“ സാർ വിചാരിക്കുന്നപോലെയൊള്ള ടൂർ പാക്കേജൊന്നുമല്ല ഇത്. സാർ പുഴയിലോ കുളത്തിലോ ഒക്കെ മുങ്ങിക്കുളിച്ചിട്ടുണ്ടോ? ”
“ അതിനൊക്കെ എവിടുന്നാ സമയം ”
“ അതാ സാറേ ഞാൻ പറയുന്നത്. സാറിനെപ്പോലുള്ളോർക്ക് ഓണവും വിഷുവും ക്രിസ്മസും പെരുന്നാളുമൊക്കെ എന്തു പുതുമയുള്ളതാണ്! എന്നത്തേയും പോലെ ഹോട്ടലിൽ പാര്‍ട്ടി. ഡിന്നർ... സാർ മുന്‍പ് ചെയ്യുന്നതൊക്കെ തന്നെ. മടുക്കില്ലെ സാർ? ”
“I am really fed up ”
“ എങ്കിൽ സാർ ഈ ഓണത്തിന് മൂന്നാലു ദെവസ്സം ഞങ്ങളടെയൊപ്പം പോരെന്നേ... ഇന്നേവരെ ഇന്ത്യയിൽ ആരും പരീക്ഷിക്കാത്ത പ്രത്യേകതരം ടൂറാ ഞങ്ങളുടേത്... ഞങ്ങള്‍ സാറിനെ വെറും കണ്‍ട്രിയാക്കിത്തരാം.. ”
“ കണ്‍ട്രിയോ? ഇന്ററസ്റ്റിങ്ങ്.. ബൈ ദ ബൈ എന്താ നിങ്ങളുടെ പേര്.. പ്ലിസ് ബി സീറ്റഡ് ”
“ എന്റെ പേര് ടോമി... സാർ തൊപ്പിപ്പാള എന്നു കേട്ടിട്ടുണ്ടോ? ”
“ തൊപ്പിപ്പാള..... അതെന്താ? ”
“ ഞങ്ങൾ സാറിനെ ഈ ഓണത്തിന് തൊപ്പിപ്പാളയിലാണ് താമസിപ്പിക്കുന്നത്... ഹൈറേഞ്ചിലെ ഒരു കുഗ്രാമമാണത്... ഇന്നേവരെ അവിടെ കറണ്ടെത്തിയിട്ടില്ല! ”
“ ഓ മൈ ഗോഡ്! ”
“ പിന്നെ ടി.വി... ഫോണ്‍ - ഇതൊന്നും ഇല്ല. ശാന്തം, സുന്ദരം! ”
“ എങ്ങനെ അവിടെ എത്തും ടോമി ”
“ ഒരു പത്ത്-പതിനൊന്ന് കിലോമീറ്ററിനിപ്പുറം വരെ ജീപ്പു പോകും. സാറിനെ ഞങ്ങൾ അവിടെയിറക്കും ”
“ എന്നിട്ട്? ”
“ എന്നിട്ട് സാറിന്റെയീ കോട്ടും സ്യൂട്ടും പാന്റ്‌സുമൊക്കെ ഊരി ഞങ്ങളെ ഏല്പിക്കണം. പിന്നെ, മൊബൈൽ ഫോൺ, ലാപ്‌ടോപ്... അങ്ങനെയെല്ലാം... ”
“ ? ”
“ പേടിക്കേണ്ട സാര്‍. അതെല്ലാം സുരക്ഷിതമായി ഞങ്ങള്‍ വയ്ക്കും. സാറിന് അവിടെ വച്ച് ഞങ്ങള്‍ ആദ്യം ഒരു തൊപ്പിപ്പാള തലയില്‍ വച്ചു തരും ”
“ നിങ്ങള്‍ തൊപ്പിപ്പാള എന്ന് കൊറേ നേരമായി പറയുന്നല്ലോ.... What’s that”
“ സാറ് ടീവീലൊക്കെ കണ്ടുകാണും... പണ്ട് പാടത്തും പറമ്പത്തുമൊക്കെ പണി ചെയ്തിരുന്നവര്‍ വെയിലും മഴയും കൊള്ളാതിരിക്കാന്‍ ധരിച്ചിരുന്ന തൊപ്പിയാണ്, സാര്‍ ഈ തൊപ്പിപ്പാള. സര്‍ കമുകെന്ന കേട്ടിട്ടുണ്ടോ? Araca nut അതില്‍ നിന്നുണ്ടാക്കുന്ന സാധനമാണിത്... തൊപ്പിപ്പാള മാത്രമല്ല സാറിന് തരുന്നത്. ഉടുക്കാന്‍ ഒന്നാന്തരം ഈരേഴന്‍ തോര്‍ത്ത്.... ഒരൊറ്റമുണ്ട്. കാലിലിടാന്‍ ഒരു പാളച്ചെരുപ്പ്. പിന്നെ, പല്ലുതേയ്ക്കാന്‍ ഉമിക്കരി... ഒന്നാന്തരം ക്ലാഞ്ഞില്‍ ചതച്ചുണ്ടാക്കിയ ബ്രഷുണ്ട്. നാക്കു വടിക്കാനാണെങ്കില്‍ പച്ചീര്‍ക്കില്‍... ”
“ പണ്ട് കുട്ടിക്കാലത്ത് ഇതൊക്കെ കണ്ട ഒരോര്‍മ്മ... ”
“ ദേ... സാറിന്റെ മൊഖം ഇപ്പോഴാണ് തെളിഞ്ഞുവരുന്നത്... ബാക്കികൂടി കേള്‍ക്ക്, സാറേ... ”
“ പറ ”
“ തൊപ്പിപ്പാളയ്ക്ക് പിന്നേം പത്ത് പതിനാല് കിലോമീറ്ററുണ്ട്... സാറിന് നടക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ കൊറച്ചു ദൂരം കാളവണ്ടീലും പോകാം. ”
“ കാളവണ്ടീലോ? ”
“ അതേ സാര്‍, .... വയലിനു നടുവിലൂടെ ഒറ്റക്കാളയെ പൂട്ടിയ വണ്ടിയില്‍ മൂന്നാലു കിലോ മീറ്റര്‍ പോകാം. ഇടയ്ക്ക് ദാഹിക്കുന്നെങ്കില്‍ കറിവേപ്പിലയിട്ട മോരിന്‍ വെള്ളവും അച്ചാറും തരും.. ഇല്ലെങ്കില്‍ ചുക്കുവെള്ളം... ഓട്ടുഗ്ലാസിലാ സാറേ ഇത് ഒഴിച്ചു തരുന്നത്.... ”
“ ങേ....! ”
“ ചെരട്ടകൊണ്ടുണ്ടാക്കിയ ഒന്നാന്തരം തവികൊണ്ട്.. ഓട്ടുഗ്ലാസിലേക്ക് ഒഴിച്ച് തരും സാറേ.... ”
“ ഓ... പണ്ടത്തെ കാലം എനിക്കിപ്പോ ഓര്‍മ്മ വരുന്നു, ടോമി ” സാറ് കേള്‍ക്ക്... കാളവണ്ടീന്നിറങ്ങിയാ പിന്നെ നടക്കുകയേ വഴിയൊള്ളൂ... കൊടും കാട്ടിലൂടെ അഞ്ചാറു കിലോമീറ്റര്‍... ആനയും കടുവയുമൊക്കെയൊള്ള കാടാ.... ”
“ അയ്യോ! ”
“ പേടിക്കേണ്ട, സാറേ... കൂട്ടിന് ഞങ്ങളിലാരെങ്കിലും ഒണ്ടാകും... നടന്നാല് ക്ഷീണം തോന്നുകയില്ല.. വനത്തീന്ന് വരുന്ന ഫ്രഷ് എയര്‍ മൂക്കിക്കേറുമ്പോള്‍ തന്നെ എന്തൊരുഷാര്‍. എ.സിയൊന്നും അതിന്റെ ഏഴയലത്തു വരില്ലെന്നേ... സാറിനിടയ്ക്ക് മരത്തണലില്‍ കിടന്ന് മയങ്ങുകയും ചെയ്യാം... എങ്ങനെയാണെങ്കിലും നമ്മള്‍ ഉച്ചയൂണിനു മുന്‍പ് അവിടെയെത്തും ”
“ എന്നിട്ട് എവിടെ താമസിക്കും? any hotels? resorts?”
“ ഒണ്ട് സാറേ, നല്ല ഒന്നാന്തരം ചെറ്റക്കുടില്‍. പരയോലെ മേഞ്ഞ കുടിലില്‍ സാറിന്നേവരെ താമസ്സിച്ചിട്ടുണ്ടോ? ”
“ ഇല്ല ”
“ മുളകൊണ്ടുണഅടാക്കിയാതാ ചുവരുകള്‍.. തറ ചാണകം മെഴുകി സുന്ദരമാക്കിയിട്ടുണ്ടാകും.. തടുക്കിലിരുന്ന് ഇലയില്‍ നിന്ന് ഉണ്ണാം. ഉരലില്‍ കുത്തിയ തവിടു കളയാത്ത അരികൊണ്ടുണ്ടാക്കിയ ചോറ്... ചേമ്പില ഉപ്പേരി. ചുട്ട പപ്പടം. കുടമ്പുളിയിട്ട് ചട്ടിയില്‍ വച്ച മാങ്ങയിട്ട മീന്‍കറി... ”
“ ശ്ശോ... എത്ര കാലമായി ഇതൊക്കെ കഴിച്ചിട്ട് ”
“ പൊഴേല്‍ ഒന്നാന്തരം വരാലുള്ള സമയമാണിപ്പോള്‍. കരിമീനും കുറുവേമൊണ്ട്... അത് ചടീ വെച്ച് മസാല ചേര്‍ത്ത് പൊള്ളിച്ചത്.. പിന്നെ കുടിക്കാന്‍ ഉപ്പിട്ട കഞ്ഞിവെള്ളം.... ”
“ രാത്രീലും രാവിലേം.. മെനു? ”
“ രാത്രീല്. ചീവീടിന്റെ ശബ്ദം കേട്ട് സാറ് പേടിക്കത്തൊന്നുമില്ലല്ലോ? കുറുക്കനും വന്യജീവികളും ഓലിയിടുന്ന ആ സമയത്താണു സാറേ ചൂടുകഞ്ഞി വിളമ്പുന്നത്. ചട്ടീന്ന് നേരെയങ്ങ് തട്ടാം. അല്ലെങ്കില്‍ കോരിക്കുടിക്കാന്‍ പ്ലാവില കൊണ്ടുണ്ടാക്കിയ കരണ്ടിയൊണ്ട്. കഞ്ഞീടെ കൂടെ അരകല്ലില്‍ അരച്ചെടുത്ത മാങ്ങാച്ചമ്മന്തിയൊണ്ട്. ”
“ ബ്രേക്ക് ഫാസ്റ്റ്? ”
“ രാവിലെ ബെഡ് കോഫിയുണ്ട് സാറേ... കരുപ്പെട്ടിയിട്ട ചുക്കു കാപ്പി. പിന്നെ പുഴുക്ക്.. കപ്പ, കാച്ചില്‍, ചേന, ചേമ്പ്, കിഴങ്ങ്... ഇവയെല്ലാം കൂടെ ഒന്നിച്ചങ്ങ് പുഴുങ്ങും. തൊട്ടുകൂട്ടാന്‍ മുളകു ചതച്ചത്. എണ്ണയില്‍ ചാലിച്ചതൊണ്ട് സാറേ... ദേ, ദേ സാറിന്റെ വായില്‍ വെള്ളമൂറുന്നു.... ”
“ മിസ്റ്റര്‍ ടോമീ, it’s fantastic... great! I’ll cancel all my engagements എന്റെ പേര് ആദ്യം ബുക്ക് ചെയ്യണം OK ?”
“ ഏതായാലും സാറിനിഷ്ടപ്പെട്ടല്ലോ! അതു മതി. സന്തോഷമായി.. ഞാന്‍ മുഴുവനും പറഞ്ഞു തീര്‍ന്നില്ല. സാറിന് ഇടവേളകളില്‍ കൈക്കോട്ടും കൂന്താലിയുമായി കൃഷിയിടങ്ങളില്‍ ഇറങ്ങാം ”
“really”
“ വയലില്‍ കാളേനെ പൂട്ടാം. ചൂണ്ടയിടാം. തടാകത്തില്‍ നീന്തിത്തുടിക്കാം. ഒരാഴ്ച കഴിഞ്ഞ് സാറ് മടങ്ങുമ്പോള്‍ ചെറുപ്പം തിരിച്ചു കിട്ടും... കൊളസ്‌ട്രോളില്ല, പ്രഷറില്ല.. പ്രമേഹമില്ല.... ”
“ നമുക്ക് നാളെ തന്നെ പോയാലോ? ”
“ സാറ് ധൃതി വയ്ക്കാതെ.. സാറ് ഞങ്ങടെ ആദ്യ ക്ലയന്റല്ലേ - സാറിന് ഞങ്ങളൊരു സ്‌പെഷ്യന്‍ ഗിഫ്റ്റ് തരുന്നുണ്ട് ”
“ എന്താത്? ”
“ ഒന്നാന്തരം ഒരു ജോഡി പട്ടുകോണകം ”
“ ങേ! ”
“ കേട്ടിട്ടില്ലേ, ഇന്ത്യ ടൈ! സാറിന് അതും ഉടുത്തോണ്ട് ഫ്രീയായി നടക്കാം.. വെള്ളത്തില്‍ ചാടി നീന്തിക്കളിക്കാം. പാടിത്ത് പണിയെടുക്കാം. ഈരേഴന്‍ തോര്‍ത്ത് പോലുമുടുക്കാതെ സണ്‍ബാത്ത് നടത്താം... പിന്നെ, ഈ കണ്‍ട്രി ടൂര്‍ കഴിഞ്ഞ് സാറത് ഞങ്ങള്‍ക്ക് തിരിച്ചു തരേണ്ട... സ്വന്തമായി അത് എടുത്തോ... ഈ ടൂറിന്റെ സ്മരണയ്ക്കായി അതങ്ങ് സൂക്ഷിച്ചു വച്ചോ...! ”
“ ഹേത്? കോണകം!? ”
“ അത് തന്നെ സാറിനൊള്ള, ഞങ്ങടെ സ്‌പെഷ്യല്‍ ഗിഫ്റ്റ്! ”
1 comment:
പാവം സാർ.
പെട്ടു പോയല്ലോ.
Post a Comment