ഇ മലയാളം വായിക്കാനും എഴുതാനും ഇവിടെ ഞെക്കുക UNICODE MALAYALAM FONTS

Click here for Malayalam Fonts

Search This Blog

Tuesday, 14 March 2023

ചിത്രം,ചരിത്രം-1:പി.ജെ.ഷെല്ലി

 കേരളത്തിലെ വാർത്താ ഫോട്ടോഗ്രാഫർമാർ അനുഭവങ്ങൾ പങ്കു വയ്ക്കുന്ന 'ചിത്രം,ചരിത്രം' പരമ്പര ഒക്ടോബർ 8 ന് രാത്രി 7 ന് ക്ലബ്ബ് ഹൗസ് മീഡിയ റൂമിൽ ആരംഭിച്ചു.

 
മാതൃഭൂമി മുൻ ഫോട്ടോ എഡിറ്റർ ടി.രാജൻ പൊതുവാളും കേരള കൗമുദി മുൻ സീനിയർ ഫോട്ടോഗ്രാഫർ പി.ജെ. ഷെല്ലിയുമായിരുന്നു, അതിഥികൾ.
 
പരിപാടിയിൽ പങ്കെടുത്തുവെങ്കിലും,സാങ്കേതിക കാരണങ്ങളാൽ ടി.രാജൻ പൊതുവാളിന് സംസാരിക്കാൻ കഴിഞ്ഞില്ല. അദ്ദേഹം ഈ പരമ്പരയുടെ സമാപന എപ്പിസോഡിൽ സംസാരിക്കും.
പി.ജെ.ഷെല്ലി തന്റെ മാദ്ധ്യമാനുഭവങ്ങൾ വിവരിച്ചു.2001ൽ കേരള കൗമുദിയിൽ സ്റ്റാഫ് ഫോട്ടോഗ്രാഫറായ ഷെല്ലി 2018ലാണ് വിരമിച്ചത്.
 
കേരള വർക്കിംഗ് ജേർണലിസ്റ്റ് യൂണിയന്റെ സുവർണ ജൂബിലി പുരസ്ക്കാരം, രാമാനുജൻ പുരസ്ക്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. സ്റ്റാഫ് ഫോട്ടോഗ്രാഫറാകും മുൻപ്,1983ൽ,ഷെല്ലി ഡാർക്ക് റൂം അസിസ്റ്റന്റായി കേരള കൗമുദിയിൽ ചേർന്നു .അക്കാലത്ത് പി. മുസ്തഫയായിരുന്നു,സ്റ്റാഫ് ഫോട്ടോഗ്രാഫർ.പി.ജെ മാത്യു ന്യൂസ് എഡിറ്ററുംആർ.എം. മരങ്ങോലി മാനേജരുമായിരുന്നു.

 
"പൊതുവാൾജിയും (രാജൻ പൊതുവാൾ ) മുസ്തുക്കയും ( പി.മുസ്തഫ)ഫോട്ടോഗ്രാഫിയിൽ അന്നത്തെ പുലികളായിരുന്നു".മുസ്തഫ എടുക്കുന്ന ചിത്രങ്ങൾ ഡവലപ്പ് ചെയ്തപ്പോൾ കുറേ കാര്യങ്ങൾ പഠിച്ചു . പിന്നീട് പി.പീതാംബരൻ വന്നു. അദ്ദേഹം ദി ഇന്ത്യൻ എക്സ്പ്രസിലേക്ക് പോയപ്പോൾ ശെൽവരാജ് കയ്യൂർ( കയ്യൂർ സമര സേനാനി ചൂരിക്കാടൻ കൃഷ്ണൻ നായരുടെ മകൻ) വന്നു. മൂന്നുപേരുടേയും ആംഗിളുകൾ മനസ്സിലാക്കാൻ കഴിഞ്ഞു. വ്യത്യസ്ത വാർത്താ ആംഗിളുകൾ.
 
കോട്ടക്കലിനടുത്ത പൂക്കിപ്പറമ്പിൽ 41 പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിന്റെ ഫോട്ടോ എടുത്തത് മറക്കാനാവാത്ത അനുഭവമാണ്.നിയന്ത്രണം വിട്ട സ്വകാര്യ ബസ് മറിഞ്ഞ്, തീപിടിച്ചും പരിക്കേറ്റുമാണ് മരണങ്ങളുണ്ടായത്.പടം എടുക്കാൻ ചെന്നപ്പോൾ മൃതദേഹങ്ങളിൽ നിന്നുള്ള രൂക്ഷ ഗന്ധം മൂക്കിലേക്കടിച്ചുകയറി.ചുട്ട കോഴിയുടെ ഗന്ധം പോലെ എന്ന് പറയാൻ പാടില്ലെങ്കിലും, അങ്ങനെയാണ് അനുഭവപ്പെട്ടത്.ഒരാഴ്ച അതിന്റെ രൂക്ഷത മൂക്കിലുണ്ടായിരുന്നു.
 

മാധ്യമ ഫോട്ടോഗ്രാഫർമാർക്ക് വാർത്തകളും ഫോട്ടോകളും വീണ് കിട്ടാറുണ്ട്. ക്യാമറ ഇല്ലാതെ പുറത്തിറങ്ങിയാൽ പടം കിട്ടുമെന്നാണ് അനുഭവങ്ങൾ പഠിപ്പിച്ചത്.എം.ടിയുടെ ചിരിക്കുന്ന പടം കിട്ടാൻ പ്രയാസമാണെന്ന് പറയാറുണ്ട്. എന്നാൽ, ഒരിക്കൽ എം.ടി ചിരിക്കുന്ന നല്ല പടം കിട്ടി. അതിന് 'ഭാഗ്യം' എന്നാണ് ക്യാച്ച് വേഡ് കൊടുത്തത്. എം.ടി യുടെ അത്തരം ചിത്രം പിന്നെ കിട്ടിയിട്ടില്ല.
 

വനിതാപൊലീസും സമരം ചെയ്യുന്ന വിദ്യാർത്ഥികളും ഒരു പെൺകുട്ടിയെ തങ്ങളുടെ ഭാഗത്തേക്ക് പിടിച്ചുവലിക്കുന്ന ചിത്രം എടുത്തത് മറ്റൊരു അനുഭവമാണ്.2004 ൽ കോഴിക്കോട് ലോ കോളേജിൽ എസ്.എഫ്. ഐ നടത്തിയ സമരമായിരുന്നു , രംഗം. കഴുത്തിൽ ഷാൾ കുടുങ്ങി ശ്വാസം കിട്ടാതെ വിഷമിക്കുകയായിരുന്ന പെൺകുട്ടി കരയുന്ന ചിത്രമാണത്. പടം പത്രത്തിന്റെ എല്ലാ എഡിഷനിലും വന്നപ്പോൾ, ലോകോളേജിൽ കയറിയാൽ മുട്ടുകാൽ തല്ലിയൊടിക്കുമെന്ന് എസ്.എഫ്.ഐക്കാർ ഭീഷണിപ്പെടുത്തി. 
 
കൂടത്തായിയിൽ സി.എം. ഐ സഭ നടത്തുന്ന സ്കൂളിൽ ഇംഗ്ലീഷ് , മലയാളം മീഡിയം വിദ്യാർത്ഥികൾക്ക് രണ്ടു തരം ഇരിപ്പടങ്ങൾ ഒരുക്കിയത് വെളിച്ചത്ത് കൊണ്ടുവന്ന ചിത്രം പ്രയാസപ്പെട്ടാണ് എടുത്തത്.
മലയാളം മീഡിയം വിദ്യാർത്ഥികൾ നിലത്തിരുന്ന് പഠിക്കുമ്പോൾ ഇംഗ്ലീഷ് മീഡിയംകാർക്ക് ബെഞ്ചും മറ്റ് സൗകര്യങ്ങളും. പടം എടുക്കാൻ പ്രചോദനം തന്നത് ഡെസ്ക് ചീഫ് ആയിരുന്ന യു.കെ കുമാരനായിരുന്നു. പടമെങ്ങനെ എടുക്കുമെന്ന് ഒരാഴ്ച ആലോചിച്ചു.

സ്കൂളിന് ചീത്തപ്പേരുണ്ടാക്കുന്ന പടം എടുക്കാൻ അധികൃതർ സമ്മതിക്കില്ല.കൂടത്തായി പ്രാദേശിക ലേഖകനുമായി ബന്ധപ്പെട്ടു. വലിയ ക്യാമറ അടുത്തുളള പച്ചക്കറിക്കടയിൽ ഭദ്രമായി സൂക്ഷിച്ച ശേഷമാണ് സ്കൂളിൽ പോയത്. ചെറിയ ക്യാമറ പോക്കറ്റിലിട്ടിരുന്നു. ഒരു വികസന സപ്ലിമെന്റ് ചെയ്യാൻ വേണ്ടി വന്നതാണെന്ന് പറഞ്ഞു.
"സ്കൂളിലെ ഒരു സിസ്റ്ററോടൊപ്പം നടക്കവേ, പ്രാദേശിക ലേഖകൻ എന്റെ കാലിലൊന്ന് തോണ്ടി. ഉടൻ , കുട്ടികൾ തറയിലിരിക്കുന്ന പടം എടുത്തു".'മലയാളമേ മാപ്പ് ' എന്ന ക്യാപ്ഷനോടെയാണ് പടം പത്രത്തിൽ പ്രസിദ്ധീകരിച്ചത്. മുസ്ലീംലീഗ് പ്രശ്നം ഏറ്റെടുത്തതോടെ, ഡി.ഡി ഓഫീസ് മാർച്ചും മറ്റുമായി രംഗം ഇളകി മറിഞ്ഞു."അതോടെ ഞാൻ സി.എം.ഐ സഭയുടെ ശത്രുവായി മാറി".

 
മാങ്കാവിൽ ഇറങ്ങിയ പുലിയുടെ പടം എടുക്കാൻ പോയപ്പോഴുണ്ടായ അനുഭവം രസകരമായിരുന്നു. ഒരു വീടിന്റെ ബാത്ത്റൂമിൽ ഒളിച്ചിരിക്കുകയായിരുന്നു, പുലി.മുൻഭാഗത്ത് നിന്നാൽ പുലിയുടെ പടം കിട്ടാനിടയില്ലെന്ന് തോന്നിയതിനാൽ പിറകിൽ , അഴുക്കു വെള്ളം സഹിച്ച് നിന്നു. "പെട്ടെന്ന് പുലി എന്റെ നേർക്ക് വരുന്നതായി തോന്നി. ഞാൻ പിറകോട്ട് നീങ്ങി. പുലിയല്ല, പത്ത് - പന്ത്രണ്ട് പൊലീസുകാരാണ് എന്റെ മേൽ വീണിരിക്കുന്നതെന്ന് ബോദ്ധ്യമായി.പുലിയുടെ പടമില്ലെങ്കിൽ പൊലീസുകാരുടെ പടമെങ്കിലും എടുക്കാൻ പറ്റുമോ എന്ന് ചിന്തിച്ചു . നോക്കുമ്പോൾ , ക്യാമറയൊക്കെ എവിടെയോ തെറിച്ചു പോയിരുന്നു".
 
റിപ്പോർട്ടർമാർ തന്നെ ഫോട്ടോഗ്രാഫർമാരാകുമ്പോൾ പിക്ചർ ക്വാളിറ്റിയെ ബാധിക്കും.
റിപ്പോർട്ടറും ഫോട്ടോഗ്രാഫറും രണ്ട് പേർ തന്നെയാകുന്നതാണ് നല്ലത്.
 

ക്യാച്ച് വേഡ് കൊണ്ടാണ് ഒരു പടം ശ്രദ്ധേയമാകുന്നത്.. ചിത്രങ്ങളില്ലാത്ത പത്രം കഷ്ണങ്ങളില്ലാതെ സാമ്പാർ പോലെയാണ്.ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ, നല്ലപോലെ മൊബൈൽ ഉപയോഗിക്കുന്നവർക്ക് നന്നായി ക്യാമറ ഉപയോഗിക്കാനാവുമെന്ന് പി.ജെ ഷെല്ലി പറഞ്ഞു.
 
ഡി.പ്രദീപ് കുമാർ , കെ. ഹേമലത,കെ.പി രാജീവൻ എന്നിവർ മോഡറേറ്റർമാരായി.
 
'ചിത്രം, ചരിത്രം 'പരമ്പരയുടെ ശബ്ദലേഖനം യൂട്യൂബ് മീഡിയ വേവ്സ് ചാനലിലുണ്ട്.https://youtu.be/xVBkjbIsimo
 

വര-മൊഴിസാക്ഷ്യം-8:കാരയ്ക്കാമണ്ഡപം വിജയകുമാർ, രവീന്ദ്രൻ പുത്തൂർ

'വര -മൊഴിസാക്ഷ്യം' പരമ്പരയുടെ എട്ടാം ഭാഗത്തിൽ(ക്ലബ്ബ് ഹൗസ് മീഡിയ റൂം, സെപ്റ്റംബർ 23, 2022) പ്രമുഖ രേഖാചിത്രകാരന്മാരും പെയിന്റർമാരുമായ കാരയ്ക്കാമണ്ഡപം വിജയകുമാറും രവീന്ദ്രൻ പുത്തൂരും തങ്ങളുടെ അനുഭവങ്ങളും വീക്ഷണങ്ങളും പങ്കുവെച്ചു.
 
തിരുവനന്തപുരം സ്കൂൾ ഓഫ് ഫൈനാർട്ട്സിൽ (ഇപ്പോഴത്തെ കോളേജ്) നിന്ന് ചിത്രകലയിൽ ഡിപ്ലോമ നേടിയ വിജയകുമാർ , കലാകൗമുദിയിലും കേരളകൗമുദിയിലും അഞ്ച് വർഷത്തോളം ചിത്രകാരനായി പ്രവർത്തിച്ചു.1982 ൽ ഗവൺമെൻറ് ആയുർവേദ കോളേജിൽ ചിത്രകാരനായി ചേർന്നു. 30 വർഷത്തിന് ശേഷം, അവിടുത്തെ പ്രസിദ്ധീകരണ വിഭാഗത്തിലെ ചിത്രകാരനായാണ് വിരമിച്ചത്. കഥാകൃത്ത് കൂടിയായ അദ്ദേഹം 6 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് .

 
കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സീനിയർ ഫെലോഷിപ്പിൽ ചിത്രകലയെ കുറിച്ച് ഗവേഷണം നടത്തി. കേരള ലളിത കലാ അക്കാദമി പുരസ്കാരവും കലാസംവിധാനത്തിനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡും അദ്ദേഹം നേടിയിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ ധാരാളം ഏകാംഗ ചിത്രപ്രദർശനങ്ങൾ നടത്തി. 1977 ൽ ആരംഭിച്ച്, ഇപ്പോഴും പ്രസിദ്ധീകരണം തുടരുന്ന 'പ്രഭാവം' ലിറ്റിൽ മാഗസിന്റെ പത്രാധിപർ കൂടിയാണ് കാരയ്ക്കാമണ്ഡപം വിജയകുമാർ .
 
1974ലാണ് വിജയകുമാർ സ്കൂൾ ഓഫ് ഫൈൻ ആർട്സിൽ ഡിപ്ലോമയ്ക്ക് ചേരുന്നത്. അന്ന് സി.എൽ പൊറിഞ്ചുക്കുട്ടിയായിരുന്നു പ്രിൻസിപ്പൽ . രണ്ടാം വർഷത്തിലാണ് അത് കോളേജ് ആയി ഉയർത്തിയത്.'ബാലയുഗ' ത്തിൽ ഒരു കഥയ്ക്ക് വരച്ചുകൊണ്ടായിരുന്നു രേഖാചിത്രകലാരംഗത്ത് തുടക്കം കുറിച്ചത്. ഡിപ്ലോമ പാസായ ശേഷം, കലാ കൗമുദിയിലും കേരള കൗമുദിയിലും വരച്ചു തുടങ്ങി.
എൻ.എൻ കക്കാടിന്റെ ഒരു കവിതയ്ക്കാണ് ആദ്യം വരച്ചത്.
 
കവിതകൾക്കാണ് കൂടുതൽ വരച്ചത്. ധാരാളം ബിംബകൽപ്പനകൾ കവിതകളിലുണ്ട്. അവ കാഴ്ചയ്ക്കപ്പുറമുള്ള കാഴ്ചകൾ സ്വരൂപിച്ചെടുക്കാൻ സഹായിക്കും.വരയിൽ അവ ഉൾക്കൊള്ളുന്ന ഒബ്ജക്ടുകൾ കൊണ്ടുവരുവാൻ പറ്റും. കെ.സച്ചിദാനന്ദൻ, കെ.ജയകുമാർ,പ്രഭാവർമ്മ തുടങ്ങിയവരുടെ കവിതകൾക്ക് വരച്ച ചിത്രങ്ങൾ ഓർക്കുന്നു. ഇവ രചനകളുടെ ഉള്ളറകളിലേക്ക് ആസ്വാദകരെ കൂട്ടിക്കൊണ്ടു പോകുന്നവയാണ് എന്നാണ് വിശ്വസിക്കുന്നത്.
 

1979 ലാണ് ആദ്യത്തെ ഏകാംഗ ചിത്രപ്രദർശനം നടത്തിയത്.തിരുവനന്തപുരം സോവിയറ്റ് കൾച്ചറൽ സെൻററിലായിരുന്നു , അത്.'മൈ സൊസൈറ്റി','പരിണാമം','വുമൺ' എന്നീ പേരുകളിൽ ചിത്രപ്രദർശനങ്ങൾ നടത്തി. ചെയ്തു. ഡ്രോയിങ്ങിന് പ്രാധാന്യം കൊടുത്തവയായിരുന്നു അത്. പേനയും മഷിയുമുപയോഗിച്ച് , രേഖകളുടെ ധാരാളിത്തമുള്ള, മനുഷ്യരൂപങ്ങളും പ്രകൃതിയുമൊക്കെ പശ്ചാത്തലമാകുന്നവയായിരുന്നു,ആ ചിത്രങ്ങൾ.
 
വിദേശത്തും നാല് ഏകാംഗചിത്ര പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. ഇപ്പോൾ ചെയ്യുന്ന ലാൻഡ്സ്കേപ്പ് ചിത്രപരമ്പരയിൽ മനുഷ്യരൂപങ്ങൾ ഒഴിവാക്കി, പ്രകൃതിയേയും വസ്തുക്കളേയും പ്രതീകാത്മകമായ രൂപ നിർമ്മിതിയിൽ അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. യഥാതഥമായ രൂപകല്പനകളിലൂടെ, പുതിയൊരു ചിന്തയ്ക്കും കാഴ്ചയ്ക്കും വഴിയൊരുക്കുന്നവയാണ് ഈ ചിത്രങ്ങൾ.
 
നാടൻ കലകളിലെ മുഖത്തെഴുത്ത് ചിത്രകലയിൽ എങ്ങനെ ഉപയോഗിക്കാം എന്നതിനെ ആസ്പദമാക്കിയാണ് ഗവേഷണം നടത്തിയത് .അതിനായി 60 -ൽപ്പരം മാസ്കുകൾ തയ്യാറാക്കി.
വർഷങ്ങളായി കേരളകൗമുദി,ജനയുഗം ഓണപ്പതിപ്പുകളിലാണ് രേഖാചിത്രങ്ങൾ വരയ്ക്കുന്നത്.രേഖയും രൂപവും വർണ്ണങ്ങളും ഉൾക്കൊള്ളിച്ച്, പുതിയ രൂപത്തെ ചിത്രങ്ങളിൽ അവതരിപ്പിക്കുന്നു; യഥാർത്ഥ രൂപങ്ങൾക്കപ്പുറമുള്ള രൂപങ്ങൾ .ആനുകാലികങ്ങളിൽ വരുന്ന കഥകളിലേക്കുള്ള ജാലകം തുറക്കുന്നത് അവയോടൊപ്പമുള്ള ചിത്രങ്ങളാണ്.ചിത്രീകരണത്തിൽ പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാൽ കഥയ്ക്കപ്പുറമുള്ള കാഴ്ചകൾ കൊണ്ടുവരുവാൻ എളുപ്പമാണ്.
 
അക്കാഡമിക് പഠനം ഇല്ലാത്തവരും ചിത്രകലാ രംഗത്ത് സജീവമായി, മികച്ച ചിത്രകാരരായി, പ്രവർത്തിക്കുന്നു.
 
സ്ക്കൂളുകളിൽ ചിത്രകലാപഠനം ആവശ്യമാണ്. പക്ഷേ, തിരുവനന്തപുരം മ്യൂസിയം സന്ദർശിക്കുന്ന കുട്ടികളെ പോലും രാജാ രവിവർമ്മയുടെ ചിത്ര ഗാലറിയിലേക്ക് ആരും നയിക്കുന്നില്ല.അടുത്തിടെ നാല് ജില്ലകളിൽ തെരഞ്ഞെടുത്ത സ്ക്കൂളുകളിൽ ആരംഭിച്ച ശില്പനിർമ്മാണ പദ്ധതി സ്വാഗതാർഹമാണെന്നും കാരയ്ക്കാമണ്ഡപം വിജയകുമാർ പറഞ്ഞു. അവിടെ പ്രമുഖർ ശില്പങ്ങൾ നിർമ്മിക്കുന്നത് കുട്ടികൾ കണ്ട് മനസ്സിലാക്കുന്നുണ്ട്.
 
1977-ൽ അടിയന്തരാവസ്ഥക്കാലത്താണ് പ്രഭാവം ലിറ്റിൽ മാസിക ആരംഭിക്കുന്നത്.ചിത്രൻ നമ്പൂതിരിയോടൊപ്പമാണ് തുടക്കം.അതിൽ പ്രമുഖ എഴുത്തുകാരായ പെരുമ്പടവം ശ്രീധരൻ ,പി.പത്മരാജൻ, കടമ്മനിട്ട,കലാനിരൂപകനായ കെ.എസ് നാരായണ പിള്ള തുടങ്ങിയവരും എഴുതിയിരുന്നു.അക്കാലത്ത് അതിൽ പ്രസിദ്ധീകരിച്ച കവിതകളും കഥകളും പിൽക്കാലത്ത് അമർഷത്തിന്റെ കവിതകൾ, കഥകൾ തുടങ്ങിയ സമാഹാരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 'പ്രഭാവം' ചിത്ര,ശിൽപ കലയെക്കുറിച്ചുള്ള ഒരു പ്രസിദ്ധീകരണമായി മാറി.
 
രവീന്ദ്രൻ പുത്തൂരം തിരുവനന്തപുരം കോളേജ് ഓഫ് ഫൈനാർട്സിൽ നിന്നാണ് ഡ്രോയിങ് ആൻഡ് ഡിപ്ലോമ പാസായത്.അവിടെ , ഒഴിഞ്ഞു മാറിയിരുന്ന്,പെൻസിലും പേനയും കൊണ്ട് ചിത്രങ്ങൾ വരച്ചായിരുന്നു തുടക്കം. അക്കാലത്ത് രേഖാചിത്രരചനയാണ് തന്റെ മേഖലയെന്ന് തിരിച്ചറിഞ്ഞു. 'പ്രഭാവം' മാസികയിൽ കഥകൾ എഴുതി; അവയ്ക്ക് ചിത്രങ്ങളും വരച്ചു.
 

എം.എൻ കുറുപ്പ് പത്രാധിപരായിരിക്കെ , ദേശാഭിമാനി വാരികയിൽ കഥകൾക്ക് സ്ഥിരമായി വരച്ചു തുടങ്ങി.അദ്ദേഹത്തെ ചെന്ന് കണ്ടപ്പോൾ നൽകിയ ഒരു കഥയ്ക്ക് അവിടെവച്ച് വരച്ചു നൽകിയ ചിത്രം അദ്ദേഹത്തിന് തീരെ ഇഷ്ടമായില്ല.മറ്റൊരു കഥ തന്നയച്ചതിന് വരച്ചു നൽകിയ ചിത്രം ഇഷ്ടപ്പെട്ടു .അങ്ങനെയാണ് വരയ്ക്കാൻ അവസരം കിട്ടിയത്.
 
ഒരിക്കൽ ഒളപ്പമണ്ണയുടെ കവിതയ്ക്ക് വരച്ച ചിത്രം തിരുനല്ലൂർ കരുണാകരന് ഇഷ്ടമായില്ല."വളരെ ബോറാണ്", അദ്ദേഹം പറഞ്ഞു.താൻ കവിത വായിച്ചപ്പോൾ തോന്നിയ വികാരമാണ് ചിത്രീകരിച്ചത് എന്ന് അദ്ദേഹത്തോട് പറഞ്ഞു.
 
സർക്കാർ സർവീസിൽ ചിത്രകാരനായി ചേർന്നപ്പോൾ, കാസർഗോഡ് ഗവൺമെൻറ് കോളേജിൽ ആയിരുന്നു ആദ്യ നിയമനം. കാസർകോഡ് നിന്ന് പ്രസിദ്ധീകരിച്ചിരുന്ന 'ഈയാഴ്ച' വാരികയിൽ സ്ഥിരമായി വരയ്ക്കാൻ ആരംഭിച്ചു.സതീഷ് ബാബു പയ്യന്നൂരും എം.ചന്ദ്രപ്രകാശുമായിരുന്നു കെ.എം അഹമ്മദ് മുൻകൈയെടുത്ത് ആരംഭിച്ച ആ പ്രസിദ്ധീകരണത്തിന്റെ സാരഥികൾ . അക്കാലത്ത് മലബാറിലെ പ്രാന്തപ്രദേശങ്ങളിലൂടെ ധാരാളം സഞ്ചരിച്ചു. ബാലകൃഷ്ണൻ മങ്ങാട്, സി.വി ബാലകൃഷ്ണൻ തുടങ്ങിയവരുടെ കഥകൾക്ക് ചിത്രങ്ങൾ വരച്ചു.പിന്നീട്, തിരുവനന്തപുരം ഗവൺമെൻറ് ആയുർവേദ കോളേജിലേക്ക് മാറ്റി നിയമിച്ചപ്പോൾ , കേരള കൗമുദി പ്രസിദ്ധീകരണങ്ങളിലും വരയ്ക്കാൻ തുടങ്ങി.നമ്പൂതിരിയുടെയും എ.എസിന്റെയും വരകളായിരുന്നു സ്വാധീനിച്ചത്."പക്ഷേ, ഞാൻ എന്റേതായ രീതിയിൽ സ്റ്റൈൽസ്ഡായി വരയ്ക്കാൻ ശ്രമിച്ചു. സംഗീതാരോഹണാവരോഹണങ്ങൾ പോലെ, അവയിൽ ടോണുകൾ കൊണ്ടുവരുവാൻ ശ്രമിച്ചു. ആദ്യം രചനകൾ വായിച്ച്, അവ സ്വാംശീകരിക്കുന്ന രീതിയിൽ ചിത്രീകരണം നടത്തും.പിന്നെ, ഒരു കഥാപാത്രത്തെ വരയ്ക്കും.അതാണ് രീതി".
 
കലാകൗമുദി,കുങ്കുമം, ജനയുഗം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലും വരച്ചു.'ചിന്ത'യുടെ കവർ പേജുകളിലും ചിത്രങ്ങൾ വന്നു.
 
ചില ആനുകാലികങ്ങളിൽ വരുന്ന ചിത്രീകരണങ്ങൾ കാട്ടിക്കൂട്ടലുകൾ മാത്രമാണ്.ജീവിതത്തിന്റെ തനിപകർപ്പ് അല്ല ചിത്രങ്ങൾ .പക്ഷേ,അവയിൽ അനാട്ടമി വേണം.ചിത്രകാരനിൽ ഒരു കഥ വായിക്കുമ്പോഴുണ്ടാകുന്ന ദൃശ്യബോധത്തിന്റെ ഫലമാണ് ചിത്രം.അപ്പോഴും,എഴുത്തും ചിത്രകലയും രണ്ടായി തന്നെ നിലനിൽക്കണം.
 

കൊച്ചുകുട്ടികളെ ചിത്രകല പഠിപ്പിക്കാൻ ലഭിച്ച അവസരം ധന്യമായ അനുഭവമാണ് .അങ്ങനെ പഠിച്ച 200 കുട്ടികളുടെ ചിത്രപ്രദർശനം തിരുവനന്തപുരം മ്യൂസിയം ഓഡിറ്റോറിയത്തിൽ നടത്തി.അതൊരു ഉത്സവം പോലെ ആയിരുന്നു. കുട്ടികളുടെ സർഗ്ഗശക്തി വലുതാണ്. വ്യവസ്ഥാപിതമായ കലയല്ല ചിത്രീകരണം . അത് ചെയ്യാൻ ഏറ്റവും സമർത്ഥർ കുട്ടികളാണ് .
 
കുട്ടികളുടെ ജീവിതത്തിൽ ആവശ്യമുള്ള ഒന്നായി ചിത്രകലയെ വളർത്തിയെടുക്കണം. വിദ്യാഭ്യാസത്തിൽ, ഷർട്ട് ഡിസൈൻ മുതൽ വീട് നിർമ്മാണം വരെയുള്ള രംഗങ്ങളിൽ ചിത്രകലയുടെ സ്വാധീനമുണ്ട്.കുട്ടികളിൽ പ്രതലബോധം ഉണ്ടാക്കിയെടുക്കൽ വളരെ പ്രധാനമാണ് .വരച്ചു തുടങ്ങുമ്പോൾ അവർ ചിന്തിക്കാനും തുടങ്ങും ,ബുദ്ധിവികാസം ഉണ്ടാകും;ലക്ഷ്യബോധവും .
രേഖാചിത്രങ്ങളിൽ രൂപത്തിനും ഭാവത്തിനും പ്രാധാന്യമുണ്ട് .ചിത്രങ്ങളിലെ കളർ മനസ്സുമായി ഇഴ ചേർന്നതാവണം. ജീവിതാവസ്ഥയിൽ നിന്നും ഉയർന്നുവരുന്ന നിറബോധമാണ് അതിൽ പ്രതിഫലിക്കുന്നത്."കറുപ്പും വെളുപ്പും നിറങ്ങൾ അല്ല " .
 
എളുപ്പത്തിൽ വരയ്ക്കാൻ പെൻസിലിനെയും ബ്രഷിനേയും ആശ്രയിക്കും. ഡിജിറ്റൽ സാങ്കേതികവിദ്യ ഉൾപ്പെടെയുള്ള നൂതന സംവിധാനങ്ങൾ ചിത്രകാരന് ഒരു മാധ്യമം മാത്രമാണന്നും രവീന്ദ്രൻ പുത്തൂർ പറഞ്ഞു.
 
കേരളത്തിൽ കലാകാരനെ അംഗീകരിക്കുന്നവർ തുലോം കുറവാണ് .ചില വിദേശ രാജ്യങ്ങളിൽ പെയിന്റിങ്ങുകൾ ഈടുവച്ച് വായ്പ പോലും എടുക്കാം.
 

ചർച്ചയിൽ മുതിർന്ന ചിത്രകാരനായ എൻ.ദിവാകരൻ പങ്കെടുത്തു. ഡി.പ്രദീപ്കുമാറും കെ. ഹേമലതയും മോഡറേറ്റർമാരായി.
ഈ പരിപാടിയുടെ ശബ്ദലേഖനം യൂട്യൂബിലുണ്ട് :https://youtu.be/jT7coQlvjxc

വര-മൊഴിസാക്ഷ്യം-7:കെ.ഷെരീഫ്,കബിത മുഖോപാധ്യായ

 

‘വര-മൊഴിസാക്ഷ്യം' ഏഴാം ഭാഗത്തിൽ( ക്ലബ് ഹൗസ് മീഡിയ റൂം,സെപ്റ്റംബർ 17)അതിഥികളായി എത്തിയത് ചിത്രകാരരായ കെ.ഷെരീഫും( സ്റ്റാഫ് ആർട്ടിസ്റ്റ് ,മാതൃഭൂമി ആഴ്ചപ്പതിപ്പ് )കബിത മുഖോപാധ്യായയും .
 
കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി സ്വദേശിയായ കെ.ഷെരീഫ് 1999 മുതൽ വിവിധ പ്രസിദ്ധീകരണങ്ങളിൽ ചിത്രങ്ങൾ വരയ്ക്കാൻ ആരംഭിച്ചു. 2009-ൽ മാതൃഭൂമിയിൽ ചേർന്നു.കവിതകളും വരകളുമുള്ള നരിപ്പുള്ളിച്ചി, തിളങ്ങുന്ന ഇളം മഞ്ഞ എന്നീ പുസ്തകങ്ങൾ എഴുതിയിട്ടുണ്ട് .
യാദൃച്ഛികമായാണ് ചിത്രകലാരംഗത്ത് എത്തിയത്.പ്രീഡിഗ്രി പരീക്ഷയിൽ ഇംഗ്ലീഷ് പേപ്പർ വീണ്ടും എഴുതേണ്ടി വന്നു. ആ ഇടവേളയിൽ പരിചയപ്പെട്ട അധ്യാപകനായ ജയചന്ദ്രൻ മൊകേരി പുസ്തകങ്ങൾ വായിക്കാൻ പ്രേരിപ്പിച്ചു. അത് ബാബരി മസ്ജിദ് തകർക്കപ്പെട്ട കലുഷിതമായ കാലം.ആ കലുഷിതമായ രാഷ്ട്രീയ,സാമൂഹിക സാഹചര്യവും വർഗ്ഗീയ സംഘർഷങ്ങളും മനസ്സിനെ അലട്ടി. മടപ്പള്ളി ഗവ. കോളേജിൽ ബിരുദത്തിന് ചേർന്നപ്പോൾ ആഴത്തിലുള്ള വായനയുണ്ടായി. എഴുത്തിലേക്കും തിരിഞ്ഞു.നിസ്സഹായരായ മനുഷ്യന്റെ സർഗാത്മകമായ ആവിഷ്കാരങ്ങളായി കുറിപ്പുകളും കവിതകളും പിന്നെ,കുത്തിവരകളും പിറന്നു.ചുവർ പ്രസിദ്ധീകരണങ്ങളുടേയും കാലമായിരുന്നു അത് .
 

വരയാണ് കൂടുതൽ ശക്തമായ ആവിഷ്ക്കാരമായി തോന്നിയത്. മലയാളം ഇന്ത്യ ടുഡേയിൽ സ്വതന്ത്ര്യാസ്തിത്വമുള്ള, പെയിന്റിങ്ങിനോട് അടുത്ത് നിൽക്കുന്ന ചിത്രീകരണങ്ങൾ വന്നിരുന്നു. അച്യുതൻ കൂടല്ലൂർ, ടി.വി. കൊച്ചുബാവയുടെ ഒരു പുസ്തകത്തിന് വരച്ച വ്യതിരിക്തമായ രേഖാചിത്രങ്ങൾ ആകർഷിച്ചു ;ബാബു സേവിയർ , അഭിമന്യു,അജയകുമാർ തുടങ്ങിയവർ ആ പ്രസിദ്ധീകരണത്തിലും ബാര ഭാസ്കർ ഭാഷാപോഷിണിയിലും വരച്ച ചിത്രങ്ങളും. മാഹി കലാഗ്രാമത്തിൽ എം.വി ദേവൻ ഡയറക്ടറായിരുന്നപ്പോൾ , എഴുത്തുകാരും ശില്പികളും ചിത്രകാരൻമാരുമൊക്കെ വരുക പതിവായി.അവിടത്തെ സ്ഥിരം സന്ദർശകനായി.
 
അക്കാലത്ത് വരച്ച ചിത്രങ്ങൾ, കോട്ടയത്ത് സ്കൂൾ ഓഫ് ലെറ്റേഴ്സിൽ പഠിക്കുകയായിരുന്ന സുഹൃത്തുക്കൾ കെ.പി.റഷീദും കെ.പി ജയകുമാറും എടുത്തു കൊണ്ട് പോയി. അവർ പ്രോത്സാഹിപ്പിച്ചു. അവിടെ അദ്ധ്യാപകനായിരുന്ന പ്രൊഫ.വി.സി ഹാരിസ് മുൻ കൈയെടുത്ത്,കെ. സച്ചിദാനന്ദൻ പത്രാധിപരായ, 'ഇന്ത്യൻ ലിറ്റററി സർവ്വേ' എന്ന പ്രസിദ്ധീകരണത്തിൽ ചിലചിത്രങ്ങൾ പ്രസിദ്ധീകരിച്ചു. അവയാണ് ആദ്യം അച്ചടിക്കപ്പെട്ടത്. പിന്നെ, മാധ്യമം ആഴ്ചപ്പതിപ്പിലും, കുങ്കുമത്തിലും ലിറ്റിൽ മാഗസിനുകളിലും ചിത്രങ്ങൾ വന്നു.
 
യുദ്ധത്തിനും വർഗ്ഗീയതയക്കുമൊക്കെ എതിരായി തെരുവുകളിലും മറ്റും ധാരാളം ചിത്രങ്ങൾ ഇക്കാലത്ത് വരച്ചു.2003-ൽ കോഴിക്കോട് ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിലായിരുന്നു,ആദ്യത്തെ ചിത്രപ്രദർശനം. "വരയുടെ വൃത്തി ശീലങ്ങളിൽ നിൽക്കുന്ന രചനകളായിരുന്നില്ല , അവ. എന്നിട്ടും ആർട്ടിസ്റ്റ് കെ.പ്രഭാകരനെന്ന മഹാനായ ചിത്രകാരൻ അഭിനന്ദിച്ചത് വലിയ അംഗീകാരമായി".
ഒരു കഥയോ കവിതയോ നോവലോ വായിക്കുമ്പോൾ ,അതിന്റെ സത്തയുമായി ചേർന്ന് നിന്നാണ് ചിത്രങ്ങൾ വരയ്ക്കുന്നത്. കൃതി മനസ്സിൽ രൂപപ്പെടുത്തുന്ന പ്രതികരണമാണവ. അവയുടെ ഉള്ളടക്കം മനസ്സിൽ ഉണ്ടാക്കുന്ന ദൃശ്യാവിഷ്കാരങ്ങളാണ് വരകളിൽ പ്രതിഫലിക്കുന്നത് .അവ സമയ സമ്മർദങ്ങൾക്ക് നടുവിൽ നിന്നുള്ള വായനാനുഭവങ്ങളുടെ ദൃശ്യാവിഷക്കാരങ്ങളാണ്. അവയൊന്നു അനാട്ടമിയുടെ അളവുകോൽ ഉപയോഗിച്ചു വരച്ച ആധികാരിക ദൃശ്യരൂപങ്ങളല്ല.
രൂപങ്ങളുടെ പകർപ്പുകളുണ്ടാക്കുന്നത് മാത്രമല്ല,കല. ഓരോഎഴുത്തും വായനക്കാരിൽ ഒരു feel (അനുഭവം)ഉണ്ടാക്കും. ചിത്രകാരന്റെ അനുഭവമാണ് വരകളിൽ ആവിഷ്ക്കരിക്കപ്പെടുന്നത്. കഥാപാത്രങ്ങൾക്ക് നിയതമായ മനുഷ്യരൂപങ്ങൾ നൽകിയുള്ള സാമ്പ്രദായിക രേഖാചിത്ര രചനയിൽ താല്പര്യമില്ല. ഓരോകൃതിയും വായിക്കുമ്പോൾ അത് സൃഷ്ടിക്കുന്ന മാനസിക ഘടനയാണ് അപ്പോഴുള്ള വരകളെ രൂപപ്പെടുത്തുന്നത്. അത് മാറിക്കൊണ്ടിരിക്കും. 'ഖസാക്കിന്റെ ഇതിഹാസം ' വായിക്കുമ്പോൾ എപ്പോഴും ഒരേ രൂപം തന്നെ മനസ്സിൽ വരണമെന്നില്ല. സാഹചര്യങ്ങൾക്കനുസൃതമായി ദൃശ്യങ്ങൾ മാറി വരും.

 
വരയ്ക്കുന്നതിന് മുമ്പ് എല്ലാ കൃതികളും രണ്ട് -മൂന്ന് ആവർത്തി വായിക്കാറുണ്ട്. 'നിരീശ്വരന് ' വരച്ച ചിത്രങ്ങൾ അബ്സ്ട്രാക്റ്റല്ല. അതിൽ ഫിഗറുകളുണ്ട്. പക്ഷേ, നോവലിന്റെ അന്തരീക്ഷം സറ്റയറായതിനാൽ അത് പ്രതിഫലിപ്പിക്കുന്നവയാണ് ആ രൂപങ്ങൾ . അടിയന്തിരാവസ്ഥയുടെ ഇരുണ്ട കാലത്തെക്കുറിച്ചുളള 'അന്ധകാരനഴി ' നോവലിന് വരച്ച ചിത്രങ്ങളിൽ ആ കാലത്തിന്റെ വിങ്ങലുകളുണ്ട്. അതിനായി പഴയ കാലത്തെ പത്രങ്ങൾ റഫർ ചെയ്തിരുന്നു. മഷിയും കരിയും പുരണ്ട അക്കാലത്തെ പത്രത്താളുകളിൽ നിന്നാണ് അതിന്റെ ചിത്രങ്ങളുണ്ടായത്.
യഥാതഥമായി കഥയാത്ര ങ്ങളേയും സന്ദർഭങ്ങളേയും വരച്ചു വയ്ക്കുന്നതല്ല, കല. അത് സ്റ്റിൽ ഫോട്ടോഗ്രഫി പോലെയാണ്. അതിൽ ഒരു നിമിഷത്തിന്റെ ജഡതുല്യമായ ഫ്രെയിമാണ് ഉള്ളത്.
"കഥാപാത്രങ്ങളെ ശരീരമായല്ല, കൺസപ്റ്റുകളായാണ് ഞാൻ കാണുന്നത്. 'രണ്ടാമൂഴ'ത്തിലെ ഭീമന് നമ്പൂതിരി വരച്ച ചിത്രങ്ങൾ എല്ലാവരേയും പോലെ , ആസ്വദിച്ചിരുന്നു. പക്ഷേ, എപ്പിക്ക് കഥാപാത്രങ്ങളെ ശരീരമായല്ല ഞാൻ കാണുന്നത്. കഥാപാത്രങ്ങളുണ്ടാക്കുന്ന അനുഭവത്തിന്റെ അനാറ്റമിയാണ് എന്റെ വര".
 
കാലഘട്ടങ്ങൾ മാറുമ്പോൾ ആവിഷ്ക്കാരരീതികളും മാറും. വരയിൽ മാത്രം മാറ്റം പാടില്ലെന്ന് വാശി പിടിക്കരുത്. ചിത്രകലയിൽ വലിയ മുന്നേറ്റങ്ങളുണ്ടായിട്ടുണ്ട്. ആവിഷക്കാര സങ്കേതങ്ങളും മാറും. ചിത്രരചനയിൽ ഫോട്ടോഷോപ്പ് സങ്കേതം ഉപയോഗിക്കുന്നുണ്ട്. അച്ചടിയിൽ മികവോടെ നില്ക്കാനാണത്. "ഉപയോഗിക്കുന്ന സങ്കേതം ഏതായാലും അടിസ്ഥാന ടൂൾ കാഴ്ചപ്പാടാണ് ".
കൃതിയിൽ നിന്നുണ്ടാകുന്ന പുനർസൃഷ്ടിയാണ് രേഖാചിത്രങ്ങൾ . വരമൊഴികൾ മുഴുവൻ ദൃശ്യ വല്ക്കരിക്കാനാവില്ല. ചില ദൃശ്യങ്ങൾ നൽകുന്ന അനുഭവം വാക്കുകളിൽ പകർത്താനുമാവില്ല.
തന്റെ ചിത്രങ്ങൾ ദുരൂഹമാണെന്ന് പറഞ്ഞ് ചിലർ വിളിക്കാറുണ്ട്. അവരോടെക്കെ കലാസ്വാദനവീക്ഷണങ്ങൾ ചർച്ച ചെയ്യാറുണ്ടെന്നും കെ.ഷെരീഫ് പറഞ്ഞു.
 
പശ്ചിമ ബംഗാളിലെ 24 ഫർഗാനാസ് ജില്ലയുടെ വടക്കൻ ഭാഗത്തുള്ള, കലാസാംസ്ക്കാരിക പാരമ്പര്യമുള്ള ഒരു ഗ്രാമത്തിലാണ് കബിത മുഖോപാധ്യായ ജനിച്ചത്. ബങ്കിംചന്ദ്ര ചാറ്റർജിയുടേത് തൊട്ടടുത്ത ഗ്രാമം. കൃഷിയുമായി ബന്ധപ്പെട്ട സംസ്ക്കാരം,ജീവിത ശൈലി.കഥകൾ നിറഞ്ഞ അന്തരീക്ഷം. പ്രത്യേക രീതിയിൽ അലങ്കരിച്ച വീടുകൾ.
 

അച്ഛൻ സർക്കാർ സർവീസിൽ ഡോക്ടർ. സംഗീതവും നാടകവുമായി ബന്ധമുള്ള കുടുംബാംഗങ്ങൾ. വളർച്ചയെത്താതെ പിറന്നതിനാൽ സംസാരിക്കാൻ വൈകി. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നതിനാൽ പ്രത്യേക ശ്രദ്ധ കിട്ടി. ചാർക്കോൾ കൊണ്ട് ഭിത്തിയിൽ വരച്ചായിരുന്നു , തുടക്കം.അതായിരുന്നു , വലിയ ആനന്ദം.സ്കൂളിൽ പഠിക്കുന്ന കാലം മുതൽ എഴുത്തും വായനയും ഉണ്ടായി. സത്യജിത് റേ പത്രാധിപനായി പ്രസിദ്ധീകരിച്ചിരുന്ന 'സന്ദേഷ് 'മാസികയുടെ ബാലപംക്തിൽ എഴുതാനും വരയ്ക്കാനും തുടങ്ങി. അവർ നടത്തിയ മത്സരത്തിൽ സമ്മാനങ്ങൾ കിട്ടി. ശനിയാഴ്ചകളിൽ മാസിക നടത്തിയിരുന്ന യോഗങ്ങളിൽ സംബന്ധിച്ചു. സത്യജിത് റേ ഉൾപ്പെടെയുള്ള മഹാൻമാരായ കലാകാരരിൽ നിന്ന് അങ്ങനെ പരിശീലനം കിട്ടി. 1984-ൽ ബാലപംക്തിയിൽ നിന്ന് പൊതു പേജിലേക്ക് രചനകൾക്ക് സ്ഥാനക്കയറ്റം കിട്ടി.
 
ഇക്കാലത്ത് അതിൽ ഒരു കോമിക് സ്ട്രിപ്പ് വരയ്ക്കാൻ തുടങ്ങി. വിചിത്രമായൊരു തൂലികാ നാമത്തിലായിരുന്നു , അത്. സത്യജിത് റേയാണ് ആ പേര് നൽകിയത്. അദ്ദേഹത്തിന്റെ അച്ഛന്റെ ഒരു കഥയിലെ മിസ്റ്റിക് കഥാപാത്രമായിരുന്നു, തൂലികാനാമമായത്. തുടർച്ചയായി 14 വർഷം ആ പംക്തി പ്രസിദ്ധീകരിച്ചു. എഴുത്തിനും വരയ്ക്കുമെല്ലാം പ്രതിഫലം കിട്ടിയിരുന്നു.
 
ഗോപിനാഥ് ദാസ് എന്ന വലിയ ചിത്രകാരനാണ് ആദ്യ ഗുരു. അദ്ദേഹം വീടിനടുത്തുള്ള ചേരികളിലെ കുട്ടികളെ ചിത്രംവര പഠിപ്പിച്ചിരുന്നു. ശനി, ഞായർ ദിവസങ്ങളിലായിരുന്നു, ഇത്. 1984-ൽ ഡൽഹിയിൽ ശങ്കേഴ്സ് വീക്കിലിയുടെ അന്താരാഷ്ട്ര മത്സരത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുളള കുട്ടികൾക്കൊപ്പം പങ്കെടുത്തു.അവിടെ വരച്ച ചിത്രങ്ങൾ ശങ്കേഴ്സ് വീക്കിലിയുടെ സമാഹാരത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടു. അന്ന് ശങ്കറുമായി സംസാരിച്ചത് മറക്കാനാവാത്ത അനുഭവമായി.
ഡോക്ടറാക്കണമെന്നായിരുന്നു ,അച്ഛന്റെ ആഗ്രഹം. ചിത്രകല പഠിക്കാൻ ശാന്തി നികേതനിൽ ചേരണമെങ്കിൽ, അതിനുള്ള കാശ് സ്വന്തം കാലിൽ നിന്നുണ്ടാക്കണമെന്നായി, അദ്ദേഹം. മാസികയിൽ നിന്ന് കിട്ടുന്ന പ്രതിഫലവും മറ്റു ചെറിയ ജോലികളും ചെയ്താണ് ബി.എഫ്.എയും എം .എഫ് .എയും പാസായത്.നളിനി മലരി,ലീല മജുംദാർ തുടങ്ങിയ പ്രഗൽഭർ സഹപാഠികളും അധ്യാപകരുമായി ഉണ്ടായിരുന്നു. 
 

കെ.സി.എസ് പണിക്കർ, കെ.പി.കൃഷ്ണകുമാർ തുടങ്ങിയവരിലൂടെയാണ് കേരളത്തെക്കുറിച്ച് കൂടുതൽ അറിയുന്നത്. ബംഗാളി രാമായണത്തിന് ചിത്രങ്ങൾ വരച്ച രാജാ രവിവർമ്മയെക്കുറിച്ച് നേരത്തെ തന്നെ അറിയാം.
 
പെയിന്റിങ്ങിലായിരുന്നു , സ്പെഷ്യലൈസേഷൻ . ഡ്രോയിങ്ങും പെയിന്റിങ്ങും രണ്ട് മാധ്യമങ്ങളായി കണ്ടിരുന്നില്ല. പെയിന്റിങ്ങിൽ മാസ്റ്ററായ ഗുരുവിനെ കണ്ടെത്തിയത് അന്ന് ബറോഡയിലെ എം.എസ്. സർവകലാശാല അധ്യാപകനായിരുന്ന മലയാളി കെ. പ്രഭാകരനിലായിരുന്നു. അദ്ദേഹത്തെക്കുറിച്ചും, റാഡിക്കൽ പെയിന്റർമാരുടേയും ശില്പികളുടേയും സംഘത്തെക്കുറിച്ചും കാമ്പസിലെ മിക്ക വിദ്യാർത്ഥികൾക്കും നല്ല മതിപ്പായിരുന്നു. നേരിൽ കാണാതെ , സ്ലൈഡുകളിലൂടെ അവയെ പരിചയപ്പെട്ടു."ഇന്ത്യ കണ്ട മഹാന്മാരായ ചിത്രകാരന്മാരിൽ ഒരാളായിരുന്നു , അദ്ദേഹം. ടേപ്പോഗ്രഫിക്കൽ പെയിന്റിങ്ങിൽ മാസ്റ്റർ . അജന്ത,എല്ലോറ ഗുഹകളിലെ ചിത്രങ്ങളിലെ സ്ത്രീരൂപങ്ങൾക്കു ശേഷം അത്രയും മനോഹരമായി അവ വരച്ചത് പ്രഭാകരനായിരുന്നു".
പിന്നീട് ജീവിതപങ്കാളിയായി തീർന്നു, അദ്ദേഹം. 
 
ബംഗാളിൽ എഴുതിയ കോളങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് പ്രഭാകരനായിരുന്നു. കേരളത്തിൽ എത്തിയിട്ട് 24 വർഷമായി.
 
മലയാളത്തിൽ ആദ്യം വരച്ചത് ഇന്ത്യ ടുഡേ മലയാളം പതിപ്പിലാണ്. തുടർന്ന്,മാധ്യമം ആഴ്ചപ്പതിപ്പിലും. ഭാഷ അറിയാത്തതിനാൽ, ആദ്യം കഥകൾ ആരെങ്കിലും വായിച്ചു തരുമായിരുന്നു. പിന്നീട് ഭാഷ പഠിച്ച്, കഥകളും നോവലുകളും മലയാളത്തിൽ തന്നെ വായിച്ചു മനസ്സിലാക്കി. പക്ഷേ, ഇപ്പോഴും എഴുതാൻ അറിയില്ല. മാധ്യമത്തെ തുടർന്ന്,മാതൃഭൂമി ആഴ്ചപ്പതിലും ചിത്രങ്ങൾ വരച്ചു തുടങ്ങി. പുസ്തകങ്ങൾക്ക് കവറുകളും ചെയ്തു.
 
ഇലസ്ട്രേഷൻ എന്നതിന് രേഖാചിത്രങ്ങൾ എന്ന മലയാള പദം തികച്ചും അപര്യാപ്തമാണ്. ഓരോ രചന വായിച്ചു കഴിയുമ്പോഴും , അത് ഉണ്ടാക്കുന്ന പ്രതികരണങ്ങളാണ് വരയ്ക്കുന്നത്. അവയെ വിഷ്വൽ റിസർച്ച് അല്ലെങ്കിൽ കാഴ്ചാവിഷ്കാരങ്ങൾ എന്നാണ് വിളിക്കേണ്ടത് .
 
'പ്രിയപ്പെട്ട ബംഗാൾ'എന്ന പുസ്തകം മാതൃഭൂമി ബുക്സ് ആണ് പ്രസിദ്ധീകരിച്ചത്. കെ. പ്രഭാകരനും കമൽറാം സജീവമൊക്കെയാണ് ഇംഗ്ലീഷിൽ എഴുതിയ അതിലെ ലേഖനങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്.
 

പ്രഭാകരനുമായി ചേർന്ന് 7 ജില്ലകളിൽ നടത്തിയ പെയിന്റിംഗ് പ്രദർശനങ്ങൾ വലിയ അനുഭവമായിരുന്നു. അതിന് ആദ്യം ഒരു പേരുണ്ടായിരുന്നില്ല. കവികൾ, പത്രപ്രവർത്തകർ, സിനിമാക്കാർ, വിദ്യാർത്ഥികൾ തുടങ്ങിയവരൊക്കെ വരുകയും സമൂഹം അത് ഏറ്റെടുക്കുകയും ചെയ്തതോടെ, അതിന് 'ഗ്രേറ്റ് പ്രൊസഷൻ' എന്ന പേര് നൽകി. അച്ഛനും അമ്മയ്ക്കുമൊപ്പം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ ആ യാത്ര തനിക്ക് അവിസ്മരണീയമായ കലാനുഭവമായിരുന്നുവെന്ന് ചർച്ചയിൽ പങ്കെടുത്ത കബിതയുടേയും പ്രഭാകരന്റേയും മകൾ കൃഷ്ണ പറഞ്ഞു. പതിമൂന്നാം വയസ്സിൽ ദേശാഭിമാനി ആഴ്ചപ്പതിപ്പിൽ രേഖാ ചിത്രങ്ങൾ വരച്ച കൃഷ്ണ,സ്ത്രീശബ്ദം ഉൾപ്പെടെയുളഉ പ്രസിദ്ധീകരണങ്ങളിലും ഇപ്പോൾ ചിത്രങ്ങൾ വരയ്ക്കുന്നുണ്ട്. ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദധാരിയാണ്.
 
'വര-മൊഴിസാക്ഷ്യം' ഏഴാം ഭാഗത്തിന്റെ ശബ്ദലേഖനം യൂട്യൂബിൽ ഉണ്ട് . ലിങ്ക് :https://youtu.be/QZ1V_AIyhYI

വര-മൊഴിസാക്ഷ്യം-6:സി. ഭാഗ്യനാഥ്,അജയൻ

 ‘വര-മൊഴിസാക്ഷ്യം' പരമ്പര ആറാം ഭാഗത്തിൽ(ക്ളബ് ഹൗസ് മീഡിയ റൂം, സെപ്തം. 10,2022) അതിഥികളായെത്തിയത് രേഖാചിത്രകാരന്മാരും പെയിൻ്റർമാരുമായ സി. ഭാഗ്യനാഥും അജയനും.

 

തലശ്ശേരി സ്വദേശിയായ സി. ഭാഗ്യനാഥ്,തലശ്ശേരി സ്കൂൾ ഓഫ് ആർട്സ് പഠനത്തിന് ശേഷം,തിരുവനന്തപുരം കോളേജ് ഓഫ് ഫൈൻ ആർട്ട്സിൽ നിന്ന് പെയിൻ്റിങ്ങിൽ ബി. എഫ്. എയും ഹൈദരബാദിലെ സരോജിനി നായിഡു സ്കൂൾ ഓഫ് പെർഫോമിങ്ങ് ആർട്ട്സ് ആൻ്റ് ഫൈൻ ആർട്ട്സിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. ഇരുപത് വർഷത്തിലേറെയായി രേഖാചിത്രരംഗത്തുള്ള അദ്ദേഹം മുഴുവൻ സമയം ചിത്രകലാ പ്രവർത്തനത്തിലേർപ്പെട്ട്, കൊച്ചിയിൽ ജീവിക്കുന്നു.
 
സ്കൂളിൽ പഠിക്കുന്ന കാലം മുതൽ കഥകൾ വായിച്ചും അവയുടെ ചിത്രീകരണങ്ങൾ കണ്ടുമാണ് വളർന്നത്.കെ. സി. എസ് പണിക്കരുടെ ശിഷ്യർ,എം. വി ദേവൻ, നമ്പൂതിരി, എ. എസ് തുടങ്ങിയവരുടെ വരകൾ ആകർഷിച്ചു.
 
മാധ്യമം ആഴ്ച്ചപ്പതിപ്പിലാണ് ആദ്യമായി രേഖാചിത്രങ്ങൾ വരച്ചത്-എൻ. പ്രഭാകരൻ്റെ ‘തിയ്യൂർ രേഖകൾ'ക്ക്. “എൻ്റെ ചിത്രംവരകൾ കണ്ട്, പത്രാധിപരുടെ ചുമതല വഹിച്ചിരുന്ന കമൽറാം സജീവ്, അവസരം നൽകുകയായിരുന്നു".
*****************************
ചിത്രം:  ഷോസ് ആർ ഗോയിങ്ങ് ഓൺ

പരിചിതമായ മങ്ങാടും പരിസരപ്രദേശങ്ങളും അവിടുത്തെ പുരാവൃത്തങ്ങളും ചിത്രീകരിച്ചു. തുടർന്ന്, ‘ബുധിനി', ‘മുറിനാവ്', ‘പച്ച, മഞ്ഞ,ചുവപ്പ്', 'നൃത്തം ചെയ്യുന്ന കുടകൾ',(മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് ), 'കുട നന്നാക്കുന്ന ചോയി', 'ദിശ','ആരാച്ചാർ ','ഭാരത പ്രദർശനശാല ','സുഗന്ധി എന്ന ആണ്ടാൾ ദേവ നായകി',ഐസ്',(മാധ്യമം ആഴ്ചപ്പതിപ്പ് ),'ആത്‍മ ഛായ'(ദേശാഭിമാനി ആഴ്ചപ്പതിപ്പ് )തുടങ്ങിയ നോവലുകൾക്കും, അനവധി ചെറുകഥകൾക്കും ചിത്രങ്ങൾ വരച്ചു.
“നോവലുകൾകൾ വായിച്ച് ,എഴുത്തുകാരുമായി നിരന്തരമായി സംസാരിച്ച ശേഷമാണ് വരയ്ക്കുക. എഴുത്തുകാരുടെ സമീപനങ്ങൾ മനസിലാക്കുക പ്രധാനമാണ്”. 
 
‘ആരാച്ചാരി'ലെ മുഖ്യ സ്ത്രീകഥാപാത്രത്തെ വരച്ചില്ല. പകരം,ബലിയാടായിത്തീരുന്ന ആ സ്ത്രീയുടെ മാനസികാവസ്ഥ ചിത്രീകരിക്കാൻ കാളീക്ഷേത്രത്തിൽ ബലിനൽകാൻ കൊണ്ടുവന്ന ബലിയാടിനെയാണ് ചിത്രീകരിച്ചത്. രണ്ടു കഥാപാത്രങ്ങൾ സംസാരിക്കുമ്പോൾ,വരകളിലൂടെ അതിൻ്റെ ഉള്ളടക്കത്തിലേക്ക് കടക്കാനാണ് ശ്രമിക്കുക.“എം മുകുന്ദൻ്റെ ‘കുട നന്നാക്കുന്ന ചോയി'യിൽ പരിചിതമായ മാഹിയിലെ സാധാരണക്കാരുടെ വേഷഭൂഷാദികൾ,ഭാവങ്ങൾ, ശരീരചലനങ്ങൾ, പ്രാദേശികഭാഷ തുടങ്ങിയവ ചിത്രീകരിച്ചു.“കഥയുടെ പിൻബലമില്ലാതെ തന്നെ നിലനിൽപ്പുള്ളതാണ് ഈ ചിത്രങ്ങൾ".
 

‘ബുധിനി', ‘ആരാച്ചാർ’ എന്നീ നോവലുകളുടെ പ്രകാശനത്തിന്, പ്രസാധകർ ഈ ചിത്രങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചിരുന്നു. ഇവ പുസ്തകങ്ങളിലും ഉൾപ്പെടുത്തിയിട്ടുണ്ട്.
സങ്കീർണ്ണമായ മാനസികാവസ്ഥകളുള്ള ‘ഒരു മലയാളി ഭ്രാന്തൻ്റെ ഡയറി' നോവൽ പുസ്തകത്തിനും ‘പച്ചക്കുതിര’യിൽ ആർ. ഉണ്ണി എഴുതിയ കഥയ്ക്കും വരച്ച ചിത്രങ്ങൾ വ്യതിരിക്തമാണ്.
അയ്മനം ജോണിൻ്റെ കഥയ്ക്ക് ചിത്രം വരയ്ക്കും മുൻപ് അദ്ദേഹമെഴുതിയ കഥകൾ വായിച്ചുനോക്കിയിരുന്നു. “രേഖാചിത്രങ്ങളെ വളരെ ഗൗരവത്തോടെ കാണുന്ന വായനക്കാർ കേരളത്തിലുണ്ട്- ബംഗാളിലും”. ചിത്രങ്ങൾ കണ്ട്,അപരിചിതരായ വായനക്കാർ പോലും വിളിച്ച അനുഭവമുണ്ട്.
 

സ്കൂൾ അദ്ധ്യാപകവൃത്തി ഉപേക്ഷിച്ച്, പെയിന്റിങ്ങിൽ മുഴുവൻ സമയവും ശ്രദ്ധകേന്ദ്രീകരിച്ചിട്ട് പത്ത് വർഷമായി. ചിത്രം വരച്ച് മാത്രം ജീവിക്കുന്ന മുതിർന്ന പല ചിത്രകാരൻമാരും പ്രചോദനമായി.
വരയ്ക്കുന്ന ചിത്രങ്ങൾ പ്രൊഫഷണൽ ആർട്ട് ഗാലറികളിൽ പ്രദർശനത്തിനു വയ്ക്കും. പുതിയ രീതിയിൽ വരയ്ക്കുന്നവരെ കണ്ടെത്തി, അവരുടെ ഷോകൾ സ്പോൺസർ ചെയ്യുന്നവരുണ്ട്. ഈ ചിത്രങ്ങൾ വലിയ വിലനൽകി വാങ്ങുന്ന ആർട്ട് കളക്റ്റർമാരുണ്ട്. ഇത്തരം ഗാലറികളിലേക്ക് ചിത്രങ്ങൾ തെരഞ്ഞെടുത്ത് നൽകുന്ന ഷോ ക്യൂറേറ്റർമാരുമുണ്ട്. ധാരാളം ചിത്രങ്ങൾ ഇങ്ങനെ വിറ്റുപോയിട്ടുണ്ട്.
ആലപ്പുഴയിൽ നടന്ന,ഒരു വർഷം നീണ്ടുനിന്ന ‘ലോകമേ,തറവാട്‘ കലാപ്രദർശനത്തിൽ 'ഷോസ് ആർ ഗോയിങ്ങ് ഓൺ' എന്ന പുതിയ ചിത്രവും ഉൾപ്പെടുത്തി യിരുന്നു.ഓയിലിലും അക്രിലിക്കിലും വൃത്താകൃതിയിൽ ചെയ്ത ഈ പെയിൻ്റിങ്ങിൽ പരസ്പരം സംവേദിക്കുന്ന ഇമേജുകളുണ്ട്.
“എൻ്റേതായ ഭാഷയുണ്ടാക്കാനുള്ള അന്വേഷണത്തിലാണ് ഞാൻ. സത്യാനന്തര കാലത്തെ വിചിത്രാനുഭവങ്ങളെ വിമർശനാത്മകമായി നിരീക്ഷിക്കുന്നുണ്ട്”.ഭാഷയ്ക്കകത്ത് പുതിയ ഭാഷ ഉണ്ടാക്കുക എന്ന വെല്ലുവിളി ഏറ്റെടുത്ത് , വ്യത്യസ്തങ്ങളായ അന്വേഷണങ്ങൾ നടത്തിയവരാണ് പല നല്ല കലാകാരൻമാരും.
 
കൊച്ചി ബിനാലെയും ‘ലോകമേ,തറവാടും' ചെറുപ്പക്കാരെ ആകർഷിച്ചു. ആലപ്പുഴയിലെ പ്രദർശനം കാണാൻ ,ചലച്ചിത്രോൽസവങ്ങൾക്ക് സമാനമായി, വിദൂരസ്ഥപ്രദേശങ്ങളിൽ നിന്നുപോലും സിനിമയിലും സാഹിത്യത്തിലും തല്പരരായ പുതിയ തലമുറയിൽ പെട്ടവർ എത്തിയത് അത്ഭുതപ്പെടുത്തി.
 
കലാപഠനം നമ്മുടെ വിദ്യാഭാസത്തിൻ്റെ അടിസ്ഥാനമാകണമെന്ന് സി. ഭാഗ്യനാഥ് പറഞ്ഞു. അത് സിലബസിൽ ഉൾപ്പെടുത്തണം. ചിത്രകലാ അദ്ധ്യാപകർക്ക് വേണ്ടി നടത്തുന്ന ഇൻ സർവീസ് കോഴ്സുകളിൽ കുട്ടികളുടെ മനശാസ്ത്രവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൂടി ഉൾപ്പെടുത്തുന്ന് നന്നായി രിക്കും .
ജോൺ ബെർജറിൻ്റെ ‘വേയ്സ് ഓഫ് സീയിങ്ങ്‘ (Ways of Seeing by John Berger) എന്ന,കാഴ്ച്ചയുടെ നാനാർത്ഥങ്ങൾ വിവരിക്കുന്ന കൃതിയിൽ വാൻ ഗോഗിൻ്റെ മരണത്തിന് മുൻപ് വരച്ച ‘Wheat field with Crows' എന്ന ചിത്രത്തിൽ നിന്ന് ആത്മഹത്യാസൂചനകൾ വായിച്ചെടുത്തതായി പറയുന്നുണ്ട്.
കൈകൊണ്ടുള്ള വര മുതൽ ഡിജിറ്റൽ ഡ്രോയിങ്ങ് വരെ പല സാദ്ധ്യതകളും വരയിൽ ഉപയോഗിക്കുന്നു. “മാദ്ധ്യമവും ഉപാധികളും എന്തായാലും അതുണ്ടാക്കുന്ന അനുഭവമാണ് പ്രധാനം", സി. ഭാഗ്യനാഥ് പറഞ്ഞു.
 
കോഴിക്കോട് കുന്ദമംഗലത്തിനടുത്ത് പയമ്പ്ര സ്വദേശിയായ അജയൻ(കെ. അജയകുമാർ), സാഹിത്യത്തിൽ ബിരുദാനന്തര ബിരുദധാരിയാണ്. കോഴിക്കോട് യൂണിവേഴ്സൽ ആർട്ട്സിൽ നിന്ന് രണ്ടു വർഷ ഡ്രോയിങ്ങ് ആൻ്റ് പെയിൻ്റിങ്ങ് കോഴ്സ് പാസായ ശേഷം 1985 മുതൽ 15 വർഷത്തിലേറെക്കാലം ‘ദേശാഭിമാനി' വാരികയ്ക്കുവേണ്ടി രേഖാചിത്രങ്ങൾ വരച്ചു. 1991ൽ കാലിക്കട്ട് സർവകലാശാലയിൽ ചേർന്ന അദ്ദേഹം, രേഖാ ചിത്രരചനയും പെയിന്റിങ്ങും തുടർന്നു. 2019-ൽ ആർട്ട്സ് ആൻ്റ് ഫോട്ടോഗ്രഫി വിഭാഗത്തിൻ്റെ മേധാവിയായാണ് വിരമിച്ചത്.
 

ആറാം ക്ളാസ് മുതൽ നാട്ടിലെ വായനശാലയിൽ പോയി പുസ്തകങ്ങൾ വായിച്ചുതുടങ്ങി. ജ്യേഷ്ഠനാണ് വരയ്ക്കാൻ പ്രോൽസാഹനം നൽകിയത്. പ്രീഡിഗ്രിക്കു ശേഷം യൂണിവേഴ്സൽ അക്കാദമിയിൽ ചേർന്നു. അന്ന് അവിടെ ഗസ്റ്റ് ലക്ചററായി പോൾ കല്ലാനോട് ഉണ്ടായിരുന്നു. പഠനശേഷം ചില സ്കൂളുകളിൽ ചിത്രകലാദ്ധ്യാപകനായും പിന്നെ ഡിസൈനറായും പ്രവർത്തിച്ചു. സിദ്ധാർത്ഥൻ പരുത്തിക്കാട് ദേശാഭിമാനി ആഴ്ചപ്പതിപ്പിൻ്റെ പത്രാധിപരായിരിക്കുമ്പോഴായിരുന്നു,അതിൽ ആദ്യമായി വരയ്ക്കാൻ അവസരം കിട്ടിയത്. സാഹിത്യ താല്പര്യം കൂട്ടുന്നവിധത്തിലുള്ള റിയലിസ്റ്റിക് ചിത്രങ്ങളാണ് വരച്ചത്. രചനകളിൽ നിന്ന് വഴിമാറി സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യമൊന്നും ഉണ്ടായിരുന്നില്ല.“നമ്പൂതിയുടെ രീതി പിൻതുടരാനായിരുന്നു എഡിറ്റർമാർ ആവശ്യപ്പെട്ടിരുന്നത്".
 
അന്ന് നമ്പൂതിരി,സി.എൻ കരുണാകരൻ,ചന്ദ്രശേഖരൻ എന്നിവരുടെ ചിത്രങ്ങളാണ് ഇഷ്ടപ്പെട്ടിരുന്നത്. അതിൽ ഏറ്റവും സ്വാധീനിച്ചത് നമ്പൂതിരിയുടെ ചിത്രങ്ങളായിരുന്നു.യു. എ ഖാദർ, എസ്. വി വേണുഗോപൻ നായർ,അശോകൻ ചരുവിൽ,അഷ്ടമൂർത്തി തുടങ്ങിയവരുടെ രചനകൾക്ക് ചിത്രങ്ങൾ വരച്ചു. വായനയിൽ രൂപപ്പെടുന്ന ബിംബങ്ങളാണ് വരച്ചത്. അവയെല്ലാം യഥാതഥ ചിത്രങ്ങളായിരുന്നു. നാട്ടിലെ അനുഭവങ്ങളുമായി ചേർത്തുവെച്ചായിരുന്നു,വരച്ചിരുന്നത്.
കഥകളുടെ ആസ്വാദനതലം കൂട്ടുക എന്നല്ലാതെ,അവയ്ക്ക് വേറിട്ടുള്ളൊരു അസ്തിത്വമുണ്ടാക്കുന്നതിനെക്കുറിച്ച് അന്ന് ചിന്തിച്ചില്ല. അമൂർത്തമായ ചിത്രങ്ങൾ ദേശാഭിമാനിയിൽ വന്നിരുന്നില്ല.

 
ശ്രീരേഖയുടെ ഡൽഹിയാത്രയെക്കുറിച്ചുള്ള അനുഭവക്കുറിപ്പിന് വരച്ച രേഖാചിത്രങ്ങൾ രചയിതാവിൻ്റെ പ്രശംസ പിടിച്ചുപറ്റി.
 
ബ്ളാക്ക് ആൻ്റ് വൈറ്റിലും കളറിലും വരച്ചിട്ടുണ്ട്. ഒന്ന് മറ്റൊന്നിനെക്കാൾ മെച്ചമാണെന്ന് പറയാൻ കഴിയില്ല. ഓയിൽ, അക്രിലിറ്റിക് ,ഡിജിറ്റൽ മാദ്ധ്യമങ്ങളിൽ പെയിൻ്റിങ്ങുകൾ ചെയ്തിട്ടുണ്ട്. ഫോട്ടോഷോപ്പ് ഉപയോഗിച്ചും പെയിൻ്റിങ്ങുകൾ ചെയ്തു. ഡിജിറ്റൽ പെയിന്റിങ്ങുകളുടെ പ്രദർശനങ്ങൾ നടത്തിയിട്ടുമുണ്ട്.
ചർച്ചയിൽ മുതിർന്ന ചിത്രകാരനായ എൻ. ദിവാകരൻ പങ്കെടുത്തു. 
 ഡി. പ്രദീപ് കുമാറും കെ. ഹേമലതയും മോഡറേറ്റർമാരായി.
ഈ പരിപാടിയുടെ ശബ്ദലേഖനം മീഡിയ വേവ്സ് യൂട്യൂബ് ചാനലിലുണ്ട്. ലിങ്ക്;

വര-മൊഴിസാക്ഷ്യം-5;എൻ.ദിവാകരൻ, എൻ.ജി.സുരേഷ് കുമാർ

 

'വര-മൊഴിസാക്ഷ്യം' പരമ്പരയുടെ (ക്ലബ്ബ് ഹൗസ് മീഡിയ റൂം, സെപ്റ്റംബർ 03,2022) അഞ്ചാം ഭാഗത്തിൽ പ്രമുഖ രേഖാചിത്രകാരന്മാരായ
എൻ.ദിവാകരൻ, എൻ.ജി.സുരേഷ് കുമാർ എന്നിവരാണ് പങ്കെടുത്തത്. 

 
തിരുവനന്തപുരം സ്കൂൾ ഓഫ് ഫൈൻ ആർട്സിൽ (ഇപ്പോൾ കോളേജ് ഓഫ് ഫൈൻ ആർട്സ്)നിന്നാണ് നാലുവർഷത്തെ ചിത്രരചന കോഴ്സ് എൻ. ദിവാകരൻ പാസായത്. 1970ൽ കുങ്കുമത്തിൽ വരച്ചുതുടങ്ങി. വൈക്കം ചന്ദ്രശേഖരൻ നായരായിരുന്നു മുഖ്യപത്രാധിപർ. കേരള ശബ്ദവും അന്ന് തിരുവനന്തപുരത്താണ് അച്ചടിച്ച് പ്രസിദ്ധീകരിച്ചിരുന്നത്. കെ.എസ് ചന്ദ്രനായിരുന്നു, പത്രാധിപർ. 
 
കുങ്കുമത്തിൽ പി.പത്മരാജന്റെ 'അശ്വതി', മലയാറ്റൂർ രാമകൃഷ്ണന്റെ 'യന്ത്രം' എന്നിങ്ങനെയുള്ള രചനകൾക്കായി വരച്ചു. ഇന്ത്യൻ ഇങ്ക് ഉപയോഗിച്ചായിരുന്നു ആദ്യകാലത്തെ വര. പിന്നീട് ചാർക്കോൾ പെൻസിൽ തുടങ്ങിയവ ഉപയോഗിച്ചു. കേരളശബ്ദത്തിൽ ഖാലിദിന്റെ 'വശ്യം,മധുരം,മനോഹരം' ഉൾപ്പെടെയുള്ള
നോവലുകൾക്കും കഥകൾക്കും വരച്ചു. തുടർന്ന്, പ്രമുഖ പത്രപ്രസിദ്ധീകരണങ്ങളിലും നോവലുകൾക്കും കഥകൾക്കും ചിത്രങ്ങൾ വരച്ചിട്ടുണ്ട്.

 
അന്ന്,ചിത്രങ്ങളുടെ ബ്ലോക്ക് എടുത്താണ് അച്ചടിക്കുക. പ്രിന്റിംഗ്,ഓഫ് സെറ്റിലേക്കു മാറിയതോടെ ചിത്രങ്ങൾക്ക്‌ മിഴിവും ടോണും വരുത്താനുള്ള സാദ്ധ്യതകൾ ഏറി. വരയിലും മാറ്റം വന്നു. പിന്നീട് പ്രസിദ്ധീകരണങ്ങൾ പൂർണ്ണമായും ഓഫ്‌സെറ്റിലേക്കു മാറി ....കമ്പ്യൂട്ടർ വന്നതോടെ, വരച്ച ചിത്രങ്ങൾ സ്കാൻ ചെയ്ത്, മെയിൽ ചെയ്യുന്ന രീതിയായി. 

 
ഗവ.ആയുർവേദ കോളേജിൽ ആർട്ടിസ്റ്റായി ജോലിയിൽ കയറിയ എൻ. ദിവാകരൻ 2005 ലാണ് വിരമിച്ചത്.നിരവധി ക്യാമ്പുകളിലും എക്സിബിഷനുകളിലും പങ്കെടുത്തിട്ടുണ്ട്.
ആനുകാലികങ്ങളിൽ കഥ, കവിതാചിത്രീകരണം വെറും പേജ് ഫില്ലറുകളായി കാണുന്നത് ശരിയല്ല .
ചിത്രവും കഥയും തമ്മിലുള്ള ബന്ധം, പാട്ടും പക്കമേളവും പോലെ ശ്രുതിമധുരമാകണം. ഇരുകൂട്ടരും ചേർന്ന് ഹാർമണി നഷ്ടപ്പെടുത്താതെ വരയ്ക്കണം.ചിത്രകാരനെ സംബന്ധിച്ച് സൗന്ദര്യശാസ്ത്രം പ്രധാനമാണ്. ചിത്രവും സാഹിത്യവും സമ്മേളിച്ച് വായനക്കാരന്റെ വായന സുഗമമാക്കണം. ഇത് മനസ്സിലാക്കാൻ പറ്റുന്നവർ എഡിറ്റോറിയൽ ബോർഡിലുണ്ടാകണം.
 
കഥാചിത്രീകരണത്തിന് അക്കാഡമിക് സ്റ്റഡി ആവശ്യമാണോ എന്ന ചോദ്യത്തിന്, അത്യാവശ്യമല്ല എന്നാണ് ഉത്തരം. എന്നാലും, സ്വയം ഒരു പഠനം ആവശ്യമാണെന്നാണ് അഭിപ്രായം.അനിവാര്യമായ മാറ്റങ്ങളെ ഉൾക്കൊള്ളാൻ കഴിയുക വളരെ പ്രധാനമാണ്; എൻ. ദിവാകരൻ പറഞ്ഞുനിർത്തി.
 
***
ആലപ്പുഴ ചമ്പക്കുളം പുല്ലങ്ങടി സ്വദേശിയാണ് എൻ.ജി സുരേഷ് കുമാർ.
കലാസ്നേഹികളായിരുന്ന ജനസമൂഹമായിരുന്നു അന്ന് കുട്ടനാട്ടിൽ ഉണ്ടായിരുന്നത്. നാടകപ്രവർത്തകർ, അഭിനേതാക്കൾ, രംഗപടം ചെയ്യുന്നവർ, മേക്കപ്പ് കലാകാരന്മാർ, ഇങ്ങനെ കലയിൽ ഏറെ താല്പര്യം ഉണ്ടായിരുന്നവർ.. 
 
എ.പി ആർട്സ് സ്കൂളിൽനിന്ന് ചിത്രരചനയിൽ രണ്ടുവർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സും ഡിപ്ലോമയും പൂർത്തിയാക്കി. എ.എസ്, എൻ.ദിവാകരൻ ,ടി.എ ജോസഫ് , മോഹനൻ മണിമല, എ.കെ. ഗോപിദാസ്എന്നിവരുടെ ചിത്രങ്ങൾ ഏറെ സ്വാധീനിച്ചു. ചെമ്പകം ആഴ്ചപ്പതിപ്പിൽ മോഹന്റെ അസിസ്റ്റന്റായാണ് തുടങ്ങിയത്. 
 

കോട്ടയം എസ്. എച്ച് മൗണ്ട് , അന്ന് പ്രസിദ്ധീകരണങ്ങളുടെ കേന്ദ്രമായിരുന്നു. മംഗളം, മലയാള മനോരമ തുടങ്ങിയ ആഴ്ചപ്പതിപ്പുകളിൽ പിന്നീട് വരച്ചു.  ചെമ്പകത്തിലെ ജോലിക്കു ശേഷം ടി.എ.ജോസഫിന്റെ ഐഡിയ ബാങ്കിൽ ചേർന്നു. തകഴി, ഒ. വി വിജയൻ, കാരൂർ ,മാധവിക്കുട്ടി , ടി.പത്മനാഭൻ എന്നിവരുടെ കഥകൾ വാർഷികപ്പതിപ്പുകളിൽ പുനർപ്രസിദ്ധീകരിച്ചപ്പോൾ, അതിലും വരയ്ക്കാനായി. തകഴിയുടെ 'വെള്ളപ്പൊക്കത്തിൽ' എന്ന കഥയ്ക്ക് വരച്ച ചിത്രത്തിന് വലിയ അംഗീകാരം കിട്ടി. 
 
പിന്നീട് മംഗളത്തിൽ ജീവനക്കാരനായി, നോവലുകൾക്ക് 25 വർഷമാണ് വരച്ചത്.
ഐ.വി ശശിയുടെ 'ജീവിതരേഖ' മംഗളത്തിൽ പ്രസിദ്ധീകരിച്ചപ്പോൾ , വ്യത്യസ്തമായ ശൈലിയിൽ വരയ്ക്കാൻ കഴിഞ്ഞു. ആ ജീവിതകഥയുടെ ഫോട്ടോ ഷൂട്ടിനായി ഐ.വി ശശി ഓഫീസിൽ വന്നത് വഴിത്തിരിവായി."അതിന് ഫോട്ടോ ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. പകരം, ഞാൻ വരച്ചാൽ മതി എന്ന് അഭിപ്രായപ്പെട്ടു". വലിയ അനുഭവം . രണ്ടര വർഷം ആ ജീവിതകഥക്ക് വരയ്ക്കാനായി. "രണ്ടാഴ്ച കൂടി കോട്ടയത്ത് വരുമ്പോൾ ശശിയേട്ടൻ റൂമിൽ വിളിച്ച്, എഴുതിയ കഥ എന്നോട് പറയും. അദ്ദേഹം കഥ പറയുന്നത് കേൾക്കാൻ വളരെ രസമാണ്. മികച്ച ചിത്രകാരനും കൂടിയായിരുന്നു, ഐ.വി ശശി. ചിത്രകലയിൽ സ്വന്തമായി ആവിഷ്കരിച്ച ടെക്നിക്കുകൾ പറഞ്ഞുതരുമായിരുന്നു".
അതിനുശേഷം നെടുമുടി വേണുവിന്റെ ജീവിത കഥയും വന്നു. നെടുമുടിയും ചമ്പക്കുളവും സമീപപ്രദേശങ്ങളാണ്. "അദ്ദേഹത്തെ പഠിപ്പിച്ചവരെല്ലാം എന്നേയും പഠിപ്പിച്ചിട്ടുണ്ട്. ഞാൻ അറിഞ്ഞിട്ടില്ലാത്ത പല കുട്ടനാടൻ കഥകളും വേണുച്ചേട്ടൻ പറഞ്ഞു തന്നു. മൂന്നുവർഷത്തെ അടുപ്പം ഉണ്ടായി".

 
പിന്നീട്, കമലഹാസന്റേയും ജോസ് പ്രകാശിന്റേയും ജീവിത കഥകൾ വന്നതും വരയ്ക്കുവാൻ കഴിഞ്ഞു.
വനിത, മനോരാജ്യം എന്നിവയിലും വരച്ചു. രണ്ടരവർഷം ഡി.സി ബുക്സിൽ കവർ ഡിസൈൻ ചെയ്തു. അമേരിക്കയിൽ നിന്നിറങ്ങുന്ന മലയാള പത്രം എന്ന ന്യൂസ് വീക്കിലിക്കായി ലേ- ഔട്ട്‌ ഉൾപ്പെടെ ചെയ്യുന്നുണ്ട്.
എൻ.ജി സുരേഷ് കുമാർ മനോരമ, ഗൃഹലക്ഷ്മി, കുട്ടികളുടെ പ്രസിദ്ധീകരണങ്ങളായ സ്നേഹസേന,ടിക് -ടിക് എന്നിവയിലും ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുസ്തകങ്ങളിലും തളിര് എന്ന പ്രസിദ്ധീകരണത്തിലും വരയ്ക്കുന്നതിനൊപ്പം കവർ ചിത്രങ്ങളും ചെയ്യുന്നു. 'ലാസ്റ്റ് സപ്പർ' പോലെയുള്ള കമ്മീഷൻഡ് വർക്കുകൾ വീടുകളിലേക്ക്‌ ചെയ്തുകൊടുക്കുന്നുമുണ്ട്.
 
ചിത്രകാരന്മാരുടെ കൂട്ടായ്മകൾ ഇപ്പോൾ സജീവമാണ്. ചിത്രങ്ങൾ പ്രസിദ്ധീകരിച്ചുവരുമ്പോൾ പരസ്പരം ചർച്ച ചെയ്യാറുണ്ട്. വര മെച്ചപ്പെടുത്താൻ ഇത് സഹായിക്കാറുണ്ട്.
 
വലിയ മാറ്റം,ഇതര മേഖലകളിൽ എന്ന പോലെ , ചിത്രകലയിലും വരുന്നുണ്ട്. മാറ്റങ്ങൾ ഉൾക്കൊള്ളാനുള്ള സഹൃദയത്വം വായനക്കാരനും ഉണ്ടാകണം.
 
ചിത്രങ്ങൾ വെറും പേജ് ഫില്ലറുകൾ അല്ല. കഥയോട് ചേർക്കുമ്പോൾ ചിത്രവും കഥയും ഒരുപോലെ സംവദിക്കുന്നു.
 
'രണ്ടാമൂഴ'ത്തിനുവേണ്ടി നമ്പൂതിരി വരച്ച ഭീമനും അർജ്ജുനനും, അവർക്ക് ഉപയോഗിച്ച വസ്ത്രാലങ്കാരങ്ങളും കിരീടവും വ്യത്യസ്തമാണ്. ഈ കഥാപാത്രങ്ങളാണ് കഥ തീരും വരെ വായനക്കാരെ നയിക്കുന്നത്.
 
രാകേഷ് പി. നായർ, മാതൃഭൂമി സ്റ്റാഫ് ആർട്ടിസ്റ്റ് ബി.എസ്. പ്രദീപ് കുമാർ , ചന്ദ്രിക സബ് എഡിറ്റർ മുക്താർ ഉദരംപോയിൽ, ദിലീപ്ചന്ദ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
 
കഥ വായിക്കുന്നയാളുടെ ചിന്തയ്ക്ക് യോജിച്ചതായിരിക്കണം, വര.വായനക്കാർ പറഞ്ഞു മാറ്റം വരുത്തിയ അപൂർവ്വം സന്ദർഭങ്ങളുമുണ്ടായിട്ടുണ്ട്.
 
ചിത്രങ്ങൾ കണ്ടാണ് പല വായനക്കാരും വായന തുടങ്ങുന്നത്. അവർക്കിഷ്ടപ്പെട്ടതെന്തെന്നു നോക്കേണ്ടതുണ്ട്; ചർച്ചയിൽ പങ്കെടുത്ത മാതൃഭൂമി സ്റ്റാഫ് ആർട്ടിസ്റ്റ് ബി.എസ്. പ്രദീപ്കുമാർ പറഞ്ഞു.
ഉത്തരാധുനികത വന്നശേഷം നിരൂപകർ സാഹിത്യത്തെ ദുർഗ്രഹമായ രീതിയിൽ അവതരിപ്പിക്കാറുണ്ട്. നിരൂപകർ അതിനെ പല രീതിയിൽ വ്യാഖ്യാനിക്കുന്നതു കൊണ്ടാണ് ദുർഗ്രഹം എന്ന് പറയുന്നത്. ഇത്തരം സൃഷ്ടികൾക്ക് ഇലസ്ട്രേഷൻ വരുമ്പോൾ , ഓരോ വായനക്കാരനും ഓരോ രീതിയിലാണ് സമീപിക്കുന്നത്.
 
ഡിജിറ്റലൈസേഷൻ വന്നതോടെ കഥാകാരന്മാരുടെ ചിത്രരചനാരീതിയിലും മാറ്റം വന്നിട്ടുണ്ട്.പലരും ചിത്രകല അഭ്യസിച്ചു തന്നെ വന്നവരാണ്. സാമ്പ്രദായികമായി വരയ്ക്കുന്നവരും ഉണ്ട്. എന്നാൽ ഇവർ ഇതിന്റെ സൗന്ദര്യശാസ്ത്രം മറന്ന്‌, സാഹിത്യസൃഷ്ടിയോട് ഒരു ബന്ധവും ഇല്ലാതെ വരയ്ക്കാറുണ്ട്.
പതിനഞ്ച് വർഷം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വരക്കാൻ കഴിഞ്ഞ കാര്യം ബി.എസ് പ്രദീപ്കുമാർ ഓർമ്മിച്ചു. എം.ടിയും എൻ.വി കൃഷ്ണവാര്യരും ഉണ്ടായിരുന്നു , അന്ന്.
 
എന്നാൽ ആ രീതികൾ മാറി. പുതിയ ആളുകൾ അവരുടേതായ പരിഷ്കാരങ്ങൾ കൊണ്ടുവരുന്നുണ്ട്. വായനക്കാരുടെ അഭിരുചിക്കനുസരിച്ച് ആവണം, മാറ്റം. മാറ്റങ്ങൾക്കനുസൃതമായി ആവിഷ്കാരങ്ങളും മാറേണ്ടിവരും. സ്ഥാപനത്തിൽ പ്രവർത്തിക്കുമ്പോൾ അവരുടെ താൽപര്യങ്ങൾക്കനുസരിച്ച് നിൽക്കണം.
 
വായനക്കാരുടെ അഭിരുചികൾ എഡിറ്റർമാർ അറിയുന്നുണ്ടോ, ഫലപ്രദമായി കമ്മ്യൂണിക്കേഷൻ നടക്കുന്നുണ്ടോ എന്നന്വേഷിക്കണം.ചിത്രകല അഭ്യസിക്കാത്തവർ എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു.
എ.എസ് നായരുടെ ചിത്രങ്ങൾ മനസ്സിൽ ഇപ്പോഴും പതിഞ്ഞു കിടക്കുന്നു. 'പ്രതിമയും രാജകുമാരിയും' രേഖാ ചിത്രങ്ങളിൽ, ചില ഭാഗങ്ങൾ വായനക്കാരുടെ ഭാവനയ്ക്ക് വിട്ടിരിക്കുകയാണ്.
എ.എസ്സും നമ്പൂതിരിയും സംവദിച്ചിരുന്ന കാലത്തിൽനിന്ന് ഏറെ മുന്നോട്ടുപോയി. കഥാപാത്രങ്ങളെ ആ രീതിയിൽത്തന്നെ വരയ്ക്കണം എന്ന് ശഠിക്കാനാവില്ല.
 
ഇല്ലസ്ട്രേറ്റർക്ക്‌ അക്കാദമിക പഠനം വേണമെന്നത് വെറും സാങ്കേതിക മാത്രം.
മലയാളത്തിന്റെ സാഹിത്യ ചരിത്രം 80 ശതമാനത്തോളം കടന്നു പോയിട്ടുള്ളത് മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെയാണെന്നും ദിലീപ്ചന്ദ് അഭിപ്രായപ്പെട്ടു.
 
ടി.പത്മനാഭന്റെ പുതിയ കഥ വായിച്ചാൽ അത് അദ്ദേഹം തന്നെ എഴുതിയതാണോ എന്ന് സംശയം തോന്നാമെന്നും ദിലീപ്ചന്ദ് പറഞ്ഞു. അദ്ദേഹത്തിന്റെ പ്രായം കൊണ്ടാകാം.അതല്ലെങ്കിൽ വിശേഷാൽ പ്രതിക്കുവേണ്ടി തിരക്കിട്ട് എഴുതിപ്പിച്ചതും ആയിരിക്കാം,കാരണം. സാഹിത്യത്തിന്റെ പിറകോട്ടടി ചില എഴുത്തുകളിൽ ഉൾപ്പെടുന്ന ചിത്രങ്ങളിൽ കാണുന്നുണ്ട്.
 
സാഹിത്യത്തിൽ പരീക്ഷണങ്ങളുടെയും മാറ്റത്തിന്റെയും കാലമാണ്.
ഒരു കഥാപാത്രവും ഇല്ലാത്ത കഥകളും നോവലുകളും ഉണ്ടാകുന്നുണ്ട്. ഈ
മാറ്റങ്ങൾ, പരീക്ഷണങ്ങൾ, എല്ലാം കാലോചിതമായി ഇല്ലസ്ട്രേഷനിൽ വേണം.
എം മുകുന്ദന്റെ 'അയാൾ' എന്ന കഥയുടെ ചിത്രങ്ങൾ വരച്ചത് കാലോചിതമായില്ലെന്ന് ചന്ദ്രിക സബ് എഡിറ്റർ മുക്താർ ഉദരംപൊയിൽ അഭിപ്രായപ്പെട്ടു.
 
കെ.ഹേമലത മോഡറേറ്ററായിരുന്നു.
 
(*റിപ്പോർട്ട് തയ്യാറാക്കിയത് കെ. ഹേമലത)
 
ഈ പരിപാടിയുടെ ശബ്ദലേഖനം മീഡിയ വേവ്സ് യൂട്യൂബ് ചാനലിലുണ്ട്.

Followers

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

സൂക്ഷ്മദര്‍ശി‍നി BOOKS-2

സൂക്ഷ്മദര്‍ശി‍നി BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ

GREENRADIO -കവിതാലാപനങ്ങൾ

Labels

(അ)വർണ്ണാശ്രമത്തിലെ വെണ്ണപ്പാളികൾ (1) 100th POST;FIVE QUESTIONS IN CONNECTION WITH INTERNATIONAL WOMEN'S DAY (1) 4.5 ശതമാനം ഉപസംവരണം/മുസ്ലീം ആധിപത്യം/സാമൂഹികം/ ലേഖനം/ അക്ഷയ/മുഗള്‍ / (1) A SATITRE (1) ABHAYA MURDER CASE AND MEDIA (2) AII India Radio (1) AMBEDKAR GREEN ARMY (1) ANNA HAZARE (1) ASSEMBLIES (1) AUTO DRIVERS IN KOZHIKODE (1) Aalkkoottam inland magazine (1) BABA AMTE (1) BAN ON TEACHERS WEARING SAREE IN KERALA (1) BANGALURU (1) CAPSULES (1) CASTE IN POLITICS (1) CHENGARA LAND STRUGGLE TO NEW HEIGHTS (1) COMMUNITY CYCLING IN PARIS (1) CORRUPTION IN HIGHER EDUCATION SECTOR (1) CULTURAL OUTRAGE IN THE NAME OF KHADI IN KERALA (1) CULTURAL POLICE IN KERALA (1) CYBER ACT (1) CYBER TERRORISM (1) CYCLING IN LAKSHADWEEP (1) Church in Kerala (2) D.Parameswaran Potti (1) DEEMED UNIVERSITIES (1) DR VERGHESE KURIEN (1) DUDABHAI (1) FILMREVIEW (1) G M FOODS (1) GLOBAL WARMING AND KERALA (1) GOA (1) GREEN RADIO PODCASTS (1) GREEN RADIO-PODCAST (1) GREEN RADIO-എങ്ങനെ കേള്‍ക്കാം (1) HEALTH TOURISM IN INDIA (1) HINDUSTANI MUSIC IN KERALA (1) HUMOUR (1) I T PROFESSIONALS (1) I too had a dream (1) IFFI 2011 (1) INDIA BEYOND COPENHAGEN (1) IT'S MAN-MADE (1) Indian Performing Rights (1) Indian tie (1) JASMINE REVOLUTION (1) JASMINE REVOLUTION IN INDIA (1) JUDICIARY (1) JUSTICE CYRIAC JOSEPH (1) KASARGODE DWARF (1) KERALA MUSLIMS AND DEMOCRACY (1) KERALA.KARNATAKA (1) KOCHI METRO (1) Kochi F M (2) LIFE STYLE OF KERALA BENGAL LEADERS:A STORY IN CONTRAST (1) LOK PAL BILL (1) LOKAYUKTHA (1) Little Magazines in Kerala (1) MAHATMA GANDHI (2) MAKARAJYOTI FARCE (1) MANGALA DEVI TEMPLE (1) MARTIN LUTHER KING JNR (1) MEDIA IN KERALA (1) MY BOOKS (2) Mavelikara (1) NEGATIVE VOTING RIGHT (1) NEIGHBOURHOOD SCHOOLS (1) NIGHT LIFE (1) Nationalisation of segregated graveyards (1) OCCUPY WALL STREET (2) ONAM AND TV SHOWS IN KERALA (1) Onam (2) PAIDNEWS (1) Poverty in America (1) QUALITY OF KWA TAP WATER (1) QUEEN'S ENGLISH IN KERALA (1) RACIAL DISCRIMINATION AGAINST WOMEN AND DALITS BY KERALA PRESS (1) REFERENDUM ON MAJOR DECISIONS (1) RELIGION OF ELEPHANTS IN KERALA? (1) ROYALTY TO MUSIC PERFORMANCES (1) Real estate on Moon (1) SATIRE (4) SEX (1) SOCIAL ILLITERACY IN KERALA (1) STATUES (1) SUBHA MUHOORTHA FOR CAESAREAN SURGERY (1) SUBHASH PALEKAR (1) SUFI PARANJA KATHA (1) SUPERSTITION AT SABARIMALA (1) SUTHARYAKERALAM: A HIGHTECH FARCE (1) SWINE FLUE AND MEDIA (1) THE CHURCH ON CHILD- MAKING SPREE (1) THE FOOD SECURITY ARMY IN KERALA (1) THE MAKING OF GOONDAS IN KERALA. (1) THE PLIGHT OF THE AGED IN KERALA (1) THE RIGHT TO FREE AND COMPULSORY EDUCATION BILL (1) THE SILENT MINORITY:BACKBONE OF INDIAN DEMOCRACY (1) THEKKADI (1) Thoppippala (1) URBANISATION (1) V.Dakshinamoorthy (1) VECHUR COWS (1) VELIB.FREEDOM BIKE (1) VOTERS IN THE CYBER WORLD/സാക്ഷരത/നവമാദ്ധ്യമങ്ങൾ (1) WHY DO PEOPLE DIE OF COLDWAVES IN NORTH INDIA? (1) WOMEN RESERVATION IN PARLIAMENT (1) cyber crime case against blogger (2) first F.M station in Kerala (1) greenradio podcasts (1) local radio station (1) national heritage animal (1) parallel publications in Malayalam (1) woman paedophile (1) അംബേദ്കർ (2) അംബേദ്കർ ഗ്രീൻ ആർമി (1) അക്ബറാന (1) അക്ഷയതൃതീയ (1) അക്ഷയതൃതീയ AKSHAYATHRUTHIYA (1) അഗസ്റ്റിൻ ജോസഫ് (1) അങ്കിൾ ജഡ്ജ് സിൻഡ്രോം” (1) അതിവേഗപാത (1) അതിശൈത്യമരണങ്ങൾ (1) അനുഭവം (1) അമുൽ (1) അമേരിക്കയിലെ ദരിദ്രർ (1) അയ്യങ്കാളി (1) അഷ്ടമംഗലദേവപ്രശ്നം (1) ആട്-തേക്ക്-മാഞ്ചിയം (1) ആര്‍ഭാടങ്ങള്‍ (1) ആള്‍ക്കൂട്ടം (2) ആർ.വിമലസേനൻ നായർ (1) ആൽബർട്ടോ ഗ്രനാഡോ (1) ആൾക്കൂട്ടം ഇൻലന്റ്‌ മാസിക (2) ഇന്ത്യ (1) ഉഴവൂര്‍ (1) എ.എൻ.സി (2) എം.എ.എസ് (1) എം.എഫ് ഹുസൈൻ (1) എംബെഡഡ് ജേർണ്ണലിസം/ അയ്യങ്കാളി (1) എസ്.എൻ.ഡി.പി (1) ഏംഗത്സ് (1) ഏട്ടിലെ പശു (1) ഏഷ്യാഡ് (1) ഐ.എസ്.അര്‍.ഓ (1) ഒക്യുപൈ വാൾ സ്ട്രീറ്റ് (1) ഒക്സിജന്‍ പാര്‍ലർ (1) ഒറ്റപ്പാലം (1) ഒറ്റയാൾ (3) ഓ.എൻ.വി (1) ഓഡിയോ (1) ഓണം (1) ഓർമ്മകൾ (1) ഓർമ്മയാണച്ഛൻ (1) കഞ്ഞി (1) കണ്ടതും കേട്ടതും (2) കള്ളപ്പണം (1) കവരത്തി (1) കവിതാലാപനം (2) കാല്‍കഴുകിച്ചൂട്ടൽ (1) കാളന്‍ (1) കാളയിറച്ചി (1) കാസർകോഡ് ഡ്വാർഫ് (1) കാർഷിക യന്ത്രവത്കരണം (1) കാർഷിക വിപ്ലവം (1) കാർഷികം/ ലേഖനം/ബ്ലാക്ക്ബെറി/മിൽക്കി ഫ്രൂട്ട്/അവക്കാഡോ/ദുരിയാൻ/റമ്പൂട്ടാൻ (1) കാൽകഴുകിച്ചൂട്ടൽ (1) കീഴാചാരം (1) കുഞ്ഞപ്പ പട്ടാന്നൂർ (1) കുറിപ്പ്‌ (1) കൂറുമാറ്റം (1) കൃഷ്ണയ്യർ (1) കെ.ആര്‍.നാരായണന്‍ (1) കെ.ആർ.ടോണി (1) കെ.ഗിരിജ വർമ്മ (1) കെ.ഗിരിജാവർമ (1) കെ.വി.ഷൈൻ (1) കോണകം (2) ക്ലാസിക്ക് മെട്രോ (1) ക്ഷേത്രപ്രവേശനം (1) കൻഷിറാം (1) ഖവാലി (1) ഗജ ദിനം (1) ഗിരിപ്രഭാഷണം (1) ഗീർ പശു (1) ഗുണ്ടായിസം (1) ഗുണ്ടാരാജ് (1) ഗുരുവായൂർ (1) ഗോൾചെറെ (1) ഗ്രാമസഭ (1) ഗ്രീൻ കേരള എക്സ്പ്രസ് (1) ഗ്രീൻ റേഡിയോ പോഡ്കാസ്റ്റ് (2) ചണ്ഡിഗർ (1) ചന്ദ്രൻ (1) ചരിത്രം (1) ചലച്ചിത്രനിരൂപണം (1) ചലച്ചിത്രവിചാരം-ഒരെ കടല്‍ (1) ചിഡ് വാര (1) ചിത്രകാരൻ (2) ചൂടുവെള്ളത്തിൽ വീണ (1) ചെ ഗുവേര (1) ചെങ്ങറ (2) ചൊവ്വാ (1) ജഗ്ജ്ജീവന്‍ റാം (1) ജനകീയകോടതി (1) ജനാധിപത്യംANTI-DEFECTION LAW AND INDIAN DEMOCRACY (1) ജാവേദ് അക്തർ (1) ജീവത്സാഹിത്യംശശി തരൂർ (1) ജുഡീഷ്യറിയിലെ അഴിമതി/ കെ.ജി.ബാലകൃഷ്ണൻ (1) ജ്ഞാനഗുരു (1) ടോപ്പ്ലസ് (1) ടോൾ (1) ഡോ ജോൺ മത്തായി (1) ഡ്രസ് കോഡ് (1) ഡൽഹി (1) തഥാഗതൻ (1) താതാ നിന്‍ കല്പനയാല്‍ (1) താഹ്രീർ സ്കൊയർ (1) തൃപ്പൂത്താറാട്ട് (1) തെമ്മാടിക്കുഴി (1) തോർത്ത്‌ (1) ത്യാഗികൾ (1) ത്രിവര്‍ണ്ണപതാക (1) ദ കിഡ് വിത്ത് എ ബൈക്ക് (1) ദളിത് (1) ദാരിദ്ര്യരേഖ (1) ദൃഷ്ടിപഥം (17) ദേശീയ ഉത്സവം (1) ദേശീയ പതാക-TRIBUTE TO KAMALA DAS;RECITATION OF HER POEM IN MALAYALAM (1) ധവളവിപ്ലവം (1) നക്ഷത്രഫലം (1) നര്‍മ്മം (1) നല്ലതങ്ക (1) നവമാദ്ധ്യമങ്ങൾ (1) നവവത്സരാശംസകള്‍‍ (1) നസീറാന (1) നാഗസന്യാസിമാർ (1) നാരായണ പണിക്കർ (1) നെൽസൺ മണ്ടേല (1) നേർച്ചസദ്യ (1) നർമ്മം (2) നർമ്മദ (1) പരിഹാരക്രിയ (1) പി.ഉദയഭാനു (4) പി.ഭാസ്‌കരന്‍ (1) പി.സായ് നാഥ് (1) പിണറായി (1) പുസ്തകനിരൂപണം (1) പൂന്താനം (1) പൈതൃകമൃഗം (1) പൊതുസീറ്റുകൾ (1) പൊന്നമ്പലമേട് (1) പൊർഫീരിയോ (1) പോഡ്കാസ്റ്റ് (1) പൌലോസ് മാർ പൌലോസ് (1) പ്രതിമകൾ (1) പ്രാക്കുളം ഭാസി (1) പ്രിയനന്ദനൻ (1) പ്രേം നസീർ (1) പ്ലാവില (1) ഫലിതം (5) ഫലിതം A FRIENDSHIP DAY DISASTER (1) ഫസ്റ്റ്ഗ്രേഡർ (1) ഫിദൽ (1) ഫെമിനിസ്റ്റ് (1) ഫ്രന്‍ഡ്ഷിപ് ഡേ (1) ബഷീർ (3) ബാബ ആംതെ/ (1) ബാബുരാജ് (1) ബി.ഓ.ടി (1) ബുർക്ക (1) ബൊളീവിയ (1) ഭക്ഷ്യ അരക്ഷിതാവസ്ഥ (1) ഭക്ഷ്യ സുരക്ഷാ സേന (1) ഭാവി രാഷ്ട്രീയ അജണ്ട (1) ഭൂമിക്കൊരു ചരമഗീതം (2) മംഗളാദേവി ക്ഷേത്രം 2001- (1) മകരജ്യോതി (1) മതം (2) മദ്യപാനം (2) മമത (1) മമ്മൂട്ടി (2) മറൂഗ (1) മഹാസ്ഥാപനം (1) മാഡം കാമ (1) മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് (1) മാദ്ധ്യമസദാചാരം (1) മാധവന്‍ നായര്‍ (1) മാധ്യമം (3) മാപ്പിളപ്പാട്ട് (1) മായാവതി (1) മാര്‍ക്സ് (1) മുല്ലപ്പൂ വിപ്ലവം (1) മുസ്ലീം സാക്ഷരത (1) മുസ്ലീം സ്ത്രീ സാക്ഷരതാനിരക്ക് (1) മേധാ പട്ട്കർ (1) മേഴ്സി മാത്യു (2) മൈഥിലി (1) മൊബൈൽ ഫോൺ (1) മോഹൻലാൽ (1) യൂത്ത് ഒളിമ്പിക്സ് (1) യേശുദാസ് (1) രാമനുണ്ണി (1) രാഷ്ട്രപതി (1) രാഷ്ട്രീയം (7) രാഷ്ട്രീയസദാചാരം (1) റഷ്യ (1) റഷ്യയിലെ ജനസംഖ്യ (1) റിവോദിയ (1) റെസിഡന്റ്സ് അസ്സോസിയേഷൻ (1) റേഡിയോ (7) റേഡിയോ സ്കിറ്റ് (1) റോഡ് സുരക്ഷാവാരം (1) റൌൾ (1) റ്റിന്റുമോൻ (1) ലെനിൻ (2) ലേഖനം (12) ലേഖനം/ ഡോ വർഗ്ഗീസ് കുര്യൻ (1) ലേഖനം/രാഷ്ട്രീയക്രിമിനൽവത്കരണം/CRIMINALISATION OF POLITICS/A RAJA /KANIMOZHI/TIHAR (1) ലോക അണക്കെട്ട് കമ്മീഷൻ (1) ലോക് അദാലത്ത് (1) ളാഹ ഗോപാലൻ (1) വടയക്ഷി (1) വന്ദേ മാതരം (1) വാലന്റൈന്‍സ് ഡേ (1) വാസ്തു (1) വാസ്തുദോഷനിവാരണക്രിയ (1) വാഹനപരിശോധന (1) വാർഡ് സഭ/GRAMASABHAS IN KERALA ON THE DECLINE (1) വി.പി.സിങ്ങ് (1) വിജയ് യേശുദാസ് (1) വിദ്യാരംഭം (1) വിന്നി (2) വിരുദ്ധോക്തി (1) വിശുദ്ധഗ്രന്ഥങ്ങൾ (1) വിശ്വപൌരന്‍ (1) വെച്ചൂർ പശു (1) വ്യാജമൂല്യബോധംപൊതുജനസേവക പ്രക്ഷേപകർ (1) ശതാഭിഷേകം (2) ശനിദോഷ നിവാരണണപൂജ (1) ശബരിമല (3) ശരീര ഭാഷ (1) ശവി (1) ശാർക്കര (1) ശില (1) ശുദ്ധികലശം (1) ശുഭമുഹൂർത്തപ്രസവം. (1) ശ്രീനാരായണ ഗുരു (4) ശർബാനി (1) ഷൈൻ (1) സംഗീതം (1) സദാചാര പൊലീസ് (1) സദാചാരാപഭ്രംശം (1) സഫലമീയാത്ര (1) സമൂഹികബോധം (1) സാമൂഹികം (3) സാമൂഹികം. (1) സാമൂഹികം.CYBER ACT IN KERALA (1) സാമൂഹികം.പന്നിപ്പനി (1) സാമൂഹികം/ ലേഖനം/ (3) സാമൂഹികം/ ലേഖനം/ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി (1) സാമൂഹികം/ ലേഖനം/ തദ്ദേശ തെരഞ്ഞെടുപ്പ് വിധി (1) സാമൂഹികം/ ലേഖനം/ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ.കില (1) സാമൂഹികം/ ലേഖനം/ മദ്യപാനം/വാഹനാപകടം (1) സാമൂഹികം/ ലേഖനം/ വിവരാവകാശ നിയമം/RTI ACT:DRAFT OF NEW RULES (1) സാമൂഹികം/ ലേഖനം/ B B C (1) സാമൂഹികം/ ലേഖനം/ BENGALI MIGRANT WORKERS IN KERALA (1) സാമൂഹികം/ ലേഖനം/ COMMONWEALTH GAMES (1) സാമൂഹികം/ ലേഖനം/ FOREIGN EDUCATIONAL INSTITUTIONS BILL (1) സാമൂഹികം/ ലേഖനം/ HINDU-MUSLIM AMITY;A TRUE STORY (1) സാമൂഹികം/ ലേഖനം/ ORISSA/NAVEEN PATNAIK (1) സാമൂഹികം/ ലേഖനം/ RELIGIOUS EXTREMISTS IN KERALA (1) സാമൂഹികം/ ലേഖനം/ THE COURT AND THE PEOPLES COURT (1) സാമൂഹികം/ ലേഖനം/ THE IMPACTS OF N S S'S DECISION TO FREE THEIR EDUCATIONAL INSTITUTIONS FROM RELIGIOUS ACTIVITIES (1) സാമൂഹികം/ ലേഖനം/ VOTERS' RIGHT TO MOVE NON-CONFIDENCE (1) സാമൂഹികം/ ലേഖനം/ WHY WOMEN AND DALITS NOT BEING FIELDED FROM GENERAL SEATS IN KERALA? (1) സാമൂഹികം/ ലേഖനം/ WOMEN TO UPSET THE APLECARTS OF MANY IN KERALA (1) സാമൂഹികം/ ലേഖനം/ അമേരിക്കയുടെ വായ്പാക്ഷമത/DOWNGRADE / S AND P/ KRUGMAN/OBAMA (1) സാമൂഹികം/ ലേഖനം/ ആന (1) സാമൂഹികം/ ലേഖനം/ ആയുർദൈർഘ്യം/ മാനവ വികസന സൂചിക/ലോക ആരോഗ്യദിനം (1) സാമൂഹികം/ ലേഖനം/ കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമം/RTE ACT/ന്യൂനപക്ഷസ്കൂളുകൾ (1) സാമൂഹികം/ ലേഖനം/ ഗ്രാമസഭ (1) സാമൂഹികം/ ലേഖനം/ നീതിന്യായാവകാശ നിയമം (1) സാമൂഹികം/ ലേഖനം/ പാലിയേക്കര/ടോൾ/BOT/അരാഷ്ട്രീയവത്കരണം/ചേറ്റുവ (1) സാമൂഹികം/ ലേഖനം/ പ്രവാസിത്തൊഴിലാളികൾ/ബംഗാൾ/ഒറീസ/തൊഴിൽ അല്ലെങ്കിൽ ജെയിൽ (1) സാമൂഹികം/ ലേഖനം/ ബാറ്റിസ്റ്റ (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസദാചാരം (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസാന്ദ്രത/media density/മത ന്യൂനപക്ഷ സ്കോളർഷിപ്പുകൾ (1) സാമൂഹികം/ ലേഖനം/ ലോക പൈതൃകദിനം/ബാമിയന്‍ താഴ്വര/പുരാതനം/അജന്ത/എല്ലോറ (1) സാമൂഹികം/ ലേഖനം/ ശ്രീപത്മനാഭസ്വാമി /മാർത്താണ്ഡ വർമ്മ/കാൽ കഴുകിച്ചൂട്ട് (1) സാമൂഹികം/ ലേഖനം/CUBA/POPE/FIDEL CASTRO/RAUL CASTRO (1) സാമൂഹികം/ ലേഖനം/FUKUOKA (1) സാമൂഹികം/ ലേഖനം/THE CASTE (1) സാമൂഹികം/ ലേഖനം/THE FAITHFUL AND THE DRUNKARDS (1) സാമൂഹികം/ ലേഖനം/THE FALL OF JUDICIARY IN INDIA/ILLITERACY IN JAILS (1) സാമൂഹികം/ ലേഖനം/അണ്ണാ ഹസാര/പാർലമെന്റിന്റെ പരമാധികാരം/SUPREMACY OF THE PARLIAMENT/ANNA HAZARE (1) സാമൂഹികം/ ലേഖനം/അൽ ബറാക്ക്/ഇസ്ലാമിക ബാങ്ക്/ISLAMIC BANKING IN KERALA (1) സാമൂഹികം/ ലേഖനം/ഉമ്മൻ ചാണ്ടി/ജനസമ്പർക്ക പരിപാടി/സുതാര്യകേരളം/SUTHARYAKERALAM (1) സാമൂഹികം/ ലേഖനം/കെ.ആർ.നാരായണൻ/K.R NARAYANAN/ കെ.കുഞ്ഞമ്പു/കെ.പി.എസ് മേനോൻ (1) സാമൂഹികം/ ലേഖനം/കേരള തെരഞ്ഞെടുപ്പ് 2011/ഉമ്മഞ്ചാണ്ടി മന്ത്രിസഭ/ഇ ഗവേണ്ണൻസ് (1) സാമൂഹികം/ ലേഖനം/ക്യൂബ/കാസ്ട്രോ/മാർപ്പാപ്പ/റൌൾ/ബാറ്റിസ്റ്റ/ചെഗുവരെ (1) സാമൂഹികം/ ലേഖനം/ദയാബായി/DAYABAI (1) സാമൂഹികം/ ലേഖനം/നിയമസഭാതെരഞ്ഞെടുപ്പ് /ഇലക്ഷൻ കമ്മീഷൻ /ജനാധിപത്യധ്വംസനം (1) സാമൂഹികം/ ലേഖനം/ഫിദൽ കാസ്ത്രോ/ക്യൂബ/റൌൾ കാസ്ത്രോ/ ജോസ് മാർട്ടി/ഗ്വാണ്ടനാമോ (1) സാമൂഹികം/ ലേഖനം/ബെയിൽ ഔട്ടു/ (1) സാമൂഹികം/ ലേഖനം/മുഖപ്രസംഗങ്ങൾ/ ഏജന്റുമാരുടെ സമരം/ഒപ്പീനിയൻ ലീഡേഴ്സ് (1) സാമൂഹികം/ ലേഖനം/മുല്ലപ്പൂവിപ്ലവം/സൌദി /MALE GUARDIANSHIP SYSTEM IN SAUDI ARABIA/VIRGINITY TEST ON EGYPTIAN PROTESTERS (1) സാമൂഹികം/ ലേഖനം/മൊബൈൽഫോൺ സാന്ദ്രത (1) സാമൂഹികം/ ലേഖനം/രാജ്യ സഭ/ലെജിസ്ലേറ്റീവ് കൌൺസിലുകൾ/WHO REQUIRES UPPER HOUSES? (1) സാമൂഹികം/ ലേഖനം/രാഷ്ട്രീയസദാചരം/POLITICAL MORALITY (1) സാമൂഹികം/ ലേഖനം/റേഡിയോആഡംബരങ്ങള്‍ (1) സാമൂഹികം/ ലേഖനം/ലോക്പാൽ/ഇന്ദുലേഖ/ ട്രാൻസ്പേരൻസി ഇറ്റർനാഷണൽ (1) സാമൂഹികം/ ലേഖനം/വികസനം/ടോൾ/വൈപ്പിൻ/വികസനമാതൃകകൾ /ചിക്കുൻ ഗുനിയ (1) സാമൂഹികം/ ലേഖനം/വിശ്വാസവ്യാപാരം/ആദ്ധ്യാത്മിക ദാരിദ്ര്യം/ ജാതിപ്പേരുകൾ (1) സാമൂഹികം/ ലേഖനം/ശ്രീപത്മനാഭ സ്വാമി ക്ഷേത്രം/മതിലകം/കരുവാലയം/തൃപ്പടിദാനം/ (1) സാമൂഹികം/ ലേഖനം/ഷബാന ആസ്മി (1) സാമൂഹികം/ ലേഖനം/സംവരണമണ്ഡലം (1) സാമൂഹികം/ ലേഖനം/സുകുമാർ അഴീക്കോട്/OPINION LEADER OF KERALA (1) സാമൂഹികം/ ലേഖനം/സ്വകാര്യ പ്രാക്റ്റ്iസ്/ഫൂഡ് സപ്ലിമെന്റുകൾ/കേരള മാതൃക (1) സാമൂഹികം/അയ്യങ്കാളി (1) സാമൂഹികം/ക്രിമിനൽ/ഇൻവെസ്റ്റിഗേറ്റീവ് ജേർണ്ണലിസം/ക്വൊട്ടേഷൻ സംഘം (1) സാമൂഹികം/മാർട്ടിൻ ലൂഥർ കിങ്ങ് (1) സാമൂഹികം/മുല്ലപ്പൂ വിപ്ലവം (1) സാമൂഹികം/മൂന്നാര്‍/ലേഖനം/DEATH BELLS FOR MUNNAR (1) സാമൂഹികം/ലക്ഷദ്വീപ് (1) സാമൂഹികം/ലക്ഷദ്വീപ് THE CHANGING FACE OF LAKSHADWEEP (1) സാമൂഹികം/ലേഖനം (6) സാമൂഹികം/ലേഖനം/കേരളം/M C J ALUMNI OF KERALA UNIVERSITY (1) സാമൂഹികം/ലേഖനം/റേഡിയോ/LETTERS TO RADIO (1) സാമൂഹികം/ലൈംഗികാതിക്രമം/കുട്ടികുറ്റവാളികൾ/ കൂട്ടുകുടുംബം/അണുകുടുംബം (1) സാമൂഹികം/സിംല (1) സാമൂഹികംരാവുണ്ണി (1) സാമൂഹികവിസ്ഫോടനം (1) സാമ്പത്തിക മാന്ദ്യം (1) സി.എം.എസ്‌ കോളേജ്‌ (2) സിദ്ധമതം (1) സുബ്ബലക്ഷ്മി/ചെമ്പൈ/ലേഖനം/ദേവദാസി/സദാശിവം/മീരാഭജൻ/ വൈഷ്ണവ ജനതോ (1) സുരേഷ് ഗോപി (1) സൂഫി പറഞ്ഞ കഥ (1) സൈക്കിള്‍ (1) സൈക്കിൾ (1) സൈബർ നിയമം (1) സോജ (1) സോഷ്യലിസ്റ്റ് (1) സ്കിറ്റ് (1) സ്ത്രീവസ്ത്രധാരണത്തിന്റെ രാഷ്ട്രീയം (1) സ്വർണ്ണക്കമ്മൽ (1) സ്വർണ്ണഭ്രമം (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2012 (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2013/SKIT/SATIRE/HUMOUR/D.PRADEEP KUMAR (1) ഹാസ്യം (34) ഹാസ്യം.ഫലിതം (3) ഹാസ്യം.ഫലിതം SATIRE (1) ഹാസ്യംഫാമിലി കോണ്ടാക്റ്റ് ഡേ (1) ഹീഗ്വര (1) ഹൈടെക് നിരക്ഷരർ (1) ഹൈറേഞ്ച് ഡ്വാർഫ് (1)

കേരള ബ്ലോഗ് അക്കാദമി

ഇന്ദ്രധനുസ്സ്

ബ്ലോഗ് ഹെല്‍പ്പ്ലൈന്‍