ഇ മലയാളം വായിക്കാനും എഴുതാനും ഇവിടെ ഞെക്കുക UNICODE MALAYALAM FONTS

Click here for Malayalam Fonts

Search This Blog

Tuesday, 14 March 2023

വര-മൊഴിസാക്ഷ്യം-5;എൻ.ദിവാകരൻ, എൻ.ജി.സുരേഷ് കുമാർ

 

'വര-മൊഴിസാക്ഷ്യം' പരമ്പരയുടെ (ക്ലബ്ബ് ഹൗസ് മീഡിയ റൂം, സെപ്റ്റംബർ 03,2022) അഞ്ചാം ഭാഗത്തിൽ പ്രമുഖ രേഖാചിത്രകാരന്മാരായ
എൻ.ദിവാകരൻ, എൻ.ജി.സുരേഷ് കുമാർ എന്നിവരാണ് പങ്കെടുത്തത്. 

 
തിരുവനന്തപുരം സ്കൂൾ ഓഫ് ഫൈൻ ആർട്സിൽ (ഇപ്പോൾ കോളേജ് ഓഫ് ഫൈൻ ആർട്സ്)നിന്നാണ് നാലുവർഷത്തെ ചിത്രരചന കോഴ്സ് എൻ. ദിവാകരൻ പാസായത്. 1970ൽ കുങ്കുമത്തിൽ വരച്ചുതുടങ്ങി. വൈക്കം ചന്ദ്രശേഖരൻ നായരായിരുന്നു മുഖ്യപത്രാധിപർ. കേരള ശബ്ദവും അന്ന് തിരുവനന്തപുരത്താണ് അച്ചടിച്ച് പ്രസിദ്ധീകരിച്ചിരുന്നത്. കെ.എസ് ചന്ദ്രനായിരുന്നു, പത്രാധിപർ. 
 
കുങ്കുമത്തിൽ പി.പത്മരാജന്റെ 'അശ്വതി', മലയാറ്റൂർ രാമകൃഷ്ണന്റെ 'യന്ത്രം' എന്നിങ്ങനെയുള്ള രചനകൾക്കായി വരച്ചു. ഇന്ത്യൻ ഇങ്ക് ഉപയോഗിച്ചായിരുന്നു ആദ്യകാലത്തെ വര. പിന്നീട് ചാർക്കോൾ പെൻസിൽ തുടങ്ങിയവ ഉപയോഗിച്ചു. കേരളശബ്ദത്തിൽ ഖാലിദിന്റെ 'വശ്യം,മധുരം,മനോഹരം' ഉൾപ്പെടെയുള്ള
നോവലുകൾക്കും കഥകൾക്കും വരച്ചു. തുടർന്ന്, പ്രമുഖ പത്രപ്രസിദ്ധീകരണങ്ങളിലും നോവലുകൾക്കും കഥകൾക്കും ചിത്രങ്ങൾ വരച്ചിട്ടുണ്ട്.

 
അന്ന്,ചിത്രങ്ങളുടെ ബ്ലോക്ക് എടുത്താണ് അച്ചടിക്കുക. പ്രിന്റിംഗ്,ഓഫ് സെറ്റിലേക്കു മാറിയതോടെ ചിത്രങ്ങൾക്ക്‌ മിഴിവും ടോണും വരുത്താനുള്ള സാദ്ധ്യതകൾ ഏറി. വരയിലും മാറ്റം വന്നു. പിന്നീട് പ്രസിദ്ധീകരണങ്ങൾ പൂർണ്ണമായും ഓഫ്‌സെറ്റിലേക്കു മാറി ....കമ്പ്യൂട്ടർ വന്നതോടെ, വരച്ച ചിത്രങ്ങൾ സ്കാൻ ചെയ്ത്, മെയിൽ ചെയ്യുന്ന രീതിയായി. 

 
ഗവ.ആയുർവേദ കോളേജിൽ ആർട്ടിസ്റ്റായി ജോലിയിൽ കയറിയ എൻ. ദിവാകരൻ 2005 ലാണ് വിരമിച്ചത്.നിരവധി ക്യാമ്പുകളിലും എക്സിബിഷനുകളിലും പങ്കെടുത്തിട്ടുണ്ട്.
ആനുകാലികങ്ങളിൽ കഥ, കവിതാചിത്രീകരണം വെറും പേജ് ഫില്ലറുകളായി കാണുന്നത് ശരിയല്ല .
ചിത്രവും കഥയും തമ്മിലുള്ള ബന്ധം, പാട്ടും പക്കമേളവും പോലെ ശ്രുതിമധുരമാകണം. ഇരുകൂട്ടരും ചേർന്ന് ഹാർമണി നഷ്ടപ്പെടുത്താതെ വരയ്ക്കണം.ചിത്രകാരനെ സംബന്ധിച്ച് സൗന്ദര്യശാസ്ത്രം പ്രധാനമാണ്. ചിത്രവും സാഹിത്യവും സമ്മേളിച്ച് വായനക്കാരന്റെ വായന സുഗമമാക്കണം. ഇത് മനസ്സിലാക്കാൻ പറ്റുന്നവർ എഡിറ്റോറിയൽ ബോർഡിലുണ്ടാകണം.
 
കഥാചിത്രീകരണത്തിന് അക്കാഡമിക് സ്റ്റഡി ആവശ്യമാണോ എന്ന ചോദ്യത്തിന്, അത്യാവശ്യമല്ല എന്നാണ് ഉത്തരം. എന്നാലും, സ്വയം ഒരു പഠനം ആവശ്യമാണെന്നാണ് അഭിപ്രായം.അനിവാര്യമായ മാറ്റങ്ങളെ ഉൾക്കൊള്ളാൻ കഴിയുക വളരെ പ്രധാനമാണ്; എൻ. ദിവാകരൻ പറഞ്ഞുനിർത്തി.
 
***
ആലപ്പുഴ ചമ്പക്കുളം പുല്ലങ്ങടി സ്വദേശിയാണ് എൻ.ജി സുരേഷ് കുമാർ.
കലാസ്നേഹികളായിരുന്ന ജനസമൂഹമായിരുന്നു അന്ന് കുട്ടനാട്ടിൽ ഉണ്ടായിരുന്നത്. നാടകപ്രവർത്തകർ, അഭിനേതാക്കൾ, രംഗപടം ചെയ്യുന്നവർ, മേക്കപ്പ് കലാകാരന്മാർ, ഇങ്ങനെ കലയിൽ ഏറെ താല്പര്യം ഉണ്ടായിരുന്നവർ.. 
 
എ.പി ആർട്സ് സ്കൂളിൽനിന്ന് ചിത്രരചനയിൽ രണ്ടുവർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സും ഡിപ്ലോമയും പൂർത്തിയാക്കി. എ.എസ്, എൻ.ദിവാകരൻ ,ടി.എ ജോസഫ് , മോഹനൻ മണിമല, എ.കെ. ഗോപിദാസ്എന്നിവരുടെ ചിത്രങ്ങൾ ഏറെ സ്വാധീനിച്ചു. ചെമ്പകം ആഴ്ചപ്പതിപ്പിൽ മോഹന്റെ അസിസ്റ്റന്റായാണ് തുടങ്ങിയത്. 
 

കോട്ടയം എസ്. എച്ച് മൗണ്ട് , അന്ന് പ്രസിദ്ധീകരണങ്ങളുടെ കേന്ദ്രമായിരുന്നു. മംഗളം, മലയാള മനോരമ തുടങ്ങിയ ആഴ്ചപ്പതിപ്പുകളിൽ പിന്നീട് വരച്ചു.  ചെമ്പകത്തിലെ ജോലിക്കു ശേഷം ടി.എ.ജോസഫിന്റെ ഐഡിയ ബാങ്കിൽ ചേർന്നു. തകഴി, ഒ. വി വിജയൻ, കാരൂർ ,മാധവിക്കുട്ടി , ടി.പത്മനാഭൻ എന്നിവരുടെ കഥകൾ വാർഷികപ്പതിപ്പുകളിൽ പുനർപ്രസിദ്ധീകരിച്ചപ്പോൾ, അതിലും വരയ്ക്കാനായി. തകഴിയുടെ 'വെള്ളപ്പൊക്കത്തിൽ' എന്ന കഥയ്ക്ക് വരച്ച ചിത്രത്തിന് വലിയ അംഗീകാരം കിട്ടി. 
 
പിന്നീട് മംഗളത്തിൽ ജീവനക്കാരനായി, നോവലുകൾക്ക് 25 വർഷമാണ് വരച്ചത്.
ഐ.വി ശശിയുടെ 'ജീവിതരേഖ' മംഗളത്തിൽ പ്രസിദ്ധീകരിച്ചപ്പോൾ , വ്യത്യസ്തമായ ശൈലിയിൽ വരയ്ക്കാൻ കഴിഞ്ഞു. ആ ജീവിതകഥയുടെ ഫോട്ടോ ഷൂട്ടിനായി ഐ.വി ശശി ഓഫീസിൽ വന്നത് വഴിത്തിരിവായി."അതിന് ഫോട്ടോ ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. പകരം, ഞാൻ വരച്ചാൽ മതി എന്ന് അഭിപ്രായപ്പെട്ടു". വലിയ അനുഭവം . രണ്ടര വർഷം ആ ജീവിതകഥക്ക് വരയ്ക്കാനായി. "രണ്ടാഴ്ച കൂടി കോട്ടയത്ത് വരുമ്പോൾ ശശിയേട്ടൻ റൂമിൽ വിളിച്ച്, എഴുതിയ കഥ എന്നോട് പറയും. അദ്ദേഹം കഥ പറയുന്നത് കേൾക്കാൻ വളരെ രസമാണ്. മികച്ച ചിത്രകാരനും കൂടിയായിരുന്നു, ഐ.വി ശശി. ചിത്രകലയിൽ സ്വന്തമായി ആവിഷ്കരിച്ച ടെക്നിക്കുകൾ പറഞ്ഞുതരുമായിരുന്നു".
അതിനുശേഷം നെടുമുടി വേണുവിന്റെ ജീവിത കഥയും വന്നു. നെടുമുടിയും ചമ്പക്കുളവും സമീപപ്രദേശങ്ങളാണ്. "അദ്ദേഹത്തെ പഠിപ്പിച്ചവരെല്ലാം എന്നേയും പഠിപ്പിച്ചിട്ടുണ്ട്. ഞാൻ അറിഞ്ഞിട്ടില്ലാത്ത പല കുട്ടനാടൻ കഥകളും വേണുച്ചേട്ടൻ പറഞ്ഞു തന്നു. മൂന്നുവർഷത്തെ അടുപ്പം ഉണ്ടായി".

 
പിന്നീട്, കമലഹാസന്റേയും ജോസ് പ്രകാശിന്റേയും ജീവിത കഥകൾ വന്നതും വരയ്ക്കുവാൻ കഴിഞ്ഞു.
വനിത, മനോരാജ്യം എന്നിവയിലും വരച്ചു. രണ്ടരവർഷം ഡി.സി ബുക്സിൽ കവർ ഡിസൈൻ ചെയ്തു. അമേരിക്കയിൽ നിന്നിറങ്ങുന്ന മലയാള പത്രം എന്ന ന്യൂസ് വീക്കിലിക്കായി ലേ- ഔട്ട്‌ ഉൾപ്പെടെ ചെയ്യുന്നുണ്ട്.
എൻ.ജി സുരേഷ് കുമാർ മനോരമ, ഗൃഹലക്ഷ്മി, കുട്ടികളുടെ പ്രസിദ്ധീകരണങ്ങളായ സ്നേഹസേന,ടിക് -ടിക് എന്നിവയിലും ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുസ്തകങ്ങളിലും തളിര് എന്ന പ്രസിദ്ധീകരണത്തിലും വരയ്ക്കുന്നതിനൊപ്പം കവർ ചിത്രങ്ങളും ചെയ്യുന്നു. 'ലാസ്റ്റ് സപ്പർ' പോലെയുള്ള കമ്മീഷൻഡ് വർക്കുകൾ വീടുകളിലേക്ക്‌ ചെയ്തുകൊടുക്കുന്നുമുണ്ട്.
 
ചിത്രകാരന്മാരുടെ കൂട്ടായ്മകൾ ഇപ്പോൾ സജീവമാണ്. ചിത്രങ്ങൾ പ്രസിദ്ധീകരിച്ചുവരുമ്പോൾ പരസ്പരം ചർച്ച ചെയ്യാറുണ്ട്. വര മെച്ചപ്പെടുത്താൻ ഇത് സഹായിക്കാറുണ്ട്.
 
വലിയ മാറ്റം,ഇതര മേഖലകളിൽ എന്ന പോലെ , ചിത്രകലയിലും വരുന്നുണ്ട്. മാറ്റങ്ങൾ ഉൾക്കൊള്ളാനുള്ള സഹൃദയത്വം വായനക്കാരനും ഉണ്ടാകണം.
 
ചിത്രങ്ങൾ വെറും പേജ് ഫില്ലറുകൾ അല്ല. കഥയോട് ചേർക്കുമ്പോൾ ചിത്രവും കഥയും ഒരുപോലെ സംവദിക്കുന്നു.
 
'രണ്ടാമൂഴ'ത്തിനുവേണ്ടി നമ്പൂതിരി വരച്ച ഭീമനും അർജ്ജുനനും, അവർക്ക് ഉപയോഗിച്ച വസ്ത്രാലങ്കാരങ്ങളും കിരീടവും വ്യത്യസ്തമാണ്. ഈ കഥാപാത്രങ്ങളാണ് കഥ തീരും വരെ വായനക്കാരെ നയിക്കുന്നത്.
 
രാകേഷ് പി. നായർ, മാതൃഭൂമി സ്റ്റാഫ് ആർട്ടിസ്റ്റ് ബി.എസ്. പ്രദീപ് കുമാർ , ചന്ദ്രിക സബ് എഡിറ്റർ മുക്താർ ഉദരംപോയിൽ, ദിലീപ്ചന്ദ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
 
കഥ വായിക്കുന്നയാളുടെ ചിന്തയ്ക്ക് യോജിച്ചതായിരിക്കണം, വര.വായനക്കാർ പറഞ്ഞു മാറ്റം വരുത്തിയ അപൂർവ്വം സന്ദർഭങ്ങളുമുണ്ടായിട്ടുണ്ട്.
 
ചിത്രങ്ങൾ കണ്ടാണ് പല വായനക്കാരും വായന തുടങ്ങുന്നത്. അവർക്കിഷ്ടപ്പെട്ടതെന്തെന്നു നോക്കേണ്ടതുണ്ട്; ചർച്ചയിൽ പങ്കെടുത്ത മാതൃഭൂമി സ്റ്റാഫ് ആർട്ടിസ്റ്റ് ബി.എസ്. പ്രദീപ്കുമാർ പറഞ്ഞു.
ഉത്തരാധുനികത വന്നശേഷം നിരൂപകർ സാഹിത്യത്തെ ദുർഗ്രഹമായ രീതിയിൽ അവതരിപ്പിക്കാറുണ്ട്. നിരൂപകർ അതിനെ പല രീതിയിൽ വ്യാഖ്യാനിക്കുന്നതു കൊണ്ടാണ് ദുർഗ്രഹം എന്ന് പറയുന്നത്. ഇത്തരം സൃഷ്ടികൾക്ക് ഇലസ്ട്രേഷൻ വരുമ്പോൾ , ഓരോ വായനക്കാരനും ഓരോ രീതിയിലാണ് സമീപിക്കുന്നത്.
 
ഡിജിറ്റലൈസേഷൻ വന്നതോടെ കഥാകാരന്മാരുടെ ചിത്രരചനാരീതിയിലും മാറ്റം വന്നിട്ടുണ്ട്.പലരും ചിത്രകല അഭ്യസിച്ചു തന്നെ വന്നവരാണ്. സാമ്പ്രദായികമായി വരയ്ക്കുന്നവരും ഉണ്ട്. എന്നാൽ ഇവർ ഇതിന്റെ സൗന്ദര്യശാസ്ത്രം മറന്ന്‌, സാഹിത്യസൃഷ്ടിയോട് ഒരു ബന്ധവും ഇല്ലാതെ വരയ്ക്കാറുണ്ട്.
പതിനഞ്ച് വർഷം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വരക്കാൻ കഴിഞ്ഞ കാര്യം ബി.എസ് പ്രദീപ്കുമാർ ഓർമ്മിച്ചു. എം.ടിയും എൻ.വി കൃഷ്ണവാര്യരും ഉണ്ടായിരുന്നു , അന്ന്.
 
എന്നാൽ ആ രീതികൾ മാറി. പുതിയ ആളുകൾ അവരുടേതായ പരിഷ്കാരങ്ങൾ കൊണ്ടുവരുന്നുണ്ട്. വായനക്കാരുടെ അഭിരുചിക്കനുസരിച്ച് ആവണം, മാറ്റം. മാറ്റങ്ങൾക്കനുസൃതമായി ആവിഷ്കാരങ്ങളും മാറേണ്ടിവരും. സ്ഥാപനത്തിൽ പ്രവർത്തിക്കുമ്പോൾ അവരുടെ താൽപര്യങ്ങൾക്കനുസരിച്ച് നിൽക്കണം.
 
വായനക്കാരുടെ അഭിരുചികൾ എഡിറ്റർമാർ അറിയുന്നുണ്ടോ, ഫലപ്രദമായി കമ്മ്യൂണിക്കേഷൻ നടക്കുന്നുണ്ടോ എന്നന്വേഷിക്കണം.ചിത്രകല അഭ്യസിക്കാത്തവർ എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു.
എ.എസ് നായരുടെ ചിത്രങ്ങൾ മനസ്സിൽ ഇപ്പോഴും പതിഞ്ഞു കിടക്കുന്നു. 'പ്രതിമയും രാജകുമാരിയും' രേഖാ ചിത്രങ്ങളിൽ, ചില ഭാഗങ്ങൾ വായനക്കാരുടെ ഭാവനയ്ക്ക് വിട്ടിരിക്കുകയാണ്.
എ.എസ്സും നമ്പൂതിരിയും സംവദിച്ചിരുന്ന കാലത്തിൽനിന്ന് ഏറെ മുന്നോട്ടുപോയി. കഥാപാത്രങ്ങളെ ആ രീതിയിൽത്തന്നെ വരയ്ക്കണം എന്ന് ശഠിക്കാനാവില്ല.
 
ഇല്ലസ്ട്രേറ്റർക്ക്‌ അക്കാദമിക പഠനം വേണമെന്നത് വെറും സാങ്കേതിക മാത്രം.
മലയാളത്തിന്റെ സാഹിത്യ ചരിത്രം 80 ശതമാനത്തോളം കടന്നു പോയിട്ടുള്ളത് മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെയാണെന്നും ദിലീപ്ചന്ദ് അഭിപ്രായപ്പെട്ടു.
 
ടി.പത്മനാഭന്റെ പുതിയ കഥ വായിച്ചാൽ അത് അദ്ദേഹം തന്നെ എഴുതിയതാണോ എന്ന് സംശയം തോന്നാമെന്നും ദിലീപ്ചന്ദ് പറഞ്ഞു. അദ്ദേഹത്തിന്റെ പ്രായം കൊണ്ടാകാം.അതല്ലെങ്കിൽ വിശേഷാൽ പ്രതിക്കുവേണ്ടി തിരക്കിട്ട് എഴുതിപ്പിച്ചതും ആയിരിക്കാം,കാരണം. സാഹിത്യത്തിന്റെ പിറകോട്ടടി ചില എഴുത്തുകളിൽ ഉൾപ്പെടുന്ന ചിത്രങ്ങളിൽ കാണുന്നുണ്ട്.
 
സാഹിത്യത്തിൽ പരീക്ഷണങ്ങളുടെയും മാറ്റത്തിന്റെയും കാലമാണ്.
ഒരു കഥാപാത്രവും ഇല്ലാത്ത കഥകളും നോവലുകളും ഉണ്ടാകുന്നുണ്ട്. ഈ
മാറ്റങ്ങൾ, പരീക്ഷണങ്ങൾ, എല്ലാം കാലോചിതമായി ഇല്ലസ്ട്രേഷനിൽ വേണം.
എം മുകുന്ദന്റെ 'അയാൾ' എന്ന കഥയുടെ ചിത്രങ്ങൾ വരച്ചത് കാലോചിതമായില്ലെന്ന് ചന്ദ്രിക സബ് എഡിറ്റർ മുക്താർ ഉദരംപൊയിൽ അഭിപ്രായപ്പെട്ടു.
 
കെ.ഹേമലത മോഡറേറ്ററായിരുന്നു.
 
(*റിപ്പോർട്ട് തയ്യാറാക്കിയത് കെ. ഹേമലത)
 
ഈ പരിപാടിയുടെ ശബ്ദലേഖനം മീഡിയ വേവ്സ് യൂട്യൂബ് ചാനലിലുണ്ട്.

Friday, 17 February 2023

ദൃഷ്ടി: നസീറാന മുതൽ അക്ബറാന വരെ

ദൃഷ്ടി: നസീറാന മുതൽ അക്ബറാന വരെ:    “ ആ നയ്ക്ക് ജാതിയും മതവുമുണ്ടോ?“എന്നാരാഞ്ഞുകൊണ്ട്  'വർത്തമാന'ത്തിലെ ദൃഷ്ടിപഥം' എന്ന കോളത്തിലും ഈ ബ്ലോഗിലും എഴുതിയിരുന്നു (201...

Wednesday, 8 February 2023

കലാമണ്ഡലം സരോജിനി: നൃത്തവേദിയിൽ ഇടറാത്ത ചുവടുമായി ...


തൃശൂർ ജില്ലയിലെ കുന്നംകുളത്തിനടുത്ത പഴഞ്ഞിമങ്ങാട് ഗ്രാമത്തിലെ ഒരു ദരിദ്ര ദളിത് കുടുംബത്തിൽ ജനിച്ച ഒരു പെൺകുട്ടി, ലോകമെമ്പാടും ശിഷ്യരുള്ള കലാമണ്ഡലം സരോജിനിയായി വളർന്നത് കഠിനമായ ജീവിതപ്പാതകൾ താണ്ടിയാണ്. ഇപ്പോൾ നാലര പതിറ്റാണ്ട് പിന്നിട്ട കലാസപര്യയിൽ ഭരതനാട്യം, മോഹിനിയാട്ടം, കഥകളി തുടങ്ങി നൃത്ത-സംഗീത മേഖലകളിൽ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച അവർ , മഞ്ചേരിക്കടുത്ത  കരിക്കാട്ടിലെ വീട്ടിലിരുന്ന് പോയ കാലത്തിലേക്ക് സഞ്ചരിച്ചു.
അച്ഛൻ അപ്പുട്ടി ,അമ്മ അമ്മു.കർഷകത്തൊഴിലാളി കുടുംബം. സരോജിനി നാല് മക്കളിൽ മൂന്നാമത്തെയാൾ. അച്ഛൻ  ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യും. എല്ലാവരും ഒന്നിച്ചാണ് പാടത്തിറങ്ങുക. അങ്ങനെ, കഷ്ടിച്ച് ജീവിച്ചു വരവേ ,രക്താർബുദം ബാധിച്ച്, അച്ഛൻ മരിച്ചു." ചേച്ചി അന്ന് പത്താം ക്ലാസിൽ. ഞാൻ രണ്ടാം ക്ലാസിലും. തുടർന്ന് പഠിപ്പിക്കാൻ ഒരു വഴിയുമുണ്ടായിരുന്നില്ല". അമ്മ തൊട്ടടുത്ത വീട്ടിൽ പണിക്ക് പോയി. ഹായിയായി സരോജിനിയും ഒപ്പം കൂടി. പാൽ വിതരണമായിരുന്നു ജോലി.
അവിടുത്തെ വീട്ടുകാരനായ മുല്ലപ്പള്ളി ബേബി സഹൃദയനായിരുന്നു.  ഓടക്കുഴൽ വായിക്കും;പാടും. സിനിമാ പാട്ടുകളോടായിരുന്നു ,കമ്പം. " ഞാനും ഒപ്പം പാടും. അത് അദ്ദേഹത്തിന് ഇഷ്ടമായി. എന്നെ കലാമണ്ഡലത്തിൽ ചേർക്കന്നമെന്ന് പറഞ്ഞത് അദ്ദേഹമാണ്". ബേബിയുടെ മകൾ മേരി ഒപ്പം പഠിച്ചിരുന്നതു കാരണം അദ്ദേഹത്തിന്  പ്രത്യേക താല്പര്യമുണ്ടായിരുന്നു. നാട്ടിലെ അറിയപ്പെടുന്ന കോൺഗ്രസ് നേതാവ് കോമൻജിയുടെ സഹായത്തോടെ തൃശൂരിൽ പോയി കലാമണ്ഡലം ഭരണ സമിതി അംഗമായ എം.കെ. രാജയെ കണ്ടു.                  " ഞാനന്ന് ഏഴാം ക്ലാസിൽ പഠിക്കുകയാണ്. അദ്ദേഹത്തിന് മുന്നിൽ പാടി. അത് ഇഷ്ടമായി".

അങ്ങനെ എട്ടാം ക്ലാസ് പാസായ ശേഷം,കേരള കലാമണ്ഡലത്തിൽ ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലും നാല് വർഷത്തെ ഡിപ്ലോമ കോഴ്സിന് പ്രവേശനം കിട്ടി. ആ ബാച്ചിൽ ആകെ ആറ് വിദ്യാർത്ഥികൾ . ഭാരതപ്പുഴയുടെ തീരത്തുള്ള പഴയ കെട്ടിടത്തിലായിരുന്നു , ക്ലാസ്. താമസം ഹോസ്റ്റലിൽ. പ്രശസ്ത സംഗീതജ്ഞ സുകുമാരി നരേന്ദ്ര മേനോനായിരുന്നു ഹോസ്റ്റൽ മേട്രൻ.അന്ന് അവർ വിവാഹിതയായിരുന്നില്ല. "എന്നെ അവർക്ക് വലിയ ഇഷ്ടമായി. വീട്ടിലെ അവസ്ഥയൊക്കെ മനസിലാക്കി, ഞാൻ വരുന്നതിനു മുൻപ് തന്നെ മറ്റു കുട്ടികളോട് അത് സൂചിപ്പിച്ചിരുന്നു. അതുകൊണ്ട് ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. പക്ഷേ, നിറം ഒരു പ്രശ്നമായിരുന്നു. കറുത്തവരും വെളുത്തവരും എന്ന വേർതിരിവുണ്ടായിരുന്നു. അത് സൗന്ദര്യബോധവുമായി ബന്ധപെട്ടതായിരുന്നു. വെറുത്തവർക്ക് ശരീര സൗന്ദര്യം കൂടുതലാണന്ന് എല്ലാവരും കരുതി".
അധ:സ്ഥിതർ മാത്രമല്ല, മറ്റു മതസ്ഥരും കലാമണ്ഡലത്തിൽ പഠിക്കാനെത്തിയിരുന്നു. ക്ലാസിൽ തന്നെ മേരി അലക്സ്, ഹുസ്ന ബാനു . അവരെല്ലാം ഇന്ന് നൃത്താധ്യാപകർ.
കലാമണ്ഡലം സത്യഭാമ, പത്മിനി, എ.ആർ.ആർ ഭാസ്കര റാവു (ഭരതനാട്യം) തുടങ്ങിയ പ്രഗത്ഭരായ അദ്ധ്യാപകർ.

 കലാമണ്ഡലത്തിലെ പഠനം വ്യത്യസ്തമായൊരു അനുഭവമായിരുന്നു. വെളുപ്പിന് നാല് മണിക്ക് കൂട്ടമണി അടിക്കുന്നതോടെ ഉണരണം. പിന്നെ, സാധകം. അഞ്ചു മണി മുതൽ ഒരു മണിക്കൂർ സംഗീത പഠനമാണ്. പിന്നെ മെയ്സാധകം. പ്രഭാത ഭക്ഷണം എട്ടു മണിക്കാണ്-കഞ്ഞിയും ചമ്മന്തിയും .പിന്നെ ഉച്ചവരെ നൃത്ത ക്ലാസാണ്. തിയറിയുമുണ്ട്. ഉച്ച ഭക്ഷണത്തിന് ശേഷം വൈകീട്ട് 5 വരെ ക്ലാസ് തുടരും. വൈകീട്ട് 6 മണി മുതൽ സർവമത പ്രാർത്ഥനയും ഭജനയുമാണ്. പിന്നെ, കണ്ണ് സാധകം. രാത്രി ഭക്ഷണം 8.30 ന്. പത്ത് മണിക്ക് ലൈറ്റുകളെല്ലാം അണയും.
വളരെ ചിട്ടയായുള്ള ജീവിതം. സസ്യാഹാരം മാത്രമേയുള്ളൂ. എന്നും എണ്ണ തേച്ചുള്ള കുളി ഭാരതപ്പുഴയിലാണ്. വാർഡർമാരുടെ നേതൃത്വത്തിൽ കൂട്ടമായാണ് പോകുന്നത്.സർക്കാരിൽ നിന്ന് സ്റ്റൈപ്പന്റ് കിട്ടിയിരുന്നു.പക്ഷേ, മെസ് ഫീസും മറ്റും കൈയ്യിൽ നിന്നെടുക്കണം. " കാർത്ത്യായനി ചേച്ചി കല്യാണം കഴിച്ച് മാറിത്താമസിച്ചപ്പോൾ , അയയ്ക്കുന്ന  കത്തുകളിൽ മിക്കപ്പോഴും പത്ത് രൂപയും വയ്ക്കുമായിരുന്നു".

രണ്ടാം വർഷം ഭരതനാട്യത്തിൽ അരങ്ങേറ്റം നടത്തി. അത് കോഴ്സിന്റെ ഭാഗമായായിരുന്നു. വലിയ ചെലവുള്ളതായിരുന്നു , അരങ്ങേറ്റം. അദ്ധ്യാപകർക്ക് ദക്ഷിണയായി പണം, വസ്ത്രം, പൊന്ന് തുടങ്ങിയവ കൊടുക്കുമായിരുന്നു.മറ്റുള്ളവർക്കും ചെറിയ സമ്മാനങ്ങൾ നൽകുന്ന കീഴ് വഴക്കമുണ്ട്.  തങ്ങൾക്ക്  ദക്ഷിണ വേണ്ടെന്ന് അദ്ധ്യാപകർ പറഞ്ഞിരുന്നു. " ചേച്ചിയുടെ കല്യാണം നടത്താൻ നിശ്ചയിച്ചിരുന്ന മാസമായിരുന്നു , അരങ്ങേറ്റം. ആ കല്യാണം മാറ്റിവച്ചു. വീട്ടിൽ നിന്ന പുളിമരം മുറിച്ചു വിറ്റും മറ്റും കിട്ടിയ കുറേ കാശുമായി  കലാമണ്ഡലത്തിലെത്തി.ചടങ്ങിന് എല്ലാവർക്കും കുറച്ച് പണം മാത്രം ദക്ഷിണ നൽകി".

ഡിപ്ലോമ പാസായി നാട്ടിൽ മടങ്ങിയെത്തിയപ്പോൾ , പേരിന് മുന്നിൽ കലാമണ്ഡലം ഒപ്പം കൂടി.  വീട്ടിലെത്തിയപ്പോൾ, പക്ഷേ,നൃത്തവേദികളിൽ പോകുന്നതിന്  എതിർപ്പുണ്ടായി.അമ്മാവനായ കുഞ്ഞുമോൻ നാടകനടനായിരുന്നുവെങ്കിലും അനന്തിരവൾ നൃത്താധ്യാപികയാകാതെ ടൈപ്പ് റൈറ്റിങ്ങോ മറ്റോ പഠിച്ച് ജോലി സമ്പാദിക്കുകയായിരിക്കും ഉചിതം എന്ന പക്ഷക്കാരനായിരുന്നു.
പക്ഷേ, സരോജിനി ചൂണ്ടലിലെ കോൺമെന്റ് ഹൈസ്ക്കൂളിൽ നൃത്ത ക്ലാസ് എടുക്കാനാരംഭിച്ചു. അപ്പോഴാണ് നിലമ്പൂരിലെ നൃത്താദ്ധ്യാപിക ഇന്ദ്രാണി വിശ്വനാഥ് അവിടെയുള്ള ജ്യോതി നൃത്ത കലാക്ഷേത്രത്തിലേക്ക് ക്ഷണിക്കുന്നത്. അങ്ങനെ മലപ്പുറത്തെത്തി. 1977 ലായിരുന്നു, അത്. 
പിൽക്കാല ജീവിതത്തെ മാറ്റിമറിച്ചു, നിലമ്പൂർ ജീവിതം . മലപ്പുറം ജില്ലയിലെ പല ഭാഗങ്ങളും ഗൂഢല്ലൂരുമൊക്ക സഞ്ചരിച്ച്, സുരാജിനി നൃത്ത ക്ലാസുകളെടുത്തു. അങ്ങനെ, മഞ്ചേരിയിലെത്തിയത് മറ്റൊരു വഴിത്തിരിവായി. അവിടെ എൽ.ഐ.സി ക്വാർട്ടേഴ്സിലെ സരളാ മാധവന്റെ വീട്ടിൽ താമസിച്ച്, മകൾ സുചിത്രയെ നൃത്തം പഠിപ്പിച്ചു(പിന്നീട് പ്രശസ്തയായിത്തീർന്ന മോഹിനിയാട്ടം നർത്തകി സുചിത്ര വിശ്വേശരൻ ). തുളസീ രാമനാഥന്റെ കൊച്ചുമകളായ മോനിഷയും പഠിക്കാനെത്തി."സ്വന്തമായി നൃത്ത കലാകേന്ദ്രം ആരംഭിച്ചു കൂടേ എന്ന് അവർ ചോദിച്ചു. അതിനായി തുളസി രാമനാഥൻ ലക്ഷ്മി ഓഡിറ്റോറിയത്തിൽ സൗകര്യമൊരുക്കിത്തന്നു. അങ്ങനെ, അവിടെ രാധിക നൃത്ത കലാക്ഷേത്രം തുടങ്ങി".

വീടുകളിലും പോയി നൃത്തം പഠിപ്പിക്കുമായിരുന്നു."അന്ന് മലപ്പുറം ജില്ലയിൽ ഭരതനാട്യം പഠിപ്പിക്കുന്നവർ തീരെക്കുറവായിരുന്നു. പല വീടുകളിലും കാർഷെഡായിരുന്നു , ക്ലാസ് മുറി. ദൂര സ്ഥലങ്ങളിൽ നിന്നുള്ള കുട്ടികൾ വീട്ടിൽ വന്ന് താമസിച്ചു പഠിക്കും. വീട്ടിലുണ്ടാക്കുന്ന ആഹാരം അവർക്കും നൽകിയിരുന്നു. ഫീസൊന്നും ചോദിച്ച് വാങ്ങില്ല. തരുന്നത് വാങ്ങും. കൃത്യമായി ഫീസ് തരാത്തവരുമുണ്ടായിരുന്നു. അവർക്കെല്ലാം ഇപ്പോഴും വലിയ സ്നേഹമാണ്".

ഇവിടെയും പുറത്തും പഠിച്ച നൂറു കണക്കിന് ശിഷ്യരാണ് കലാമണ്ഡലം സരോജത്തിന്റെ സമ്പത്ത് . .ഡോക്ടർമാർ, ഉയർന്ന ഉദ്യോഗസ്ഥർ, സംഗീതാദ്ധ്യാപകർ, അക്കാദമിക് തലത്തിൽ മികവ് തെളിയിച്ചവർ തുടങ്ങി,വ്യത്യസ്ത ജീവിത മേഖലകളിൽ പ്രവർത്തിക്കുമ്പോഴും  നർത്തകരായി പേരെടുത്തവർ അനവധി. നൃത്തത്തിന്റെയും സംഗീതത്തിന്റേയും ബാലപാഠങ്ങൾ ഇവിടെ നിന്ന് അഭ്യസിച്ചവരുടെ നീണ്ട നിരയുണ്ട്. പലരും വിദേശ രാജ്യങ്ങളിൽ നിന്ന് ഓൺലൈനായി ടീച്ചറെ വിളിക്കാറുണ്ട്. അവരുടെ നൃത്തച്ചുവടുകൾ വിർച്വലായി കാണും.

ജീവിതത്തിന്റെ ഗതി നാടകീയമായി മാറിയതും മഞ്ചേരിയിലെ ആദ്യ നാളുകളിലാണ്. കുട്ടികളുടെ നൃത്ത പരിപാടികൾക്ക് സ്ഥിരം ഹാർമോണിസ്റ്റ് മങ്കട ദാമാദരനായിരുന്നു. അദേഹത്തിന്റെ സുഹൃത്തായ മറ്റൊരു ഹാർമോണിസ്റ്റുണ്ടായിരുന്നു - നിസരി ബാലകൃഷ്ണൻ. മഞ്ചേരി കച്ചേരിപ്പടിയിൽ നിസരി എന്ന പേരിൽ തയ്യൽക്കട നടത്തിയിരുന്നു ,ബാലകൃഷ്ണൻ. കലാവേദികളിൽ കണ്ട് പരിചയപ്പെട്ട സരോജത്തെ അദ്ദേഹത്തിനിഷ്ടമായി. ഒറ്റമകൻ.തളർവാതം പിടിച്ച്  കിടപ്പിലായ അമ്മ ."ഞാനറിയാതെ , അദ്ദേഹം എന്റെ വീട്ടിൽ പോയി കല്യാണക്കാര്യം പറഞ്ഞു. ഗുരുവായൂരിലിറങ്ങി, നടന്ന് പോവുകയായിരുന്നു. അവർ പേടിച്ചു പോയി. വീട്ടിൽ നിന്ന് അമ്മാവനും ചേച്ചിയുടെ ഭർത്താവുമൊക്കെ മഞ്ചരിയിലെത്തി".
ബാലകൃഷ്ണന്റെ വാടക വീട്ടിൽപ്പോയി, കിടപ്പിലായ അമ്മയെ കണ്ട ശേഷം , ആ കല്യാണത്തിന് സമ്മതമല്ലെന്നായി ബന്ധുക്കൾ."പക്ഷേ, അമ്മയുടെ അവസ്ഥ കണ്ടതോടെ, കല്യാണം കഴിക്കാൻ ഞാൻ സമ്മതിച്ചു. എനിക്കപ്പോൾ എന്റെ അമ്മയെ സംരക്ഷിക്കുന്ന കടമയക്കുറിച്ച് ഓർമ്മവന്നു".
വിവാഹം നടന്നത് നാടകീയമായായിരുന്നു. ചടങ്ങ് പിന്നീട് നടത്താമെന്ന ധാരണയിൽ രജിസ്റ്റർ ഓഫീസിൽ പോയി ഒപ്പിട്ടു." വീട്ടിൽ പോയി അമ്മയെ കണ്ടപ്പോൾ , ഗുരുവായൂരിന്റെ പടമുള്ള ഒരു ലോക്കറ്റ് നൂലിൽ കെട്ടിയത് ബാലേട്ടൻ എടുത്തു. അമ്മയുടെ മുന്നിൽ വച്ച് അത് എന്റെ കഴുത്തിൽ കെട്ടി. കല്യാണം കഴിഞ്ഞല്ലോ എന്ന് അപ്പോഴാണ് എനിക്ക് തോന്നിയത്".
സരോജം, അന്ന് താൻ താമസിക്കുന്ന സ്ഥലത്തേയ്ക്ക് തന്നെ മടങ്ങി. ഏതാനും ദിവസങ്ങൾ കഴിഞ്ഞാന്ന് അവർ ഒന്നിച്ച് കഴിയാൻ തുടങ്ങിയത്. വീട്ടിലറിഞ്ഞപ്പോൾ വലിയ പ്രശ്നമായി."അമ്മയ്ക്ക് അത് വലിയ ഷോക്കായിരുന്നു. ചടങ്ങായി കല്യാണം നടത്താൻ കഴിയാത്തതിന്റെ വേദന വളരെ വലുതായിരുന്നു". പിന്നെ, കുറേക്കാലത്തേയ്ക്ക് നാട്ടിൽ പോയില്ല.

 പിണക്കമൊക്കെ മാറിയപ്പോൾ അമ്മയെയും അനിയത്തിയും മഞ്ചേരിയിലേക്ക് കൂട്ടിക്കൊണ്ടുവന്നു. "ബാലേട്ടന്റെ അമ്മയെ പതിനഞ്ച് വർഷത്തോളം നോക്കി. ആദ്യ കാലങ്ങളിൽ അമ്മൂമ്മയുമുണ്ടായിരുന്നു. ഒരു കാര്യം തീരുമാനിച്ചാൽ ഞാനതിൽ ഉറച്ചുനിൽക്കും. ഉറച്ച ലക്ഷ്യബോധമുണ്ട്. ഭഗവാൻ കൂടെയുണ്ടെന്ന ദൃഢമായ വിശ്വാസമുണ്ടായി".

ഇതിനിടയിലും കലാസപര്യ ഊർജ്ജസ്വലമായി തുടർന്നു;അധ്യാപനം മാത്രമല്ല, പഠനവും. ബാലെകൾ കമ്പോസ് ചെയ്യുകയും അതിൽ ശിവനായി വേദിയിലെത്തുകയും ചെയ്തു.കലാമണ്ഡലം കേശവൻ, മനോജ് എന്നിവരുടെ കീഴിൽ കഥകളി അഭ്യസിച്ചു. ഇപ്പോഴും കഥകളി പഠിക്കുന്നുണ്ട്; വയലിനും . കൃഷ്ണൻ, അർജുനൻ തുടങ്ങിയ പുരുഷ വേഷങ്ങളും കുചേല ഭാര്യയെപ്പോലുള്ള സ്ത്രീ വേഷങ്ങളും കെട്ടിയാടിയിട്ടുണ്ട്. ഭരതനാട്യ , മോഹിനിയാട്ട പദങ്ങളും എഴുതി. ഭരതനാട്യത്തിന് മുരുകസ്തുതി എഴുതി. 2002-ൽ , മകളുടെ സഹായത്തോടെ,പഞ്ചരത്ന കൃതികൾ ചിട്ടപ്പെടുത്തി, ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുഡി എന്നിവ ഉൾപ്പെടുത്തി ഗുരുവായൂർ ക്ഷേത്രത്തിൽ ജുഗൽബന്ദി അവതരിപ്പിച്ചു.

2021 സെപ്റ്റംബറിൽ നൃത്താധ്യാപകർ ഗുരുവായൂരിൽ അവതരിപ്പിച്ച മോഹിനിയാട്ടത്തിൽ നടത്തിയ പരീക്ഷണം ശ്രദ്ധേയമായി. കലാമണ്ഡലത്തിന്റെ മോഹിനിയാട്ടക്കച്ചേരികളിൽ ഇല്ലാത്ത സപ്തം അവതരിപ്പിക്കപ്പെട്ടു.
 "ഭർത്താവിന്റെ വേർപാടിനെക്കുറിച്ചഴുതിയ ഒരു കവിതയായിരുന്നു അത്. സോദരരൂപനാം മൽപ്രാണനാഥനെ , ഹന്ത, എന്ന് ഞാനിനിനി കാണും ...". ഭാഗീശ്വരി, സുശീല, അംബിക തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു, ആ മോഹിനിയാട്ടക്കച്ചേരി അവതരിപ്പിച്ചത്.

 ചിറ്റൂർ ഗവ. കോളേജിൽ നിന്ന് ബി.എ (സംഗീതം) പാസായ മകൾ ആരാധിക രാജേഷ് കോഴിക്കാട് സർവകലാശാലാ യുവജനോത്സവത്തിൽ 2000-ൽ കലാതിലകമായിരുന്നു. കലാമണ്ഡലത്തിൽ താല്ക്കാലികാദ്ധ്യാപികയായി പ്രവർത്തിച്ച അവർ നർത്തകിയും സംഗീതജ്ഞയുമാണ്.ഇന്ന് ഇരുനൂറോളം കുട്ടികളുമായി മഞ്ചേരിയിൽ പ്രവർത്തിക്കുന്ന രാധിക നൃത്തകലാകേന്ദ്രത്തിന്റെ ചുമതല  ആരാധനയ്ക്കാണ്.

 സാമ്പത്തിക പ്രയാസങ്ങൾ കലാമണ്ഡലം സരോജിനിയെയും പ്രവാസിയാക്കി - 2007 മുതൽ പന്ത്രണ്ടു വർഷം ."അബുദാബിയിലെ ഏക കലാമണ്ഡലംകാരി ഞാനായിരുന്നു. പല രാജ്യങ്ങളിൽ നിന്നുള്ള കുട്ടികൾ . ഇംഗ്ലീഷ് അറിയാത്തതിനാൽ ആശയവിനിമയം വലിയ പ്രശ്നമായിരുന്നു. കുട്ടികളാണ് ഓരോ മുദ്രയ്ക്കും മറ്റുമുള്ള വാക്കുകൾ പഞ്ഞുതന്നത്". സാമ്പത്തികമായി വലിയ നേട്ടമൊന്നും ഉണ്ടായില്ല. സ്ഥാപനം, ഉടമകൾ മറ്റൊരാൾക്ക് കൈമാറിയതു പോലും അവർ  അറിഞ്ഞില്ല. രോഗങ്ങളുടെ കൂടി കാലമായിരുന്നു , അത്.തൊണ്ടയ്ക്ക് ശസ്ത്രക്രിയ വേണ്ടി വന്നു. അതോടെ പാടാൻ കഴിയാതെയായി.

2019 മാർച്ചിൽ നാട്ടിലേക്ക് മടങ്ങി. 2021 ജനവരിയിൽ ഭർത്താവ് നിസരി ബാലൻ അന്തരിച്ചു.

വീട്ടിലെ പരിമിത സൗകര്യങ്ങൾക്ക് നടുവിൽ നൃത്ത ക്ലാസുകളെടുക്കുക പ്രയാസമാണന്ന് ഇടയ്ക്കിടെ സന്ദർശനത്തിനെത്തുന്ന ശിഷ്യർക്ക് മനസിലായി. അവരെല്ലാം ചേർന്ന് രൂപീകരിച്ച കൂട്ടായ്മയായ രാധിക നൃത്തകലാക്ഷേത്രം പൂർവ്വ വിദ്യാർത്ഥി സംഘടന 2022 ഏപ്രിൽ 15 ന് അപൂർവ്വമായൊരു വിഷുക്കൈനീട്ടം തങ്ങളുടെ പ്രിയപ്പെട്ട ഗുരുവിന് നൽകി. വീടിനോട് ചേർന്ന്, നൃത്താധ്യാപനത്തിനായി ഒരിടം ;'നടനസരോവരം'. 118 ശിഷ്യർ മുൻകൈയെടുത്ത  ഈ നൃത്തവിദ്യാലയത്തിന്റെ നിർമ്മാണത്തിന് സുചിത്ര വിശ്വേശ്വരൻ, സുനോജ് പുല്ലൂർ, നീന ശബരീഷ്, ദേവിശ്രീ , ഡോ. ശ്രീകാന്ത്, ജിഷ രാഘവൻ , അജീഷ് എന്നിവർ നേതൃത്വം നൽകി. പ്രിയ ശിഷ്യർ ചേർന്നാണ് താക്കോൽ അവർക്ക് കൈമാറിയത്. .

മലപ്പുറത്ത്  ബൃഹത്തായൊരു സാംസ്കാരിക കലാകേന്ദ്രം പടുത്തുയർത്തണമെന്നാണ് അവരുടെ ആഗ്രഹം. ആയിരത്തിലധികം ശിഷ്യരിൽ അവർക്ക് പ്രതീക്ഷയുണ്ട്.
നൃത്തവും സംഗീതവുമാണ് കലാമണ്ഡലം സരോജത്തിന്റെ ഹൃദയതാളം. തളച്ചിടാനാകാത്ത അതിജീവനത്തിന്റെ കൂടി ഊർജ്ജം പ്രവഹിപ്പിക്കുന്നതാണ് അവരുടെ ജീവിതം . 

 *സർഗ്ഗവഴിയിലെ ആകാശങ്ങൾ  (പ്രസാധകർ: കല,മഞ്ചേരി)പുസ്തകത്തിലെ അദ്ധ്യായം.
              

Sunday, 5 February 2023

ഡി. പരമേശ്വരൻ പോറ്റി : അനന്യമായ പ്രക്ഷേപണ ജീവിതം


2003 ഒക്ടോബർ 27നാണ് ഡി. പരമേശ്വരൻ പോറ്റി ഓർമ്മയായത്. അർബുദം ആ വിലപ്പെട്ട ജീവൻ എടുക്കുമ്പോൾ ,അദ്ദേഹം കൊച്ചി എഫ് .എം നിലയത്തിലെ പ്രോഗ്രാം എക്സിക്യൂട്ടീവായിരുന്നു.
 
ഞങ്ങൾ ഒന്നിച്ചായിരുന്നു,അവിടെ എത്തിയത് . 1994 ഡിസംബർ 9 ന് ഞാൻ ; 11 ന് പരമേശ്വരൻ പോറ്റി. അക്കൊല്ലം സെപ്തംബർ 15 ന് ആരംഭിച്ച പ്രഭാത പ്രക്ഷേപണത്തെ ശക്തിപ്പെടുത്തി, കേരളത്തിലെ ആദ്യ എഫ് . എം നിലയത്തെ പൂർണ്ണമായും പ്രവർത്തനസജ്ജമാക്കാനായി നിയോഗിക്കപ്പെട്ടവരായിരുന്നു, ഞങ്ങൾ . അന്നത്തെ പ്രോഗ്രാം മേധാവിയും അസിസ്റ്റന്റ് സ്റ്റേഷൻ ഡയറക്ടറുമായ കെ.കെ.കുര്യൻ മുൻകൈയെടുത്ത് തസ്തികകൾ സഹിതമാണ് ഞങ്ങളെ സ്ഥലം മാറ്റിയത് -ഞാൻ തൃശൂരിൽ നിന്ന്. പരമേശ്വരൻ പോറ്റി ദേവികുളത്തു നിന്ന്.

 
ഞങ്ങൾ രണ്ടാൾക്കും നൽകിയത് ഒരേ മുറി. രണ്ടാളും ഒരേ യു.പി.എസ്.സി ബാച്ചിൽ പ്രോഗ്രാം എക്സിക്യൂട്ടീവുമാരായി നിയമിക്കപ്പെട്ടവർ. ഞാൻ തൃശൂരിൽ .പോറ്റി, വിദൂരസ്ഥമായ പോർട്ട് ബ്ലയറിൽ. ഡി.പരമേശ്വരൻ പോറ്റി, എസ്. മുരളീകൃഷ്ണൻ, കെ.എ മുരളീധരൻ ,വിജയൻ മടപ്പള്ളി എന്നിവർ പോർട്ട് ബ്ലയർ ആകാശവാണി നിലയത്തിനു വേണ്ടിയുള്ള ഒരു ശബ്ദലേഖനത്തിൽ (1991)

മലയാളവും മാതൃഭാഷയായ ആന്തമാൻ- നിക്കോബാർ ദ്വീപ സമൂഹങ്ങളിൽ നിന്ന് , നിലയം ആരംഭിച്ച 1961 മുതൽ ദിവസവും മലയാള പ്രക്ഷേപണമുണ്ട്.അന്ന് കെ.എ. മുരളീധരനും അവിടെയുണ്ടായിരുന്നു. ആകാശവാണിയിൽ പരിപാടികളവതരിപ്പിക്കുന്നവർ ചേർന്ന് അവിടെ  രൂപീകരിച്ച മലയാള കലാസമിതിയുടെ സജീവ പ്രവർത്തകനായിരുന്നു,അദ്ദേഹം. മലയാളചെറുകഥയുടെ ശതാബ്ദി ആഘോഷിച്ചപ്പോൾ , മുഖ്യപ്രഭാഷണം നടത്തിയത് അദ്ദേഹമായിരുന്നു. 1994 ഫെബ്രുവരി 23 ന് ദേവികുളം നിലയം ആരംഭിച്ചപ്പോൾ , ആർ.ശ്രീകണ്ഠൻ നായർക്കും പറക്കോട് ഉണ്ണികൃഷ്ണനുമൊപ്പം ആദ്യ പ്രോഗ്രാം ഓഫീസർമാരിലൊരാളായി ,അദ്ദേഹം. അവിടെ നിന്നാണ് കൊച്ചി എഫ്.എം-ൽ എത്തിയത്. രണ്ട് ദുർഘട പ്രദേശങ്ങളിൽ പ്രവർത്തിച്ച അദ്ദേഹം സ്ഥലംമാറ്റം ആവശ്യപ്പെട്ടു വാങ്ങുകയായിരുന്നു. 
 
ആകാശം മുട്ടെയുള്ള പശ്ചിമഘട്ട മലനിരകൾക്കിടയിൽ സ്ഥാപിക്കപ്പെട്ട ദേവികുളം നിലയത്തിന്റെ പ്രക്ഷേപണം തൊട്ടടുത്ത മൂന്നാറിൽ പോലും ലഭ്യമല്ലായിരുന്നു : ഇന്നും അങ്ങനെ തന്നെ. പ്രഗത്ഭരായ പ്രക്ഷേപകർ തങ്ങളുടെ മുഴുവൻ കഴിവുമുപയോഗിച്ചിട്ടും ശ്രോതാക്കളെ ആകർഷിക്കാൻ കഴിയാതെ പോയ നിലയം. യാത്രാസൗകര്യത്തിന്റെ കുറവും മഞ്ഞും ശീതക്കാറ്റുമൊക്കെക്കാരണം പൊതുജനങ്ങൾ കൗതുകത്തിനു പോലും സന്ദർശിക്കാത്ത നിലയത്തിൽ പരമേശ്വരൻ പോറ്റിയെപ്പോലുള്ള ഒരു മാദ്ധ്യമ പ്രവർത്തകന് എന്തു കാര്യം? കാർഷിക പരിപാടിയുടെ ചുമതലക്കാരനായി, പ്രകൃതിരമണീയമായ സ്ഥലങ്ങളൊക്കെ സന്ദർശിച്ചതു മാത്രം മിച്ചം.
 
ദേവികുളം കാലത്ത്, നിലയത്തിനടുത്ത അയ്യപ്പ ക്ഷേത്രത്തിൽ കുറച്ചു ദിവസം പൂജാരിയുമായിട്ടുണ്ട് , അദ്ദേഹം. കൊടും തണുപ്പിൽ ക്വാർട്ടേഴ്സിൽ കിടന്നുറങ്ങുകയായിരുന്ന അദ്ദേഹത്തെത്തേടി വെളുപ്പിന് ചിലരെത്തി - അമ്പലത്തിൽ പൂജാരിയില്ല; ഇന്ന് പൂജ മുടങ്ങും. സഹായിക്കണം. മാംസാഹാരം കഴിക്കുകയും ഇടയ്ക്കല്പം 'സേവിക്കുകയും ' ചെയ്യുന്ന തന്നെ ഒഴിവാക്കണമെന്ന് പറഞ്ഞിട്ടും അവർ വിട്ടില്ല. പകരക്കാരനെ കിട്ടും വരെ അങ്ങനെ, പരമേശ്വരൻ പോറ്റി അവിടെ പൂജാരിയുമായി !
 
എഫ്.എം റേഡിയോ എന്ന പുതു മാദ്ധ്യമത്തിന്റെ വെല്ലുവിളികൾ ഏറ്റെടുക്കാനുള്ള ഉത്സാഹമായിരുന്നു ഞങ്ങളെ കൊച്ചിയിലേക്കാകർഷിച്ചത്. ഞങ്ങൾ ഏതാണ്ട് ഒരേ നാട്ടുകാർ. ഞാൻ മാവേലിക്കരക്കാരൻ . പരമേശ്വരൻ പോറ്റി, തൊട്ടടുത്ത കരുവാറ്റക്കാരൻ.ആർ.എസ്.പി നേതാവും എഴുത്തുകാരനുമായ ചെങ്ങാരപ്പള്ളി ദാമോദൻ പോറ്റിയുടെ മകൻ, പക്ഷേ, സി.പി.ഐക്കാരനായിരുന്നു. ഞാൻ പഴയ സി.പി.എം കാരൻ. ഞങ്ങൾ രണ്ടാളും പഠിച്ചത് കാര്യവട്ടം കാമ്പസിൽ . അദ്ദേഹം ചരിത്രത്തിന് ; ഞാൻ ജേർണ്ണലിസത്തിന് . പിന്നെ, രണ്ടാളും പത്രപ്രവർത്തകരായി. ഞാൻ മാതൃഭൂമി, കേരള കൗമുദി, ദി ഇന്ത്യൻ എക്സ്പ്രസ്, ഇന്ത്യൻ ഇൻഫർമേഷൻ സർവീസ് വഴി ചുറ്റിക്കറങ്ങി , ആകാശവാണിയിലെത്തി.
 
 പരമേശ്വരൻ പോറ്റിയാകട്ടെ, ഇക്കാലം മുഴുവൻ ജനയുഗത്തിലായിരുന്നു. തിരുവനന്തപുരം ബ്യൂറോയിൽ രാഷ്ട്രീയ ലേഖകനായിരിക്കെയാണ് , പ്രോഗ്രാം എക്സിക്യൂട്ടീവായി തെരഞ്ഞെടുക്കപ്പെട്ടത്. ഇടതുപക്ഷ രാഷ്ട്രീയ നേതാക്കളുമായും എഴുത്തുകാരുമായും നല്ല ബന്ധം. അങ്ങന കിട്ടിയ അന്തർനാടകങ്ങളുടെ എത്രയെത്ര കഥകൾ അദ്ദേഹം പറഞ്ഞിട്ടുണ്ട് !അദ്ദേഹത്തിന്റെയും എന്റെയും ഇഷ്ട വിഷയം രാഷ്ട്രീയമായിരുന്നു.പിന്നെ, സാഹിത്യവും . കെ.വേണുവിന്റെ 'സമീക്ഷ'യിൽ എഴുതാൻ പി.ദീപ എന്ന പേരിൽ ഞാൻ പരകായപ്രവേശം നടത്തിയപ്പോൾ , അദ്ദേഹം മകളുടെ പേരിലാണ് എഴുതിയത് - സി.പി.ഉണ്ണിമായ.
 
ആവശ്യത്തിന് സ്റ്റാഫോ ,ഫണ്ടോ, സാങ്കേതിക സംവിധാനങ്ങളോ കൊച്ചിയിൽ ഉണ്ടായിരുന്നില്ല. കേരളത്തിലെ ആദ്യത്തെ എഫ്.എം നിലയം മാത്രമല്ല, ആദ്യത്തെ പ്രാദേശിക നിലയം കൂടിയായിരുന്നു , അത്. ഉള്ളടക്കത്തിലും അവതരണത്തിലും പരമ്പരാഗത നിലയങ്ങളിൽ നിന്ന് പൂർണ്ണമായും വ്യത്യസ്തമായ നിലയം. അനുകരിക്കാൻ ഒരു മാതൃകയും മുന്നിലുണ്ടായിരുന്നില്ല. ഞങ്ങൾ കുറച്ചു മാസങ്ങൾക്കുള്ളിൽ ആരംഭിച്ചത് എണ്ണമറ്റ പരിപാടികൾ. അവയിൽ പങ്കെടുക്കാൻ ക്ഷണിക്കുന്ന കലകാരർക്ക് നാമമാത്രമായ പ്രതിഫലം മാത്രമേ നൽകിയിരുന്നുള്ളൂ. അതും മാസങ്ങൾ കഴിഞ്ഞ്. തൃശൂർ, തിരുവനന്തപുരം നിലയങ്ങളിൽ പരിപാടികളവതരിപ്പിച്ചാൽ, അപ്പോൾ തന്നെ ചെക്ക് കിട്ടും. അതും വലിയൊരു സംഖ്യ. അതുകൊണ്ട് പുതിയ നിലയത്തിലേക്ക് വരാൻ പലർക്കും മടിയായിരുന്നു.സ്വന്തം പരിപാടി കേൾക്കാൻ മിക്കവർക്കും എഫ്.എം. റേഡിയോ സെറ്റുകൾ പോലും അക്കാലത്ത്  ഉണ്ടായിരുന്നില്ല.
 
രാഷ്ട്രീയ, മാദ്ധ്യമ ബന്ധങ്ങൾ ഞങ്ങൾക്ക് തുണയായത് അപ്പോഴായിരുന്നു. അങ്ങനെ,സ്നേഹപൂർവ്വം ക്ഷണിച്ചവരൊക്കെ നിലയത്തിലേക്ക് വരാൻ തുടങ്ങി. പ്രാദേശിക നിലയങ്ങൾ ജനങ്ങളിലേക്കിറങ്ങിച്ചെല്ലണമെന്നാണ് വിഭാവനം ചെയ്യപ്പെട്ടിരുന്നത്. ദീർഘകാലം കാർഷിക പ്രക്ഷേപണത്തിന്റെ ചുമതല വഹിച്ചിരുന്ന കെ.കെ.കുര്യൻ , താൻ നോക്കിയിരുന്ന വയലും വീടും പരിപാടിയാണ് പരമേശ്വരൻ പോറ്റിക്ക് നൽകിയത്. കൊച്ചി പോലുള്ള ഒരു വാണിജ്യ നഗരത്തിൽ ഗ്രാമീണ കാർഷിക പരിപാടിക്ക് എന്തു പ്രസക്തി എന്ന് സംശയച്ചിവരായിരുന്നു ,ഏറെയും. എക്സിക്യൂട്ടീവായി ഓഫീസിലിരിക്കാതെ,മൈക്കുമായി പുറത്തേക്കിറങ്ങി , അദ്ദേഹം. കൃഷിയിടങ്ങൾ സന്ദർശിച്ച്,കർഷകരുമായി അഭിമുഖം നടത്താൻ റിപ്പോർട്ടർമാരും വാഹനവും സംവിധാനങ്ങളുമൊക്കെയുള്ള മറ്റു നിലയങ്ങളെപ്പോലെയായിരുന്നില്ല , കൊച്ചി. നല്ല ഭാരമുള്ള യു.പി.ടി.ആർ എന്ന റെക്കാർഡറും, മൈക്കും സ്റ്റാന്റും, എഞ്ചിനിയറിങ്ങ് വിഭാഗത്തിന് അപേക്ഷ നൽകി , അവിടെ നിന്ന് കൈപ്പറ്റി, ഓരോ സ്ഥലത്തും ചെന്ന് സ്വന്തമായി ശബ്ദലേഖനം നടത്തണം.

 ഉപകരണങ്ങളെല്ലാം വലിയൊരു പെട്ടിയിലാക്കി അതും ചുമ്മിയായിരുന്നു ഞങ്ങൾ പോയിരുന്നത്. മറ്റ് നിലയങ്ങളിൽ പ്രോഗ്രാം എക്സിക്യൂട്ടീവിനൊപ്പം സഹായിയായി ട്രാൻസ്മിഷൻ എക്സിക്യൂട്ടീവോ, എഞ്ചിനിയറിങ്ങ് അസിസ്റ്റന്റോ അവർ രണ്ടാളുമോ ഉണ്ടാകും. അഭിമുഖം നടത്തുന്നതൊഴിച്ച്,ബാക്കിയെല്ലാം അവർ ചെയ്തുകൊള്ളും.

 
ഈ പെട്ടിയും ചുമ്മി മൈക്കും സ്റ്റാന്റുമായി , ഒ.ബി എന്ന് അറിയപ്പെടുന്ന സ്റ്റുഡിയോയ്ക്ക് പുറത്തെ ശബ്ദലേഖനത്തിന് പോകാൻ മിക്കവർക്കും മടിയായിരുന്നു. പക്ഷേ, പരമശ്വരൻ പോറ്റിക്ക് ഏറെ സന്തോഷമായിരുന്നു , അത്. ഏതോ പരിപാടി ശബ്ദലേഖനം ചെയ്യാൻ മൈക്കും താങ്ങിപ്പിടിച്ച് സ്റ്റേജിൽ കയറിയ പോറ്റിയോട് മന്ത്രി ഇ.ചന്ദ്രശേഖരൻ നായർ ആശ്ചര്യത്തോടെ ചോദിച്ചുവത്രേ: ഇപ്പോൾ , ഇതാണ് പണി, അല്ലേ ! അതിന് അദ്ദേഹം നൽകിയ മറുപടി ഇതായിരുന്നു : ഇതാണിപ്പോഴത്തെ പണിയായുധം .
 
അഭിമാനക്ഷതമില്ലാതെ,ആ പണിയായുധവുമായി പോകാൻ പലർക്കും ആത്മവിശ്വാസം നൽകിയത് ആ വ്യാഖ്യാനമായിരുന്നു. 
 
വയലും വീടും ശബ്ദലേഖനങ്ങൾക്കായി എറണാകുളം ജില്ലയിലെ ഗ്രാമമാന്തരങ്ങളിലൂടെ അദ്ദേഹം നടത്തിയ യാത്രകൾ വലിയ പൊതുജനസമ്പർക്ക പരിപാടികളായിരുന്നു. മിക്കപ്പോഴും ഒരു സംഘം സുഹൃത്തുക്കൾ കൂടി ഈ യാത്രയിലുണ്ടാകും. ദേവികുളം, തൃശൂർ നിലയങ്ങളിൽ ഡയറക്ടറായിരിക്കുമ്പോഴും , സമയം കിട്ടുമ്പോഴൊക്കെ കെ.എ.മുരളീധരൻ അവർക്കൊപ്പം കൂടി .പിന്നെ, അന്ന് സേഫ്റ്റി കൗൺസിൽ സെക്രട്ടറിയായ കെ.വി.രാമചന്ദ്രൻ എന്ന ആജാനുബാഹുവായ കൊമ്പൻമീശക്കാരൻ ..... ഓരോ സ്ഥലത്തും സ്വീകരണക്കമ്മറ്റിക്കാർ ... ആഘോഷപൂർണ്ണമായ ആ യാത്രകൾക്കൊടുവിൽ രാത്രി തിരിച്ചെത്തുമ്പോൾ , ശബ്ദലേഖനങ്ങളടങ്ങിയ ടേപ്പുകൾ രണ്ടു കൈയ്യിലുമുണ്ടാകും.
 
1999 ഫെബ്രുവരി 27 ന് പ്രഭാത പ്രക്ഷേപണം നിർത്തലാക്കപ്പെട്ടു. അക്കൊല്ലം ജൂലൈ 15 ന് ഹൈക്കോടതി ഉത്തരവിലൂടെ അത് പുന:സ്ഥാപിക്കും വരെ , അതിനെതിരെ നടന്ന അഞ്ചു മാസം നീണ്ട സമരത്തിന് പ്രക്ഷേപണ ചരിത്രത്തിൽ തന്നെ സമാനതകളില്ല. ഞങ്ങളുടെ മുഴുവൻ രാഷ്ട്രീയ,സാമൂഹിക ബന്ധങ്ങളും ഇതിനായി ഉപയോഗിച്ചു.

 അനർഗ്ഗളവുമായി ഏതു കാര്യത്തെക്കുറിച്ചും സംസാരിക്കാനും ഏതു മേഖലയിൽ പെട്ടവരുമായി അഭിമുഖം നടത്താനും അസാധാരണമായ ചാതുര്യമുണ്ടായിരുന്നു, പരമേശ്വരൻ പോറ്റിക്ക്.'ചിത്രതരംഗം' എന്ന സിനിമാധിഷ്ഠിത പരിപാടിയുടെ ചുമതലയും അദ്ദേഹത്തിനുണ്ടായിരുന്നു. കലഹാസനെ നായകനാക്കി ബാലചന്ദ്രമേനോൻ ഒരു സിനിമ ചെയ്യാൻ തീരുമാനിച്ചിരുന്നു. അതിന്റെ ചർച്ചകൾക്കായി അദ്ദേഹം കൊച്ചിയിലെത്തിയപ്പോൾ  നടത്തിയ സുദീർഘമായ അഭിമുഖ സംഭാഷണം 'കമൽക്കനവുകൾ' എന്ന പേരിൽ പ്രക്ഷേപണം ചെയ്തു.ആകാശവാണിയുടെ ശബ്ദശേഖരത്തിൽ അത് സൂക്ഷിക്കപ്പെട്ടിരിക്കുന്നു. കെ.പി.ഉമ്മർ, കെടാമംഗലം സദാനന്ദൻ ... അങ്ങനെ എത്രയെത്ര അഭിമുഖങ്ങൾ ! നിലയത്തിന്റെ വാർഷികത്തോടനുബന്ധിച്ചുള്ള 'സുവർണ്ണ രേഖ' പ്രത്യേക പരിപാടിക്കായി മോഹൻലാലിന്റെ അഭിമുഖം ചെയ്തതും അദ്ദേഹമായിരുന്നു.ഈ ലേഖകൻ ആരംഭിച്ച പ്രതിദിന നിയമ പരിപാടിയായ  നിയമവേദയിൽ ബുധനാഴ്ചകളിലെ 'പരാതികൾക്കു മറുപടി, പ്രതികരണങ്ങൾ'ക്ക് ആദ്യം മുതൽ മരിക്കും വരെ ശബ്ദം നൽകിയതും അദ്ദേഹമായിരുന്നു. സാന്ത്വനഛായയുള്ള ആ ശബ്ദം ശ്രോതാക്കൾ ഇന്നും ഓർക്കുന്നുണ്ട്. 
 
എൻ.കെ.സെബാസ്റ്റ്യനും കെ.വി. ശരത്ചന്ദ്രനും കൊച്ചി നിലയത്തിന് റേഡിയോ നാടകരംഗത്ത് പേരും പെരുമയുമുണ്ടാക്കിയപ്പോൾ , അവിടെയും പരമേശ്വരൻ പോറ്റി തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. ഇന്ത്യാവിഭജനത്തെ പശ്ചാത്തലമാക്കി ചെറുന്നിയൂർ ജയപ്രസാദ് എഴുതിയ 'ടെൺ ഡൗൺ എക്സ്പ്രസ് ' അദ്ദേഹവും കെ.വി. ശരത് ചന്ദ്രനും ചേർന്നാണ് സംവിധാനം ചെയ്തത്. മായ, ശത്രു എന്നീ നാടകങ്ങളിൽ ശബ്ദം നൽകിയിട്ടുണ്ട് ,അദ്ദേഹം.
 
കൊച്ചി നിലയത്തിലെ ആദ്യത്തെ പ്രതിവാര ഹാസ്യരൂപകമായ 'ശനിദശ' 2001 ൽ ആരംഭിച്ചത് ഡി. പരമേശ്വരൻ പോറ്റിയാണ്. മരിക്കുന്നതിന് തൊട്ടു മുൻപുവരെയും അദ്ദേഹം അത് എഴുതി. കറിയാച്ചൻ എന്ന സ്ഥിരം കഥാപാത്രത്തിന് ശബ്ദം നൽകി. ശോശാമ്മയായി , വി.എം.ഗിരിജയും. അദ്ദേഹത്തിന്റെ മരണശേഷം ആ റോൾ പ്രോഗ്രാം എക്സിക്യൂട്ടീവായ പി.ഇ. പാച്ചു ഏറ്റെടുത്തു. ഇപ്പോഴും തുടരുന്നുണ്ട് , ശനിദശ . 
എഴുത്തിൽ മാത്രമല്ല, വീട്ടുകാര്യങ്ങൾ പറയുന്നതിലും നല്ല നർമ്മബോധമുണ്ടായിരുന്നു , അദ്ദേഹത്തിന് . ഭാര്യയുമായി സൗന്ദര്യപ്പിണക്കമുണ്ടായപ്പോൾ പറഞ്ഞതിങ്ങനെ: ഇനി കുറച്ചു ദിവസത്തേക്ക് വീട്ടിൽ 'കാഞ്ചനസീത' ഓടും!
 
എന്നും സജീവമായ രാഷ്ട്രീയ ചർച്ചകളാൽ ശബ്ദമുഖരിതമായിരുന്നു ,ഞങ്ങളുടെ മുറി. ഞാൻ ചുമതല വഹിച്ചിരുന്ന സമകാലികം, അഭിമുഖം , നിയമവേദി, സാഹിത്യവേദി  തുടങ്ങിയ പരിപാടികൾക്കായി, ക്ഷണിക്കുമ്പോഴെല്ലാം, ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ, പ്രൊഫ.എം.കെ.സാനു, ഡോ. കെ.എസ് രാധാകൃഷ്ണൻ , സി.ആർ.ഓമനക്കുട്ടൻ, എം.എ. ജോൺ , കെ.സുരേഷ് കുറുപ്പ്  സി.രാധാകൃഷ്ണൻ ,വിജയലക്ഷ്മി തുടങ്ങിയവരും പി.രാജൻ, പി.സുജാതൻ തുടങ്ങിയ മുതിർന്ന മാദ്ധ്യമ പ്രവർത്തകരും നിലയത്തിൽ എത്തിയിരുന്നു. ബിനോയി വിശ്വവുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടായിരുന്നു. അദ്ദേഹം കൊച്ചിയിലെത്തുമ്പോഴൊക്കെ ആകാശവാണിയിലുമെത്തി പോറ്റിയെ കണ്ടിരുന്നു .അവരുമായി എത്രനേരം വേണമെങ്കിലും സരസ സംഭാഷണത്തിലേർപ്പെടും, അദ്ദേഹം. തൊട്ടടുത്തുള്ള വി.എം.ഗിരിജയുടേയും സി.ആർ. നീ ലകണ്ഠന്റേയും വീടായ തണലായിരുന്നു, അദ്ദേഹത്തിന്റെ മറ്റൊരു സ്ഥിരം സംവാദവേദി. തീപാറുന്ന രാഷ്ട്രീയ ചർച്ചകൾ മാത്രമായിരുന്നില്ല; അക്ഷരശ്ലോകവും അവിടെ ഇടയ്ക്കിടെ അരങ്ങേറും.
 
വിനയയെപ്പോലുള്ള ആക്റ്റിവിസ്റ്റുകളും മനുഷ്യാവകാശ പ്രവർത്തകരുമൊക്കെ ഞങ്ങളെത്തേടി നിലയത്തിലെത്തിയിരുന്നു. അവർക്കായി അന്ന്  മലർക്കെ തുറക്കപ്പെട്ടിരുന്നു , ആകാശവാണിയുടെ വാതിൽ . 
 
കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച ഒരു രാജിയെക്കുറിച്ചു കൂടി ഇവിടെ എഴുതേണ്ടതുണ്ട്. 2001 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുൻപ്, ഒരു ദിവസം രാവിലെ,കൈയ്യിൽ ഉയർത്തിപ്പിടിച്ച ഒരു പത്രവുമായി ക്രോധത്തോടെ തന്റെ നേതാവായ ആന്റണിയുടെ വീട്ടിലേക്ക് പാഞ്ഞെത്തി,ചെറിയാൻ ഫിലിപ്പ് .
 
കൈയിലുണ്ടായിരുന്നത് 'കേരള കൗമുദി' പത്രം. അതിന്റെ ഒന്നാം പേജിൽ ഒരു സ്കൂപ്പ് വാർത്തയുണ്ടായിരുന്നു : എം.വി.രാഘവൻ മത്സരിക്കുന്നത് തിരുവനന്തപുരം വെസ്റ്റിൽ.
- അത് കൊച്ചി ബ്യൂറോ ചീഫ് പി.സുജാതൻ നൽകിയ വാർത്തയായിരുന്നു. അതു കാണും വരെ ചെറിയാൻ ഫിലിപ്പ് വിശ്വസിച്ചിരുന്നത് താനാണ് അവിടെ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുക എന്നായിരുന്നു. ഉമ്മൻ ചാണ്ടിയും ആന്റണിയും നൽകിയ സൂചനകൾ അതായിരുന്നു. 1991-ൽ കോട്ടയത്ത് ടി.കെ.രാമകൃഷ്ണനെതിരെ മത്സരിച്ച് പരാജയപ്പെട്ട തനിക്കൊരു സുരക്ഷിത സീറ്റ്. ചില പത്രങ്ങളിൽ അങ്ങനെ വാർത്തയും വന്നിരുന്നു..
 
ആന്റണിയുടെ സാന്ത്വന വാക്കുകൾക്കൊന്നും ചെവി കൊടുക്കാതെ, അവിടെ നിന്നിറങ്ങിപ്പോയ ചെറിയാൻ ഫിലിപ്പ്, കോൺഗ്രസിൽ നിന്ന് രാജിവച്ചു. വിശ്വസ്തനായ തന്നെ  നേതാക്കൾ വഞ്ചിച്ചുവെന്നത് അദ്ദേഹത്തെ ഏറെ വേദനിപ്പിച്ചു.തനിക്കുറപ്പിച്ച സീറ്റ് രാഘവന് നൽകിയത് പത്രത്തിൽ നിന്നു മാത്രം അറിഞ്ഞതിന്റെ ഷോക്ക് കടുത്തതായിരുന്നു.
 
യു.ഡി.എഫിന്റെ ഉന്നത നേതാക്കൾ തലേ ദിവസമെടുത്ത ആ തീരുമാനം കേരളകൗമുദിയിലെത്തിയതിന്റെ ആ റൂട്ട് മാപ്പിതാ: 2001-ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രമാണിച്ച് കൊച്ചി എഫ്.എം.ൽ ,രാഷ്ട്രീയ നേതാക്കളുമായുള്ള അഭിമുഖ സംഭാഷണ പരമ്പര ആരംഭിച്ചു (എം. എൽ.എമാരെ വോട്ടർമാർ വിചാരണ ചെയ്യുന്നതായിരുന്നു, മറ്റൊരു പരമ്പര). അതിൽ ആദ്യം പങ്കെടുത്തത് എം.വി.രാഘവൻ. എനിക്കും  ഡി. പരമേശ്വരൻ പോറ്റിക്കും വിദ്യാർത്ഥി നേതാവായിരുന്ന സി.പി. ജോണിനെ മുൻപേ അറിയാം. സി.എം.പിയിലേക്ക് പോയ അദ്ദേഹമായിരുന്നു , എം.വി.ആറുമായുള്ള ആ ടെലിഫോൺ അഭിമുഖം സംഘടിപ്പിച്ചു തന്നത്. അതു ശബ്ദലേഖനം ചെയ്യുമ്പോൾ ജോൺ രാഘവനൊപ്പമുണ്ടായിരുന്നു.
 

പരിപാടി കഴിഞ്ഞ്, നന്ദി പറയാൻ ജോണിനെ വിളിച്ചപ്പോൾ , അദ്ദേഹം യാദൃച്ഛികമായി പരമേശ്വരൻ പോറ്റിയോട് പറഞ്ഞു പോയതാണ് അത് : ചെറിയാൻ ഫിലിപ്പല്ല; എം.വി.ആറാണ് തിരുവനന്തപുരം വെസ്റ്റിലെ യു.ഡി.എഫ്. സ്ഥാനാർത്ഥി !
 
-പിന്നെ, വൈകിയില്ല. ഞങ്ങളുടെ രക്തത്തിലലിഞ്ഞുചേർന്നതാണല്ലോ , പത്രപ്രവർത്തനം. കേരള കൗമുദിയിലെ എന്റെ മുൻ സഹപ്രവർത്തകനായ പി.സുജാതനെ വിളിച്ച്,ആ സ്കൂപ്പ് ചൂടോടെ കൈമാറി. അടുത്ത ദിവസം ,ഒന്നാം പേജിൽ വളരെ പ്രാധാന്യത്തോടെ വന്ന ആ വാർത്ത വായിച്ച്, നേതാക്കളോട് ക്ഷോഭിച്ച്, ചെറിയാൻ ഫിലിപ്പ് കോൺഗ്രസ് വിട്ടു. ഉമ്മൻ ചാണ്ടിക്കെതിരെ ഇടത് സ്ഥാനാർത്ഥിയായി . 'അതൊരു എടുത്തുചാട്ട മായിരുന്നു ' എന്ന് അദ്ദേഹത്തിന് തിരിച്ചറിവുണ്ടായത് അടുത്തിടെ(2001-ൽ തിരുവനന്തപുരം വെസ്റ്റിൽ നിന്ന് ആന്റണി രാജുവിനെ പരാജയപ്പെടുത്തിയ എം.വി.രാഘവൻ ,ആന്റണി മന്ത്രിസഭയിൽ സഹകരണ മന്ത്രിയായി. പിന്നീടദ്ദേഹം ഒരു തെരഞ്ഞെടുപ്പിലും വിജയിച്ചില്ല ).
ആ തെരഞ്ഞെടുപ്പിന് ഏതാനും നാൾ മുൻപ് ഞാൻ ദേവികുളത്തേയ്ക്ക് പോയപ്പോൾ, ആ പരിപാടികളുടെ ചുതലയും അദ്ദേഹത്തിനായിരുന്നു.ആകാശവാണിയുടെ ചരിത്രത്തിൽ ആദ്യമായി , വോട്ടെടുപ്പിന് ഓരോ മണ്ഡലത്തിലെയും ജയപരാജയങ്ങളെക്കുറിച്ച് അവലോകനം പ്രക്ഷേപണം ചെയ്തു, അദ്ദേഹം. പക്ഷേ, അതിന് പിന്നീടാരും ധൈര്യപ്പെട്ടില്ല.
 
ദേവികുളം നിലയത്തിലെ എന്റെ തുറന്ന ജയിൽവാസം രണ്ടു വർഷത്തേയ്ക്കായിരുന്നു. ആ ഗ്രഹണകാലം കഴിഞ്ഞ് ,കൊച്ചിയിലേക്ക് മടങ്ങിവരാൻ നാളുകളെണ്ണി കാത്തിരിക്കുമ്പോഴായിരുന്നു , മാതൃഭൂമിയിൽ പത്രപ്രവർത്തകയായ ഭാര്യയ്ക്ക് അപ്രതീക്ഷിതമായി കോഴിക്കോട്ടേയ്ക്ക് സ്ഥലംമാറ്റമായത്. അങ്ങനെ, ഗത്യന്തരമില്ലാതെ, 2003 ജൂണിൽ ഞാൻ കോഴിക്കോട് നിലയത്തിലെത്തി.
 
ഏതാനും ആഴ്ചകൾക്കു ശേഷം ഭുവനേശ്വറിൽ ഒരു പരിശീലന പരിപാടി കഴിഞ്ഞ് മടങ്ങാനൊരുങ്ങവേയാണ് ,തൊട്ടു മുൻപ് അവിടെ നിന്ന് കൊച്ചിയിലെത്തിയ പരമേശ്വരൻ പോറ്റി അസുഖബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട വിവരം അറിഞ്ഞത്. അർബുദം സ്ഥിരീകരിക്കപ്പെട്ട ശേഷം ആരോഗ്യ നില വളരെപ്പെട്ടെന്ന് മോശമായി. അതറിഞ്ഞ് കൊച്ചിയിലെ ആശുപത്രിയിൽ എത്തിയെങ്കിലും കാണാൻ കഴിഞ്ഞില്ല.
 
മരണവിവരമറിഞ്ഞ് കോഴിക്കോട് നിന്ന് രാത്രി വീട്ടിലെത്തുമ്പോൾ ചിത അണഞ്ഞിട്ടില്ല.
ആ വേർപാട് സൃഷ്ടിച്ച ശൂന്യത രണ്ട് പതിറ്റാണ്ടാകുമ്പോഴും നികത്തപ്പെട്ടിട്ടില്ല. പ്രക്ഷേപണ രംഗത്തെ ജനകീയമായ അദ്ധ്യായങ്ങളിലൊന്നായിരുന്നു, 12 വർഷം നീണ്ടു നിന്ന അദ്ദേഹത്തിന്റെ ആകാശവാണി ജീവിതം.സൗമ്യമധുരമായ ആ ശബ്ദവും പുഞ്ചിരിയും ഇപ്പോഴും മായാതെ നിൽക്കുന്നു.
അദ്ദേഹത്തിന്റെ സ്മരണ നിലനിർത്താൻ രൂപീകരിച്ച സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ ചെങ്ങാരപ്പള്ളി പരമേശ്വരൻ പോറ്റി മാദ്ധ്യമ പുരസ്കാരം 2014-ൽ ലഭിച്ചത് ധന്യതയായി കരുതുന്നു.

Sunday, 22 January 2023

ജനകീയം,രമണീയം ആ ജനയുഗകാലം....

അര നൂറ്റാണ്ടു കഴിഞ്ഞിട്ടും ഓർമ്മയിലിന്നും പാല്പുഞ്ചിരി പൊഴിക്കുന്ന ആ മുഖങ്ങൾ മങ്ങാതെ നിറഞ്ഞുനിൽക്കുന്നുണ്ട്. നാലിലോ അഞ്ചിലോ പഠിക്കുമ്പോൾ,പത്രത്തോടൊപ്പം വീട്ടിൽ വന്നുതുടങ്ങിയ ആ മാസിക കൈയിലെടുത്ത് പേര് വായിച്ചു-ബാലയുഗം.

-ആദ്യമായി തൊട്ടുനോക്കിയ,വായിച്ച,പ്രസിദ്ധീകരണം അതായിരുന്നു. വേറെയും മൂന്നു പ്രസിദ്ധീകരണങ്ങൾ വരുന്നുണ്ടായിരുന്നു: ജനയുഗം,മലയാളനാട്,മലയാള മനോരമ വാരികകൾ. സർക്കാർ ആശുപത്രിയിൽ കമ്പൗണ്ടറായിരുന്ന അച്ഛൻ അവ വായിക്കുന്നത് കണ്ട്, ക്രമേണ ഞാനും പേജുകൾ മറിച്ച്, വലിയവരുടെ ആ പ്രസിദ്ധീകരണങ്ങളും വായിച്ചുതുടങ്ങി..

ഒരു മാസം മുഴുവൻ ആവർത്തിച്ചു വായിച്ചുരസിക്കാൻ നിറയെ വിഭവങ്ങളുണ്ടായിരുന്നു,ബാലയുഗത്തിൽ. അതിൽ ഏറ്റവും ഇഷ്ടം ചിത്രകഥകളായിരുന്നു. എലി,സിംഹം,കഴുത,കുരങ്ങ് തുടങ്ങിയ ജന്തുക്കളും പക്ഷികളുമൊക്കെ കഥാപാത്രങ്ങളായ കഥകൾ. പിന്നെ, കഥകൾ,ലേഖനങ്ങൾ,നോവലുകൾ, കവിതകൾ, പാട്ടുകൾ, വിജ്ഞാനശകലങ്ങൾ... മിക്ക പേജിലും ആകർഷകങ്ങളായ ചിത്രങ്ങൾ. അവ വരച്ചിരുന്നത് ആർട്ടിസ്റ്റ് ഗോപാലനും ജി. സോമനാഥനുമാണെന്നറിഞ്ഞത് പിന്നീടെപ്പോഴോ ആണ്. ‘ശൈശവ വൈവിദ്ധ്യം' എന്ന പേരിൽ കുഞ്ഞുകുട്ടികളുടെ ഫോട്ടോകൾ രണ്ടു പേജ് നിറയെ. പിന്നെ, മിക്ക പേജിലും കുട്ടികളുടെ ചിത്രങ്ങൾ.
 
എല്ലാ ലക്കത്തിലും ഒത്തിരി മത്സരങ്ങളും കൗതുകകരമായ പംക്തികളുമുണ്ടായിരുന്നു. കഥയ്ക്ക് പേര് നൽകിയാൽ അന്ന് സമ്മാനം പത്തു രൂപ.‘സ്വന്തം ചോദ്യോത്തരങ്ങൾ’  രസകരമായ മറ്റൊരു പംക്തിയായിരുന്നു. കുറെക്കാലം കഴിഞ്ഞപ്പോൾ തോന്നി,ഇതിലേക്ക് എഴുതി അയച്ചാലോ? 
 സുഹൃത്തുക്കളുടെ പേരുവച്ച് ചോദ്യങ്ങളും അവയ്ക്ക്  ഉത്തരങ്ങളും തയാറാക്കി. അടുത്ത ലക്കം മാസികയിൽ അത് അച്ചടിച്ചുവന്നപ്പോഴുണ്ടായ സന്തോഷം പറഞ്ഞറിയിക്കാവുന്നതല്ല. പിന്നെ, കുറിപ്പുകളും ലേഖനങ്ങളും വന്നു. അങ്ങനെ, ബാലയുഗം എൻ്റെ എഴുത്തുകളരിയായി;ഒപ്പം തളിരും. സുഗതകുമാരിയായിരുന്നു, അതിൻ്റെ പത്രാധിപർ.

അക്കാലത്ത്, മാസികയിൽ തൂലികാസുഹൃത്തുക്കളുടെ പേരും വിലാസവും പ്രസിദ്ധീകരിക്കുമായിരുന്നു. അങ്ങനെ കിട്ടിയ സുഹൃത്താണ് വി. ആർ. സുധീഷ്. അന്ന് ‘സുധീഷ് വടകര’ എന്ന പേരിൽ കഥകളെഴുതിത്തുടങ്ങുന്നതേയുണ്ടായിരുന്നുള്ളൂ. ശങ്കരൻ കൊറോം, ഉദയകുമാർ വടക്കനാര്യാട്,പൂവനാട് വിനോദൻ വടകര,ഷാംനാഥ് ചിറയിറമ്പ്,ആശ്രാമം ഭാസി,ഉഷ ജി ഷേണായി പട്ടണക്കാട്, ആർ.. ഷീലാദേവൻ ചേർത്തല,ഇ. ജി വസന്തൻ മതിലകം...... അങ്ങനെ നീളുന്നു,അന്നത്തെ തൂലികാമിത്രങ്ങളുടെ പട്ടിക. ഒരോ ആഴ്ചയും മുടങ്ങാതെ വിശേഷങ്ങൾ പരസ്പരം ഇൻലാൻ്റിൽ എഴുതിഅയച്ചിരുന്ന ഒരു കാലം. ദശാബ്ദങ്ങളോളം തുടർന്നു, ഈ ബന്ധങ്ങൾ. ഇവരിൽ ചിലർ ആത്മസുഹൃത്തുക്കളായി. പക്ഷേ,ഒരിക്കൽ പോലും നേരിൽകാണാത്തവരാണ് കൂടുതലും. കാർട്ടൂണിസ്റ്റും കഥാകൃത്തുമായ ഇ. ജി വസന്തനെ ആദ്യമായി കണ്ടത് കഴിഞ്ഞ വർഷം. അപ്പോഴേക്കും രണ്ടാളും ഉദ്യോഗപർവ്വങ്ങൾ പൂർത്തിയാക്കി,വിരമിച്ചിരുന്നു!

വായന ജനയുഗം വാരികയിലേക്ക് വളർന്നപ്പോഴാണ് കാമ്പിശ്ശേരി കരുണാകരൻ എന്ന പത്രാധിപരുടെ പേര് മനസിൽ കുടിയേറിയത്. വീരപുരുഷരായ മൂന്ന് പത്രാധിപന്മാർ അക്കാലത്ത് ആവേശമായി. കേരള കൗമുദി പത്രാധിപർ കെ. സുകുമാരനും കെ. ബാലകൃഷ്ണനുമായിരുന്നു,മറ്റു രണ്ടു പേർ. അവരിൽ ബാലകൃഷ്ണനെ മാത്രമേ കണ്ടിട്ടുള്ളൂ. അത് 1982-83 കാലത്ത് കാര്യവട്ടത്ത് പഠിക്കുമ്പോഴായിരുന്നു. കത്തിത്തീർന്ന തീജ്ജ്വാലയായിരുന്നു,അപ്പോൾ അദ്ദേഹം.പേട്ട കേരളകൗമുദി ജങ്ഷനിലെ വീടിനു മുന്നിൽ,അനാഥനെപ്പോലെ നിൽക്കുന്ന, ദുർബലമായ ആ രൂപം വിങ്ങലായി ഇന്നും അവശേഷിക്കുന്നു.  

ജനയുഗം വാരിക,സിനിരമ,നോവൽപ്പതിപ്പ് എന്നീ പ്രസിദ്ധീകരണങ്ങൾക്ക് ധാരാളം വായനക്കാരുണ്ടായിരുന്നു,അന്ന് .ഇവ വായിക്കാൻ മാവേലിക്കര മുനിസിപ്പൽ ലൈബ്രറിയിൽ ആൾക്കാർ ഊഴംകാത്ത് നിന്നിരുന്നത് ഓർമ്മയുണ്ട്. ഇവയുടെ കോപ്പികൾ പോലും കിട്ടാൻ പ്രയാസമായിരുന്നു. ഏജൻ്റുമാരോട് മുൻകൂട്ടി പറയണമായിരുന്നു.

1976ൽ സിനിരമ നസീർ സ്പെഷ്യൽ പതിപ്പിറക്കിയത് വീണ്ടും അച്ചടിക്കേണ്ടിവന്നു. ഒരു ആനുകാലിക പ്രസിദ്ധീകരണത്തിന്  രണ്ടാം പതിപ്പ് ഇറക്കേണ്ടിവന്നത് മലയാള മാദ്ധ്യമരംഗത്ത് തന്നെ ആദ്യമായിട്ടാരുന്നു. അതിൻ്റെ ആർട്ട്പേപ്പർ എഡിഷനു 10രൂപയും സാധാരണപതിപ്പിന് 4 രൂപയുമായിരുന്നു,വില. 
 
പാർട്ടി പ്രസിദ്ധീകരണം ഇറക്കിയ ഈ  ആനുകാലികങ്ങൾ അഭൂതപൂർവ്വമായ ജനപ്രീതി നേടിയതിനു പിന്നിൽ പ്രതിഭാധനനായ കാമ്പിശ്ശേരി കരുണാകരൻ എന്ന പത്രാധിപരുണ്ടായിരുന്നു എന്ന് അന്നു തന്നെ മനസിലാക്കിയിരുന്നു. അച്ഛനും ചിറ്റപ്പന്മാരും കമ്യൂണിസ്റ്റ് സഹയാത്രികരായ അയൽക്കാരുമൊക്കെ അദ്ദേഹത്തെക്കുറിച്ച് ആവേശപൂർവ്വം സംസാരിക്കുന്നത് കേട്ടിരുന്നു.
മാവേലിക്കരയ്ക്കടുത്ത വള്ളികുന്നത്തുകാരനായ അദ്ദേഹം ആദ്യകാലങ്ങളിൽ കെ. പി. എ. സിയുടെ ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി‘യിൽ പരമുപിള്ളയായും ‘അശ്വമേധ‘ത്തിൽ കുഷ്ടരോഗിയായും അഭിനയിച്ചിരുന്നെന്ന അറിവും ആവേശമായി.  

ഓച്ചിറ ഉത്സവത്തിന് പോകുമ്പോൾ കായംകുളത്തിനു തെക്ക് കെ. പി. എ. സിയുടെ ബോർഡ് കാണുമ്പോഴും, ‘ബലികുടീരങ്ങളേ’, ‘പാമ്പുകൾക്ക് മാളമുണ്ട്’ തുടങ്ങിയ നാടകഗാനങ്ങൾ റേഡിയോയിലും പാർട്ടി യോഗവേദികളിലും കേൾക്കുമ്പോഴും,സ്മരണകൾ ഇരമ്പും;ഇന്നും. തോപ്പിൽ ഭാസിയും വയലാറും ദേവരാജനും  കെ.എസ് ജോർജ്ജും സുലോചനയും ,കേരളത്തിൻ്റെ രാഷ്ട്രീയഭൂമിക മാറ്റിയെഴുതിയ ഒരു കാലഘട്ടം തിരമാലകളായി അടിക്കും....
 
 സി. അച്ച്യുത മേനോൻ നിർദ്ദേശിച്ചതനുസരിച്ച് കാമ്പിശ്ശേരി തുടങ്ങിയതാണ് ബാലയുഗം എന്ന് പിന്നീട് വായിച്ചറിഞ്ഞു. ആദ്യ പത്രാധിപർ കാർട്ടൂണിസ്റ്റ് യേശുദാസനായിരുന്നു.
അദ്ദേഹം നാട്ടുകാരൻ.1980ൽ,സൈക്കിൾ ചവുട്ടി, കൂട്ടുകാരോടൊത്ത്  മാവേലിക്കര കറ്റാനത്തുള്ള വീട്ടിൽ പോയി അദ്ദേഹത്തെ കണ്ടത് ഓർക്കുന്നു. അന്ന് രാഷ്ട്രീയ കാർട്ടൂണുകളിലൂടെയും  അസാധു,കട്ട്-കട്ട് എന്നീ വിനോദപ്രസിദ്ധീകരണങ്ങളിലൂടെയും അദ്ദേഹം തിളങ്ങിനിൽക്കുന്ന കാലം.‘ജനയുഗം’ പത്രത്തിൽ ‘കിട്ടുമ്മാവൻ’ എന്ന പ്രതിദിന കാർട്ടൂൺ പംക്തി വരച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിൻ്റെ കാർട്ടൂൺ ജീവിതത്തിൻ്റെ തുടക്കം. സമകാലിക പ്രശ്നങ്ങളെ ആസ്പദമാക്കിയുള്ള കേരളത്തിലെ ആദ്യത്തെ പ്രതിദിന പോക്കറ്റ് കാർട്ടൂൺ പംക്തി അതായിരുന്നു. മാവേലിക്കര മുനിസിപ്പൽ  ലൈബ്രറിൽ പോയി പത്രമെടുത്ത് ,കൗതുകത്തോടെ അത് വായിച്ചിരുന്നു.
രാഷ്ട്രീയ പ്രശ്നങ്ങളെപ്പറ്റി, നിശിതമായ വിമർശനങ്ങളുള്ള,രസകരമായ ഭാഷയിലെഴുതിയ  രാഷ്ട്രീയഹാസ്യപംക്തിയും അന്ന് പത്രത്തിലുണ്ടായിരുന്നു. കൽക്കി എന്ന പേരിൽ അതെഴുതിയിരുന്നത് കാമ്പിശ്ശേരിയാണന്നറിഞ്ഞത് പിൽക്കാലത്താണ് . 


ജനയുഗം വാരികയിലൂടെയാണ് ബിമൽമിത്ര എന്ന പേര് ആദ്യമായി കേട്ടത്. ബംഗാളിയിൽ നിന്ന് അദ്ദേഹത്തിൻ്റെ നോവലുകൾ വിവർത്തനം ചെയ്തിരുന്ന എം. എൻ സത്യാർത്ഥി നല്ലപോലെ മലയാളമറിയുന്ന ഒരു ബംഗാളിയാണെന്നായിരുന്നു ഏറെക്കാലം വിശ്വസിച്ചിരുന്നത്. സ്വാതന്ത്ര്യസമരസേനാനിയായ ആ വിപ്ളവകാരിയെക്കുറിച്ച് അറിഞ്ഞത് വളരെ വൈകി. ബീഗം മേരിബിശ്വാസ്,വിലയ്ക്കുവാങ്ങാം,പ്രഭുക്കളും ഭൃത്യരും, ഇരുപതാം നൂറ്റാണ്ട് തുടങ്ങിയ നോവലുകളുടെ വിവർത്തനങ്ങൾ അതിമനോഹരമായിരുന്നു. വി. സാംബശിവൻ അവയിൽ ചിലത് കഥാപ്രസംഗമാക്കിയപ്പോൾ ജനസാഗരങ്ങളാണ് കേൾക്കാനെത്തിയത്.  ഒന്നാംനിര എഴുത്തുകാരുടെ മാത്രമല്ല, പുതിയവരുടേയും രചനകൾ വാരികയിൽ നിരന്തരം പ്രസിദ്ധീകരിക്കപ്പെട്ടു. ആദ്യ പേജിൽ തന്നെ കുരീപ്പുഴ ശ്രീകുമാറിൻ്റെ ഹ്രസ്വകവിതകൾ വന്നിരുന്നത് ഓർക്കുന്നു. ബിച്ചു തിരുമലയുടെ ആദ്യകാല രചനകൾ സിനിരമയിലും വന്നു.

വ്യത്യസ്തങ്ങളായ പംക്തികളുണ്ടായിരുന്നു,ജനയുഗം വാരികയിൽ;ബാലപംക്തി,ചോദ്യോത്തര പംക്തി,ശാസ്ത്രക്കുറിപ്പുകൾ, കാർട്ടൂണുകൾ തുടങ്ങിയ വൈവിദ്ധ്യപൂർണ്ണമായ ഇനങ്ങൾ. പക്ഷേ,അക്കാലത്ത് വാരിക കിട്ടിയാൽ മിക്കവരും ആദ്യം വായിക്കുക വനിതാപംക്തിയിലെ ചോദ്യോത്തരമായിരുന്നു. എല്ലാം തുറന്നെഴുതുന്ന തൻ്റേടിയായ വൽസലച്ചേച്ചി ഓരോ ആഴ്ചയും വായനക്കാരെ ഹരം പിടിപ്പിക്കും. രോഷാകുലരായ ചില സ്വയം പ്രഖ്യാപിത സദാചാരവാദികൾ തപാലിൽ അവർക്ക് ചില അശ്ലീല‘സമ്മാനങ്ങൾ’ അയച്ചിരുന്നു. ‘വൽസലച്ചേച്ചി‘ ഒരു തൂലികാനാമമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ, അതിൻ്റെ പിന്നിലാര് എന്ന ചൂടൻ ചർച്ചകളുണ്ടായി. വൈക്കം ചന്ദ്രശേഖരൻ നായരാണ് അതെന്ന് ഒരു കൂട്ടർ വിശ്വസിച്ചു . അതും പത്രാധിപരുടെ വിക്രിയയാണെന്ന് തിരിച്ചറിഞ്ഞത് പിന്നീടായിരുന്നു.


ജനങ്ങളിൽ ശാസ്ത്രാവബോധം ഉണ്ടാക്കാൻ വാരിക നൽകിയ സംഭാവനകൾ പ്രത്യേകം രേഖപ്പെടുത്തപ്പെടേണ്ടതുണ്ട്. മനുഷ്യദൈവങ്ങൾക്കെതിരെ ഡോ. എ. ടി കോവൂർ, ബി. പ്രേമാനന്ദ്, ഇടമറുക് തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന തീവ്രമായ പ്രചാരണപരിപാടികൾക്ക് വലിയ പ്രാധാന്യമാണ് നൽകപ്പെട്ടത്. കോന്നിയൂർ ആർ നരേന്ദ്രനാഥിന്റെ ശാസ്ത്രലേഖനങ്ങളും വാരിക പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു.
ഡോ. എ. ടി കോവൂരിൻ്റെ ഡയറി ഇടമറുക് വിവർത്തനം ചെയ്തത്, പരമ്പരയായി പ്രസിദ്ധീകരിച്ചപ്പോൾ അത് വൻതോതിൽ വായിക്കപ്പെട്ടു. കെ. വേണുവിൻ്റെ ആദ്യ ലേഖനപരമ്പരയായ ‘ഭഗവദ്ഗീത ഇരുപതാം നൂറ്റാണ്ടിൽ’ പ്രസിദ്ധീകരിക്കപ്പെട്ടതും വാരികയിലാണ്. കമ്മ്യൂണിസ്റ്റ് നേതാക്കളായ കെ. സി ജോർജ്ജിൻ്റെ ‘ഭൂതകാലം’,സി. എ ബാലൻ്റെ ‘തൂക്കുമരത്തിൻ്റെ നിഴലിൽ’ തുടങ്ങിയ ആത്മകഥകളും ശ്രദ്ധേയമായി. എം. എൻ സത്യാർത്ഥി ദീർഘകാലം ഗവേഷണം നടത്തി എഴുതിയ ‘നേതാജിയുടെ കഥ’ എന്ന ബൃഹത്തായ ജീവചരിത്രമായിരുന്നു,വാരികയിലെ ശ്രദ്ധേയമായ മറ്റൊരിനം(ഇത് പിന്നീട് ‘ജയ് ഹിന്ദ്‘ എന്ന പേരിൽ പുസ്തകമായി). ചമൻലാൽ ആസാദ് എന്ന തൂലികാനാമത്തിലും സത്യാർത്ഥിയുടെ രചനകൾ വന്നിരുന്നു.

ആർട്ടിസ്റ്റ് ഗോപാലൻ
ജനയുഗം ഓണം വിശേഷാൽ പ്രതികളും വലിയ സംഭവമായിരുന്നു. ഓണച്ചിത്രങ്ങളിലെ നായികമാരായിരുന്നു ,ഈസ്റ്റ്മാൻ കളറിൽ മുഖചിത്രങ്ങളിൽ വന്നത്. സിനിമയുടേയും സംവിധായകൻ്റേയും പേരും മറ്റും താഴെ കൊടുത്തിരുന്ന അവ പരസ്യങ്ങളാണെന്ന് ആർക്കും തോന്നിയിരുന്നില്ല. അന്നേവരെ ആരും പരീക്ഷിക്കാത്തതായിരുന്നു,ഈ രീതി. വലിയ തോതിൽ പരസ്യങ്ങൾ ലഭിച്ചിരുന്ന ഓണപ്പതിപ്പിന്‌ 250ഓളം പേജുകൾ വലുപ്പമുണ്ടായിരുന്നു. പ്രമുഖ  എഴുത്തുകാർക്കൊപ്പം നവാഗതരുടേയും സൃഷ്ടികൾ ഇതിൽ ഇടം നേടി. നാടകങ്ങളും കാർട്ടൂണുകളും കൊടുത്തിരുന്നു. യേശുദാസ്, പി. കെ മന്ത്രി സോമനാഥൻ,ദത്തൻ തുടങ്ങിയവരുടെ കാർട്ടൂണുകൾ സ്ഥിരമായുണ്ടായിരുന്നു. ചിത്രങ്ങളെല്ലാം വരച്ചിരുന്നത് ഗോപാലൻ. തലക്കെട്ടുകളും പ്രത്യേകരീതിയിൽ എഴുതിയാണ് കൊടുത്തിരുന്നത്.
ഇന്നും അനന്യമായ കലിഗ്രഫി.

കടപ്പാക്കടയിലെ ജനയുഗം ഓഫീസിൽ പോയി, പത്രാധിപരെ കാണണമെന്നത് കുട്ടിക്കാലത്തെ വലിയ ആഗ്രഹമായിരുന്നു. അപ്പോഴേക്കും പത്രാധിപരായി  തെങ്ങമം ബാലകൃഷ്ണൻ്റെ പേരായിരുന്നു അച്ചടിച്ചു വന്നത്. കാമ്പിശ്ശേരി മാനേജിങ്ങ് എഡിറ്ററായി മാറിയെന്നും അറിഞ്ഞിരുന്നു. അന്ന് കൊല്ലം എസ്. എൻ കോളേജിൽ നടന്ന ഒരു പ്രദർശനം കാണാൻ, വളരെ ബുദ്ധിമുട്ടി, വീട്ടിൽ നിന്ന് അനുമതി വാങ്ങി പുറപ്പെട്ടത് ഈ ലക്ഷ്യം വച്ചായിരുന്നു. പൊള്ളുന്ന വെയിലിൽ,കോളേജിൽ നിന്ന് അവിടേയ്ക്ക് ഓട്ടോറിക്ഷ പിടിച്ച് പോകാനുള്ള കാശില്ലാത്തതിനാലും അപ്പോൾ പിടികൂടിയ പേടി കാരണവും എക്സിബിഷൻ കണ്ട്, നാട്ടിലേക്ക് മടങ്ങി.

1977 ജൂലൈ 27 ന് കാമ്പിശ്ശേരി മരിച്ച വാർത്ത റേഡിയോയിൽ കേട്ടപ്പോൾ അക്ഷരാർത്ഥത്തിൽ വേദനിച്ചു. ഞങ്ങൾ,കുട്ടികളുടെ  പ്രിയപ്പെട്ട കൂട്ടുകാരനായിരുന്നുവല്ലോ,അദ്ദേഹം. അച്ഛനെ അടക്കിയതിനടുത്ത് തന്നെ ചടങ്ങുകളൊന്നുമില്ലാതെ തന്നെ ദഹിപ്പിക്കണമെന്നും തോട്ടടുത്തുനിൽക്കുന്ന കൂവളത്തിനു അത് വളമാകണമെന്നും എഴുതിവച്ചിരുന്നുവെന്ന് വായിച്ചപ്പോൾ അദ്ദേഹത്തോടുള്ള ബഹുമാനം കൂടി.. 

1982ൽ കാര്യവട്ടത്ത് പത്രപ്രവർത്തനം പഠിക്കാൻ ചേർന്നപ്പോഴാണ് ഒരു ഇടവേളയ്ക്കുശേഷം ജനയുഗവും കാമ്പിശ്ശേരിക്കാലവും വീണ്ടും ചർച്ചയാകുന്നത്. ജനയുഗവുമായും പാർട്ടിയുമായും അടുത്ത ബന്ധമുള്ള കെ.എ ബീനയും ദേവൻ എൻ പിഷാരടിയും(രണ്ടു പേരും ഇപ്പോൾ ഇന്ത്യൻ ഇൻഫർമേഷൻ സർവ്വീസിൽ  ഡെപ്യൂട്ടി ഡയറക്ടർമാർ) സഹപാഠികൾ. ബൈജു ചന്ദ്രൻ(ദൂരദർശൻ മുൻ ഡയറക്ടർ) പൂർവ്വവിദ്യാർത്ഥി.
 
 സി. ആർ. എൻ  പിഷാരടിയുടെ മകനാണ് ദേവൻ. ജനയുഗത്തിൻ്റെ തിരുവനന്തപുരം ലേഖകനായിരുന്ന പിഷാരടി  1964  ജൂലൈ 29 ന് ഒരു റിപ്പോർട്ടിൻ്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടു;ഒപ്പം, പത്രാധിപർ കാമ്പിശ്ശേരിയും പ്രസാധകനായ തെങ്ങമം ബാലകൃഷ്ണനും.
‘ഭരണകൂടത്തിൻ്റെ ഗർഭഗൃഹത്തിലിരിക്കുന്നതെന്നും ഏറ്റവും ഉയർന്ന ഭരണാധിപന്മാർ മാത്രം കാണുന്നതെന്നും വാദിക്കപ്പെട്ട ഒരു കത്തിൻ്റെ  ഫോട്ടോസ്റ്റാറ്റ് ’ പ്രസിദ്ധീകരിച്ചു എന്നതായിരുന്നു,കുറ്റം.
 
 പാർട്ടിയുടെ മറ്റൊരു  പത്രമായിരുന്ന തൃശൂരിലെ ‘നവജീവൻ‘ പത്രാധിപരായിരുന്ന ടി. കെ. ജി നായർ,പ്രസാധകൻ കെ. കെ. വാര്യർ എം. പി,തിരുവനന്തപുരം ലേഖകൻ കെ. വി.എസ് ഇളയത് എന്നിവരും അറസ്റ്റു ചെയ്യപ്പെട്ടു. ആർ. ശങ്കറിൻ്റെ പൊലീസ് പത്രസ്ഥാപനങ്ങളും വീടുകളും അരിച്ചുപെറുക്കി.
 
 അച്ഛൻ്റെ മരണത്തിനടുത്ത നാളുകളിൽ,പുലകുളി ചടങ്ങുകൾ പൂർത്തിയാക്കാൻ അനുവദിക്കാതെയായിരുന്നു തെങ്ങമത്തെ കസ്റ്റഡിയിലെടുത്തത്.
 
നാലര ദിവസം പൊലീസ് കസ്റ്റഡിയിൽ കഴിഞ്ഞതിനെക്കുറിച്ച് സി. ആർ എൻ പിഷാരടി എഴുതിയ പുസ്തകമാണ്,‘പൊലീസ് കസ്റ്റഡിയിൽ 110 മണിക്കൂർ’ . മലയാള പത്രപ്രവർത്തന ചരിത്രത്തിൽ ജനയുഗത്തിൻ്റെ  ധീരമായ ഒരേടാണ് ഈ പുസ്തകത്തിലുള്ളത്.ദേവൻ നൽകിയ ആ പുസ്തകം ഒരു കാലഘട്ടത്തിൻ്റെ കൂടി ചരിത്രമാണ്.“കേരളത്തിലെ പത്രലോകവും ജനാധിപത്യപ്രസ്ഥാനവും സന്ദർഭത്തിനൊത്ത് ഉയർന്നില്ലായിരുന്നുവെങ്കിൽ,എന്നെ ഇന്ന് കാണുക,പത്രപ്രവർത്തന രംഗത്തായിരിക്കുകയില്ല, ഭ്രാന്താശുപത്രിയിലായിരിക്കും..'',1964 സെപ്തംബറിൽ ൽ ജനയുഗം പ്രസിദ്ധീകരിച്ച പുസ്തകത്തിൻ്റെ അവതാരികയിൽ സി. ആർ. എൻ പിഷാരടി രേഖപ്പെടുത്തിയതിൽ എല്ലാം അടങ്ങിയിരിക്കുന്നു. 
 
തെങ്ങമം ബാലകൃഷ്ണൻ
 
ഭരണകർത്താക്കളെ അസ്വസ്ഥരാക്കിയ ഇത്തരം ഒട്ടേറെ അന്വേഷണാത്മകമായ റിപ്പോർട്ടുകൾ അക്കാലത്ത് പത്രത്തിൽ വന്നിരുന്നു. മുഖ്യമന്ത്രി പട്ടം താണുപിള്ള പാസ്ചറൈസേഷൻ പ്ളാൻ്റ് ബന്ധുക്കൾക്ക് നൽകിയെന്നും ബൻസ് വണ്ടികൾ ബന്ധുക്കളുടെ പേരിൽ പ്രതിഫലമായി വാങ്ങി ഉപമുഖ്യമന്ത്രിയായ ആർ. ശങ്കർ സാമ്പത്തിക തിരിമറിക്ക് കൂട്ടുനിന്നുവെന്നും മറ്റുമുള്ള റിപ്പോർട്ടുകൾക്കെതിരെയും കേസുകൾ ഫയൽ ചെയ്യപ്പെട്ടു. അവയൊന്നും,പക്ഷേ,വിജയിച്ചില്ല.
 
                                                                                              ആദ്യകാല സാരഥികൾ

പ്രതിബദ്ധമായ ജനകീയ മാദ്ധ്യമപ്രവർത്തനത്തിൻ്റെ ഉജ്ജ്വലമായ കാലഘട്ടമായിരുന്നു,അത്.മലയാള മാദ്ധ്യമചരിത്രത്തിൻ്റെ ഭാഗമായ ഈ അദ്ധ്യായങ്ങൾ അക്കാദമിക്കായി  വിശദമായി പഠിച്ചത് അപ്പോഴാണ്. 
അക്കാലത്ത് തീരെ ശ്രദ്ധിക്കാതെ പോയ മറ്റൊരു ഒരു ചരിത്രമുണ്ട്,ജനയുഗത്തിന്.

കഴിഞ്ഞ വർഷം മലയാള പ്രക്ഷേപണ ചരിത്രം എഴുതിയപ്പോൾ തികച്ചും അപ്രതീക്ഷിതമായി,ഒരാൾ കടന്നുവന്നു-ജനയുഗത്തിൻ്റേയും ഡൽഹിയിൽ നിന്നുള്ള മലയാളം വാർത്താാപ്രക്ഷേപണത്തിൻ്റേയും ആദ്യകാലത്തിൻ്റെ നേർസാക്ഷ്യമായി ഒരാൾ.‘ക്രിസ്പി’ എന്ന ആർ. കോൺസ്റ്റൻ്റൈൻ. 

'ജനയുഗ'ത്തിന്റെ സ്ഥാപകരിലൊരാൾ ആകാശവാണി വാർത്താവതാരകനായ കഥയാണത്.ഇദ്ദേഹം 1952-ൽ ഡൽഹി ആകാശവാണിയുടെ മലയാളം വാർത്താവിഭാഗത്തിൽ സബ് എഡിറ്ററായി ചേർന്നു. ഒപ്പം,റോസ്കോട്ട് കൃഷ്ണ പിളളയും ഓംചേരി എൻ.എൻ. പിളളയുമുണ്ടായിരുന്നു.
 
ആദ്യ കാലങ്ങളിൽ 'ക്രിസ്പി' എന്ന പേരിൽ വാർത്തകൾ വായിച്ചു. ഇന്ത്യൻ ഇൻഫർമേഷൻ സർവീസ് ഉദ്യോഗസ്ഥനായി, ഡൽഹിയിലെ വാർത്താ വിഭാഗത്തിൽ ഉന്നത പദവികളിലെത്തിയാണ് വിരമിച്ചത്.
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുഖപത്രമായി 'ജനയുഗം' പ്രസിദ്ധീകരിക്കാൻ 1947-ൽ ഇടതു അനുഭാവികളായ ഏതാനും ചെറുപ്പക്കാർ തീരുമാനമെടുക്കുന്നത് കൊല്ലത്തെ ഇദ്ദേഹത്തിന്റെ വീട്ടിൽ വച്ചായിരുന്നു. അത് പ്രാവർത്തികമാക്കാൻ പിന്നെയും സമയമെടുത്തു.. അതിനിടയിൽ 'പ്രഭാതം', 'യുവകേരളം' പത്രങ്ങളിൽ പ്രവർത്തിക്കുകയും കോൺഗ്രസ് സ്ഥാനാർത്ഥിയായി കൊല്ലം മുനിസിപ്പൽ കൗൺസിലിൽ അംഗമാകുകയും ചെയ്തു, ക്രിസ്പി എന്ന് സുഹൃത്തുക്കൾ വിളിച്ചിരുന്ന കോൺസ്റ്റന്റൈൻ.
എൻ.ഗോപിനാഥൻ നായർ (ജനയുഗം ഗോപി) പത്രാധിപരും ക്രിസ്പി , ഗോപിപ്പിള്ള തുടങ്ങിയവർ പത്രാധിപസമിതി അംഗങ്ങളുമായി 1949-ലെ ലെനിൻ ദിനത്തിൽ രാഷ്ട്രീയ വാരികയായി 'ജനയുഗം' ആരംഭിച്ചു.

പത്രാധിപർ എൻ.ഗോപിനാഥപിള്ള അറസ്റ്റു ചെയ്യപ്പെടുകയും മറ്റുള്ളവർക്കെതിരെ കേസുകൾ ഉണ്ടാകുകയും ചെയ്തതോടെ അധികം വൈകാതെ വാരികയുടെ പ്രസിദ്ധീകരണം നിലച്ചു (1953 - ൽ ദിനപ്പത്രമായി പുനരാരംഭിച്ചു).
 
'ജനയുഗം' മുടങ്ങിയതോടെ ക്രിസ്പി ഒരു സുഹൃത്തിന്റെ മൈസൂറിലെ തെയിലത്തോട്ടത്തിൽ താമസിക്കാൻ പോയി. അപ്പോഴാണ് 'ദ ഹിന്ദു'വിൽ , ആ പരസ്യം കാണുന്നത്. അദ്ദേഹം ഇൻഫർമേഷൻ സർവീസിലേക്ക് അപേക്ഷിച്ചു.

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിരോധനം നീക്കിയെങ്കിലും അനുഭാവികൾ പോലും സൂക്ഷ്മനിരീക്ഷണത്തിന് വിധേയരായിരുന്ന അക്കാലത്ത്,ഡൽഹി വാർത്താ വിഭാഗത്തിൽ നിയമിക്കപ്പെട്ടവരെല്ലാം കമ്മ്യൂണിസ്റ്റ് പ്രവർത്തകരോ അനുഭാവികളോ ആയിരുന്നു !ഇന്നും വിസ്മയമായി അവശേഷിക്കുന്നു , ഇത്.

ബ്രോഡ്കാസ്റ്റിങ്ങ് ഹൗസിലുള്ള മലയാളം വാർത്താവിഭാഗത്തിന്റെ
ഒൻപതാം നമ്പർ മുറി കേന്ദ്രീകരിച്ചായിരുന്നു , ഡൽഹി മലയാളി അസോസിയേഷൻ, കേരള സ്ക്കൂൾ എന്നീ ഇടതു പക്ഷാഭിമുഖ്യമുള്ള സംഘടനകൾ രൂപപ്പെട്ടത്. ഇവ കെട്ടിപ്പടുക്കാൻ ഓംചേരിയും ക്രിസ്പിയുമൊക്കെച്ചേർന്ന് പ്രവർത്തിച്ചു. എ.കെ.ജിയായിരുന്നു , അവരുടെ വഴി കാട്ടി.

ബർണാഡ്ഷാ സ്പെഷ്യലിസ്റ്റായി അറിയപ്പെട്ട ക്രിസ്പി , പില്ക്കാലത്ത് വാർത്താധിഷ്ഠിത ഇംഗ്ലീഷ് പരിപാടിയായ 'സ്പോട്ട് ലൈറ്റി'ന്റെ ചുമതലയും വഹിച്ചു.

2021ൽ അന്തരിച്ച പ്രമുഖ സാമൂഹിക ശാസ്ത്രജ്ഞയും സ്വതന്ത്ര ചിന്തകയുമായ ഡോ. കെ ശാരദാമണി എഡിറ്റ് ചെയ്യ ‘ജനയുഗം ഗോപിയെ ഓർക്കുമ്പോൾ-The  scribe remembered’  എന്ന ദ്വിഭാഷാഗ്രന്ഥത്തിൽ ഈ  അപൂർവ്വചരിത്രം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ജനയുഗത്തിൻ്റെ ആദ്യപത്രാധിപരായ തൻ്റെ ഭർത്താവ് എൻ.ഗോപിനാഥൻ നായരുടെ സംഭവബഹുലമായ മാദ്ധ്യമജീവിതമാണ് അവർ ഈ പുസ്തകത്തിൽ സമാഹരിച്ചിരിക്കുന്നത്. ജനയുഗത്തിൻ്റെ നാൾവഴികളുടെ നേർസാക്ഷ്യം കൂടിയാണിത്.

-അങ്ങനെ, എത്രയോ വിസ്മയകരമായ ചരിത്രഘട്ടങ്ങൾ.
ജനയുഗത്തിൻ്റെ ചരിത്രവഴികളിലൂടെ മുൻപ് ഏറെക്കാലം സഞ്ചരിച്ചതും ഇങ്ങനെ യാദൃച്ഛികമായി. അതിനും നിമിത്തമായത് ആകാശവാണി. പത്രപ്രവർത്തനം ഉപേക്ഷിച്ച്, 1992ൽ ഞാൻ പ്രോഗ്രാം എക്സിക്യൂട്ടീവായി ആകാശവാണി തൃശൂർ നിലയത്തിൽ ചേർന്നു. യു. പി. എസ്. സി  വഴി നിയമിക്കപ്പെട്ട അവസാന ബാച്ചിൽ ,കാര്യവട്ടത്ത് സാമ്പത്തിക ശാസ്ത്രം പഠിച്ച്, ജനയുഗത്തിൽ പത്രപ്രവർത്തകനായി പ്രവർത്തിച്ചിരുന്ന ഒരാളുമുണ്ടായിരുന്നു-ഡി. പരമേശ്വരൻ പോറ്റി. നിയമന നടപടികൾ പുരോഗമിയ്ക്കുമ്പോൾ,ഞാൻ അദ്ദേഹത്തെ കാണാൻ കൊല്ലത്തെ ജനയുഗം ഓഫീസിൽ പോയി. അപ്പോഴേക്കും അദ്ദേഹത്തെ പോർട്ട്ബ്ളയർ ആകാശവാണിയിൽ നിയമിച്ചിരുന്നു. അങ്ങനെ, അപ്രതീക്ഷിതമായി, ജനയുഗം ഓഫീസ് കണ്ട ചാരിതാർഥ്യത്തോടെ ഞാൻ മടങ്ങി.
ഡി.പരമേശ്വരൻ പോറ്റി (വലത്) പോർട്ട് ബ്ലയർ നിലയത്തിന്റെ ഒരു ശബ്ദലേഖനത്തിൽ . ഒപ്പം മൈക്കുമായി കെ.എ.മുരളീധരൻ

1994ൽ കൊച്ചി എഫ്. എം നിലയത്തിലേക്ക് ഞങ്ങൾ രണ്ടാളും സ്ഥലം മാറിയെത്തി. അതിനോടകം പരമേശ്വരൻ പോറ്റി ദേവികുളത്ത് എത്തിയിരുന്നു. 1994 ഡിസംബർ ആദ്യം, അടുത്തടുത്ത ദിവസങ്ങളിൽ, ഞങ്ങൾ കൊച്ചിയിൽ ചേർന്നു. പിന്നെ,2000ൽ എനിക്ക്  സ്ഥലംമാറ്റം കിട്ടും വരെ ഒരേ മുറിയിൽ, രണ്ട് മുൻ പത്രപ്രവർത്തകർ കേരളത്തിലെ ആദ്യ എഫ്. എം നിലയത്തെ പൂർണ്ണമായി പ്രവർത്തനസജ്ജമാക്കുക എന്ന സാഹസികമായ ദൗത്യം ഏറ്റെടുത്തു.

  ജനയുഗത്തിൽ സബ് എഡിറ്ററായും തിരുവനന്തപുരത്ത് രാഷ്ട്രീയകാര്യ ലേഖകനായും പ്രവർത്തിച്ച പോറ്റിക്ക് രാഷ്ട്രീയ നേതാക്കളുമായി അടുത്ത ബന്ധമുണ്ടായിരുന്നു. കടലാസിൽ പോലുമില്ലാതിരുന്ന പ്രക്ഷേപണപരിപാടികൾ ഒന്നൊന്നായി ആവിഷ്കരിച്ച് നടപ്പിലാക്കി, പ്രഭാത പ്രക്ഷേപണത്തെ ശക്തിപ്പെടുത്തുന്ന ശ്രമകരമായ ദൗത്യം വിജയകരമാക്കിയപ്പോഴേക്കും സർക്കാർ ആ പ്രക്ഷേപണം തന്നെ പൊടുന്നനെ നിർത്തി. അതിനെതിരായ ബഹുജനപ്രക്ഷോഭവും പൊതുതാല്പര്യ ഹർജിയിലൂടെ കേരള ഹൈക്കോടതിയിൽ നടത്തിയ നിയമപ്പോരാട്ടവും സമാനതകളില്ലാത്തതായിരുന്നു. പോറ്റിയുടെ രാഷ്ട്രീയ,വ്യക്തി ബന്ധങ്ങൾ ഈ പോരാട്ടത്തെ വിജയപ്രാപ്തിയിലെത്തിക്കുന്നതിനു ഏറെ സഹായിച്ചു. 

ഓഫീസ് തിരക്കുകളുടെ ഇടവേളകളിൽ സരസഭാഷണങ്ങളിലൂടെ അദ്ദേഹം കമ്യൂണിസ്റ്റ്പാർട്ടികളുടെ അറിയപ്പെടാത്ത ഏടുകളിലേക്കും  കേരള രാഷ്ട്രീയത്തിലെ അണിയറ രഹസ്യങ്ങളിലേക്കും കൂട്ടിക്കൊണ്ടുപോകുക പതിവായിരുന്നു. ഞാൻ കോഴിക്കോട് നിലയത്തിലായിരിക്കെ, 2003 ഒക്ടോബർ 27 ന് അർബുദം ആ ധന്യജീവിതത്തിനു പൊടുന്നനെ വിരാമമിട്ടു. പ്രണാമം.

ഞങ്ങൾ ആകാശവാണിയിലെത്തി ഏതാനും മാസങ്ങൾക്കകമാണ് ,1993ൽ ജനയുഗം   പ്രസിദ്ധീകരണം നിലയ്ക്കുന്നത്. അത് സൃഷ്ടിച്ചത് വലിയ ശൂന്യതയായിരുന്നു. സമാനതകളില്ലാത്ത തകർച്ചയായിരുന്നു,അത്. ഇന്ത്യയിൽ മറ്റൊരു പാർട്ടിപ്പത്രവും ഇത്രയും വിജയകരമായി അനുബന്ധപ്രസിദ്ധീകരണങ്ങൾ ദീർഘകാലം നടത്തിയ ചരിത്രം അതിനു മുൻപും പിൻപും ഉണ്ടായിട്ടില്ല.  അവരാരും സിനിമാപ്രസിദ്ധീകരണവും നോവൽ പതിപ്പും ഇറക്കിയിട്ടില്ല.
ഈ ഉയർച്ചയും താഴ്ചയും മാദ്ധ്യമഗവേഷകർ പഠനവിഷയമാകേണ്ടതാണ്. ദീർഘകാലത്തെ ഇടവേളയ്ക്ക് ശേഷം, 2007 മെയ് മാസത്തിൽ ജനയുഗം പത്രം പുന:പ്രസിദ്ധീകരിക്കപ്പെട്ടതോടെ,മാദ്ധ്യമചരിത്രത്തിൽ പുതിയൊരു അദ്ധ്യായം എഴുതപ്പെട്ടിരിക്കുന്നു.

അച്ചടി മാദ്ധ്യമങ്ങൾ മുഴുവൻ കടുത്ത വെല്ലുവിളികൾ നേരിടുമ്പോൾ,ഉള്ളടക്കത്തിൻ്റെ ഉൾക്കാമ്പാണു മാർഗദർശി. ജനഹിതം പ്രതിഫലിപ്പിക്കുന്ന,അവർക്കായി നിലകൊള്ളുന്ന  മദ്ധ്യമങ്ങളെ ജനങ്ങൾ കൈവിടില്ലന്നത് ചരിത്രപാഠം. 
 
 
 
 
 
യേശുദാസന്റെ അവസാന കാർട്ടൂൺ-ജനയുഗം ദിനപ്പത്രം, സെപ്തം. 18, 2021.
  

Followers

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

സൂക്ഷ്മദര്‍ശി‍നി BOOKS-2

സൂക്ഷ്മദര്‍ശി‍നി BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ

GREENRADIO -കവിതാലാപനങ്ങൾ

Labels

(അ)വർണ്ണാശ്രമത്തിലെ വെണ്ണപ്പാളികൾ (1) 100th POST;FIVE QUESTIONS IN CONNECTION WITH INTERNATIONAL WOMEN'S DAY (1) 4.5 ശതമാനം ഉപസംവരണം/മുസ്ലീം ആധിപത്യം/സാമൂഹികം/ ലേഖനം/ അക്ഷയ/മുഗള്‍ / (1) A SATITRE (1) ABHAYA MURDER CASE AND MEDIA (2) AII India Radio (1) AMBEDKAR GREEN ARMY (1) ANNA HAZARE (1) ASSEMBLIES (1) AUTO DRIVERS IN KOZHIKODE (1) Aalkkoottam inland magazine (1) BABA AMTE (1) BAN ON TEACHERS WEARING SAREE IN KERALA (1) BANGALURU (1) CAPSULES (1) CASTE IN POLITICS (1) CHENGARA LAND STRUGGLE TO NEW HEIGHTS (1) COMMUNITY CYCLING IN PARIS (1) CORRUPTION IN HIGHER EDUCATION SECTOR (1) CULTURAL OUTRAGE IN THE NAME OF KHADI IN KERALA (1) CULTURAL POLICE IN KERALA (1) CYBER ACT (1) CYBER TERRORISM (1) CYCLING IN LAKSHADWEEP (1) Church in Kerala (2) D.Parameswaran Potti (1) DEEMED UNIVERSITIES (1) DR VERGHESE KURIEN (1) DUDABHAI (1) FILMREVIEW (1) G M FOODS (1) GLOBAL WARMING AND KERALA (1) GOA (1) GREEN RADIO PODCASTS (1) GREEN RADIO-PODCAST (1) GREEN RADIO-എങ്ങനെ കേള്‍ക്കാം (1) HEALTH TOURISM IN INDIA (1) HINDUSTANI MUSIC IN KERALA (1) HUMOUR (1) I T PROFESSIONALS (1) I too had a dream (1) IFFI 2011 (1) INDIA BEYOND COPENHAGEN (1) IT'S MAN-MADE (1) Indian Performing Rights (1) Indian tie (1) JASMINE REVOLUTION (1) JASMINE REVOLUTION IN INDIA (1) JUDICIARY (1) JUSTICE CYRIAC JOSEPH (1) KASARGODE DWARF (1) KERALA MUSLIMS AND DEMOCRACY (1) KERALA.KARNATAKA (1) KOCHI METRO (1) Kochi F M (2) LIFE STYLE OF KERALA BENGAL LEADERS:A STORY IN CONTRAST (1) LOK PAL BILL (1) LOKAYUKTHA (1) Little Magazines in Kerala (1) MAHATMA GANDHI (2) MAKARAJYOTI FARCE (1) MANGALA DEVI TEMPLE (1) MARTIN LUTHER KING JNR (1) MEDIA IN KERALA (1) MY BOOKS (2) Mavelikara (1) NEGATIVE VOTING RIGHT (1) NEIGHBOURHOOD SCHOOLS (1) NIGHT LIFE (1) Nationalisation of segregated graveyards (1) OCCUPY WALL STREET (2) ONAM AND TV SHOWS IN KERALA (1) Onam (2) PAIDNEWS (1) Poverty in America (1) QUALITY OF KWA TAP WATER (1) QUEEN'S ENGLISH IN KERALA (1) RACIAL DISCRIMINATION AGAINST WOMEN AND DALITS BY KERALA PRESS (1) REFERENDUM ON MAJOR DECISIONS (1) RELIGION OF ELEPHANTS IN KERALA? (1) ROYALTY TO MUSIC PERFORMANCES (1) Real estate on Moon (1) SATIRE (4) SEX (1) SOCIAL ILLITERACY IN KERALA (1) STATUES (1) SUBHA MUHOORTHA FOR CAESAREAN SURGERY (1) SUBHASH PALEKAR (1) SUFI PARANJA KATHA (1) SUPERSTITION AT SABARIMALA (1) SUTHARYAKERALAM: A HIGHTECH FARCE (1) SWINE FLUE AND MEDIA (1) THE CHURCH ON CHILD- MAKING SPREE (1) THE FOOD SECURITY ARMY IN KERALA (1) THE MAKING OF GOONDAS IN KERALA. (1) THE PLIGHT OF THE AGED IN KERALA (1) THE RIGHT TO FREE AND COMPULSORY EDUCATION BILL (1) THE SILENT MINORITY:BACKBONE OF INDIAN DEMOCRACY (1) THEKKADI (1) Thoppippala (1) URBANISATION (1) V.Dakshinamoorthy (1) VECHUR COWS (1) VELIB.FREEDOM BIKE (1) VOTERS IN THE CYBER WORLD/സാക്ഷരത/നവമാദ്ധ്യമങ്ങൾ (1) WHY DO PEOPLE DIE OF COLDWAVES IN NORTH INDIA? (1) WOMEN RESERVATION IN PARLIAMENT (1) cyber crime case against blogger (2) first F.M station in Kerala (1) greenradio podcasts (1) local radio station (1) national heritage animal (1) parallel publications in Malayalam (1) woman paedophile (1) അംബേദ്കർ (2) അംബേദ്കർ ഗ്രീൻ ആർമി (1) അക്ബറാന (1) അക്ഷയതൃതീയ (1) അക്ഷയതൃതീയ AKSHAYATHRUTHIYA (1) അഗസ്റ്റിൻ ജോസഫ് (1) അങ്കിൾ ജഡ്ജ് സിൻഡ്രോം” (1) അതിവേഗപാത (1) അതിശൈത്യമരണങ്ങൾ (1) അനുഭവം (1) അമുൽ (1) അമേരിക്കയിലെ ദരിദ്രർ (1) അയ്യങ്കാളി (1) അഷ്ടമംഗലദേവപ്രശ്നം (1) ആട്-തേക്ക്-മാഞ്ചിയം (1) ആര്‍ഭാടങ്ങള്‍ (1) ആള്‍ക്കൂട്ടം (2) ആർ.വിമലസേനൻ നായർ (1) ആൽബർട്ടോ ഗ്രനാഡോ (1) ആൾക്കൂട്ടം ഇൻലന്റ്‌ മാസിക (2) ഇന്ത്യ (1) ഉഴവൂര്‍ (1) എ.എൻ.സി (2) എം.എ.എസ് (1) എം.എഫ് ഹുസൈൻ (1) എംബെഡഡ് ജേർണ്ണലിസം/ അയ്യങ്കാളി (1) എസ്.എൻ.ഡി.പി (1) ഏംഗത്സ് (1) ഏട്ടിലെ പശു (1) ഏഷ്യാഡ് (1) ഐ.എസ്.അര്‍.ഓ (1) ഒക്യുപൈ വാൾ സ്ട്രീറ്റ് (1) ഒക്സിജന്‍ പാര്‍ലർ (1) ഒറ്റപ്പാലം (1) ഒറ്റയാൾ (3) ഓ.എൻ.വി (1) ഓഡിയോ (1) ഓണം (1) ഓർമ്മകൾ (1) ഓർമ്മയാണച്ഛൻ (1) കഞ്ഞി (1) കണ്ടതും കേട്ടതും (2) കള്ളപ്പണം (1) കവരത്തി (1) കവിതാലാപനം (2) കാല്‍കഴുകിച്ചൂട്ടൽ (1) കാളന്‍ (1) കാളയിറച്ചി (1) കാസർകോഡ് ഡ്വാർഫ് (1) കാർഷിക യന്ത്രവത്കരണം (1) കാർഷിക വിപ്ലവം (1) കാർഷികം/ ലേഖനം/ബ്ലാക്ക്ബെറി/മിൽക്കി ഫ്രൂട്ട്/അവക്കാഡോ/ദുരിയാൻ/റമ്പൂട്ടാൻ (1) കാൽകഴുകിച്ചൂട്ടൽ (1) കീഴാചാരം (1) കുഞ്ഞപ്പ പട്ടാന്നൂർ (1) കുറിപ്പ്‌ (1) കൂറുമാറ്റം (1) കൃഷ്ണയ്യർ (1) കെ.ആര്‍.നാരായണന്‍ (1) കെ.ആർ.ടോണി (1) കെ.ഗിരിജ വർമ്മ (1) കെ.ഗിരിജാവർമ (1) കെ.വി.ഷൈൻ (1) കോണകം (2) ക്ലാസിക്ക് മെട്രോ (1) ക്ഷേത്രപ്രവേശനം (1) കൻഷിറാം (1) ഖവാലി (1) ഗജ ദിനം (1) ഗിരിപ്രഭാഷണം (1) ഗീർ പശു (1) ഗുണ്ടായിസം (1) ഗുണ്ടാരാജ് (1) ഗുരുവായൂർ (1) ഗോൾചെറെ (1) ഗ്രാമസഭ (1) ഗ്രീൻ കേരള എക്സ്പ്രസ് (1) ഗ്രീൻ റേഡിയോ പോഡ്കാസ്റ്റ് (2) ചണ്ഡിഗർ (1) ചന്ദ്രൻ (1) ചരിത്രം (1) ചലച്ചിത്രനിരൂപണം (1) ചലച്ചിത്രവിചാരം-ഒരെ കടല്‍ (1) ചിഡ് വാര (1) ചിത്രകാരൻ (2) ചൂടുവെള്ളത്തിൽ വീണ (1) ചെ ഗുവേര (1) ചെങ്ങറ (2) ചൊവ്വാ (1) ജഗ്ജ്ജീവന്‍ റാം (1) ജനകീയകോടതി (1) ജനാധിപത്യംANTI-DEFECTION LAW AND INDIAN DEMOCRACY (1) ജാവേദ് അക്തർ (1) ജീവത്സാഹിത്യംശശി തരൂർ (1) ജുഡീഷ്യറിയിലെ അഴിമതി/ കെ.ജി.ബാലകൃഷ്ണൻ (1) ജ്ഞാനഗുരു (1) ടോപ്പ്ലസ് (1) ടോൾ (1) ഡോ ജോൺ മത്തായി (1) ഡ്രസ് കോഡ് (1) ഡൽഹി (1) തഥാഗതൻ (1) താതാ നിന്‍ കല്പനയാല്‍ (1) താഹ്രീർ സ്കൊയർ (1) തൃപ്പൂത്താറാട്ട് (1) തെമ്മാടിക്കുഴി (1) തോർത്ത്‌ (1) ത്യാഗികൾ (1) ത്രിവര്‍ണ്ണപതാക (1) ദ കിഡ് വിത്ത് എ ബൈക്ക് (1) ദളിത് (1) ദാരിദ്ര്യരേഖ (1) ദൃഷ്ടിപഥം (17) ദേശീയ ഉത്സവം (1) ദേശീയ പതാക-TRIBUTE TO KAMALA DAS;RECITATION OF HER POEM IN MALAYALAM (1) ധവളവിപ്ലവം (1) നക്ഷത്രഫലം (1) നര്‍മ്മം (1) നല്ലതങ്ക (1) നവമാദ്ധ്യമങ്ങൾ (1) നവവത്സരാശംസകള്‍‍ (1) നസീറാന (1) നാഗസന്യാസിമാർ (1) നാരായണ പണിക്കർ (1) നെൽസൺ മണ്ടേല (1) നേർച്ചസദ്യ (1) നർമ്മം (2) നർമ്മദ (1) പരിഹാരക്രിയ (1) പി.ഉദയഭാനു (4) പി.ഭാസ്‌കരന്‍ (1) പി.സായ് നാഥ് (1) പിണറായി (1) പുസ്തകനിരൂപണം (1) പൂന്താനം (1) പൈതൃകമൃഗം (1) പൊതുസീറ്റുകൾ (1) പൊന്നമ്പലമേട് (1) പൊർഫീരിയോ (1) പോഡ്കാസ്റ്റ് (1) പൌലോസ് മാർ പൌലോസ് (1) പ്രതിമകൾ (1) പ്രാക്കുളം ഭാസി (1) പ്രിയനന്ദനൻ (1) പ്രേം നസീർ (1) പ്ലാവില (1) ഫലിതം (5) ഫലിതം A FRIENDSHIP DAY DISASTER (1) ഫസ്റ്റ്ഗ്രേഡർ (1) ഫിദൽ (1) ഫെമിനിസ്റ്റ് (1) ഫ്രന്‍ഡ്ഷിപ് ഡേ (1) ബഷീർ (3) ബാബ ആംതെ/ (1) ബാബുരാജ് (1) ബി.ഓ.ടി (1) ബുർക്ക (1) ബൊളീവിയ (1) ഭക്ഷ്യ അരക്ഷിതാവസ്ഥ (1) ഭക്ഷ്യ സുരക്ഷാ സേന (1) ഭാവി രാഷ്ട്രീയ അജണ്ട (1) ഭൂമിക്കൊരു ചരമഗീതം (2) മംഗളാദേവി ക്ഷേത്രം 2001- (1) മകരജ്യോതി (1) മതം (2) മദ്യപാനം (2) മമത (1) മമ്മൂട്ടി (2) മറൂഗ (1) മഹാസ്ഥാപനം (1) മാഡം കാമ (1) മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് (1) മാദ്ധ്യമസദാചാരം (1) മാധവന്‍ നായര്‍ (1) മാധ്യമം (3) മാപ്പിളപ്പാട്ട് (1) മായാവതി (1) മാര്‍ക്സ് (1) മുല്ലപ്പൂ വിപ്ലവം (1) മുസ്ലീം സാക്ഷരത (1) മുസ്ലീം സ്ത്രീ സാക്ഷരതാനിരക്ക് (1) മേധാ പട്ട്കർ (1) മേഴ്സി മാത്യു (2) മൈഥിലി (1) മൊബൈൽ ഫോൺ (1) മോഹൻലാൽ (1) യൂത്ത് ഒളിമ്പിക്സ് (1) യേശുദാസ് (1) രാമനുണ്ണി (1) രാഷ്ട്രപതി (1) രാഷ്ട്രീയം (7) രാഷ്ട്രീയസദാചാരം (1) റഷ്യ (1) റഷ്യയിലെ ജനസംഖ്യ (1) റിവോദിയ (1) റെസിഡന്റ്സ് അസ്സോസിയേഷൻ (1) റേഡിയോ (7) റേഡിയോ സ്കിറ്റ് (1) റോഡ് സുരക്ഷാവാരം (1) റൌൾ (1) റ്റിന്റുമോൻ (1) ലെനിൻ (2) ലേഖനം (12) ലേഖനം/ ഡോ വർഗ്ഗീസ് കുര്യൻ (1) ലേഖനം/രാഷ്ട്രീയക്രിമിനൽവത്കരണം/CRIMINALISATION OF POLITICS/A RAJA /KANIMOZHI/TIHAR (1) ലോക അണക്കെട്ട് കമ്മീഷൻ (1) ലോക് അദാലത്ത് (1) ളാഹ ഗോപാലൻ (1) വടയക്ഷി (1) വന്ദേ മാതരം (1) വാലന്റൈന്‍സ് ഡേ (1) വാസ്തു (1) വാസ്തുദോഷനിവാരണക്രിയ (1) വാഹനപരിശോധന (1) വാർഡ് സഭ/GRAMASABHAS IN KERALA ON THE DECLINE (1) വി.പി.സിങ്ങ് (1) വിജയ് യേശുദാസ് (1) വിദ്യാരംഭം (1) വിന്നി (2) വിരുദ്ധോക്തി (1) വിശുദ്ധഗ്രന്ഥങ്ങൾ (1) വിശ്വപൌരന്‍ (1) വെച്ചൂർ പശു (1) വ്യാജമൂല്യബോധംപൊതുജനസേവക പ്രക്ഷേപകർ (1) ശതാഭിഷേകം (2) ശനിദോഷ നിവാരണണപൂജ (1) ശബരിമല (3) ശരീര ഭാഷ (1) ശവി (1) ശാർക്കര (1) ശില (1) ശുദ്ധികലശം (1) ശുഭമുഹൂർത്തപ്രസവം. (1) ശ്രീനാരായണ ഗുരു (4) ശർബാനി (1) ഷൈൻ (1) സംഗീതം (1) സദാചാര പൊലീസ് (1) സദാചാരാപഭ്രംശം (1) സഫലമീയാത്ര (1) സമൂഹികബോധം (1) സാമൂഹികം (3) സാമൂഹികം. (1) സാമൂഹികം.CYBER ACT IN KERALA (1) സാമൂഹികം.പന്നിപ്പനി (1) സാമൂഹികം/ ലേഖനം/ (3) സാമൂഹികം/ ലേഖനം/ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി (1) സാമൂഹികം/ ലേഖനം/ തദ്ദേശ തെരഞ്ഞെടുപ്പ് വിധി (1) സാമൂഹികം/ ലേഖനം/ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ.കില (1) സാമൂഹികം/ ലേഖനം/ മദ്യപാനം/വാഹനാപകടം (1) സാമൂഹികം/ ലേഖനം/ വിവരാവകാശ നിയമം/RTI ACT:DRAFT OF NEW RULES (1) സാമൂഹികം/ ലേഖനം/ B B C (1) സാമൂഹികം/ ലേഖനം/ BENGALI MIGRANT WORKERS IN KERALA (1) സാമൂഹികം/ ലേഖനം/ COMMONWEALTH GAMES (1) സാമൂഹികം/ ലേഖനം/ FOREIGN EDUCATIONAL INSTITUTIONS BILL (1) സാമൂഹികം/ ലേഖനം/ HINDU-MUSLIM AMITY;A TRUE STORY (1) സാമൂഹികം/ ലേഖനം/ ORISSA/NAVEEN PATNAIK (1) സാമൂഹികം/ ലേഖനം/ RELIGIOUS EXTREMISTS IN KERALA (1) സാമൂഹികം/ ലേഖനം/ THE COURT AND THE PEOPLES COURT (1) സാമൂഹികം/ ലേഖനം/ THE IMPACTS OF N S S'S DECISION TO FREE THEIR EDUCATIONAL INSTITUTIONS FROM RELIGIOUS ACTIVITIES (1) സാമൂഹികം/ ലേഖനം/ VOTERS' RIGHT TO MOVE NON-CONFIDENCE (1) സാമൂഹികം/ ലേഖനം/ WHY WOMEN AND DALITS NOT BEING FIELDED FROM GENERAL SEATS IN KERALA? (1) സാമൂഹികം/ ലേഖനം/ WOMEN TO UPSET THE APLECARTS OF MANY IN KERALA (1) സാമൂഹികം/ ലേഖനം/ അമേരിക്കയുടെ വായ്പാക്ഷമത/DOWNGRADE / S AND P/ KRUGMAN/OBAMA (1) സാമൂഹികം/ ലേഖനം/ ആന (1) സാമൂഹികം/ ലേഖനം/ ആയുർദൈർഘ്യം/ മാനവ വികസന സൂചിക/ലോക ആരോഗ്യദിനം (1) സാമൂഹികം/ ലേഖനം/ കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമം/RTE ACT/ന്യൂനപക്ഷസ്കൂളുകൾ (1) സാമൂഹികം/ ലേഖനം/ ഗ്രാമസഭ (1) സാമൂഹികം/ ലേഖനം/ നീതിന്യായാവകാശ നിയമം (1) സാമൂഹികം/ ലേഖനം/ പാലിയേക്കര/ടോൾ/BOT/അരാഷ്ട്രീയവത്കരണം/ചേറ്റുവ (1) സാമൂഹികം/ ലേഖനം/ പ്രവാസിത്തൊഴിലാളികൾ/ബംഗാൾ/ഒറീസ/തൊഴിൽ അല്ലെങ്കിൽ ജെയിൽ (1) സാമൂഹികം/ ലേഖനം/ ബാറ്റിസ്റ്റ (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസദാചാരം (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസാന്ദ്രത/media density/മത ന്യൂനപക്ഷ സ്കോളർഷിപ്പുകൾ (1) സാമൂഹികം/ ലേഖനം/ ലോക പൈതൃകദിനം/ബാമിയന്‍ താഴ്വര/പുരാതനം/അജന്ത/എല്ലോറ (1) സാമൂഹികം/ ലേഖനം/ ശ്രീപത്മനാഭസ്വാമി /മാർത്താണ്ഡ വർമ്മ/കാൽ കഴുകിച്ചൂട്ട് (1) സാമൂഹികം/ ലേഖനം/CUBA/POPE/FIDEL CASTRO/RAUL CASTRO (1) സാമൂഹികം/ ലേഖനം/FUKUOKA (1) സാമൂഹികം/ ലേഖനം/THE CASTE (1) സാമൂഹികം/ ലേഖനം/THE FAITHFUL AND THE DRUNKARDS (1) സാമൂഹികം/ ലേഖനം/THE FALL OF JUDICIARY IN INDIA/ILLITERACY IN JAILS (1) സാമൂഹികം/ ലേഖനം/അണ്ണാ ഹസാര/പാർലമെന്റിന്റെ പരമാധികാരം/SUPREMACY OF THE PARLIAMENT/ANNA HAZARE (1) സാമൂഹികം/ ലേഖനം/അൽ ബറാക്ക്/ഇസ്ലാമിക ബാങ്ക്/ISLAMIC BANKING IN KERALA (1) സാമൂഹികം/ ലേഖനം/ഉമ്മൻ ചാണ്ടി/ജനസമ്പർക്ക പരിപാടി/സുതാര്യകേരളം/SUTHARYAKERALAM (1) സാമൂഹികം/ ലേഖനം/കെ.ആർ.നാരായണൻ/K.R NARAYANAN/ കെ.കുഞ്ഞമ്പു/കെ.പി.എസ് മേനോൻ (1) സാമൂഹികം/ ലേഖനം/കേരള തെരഞ്ഞെടുപ്പ് 2011/ഉമ്മഞ്ചാണ്ടി മന്ത്രിസഭ/ഇ ഗവേണ്ണൻസ് (1) സാമൂഹികം/ ലേഖനം/ക്യൂബ/കാസ്ട്രോ/മാർപ്പാപ്പ/റൌൾ/ബാറ്റിസ്റ്റ/ചെഗുവരെ (1) സാമൂഹികം/ ലേഖനം/ദയാബായി/DAYABAI (1) സാമൂഹികം/ ലേഖനം/നിയമസഭാതെരഞ്ഞെടുപ്പ് /ഇലക്ഷൻ കമ്മീഷൻ /ജനാധിപത്യധ്വംസനം (1) സാമൂഹികം/ ലേഖനം/ഫിദൽ കാസ്ത്രോ/ക്യൂബ/റൌൾ കാസ്ത്രോ/ ജോസ് മാർട്ടി/ഗ്വാണ്ടനാമോ (1) സാമൂഹികം/ ലേഖനം/ബെയിൽ ഔട്ടു/ (1) സാമൂഹികം/ ലേഖനം/മുഖപ്രസംഗങ്ങൾ/ ഏജന്റുമാരുടെ സമരം/ഒപ്പീനിയൻ ലീഡേഴ്സ് (1) സാമൂഹികം/ ലേഖനം/മുല്ലപ്പൂവിപ്ലവം/സൌദി /MALE GUARDIANSHIP SYSTEM IN SAUDI ARABIA/VIRGINITY TEST ON EGYPTIAN PROTESTERS (1) സാമൂഹികം/ ലേഖനം/മൊബൈൽഫോൺ സാന്ദ്രത (1) സാമൂഹികം/ ലേഖനം/രാജ്യ സഭ/ലെജിസ്ലേറ്റീവ് കൌൺസിലുകൾ/WHO REQUIRES UPPER HOUSES? (1) സാമൂഹികം/ ലേഖനം/രാഷ്ട്രീയസദാചരം/POLITICAL MORALITY (1) സാമൂഹികം/ ലേഖനം/റേഡിയോആഡംബരങ്ങള്‍ (1) സാമൂഹികം/ ലേഖനം/ലോക്പാൽ/ഇന്ദുലേഖ/ ട്രാൻസ്പേരൻസി ഇറ്റർനാഷണൽ (1) സാമൂഹികം/ ലേഖനം/വികസനം/ടോൾ/വൈപ്പിൻ/വികസനമാതൃകകൾ /ചിക്കുൻ ഗുനിയ (1) സാമൂഹികം/ ലേഖനം/വിശ്വാസവ്യാപാരം/ആദ്ധ്യാത്മിക ദാരിദ്ര്യം/ ജാതിപ്പേരുകൾ (1) സാമൂഹികം/ ലേഖനം/ശ്രീപത്മനാഭ സ്വാമി ക്ഷേത്രം/മതിലകം/കരുവാലയം/തൃപ്പടിദാനം/ (1) സാമൂഹികം/ ലേഖനം/ഷബാന ആസ്മി (1) സാമൂഹികം/ ലേഖനം/സംവരണമണ്ഡലം (1) സാമൂഹികം/ ലേഖനം/സുകുമാർ അഴീക്കോട്/OPINION LEADER OF KERALA (1) സാമൂഹികം/ ലേഖനം/സ്വകാര്യ പ്രാക്റ്റ്iസ്/ഫൂഡ് സപ്ലിമെന്റുകൾ/കേരള മാതൃക (1) സാമൂഹികം/അയ്യങ്കാളി (1) സാമൂഹികം/ക്രിമിനൽ/ഇൻവെസ്റ്റിഗേറ്റീവ് ജേർണ്ണലിസം/ക്വൊട്ടേഷൻ സംഘം (1) സാമൂഹികം/മാർട്ടിൻ ലൂഥർ കിങ്ങ് (1) സാമൂഹികം/മുല്ലപ്പൂ വിപ്ലവം (1) സാമൂഹികം/മൂന്നാര്‍/ലേഖനം/DEATH BELLS FOR MUNNAR (1) സാമൂഹികം/ലക്ഷദ്വീപ് (1) സാമൂഹികം/ലക്ഷദ്വീപ് THE CHANGING FACE OF LAKSHADWEEP (1) സാമൂഹികം/ലേഖനം (6) സാമൂഹികം/ലേഖനം/കേരളം/M C J ALUMNI OF KERALA UNIVERSITY (1) സാമൂഹികം/ലേഖനം/റേഡിയോ/LETTERS TO RADIO (1) സാമൂഹികം/ലൈംഗികാതിക്രമം/കുട്ടികുറ്റവാളികൾ/ കൂട്ടുകുടുംബം/അണുകുടുംബം (1) സാമൂഹികം/സിംല (1) സാമൂഹികംരാവുണ്ണി (1) സാമൂഹികവിസ്ഫോടനം (1) സാമ്പത്തിക മാന്ദ്യം (1) സി.എം.എസ്‌ കോളേജ്‌ (2) സിദ്ധമതം (1) സുബ്ബലക്ഷ്മി/ചെമ്പൈ/ലേഖനം/ദേവദാസി/സദാശിവം/മീരാഭജൻ/ വൈഷ്ണവ ജനതോ (1) സുരേഷ് ഗോപി (1) സൂഫി പറഞ്ഞ കഥ (1) സൈക്കിള്‍ (1) സൈക്കിൾ (1) സൈബർ നിയമം (1) സോജ (1) സോഷ്യലിസ്റ്റ് (1) സ്കിറ്റ് (1) സ്ത്രീവസ്ത്രധാരണത്തിന്റെ രാഷ്ട്രീയം (1) സ്വർണ്ണക്കമ്മൽ (1) സ്വർണ്ണഭ്രമം (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2012 (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2013/SKIT/SATIRE/HUMOUR/D.PRADEEP KUMAR (1) ഹാസ്യം (34) ഹാസ്യം.ഫലിതം (3) ഹാസ്യം.ഫലിതം SATIRE (1) ഹാസ്യംഫാമിലി കോണ്ടാക്റ്റ് ഡേ (1) ഹീഗ്വര (1) ഹൈടെക് നിരക്ഷരർ (1) ഹൈറേഞ്ച് ഡ്വാർഫ് (1)

കേരള ബ്ലോഗ് അക്കാദമി

ഇന്ദ്രധനുസ്സ്

ബ്ലോഗ് ഹെല്‍പ്പ്ലൈന്‍