ഇ മലയാളം വായിക്കാനും എഴുതാനും ഇവിടെ ഞെക്കുക UNICODE MALAYALAM FONTS

Click here for Malayalam Fonts

Search This Blog

Thursday, 12 October 2023

'ചരിത്രസാക്ഷികൾ-10:രവി കുറ്റിക്കാട്,പി.വി മുരുകൻ

*കെ. ഹേമലത തയ്യാറാക്കിയ ട്രാൻസ്ക്രിപ്ഷൻ :
 
'ചരിത്രസാക്ഷികൾ'(ക്ലബ് ഹൗസ് മീഡിയ റൂം, 2023 മാർച്ച്‌ 04) പരമ്പരയുടെ പത്താം ഭാഗത്തിൽ അനുഭവങ്ങളും വീക്ഷണങ്ങളും പങ്കുവയ്ക്കാനെത്തിയത് ദേശാഭിമാനിയുടെ മുൻ സീനിയർ അസിസ്റ്റന്റ് എഡിറ്റർ രവി കുറ്റിക്കാടും കേരള കൗമുദി മുൻ ബ്യൂറോ,യൂണിറ്റ് ചീഫ് പി.വി മുരുകനുമാണ്.
 
തനിക്ക് 74 വയസ്സ് പൂർത്തിയായി എന്ന് പറഞ്ഞാണ് രവികുറ്റിക്കാട് പ്രഭാഷണം ആരംഭിച്ചത്.
കുടുംബത്തിലെ മൂത്തകുട്ടിയായിരുന്നു. പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ അച്ഛൻമരിച്ചു. അമ്മ നല്ല വായനക്കാരിയായിരുന്നു. പ്രമുഖരായ നിരവധി പേരുടെ ജീവചരിത്രം വായിച്ചിട്ടുണ്ട്, അമ്മ. അങ്ങനെ പല നേതാക്കന്മാരെയും അമ്മയ്ക്ക് അറിയാമായിരുന്നു.കുട്ടിയായിരിക്കുമ്പോൾ തന്നെ വായിക്കാൻ പ്രേരണ നൽകിയത് അമ്മയായിരുന്നു.ഞാൻ എഴുത്തുകാരൻ ആകണം എന്നായിരുന്നു അമ്മയുടെ ആഗ്രഹം.

 
വായന അതിന് വലിയ പ്രേരണയായിരുന്നു.'മഹാരാജാസിന് ഹൃദയപൂർവ്വം' എന്ന പുസ്തകം നടൻ മമ്മൂട്ടി പ്രകാശനം ചെയ്തപ്പോൾ മമ്മൂട്ടിയെ കാണാൻ നാട്ടിൽ നിന്ന് കാറുപിടിച്ച് 5000 ത്തിൽ പരം പേർ തിങ്ങി നിറഞ്ഞ സദസ്സിൽ മുന്നിൽ തന്നെ ഇരുന്നു, അമ്മ. 
 
പുസ്തകങ്ങൾ എന്നും ദൗർബല്യമാണ്. ആദ്യമായി ചെറുകഥാമത്സരത്തിൽ പങ്കെടുത്ത് രണ്ടാം സമ്മാനം വാങ്ങിയത് പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ്. യു. സി കോളേജിൽ ചേർന്നതോടെ വായന വിപുലമായി. കുറ്റിപ്പുഴ കൃഷ്ണപിള്ള സാർ വിരമിച്ച ശേഷമാണ് അവിടെ പഠിക്കാൻ എത്തുന്നത്. ഒരിക്കൽ വഴിയിൽ കണ്ടപ്പോൾ അദ്ദേഹത്തോടുള്ള ഇഷ്ടം കൊണ്ട് കൂടെ നാല് കിലോമീറ്റർ നടന്ന സംഭവം ഓർക്കുന്നു.
 
തൃശ്ശൂർ രാമവർമ്മപുരത്ത് എഴുത്തുകാരുടെ ക്യാമ്പ് നടക്കുമ്പോൾ സഹ മുറിയനായി എത്തിയത് സാക്ഷാൽ എൻ. എൻ പിള്ളയായിരുന്നു.നിരവധി എഴുത്തുകാർ അത്തവണ ക്യാമ്പിൽ എത്തിയിരുന്നു. ചെറുകാടിന്റെ മകൻ മോഹനനും ഒപ്പം ഉണ്ടായിരുന്നു.
 
യു. സി കോളേജ്, എറണാകുളം മഹാരാജാസ്, കേരളവർമ എന്നീ കോളേജുകളിലായിട്ടാണ് പഠനം പൂർത്തിയാക്കിയത്.മലയാളത്തിൽ ബിരുദാ നന്തര ബിരുദം കഴിഞ്ഞ് തൃശൂർ വിമല കോളേജിൽ നിന്ന് ജേണലിസവും പാസ്സായി.
 
കേരള ടൈംസിലാണ്‌ ആദ്യം ജോലി കിട്ടിയത്. ചീഫ് എഡിറ്റർ വെളിപ്പറമ്പൻ അച്ചനായിരുന്നു. നല്ല പ്രചാരം ഉണ്ടായിരുന്ന പത്രമായിരുന്നു കേരള ടൈംസ് അന്ന്. പത്രത്തിൻറെ പറവൂർ ലേഖകനായി നിയമനം കിട്ടി. പ്രമുഖ തിരക്കഥാകൃത്തായിരുന്ന ജോൺ പോൾ, മുൻ എം.പി സെബാസ്റ്റ്യൻ പോൾ തുടങ്ങി എഴുത്തിൽ താല്പര്യമുള്ള നിരവധി പേർ ടൈംസിൽ അക്കാലത്ത് ജോലി ചെയ്തിരുന്നു. കലാമണ്ഡലം ഗോപി കർണ്ണനായി അവതരിപ്പിച്ച കർണ്ണശപഥത്തെക്കുറിച്ചുള്ളതാണ് എന്റേതായി പത്രത്തിൽ വന്ന ആദ്യ ഫീച്ചർ.
 
ഫോട്ടോയോടൊപ്പം ഒന്നാം പേജിൽ കൊടുത്തു. കഥകളിക്കൊന്നും ടൈംസിൽ ഇടമില്ലാത്ത കാലമായിരുന്നു അത്. പിന്നീട് വെളിപ്പറമ്പൻ അച്ചൻ എന്നെ കാണുമ്പോൾ പറയും : ഞങ്ങളുടെ പത്രത്തിൽ ഇത്തരം വർത്തകളൊന്നും കൊടുക്കാറില്ല. പക്ഷേ, രവി എഴുതിയ ഫീച്ചർ കണ്ടപ്പോൾ കൊടുക്കണം എന്ന് തോന്നി .
 
പറവൂർ ബസ് സ്റ്റാൻഡിന് അടുത്തുള്ള കടയിൽ കണ്ട ഒരാളാണ് എന്നോട് ചോദിച്ചത് ,' കേസരി ബാലകൃഷ്ണപിള്ളയെ അറിയാമോ?' പറഞ്ഞു,' കേട്ടിട്ടുണ്ട്, വായിച്ചിട്ടുണ്ട്, പക്ഷേ ,കണ്ടിട്ടില്ല'. തൊട്ടടുത്തുള്ള ഒരു വീട് കാട്ടി അയാൾ പറഞ്ഞു, 'അക്കാണുന്നതാണ് കേസരിയുടെ വീട്'. ആകെ ത്രില്ലടിച്ചു പോയി. വാർത്ത കൊടുക്കുമോ എന്നത് മനസ്സിൽ അപ്പോൾ ഇല്ലായിരുന്നു. കേസരി ബാലകൃഷ്ണപിള്ളയുടെ ഭാര്യ ഗൗരിയമ്മ താമസിച്ചിരുന്നത് ആ ഓലപ്പുരയിലാണ്. അവിടെ ചെന്നു. ആ അമ്മയുടെ മുഖം ഇപ്പോഴും ഓർമ്മയുണ്ട്. 
 
കൂമ്പാള പോലെ വെളുത്ത് ഐശ്വര്യം ഉള്ള ഒരമ്മ. ചാണകം മെഴുകിയ ഇറയം. എന്നോട് ഇരിക്കാൻ പറഞ്ഞു. 'കേസരിയെ കുറിച്ച് വായിച്ചിട്ടുണ്ടോ ' എന്ന് അന്വേഷിച്ചു, വായിക്കണം എന്നോർമ്മിപ്പിച്ചു. കേസരി പത്രം തുടങ്ങിയ കഥ പറഞ്ഞു. പിന്നെ പ്രബോധകൻ തുടങ്ങിയ കഥ. ആകെയുണ്ടായിരുന്ന മകൾ മരിച്ച കഥയും പറഞ്ഞു. അതിൽ കേസരിക്കുണ്ടായ സങ്കടം. താടി വളർത്തിയതിന്റെ കാരണം ഫ്യൂറിസം എന്ന അസുഖം ബാധിച്ചതിനാലാണ് എന്നും പറഞ്ഞു.നെഞ്ചിൽ തണുത്ത കാറ്റ് അടിക്കാതിരിക്കാൻ താടി വളർത്തിയതാണത്രെ.
 
മുഴുവൻ നേരവും അദ്ദേഹത്തിന്‌ വായന തന്നെയായിരുന്നു. അവരെയെ കല്യാണം കഴിച്ച ശേഷം എവിടെയും കൊണ്ടുപോയിട്ടില്ല. അദ്ദേഹം വായിക്കും, അവർ എഴുതി കൊടുക്കും. അങ്ങനെയാണ് 'ഒരു സ്ത്രീയുടെ ജീവിതം' എന്ന മോപ്പസാങ്ങിന്റെപ്രശസ്ത നോവൽ അവർ തർജ്ജമ ചെയ്തത്. എഴുതി കഴിഞ്ഞപ്പോൾ തോന്നിയത്രേ,അത് തന്റെ തന്നെ കഥയാണെന്ന്. 'എന്നെക്കുറിച്ച് മകന് അറിയണമെങ്കിൽ ആ കഥ വായിക്കണം' അവർ പറഞ്ഞു.
 
പുസ്തകത്തിന്റെ കോപ്പി തരാമെന്ന് പറഞ്ഞു. കേസരി മരിച്ചു എന്ന് മാതൃഭൂമിയിൽ തെറ്റായ വാർത്ത വന്നതും കേസരിക്കു വാശി തോന്നി, ജീവിച്ചിരിക്കുന്നുണ്ടെന്ന് അറിയിക്കാൻ കുപ്പായമൊക്കെയിട്ട് റോഡിൽക്കൂടി പലവട്ടം നടന്നതും അവർ ഓർത്തു പറഞ്ഞു. കോട്ടയത്ത് വച്ചുള്ള അദ്ദേഹത്തിന്റെ വിയോഗത്തെത്തുടർന്ന് അവിടെ നിന്ന് ഭൗതികശരീരം കൊണ്ടുവന്ന സംഭവവും ശേഷമുള്ള അവരുടെ
ഏകാന്ത ജീവിതവും. അങ്ങനെ നിരവധി കഥകൾ പറഞ്ഞു. പറഞ്ഞതുവെച്ച് ടൈംസിൽ വാർത്ത എഴുതിക്കൊടുത്തു.ഫീച്ചറായിട്ടാണ് വാർത്ത പ്രസിദ്ധീകരിച്ചത്.
 
വാർത്ത കണ്ട് എന്നെ ഒരുപാട് പേർ വിളിച്ചു.വെളിപ്പറമ്പൻ അച്ചൻ പത്രപ്രവർത്തകർക്കുള്ള പെൻഷൻ കമ്മിറ്റിയിൽ അംഗമായിരുന്നു എന്ന കാര്യം അപ്പോൾ എനിക്ക റിയുമായിരുന്നില്ല . വാർത്ത പ്രസിദ്ധീകരിച്ചത് വലിയ നിമിത്തമായി. കേസരിയുടെ വിധവയ്ക്ക് പെൻഷൻ അനുവദിച്ച് ഉത്തരവായി.
ഓർക്കുമ്പോൾ ഇപ്പോഴും കണ്ണു നിറയുന്നു എന്ന് പറഞ്ഞ് മറ്റൊരു സന്ദർഭവും രവി കുറ്റിക്കാട് ഓർത്തെടുത്തു . 
 
പറവൂർ മുനിസിപ്പാലിറ്റി നിർമ്മിച്ച ടൗൺ ഹാളിന് കേസരിയുടെ പേര് നൽകാൻ സുഹൃത്ത് കൂടിയായിരുന്ന അന്നത്തെ മുനിസിപ്പൽ ചെയർമാൻ എൻ. എ അലി തീരുമാനിക്കുന്നു. കേസരിയുടെ വസതിയിൽ നിന്ന് കൊളുത്തുന്ന ദീപശിഖ ടൗൺ ഹാളിൽ എത്തിക്കുന്ന രീതിയിലായിരുന്നു പരിപാടി. അനുമതിക്കായി വീണ്ടും കേസരിയുടെ സഹധർമ്മിണിയെ ചെന്നു കണ്ടു. ഓർമ്മയുണ്ടോ എന്ന് ആരാഞ്ഞു. 'പെൻഷൻ വാങ്ങി തന്നത് മകനാണോ" എന്ന് എന്നോട് ചോദിച്ചു. കേസരിയുടെ പേര് പറഞ്ഞപ്പോൾ സർക്കാർ അമ്മക്ക് അനുവദിച്ചതാണ് എന്ന് മറുപടി പറഞ്ഞു. എന്നോടിരിക്കാൻ പറഞ്ഞു, വീടിനകത്ത് പോയി സൂക്ഷിച്ചു വച്ചിരുന്ന ഒരു പഴയ കവറിൽ നിന്ന് പഴകി മഞ്ഞ നിറമായ 50 രൂപയുടെ ഒരു നോട്ട് എടുത്ത് കയ്യിൽ തന്നു .മകന് ഒരു സമ്മാനം തരാനായി സൂക്ഷിച്ചു വച്ചതാണെന്ന് പറഞ്ഞു നിർബന്ധിച്ചു വാങ്ങിപ്പിച്ചു. പോരാൻ നേരത്ത് അമ്മയ്ക്ക് തന്നെ ഇരിക്കട്ടെ എന്ന് പറഞ്ഞ് തുക ഞാൻ തിരികെ കൊടുക്കുകയും ചെയ്തു.
 
കേസരിയുടെ പേരിട്ട പറവൂർ ടൌൺ ഹാൾ ഉപരാഷ്ട്രപതി ശങ്കർ ദയാൽ ശർമയെ കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാനായിരുന്നു പരിപാടി. അദ്ദേഹത്തിന് ഉപഹാരമായി നൽകിയത് ഭഗവത്ഗീതയിലെ ഒരു രംഗം ചിത്രീകരിക്കുന്ന ഫലകമായിരുന്നു. തേരിൽ കയറിയ അർജ്ജുനനോട് കൃഷ്ണൻ ദൂത് പറയുന്ന രംഗം. പത്രത്തിൽ വാർത്ത ആകണമെങ്കിൽ ഇത്തരം ഒരു ഉപഹാരം വേണ്ടി വരും എന്നു അലിയോട് പറഞ്ഞു. ഉപഹാരം സ്വീകരിച്ച് ഉപരാഷ്ട്രപതി 15 മിനിറ്റോളം അതിനെപ്പറ്റി സംസാരിക്കുകയും ചെയ്തു. പത്രത്തിൽ എല്ലാം ബോക്സ് സ്റ്റോറിയായി വാർത്ത വന്നു.
കളമശ്ശേരിയിൽ ബന്ധുവായിരുന്ന ജില്ലാ ജഡ്ജിയുടെ വീട്ടിൽ വച്ചായിരുന്നു ഗൗരി അമ്മയുടെ മരണം എന്ന് പിന്നീട് അറിഞ്ഞു.
 
അപ്പോഴേക്കും ദേശാഭിമാനിയിൽ ജോലിയിൽ പ്രവേശിച്ചിരുന്നു. വാർത്ത ദേശാഭിമാനിക്കും കൊടുക്കാൻ കഴിഞ്ഞില്ല. വലിയ വാർത്ത ആകേണ്ടതായിരുന്നെങ്കിലും ചെറിയ വാർത്ത മാത്രമായി പത്രത്തിൽ വന്നു.
ചങ്ങമ്പുഴക്ക് കേസരി എഴുതിക്കൊടുത്ത അവതാരിക ഇപ്പോഴും കയ്യിലുണ്ട്.അദ്ദേഹത്തിന്റെ സഹധർമ്മിണി എനിക്ക് തന്ന കേസരിയുടെ കയ്യൊപ്പിട്ട കടലാസ് പിന്നീട് തിരുവനന്തപുരത്തെ കേസരി സ്മാരക ട്രസ്റ്റിന് കൈമാറി. അന്ന് ദ ഹിന്ദു പത്രത്തിൽ ഉണ്ടായിരുന്ന ഗൗരി ദാസൻ നായർക്കാണ് നൽകിയത്.
 
കേരള ടൈംസിൽ ജോലി ചെയ്യുമ്പോൾ പറവൂരിലെ നിരവധി സംഭവങ്ങൾ വാർത്തയാക്കി. പറവൂർ കോടതി വളപ്പിൽ പൈപ്പുകൾ പൊട്ടിയ വാർത്ത. പൊട്ടിയ പൈപ്പിനിടയിൽ പാമ്പുകളും. വാർത്ത വന്നപ്പോൾ വാട്ടർ അതോറിറ്റിയിലെ ഒരു എൻജിനീയർ കേരള ടൈംസ് പത്രത്തിൽ പരാതിപ്പെട്ടു. വേണ്ടതാണ് ചെയ്തത് എന്ന് പറഞ്ഞ് ഫാദർ ആശ്വസിപ്പിച്ചു. പറവൂരിലെ വെടിക്കെട്ട് അപകടത്തിന്റെ വാർത്തയാണ് ഓർക്കുന്ന മറ്റൊന്ന്. മനോരമ കഥകൾ പലതും കൊടുത്തപ്പോൾ അവിടുത്തെ ബേബി എന്ന റിപ്പോർട്ടർ എന്നോട് പറഞ്ഞു, സ്റ്റോറികൾ എഴുതി കൊടുക്കാൻ.കാരണം, ബേബിക്ക് ഞാൻ എഴുതും പോലെ എഴുതാൻ അറിയില്ലത്രേ. വേറെ രീതിയിൽ മാറ്റിയെഴുതി ഒരു കോപ്പി അയാൾക്കും കൊടുക്കുമായിരുന്നു.
 
ദേശാഭിമാനിയിൽ ജോലി കിട്ടിയ കാലത്ത് ശമ്പളം കുറവായിരുന്നു. ആഴ്ചയിൽ 10 രൂപ. എറണാകുളത്ത് അക്കാലത്ത് ജീവിക്കാൻ അതുമതി. ചായക്ക്‌ പത്തു പൈസ, ഊണ് കഴിക്കാൻ ഒരു രൂപ. ഇടയ്ക്ക് വീട്ടിൽ അമ്മയെ കാണാൻ പോകുമ്പോൾ അമ്മയുടെ കയ്യിൽ നിന്ന് പോരാത്ത കാശു വാങ്ങും.ഒരിക്കൽ വീട്ടിൽ ചെന്നപ്പോൾ അടുത്ത വീട്ടിലെ മറിയച്ചേടത്തി വീട് മേയാൻ അമ്മയോട് ഓല ആവശ്യപ്പെടുന്നത് കേട്ടു. ശ്രദ്ധിച്ചപ്പോൾ വാർത്താപ്രാധാന്യം ഉണ്ടെന്ന് മനസ്സിലായി.പിന്നീട് അത് 'ഓലയ്ക്ക് തീ വില' എന്ന പേരിൽ വാർത്തയാക്കി.
 
അടിയന്തിരാവസ്ഥക്കാലം. സെൻസറിംഗ് ഓഫീസർക്ക് സംശയം. എന്താണ് തീ വില എന്നായി. വാർത്തയിൽ എന്റെ പേര് ബൈലൈനായി കൊടുത്ത് പ്രശ്നം പരിഹരിച്ചു.
ഹ്യൂമൻ ഇൻട്രസ്റ്റ് സ്റ്റോറി ആയി കൊടുത്തത് നല്ല പ്രതികരണം ഉണ്ടാക്കി.
അടിയന്തിരാവസ്ഥ ക്കാലമായതിനാൽ വാർത്തകൾ എല്ലാം സെൻസർ ചെയ്താണ് കൊടുത്തിരുന്നത്. അക്കാലത്ത് സോവിയറ്റ് നാട് എന്ന പ്രസിദ്ധീകരണത്തിലെ വാർത്തകളുടെ തർജമ കൊടുക്കുകയായിരുന്നു പ്രധാനമായും ചെയ്തിരുന്നത്. ആലപ്പുഴയിൽ താറാവുകൾ കോഴി വസന്ത ബാധിച്ച് കൂട്ടത്തോടെ ചത്ത വാർത്ത പോലും കൊടുക്കാൻ സമ്മതിച്ചിരുന്നില്ല.
 
ചെറുപ്പക്കാരുടെ ഇടയിൽ ലഹരിഉപയോഗം വ്യാപകമായ സമയത്ത് ദേശാഭിമാനിയിൽ
എഴുതിയ പരമ്പര വലിയ ചലനം ഉണ്ടാക്കി. ലഹരി ഉപയോഗിക്കുന്ന ചെറുപ്രായക്കാരിലെ വിത്ഡ്രോവൽ സിംപ്‌റ്റം (ലഹരി കിട്ടാതാവുമ്പോളുള്ള അവസ്ഥ) കടുത്തതായിരുന്നു. ലോക് നാഥ്‌ ബെഹ്‌റയായിരുന്നു അന്ന് സിറ്റി പോലീസ് കമ്മീഷണർ. അർബുദ രോഗികൾക്ക്‌ വേദനാ സംഹാരിയായി കൊടുക്കുന്ന ടി.ഡി ജസീക് എന്ന മരുന്ന് വ്യാപകമായി ലഹരിയായി ഉപയോഗിച്ചിരുന്നു. സൂചന കിട്ടി,ഒരിക്കൽ പുല്ലേപ്പടി ശ്മശാനത്തിൽ ഫോട്ടോഗ്രാഫറു മായി ചെന്നു. ഫ്ലാഷ് അടിച്ചപ്പോൾ കൂടിയിരുന്ന ലഹരി സംഘം കണ്ടു. ജീവനും കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. നഗരത്തിലെ പ്രശസ്തമായ ഒരു ഹോസ്റ്റലിൽ ലഹരി മരുന്ന് എത്തിച്ചിരുന്നത് പൂക്കാരികൾ ആയിരുന്നു. തലയിൽ ചൂടാനുള്ള പൂക്കൾക്കൊപ്പം ലഹരി മരുന്നിന്റെ പൊതിയും അവർ വിതരണം ചെയ്തു.
 
നിരവധി വാർത്തകൾ ലഹരി ഉപയോഗം സംബന്ധിച്ച് കൊടുത്തിരുന്നു.പരമ്പരയ്ക്ക്
നാർക്കോട്ടിക് കൗൺസിൽ ഓഫ് ഇന്ത്യയുടെ അവാർഡും കിട്ടി. പക്ഷേ അതോടെ
സുരക്ഷയില്ലാതെ വഴി നടക്കാൻ കഴിയാതെയായി.ഓഫീസിൽ ഡ്യൂട്ടിയിൽ ആയിരുന്നപ്പോൾ ഒരു രാത്രി ജേണലിസ്റ്റ് കോളനിയിലെ എന്റെ വീട്ടിൽ രണ്ടുപേർ വന്നു. ഭാര്യയെ വിളിച്ചു ബഹളം ഉണ്ടാക്കി. പലതരം ഭീഷണികൾ പിന്നീടും ഉണ്ടായി.
 
പാലിയം സമരത്തിൻറെ ഭാഗമായി ലേഖന പരമ്പരകൾ കൊടുത്തിരുന്നു.താഴ്ന്ന വിഭാഗത്തിൽപ്പെട്ട ജന വിഭാഗങ്ങൾക്ക് വഴിനടക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സമരമായിരുന്നു, അത്.സമരത്തിൽ പങ്കെടുത്തവരിൽ നിരവധി സ്ത്രീകൾ ഉണ്ടായിരുന്നു.കൊട്ടാരം വിട്ടിറങ്ങിയവരും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. 1947ൽ രാത്രി 12 മണിക്ക് മൂന്ന് പെൺകുട്ടികൾ വീട്ടിൽ നിന്ന് ഇറങ്ങി, കിലോമീറ്ററുകളോളം നടന്ന് സമരവേദിയിലെത്തി പങ്കെടുത്തു. ഇരിങ്ങാലക്കുടയിൽ നിന്നും കൊടുങ്ങല്ലൂർ നിന്നും എറണാകുളം ജില്ലയിലെ പറവൂർ ചേന്ദമംഗലത്തു നടന്ന പാലിയം സമരത്തിൽ പങ്കെടുക്കാൻ ആൾക്കാർ എത്തിയിരുന്നു. പാലിയം സമരത്തിന്റെ എഴുപത്തഞ്ചാം വാർഷികമാണ് വരുന്നത്. കേരളത്തിന് സ്വാതന്ത്ര്യം കിട്ടിയ അതേ വർഷം, വഴി നടക്കാൻ സ്വാതന്ത്ര്യത്തിനുവേണ്ടി സമരം ചെയ്യേണ്ടതായി വന്ന ചരിത്രം അടയാളപ്പെടുത്തേണ്ട ചരിത്രം തന്നെയായിരുന്നു. തിരു - കൊച്ചി മുൻ മുഖ്യമന്ത്രി സി.കേശവൻ ആണ് ഉദ്ഘാടനം നിർവഹിച്ചത്. അദ്ദേഹം പിന്നീട് നിലപാടുകളിൽ നിന്ന് പിൻമാറി. സമരം രൂക്ഷമായപ്പോൾ മകൻ കെ.ബാലകൃഷ്ണൻ ( കൗമുദി ) സമരപ്പന്തലിൽ വന്നു പ്രസംഗിച്ചു, 'അച്ഛൻറെ പോക്ക് ശരിയല്ല' .
 
പാലിയം സമരത്തിൽ തമ്പുരാട്ടിമാരുടെ പങ്ക് വലുതായിരുന്നു. സമരത്തിൽ പങ്കെടുത്ത തൃപ്പൂണിത്തുറ കോവിലകത്തെ തമ്പുരാക്കന്മാരെ പോലീസ് മർദ്ദിച്ചു. അവരിൽ ഒരാൾ മുൻസിപ്പൽ ചെയർമാൻ ആയിരുന്നു. മർദ്ദിച്ച ശേഷമാണ് പോലീസുകാർ അറിയുന്നത് അവർ തമ്പുരാക്കന്മാർആയിരുന്ന കാര്യം. അടി കൊണ്ടിട്ടും വീണ്ടും സമരപ്പന്തലിൽ എത്തി,തമ്പുരാൻ. 
 
പോലീസ് മർദ്ദനത്തിൽ ഏ.ജി വേലായുധൻ മരിച്ചതും ഈ സമരത്തിൽ തന്നെ. കൂടുതൽ സ്ത്രീകൾ പങ്കെടുത്ത സമരം. കല്ലാട് കൃഷ്ണന്റെ പത്നി തുടങ്ങി നിരവധി സ്ത്രീകൾ. വഴി നടത്താൻ അവകാശം കിട്ടേണ്ടിയിരുന്ന അധ:സ്ഥിത വിഭാഗങ്ങളിൽ പെട്ടവരെക്കൂടാതെ സവർണ്ണ വിഭാഗങ്ങളിൽ പ്പെട്ടവരും പിന്തുണ പ്രഖ്യാപിച്ച് സമരത്തിന് എത്തി എന്നതാണ് വ്യത്യസ്തമാക്കുന്നത്. പങ്കെടുത്ത തമ്പുരാട്ടിമാരുടെ റോൾ എടുത്തു പറയേണ്ടതാണ്. പാലിയം സമരത്തെക്കുറിച്ച് എഴുതിയ പുസ്തകം പ്രസിദ്ധീകരിച്ചത് ഈയിടെയാണ്. 'അന്തപുരങ്ങളിലെ അഗ്നി നക്ഷത്രങ്ങൾ 'എന്ന പരമ്പരയാണ് അന്ന് എഴുതിയത്. 
 
എറണാകുളം ജനറൽ ആശുപത്രി, ഷിപ്പിയാർഡ്, കൊച്ചിൻ യൂണിവേഴ്സിറ്റി, കൊച്ചിയിലെ പൈതൃക മന്ദിരങ്ങൾ ഇവയെപ്പറ്റിയെല്ലാം നിരവധി വാർത്തകൾ കൊടുത്തു.
 
1967ൽ മഹാരാജാസിൽ പഠിക്കുമ്പോൾ സാഹിത്യത്തിൽ താല്പര്യമുള്ള ഒരു വലിയ ഗ്യാങ്‌ ഉണ്ടായിരുന്നു. എല്ലാവരും ചേർന്ന് സങ്കേതം എന്ന ഒരു മാസിക ഇറക്കി. എൻ. എസ്.മാധവന്റെ ആദ്യ കഥ പ്രസിദ്ധീകരിച്ചത് സാങ്കേതത്തിലാണ്. അതിന്റെ പ്രവർത്തനവുമായി ഏറെ സഹകരിച്ചിട്ടുണ്ട്.
ടി.കെ രാമചന്ദ്രനെ പോലെ എഴുത്തിൽ താല്പര്യമുള്ള ചിലരും ഉണ്ടായിരുന്നു. വളരെ കാലത്തിനു ശേഷം 'പ്രണയപൂർവ്വം മഹാരാജാസിന്' എന്ന പേരിൽ മഹാരാജാസ് കോളേജിൻറെ ചരിത്രം എഴുതാൻ ഇടയായി. പൂർവ്വവിദ്യാർത്ഥി സംഘടനയുടെ ആഭിമുഖ്യത്തിലാണ് ഇറങ്ങിയത്.
 
മലയാള സാഹിത്യത്തിൻറെ ആധുനിക കാലഘട്ടം കൂടിയായിരുന്നു അത്.അന്ന് പ്രശസ്ത കവി കെ. സച്ചിദാനന്ദൻ എസ്.എഫ്.ഐയുടെ സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. ദേശാഭിമാനിയിലെ തിരക്കിനിടയിലാണ് മഹാരാജാസിന്റെ ചരിത്രം നാലു വർഷം കൊണ്ട് പൂർത്തിയാക്കിയത്. അതിന് കെ. ദാമോദരൻ അവാർഡ് കിട്ടി. സുപ്രീം കോടതി മുൻ ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യരുടെ ആദ്യ ജീവചരിത്രം എഴുതാൻ കഴിഞ്ഞു.'ജനഹൃദയങ്ങളിലൊരു ന്യായാധിപൻ' എന്നാണ് പുസ്തകത്തിന്റെ ടൈറ്റിൽ.പിന്നീട് അത് തമിഴിലേക്ക് തർജ്ജമ ചെയ്തു. 'വൺ ഓഫ് മൈ ബെസ്റ്റ് ബയോഗ്രഫീസ്' എന്ന് കൃഷ്ണയ്യർ പുസ്തകത്തെ പറ്റി പറഞ്ഞിട്ടുണ്ട്.രണ്ടുകൊല്ലം കൃഷ്ണയ്യരോടൊപ്പം നടന്നിട്ടാണ് പുസ്തകം പൂർത്തിയാക്കിയത്.കൃഷ്ണയ്യരുമായുള്ള സഹവാസം എന്റെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കാനുള്ള അവസരവുമായി മാറി. അദ്ദേഹത്തിൻറെ പ്രഭാഷണങ്ങൾ,വിധി ന്യായങ്ങൾ, ഇടപെട്ടിട്ടുള്ള പൊതു വിഷയങ്ങൾ, പൊതു താൽപര്യ ഹർജികൾ, വിധികൾ പഠിച്ചു. ഹർജിക്കാരേയും മറ്റു പലരെയും നേരിൽ കണ്ട് അഭിമുഖങ്ങൾ നടത്തി.
 
കേരള ഹൈക്കോടതി ജസ്റ്റിസ് ആയിരുന്ന രാഘവൻ വയസ്സ് തിരുത്തിയ സംഭവം ഓർക്കുന്നു. രണ്ടുവർഷമാണ് തിരുത്തിയത്. അത്തരത്തിൽ വന്ന വാർത്തയുടെ കുറിപ്പുകൾ കൊടുത്താലേ സി.ബി.ഐക്ക് അന്ന് കേസ് മുന്നോട്ടു കൊണ്ടു പോകാൻ കഴിയുമായിരുന്നുള്ളൂ സിബിഐയിലെ ഉയർന്ന ഉദ്യോഗസ്ഥർ വാർത്ത അന്വേഷിച്ചു വന്നു. ദേശാഭിമാനിയിൽ വാർത്ത കൊടുക്കാൻ കഴിയുന്ന സാഹചര്യമായിരുന്നില്ല. എന്നാൽ കൗമുദി കൊടുത്തു. അത് പിന്നീട് കേസായി. ജഡ്ജിക്കെതിരെ നടപടിയും ഉണ്ടായി.
 
എം.ടിയുടെ രണ്ടാമൂഴം പ്രസിദ്ധീകരിച്ച് കുറേ ദിവസം കഴിഞ്ഞപ്പോൾ ഉണ്ടായ സംഭവവും ഓർക്കുന്നു. കടയിൽ ചായ കുടിക്കാൻ പോയപ്പോഴാണ്, രണ്ടു ചെറുപ്പക്കാർ തമ്മിൽ സംസാരിക്കുന്നത് കേട്ടത്; യുഗാന്ത ഒന്ന് വായിച്ചു നോക്കിക്കൊള്ളൂ.അതിന്റെ ഇൻഫ്ലുവൻസ് രണ്ടാമൂഴത്തിൽ ഉണ്ടായോ എന്ന് സംശയമുണ്ട് എന്നാണ് അവർ തമ്മിൽ പറഞ്ഞത്. ഉടൻ ബോംബെയിലെ ബന്ധുവിനെ വിളിച്ച് ചർച്ച്ഗേറ്റിനടുത്ത് പഴയ പുസ്തകങ്ങൾ വിൽക്കുന്നിടത്ത് അന്വേഷിപ്പിച്ചു. യുഗാന്ത അയച്ചു തന്നു. വായിച്ചു കഴിഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി. ആന്ത്രോപോളജിസ്റ്റായ ലീലാവതി കർവ്വേയുടെ കൃതിയാണ് യുഗാന്ത. യുഗാന്തയിൽ ഓരോ കഥാപാത്രത്തേയും പരിചയപ്പെടുത്തുന്നു. അതിലൂടെയാണ് ഇവരുടെ റോളുകളെ പറ്റി പറയുന്നത്. അവസാനയാത്രാ സമയത്ത് ഭീമസേനൻ ദ്രൗപതിയെ മടിയിൽ കിടത്തുകയും ആശ്വസിപ്പിക്കുകയും ചെയ്യുമ്പോൾ അവൾ പറയുന്നു, " നീ ആയിരിക്കും അടുത്ത ജന്മത്തിൽ എന്റെ ഭർത്താവ്". 
 
 നോവൽ എങ്ങനെ ആരംഭിക്കണം എന്ന പ്രചോദനം എം. ടിക്ക് ലഭിച്ചിട്ടുള്ളത് ലീലാവതയുടെ പുസ്തകത്തിൽ നിന്നാണ്. അതിൽ നിന്നാണ് കഥ ആരംഭിക്കുന്നത്. അവരും ഇങ്ങനെയാണ് ഭീമസേനനെ ചിത്രീകരിക്കുന്നത്. പെടാവുന്ന ഒരു കഥാപാത്രം എന്ന രീതിയിലാണ് ഭീമനെ അവർ പരിചയപ്പെടുത്തുന്നത്. ആ പുസ്തകത്തിന്റെ സ്വാധീനം എടുത്തു പറയേണ്ടതായിരുന്നു എന്ന് എനിക്ക് തോന്നി. ഞാൻ ദേശാഭിമാനിയിൽ വാർത്ത കൊടുത്തു. എം.എൻ കുറുപ്പായിരുന്നു വാരാന്ത്യപ്പതിപ്പിന്റെ എഡിറ്റർ. അദ്ദേഹം ഇത് കൊടുക്കുമോ എന്ന് സംശയം ആയിരുന്നു. പി. ഗോവിന്ദപ്പിള്ളയും പുസ്തകം വായിച്ചിരുന്നു. അദ്ദേഹം പറഞ്ഞു, തന്റെ മനസ്സിലും വന്ന കാര്യമാണ് ഇപ്പോൾ ചർച്ചയാകുന്നത് എന്ന്. എന്നാൽ ഇത് സംബന്ധിച്ച് വേറെ ചില പ്രശ്നങ്ങളുണ്ടായപ്പോൾ ആ വിഷയം വിടുകയായിരുന്നു. ഇന്നാണെങ്കിൽ വലിയ വിവാദമായേനെ.
 
പ്രശസ്തരായ പലരെയും ഇൻറർവ്യൂ ചെയ്തിട്ടുണ്ട്. മജീഷ്യൻ പ്രൊഫ. ഭാഗ്യനാഥ്, പ്രമുഖ കലാനിരൂപകനായിരുന്ന കൃഷ്ണ ചൈതന്യ, കലാമണ്ഡലം ഹൈദരാലി തുടങ്ങി നിരവധി പേർ.
പ്രൊഫ. ഭാഗ്യനാഥിന്റെ പത്നി സുലോചന, സ്വാതന്ത്ര്യ ദിനത്തിൽ രാവിലെ മഹാരാജാസിൽ പതാക ഉയർത്തിയ വിദ്യാർത്ഥി കളുടെ സംഘത്തിൽ ഉണ്ടായിരുന്നു. മഹാരാജാസിലെ അമ്പതാം വാർഷിക ദിനം ആഘോഷിക്കുമ്പോൾ എറണാകുളം പ്രസ് ക്ലബ്‌ സെക്രട്ടറിയായിരുന്നു ഞാൻ. അന്ന് സ്വാതന്ത്ര്യ ദിനത്തിൽ പതാക ഉയർത്തിയതിനെ തുടർന്ന് പുറത്താക്കപ്പെട്ട 17 പേരെ തിരഞ്ഞു പിടിക്കാൻ ശ്രമിച്ചു. പലരും അന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നില്ല . എന്നാൽ അതിൽ ഒരാളായ സുലോചന വന്നിരുന്നു. പ്രശസ്ത നടി വിധുബാലയുടെ അമ്മയാണ് സുലോചന. ഭർത്താവിനൊപ്പമാണ് എത്തിയത്. കൊടിയുയർത്തിയ സ്ഥലത്ത് പോയി വാർത്ത തയ്യാറാക്കി. പത്രക്കാർ ഏറെ ആഘോഷിച്ച ഒന്നായിരുന്നു ആ സംഭവം.പുറത്താക്കപ്പെട്ടവരിൽ ഡോ. എൻ. എ.കരീമും ഉണ്ടായിരുന്നു . കോളേജിൽ നിന്ന് പോയശേഷം അദ്ദേഹം വേറെ സർവ്വകലാശാലയിൽ പഠനം പൂർത്തിയാക്കിയിരുന്നു. പിന്നീട് പ്രോ വി സിയായിട്ടാണ് തിരിച്ചു മഹാരാജാസിൽ സന്ദർശനത്തിനെത്തുന്നത്. അതും വാർത്തയായി. അന്ന് ജാഥ നയിച്ചത് സുലോചനയായിരുന്നു. സ്വാതന്ത്ര്യ ദിനത്തിൽ ഉടുത്ത അതേ ചുവന്ന സാരിയുടുത്താണ് അമ്പതാം വാർഷികത്തിനും അവർ എത്തിയത്.ഓൾഡ് സ്റ്റുഡൻസ് അസോസിയേഷനാണ് ചടങ്ങ് സംഘടിപ്പിച്ചത്.
 
'എന്തുചെയ്യണം?' എന്ന രവി കുറ്റിക്കാടിന്റെ നാടകത്തില്‍ മമ്മൂട്ടി അഭിനേതാവായിരുന്നു.
മമ്മൂട്ടി തന്നെ അവതരിപ്പിച്ച നാടകം അടിയന്തിരാവസ്ഥ ക്കാലത്താണ് വേദിയിൽ എത്തിയത്.
കേരളത്തില്‍ പലയിടത്തും ഈ നാടകം അരങ്ങേറിയിട്ടുണ്ട്.
 
പിൽക്കാലത്ത് എറണാകുളം ജില്ലാ കളക്ടറായ ഡോ. കെ. ആർ വിശ്വംഭരൻ അന്ന് സംഘത്തിൽ ഉണ്ടായിരുന്നു.ദേശാഭിമാനിയിൽ ജോലി ഉണ്ടായിരുന്നെങ്കിലും താമസം ലോ കോളേജിലെ ഹോസ്റ്റലിൽ ആയിരുന്നു. മമ്മൂട്ടിയുടെയും വിശ്വംഭരന്റെയും ഒക്കെ ഒപ്പമായിരുന്നു താമസം. ഒരു നാടകമത്സരം വന്നപ്പോൾ അവതരിപ്പിക്കാൻ തീരുമാനിച്ചു. കഥാതന്തു ഉണ്ടാക്കിയത് ഞാനാണ്. പിന്നീട് മഹാരാജാസ് കോളേജിന്റെ മെയിൻ ഹാളിൽ നാടകം അവതരിപ്പിച്ചു.
 
സ്റ്റേജിൽ വന്ന് ഒരു കഥാപാത്രം, കളിക്കുന്ന നാടകം എന്താണെന്ന് പറയുന്നു. അങ്ങനെ വേണം തുടങ്ങാൻ. മഹാരാജാസിന്റെ മെയിൻ ഹാളിൽ താൻ നാടകം അവതരിപ്പിക്കാം എന്ന് മമ്മൂട്ടി പറഞ്ഞു സേക്രഡ് ഹാർട്ട് കോളേജിന്റെ നാടകമുൾപ്പെടെ പല കലാലയങ്ങളുടെയും നാടകങ്ങൾ മത്സരത്തിനുണ്ടായിരുന്നു. മൈക്ക് എടുത്ത് 'ഞങ്ങൾ ഈ ഭൂമിയിൽ നാടകം കളിക്കുകയാണ്'എന്ന് മമ്മൂട്ടി പറഞ്ഞു തുടങ്ങിയതും ചുള്ളിക്കാടിന്റെ കവിതയ്ക്കായി കാതുകൂർപ്പിക്കുന്നത് പോലെ സൂചി വീണാൽ കേൾക്കാവുന്ന നിശബ്ദത ഹാളിൽ നിറഞ്ഞു. മനോഹരമായ പ്രസന്റേഷനായിരുന്നു അത്. ഞങ്ങൾ പ്ലാൻ ചെയ്തതിനേക്കാൾ ഗംഭീരമായിരുന്നു. നാടകത്തിന് രണ്ടാം സമ്മാനമാണ് കിട്ടിയത്. പിന്നീട് അത് പല സ്ഥലത്തും കളിക്കാനായി. അടിയന്തരാവസ്ഥ ക്കാലമായിരുന്നു. പോലീസ് പിടിച്ചിരുന്നെങ്കിൽ വിശ്വംഭരൻ ഐ.എ.എസ് ആവുകയില്ലായിരുന്നു. ഞാൻ ദേശാഭിമാനിലും ഉണ്ടാകില്ല. എല്ലാവരും ജയിലിൽ ആകുമായിരുന്നു. സ്റ്റേജിൽ ബാക്ക് ഡ്രോപ്പ് ആയി വച്ചിരുന്നത് അശോകസ്തംഭം ആയിരുന്നു. മേശയും കയ്യൊടിഞ്ഞ കസേരയും അധികാരത്തിന്റെ ചിഹ്നങ്ങൾ ആയിരുന്നു. ജുഡീഷ്യറിയും എക്സിക്യൂട്ടീവും തമ്മിലുള്ള തർക്കം ഞാനോ നീയോ വലുത് എന്ന രീതിയിൽ. സാധാരണക്കാരന്റെ പ്രതിനിധിയായി നിലത്ത് ഒരു കർഷക തൊഴിലാളി കിടക്കുന്നു. ഹാസ്യാത്മകമായി അയാൾ പറയുന്ന കാര്യങ്ങൾക്ക് ജനം കയ്യടിക്കും. ഞാൻ പറയേണ്ടതാണ് എന്ന് ഓരോരുത്തർക്കും തോന്നുന്ന കാര്യങ്ങളാണ് അയാൾ പറയുന്നത്. വിപ്ലവത്തിന്റെ സിംബൽ ആയ തീപ്പന്തം വന്നാണ് അവസാനിക്കുന്നത്.
 
പ്രശസ്ത ഗായകൻ കലാമണ്ഡലം ഹൈദരാലിയുടെ ചരമവുമായി ബന്ധപ്പെട്ട് ഒരു മീറ്റിംഗ് കൂടിയപ്പോൾ മമ്മൂട്ടി വീണ്ടും ഈ നാടകം അവതരിപ്പിക്കാൻ താൽപര്യം കാണിച്ചിരുന്നു. ഇപ്പോഴും കളിക്കാൻ മാത്രം ആ കഥയ്ക്ക് പ്രാധാന്യമുണ്ട്.
 
എറണാകുളത്ത് നടന്ന കുപ്രസിദ്ധമായ നഗ്നയോട്ടം. സംഭവത്തിന്റെ പടം എടുക്കാൻ കൃഷ്ണൻ നായർ സ്റ്റുഡിയോയിലെ ജനാർദ്ദനൻ പ്ലാൻ ചെയ്തിരുന്നു .ബി. എ പൊളിറ്റിക്സിന് പഠിച്ചിരുന്ന അഷ്‌റഫ്‌ പടിയൻ(സംവിധായകൻ കമലിന്റെ അമ്മാവൻ) ഇതിന്റെ സംഘാടകനായിരുന്നു എന്ന് ഓർക്കുന്നു. ഓട്ടത്തിൽ പങ്കെടുത്തവരുടെ വസ്ത്രങ്ങളെല്ലാം എടുത്തുവെച്ച് ബ്രോഡ് വേയിൽ കൂടി ഓടാൻ പറഞ്ഞത് പടിയനാണ്. ഓടിക്കഴിഞ്ഞപ്പോൾ പക്ഷേ ജനാർദ്ദനൻ പടമെടുക്കാൻ മറന്നുപോയി. കോളേജ് ഹോസ്റ്റലിന്റെ ഭാഗത്തുനിന്ന് വീണ്ടും നടത്തിയ ഓട്ടത്തിന്റെ പടമാണ് വാർത്തയുടെ ഭാഗമായത്. ഇന്ത്യയിലെ തന്നെ ആദ്യത്തെ സ്ട്രീക്കിങ് ആയിരുന്നു അത്.
 
കവി ചങ്ങമ്പുഴയുടെ പത്നി ശ്രീദേവി ചങ്ങമ്പുഴയുമായി ഇൻറർവ്യൂ നടത്തിയിട്ടുണ്ട്. കുടുംബ ജീവിതത്തിലെ അസ്വാരസ്യങ്ങളുടെ കഥകൾ പറഞ്ഞു. പിന്നീട് ചില അന്വേഷണങ്ങളിൽ നിന്നായി എനിക്ക് ഇടപ്പള്ളി രാഘവൻപിള്ളയുമായി ബന്ധപ്പെട്ട കഥകൾ കിട്ടി. പിന്നീട് എനിക്കതൊരു ഗവേഷണ വിഷയമായി മാറി. തകഴിയുടെ വീട്ടിൽ നിന്ന് കിട്ടിയ വേറെ ചില രേഖകളും ഉണ്ടായിരുന്നു. ചന്ദ്രശേഖരൻ എന്ന വ്യക്തി പറഞ്ഞ സംഭവവും ഓർക്കുന്നു.ഇടപ്പള്ളിക്കാരനായ ചന്ദ്രശേഖരന്റെ വീട്ടിൽ ഒരു രൂപയ്ക്ക് രമണൻ വിൽക്കാൻ ചങ്ങമ്പുഴ കൊണ്ട് ചെന്നപ്പോൾ അത് വായിച്ച് അദ്ദേഹം ഞെട്ടിപ്പോയി എന്നാണ് പറയുന്നത്. തൊട്ടടുത്ത വീട്ടിലെ രാഘവൻപിള്ള, കുളിച്ച് തല തുവർത്തുമ്പോൾ പാടിയിരുന്ന വരികളായിരുന്നു അവയിൽ ചിലത്. രമണനിൽ വരികൾ എങ്ങനെ വന്നു എന്ന സംശയം അയാൾ പങ്കുവയ്ക്കുകയായിരുന്നു .
 
അമ്പതു വർഷത്തെ മലയാള സിനിമയുടെ ചരിത്രം പറയുന്ന 'വെള്ളിത്തിര ' എന്ന കൃതിയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.2008ൽ വിരമിക്കുമ്പോൾ ദേശാഭിമാനി വാരാന്തപ്പതിപ്പിന്റെ എഡിറ്ററായിരുന്നു.
 
അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിനുള്ള നാര്‍ക്കോട്ടിക് കൗസില്‍ ഓഫ് ഇന്ത്യയുടെ അവാര്‍ഡ്, ചൊവ്വര പരമേശ്വരന്‍ അവാര്‍ഡ്,കെ. ദാമോദരന്‍ അവാര്‍ഡ് തുടങ്ങി നിരവധി അംഗീകാരങ്ങളും രവി കുറ്റിക്കാടിനെ തേടിയെത്തിയിട്ടുണ്ട്.
 
'കാണാപ്പുറങ്ങളിലെ നായനാര്‍', കെ.പി.എ.സി. ലളിതയുടെ ജീവിതകഥ, പത്രപ്രവര്‍ത്തക ലീലാമേനോന്റെ ആത്മകഥ, 'നിലക്കാത്ത സിംഫണി', കലാമണ്ഡലം ഹൈദരലിയുടെ പുസ്തകം, 'ഓര്‍ത്താല്‍ വിസ്മയം', കെ.പി.എ.സി. യുടെ യവനിക എന്നീ പുസ്തകങ്ങളുടെ എഡിറ്റിങ്ങ് നടത്തിയത് രവി കുറ്റിക്കാടാണ്. ' അനുഭൂതികളുടെ ചിറകില്‍' എന്ന ലേഖന സമാഹാരവും അദ്ദേഹത്തിൻെറതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 
 
ക്ലബ്‌ ഹൗസ് മീഡിയ റൂമിൽ എത്തിയ മറ്റൊരതിഥി , കേരള കൗമുദി തിരുവന്തപുരം എഡിഷനിൽ ബ്യൂറോ ചീഫായിരുന്ന പി. വി മുരുകനാണ്. 

 
ശ്രീലങ്കയിൽ തമിഴ് വംശജർക്കെതിരെ വംശീയ കലാപം രൂക്ഷമായ കാലമായിരുന്നു അത്.
തമിഴ് അറിയാമായിരുന്നതാണ് പി. വി മുരുകനെ എൽ. ടി. ടി.ഇയുടെ താവളങ്ങളിലേക്ക് എത്തിച്ചത്. മുൻ പരിചയം ഉണ്ടായിരുന്നില്ല.മൂന്നാഴ്ച അവിടെ താമസിച്ച് ബന്ധങ്ങൾ ഉണ്ടാക്കിയെടുക്കുകയായിരുന്നു. പത്രക്കാർ എന്ന് പറഞ്ഞാൽ എല്ലായിടത്തും സ്വീകാര്യത ഉണ്ടാകണമെന്നില്ല. പല വാർത്തകളും യാദൃച്ഛികമായി കിട്ടിയവയാണ്. ചാരനാണ് എന്ന് തോന്നിയാൽ അപകടമാണെന്ന് അറിയാമായിരുന്നു. മാത്രമല്ല ,അവർ തുറന്നു സംസാരിക്കുകയുമില്ല. വാർത്തയുടെ സോഴ്സുകൾ ഒരാൾക്കുമുന്നിലും
ഒരിക്കലും വെളിപ്പെടുത്തിയിട്ടില്ല. മദനിയെ വെളിപ്പെടുത്തി തന്ന പോലീസ് ഉദ്യോഗസ്ഥൻ ഇപ്പോഴുമുണ്ട്. ജോലിയിൽ നിന്നും വിരമിച്ചു ,അദ്ദേഹം. രാജേഷ് ദിവാൻ എന്ന അന്നത്തെ കൊല്ലം പോലീസ് സൂപ്രണ്ട് ചോദ്യംചെയ്യാൻ എത്തിയെങ്കിലും സോഴ്സ് വെളിപ്പെടുത്തില്ല എന്ന നിലപാടിൽ ഉറച്ചുനിന്നു.അത്തരം നിയമങ്ങൾ ഒന്നും അന്നില്ല. ഇന്നത്തെ പോലെ മൊബൈൽ കോണ്ടാക്ടിൽ നിന്ന് ചോർത്തിയെടുക്കാൻ ആകാത്തത് കൊണ്ട് ഞാൻ പിടിച്ചുനിന്നു. 
 
നിരവധി രഹസ്യ ക്യാമ്പുകൾ രാമേശ്വരം തീരത്ത് ഉണ്ടായിരുന്നു. നിരോധിക്കപ്പെട്ട സംഘടനയായി എൽ. ടി ടി.ഇ തുടരുമ്പോൾ തന്നെ അവർ തമിഴ് വംശജർക്കായി നിരവധി രഹസ്യ ക്യാമ്പുകൾ രാമേശ്വരത്ത് തുറന്നിരുന്നു. രഹസ്യമായി ഇന്ത്യ ഗവൺമെൻറ് ആയുധങ്ങൾ നൽകി സഹായിച്ചിരുന്നു എന്നതും വാസ്തവമാണ്. എന്നാലും മാധ്യമങ്ങൾക്ക് രഹസ്യമായി മാത്രമേ അത്തരം ക്യാമ്പുകളിൽ റിപ്പോർട്ടിംഗ് നടത്താൻ കഴിയുമായിരുന്നുള്ളൂ. ക്യാമ്പുകളിൽ എത്തുന്നവർ അവരെ ഒറ്റിക്കൊടുക്കാൻ പോകുന്നവരാണെന്ന തോന്നൽ ഉണ്ടായാൽ വലിയ ആപത്താണ്.
 
ഞങ്ങൾ യാത്ര ചെയ്തിരുന്ന കപ്പൽ ശ്രീലങ്കൻ നാവിക സേന തടഞ്ഞു. മുന്നോട്ടു പോകാൻ പറ്റാതെയായി. തിനാൽ ജാഫ്നയിൽ ഞങ്ങൾക്ക് എത്താൻ കഴിഞ്ഞില്ല. അവിടെ എത്തിയിരുന്നെങ്കിൽ പുലി നേതാവായിരുന്ന പ്രഭാകരനെ ഇൻറർവ്യൂ ചെയ്യാമായിരുന്നു. ഇന്ത്യ ഗവൺമെൻറ് പിന്നീട് ഭക്ഷ്യ വസ്തുക്കൾ വിമാനങ്ങളിൽ എത്തിച്ച എയർ ഡ്രോപ്പ് ചെയ്യുകയായിരുന്നു.
 
വിഷയം ഫോളോ അപ്പ് ചെയ്യാൻ കഴിഞ്ഞില്ല. രാമേശ്വരത്തും ധനുഷ്കോടിയിലും അഭയാർത്ഥികൾ വരുന്നുണ്ടെങ്കിലും വാർത്താ പ്രാധാന്യമുള്ള സംഭവങ്ങൾ അന്നത്തെപ്പോലെ ഇപ്പോഴില്ല. ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി കൊണ്ട് എത്തുന്നവരും ഇപ്പോൾ അഭയാർത്ഥികൾ ആയി എത്തുന്നുണ്ട്. ശ്രീലങ്കയ്ക്ക് ഇപ്പോൾ ഇന്ത്യയുടെയും ചൈനയുടെയും കൈത്താങ്ങ് ഉള്ളതുകൊണ്ട് തമിഴ് ഈഴം പ്രശ്നം കാര്യമായി ഉണ്ടാകുന്നില്ല. എൽ ടി ടി.ഇ യുടെ പല ഗ്രൂപ്പുകളും വിദേശത്ത് ഉണ്ട്. എന്നാൽ ശ്രീലങ്കൻ സർക്കാർ ആ പ്രശ്നത്തെ നല്ല രീതിയിൽ ഒതുക്കി കഴിഞ്ഞു എന്ന് വേണം കരുതാൻ.
 
പുലി നേതാവ് പ്രഭാകരൻ വധിക്കപ്പെടുന്നത് വരെയുള്ള ശ്രീലങ്കയുടെ ചരിത്രം എം പി സമ്പത്തുമായി ചേർന്ന് പുസ്തകരൂപത്തിൽ ആക്കാനുള്ള ശ്രമത്തിലാണ് മുരുകൻ ഇപ്പോൾ.
തമിഴ് വംശജരുടെ ഇപ്പോഴത്തെ അവസ്ഥ അടിമകളുടെതാകും എന്നാണ് കരുതുന്നത്. അവരുമായി ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല. ബി.ബി.സി പോലും ഇത്തരത്തിലുള്ള വാർത്തകൾ അന്വേഷിച്ചു പോകുന്നില്ല. പോകാനുള്ള ചെലവ് ആരെങ്കിലും ഏറ്റെടുക്കുമെങ്കിൽ പോകാൻ ഇനിയും തയ്യാറാണ്, മുരുകൻ പറഞ്ഞു. ജോലി മതിയായി എന്ന് തോന്നിയിട്ടാണ് കൗമുദി വിട്ടത്. ന്യൂസ് ബുള്ളറ്റിൽ എന്ന പേരിൽ ഒരു ഈവനിംഗ് ഡെയിലി പിന്നീട് ആരംഭിച്ചു. തിരുവനന്തപുരത്തും കൊച്ചിയിലും എഡിഷനുകൾ ഉണ്ടായിരുന്നു. സുപ്രീം കോടതി മുൻ ജസ്റ്റിസ് വി. ആർ കൃഷ്ണയ്യരാണ് പ്രകാശനം ചെയ്തത്. ചില രാഷ്ട്രീയ വിഷയങ്ങൾ കാരണം പത്രം പൂട്ടി. കെ ബാബു എക്സൈസ് വകുപ്പ് മന്ത്രി ആയിരുന്നപ്പോൾ എക്സൈസ് പോളിസിയുമായി ബന്ധപ്പെട്ട പ്രധാന വാർത്ത ബ്രേക്ക് ചെയ്തത് ഞങ്ങളായിരുന്നു. പാർട്ടിക്കെതിരെ ബാബു കേസ് കൊടുത്തു. മാത്രമല്ല പത്രത്തിന്റെ ഉടമകളെ സ്വാധീനിച്ചു. എന്നാൽ നിക്ഷേപകർ പിന്മാറി.എനിക്ക് വലിയ നഷ്ടം ഉണ്ടായി. സ്വന്തമായി ഉണ്ടായിരുന്ന പത്തു വിറ്റ് കടം തീർക്കേണ്ട പ്രതിസന്ധി വന്നു. തിരൂർ, കൊച്ചി എന്നിങ്ങനെ രണ്ട് എഡിഷനുകളിലായി ആരംഭിച്ച പത്രം. 
 
നാലുവർഷം മുമ്പ് ലോകസഭ തെരഞ്ഞെടുപ്പിന് തുടങ്ങിയ യൂട്യൂബ് ചാനൽ പാർട്ണർഷിപ്പ് തർക്കത്തെ തുടർന്ന് നിർത്തേണ്ടി വന്നു. കേരള ലിറ്ററേച്ചർ ഡോട്ട് കോം എന്ന പേരിൽ( kerala literature.com ) വെബ്സൈറ്റ് ഉണ്ട്. അത് നടത്തിക്കൊണ്ടു പോകാനുള്ള പൈസ ഗൂഗിളിൽ നിന്ന് ലഭിക്കുന്നുണ്ട്. ഗവേഷണ വിദ്യാർത്ഥികൾ ഉൾപ്പടെ നിരവധിപേർ ഉപയോഗിക്കുന്ന ഒരു സൈറ്റ് ആണ് ഇത്. 15 വർഷമായി നടത്തിക്കൊണ്ടു പോകുന്നു.
 
26 വര്‍ഷം കേരളകൗമുദിയില്‍ വിവിധതസ്തികകളില്‍ ജോലി ചെയ്തു. 2012ല്‍ രാജിവച്ച് കോളേജില്‍ അധ്യാപകനായി. ഇപ്പോള്‍ മദര്‍ തെരേസ സ്വാശ്രയകോളേജില്‍ മാസ് കമ്മ്യൂണിക്കേഷന്‍ വകുപ്പ് അധ്യക്ഷനായി പ്രവര്‍ത്തിക്കുന്നു. കലാകൗമുദിയില്‍ രാഷ്ട്രീയ ലേഖനങ്ങള്‍ എഴുതിയിരുന്നു.
 
കേരളകൗമുദി തിരുവനന്തപുരം ബ്യൂറോ ചീഫ് ആയിരുന്നു, പിരിയുമ്പോൾ. കേരളകൗമുദി ഫ്ളാഷിൻ്റെ തുടക്കം മുതൽ ജനറൽ എഡിറ്ററായിരുന്നു,ഏഴുവർഷം കൊച്ചിയിൽ യൂണിറ്റ് ചീഫ് ആയിരുന്നു..
മീഡിയ അക്കാദമിയുടെ പല ജോലികളും ചെയ്യുന്നുണ്ട്.
 
മാദ്ധ്യമപ്രവർത്തകരുടെ പുതിയ തലമുറ പഴയതുപോലെ റിസ്ക് ഏറ്റെടുക്കുന്നില്ല എന്നാണ് മുരുകന്റെ അഭിപ്രായം. . 40 വർഷം മുൻപത്തെ ജേണലിസം അല്ല ഇന്നുള്ളത്. . കഷ്ടപ്പെട്ട് ജോലി എടുത്താൽ റിസൾട്ട് ഉണ്ടാകുന്ന കാലം മാറി.
 
ഇപ്പോൾ മാധ്യമ സാന്ദ്രത കൂടുതലാണ്. മാധ്യമങ്ങൾ വളരെ കഷ്ടപ്പെട്ട് ഇൻവെസ്റ്റിഗേറ്റ് ചെയ്ത് ഒരു വിഷയം കൊണ്ടുവന്നാൽ അതിനേക്കാൾ പ്രാധാന്യത്തോടെ മറ്റൊരു മുഷിഞ്ഞ
വിഷയം സോഷ്യൽ മീഡിയയിൽ കത്തിപ്പടരുകയും പ്രധാന വിഷയം താഴെ പോകുകയും ചെയ്യും. ഗവേഷണം നടത്തി കൊണ്ടുവരുന്നതിനേക്കാൾ പ്രാധാന്യം ഒരു അബ്സർഡിറ്റിക്ക് കിട്ടുന്നുണ്ട്. അത് സാമൂഹ്യ മാധ്യമങ്ങളുടെ വരവോടെ മാദ്ധ്യമ മേഖലയിൽ വന്ന മാറ്റമാണ്. പണ്ടുള്ളത്ര സാഹസികതയെടുത്ത് കഷ്ടപ്പാടു സഹിച്ച് അന്വേഷണാത്മക പ്രവർത്തനം നടത്തുന്നത് മണ്ടത്തരമാണ്. രാജ്യന്തര തലത്തിൽ റിപ്പോർട്ടർമാരുടെ വലിയ നെറ്റ്‌വർക്ക് ഉണ്ടാക്കിയാണ് ജോസി ജോസഫ് (ദി ഹിന്ദു മുൻ സെക്യൂരിറ്റി എഡിറ്റർ )പോലുള്ള മുതിർന്ന മാധ്യമപ്രവർത്തകർ പ്രവർത്തിക്കുന്നത്. പെഗാസസ് ഉൾപ്പെടെ അന്തർദേശീയ തലത്തിൽ ശ്രദ്ധ നേടിയ പല സംഭവങ്ങളും അന്വേഷിക്കുന്നത് അമ്പ തോളം മാധ്യമ സ്ഥാപനങ്ങൾ/ സംഘടനകൾ കൈ കോർത്തുകൊണ്ടാണ്. ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റുകളുടെ ശൃംഖല ഉണ്ടാക്കി കൊണ്ടാണ് അത്തരം പ്രവർത്തനങ്ങൾ നടക്കുന്നത്. അതിന് ഫലപ്രാപ്തി ഉണ്ടാകും. പകരം, ഒരാൾ ജാഫ്നയിൽ ചെന്നിറങ്ങി ശ്രീലങ്കൻ തമിഴരുടെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ചുള്ള റിപ്പോർട്ട് തയ്യാറാക്കി വന്നാൽ ആര് പ്രസിദ്ധീകരിക്കും എന്ന ചോദ്യം പ്രസക്തമാണ്.
 
ഇപ്പോഴത്തെ തലമുറയെ കുറ്റപ്പെടുത്തേണ്ടതില്ല. റിസ്ക്, പെയിൻ എടുക്കേണ്ട കാര്യമില്ല. ആഗോളീകരണത്തിന്റെ പുതിയ തത്വം, 'കുറഞ്ഞ അധ്വാനം,പരമാവധി ലാഭം' എന്നതാണ്. ചെറിയ കഷ്ടപ്പാട് സഹിച്ച് നിരവധി കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുകയാണ് പ്രായോഗികം. വ്യക്തിപരമായ താൽപര്യം ഇന്ന് വലിയ ഘടകമല്ല.
 
മാനേജ്മെന്റിന് താല്പര്യമുള്ള റിപ്പോർട്ടുകൾ മാത്രമേ പ്രസിദ്ധീകരിക്കൂ. മുൻപ് മാനേജ്മെന്റുകൾക്ക് ബിസിനസ് താല്പര്യങ്ങൾ കുറവായിരുന്നു. കച്ചവട താൽപര്യങ്ങൾക്കും ലാഭേച്ഛക്കും അപ്പുറം സാമൂഹിക പ്രതിബദ്ധത, പത്രധർമ്മം ഇങ്ങനെയുള്ള കാര്യങ്ങളാണ് അവരെ നയിച്ചിരുന്നത്. ഏത് വിധേനയും ലാഭം ഉണ്ടാക്കുകയാണ് പുതിയ രീതി. കാലത്തിന് അനുസരിച്ച് ജോലി ചെയ്യുകയായിരിക്കും ഉചിതം. തുറന്നെഴുതാൻ മാനേജ്മെന്റിനും ഭയമുണ്ട്. ഇന്ത്യയിലെ ആദ്യത്തെ പ്രസ്സ് കമ്മീഷൻ പരസ്യത്തിന് അതിർവരമ്പ് നിശ്ചയിച്ചിരുന്നു. പത്രത്തിലെ ഇടത്തിൻറെ 40 ശതമാനത്തിൽ കൂടുതൽ പരസ്യം പത്രത്തിൽ പാടില്ല എന്നായിരുന്നു നിർദ്ദേശം. ശുപാർശ നടപ്പിലായില്ല, എങ്കിലും ഇപ്പോൾ ആ പ്രശ്നമേ ഇല്ല. കാരണം പരസ്യം തന്നെ ഇല്ല 40 ഉം 50 ഉം പേജുള്ള പത്രങ്ങൾ പോലും 16 പേജിലേക്ക് ലേക്ക് ചുരുങ്ങി.
 
 ഇപ്പോൾ ഇറങ്ങുന്ന പത്രങ്ങൾ പുതിയ തലമുറയെ ആകർഷിക്കാൻ വേണ്ടതൊന്നും കൊടുക്കുന്നില്ല. ചെറുപ്പക്കാരെ ആകർഷിക്കാവുന്ന തരത്തിൽ ഉള്ളടക്കവും ഡിസ്പ്ലേയും മാറണം. ഓൺലൈൻ എഡിഷനിൽ പോലും വിദേശ രീതി കൊണ്ടുവരുന്നില്ല. വിദേശത്ത് ഓൺലൈൻ പത്രപ്രവർത്തകർ പുതിയ പ്രവണതകൾ മനസ്സിലാക്കി കൊണ്ടാണ് ജോലി ചെയ്യുന്നത്. സാമൂഹ്യ മാദ്ധ്യമങ്ങളിൽ പുതുതലമുറയെ ആകർഷിക്കുന്ന രീതിയിൽ ശ്രദ്ധ പിടിച്ചു പറ്റുന്ന, ക്യാച്ചി ആയ, വാർത്തകൾ കൊടുക്കണം, മുരുകൻ അഭിപ്രായപ്പെട്ടു.
 
പാർട്ടി പത്രങ്ങൾക്ക് നാട്യം ഇല്ലെന്ന് രവി കുറ്റിക്കാട് സമർത്ഥിച്ചു. നിഷ്പക്ഷ പത്രങ്ങൾക്ക് പക്ഷേ, പാർട്ടിയുണ്ട്. പാർട്ടി പത്രങ്ങൾ വസ്തുതകൾ പറയുന്നുണ്ടെങ്കിൽ എന്തിന് മറ്റുപത്രങ്ങൾ തേടി പോകണം എന്ന ചോദ്യം പ്രസക്തമാണ്. കോട്ടയത്തെ ദേശാഭിമാനി യൂണിറ്റ് ഉദ്ഘാടനം ചെയ്യുന്ന വേളയിൽ മനോരമയുടെ ചീഫ് എഡിറ്റർ ആയിരുന്ന കെ.എം.മാത്യു പറഞ്ഞ കാര്യമാണ് കുറ്റിക്കാട് മറുപടിയായി പറഞ്ഞത്. താൻ ആദ്യം വായിക്കുന്നത് ദേശാഭിമാനിയാണ് എന്നാണ് കെഎം മാത്യു പറഞ്ഞത്. മറ്റുള്ളവർ എന്താണ് പറയുന്നത് എന്നറിയാനാണ് ദേശാഭിമാനി വായിക്കുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്. പാർട്ടി കാര്യങ്ങളെ മറ്റുള്ളവർ എങ്ങനെ കാണുന്നു എന്നത് അറിയാനാണ് വ്യത്യസ്ത പത്രങ്ങൾ വായിക്കുന്നത്, കുറ്റിക്കാട് പറഞ്ഞു. അടിയന്തരാവസ്ഥക്കാലത്തിനുശേഷം ദേശാഭിമാനി വടക്കേ ഇന്ത്യൻ വാർത്തകൾക്ക്, പ്രത്യേകിച്ച് ദേശീയ വാർത്തകൾക്ക് പ്രാധാന്യം കൊടുത്തിരുന്നു. അത് വായിക്കാൻ കൂടുതൽ വായനക്കാർ ഉണ്ടായിരുന്നു.
 
ഇപ്പോൾ പാർട്ടിക്കാർ പോലും പത്രം വായിക്കുന്നില്ല എന്ന സംശയം ചർച്ചയിൽ ഉയർന്നു.
കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പത്രം എന്തുകൊണ്ട് ഏറ്റവും സർക്കുലേഷൻ കൂടിയ പത്രം ആകുന്നില്ല? കുറ്റിക്കാടിന്റെ മറുപടി, പത്രം വാങ്ങാൻ സാമ്പത്തികശേഷിയില്ലാത്തവർ പാർട്ടിയിൽ ഇപ്പോഴുമുണ്ട് എന്നായിരുന്നു. പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിൽ . വായ്പയെടുത്ത് ഒരു വർഷത്തെ സബ്സ്ക്രിപ്ഷൻ എടുത്ത് ദേശാഭിമാനി പത്രം വാങ്ങിക്കുന്ന ചുമട്ട് തൊഴിലാളികൾ ഉണ്ട്, പാർട്ടിയിൽ.
 
പാർട്ടി പോലും പരസ്യം ചെയ്യുന്നത് കൂടുതൽ പേർ വായിക്കുന്ന കൂടുതൽ റീച്ചുള്ള സർക്കുലേഷൻ കൂടിയ പത്രങ്ങളിലാണ് എന്ന ആരോപണവും ചർച്ചയിൽ ഉയർന്നുവന്നു.സത്യത്തിനു നിരക്കുന്ന പ്രവർത്തനം മാധ്യമപ്രവർത്തകന് പാർട്ടി പത്രത്തിൽ ചെയ്യാൻ കഴിയുമോ എന്ന ചോദ്യം ഉന്നയിക്കപ്പെട്ടു. വാർത്തകൾ എല്ലാം സത്യസന്ധമായി തന്നെയാണ് കൊടുക്കുന്നത്, കുറ്റിക്കാട് പറഞ്ഞു.
 
ലഭ്യമായ ഏറ്റവും ശരിയായ വ്യാഖ്യാനം നൽകുകയും ചെയ്യുന്നു. കെ.എം മാത്യു ഒരിക്കൽ ഇ.എം.എസ്
നമ്പൂതിരിപ്പാടിനോട് പറഞ്ഞു, ഞങ്ങൾ ബൂർഷ്വാ പത്രങ്ങൾ ചെയ്യുന്ന കാര്യം നിങ്ങളും ചെയ്യുന്നു. പള്ളിപ്പെരുന്നാളിന്റെ വാർത്ത ഞങ്ങൾ കൊടുക്കുന്നതുപോലെ നിങ്ങളും കൊടുക്കുന്നു. ഇഎംഎസിന്റെ മറുപടി ഇങ്ങനെ, ' ജനങ്ങൾക്ക് അന്യമല്ലാത്തതൊന്നും ഞങ്ങൾക്കും അന്യമല്ല. ഉത്സവം കാണാൻ പോകുന്നവനും അയാളുടെ വാർത്ത പത്രത്തിൽ വരണം എന്ന് ആഗ്രഹിക്കുന്നുണ്ട്.'
 
ഡി. പ്രദീപ്‌ കുമാർ, കെ. ഹേമലത എന്നിവർ പരിപാടിയിൽ മോഡറേറ്റർമാരായി.
ഈ പരിപാടിയുടെ ശബ്ദലേഖനം മീഡിയ വേവ്സ് യൂട്യൂബ് ചാനലിലുണ്ട് :https://youtu.be/PeGSYXWlMtM

 

ചരിത്രസാക്ഷികൾ-9:എൻ.അശോകൻ,ജോർജ്ജ് ജോസഫ്

ക്ളബ്‌ഹൗസ് മീഡിയ റൂമിൽ മുതിർന്ന മാധ്യമപ്രവർത്തകരുടെ അനുഭവങ്ങളും വീക്ഷണങ്ങളും പങ്കുവയ്ക്കുന്ന 'ചരിത്രസാക്ഷികൾ'പരമ്പരയുടെ ഒൻപതാം ഭാഗത്തിൽ (2023 ഫെബ്രുവരി 25) അതിഥികളായെത്തിയത്, മാതൃഭൂമി ഡൽഹി പ്രത്യേക പ്രതിനിധി എൻ. അശോകൻ, ബിസിനസ്‌
സ്റ്റാൻഡേർഡ് മുൻ കേരള ഹെഡ് ജോർജ് ജോസഫ് എന്നിവരാണ്.
 
നൂറാം പിറന്നാൾ ആഘോഷിക്കുന്ന മാതൃഭൂമിയിൽ അശോകൻ ജോലിയിൽ ചേർന്നിട്ട് 53 വർഷമായി. "തൊഴിൽ ആരംഭിച്ച സ്ഥാപനത്തിൽ അരനൂറ്റാണ്ടിനപ്പുറവും പ്രവർത്തിക്കാൻ കഴിയുന്നത് ഭാഗ്യമായി കരുതുന്നു" എന്ന് പറഞ്ഞാണ് അശോകൻ സംസാരം ആരംഭിച്ചത്.

 
കോളേജ് വിട്ടശേഷം ലൈനർ ആയിട്ടാണ് 1969ൽ മാതൃഭൂമിയിൽ പ്രവേശിക്കുന്നത്.
'77ൽ സ്റ്റാഫ് റിപ്പോർട്ടറും രണ്ടുവർഷത്തിനകം പാലക്കാട് കറസ്പോൻഡന്റായി.മാതൃഭൂമി സ്റ്റഡി സർക്കിൾ രൂപീകരിക്കാൻകേരളത്തിലെ എല്ലാ ജില്ലകളിലും പോയി.സത്യൻ അന്തിക്കാട് അടക്കം സാഹിത്യ- രാഷ്ട്രീയ മേഖലകളിൽ പ്രസിദ്ധരായവർ പരിപാടികൾ കോർഡിനേറ്റ് ചെയ്തു.
 
രണ്ടു കൊല്ലത്തെ ട്രെയിനിങ്ങിനു ശേഷം സബ് എഡിറ്ററായി. എം.എൻ കാരശ്ശേരി, അന്തരിച്ച സി.എച്ച് ഹരിദാസ് തുടങ്ങിയവരെക്കൂടാതെ ഇപ്പോഴത്തെ മാതൃഭൂമി എക്സിക്യൂടീവ് എഡിറ്ററായ വി.രവീന്ദ്രനാഥും ഒപ്പമുണ്ടായിരുന്നു.മാതൃഭൂമിയുടെ പാലക്കാട്, തിരുവനന്തപുരം, ഡൽഹി ബ്യൂറോകളിൽ പ്രവർത്തിച്ചു.
 
78 ൽ ഇന്ദിരാഗാന്ധി മത്സരിച്ച ചിക്മഗ്ളൂർ ഇലക്ഷൻ. അന്ന് ജനതാ പാർട്ടി സ്ഥാനാർത്ഥിയായിരുന്ന വീരേന്ദ്ര പാട്ടീലിന്റെ പ്രധാന ഏജന്റായി പ്രവർത്തിച്ചത് പിന്നീട് കേന്ദ്ര മന്ത്രിയായ ജോർജ് ഫെർണാണ്ടസ് ആയിരുന്നു.'78ൽ ൽ റായ്ബറേലിയിൽ തോറ്റ ഇന്ദിരയെ പാർലമെൻറ് അംഗമാക്കാൻ ചിക്മഗ്ലൂരിലെ കോൺഗ്രസ് എം.പി സ്വന്തം സ്ഥാനം രാജി വെച്ചിട്ടാണ് അവരെ മത്സരിപ്പിച്ചത്. പാ ട്ടീലിന് വേണ്ടി വലിയ പ്രചാരണം നടത്തിയെങ്കിലും ഇന്ദിരാഗാന്ധി 77,000 വോട്ടിന് ജയിച്ചു .
ഇതായിരുന്നു ആദ്യ ബ്രേക്കിംഗ് സ്റ്റോറി.
 
1981ൽ ഡൽഹിയിലേക്കയച്ചു. 1982 ൽ ഇന്ദിരാഗാന്ധിയ്ക്കൊപ്പം മോസ്കോയിലേക്കു പോകാൻ കഴിഞ്ഞു. പ്രധാനമന്ത്രിയും പ്രസിഡന്റും പോകുന്ന യാത്രയ്ക്കൊപ്പം നിരവധി പേർ പോകാറുണ്ട്. പക്ഷേ ആറ് പേർ മാത്രം പോയ യാത്രയിൽ ഒരാളാകാൻ കഴിഞ്ഞു. സഹായിച്ചത് മാതൃഭൂമിയുടെ അന്നത്തെ ചീഫ് എഡിറ്ററായിരുന്ന വി.പി രാമചന്ദ്രനാണ്. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായിരുന്നു, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി. ആദ്യ വിദേശയാത്രയും വിമാനയാത്രയും അതായിരുന്നു. ഇൻഫർമേഷൻ ബ്യൂറോയുടെ അക്രെഡിറ്റേഷനും പാസ്പോർട്ടും നാലഞ്ചു ദിവസം കൊണ്ടാണ് ശരിയായത്.പിന്നീട് ഒരുപാട് വിദേശയാത്രകൾ പ്രധാനമന്ത്രിയുടേയും പ്രസിഡന്റിന്റെയും ഒപ്പം നടത്തി.
 
യാത്രയിൽ ഹോട്ടൽ ചെലവ് പത്രക്കാർ വഹിക്കണം.പ്രധാനമന്ത്രിയുടെ കൂടെ പോകുമ്പോൾ ഫ്ലൈറ്റ് ചാർജ് മാത്രമാണ് പത്രക്കാർ കൊടുക്കേണ്ടതില്ലാത്തത്. വിമാനത്തിൽ കയറിയ ഉടൻ ഇന്ദിരാഗാന്ധി ഓരോരുത്തരെയായി പരിചയപ്പെടും.പ്രധാനമന്ത്രിമാരിൽ അവരെ മാത്രമേ അങ്ങനെ കണ്ടിട്ടുള്ളൂ. യു.എൻ.ഐ , പി.ടി.ഐ ഏജൻസികളുടെ മേധാവികൾ, ഓൾ ഇന്ത്യ റേഡിയോ ഡയറക്ടർ, രാജസ്ഥാൻ പത്രികയുടെ എം.ഡി തുടങ്ങി നിരവധിപേർ ഒപ്പമുണ്ടായിരുന്നു. "എന്നെ പ്രധാനമന്ത്രിക്ക് പരിചയം ഉണ്ടായിരുന്നില്ല. പക്ഷേ മാതൃഭൂമി പത്രാധിപർ ആയിരുന്ന കെ.പി കേശവമേനോനെ നന്നായിട്ടറിയാം. മാതൃഭൂമിയാണ് നെഹ്റുവിന്റെ എല്ലാ പുസ്തകങ്ങളും മലയാളത്തിലേക്ക് തർജ്ജമ ചെയ്തിട്ടുള്ളത്.മാതൃഭൂമി പ്രസിദ്ധീകരിച്ച,'ഒരച്ഛൻ മകൾക്കയച്ച കത്തുകൾ 'എന്ന പുസ്തകത്തിന്റെ
കോപ്പി അവർക്ക് കൊടുത്തു".
 
പ്രധാനമന്ത്രി എ. ബി വാജ്പേയ്ക്കൊപ്പം എട്ട് യാത്രകളിൽ കൂടെ പോയി. ഫ്ലൈറ്റിൽ ഓരോ പത്രക്കാരെയും അദ്ദേഹം സംസാരിക്കാൻ വിളിച്ചു.കുറിപ്പെടുക്കാൻ പാടില്ല എന്ന നിർദ്ദേശം ഉണ്ടായിരുന്നു. അതിനുശേഷം റിപ്പോർട്ട് ആക്കി.
 
ദേശീയ രാഷ്ട്രീയത്തിലെ പ്രധാന സംഭവങ്ങൾക്ക് സാക്ഷിയാകാൻ കഴിഞ്ഞു.ഇന്ദിരാഗാന്ധി വധം, സിക്കുകാർക്കെതിരെ കലാപം, ഗുജറാത്ത് വംശീയ ലഹള,അയോദ്ധ്യാപ്രശ്നം,ബാബറി മസ്ജിദ് തകർക്കപ്പെട്ടശേഷമുള്ള രാഷ്ട്രീയസംഭവവികാസങ്ങൾ , കാർഗിൽ യുദ്ധം, '91 ലെ ഭൗമ ഉച്ചകോടി തുടങ്ങി ഇന്ത്യയുടെ ചരിത്രനിർമ്മിതിക്ക് വിഷയമായ പല സംഭവങ്ങളും നേരിട്ട് കാണാനും എഴുതാനും കഴിഞ്ഞു.
 
ഒട്ടേറെ അന്തർദ്ദേശീയ സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.സുവർണ്ണ ക്ഷേത്രത്തിൽ
സിഖ് തീവ്രവാദികൾ പ്രവേശിച്ചതിനെത്തുടർന്ന് പഞ്ചാബിൽ വ്യാപിച്ച തീവ്രവാദ പ്രവർത്തനങ്ങളും അകാലിരാഷ്ട്രം സ്ഥാപിക്കുകയെന്ന ചിന്തയുടെ പിൻബലത്തോടെയണ്ടായ സംഭവവികാസങ്ങളും അമർച്ചചെയ്യാൻ ഇന്ദിരയെടുത്ത നടപടികൾ തീവ്രവാദികളെയും നേതാവായ ബിന്ദ്രൻ വാലയെയും കൊല ചെയ്യുന്നതിലേക്കെത്തി. 
 
ഇന്ദിരയ്ക്ക് വെടിയേറ്റ ദിവസം മാതൃഭൂമിക്കുവേണ്ടി ചണ്ഡിഗറിൽ പോയിരിക്കുകയായിരുന്നു. റേഡിയോയിലാണ് , ഇന്ദിര കൊല്ലപ്പെട്ട വാർത്തകേട്ടത് . പൊതുവേ ഹിന്ദുക്കൾക്ക് സിഖുകാരോട് അകൽച്ചയുണ്ടായിരുന്നു. ഇന്ദിര മരിച്ചതോടെ ശക്തമായ സിഖ് വിരുദ്ധ റിയാക്ഷൻ ഉണ്ടായി. ഒരുപാടാളുകൾ കൊല്ലപ്പെട്ടു.ദില്ലിയിൽ പാലിക ബസാറിലെ നിരവധി കടകൾ കൊള്ള ചെയ്തു. ഡൽഹിയിലെ മറക്കാനാകാത്ത അനുഭവങ്ങളിലൊന്ന് തന്നെയാണ്.
 
ബാബറി മസ്ജിദിൽ അയോദ്ധ്യാ ക്ഷേത്രത്തിന്റെ ശിലാസ്ഥാപനച്ചടങ്ങു നടക്കുമ്പോൾ ബൂട്ടാസിംഗ് ആയിരുന്നു ഉത്തർപ്രദേശ് മുഖ്യമന്ത്രി.എൻ.ഡി തിവാരിയാണ് ശിലാന്യാസത്തിന് നേതൃത്വം കൊടുത്തിരുന്നത്. ബുർഖ ധരിച്ച സ്ത്രീകൾ നടക്കുന്നത് എന്തെന്നറിയാതെ നോക്കി നിൽക്കുന്നു. രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനം രാജീവ് ഗാന്ധി അനുവദിച്ചതിനാൽ മുസ്‌ലിംകൾ കോൺഗ്രസിന് എതിരായി. ശിലാസ്ഥാപനം കഴിഞ്ഞു ക്ഷേത്രം കെട്ടാൻ സമ്മതിക്കാ ത്തതിനാൽ ഹിന്ദുക്കളും എതിരായി. രണ്ട് കൂട്ടരും നഷ്ടപ്പെട്ട അവസ്ഥയായി കോൺഗ്രസിന്. അയോധ്യ പ്രക്ഷോഭം വളരുന്നതിനനുസരിച്ച് കോൺഗ്രസ് തളർന്നു. 
 
നരസിംഹറാവുവിന്റെ കാലത്താണ് ബാബരി മസ്ജിദ് പൊളിക്കപ്പെട്ടത്. അക്കാര്യത്തിൽ നരസിംഹ റാവുവിന്റെ പ്രസ്താവന ഇപ്രകാരം ആയിരുന്നു. "I can fight BJP. But I cannot fight Rama".(എനിക്ക് ബി. ജെ. പി യെ എതിർക്കാം, പക്ഷേ രാമനെ എതിർക്കാനാകില്ല).
കല്യാൺ സിംഗ് ഗവൺമെൻറ് ആണ് യു.പി ഭരിക്കുന്നത്. കല്യാൺ സിംഗ് കോടതിയിൽ സ്റ്റേറ്റ്മെൻറ് കൊടുത്തിട്ടുണ്ടായിരുന്നെങ്കിലും കല്യാൺ സിംഗിന്റെ മൗനാനുവാദത്തോടെ തന്നെയാണ് പൊളിച്ചത്. ബി.ജെ.പിക്കാർ തർക്കമന്ദിരം എന്നാണ് പറഞ്ഞിരുന്നത്.പലരും ബി.ജെ.പിയെ പേടിച്ച് ബാബരി മസ്ജിദ് എന്ന് പറയാതെ തർക്കമന്ദിരം എന്ന് തന്നെയാണ് പറഞ്ഞിരുന്നത്. എന്നാലും ബാബരി മസ്ജിദ് ആണ് പൊളിക്കപ്പെട്ടത്.
 
വാർത്ത കവർ ചെയ്യുമ്പോൾ മനസ്സിൽ തങ്ങിനിൽക്കുന്ന ദൃശ്യങ്ങൾ നിരവധിയുണ്ട്. ഇന്ദിര ഗാന്ധിയുമൊത്ത് മോസ്കോയിൽ പോയത് 1982 സെപ്റ്റംബറിൽ ആണ്. നല്ല തണുപ്പുള്ള സമയത്താണ് ഇന്ദിര യോടൊപ്പം റഷ്യയിൽ ഇറങ്ങിയത്.അന്ന് റഷ്യയിൽ പ്രസിഡൻറ് ബ്രഷ്നേവ് ആണ് അധികാരത്തിൽ. അദ്ദേഹം അവശനിലയിൽ ആയിരുന്നു.എന്നിട്ടും അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ വിമാനത്തവളത്തിലെത്തി. കാലിൽ ചക്രം വച്ചപോലെ നടന്നാണ് ഇന്ദിരയെയെ സ്വീകരിക്കാൻ അദ്ദേഹം എത്തിയത്. സോവിയറ്റ് യൂണിയൻ പ്രസിഡൻറ് ഇന്ത്യൻ പ്രധാനമന്ത്രിയെ എത്രമാത്രം കണക്കിലെടുക്കുന്നു എന്നതാണ് അവശനിലയിലായ പ്രസിഡൻറ് തന്നെ ഇന്ത്യൻ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ എത്തിയ സംഭവം സൂചിപ്പിക്കുന്നത്. സന്ദർശനം കഴിഞ്ഞ് മൂന്നുമാസത്തിനകം അദ്ദേഹം മരിക്കുകയും ചെയ്തു.
 
റഷ്യൻ പ്രസിഡന്റിന് എയർപോർട്ടിൽ വരേണ്ട കാര്യമില്ല. തലസ്ഥാനമായ ക്രംലിനിലിരുന്ന് ചർച്ചകളിലും മറ്റും പങ്കെടുക്കുക മാത്രമാണ് സാധാരണ ചെയ്യുന്നത്. പക്ഷേ റഷ്യ അന്ന് സോവിയറ്റ് യൂണിയൻ ആണ്. ഇന്ത്യയെ വലിയ കാര്യമാണ് അവർക്ക്. നെഹ്റുവിനേക്കാൾ അടുത്തുപ്രവർത്തിച്ച നേതാവായിരുന്നു, അവർക്ക് ഇന്ദിര. അത്രയും വിലമതിച്ചിരുന്നു, ഇന്ത്യയുമായുള്ള സൗഹൃദം. ഭീമാകാരനായ ബ്രഷ് നേവ് ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിക്ക്‌ നൽകിയ സ്വീകരണം, ആ കാഴ്ച,
അന്നത്തെ ദൃശ്യങ്ങൾ, എല്ലാം ഇപ്പോഴും മനസ്സിൽതങ്ങി നിൽക്കുന്നു.
 
വി.പി സിംഗ്,ചന്ദ്രശേഖർ, നരസിംഹറാവു,ഇങ്ങനെ പല പ്രധാനമന്ത്രിമാർ വന്നു.
1991 ലെ തെരഞ്ഞെടുപ്പിൽ നരസിംഹറാവു ആരോഗ്യപ്രശ്നങ്ങൾ കാരണം മത്സരിച്ചിരുന്നില്ല.
എ.ഐ.സി.സി പ്രസിഡന്റായി റാവു മത്സരിക്കുന്ന സമയത്ത് പ്രവർത്തനസമിതി മെമ്പർ മാർഗരറ്റ് ആൽവയും രാജീവിന്റെ സെക്രട്ടറിയായിരുന്ന ആർ.കെ ധവാനും താങ്ങി പിടിച്ചാണ് അദ്ദേഹത്തെ സീറ്റിൽ ഇരുത്തുന്നത്.
 
"എന്നാൽ പ്രധാനമന്ത്രി ആയതിനുശേഷം കൂടുതൽ ആരോഗ്യവാനായതാണ് കണ്ടത്. ആരും പിടിക്കാതെ നടക്കും".നല്ല പ്രായമുള്ള സമയത്താണ് അദ്ദേഹം പ്രധാനമന്ത്രിയായത്. റാവു അധികാരത്തിൽ വരുമ്പോൾ ഇന്ത്യ കടത്തിൽ മുങ്ങിയിരിക്കുകയാണ്. നിക്ഷേപത്തിലുള്ള സ്വർണം പണയം വച്ചിരിക്കുകയായിരുന്നു. അത് തിരിച്ചെടുത്തു .അദ്ദേഹത്തിന്റെ ധനകാര്യ മന്ത്രിയായിരുന്ന സാമ്പത്തിക വിദഗ്ധൻ ഡോക്ടർ മൻമോഹൻ സിങ്ങാണ് സാമ്പത്തിക ഉദാരീകരണം കൊണ്ടുവന്നത്.
ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് തുടക്കമിട്ട ത് നരസിംഹറാവു തന്നെയാണ്. 
 
വ്യവസായം തുടങ്ങാനുള്ള ലൈസൻസ്, പെർമിറ്റ് എന്നിങ്ങനെ കുറെ കാര്യങ്ങൾ എടുത്തു കളഞ്ഞതടക്കം സാമ്പത്തിക പ്രവർത്തനങ്ങൾ സുഗമമാക്കുന്ന പല നടപടികളും അദ്ദേഹം നടപ്പിലാക്കി. സൂത്രശാലിയും ബുദ്ധിമാനുമായിരുന്നു നരസിംഹറാവു. 
 
18 ഭാഷകൾ അറിയാവുന്ന ബഹുഭാഷാപണ്ഡിതൻ കൂടി ആയിരുന്നു ആറുകൊല്ലം
നിർമ്മമനായി ഭരിച്ച നരസിംഹറാവു.അയോദ്ധ്യയിലെ ഗോദ്രയിൽ നിന്നുവന്ന കർസേവകർ വന്ന ട്രെയിൻ കത്തിച്ചതിനെത്തുടർന്നുണ്ടായ ഗുജറാത്ത് സംഘർഷം റിപ്പോർട്ട്‌ ചെയ്തു.
ട്രെയിൻ കത്തിച്ചത് മുസ്ലിമുകൾ ആണെന്ന പ്രചരണം ഹിന്ദു- മുസ്ലിം സംഘർഷത്തിന് വഴിതുറന്നു. മുസ്ലിം പള്ളികൾ കത്തിച്ചു. പോലീസിന് ഒന്നും ചെയ്യാനായില്ല. കലാപം ഒന്നു രണ്ടാഴ്ചകൾക്കകം കെട്ടടങ്ങിയെങ്കിലും അന്തരീക്ഷം ശാന്തമായില്ല. ഗോദ്രയിലെ തീവെപ്പ് ഹിന്ദു മുസ്ലിം ബന്ധത്തിൽ വലിയ അകൽച്ച ഉണ്ടാക്കി.
 
1990ല്‍ നടന്ന കുവൈറ്റ് -ഇറാഖ് യുദ്ധവും കാർഗിൽ യുദ്ധവും റിപ്പോർട്ട്‌ ചെയ്യാൻ കഴിഞ്ഞു.
ഇപ്പോഴത്തെ പ്രധാനമന്ത്രി പത്രസമ്മേളനം നടത്തുന്നില്ല,യാത്രയിൽ പത്രക്കാരെ കൊണ്ടുപോകുന്നില്ല.
ആദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി അമേരിക്കയിൽ പോയപ്പോൾ മഡിസൻ ഗാർഡനിൽ നടന്ന ചടങ്ങുകളും പ്രസംഗവും റിപ്പോർട്ട്‌ ചെയ്യാൻ മാതൃഭൂമിയുടെ ചെലവിൽ പോയി.
 
ദേശീയ രാഷ്ട്രീയത്തിൽ ഓർക്കപ്പെടേണ്ടത് മണ്ഡൽ കമ്മീഷൻ റിപ്പോർട്ട്‌ ആണ്. മണ്ഡൽ വന്നതോടെ രാഷ്ട്രീയത്തിന് പ്രത്യേക മാനം കൈവന്നു. ജാതി സംവരണത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയുടെ ഹിന്ദി ഹാർട്ട് ലാൻഡിൽ , അതായത് യു.പി, ബീഹാർ, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലും തെക്കേ ഇന്ത്യയിൽ കർണാടക, ഒറീസ എന്നിവിടങ്ങളിലും അവഗണിക്കപ്പെട്ടിരുന്ന പിന്നോക്ക വിഭാഗത്തിന്റെ രാഷ്ട്രീയ വളർച്ച തുടങ്ങുന്നത്. ഇതോടെയാണ്.
 
ഇതിനെ നേരിടാനാണ് പിന്നീട് മന്ദിർ രാഷ്ട്രീയം വന്നത്. ആ രാഷ്ട്രീയ തന്ത്രമാണിപ്പോൾ വിജയിച്ചു നിൽക്കുന്നത്.ബി.ജെ.പി രണ്ടുതവണ തുടർച്ചയായി അധികാരത്തിലെത്തിയത് മന്ദിർ രാഷ്ട്രീയം സൃഷ്ടിച്ച ഗതിമാറ്റമാണ്.
 
വികസനം സംബന്ധിച്ച് ഹൈവോൾട്ടേജ് വാർത്തകൾ ഗവൺമെൻറ് വലിയ തോതിൽ പുറത്തേക്കു വിടുന്നുണ്ട്. വികസനം, പദ്ധതി പ്രഖ്യാപനങ്ങൾ എന്നിങ്ങനെ തള്ള് വാർത്തകളാണ് വരുന്നത്. അവയെ വിശദീകരിക്കാനോ വിമർശിക്കാനോ അവസരങ്ങളില്ല. വിമർശിക്കാൻ ഭയം പോലെയാണ്.വാർത്തകൾ സർക്കാറിന്റെ സ്തുതിഗീതങ്ങൾ ആയി മാറുന്നു.
 
ലോകസഭ റിപ്പോർട്ട്‌ ചെയ്യാൻ മാധ്യമപ്രവർത്തകരെ നറുക്കിട്ടാണ് തെരെഞ്ഞെടുക്കുന്നത്. ലോകസഭ സമ്മേളിക്കുന്ന എല്ലാ ദിവസവും എല്ലാ പത്രക്കാർക്കും അവിടെ കയറാൻ ഇപ്പോൾ കഴിയില്ല. രണ്ടുദിവസം മനോരമ, ഒരു ദിവസം ദീപിക, പിന്നെ മാതൃഭൂമി എന്നിങ്ങനെ പങ്കിട്ടെടുക്കും.
ദേശീയ രാഷ്ട്രീയത്തെ ഇപ്പോൾ മാധ്യമങ്ങൾ അവഗണിക്കുന്നു. അപഗ്രഥനങ്ങളും വിശകലനങ്ങളും ഉണ്ടാകുന്നില്ല. 
 
ഡൽഹിയിൽ നിന്നുള്ള വാർത്തകൾ പലതും മലയാള പത്രങ്ങളിൽ കാണുന്നില്ല. പങ്കെടുക്കുന്ന പാർലമെ ന്റ് അംഗങ്ങളുടെ പ്രസംഗങ്ങൾ ദേശീയ പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. പക്ഷേ പ്രാദേശിക പത്രങ്ങൾ അപൂർവമായി മാത്രമാണ് ഈ റിപ്പോർട്ടുകൾ കൊടുക്കുന്നത്. പാർട്ടി പത്രങ്ങൾ സ്വന്തം നേതാക്കളുടെ വാർത്തകൾ കൊടുക്കാറുണ്ട്. ആവർത്തനങ്ങളായി മാറുന്ന പല ചർച്ചകളും മാധ്യമങ്ങൾ വിട്ടുകളയുന്നുണ്ടായിരിക്കാം. ഫോക്കസ് ചെയ്യപ്പെടേണ്ട ചില വാർത്തകളും ഇതിനിടയിൽ
വിട്ടു പോകുന്നു.
 
ദേശീയ വാർത്തകളും വിമർശനങ്ങളും മാദ്ധ്യമങ്ങളിൽ വരാതിരിക്കുക എന്നതാണ് സർക്കാറിന്റെ താല്പര്യം. അതാണ് പാർലമെൻറ് കവർ ചെയ്യാൻ പറ്റാതെ പോകുന്നതും.
 
രാഷ്ട്രീയത്തിൽ മുങ്ങിപ്പോകുന്ന വാർത്തകൾ ജനം വായിക്കുന്നില്ല. വ്യാഖ്യാനാത്മകമായ വാർത്തകൾ കുറയുന്നു. ചില പത്രങ്ങൾ സ്റ്റേറ്റ്മെന്റുകൾ മതിയെന്ന് തീരുമാനിക്കുന്നു. എഡിറ്റർമാരുടെ തീരുമാനങ്ങൾ പത്രത്തിന്റെ പോളിസി തീരുമാനങ്ങളാകണമെന്നില്ല.
 
സർക്കാർ ഇപ്പോഴൊരു ഡിറ്റക്ടോറിയൽ റോൾ ആണ് എടുത്തിട്ടുള്ളത് ഗവൺമെൻറ് ഡിക്റ്റേറ്റ് ചെയ്യുന്നു, പത്രക്കാർ അനുസരിക്കുന്നു. പത്രക്കാർക്ക് വലിയ റോളൊന്നുമില്ല. കടുത്ത നിയന്ത്രണങ്ങൾക്ക് മാനേജ്മെന്റുകൾ നിർബന്ധിതമാകുന്നു. പല വാർത്തകളും മൂടി വയ്ക്കേണ്ടി വരുന്നു. വാർത്തകൾ എഴുതാൻ കഴിയാത്ത സാഹചര്യങ്ങൾ ഉണ്ടാകുന്നു. നിലനിൽപ്പിന്റെ പ്രശ്നമാണ്. സാമ്പത്തികവും ഒരു ഘടകമാണ്.
 
ഒരു പരിധി വരെ ഇന്ദിരാഗാന്ധി ബുദ്ധിയില്ലാത്ത ആളായിരുന്നു എന്ന് ഇന്നത്തെ സ്ഥിതി വച്ചുനോക്കുമ്പോൾ ചിന്തിക്കേണ്ടി വരും. സെൻസർഷിപ്പ് ഏർപ്പെടുത്തി, പത്രങ്ങൾക്കെതിരെ പത്രമാരണ നിയമം ഉപയോഗിച്ച് ഭീകരജീവി പരിവേഷം കാട്ടി. ഇന്ന് പക്ഷേ ഒരു പത്രങ്ങളെയും നിയന്ത്രിക്കുന്നില്ല. ഒരുതരത്തിലുള്ള നടപടികളും സെൻസർഷിപ്പുമില്ല. അവനവന് പറ്റിയ ആളുകളെ കൊണ്ട് മാധ്യമത്തെ വിലയ്ക്കെടുക്കുന്നു. കൂടുതൽ മുട്ടുമടക്കിയാണ് ഇന്ന് മാധ്യമങ്ങൾ നിൽക്കുന്നത്. 
 
മാനേജ്മെൻറ് ഉടമസ്ഥന്റെ താല്പര്യം എങ്ങനെയാണെന്ന് നോക്കി നടപ്പിലാക്കുന്നു. താത്പര്യങ്ങൾക്കെതിരെ വാർത്ത കൊടുത്താലുള്ള സ്ഥിതി എന്താണെന്നവർക്കറിയാം.
നിയമസഭാ,പാർലമെൻറ് റിപ്പോർട്ടിംഗിന് പകരം ആന,പുലി ഒട്ടകം തുടങ്ങിയ കാര്യങ്ങൾ. അക്രമസംഭവങ്ങൾ വാർത്തയാകുമ്പോൾ സഭാവാർത്തകൾക്ക് സ്ഥലം തികയാതെ വരുന്നു.
 
കേരളത്തിലെ മുതിർന്ന രാഷ്ട്രീയ നേതാക്കളായ കെ. കരുണാകരൻ,എ. കെ ആൻറണി, വയലാർ രവി തുടങ്ങിയവർ ഡൽഹിയിലുള്ളപ്പോൾ പത്രപ്രവർത്തകർക്ക് അവരോട് ഇടപെടാനും കാര്യങ്ങൾ ചോദിക്കാനും ഉള്ള അവസരങ്ങളുണ്ടാകാറുണ്ട്. കരുണാകരൻ സമ്മേളനങ്ങളിൽ എന്തും ചോദിക്കാനുള്ള സ്വാതന്ത്ര്യം നൽകാറുണ്ട്. എ. കെ ആൻറണി പ്ലാൻ ചെയ്ത് തയ്യാറെടുപ്പോടെയാണ് വരിക.അദ്ദേഹത്തിന് പറയാനുള്ളതല്ലാതെ അപ്പുറത്തേക്ക് ഒന്നും ചോദിക്കാൻ കഴിയില്ല.വയലാർ രവി സംസാരിക്കുന്ന ആളാണ്. സൗഹാർദ്ദ പൂർവ്വം പെരുമാറും. വീട്ടിലേക്ക് ഭക്ഷണത്തിനു ക്ഷണിക്കും, യാത്രകളിൽ കൂടെ കൊണ്ടുപോകും. പത്രക്കാരുമായി നന്നായി തന്നെ ബന്ധപ്പെട്ട ആളാണ് ഉമ്മൻ ചാണ്ടി.
 
ഇവരെല്ലാം തുറന്നു സംസാരിക്കും. ഉദ്യോഗസ്ഥരാണ് പല വാർത്തകളുടെയും സോഴ്സ്. കോൺഗ്രസിന്റെ കാലത്തും മോഡിയുടേതുപോലെ വിവരങ്ങൾ പലപ്പോഴും ചെറിയ കോക്കസുകളിൽ നിന്നാണ് അറിയക.
 
വി.കെ മാധവൻകുട്ടി, ടി.വി.ആർ ഷേണായി ഒക്കെ ഉണ്ടായിരുന്ന സ്വതന്ത്രമായ അക്കാലത്ത് പാർലമെൻറിൽ പോകാൻ പാസു പോലും വേണ്ട. ഇപ്പോൾ പാർലമെൻറ് ഗേറ്റ് കടക്കാൻ പാസ്സ് ഉണ്ടെങ്കിൽപോലും പറ്റില്ല. സെൻട്രൽ ഹാളിൽ പാസ് ഉണ്ടായിരുന്നിട്ടും കയറാൻ കഴിയാത്ത സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. പാർലമെൻറ് അംഗങ്ങൾക്ക് മാത്രമേ പോകാൻ കഴിയൂ. സെൻട്രൽ ഹാളിൽ പത്രക്കാർക്ക് പ്രവേശനമില്ല. വേണമെങ്കിൽ പെർമിഷൻ പ്രത്യേകം എടുക്കണം.
മാധ്യമപ്രവർത്തകർക്ക് പോലും പാർലമെന്റ് റിപ്പോർട്ട് ചെയ്യാൻ നിയന്ത്രണമുണ്ട് എന്ന കാര്യം ചർച്ചയായിട്ടില്ല. ജോൺ ബ്രിട്ടാസ് എം. പി പാർലമെൻറിൽ ഇക്കാര്യം സംസാരിച്ചിരുന്നു. എന്നാൽ മലയാള പത്രങ്ങൾ ഇത് വാർത്തയാക്കിയിട്ടില്ല.
 
'ഇന്ത്യ എഗൈൻസ്റ്റ് കറപ്ഷൻ' എന്ന മുദ്രാവാക്യത്തോടെ വന്ന ആം ആദ്മി പാർട്ടിക്കെതിരെ ഇപ്പോൾ ആരോപണം വന്നിരിക്കുകയാണ്. ഇതിലെല്ലാം കൂടുതലും ഉദ്യോഗസ്ഥർക്കാണ് പങ്ക്. അബ്കാരികളുമായി ബന്ധപ്പെട്ട അഴിമതികളിലും ഉദ്യോഗസ്ഥരാണ് രാഷ്ട്രീയക്കാരേക്കാൾ കറപ്ഷൻ നടത്തുന്നത്. ജേണലിസ്റ്റുകൾക്ക് സ്വന്തം convictions (വിശ്വാസപ്രമാണങ്ങൾ )അനുസരിച്ച് പ്രവർത്തിക്കാൻ കഴിയുന്നില്ലാത്ത അവസ്ഥയാണുള്ളത്.
 
വൻ വ്യവസായികളുടെ സ്വാധീനം ഇപ്പോഴത്തെ ഗവൺമെന്റിൽ ഉണ്ട്. പ്രധാനമന്ത്രി പോകുന്ന എല്ലാ സ്ഥലങ്ങളിലും ചാർട്ടേഡ്‌ ഫ്ലൈറ്റുകളിൽ അവർ അവരെത്തുന്നുണ്ട്. മൻമോഹൻ സിംഗിന്റെ കാലത്തും വ്യവസായികൾ സ്വന്തം വിമാനത്തിൽ എത്തിയിരുന്നു. കൂടെയല്ല യാത്ര പക്ഷേ ഗവൺമെന്റിന്റെ സഹകരണം കിട്ടും.
 
മാതൃഭൂമിയിലെ 'ഡൽഹി കത്തി'ന്റെ പേരിലാണ് മലയാളികൾ തന്നെ ഓർക്കുന്നത്. രാഷ്ട്രീയ സ്ഥിതിഗതികളെ സസൂഷ്മം നിരീക്ഷിച്ച് ഡൽഹിയിൽ നിന്ന് അയച്ചു കൊണ്ടിരുന്ന 'ഡൽഹി കത്ത്' മാതൃഭൂമിയിൽ 25 വർഷത്തോളം ലക്ഷക്കണക്കിന് ആളുകൾ വായിച്ചു കഴിഞ്ഞു. മാതൃഭൂമി പുസ്തകമാക്കി ഇറക്കിയിട്ടുണ്ട്. "ഇന്ത്യൻ രാഷ്ട്രീയത്തിന്റെ വാഴ്ചകളെയും വീഴ്ചകളെയും വ്യക്തികളെയും തൊട്ടറിയുന്ന പുസ്തകം ' എന്ന് ചിന്തകനും എഴുത്തുകാരനുമായ എം.എൻ കാരശ്ശേരി പുസ്തകത്തിന്റെ അവതാരികയിൽ എഴുതി. അശോകന്റെ തെരഞ്ഞെടുത്ത 100 ലേഖനങ്ങൾ ആണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ഡൽഹിയുടെ ബ്യൂറോ ചീഫും പ്രത്യേക പ്രതിനിധിയുമായി 2015 ലാണ് വിരമിച്ചത്. ഇപ്പോൾ മാതൃഭൂമിയുടെ ഡൽഹി പ്രത്യേക പ്രതിനിധി ആയിട്ടാണ് പ്രവർത്തിക്കുന്നത്.ആത്മകഥാംശമുള്ള കുറച്ച് കുറിപ്പുകൾ തയ്യാറാക്കാൻആലോചിക്കുന്നതായി അശോകൻ പറഞ്ഞു.
 
ഇന്ത്യയിൽ സാമ്പത്തിക പത്രപ്രവർത്തനത്തിന് വലിയ സാധ്യതകൾ ഉണ്ട് എന്ന് അദ്ദേഹം ഓർമിപ്പിച്ചു. സാമ്പത്തിക കാര്യങ്ങളിലെ മാറ്റങ്ങളിലൂടെ മാധ്യമങ്ങൾ ഇനിയും നിലനിൽക്കും. കൂടുതൽ ആളുകൾ വായിക്കുന്ന പ്രിൻറ് മാധ്യമത്തിന്റെ വിശ്വാസ്യത ഇപ്പോഴും കൂടുതൽ തന്നെയാണ്. ജനകീയ മാധ്യമങ്ങൾ തെറ്റിദ്ധാരണ പരത്തുന്നു. അവയ്ക്ക് വിശ്വാസ്യതയും കുറവാണ്. സാമൂഹ്യ മാധ്യമങ്ങളിലെ വാർത്തകൾ കബളിപ്പിക്കുന്നു. ക്രെഡിബിലിറ്റി ഫാക്ടർ വളരെ പ്രധാനമാണ്.
 
  പ്രിൻറ് മാധ്യമത്തെ വിദൂരഭാവിയിൽ നിലനിർത്തിക്കൊണ്ടുപോകാനാവില്ല. വാർത്തകൾ വേഗത്തിൽ കവർ ചെയ്യുന്ന കാര്യങ്ങളിൽ പരിമിതിയുണ്ട്. പത്രത്തിന്റെ വിതരണവും പ്രതിസന്ധിയിലാണ്. 50വയസ്സ് കഴിഞ്ഞവരാണ് പത്രവിതരണക്കാരിൽ വലിയൊരു പങ്കും. ടെക്നോളജിയിൽ ഉണ്ടായിട്ടുള്ള മാറ്റം പത്രത്തിന്റെ നിലനിൽപ്പിന് ഭീഷണിയാകുന്നു. തലമുറ കഴിയുന്നതോടെ വായിക്കുന്ന രീതി മാറും. ന്യൂസ്‌ പ്രിന്റ് സാധ്യതകൾ ഇല്ലാതെയാകും. എന്നാൽ പത്രങ്ങൾ ഓൺലൈനിൽ നിലനിൽക്കും. 
 
കേരള സഹകരണ ജേർണലിന്റെ എഡിറ്ററായി മാധ്യമജീവിതം ആരംഭിച്ച ജോർജ് ജോസഫ് മലയാളത്തിലും ഇംഗ്ലീഷിലുമുള്ള മാധ്യമങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. കേരളകൗമുദി ദിനപത്രത്തിൽ 10 കൊല്ലം പ്രവർത്തിച്ചു. കൊച്ചിയിൽ ചീഫ് ബ്യൂറോ ആയിരിക്കുമ്പോൾ രാജിവെച്ചു. കേരളകൗമുദിയിൽ 'സാമ്പത്തികക്കുറിപ്പുകൾ'എന്ന പംക്തി സ്ഥിരമായി എഴുതിയിരുന്നു. ധനം സാമ്പത്തിക വാരികയിലും പ്രവർത്തിച്ചു. 2005 ൽ ബിസിനസ് സ്റ്റാൻഡേർഡിൽ ചേർന്നു. അവിടെ കേരള ബ്യൂറോ ചീഫ് ആയിരുന്നു. മുംബൈയിലും പ്രവർത്തിച്ചു. ചെറുകഥാകൃത്ത് കൂടിയായ ജോർജ് ജോസഫ് മീഡിയ വൺ ചാനലിൽ സാമ്പത്തിക രംഗം അവതരിപ്പിച്ചിരുന്നു.

 
മാധ്യമാനുഭവങ്ങളെക്കുറിച്ച് ജോർജ് ജോസഫ് തുറന്നു സംസാരിച്ചു.ഇന്നത്തെപ്പോലെ വൈപുല്യമാർന്ന പത്രപ്രവർത്തന രീതി ആയിരുന്നില്ല പഴയകാലത്ത്. സാമ്പത്തിക ശാസ്ത്രം പഠിച്ചതിന്റെ അടിസ്ഥാനത്തിൽ സാമ്പത്തിക വിഷയത്തിലാണ് ശ്രദ്ധ ഊന്നിയിരുന്നത് അതായിരുന്നു ഇഷ്ട വിഷയം. കുറച്ചുകാലം സഹകരണ വകുപ്പിലും ജോലി ചെയ്തു സഹകരണ ജേർണ ലിന്റെ എഡിറ്ററായിട്ടായിരുന്നു നിയമനം, തിരുവനന്തപുരത്ത്.
 
പത്രരംഗത്തേക്ക് തിരിച്ചുവരണമെന്ന് ആഗ്രഹിച്ചതിനാൽ പിന്നീട് കേരള കൗമുദിയിൽ ചേർന്നു. എ.പി വിശ്വനാഥൻ, എൻ. രാമചന്ദ്രൻ എന്നിവരുമായി അതിനു മുൻപേ അടുത്ത ബന്ധം ഉണ്ടായിരുന്നു. സാമ്പത്തിക കാര്യങ്ങളെക്കുറിച്ചുള്ള ലേഖനങ്ങൾ കൗമുദിക്കുവേണ്ടി എഴുതി കൊടുത്തിരുന്നു. പിന്നീട് കേരളകൗമുദി ഒരു ബിസിനസ് പേജ് ആരംഭിച്ചപ്പോൾ അതിൽ തുടക്കം കുറിക്കാൻ കഴിഞ്ഞു. അന്ന് ബിസിനസ് പേജ് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അധികം പേർക്കറിയില്ല. സഹകരണ ജേർണലിലെ ജോലി കഴിഞ്ഞു ചില വൈകുന്നേരങ്ങളിൽ കൗമുദിയിൽ ചെന്ന് പേജ് തയ്യാറാക്കുന്നതിൽ സഹകരിക്കും. ബിസിനസ് സംബന്ധിച്ച വാർത്തകൾ അക്കാലത്ത് കുറവാണ്. 
 
സാമ്പത്തികവാർത്തകൾ കൈകാര്യം ചെയ്യാൻ ഏൽപ്പിച്ചത് എ.പി വിശ്വനാഥൻ സാറാണ് സാമ്പത്തികമാണ് എല്ലാത്തിന്റേയും അടിസ്ഥാനം. എന്നാൽ ആളുകൾക്ക് സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് വലിയ പിടിയില്ല. എല്ലാം രാഷ്ട്രീയവൽക്കരിക്കുന്ന രീതിയായിരുന്നു.
പിന്നീട് ബിസിനസ് ആസ്ഥാനമായ കൊച്ചിയിൽ ജോലി ചെയ്യാൻ ആവശ്യപ്പെട്ടത് സന്തോഷത്തോടെ സ്വീകരിച്ചു. വീട് നോർത്ത് പറവൂർ ആണ് എന്നതും ഒരു കാരണമായിരുന്നു. എം. എസ് മണി സാറായിരുന്നു അന്ന് ചീഫ് എഡിറ്റർ. അദ്ദേഹത്തിന്റെ വലിയ പിന്തുണ ഉണ്ടായിരുന്നു. ജയചന്ദ്രൻ നായർ കലാകൗമുദിയുടെ എഡിറ്റർ ആയിരുന്നു. എൻ.ആർ.എസ് ബാബുവും അക്കാലത്ത് കൗമുദിയിൽ ഉണ്ടായിരുന്നു.
 
അനുഭവങ്ങളിൽ നിന്ന് മനസ്സിലാക്കിയത്,യുവ പത്രപ്രവർത്തകർ കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കാതെ വളരെ പെട്ടെന്ന് തന്നെ വാർത്തകൾ ആളുകളിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നുവെന്നാണ്. ടി.വി ചാനലുകളുടെ കാലത്ത് ഇത്തരം പ്രവണതകൾ വർദ്ധിച്ചുവരുന്നു. ആരോടും കാര്യങ്ങൾ ചോദിക്കാനോ മനസ്സിലാക്കാനോ ശ്രമിക്കുന്നില്ല.
 
ജോലി തുടങ്ങിയ കാലത്ത് ചീഫ് എഡിറ്റർ എം.എസ് മണി, എഡിറ്റർമാരായ എ. പി വിശ്വനാഥൻ, എൻ. രാമചന്ദ്രൻ, എസ്. ജയചന്ദ്രൻ നായർ,എൻ. ആർ.എസ്.ബാബു എല്ലാവരും തുറന്ന് ഇടപെട്ടിരുന്നു.സാമ്പത്തികരംഗവുമായി ബന്ധപ്പെട്ട സെൻസെക്സ്, ഓഹരി മാർക്കറ്റ് ഇങ്ങനെയുള്ള കാര്യങ്ങൾ അവർ ചോദിച്ചറിഞ്ഞിരുന്നു.കാര്യങ്ങൾ ചോദിച്ചറിയുന്നതിൽ ഒരുതരം ഈഗോ പ്രശ്നങ്ങളും അവർക്കുണ്ടായിരുന്നില്ല.
 
കൊച്ചിയിലെ കൗമുദി ബിസിനസ് പേജ് നന്നായി തുടരുന്നതിനിടയാണ് ബിസിനസ് സ്റ്റാൻഡേർഡ് പത്രത്തിന്റെ കൊച്ചി എഡിഷനിൽ കേരളത്തിന്റെ ചുമതലയുള്ള ബ്യൂറോ ചീഫ് ആയി ചാർജ് എടുക്കുന്നത്.
 
ഡൽഹിയിൽ അന്ന് മാനേജിംഗ് എഡിറ്റർ എ.കെ ഭട്ടാചാര്യയാണ്. ടി.എ നൈനാൻ എഡിറ്റർ. മാനേജിങ് എഡിറ്റർ ആണ് വിളിച്ചത്.ദീർഘകാലം കേരളത്തിന്റെ ചുമതല വഹിച്ച് ബിസിനസ് സ്റ്റാൻഡേർഡിൽ പ്രവർത്തിച്ചു. വാണിജ്യ തലസ്ഥാനമായ മുംബൈയിൽ കമ്പനി സാന്നിധ്യം ആവശ്യപ്പെട്ടപ്പോൾ അവിടെ ജോലി ചെയ്തു. ഔപചാരികമായ മാദ്ധ്യമ ജീവിതം അവസാനിപ്പിക്കുന്നതും മുംബൈയിൽ വച്ചാണ്, 2017ൽ.
 
പ്രമുഖരായ നിരവധി ബസിനസ് പ്രമുഖരുമായി സംസാരിക്കാനും ബന്ധപ്പെടുവാനും കഴിഞ്ഞു. മറ്റാരെക്കാളും സവിശേഷമായ വ്യക്തിത്വം പുലർത്തിയ വ്യക്തിത്വമായിരുന്നു രത്തൻ ടാറ്റ.മറ്റ്‌ വ്യവസായികളിൽ നിന്നും വ്യത്യസ്തനായ ആളായിരുന്നു അദ്ദേഹം. ഒരുപാട് പേരുടെ പത്രസമ്മേളനങ്ങളിൽ പങ്കെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. ഭൂരിപക്ഷവും ബിസിനസ് പ്രസ് കോൺഫറൻസുകൾ ആണ്. പ്രസ്സ് കോൺഫറൻസ് കഴിഞ്ഞാൽ പത്രക്കാരോടൊപ്പം ഭക്ഷണം കഴിക്കാനോ ഇടപെടാനോ താൽപര്യം കാണിക്കാതെ ബിസിനസ് പ്രമുഖർ പോകുന്നതാണ് സാധാരണ കാഴ്ച, പക്ഷേ പത്രസമ്മേളനം കഴിഞ്ഞശേഷം പത്രപ്രവർത്തകർക്കൊ പ്പം ഇരുന്ന് ഭക്ഷണം കഴിക്കാൻ രത്തൻ ടാറ്റ സമയം കണ്ടെത്തി. വളരെ എളിമയോടെ പത്രപ്രവർത്തകരുമായി ഇടപെടാനും തയ്യാറായി. മുകേഷ് അംബാനി പോലെ നിരവധി പ്രമുഖ വ്യക്തികളുമായി ഇടപഴകാനും അവരിൽനിന്ന് വാർത്ത ശേഖരിക്കാനും കഴിഞ്ഞിട്ടുണ്ട്.
 
ബിസിനസ്‌ റിപ്പോർട്ടിങ്ങിൽ വലിയ അനുഭവം സമ്മാനിച്ചത് വല്ലാർപാടം കണ്ടെയ്നർ ടെർമിനലുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ്.ദീർഘകാലം നീണ്ടുനിന്ന പ്രവർത്തനമായിരുന്നു അത്. സ്ഥിരം ബീറ്റ് ആയിരുന്നതുകൊണ്ട് നിരവധി വാർത്തകൾ കൊടുക്കാൻ കഴിഞ്ഞു. കൊച്ചിയിലെ പോർട്ട് ട്രസ്റ്റുമായി ബന്ധപ്പെട്ട തടസ്സങ്ങൾ അനാവശ്യമായ കാല താമസം ഉണ്ടാക്കി. പല മന്ത്രിമാരും ഇടപെട്ടു.ഡി. എം.കെ യുടെ ഉപരിതല ഗതാഗത മന്ത്രി ടി.ആർ ബാലു ഇടപെട്ടതിനാൽ കരാർ റെഡിയായിക്കഴിഞ്ഞിട്ടും അനാവശ്യമായി ഫയൽ വർഷങ്ങളോളം വെച്ച് താമസിപ്പിച്ചു, ഉദ്യോഗസ്ഥർ. തമിഴ്നാടിന്റെ ചില താൽപര്യങ്ങൾ അതിൽ ഉണ്ടായിരുന്നു. അല്ലാത്തപക്ഷം വളരെ നേരത്തെത്തന്നെ ടെർമിനൽ യാഥാർത്ഥ്യമാകേണ്ടതായിരുന്നു. ഇക്കാര്യം അന്നത്തെ ഷിപ്പിംഗ് മിനിസ്റ്റർ ദിനേശ് സിംഗിന്റെ ശ്രദ്ധയിൽപ്പെടുത്താൻ കഴിഞ്ഞു. കൊച്ചിയിലെ ബിസിനസ്‌ പത്രപ്രവർത്തകർക്ക് നിരവധി അവസരങ്ങൾ ഉഉണ്ടാകാൻ ഇത് കാരണമായി.
 
പല ദേശീയ സമ്മേളനങ്ങളിലും പങ്കെടുക്കാൻ അവസരം ലഭിച്ചു. മുൻപ് ഇക്കണോമിക് എഡിറ്റേഴ്‌സ് കോൺഫറൻസ് വർഷംതോറും ഡൽഹിയിൽ നടന്നിരുന്നു. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന കോൺഫറൻസ് ആണ്. കേന്ദ്ര മന്ത്രിമാരും ധനകാര്യ മന്ത്രിയും പ്രധാനമന്ത്രിക്കൊപ്പം മൂന്ന് ദിവസവും അവിടെ ഉണ്ടാകും.
 
എല്ലാ മന്ത്രിമാരും ഓരോ ദിവസം അവരുടെ വകുപ്പുകളെ കുറിച്ച് നേരിട്ട് സംസാരിക്കും. ഒടുവിൽ ഫിനാൻസ് മിനിസ്റ്റർ നേരിട്ട് ഒരു ഡിന്നറിനു പത്രക്കാരെ ക്ഷണിക്കും. ദേശീയ രാഷ്ട്രീയത്തിൽ വളരെ ആവശ്യമുള്ള അത്തരം ഇടപെടലുകൾ ഇപ്പോൾ ഇല്ല. പല മന്ത്രാലയങ്ങളുമായി ഇടപെടാൻ സഹായകമായിരുന്നു ഈ സമ്മേളനം ദേശീയ രാഷ്ട്രീയത്തിന്റെ ഉള്ളുകള്ളികളെക്കുറിച്ചറിയാൻ അവസരമൊരുക്കിയിരുന്നു. പണ്ട് 60% വാർത്തകളും ദേശീയ വിഷയങ്ങൾ ആയിരുന്നുവെങ്കിൽ ഇന്ന് 10% വാർത്തകൾ പോലും ദേശീയ വിഷയങ്ങൾ അല്ല എന്നത് വലിയ അപാകതയാണ്. പത്രങ്ങളിലെയും ടിവി ചാനലുകളിലെയും വാർത്തകൾ പലതും നിസ്സാരമാണ്. റോഡ് പൊളിഞ്ഞു, കാന നിറഞ്ഞൊഴുകുന്നു എന്ന തരത്തിലുള്ള വാർത്തകൾ കേരളത്തിലെ മുഴുവൻ ആളുകളുടെ വിഷയത്തിലേക്ക് കൊണ്ടുവരുന്നു. സംസ്ഥാനതലത്തിൽ സംപ്രേക്ഷണം ചെയ്യുന്ന
ചാനലുകളിൽ വാർത്ത വരുന്നു. മുൻപ് പ്രാദേശിക പേജുകളിൽ കൊടുത്തിരുന്ന
വാർത്തകൾ ഇപ്പോൾ ലോകം മുഴുവൻ ചർച്ച ചെയ്യുന്നു.അതേസമയം ദേശീയതലത്തിൽ വരേണ്ടതായ വാർത്തകൾ ഇല്ലാതാവുകയും ചെയ്യുന്നു.
 
നരേന്ദ്രൻ, എൻ അശോകൻ, എൻ മാധവൻകുട്ടി എന്നിവരുടെയെല്ലാം ഡൽഹി ബൈലൈനുകൾ വായിക്കാൻ ആകാംക്ഷയോടെ കാത്തിരുന്ന കാലം ഉണ്ടായിരുന്നു. ഇന്ന് പല പത്രങ്ങളുടെയും ഡൽഹി ലേഖകന്മാർ ആരാണെന്ന് പോലും പത്രപ്രവർത്തനത്തിൽ താല്പര്യമുള്ള, വാർത്തകൾ ശ്രദ്ധിക്കുന്നവർക്കുപോലും അറിയില്ല. അത്തരം വാർത്തകൾ വേണ്ടാത്ത അവസ്ഥ വന്നതാണ് കാരണം.
വലിയ ബിസിനസ് ഗ്രൂപ്പുകളുടെ പാർട്ടികൾ പത്രസമ്മേളനം കഴിഞ്ഞാൽ ചില വാർത്തകൾ ബൂസ്റ്റ് ചെയ്യാനും ചിലത് ലൈറ്റ് ആക്കാനും സമ്മർദ്ദം ചെലുത്താറുണ്ട്. സാമ്പത്തിക പത്രപ്രവർത്തനത്തെ കുറിച്ചുള്ള വലിയ ആക്ഷേപം തന്നെയാണ് ഇത്. ബോംബെയിലും മറ്റു മെട്രോ നഗരങ്ങളിലും ഓഹരി വില്പന വരുമ്പോൾ അത്തരം സംഭവങ്ങൾ ഉണ്ടാകാറുണ്ട്. ഐ.പി.ഒയുടെ ഭാഗമായി പത്രപ്രവർത്തകർക്ക് ഷെയറുകൾ തന്നെ കിട്ടിയതായി പറയാറുണ്ട് ഓഹരിയുടെ വില ചിലർ ബാർഗൈൻ ചെയ്യുന്ന സംഭവങ്ങൾ വരെ ഉണ്ട്.
 
വ്യക്തമായി തെളിവ് സഹിതം പറയാൻ കഴിയില്ലെങ്കിലും വലിയ പത്രങ്ങളെ സംബന്ധിച്ച് ഇത്തരം ആക്ഷേപങ്ങൾ പത്രപ്രവർത്തകരെക്കു റിച്ച് കേൾക്കാറുണ്ട്. കമ്മോഡിറ്റി മാർക്കറ്റ് , സ്റ്റോക്ക് മാർക്കറ്റ്, കമ്പനി, എയർലൈൻസ്, ഓട്ടോ മോട്ടീവ് ഇവയെല്ലാം സാമ്പത്തിക പത്രപ്രവർത്തനത്തിന്റെ അനുബന്ധമായി വരുന്ന വിഷയങ്ങളാണ്.പുതിയ കാറുകൾ ഇറങ്ങുമ്പോൾ മാദ്ധ്യമപ്രവർത്തകർക്ക് കമ്പനികളുടെ ചിലവിൽ വിദേശയാത്രകളും മറ്റും നൽകുന്നതായി കേട്ടിട്ടുണ്ട്. കാര്യങ്ങൾ മാതൃകാപരമായി ചെയ്തിട്ടുള്ളത് ബിസിനസ് സ്റ്റാൻഡേർഡിലാണ്. ഏതെങ്കിലും ലേഖകർ ഇന്റർവ്യൂവിനോ ഒക്കെ വിദേശയാത്ര നടത്തുമ്പോൾ ഇത് സ്പോൺസർ ചെയ്ത കമ്പനികളുടെ പേര് റിപ്പോർട്ടുകൾക്ക് താഴെ പ്രത്യേകം നൽകുന്നത് പതിവുണ്ട് അവിടെ. വിദേശയാത്ര സ്പോൺസർ ചെയ്തത് ഏതു കമ്പനിയാണ് എന്ന് നൽകും. സൗകര്യങ്ങളും സമ്മാനങ്ങളും നേരിട്ട് സ്വീകരിക്കുന്ന സംഭവങ്ങളും ഉണ്ടാകാറുണ്ട്. പത്രസമ്മേളനത്തിന് പോയാൽ ഭക്ഷണം കഴിക്കാൻ മാത്രമാണ് ബിസിനസ് സ്റ്റാൻഡേർഡിൽ അനുമതി ഉള്ളത്. മറ്റ് സമ്മാനങ്ങൾ ഒന്നും വാങ്ങാൻ പാടില്ലെന്ന നിഷ്കർഷ ഉണ്ടായിരുന്നു.
 
കേരളത്തിൽ രാത്രിയിൽ നടക്കുന്ന പത്രസമ്മേളനത്തിൽ പങ്കെടുക്കാൻ പാടില്ല, സമ്മാനങ്ങൾ വാങ്ങാൻ പാടില്ല എന്ന് മാതൃഭൂമി  ഒരുകാലത്ത് നിർദ്ദേശം നൽകിയിരുന്നു."കമ്പനികൾ പുതിയ പ്രോഡക്റ്റ് അവതരിപ്പിക്കുമ്പോൾ സാമ്പിളുകൾ പത്രക്കാർക്ക് കൊടുക്കുന്നതിൽ ധാർമിക പ്രശ്നം ഉള്ളതായി തോന്നിയിട്ടില്ല. മറ്റ് ആക്ഷേപങ്ങൾ ഒരുപാട് പത്രലേഖകരെക്കുറിച്ച് ഉണ്ടായിരുന്നു എന്നത് സത്യമാണ്".
 
സാമൂഹികമാധ്യമങ്ങളെ പിൻതുടർന്നു കൊണ്ടാണ് മുഖ്യധാരാ മാധ്യമങ്ങൾ ഉപജീവനം കഴിക്കുന്നത്.
സാമ്പത്തിക കോൺഫറൻസ് ആയ വേൾഡ് ഇക്കണോമിക് ഫോറത്തിൽ പങ്കെടുക്കാൻ ഇപ്പോൾ ഒരു രാജ്യത്തുനിന്നും പത്രക്കാർ പോകുന്നതായി അറിവില്ല പക്ഷേ ഈ കോൺഫറൻസിന് മന്ത്രിമാരും പ്രധാനമന്ത്രിമാരോ പോകുമ്പോൾ വലിയ കോർപ്പറേറ്റുകളുടെ ആളുകൾ, ഉന്നതോദ്യോഗസ്ഥർ അനുഗമിക്കുന്നത് മാറി വരുന്ന ഒരു ട്രെൻഡ് ആണെന്ന് പറയാം. ആഗോള ചർച്ചകളിൽ മുൻപ് രാഷ്ട്രീയ കാര്യങ്ങളാണ് കൂടുതലും ചർച്ച ചെയ്തിരുന്നത്. ഇപ്പോൾ ബിസിനസ് കാര്യങ്ങൾ, കോർപ്പറേറ്റുകൾക്ക് വേണ്ടിയുള്ള നിക്ഷേപങ്ങൾ ഇവയൊക്കെയാണ് ചർച്ചയാകുന്നത്. അതുകൊണ്ട് ഇത്തരം ചർച്ചകളിൽ പത്രക്കാർക്ക് വലിയ റോൾ ഇല്ല എന്ന ചിന്ത ഇവിടെ മാത്രമല്ല, ലോകവ്യാപകമായിത്തന്നെയുണ്ട്. രാഷ്ട്രീയാടിത്തറയുള്ള, പൊളിറ്റിക്കലി മോട്ടിവേറ്റഡ് ആയുള്ള ഒരു ഭരണസംവിധാനമാണ് മുൻപ് നിലനിന്നിരുന്നത്. ഇന്ന് ബിസിനസ് അടിസ്ഥാന പ്പെടുത്തിയുള്ള ഭരണസംവിധാനമാണ് ആഗോളതലത്തിൽ തന്നെ നിലനിൽക്കുന്നത്. അത്തരത്തിലേക്ക് ലോക രാഷ്ട്രങ്ങൾ മാറി. അതിന്റെ ഒരു പ്രതിഫലനം കൂടിയാണ് ഈ മാറ്റം. വലിയ വ്യവസായികളുടെ സ്വാധീനം സർക്കാരിൽ മുൻപും ഉണ്ട്. പക്ഷേ മുൻകാലങ്ങളിൽ അവർ ചാർട്ടേഡ് ഫ്ലൈറ്റുകളിൽ ആഗോള സമ്മേളനങ്ങൾ നടക്കുന്ന വേദികളിൽ പ്രധാനമന്ത്രിയുടെ കൂടെയല്ലാതെ സ്വന്തം നിലയ്ക്ക് എത്തിയിരുന്നു.അതിനായി സർക്കാരിൻറെ സഹായം അവർക്ക് ലഭിച്ചിരുന്നു.
 
പഴയകാലത്ത് സാമൂഹിക രാഷ്ട്രീയ ഇടപെടലിന്റെ തുടർച്ചയായിരുന്നു പത്രപ്രവർത്തനം. എന്നാൽ ഇന്ന് അങ്ങനെയല്ല. തികച്ചും ഒരു ബിസിനസ് ആക്ടിവിറ്റി ആയി മാറിയിരിക്കുന്നു,ഒരു കോർപ്പറേറ്റ് എക്സർസൈസ്.ആ തലത്തിൽ നിന്നുകൊണ്ടാണ് കാര്യങ്ങളെ കാണുന്നത്.അത്തരം സംവിധാനത്തിനകത്ത് നിന്നുകൊണ്ട് സംവിധാനം നന്നായിരിക്കണമെന്ന് പറയാൻ കഴിയാത്ത സ്ഥിതിയുണ്ട്.
 
എല്ലാ തരത്തിലും മൂല്യശോഷണം ഉണ്ടായിരിക്കുന്നു. നിലവാരം താഴ്ന്നുപോയി. അത്തരത്തിലുള്ള ആളുകളാണ് അവിടേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നത്. പഴയ കാലത്തുള്ള വിദ്യാർത്ഥികൾ മാറി. ഇന്ന് പത്രപ്രവർത്തനം പഠിക്കാൻ വരുന്നവരുടെ നിലവാരം പഴയ വിദ്യാർത്ഥികളുടെ പോലെയല്ല. മാധ്യമപ്രവർത്തനം തന്നെ മാറി. അന്നത്തെ അപ്പം ഭുജിക്കുന്ന അവസ്ഥ.ഒരു തീപിടിത്തം ഉണ്ടായാൽ അന്നത്തേക്ക് കോളായി വേറെ ഒരു കാര്യവും പറയേണ്ട. പണ്ട് പ്രിൻറ് മാധ്യമത്തിൽ ഒരു ചെറിയ വാർത്തയാകാവുന്ന ഒന്നിനെ പൊലിപ്പിച്ച് ദിവസം മുഴുവൻ ആറാടുന്ന അവസ്ഥ. സാമൂഹ്യ മാധ്യമങ്ങളിൽ ഉത്സവപ്പറമ്പിൽ ഇടഞ്ഞ ആനയുടെ ചിത്രം അപ്‌ലോഡ് ചെയ്ത് സ്വതന്ത്ര മാദ്ധ്യമപ്രവർത്തനം നടത്തുന്ന ഒരാളുടെ ഉത്തരവാദിത്വബോധം പോലും ഓർഗനൈസ്ഡ് മാധ്യമങ്ങൾ ചെയ്യുന്നില്ല എന്നിടത്താണ് അതിന്റെ പരാജയം. അതാണ് മാധ്യമങ്ങളുടെ ആന്തരിക പ്രതിസന്ധി.
ചാനൽ ചർച്ചകൾക്ക് പോകുന്ന സമയത്ത് ഇക്കാര്യങ്ങൾ ഏറെ വ്യക്തമാകുന്നു.
സർക്കാറിന്റെ ഏതെങ്കിലും കാര്യത്തെ വിമർശിച്ചു പറയുന്നു എന്നു കാണുമ്പോൾ ചർച്ചയിൽ നിന്ന് തന്നെ ഒഴിവാക്കുന്ന അവസ്ഥയുണ്ട്. 
 
ഇന്ത്യയുടെ ഭാവി തന്നെ സാമ്പത്തിക നയങ്ങളെ ചുറ്റിപ്പറ്റിയാണ്. അത്തരം അപഗ്രഥന റിപ്പോർട്ടുകൾ ഒന്നും വരുന്നില്ല. ഇത് ആഗോളതലത്തിലെ പ്രവണതയാണ്.
 
നിയമസഭാ നടപടിക്രമങ്ങൾ പത്രങ്ങളിൽ വാർത്ത ആകുന്നില്ല എന്ന് പറയുമ്പോൾ പുതിയ തലമുറയ്ക്ക് കാര്യങ്ങളിൽ താല്പര്യമുണ്ടോ എന്നതും ആലോചിക്കണം. കേരളത്തിൽ വായനക്കാർ മാധ്യമങ്ങൾ പറയുന്ന കാര്യങ്ങൾ വായിക്കുന്നില്ല. 'റിവേഴ്സൽ ഓഫ് ദ കോർ ' ( നേർവിപരീതം ) എന്ന അവസ്ഥയിലേക്ക് മാറിയിരിക്കുകയാണ്. ജനകീയ തലത്തിൽ ലോകത്തോട് പ്രക്ഷേപണം നടത്താം എന്ന രീതിയിൽ മാധ്യമങ്ങൾ മാറി പ്രാദേശിക തലത്തിൽ ആരെങ്കിലും കൊടുക്കുന്ന അതേ വാർത്ത അടുത്തദിവസം പത്രങ്ങൾ അവതരിപ്പിക്കുന്നു. താരതമ്യേന അനാകർഷകമായ തൊഴിലിടമായി പരിണമിച്ചു.സാമ്പത്തിക നേട്ടമില്ലാത്ത, ശമ്പള പ്രശ്നങ്ങളും അനിശ്ചിതത്വവും നിറഞ്ഞ അന്തരീക്ഷം ആ ഫീൽഡിനെ അനാർഷകമാക്കുന്നു. ഈ തൊഴിൽ മേഖലയിലേക്ക് കടന്നു വരുന്നത് അത്രതന്നെ മിടുക്കരല്ലാത്തവരാണ്. മുൻപ് കോളേജ് അധ്യാപകരും ഉന്നത ജോലികൾ ഉപേക്ഷിച്ചവരും കടന്നുവന്നിരുന്ന തൊഴിൽ സാഹചര്യം മാറി. ശമ്പളം കുറവാണെങ്കിലും അംഗീകാരം കിട്ടുന്നില്ല.പത്രക്കാർ ചെയ്യുന്ന സാമൂഹ്യ സേവനത്തെ വിലമതിക്കുന്നില്ല. മാനേജ്മെൻറ് പറയുന്നത് അനുസരിക്കേണ്ടി വരുന്നു.
 
പത്രങ്ങളെ വരുതിയിൽ നിർത്താനുള്ള ശ്രമം. അടിയന്തരാവസ്ഥക്കാലത്ത് പത്രങ്ങൾക്ക് വലിയ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു. പക്ഷേ ഇന്നുള്ള നിയന്ത്രണങ്ങൾക്ക് വ്യത്യാസമുണ്ട്. മുൻപ് മാനേജ്മെന്റ് അത്തരം പ്രതിസന്ധികൾ നേരിടുന്നതിനുള്ള ആർജ്ജവം കാണിച്ചിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ഇന്ത്യൻ എക്സ്പ്രസ്സിനെതിരെ നടന്ന നീക്കങ്ങൾ ഉദാഹരണം. പക്ഷേ ഗോയങ്ക ഒരിക്കലും ഇന്ദിരാഗാന്ധിയുടെ മുന്നിൽ കീഴടങ്ങിയില്ല.മാദ്ധ്യമ പ്രവർത്തകർ അന്ന് ക്രിയേറ്റീവ് ആയി ചിന്തിച്ച് എങ്ങനെ സെൻസർഷിപ്പിനെ മറികടക്കാം എന്നാണ് ആലോചിച്ചത്.
അടിയന്തിരാവസ്ഥയിൽ ഇന്ത്യൻ എക്സ്പ്രസ്സ്‌ എഡിറ്റോറിയൽ കോളം ബ്ലാങ്ക് ആക്കിയിട്ട് പ്രതിഷേധിച്ചു. വായിക്കുന്നവർക്ക് പത്രത്തിന്റെ മൗനം മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു. വാക്കുകൾ അർത്ഥവത്തായി സന്നിവേശിപ്പിക്കാനുള്ള കഴിവും ധൈര്യവും ബോധവും ഭാവനയും അന്നത്തെ മാധ്യമപ്രവർത്തകർക്ക് ഉണ്ടായിരുന്നു. ഇന്നത്തെ മാനേജ്മെൻറ് എന്നത് പത്രപ്രവർത്തകരോ പത്രവുമായി ബന്ധപ്പെടുന്നവരോ പൊളിറ്റിക്കൽ എക്സർസൈസ് ഉള്ളവരോ സാമൂഹ്യബോധം ഉള്ളവരോ പോലുമല്ല. അവരെ സംബന്ധിച്ചിടത്തോളം ഇതെല്ലാം ബിസിനസ് ആയി മാറിയിരിക്കുന്നു.
 
വലിയ ഉദാഹരണം ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽ സംഭവിച്ചതാണ്. നിരവധി പേർക്ക് ജോലി നഷ്ടപ്പെടുന്നു. പല കാര്യങ്ങളും റിപ്പോർട്ട് ചെയ്താൽ പ്രശ്നമാണ്.പത്രപ്രവർത്തനം എന്ന തൊഴിലിന്റെ മാഹാത്മ്യം വളരെ കുറഞ്ഞു. പാർലമെന്റിലെ ഒരു പ്രസംഗം മനസ്സിലാക്കണമെങ്കിൽ സോഷ്യൽ മീഡിയയിലെ ക്ലിപ്പ് കാണണം. ഏതെങ്കിലും പത്രം അതുപോലെ കൊടുക്കുന്നില്ല. പ്രതിനിധികളായി അയച്ച ആളുകൾ എന്തു പറയുന്നു,ഏതു രീതിയിൽ ഇടപെടുന്നു എന്നത് മനസ്സിലാക്കാൻ കഴിയുന്നില്ല. പണ്ട് സഭാവലോകനങ്ങൾ കൊടുത്തിരുന്നതുകൊണ്ട് ജനങ്ങൾക്ക് ഗുണം ഉണ്ടായിരുന്നു. ഓരോ മെമ്പറും എന്തു പറഞ്ഞു,എങ്ങനെ ഇടപെട്ടു, കൂടുതൽ ഇടപെടുന്നത് ആരെല്ലാം എന്നറിയാമായിരുന്നു. കേരളകൗമുദിയാണ് സഭാവലോകനം കൂടുതൽ കൊടുത്തിട്ടുള്ളത് . അസംബ്ലി കവർ ചെയ്ത് പ്രസംഗങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്,കൗമുദി. അവയെല്ലാം ജനങ്ങൾക്ക് പാഠമായിരുന്നു.മെമ്പർ സഭയിൽ വരാതിരുന്നാലും ഇരുന്ന്‌ ഉറക്കം തൂങ്ങിയാലും ജനം അറിയുമായിരുന്നു. കേരളത്തിൽ പത്രങ്ങളിൽ നിയമസഭാവലോകനം നിർത്തിയിരിക്കുന്നു. കോളം തന്നെ ഇല്ലാതായിരിക്കുന്നു. മനോരമയിൽ കെ. ആർ ചുമ്മാർ എഴുതുന്ന കോളത്തിൽ പേര് വരാൻ പല എം.എൽ.എമാരും സ്വാധീനിക്കാൻ ശ്രമിച്ചിട്ടുണ്ട്. പാർലമെൻറ് നടക്കുന്നുണ്ടോ എന്ന് പോലും ഇപ്പോൾ അറിയുന്നില്ല.
 
ഡി. പ്രദീപ്‌ കുമാർ, കെ. ഹേമലത എന്നിവർ മോഡറേറ്റർമാരായി.
ഈ പരിപാടിയുടെ ശബ്ദലേഖനം മീഡിയ വേവ്സ് യൂ ട്യൂബ് ചാനലിൽ ലഭ്യമാണ്.
 
   *കെ.ഹേമലത എഴുതിയ റിപ്പോർട്ട്

 

ചരിത്രസാക്ഷികൾ-7:കെ.ബാബു ജോസഫ്

 
ക്ലബ്‌ ഹൗസ് മീഡിയ റൂമിൽ 'ചരിത്രസാക്ഷികൾ' പരമ്പരയുടെ ഏഴാം ഭാഗത്തിൽ (11ഫെബ്രുവരി,2023)അനുഭവങ്ങൾ പങ്കുവയ്ക്കാനെത്തിയത്, മുതിർന്ന മാദ്ധ്യമ പ്രവർത്തകനും മീഡിയ കൺസൽറ്റന്റുമായ കെ.ബാബു ജോസഫാണ്.

 
പ്രമുഖ പത്രപ്രവർത്തകനും മാതൃഭൂമിയുടെ ബ്യൂറോ ചീഫുമായിരുന്ന ജി. ശേഖരൻ നായർക്ക് ആദരാഞ്ജലി അർപ്പിച്ചു കൊണ്ടാണ് ബാബു ജോസഫ് മാദ്ധ്യമരംഗത്തെ തന്റെ ഓർമ്മകൾ പങ്കുവയ്ക്കാൻ തുടങ്ങിയത്.
 
ഭാരതീയ വിദ്യാഭവനിൽ നിന്നും 1979 ലാണ് ജേണലിസത്തിൽ ഡിപ്ലോമ പൂർത്തിയാക്കി ഇന്റേൺഷിപ്പിനായി മാതൃഭൂമിയിൽ എത്തുന്നത്. അദ്ധ്യാപകൻ കൂടിയായിരുന്ന കെ. പി വിജയൻ സഹായിച്ചു.
 
മാതൃഭൂമി കൊച്ചി ബ്യൂറോ ചീഫ് ചൊവ്വര പരമേശ്വരന്റെ മകൻ ഗാന്ധിയനായിരുന്ന കെ. രാമചന്ദ്രനായിരുന്നു.ചന്ദ്രേട്ടൻ എന്നാണ് അദ്ദേഹത്തെ വിളിക്കുക.എൻ. എൻ. സത്യവ്രതൻ ഉൾപ്പെടെ ബൈലൈനിൽ മാത്രം കണ്ടിട്ടുള്ള നിരവധി പേരുടെ സാന്നിധ്യമുള്ള മാതൃഭൂമി ബ്യൂറോ, അനുഭവങ്ങളുടെ വലിയ കളരിയായിരുന്നു .
അന്വേഷണാത്മക പത്രപ്രവർത്തനത്തിന് വ്യത്യസ്തമായ രൂപവും തലവും നൽകിയ ജി.ശേഖരൻ നായർ ഉൾപ്പെടെ പ്രഗൽഭരായ നിരവധി പേർക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞു.
 
അഞ്ചു വർഷമാണ് മാതൃഭൂമിയിൽ ഉണ്ടായിരുന്നത്. പൂർണ്ണമായും ഒരു പ്രൊഫഷണൽ പത്രാധിപരെന്ന് വിശേഷിപ്പിക്കാൻ കഴിയുന്ന വി.പി. രാമചന്ദ്രനായിരുന്നു അന്ന് മുഖ്യ പത്രാധിപർ. മാതൃഭൂമിയുടെ ബിസിനസ് പേജ് ആരംഭിക്കുന്നത് ആക്കാലത്താണ്.
 
വി.പി. രാമചന്ദ്രൻ റാഞ്ചിയിൽ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ വാർത്ത ഏജൻസിയുടെ ബിസിനസ്‌ ലേഖകൻ ആയിരുന്നു. അതുകൊണ്ടുതന്നെ മാതൃഭൂമിയിൽ ബിസിനസ് ജേണലിസം ശക്തമായി മുന്നോട്ടു കൊണ്ടുപോകണം എന്ന ആഗ്രഹം വി.പി.ആറിന് ഉണ്ടായിരുന്നു. ജനറൽ എഡിറ്റർമാരുടെ കോൺഫറൻസിൽ ബിസിനസ് പേജ് തുടങ്ങാൻ അംഗീകാരം നൽകി. ബിസിനസിന് കൃത്യമായ പേജുകൾ ഉണ്ടായി.
 
ഇന്ന് ബിസിനസ് കോർപ്പറേറ്റുകളുടെ പത്രസമ്മേളനങ്ങൾ അവിഭാജ്യ ഘടകങ്ങളാണ് , മാധ്യമങ്ങൾക്ക്. അന്നാകട്ടെ, മാതൃഭൂമിക്കാർക്ക് പത്രസമ്മേളനത്തിൽ പങ്കെടുക്കുന്നതിന് കർശന നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു. ക്ഷണിക്കുന്ന സ്ഥാപനത്തിന്റെ യോഗ്യത പരിശോധിച്ച്‌ ഉറപ്പുവരുത്തും. എഡിറ്റോറിയൽ കോൺഫറൻസിൽ ചർച്ചചെയ്ത ശേഷം മാത്രമാണ് റിപ്പോർട്ടർമാരെ അയക്കുക. പോകുന്നതിനു മുൻപ് ചന്ദ്രേട്ടന്റെ ബ്രീഫിങ് ഉണ്ടാകും. 'മദ്യസൽക്കാരം ഒക്കെ ഉണ്ടാകും, വീണു പോകരുത്, മാതൃഭൂമിയുടെ വിലയും നിലയും കാത്തുസൂക്ഷിക്കണം..
 
കൊച്ചി കേന്ദ്രമായി നടന്ന ഒരു അന്താരാഷ്ട്ര കള്ളക്കടത്ത് കേസ്, ബോൾഗാട്ടി പാലസിനു മുന്നിൽ നങ്കൂരമിട്ടിരുന്ന ഒരു നൗകയിൽ നിന്നാണ് ആരംഭിക്കുന്നത്. ബോൾഗാട്ടിക്കടുത്തു നങ്കൂരമിട്ട പ്രത്യേക തരത്തിലുള്ള നൗക ശ്രദ്ധിക്കാനിടയായതാണ് ലോകശ്രദ്ധ നേടിയ വാർത്തയിലേക്ക് നയിച്ചത്. ജിം ഹോവാർഡ്, ബ്രയാൻ മിൽ ഗേറ്റ് എന്നിവർ പങ്കാളികളായ കേസ്. വാർത്തയെ തുടർന്ന് എല്ലാവരും അറസ്റ്റിലായി. ബ്രയൻ മിൽ ഗേറ്റ് പിന്നീട് 'കൊച്ചി കണക്ഷൻ' എന്ന പേരിൽ ഒരു പുസ്തകം എഴുതി.
രാഷ്ട്രപതിയുടെ മെഡൽ നേടിയ കസ്റ്റംസ് സൂപ്രണ്ട് അച്യുതമേനോൻ വലിയ സോഴ്സ് ആയിരുന്നു. കൊച്ചി കസ്റ്റംസ് അക്കാലത്ത് നടത്തിയ റെയിഡുകൾ ആഴ്ചയിൽ മിക്കപ്പോഴും വാർത്തകളായി.
കൊച്ചി പോർട്ട് ട്രസ്റ്റിൽ ടി.എൻ ജയചന്ദ്രൻ ചെയർമാനായിരിക്കുമ്പോൾ നിരവധി വാർത്തകൾ റിപ്പോർട്ട് ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. ഷിപ്പിംഗ് ബോർഡിന്റെയും കേന്ദ്ര ഗവൺമെന്റിന്റെയും യോഗങ്ങൾക്ക് അദ്ദേഹം ഡൽഹിയിൽ പോകുമ്പോൾ ഞങ്ങൾ പറയും, 'തിരിച്ചു വരുമ്പോൾ രണ്ടുമൂന്നു സ്റ്റോറികൾ എങ്കിലും കൊണ്ടുവരണം'.
 
നിരവധി വാർത്തകൾ അദ്ദേഹം ഷെയർ ചെയ്തിരുന്നു. ചിലതെല്ലാം ഡൽഹി ഡേറ്റ് ലൈനുകളിലും പ്രസിദ്ധീകരിച്ചു.
 
അന്താരാഷ്ട്ര ഫുട്ബോൾ മത്സരം, കലോത്സവങ്ങൾ, തൊഴിലാളി സമരങ്ങൾ തുടങ്ങി നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാൻ കഴിഞ്ഞു. കലോത്സവങ്ങൾക്ക് ഫോട്ടോഗ്രാഫറായി രാജൻ പൊതുവാൾ എത്തും. രണ്ടുപേരും നല്ല കോമ്പിനേഷൻ ആയിരുന്നു എന്ന് തോന്നിയിട്ടുണ്ട്.
കൊച്ചി കപ്പൽശാലയിലെ അക്കാലത്തെ തൊഴിൽ തർക്കങ്ങളും എടുത്തു പറയേണ്ടതാണ്. മെട്രോമാൻ ഇ.ശ്രീധരൻ ആയിരുന്നു അന്ന് ഷിപ് യാർഡിന്റെ ചെയർമാൻ. തൊഴിലാളി യൂണിയനുകൾ അക്കാലത്ത് കടുത്ത വിലപേശൽ നടത്തിയിരുന്നു. കർശനക്കാരനായ ചെയർമാനെതിരെ 'ശ്രീധരൻ ഗോബാക്ക് എന്ന മുദ്രാവാക്യം വിളിച്ച് യൂണിയൻ സമരം ചെയ്ത സംഭവം വരെ ഉണ്ടായി.തുടരാൻ ബുദ്ധിമുട്ടായ ശ്രീധരൻ ഇനി കൊച്ചിയിലേക്കില്ല എന്ന് തീരുമാനിച്ച് കപ്പൽ ശാല വിട്ടുപോയി.
ഒന്നുരണ്ട് ചെയർമാൻമാർ മാറി വന്നെങ്കിലും കപ്പൽ ശാലക്ക് വലിയ മേൽഗതി ഉണ്ടായില്ല. അതോടെ സംഘടനകൾ ചുവടു മാറ്റി. പുതിയ മുദ്രാവാക്യം ഇങ്ങനെയായിരുന്നു, 'ശ്രീധരനെ വിളിക്കൂ, കപ്പൽ ശാലയെ രക്ഷിക്കൂ'. രണ്ടും റിപ്പോർട്ട് ചെയ്യാനുള്ള ഭാഗ്യം ലഭിച്ചു.
 
ഷിപ് യാർഡിന്റെ ആദ്യ കപ്പൽ 'റാണി പത്മിനി' നീറ്റിലിറക്കുന്ന വാർത്തയും ശ്രദ്ധിക്കപ്പെട്ടു. നാളികേരമുടച്ച് കായലിലേക്കിറക്കിയ റാണി പത്മിനിയുടെ പടവും കൊടുത്തിരുന്നു.
പ്രത്യേക സാഹചര്യത്തിൽ മാതൃഭൂമിയിൽ നിന്ന് വിട്ടു പോരുന്നത് 1984 ഒക്ടോബറിലാണ്. കേരളകൗമുദിയുടെ ബ്യൂറോ ചീഫ് ആയിരുന്ന എ. പി വിശ്വനാഥനെ യാദൃച്ഛികമായി കണ്ടുമുട്ടി.പിന്നീട് കൗമുദിയിൽ ചേർന്നു.
 
ദി ഇന്ത്യൻ എക്സ്പ്രസിന്റെ മുൻ മാനേജർ കൂടിയായിരുന്നു എ. പി വിശ്വനാഥൻ.
കേരളകൗമുദിയുടെ അന്നത്തെ മാനേജിങ് ഡയറക്ടർ പത്രം ഉടമ കൂടിയായ എം.എസ് മധുസൂദനനായിരുന്നു. ധിഷണാശാലിയായ പത്രം ഉടമയായിരുന്നു അദ്ദേഹം.
മനോരമയും മാതൃഭൂമിയും കൊടുത്തതിനേക്കാൾ ബിസിനസ് വാർത്തകൾ അന്ന് കൗമുദിക്ക് വേണ്ടി കൊടുക്കാൻ കഴിഞ്ഞിരുന്നു.
 
ശ്രീലങ്കയിൽ എൽ.ടി. ടി. ഇ പ്രക്ഷോഭത്തിൽ നിന്ന് രക്ഷ തേടി ഇന്ത്യയിലെത്തിയ ആദ്യ അഭയാർത്ഥി സംഘത്തെ രാമേശ്വരത്ത് പോയി ഇൻറർവ്യൂ ചെയ്യാനായി. തമിഴ്നാട് ഇലക്ഷൻ റിപ്പോർട്ട് ചെയ്യാൻ പോയപ്പോൾ കെ.പി.സി.സി. മുൻ പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന്റെ മുറിയിലാണ് കഴിഞ്ഞത്. തമിഴ് അറിയില്ലെങ്കിലും കരുണാനിധി, അൻപഴകൻ എന്നിവരെ ഇൻറർവ്യൂ ചെയ്യാൻ കഴിഞ്ഞു.
 
ജീവൻ ടി.വിയുടെ എഡിറ്ററായിരുന്നപ്പോൾ കിട്ടിയ എക്സ്ക്ലൂസീവ് വാർത്ത, വാജ്പേയി ഗവൺമെൻറ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നേരത്ത യാക്കാൻ സാധ്യതയുണ്ട് എന്നതാണ്. തിരുപ്പൂരിൽ പാർട്ടി ദേശീയ എക്സിക്യൂട്ടീവ് യോഗം നടക്കുകയായിരുന്നു. യോഗത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി വാജ്പേയ് എത്തും. തെരഞ്ഞെടുപ്പ് നേരത്തെ ആക്കാനുള്ള അനൗൺസ്മെൻറ് ഉണ്ടാകും എന്ന പ്രതീക്ഷയിൽ മാധ്യമപ്രവർത്തകർ. ആകസ്മികമായി കോൺഫ്രൻസ് ഹാളിൽ മൊബൈൽ ഫോണുകളുടെ സിഗ്നലുകൾ പെട്ടെന്ന് കിട്ടാതെ ആയി. അകത്ത് ഒപ്പമുണ്ടായിരുന്ന സുരേഷിന്റെ ഫോൺ മാത്രം പ്രവർത്തിച്ചു. ജീവൻ ടിവിയുടെ1.30 തിന്റെ ഇംഗ്ലീഷ് ബുള്ളറ്റിൻ തീരുന്നതിനു മുൻപ് വാജ്പേയ് എത്തി, മന്ത്രിസഭ പിരിച്ചുവിടാനുള്ള തീരുമാനം അറിയിച്ചു. സുരേഷിന്റെ മൊബൈലിൽ നിന്ന് തൽസമയം ജീവൻ ടിവിയുടെ ഇംഗ്ലീഷ് വാർത്താ മുറിയിലേക്ക് എന്റെ വോയിസ് ലൈവ് ആയി കൊടുക്കാൻ കഴിഞ്ഞു.എൻ. ഡി.ടി.വി അടക്കം ദേശീയ മാധ്യമങ്ങൾ പലതും അന്ന് തിരുപ്പൂരിൽ ഉണ്ടായിരുന്നെങ്കിലും ആ വേദിയിൽ നിന്ന് വാർത്ത റിപ്പോർട്ട്‌ ചെയ്യാൻ സാധിച്ചത് ജീവൻ ടിവിക്ക് മാത്രമായിരുന്നു.
 
അക്കാലത്തെ തൊഴിലാളി യൂണിയൻ നേതാക്കളും വ്യക്തിത്വമുള്ളവരായിരുന്നു. തെറ്റായ താല്പര്യങ്ങൾ തിരുത്താൻ അവർ ആർജ്ജവം കാണിച്ചു. മാദ്ധ്യമങ്ങൾക്കും അതിൽ പങ്കുണ്ടായിരുന്നു. ഫാക്റ്റിലെ അന്നത്തെ ചെയർമാൻ ചന്ദ്രൻ നല്ല രീതിയിൽ പ്രവർത്തിച്ചിരുന്ന ആളായിരുന്നെങ്കിലും യൂണിയനുമായി നല്ല ബന്ധത്തിലായിരുന്നില്ല. പ്രഗൽഭനായ ഒ.പി. ജോസഫ് ആയിരുന്നു ജനറൽ മാനേജർ. യൂണിയൻ നേതാക്കൾ പത്രക്കാരെ ബ്രീഫ് ചെയ്യും. ചെയർമാനോട് ചോദിക്കാനുള്ള ചോദ്യങ്ങൾ ഞങ്ങളെ കൊണ്ടാണ് ചോദിപ്പിക്കുക. അവർ ചോദിച്ചാൽ തർക്കങ്ങളിലേക്ക് പോകും എന്നതിനാലാണ്. ചിലപ്പോൾ വാർത്താപ്രാധാന്യമുള്ള മറുപടികൾ കിട്ടും. അങ്ങനെ ഒരു ലിങ്ക് ആയി പ്രവർത്തിക്കാൻ കഴിഞ്ഞത് വലിയ പ്രിവിലേജ് ആയിരുന്നു.
 
പ്രാദേശികഭാഷയിൽ ആദ്യത്തെ ബിസിനസ് ആൻഡ് കറണ്ട് അഫയേഴ്സ് പരിപാടി
ദൂരദർശൻ ആരംഭിച്ച 'വിപണി'യാണ്.
 
പ്രശസ്തമായ ആ പരിപാടിയുടെ അവതാരകൻ എന്ന നിലയ്ക്ക് വലിയ അംഗീകാരം കിട്ടി.
ശശികുമാറും റിനി ഖന്നയും ആങ്കർ ചെയ്യുന്ന 'മണി മാറ്റേഴ്‌സ്'എന്ന പരിപാടി ഏഷ്യാനെറ്റിൽ ശശികുമാറിന്റെ നേതൃത്വത്തിൽ തുടങ്ങുന്നത് പിന്നീടാണ്. കേരളത്തിലെ പ്രമുഖ ബാങ്ക് ചെയർമാൻമാരും ഉദ്യോഗസ്ഥരും ആദ്യമായി ടെലിവിഷനിൽ വരുന്നത് 'വിപണി'യിലൂടെയാണ്.
സ്വകാര്യ ചാനലുകൾ വന്നതിനുശേഷം ബിസിനസ് സ്ലോട്ടുകൾ നിരവധി ഉണ്ട്. റിപ്പോർട്ടിംഗ് എളുപ്പമായി. ബിസിനസ് കൈകാര്യം ചെയ്യുന്നതിന് മാദ്ധ്യമങ്ങളിൽ
പ്രത്യേക ലേഖകന്മാരുണ്ട്.
 
പരസ്യം കൊടുക്കുന്നവരുടെ വാർത്തകൾക്ക് കൂടുതൽ പ്രാധാന്യം കൊടുക്കുന്നു. മനോരമ വാർത്തകൾക്കും വിജയഗാഥകൾക്കുമാണ് പ്രാധാന്യം. വിലയിരുത്തലുകളോ വിശകലനങ്ങളോ അധികമില്ല. വായനക്കാരുടെ താൽപ്പര്യം കുറഞ്ഞതുകൊണ്ടാണോ പത്രക്കാർ സാമ്പത്തിക വാർത്തകൾക്ക് പ്രാധാന്യം കൊടുക്കാത്തതാണോ എന്ന് വ്യക്തമല്ല.
 
ഗൗതം അദാനി - ഹിന്റൻ ബെർഗ് വിഷയത്തിന്റെ രാഷ്ട്രീയ മാനങ്ങൾ ആണ് കൂടുതലായി മാധ്യമങ്ങൾ പുറത്ത് കൊണ്ടുവന്നത്. ഓഹരി വിപണിയുമായി ബന്ധപ്പെട്ടതോ നിക്ഷേപകരുമായി ബന്ധപ്പെട്ടതോ ആയ വാർത്തകൾ കാര്യമായി പുറത്തു വന്നില്ല.രാഷ്ട്രീയമാനങ്ങളുള്ള വാർത്ത തന്നെയായിരുന്നെങ്കിലും സ്ഥാപനവുമായി ബന്ധപ്പെട്ട് നടത്തിയ കൃത്രിമം എന്ന് പറഞ്ഞ് അമേരിക്കൻ കമ്പനി മുന്നോട്ടുകൊണ്ടുവന്ന കാര്യങ്ങൾക്ക് ആഴം കുറവായിരുന്നു. 1980 കളിൽ ഹർഷത് മേത്ത യുടെ ഓഹരിത്തട്ടിപ്പ് നടക്കുന്ന സമയത്ത് 'ഓഹരികളുടെ ലോകം' എന്ന പേരിൽ ദൂരദർശൻ
പരിപാടി അവതരിപ്പിച്ചിരുന്നു. 
 
ടെലിവിഷൻ വന്നശേഷം വികസനോൻമുഖ വാർത്തകൾ, കൃഷി, പരിസ്ഥിതി വാർത്തകളുടെ പ്രാധാന്യം കുറഞ്ഞു പോകുന്നു. വാർത്തകൾ വിവാദങ്ങളിലേക്ക് തരംതാഴുന്നു. വലിയ ദ്രു വീകരണമാണ് ടി .വി വന്നതോടെ സംഭവിച്ചത്.
 
വിവാദങ്ങൾ മാത്രമല്ല വാർത്ത. ജനങ്ങളെ ബാധിക്കുന്ന നിരവധി വിഷയങ്ങൾ ഉണ്ട്. പുതിയ തലമുറ, പ്രത്യേകിച്ച് കൗമാരപ്രായക്കാർ പത്രം വായിക്കുന്നില്ല. അറിയണമെന്ന് താത്പര്യമുള്ള കാര്യങ്ങൾ മാത്രമാണ് അവർ വായിക്കുന്നത്. സ്പോർട്സ് താല്പര്യമുള്ള ആളുകൾ അതുമാത്രം. കമ്മോഡിറ്റിയുടെ സ്വഭാവം മാധ്യമങ്ങൾക്ക് വന്നു.മാധ്യമങ്ങൾ ഒരു ഉപഭോഗ വസ്തു മാത്രമായി മാറി.
വായനക്കാരുടെ അഭിരുചിയിലും മാറ്റം വന്നു. വേണ്ടത്ര സംസ്കരിച്ച്, ഒന്നിൽ കൂടുതൽ സോഴ്സുകളെ ക്രോസ് ചെക്ക് ചെയ്തു വാർത്ത കൊടുത്തിരുന്ന പോയ കാലം തിരിച്ചുവരും എന്നുതന്നെയാണ് പ്രതീക്ഷ. കൃത്യമായ സോഴ്സുകൾ വാർത്തകൾക്കുണ്ടായിരിക്കണം.സോഴ്സ് ഇല്ലാതെ വാർത്ത കൊടുക്കാൻ മാതൃഭൂമി തയ്യാറായിരുന്നില്ല. 
 
ഇത് മത്സരത്തിന്റെ കാലമാണ്.വാർത്ത തെറ്റായാലും അപൂർവ്വമായി മാത്രമാണ് തിരുത്തലുകൾ വരുന്നത്. രാവിലെ കൊടുത്ത വാർത്ത തെറ്റാണെങ്കിൽ ഏഴു മണി ബുള്ളറ്റിനിൽ വേറെ ഒരു വാർത്ത കൊടുക്കുന്നു. തിരുത്തിയത് കാണാത്തവരുടെ മുന്നിൽ തിരുത്താത്ത വാർത്ത ശരിരൂപത്തിൽ തന്നെ കിടക്കും. അത്തരം മൂല്യബോധമാണ് നയിക്കുന്നത്.
 
കമ്മോഡിറ്റി എന്ന നിലയിൽ പത്രങ്ങളും ചാനലുകളും നിലനിൽക്കേണ്ട ആവശ്യകത ഉണ്ടായിരിക്കാം. രാഷ്ട്രീയ സമ്മർദ്ദങ്ങളും ഭീഷണികളും മാദ്ധ്യമങ്ങൾക്ക് നേരിടേണ്ടിയും വരുന്നുണ്ട്.
മാധ്യമങ്ങളുടെ കുത്തകവൽക്കരണവും പ്രശ്നമാണ്. ബിസിനസ് സ്ഥാപനങ്ങളുടെ കീഴിൽ പ്രവർത്തിക്കുന്ന മാധ്യമങ്ങൾക്ക് നിലനിൽപ്പിന് അവയെ ആശ്രയിക്കേണ്ടി വരുന്ന അവസ്ഥയിൽ വാർത്തക്ക് എന്തുമാത്രം സ്വതന്ത്രതയുണ്ടാകും, വസ്തുതാപരമാകും എന്ന് ചിന്തിക്കണം.
 
പ്രാദേശികമായി ഏറെ പ്രസക്തമായിരുന്ന നിരവധി മാധ്യമങ്ങൾ ഇല്ലാതെയായി. നിലവിലുള്ളവ വലിയ വെല്ലുവിളികൾ നേരിടുകയാണ്.കൊവിഡ് കാലത്ത് പല മാധ്യമങ്ങളും ശോഷിച്ചു പോയി. എണ്ണത്തിലും, വണ്ണത്തിലും, നിലവാരത്തിലും മാറ്റം ഉണ്ടായിട്ടുണ്ട്. രാഷ്ട്രീയപരമായ ഭയപ്പെടുത്തലുകൾ, ഭീഷണികൾ, അഭിപ്രായസ്വാതന്ത്ര്യത്തിന് തടയിടുന്ന പ്രശ്നങ്ങൾ ഉണ്ട്. അഭിപ്രായസ്വാതന്ത്ര്യം തന്നെ നിലവിട്ട് പോകുന്നുണ്ടോ എന്ന ആശങ്കയും മാധ്യമപ്രവർത്തകർക്കിടയിലുണ്ട്. ജനങ്ങൾക്കും അതേ ആശങ്കയുണ്ട്.അങ്ങനെ കലുഷിതമായ ഒരു സന്ദർഭത്തിൽ കൂടിയാണ് നാം കടന്നു പോകുന്നത്.
മാധ്യമങ്ങൾക്ക് പഴയ പ്രൗഢിയും പ്രസരിപ്പും വിശ്വാസ്യതയും നേടിയെടുക്കാൻ കഴിയണം. എന്നാൽ മാത്രമേ ജനാധിപത്യ സംവിധാനങ്ങൾ നിലനിൽക്കുകയുള്ളൂ. വിശ്വാസ്യത നഷ്ടപ്പെട്ടു പോകുന്നത് ജനാധിപത്യത്തിന് ഭീഷണിയാണ്. മാധ്യമങ്ങളെ നിശബ്ദരാക്കിക്കൊണ്ടു ള്ള രാഷ്ട്രീയ പ്രവർത്തനം, സ്വേച്ഛാധിപത്യ വ്യവസ്ഥയുടെ രീതിയാണ്. വസ്തുതയാണ് അറിയുന്നത് എന്ന് ഉറപ്പാക്കാനുള്ള അവകാശം വായനക്കാർക്ക് ഉണ്ട്. ഇന്ന് വസ്തുതയെക്കാൾ താൻ കേൾക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ, ഇഷ്ട വിഷയങ്ങൾ മതപരമായ കാഴ്ചപ്പാടുകൾ ശരി വയ്ക്കുന്ന മാധ്യമങ്ങൾ - ഇത് മാത്രം കാണാൻ ഇഷ്ടപ്പെടുന്ന ഒരു വലിയ വിഭാഗം ജനങ്ങൾ ഉണ്ടായി വന്നിരിക്കുന്നു. അത്തരത്തിലുള്ള ധ്രുവീകരണം സംഭവിച്ചിരിക്കുന്നു. വസ്തുനിഷ്ഠത എന്നത് കാഷ്വാലിറ്റി ആയിരിക്കുന്നു. വസ്തുതകൾ അറിയാൻ ആഗ്രഹിക്കുന്നവർക്ക് അതു നൽകുന്ന മാധ്യമങ്ങൾ ഇനിയും ഉണ്ടായി വന്നേക്കും. അതിനായി വസ്തുനിഷ് ഠമായ വാർത്തകൾ കൊടുത്തു ശീലിപ്പിക്കണം.
 
ഇഷ്ടപ്പെട്ടത് മാത്രം കേൾക്കാൻ ചിലർ ആഗ്രഹിക്കുന്നത് കൊണ്ടാണ് മാധ്യമങ്ങൾക്കെതിരെ സൈബർ ഗുണ്ടായിസം ഉണ്ടാകുന്നത്. അസഹിഷ്ണുത കൂടിവരുന്നു.
 
മുഖ്യമന്ത്രിമാരെയും പാർട്ടി സെക്രട്ടറിയെയും പ്രധാനമന്ത്രിയെത്തന്നെയും രൂക്ഷമായി വിമർശിച്ചിരുന്ന തലയെടുപ്പുള്ള മാധ്യമപ്രവർത്തകർ ഉണ്ടായിരുന്നു. വിമർശനത്തെ സ്പോർട്സ്മാൻ സ്പിരിറ്റോടെ കാണേണ്ട രാഷ്ട്രീയ - ഉദ്യോഗസ്ഥ നേതൃത്വത്തിന് സഹിഷ്ണുത കുറഞ്ഞു. മാദ്ധ്യമങ്ങളെ ഭയപ്പെടുത്തി വരുത്തിയിൽ നിർത്താനുള്ള ശ്രമം.
 
ഉണ്ടായിട്ടുള്ള വലിയ ഒരേ ശബ്ദം മാത്രം കേൾപ്പിക്കുന്ന കാലഘട്ടത്തിലൂടെയാണ് സമയം കടന്നു പോകുന്നത്.
വാർത്തകൾക്ക് ഒരുപാട് ഫ്രില്ലുകൾ (അലങ്കാരങ്ങൾ) വേണമെന്നില്ല. അതിശയോക്തി കലർന്ന വാർത്തകൾ വന്നില്ലെങ്കിൽ അതിനു കിക്ക് പോര എന്ന ചിന്തയാണ് ഇപ്പോഴുള്ളത്. ദൃശ്യമാധ്യമങ്ങൾ വിഷ്വൽസിനെ കളർ ഗ്രേഡ് ചെയ്ത് സമ്പന്നമാക്കി, വർണ്ണാഭമാക്കി എഡിറ്റ് ചെയ്ത് അവതരിപ്പിക്കുന്നു. യഥാർത്ഥ റഷസ് മാറ്റി കൃത്രിമമായി നിറപ്പകിട്ടോടെ ദൃശ്യങ്ങൾ കാണിക്കുന്നു. ഒരു പരിധിയുമില്ലാതെ അതിശയോക്തിയോടെ നിറം പിടിപ്പിച്ച വാർത്തകൾ അവതരിപ്പിക്കുന്നു.ആളുകളെ മന്ദിപ്പിച്ചിരുത്തുന്ന രീതി.
 
ടെലിവിഷൻ വന്നതിനുശേഷം ഉണ്ടായ വലിയ മാറ്റം വാർത്താന്വേഷണങ്ങളിലും ആലസ്യം ഉണ്ടാകുന്നുണ്ട്. ക്യാമറാമാൻ മാത്രം പോയി വാർത്ത റിപ്പോർട്ട് ചെയ്ത് ഷെയർ ചെയ്യുന്നു. നിരവധി അസൈൻമെന്റുകൾ ഒരേസമയം ഉണ്ടാകുമ്പോൾ സംഭവിക്കുന്നതായിരിക്കാം. മുൻപ് വാർത്താ ശേഖരണത്തിനും അ വതരണത്തിനും ചില മാനദണ്ഡങ്ങൾ ഉണ്ടായിരുന്നു.
മുഖ്യധാരാ മാധ്യമങ്ങളിൽ എഡിറ്റർമാരുടെ പങ്ക് കുറഞ്ഞുവരുന്നു.
 
നവ മാധ്യമങ്ങളിൽ എഡിറ്റർമാർ ഇല്ല. പത്രാധിപർ മാർക്കറ്റിംഗ് ഡിവിഷനെ ശക്തിപ്പെടുത്തുന്ന ഒരു കാലഘട്ടം കൂടിയാണ്. വാർത്ത കൊടുത്തശേഷം വസ്തുത മറിച്ചാണെങ്കിൽ അത് തിരുത്താൻ ധൈര്യമുള്ള പത്രാധിപന്മാരും റിപ്പോർട്ടർമാരും ഇന്നില്ല. മാധ്യമ സിൻഡിക്കേറ്റ് എന്ന് മുൻപ് മുഖ്യമന്ത്രി പറഞ്ഞതിനോട് യോജിപ്പ് ഇല്ലെങ്കിൽ പോലും വാർത്തകൾ സ്റ്റാൻഡേർഡൈസ് ചെയ്യപ്പെടുന്നു എന്നത് വാസ്തവമാണ്.
 
വസ്തുതകൾ ഗവേഷണം നടത്തി മനസ്സിലാക്കി, പരിശോധിച്ച്‌ വാർത്ത പ്രസിദ്ധീകരിക്കാൻ 24 മണിക്കൂർ ഉണ്ടായിരുന്നു. ഇപ്പോൾ ഓരോ സെക്കന്റിലും ബ്രേക്ക് ചെയ്യുന്ന വിസ്ഫോടകാവസ്ഥയിൽ വാർത്താപ്രളയത്തിനിടയിൽ വസ്തുതയും അതിശയോക്തിയും ഏതെന്നു തിരിച്ചറിയാൻ കഴിയുന്നില്ല. വസ്തുത അറിയേണ്ടവർ കാലക്രമത്തിൽ കൂടി വരുമോ എന്ന് പറയാൻ കഴിയില്ല.
വാർത്ത എൻഗേജിങ് അല്ലെങ്കിൽ അതേ പൈങ്കിളി സ്വഭാവമുള്ള സീരിയൽ ഉണ്ടാകും.
 
വാർത്താശേഖരണത്തിൽ ഒരു ആലസ്യ മനോഭാവം ഉണ്ടാകുന്നുണ്ട്.. ക്യാമറാമാൻമാർ മാത്രം പോയി വാർത്തകൾ റിപ്പോർട്ട് ചെയ്യുകയും ഷെയർ ചെയ്യുകയും ചെയ്യുന്ന രീതിയുണ്ട്. ഒരേസമയം നിരവധി അസൈൻമെന്റുകൾ ഉണ്ടാകുമ്പോൾ സംഭവിക്കുന്നതായിരിക്കാം. വാർത്ത കൈകാര്യം ചെയ്യുമ്പോൾ ചില മാനദണ്ഡങ്ങൾ മുൻപ് പാലിച്ചിരുന്നു. ഒരു ഇൻസ്റ്റിറ്റ്യൂട്ടിലും പഠിച്ചാൽ കിട്ടാത്ത മൂല്യബോധന കല്പനകൾ അന്നത്തെ പത്രപ്രവർത്തകർ പാലിച്ചിരുന്നു.
 
പരിപാടിയിൽ ഡി.പ്രദീപ് കുമാർ,കെ.ഹേമലത എന്നിവർ മോഡറേറ്റർമാരായി.
 
ചരിത്രസാക്ഷികൾ ഏഴാം ഭാഗത്തിന്റെ ശബ്ദലേഖനം മീഡിയ വേവ്സ് യൂട്യൂബ് ചാനലിൽ ലഭ്യമാണ് :
 
 (*കെ. ഹേമലത എഴുതിയത്)

Followers

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

സൂക്ഷ്മദര്‍ശി‍നി BOOKS-2

സൂക്ഷ്മദര്‍ശി‍നി BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ

GREENRADIO -കവിതാലാപനങ്ങൾ

Labels

(അ)വർണ്ണാശ്രമത്തിലെ വെണ്ണപ്പാളികൾ (1) 100th POST;FIVE QUESTIONS IN CONNECTION WITH INTERNATIONAL WOMEN'S DAY (1) 4.5 ശതമാനം ഉപസംവരണം/മുസ്ലീം ആധിപത്യം/സാമൂഹികം/ ലേഖനം/ അക്ഷയ/മുഗള്‍ / (1) A SATITRE (1) ABHAYA MURDER CASE AND MEDIA (2) AII India Radio (1) AMBEDKAR GREEN ARMY (1) ANNA HAZARE (1) ASSEMBLIES (1) AUTO DRIVERS IN KOZHIKODE (1) Aalkkoottam inland magazine (1) BABA AMTE (1) BAN ON TEACHERS WEARING SAREE IN KERALA (1) BANGALURU (1) CAPSULES (1) CASTE IN POLITICS (1) CHENGARA LAND STRUGGLE TO NEW HEIGHTS (1) COMMUNITY CYCLING IN PARIS (1) CORRUPTION IN HIGHER EDUCATION SECTOR (1) CULTURAL OUTRAGE IN THE NAME OF KHADI IN KERALA (1) CULTURAL POLICE IN KERALA (1) CYBER ACT (1) CYBER TERRORISM (1) CYCLING IN LAKSHADWEEP (1) Church in Kerala (2) D.Parameswaran Potti (1) DEEMED UNIVERSITIES (1) DR VERGHESE KURIEN (1) DUDABHAI (1) FILMREVIEW (1) G M FOODS (1) GLOBAL WARMING AND KERALA (1) GOA (1) GREEN RADIO PODCASTS (1) GREEN RADIO-PODCAST (1) GREEN RADIO-എങ്ങനെ കേള്‍ക്കാം (1) HEALTH TOURISM IN INDIA (1) HINDUSTANI MUSIC IN KERALA (1) HUMOUR (1) I T PROFESSIONALS (1) I too had a dream (1) IFFI 2011 (1) INDIA BEYOND COPENHAGEN (1) IT'S MAN-MADE (1) Indian Performing Rights (1) Indian tie (1) JASMINE REVOLUTION (1) JASMINE REVOLUTION IN INDIA (1) JUDICIARY (1) JUSTICE CYRIAC JOSEPH (1) KASARGODE DWARF (1) KERALA MUSLIMS AND DEMOCRACY (1) KERALA.KARNATAKA (1) KOCHI METRO (1) Kochi F M (2) LIFE STYLE OF KERALA BENGAL LEADERS:A STORY IN CONTRAST (1) LOK PAL BILL (1) LOKAYUKTHA (1) Little Magazines in Kerala (1) MAHATMA GANDHI (2) MAKARAJYOTI FARCE (1) MANGALA DEVI TEMPLE (1) MARTIN LUTHER KING JNR (1) MEDIA IN KERALA (1) MY BOOKS (2) Mavelikara (1) NEGATIVE VOTING RIGHT (1) NEIGHBOURHOOD SCHOOLS (1) NIGHT LIFE (1) Nationalisation of segregated graveyards (1) OCCUPY WALL STREET (2) ONAM AND TV SHOWS IN KERALA (1) Onam (2) PAIDNEWS (1) Poverty in America (1) QUALITY OF KWA TAP WATER (1) QUEEN'S ENGLISH IN KERALA (1) RACIAL DISCRIMINATION AGAINST WOMEN AND DALITS BY KERALA PRESS (1) REFERENDUM ON MAJOR DECISIONS (1) RELIGION OF ELEPHANTS IN KERALA? (1) ROYALTY TO MUSIC PERFORMANCES (1) Real estate on Moon (1) SATIRE (4) SEX (1) SOCIAL ILLITERACY IN KERALA (1) STATUES (1) SUBHA MUHOORTHA FOR CAESAREAN SURGERY (1) SUBHASH PALEKAR (1) SUFI PARANJA KATHA (1) SUPERSTITION AT SABARIMALA (1) SUTHARYAKERALAM: A HIGHTECH FARCE (1) SWINE FLUE AND MEDIA (1) THE CHURCH ON CHILD- MAKING SPREE (1) THE FOOD SECURITY ARMY IN KERALA (1) THE MAKING OF GOONDAS IN KERALA. (1) THE PLIGHT OF THE AGED IN KERALA (1) THE RIGHT TO FREE AND COMPULSORY EDUCATION BILL (1) THE SILENT MINORITY:BACKBONE OF INDIAN DEMOCRACY (1) THEKKADI (1) Thoppippala (1) URBANISATION (1) V.Dakshinamoorthy (1) VECHUR COWS (1) VELIB.FREEDOM BIKE (1) VOTERS IN THE CYBER WORLD/സാക്ഷരത/നവമാദ്ധ്യമങ്ങൾ (1) WHY DO PEOPLE DIE OF COLDWAVES IN NORTH INDIA? (1) WOMEN RESERVATION IN PARLIAMENT (1) cyber crime case against blogger (2) first F.M station in Kerala (1) greenradio podcasts (1) local radio station (1) national heritage animal (1) parallel publications in Malayalam (1) woman paedophile (1) അംബേദ്കർ (2) അംബേദ്കർ ഗ്രീൻ ആർമി (1) അക്ബറാന (1) അക്ഷയതൃതീയ (1) അക്ഷയതൃതീയ AKSHAYATHRUTHIYA (1) അഗസ്റ്റിൻ ജോസഫ് (1) അങ്കിൾ ജഡ്ജ് സിൻഡ്രോം” (1) അതിവേഗപാത (1) അതിശൈത്യമരണങ്ങൾ (1) അനുഭവം (1) അമുൽ (1) അമേരിക്കയിലെ ദരിദ്രർ (1) അയ്യങ്കാളി (1) അഷ്ടമംഗലദേവപ്രശ്നം (1) ആട്-തേക്ക്-മാഞ്ചിയം (1) ആര്‍ഭാടങ്ങള്‍ (1) ആള്‍ക്കൂട്ടം (2) ആർ.വിമലസേനൻ നായർ (1) ആൽബർട്ടോ ഗ്രനാഡോ (1) ആൾക്കൂട്ടം ഇൻലന്റ്‌ മാസിക (2) ഇന്ത്യ (1) ഉഴവൂര്‍ (1) എ.എൻ.സി (2) എം.എ.എസ് (1) എം.എഫ് ഹുസൈൻ (1) എംബെഡഡ് ജേർണ്ണലിസം/ അയ്യങ്കാളി (1) എസ്.എൻ.ഡി.പി (1) ഏംഗത്സ് (1) ഏട്ടിലെ പശു (1) ഏഷ്യാഡ് (1) ഐ.എസ്.അര്‍.ഓ (1) ഒക്യുപൈ വാൾ സ്ട്രീറ്റ് (1) ഒക്സിജന്‍ പാര്‍ലർ (1) ഒറ്റപ്പാലം (1) ഒറ്റയാൾ (3) ഓ.എൻ.വി (1) ഓഡിയോ (1) ഓണം (1) ഓർമ്മകൾ (1) ഓർമ്മയാണച്ഛൻ (1) കഞ്ഞി (1) കണ്ടതും കേട്ടതും (2) കള്ളപ്പണം (1) കവരത്തി (1) കവിതാലാപനം (2) കാല്‍കഴുകിച്ചൂട്ടൽ (1) കാളന്‍ (1) കാളയിറച്ചി (1) കാസർകോഡ് ഡ്വാർഫ് (1) കാർഷിക യന്ത്രവത്കരണം (1) കാർഷിക വിപ്ലവം (1) കാർഷികം/ ലേഖനം/ബ്ലാക്ക്ബെറി/മിൽക്കി ഫ്രൂട്ട്/അവക്കാഡോ/ദുരിയാൻ/റമ്പൂട്ടാൻ (1) കാൽകഴുകിച്ചൂട്ടൽ (1) കീഴാചാരം (1) കുഞ്ഞപ്പ പട്ടാന്നൂർ (1) കുറിപ്പ്‌ (1) കൂറുമാറ്റം (1) കൃഷ്ണയ്യർ (1) കെ.ആര്‍.നാരായണന്‍ (1) കെ.ആർ.ടോണി (1) കെ.ഗിരിജ വർമ്മ (1) കെ.ഗിരിജാവർമ (1) കെ.വി.ഷൈൻ (1) കോണകം (2) ക്ലാസിക്ക് മെട്രോ (1) ക്ഷേത്രപ്രവേശനം (1) കൻഷിറാം (1) ഖവാലി (1) ഗജ ദിനം (1) ഗിരിപ്രഭാഷണം (1) ഗീർ പശു (1) ഗുണ്ടായിസം (1) ഗുണ്ടാരാജ് (1) ഗുരുവായൂർ (1) ഗോൾചെറെ (1) ഗ്രാമസഭ (1) ഗ്രീൻ കേരള എക്സ്പ്രസ് (1) ഗ്രീൻ റേഡിയോ പോഡ്കാസ്റ്റ് (2) ചണ്ഡിഗർ (1) ചന്ദ്രൻ (1) ചരിത്രം (1) ചലച്ചിത്രനിരൂപണം (1) ചലച്ചിത്രവിചാരം-ഒരെ കടല്‍ (1) ചിഡ് വാര (1) ചിത്രകാരൻ (2) ചൂടുവെള്ളത്തിൽ വീണ (1) ചെ ഗുവേര (1) ചെങ്ങറ (2) ചൊവ്വാ (1) ജഗ്ജ്ജീവന്‍ റാം (1) ജനകീയകോടതി (1) ജനാധിപത്യംANTI-DEFECTION LAW AND INDIAN DEMOCRACY (1) ജാവേദ് അക്തർ (1) ജീവത്സാഹിത്യംശശി തരൂർ (1) ജുഡീഷ്യറിയിലെ അഴിമതി/ കെ.ജി.ബാലകൃഷ്ണൻ (1) ജ്ഞാനഗുരു (1) ടോപ്പ്ലസ് (1) ടോൾ (1) ഡോ ജോൺ മത്തായി (1) ഡ്രസ് കോഡ് (1) ഡൽഹി (1) തഥാഗതൻ (1) താതാ നിന്‍ കല്പനയാല്‍ (1) താഹ്രീർ സ്കൊയർ (1) തൃപ്പൂത്താറാട്ട് (1) തെമ്മാടിക്കുഴി (1) തോർത്ത്‌ (1) ത്യാഗികൾ (1) ത്രിവര്‍ണ്ണപതാക (1) ദ കിഡ് വിത്ത് എ ബൈക്ക് (1) ദളിത് (1) ദാരിദ്ര്യരേഖ (1) ദൃഷ്ടിപഥം (17) ദേശീയ ഉത്സവം (1) ദേശീയ പതാക-TRIBUTE TO KAMALA DAS;RECITATION OF HER POEM IN MALAYALAM (1) ധവളവിപ്ലവം (1) നക്ഷത്രഫലം (1) നര്‍മ്മം (1) നല്ലതങ്ക (1) നവമാദ്ധ്യമങ്ങൾ (1) നവവത്സരാശംസകള്‍‍ (1) നസീറാന (1) നാഗസന്യാസിമാർ (1) നാരായണ പണിക്കർ (1) നെൽസൺ മണ്ടേല (1) നേർച്ചസദ്യ (1) നർമ്മം (2) നർമ്മദ (1) പരിഹാരക്രിയ (1) പി.ഉദയഭാനു (4) പി.ഭാസ്‌കരന്‍ (1) പി.സായ് നാഥ് (1) പിണറായി (1) പുസ്തകനിരൂപണം (1) പൂന്താനം (1) പൈതൃകമൃഗം (1) പൊതുസീറ്റുകൾ (1) പൊന്നമ്പലമേട് (1) പൊർഫീരിയോ (1) പോഡ്കാസ്റ്റ് (1) പൌലോസ് മാർ പൌലോസ് (1) പ്രതിമകൾ (1) പ്രാക്കുളം ഭാസി (1) പ്രിയനന്ദനൻ (1) പ്രേം നസീർ (1) പ്ലാവില (1) ഫലിതം (5) ഫലിതം A FRIENDSHIP DAY DISASTER (1) ഫസ്റ്റ്ഗ്രേഡർ (1) ഫിദൽ (1) ഫെമിനിസ്റ്റ് (1) ഫ്രന്‍ഡ്ഷിപ് ഡേ (1) ബഷീർ (3) ബാബ ആംതെ/ (1) ബാബുരാജ് (1) ബി.ഓ.ടി (1) ബുർക്ക (1) ബൊളീവിയ (1) ഭക്ഷ്യ അരക്ഷിതാവസ്ഥ (1) ഭക്ഷ്യ സുരക്ഷാ സേന (1) ഭാവി രാഷ്ട്രീയ അജണ്ട (1) ഭൂമിക്കൊരു ചരമഗീതം (2) മംഗളാദേവി ക്ഷേത്രം 2001- (1) മകരജ്യോതി (1) മതം (2) മദ്യപാനം (2) മമത (1) മമ്മൂട്ടി (2) മറൂഗ (1) മഹാസ്ഥാപനം (1) മാഡം കാമ (1) മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് (1) മാദ്ധ്യമസദാചാരം (1) മാധവന്‍ നായര്‍ (1) മാധ്യമം (3) മാപ്പിളപ്പാട്ട് (1) മായാവതി (1) മാര്‍ക്സ് (1) മുല്ലപ്പൂ വിപ്ലവം (1) മുസ്ലീം സാക്ഷരത (1) മുസ്ലീം സ്ത്രീ സാക്ഷരതാനിരക്ക് (1) മേധാ പട്ട്കർ (1) മേഴ്സി മാത്യു (2) മൈഥിലി (1) മൊബൈൽ ഫോൺ (1) മോഹൻലാൽ (1) യൂത്ത് ഒളിമ്പിക്സ് (1) യേശുദാസ് (1) രാമനുണ്ണി (1) രാഷ്ട്രപതി (1) രാഷ്ട്രീയം (7) രാഷ്ട്രീയസദാചാരം (1) റഷ്യ (1) റഷ്യയിലെ ജനസംഖ്യ (1) റിവോദിയ (1) റെസിഡന്റ്സ് അസ്സോസിയേഷൻ (1) റേഡിയോ (7) റേഡിയോ സ്കിറ്റ് (1) റോഡ് സുരക്ഷാവാരം (1) റൌൾ (1) റ്റിന്റുമോൻ (1) ലെനിൻ (2) ലേഖനം (12) ലേഖനം/ ഡോ വർഗ്ഗീസ് കുര്യൻ (1) ലേഖനം/രാഷ്ട്രീയക്രിമിനൽവത്കരണം/CRIMINALISATION OF POLITICS/A RAJA /KANIMOZHI/TIHAR (1) ലോക അണക്കെട്ട് കമ്മീഷൻ (1) ലോക് അദാലത്ത് (1) ളാഹ ഗോപാലൻ (1) വടയക്ഷി (1) വന്ദേ മാതരം (1) വാലന്റൈന്‍സ് ഡേ (1) വാസ്തു (1) വാസ്തുദോഷനിവാരണക്രിയ (1) വാഹനപരിശോധന (1) വാർഡ് സഭ/GRAMASABHAS IN KERALA ON THE DECLINE (1) വി.പി.സിങ്ങ് (1) വിജയ് യേശുദാസ് (1) വിദ്യാരംഭം (1) വിന്നി (2) വിരുദ്ധോക്തി (1) വിശുദ്ധഗ്രന്ഥങ്ങൾ (1) വിശ്വപൌരന്‍ (1) വെച്ചൂർ പശു (1) വ്യാജമൂല്യബോധംപൊതുജനസേവക പ്രക്ഷേപകർ (1) ശതാഭിഷേകം (2) ശനിദോഷ നിവാരണണപൂജ (1) ശബരിമല (3) ശരീര ഭാഷ (1) ശവി (1) ശാർക്കര (1) ശില (1) ശുദ്ധികലശം (1) ശുഭമുഹൂർത്തപ്രസവം. (1) ശ്രീനാരായണ ഗുരു (4) ശർബാനി (1) ഷൈൻ (1) സംഗീതം (1) സദാചാര പൊലീസ് (1) സദാചാരാപഭ്രംശം (1) സഫലമീയാത്ര (1) സമൂഹികബോധം (1) സാമൂഹികം (3) സാമൂഹികം. (1) സാമൂഹികം.CYBER ACT IN KERALA (1) സാമൂഹികം.പന്നിപ്പനി (1) സാമൂഹികം/ ലേഖനം/ (3) സാമൂഹികം/ ലേഖനം/ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി (1) സാമൂഹികം/ ലേഖനം/ തദ്ദേശ തെരഞ്ഞെടുപ്പ് വിധി (1) സാമൂഹികം/ ലേഖനം/ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ.കില (1) സാമൂഹികം/ ലേഖനം/ മദ്യപാനം/വാഹനാപകടം (1) സാമൂഹികം/ ലേഖനം/ വിവരാവകാശ നിയമം/RTI ACT:DRAFT OF NEW RULES (1) സാമൂഹികം/ ലേഖനം/ B B C (1) സാമൂഹികം/ ലേഖനം/ BENGALI MIGRANT WORKERS IN KERALA (1) സാമൂഹികം/ ലേഖനം/ COMMONWEALTH GAMES (1) സാമൂഹികം/ ലേഖനം/ FOREIGN EDUCATIONAL INSTITUTIONS BILL (1) സാമൂഹികം/ ലേഖനം/ HINDU-MUSLIM AMITY;A TRUE STORY (1) സാമൂഹികം/ ലേഖനം/ ORISSA/NAVEEN PATNAIK (1) സാമൂഹികം/ ലേഖനം/ RELIGIOUS EXTREMISTS IN KERALA (1) സാമൂഹികം/ ലേഖനം/ THE COURT AND THE PEOPLES COURT (1) സാമൂഹികം/ ലേഖനം/ THE IMPACTS OF N S S'S DECISION TO FREE THEIR EDUCATIONAL INSTITUTIONS FROM RELIGIOUS ACTIVITIES (1) സാമൂഹികം/ ലേഖനം/ VOTERS' RIGHT TO MOVE NON-CONFIDENCE (1) സാമൂഹികം/ ലേഖനം/ WHY WOMEN AND DALITS NOT BEING FIELDED FROM GENERAL SEATS IN KERALA? (1) സാമൂഹികം/ ലേഖനം/ WOMEN TO UPSET THE APLECARTS OF MANY IN KERALA (1) സാമൂഹികം/ ലേഖനം/ അമേരിക്കയുടെ വായ്പാക്ഷമത/DOWNGRADE / S AND P/ KRUGMAN/OBAMA (1) സാമൂഹികം/ ലേഖനം/ ആന (1) സാമൂഹികം/ ലേഖനം/ ആയുർദൈർഘ്യം/ മാനവ വികസന സൂചിക/ലോക ആരോഗ്യദിനം (1) സാമൂഹികം/ ലേഖനം/ കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമം/RTE ACT/ന്യൂനപക്ഷസ്കൂളുകൾ (1) സാമൂഹികം/ ലേഖനം/ ഗ്രാമസഭ (1) സാമൂഹികം/ ലേഖനം/ നീതിന്യായാവകാശ നിയമം (1) സാമൂഹികം/ ലേഖനം/ പാലിയേക്കര/ടോൾ/BOT/അരാഷ്ട്രീയവത്കരണം/ചേറ്റുവ (1) സാമൂഹികം/ ലേഖനം/ പ്രവാസിത്തൊഴിലാളികൾ/ബംഗാൾ/ഒറീസ/തൊഴിൽ അല്ലെങ്കിൽ ജെയിൽ (1) സാമൂഹികം/ ലേഖനം/ ബാറ്റിസ്റ്റ (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസദാചാരം (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസാന്ദ്രത/media density/മത ന്യൂനപക്ഷ സ്കോളർഷിപ്പുകൾ (1) സാമൂഹികം/ ലേഖനം/ ലോക പൈതൃകദിനം/ബാമിയന്‍ താഴ്വര/പുരാതനം/അജന്ത/എല്ലോറ (1) സാമൂഹികം/ ലേഖനം/ ശ്രീപത്മനാഭസ്വാമി /മാർത്താണ്ഡ വർമ്മ/കാൽ കഴുകിച്ചൂട്ട് (1) സാമൂഹികം/ ലേഖനം/CUBA/POPE/FIDEL CASTRO/RAUL CASTRO (1) സാമൂഹികം/ ലേഖനം/FUKUOKA (1) സാമൂഹികം/ ലേഖനം/THE CASTE (1) സാമൂഹികം/ ലേഖനം/THE FAITHFUL AND THE DRUNKARDS (1) സാമൂഹികം/ ലേഖനം/THE FALL OF JUDICIARY IN INDIA/ILLITERACY IN JAILS (1) സാമൂഹികം/ ലേഖനം/അണ്ണാ ഹസാര/പാർലമെന്റിന്റെ പരമാധികാരം/SUPREMACY OF THE PARLIAMENT/ANNA HAZARE (1) സാമൂഹികം/ ലേഖനം/അൽ ബറാക്ക്/ഇസ്ലാമിക ബാങ്ക്/ISLAMIC BANKING IN KERALA (1) സാമൂഹികം/ ലേഖനം/ഉമ്മൻ ചാണ്ടി/ജനസമ്പർക്ക പരിപാടി/സുതാര്യകേരളം/SUTHARYAKERALAM (1) സാമൂഹികം/ ലേഖനം/കെ.ആർ.നാരായണൻ/K.R NARAYANAN/ കെ.കുഞ്ഞമ്പു/കെ.പി.എസ് മേനോൻ (1) സാമൂഹികം/ ലേഖനം/കേരള തെരഞ്ഞെടുപ്പ് 2011/ഉമ്മഞ്ചാണ്ടി മന്ത്രിസഭ/ഇ ഗവേണ്ണൻസ് (1) സാമൂഹികം/ ലേഖനം/ക്യൂബ/കാസ്ട്രോ/മാർപ്പാപ്പ/റൌൾ/ബാറ്റിസ്റ്റ/ചെഗുവരെ (1) സാമൂഹികം/ ലേഖനം/ദയാബായി/DAYABAI (1) സാമൂഹികം/ ലേഖനം/നിയമസഭാതെരഞ്ഞെടുപ്പ് /ഇലക്ഷൻ കമ്മീഷൻ /ജനാധിപത്യധ്വംസനം (1) സാമൂഹികം/ ലേഖനം/ഫിദൽ കാസ്ത്രോ/ക്യൂബ/റൌൾ കാസ്ത്രോ/ ജോസ് മാർട്ടി/ഗ്വാണ്ടനാമോ (1) സാമൂഹികം/ ലേഖനം/ബെയിൽ ഔട്ടു/ (1) സാമൂഹികം/ ലേഖനം/മുഖപ്രസംഗങ്ങൾ/ ഏജന്റുമാരുടെ സമരം/ഒപ്പീനിയൻ ലീഡേഴ്സ് (1) സാമൂഹികം/ ലേഖനം/മുല്ലപ്പൂവിപ്ലവം/സൌദി /MALE GUARDIANSHIP SYSTEM IN SAUDI ARABIA/VIRGINITY TEST ON EGYPTIAN PROTESTERS (1) സാമൂഹികം/ ലേഖനം/മൊബൈൽഫോൺ സാന്ദ്രത (1) സാമൂഹികം/ ലേഖനം/രാജ്യ സഭ/ലെജിസ്ലേറ്റീവ് കൌൺസിലുകൾ/WHO REQUIRES UPPER HOUSES? (1) സാമൂഹികം/ ലേഖനം/രാഷ്ട്രീയസദാചരം/POLITICAL MORALITY (1) സാമൂഹികം/ ലേഖനം/റേഡിയോആഡംബരങ്ങള്‍ (1) സാമൂഹികം/ ലേഖനം/ലോക്പാൽ/ഇന്ദുലേഖ/ ട്രാൻസ്പേരൻസി ഇറ്റർനാഷണൽ (1) സാമൂഹികം/ ലേഖനം/വികസനം/ടോൾ/വൈപ്പിൻ/വികസനമാതൃകകൾ /ചിക്കുൻ ഗുനിയ (1) സാമൂഹികം/ ലേഖനം/വിശ്വാസവ്യാപാരം/ആദ്ധ്യാത്മിക ദാരിദ്ര്യം/ ജാതിപ്പേരുകൾ (1) സാമൂഹികം/ ലേഖനം/ശ്രീപത്മനാഭ സ്വാമി ക്ഷേത്രം/മതിലകം/കരുവാലയം/തൃപ്പടിദാനം/ (1) സാമൂഹികം/ ലേഖനം/ഷബാന ആസ്മി (1) സാമൂഹികം/ ലേഖനം/സംവരണമണ്ഡലം (1) സാമൂഹികം/ ലേഖനം/സുകുമാർ അഴീക്കോട്/OPINION LEADER OF KERALA (1) സാമൂഹികം/ ലേഖനം/സ്വകാര്യ പ്രാക്റ്റ്iസ്/ഫൂഡ് സപ്ലിമെന്റുകൾ/കേരള മാതൃക (1) സാമൂഹികം/അയ്യങ്കാളി (1) സാമൂഹികം/ക്രിമിനൽ/ഇൻവെസ്റ്റിഗേറ്റീവ് ജേർണ്ണലിസം/ക്വൊട്ടേഷൻ സംഘം (1) സാമൂഹികം/മാർട്ടിൻ ലൂഥർ കിങ്ങ് (1) സാമൂഹികം/മുല്ലപ്പൂ വിപ്ലവം (1) സാമൂഹികം/മൂന്നാര്‍/ലേഖനം/DEATH BELLS FOR MUNNAR (1) സാമൂഹികം/ലക്ഷദ്വീപ് (1) സാമൂഹികം/ലക്ഷദ്വീപ് THE CHANGING FACE OF LAKSHADWEEP (1) സാമൂഹികം/ലേഖനം (6) സാമൂഹികം/ലേഖനം/കേരളം/M C J ALUMNI OF KERALA UNIVERSITY (1) സാമൂഹികം/ലേഖനം/റേഡിയോ/LETTERS TO RADIO (1) സാമൂഹികം/ലൈംഗികാതിക്രമം/കുട്ടികുറ്റവാളികൾ/ കൂട്ടുകുടുംബം/അണുകുടുംബം (1) സാമൂഹികം/സിംല (1) സാമൂഹികംരാവുണ്ണി (1) സാമൂഹികവിസ്ഫോടനം (1) സാമ്പത്തിക മാന്ദ്യം (1) സി.എം.എസ്‌ കോളേജ്‌ (2) സിദ്ധമതം (1) സുബ്ബലക്ഷ്മി/ചെമ്പൈ/ലേഖനം/ദേവദാസി/സദാശിവം/മീരാഭജൻ/ വൈഷ്ണവ ജനതോ (1) സുരേഷ് ഗോപി (1) സൂഫി പറഞ്ഞ കഥ (1) സൈക്കിള്‍ (1) സൈക്കിൾ (1) സൈബർ നിയമം (1) സോജ (1) സോഷ്യലിസ്റ്റ് (1) സ്കിറ്റ് (1) സ്ത്രീവസ്ത്രധാരണത്തിന്റെ രാഷ്ട്രീയം (1) സ്വർണ്ണക്കമ്മൽ (1) സ്വർണ്ണഭ്രമം (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2012 (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2013/SKIT/SATIRE/HUMOUR/D.PRADEEP KUMAR (1) ഹാസ്യം (34) ഹാസ്യം.ഫലിതം (3) ഹാസ്യം.ഫലിതം SATIRE (1) ഹാസ്യംഫാമിലി കോണ്ടാക്റ്റ് ഡേ (1) ഹീഗ്വര (1) ഹൈടെക് നിരക്ഷരർ (1) ഹൈറേഞ്ച് ഡ്വാർഫ് (1)

കേരള ബ്ലോഗ് അക്കാദമി

ഇന്ദ്രധനുസ്സ്

ബ്ലോഗ് ഹെല്‍പ്പ്ലൈന്‍