നിർവഹിച്ചിട്ടില്ല."കള്ളത്തരങ്ങളൊന്നും എനിക്കറിയില്ല .അറിയാത്തത് അറിയില്ല എന്ന് തന്നെ ഞാൻ പറയും". സംഗീത പാരമ്പര്യം മകൻ ഗോപീകൃഷ്ണൻ പിന്തുടരുന്നുണ്ട്. അദ്ദേഹം സംഗീത സംവിധായകനാണ്.
ഇപ്പോൾ ശാസ്ത്രീയ സംഗീതം കേൾക്കാൻ താല്പര്യമുള്ള ധാരാളം പേരുണ്ടെന്ന് ചന്ദ്രിക ഗോപിനാഥ് പറഞ്ഞു. ടെവിഷൻ റിയാലിറ്റി ഷോകൾ ഉൾപ്പെടെയുള്ള മത്സരങ്ങളിൽ ഒട്ടേറെ കുട്ടികൾ പങ്കെടുക്കുന്നുണ്ട്. മത്സരത്തിന് വേണ്ടി മാത്രമല്ലാതെ, അവർ പാട്ട് കാര്യമായി പഠിക്കണം.
ബി.രഞ്ജിനി വർമ്മ തിരുവനന്തപുരം നിലയത്തിൽ 34 വർഷം സ്റ്റാഫ് ആർടിസ്റ്റായിരുന്നു - 1989 മുതൽ 2023 വരെ . പൂഞ്ഞാർ സ്വദേശിനിയായ രഞ്ജിനി സംഗീതം അഭ്യസിച്ച് തുടങ്ങിയത് അമ്മ ഭവാനി തമ്പുരാട്ടിയിൽ നിന്നായിരുന്നു. ശെമ്മങ്കുടിയുടെ ശിഷ്യയായിരുന്ന അവരും സഹോദരി സുലോചന തമ്പുരാട്ടിയും ചേർന്ന് ധാരാളം കച്ചേരികൾ അവതരിപ്പിച്ചിട്ടുണ്ട് (രണ്ടു പേരുടെയും ആലാപനങ്ങൾ പിൽക്കാലത്ത് രഞ്ജിനി വർമ്മ ഒരു സി.ഡി.യിലാക്കി). ഏതാനും മാസം പാലക്കാട് രാമ ഭാഗവതരുടെ കീഴിലും പഠിച്ചു.
തിരുവനന്തപുരം വിമൻസ് കോളേജിൽ നിന്ന് സംഗീതത്തിൽ ബി.എയും റാങ്കോടെ എം.എ യും പാസായി."ഡിഗ്രി ഒന്നാം വർഷം മുതൽ ഡോ.കെ. ഓമനക്കുട്ടി ടീച്ചറിന്റെ കീഴിൽ സംഗീതഭ്യസനം തുടങ്ങി.ഇപ്പോൾ നാല്പതു വർഷമായി. ധാരാളം കച്ചേരികളിൽ കൂടെപ്പാടി".തുടക്കക്കാർക്കായുള്ള 'രാഗധാര' പരിപാടിയിൽ പാടിക്കൊണ്ടാണ് റേഡിയോ ബന്ധത്തിന്റെ ആരംഭം.1987-ൽ കർണ്ണാടക സംഗീതത്തിൽ ഓഡിഷൻ പാസായി, ബി- ഹൈ ആർട്ടിസ്റ്റായി. അന്ന് 50 മിനിറ്റ് ദൈർഘ്യമുള്ള തത്സമയ കച്ചേരി പാടി ."അതോടെ ആത്മവിശ്വാസം കിട്ടി".
2009ൽ എ ഗ്രേഡ് ലഭിച്ചു.കെ.പി ഉദയഭാനു , നെയ്യാറ്റിൻകര വാസുദേവൻ, എം.ജി രാധാകൃഷ്ണൻ, തൃപ്പൂണിത്തുറ കെ ഗിരിജാവർമ്മ, ഗോമതി ചിദംബരം, കെ.എസ് ഗോപാലകൃഷ്ണൻ, ബി.ശശികുമാർ , ഇരിങ്ങാലക്കുട വിജയകുമാർ , തിരുവനന്തപുരം വി.കാർത്തികേയൻ, തിരുവനന്തപുരം വി.സുരേന്ദ്രൻ , ആർ. വൈദ്യനാഥൻ, ആർ. വെങ്കിട്ടരാമൻ,സുബ്രഹ്മണി (തബല) തുടങ്ങിയവർക്കൊപ്പം പ്രവർത്തിച്ചു.
"ആകാശവാണിയിൽ ചെല്ലുന്നത് എപ്പോഴും വീട്ടിലേക്ക് കയറി ചെല്ലുന്നതു പോലെയാണ്".
ആദ്യ കാലങ്ങളിൽ കർണ്ണാടക സംഗീത പാഠത്തിൽ പഠിതാവായിരുന്നു. നെയ്യാറ്റിൻകര വാസുദേവനായിരുന്നു ഗുരു. പിന്നീട് ഇരിങ്ങാലക്കുട വിജയകുമാറും.കാഴ്ച പരിമിതിയുള്ള ആളാണ് അദ്ദേഹം. പിൽക്കാലത്ത് സംഗീതപാഠം എടുക്കാനും അവസരം കിട്ടി."അന്ന് ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 7.35നായിരുന്നു ആ പരിപാടി. കാസർകോഡ്കാരിയായ വയലിനിസ്റ്റ് മഞ്ജുള രാജേഷ് സ്ക്കൂൾ വിദ്യാർത്ഥിനിയായിരുന്ന കാലത്ത് സഹോദരി ആ പാഠങ്ങൾ കേട്ടു പഠിച്ചിരുന്നു എന്ന് അറിഞ്ഞപ്പോൾ വലിയ സന്തോഷമുണ്ടായി. പലരും ഇങ്ങനെ പറഞ്ഞിട്ടുണ്ട്".
മുൻപ് ആഴ്ചയിലൊരിക്കൽ,രാവിലെ 8.20 മുതൽ 50 മിനിറ്റ് തത്സമയ സംഗീതക്കച്ചേരിയായിരുന്നു. അതിൽ ധാരാളം പാടിയിട്ടുണ്ട്."പുറത്തു നിന്നുള്ള ആർട്ടിസ്റ്റുകൾ വന്നില്ലെങ്കിലും ഞങ്ങൾ തന്നെ പാടുമായിരുന്നു". എൻ.എസ് കൃഷ്ണമൂർത്തി സ്റ്റേഷൻ ഡയറക്ടറായിരിക്കെ, ഇത്തരം ഒരു കച്ചേരി കഴിഞ്ഞ് കാന്റീനിലെത്തിയപ്പോൾ, അദ്ദേഹം അഭിനന്ദനം അറിയിച്ചത് ഏറെ സന്തോഷം നൽകിയ അനുഭവമാണ്. ഡോ.കെ. ഓമനക്കുട്ടി പങ്കെടുത്ത ദേശീയ സംഗീത സമ്മേളനങ്ങളിൽ പല പ്രാവശ്യം കൂടെപ്പാടിയിട്ടുണ്ട്. ട്രിച്ചിയിൽ ദീക്ഷിതർ കൃതികൾ മാത്രം പാടിയത് ഓർക്കുന്നു. നവാവരണ കൃതികളും നവരാത്രി കൃതികളും മുഴുവൻ അവർക്കൊപ്പം വേദികളിൽ പാടിയിട്ടുണ്ട്.
ആകാശവാണി ദേശീയസംഗീതോത്സവത്തിൽ പ്രക്ഷേപണം ചെയ്ത , ട്രിനിറ്റി ഫെസ്റ്റിവലിൽ രഞ്ജിനി വർമ്മ കച്ചേരി പാടി.നവരാത്രി മണ്ഡപത്തിൽ രണ്ട് പ്രാവശ്യം പാടിയിട്ടുണ്ട്. ചെമ്പൈ , സ്വാതിതിരുനാൾ സംഗീതോത്സവങ്ങളിലും പാടി.
പ്രക്ഷേപണങ്ങൾ സൂക്ഷ്മമായി ശ്രദ്ധിക്കുന്ന ഗുരുക്കൻമാരുണ്ടായിരുന്നു." വീണവിദ്വാനായ കെ.എസ് നാരായണ സ്വാമി, ഡോ.കെ. ഓമനക്കുട്ടിയെ പഠിപ്പിച്ച ഒരു കൃതി ഞാൻ നിലയത്തിലെ ഒരു തത്സമയ പ്രക്ഷേപണത്തിൽ പാടിയപ്പോൾ ,ഒരു ഭാഗത്ത് ചെറിയ ആശയക്കുഴപ്പമുണ്ടായി. പിന്നീട് കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു: ആ സ്ഥലത്ത് അങ്ങനെയല്ല പാടേണ്ടത്".
തിരുവനന്തപുരത്തെ നവരാത്രി സംഗീതോത്സവത്തിൽ പങ്കെടുക്കാനെത്തുന്ന പ്രമുഖ സംഗീതജ്ഞരെല്ലാം ആകാശവാണിയിൽ റെക്കാർഡിങ്ങിനെത്തുക പതിവായിരുന്നു. ടി.കെ മൂർത്തി അടക്കമുള്ളവരെ പരിചയപ്പെട്ടത് ഭാഗ്യമായി. സംഗീത കോളേജ് അദ്ധ്യാപകർ കൂടിയായ മാവേലിക്കര ആർ പ്രഭാകര വർമ്മ, പി.ആർ കുമാര കേരള വർമ്മ, പാൽക്കുളങ്ങര കെ അംബികാദേവി, നെയ്യാറ്റിൻകര എം.കെ മോഹനചന്ദ്രൻ തുടങ്ങിയവരും കച്ചേരികൾ അവതരിപ്പിക്കാനെത്തും.
വൃന്ദവാദ്യം, കഥാപ്രസംഗം, നാടൻ പാട്ട് തുടങ്ങിയവയുടെ റെക്കാർഡിങ്ങും ജോലിയുടെ ഭാഗമായിരുന്നു."എന്റെ ശബ്ദം അനുയോജ്യമല്ലാത്തതിനാൽ, ലളിത ഗാനങ്ങൾ പാടിയിട്ടില്ല".
കർണ്ണാടക സംഗീതത്തിൽ അടിത്തറ ഉണ്ടെങ്കിലേ ചലച്ചിത്ര ഗാനാലാപന രംഗത്ത് ഉറച്ചു നിൽക്കാൻ കഴിയുകയുള്ളുവെന്ന് രഞ്ജിനി വർമ്മ പറഞ്ഞു."ക്ലാസിക്കൽ ബേസുണ്ടെങ്കിൽ അവർക്ക് മുന്നേറാൻ കഴിയും. പക്ഷേ,കച്ചേരികൾ അവതരിപ്പിക്കണമെങ്കിൽ വർഷങ്ങളോളം നിരന്തരം പ്രയത്നിക്കണം. മാസ്റ്റേഴ്സിന്റെ കച്ചേരികൾ കേട്ടുള്ള കേഴ്‌വിജ്ഞാനം ആവശ്യമാണ്".
പുതിയ തലമുറയെ നല്ല പാട്ടുകൾ തന്നെ കേൾപ്പിക്കണം."കുട്ടികളെ ഇപ്പോഴത്തെ രീതിയിലുള്ള വല്ലാത്ത പാട്ടുകൾ കേൾപ്പിച്ചാൽ അവരുടെ ബ്രെയ്ൻ ഡാമേജ്ഡ് ആയിപ്പോകും".പുതിയ തലമുറക്കാർക്ക് പ്രത്യേക രീതിയിലുള്ള സ്വഭാവമാണ്."അത് എന്തായാലും, ഹൃദയത്തിൽ നിൽക്കുന്ന പാട്ടുകളേ നിലനിൽക്കൂ".കാലത്തിനനുസരിച്ച് കർണ്ണാടക സംഗീതകൃതികളുടെ ആലാപനത്തിൽ മാറ്റം വരുത്താനാകില്ലെന്നും രഞ്ജിനി വർമ്മ പറഞ്ഞു.
"നവാവരണ കൃതികൾ പഴയ രീതിയിലേ പാടാൻ കഴിയൂ".'നീലവർണ്ണ പാഹിമാം ' എന്ന കീർത്തനം രഞ്ജിനി വർമ്മ ആലപിച്ചു.
ചർച്ചയിൽ പി.എം. ഷിബു പങ്കെടുത്തു. ഡി.പ്രദീപ് കുമാറും കെ. ഹേമലതയും മോഡറ്റേർമാരായി.
ഈ പരിപാടിയുടെ ശബ്ദലേഖനം മീഡിയ വേവ്സ് യൂട്യൂബ് ചാനലിലുണ്ട്.https://youtu.be/rqwPEeaGrD8?si=1F8v59nM4BZNjG_C

