'ചരിത്രസാക്ഷികൾ ' ക്ലബ് ഹൗസ് മീഡിയ റൂം പരമ്പരയുടെ ( 2023 ഓഗസ്റ്റ് 26) 35 ആം ഭാഗത്തിൽ അതിഥികളായി എത്തിയത് ഇ. സലാഹുദ്ദീനും (മുൻ ബ്യൂറോ ചീഫ് ; സ്പെഷ്യൽ കറസ്പോണ്ടന്റ്, മാതൃഭൂമി),സി.പി രാജശേഖരനും (ഡെപ്യൂട്ടി എഡിറ്റർ, വീക്ഷണം;മുൻ ചീഫ് ന്യൂസ് എഡിറ്റർ ,ദീപിക) .
1987ൽ കോഴിക്കോട് ഡെസ്ക്കിൽ നിന്നാണ് , കായംകുളം സ്വദേശിയായ ഇ. സലാഹുദ്ദീന്റെ മാദ്ധ്യമജീവിതത്തിന്റെ തുടക്കം.ശരീയത്ത് വിവാദം കത്തിനിൽക്കുന്ന സമയത്തായിരുന്നു മാതൃഭൂമി ജേർണലിസ്റ്റ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിനുള്ള എഴുത്തു പരീക്ഷയും അഭിമുഖവും നടത്തിയത്. "മാനേജിംഗ് ഡയറക്ടർ എം.പി വീരേന്ദ്രകുമാർ ഉൾപ്പെടെയുള്ളവർ അടങ്ങിയ ഇൻറർവ്യൂ ബോർഡിനു മുന്നിൽ ദീർഘനേരം അഭിമുഖത്തിന് ഇരിക്കേണ്ടി വന്നു. ശരീയത്തിനെ കുറിച്ചുള്ള എന്റെ നിലപാടായിരുന്നു അവർ മുഖ്യമായും ചോദിച്ചത്".
2020 ജൂൺ വരെ നീണ്ടു നിന്ന 34 വർഷത്തെ മാതൃഭൂമിക്കാലത്ത് ആദ്യ അഞ്ചര വർഷം കോഴിക്കോടും നീണ്ട 24 വർഷം തൃശൂരിലും കുറച്ചു കാലം മലപ്പുറത്തും പ്രവർത്തിച്ചു. ഏതാനും വർഷമൊഴികെ മുഴുവനും ബ്യൂറോകളിൽ.
കോഴിക്കോട്ട് ചേരുമ്പോൾ , ഗൾഫ് എഡിഷന്റെ ചുമതല ഉണ്ടായിരുന്ന രാജേന്ദ്രൻ പുതിയേടത്താണ് ആദ്യകാല ഗുരു.അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ച്, യു.എ.ഇയുടെ ചരിത്രത്തെയും വിഭവശേഷിയെയും കുറിച്ച്, 10 അധ്യായങ്ങളുള്ള ഒരു പരമ്പര എഴുതി.തുടർന്ന്, അദ്ദേഹത്തിന് കൊച്ചിക്ക് സ്ഥലംമാറ്റം കിട്ടിയപ്പോൾ, ഗൾഫ് പതിപ്പിന്റെ ചുമതലയും ഏൽപ്പിച്ചു.
ജോലി വൈകീട്ട് മാത്രം തുടങ്ങുന്നതിനാൽ, പകൽ സമയത്ത് ഡോ.എം.എം ബഷീറിനോടൊപ്പം എൻ ബി .എസിലെ ശ്രീധരനെ കാണാൻ പോകുന്നത് പതിവാക്കി. തൊട്ടടുത്ത അളകാപുരി ഹോട്ടലിൽ തിക്കോടിയൻ, എൻ.പി മുഹമ്മദ്, പി.വത്സല, പുനത്തിൽ കുഞ്ഞബ്ദുള്ള തുടങ്ങിയ മഹാരഥർ മിക്ക ദിവസവും വരും.എഴുത്തുകാരും കലാകാരരുമൊക്കെ അവിടെ ഒത്തുകൂടും.അങ്ങനെ, അവരോടൊപ്പം ചേർന്ന്, എല്ലാവരുമായി പരിചയത്തിലായി.
ഈ ബന്ധങ്ങൾ അറിഞ്ഞ ബ്യൂറോ ചീഫ് വി.രാജഗോപാൽ റിപ്പോർട്ടിങ്ങിലേക്ക് കൊണ്ടുവന്നു.
മെഡിക്കൽ കോളേജ് സംബന്ധിച്ച വാർത്തകൾ ചെയ്യാനാണ് അദ്ദേഹം മുഖ്യമായും ചുമതലപ്പെടുത്തിയത്. "അതായിരുന്നു എനിക്ക് കിട്ടിയ ബീറ്റ്. വലിയ പ്രോത്സാഹനമാണ് അദ്ദേഹം നൽകിയത്. റിപ്പോർട്ടിങ്ങിൽ തെറ്റുകൾ വരും .പക്ഷേ, അവ തിരുത്തപ്പെടണം; ആവർത്തിക്കുകയുമരുത് എന്ന ഉപദേശത്തോടെ വലിയ സ്വാതന്ത്ര്യം തന്നു" .
കോഴിക്കോട് മെഡിക്കൽ കോളേജിൽ നവജാത ശിശുക്കളുടെ കൂട്ട മരണം നടക്കുന്നു എന്ന വാർത്ത അക്കാലത്ത് വലിയ കോളിളക്കം ഉണ്ടാക്കി.മൂന്ന് ദിവസം അത് സംബന്ധിച്ച് തുടർച്ചയായി നൽകിയ വാർത്തകൾ നിയമസഭയിലും പ്രക്ഷുബ്ധ രംഗങ്ങൾക്ക് ഇടയാക്കി. അന്ന് എ.സി ഷൺമുഖദാസായിരുന്നു ആരോഗ്യവകുപ്പ് മന്ത്രി ;ഡോ. ആയിഷ ഗുഹരാജ് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളും.
"നിയമസഭയിൽ സ്പീക്കർ റിപ്പോർട്ടിനെതിരെ പ്രതികരിച്ചു.പകച്ചുനിന്ന ആ നാളുകളിൽ ധൈര്യം പകർന്നു നൽകിയത് എം.പി വീരേന്ദ്രകുമാറായിരുന്നു. തെളിവുണ്ടെങ്കിൽ മുന്നോട്ടുപോകാണ് അദ്ദേഹം നിർദ്ദേശിച്ചത്". പിന്നീട് ,ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയ കമ്മീഷൻ ആ റിപ്പോർട്ട് ശരി വച്ചു.
വളരെ യാദൃച്ഛികമായാണ് ഈ റിപ്പോർട്ടിലേക്ക് നയിച്ച സൂചനകൾ ലഭിച്ചത്.താമസിച്ചിരുന്ന നടയ്ക്കാവിലെ ഹോസ്റ്റലിൽ നിന്ന് കടൽതീരത്ത് പ്രഭാത സവാരിക്കു പോയപ്പോൾ ,ബീച്ചിൽ ആരോഗ്യ വകുപ്പിന്റെ ബോർഡ് വെച്ച വണ്ടികൾ കണ്ടു. അവയിൽ നിന്ന് ചാക്കിൽ നിറച്ച മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ആശുപത്രി അവശിഷ്ടങ്ങളായിരുന്നു അവ.ഇതേ വണ്ടികൾ തന്നെ മെഡിക്കൽ കോളേജ് ക്യാമ്പസിലും കണ്ടു.ഇതെ തുടർന്നുള്ള അന്വേഷണമാണ് , അവിടെ നവജാത ശിശുക്കളുടെ കൂട്ട മരണം നടക്കുന്നു എന്ന കണ്ടെത്തലിലേക്ക് നയിച്ചത്.
പ്രസവവാർഡിൽ ടാഗ് തെറ്റി കെട്ടിയതിനാൽ കുട്ടികൾ മാറിപ്പോയ സംഭവങ്ങളും അക്കാലത്ത് ഉണ്ടായി. ആ വിവാദങ്ങൾ കത്തി നിൽക്കവേ, മന്ത്രി എ.സി ഷൺമുഖദാസ് പങ്കെടുത്ത ഒരു ചടങ്ങ് റിപ്പോർട്ട് ചെയ്യാൻ പോയി.അദ്ദേഹം എങ്ങനെ പ്രതികരിക്കുമെന്ന് ഭയമുണ്ടായിരുന്നു. "പക്ഷേ, എന്നെ കെട്ടിപ്പിടിച്ചു കൊണ്ട് മന്ത്രി പറഞ്ഞു :നിങ്ങളെപ്പോലുള്ളവരെയാണ് പത്രത്തിന് വേണ്ടത്. ഞാനും മുൻപ് മാതൃഭൂമിയിലെ ഒരു റിപ്പോർട്ടറായിരുന്നു".
സത്യമംഗലം ചന്ദന കള്ളക്കടത്തിനെക്കുറിച്ചുള്ള പരമ്പരയാണ് മറ്റൊന്ന്. അതിന് സഹായം നൽകിയത് ജനതാദൾ നേതാവായിരുന്ന കെ. കൃഷ്ണൻകുട്ടിയായിരുന്നു. കള്ളക്കടത്ത് ചന്ദനം ചിറ്റൂർ പുഴയുടെ തീരത്ത് വാറ്റിയെടുക്കുന്നതായി അറിഞ്ഞു.ഇക്കാര്യത്തെക്കുറിച്ച് അദ്ദേഹത്തോട് അന്വേഷിച്ചപ്പോൾ , അത് റിപ്പോർട്ട് ചെയ്യാൻ ധൈര്യമുണ്ടോ എന്നായി ചാദ്യം.കൈലിയും കീറിയ ഷർട്ടും ധരിച്ച്, അദ്ദേഹത്തിന്റെ ജീപ്പിൽ കയറിയാണ് ആ പ്രദേശത്ത് പോയത്. ക്യാമറയും ഒപ്പം കരുതിയിരുന്നു.അവിടെ എത്തി , ചിത്രങ്ങൾ എടുത്തു. അന്ന് രാത്രി പാലക്കാട് ഒരു ഗസ്റ്റ് ഹൗസിലാണ് താമസിച്ചത്." രാത്രി തൊട്ടടുത്ത മുറിയിൽ പാർട്ടി നടക്കുന്ന ശബ്ദം കേട്ട് അന്വേഷിച്ചപ്പോൾ മലപ്പുറത്തുള്ള ചന്ദന കള്ളക്കടത്തുകാരാണ് അവിടെയുള്ളതെന്ന് അറിഞ്ഞു. അപ്പോൾ തന്നെ കൃഷ്ണൻകുട്ടിയെ വിവരം അറിയിച്ചു. അവിടെ നിന്ന് ഉടൻ രക്ഷപ്പെടാനാണ് അദ്ദേഹം നിർദ്ദേശിച്ചത്. അദേഹം അയച്ചു തന്ന ജീപ്പിൽ കയറി രാത്രി ബസ് സ്റ്റാൻഡിൽ എത്തി , തിരികെ പോന്നു".
കിട്ടിയ വിവരങ്ങളെക്കുറിച്ച് അധികൃതരുടെ പ്രതികരണം തേടാതെയാണ് ആ റിപ്പോർട്ട് നൽകിയത്."അല്ലായിരുന്നുവെങ്കിൽ, അത് ചോർന്നുപോകുമായിരുന്നു".
പക്ഷേ, കള്ളക്കടത്ത് നിന്നും ഭീഷണി ഉണ്ടായി. അപായപ്പെടുത്തുമെന്ന് പറഞ്ഞ് ,താമസിച്ചിരുന്ന ഹോസ്റ്റലിലേക്ക് ഫോൺ സന്ദേശം വന്നു. കുറച്ചുദിവസം കായംകുളത്തെ വീട്ടിൽ പോയി നിൽക്കേണ്ടിവന്നു.ഈ വാർത്ത തുടർന്ന് എക്സൈസ് സംഘം ചിറ്റൂരിൽ റെയ്ഡ് നടത്തി, കേസ് എടുത്തു." എം.ഡി. നാലപ്പാടാണ് അന്ന് പത്രാധിപർ. ഇത്തരം വാർത്തകൾ വലിയ പ്രാധാന്യത്തോടെ അദ്ദേഹം നൽകിയിരുന്നു. എവിടെപ്പോയാലും അദ്ദേഹം ഏതു സയത്തും ഡെസ്കിലും ബ്യൂറോകളിലും വിളിച്ച് കാര്യങ്ങൾ ചോദിച്ചറിഞ്ഞിരുന്നു. ഇംഗ്ലീഷിലാണ് അദ്ദേഹം സംസാരിക്കുക".
എൻ.വി. കൃഷ്ണവാര്യർ പത്രാധിപരായി വന്നപ്പോൾ , ജേർണ്ണലിസ്റ്റ് ട്രെയിനികളെയും പത്രാധിപ സമിതി യോഗങ്ങളിൽ പങ്കെടുപ്പിച്ചു തുടങ്ങി. താൻ എഴുതിവരുന്ന ശാസ്ത്ര കോളത്തെക്കുറിച്ച് അദ്ദേഹം അഭിപ്രായം ചോദിച്ചതും ഓർമ്മയുണ്ട്.
ക്യാഷ്യസ് ക്ലേയുമായി നടത്തിയ അഭിമുഖ സംഭാഷണമാണ് മറക്കാനാവാത്ത മറ്റൊന്ന്. എം.ഇ.എസ് ജൂബിലി ആഘോഷത്തിൽ പങ്കെടുക്കാനായി അദ്ദേഹം കോഴിക്കോട് എത്തിയപ്പോൾ, ഫോട്ടോഗ്രാഫർ വേണുഗോപാലുമായി കരിപ്പൂർ വിമാനത്താവളത്തിൽ പോയി. അദ്ദേഹം പാർക്കിൻസൻസ് രോഗബാധിതനായിരുന്നു.ഇംഗ്ലീഷിൽ ചോദിച്ച ചോദ്യങ്ങൾക്ക് ബുദ്ധിമുട്ടിയാണ് അദ്ദേഹം മറുപടി പറഞ്ഞത്. ഐഷ എന്ന സഹായിയും കൂടെ ഉണ്ടായിരുന്നു.അടുത്ത ദിവസം ഫോട്ടോ സെഷനായി എം.ഇ.എസ് പ്രസിഡൻറ് മൊയ്തുവിന്റെ വീട്ടിൽ പോകുന്നുണ്ടെന്ന് അവർ അറിയിച്ചു.
അപ്പോഴാണ്, നടൻ ദിലീപ്കുമാർ ഒരു പരിപാടിയിൽ പങ്കെടുക്കാനായി കോഴിക്കോട് എത്തിയിട്ടുണ്ടെന്നും മാവൂർ ഗ്വാളിയർ റയോൺസ് ഗസ്റ്റ് ഹൗസിൽ അദ്ദേഹം താമസിക്കുന്നുണ്ടന്നും അറിഞ്ഞത്.നടൻ മമ്മൂട്ടിയെ ഇക്കാര്യം അറിയിച്ചു.അദ്ദേഹവും ഒപ്പം വന്നു.ദിലീപ് കുമാറിന്റെ പ്രൈവറ്റ് സെക്രട്ടറി ഒരു മലയാളിയായിരുന്നു. ദിലീപ് കുമാർ കർക്കശക്കാരനായിരുന്നുവെങ്കിലും മമ്മൂട്ടി ഒപ്പമുള്ളതിനാൽ കാണാൻ അവസരം ലഭിച്ചു. അടുത്ത ദിവസത്തെ ഫോട്ടോ ഷൂട്ടിൽ ക്യാഷ്യസ് ക്ലേയ്ക്കൊപ്പം ദിലീപ്കുമാറും മമ്മൂട്ടിയും പങ്കെടുത്തു. അതിന് വഴിയൊരുക്കാനായതിൽ ചാരിതാർത്ഥ്യമുണ്ട്.
എഡിറ്റോറിയൽ പേജിൽ ആദ്യത്തെ പരമ്പര വന്നത് അക്കാലത്താണ് . അന്വേഷണ കമ്മീഷനുകളെക്കുറിച്ചായിരുന്നു അഞ്ച് ഭാഗങ്ങളുള്ള ആ റിപ്പോർട്ട്.
മാനേജിംഗ് ഡയറക്ടർ എം.പി വീരേന്ദ്രകുമാറുമായി മരണം വരെയും അടുത്ത ബന്ധമുണ്ടായിരുന്നു. കോഴിക്കോടിനടുത്ത് അദ്ദേഹം പ്രസംഗിച്ച ഒരു യോഗം റിപ്പോർട്ട് ചെയ്യാൻ പോയതാണ് ഈ ബന്ധത്തിന് തുടക്കമിട്ടത്. അന്ന് കൊടുത്ത വാർത്ത എന്താണ് എന്ന് അദ്ദേഹം അന്വേഷിച്ചു. പിന്നീട് അദ്ദേഹത്തിന്റെ എണ്ണമറ്റ പ്രസംഗങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും അതിന്റെ ഉള്ളടക്കത്തെക്കുറിച്ച് അദ്ദേഹം അന്വേഷിച്ചിട്ടേയില്ല.
വിവാഹത്തെത്തുടർന്നാണ് തൃശ്ശൂരിലേക്ക് സ്ഥലംമാറ്റം വാങ്ങിയത്.മാതൃഭൂമിയുടെ സമകാലിക ചരിത്രത്തിൽ കാൽ നൂറ്റാണ്ടോളം ഒരേ ബ്യൂറോയിൽ പ്രവർത്തിച്ച മറ്റാരുമില്ല.അതൊരു റെക്കോർഡ് ആണ് ."കൂടെ പ്രവർത്തിച്ച എല്ലാവരെയും വിശ്വസിച്ചതാണ് അവിടെ നല്ല റിസൾട്ട് ഉണ്ടാക്കാൻ കാരണം.ചീഫ് ഫോട്ടോഗ്രാഫർ ടി.രാജൻ പൊതുവാളും അന്ന് അവിടെ ഉണ്ടായിരുന്നു. ഏത് പരിപാടിക്ക് അയച്ചാലും സമയത്തിന് മുമ്പ് തന്നെ അദ്ദേഹം അവിടെ എത്തി , എല്ലാവരെയും പരിചയപ്പെട്ട് ,ബന്ധം സ്ഥാപിക്കും".മലയാളം എക്സ്പ്രസ് പത്രത്തിന് ആധിപത്യം ഉണ്ടായിരുന്ന തൃശ്ശൂരിൽ നിന്ന് 1992 ൽ പുതിയ എഡിഷൻ ആരംഭിച്ച് ,കുറച്ചുകാലം കൊണ്ട് തന്നെ മാതൃഭൂമി ഒന്നാമത് എത്തി.പാലക്കാട് ജില്ല കൂടി ഉൾപ്പെടുന്ന എഡിഷന്റെ സർക്കുലേഷൻ 87000 കോപ്പികൾക്ക് മുകളിലായി .
പക്ഷേ, ഇതിനിടയിൽ നാല് ദിവസത്തേക്ക് ഡെസ്കിലേക്ക് സ്ഥലംമാറ്റം ലഭിച്ചു.കാത്തലിക് സിറിയൻ ബാങ്ക് സാമ്പത്തിക പ്രതിസന്ധിയാണെന്നും അക്കൊലം ഡിവിഡന്റ് കൊടുക്കാൻ സാധ്യതയില്ലെന്നുമുള്ള വാർത്ത നൽകിയതിനായിരുന്നു ഈ നടപടി..ഡയറക്ടർ ബോർഡ് അംഗങ്ങളിൽ നിന്ന് ലഭിച്ചതായിരുന്നു , അത്.അതേക്കുറിച്ച് എഡിറ്റർ കെ.കെ ശ്രീധരൻ നായർ വിശദീകരണം ചോദിച്ചു. ബാങ്കിന്റെ ഓഹരികൾ ഇതേ തുടർന്ന് ഇടിയും എന്ന പരാതി ഉണ്ടായി. ഡിവിഡന്റ് നൽകാൻ കഴിയില്ലെന്ന് ,മൂന്ന് ദിവസം കഴിഞ്ഞ് നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ പ്രഖ്യാപനം വന്നതോടെ വാർത്ത ശരിയാണെന്ന് തെളിഞ്ഞു. തിരിച്ച്, ബ്യൂറോയിൽ തന്നെ എത്തുകയും ചെയ്തു.
മലപ്പുറത്ത് മാതൃഭൂമിക്കെതിരായ ചില വിമർശനങ്ങൾ നിലനിന്നിരുന്നു. ജില്ലാ രൂപവൽക്കരണത്തെ എതിർത്ത പത്രം എന്ന ആരോപണമായിരുന്നു പ്രധാനം.അവിടെ നാലര വർഷം പ്രവർത്തിച്ചു.
അച്ചടി മാധ്യമങ്ങൾ വരുംകാലത്തും നിലനിൽക്കുമെന്ന് ഇ. സലാഹുദ്ദീൻ പറഞ്ഞു .യു .കെയിൽ കൗണ്ടി ഡെയിലീസ് എന്നറിയപ്പെടുന്ന പ്രാദേശിക പത്രങ്ങൾക്ക് പ്രാധാന്യം കൂടുന്ന കാലമാണ് ഇപ്പോൾ . ഇന്ത്യയിലെ ഡിജിറ്റൽ മാദ്ധ്യമങ്ങളിൽ വരുന്ന വാർത്തകൾക്ക് വിശ്വാസ്യതയുള്ള കാലത്തു മാത്രമേ അവ അച്ചടി മാധ്യമങ്ങൾക്ക് വെല്ലുവിളി ഉയർത്തുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലം ശൂരനാട് സ്വദേശിയായ സി.പി രാജശേഖരന്റെ മാദ്ധ്യമജീവിതം 1986 ൽ ദീപികയിൽ നിന്നാണ് ആരംഭിച്ചത്.2007 ൽ ചീഫ് ന്യൂസ് എഡിറ്റർ ആയിരിക്കുമ്പോൾ സ്വയം വിരമിച്ചു. 2008 മുതൽ 2019 വരെ മെട്രോ വാർത്തയുടെ കൺട്രോളിങ് എഡിറ്ററായി .ഇപ്പോൾ വീക്ഷണത്തിന്റെ ഡെപ്യൂട്ടി എഡിറ്ററാണ് . ഡെസ്ക്കിൽ മുഖ്യമായും പ്രവർത്തിച്ച അദ്ദേഹം ദീർഘകാലം എഡിറ്റോറിയലുകൾ എഴുതിയ ചരിത്രമുണ്ട്.
ഒട്ടേറെ പ്രമുഖ മാദ്ധ്യമപ്രവർത്തകരുടെ പരിശീലനക്കളരിയായിരുന്നു ദീപിക ദിനപ്പത്രം . ഫാ.തോമസ് പന്തപ്ലാംതൊട്ടിയായിരുന്നു മുഖ്യ പരിശീലകൻ .1987 ൽ പത്തനംതിട്ട ജില്ല ബ്യൂറോയിൽ നിയമിക്കപ്പെട്ടു. തൊട്ടടുത്ത വർഷം ഉണ്ടായ പെരുമൺ തീവണ്ടി അപകടം റിപ്പോർട്ട് ചെയ്യാൻ പോയതാണ് അക്കാലത്തെ മറക്കാനാവാത്ത അനുഭവം."കൊല്ലംകാരനായതിനാലാകാം എന്നെ അങ്ങോട്ട് അയച്ചത്. അവിടെ കാര്യമായ ബന്ധങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. അഞ്ചാലുംമൂട് മുതൽ പെരിയമൺ വരെ അക്ഷരാർത്ഥത്തിൽ ഓടിയാണ് വൈകിട്ട് അഞ്ചോടെ അവിടെ എത്തിയത് .ദുരന്തം ഭീകരമായിരുന്നു. അതുകണ്ട് ബോധം നഷ്ടപ്പെട്ടു പോകുമോ എന്ന അവസ്ഥ വരെയുണ്ടായി. അതുമായി മനസ്സ് പൊരുത്തപ്പെടാൻ സമയമേറെ എടുത്തു.രാത്രി പത്തു മണിയായിരുന്നു അന്ന് വാർത്തകൾ അയക്കാനുള്ള ഡെഡ് ലൈൻ .
ആദ്യ എഡിഷനുകളിൽ മരണസംഖ്യ 250 നും 300 എണ്ണം ഇടക്ക് എന്നാണ് മിക്ക പത്രങ്ങളും നൽകിയത്. ശാസ്താംകോട്ട, കൊല്ലം തുടങ്ങിയ സ്ഥലങ്ങളിലെ ആശുപത്രികൾ കയറിയിറങ്ങിയായിരുന്നു മരണസംഖ്യയും വിവരങ്ങളും ശേഖരിച്ചത്. രാത്രി 11:30 യോടെ ഇറങ്ങിയ എഡിഷനുകളിൽ മരണസംഖ്യ നൂറിൽപരം എന്ന് തിരുത്തി.
തൊട്ടടുത്ത ദിവസം പെരുമണിലേക്കുള്ള യാത്രയിൽ അപകടമുണ്ടായി.അഷ്ടമുടിക്കായലിന്റെ തെക്കേ ഭാഗത്താണ് എത്തിയത്. അപകടം നടന്ന മറുകരയിൽ എത്താനായി ഒരു കൊതുമ്പു വെള്ളത്തിലാണ് കയറിയത്.എത്താറായപ്പോഴേക്കും ,ബോട്ടുകൾ പോകുന്ന ഓളച്ചാർത്തിൽപ്പെട്ട് അത് മറിഞ്ഞു.പക്ഷേ, രക്ഷപ്പെട്ടു.
ദുരന്തവാർത്ത കോഓർഡിനേറ്റ് ചെയ്യാനായി ടി.ദേവപ്രസാദ്, സെർജി ആന്റണി തുടങ്ങിയവരടങ്ങിയ സംഘം കൊല്ലത്ത് എത്തിയിരുന്നു.
കർഷകരുടെ ആവശ്യങ്ങൾക്കു പ്രാധാന്യം നൽകിക്കൊണ്ടുള്ള ഒട്ടേറെ മുഖപ്രസംഗങ്ങൾ ദീപിക എഴുതിയിട്ടുണ്ട് , കുട്ടനാട്ടിലെ നെൽകൃഷി സംരക്ഷിക്കാനും കുടിയേറ്റ കർഷകരുടെ അവകാശങ്ങൾ ഉറപ്പാക്കാനും പത്രം ശബ്ദമുയർത്തി.സംസ്ഥാനത്ത് കരിക്കിന്റെ ഉപയോഗവും വിപണനവും വർദ്ധിപ്പിക്കുന്നതിനായി പത്രം മുൻകൈയെടുത്ത് നടത്തിയ പ്രചാരണത്തിൽ മുപ്പതോളം യോഗങ്ങളിൽ പ്രസംഗിച്ചിട്ടുണ്ട്. ഇന്ന് കരിക്ക് സ്റ്റാളുകൾ സംസ്ഥാനത്തുടനീളം ആരംഭിച്ചതിൽ ദീപിക വഹിച്ച പങ്ക് വളരെ വലുതാണ്.റബ്ബർ വില ഒരു കാലത്ത് തീരെ ഇടിഞ്ഞപ്പോൾ , ധനകാര്യ മന്ത്രി കെ.എം മാണിയെ ഓഫീസിൽ വിളിച്ചുവരുത്തി, 180 രൂപ താങ്ങുവില പ്രഖ്യാപിപ്പിക്കാൻ കഴിഞ്ഞു. വാനില, കൊക്കോ, കാപ്പി കർഷകർക്കു വേണ്ടിയും ദീപിക നിലകൊണ്ടു .
"2000-ൽ മലയാളത്തിലെ ആദ്യത്തെ ഇന്റർനെറ്റ് എഡിഷൻ ആരംഭിച്ചത് ദീപികയാണ്.അതുകൊണ്ടുതന്നെയാണ് പത്രം ഇപ്പോൾ നിലനിൽക്കുന്നത്".
ഡോ. പി കെ എബ്രഹാമിന്റെ കാലത്ത് പത്രം വരുമാനത്തിലും പ്രചാരത്തിലും അസാധാരണമായ വളർച്ച ഉണ്ടാക്കിയതായി സി.പി രാജശേഖരൻ പറഞ്ഞു.അദ്ദേഹം ചുമതല ഏറ്റ1991ൽ അഞ്ചു കോടി രൂപ വരുമാനമുണ്ടായിരുന്നത് 1994ൽ 30 കോടിയിലേക്ക് ഉയർന്നു. 10 വർഷം കൊണ്ട് 100 പ്രസിദ്ധീകരണങ്ങളും 100 കോടി രൂപയും എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.ദീപിക പ്രസിദ്ധീകരണങ്ങളുടെ എണ്ണം പതിമൂന്നായി അക്കാലത്ത് ഉയർന്നു .രാഷ്ട്രദീപികയ്ക്ക് 11 എഡിഷനുകൾ ആരംഭിച്ചു."അതിന്റെ പത്രാധിപത്യചുമതല എന്നെയാണ് ഏൽപ്പിച്ചത്. കേരളത്തിലെ ഏറ്റവും വലിയ സായാഹ്ന പത്രമായി അത് വളർന്നു".
കണ്ണൂർ ,തൃശ്ശൂർ ,തിരുവനന്തപുരം എഡിഷനുകൾ ആരംഭിച്ചതും കൊച്ചിയിലെ വലിയ ഓഫീസ് സമുച്ചയം നിർമ്മിക്കപ്പെട്ടതും പി.കെ എബ്രഹാമിന്റെ കാലത്താണ് .
അദ്ദേഹം പോയ ശേഷം, 2004ൽ ദീപിക കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി.അന്ന് കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ മാത്യു അറക്കൽ ആയിരുന്നു ചെയർമാൻ."ഞാനന്ന് കേരള പത്രപ്രവർത്ത യൂണിയന്റെ ഭാരവാഹിയും ദീപിക യൂണിറ്റിന്റെ പ്രസിഡന്റുമായിരുന്നു. ശമ്പളക്കമ്മീഷൻ ശുപാർശ പ്രകാരമുള്ള പരിഷ്കരണം നടപ്പിലാക്കിയിരുന്നില്ല. ജീവനക്കാർ സഹകരിച്ചാൽ പുതിയ നേതൃത്വത്തിൽ പുതിയ പത്രമാക്കി എടുക്കാനുള്ള ഒരു വഴിയുണ്ടെന്നും അതിന് തയ്യാറാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.ജീവനക്കാർക്ക് അതിന് സമ്മതമായിരുന്നു ".
അങ്ങനെ ,2004 ഡിസംബർ 31ന് വ്യവസായിയായ ഫാരിസ് അബൂബക്കർപത്രത്തിന്റെ ചുമതല ഏറ്റെടുത്തു .അദ്ദേഹം ആദ്യം പത്ത് കോടി സംഭാവന നൽകി .അത് അദ്ദേഹത്തിന്റെ ഷെയർ ആയി മാറ്റി."തുടർന്നുള്ള നാലു വർഷത്തിനുള്ളിൽ 20 കോടിയോളം രൂപ അദ്ദേഹം പത്രത്തിൽ നൽകിയതായാണ് അറിവ്. അതോടെ ഉടമസ്ഥാവകാശം സി.എം.ഐ സഭയുടെ കയ്യിൽ നിന്നും പൂർണമായും പോയി. ഇത് സഭയ്ക്കകത്തും പുറത്തും വലിയ പ്രതിസന്ധിയും പ്രതിഷേധവും ഉണ്ടാക്കി. അവസാനം,പലരിൽ നിന്നും പണം സമാഹരിച്ച് ഫാരിസ് അബൂബക്കർക്ക് തിരിച്ചുനൽകി , 2007 ഡിസംബർ 31ന് ഉടമസ്ഥാവകാശം അദ്ദേഹത്തിൽ നിന്ന് അവർ തിരികെ ഏറ്റെടുത്തു".
ഫാരിസ് അബൂബേക്കറിന്റെ കാലത്ത് സി.പി.എമ്മിലെ ആഭ്യന്തര പ്രശ്നത്തിൽ വി.എസ് അച്ച്യുതാനന്ദനെതിരായ നിലപാടാണ് പത്രം സ്വീകരിച്ചത് .പിണറായിയുടെ സുഹൃത്തായിരുന്നു അദ്ദേഹം.പാർട്ടിക്ക് അകത്തും പുറത്തും വി.എസ് അച്യുതാനന്ദന് കിട്ടിയ വലിയ ജനകീയ പിന്തുണയ്ക്ക് ബദലായി പിണറായി പക്ഷത്തിന്റെ മാദ്ധ്യമമായി,ദീപിക ."അന്ന് ,പത്രത്തിന് എന്തുപറ്റിയെന്ന് വായനക്കാർ അത്ഭുതപ്പെട്ടു. മുഖപ്രസംഗങ്ങളിലും ഈ നയംമാറ്റം പ്രതിഫലിച്ചു.എനിക്ക് തുടക്കത്തിൽ വലിയ വിമ്മിട്ടം ഉണ്ടായി.പല ദിവസങ്ങളിലും ഫാരിസ് അബൂബേക്കർ തന്നെ മുഖപ്രസംഗത്തിന്റെ വിഷയങ്ങളും മറ്റും നിർദ്ദേശിച്ചു .ചില അവസരങ്ങൾ അദ്ദേഹം തന്നെ മുഖപ്രസംഗങ്ങൾ എഴുതിത്തന്നു.പത്രത്തിന്റെ സ്ഥായിയായ സ്വഭാവം (കൺസിസ്റ്റൻസി ) അക്കാലത്ത് നഷ്ടപ്പെട്ടു" .
ദീപിക വിട്ട ഫാരിസ് അബൂബേക്കർ മെട്രോ വാർത്ത ആരംഭിച്ചപ്പോൾ സി.പി.രാജശേഖരൻ അതിൽ ചേർന്നു. രഞ്ജി പണിക്കർ പത്രാധിപരായി 2008 ഒക്ടോബർ പത്താം തീയതിയാണ് പത്രം ആരംഭിച്ചത്.പല പ്രമുഖ പത്രങ്ങളിൽ നിന്നുള്ളവരും ഒപ്പമുണ്ടായിരുന്നു. 2009 -2010 ൽ 5 എഡിഷനുകളായി പത്രം വളർന്നുവെങ്കിലും, റിപ്പോർട്ടർമാർക്ക് പ്രസ് ക്ലബ്ബുകളിൽ പ്രവേശനം നിഷേധിക്കപ്പെട്ടു.2019 ൽ മറ്റൊരു ഗ്രൂപ്പിന് ഉടമസ്ഥാവകാശം കൈമാറുന്നത് വരെ എഡിറ്റോറിയലുകളിലും ഉള്ളടക്കത്തിലും ഫാരിസ് അബൂബേക്കർ ഇടപെട്ടിരുന്നുവെന്നും സി.പി രാജശേഖരൻ പറഞ്ഞു.
മാദ്ധ്യമരംഗം ഏറെ പരിവർത്തനത്തിന് വിധേയമായിട്ടുണ്ട്. പണ്ട് പലർക്കും ഇത് ഒരു ദൗത്യമായിരുന്നു .സമൂഹത്തിലെ തിരുത്തൽശക്തി എന്ന നിലയിൽ മാദ്ധ്യമരംഗത്തെ ഇഷ്ടപ്പെട്ട്, ഇത് തെരഞ്ഞെടുത്ത മറ്റൊരു കൂട്ടരുണ്ട് .1980കളുടെ മധ്യത്തോടെ ഇതൊരു പ്രൊഫഷനായി മാറി.
മാദ്ധ്യമങ്ങളുടെ ആത്മാവ് അതിന്റെ വിശ്വാസ്യതയാണ്.സമൂഹമാദ്ധ്യമങ്ങൾ വളരെ തെറ്റായ വിവരങ്ങൾ പ്രസരിപ്പിക്കുന്നുണ്ട് . ഇന്ന് എല്ലാവരും മാദ്ധ്യമപ്രവർത്തകരാണ്.പക്ഷേ, സമഗ്രതയുള്ള വാർത്തകൾ നൽകിയാലേ പത്രങ്ങൾ നിലനിൽക്കുകയുള്ളൂ.ചുറ്റും നടക്കുന്ന വിവരങ്ങൾ അറിയണം എന്ന് ജനം ആഗ്രഹിക്കുന്നത്ര കാലം പത്രങ്ങൾ വായിക്കപ്പെടും .പക്ഷേ, കാലത്തിനനുസരിച്ച് മാദ്ധ്യമപ്രവർത്തകർ അവരുടെ സമീപനങ്ങളും ടൂളുകളും മാറ്റേണ്ടതുണ്ട്.വായനക്കാർക്ക് ഏറ്റവും ലേറ്റസ്റ്റ് ആയ പ്രൊഡക്ട് നൽകുന്നിടത്താണ് പത്രങ്ങളുടെ വിജയം എന്നും സി.പി രാജശേഖരൻ പറഞ്ഞു.
ചർച്ചയിൽ മനോജ് പേരാമ്പ്ര (ഇന്ത്യ ട്രൂത്ത് ന്യൂസ് ), മോഹൻദാസ് പാറപ്പുറത്ത്, എം. ഷെറീഫ്,മുഹമ്മദ് ഷരീഫ് കാപ്പ്, പി.എം സതീഷ് ,രാജേന്ദ്രൻ പുതിയേടത്ത് എന്നിവർ പങ്കെടുത്തു.
ഡി. പ്രദീപ് കുമാറും കെ.ഹേമലതയും മോഡറേറ്റർമാരായി.
ഈ പരിപാടിയുടെ ശബ്ദലേഖനം മീഡിയ വേവസ് യൂട്യൂബ് ചാനലിലുണ്ട് .https://youtu.be/UyF4X1GCIN0?si=fIDSLCP0U7L9hWzy


