ഇ മലയാളം വായിക്കാനും എഴുതാനും ഇവിടെ ഞെക്കുക UNICODE MALAYALAM FONTS

Click here for Malayalam Fonts

Search This Blog

Friday, 6 September 2024

ചരിത്രസാക്ഷികൾ:തോമസ് ജേക്കബ്

 അരനൂറ്റാണ്ടിലേറെ നീണ്ടു നിൽക്കുന്ന പത്രപ്രവർത്തന ജീവിതം;അതും ഏറ്റവും പ്രചാരം കൂടിയ പത്രങ്ങളിലൊന്നായ മലയാള മനോരമയിൽ.ഇന്ത്യൻ ഭാഷാപത്രങ്ങളിലെ ഏറ്റവും പ്രായം കുറഞ്ഞ ന്യൂസ്‌ എഡിറ്റർ. ബ്രിട്ടനിലെ തോംപ്സൺ റോയിട്ടേഴ്‌സ് ഫൗണ്ടേഷന്റെ കീഴിൽ മുതിർന്ന ജേണലിസ്റ്റുകൾക്ക് നടത്തിയ പരിശീലനത്തിൽ ഒന്നാമത്തെത്തിയ ആദ്യ ഇന്ത്യക്കാരൻ..

- മലയാള മനോരമയുടെ എഡിറ്റോറിയൽ ഡയറക്ടറായി വിരമിച്ച തോമസ് ജേക്കബിൻ്റെ മാദ്ധ്യമജീവിതം ഈ വിശേഷണങ്ങൾക്കെല്ലാം അപ്പുറത്താണ്.ക്ലബ്‌ ഹൗസ് മീഡിയ റൂമിന്റെ 'ചരിത്രസാക്ഷികൾ' പരമ്പരയിൽ ( 2024 മാർച്ച്‌ 9)പ്രത്യേക അതിഥിയായി എത്തിയ തോമസ് ജേക്കബിന്റെ അര നൂറ്റാണ്ടിലേറെ നീളുന്ന പത്രപ്രവർത്തനാനുഭവങ്ങളിലൂടെ..
 
ചെറുപ്പകാലം മുതൽ കൗതുകമുള്ള കാര്യങ്ങൾ ശ്രദ്ധിക്കുന്ന ആളായിരുന്നു തോമസ് ജേക്കബ്. കോളേജിൽ പഠിക്കുമ്പോൾ പത്രപ്രവർത്തനത്തിലെ പുതിയ കാര്യങ്ങൾ അദ്ദേഹത്തെ ആകർഷിച്ചിരുന്നു. വാർത്ത എങ്ങിനെയൊക്കെ എഴുതാം,വ്യത്യസ്തമാക്കാം എന്നൊക്കെ സ്വയം പരീക്ഷണം നടത്തുമായിരുന്നു.
 
മലയാള മനോരമയുടെ തിരുവല്ല ലേഖകനായിരുന്നു പി. പി വർഗീസ്. കോളേജ് വിട്ടുവന്നാൽ അദ്ദേഹത്തിന്റെ ഓഫീസിൽ ചെന്ന് വാർത്തകൾ മാറ്റിയെഴുതിക്കൊടുക്കും. അദ്ദേഹം അയയ്ക്കുന്ന വാർത്തകൾ നോക്കാൻ തോമസ് ജേക്കബിനെ ഏ പൂർത്തിയാക്കാൻ കഴിഞ്ഞില്ല.
കോളേജിന്റെ ആദ്യ ബാച്ചിൽ പ്രതീക്ഷിച്ചിരുന്ന 100% വിജയം അങ്ങനെ ഉണ്ടാകാതെ പോയി.
"നാട്ടിൽ ഞങ്ങളുടെ കാരണവന്മാർ സ്ഥാപിച്ച ഒരു ഹൈസ്കൂളിലെ ശാസ്ത്രാധ്യാപകന്റെ ജോലി കിട്ടുമെന്ന പ്രതീക്ഷയും ഇല്ലാതായി.കുടുംബത്തിനോടുള്ള താല്പര്യം കൊണ്ടും ഞങ്ങളുടെ സാമ്പത്തിക പ്രയാസം അറിയാവുന്നതുകൊണ്ടും മാനേജ്മെൻ്റ്വേക്കൻസി എനിക്കായിറിസർവ്വ് ചെയ്തു വച്ചിരുന്നു."
ചെറുപ്പകാലം മുതൽ കാർട്ടൂൺ വരയ്ക്കും,വര ആസ്വദിക്കും. പല പത്രങ്ങളുടെ കാർട്ടൂണുകൾ താരതമ്യപ്പെടുത്തും. 
 
കോളേജിൽ പഠിക്കുമ്പോൾ മനോരമയിൽ കാർട്ടൂൺ വന്നിട്ടുണ്ട്. അക്കാലത്ത് നടന്ന പി.എം. ജി ജീവനക്കാരുടെ സമരത്തെപ്പറ്റിയുള്ളതായിരുന്നു ആ കാർട്ടൂൺ.അറിയപ്പെടുന്ന രാഷ്ട്രീയ കാർട്ടൂണിസ്റ്റായ കെ. എസ് പിള്ളയാണ് അന്ന് മനോരമ,കേരള ഭൂഷണം,ദേശബന്ധു പത്രങ്ങളിൽ വരച്ചിരുന്നത്.
" അന്ന് അദ്ദേഹവും സമരത്തെപ്പറ്റിയാണ് വരച്ചത്. കെ. എസ് പിള്ളയുടെ കാർട്ടൂണിനൊപ്പം എൻ്റെയും വന്നത് എനിക്ക് എവറസ്റ്റ് കയറിയ പോലുള്ള സംഭവമായിരുന്നു".
 
അതാണ് മനോരമയിലേക്കുള്ള വഴി തുറന്നത്."ഞാൻ വരയ്ക്കും എന്ന് അറിയാമായിരുന്ന ഒരു പ്രൊഫസർ എന്നെയും കൊണ്ട് അന്നത്തെ മനോരമ എഡിറ്റർ കളത്തിൽ വർഗീസിനെ കാണാൻ പോയി. കാർട്ടൂൺ മാറ്റിവെച്ച്‌ കുറേനേരം വർത്തമാനം പറഞ്ഞു. എന്റെ താൽപര്യം മനസ്സിലാക്കി,ജോലിക്ക് താല്പര്യമുണ്ടെങ്കിൽ കെ.എം മാത്യു സാറിനെ കാണാൻ പറഞ്ഞു. അദ്ദേഹം സഹോദരൻ കെ.എം ചെറിയാൻ്റെ അടുത്തേക്കയച്ചു".ആറ്റംബോംബിനെക്കുറിച്ച് ലേഖനം എഴുതാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്.ഇഷ്ടപ്പെട്ട വേറെ എന്തെങ്കിലും വിഷയത്തെപ്പറ്റി ഒരു ഉപന്യാസവും കൂടി എഴുതാൻ പറഞ്ഞു."കുശിനിയിൽ സഹായിക്കുവാൻ വരുന്ന ഒരു സാധാരണ സ്ത്രീക്ക് വരെ മനസ്സിലാകുന്ന രചനാരീതിയാണ്‌ വേണ്ടതെന്ന് കരുതി. നാത്തൂൻ പോരിന്റെ രീതിയിൽ അവതരിപ്പിച്ചു.നർമ്മ ബോധത്തെ പറ്റി മുൻപ് എഴുതിയ ഒരു ഉപന്യാസം പോലെ മറ്റൊരെണ്ണം എഴുതി. അതും കൊണ്ട് കെ.എം ചെറിയാനെയും കെ. എം മാത്യുവിനെയും ചെന്ന് കണ്ടു " .
 
കൂടിക്കാഴ്ച കഴിഞ്ഞ് മൂന്നു മാസം ആയിട്ടും വിവരം ഒന്നും അറിഞ്ഞില്ല.പിന്നീട്
മാർത്തോമാ സഭയുടെ അധ്യക്ഷനായിത്തീർന്ന മാർ ക്രിസോസ്റ്റത്തിനെ ചെന്നുകണ്ടു. അദ്ദേഹം അന്ന് മെത്രാനാണ് ;നാട്ടുകാരനും.അദ്ദേഹം കെ. എം മാത്യുവിനെ വിളിച്ചു. തിരുമേനിയുടെ നർമ്മം അറിയാവുന്നതുകൊണ്ട് മാത്യു ചോദിച്ചു, ''തോമസ് ജേക്കബ്, തിരുമേനിയുടെ ആളാണോ? എങ്കിൽ എടുക്കുന്ന പ്രശ്നമേ ഇല്ല. തിരുമേനിയുടെ ആൾക്കാരെല്ലാം മഹാ ഉഴപ്പൻമാരാണ്. അങ്ങനെ പറഞ്ഞെങ്കിലും, ഒരാഴ്ചയ്ക്കുള്ളിൽ വന്നു ജോയിൻ ചെയ്യാൻ എന്നോട് ആവശ്യപ്പെട്ടു". 
 
  വി.പി രാമചന്ദ്രനും തോമസ് ജേക്കബും കേരള മീഡിയ അക്കാദമിയിൽ നടന്ന മത്തായി മാഞ്ഞൂരാൻ - എൻ.എൻ സത്യവ്രതൻ അനുസ്മരണച്ചടങ്ങിൽ .

കാർട്ടൂണിസ്റ്റാകാനാഗ്രഹിച്ചാണ് മനോരമയിൽ ചെല്ലുന്നത്."പക്ഷേ,എന്നെ പത്രപ്രവർത്തകനാക്കാൻ അവർ തീരുമാനിക്കുകയായിരുന്നു".അങ്ങനെ, എഡിറ്റോറിയൽ വിഭാഗത്തിൽ ട്രെയിനിയായി. സ്റ്റൈപെൻഡ് 50 രൂപ.വായനയിലുള്ള താൽപര്യം സാഹിത്യത്തോടും സർഗാത്മകമായ പ്രവർത്തനങ്ങളോടും ഉണ്ടായിരുന്നു.കാർട്ടൂണിസ്റ്റാകാൻ ആഗ്രഹിച്ചിട്ട്, അതിന് കഴിയാത്തതിൽ അൽപ്പം ചിന്താക്കുഴപ്പം ആദ്യം ഉണ്ടായിരുന്നു. പക്ഷേ,വിജയിക്കണമെങ്കിൽ ജോലിയിൽ നൂറു ശതമാനം ശതമാനം ശ്രദ്ധ കേന്ദ്രീകരിച്ചാലേ പറ്റൂ എന്ന് മനസ്സിലാക്കി, പത്രപ്രവർത്തനത്തിൽ മാത്രം ശ്രദ്ധയർപ്പിച്ചു . 
 
1960ൽ, ജോലിക്ക് കയറുമ്പോൾ കോട്ടയത്തുനിന്ന് മാത്രം പ്രസിദ്ധീകരിക്കുന്ന പത്രമായിരുന്നു മനോരമ. 92,000ത്തിൽ താഴെ കോപ്പികൾ." ചേർന്നയുടൻ കെ. എം മാത്യു എന്നെ പത്രാധിപ സമിതിയംഗമായ ബാബു ചെങ്ങന്നൂരിനെ കാണാൻ അയച്ചു. എഡിറ്റോറിയൽ റൂമിലേക്ക് കയറുമ്പോൾ ഞാൻ ആദ്യം കാണുന്ന പത്രാധിപർ കൊടുപ്പുന്ന ഗോവിന്ദ ഗണകൻ സാർ ആണ്. മലയാള ഭാഷയുടെ, സംസ്കൃതത്തിന്റെ, ഗണകത്തിന്റെ, ഭാവി പ്രവചനത്തിന്റെ ഒക്കെ ആചാര്യനായ കൊടുപ്പുന്ന മലയാള മനോരമ പത്രാധിപസമിതിയിൽ അംഗമായിരുന്നു !"
 
പത്രാധിപ സമിതിയിൽ അന്ന് വെറും ഏഴുപേർ മാത്രമാണുള്ളത്. അതിൽ പ്രമുഖൻ
പട്ടാമ്പിക്കാരനായ കെ. പി കരുണാകര പിഷാരടിയായിരുന്നു.യാത്രാ സൗകര്യങ്ങൾ പരിമിതമായ അക്കാലത്ത് കോട്ടയത്തെത്തിയ 16 വയസ് മാത്രമുള്ള പയ്യനെ അന്നത്തെ ചീഫ് എഡിറ്റർ കെ. സി മാമ്മൻ മാപ്പിള നോവൽ തർജ്ജമക്കാരനായി ജോലിക്കെടുത്തു. പിന്നീട് അദ്ദേഹം മനോരമയുടെ സബ് എഡിറ്ററും വനിത മാസികയുടെ ആദ്യ പത്രാധിപരുമായി . സർവോദയ പ്രസ്ഥാനത്തിൻ്റെ നേതാവുമായിരുന്നു,പിഷാരടി. 
 
ഡോ.എം ലീലാവതി,തോമസ് ജേക്കബ്,വി.പി രാമചന്ദ്രൻ,ടി.വേണുഗോപാലൻ,എൻ.എൻ സത്യവ്രതൻ എന്നിവർ കേരള മീഡിയ അക്കാദമിയിലെ ഒരു ഓണാഘോഷത്തിൽ . 
     
മനോരമ പത്രാധിപ സമിതിയിൽ ഉണ്ടായിരുന്ന പി.സി കോരുത് നോവലിസ്റ്റായിരുന്നു. അദ്ദേഹത്തിന് വീട്ടിൽ ഒരു പ്രസ് ഉണ്ടായിരുന്നു;പി. സി പ്രസ്സ്.പ്രസ്സിൽ അച്ചടിക്കാനായി ഒന്നുമില്ലന്ന് ഫോർമാൻ പറയുമ്പോൾ നോവൽ എഴുതിറക്കാടുക്കും.ഒരിക്കൽ എഴുതാനിരുന്നെങ്കിലും കഥ വന്നില്ല.
അദ്ദേഹം മനോരമ ഓഫീസിൽ കെട്ടുകണക്കിന് വരുമായിരുന്ന കുറേ കടലാസ് വീട്ടിൽ കൊണ്ടുപോയി.
റഷ്യൻ, അമേരിക്കൻ എംബസികളിൽ നിന്ന് വരുന്ന മലയാളം ബുള്ളറ്റിനായിരുന്നു അവ. അതിൽ നിന്ന് അദ്ദേഹം, 'നെഹ്റു റഷ്യയിൽ' എന്ന പുസ്തകം തയ്യാറാക്കി. അത് അച്ചടിച്ച് വിതരണത്തിനായി എൻ.ബി.എസിനെ ഏൽപ്പിച്ചു.സാഹിത്യപ്രവർത്തകസഹകരണ സംഘത്തിലെ ഡയറക്ടർ ബോർഡ് അംഗം കൂടിയായിരുന്നു കോരുത് ."റഷ്യൻ ബുള്ളറ്റിൻ പകർത്തിവെച്ച ആ പുസ്തകത്തിന് എട്ട് പതിപ്പുകൾ ഉണ്ടായി എന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല," തോമസ് ജേക്കബ് പറഞ്ഞു. തിരുവല്ലക്കാരൻ ടി. ജോൺ പത്രാധിപസമിതിയിൽ ഉണ്ടായിരുന്നു.
 
അദ്ദേഹത്തിന് സാഹിത്യം അറിയില്ലെങ്കിലും ഇംഗ്ലീഷ് വാർത്തകൾ തർജ്ജമ ചെയ്യുന്നതിൽ വിദഗ്ധനായിരുന്നു.പത്രാധിപ സമിതിയിൽ ഉണ്ടായിരുന്ന എം.കുര്യൻ മലയാള പത്രങ്ങളിൽ ശാസ്ത്ര ബിരുദാനന്തര ബിരുദധാരിയായിരുന്ന ആദ്യത്തെയാളായിരുന്നു.
 
1957 ചൈനയും റഷ്യയും ചേർന്ന് സ്പുട്നിക് ബഹിരാകാശത്തേക്ക് അയച്ചപ്പോൾ
മാതൃഭൂമിയിൽ ശാസ്ത്ര ലേഖനങ്ങൾ എഴുതാറുണ്ടായിരുന്ന സി.രാധാകൃഷ്ണനെക്കൊണ്ട് വാർത്ത എഡിറ്റ് ചെയ്യിക്കാൻ മാതൃഭൂമി പത്രാധിപസമിതി തീരുമാനിച്ചത് തോമസ് ജേക്കബ് ഓർത്തു.അ അ അദ്ദേഹം കോഴിക്കോട് പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു. " മാനവിക വിഷയങ്ങളിൽ ബിരുദമെടുത്ത ഞങ്ങൾക്ക് മനസ്സിലാകുന്നില്ല. മനുഷ്യന് മനസ്സിലാക്കാവുന്ന ഭാഷയിൽ ഇതൊന്ന് തർജ്ജമ ചെയ്ത് തരണം" , അവർ രാധാകൃഷ്ണനോട് ആവശ്യപ്പെട്ടു. സി.രാധാകൃഷ്ണൻ റോക്കറ്റ്, സ്പുട്നിക് എന്ന വാക്കുകൾ അതേപടി നിലനിർത്തി. ഓർബിറ്റിന് (ഭ്രമണപഥം)അദ്ദേഹം കൊടുത്ത പേര് പ്രദക്ഷിണ വഴി എന്നായിരുന്നു.
 
അന്ന് ബഹിരാകാശം എന്ന വാക്ക് പോലും ഇല്ല.മാന്നാനത്തുള്ള കെ.വി മാമ്മൻ, എൽ. എൽ. ബിക്കാരനായിരുന്ന കെ. മാത്തൻ, നോവലിസ്റ്റ് ബാബു ചെങ്ങന്നൂർ എന്നിവരും അന്ന് പത്രാധിപ സമിതിയിൽ ഉണ്ടായിരുന്നു .കൊല്ലം ഫാത്തിമ കോളേജിൽ ബി.കോമിന്റെ പ്രാഗ് രൂപമായ എൻ.ഡി.എ കോഴ്സ് ചെയ്ത ബാബു ചെങ്ങന്നൂർ,പത്രപ്രവർത്തനത്തിൽ ഒരു പരിശീലനവും ഇല്ലാതെ ഏറെചെറിയ പ്രായത്തിൽ മലയാള മനോരമയുടെ ആദ്യ ന്യൂസ് എഡിറ്ററായി. 
 
ബിരുദമോ ബിരുദാനന്തര ബിരുദമോ കഴിഞ്ഞവർ മാത്രമേ അന്ന്‌ പത്രാധിപർ ആകൂ.എന്നാൽ, എസ്.എസ്.എൽ.സി പാസാകാത്തവർ പോലും അന്നത്തെ പത്രാധിപസമിതിയിൽ ഉണ്ടായിരുന്നു ."അന്നത്തെ എസ്.എസ്.എൽ.സിക്കാർ ഇന്നത്തെ എം.എ ക്കാർക്ക് തുല്യരായിരുന്നു.അവരുടെ ഇംഗ്ലീഷ് വളരെ മെച്ചപ്പെട്ടതായിരുന്നു".
 
  മീഡിയ അക്കാദമി കൊച്ചിയിൽ നടത്തിയ മീഡിയ കോൺക്ളേവിൽ,ടെലഗ്രാഫ് എഡിറ്റർ-അറ്റ് -ലാർജ്ജ് ആർ.രാജഗോപാലിന്  മുഖ്യമന്ത്രി സ്പെഷ്യൽ അവാർഡ്  സമ്മാനിക്കുന്ന ചടങ്ങിൽ തോമസ് ജേക്കബ്.അക്കാദമി ചെയർമാൻ ആർ.എസ് ബാബുവും വേൾഡ് ഫോട്ടോഗ്രഫി പുരസ്കാരം നേടിയ സന ഇർഷാദ് മട്ടുവും വേദിയിൽ.

ഇന്ന് റിപ്പോർട്ടർമാർ ഉൾപ്പെടെ 400 പേർ മനോരമയുടെ എഡിറ്റോറിയൽ സംഘത്തിലുണ്ട്. അന്ന് ഒരു സ്ഥലത്ത് മാത്രമാണ് അച്ചടിച്ചിരുന്നത്. ഇന്ന് കേരളത്തിൽ 11 സ്ഥലങ്ങളിൽ നിന്ന് അച്ചടിക്കുന്നതിനു പുറമേ ചെന്നൈ, ബംഗളൂർ, ബോംബെ,ഡൽഹി കൂടാതെ ഗൾഫിലെ രണ്ട് സ്ഥലങ്ങളിൽ നിന്നും അച്ചടിക്കുന്നുണ്ട്. കോട്ടയത്ത് മാത്രം അറുപതോളം പേരുണ്ട്.മറ്റു സ്ഥലങ്ങളിൽ ഒരു ഡസനിലേറെ പത്രാധിപന്മാരുണ്ട്.മനോരമയ്ക്ക് ഒരു മുഴുവൻ സമയ റിപ്പോർട്ടർ അക്കാലത്ത് തിരുവനന്തപുരത്തുണ്ടായിരുന്നു. "ഇന്ന് ഡസനിലേറെ റിപ്പോർട്ടർമാരുണ്ട്" .
 
കോഴിക്കോട് നിന്ന് മാത്രം അച്ചടിച്ചിരുന്ന മാതൃഭൂമി 1962ൽ കൊച്ചിയിൽക്കൂടി അച്ചടിക്കാൻ തീരുമാനിച്ചു. മനോരമ ഉൾപ്പെടെ മറ്റു പത്രങ്ങളുമായുള്ള മത്സരത്തിന്റെ ഭാഗമായിരുന്നു അത്.
1938 ൽ കോട്ടയത്തുനിന്ന് ഇറക്കിയ പൗരധ്വനിയുടെ ഉടമ കെ. എൽ ചാക്കോ രണ്ട് സ്ഥലങ്ങളിൽ പത്രം അച്ചടിച്ച ആദ്യ വ്യക്തിയാണ്. 1948 ൽ പൗരശക്തി എന്ന പേരിൽ തിരുവനന്തപുരത്തു തുടങ്ങിയതുകൊണ്ട് രണ്ടാം എഡിഷൻ തുടങ്ങുന്ന ആദ്യത്തെ ആൾ എന്ന ഖ്യാതി കിട്ടാതെ പോയി. 
 
മാതൃഭൂമി രണ്ടാം എഡിഷൻ ആലോചിക്കുന്നതിന് 14 വർഷം മുൻപാണ് ഇത്.പ്രമുഖ പത്രങ്ങൾ അക്കാലത്ത് ഉച്ചകഴിഞ്ഞും വൈകിട്ടുമാണ് ഇറങ്ങിയിരുന്നത്.മാതൃഭൂമി സായാഹ്ന പത്രം ആയിരുന്നില്ല. കെ. പി കേശവമേനോന്റെ ആത്മകഥയിൽ പത്രം അച്ചടിച്ച് കയ്യിൽ കിട്ടിയപ്പോഴേക്കും നേരം പുലർന്നിരുന്നു എന്ന് പറയുന്നുണ്ട്.1950കളിൽ മാത്രമാണ് മനോരമ പ്രഭാത എഡിഷൻ ആരംഭിക്കുന്നത്.
 
സായാഹ്ന പത്രം പ്രഭാത പത്രമായതിനെക്കുറിച്ച് കെ. എം മാത്യു പറയുന്ന ഒരു തമാശ ഇതാണ്. ''കയ്യിലുള്ളത് ഒരു പഴഞ്ചൻ പ്രസ്സ്. അതിൽ പത്രം അച്ചടിച്ച് ദിവസവും വിതരണം ചെയ്യണം. സായാഹ്ന പത്രമാകുമ്പോൾ വൈകിട്ട് 8 മണി വരെ വിതരണം ചെയ്യാം.അതുകഴിഞ്ഞ് വിതരണമൊന്നും നടക്കില്ല.ഒരിക്കൽ കേടായ പ്രസ്സ് ശരിയാക്കി അച്ചടിച്ചു വന്നപ്പോൾ നേരം വെളുത്തു.അങ്ങനെ അത് പ്രഭാത പത്രമായി."1950 കളിൽ മനോരമ പ്രഭാതമാത്രമായി.
 
തിരുവിതാംകൂർ കൊച്ചി ഭാഗത്തെ പല പത്രങ്ങളും സായാഹ്ന പത്രങ്ങൾ ആയിരുന്നു. പ്രഭാത എഡിഷൻ ഉള്ളവയ്ക്ക് സായാഹ്ന എഡിഷൻ കൂടി ഉണ്ടായിരുന്നു.1966 ൽ കോഴിക്കോട് മാതൃഭൂമിക്കും ചന്ദ്രികയ്ക്കും പ്രഭാത പത്രത്തിന് പുറമേ ഒരു ഈവനിംഗ് എഡിഷൻ കൂടി ഉണ്ടായിരുന്നു.ബ്രോഡ് ഷീറ്റിൽ തന്നെയുള്ള പത്രം എട്ടു പേജ് ആയിരുന്നു. എട്ടുപേജ് ഉണ്ടെങ്കിലും ഫലത്തിൽ മൂന്നു പേജോളം വായിച്ചവ തന്നെയായിരിക്കും. മുഖപ്രസംഗം, സ്പോർട്സ് പേജുകൾ രാവിലെ ഇറങ്ങിയത് തന്നെ. നാലുമണി വരെയുള്ള വാർത്തകൾ ഉൾക്കൊള്ളിക്കേണ്ടതിനാൽ സായാഹ്നപത്രങ്ങൾ നേരത്തെ അച്ചടിക്കാൻ കഴിയില്ല . ഇവയ്ക്ക് വലിയ പ്രചാരം ഉണ്ടായിരുന്നില്ല.
 
1970 ആയപ്പോഴേക്കും മാതൃഭൂമി സായാഹ്ന എഡിഷൻ നിർത്തി.ചന്ദ്രിക മുൻപേ നിർത്തിയിരുന്നു. മദ്രാസിൽ നിന്ന് വന്നിരുന്ന ദ ഹിന്ദു ആദ്യകാലത്ത് ഒരു ഈവനിംഗർ ആയിരുന്നു. മദ്രാസിൽ നിന്നുള്ള ദി മെയിൽ (മദ്രാസ് മെയിൽ)നിലയ്ക്കും വരെ ഈവനിംഗർ ആയിരുന്നു.രാത്രി ഏഴ് മണിയോടെ കേരളത്തിലേക്കുള്ള ട്രെയിനിൽ കയറ്റി അയക്കും.ഇവിടെ വരുമ്പോൾ നേരം വെളുക്കും.ഫലത്തിൽ ഹിന്ദുവും മെയിലും കേരളത്തിൽ മോണിംഗ് എഡിഷൻ ആയിട്ടാണ് വിതരണം ചെയ്തിരുന്നത്. തലേദിവസം വൈകിട്ട് മദ്രാസിൽ നിന്ന് ഇറങ്ങുന്ന പേജുകൾ മുഴുവൻ ചേർത്തു കൊണ്ടായിരുന്നു മോണിംഗ് എഡിഷൻ ഇവിടെ എത്തിയിരുന്നത്.
 
അപൂർവമായി ഓടുന്ന ബസ്സുകളിൽ കയറ്റി വേണം എത്തിച്ചുകൊടുക്കാൻ.പത്രങ്ങൾ വിതരണം ചെയ്യുന്നതിന് ഡെലിവറി വാൻ വരുന്നത് കോട്ടയത്ത് നിന്ന് ഡോ. ജോർജ് തോമസ് 1959ൽ കേരള ധ്വനി ആരംഭിച്ചപ്പോൾ മാത്രമാണ്.
 
കല്ലൂപ്പാറയിൽ നിന്ന് രണ്ടുതവണ എം.എൽ.എയായ ജോർജ് തോമസ് അമേരിക്കയിൽ പ്രവർത്തിച്ചിരുന്ന കാലത്ത് ഇവിടെ കമ്മ്യൂണിസ്റ്റ് വിരുദ്ധ പത്രം തുടങ്ങാൻ അദ്ദേഹത്തിന് സാമ്പത്തിക സഹായം കിട്ടി. ധാരാളം കാശും കൊണ്ട്‌ വന്ന അദ്ദേഹം 'എല്ലാ ദിവസവും വായിക്കാവുന്ന കേരളധ്വനി പത്രം വരുന്നു'എന്ന് മറ്റുപത്രങ്ങളിൽ പരസ്യംചെയ്തു .അന്ന് ക്രിസ്ത്യൻ ഉടമസ്ഥതയിലുള്ള
പത്രങ്ങൾക്ക് ഞായറാഴ്ച അവധിയായിരുന്നതിനാൽ തിങ്കളാഴ്ച ഇറങ്ങിയിരുന്നില്ല.അപ്പോഴാണ് ഏഴു ദിവസവും വായിക്കാവുന്ന കേരളധ്വനി വരുന്നത്.ആഴ്ചയിൽ എഴുദിവസവും പത്രമിറക്കാനും സ്വന്തം വാൻ ഉപയോഗിച്ച് പത്രം വിവിധ ജില്ലകളിൽ എത്തിക്കാനുമുള്ള തീരുമാനം പ്രൊഫഷണലായി വലിയ പുരോഗതി ഉണ്ടാക്കി.ഇതോടെകുറെ ആളുകൾ കേരളധ്വനിലേക്ക് മാറിയത് മലയാള മനോരമയുടെ സർക്കുലേഷനെ ബാധിച്ചു. അതിനാൽ,മനോരമയും ഏഴു ദിവസവും ഇറക്കാൻ തീരുമാനിച്ചു.'ചില സുപ്രധാന വാർത്തകൾ നാളെ പ്രതീക്ഷിക്കുന്നത് കൊണ്ട് നാളെയും പത്രം ഉണ്ടാകും, പതിവുസമയത്ത് കെട്ടുകൾ വാങ്ങണം' എന്ന അറിയിപ്പ് മനോരമ ഏജൻറ്മാർക്ക് നൽകി .ഇത് വായിച്ച് നാട്ടിലെ ചെറുപ്പക്കാർ കഥയുണ്ടാക്കി.ഓഫീസിലെ ഗണകൻ ഗണിച്ച് പറഞ്ഞിരിക്കും, നാളെസുപ്രധാന വാർത്തകൾ ഉണ്ടാകുമെന്ന്! 
 
പത്രാധിപ സമിതി അംഗമായ കൊടുപ്പുന്നയെ കാണുമ്പോഴൊക്കെ , ഇങ്ങനെ കളിയാക്കി കഥയുണ്ടാക്കി, അവസാനം പറഞ്ഞതുപോലെ ആയിപ്പോയല്ലോ എന്നോർത്ത് ചിരിക്കാറുണ്ട്.
കേരളധ്വനി വന്ന ശേഷമാണ് മനോരമ പത്രവിതരണത്തിന് വാൻ വാങ്ങുന്നത്.മാതൃഭൂമി അടക്കമുള്ള മറ്റ് പത്രങ്ങളും സ്വന്തം വാനുകളിൽ പത്രം എത്തിക്കാനുള്ള സംവിധാനം ഏർപ്പെടുത്തി . 
 
1960ൽ 26ആം വയസ്സിൽ ന്യൂസ് എഡിറ്ററായത് ഒരു പരിണാമത്തിന്റെ കഥ കൂടിയാണ്. "ഇരുപതാമത്തെ വയസ്സിലാണ് മലയാള മനോരമയിൽ ചേർന്നത്. ആറു വർഷം കഴിഞ്ഞാണ് മലയാള മനോരമ കോഴിക്കോട് പുതിയ എഡിഷൻ ആരംഭിക്കുന്നത്". മനോരമയുടെ രണ്ടാമത്തെ യൂണിറ്റ് മാതൃഭൂമിയുടെ ഹെഡ്ഓഫീസായ കോഴിക്കോട് വേണം എന്നായിരുന്നു തീരുമാനം.കോട്ടയത്തെ മനോരമയിൽ രണ്ടാമത്തെ പ്രസ് ആയി ഉപയോഗിച്ചുകൊണ്ടിരുന്നത്,നേതാജി സുഭാഷ് ചന്ദ്ര ബോസ് കൊൽക്കത്തയിലേക്ക് കൊണ്ടുപോകാൻ വാങ്ങിയ പ്രസ്സ് ആയിരുന്നു.മധുരയിലെ തമിഴ് പ്രസ്സുകാരിൽ നിന്നാണ് അത് വാങ്ങിയത് . പഴയ പ്രസ് കോഴിക്കോട്ടേക്ക് കൊണ്ടു പോയി . 
 
കോഴിക്കോട്ടേക്ക് പോകാൻ പട്ടാമ്പിക്കാരനായ കരുണാകര പിഷാരടിക്ക് ആഗ്രഹമുണ്ടായിരുന്നു. സാഹിത്യ സഹകരണ സംഘത്തിൻറെയും പരിഷത്തിന്റെയും നേതാവുമായി മാറിയ പയ്യന്നൂർകാരനായ സി.പി ശ്രീധരൻ പത്രാധിപസമിതിയിൽ ഉണ്ടായിരുന്നു .ഇവർ രണ്ടുപേരും കോഴിക്കോട് പോകാൻ ആഗ്രഹിച്ചിരുന്നു ."മനോരമയിലെ ഏറ്റവും പ്രായം കുറഞ്ഞ പത്രാധിപരാണ് അന്ന് ഞാൻ. സീനിയോറിറ്റിയിലും ഏറ്റവും താഴെ. മനോരമയിൽ ചുമതലയേറ്റ ശേഷം അടുത്ത ആറു വർഷം ആരും പുതുതായി നിയമിക്കപ്പെട്ടിട്ടില്ല.കോഴിക്കോട് മനോരമ പത്രം തുടങ്ങുന്നതിന് ഒരു മാസം മുൻപ് എന്നെ വിളിച്ച് ഞാനാണ് അവിടെ പോകുന്നത് എന്ന് പറഞ്ഞു.പിന്നീട് ന്യൂസ് എഡിറ്റർ ആവുക ഞാൻ ആയിരിക്കും എന്ന് പോകും മുമ്പ് തന്നെ സൂചന തന്നു.ഞങ്ങൾക്ക് ഒരു ടാർഗറ്റ് തരികയോ ഒന്നും ചെയ്തില്ല".
 
ആകെ പറഞ്ഞത് ഇത്രമാത്രം : 'നിങ്ങൾ ഒന്നു പോയി അവിടെ പത്രം ഇറക്കാൻ ആകുമോ, നാലഞ്ചു വർഷം കഴിഞ്ഞ് മാതൃഭൂമിയെ പിടിച്ചൊന്ന് കുലുക്കാൻ ആകുമോ എന്ന് ശ്രമിച്ചു നോക്കുക '.കൂടെ ജോലി ചെയ്യാൻ മറ്റുപത്രങ്ങളിൽ നിന്ന് റിക്രൂട്ട് ചെയ്ത നാലുപേരെക്കൂടാതെ അന്നത്തെ കോഴിക്കോട് ലേഖകർ കെ. ആർ ചുമ്മാറും ജോയ് ശാസ്താം പടിക്കലും. 
 
"സാഹചര്യങ്ങളെ ഫലപ്രദമായി ഉപയോഗിച്ചതുകൊണ്ടും പത്രം പലരീതിയിൽ വ്യത്യസ്തമായിരുന്നതുകൊണ്ടും മൂന്നാം വർഷം തന്നെ ഞങ്ങൾ പ്രചാരത്തിൽ കോഴിക്കോട് മാതൃഭൂമിയ്ക്ക് മുന്നിലെത്തി. ഒരു വർഷം കൂടി കഴിഞ്ഞപ്പോൾ മനോരമ കേരളത്തിലെ ഒന്നാമത്തെ പത്രമായി, തൽസ്ഥിതി ഇപ്പോഴും തുടരുന്നു."തോമസ് ജേക്കബ് പറഞ്ഞു.മനോരമയുടെ ഒന്നാംസ്ഥാനത്തേക്കുള്ള തുടക്കം കോഴിക്കോട് നിന്നായിരുന്നു.ചെറുപ്പമായി ചിന്തിച്ചിരുന്ന ആളുകളുടെ ഒരു യൂണിറ്റായിരുന്നു, അത്. 
 
ഇടതുപക്ഷ പശ്ചാത്തലം ഉള്ളവർ അക്കാലത്ത് തന്നെ മനോരമയിൽ ഉണ്ടായിട്ടുണ്ട്.സി.പി.ഐയുടെ മുഖപത്രമായ നവജീവൻറെ ചീഫ് എഡിറ്റർ ആയിരുന്ന ടി.കെ.ജി നായർ,നവജീവനിൽ പ്രവർത്തിച്ചിരുന്ന മണ്ണാലത്ത് ശ്രീധരൻ,ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി,ദേശാഭിമാനി വിട്ട് ഡെക്കാൻ ഹെറാൾഡിന്റെ ലേഖകനായി പ്രവർത്തിച്ചിരുന്ന കെ.ജി നെടുങ്ങാടി,കവി കടവനാട് കുട്ടികൃഷ്ണൻ, കെ.അബൂബക്കർ,എ.ഡി വർഗീസ് എന്നിവർ കോഴിക്കോട് മനോരമയിലെത്തി.
 
ആത്മാർത്ഥമായി ജോലി ചെയ്യുന്ന, കാര്യപ്രാപ്തിയുള്ള ടി.കെ.ജി നായർ പിന്നീട് മനോരമയുടെ മുഖപ്രസംഗം എഴുതുന്ന ആളായി. ഇടത് സഹചാരിആയിരുന്ന കെ.ആർ ചുമ്മാർ പിന്നീട് കോൺഗ്രസിന്റെയും കരുണാകരനെയും ഒക്കെ അടുത്ത ആളായി മാറി. ഇവരുടെയൊക്കെ നേതൃത്വത്തിലാണ് കോഴിക്കോട് മനോരമ പ്രവർത്തനം ആരംഭിച്ചത്. ഒരു ടീമായി പ്രവർത്തിച്ചു എന്നതാണ് അതിലെ വിജയം. 
 
ആറു പേർ കോഴിക്കോട് മനോരമയിൽ പ്രവർത്തിക്കുമ്പോൾ മാതൃഭൂമിയിലെ പത്രാധിപസമിതി അംഗങ്ങളുടെ എണ്ണം 24 ആയിരുന്നു ഇവരോട് എങ്ങനെ മത്സരിക്കും എന്നൊക്കെ പേടിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു. എന്നാൽ മാതൃഭൂമിയിലെ 24 പേർക്കിടയിൽ ഗ്രൂപ്പിസം ഉണ്ടായിരുന്നു.
വ്യക്തിയുടെ ചുറ്റും വിഗ്രഹങ്ങളെ സൃഷ്ടിക്കുന്നവർ.
 
എന്നാൽ മനോരമയിൽ കെ. എം മാത്യുവിന്റെ നേതൃത്വം ഉണ്ടായിരുന്നതുകൊണ്ട് ഒറ്റ ടീമായി പ്രവർത്തിച്ചു എന്നതാണ് വ്യത്യാസം."ഒരിക്കൽ പോലും ബ്യൂറോയിൽ പ്രവർത്തിച്ചിട്ടില്ല എന്നതിൽ മാത്രമാണ് ഏറെ മനസ്താപം ", അദ്ദേഹം പറഞ്ഞു.
 
ഒരു കാര്യം സാധിച്ചെ ടുക്കാൻ റിപ്പോർട്ടർമാർ ചെലുത്തുന്ന സ്വാധീനം അനിതരസാധാരണമാണ്. "പ്രായോഗികമായ അനുഭവത്തിലൂടെ ഒരു റിപ്പോർട്ടർക്ക് കൈവരുന്ന സവിശേഷത പത്രാധിപസമിതിയിൽ ഇരിക്കുന്ന ഒരാൾക്ക് ഉണ്ടാകണം എന്നില്ല.അതുകൊണ്ട് റിപ്പോർട്ടർ ആയി ജോലി ചെയ്യണമെന്നത് എൻറെ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു. എങ്കിലും റിപ്പോർട്ടർമാരെ എല്ലാവരെയും ഡയറക്റ്റ് ചെയ്യാൻ കഴിഞ്ഞതും വലിയ കാര്യം തന്നെ. ഉന്നത സ്ഥാനത്ത് ഇരുന്നു ഡയറക്റ്റ് ചെയ്യുക എന്നല്ല, കൂട്ടായി ചിന്തിച്ച് അവരെ നയിക്കാൻ കഴിഞ്ഞു എന്നാണ്
ഉദ്ദേശിച്ചത് ".
 
ഒരിക്കൽ പോലും ഒരു ബ്യൂറോയിൽ പ്രവർത്തിച്ചിട്ടില്ലെങ്കിലും റിപ്പോർട്ട് ചെയ്യാൻ അവസരങ്ങൾ ധാരാളം കിട്ടിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ പ്രസംഗങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്, അവരുടെ വസതികൾ സന്ദർശിക്കാൻ കഴിഞ്ഞിട്ടുണ്ട്. വലിയ അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ സ്ഥിരമായി റിപ്പോർട്ടർമാരുടെ സീറ്റിൽ ഉണ്ടായിട്ടില്ല. 
 
1966 ലാണ് മനോരമ കോഴിക്കോട് എത്തുന്നത്. ' 79ൽ മനോരമ കൊച്ചിയിൽ തുടങ്ങാൻ തീരുമാനിച്ചു.
കെ. ആർ ചുമ്മാർ എതിർത്തു.തിരുവനന്തപുരത്താണ് യൂണിറ്റ് ആരംഭിക്കേണ്ടത് എന്നായിരുന്നു ചുമ്മാറിന്റെ പക്ഷം ."കൊച്ചി കേരളത്തിന്റെ വാണിജ്യ തലസ്ഥാനമാകാൻ പോവുകയാണ്, അതിനുമുമ്പ് അവിടെ വേരുറപ്പിക്കണം എന്ന മാനേജ്മെൻറ് തീരുമാനംനടപ്പിലായി. കൊച്ചിയിലേക്ക് എന്നെ മാറ്റാൻ തീരുമാനിച്ചു."മനോരമ 'ദ് വീക്ക്' വാരിക ആരംഭിച്ചതിനെതിരെയും ചുമ്മാർ കലഹിച്ചിരുന്നു . ഇംഗ്ലീഷ് ജേണലിസത്തിലേക്ക് ഒരു എൻട്രി ആയിട്ടാണ് വീക്ക് ആരംഭിച്ചത്.
 
1987 ലാണ് തിരുവനന്തപുരം എഡിഷൻ തുടങ്ങുന്നത്.തിരുവനന്തപുരത്തും എന്നെ നിയോഗിക്കാനാണ് മാനേജ്മെൻറ് തീരുമാനിച്ചത്.എന്നാൽ തിരുവനന്തപുരത്ത് പോകേണ്ടി വന്നില്ല. ആ നിലയിൽ ടെക്നോളജി മാറി, കോട്ടയത്ത് ഇരുന്ന് നിയന്ത്രിക്കാവുന്ന രീതി വന്നു. മുഴുവൻ പേജുകളും കോട്ടയത്ത് തന്നെ തയ്യാറാക്കി,അച്ചടി മാത്രം തിരുവനന്തപുരത്ത് ആക്കാം എന്നായി. കോട്ടയത്ത് ഇരുന്നു നിയന്ത്രിച്ചാൽ മതി എന്ന്‌ തീരുമാനം വന്നു.
 
ടെലിഫോൺ ടെക്നോളജിയിൽ വന്ന വികാസവും വലുതായിരുന്നു.ഫോട്ടോ അയക്കുന്നതിനുള്ള സൗകര്യം വന്നതോടെ ലോകത്തെവിടെ നടക്കുന്ന സംഭവത്തിന്റെയും ചിത്രങ്ങൾ വച്ച് പേജ് അച്ചടിക്കാം എന്ന രീതി വന്നു."പ്രചാരം 25 ലക്ഷമായി വർദ്ധിച്ചതും ടെക്നോളജിയുടെ പുരോഗതി കൊണ്ടാണ്. പത്രാധിപന്മാരുടെ മികവാണെന്ന് പറയില്ല", അദ്ദേഹം പറഞ്ഞു. 
 
സ്വാതന്ത്ര്യത്തിന്റെ ഭാഗമായി ആരംഭിച്ച വളരെ പാരമ്പര്യമുള്ള മാതൃഭൂമി പത്രവും സർക്കുലേഷനിൽ ഒന്നാം സ്ഥാനത്തുള്ള മനോരമയുമായി വലിയ വ്യത്യാസം ഉണ്ട്. ഒന്നാം സ്ഥാനം നിലനിർത്താൻ മനോരമയെ സഹായിച്ചത് പ്രധാനമായും കണ്ടെന്റിൽ വരുത്തിയ മാറ്റമാണ്. സംഭവം നടന്നു കഴിഞ്ഞാലുള്ള റിപ്പോർട്ടുകൾ ആണ് മുൻപ് നൽകിയിരുന്നത്. പ്രസംഗങ്ങൾ മാത്രം റിപ്പോർട്ട് ചെയ്യുന്ന രീതി മാറി. നാളെ നടക്കാൻ പോകുന്ന സംഭവം ഇന്നേ പറയുന്ന രീതിയിലേക്കുള്ള മാറ്റം. നടക്കാൻ പോകുന്ന കാര്യങ്ങൾ നടക്കുന്നതിനും പ്രഖ്യാപിക്കുന്നതിനു മുൻപ് തന്നെ അതിനെപ്പറ്റി പറയുക.
"വീണു കിട്ടുന്നതല്ല വാർത്ത; അന്വേഷിച്ച് കണ്ടെത്തുന്നതാണ്.അങ്ങനെയൊരു നയം മനോരമ സ്വീകരിച്ചു .അന്വേഷിച്ചു കണ്ടുപിടിക്കാൻ കഴിയാത്ത കാര്യങ്ങൾ വളരെ കുറവാണ്.
 
ചില കാര്യങ്ങൾ നേരിട്ട് കിട്ടുകയില്ലായിരിക്കാം. ബാക്കി കാര്യങ്ങൾ സാഹചര്യ തെളിവുകൾ വഴിയായി കിട്ടും എന്ന വിശ്വാസത്തോടുകൂടി വാർത്തയെ ഹാൻഡിൽ ചെയ്യാൻ കഴിഞ്ഞു എന്നതാണ് വിജയത്തിൻറെ ഒരു ഘടകം", തോമസ് ജേക്കബ് വിശദീകരിച്ചു."രണ്ടാമത്തെ വിജയം എഡിറ്റോറിയൽ പേജിൽ വരുത്തിയ മാറ്റം തന്നെയാണ്. വളരെ ഗൗരവതരമായ വിഷയങ്ങൾ കൊടുക്കുന്ന ഒരു പേജ് ആയിരുന്നു അത്. അതിലേക്ക് മിഡിൽ പീസും നർമ്മലേഖനങ്ങളും കൊണ്ടുവന്നു." തിങ്കളാഴ്ചകളിൽ രാഷ്ട്രീയനർമ്മം കലർന്ന ഒരു പംക്തി തുടങ്ങി. കാർട്ടൂണുകൾക്ക് വ്യാപകമായ സ്വീകാര്യത കിട്ടുന്ന രീതിയിൽ അവയെ കൈകാര്യം ചെയ്തു. കാർട്ടൂണിസ്റ്റ് യേശുദാസൻ ഒരു ദിവസം പെട്ടെന്ന് മനോരമ വിട്ടപ്പോൾ പത്രത്തിന് കാർട്ടൂണിസ്റ്റ് ഇല്ലാതായി. നിലവിലുള്ള ആർട്ടിസ്റ്റുകളെ കാർട്ടൂണിസ്റ്റുകളായി മാറ്റിയെടുക്കാൻ ശ്രമം നടത്തി.അതിൻറെ വലിയ സാഫല്യമുണ്ടായത് അങ്ങനെ കാർട്ടൂണിസ്റ്റായി പരിണമിച്ച ബൈജു പൗലോസിനെ ആ വർഷത്തെ ഇന്ത്യയിലെ ഏറ്റവും വലിയ കാർട്ടൂണിസ്റ്റ് ആയി പ്രസ് കൗൺസിൽ തന്നെ തെരഞ്ഞെടുത്തു എന്നതാണ്. ഏതൊരു കാര്യവും വിചാരിച്ചാൽ നേടിയെടുക്കാൻ സാധിക്കും എന്നതിന്റെ സാക്ഷ്യമാണ് ബൈജു. 
 
മറ്റൊന്ന് ഹ്യൂമൻ ഇൻട്രസ്റ്റ് സ്റ്റോറികളാണ്. മനോരമ്യ കഥകൾ. മലയാള പത്രങ്ങളിലേക്ക് മനോരമയാണ് അത് കൊണ്ടുവന്നത്. ഇന്ന് മനോരമ്യ കഥകൾ ധാരാളമുണ്ട്. ഉള്ളടക്കത്തിലും എഴുത്തിന്റെ ക്രാഫ്റ്റിലും വരുത്തിയ വ്യത്യാസം വലിയ മാറ്റങ്ങളാണ് മാധ്യമ മേഖലയിൽ കൊണ്ടുവന്നത്.
"ഒരു വാചകം എങ്ങനെ പറയണം എന്നത് പ്രധാനമാണ്. നിർവികാരമായി വായിച്ചു പോകുന്ന ഒരു കാര്യം ചമത്ക്കാരത്തോടുകൂടി പറയുമ്പോൾ പൊട്ടിച്ചിരിച്ചു പോകും.ആലത്തൂർ മണ്ഡലത്തിലെ മത്സരത്തെപ്പറ്റി ഈയിടെ വന്ന ഒരു അവലോകനം ഉള്ളിൽ ചിരി നിറച്ചു.'വിജയരാഘവൻ ആണ് തൊട്ടപ്പുറത്തെ മണ്ഡലത്തിൽ മത്സരിക്കുന്നത് എന്ന് പറഞ്ഞ ശേഷം ലേഖകൻ അവസാനിപ്പിക്കുന്ന വാചകം ഇങ്ങനെയാണ്. "ഇപ്പോൾ മറ്റൊരു മണ്ഡലത്തിൽ സ്ഥാനാർഥി ആയതുകൊണ്ട് വിജയരാഘവന് കഴിഞ്ഞതവണത്തെ പോലെ മറ്റു സ്ഥാനാർത്ഥികളെ സഹായിക്കാൻ കഴിഞ്ഞേക്കില്ല'' എന്ന് വായിച്ചപ്പോൾ പൊട്ടിച്ചിരിച്ചു പോയി." എന്ന് അദ്ദേഹം പറഞ്ഞു. റൈറ്റിംഗ് ക്രാഫ്റ്റിൽ വന്ന വലിയ മാറ്റം വിജയ ഘടകമായി. 
 
ഫോട്ടോഗ്രാഫിന്റെ കാര്യത്തിൽ വന്ന മാറ്റവും ശ്രദ്ധേയമായിരുന്നു. "മുൻപ് ഗ്രൂപ്പ് ഫോട്ടോകൾ ആയിരുന്ന കാലത്തുനിന്ന് മാറി.അതിൽ കൂടുതൽ ജീവസ്സുറ്റ എത്രയോ ചിത്രങ്ങൾ. ഇതെല്ലാം മനോരമയുടെ കുതിച്ചുചാട്ടത്തിനുള്ള കാരണങ്ങൾ തന്നെയാണ് എന്നാണ് വിശ്വാസം,"അദ്ദേഹം പറഞ്ഞു.
 
മൂന്ന് പുസ്തകങ്ങളാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. 'കഥാവശേഷൻ','ചന്ദ്രക്കലാധരൻ', ടി.വേണുഗോപാലനുമായി ചേർന്ന് എഴുതിയ 'നാട്ടുവിശേഷം'. ഇവയല്ലാതെ വർഷങ്ങളായി മനോരമ ആഴ്ചപ്പതിപ്പിൽ എഴുതിക്കൊണ്ടിരിക്കുന്നത് കഥക്കൂട്ട് എന്ന കോളമാണ്. ആരംഭിക്കുന്നതിനു കാരണം കെ. എ ഫ്രാൻസിസ് ആണ്.
 
ധാരാളം യാത്ര ചെയ്യാറുണ്ട്. യാത്ര പോകുമ്പോൾ മൂന്നുനാല് ആളുകൾ കൂടെ ഉണ്ടാകും. വായിക്കാൻ പറ്റാത്തതുകൊണ്ട് കഥകളാണ് പറയുക.കഥ പറയുമ്പോൾ സമാനമായ മറ്റൊരു കഥ വേറെ ഒരാൾ പറയും."ഏതാനും മാസം മുൻപ് നിര്യാതനായ മനോരമ വാരികയുടെ പത്രാധിപരായിരുന്ന കെ.എ  ഫ്രാൻസിസ് ഞാൻ കോഴിക്കോട് ചെല്ലുന്ന കാലം മുതൽ എൻറെ കൂടെ ഉണ്ടായിരുന്നു . ഇതൊരു കോളം ആക്കി എഴുതിച്ചാൽ സംഗതി ഓടുമല്ലോ എന്ന് പറഞ്ഞത് ഫ്രാൻസിസ് ആണ്. വിരമിച്ചതിനുശേഷം ആലോചിക്കാം എന്നാണ് ഞാൻ മറുപടി പറഞ്ഞത്".
 
'റിട്ടയർ ചെയ്ത് കഴിഞ്ഞ് എഴുതുന്നത് ആർക്കുവേണം? സാർ ഇപ്പോൾ എഴുതുമെങ്കിൽ എഴുതുക' എന്ന് പറഞ്ഞ് ഫ്രാൻസിസ് നിരന്തരം ശല്യപ്പെടുത്തിയപ്പോഴാണ് എഴുതാൻ ആലോചിച്ചത്.
"ആലോചിക്കാം എന്ന് മാത്രമാണ് പറഞ്ഞതെങ്കിലും കെ.എം മാത്യു സാറിന്റെ സാന്നിധ്യത്തിൽ, 'തോമസ് സർ കോളം തുടങ്ങാൻ സമ്മതിച്ചിട്ടുണ്ട് 'എന്ന് ഫ്രാൻസിസ് അറിയിച്ചു. മാത്യു സാറിന്റെ പച്ചക്കൊടി കിട്ടിയതോടെ തുടങ്ങാതിരിക്കാൻ വയ്യാത്ത നിലയിൽ ആയി".

"നടന്നിട്ടുണ്ടോ എന്ന് വിശ്വസിക്കാൻ പ്രയാസമുള്ള സംഭവങ്ങൾ,കഥകൾആയിരിക്കണം അതിൽ വരേണ്ടത് എന്ന് ചിന്തിച്ചു. പണ്ടുമുതലേ വ്യത്യസ്തമായ കൗതുകമുള്ള കാര്യങ്ങൾ മനസ്സിൽ വയ്ക്കുന്ന ആളായിരുന്നു . മനസ്സിൽ ഉൾക്കൊള്ളിക്കാനുള്ള സ്ഥലം കുറവായതുകൊണ്ട് കുറെ കാര്യങ്ങൾ ചിന്തയിൽ നിന്ന് എലിമിനേറ്റ് ചെയ്യണം.അങ്ങനെ എലിമിനേഷൻ എല്ലാ ദിവസവും നടത്തും. ഡിസ്കാർഡ് ചെയ്യുന്ന ഒരു പ്രോസസ് ഉള്ളതുകൊണ്ട് രസകരമായ കഥകളുടെ ഒരു ശേഖരം ഉണ്ടായിരുന്നു .
 
എപ്പോൾ ചോദിച്ചാലും ഒരു കഥ കയ്യിൽ ഉണ്ടായിരിക്കണം."അദ്ദേഹം കഥയെഴുത്തിന്റെ രഹസ്യം വെളിപ്പെടുത്തി.'ഇങ്ങനെയൊരു സംഭവം മലയാളത്തിൽ ഉണ്ടായിട്ടുണ്ടോ,കേരളത്തിൽ നടന്നിട്ടുണ്ടോ' എന്ന് ആളുകൾ ചോദിച്ചുതുടങ്ങി. പംക്തിയുടെ സ്വീകാര്യത വർദ്ധിച്ചതോടെ എഴുതാനുള്ള താൽപര്യവും വർദ്ധിച്ചു. " ഇപ്പോൾ 20 വർഷമാകുന്നു. ആയിരം കഥക്കൂട്ട് എഴുതിക്കഴിഞ്ഞു.
അതിൽ കുറച്ചു മാത്രമേ പുസ്തക രൂപത്തിൽ വന്നിട്ടുള്ളൂ. 
 
"ഇനിയും ധാരാളം സമാഹരിക്കാനുണ്ട്. ഓർമ്മകൾ അവശേഷിക്കുന്ന കാലം വരെ എഴുതാൻ പലരുടെയും അനുഭവം ഓർമ്മയിലുണ്ട് ." ഒരു സംഭവത്തെ പറ്റി ഓർക്കുമ്പോൾ ഒരു കഥയെ കിട്ടിയുള്ളൂ വെങ്കിൽ സമാനമായ മറ്റൊരു കഥ മാതൃഭൂമിയിൽ ഉണ്ടായിട്ടുണ്ടോ കേരളകൗമുദിയിൽ ഉണ്ടോ എന്നന്വേഷിക്കും.
 
ആളുകളുമായുള്ള ഒരു സൗഹൃദമാണ് ഇത്രയും കാലം ഈ കോളം സഫലമായി നടത്താൻ കാരണമായത് . സംശയം തീർക്കാൻ മനോരമയുടെ ആർക്കേവ്സിന്‍റെ സഹായമുണ്ട്. സംഭവം നടന്ന വർഷവും തീയതിയും ഒക്കെ ആർക്കൈവ് സിൽ നിന്നാണ് കിട്ടുന്നത്. "വ്യത്യസ്തമായ കോളം അവതരിപ്പിക്കാൻ കഴിയുന്നതിനു കാരണം പലരുടെയും സഹകരണമാണ്".
 
കെ.എം മാത്യു സാറിനെ പോലെ വൈഭവമുള്ള ഒരാൾ അധികമുണ്ടാകില്ല. പിതാവിന്റെയും സഹോദരങ്ങളുടേയും പോലെ ഒരു പ്ലാന്റർ ആകേണ്ടയാൾ. എസ്റ്റേറ്റിലെ കങ്കാണി സ്ഥാനത്ത് നിന്നുള്ള വളർച്ചയാണ് മാത്യുവിന്റെത്.അദ്ദേഹം ബോംബെയിലേക്ക് പോയി ബിസിനസ് ആരംഭിക്കുവാൻ ആഗ്രഹിച്ചു. അതിനിടെ പിതാവിന്റെ നിർദ്ദേശപ്രകാരം നാട്ടിൽ വന്നു.ജ്യേഷ്ഠൻ കെ.എം ചെറിയാൻ പത്രത്തിന്റെ നേതൃത്വം ഏറ്റെടുത്തിരുന്നു.
 
പരിചയമുള്ളവരോടൊക്കെ കടം വാങ്ങി. ന്യൂസ് പ്രിന്റിന് കാശില്ല, അടുത്ത ദിവസം പത്രം ഇറക്കണ്ട എന്ന് നിശ്ചയിച്ചിട്ടും ജീവനക്കാർ കടമെടുത്ത് പത്രമിറക്കി .ഇതിനിടെ കെ.എം മാത്യു മൂത്ത സഹോദരന് വിവരങ്ങൾ പറഞ്ഞു കത്തെഴുതി . അദ്ദേഹത്തിൻറെ മറുപടി ഇപ്രകാരമായിരുന്നു, " നീ വന്നത് കൊണ്ട് കാര്യമൊ ന്നുമില്ല,രക്ഷപ്പെടാൻ ഒരു മാർഗ്ഗവുമില്ല. "അധികം വൈകാതെ പിതാവ് മരിച്ചു. കെ എം മാത്യു പിതാവിന്റെ ആഗ്രഹം പോലെ പത്രത്തിന്റെ ചുമതല ഏറ്റെടുത്തു. 
 
കിട്ടിയ എല്ലാ അവസരങ്ങളും പത്രപ്രവർത്തനം പഠിക്കാൻ ചെലവഴിച്ചു. ബോംബെയിൽ അന്ന് റോയിട്ടേഴ്സിന്റെ പ്രശസ്തനായ ലേഖകൻ , എം.ശിവറാമിന്റെ കൂടെ ഫ്രീ പ്രസ് ജേണൽ സന്ദർശിച്ചു.സിംഗപ്പൂരിൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ ശില്പശാലയിൽ പങ്കെടുത്തു. ശില്പശാലയുടെ കൺസൾട്ടന്റ് ആയിരുന്നു പ്രശസ്തനായ റ്റാഴ്‌സി വിറ്റാച്ചി. കെ.എം മാത്യു അദ്ദേഹത്തെ ഇന്ത്യയിലേക്ക് ക്ഷണിച്ചു. അദ്ദേഹം പിന്നീട് പറഞ്ഞിട്ടുള്ളത്, " നമ്മൾ വിചാരിച്ചാൽ 5000 രൂപ പോലും ഉണ്ടാക്കാൻ പറ്റാത്ത കാലഘട്ടമായിരുന്നു എങ്കിലും ഞാൻ അദ്ദേഹത്തെ കേരളത്തിലേക്ക് കൊണ്ടുപോകും എന്ന് തീരുമാനിച്ചു".1972 ലാണ് റ്റാഴ്സി  പരിശീലനത്തിന് കേരളത്തിൽ എത്തിയത്.
 
കേരളത്തിലെ എല്ലാ പത്രങ്ങൾക്കും റ്റാഴ്സിയുടെ പരിശീലനത്തിൽ പങ്കെടുക്കാൻ അവസരം നൽകി.
മലയാളത്തിലെ എല്ലാ പത്രങ്ങളെയും മത്സരത്തിന് പര്യാപ്തരാക്കി എന്നുള്ളതാണ് കെ.എം മാത്യു ചെയ്ത സേവനം. മറ്റുപത്രങ്ങളും നന്നായാലെ മനോരമയും നന്നാകൂ എന്ന് അദ്ദേഹം വിശ്വസിച്ചു.
കുത്തകകൾ വന്ന ശേഷം റഷ്യയിലെ പ്രവ്ദയ്ക്കും ലിസ്‌വെസ്റ്റ്യക്കും സംഭവിച്ച ദുരന്തത്തെ പറ്റി അദ്ദേഹത്തിന് അറിയാമായിരുന്നു. മലയാളത്തിലെ പത്രങ്ങൾ ഇത്രമാത്രം ശക്തമായി ചിന്തിക്കുന്നവരായത് റ്റാഴ്സിയുടെ പരിശീലനത്തിലൂടെയാണ് .
 
പിന്നീട് പല അവസരങ്ങളിലും മനോരമയ്ക്ക് മാത്രമായി അദ്ദേഹം വന്നു. കെ. എം മാത്യു മുഴുവൻ സമയപത്ര പ്രവർത്തകനായി. ടാഴ്സിയെപ്പോലെ ലോകത്തിന്റെ പല ഭാഗത്തും പത്രപ്രവർത്തന പരിശീലനത്തിന് നേതൃത്വം നൽകി. "ഇങ്ങനെ നൂറും ഇരുന്നൂറും ഡിഗ്രി മാറി ചിന്തിക്കാൻ കഴിയുന്ന ഒരാൾ ഇന്ത്യൻ പത്രപ്രവർത്തന രംഗത്ത് തന്നെ അധികം ഉണ്ടാകില്ല.
 
"മനോരമയുടെ ഇന്നത്തെ വളർച്ചയുടെ കാരണക്കാരനായ ആൾ.ആളുകളെ പറ്റിയുള്ള അദ്ദേഹത്തിൻറെ ബോധ്യം തെറ്റാറില്ല. വിശ്വസിച്ച ആളുകളെ കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏൽപ്പിക്കാൻ തയ്യാറായി അദ്ദേഹം. അവരെല്ലാം വഴിതെറ്റാതെ പോകുന്നുണ്ടെന്ന് ഇടക്കൊന്ന് മോണിറ്റർ ചെയ്യുമെന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ",തോമസ് ജേക്കബ് പറഞ്ഞു.
എഡിറ്റോറിയൽ ഡയറക്ടർ ആയി മനോരമയുടെ ഉന്നത നയ രൂപീകരണ സമിതിയെ ദീർഘകാലം നയിച്ച തോമസ് ജേക്കബ് 2017 ലാണ് വിരമിച്ചത്.
 
ജീവിതത്തിലെ വലിയ സംഭാവനകളെ കുറിച്ചും അദ്ദേഹം സംസാരിച്ചു. "പത്രത്തിന്റെ രൂപീകരണത്തിന് നേതൃത്വം വഹിച്ചു എന്നത് ആലങ്കാരികമായി മാത്രം പറയുന്നതാണ്. എല്ലാവരോടും അഭിപ്രായങ്ങൾ ചോദിച്ച്‌ വ്യത്യസ്തമായ അഭിപ്രായങ്ങൾ സ്വരൂപിച്ച് അതിൻറെ തെരഞ്ഞെടുപ്പുകൾ നടത്തുകയും അതിൽ ഏറ്റവും സ്വീകാര്യമായ മാർഗം തേടുകയും മാത്രമാണ് ചെയ്തിട്ടുള്ളത്. ഞാൻ നിർദ്ദേശിക്കുന്ന മാർഗം തന്നെ തെരഞ്ഞെടുക്കണമെന്ന് നിർബന്ധമില്ല. ഞാൻ നിർദ്ദേശിച്ചതിൽ നിന്ന് വിരുദ്ധമായ വാദങ്ങൾ പലപ്പോഴും സ്വീകരിച്ചിട്ടുമുണ്ട്." തോമസ് ജേക്കബ് പറഞ്ഞു.
കൂട്ടായ ശ്രമത്തോടെയുള്ള മുന്നേറ്റം ആയിരുന്നു വിജയത്തിന് കാരണം. 
 
"മനോരമ പത്രാധിപസമിതിയിലെ എത്രയോ ആളുകൾ, അവരുടെ കൂട്ടായ ചിന്ത, പത്രാധിപസമിതിയിൽ ഇല്ലാത്ത ആളുകളുടെ പുറത്തുനിന്നുള്ള അഭിപ്രായങ്ങൾ,ശാസനകൾ അങ്ങനെയുള്ള നൂറുനൂറ് അഭിപ്രായങ്ങളിൽ നിന്ന് ക്രോഡീകരിച്ച സമാഹൃത ചിന്തയിലൂടെയായിരുന്നു മനോരമയെ മുന്നോട്ടു നയിക്കാൻ കഴിഞ്ഞത് എന്ന് വിശ്വസിക്കുന്നു. അല്ലാതെ ഒരു വ്യക്തി ഒരു പത്രത്തെ നയിക്കുന്നു , അദ്ദേഹത്തിൻറെ തലയിലെ ആശയങ്ങൾ കൊണ്ട് നടപ്പിലാക്കാൻ ശ്രമിക്കുന്നു എന്നത് മനസ്സിൽ നിന്ന് തന്നെ മാറ്റിവെച്ചുകൊണ്ടാണ് ഞാൻ പത്ര ഓഫീസിലെ ഉത്തരവാദിത്വങ്ങളിലേക്ക് പ്രവേശിച്ചിട്ടുള്ളത്. എന്റെ കാലത്ത് എന്റേതായ നയങ്ങളോ നേട്ടങ്ങളോ എനിക്ക് കൃത്യമായി പറയാനില്ല.എല്ലാവരുടെയും കൂടെയുള്ള നേട്ടങ്ങൾ മാത്രം.അതുകൊണ്ടുതന്നെ അങ്ങനെയുള്ള ഉദാഹരണങ്ങൾ എടുത്തു പറയാൻ ആഗ്രഹവുമില്ല. " തോമസ് ജേക്കബ് പറഞ്ഞു.
മാധ്യമ മേഖലയിലെ നവമാധ്യമങ്ങൾ ഉൾപ്പെടെയുള്ള പുതിയ പ്രവണതകളെപ്പറ്റിയും അദ്ദേഹം സംസാരിച്ചു മാധ്യമങ്ങൾ ആരംഭിച്ചിട്ട് 175 വർഷത്തിലാണ് ഇപ്പോൾ നിൽക്കുന്നത്. അച്ചടി മാധ്യമങ്ങൾ 175 വർഷം വരെ നിലനിന്നു.നവമാധ്യമങ്ങൾ എത്ര കാലം നിലനിൽക്കുമെന്ന് പറയാൻ കഴിയില്ല. ടെലിവിഷൻ വന്ന സമയത്ത് , അത് കാലങ്ങളോളം നിലനിൽക്കും എന്നായിരുന്നു പ്രതീക്ഷ. ഇപ്പോൾ അതിൻറെ ഡിക്ലൈൻ ആരംഭിച്ചു കഴിഞ്ഞു. നവമാധ്യമങ്ങൾക്ക് അച്ചടി മാധ്യമങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ആയുസ്സ് കുറവായിട്ടാണ് കാണപ്പെടുന്നത്. അവസാനമായി ഇല്ലാതാകുന്നവയാണ്അച്ചടി മാധ്യമങ്ങൾ എന്നാണ് പറയാൻ കഴിയുക.
 
പഴയതുപോലെ 25 ലക്ഷം കോപ്പി ഉണ്ടാകും എന്നല്ല, അച്ചടി മാധ്യമങ്ങൾ കേരളത്തിലെ വായനാശീലമുള്ള ഒരു തലമുറ അവസാനിക്കുന്നത് വരെ തുടരും. നവമാധ്യമങ്ങളുടെ ഇരച്ചു കയറൽ കാരണം ഇതെല്ലാം നിലച്ചു പോകും എന്ന വിശ്വാസം തീർത്തും ഇല്ല.പ്രാദേശിക പത്രപ്രവർത്തനത്തിന് വലിയ മാറ്റം വന്നിട്ടുണ്ട്. ഇന്ന് പത്രങ്ങളുടെ പ്രധാന ലേഖകർ അല്ലെങ്കിൽ സൂക്ഷിപ്പുകാർ എന്ന് പറയുന്നവർ പ്രാദേശിക ലേഖകന്മാരായി മാറിക്കഴിഞ്ഞു. 2020 ലെ പകർച്ചവ്യാധിക്കാലത്താണ് പത്രലേഖകർ നേരിട്ട് പോയി റിപ്പോർട്ട് ചെയ്യുന്ന ശീലത്തിന് മാറ്റം വന്നത്. കിട്ടുന്നതെല്ലാം റിപ്പോർട്ട് ആയി കൊടുക്കുന്ന ശീലം പത്രലേഖകർ സ്വീകരിച്ചു. പത്രങ്ങൾക്ക് അടുത്തിടെ ഉണ്ടായിട്ടുള്ള തിരിച്ചടികൾ ഭീകരമാണ്. 
 
എബ്രഹാം ലിങ്കന്റെ മരണം മൂന്നര മാസം കഴിഞ്ഞാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
സി.എം.എസ് കോളേജ് മാഗസിന്റെ ഒരു എഡിഷനിലാണ് എബ്രഹാം ലിങ്കൺ വെടിയേറ്റു മരിച്ച കാര്യം റിപ്പോർട്ട് ചെയ്യപ്പെട്ടത്. അപ്പോഴേക്കും മൂന്നര മാസം കഴിഞ്ഞിരുന്നു.ടെക്നോളജിയുടെ ഏറ്റവും പ്രാകൃതാവസ്ഥയിൽ സംഭവിച്ച ഒരു കാര്യമായിരുന്നു ഇത് . എന്നാൽ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ കേരളത്തിലെ ഒരു ക്ഷേത്രത്തിൽ വച്ച് അപമാനിതനായ സംഭവം ഒരു പത്രത്തിലും വാർത്തയായില്ല. ആറുമാസം കഴിഞ്ഞ് കോട്ടയത്തെ ഒരു സമ്മേളനത്തിൽ അദ്ദേഹം പ്രസംഗിച്ചത് അവിടെയുള്ള പ്രാദേശിക പത്രലേഖകർ റിപ്പോർട്ട് ചെയ്തപ്പോൾ മാത്രമാണ് ലോകം അറിഞ്ഞത്. കേരളത്തിൽ നടന്ന ഒരു സംഭവം പോലും ആറുമാസം കഴിഞ്ഞ് പുറത്തുവരുന്ന തരത്തിൽ റിപ്പോർട്ടിങ്ങിൽ അപചയങ്ങൾ സംഭവിക്കുന്നു. പത്ര ലേഖകർ അവിടെ ഉണ്ടായിരുന്നില്ല എന്നതാണ് കാരണം. പ്രാദേശിക ലേഖകരുടെ ഒരു മേൽക്കൈ ആണ് ഇനി ഉണ്ടാകാൻ പോകുന്നത്. അവരുടെ കഴിവുകൾ വർധിപ്പിക്കണം.
 
പല പത്രങ്ങളുടെയും ഒന്നാം പേജിൽ ഇപ്പോൾ 20- 22 വാർത്തകളെങ്കിലും വരുന്നുണ്ട്. പണ്ടൊക്കെ എട്ടു മുതൽ പത്ത് ഐറ്റം മാത്രമാണ് ഒന്നാം പേജിൽ കൊടുക്കാറുള്ളത്. പകരം ചെറിയ നുറുങ്ങുകളായി ധാരാളം വാർത്തകൾ കൊടുക്കുന്നു. വാട്സാപ്പിലൂടെ പ്രചരിപ്പിക്കാനുള്ള സൗകര്യത്തിനു വേണ്ടി നീളം കുറഞ്ഞ വാർത്തകൾ കൊടുക്കുകയാണ്. 
 
പത്രവാർത്തയുടെ തെരഞ്ഞെടുപ്പിൽ വന്ന മാറ്റം ശ്രദ്ധേയമാണ്. മറ്റുപത്രങ്ങളുടെ ഒന്നാം പേജിൽ കാണാത്ത ഐറ്റം നമ്മുടെ ഒന്നാം പേജിൽ ഉണ്ടാവുക .ഗ്യാസ് സിലിണ്ടറിന്റെ വില 100 രൂപ കുറഞ്ഞ വാർത്ത അഞ്ച് പത്രങ്ങളിൽ ഒന്നിൽ മാത്രമാണ് ഒന്നാം പേജിൽ പ്രധാന വാർത്തയായി എത്തിയത്.
ഒരു വീട്ടമ്മയ്ക്ക് 100 രൂപയുടെ ലാഭം ഉണ്ടാകുന്ന കാര്യം പ്രധാന വാർത്തയാകുന്നില്ല .സിംഗിൾ കോളം തലക്കെട്ടിനു മീതെ ഒരു പത്രത്തിലും കണ്ടില്ല. 'വോട്ട് കിട്ടാൻ വേണ്ടി ബി.ജെ.പി ചെയ്യുന്ന കാര്യമാണ്,അത് കൊടുക്കേണ്ടതില്ല'എന്ന രാഷ്ട്രീയ ചിന്ത കൊണ്ടുണ്ടായ തീരുമാനമാകാം. പല കാരണങ്ങളുടെയും സ്വാധീനം ഇപ്പോൾ ഒന്നാം പേജിലെ വാർത്താവിന്യാസത്തിൽ സ്ഫുരിക്കുന്നുണ്ട്.
നാം ആലോചിക്കുന്നത് പോലെയാണോ അതിൻറെ ഇഫക്ട് എന്നത് പഠനം നടത്തിയാലേ പറയാനാകൂ.
 
പത്രങ്ങൾ പ്രിന്റ് ആണെങ്കിൽ രാത്രി അച്ചടിച്ച് രാവിലെ എത്തിക്കു ന്നത് പലവിധ കാരണങ്ങളാൽ സൗകര്യമാണ്. എന്നാൽ ഓൺലൈൻ ആണെങ്കിൽ ഏത് സമയത്തും വാർത്ത കൊടുക്കാവുന്നതാണ്.
ആദ്യം വായിക്കുന്ന പത്രം മാതൃഭൂമിയാണ്.പണ്ട് മത്സരത്തിന്റെ കാലഘട്ടത്തിൽ തുടങ്ങിയ ശീലമാണ്. മാതൃഭൂമിയുടെ പേജുകൾ ഒന്ന് മറിച്ചു നോക്കും. തല പോകുന്ന വല്ല ഇടപാടുകളും അതിനകത്ത് സംഭവിച്ചിട്ടുണ്ടോ എന്നതാണ് നോക്കുക. ഇപ്പോഴും ആദ്യത്തെ സ്കാൻ മാതൃഭൂമി തന്നെയാണ്. വിശദമായ വായന മനോരമയാണ്. 
 
ആദ്യം വായിക്കുന്ന പേജ് ചരമ പേജ് ആണ്. ഓൺലൈൻ അല്ലെങ്കിൽ വാട്സാപ്പ് മെസ്സേജുകളിലൂടെ ചരമ വാർത്തകൾ കിട്ടുന്നുണ്ടെങ്കിലും വ്യക്തിബന്ധങ്ങൾ അനുസരിച്ചാണ് പല വാർത്തകളും കിട്ടുക.അങ്ങിനെയ ല്ലാതെ അറിയേണ്ട എത്രയോ ചരമങ്ങളുണ്ട്.പ്രധാനമായും പരിചയക്കാരോ
സുഹൃത്തുക്കളുടെ ബന്ധുക്കളോ മരിച്ചിട്ടുണ്ടോ എന്നറിയാനാണ് ചരമ പേജ് വായിക്കുന്നത്. ചരമപ്പേജിൽ നിന്ന് മറ്റു വാർത്തകൾ ധാരാളം ഉണ്ടാക്കിയിട്ടുള്ള ഒരാളെന്ന നിലയിൽ ആദ്യം നോക്കുക, ആ പേജ് ആണ്. നിര്യാതരായവരുടെ മക്കളുടെ പേര് വെച്ച് എന്തെല്ലാം കാര്യങ്ങൾ കൗതുകകരമായി കണ്ടെത്താം. ചരമപേജ് പല കാര്യങ്ങൾക്ക് ഉപയോഗിക്കുന്ന ആളുകളുണ്ട് . കോഴിക്കോട് നിന്നുള്ള എഴുത്തുകാരൻ, മരിച്ചുപോയ ഗോപാലകൃഷ്ണൻ 10 കോളം ഉള്ള ചരമ പേജിലെ 10 പേരുടെ വയസ്സിന്റെ ശരാശരി എടുത്ത് തന്റെ വയസ്സുമായി താരതമ്യം ചെയ്യും. അ ത് തന്നെക്കാൾ കൂടുതലാണെങ്കിൽ അന്നത്തെ ദിവസം നന്നായി എന്ന് വിചാരിക്കുന്നത് എന്ത് കൌതുകമാണ്. കഥാകാരൻ മാത്യൂസ് കഥാപാത്രങ്ങളുടെ പേര് കണ്ടെത്തുന്നത് ചരമ പേജിലൂടെയാണ് എന്ന് കേട്ടിട്ടുണ്ട്. പല കാര്യത്തിനും പേജ് ഉപയോഗിക്കുന്നു. 
 
മലയാളപത്രപ്രവർത്തന മേഖലയ്ക്ക് തോമസ് ജേക്കബ് നൽകിയ നിസ്തുല സംഭാവനകൾക്കുള്ള ഉപഹാരമായി സംസ്ഥാന സർക്കാരിന്റെ ഏറ്റവും വലിയ അവാർഡുകളിൽ ഒന്നായ സ്വദേശാഭിമാനി കേസരി പുരസ്കാരം അദ്ദേഹത്തെ തേടിയെത്തി. അദ്ദേഹത്തിന് ലഭിച്ച പ്രശസ്തമായ മറ്റു അവാർഡുകൾ കെ. ബാലകൃഷ്ണൻ, സി. എച്ച് മുഹമ്മദ്‌ കോയ, വിജയരാഘവൻ, എം. വി പൈലി, കെ. വി ഡാനിയേൽ, തോപ്പിൽ ഭാസി, കെ. ബി മേനോൻ സ്മാരക പുരസ്കാരം, ജർമ്മനിയിൽ നിന്നുള്ള വാർത്താപുരസ്കാരം എന്നിവയാണ്‌. കേരള പ്രസ്സ് അക്കാദമിയിൽ തുടർച്ചയായി രണ്ടുവട്ടം ചെയർമാൻ ആയിരുന്നു. 
 
175 വർഷം പഴക്കമുള്ള മലയാളമാധ്യമ ചരിത്രത്തിലെ കഴിഞ്ഞുപോയ 64 വർഷങ്ങൾ തോമസ് ജേക്കബിന്റെ പേരിനൊപ്പം ചേർത്തുവയ്ക്കാൻ കഴിയും എന്ന് പറഞ്ഞാൽ അതിശയോക്തി ഒട്ടുമില്ല. മലയാളിയുടെ പത്രവായനയ്ക്ക് അതിരുകൾ നിശ്ചയിച്ച, എഴുത്തിന്റെ ചാതുര്യം പത്രപ്രവർത്തകരെ പഠിപ്പിച്ച പത്രാധിപർ. പത്രപ്രവർത്തനത്തിന്റെ കൂട്ടുത്തരവാദിത്വം സഹപ്രവർത്തകരുമായി പങ്കുവെച്ച നയതന്ത്രജ്ഞൻ. അവിശ്വനീയമായ ആയിരത്തൊന്നോളം അനുഭവകഥകൾ കഥ ക്കൂട്ടിലൂടെ മലയാളിക്ക് പറഞ്ഞുതന്ന തോമസ് ജേക്കബ് എഴുത്തിനു പുതിയ നിറക്കൂട്ടുകൾ പകർന്നുകൊണ്ട് വായനക്കാരന്റെ മനസ്സിൽ കഥാസഞ്ചാരം നടത്തുകയാണ്, ഓർത്തുപറയാൻ കഥകൾ ഏറെയുണ്ടിനിയും; താത്പര്യത്തോടെ വായിക്കാൻ വായനക്കാരും..

 
തോമസ് ജേക്കബ്ബുമായി സംസാരിച്ചത് ഡി. പ്രദീപ് കുമാറും കെ .ഹേമലതയും .
 
ഈ പരിപാടിയുടെ ശബ്ദലേഖനം മീഡിയ വേവ്സ് ചാനലിലുണ്ട്.https://youtu.be/pfBl1uBP61o?si=t1_MgTq88jBUpm_E
 
(റിപ്പോർട്ട് എഴുതിയത് : കെ. ഹേമലത)
 
***************************
തോമസ് ജേക്കബിനൊപ്പം കെ.ഹേമലത,ഡി.പ്രദീപ് കുമാർ

Thursday, 5 September 2024

ചരിത്രസാക്ഷികൾ:എസ്.ആർ ശക്തിധരൻ

മാദ്ധ്യമ സുഹൃത്തുക്കൾക്ക് എസ്.ആർ.ശക്തിധരൻ എസ്.ആർ.എസാണ് .1970ൽ എറണാകുളത്ത് ദേശാഭിമാനിയുടെ പാർട്ട്-ടൈം കറസ്പോണ്ടൻ്റായി തുടങ്ങി, 2002ൽ തിരുവനന്തപുരത്ത് അസോസിയേറ്റ് എഡിറ്ററായി വിരമിച്ച അദ്ദേഹം പാർട്ടിയുടെ സമുന്നത നേതാക്കൾക്കു വരെ പ്രിയങ്കരൻ. ഇ.എം.എസിനെയും എം.എം ലോറൻസിനെയുമൊക്കെ പേരുചൊല്ലി വിളിക്കാൻ സ്വാതന്ത്ര്യമുള്ളയാൾ.കേരളത്തിലെ സി.പി.എമ്മിന്റെ   അഞ്ചരപതിറ്റാണ്ട്കാലത്തെ വികാസപരിണാമങ്ങൾ അടുത്തറിയുമ്പോഴും ഒരു പാർട്ടിപ്രവർത്തകൻ്റെ അച്ചടക്കത്തോടെ മാത്രം അദ്ദേഹം പോയകാലത്തേക്ക് സഞ്ചരിക്കുകയാണ് .
ഒരു പാർട്ടി കുടുംബത്തിൽ ജനിച്ച ശക്തിധരൻ,. കമ്യൂണിസ്റ്റ് പാർട്ടികളിൽ അത്യപൂർവ്വമായ മത്സരത്തിൽ ജയിച്ചാണ്  സി.പി.എം എറണാകുളം ജില്ലാകമ്മറ്റി അംഗമാവുന്നത്.1967ലായിരുന്നു,അത്.വിദ്യാർത്ഥി,യുവജന ഫെഡറേഷനുകളിലൂടെ വളർന്നുവന്ന അദ്ദേഹം ഉൾപ്പെടെയുള്ളവർ ഔദ്യോഗിക പാനലിനെതിരായി മത്സരിച്ചു. “മട്ടാഞ്ചേരിയിലെ ഒരു സ്കൂളിലായിരുന്നു ജില്ലാസമ്മേളനം നടന്നത്.കെ.ആർ ഗൗരിയമ്മയായിരുന്നു റിട്ടേണിങ്ങ് ഓഫീസർ. ഞാൻ ജില്ലാ കമ്മറ്റിയംഗമായി.എം.എം ലോറൻസ് ജില്ലാസെക്രട്ടറിയുമായി. പാർട്ടിക്കുള്ളിലും പുറത്തും ഏറെ ചർച്ച ചെയ്യപ്പെട്ട ദൗർഭാഗ്യകരമായ സംഭവമായിരുന്നു,അത്.ഇപ്പോൾ അതെക്കുറിച്ച് കൂടുതലൊന്നും പറയുന്നില്ല”. അതായിരുന്നു, പത്രപ്രവർത്തനത്തിലേക്കുള്ള വഴി തുറന്നത്.

’ദേശാഭിമാനി’ക്ക് അന്ന് ബ്യൂറോയോ ലേഖകരോ ഉണ്ടായിരുന്നില്ല.ലോറൻസ് തന്നെയായിരുന്നു വാർത്തകൾ നൽകിയിരുന്നത്.അന്ന് കാനൻ ഷെഡ് റോഡിൽ അടുത്തടുത്തായിരുന്നു,രണ്ടു കമ്യൂണിസ്റ്റ് പാർട്ടികളുടെയും ഓഫീസുകൾ.”പാർട്ടി നേതാക്കളുടെ പ്രസംഗങ്ങൾ ,പാർട്ടി യോഗങ്ങളുടെ റിപ്പോർട്ടുകൾ തുടങ്ങിയവ എഴുതി പത്രത്തിനു നൽകാൻ സഹായിയായി   എന്നെയാണ്‌ ലോറൻസ് ചുമതലപ്പെടുത്തിയത്”.1970ൽ.
അങ്ങനെ എസ്.ആർ ശക്തിധരൻ്റെ മാദ്ധ്യമജീവിതം തുടങ്ങി.

“മഹാരാജാസിൽ  പഠിക്കുമ്പോൾ, ഗവ. ഗസ്റ്റ് ഹൗസിലെത്തുന്ന  മന്ത്രിമാരെ കാണാൻ പത്രപ്രവർത്തകർ  വന്നുപോകുന്നത് കണ്ടപ്പോൾ,അത് അന്തസ്സുള്ള ജോലിയാണെന്ന് തോന്നിയിരുന്നു”.
 
പത്രപ്രവർത്തനം രാഷ്ട്രീയപ്രവർത്തനത്തിൻ്റെ ഭാഗം തന്നെയായിരുന്നു,അദ്ദേഹത്തിന്.അതായിരുന്നു കുടുംബപശ്ചാത്തലം."ശമ്പളം മേഹിച്ചല്ല എത്തിയത് ".
 
 ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണകാലത്ത് കൊച്ചി പച്ചാളത്തുള്ള ഷണ്മുഖപുരത്തെ വീടിൽ അച്ഛൻ രാമനെ അന്വേഷിച്ച് പൊലീസ് വാൻ വന്നതും അതുണ്ടാക്കിയ ഭീകരാന്തരീക്ഷവും കുട്ടിക്കാലത്തെ മറക്കാനാവാത്ത ഓർമ്മയാണ് .വീടിനടുത്തുതന്നെയുള്ള ഓയിൽ മില്ലിലെ സോഫ്റ്റ്  പ്ളാൻ്റ് സൂപ്പർവൈസറായിരുന്നു, അച്ഛൻ. “മുഴുവൻ സമയ തൊഴിലാളിയും പാർട്ടി പ്രവർത്തകനുമായിരുന്നു,അച്ഛൻ”.പാർട്ടി നിരോധിക്കപ്പെട്ട കാലത്തും പരസ്യമായി പാർട്ടിപ്രവർത്തനം നടത്തി,അദ്ദേഹം. നഗരത്തിൽ പാർട്ടിക്ക് അക്കാലത്ത് കാര്യമായ സ്വാധീനമൊന്നും ഉണ്ടായിരുന്നില്ല. മത്തായി മാഞ്ഞൂരാൻ്റെ കെ.എസ്.പി ക്ക് വലിയ ശക്തിയുണ്ടായിരുന്നു. മാഞ്ഞൂരാൻ പ്രസിഡൻ്റായിരുന്ന തൊഴിലാളി  യൂണിയനിലായിരുന്നു അച്ഛൻ പ്രവർത്തിച്ചിരുന്നത്. “രാഷ്ട്രീയപ്രവർത്തനത്തിൽ അച്ഛനായിരുന്നു മാതൃക.വീട്ടിൽ നിരന്തരം ജനങ്ങളും നേതാക്കളുമൊക്കെ വന്നുപോയിരുന്നു.രാഷ്ട്രീയ-സാമൂഹിക പ്രവർത്തനത്തിനുള്ള പ്രചോദനം കിട്ടിയത് അവിടെ നിന്നായിരുന്നു. ടി.വി തോമസായിരുന്നു അച്ഛൻ്റെ നേതാവ്”.

അന്ന് കൊച്ചി മുനിസിപ്പാലിറ്റിയായിരുന്നു.പച്ചാളം ഉൾപ്പെടുന്ന വാർഡിൽ നിന്ന് പി.ജെ ആൻ്റണിയും ശക്തിധരൻ്റെ അച്ഛനും മത്സരിച്ചു.പക്ഷേ,രണ്ടാളും വിജയിച്ചില്ല.”അവിടെ ഇലക്ഷൻ കമ്മറ്റി ഓഫീസുണ്ടാക്കാൻ കഴിഞ്ഞത് തന്നെ വലിയ നേട്ടമായിരുന്നു”.

പച്ചാളം ഗവ. ബോയ്സ് സ്കൂളിൽ ‘നാലര’ ക്ളാസ് വരെപഠിച്ചു.പിന്നെ,പത്താം ക്ളാസ് വരെ സെൻ്റ് ആൽബർട്സ് ഹൈസ്കൂളിൽ.പ്രീ യൂണിവേഴ്സിറ്റി തേവര എസ്.എച്ച് കോളേജിൽ.ഡിഗ്രിക്ക് പഠിച്ചത് മഹാരാജാസ് കോളേജിൽ.വിഷയം സാമ്പത്തിക ശാസ്ത്രം. 

വിദ്യാർത്ഥി ഫെഡറേഷനിൽ അംഗമായാണ്  ശക്തിധരൻ്റെ പൊതുപ്രവർത്തനം ആരംഭിക്കുന്നത്.സ്കൂൂളിൽ പഠിക്കുമ്പോൾ തന്നെ തിരുവില്വാമലയിൽ നടന്ന കെ.എസ്.എഫ് സംസ്ഥാനസമ്മേളനത്തിൽ പ്രതിനിധിയായി പാർട്ടി അയച്ചു. പിന്നീട് അതിൻ്റെ ജില്ലാസെക്രട്ടറിയായി.വയലാർ രവി അന്ന് എം.എ വിദ്യാർത്ഥിയായി കോളേജിലുണ്ടായിരുന്നു. “അദ്ദേഹം മത്സരിച്ചപ്പോൾ, ക്ളാസുകളിൽ കയറി പ്രസംഗിക്കാൻ കെ.എസ്.എഫ് നിയോഗിച്ചത് എൻ.എസ് മാധവൻ,ടി.കെ രാമചന്ദ്രൻ, തൊടുപുഴക്കാരനായ ഗോപി എന്നീ ചുണക്കുട്ടികളെയായിരുന്നു”.അന്ന് കെ.എസ്.യുവിനു വലിയ ശക്തിയുണ്ടായിരുന്നു.അവരുമായി ശാരീരിക സംഘർഷങ്ങൾ സാധാരണമായിരുന്നു.കോളേജ് യൂണിയനിലേക്ക്   മൂന്ന് തവണ മത്സരിച്ചെങ്കിലും ശക്തിധരൻ വിജയിച്ചില്ല

കോളേജിൽ നിന്നിറങ്ങിയപ്പോൾ,കെ.എസ്.വൈ.എഫിൽ സജീവമായി,അതിൻ്റെ ജില്ലാ സെക്രട്ടറിയായി.”അന്നാണ് ,സംസ്ഥാനത്ത് ആദ്യമായി തൊഴിലില്ലായ്മാവേതനം നൽകണമെന്ന ആവശ്യം ഉന്നയിക്കപ്പെട്ടത്.എൻ്റെ നേതൃത്വത്തിൽ തൊടുപുഴയിൽ നിന്ന് എറണാകുളം കളക്ട്രേറ്റിലേക്ക് ഒരുമാസം നീണ്ടുനിൽക്കുന്ന കാൽനടജാഥ നടത്തി.അന്ന് ,ഇപ്പോഴത്തെ ഇടുക്കി ജില്ലയിലെ പ്രദേശങ്ങൾ കൂടി ഉൾപ്പെടുന്നതായിരുന്നു എറണാകുളം ജില്ല”.

അക്കാലത്ത്  വളരെക്കുറച്ച് പത്രപ്രവർത്തകർ മാത്രമേ എറണാകുളത്തുണ്ടായിരുന്നുള്ളൂ. എല്ലാം പ്രമാണിമാർ.പത്രപ്രവർത്തകർക്ക് വലിയ വിലയും സമൂഹത്തിൽ അന്തസും ഏറെയുണ്ടായിരുന്ന കാലം. “അവർക്കിടയിൽ, ചെറുപ്പക്കാരനായ എനിക്കൊരു സ്ഥാനം കിട്ടി”.വൈകാതെ,ശക്തിധരൻ പ്രസ് ക്ളബ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ഇക്കാലത്ത് ഗവ. ലോ കോളേജിൽ എൽ.എൽ.ബി ഈവനിങ്ങ് കോഴ്സിനും ചേർന്നു.

ദേശാഭിമാനി കൊച്ചി എഡിഷൻ വളരെ പ്രയാസപ്പെട്ടാണ് പുറത്തിറക്കിയിരുന്നത്. പ്രസിലെ ജീവനക്കാർക്ക് ശനിയാഴ്ചകളിൽ 25 രൂപ വീതം അഡ്വാൻസ് നൽകണമായിരുന്നു. “അതിനു ചിലപ്പോഴൊക്കെ അമ്മയും സഹായിച്ചു.അമ്മയുടെ കുറിവയ്പ്പിൽ നിന്നാണു കാശ് തന്നിരുന്നത്.ബ്രോഡ് വേയിലെ ചില കച്ചവടക്കാരും സഹായിച്ചു”.  

1972 ഫെബ്രുവരിയിൽ കോഴിക്കോട് നടന്ന കെ.എസ്.വൈ.എഫ് സമ്മേളനത്തിൽ പങ്കെടുക്കാൻ ശക്തിധരൻ അവിടെയെത്തി.അന്ന് എസ്.രാമചന്ദ്രൻ പിള്ളയായിരുന്നു സെക്രട്ടറി;കെ.ബാലചന്ദ്രൻ പ്രസിഡൻ്റും.” അന്നാണു ഞാൻ ആദ്യമായി നടൻ സുകുമാരനെ കാണുന്നത്.മലപ്പുറം ജില്ലയിൽ നിന്നുള്ള പ്രതിനിധിയായിരുന്നു,അദ്ദേഹം”.
കൊച്ചിയിലേക്ക് മടങ്ങിയെത്താനാവശ്യപ്പെട്ട് ശക്തിധരന് ഒരു സന്ദേശം ലഭിച്ചു.പാർട്ടി സംസ്ഥാന സെക്രട്ടറി സി.എച്ച് കണാരനെയും പ്രതിപക്ഷ മുന്നണി കൺവീനർ അഴീക്കോടൻ രാഘവനെയും കണാനായിരുന്നു നിർദ്ദേശം.അവർ പറഞ്ഞു, “സഖാവ് തിരുവനന്തപുരത്തെ ദേശാഭിമാനി ലേഖകനായി പോകണം. ജില്ലാകമ്മറ്റി അംഗമല്ലേ- ഞങ്ങളങ്ങനെ തീരുമാനിച്ചിട്ടുണ്ട്.. ”. അച്ഛനോട് ചോദിക്കണമെന്ന് പറഞ്ഞപ്പോൾ, അത് തങ്ങൾ പറഞ്ഞുകൊള്ളാമെന്നായി അവർ.അച്ഛനെ  അറിയിച്ചപ്പോൾ ‘പോകേണ്ട,പക്ഷേ,പാർട്ടി തീരുമാനം അതാണെങ്കിൽ ഒന്നും പറയാനില്ല’ എന്നായിരുന്നു മറുപടി. തിരുവനന്തപുരത്ത് രണ്ടാം വർഷ എൽ.എൽ.ബിക്ക് അഡ്മിഷൻ ശരിയാക്കിനൽകാമെന്നും നേതാക്കൾ ഏറ്റു.

അങ്ങനെ,1972 ഫെബ്രുവരി 13നു ശക്തിധരൻ ദേശാഭിമാനിയുടെ തിരുവനന്തപുരം ലേഖകനായി.മിക്ക പത്രങ്ങളുടെയും ബ്യൂറോകൾ പ്രവർത്തിച്ചിരുന്ന ശാന്തിനഗറിലായിരുന്നു ഓഫീസ്. ഇരുപത്തിയെട്ടാം നമ്പർ വീട്.പക്ഷേ,അവിടെ ആരും ഉണ്ടായിരുന്നില്ല.കുറെ നാൾ ഏകാംഗ ബ്യൂറോയായിരുന്നു.പിന്നെ,കോഴിക്കോട് നിന്ന് സി.എം.അബുൾ റഹ്മാനെ അയച്ചു.അദ്ദേഹം കുറച്ചുകാലമേ അവിടെ നിന്നുള്ളൂ. “രണ്ടാൾക്കും താല്പര്യമുണ്ടായിരുന്നില്ല.ഞാൻ എല്ലാ വെള്ളിയാഴ്ചയും കൊച്ചിയിലേക്ക് പോകും.തിങ്കളാഴ്ചയാൻ പിന്നെ മടങ്ങിയെത്തുക”.പക്ഷേ,തൻ്റെ മാദ്ധ്യജീവിതത്തിൻ്റെ സിംഹഭാഗവും ശക്തിധരൻ ചെലവഴിച്ചത് തിരുവനന്തപുരത്ത്. 
 
വീട്ടിൽനിന്ന് വന്ന അന്നു തന്നെ,കുളിച്ച് ,നേരെ പോയത് അസംബ്ളിയിലേക്ക്.ആദ്യമായായിരുന്നു നിയമസഭ കാണുന്നത് തന്നെ. സഭാനടപടികൾ റിപ്പോർട്ട് ചെയ്യാൻ ഏറെ സഹായിച്ചത് അന്ന് കേരളപ്രസ് എന്ന  പ്രാദേശിക പത്രത്തിൻ്റെ ലേഖകനായിരുന്ന ജി.ശേഖരൻ നായരായിരുന്നു.കെ.ആർ ചുമ്മാർ, കെ.വിജയരാഘവൻ, കെ.ജി പരമേശ്വരൻ നായർ, കെ.സി ജോൺ,കെ.സി സെബാസ്റ്റ്യൻ തുടങ്ങിയ മഹാരഥന്മാരായിരുന്നു അന്ന് നിയമസഭാവലോകനങ്ങൾ എഴുതിരുന്നത്. അവരുടെയൊക്കെ സഹായം കിട്ടിയിട്ടുണ്ട്. “ഇടതുപക്ഷത്തുള്ളവരുടെ പ്രസംഗങ്ങളും ചോദ്യങ്ങളും ഇടപെടലുകളുമൊന്നും പ്രമുഖ പത്രങ്ങൾ  അന്ന് കാര്യമായി കൊടുത്തിരുന്നില്ല. അതുകൊണ്ടുതന്നെ അവയ്ക്ക് പ്രാമുഖ്യം നല്കുന്ന റിപ്പോർട്ടുകളായിരുന്നു എഴുതിയത്.അങ്ങനെയൊരു പരിമിതിയും പരിധിയുമുണ്ടായിരുന്നു.നിഷ്പക്ഷമെന്ന് അവകാശപ്പെടുന്ന പത്രങ്ങൾക്ക്  എക്കാലവും പക്ഷമുണ്ട്”.
 
സ്വദേശാഭിമാനി - കേസരി പുരസ്കാരം മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കുന്നു

“തിരിഞ്ഞുനോക്കുമ്പോൾ, തലസ്ഥാനത്തേക്കയയ്ക്കാൻ ദീർഘവീക്ഷണത്തോടെ പാർട്ടി എടുത്ത തീരുമാനമാണ്  എന്നെ വളർത്തിയതും ഈ നിലയിലെത്തിച്ചതും.ജനകീയ താല്പര്യങ്ങൾക്കനുസൃതമായാണ്  പ്രവർത്തിച്ചത്. ഇന്ദുചൂഡനും പവനനുമായിരുന്നു, ഇടതുപക്ഷ പത്രപ്രവർത്തനരംഗത്തെ ആവേശം കൊള്ളിച്ച പേരുകൾ.അവരായിരുന്നു മാർഗ്ഗദീപങ്ങൾ.ആ പൈതൃകം പേറിയാണ്  പ്രവർത്തിച്ചത്”.

അച്യുതമേനോൻ  മന്ത്രിസഭയിലെ പ്രബലനായൊരു മന്ത്രി ഇരുപതു രൂപ കള്ളനോട്ട് കച്ചവടത്തിൽ പങ്കാളിയാണെന്ന്  വാർത്ത കൊടുത്തു. ഉത്തമബോദ്ധ്യത്തോടെയായിരുന്നു അത് നല്കിയത്. “മന്ത്രിസഭ കൂടി എന്നെ കൈകാര്യം ചെയ്യാൻ തീരുമാനിച്ചു.പോലീസ് ഓഫീസ് റെയിഡ് ചെയ്ത്എന്നെ അറസ്റ്റുചെയ്യുമെന്ന്  സുഹൃത്തുക്കൾ അറിയിച്ചു. രേഖകളെടുത്ത് രക്ഷപ്പെടാൻ ദ ബ്ളിറ്റ്സ്  ലേഖകൻ കെ. ആർ . എസ് നായർ ഉപദേശിച്ചു. ആകെ ഭീതിജനകമായ അന്തരീക്ഷം.വാർത്തയിൽ ഉറച്ചുനിൽക്കാനായിരുന്നു പത്രാധിപർ  പി. ഗോവിന്ദപ്പിള്ളയുടെ തീരുമാനം.എനിക്കെതിരായ നടപടിയെ നേരിടാൻ പാർട്ടിയും തീരുമാനിച്ചതോടെ സർക്കാർ കേസ് ഫയൽ  ചെയ്തു. അത് നടക്കവേ അടിയന്തരാവസ്ഥ വന്നു.രാഷ്ട്രീയഅന്തരീക്ഷം മാറി. പിന്നീടുവന്ന സർക്കാർ കേസുമായി മുന്നോട്ട് പോയില്ല”. 

ഒട്ടേറെ നിർണ്ണായക സംഭവങ്ങൾക്ക് നേർസാക്ഷിയാണ്   ശക്തിധരൻ. അടിയന്തരാവസ്ഥയ്ക്കെതിരെ പാളയത്ത് പ്രകടനം നടത്തിയതിന്  ഇ.എം.എസ്, കെ.എം ജോർജ്ജ്,ആർ.ബാലകൃഷ്ണപിള്ള തുടങ്ങിയ പ്രതിപക്ഷ നേതാക്കളെ അറസ്റ്റു ചെയ്തു. “ആ പ്രകടനത്തിൽ ഞാനുമുണ്ടായിരുന്നു.പക്ഷേ, എന്നെ പിടിച്ചില്ല”. അറസ്റ്റിലായവർ ജാമ്യമെടുക്കാത്തതിനാൽ അവരെ പൂജപ്പുര സെൻട്രൽ ജയിലിലടച്ചു.ഏതാനും ദിവസം കഴിഞ്ഞായിരുന്നു അവർ മോചിതരായത്.

പിന്നീട് ബാലകൃഷ്ണ പിള്ള ‘മിസ’ തടവുകാരനായി. “തടവിൽ കിടന്ന അദ്ദേഹത്തെ കാണാൻ ഞാൻ പോയിരുന്നു. ജയിലിൽ നിന്നിറങ്ങാൻ വേണ്ടി പിള്ള കെഞ്ചി.അധികൃതർ സ്വർണ്ണമാല ഊരിവെപ്പിച്ച കഥ സങ്കടത്തോടെ പറഞ്ഞു”.പക്ഷേ,അദ്ദേഹത്തിൻ്റെ പാർട്ടി ഭരണമുന്നണിയിലെത്തി.ഏതാനും മാസം കഴിഞ്ഞ്, ജയിലിൽ നിന്നിറങ്ങി അദ്ദേഹം നേരെ മന്ത്രിയായി.  കിട്ടിയത്  ജയിൽ വകുപ്പ്."ജയിലിൽ കിടന്നതിനാൽ അദ്ദേഹം ചോദിച്ചവർക്കെല്ലാം ഉദാരമായി പരോൾ നൽകി. സംസ്ഥാനത്തെ എല്ലാഭാഗത്തുനിന്നുമുള്ള രാഷ്ട്രീയത്തടവുകാരുടെ പരോൾ അപേക്ഷകളുമായി മന്ത്രിയെ കാണുകയായിരുന്നു എൻ്റെ ജോലി.പക്ഷേ, പരോൾ സ്വീകരിക്കാത്ത അന്തസ്സുള്ള രണ്ടു പേരുണ്ടായിരുന്നു-ഭാര്യ പ്രസവിച്ചിച്ച വാർത്തയുമായി അനുജൻ വന്നിട്ടും ആ പരോളിലിറങ്ങാൻ എസ്.രാമചന്ദ്രൻ പിള്ള തയ്യാറായില്ല.സോഷ്യലിസ്റ്റ് നേതാവ് കെ. ചന്ദ്രശേഖരനും പരോൾ വേണ്ടെന്നുവച്ചു”.

അന്ന്  പത്രപ്രവർത്തനം ഏറെ ദുഷ്കരമായിരുന്നു.അടിയന്തരാവസ്ഥാപ്രഖ്യാപനത്തിൻ്റെ അടുത്ത ദിവസം അതിനെ ശക്തമായി എതിർത്ത് ദേശാഭിമാനി പത്രമിറക്കി.അതോടെ കടുത്ത സെൻസർഷിപ്പ് ഏർപ്പെടുത്തി.വാർത്തകളെല്ലാം എഴുതിക്കഴിഞ്ഞ് ഓരോന്നിൻ്റെയും രണ്ടു കോപ്പിയുമായി  ഊറ്റുകുഴിക്കടുത്തുള്ള  പ്രസ് ഇൻഫർമേഷൻ ബ്യൂറോ  ഓഫീസിലെത്തി സെൻസറെക്കാണിച്ച് അറ്റസ്റ്റ് ചെയ്ത് വാങ്ങി,ടെലക്സിലായിരുന്നു അയച്ചിരുന്നത്. “മിക്കപ്പോഴും ഞാൻ തന്നെ നടന്നായിരുന്നു പോയിരുന്നത്”.

എന്തായാലും പത്രം നിലനിർത്തിക്കൊണ്ടുപോകാനായിരുന്നു പാർട്ടിയുടെ തീരുമാനം.അനുമതി കിട്ടില്ലെന്ന് ഉറപ്പുണ്ടായിരുന്ന വാർത്തകളൊന്നും അന്ന് എഴുതിയിരുന്നില്ല.സെൻസർക്ക് സംശയമുള്ള വാർത്തകൾ സ്വന്തം ഉത്തരവാദിത്വത്തിലായിരുന്നു പ്രസിദ്ധീകരിക്കേണ്ടിയിരുന്നത്.

അദ്ദേഹം ധാർമ്മിക രോഷത്തോടെ ഇതുകൂടി പറഞ്ഞു, “അന്ന് അടിയന്തരാവസ്ഥയെ കെട്ടിപ്പുണർന്നവരാണു പിന്നീട് ജനാധിപത്യത്തെയും പത്രസ്വാതന്ത്ര്യത്തെയും കുറിച്ച് വാചാലരായത്”.

ഏഴാച്ചേരി രാമചന്ദ്രനും ആർ.എസ് ബാബുവും പിൽക്കാലത്ത് ബ്യൂറോയിലെത്തിയതോടെ ശക്തിധരൻ  മുഖ്യമായും രാഷ്ട്രീയ റിപ്പോർട്ടിങ്ങിലാണ്  ശ്രദ്ധ കേന്ദ്രീകരിച്ചത്.തുടർച്ചയായി 30 വർഷത്തിലധികം നിയമസഭാ നടപടികൾ റിപ്പോർട്ട് ചെയ്തതിന്  സ്പീക്കറുടെ ആദരവിനും  അദ്ദേഹവും അർഹനായി.
 
 മുതിർന്ന മാദ്ധ്യമപ്രവർത്തകർക്കുള്ള നിയമസഭയിലെ സ്ഥിരം പാസ് ഉമ്മൻ ചാണ്ടിയിൽ നിന്ന് സ്വീകരിക്കുന്നു

ഇ.എം എസുമായി അടുത്ത ബന്ധമുണ്ടായിരുന്നു.ശാന്തി നഗറിൽ അദ്ദേഹത്തിൻ്റെ വീടിനടുത്തായിരുന്നു ശക്തിധരനും താമസിച്ചിരുന്നത്. രോഗബാധിതനായ എ.കെ.ജി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിൽസയ്ക്കു വന്നപ്പോൾ അദ്ദേഹവും സുശീല ഗോപാലനും മൂന്നു മാസത്തോളം താമസിച്ചത് ‘ദേശാഭിമാനി’യിൽ ശക്തിധരൻ്റെയൊപ്പം. “അവർക്ക്   നഗരത്തിലൊരോ വീടെടുത്തുകൊടുക്കാന് പാർട്ടിക്ക് ശേഷിയില്ലായിരുന്നു. അന്ന് അദ്ദേഹത്തിൻ്റെ രോഗവിവരം അന്വേഷിച്ച് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും ദേശീയ നേതാക്കളും ദേശാഭിമാനി ബ്യൂറോയിലേക്കായിരുന്നു വിളിച്ചിരുന്നത്”.

1998ൽ ഇ.എം.എസ് അന്തരിച്ച വാർത്തയറിഞ്ഞ്,ദർബാർ ഹാളിൽ മൃതദേഹം കിടത്തിയപ്പോൾ, എൽ.കെ അദ്വാനി വിളിച്ചത് ശക്തിധരൻ്റെ മൊബൈൽ ഫോണിലായിരുന്നു.”ഞാനത് എസ്.രാമചന്ദ്രൻ പിള്ളയ്ക്ക് നൽകി”.

രാഷ്ട്രീയമായി എതിർപക്ഷത്തുള്ള നേതാക്കളുമായി എന്നും അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് ശക്തിധരൻ പറഞ്ഞു. കെ.കരുണാകരനുമായി ഏറെ അടുപ്പമുണ്ടായിരുന്നു.അദ്ദേഹത്തെ എപ്പോൾ വേണമെങ്കിലും കാണാൻ പറ്റുമായിരുന്നു.എ .കെ ആൻ്റണിക്കൊപ്പം പല പ്രാവശ്യം തിരുവനന്തപുരത്ത് നിന്ന് കൊച്ചിക്ക് കാറിൽ പോയിട്ടുണ്ട്. “ പക്ഷേ,ഞാനൊരിക്കലും രാഷ്ട്രീയവിശ്വാസങ്ങൾ പണയം വച്ചിട്ടില്ല”.

2002 ജൂണിൽ അസോസിയേറ്റ് എഡിറ്ററായാണ്  ശക്തിധരൻ വിരമിച്ചത്.2008ൽ അദ്ദേഹം കേരള മീഡിയ അക്കാദമിയുടെ ചെയർമാനായി.അക്കാലത്താണ്  വീഡിയോ കോഴ്സും  അതിനായുള്ള സ്റ്റുഡിയോയും ആരംഭിച്ചത്.സുഹൃത്തുക്കളുടെ സഹായം ഹോസ്റ്റൽ  നിർമ്മാണത്തിന് ഉപയോഗപ്പെടുത്തിയതും അദ്ദേഹം അനുസ്മരിക്കുന്നു. സംസ്ഥാന സർക്കാരിൻ്റെ ഏറ്റവും വലിയ മാദ്ധ്യമ പുരസ്കാരമായ സ്വദേശാഭിമാനി-കേസരി പുരസ്കാരം ഏർപ്പെടുത്താനുള്ള നിർദ്ദേശം വി.എസ് അച്ച്യുതാനന്ദൻ മന്ത്രിസഭയ്ക്ക് നൽകിയതും അദ്ദേഹം ചെയർമനായിരിക്കുമ്പോഴായിരുന്നു.അതിന്  ഉടൻ അംഗീകാരം കിട്ടി.2020 ൽ ആ പുരസ്കാരം അദ്ദേഹത്തെ തേടിയെത്തി.

ഇന്ന് മാദ്ധ്യമരംഗം വലിയ പരിവർത്തനങ്ങൾക്ക് വിധേയമായിട്ടു ണ്ടെന്നദ്ദേഹം പറഞ്ഞു.പത്രങ്ങളുടെ പ്രസക്തി കുറഞ്ഞു.പത്രങ്ങളെയും പത്രപ്രവർത്തകരെയും മതിപ്പില്ലാത്ത അവസ്ഥയാണിന്ന്. സത്യസന്ധമായി കാര്യങ്ങൾ അറിയിക്കുക എന്ന ധർമ്മത്തിൽ നിന്ന് അവർ പിന്നാക്കം പോയി.പത്രപ്രവർത്തകരെക്കാൾ അന്വേഷണാത്മകബുദ്ധിയുള്ള ഉദ്യോഗസ്ഥരുണ്ട്.ഏതു വിവരവും വിരൽത്തുമ്പിൽ കിട്ടുന്ന കാലത്ത് പത്രങ്ങളിലെ പഴയരീതിയിലുള്ള വിലയിരുത്തലുകൾ വായിക്കപ്പെടുകയില്ല.

.സാമൂഹിക മാദ്ധ്യമങ്ങൾ മാദ്ധ്യമസ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്ത്കയും സ്പർദ്ധ വളർത്തുകയും ചെയ്യുന്ന സംഭവങ്ങളുണ്ടെന്നും ശക്തിധരൻ പറഞ്ഞു.

 അച്ചടി മാദ്ധ്യമങ്ങൾ കടുത്ത വെല്ലുവിളിയാണ്  നേരിടുന്നത്”. പുതുതലമുറക്കാർ പത്രം വായിക്കുന്നില്ല,  അവർക്ക് രാഷ്ട്രീയ താല്പര്യമില്ല.എന്നാൽ അവർ ഓരോരുത്തരെയും പഠിക്കും. “കാര്യങ്ങൾ നിരീക്ഷിക്കാനും വിലയിരുത്താനും പഴയതലമുറയിലുള്ളവരെക്കാൾ അവർക്ക് ജാഗ്രതയുണ്ട്”. 

വലിയ പ്രചാരമുള്ള ചില പത്രങ്ങൾക്ക്‌ വായനക്കാർ കുറവാണ്. ആരും  തിരിഞ്ഞുനോക്കാതെ , കൈകൊണ്ട് തൊട്ടുനോക്കാതെ, പത്രം വീട്ടുമുറ്റത്തു കിടക്കുന്നത് കണ്ടിട്ടുണ്ട്.ഒരുകാലത്ത് ലോകത്ത് ഏറ്റവും കൂടുതൽ  പ്രചാരമുണ്ടായിരുന്നത് റഷ്യയിലെ ’പ്രവ്ദ’യും   ജാപ്പാനീസ് കമ്യൂണിസ്റ്റ് പാർട്ടി മുഖപത്രവുമായിരുന്നു.”അവിടുത്തെ കമ്മ്യൂണിസ്റ്റ് പാർട്ടികളൊക്കെ എവിടെപ്പോയി?”

പാർട്ടി പത്രവും മാറേണ്ടതുണ്ടെന്ന് ശക്തിധരൻ പറഞ്ഞു.കേരളത്തിലെയടക്കം പാർട്ടിപ്പത്രങ്ങൾക്ക് ഇപ്പോൾ പഴയ റിജിഡിറ്റി ഇല്ല.സ്വന്തം രാഷ്ട്രീയാശയം ജനങ്ങളിലെത്തിക്കുന്നതിൽ മാത്രമായി അവ ഒതുങ്ങരുത്.മറ്റുള്ളവരുടെ അഭിരുചികൾക്കും താല്പര്യങ്ങൾക്കും കൂടി പാർട്ടിപ്പത്രത്തിൽ ഇടം നൽകണമെന്നും എസ്.ആർ ശക്തിധരൻ പറഞ്ഞു.

 ഭാര്യ ഗീതയ്ക്കാപ്പം
 
. “ഞാൻ ആത്മകഥയൊന്നും എഴുതില്ല. രാഷ്ട്രീയത്തിലെ ഒട്ടേറെ അന്തർ നാടകങ്ങളറിയാം.ചിലർ വന്ന വഴികളും പോയ വഴികളുമറിയാം. യാതൊന്നും ഞാൻ വിളിച്ചുപറയില്ല. അതെല്ലാം എന്റെ ഉള്ളിൽ  തന്നെയിരിക്കും”, മകന്റെ ആകസ്മിക വിയോഗം സൃഷ്ടിച്ച  ദുഖം ഉള്ളിലൊതുക്കി,മലയാള മാധ്യമ ചരിത്രത്തിന്റെ ഓർമ്മകൾ തിരയിളക്കുന്ന തിരുവനന്തപുരത്തെ ശാന്തിനഗറിലെ വീട്ടിൽ ഭാര്യ ഗീതയോടൊപ്പം വിശ്രമജീവിതം നയിക്കുന്ന അദ്ദേഹം പറഞ്ഞുനിർത്തി. 
 
കെ. ഹേമലത എസ്. ആർ ശക്തിധരനൊപ്പം

(2024 ആഗസ്റ്റ് 4ൻ ക്ളബ് ഹൗസ് മീഡിയ റൂമിലെ 'ചരിത്രസാക്ഷികൾ' പരമ്പരയിൽ എസ്.ആർ ശക്തിധരൻ പ്രത്യേക  ക്ഷണിതാവായി പങ്കെടുത്തു. ഡി.പ്രദീപ് കുമാറും കെ.ഹേമലതയും മോഡറേറ്റർമാരായി. ഈ പരിപാടിയുടെ ശബ്ദലേഖനം മീഡിയ വേവ്സ് ചാനലിലുണ്ട്)

ചരിത്രസാക്ഷികൾ : ഡോ.പോൾ മണലിൽ

ക്ലബ്ബ് ഹൗസ് മീഡിയ റൂമിലെ 'ചരിത്രസാക്ഷികൾ' പരമ്പരയിൽ  പ്രത്യേക അതിഥിയായി(മെയ് 11,2024) ഡോ.പോൾ മണലിൽ പങ്കെടുത്തു.മലയാള മനോരമ ദിനപത്രത്തിന്റെ അസിസ്റ്റൻറ് എഡിറ്ററായി വിരമിച്ച  പോൾ മണലിൽ ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ കൂടിയാണ്. ഇപ്പോൾ നാഷണൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാനാണ്.
 മികച്ച ഗ്രന്ഥകാരൻ കൂടിയായ അദ്ദേഹത്തിന്റെ 'കേരളത്തിലെ ഭാഷാ ന്യൂനപക്ഷങ്ങൾ'  എന്ന പുസ്തകത്തിന് 2008 കേരള സാഹിത്യ അക്കാദമിയുടെ എൻഡോമെന്റ് അവാർഡ് ലഭിച്ചു. പതിനഞ്ചോളം പുസ്തകങ്ങൾ എഡിറ്റ് ചെയ്തിട്ടുണ്ട്. അവയിൽ 'മലയാളത്തിന്റെ  ബഷീർ', 'ബഷീറിന്റെ ചെറുകഥകളുടെ പഠനങ്ങൾ', 'ബഷീറിന്റെ കത്തുകൾ' എന്നിവ  ശ്രദ്ധേയം. പ്രൊഫ. സുകുമാർ അഴീക്കോടിനെക്കുറിച്ചെഴുതിയ 'അഴീക്കോട് എന്ന വിചാരശില്പി' ഏറെ ചർച്ച ചെയ്യപ്പെട്ടു. 'കാലത്തിന്റെ കണ്ണാടിച്ചില്ലുകൾ', 'തകഴിയുടെ കയറിലൂടെ ഒരു കേരളചരിത്രാന്വേഷണം', 'പ്രസംഗകല' തുടങ്ങിയ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. 

സജീവ പത്രപ്രവർത്തകനായിരിക്കെത്തന്നെ പത്രപ്രവർത്തനത്തിൽ ഡോക്ടറേറ്റ് നേടിയ ആദ്യത്തെ മലയാള മാധ്യമപ്രവർത്തകനാണ് പോൾ മണലിൽ. 

പത്തനാപുരത്താണ് കുടുംബവേരുകൾ. വിജനമായ കാട്ടുപ്രദേശം. വായനശാലയൊന്നും ഇല്ലാത്ത അവികസിതമായ ഒരു കുന്നിൻ പ്രദേശമായിരുന്നു അത്. അടുത്ത് ഒരു സ്കൂളുണ്ട്. 
 1960ൽ സ്കൂളിൽ പഠിക്കുമ്പോൾ, രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത പിതാവ് സർവീസിൽ നിന്ന് വിരമിച്ച് വീട്ടിൽ  ഇരിക്കുകയാണ് . മറ്റ് ജോലിക്കൊന്നും പോകുന്നില്ല. രാവിലെ മുതൽ അദ്ദേഹം പത്രം വായിക്കും. രാത്രി 12 വരെ വായനയാണ്. പിതാവിനെ ഓർക്കുമ്പോൾ ആ ചിത്രം തെ ളിഞ്ഞുവരും. മനോരമയും  വീട്ടിൽ വരുത്തുന്നുണ്ടായിരുന്നു. പക്ഷേ, ഹിന്ദു പൂർണ്ണമായും വായിക്കാൻ അദ്ദേഹത്തിന് ഒരു ദിവസം പോരാ. 

  " മനോരമയാണ്‌ ഞാൻ ആദ്യം വായിച്ചു തുടങ്ങുന്നത്. ജേണലിസത്തിലേക്കു വഴിയൊരുക്കിയത് 
ഇംഗ്ലീഷ് മീഡിയം സ്കൂളിലെ  പഠനമായിരുന്നു.അതൊരു ബോർഡിങ് സ്കൂളായിരുന്നു. ക്ലാസിലെ മോശപ്പെട്ട വിദ്യാർത്ഥികളിൽ ഒരാളായിരുന്നു ഞാൻ.  കയ്യക്ഷരം മോശം. എന്നാൽ അക്ഷരങ്ങളോട് താൽപര്യമായിരുന്നു ".
 
ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ സ്കൂളിലെ കയ്യെഴുത്തു മാസികയായ കലാലയത്തിന്റെ  പത്രാധിപരായി.രണ്ട് ലക്കം പുറത്തിറങ്ങി.ഡോ. എം.വി തോമസ്   അക്കാലത്ത്  മലയാളം അദ്ധ്യാപകനായിരുന്നു.പത്രാധിപരാക്കിയത് അദ്ദേഹമാണ്. (പിന്നീട് 
 പബ്ലിക് റിലേഷൻസ് വകുപ്പിൽ നിന്ന് ഡെപ്യൂട്ടി ഡയറക്ടറായി അദ്ദേഹം വിരമിച്ചു ). പത്രാധിപരായതോടെ സ്കൂളിൽ അറിയപ്പെട്ടു തുടങ്ങി.

മലയാള മനോരമ ആഴ്ചപ്പതിപ്പും വീട്ടിൽ വരുത്തുന്നുണ്ടായിരുന്നു. വർഗീസ് കളത്തിലായിരുന്നു പത്രാധിപർ. നല്ല റീഡബിലിറ്റിയുള്ള പ്രസിദ്ധീകരണമായിരുന്നു. വീട്ടിലെ വായന അതായിരുന്നു. പിന്നീട് സുഗതകുമാരി പത്രാധിപയായ തളിര് മാസിക, ജനയുഗത്തിന്റെ ബാല പ്രസിദ്ധീകരണമായ ബാലയുഗം, ഇവയെല്ലാം വായിക്കാൻ തുടങ്ങി. ജനയുഗം നോവൽ പതിപ്പ്,കുങ്കുമം വാരിക, മലയാള നാട് വാരിക  കൊല്ലത്തുനിന്ന് കൊല്ലത്ത് നിന്ന് ഇറങ്ങിയിരുന്ന ഇവയെല്ലാം കിട്ടുമായിരുന്നു. ആദ്യമായി സന്ദർശിക്കുന്ന പത്ര സ്ഥാപനം ജനയുഗമാണ്. അന്ന് കാമ്പിശ്ശേരിയാണ് പത്രാധിപർ.  പിന്നീട് എം.എൽ.എ ആയ പ്രതാപവർമ്മ തമ്പാനും ഒന്നിച്ചാണ് ജനയുഗത്തിൽ പോയത്. പത്തനാപുരത്തുനിന്ന് 50 പൈസ മുടക്കി കൊല്ലത്തുചെന്നു. കാമ്പിശ്ശേരി കരുണാകരൻ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു. ആഹാരം കഴിച്ചുവോ എന്ന് അദ്ദേഹം അന്വേഷിച്ചു. തന്നെ കാണാൻ ചെല്ലുന്നവരോട് എന്തെങ്കിലും കഴിച്ചോ എന്ന് അന്വേഷിക്കുന്ന പത്രാധിപരെ കണ്ടതോടെ പത്രപ്രവർത്തനത്തിന്റെ മറ്റൊരു വശം മനസ്സിലാക്കുകയായിരുന്നു. 

പ്രൊഫ. എം.കൃഷ്ണൻ നായരുടെ സാഹിത്യവാരഫലം മലയാളനാടിൽ പ്രസിദ്ധീകരിക്കുന്ന കാലം. മാധവിക്കുട്ടിയുടെ എന്റെ കഥ, കാക്കനാടന്റെ നോവലുകൾ, ശ്രദ്ധേയമായ പരമ്പരകൾ - അങ്ങനെ, വായനയുടെ ലോകത്തേക്ക് സ്കൂളിൽ പഠിക്കുമ്പോൾ തന്നെ ആകൃഷ്ടനായി . സ്കൂളിൽ ദർപ്പണം എന്ന സാഹിത്യ ചർച്ചാസമിതിയുടെ കയ്യെഴുത്തു മാസികയുടെ പത്രാധിപരായി. 

വാർത്തകൾക്കായി കാത്തുനിന്നിരുന്ന  സമൂഹമായിരുന്നു നാട്ടിൽ .  രാവിലെ ആളുകൾ ബസ്സ് സ്റ്റാൻഡിൽ പോയി പത്രം വായിക്കും.അന്നത്തെ ഏജൻറ്മാർ വാർത്ത എഴുതിയിരുന്നു.  "'പൗരധ്വനി എന്ന സായാഹ്ന പത്രത്തിൻറെ ഏജൻറ് മത്തായി  വാർത്ത എഴുതാൻ എന്നെ ഏൽപ്പിച്ചിരുന്നു.വാർത്ത മാത്രമല്ല,തലക്കെട്ടും ഇട്ടുകൊടുക്കും. നാട്ടിലെ വാർത്തകൾ പോസ്റ്റ് കാർഡിൽ എഡിറ്ററുടെ അഡ്രസ്സിൽ മനോരമയ്ക്ക് എഴുതി അയയ്ക്കും.  രണ്ടുമൂന്നു ദിവസം കഴിഞ്ഞാൽ പത്രത്തിൽ വാർത്തകൾ വരും ". 

പ്രാദേശിക ഡെസ്കിന്റെ ചുമതല വഹിച്ചിരുന്നത് അന്നത്തെ ശ്രദ്ധേയനായ പത്രപ്രവർത്തകൻ,
അടൂർ സ്വദേശിയായ കെ.പത്മനാഭൻ -അടൂർ ഭാസിയുടെ സഹോദരൻ  . "ഉദാരമനസ്കനായിരുന്ന  അദ്ദേഹത്തിന് എന്നോട് വലിയ വാത്സല്യമായിരുന്നു.1971 ൽ പത്തിൽ പഠിക്കുമ്പോൾ
മനോരമ സൺഡേ സപ്ലിമെന്റിലേക്ക് നെപ്പോളിയനെക്കുറിച്ച് ലേഖനം  അയച്ചുകൊടുത്തത് 
അച്ചടിച്ചു വന്നു.കൈപ്പട മോശമായതിനാൽ നല്ല കയ്യക്ഷരമുള്ള കൂട്ടുകാരനെ കൊണ്ട് മാറ്റി എഴുതിച്ചിരുന്നു. പഴയകാല പത്രപ്രവർത്തകൻ എം. കുര്യനായിരുന്നു സൺഡേ സപ്ലിമെന്റിന്റെ ചുമതല. പേജ് ചെയ്തിരുന്നത് മണർകാട് മാത്യുവായിരുന്നു എന്ന് പിന്നീടറിഞ്ഞു". 
 
കോട്ടയത്തെ ചെറിയ മാസികകളിൽ  ലേഖനങ്ങൾ കൊടുക്കാറുണ്ടായിരുന്നു. ജലജ,സുനന്ദ, കേരളനാട്,ബാലനാട്,കേരള കൗസ്തുഭം തുടങ്ങിയ ആ പ്രസിദ്ധീകരണങ്ങൾക്ക്‌ പരമാവധി അഞ്ചൂറോളം കോപ്പികൾ മാത്രമാണ് ഉണ്ടായിരുന്നത്.  

"മെഡിസിന് പഠിച്ചിരുന്ന    സഹോദരൻ എം. എ വർഗീസ്, പഠിക്കാൻ മോശമായ എന്നോട് സയൻസ് ഐച്ഛികമായി എടുക്കാൻ ആവശ്യപ്പെട്ടു. പത്രപ്രവർത്തകനാകണം എന്ന ആഗ്രഹം അന്നേ ഉണ്ടായിരുന്നതിനാൽ പത്തനാപുരം സെന്റ്. സ്റ്റീഫൻസ് കോളേജിൽ ആർട്സ് പഠിക്കാനാണ് ഞാൻ തീരുമാനിച്ചത്.പിന്നീട് തിരുവനന്തപുരം മാർ ഇവാനിയോസിൽ ഡിഗ്രിക്ക് ചേർന്നപ്പോൾ, പത്രപ്രവർത്തനമാണ് മാർഗ്ഗം എന്ന് തിരിച്ചറിഞ്ഞു" .കേരളത്തിലെ ഏറ്റവും പ്രഗത്ഭർ പഠിപ്പിക്കുന്ന ഇംഗ്ലീഷ് വകുപ്പ്. ഡോ. ഗീവർഗീസ് പണിക്കർ,എഴുത്തുകാരനായ പ്രൊഫ. കെ.നാരായണൻ നായർ,പ്രൊഫ. ജയിംസ് സ്റ്റുവർട്ട്,‌ പ്രൊഫ. വയലാ വാസുദേവൻ പിള്ള,ഡോ. ജോർജ്ജ് ഓണക്കൂർ, ഇ.ജെ ക്യാരി തുടങ്ങിയ അദ്ധ്യാപകർ നയിച്ചിരുന്ന കാലം.വായനയെ പ്രോത്സാഹിപ്പിക്കുന്ന വരായിരുന്നു  അവരെല്ലാം.
 
ജീവിതത്തിൽ ശ്രദ്ധേയമായ രണ്ട് കാര്യങ്ങൾ അവിടെ സംഭവിച്ചു. ഒന്ന്, ഡോ. ജോർജ് ഓണക്കൂറിന്റെ നേതൃത്വത്തിൽ നെയ്യാറിൽ നടന്ന ഒരു സാഹിത്യ ശില്പശാലയിൽ പങ്കെടുത്തു.കേരളത്തിലെ ഒട്ടേറെ എഴുത്തുകാർ പങ്കെടുത്ത വലിയ ക്യാമ്പ്. ഇന്നത്തെ പോലെ രാഷ്ട്രീയാടിസ്ഥാനത്തിലുള്ള ക്യാമ്പ് ആയിരുന്നില്ല. പ്രഗൽഭരെ പരിചയപ്പെടാനുള്ള അവസരം കിട്ടി.  വയല വാസുദേവൻ പിള്ളയാണ് ക്യാമ്പിന്റെ വിവരം വിളിച്ചു പറഞ്ഞത്. വി. ടി ഭട്ടതിരിപ്പാട് പങ്കെടുക്കുന്ന ക്യാമ്പ്. വി. ടി ആരാണെന്നൊന്നുമറിയില്ല.നവോത്ഥാന നായകനായിരുന്നു ;"അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്" എന്ന നാടകത്തിന്റെ പിന്നിൽ അദ്ദേഹം ആയിരുന്നു എന്നൊക്കെ അറിയുന്നത് പിന്നീടാണ്.എഴുത്തുകാർക്കൊപ്പം  പത്ത് ദിവസം താമസിച്ച അനുഭവം ജീവിതത്തിൽ വെളിച്ചം പകർന്ന ഒന്നാണ്.
 
കുങ്കുമം പത്രാധിപർ എൻ.വി കൃഷ്ണവാര്യരും ക്യാമ്പിൽ പങ്കെടുത്തിരുന്നു.ക്യാമ്പിനെപ്പറ്റിയുള്ള ഒരു അവലോകനം എഴുതിക്കൊടുക്കാൻ  അദ്ദേഹം  ആവശ്യപ്പെട്ടു. കുങ്കുമം വാരികയിൽ പടവും പേരും വെച്ച് ആ ലേ ലേഖനം വന്നു. തലക്കെട്ട് മാത്രമാണ് കൃഷ്ണ വാര്യർ മാറ്റിയത്.കൂടുതൽ എഴുതാൻ ധൈര്യം കിട്ടിയത് അങ്ങനെയാണ്. 

 ഒ.എൻ.വി കുറുപ്പ്, കാവാലം നാരായണ പണിക്കർ, ഡോ കെ. അയ്യപ്പപ്പണിക്കർ, കൈനിക്കര കുമാരപിള്ള, ഡോ. പി.കെ നാരായണപിള്ള,ഡോ. കെ.രാഘവൻപിള്ള, വിഷ്ണുനാരായണൻ നമ്പൂതിരി തുടങ്ങി അന്നത്തെ പ്രഗൽഭരായ എഴുത്തുകാർ തിരുവനന്തപുരത്താണ് താമസിച്ചിരുന്നത് . തലസ്ഥാനത്തെ പരിപാടികൾക്കും സ്ഥിരമായി പോകാറുണ്ടായിരുന്നു. അരവിന്ദൻ, കാനായി കുഞ്ഞിരാമൻ എന്നിവരെയൊക്കെ കാണാനും അവരുമായി സംവദിക്കാനുള്ള അവസരം കിട്ടി . 

നാട്ടിൽ   പിക്ച്ചർ പാലസ് എന്ന തീയറ്റർ ഉണ്ടായിരുന്നു.സിനിമ കാണുന്ന ശീലം അന്നേ ഉണ്ട്. തിരുവനന്തപുരത്ത് പഠിച്ചപ്പോൾ  ക്ലാസ്സിൽ കയറാതെ സിനിമ കാണുന്ന ശീലം ആരംഭിച്ചു. സിനിമക്കാരുടെ ഇൻറർവ്യൂ എടുത്ത്  നാനയുടെ ഓഫീസിലേക്ക് പോകും . കേരളദേശം പത്രത്തിൻറെ ചീഫ് എഡിറ്റർ  കെ.വി.എസ് ഇളയതായിരുന്നു  നാന പത്രാധിപർ. മലയാളം നന്നായി അറിയാവുന്ന എസ്.രാമകൃഷ്ണൻ എന്ന തെലുങ്ക്  എഴുത്തുകാരനും അവിടെയുണ്ട്.  അദ്ദേഹത്തിൻറെ കയ്യിലാണ് ഇൻറർവ്യൂ കൊടുക്കുക.  ഫീച്ചറും എഴുതിക്കൊടുക്കും . പ്രശസ്ത കവി കോന്നിയൂർ ഭാസായിരുന്നു പ്രൂഫ് റീഡർ. കുങ്കുമം ഓഫീസിൽ കെ.എസ് ചന്ദ്രൻ ഉണ്ടായിരുന്നു. മനോരമയിലെ വളരുന്ന താരങ്ങൾ എന്ന പംക്തിയിൽ രവി മേനോൻ, ഡോ. മോഹൻ ദാസ് എന്നിവരെയൊക്കെ പറ്റി എഴുതിയിട്ടുണ്ട്. "എനിക്കറിയാത്ത  ആളുകൾ ഉദാരമായ സമീപനം എന്നോട് കാണിച്ചിരുന്നു ". 

വയലാർ രാമവർമ്മയുടെ മകൻ വയലാർ ശരത്ചന്ദ്ര വർമ്മ കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കാനെത്തി. ശരത്തിന്റെ ലോക്കൽ ഗാർഡിയൻ ഒ.എൻ.വി കുറുപ്പ് ആയിരുന്നു. " എല്ലാ ആഴ്ചയിലും അദ്ദേഹത്തെ കാണാൻ പോകുമ്പോൾ  കൂടെ പോകും.  ചെല്ലുമ്പോൾ ശരത്തിനോട് കാണിക്കുന്ന അതേ സ്നേഹം എന്നോടും കാണിക്കുമായിരുന്നു". പ്രശസ്ത എഴുത്തുകാരെ കോളേജിലെ വേദികളിൽ പ്രസംഗിക്കാൻ വിളിക്കുന്നതും പതിവായി.ശാന്തിനഗറിലായിരുന്നു പത്രങ്ങളുടെ  ന്യൂസ് ബ്യൂ  റോകൾ.   മനോരമയിലെ കെ. ജി നെടുങ്ങാടി,  ദീപികയിലെ കെ. സി സെബാസ്റ്റ്യൻ, കേരള  കൗമുദിയിലെ കെ.ജി പരമേശ്വരൻ നായർ,മലയാളം എക്സ്പ്രസ്സിലെ ജോസഫ് ചെറുവത്തൂർ തുടങ്ങി പ്രഗൽഭരായ പത്രപ്രവർത്തകരുടെ അനുഭവങ്ങളും രാഷ്ട്രീയ പാരമ്പര്യവും തിരിച്ചറിയാൻ കഴിഞ്ഞു. 

 മനോരമയുടെ ഓഫീസിൽ പോയി തിരികെ വരുമ്പോൾ  ഇ.എം.എസും പത്നിയും ഒരു വീടിന്റെ വരാന്തയിൽ ഇരിക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്.പഴയ മുഖ്യമന്ത്രി ആണെന്നുള്ള മേനി ഒന്നുമില്ലാതെ 
 സാധാരണ മനുഷ്യരായി അവർ ജീവിച്ചിരുന്നു.അദ്ദേഹത്തെ കാണാൻ പോയിത്തുടങ്ങി. പരിചയമായതോടെ അദ്ദേഹം ചെറിയ പുസ്തകങ്ങൾ വായിക്കാൻ തന്നു.അദ്ദേഹത്തിൻറെ അവസാന കാലഘട്ടത്തിലാണ് പരിചയപ്പെടുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി കാര്യമായ ബന്ധമില്ലാത്തതിനാൽ ആ  ബന്ധം തുടരാൻ കഴിഞ്ഞില്ല.

തിരുവനന്തപുരത്ത് കലാസാംസ്കാരിക പരിപാടികളിൽ സ്ഥിരമായി പങ്കെടുത്തിരുന്നു. തരംഗനിസരിയുടെ വാർഷികം ടാഗോർ തിയേറ്ററിൽ പാസ് വച്ചായിരുന്നു നടത്തിയത്. ഗ്രീൻ റൂമിൽ കൂടി അകത്തുകയറി യേശുദാസിനെ പരിചയപ്പെട്ടു. ജേണലിസ്റ്റാണ്, ഇൻറർവ്യൂ ചെയ്യണം എന്ന് പറഞ്ഞാണ് പരിചയപ്പെട്ടത്.അടുത്ത ദിവസം തരംഗിണിയിൽ ചെല്ലാൻ പറഞ്ഞു.വലിയ അത്ഭുതം തോന്നി. ഫീച്ചർ എഴുതാനാണ് വന്നത് എന്ന് പറഞ്ഞ് അഭിമുഖം എടുത്തു, ഫീച്ചർ എഴുതി. എവിടെ പ്രസിദ്ധീകരിക്കണം എന്നൊന്നും അറിയില്ല. യേശുദാസിനെ അടുത്ത് കാണണം,പടം എടുക്കണം എന്നൊക്കെയുള്ള കൗതുകം ആയിരുന്നു ഫീച്ചർ പിന്നീട് മനോരമ ആഴ്ചപ്പതിപ്പിന്റെ കോട്ടയം ഓഫീസിൽ നേരിട്ട് ചെന്ന് കൊടുത്തു. ആരെയും പരിചയമുണ്ടായിരുന്നില്ല ഉറൂബായിരുന്നു എഡിറ്റർ. യേശുദാസ് പറഞ്ഞിട്ട് വന്നതാണ് എന്ന് പറഞ്ഞു. യഥാർത്ഥത്തിൽ യേശുദാസ് പറഞ്ഞിരുന്നില്ല. അടുത്ത ആഴ്ച ആഴ്ചപ്പതിപ്പിന്റെ സെൻറർ സ്പ്രെഡിൽ ഫീച്ചർ അച്ചടിച്ച് വന്നത് കണ്ട് അത്ഭുതപ്പെട്ടു പോയി. 

 ദ ഹിന്ദുവിൻ്റെ ഫ്രൈഡേ റിവ്യൂവിൽ ഇംഗ്ലീഷ് ഫീച്ചറുകളും എഴുതി. കൊട്ടാരക്കര ഗണപതി ക്ഷേത്രം വീടിനടുത്താണ്.ചെറിയ തുക കൊടുത്താൽ ഉണ്ണിയപ്പം കിട്ടും. ഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പത്തിനെപ്പറ്റി ഇന്ത്യൻ എക്സ്പ്രസിൽ ഫീച്ചർ എഴുതി. 

ഇത്തരം പരിപാടികൾക്ക് പോയി ,ബി.എക്ക്‌ മാർക്ക് വളരെ കുറഞ്ഞു. യൂണിവേഴ്സിറ്റി കോളേജിൽ എം. എ യ്ക്ക് ചേരണം എന്ന് വിചാരിച്ചിതന്നു. എന്നാൽ ഒരു സ്ഥലത്തും അഡ്മിഷൻ കിട്ടിയില്ല.നാഗ്പൂരിലെ ഹിസ് ലോക്  കോളേജിൽ ജേണലിസം  പഠിച്ചാൽ കൊള്ളാമെന്നു തോന്നി.എന്നാൽ അഡ്മിഷൻ സമയം കഴിഞ്ഞിരുന്നു.ഝാൻസിലെ ഒരു കോളേജിൽ എച്ച്.ഒ.ഡി ആയിരുന്ന ഡോക്ടർ പി.ആർ ശർമ്മയ്ക്ക് കത്തയച്ചു. അവിടെ പ്രവേശനം കിട്ടി-എം.എ ഇംഗ്ലീഷ് ലിറ്ററേച്ചറിന് . സ്ഥലങ്ങൾ പോയി കാണുകയായിരുന്നു പ്രധാന വിനോദം ചമ്പൽ താഴ് വരയിലും ഖജുരാഹോയിലുമൊക്കെ പോയി. 
ഝാൻസിയിലെ ഗവൺമെൻറ് കോളേജ് കൊള്ളക്കാരുടെ സങ്കേതം കൂടിയായിരുന്നു. രാവിലെ വിദ്യാർത്ഥികൾ തോക്കുമായാണ് ക്ലാസിൽ വരുന്നത്. അവിടത്തെ ഗ്രൗണ്ടിലാണ് വെടിവയ്പ്പ് പരിശീലനം നടത്തിയിരുന്നത്. ആർക്കും ക്ലാസിൽ കയറണമെന്ന് താല്പര്യമുണ്ടായിരുന്നില്ല. ആ പഠിപ്പുകൊണ്ട് വലിയ പ്രയോജനം ഉണ്ടായില്ല. എം. എ പാസായി എന്ന് മാത്രം.ഝാൻസി റാണിയുടെ ചരിത്രം ഝാൻസിയിലെ പത്രങ്ങളിൽ എഴുതിയിരുന്നു.  

പഠനം കഴിഞ്ഞ് നാട്ടിലെ കോളേജിൽ ജോലി തരാമെന്ന് പറഞ്ഞിട്ടും അധ്യാപനത്തിനോട് താല്പര്യം തോന്നിയില്ല. നാഗ്പൂരിലെ വിശ്വവിദ്യാലയയിൽ എം.എ പബ്ലിക് അഡ്മിനിസ്ട്രേഷന് സീറ്റ് കിട്ടി.  ഒപ്പം ഹിസ്‌ലോക് കോളേജിൽ ജേണലിസം പഠിക്കണം എന്ന ആഗ്രഹവും ഉണ്ടായിരുന്നു. ബുദ്ധമതത്തിൽ ചേർന്ന ഒരു ദളിത് അധ്യാപകൻ അന്ന് ക്യാമ്പസിൽ ഉണ്ടായിരുന്നു. വലിയ ആക്ടിവിസ്റ്റായിരുന്ന അദ്ദേഹം അംബേദ്കറിന്റെ അനുയായിയായിരുന്നു. ഡോ.  സവിത അംബേദ്കർ ക്യാമ്പസിൽ വന്നപ്പോൾ ഇൻറർവ്യൂ നടത്തി. അത് വനിതയിൽ പ്രസിദ്ധീകരിച്ചു.  അവരുമായി പിന്നീടും എഴുത്തു കുത്തുകൾ നടത്തിയിരുന്നു.

ഇതിനിടയിൽ വലിയൊരു വഴിത്തിരിവ് ഉണ്ടായി.ആചാര്യ വിനോബ ഭാവേയെ അദ്ദേഹത്തിന്റെ അവസാനകാലത്ത് ആശ്രമത്തിൽ വച്ച് കാണാൻ സാധിച്ചു. ഗോപി ആനയടി എന്ന മലയാളിയെ പരിചയപ്പെട്ടതാണ് അതിന് നിമിത്തമായത്. മലയാളി സമാജം പ്രവർത്തകനായ അദ്ദേഹത്തിൻ്റെ കൂടെയാണ് പോയത്. അടിയന്തരാവസ്ഥ കഴിഞ്ഞ സമയം. ഇന്ദിരാഗാന്ധി പരാജയപ്പെട്ട ശേഷം അവർക്ക് അനുകൂലമായി വിനോബാജി ഒരു പ്രസ്താവന നടത്തിയത് പത്രത്തിൽ വന്നിരുന്നു. ആശ്രമത്തിൽ കണ്ണൂർകാരനായ ഒരു മലയാളി ഉണ്ടെന്നറിഞ്ഞു.   സന്യാസിയെ പോലെ അവിടെ താമസിക്കുന്ന ഒരു ഗോവിന്ദൻ. കണ്ടു. വിനോബാജിയുടെ സെക്രട്ടറി ബാൽവിജയുമായി  സംസാരിക്കാൻ പറഞ്ഞു. ഇന്റർവ്യൂ എടുക്കണമെന്ന് പറഞ്ഞപ്പോൾ ബാൽ വിജയ് പറഞ്ഞു, "ബി.ബി.സിയിൽ നിന്ന് ഇൻറർവ്യൂവിന് വന്നു,പക്ഷേ വിനോബാജി മൗനവ്രതത്തിലാണ്. സംസാരിക്കില്ല.അവരോട് പോലും സംസാരിച്ചിട്ടില്ല."

 ദേശീയ പ്രസ്ഥാനത്തിൽ പ്രവർത്തിച്ച, അത്രയും സീനിയറായ ആരും വേറെ ജീവിച്ചിരിപ്പില്ല.  അടിയന്തരാവസ്ഥയ്ക്കു ശേഷമുള്ള വിഷയം സംസാരിക്കണം. "വിനോബാജിയുടെ മുറിയിൽ എന്നെ കൊണ്ടുപോയി. പച്ചപ്പുള്ള മുറി. പച്ച കർട്ടൻ, ബെഡ്ഷീറ്റ്. പച്ച കസേര.ജനലിന്റെ ഒരു വശത്ത് മലയാള മനോരമ പത്രം മടക്കി വെച്ചിട്ടുണ്ട്. വിനോബാജി താഴെ ഇരിക്കുന്നു. അദ്ദേഹം ഭഗവദ്ഗീത വായിക്കുകയായിരുന്നു ". ആളുകൾ പലരും വരുന്നുണ്ട്. ചിലർ ഇരിക്കുന്നുണ്ട്. അദ്ദേഹം ആരെയും നോക്കുന്നില്ല.ജീവിതത്തിൽ ഒരാൾ ഇത്രയധികം ഏകാഗ്രത കാണിക്കുന്നത് ആദ്യമായി കാണുകയായിരുന്നു.എങ്ങനെയാണ് ഒരാൾ സ്വന്തം പരിസരത്തെ മറന്ന് ആത്മാവിൽ കേന്ദ്രീകരിച്ച് മൗനവ്രതം ആചരിക്കുന്നത് എന്ന് കണ്ടു.വാർദ്ധയിൽ ഗാന്ധിജിയെ കാണാൻ ചെന്നപ്പോൾ  ചർക്കയിൽ നൂൽ നൽകുകയായിരുന്ന ഗാന്ധിജിയുടെ ഏകാഗ്രതയെക്കുറിച്ച് 
അഴീക്കോട് പറഞ്ഞിട്ടുണ്ട്. ആ ഏകാഗ്രതയാണ് ഇന്ത്യയുടെ സ്വാതന്ത്ര്യം എന്നാണ് അഴീക്കോട് മാഷ് പറഞ്ഞത്. 

ബാൽ വിജയ് പറഞ്ഞു, "രക്ഷയില്ല അദ്ദേഹം നോക്കുന്നില്ല." ഞാൻ പറഞ്ഞു, "എനിക്ക് ഇൻറർവ്യൂ ചെയ്തേ മതിയാകൂ".എനിക്ക്  അദ്ദേഹത്തിൻറെ രീതി അറിയുമായിരുന്നില്ല. ചോദ്യങ്ങൾ എഴുതിക്കൊടുക്കാൻ പറഞ്ഞതനുസരിച്ച്‌  പുറത്തുപോയി ചോദ്യങ്ങൾ എഴുതി.ഇന്ത്യയിലെ വർഗ്ഗീയ കലാപത്തിന് എങ്ങനെ പരിഹാരമുണ്ടാക്കും,ദേശീയ രാഷ്ട്രീയത്തിലെ അസ്ഥിരതകൾ എങ്ങനെ അവസാനിപ്പിക്കും തുടങ്ങിയ ചോദ്യങ്ങൾ. ശരിയായി പറഞ്ഞാൽ സെൻസേണഷണലായ വാർത്തകൾ ഉണ്ടാക്കാവുന്ന  ചില ചോദ്യങ്ങൾ. യഥാർത്ഥത്തിൽ അങ്ങനെയുള്ള ചോദ്യങ്ങൾ ആയിരുന്നില്ല വേണ്ടത്. വിനോബാജിയെ അണ്ടർ എസ്റ്റിമേറ്റ് ചെയ്തതായി പിന്നീട് തോന്നി.   അങ്ങനെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം തരാനുള്ള ആളായിരുന്നില്ല ആ വലിയ മനുഷ്യൻ എന്നത് പിന്നീടാണ് മനസ്സിലാകുന്നത്. അദ്ദേഹത്തിന്റെ ആജ്ഞകളും ചിന്തകളും വേറെയായിരുന്നു ". 

 ദേശീയ ബോധം ഉണ്ടാക്കുന്ന ദേശീയ പ്രസ്ഥാനങ്ങൾ ആവശ്യമാണ് എന്ന ചിന്തയിൽ ഊന്നിയാണ് അദ്ദേഹം അക്കാലത്ത് പ്രവർത്തിച്ചുകൊണ്ടിരുന്നത്. അദ്ദേഹത്തിൻറെ സെക്രട്ടറി പറഞ്ഞ പ്രകാരം ചോദ്യങ്ങൾ എല്ലാം ഞാൻ എഴുതി കൊടുത്തു അദ്ദേഹം മൗനവ്രതത്തിലാണ് എങ്ങിനെ സംസാരിക്കും ഞാൻ എഴുതി കൊടുത്തതിന് അദ്ദേഹം എങ്ങനെ മറുപടി തരും ബാല വിജയ്  എന്നെ പരിചയപ്പെടുത്തിക്കൊണ്ട് പറഞ്ഞു, " He is a journalist from Kerala, he would like to get your answers". മൗന വൃതത്തിൽ ആയിരുന്ന വിനോബാജി ഗീത വായന ഒരു നിമിഷം നിർത്തിയ ശേഷം എന്റെ ചോദ്യങ്ങൾ എടുത്തു വായിച്ചു. അതുവരെ കുനിഞ്ഞിരുന്ന അദ്ദേഹം ഒരു നിമിഷം എൻറെ മുഖത്തേക്ക് നോക്കിയിട്ട് പറഞ്ഞു, " You go and lead a good life. " നീ പോയി നല്ല ജീവിതം നയിക്ക്‌.  എന്റെ എട്ട് - പത്ത് ചോദ്യത്തിന് ഒറ്റ വാചകത്തിൽ ഉത്തരം പറഞ്ഞുകൊണ്ട് അദ്ദേഹം ഗീത വായന തുടർന്നു.  എനിക്ക് ഭയങ്കര നിരാശ തോന്നി. പക്ഷേ , മൗനവ്രതം ഭഞ്ജിച്ചാണ് അദ്ദേഹം എനിക്ക് ഉത്തരം തന്നത്. .

ആദ്യം  നിരാശ തോന്നിയെങ്കിലും എന്റെ എല്ലാ ചോദ്യങ്ങൾക്കും  പ്രശ്നങ്ങൾക്കും ഉള്ള ഉത്തരം വിനോബാജിയിൽ നിന്നും കിട്ടിയിട്ടുണ്ട് എന്ന്  മനസ്സിലാക്കി.  രാഷ്ട്രീയ പ്രവർത്തകൻ,പത്രപ്രവർത്തകൻ, സാമൂഹിക പ്രവർത്തകൻ,മതപ്രവർത്തകൻ എന്ന നിലയിലും അദ്ദേഹം ഉത്തരം തന്നിട്ടുണ്ട് എന്ന് കരുതുന്നു.നിരാശ തോന്നിയ ഇൻറർവ്യൂ ആയതുകൊണ്ട് വിനോബാജിയെപ്പറ്റി അപ്പോൾ ഒന്നും  എഴുതിയില്ല. എന്നാൽ  മനോരമയിൽ ജോലിക്ക് കയറിയശേഷം വിനോബാജിയെ കണ്ടുമുട്ടിയ സംഭവം മനോരമ സൺഡേ സപ്ലിമെന്റിൽ   എഴുതി. 

 ഗോപി ആനയടി പറഞ്ഞതനുസരിച്ച്  നിഷാദം എന്ന പേരിൽ മാസിക തുടങ്ങി.
മൈസൂരിൽ എം.എ ജേണലിസത്തിന് അഡ്മിഷൻ കിട്ടിയതോടെയാണ് അത്. നാഗ്പൂരിലെ പഠനം പൂർത്തിയാക്കാതെയാണ് മൈസൂരിലേക്ക് എത്തിയത്. മാസികയുടെ പ്രവർത്തനം മുഴുവൻ മൈസൂറിലിരുന്നാണ് ചെയ്തത്. സനൽ ഇടമറുക്, ഗീത ഇടമറുക്, ബാബു കുഴിമറ്റം, എം.രാജീവ് കുമാർ തുടങ്ങിയവരുടെ ലേഖനങ്ങൾ, ഫീച്ചറുകൾ എല്ലാം കൊടുത്തിരുന്നു. അഡ്വക്കേറ്റ് ചെറിയാൻ കുരുവിള നാട്ടിൽ അച്ചടിയും തപാലിൽ അയക്കുന്ന പ്രവർത്തനവും നിർവഹിച്ചു.
 
മൈസൂർ സർവകലാശാലയുടെ   ഇംഗ്ലീഷ്,ജേണലിസം  വിഭാഗങ്ങളുടെ  ക്യാമ്പസ്  മാനസ ഗംഗോത്രിയിലായിരുന്നു.ഡോ.യു. ആർ അനന്തമൂർത്തി   ഇംഗ്ലീഷ് വിഭാഗത്തിൽ  അന്ന് പഠിപ്പിക്കുന്നുണ്ട്.പ്രമുഖരായ പലഎഴുത്തുകാരും അക്കാലത്ത് അവിടെയുണ്ട്. ഹിസ്റ്ററി ഓഫ് ഇന്ത്യൻ ജേണലിസത്തേക്കുറിച്ച്  ആദ്യമായി പുസ്തകമെഴുതിയ നാഡി കൃഷ്ണമൂർത്തി, ഡോ.ജേക്കബ്ബ്  ഈപ്പൻ തുടങ്ങിയവരുമുണ്ട്. ഈപ്പൻ പിന്നീട് കേരള യൂണിവേഴ്സിറ്റിയിലെത്തി. നാഡി കൃഷിമൂർത്തിക്ക് മലയാളികളോട് വലിയ താല്പര്യമായിരുന്നു.മലയാളികൾ ഫസ്റ്റ് റാങ്ക് നേടുന്ന  കാലം.മൈസൂരിൽ ചേരാൻ ചെന്നപ്പോൾ സർട്ടിഫിക്കറ്റുകൾ ഒന്നും ഉണ്ടായിരുന്നില്ല.അഡ്മിഷൻ ക്ലോസ് ചെയ്തെങ്കിലും എനിക്ക് സീറ്റ് നൽകി;ഏറെ സ്വാതന്ത്ര്യവും
.
മാനസ ഗംഗോത്രി എന്ന ലാബ് ജേണൽ  ഉണ്ടായിരുന്നു. എഡിറ്റർ ഡോ. കെ.വി നാഗരാജ്. ക്യാമ്പസിൽ പ്രത്യേക പരിഗണന ലഭിച്ചു.കേരളത്തിൽ നായനാരായിരുന്നു അപ്പോൾ മുഖ്യമന്ത്രി.കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയുടെ ഇൻറർവ്യൂ എടുത്തു. പിന്നീട് ഉമ്മൻചാണ്ടിയെ ഇൻറർവ്യൂ ചെയ്തു. ചൊമനതുടി സിനിമ ഇറങ്ങിയ സമയമായിരുന്നു.സംവിധായകൻ 
ശിവരാമ കാരന്ത് ക്യാമ്പസിൽ വന്നു. മൈസൂർ ക്യാമ്പസിൽ പലപ്പോഴും ഷൂട്ടിംഗ് നടക്കാറുണ്ട്. കാരന്തിന്റെ  മകൻ ഉല്ലാസ് കാരന്തുമൊത്ത്  ശിവരാമ കാരന്തിന്റെ താമസസ്ഥലത്ത് പോയി ഇൻറർവ്യൂ എടുത്തു .

മലയാളം വകുപ്പിൽ അധ്യാപകനായിരുന്ന  പ്രശസ്ത നിരൂപകൻ കെ.പി ശങ്കരന്റെ  വീട്ടിൽ ഓണത്തിനും വിഷുവിനും   മലയാളികൾ ഒത്തുകൂടും. ഉച്ചയ്ക്ക് ഊണ് ഉൾപ്പെടെ  ആഘോഷമാണ് . കെ.പി ശങ്കരനും കന്നഡ സാഹിത്യകാരിയുമായ അദ്ദേഹത്തിന്റെ ഭാര്യയും കൂടിയാണ് അനന്തമൂർത്തിയുടെ 'സംസ്കാര' എന്ന നോവൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്. അങ്ങനെ അനന്തമൂർത്തിയുമായും കന്നട എഴുത്തുകാരുമായും അടുത്ത ബന്ധം ഉണ്ടായി. അനന്തമൂർത്തിയുമായി നടത്തിയ ഇൻറർവ്യൂ  മാതൃഭൂമിക്ക് കൊടുക്കാൻ ശങ്കരൻ മാഷ് പറഞ്ഞു. പിന്നീട് ശിവരാമ കാരന്തുമായുള്ള  ഇൻറർവ്യൂ മാതൃഭൂമിയുടെ സൺഡേ സപ്ലിമെൻറിൽ വന്നു. കെ. സി നാരായണനായിരുന്നു സപ്ലിമെന്റിന്റെ ചുമതല. കോഴിക്കോട് ചെന്നപ്പോൾ നേരിൽ കണ്ടു. സാഹിത്യ പത്രപ്രവർത്തനം നടത്തുന്നവരെ പ്രോത്സാഹിപ്പിക്കുന്ന രീതി അദ്ദേഹത്തിനുണ്ടായിരുന്നു. മാതൃഭൂമി വാരാന്തപ്പതിൽ എഴുതിയ പലരും പിന്നീട് അറിയപ്പെടുന്ന എഴുത്തുകാരായിട്ടുണ്ട്. ഫീച്ചർ എഴുതിയവർ പിന്നീട് കവികളും നോവലിസ്റ്റുകളും ആയി. 

 മൈസൂർ ക്യാമ്പസിൽ  വന്ന ഹേമമാലിനിയെ   ഗ്രീൻ റൂമിൽ കണ്ട് ,ഇൻറർവ്യൂ എടുത്തു.
 ആഫ്രിക്കൻ എഴുത്തുകാരൻ ശീനു അച്ചീനിയുടെ ഇൻറർവ്യൂവും എടുത്തിരുന്നു. അച്ചീനി ആരാണെന്ന് അന്ന് അറിയുമായിരുന്നില്ല.    ശിവജി ഗണേശൻ, ചട്ടക്കാരിയിൽ അഭിനയിച്ച നടി ലക്ഷ്മി,ഇന്തോ അമേരിക്കൻ എഴുത്തുകാരൻ എ.കെ രാമാനുജം, ജെമിനി ഗണേശൻ,ആർ.കെ നാരായണൻ തുടങ്ങിയവരെ കാണാൻ കഴിഞ്ഞു. മൈസൂരിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ ലാംഗ്വേജിൽ പ്രമുഖരായ വ്യക്തികൾ വരുമ്പോൾ  സ്റ്റാഫ് അറിയിക്കുന്നത് വഴിയാണ് പ്രവേശനം തരപ്പെടുത്തുന്നത്.
ജേണലിസത്തിന്റെ ബാലപാഠം പഠിക്കാനുള്ള അവസരം   ക്യാമ്പസിൽ  കിട്ടി. 

ബാംഗ്ലൂരിലെ  ഡെക്കാൻ ഹെരാൾഡിലായിരുന്നു ഇന്റേൺ ഷിപ്പ്. മനോരമയിൽ കിട്ടിയിരുന്നില്ലെങ്കിൽ ഇംഗ്ലീഷ് പത്രപ്രവർത്തനത്തിൽ എത്തുമായിരുന്നു.ഇൻ്റേൺഷിപ്പിൽ പ്രാദേശിക വാർത്തകളാണ് കൈകാര്യം ചെയ്തത്.എഡിറ്റോറിയൽ ഡിസ്കഷനിൽ പങ്കു വഹിക്കാൻ കഴിഞ്ഞു.. ഹാൻഡ് കമ്പോസിംഗ്  രീതി ആയിരുന്നു. പത്രത്തിൻറെ പ്ലാനിങ്, എഡിറ്റോറിയൽ,കാർട്ടൂൺ, പേജിനേഷൻ എല്ലാം പരിചയപ്പെട്ടു.

 കോട്ടയത്ത് 1979ൽ നടന്ന സാഹിത്യ ശില്പശാലയാണ്‌ മനോരമയിലേക്ക് എത്താൽ നിമിത്തമായത്.   ആഴ്ചപ്പതിപ്പിന്റെ എഡിറ്റർ കെ.എം തരകനെ കണ്ടപ്പോൾ, മാത്തുക്കുട്ടിച്ചായനെ കാണാൻ  പറഞ്ഞു.      ' ഒരു കൊച്ചൻ വരുന്നുണ്ട് ' എന്ന് തരകൻ വിളിച്ചു പറഞ്ഞു. "ചീഫ് എഡിറ്റർ എന്നെ കണ്ട ഉടൻ  കസേരയിൽ നിന്നെണീറ്റു,  ഇരിക്കാൻ പറഞ്ഞു. ചായ വരുത്തി,വർത്തമാനം പറഞ്ഞു.വായിക്കുന്ന പുസ്തകങ്ങൾ,കർണാടക രാഷ്ട്രീയം എല്ലാം ചോദിച്ചറിഞ്ഞു". വീണ്ടും കെ.എം തരകനെ കണ്ടപ്പോൾ മനോരമയുടെ എഡിറ്റോറിയൽ ട്രെയിനികൾക്കുള്ള ടെസ്റ്റ് എഴുതാൻ  മാത്തുക്കുട്ടിച്ചായൻ വിളിച്ചു പറഞ്ഞകാര്യം അറിഞ്ഞു.  കോഴിക്കോട് പോയി ടെസ്റ്റ് എഴുതി.  
ഹാഫിസ് മുഹമ്മദ്,തുടങ്ങിയവരും ഒപ്പം എഴുതി.

മനോരമയിൽ സെലക്ഷൻ കിട്ടുമ്പോൾ മൈസൂരിൽ പഠിക്കുകയാണ്.മനോരമയിൽ എത്തിയശേഷമാണ് പരീക്ഷ എഴുതി ,കോഴ്സ് പൂർത്തീകരിച്ചത്. ആഴ്ചപ്പതിപ്പിന്റെ എഡിറ്റോറിയൽ ട്രെയിനിയുടെ ഒഴിവിലേക്ക് എടുക്കാനായിരുന്നു തരകൻ്റെ ഉദ്ദേശ്യം. എന്നാൽ പത്രത്തിലേക്കുള്ള ടെസ്റ്റ് എഴുതാനാണ്  കെ.എം മാത്യു പറഞ്ഞത്.1981  ജൂണിലാണ്  ജോലിയിൽ പ്രവേശിച്ചത്. ടി.വി. ആർ ഷേണായി, വി. കെ. ബി നായർ, കെ. ആർ ചുമ്മാർ, ടി കെ ജി നായർ തുടങ്ങിയ പ്രഗത്ഭരിൽ ആരെയും അറിയുമായിരുന്നില്ല.സമഗ്രമായ പരിശീലനമാണ്   കിട്ടിയത്.ആളെ രൂപാന്തരപ്പെടുത്തി തികഞ്ഞ പത്രപ്രവർത്തകനാക്കുന്ന പരിശീലനം. ടി. കെ. ജി നായരായിരുന്നു ട്രെയിനിങ് ഡയറക്ടർ. അദ്ദേഹത്തെപ്പോലെ മനുഷ്യത്വമുള്ള പത്രപ്രവർത്തകനെ മനോരമയിൽ വേറെ കണ്ടിട്ടില്ല. കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനുംനവയുഗത്തിന്റെ പത്രാധിപരുമായി തുടങ്ങിയ അദ്ദേഹം, പിന്നെ മനോരമയുടെ ലീഡർ റൈറ്ററായി." അദ്ദേഹം ട്രെയിനിങ്ങിനിടയിൽ കാണിച്ച വാത്സല്യം വലിയ അനുഭവമായിരുന്നു. സ്വന്തം മക്കളെ പരിശീലിപ്പിക്കുന്ന രീതി. ധാരാളം അവസരവും ഉണ്ടാക്കിത്തന്നു".

 രണ്ടു വർഷത്തെ ക്ലാസ് ആയിരുന്നു. ഇന്നത്തെ പോലെ നേരെ വന്ന് ഡെസ്കിൽ ഇരിക്കലല്ല. 
പ്രഗത്ഭരാണ് പരിശീലിപ്പിച്ചത്.  ആദ്യത്തെ ക്ലാസ്സ് മാത്തുക്കുട്ടിച്ചായനാണ് എടുത്തത്. വാർത്ത എഴുതുമ്പോൾ സത്യമേ പറയാവൂ എന്നായിരുന്നു ആദ്യം അദ്ദേഹം പറഞ്ഞത്.അതായിരുന്നു മനോരമയുടെ ശൈലി. പുതിയ പത്രപ്രവർത്തകർ സത്യസന്ധരായി, മായം ചേർക്കാതെ വാർത്തകൾ തയ്യാറാക്കണമെന്ന സിദ്ധാന്തമാണ് പറഞ്ഞത്. വി.കെ.ബിയുടെ 'കണ്ടതും കേട്ടതും' എന്ന കോളം, ടി കെ.ജിയുടെ മുഖപ്രസംഗം, എം. കുര്യന്റെ സൺഡേ സപ്ലിമെൻറ് -  മനോരമ സ്വന്തം വീട് പോലെയായിത്തീർന്നു. ഡെസ്കിൽ സീനിയർ, ജൂനിയർ വേർതിരിവില്ല.

കെ.പത്മനാഭൻ നായർ എന്ന പത്മൻ സാർ. പ്രാദേശിക പേജ് ആണ് അദ്ദേഹം ചെയ്തി. രുന്നത്. അദ്ദേഹത്തിന് ചുറ്റുമായിരുന്നു ഞങ്ങൾ. ആളുകളോട് എങ്ങനെ പെരുമാറണം, ഏജൻറ് മാരോട്  സംസാരിക്കേണ്ട വിധം,വാർത്തകൾ   മാറ്റി എഴുതേണ്ടത്,  വാർത്തകളിൽ ന്യൂസ്‌ വാല്യൂ ഉണ്ടെന്ന് മനസ്സിലാക്കുന്നത്- എല്ലാം അദ്ദേഹത്തിൽ നിന്നാണ് പഠിച്ചത്. മനോരമയുടെ എല്ലാ പ്രാദേശിക പേജുകളും കോട്ടയത്തു നിന്നാണ് ചെയ്തിരുന്നത്.വാർത്തകൾ എഴുതുക, രസമുള്ള വാർത്തകൾ ബോക്സ് ആക്കുക ഇതെല്ലാമായിരുന്നു പാഠ്യ വിഷയം. അധികം സംസാരിക്കില്ല.ചിലപ്പോൾ കുഞ്ചുക്കുറുപ്പിന്റെ അടിക്കുറിപ്പ് ആയിരിക്കും എഴുതിത്തരുക.  അത് വായിക്കുമ്പോൾ നമ്മുടെ മുഖത്ത് ഹാസ്യം വരുന്നുണ്ടോ? ചിരി ഉണ്ടാകുന്നുണ്ടോ എന്ന് നോക്കും. 

 ശ്രദ്ധേയനായ ഫുട്ബോളർ പെലെയെക്കുറിച്ച് ഒരു ഫീച്ചർ  ആഴ്ചപ്പതിപ്പിലേക്ക്  വേണമെന്ന് തരകൻ തീരുമാനിച്ചു.പരമ്പര ആയിട്ടാണ് കൊടുക്കേണ്ടത്. പഠിക്കാൻ മോശമായിരുന്നെങ്കിലും, ഫുട്ബോൾ കളി കാണാറുണ്ടായിരുന്നതിനാൽ എഴുതി .  അത് ആഴ്ചപ്പതിപ്പിൽ 'കറുത്ത മുത്തിന്റെ കഥ ' എന്ന പേരിൽ പരമ്പരയായി പ്രസിദ്ധീകരിച്ചു. നല്ല റീഡർഷിപ്പ് ഉണ്ടായിരുന്ന പരമ്പര പിന്നീട്  ഡിസി ബുക്സ് പുസ്തകമാക്കി. അത് പ്രകാശിപ്പിച്ചത് മാത്തുക്കുട്ടിച്ചായനാണ്. 

ട്രെയിനിങ് കഴിഞ്ഞപ്പോൾ, ആംഗ്ലോ ഇന്ത്യക്കാരെക്കുറിച്ച്   പ്രബന്ധം എഴുതാൻ ആവശ്യപ്പെട്ടു. കേരളത്തിലെ ഭാഷാന്യൂനപക്ഷങ്ങളെപ്പറ്റിയുള്ള കൗതുകം മുൻപേ ഉണ്ടായിരുന്നു. തിരുവനന്തപുരം, കൊല്ലം,എറണാകുളം ആലപ്പുഴ എന്നിവിടങ്ങളിൽ  പോയി അന്വേഷണം നടത്തി, കേരളത്തിലെ ആംഗ്ലോ ഇന്ത്യൻ കമ്മ്യൂണിറ്റിയെ പറ്റിയുള്ള പരമ്പര എഴുതി. സൺഡേ സപ്ലിമെന്റിലാണ് അത് വന്നത്. പ്രമുഖ മാധ്യമപ്രവർത്തകൻ ടി. ജെ. എസ് ജോർജിന് ബാംഗ്ലൂരിൽ ഒരു വിദ്യാഭ്യാസ ട്രസ്റ്റ് ഉണ്ടായിരുന്നു കേരളത്തിലെ പത്രപ്രവർത്തകർക്ക്  ഫെലോഷിപ്പും നൽകിയിരുന്നു. 1983 ൽ ഒരു ലക്ഷം രൂപയുള്ള ഫെലോഷിപ്പിന്  അർഹനായി. ആദ്യമായി ഫെലോഷിപ്പ് കിട്ടിയത് ഏഷ്യാനെറ്റിലെ ടി. എൻ ഗോപകുമാറിനായിരുന്നു. രണ്ടാമത് ലഭിച്ചത് എനിക്കാണ്. 'ലാംഗ്വേജ് മൈനോറിറ്റീസ് ഓഫ് കേരള' എന്ന ടൈറ്റിലാണ് കൊടുത്തത്. മലയാളം മാതൃഭാഷ അല്ലാത്ത മറ്റു സംസ്ഥാനക്കാർ കേരളത്തിലെ എല്ലായിടത്തും ഉണ്ട് എന്ന് അപ്പോഴാണ് മനസ്സിലായത്. ഗുജറാത്തികൾ , കൊങ്കിണികൾ , യഹൂദന്മാർ,തെലുങ്ക്,കന്നട,തമിഴ് വംശജർ- മാതൃഭാഷ മലയാളമല്ലാത്തവർ. മാതൃഭൂമി ബുക്സ് പിന്നീട് കേരളത്തിലെ ഭാഷ ന്യൂനപക്ഷങ്ങൾ എന്ന പേരിൽ ഇത് പ്രസിദ്ധീകരിച്ചു. സാഹിത്യ അക്കാദമി , സി.അച്യുതമേനോൻ ഫൗണ്ടേഷൻ ഉൾപ്പെടെ അര ഡസൻ അവാർഡുകൾ പുസ്തകത്തിൽ ലഭിച്ചു.

സാഹിത്യ പത്രപ്രവർത്തനം എന്ന ശാഖയിൽ ക്രമേണ താൽപര്യം വന്നു. കോഴിക്കോട് ജോലി ചെയ്തപ്പോൾ ബഷീർ, അഴീക്കോട്, തിക്കോടിയൻ,എസ്.കെ പൊറ്റക്കാട്,കുട്ടികൃഷ്ണമാരാർ തുടങ്ങി പ്രഗൽഭരായ സാംസ്കാരിക നായകന്മാർ അന്ന് അവിടെ ഉണ്ടായിരുന്നു.
എഴുത്തുകാരെ ഇന്റർവ്യൂ ചെയ്ത് ആഴ്ചപ്പതിപ്പിലേക്ക് കൊടുക്കാൻ ആവശ്യപ്പെട്ടു.  എസ് കെ. പൊറ്റക്കാടിന് ജ്ഞാനപീഠം കിട്ടിയ സമയമായിരുന്നു.    സുകുമാർ അഴീക്കോട് ആയിരുന്നു മറ്റൊരാൾ. പരിമിതമായ വായന മാത്രമായിരുന്നു അന്ന് ഉണ്ടായിരുന്നത്. പാഠപുസ്തകത്തിൽ മാത്രമായിരുന്നു എസ്.കെ പൊറ്റക്കാടിനെ അറിയുമായിരുന്നത്. എസ്.കെയുടെ വീടായ ചന്ദ്രകാന്തത്തിൽ
പോയി. കൊച്ചു കുട്ടികളുടെ കൗതുകത്തോടെ അദ്ദേഹം ജ്ഞാനപീഠം പുരസ്കാരം എടുത്തു കാണിച്ചു. എന്നാൽ പൊറ്റക്കാടിനെക്കുറിച്ച് എഴുതാൻ കൂടുതൽ സമയം ആവശ്യമായിരുന്നു.അതിനിടെ അദ്ദേഹം മരിച്ചു. സെന്റർ സ്പ്രെഡ് ആയി ഫോട്ടോ ഫീച്ചർ ചെയ്തു.

ബഷീറിനെ ഇൻറർവ്യൂ ചെയ്യാൻ പറഞ്ഞതായിരുന്നു മറ്റൊരു വെല്ലുവിളി. ജീവിതത്തിലെ വഴിത്തിരിവായി മാറിയ സംഭവം. പ്രശസ്ത ഫോട്ടോഗ്രാഫർ ടി. നാരായണനും കൂടിയാണ് ബഷീറിൻറെ വീട്ടിലേക്ക് പോയത്. അദ്ദേഹം ഉറങ്ങുകയായിരുന്നു. പതിനൊന്നരയായപ്പോൾ ഉണർന്ന് , മാങ്കോസ്റ്റീൻ മരത്തിൻറെ കീഴിൽ വന്നിരുന്നു. കെ. എം തരകൻ പറഞ്ഞയച്ച കാര്യം  പറഞ്ഞു. അദ്ദേഹത്തിൻറെ പിതാവ് പുത്തൻകാവ് മാത്തൻ തരകനുമായിട്ടായിരുന്നു  ബഷീറിനടുപ്പം.  സി.പിയുടെ പോലീസ് വീട്ടുകാർക്ക് ശല്യം ഉണ്ടാക്കിക്കൊണ്ടിരുന്നതിനാൽ അത് ഒഴിവാക്കാൻ ബഷീർ കോട്ടയത്ത് വച്ച്  അറസ്റ്റ് വരിച്ചത് പുത്തൻകാവ് മാത്തൻ തരകൻ പറഞ്ഞിട്ടാണ്. 'മതിലുകൾ' എഴുതാൻ കാരണമായ അറസ്റ്റ്. ബഷീർ അക്കാലത്ത് കോട്ടയത്ത് വാർഡനായി പ്രവർത്തിക്കുകയായിരുന്നു. എം.പി പോളിന്റെ കോളേജിൽ മാത്തൻ തരകൻ  പഠിപ്പിച്ചിരുന്നു. രഹസ്യപ്പോലീസ് അന്വേഷിക്കുമ്പോൾ ബഷീർ ഒളിവിൽ ആയിരുന്നു. പിന്നീടാണ് അറസ്റ്റ് വരിച്ചത്. പുത്തൻകാവ് മാത്തൻ തരകന് സൗഖ്യം അല്ലേ എന്ന് ചോദിച്ചു തുടങ്ങിയ ഇൻറർവ്യൂ ദിവസം മുഴുവൻ നീണ്ടു. ഇടയ്ക്ക് ബഷീർ ഭാര്യ ഭാര്യയെ വിളിച്ച് സുലൈമാനി വരുത്തും. ഉച്ചയ്ക്ക് ഭക്ഷണവും കഴിച്ച് വീണ്ടും ഇൻറർവ്യൂ. ടേപ്പ് റെക്കോർഡറിൽ റെക്കോർഡ് ചെയ്യുകയായിരുന്നു.

ചോദ്യങ്ങൾ ചോദിക്കണമെങ്കിൽ വായിക്കണം, കൃതികൾ മനസ്സിലാക്കണം.ദൗർഭാഗ്യവശാൽ ബഷീറിനെ പോലെ ഒരു എഴുത്തുകാരനെ പറ്റി എനിക്കൊന്നും അറിയുമായിരുന്നില്ല. ഒരു പരിചയവുമില്ല. പക്ഷേ, അത്ഭുതം! "അദ്ദേഹം ചോദ്യങ്ങൾ ആവശ്യമില്ലാതെത്തന്നെ ഉത്തരങ്ങൾ തന്നു. ജീവിതത്തിൽ നിരന്തരമായി ഉത്തരം പറഞ്ഞുകൊണ്ടിരുന്ന എഴുത്തുകാരനാണ് ബഷീർ. മനുഷ്യൻറെ ചോദ്യങ്ങൾക്കെല്ലാം അദ്ദേഹത്തിൻറെ കഥകളിലും ജീവിതാനുഭവങ്ങളും ഉത്തരമുണ്ട്. അതാണ് ബഷീറിനെ മറ്റെ എഴുത്തുകാരിൽ നിന്ന് വ്യത്യസ്തരാക്കുന്നത്. ഇതുപോലെ വെളിച്ചമുള്ള എഴുത്തുകാരനെ വേറെ കണ്ടിട്ടില്ല.
 
 "ബഷീറിൻറെ മക്കളെപ്പോലെ, ഞാൻ അദ്ദേഹത്തെ ടാറ്റ എന്ന് വിളിച്ചു.ബഷീറിൻറെ ഭാര്യയെ ഉമ്മച്ചി എന്നും", മണലിൽ പറഞ്ഞു.  അടുത്ത ആത്മബന്ധത്തിന് അന്നത്തെ ഇൻറർവ്യൂ വഴിയൊരുക്കി. ആഴ്ചപ്പതിപ്പിൽ ഓരോ ഭാഗമായി അത് വന്നു.

 ബഷീറിൻറെ പുസ്തകങ്ങളെല്ലാം  വായിച്ചു.ബാല്യം മുതൽ സ്വതന്ത്യ സമരം വരെയുള്ള ജീവിതം അവയിൽ തെളിഞ്ഞുവന്നു. തുടർന്ന് അദ്ദേഹവുമായി വീണ്ടും സംസാരിച്ചു. മൊയ്തു മൗലവിയുടെ കൂടെയുള്ള കാലം,കണ്ണൂരിന് ജയിൽവാസം,സ്വാതന്ത്ര്യ സമര പ്രവർത്തനങ്ങൾ, എഴുത്തുകാരനായ വഴികൾ തുടങ്ങിയ അനുഭവകഥകൾ  പറഞ്ഞു.  എങ്ങനെ അദ്ദേഹത്തിൻറെ റ ഒരു ജീവചരിത്രം എഴുതാം എന്നാലോചിച്ചു. അത് എഴുതി ആദ്യം പുറത്തിറക്കാൻ ഭാഗ്യം കിട്ടിയത് എനിക്കാണ്. അതിനുമുൻപ് സിനിമ സംവിധായകൻ വിജയകൃഷ്ണൻ മാത്രമാണ് ബഷീറിനെ കുറിച്ച് എഴുതിയിട്ടുള്ളത്.മലയാളനാട് 'ഇരുട്ടില്‍ ഉറങ്ങുന്ന ഒരാൾ' എന്ന പേരിൽഅത് പ്രസിദ്ധീകരിച്ചു. രണ്ടാമത്തേത് 'മലയാളത്തിൻറെ ബഷീർ' എന്നപേരിൽ മനോരമ ആഴ്ചപ്പതിപ്പിൽ വന്ന എന്റെ ലേഖനമായിരുന്നു."ബഷീർ എനിക്ക് പിതാവിനെപ്പോലെ ആയിരുന്നു.ബഷീറിന്റെ കുറിപ്പുകൾ അദ്ദേഹത്തിന്റെ ഭാഷയിൽ തന്നെ എഴുതി ". 

പിന്നീട് കിട്ടിയ അസൈൻമെൻറ് സുകുമാർ അഴീക്കോടിന്റെ ഇൻറർവ്യൂ ആയിരുന്നു അഴീക്കോടിന്റെ മുൻപിൽ ആരും പോയി ഇരിക്കാത്ത കാലമായിരുന്നു.  യൂണിവേഴ്സിറ്റിയിലെ പി.വി.സി ആയിട്ടും മറ്റും ക്യാമ്പസിലെ മലയാളം ഡിപ്പാർട്ട്മെന്റിനെയൊക്കെ വിറപ്പിച്ചിരിക്കുന്ന കാലമായിരുന്നു. അന്ന് വായിച്ചിട്ടില്ല . പിന്നെ അദ്ദേഹത്തെ വായിക്കാൻ തുടങ്ങി. അത് പക്ഷേ പുസ്തകരൂപത്തിൽ മാത്രമേ പബ്ലിഷ് ചെയ്യാൻ കഴിയുമായിരുന്നുള്ളൂ ഗൗരവതരമായ സ്വഭാവം ആഴ്ചപ്പതിപ്പിന് പറ്റാതെ വന്നു അങ്ങനെ അത് പുസ്തകമായി 'അഴീക്കോട് എന്ന വിചാര ശിൽപ്പി 'എണ്ണ പുസ്തകം. ബഷീറിനെയും അഴീക്കോടിനെയും ഇന്റർവ്യൂ ചെയ്തത് ജീവചരിത്രം ആക്കാൻ ഒരു പത്രപ്രവർത്തകൻ എന്ന നിലയിലെ പരിചയവും അനുഭവവുമാണ് വഴിയൊരുക്കിയത്. 

1981 മുതൽ വിരമിക്കും വരെ ഡസ്കിൽ  തന്നെ ആയിരുന്നു. സ്പെഷ്യൽ അസൈൻമെൻറ് ആയി പാലക്കാട് ബ്യൂറോയിൽ ആറുമാസം. എറണാകുളം,കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളിലെ ഡസ്കിൽ  ആയിരുന്നു പ്രവർത്തനം. 

കോഴിക്കോട് ന്യൂസ് എഡിറ്റർ ആയിരുന്ന അബൂബക്കർ വലിയ പ്രോത്സാഹനമാണ് തന്നത്. പി.വി അബ്ദുല്ലക്കോയയുടെ മകൻ. .പുത്ര സവിശേഷമായ സ്നേഹം കാണിക്കുന്ന പത്രപ്രവർത്തകൻ ആയിരുന്നു. വാർത്തകൾ കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യം അനുവദിച്ചു തന്നു. മലബാറിലെ പഴയ നാടക കലാകാരരെയും  സാംസ്കാരിക പ്രവർത്തകരെയും  ഇൻറർവ്യൂ ചെയ്യാനും  എഴുതാനുമുള്ള സ്വാതന്ത്ര്യം തന്നു. 

അടുത്തിടെ അന്തരിച്ച വിശ്വപ്രശസ്തനായ നാടക സംവിധായകൻ പീറ്റർ ബ്രൂക്ക് കണ്ണൂർ വന്നപ്പോൾ ഇന്റർവ്യൂ ചെയ്യാൻ അബൂ സാർ പറഞ്ഞു. അന്ന് ഇന്നത്തെ പോലെ ഇൻറർനെറ്റ് ഒന്നുമില്ല. മനോരമയിൽ ആകെ ഉള്ളത്  പ്രശസ്തരുടെ പേരിലുള്ള ചില കവറുകൾ മാത്രമാണ്. കവർ നോക്കിയപ്പോൾ ആകെ കിട്ടിയത് ഒരു പടവും ഡയറക്ടർ എന്ന പേരിൽ ടൈം വാരികയിൽ വന്ന പേപ്പർ കട്ടിങ്ങും മാത്രമാണ്. നാടക സംവിധായകൻ ആണെന്ന് മനസ്സിലായി. ലോകത്തെ നാടക കലയുടെ ആചാര്യൻ ആയിരുന്നു എന്ന് അന്ന് അറിയില്ല.  നാടകവുമായി വലിയ ബന്ധം ഉണ്ടായിരുന്നില്ല. ഇന്ത്യയ്ക്ക് പുറത്തുള്ള നാടക കലയെ പരിചയമില്ല. മഹാഭാരതം നാടകം ചെയ്യാനായി ഇന്ത്യയിൽ വന്നതാണ് പീറ്റർ ബ്രൂ ക്ക്‌.  നാടകം സംവിധാനം ചെയ്യുന്നതിനു മുൻപ് ഇന്ത്യ മുഴുവൻ യാത്ര ചെയ്ത് ഇന്ത്യയെ മനസ്സിലാക്കാൻ ശ്രമിക്കുന്നു. കണ്ണൂരാണ് അദ്ദേഹം വന്നത്.ഇന്ത്യയുടെ മതവിശ്വാസങ്ങളെ പറ്റിയും സംസ്കാരത്തെപ്പറ്റിയുംമനസ്സിലാക്കാൻ  അദ്ദേഹം ഇന്ത്യ കാണാനിറങ്ങി.കണ്ണൂരിലെ റിസോർട്ടിൽ  താമസമാക്കി. അദ്ദേഹത്തിന്റെ ഇന്റർവ്യൂ എടുക്കാൻ പോകും മുമ്പ് എൻറെ ഭാര്യ ചോദിച്ചു, "എവിടെ പോകുന്നു? " മഹാഭാരതം നാടകം ചെയ്യാനുള്ള ആളെ ഇൻറർവ്യൂ ചെയ്യാൻ പോകുന്നു എന്ന് പറഞ്ഞു. . അവർ ചോദിച്ചു അതിനു മഹാഭാരതം വായിച്ചിട്ടുണ്ടോ? ജേണലിസം പഠിക്കാൻ പറയുമ്പോൾ വിദ്യാർത്ഥികളോട് പറയും, ജേണലിസ്റ്റ് ആകും മുൻപ് മഹാഭാരതം,രാമായണം,ഐതിഹ്യമാല,പഞ്ചതന്ത്രം,ബൈബിൾ എല്ലാം വായിക്കണം എന്ന്. വൈഫിന്റെ ചോദ്യത്തിന്  വായിച്ചിട്ടില്ല എന്ന ഉത്തരം പറയുമ്പോൾ ചൂളിപ്പോയി. മഹാഭാരതം വായിച്ചിട്ടില്ല. രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവർ ഷെയ്ക്സ്പിയറിനെയും  മഹാഭാരതത്തെയും മറ്റും ഉദ്ധരിക്കും. വായന ഇല്ലാതെ പത്രപ്രവർത്തകൻ ആകാൻ കഴിയില്ല. വീട്ടിലുണ്ടായിരുന്ന കുട്ടികളുടെ മഹാഭാരതം ഭാര്യ എടുത്തു തന്നു. ട്രെയിനിൽ ഒന്നര മണിക്കൂർ യാത്ര ചെയ്യുമ്പോൾ മഹാഭാരതം മറിച്ചു നോക്കി. കണ്ണൂരിൽ ചെന്ന് അദ്ദേഹത്തെ കണ്ടു. നമുക്ക് അറിയുന്ന മഹാഭാരതത്തെ എത്രയോ ആഴത്തിൽ അദ്ദേഹം പഠിച്ചിരിക്കുന്നു. അനുവാദമില്ലാതെ ചെന്നതാണ്, എങ്കിലും അദ്ദേഹത്തെപ്പോലുള്ളവർ കാണിച്ച സൗമനസ്യം മറക്കാനാകില്ല. വലിയ അനുഗ്രഹമായിരുന്നു, വലിയ അനുഭവവും.  ഞായറാഴ്ചപ്പതിപ്പിലേക്കുള്ള ഒരു ഇൻറർവ്യൂ  ചെയ്യാനാണ് ഉദ്ദേശിച്ചത്.  തിരിച്ച് രാത്രി ചെന്ന ഉടൻ അബുസാർ പറഞ്ഞു ഇപ്പോൾ തന്നെ എഴുതിത്തരണം,പത്രത്തിൽ കൊടുക്കാനുള്ളതാണ് എന്ന്. ഞാൻ അത്ഭുതപ്പെട്ടുപോയി.മനോരമയുടെ ഒന്നാം പേജിൽ പീറ്റർ ബ്രൂക്കിന്റെ ഇൻറർവ്യൂ. മാതൃഭൂമിവുമായി കടുത്ത മത്സരം നടക്കുന്ന സമയം സാഹിത്യം, കല എന്നിവയെല്ലാം അന്ന് കൂടുതൽ കൊടുത്തിരുന്നത് മാതൃഭൂമിയാണ്. മാതൃഭൂമിയുടെ തട്ടകം കൂടിയാണ് കണ്ണൂർ. മലയാള മനോരമയുടെ യൂണിറ്റ് അന്ന് കണ്ണൂരിൽ തുടങ്ങിയിട്ടില്ല. മാതൃഭൂമിക്ക് വലിയ പ്രചാരമുണ്ട്. അവിടെ പോയാണ് ഒരു വാർത്ത പബ്ലിഷ് ചെയ്യുന്നത് . മനോരമയുടെ ഒന്നാം പേജിൽ. തുടക്കക്കാരനായ എനിക്ക് കിട്ടിയ വലിയ ബ്രേക്ക് ആയിരുന്നു. 

ബഷീറുമായി നിരന്തര ബന്ധമുണ്ടായിരുന്നു.എല്ലാ ആഴ്ചയിലും ബഷീറിൻറെ വീട്ടിൽ പോകും. ഒരിക്കൽ ബഷീർ പറഞ്ഞു,"അടുത്തയാഴ്ച വരണം. ആഷർ വരുന്നു".ചോദിച്ചു,ആരാണ് ആഷർ? ബഷീറിൻറെ നോവലുകൾ,കൃതികൾ തർജ്ജമ ചെയ്ത ആളാണ്. ബിരിയാണി കഴിക്കാൻ വരികയാണ്. സുകുമാർ അഴീക്കോട്, കെ.എ കൊടുങ്ങല്ലൂർ എന്നിവരും ഉണ്ട്. അദ്ദേഹം വന്നു. ബഷീർ വഴിയായി അദ്ദേഹത്തിന് എന്നോട് ഇഷ്ടം തോന്നി. ആ ബന്ധം ദൃഢമായി. പിന്നീട് അദ്ദേഹം കോട്ടയത്ത് വീട്ടിൽ വന്ന് ബിരിയാണി കഴിച്ചിട്ടുണ്ട്. ബഷീർ ചെയറിന്റെ അധ്യക്ഷനായി കോട്ടയത്ത് അഞ്ചാറു മാസം താമസിക്കുകയും ചെയ്തു. 

ആഷറിന്റെ,'ബഷീറിൻറെ പഠനങ്ങൾ' ഡി.സി ബുക്സ് പ്രസിദ്ധീകരിച്ചത് എഡിറ്റ് ചെയ്തു ;അവതാരിക എഴുതി.ആഷറിന്റെ പുസ്തകത്തിന് ഞാൻ അവതാരിക എഴുതുക എന്ന് പറയാൻ നാണക്കേട് തോന്നുന്നു. പക്ഷേ ആദ്ദേഹം കാണിച്ച കരുതൽ പത്രപ്രവർത്തനത്തിൽ കിട്ടിയ വലിയ സൗഭാഗ്യങ്ങളിൽ ഒന്നാണ്. ഇങ്ങനെ കുറെ ആളുകളുമായുള്ള ബന്ധം ഉണ്ടാക്കാൻ കഴിഞ്ഞു. ആഷർ  എഴുതിയതെല്ലാം പുസ്തകരൂപത്തിൽ ആക്കണം എന്നുണ്ടായിരുന്നു.അദ്ദേഹത്തിന്റെ മരണത്തിനു മുൻപ് ചെയ്യണമെന്നായിരുന്നു ആഗ്രഹം.ഇപ്പോഴും അത് കയ്യിലിരിക്കുന്നത് വലിയൊരു സങ്കടമായി അവശേഷിക്കുന്നു.
 
കോഴിക്കോട് പ്രധാനമായും സാഹിത്യപത്ര പ്രവർത്തനം തന്നെയായിരുന്നു ചെയ്തത്. എന്നാൽ സിനിമയുമായും  വലിയ ബന്ധം ഉണ്ടായിരുന്നു. അത് ശക്തമായത് മനോരമയിൽ വന്ന ശേഷമാണ്.

താരങ്ങളെല്ലാം കോഴിക്കോട് മഹാരാജാസ് ഹോട്ടലിൽ താമസിച്ചാണ് ഷൂട്ടിങ്ങിനു പോകുക.താരങ്ങൾ വരുമ്പോൾ വിളിച്ചുപറയാൻ ആളുണ്ട്.കോഴിക്കോട് വരുന്ന താരങ്ങളെ ഇൻറർവ്യൂ ചെയ്ത് വാർത്ത കൊച്ചിയിലേക്ക് അയച്ചുകൊടുക്കും.അവിടെയാണ് ഫിലിം പേജ് ചെയ്യുന്നത്.
സൂപ്പർസ്റ്റാർ സുരേഷ് ഗോപിയെ ആദ്യമായി ഇൻറർവ്യൂ ചെയ്തു.  ശ്രീനിവാസൻ,നോക്കെത്താ ദൂരത്തിലെ നായികയായിരുന്ന  നാദിയ മൊയ്തു, തിക്കുറിശ്ശി സുകുമാരൻ നായർ, ഹരിഹരൻ എന്നിങ്ങനെ പലരെയും ഇന്റർവ്യൂ ചെയ്തു. വടക്കൻ വീരഗാഥ റിലീസ് ചെയ്തതശേഷം എം. ടിയെ ഇൻറർവ്യൂ ചെയ്യാൻ മലയാള മനോരമയിൽ നിന്ന് ആവശ്യപ്പെട്ടു.ഒളിമ്പിക്സിൽ പോയി തിരിച്ചെത്തിയ പി.ടി ഉഷയെയും ഇന്റർവ്യൂ ചെയ്തു. സ്പോർട്സ്,സിനിമ, ലിറ്ററേച്ചർ, ജേണലിസത്തിൽ താല്പര്യങ്ങൾ മാറിമാറി വരും.

കോഴിക്കോട് ഡെസ്കിൽ മണ്ണാലത്തു ശ്രീധരൻ, ബാലഗോപാലൻ,കെ. എ ഫ്രാൻസിസ്,ധർമ്മരാജൻ ആളൂർ തുടങ്ങി പഴയ ആളുകൾ ഉണ്ടായിരുന്നു.അവരുടെ കൂടെ ജോലി വലിയ  അനുഭവമായിരുന്നു. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മനോരമയ്ക്ക് വേണ്ടി ഫീച്ചർ എഴുതാൻ രണ്ടുമാസം യാത്ര ചെയ്തു.   ബാലകൃഷ്ണൻ മാങ്ങാട്,ടി. എ ഫ്രാൻസിസ്, ഫോട്ടോഗ്രാഫർമാരായ നാരായണൻ,അരവിന്ദൻ എന്നിവരോടൊപ്പം ഒരു ടീമായി ഓരോ ഗ്രാമത്തിലും  താമസിച്ചു, പ്രശ്നങ്ങൾ മനസ്സിലാക്കി.  വെള്ളമില്ല, വെളിച്ചമില്ല, പാലമില്ല, ആശുപത്രികൾ ഇല്ല.റൂറൽ റിപ്പോർട്ടിംഗ് എന്ന ഒരു കൺസെപ്റ്റ് ആയിരുന്നു അത്. പ്രാദേശിക പേജിൽ കൂടി സർക്കുലേഷൻ വർദ്ധിപ്പിക്കുകയായിരുന്നു ലക്ഷ്യം. ജനങ്ങളുടെ പൾസ് അറിയാൻ ഇത് സഹായിച്ചു.വാർത്തകൾ എങ്ങനെ ഉണ്ടാകുന്നു,ആളുകളുടെ ജീവിതം എങ്ങനെ, ആരോഗ്യം, വിദ്യാഭ്യാസം സാമൂഹിക വളർച്ച എങ്ങനെയെല്ലാം എന്ന അന്വേഷണം.ന്യൂസ് എഡിറ്റർ ആണ് ഇതിന് അവസരം ഒരുക്കിത്തന്നത്. മാങ്ങാടും ഫ്രാൻസിസും ,നാരായണനും  ഇന്നില്ല. 

നേരിട്ട് കാര്യങ്ങൾ കണ്ടു മനസ്സിലാക്കാനുള്ള അവസരമായിരുന്നു അത്.നല്ല എക്സ്പീരിയൻസും നല്ല എക്സ്പോഷറും ലഭിച്ചു. ഡെസ്കിൽ ഇരിക്കുമ്പോൾ ഓരോ പ്രദേശത്തെയും പ്രശ്നങ്ങൾ മനസ്സിലാക്കാൻ കഴിയും.

കൊച്ചിയിലേക്ക് വന്നപ്പോൾ ചൊവ്വല്ലർ കൃഷ്ണൻകുട്ടിയായിരുന്നു ഒപ്പം ജോലി ചെയ്തിരുന്നത്.ഓരോ സ്ഥലത്തെയും അനുഭവങ്ങൾ വ്യത്യസ്തമായിരുന്നു.

സിങ്കപ്പൂറിൽ പലതവണ പോയിട്ടുണ്ട്. ഒരുതവണ പോയപ്പോൾ ദേവൻ നായർ അവിടെ പ്രസിഡണ്ടായിരുന്നു. പീറ്റർ എന്ന കൊല്ലംകാരൻ ട്രേഡ് യൂണിയൻ നേതാവ്. കിടങ്ങൂർ ഗോപാലകൃഷ്ണപിള്ള അവിടെ അന്ന് ഹൈ കമ്മീഷണർ ആയിരുന്നു.തലശ്ശേരിക്കാരനായ ദേവൻ നായരെ ഇൻറർവ്യൂ ചെയ്തു.മനോരമയിൽ വാർത്ത വന്നു. ഒരു ചെറിയ രാജ്യം ഏറ്റവും ഡിസിപ്ലിൻഡായി പുരോഗതി പ്രാപിക്കുന്നത് എങ്ങനെ എന്ന് അടുത്ത് അറിയാൻ കഴിഞ്ഞു.യാത്രാവിവരണം അനുഭവക്കുറിപ്പ് ആയി മനോരമയിൽ വന്നു.തകർന്ന ഒരു രാജ്യം, അധ്വാനിശീലരായ ജനങ്ങളിലൂടെ എങ്ങനെ പുരോഗതി പ്രാപിച്ചു, എങ്ങനെ മാറി എന്ന കഥയാണ് പറയാൻ ശ്രമിച്ചത് മലയാളികളുടെ സിംഗപ്പൂർ എന്ന പുസ്തകമായി ഇറങ്ങി.

 ധാരാളം യാത്രകൾ ചെയ്യാൻ മനോരമയിൽ ഇരിക്കുമ്പോൾ സാധിച്ചു.ആളുകളെ കാണാൻ കഴിഞ്ഞു.
ഫുട്ബോൾ കളിക്കാരൻ ആയ പെലെയെപ്പറ്റി എഴുതാൻ കഴിഞ്ഞു.പിന്നീട് ബ്രസീലിൽ പോയപ്പോൾ അദ്ദേഹത്തെ നേരിട്ട് കാണാനും കഴിഞ്ഞു.ആദ്യത്തെ ഇൻറർനാഷണൽ മീഡിയ അവാർഡ് വാങ്ങാൻ പോയതാണ്. സാവോപോളോയിൽ പോയി കാണണം എന്നായിരുന്നു ആഗ്രഹം.
എഴുതിയ പുസ്തകവുമായാണ് പോയത് ഒരു മാസമായിരുന്നു ആദ്യത്തെ യാത്ര.രണ്ടാമത് പോയത് 10 ദിവസത്തേക്ക് ആണ് ബ്രസീലിൽ പല സ്ഥലത്തും സഞ്ചരിച്ചു പുരസ്കാര ചടങ്ങിൽ പരിചയപ്പെട്ട ജേണലിസ്റ്റുകളോട് ആഗ്രഹം പറഞ്ഞു, ഒന്ന് കാണണമെന്ന് പറഞ്ഞു അദ്ദേഹം മന്ത്രിയായി കഴിഞ്ഞ സമയമായിരുന്നു.പിന്നീട് ബിസിനസ് കാരനായി, വലിയ പണക്കാരനായി.ദരിദ്രമായ കുടുംബത്തിൽ ജനിച്ച് സമ്പന്നനായി വളർന്നുവന്ന  ആളെ നേരിട്ടു കാണാൻ കഴിഞ്ഞതാണ് പത്രപ്രവർത്തനത്തിന് വലിയ ഭാഗ്യം വിലയുടെ പുസ്തകത്തിൻറെ രണ്ടാം പതിപ്പ് പിന്നീട് എസ്.പി.സി.എസ് പുറത്തിറക്കിയപ്പോൾ ആമുഖത്തിൽ അക്കാര്യം പറഞ്ഞിട്ടുണ്ട്.ആദ്യമായി ഇന്ത്യൻ ഭാഷയിൽ ഇറങ്ങിയ പുസ്തകം എന്റേതായിരുന്നു.അദ്ദേഹത്തിൻറെ ഇൻറർവ്യൂ കിട്ടിയിരുന്നു. 
 
സിംബാബ് വേയിൽ പോയതാണ് മറ്റൊരു അനുഭവം.വേൾഡ് കൗൺസിൽ ഓഫ് ചർച്ചസിന്റെ അസംബ്ലിക്കായി പോയതാണ്. റോബർട്ട് മുഖാബെയുടെ ഏകാധിപത്യകാലം.  ഹൈ സെക്യൂരിറ്റി ആണ്. ഡബ്ല്യു.സി.സിയുടെ അസംബ്ലി ഉദ്ഘാടനത്തിനായി വരുന്നത് മുഖാബേ ആണെന്നറിഞ്ഞു. ജേണലിസ്റ്റ് ആണെങ്കിലും മാറ്റി നിർത്തിയിരിക്കുകയാണ്, എന്നെ.എങ്കിലും രണ്ട് സൈഡിലും കരിമ്പൂച്ചകളുമായി  അദ്ദേഹം അടുത്തുവന്നപ്പോൾ ഞാൻ ഉറക്കെ പറഞ്ഞു,  "Mr President, I'm a Journalist from India. ". ഇന്ത്യ എന്ന് കേട്ടപ്പോൾ അദ്ദേഹം തിരിഞ്ഞു നിന്നു.ഇന്ത്യയുമായി വലിയ അടുപ്പമാണ് അദ്ദേഹത്തിന്. എന്റെ അടുത്ത് വന്ന്  ഷേക്ക്ഹാൻഡ് തന്നു.മുറുകെ പിടിച്ചുകൊണ്ടുള്ള ആ ഷേക്ക് ഹാൻഡ് ഇപ്പോഴും എൻറെ കയ്യിൽ  അനുഭവിക്കാം
.
ഫോട്ടോ എടുക്കാൻ പറഞ്ഞു, പാക്കിസ്ഥാൻകാരൻ ഫോട്ടോ എടുത്തു.പക്ഷേ ഫോട്ടോ  കിട്ടിയില്ല  . പാകിസ്ഥാനിൽ നിന്ന് അത് അയക്കാൻ കഴിയാത്തതുകൊണ്ട് പടം പോയി.ലോകത്തിലെ ഏകാധിപതിയെ കാണാൻ അവസരം കിട്ടിയത് അങ്ങനെയാണ്.

 തായ്‌ലൻഡിലെ പ്രധാനമന്ത്രി ഷീന വത്രക്ക് അത്ര സെക്യൂരിറ്റി  ഉണ്ടായിരുന്നില്ല.പിന്നീട് അവർ ജയിലിൽ ആയി പുറത്തായി. ബ്രസീലിൽ രണ്ടാമത് .ഡബ്ലിയു . സി .സ യുടെ അസംബ്ലിക്ക് പോയപ്പോഴാണ് നോബൽ പ്രൈസ് ലഭിച്ച ബിഷപ്പ് ടുട്ടു വിനെ  ഇൻറർവ്യൂ ചെയ്യാൻ കഴിഞ്ഞത്.  വലിയ ആളുകളെ നേരിട്ട് കാണാനുള്ള നിരവധി അവസരങ്ങൾ ലഭിച്ചു. ദലൈലാമയുടെ കൂടെ മൂന്നുനാലു മണിക്കൂർ ഒന്നിച്ചിരിക്കാനുള്ള അവസരം. അദ്ദേഹത്തിന്റെ കരസ്പർശനം! എനിക്കിപ്പോഴും ആത്മാവിനെ സ്പർശിച്ച ഒരു വികാരമാണ്.വലിയ  compassion  (ആർദ്രത )അനുഭവപ്പെട്ടു. 

ഇന്ത്യയ്ക്ക് അകത്തും പുറത്തും ഇത്തരം നിരവധി അവസരങ്ങൾ എനിക്ക് ലഭിച്ചതിന് കാരണം പുത്ര തുല്യമായി മാത്തുക്കുട്ടിച്ചായൻ എനിക്ക് നൽകിയ വാത്സല്യമാണ്. ട്രെയിനിയായി വന്ന സമയത്ത് ആണ് നിലയ്ക്കൽ പ്രശ്നം ഉണ്ടായത് നിലക്കൽ പള്ളി സ്ഥാപിച്ച സമയത്ത് എല്ലാ പത്രക്കാരും റിപ്പോർട്ട് ചെയ്യാൻ പോയി ഡെസ്കിൽ നിന്ന് എന്നെ റിപ്പോർട്ട് ചെയ്യാൻ വിട്ടു കാറിലാണ് പോയത്. ഒരു ട്രെയിനിയെ അത്ര പ്രധാനപ്പെട്ട സന്തതിക്ക് വിടാറില്ല ഫോട്ടോഗ്രാഫർ ജോർജും എനിക്കൊപ്പം ഉണ്ടായിരുന്നു നിലയ്ക്കൽ വരെ ആയിരുന്നു ആകെ കലാപന്തരീക്ഷം നിലക്കിൽ എത്താൻ ഒരുപാട് സമയമെടുത്തു. ഒൻപതുമണിക്ക് ഒന്നാം പേജ് ക്ലോസ് ചെയ്യും. അതിനു മുൻപ് വാർത്ത കൊടുക്കണം.എന്നാലെ വാർത്ത പത്രത്തിൽ വരൂ.  മൊബൈൽ ഇല്ലാത്ത കാലം. 1980 കാലഘട്ടം. നേരിട്ട് വാർത്ത എഡിറ്റർക്ക് കൊടുക്കുകയാണ് പതിവ്. ഇത് ഇതു വലിയ ഒരു സെൻസേഷനിൽ ആയ വാർത്തയാണ് മാത്തുക്കുട്ടിച്ചായൻ പറഞ്ഞിരുന്നു,'നിലക്കിൽ വാർത്ത വന്നാൽ എന്നെ കാണിച്ചതിനു ശേഷമേ കൊടുക്കാവൂ' എന്ന്. സാധാരണ അദ്ദേഹം അഞ്ചുമണിക്ക് വീട്ടിൽ പോകും.വലിയ പ്രശ്നങ്ങളായിരുന്നു അന്ന് ഉണ്ടായത്.തിരിച്ചു ഞങ്ങൾ ഓഫീസിൽ എത്തിയപ്പോൾ 9 മണി. കമ്പോസിംഗിന് സ്പേസ് പിടിച്ചിട്ടിരിക്കുകയാണ്.ഞാൻ എഴുതിക്കൊണ്ടുവന്നത് മുഴുവൻ ചീഫ് എഡിറ്റ് കാണിക്കാൻ സമയമില്ല.  ഒൻപത് കഴിഞ്ഞും ആയിട്ടും വാർത്ത കിട്ടാതായപ്പോൾ  മാത്തുക്കുട്ടി ച്ചായൻ  വിളിച്ചു. എഴുതിയോ എന്ന് ചോദിച്ചു.കുഴപ്പമൊന്നുമില്ല, ഞാൻ നോക്കി കൊടുത്തു കൊള്ളാം എന്നു പറഞ്ഞു.അദ്ദേഹം ഒന്നും പറഞ്ഞില്ല.വാർത്തു കൊടുത്തു.അതിനുശേഷം നടന്ന ഒരു പുസ്തക പ്രകാശനചടങ്ങിൽ  അദ്ദേഹം പറഞ്ഞു, "പോളിനെ വിശ്വസിച്ച് എവിടെ വേണമെങ്കിലും അയക്കാം. അത് പത്രത്തിൻറെ നയത്തിന് അനുസരിച്ച് എഴുതാനും മനസ്സിലാക്കാനും കഴിവുള്ള പത്രപ്രവർത്തകനാണ്".  

അന്ന് എനിക്ക് പറഞ്ഞതിന്റെ അർത്ഥം മനസ്സിലായില്ല.  പിന്നീട് മനസ്സിലായി.നിലക്കൽ പ്രശ്നം കുഴപ്പമില്ല ഞാൻ നോക്കിക്കോളാം എന്ന് പറഞ്ഞത് അദ്ദേഹം വിശ്വസിച്ചു.എന്നോട്  കാണിച്ച വിശ്വാസം വലുതാണ്.അതാണ് എനിക്ക് മനോരമയിൽ നിന്ന് കിട്ടിയത്.ഒരു നിയന്ത്രണവുമില്ല. വിശ്വാസമാണ് നിയന്ത്രണം.ഇന്ന് ആ ശൈലി എത്ര പത്രാധിപന്മാർ പിന്തുടരുന്നു ?  സത്യസന്ധമല്ലാത്ത വാർത്ത കൊടുക്കരുത് എന്ന് അദ്ദേഹം പറഞ്ഞു.ഇന്ന് സത്യമായ വാർത്ത ഏത് പത്രത്തിലാണ് വരുന്നത് ?അതാണ് മനോരമക്കളരിയിൽ നിന്ന് എനിക്ക് പഠിക്കാൻ കഴിഞ്ഞത്.  കുടുംബം പോലെയാണ് മനോരമയിൽ പ്രവർത്തിച്ചത്.മാതൃഭൂമിയിൽ പേജ് ചെയ്യാൻ പ്രത്യേകം ആർട്ടിസ്റ്റ് ഉണ്ട് എന്നാൽ മനോരമയിൽ ലേഔട്ട് അടക്കം ഡമ്മി  വരച്ചുകൊടുക്കണം. ടീം വർക്ക് ആയിട്ടാണ്.ഈ  അടുപ്പം എഡിറ്റോറിയൽ ടീമിൽ മാത്രമല്ല നോൺ ജേർണലിസ്റ്റുകളുടെ അടുത്തും ഉണ്ടായിരുന്നു.

റിപ്പോർട്ടർമാരെക്കാൾ കൂടുതൽ ഉത്തരവാദിത്വം വാർത്തയുടെ കാവൽക്കാരനായ എഡിറ്റർമാർക്കാണ്.  നാളെ ലോകം വായിക്കുന്നത് നമ്മൾ എഡിറ്റ് ചെയ്ത വാർത്തയാണ്.വാർത്തകളെ മനസ്സിലാക്കണം. ദേശീയ വിഷയങ്ങൾ,രാജ്യത്തെ വിഷയങ്ങൾ പ്രാദേശിക വിഷയങ്ങൾ എല്ലാം മനസ്സിലാക്കണം. പേജ് ചെയ്ത് പോയാൽ ഉറങ്ങാൻ പോലും പറ്റില്ല.ചരമവാർത്ത എഴുതി കൊടുക്കുന്നതിലെ സംസ്കാരം നാളെ എന്നെഴുതിയോ എന്ന് ആലോചിച്ചു രാത്രി ഉറക്കം നഷ്ടപ്പെടും.ജാഗ്രതയോടെ നിരന്തരമായി ഇരിക്കേണ്ട ആവശ്യകതയുണ്ട്.ജാഗ്രതക്കുറവുണ്ടെങ്കിൽ തെറ്റുകൾ പറ്റും. ഡെസ്കിൽ ഇരിക്കുമ്പോഴാണ് എഴുതാനും ആളുകളെ കാണാനുമുള്ള അവസരങ്ങൾ ഒരുപാടുണ്ടായത്.

 ആലപ്പുഴയിൽ നിന്ന് അസിസ്റ്റൻറ് എഡിറ്ററായാണ് വിരമിച്ചത്.ഇയർ ബുക്കിന്റെ ചുമതലയാണ് അവസാനം വഹിച്ചത്.ആലപ്പുഴയിൽ രണ്ടുവർഷം സുകുമാർ അഴീക്കോടിന്റെ പുസ്തകങ്ങൾ എഡിറ്റ് ചെയ്യുന്ന ജോലിയാണ് നിർവഹിച്ചത്. തകഴിയുടെ 'കയറിലൂടെ കേരളചരിത്ര അന്വേഷണം' എന്ന പുസ്തകം പൂർത്തിയാക്കി. കേരള സാഹിത്യ അക്കാദമിയുടെ ഫെലോഷിപ്പ് അതിനാണ് കിട്ടിയത്.മലയാളത്തിൽ ഇറങ്ങിയ കയറിനെ പറ്റിയുള്ള ഏക പുസ്തകമാണിത്.
കേരളത്തിൻറെ ചരിത്രം കയറിൽ വരുന്നുണ്ട്.ആ ചരിത്രം പിന്നീട് പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തകഴിച്ചേട്ടനുമായി എസ്.പി.സി.എസ് കാലംതൊട്ട് വലിയ ബന്ധമാണ്.കോട്ടയത്ത് വരുമായിരുന്നു.വീട്ടിലും പോയിട്ടുണ്ട്.പരുമല തിരുമേനിയുടെ യാത്രാവിവരണം 100 വർഷം തികഞ്ഞപ്പോൾ ശതാബ്ദി പതിപ്പ് പ്രകാശിപ്പിക്കാൻ വന്നത് തകഴിച്ചേട്ടനാണ്.അങ്ങനെ ഒരുപാട്  അടുപ്പം  എന്നോട് ഉണ്ടായിരുന്നു. 

മനോരമ വിട്ട ശേഷം ജീവചരിത്രങ്ങൾ എഴുതാൻ വലിയ താൽപര്യം തോന്നി. സ്വന്തം ജീവിതത്തെ ഒരാൾ എങ്ങനെയാണ് വളർത്തിയെടുക്കുന്നത് എന്ന ഒരു പത്രപ്രവർത്തകന്റെ കൗതുകം.   ജോൺ എബ്രഹാമിൻ്റെയും  ജീവചരിത്രം  എഴുതി.ഭാരതീയ വിദ്യാഭവനിലും യൂണിവേഴ്സിറ്റിയിലും ജേണലിസം വിദ്യാർത്ഥികൾക്ക് തുടങ്ങിയിട്ട് 25 വർഷമായി . ഇപ്പോഴും തുടരുന്നുണ്ട്. 

പത്രജോലിയിൽ കാണുന്ന ലോകം അതിവിശാലമാണ്.സങ്കുചിതമായി ചിന്തിക്കാൻ പറ്റില്ല. കാഴ്ചപ്പാട് വളർത്തിയെടുത്തതിൽ പത്ര ജീവിതത്തിനോട് ഏറെ കടപ്പെട്ടിരിക്കുന്നു.
സംസാരിക്കുന്ന ഭാഷ ഹൃദയം തുറന്നതാകണം .ലളിതമായ ഭാഷ, തുറന്ന സംസാരം- എല്ലാം മനോരമ കളരിയിൽ നിന്നാണ് കിട്ടിയത്.  ലളിതമായി എഴുതുക,നല്ല ഭാഷ വായനക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ ലളിതമായി പറയാൻ പരിശീലിപ്പിച്ചത് മനോരമയാണ്.ഇയർബുക്കിൽ പ്രവർത്തിക്കുമ്പോഴും വസ്തുനിഷ്ഠമായ കാര്യമാണ് പറയേണ്ടത്.സത്യസന്ധമായി പ്രവർത്തിക്കാൻ   പത്രപ്രവർത്തനമാണ്  വഴി കാട്ടിയത്. 

2015ൽ വിരമിച്ചു. അതിനുശേഷം ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ആയി . 
" ഞാൻ എഴുതിത്തുടങ്ങിയത് ബാലസാഹിത്യമായിരുന്നു.ബാലരമയും  ബാലയുഗവും  വായിച്ചാണ് എഴുതിത്തുടങ്ങുന്നത്.  തളിരിന്റെ എഡിറ്ററായ സുഗതകുമാരി ടീച്ചറും കാമ്പിശ്ശേരിയും ഒക്കെ എഴുത്തിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട് ".

ഫിലിം സെൻസർ ബോർഡ് അംഗമായും പ്രവർത്തിച്ചിരുന്നു. മുൻ രാഷ്‌ട്രപതി കെ. ആർ നാരായണനാണ് സെൻസർ ബോർഡിലേക്ക് പേര് നിർദ്ദേശിച്ചത്.സുഗതകുമാരി, എം.പി മുഹമ്മദ് തുടങ്ങിയ പ്രഗത്ഭർ  ബോർഡിൽ കൂടെ ഉണ്ടായിരുന്നു.സിനിമ മാത്രമല്ല, ഡോക്യുമെന്ററികളും സെൻസർ ബോർഡിനു മുൻപിൽ വന്നിരുന്നു.തമിഴിലെ  സെൻസർ ബോർഡ് കട്ട് ചെയ്ത ചിത്രങ്ങൾ അതൊഴിവാക്കാൻ ഇവിടെ കൊണ്ടുവരുമായിരുന്നു. എന്നാൽ , അന്നത്തെ ബോർഡ് അംഗങ്ങൾ  പ്രത്യേകിച്ച് സുഗതകുമാരി ടീച്ചർ ,   അതിന് അനുവദിച്ചിരുന്നില്ല. 

ഇപ്പോൾ, സിനിമാസംഘടനയുടെ ചെയർമാൻ ആയി പ്രവർത്തിക്കുന്നുണ്ട്.സിനിമ താൽപര്യമുള്ള  വിഷയമായിരുന്നു. ആദ്യസിനിമ മാസിക കോട്ടയത്തുനിന്നായിരുന്നു പ്രസിദ്ധീകരിച്ചത്.

 പിതാവിൻറെ ആഗ്രഹം നടപ്പിലാക്കണം എന്നുള്ളതുകൊണ്ടാണ് പത്രപ്രവർത്തനത്തിൽ ഡോക്ടറേറ്റ് എടുക്കണം എന്ന് തീരുമാനിച്ചത്.മൈസൂർ യൂണിവേഴ്സിറ്റിയിലെ ഡോ. സി.ഡി ചാക്കപ്പൻ സഹായിച്ചു.   നിർബന്ധിച്ചു. മലയാളപത്രപ്രവർത്തനവുമായി ബന്ധപെട്ട വിഷയം എടുത്തതിനാൽ മലയാള പത്രങ്ങളെക്കുറിച്ച് മുഴുവൻ പഠിക്കാനുള്ള സാഹചര്യം ഉണ്ടായി.വിഷയം പഠിച്ചപ്പോൾ അതിൻ്റെ ആപ്ലിക്കേഷൻ വേണം എന്നായി ചാക്കപ്പൻ.മലയാളംഎങ്ങനെ പോപ്പുലർ ആയി എന്നതായിരുന്നു പഠനം.പോപ്പുലാരിറ്റി ഓഫ് പ്രിൻറ് മീഡിയ ആൻഡ് ഹിസ്റ്ററി ഓഫ് മലയാളം ജേണലിസം എന്നത് കണക്ട് ചെയ്തു.  കേരള മോഡൽ കമ്മ്യൂണിക്കേഷൻ എന്ന ആശയമാണ് പഠനം കൊണ്ട് ചെയ്യാൻ സാധിച്ചത്.

ആദ്യത്തെ 25 വർഷത്തെ പ്രവർത്തനം പരിശോധിച്ചാൽ മിഷനറി പത്രങ്ങൾ അടിത്തറ ഇട്ടത് പോപ്പുലർ വിഷയങ്ങൾ പറയുക വഴി വായനക്കാരുടെ താൽപര്യം ഉണ്ടാക്കിയെടുക്കുക എന്നതാണ്.
അങ്ങനെ വിവരവും പ്രദാനം ചെയ്യാം, മാറ്റം ഉണ്ടാക്കാം എന്നാണ് അവർ മനസ്സിലാക്കിയത്.
അന്ധവിശ്വാസം,അനാചാരം ,ജാതി വ്യവസ്ഥ എല്ലാം മാറി വന്നത് ഈ പരിശ്രമത്തിന്റെ ഭാഗമായാണ്.
ഇതായിരുന്നു ഗവേഷണ വിഷയം.

 രാജ്യസമാചാരം,പശ്ചിമോദയം എന്നിവയല്ല മലയാളത്തിലെ ആദ്യപത്രം,മലയാള പഞ്ചാംഗമാണ്.
ജനങ്ങളുടെ അഭിപ്രായത്തിന് അനുസരിച്ച് വാർത്തകളും ഇൻഫർമേഷൻ കൊടുക്കുന്ന ശൈലി, ജനങ്ങളെ സ്പർശിക്കുന്ന കാര്യങ്ങൾ ഇവയാണ് പഞ്ചാംഗത്തിന്റെ ജനകീയത. 2012 ലാണ് ഡോക്ടറേറ്റ് ലഭിച്ചത്.

കോഴിക്കോട് പ്രവർത്തിക്കുമ്പോൾ എം എ ജേണലിസത്തിൽ ബിരുദാനന്തര ബിരുദം എടുത്തു.വർക്കിംഗ്  ജേണലിസ്റ്റ് ആയിരിക്കെ പി.ജി  ആദ്യമായി എടുത്ത ആൾ കൂടിയാണ്.

ആദ്യത്തെ പത്രം പഞ്ചാംഗം, വായനക്കാരന്റെ അഭിരുചിക്കനുസരിച്ച് നിർമ്മിച്ചതാണ് .
പത്രം തുടങ്ങുമ്പോൾ അന്നത്തെ വായനക്കാരന്റെ അഭിരുചി, ഗൃഹപ്രവേശനത്തിനുള്ള സമയം ശകുനം,വിശ്വാസങ്ങൾ (അന്ധവിശ്വാസവുമാകാം) പരമ്പരാഗത ആചാരാനുഷ്ഠാനങ്ങൾ, അങ്ങനെയുള്ള വിശ്വാസങ്ങൾക്ക് പ്രാമുഖ്യം കൊടുത്തുകൊണ്ടാണ് ബാസൽ മിഷൻ പഞ്ചാംഗം ഉണ്ടാക്കിയത്.ജീവിതത്തെയും വായനക്കാരന്റെ ഇഷ്ടത്തെയും നിയന്ത്രിക്കുന്നത്  ഇത്തരം വിശ്വാസങ്ങളാണെന്ന് മനസ്സിലാക്കിക്കൊണ്ടാണ് മിഷനറിമാർ പഞ്ചാംഗം ഉണ്ടാക്കിയത്.

അഭിരുചി കണ്ടുപിടിക്കുന്ന രീതി ഇപ്പോഴും  ഉണ്ട്. മനോരമ
 ആഴ്ചപ്പതിപ്പിന്റെ ഓരോ ലക്കവും വായനക്കാരന്റെ അഭിരുചി മനസ്സിലാക്കിയിട്ടാണ് പ്രവർത്തിക്കുന്നത്.
ഏത് ടി.വി പ്രോഗ്രാമും വായനക്കാരുടെ അഭിരുചിക്കനുസരിച്ച് മാത്രമാണ് വാർത്തകൾ കൊടുക്കുന്നത്.

മാധ്യമ മേഖലയിൽ ഉണ്ടായ വലിയ മാറ്റം ടെക്നോളജിയുടെ കടന്നുകയറ്റമാണ്.
ദീർഘമായ  ഫീച്ചറുകൾ ആവശ്യമില്ലാതായി. ഇപ്പോഴും അച്ചടിച്ച വാർത്തകൾക്ക് വിശ്വാസ്യത കൂടുതലാണ്. സാമൂഹ്യ മാധ്യമങ്ങളിൽ സത്യം തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയുണ്ട്. 
ചില വാർത്തകൾ പുറത്തുവരുന്നില്ല.മത്സരം കടുക്കുമ്പോൾ വിട്ടുവീഴ്ചകൾ സ്വാഭാവികം.  
പരസ്യങ്ങൾ കുറയുന്ന അവസ്ഥയിൽ പരസ്യ കമ്പനികൾക്ക് കോട്ടം തട്ടാത്ത വാർത്തകൾ മാത്രമാണ് പുറത്തുവരുന്നത്.
 
സത്യം പുറത്തുകൊണ്ടുവരാൻ പത്രങ്ങൾക്ക് പലപ്പോഴും കഴിയുന്നില്ല. സത്യാനന്തരകാലം എന്നത് വാസ്തവത്തിൽ സത്യമില്ലാത്ത കാലം എന്ന ആശയത്തിലേക്ക് വരുന്നു.എത്ര സത്യം സോഷ്യൽ മീഡിയയ്ക്ക് ഉണ്ട് എന്ന് അറിയാൻ കഴിയുന്നില്ല.

ചെറുപ്പക്കാരുടെ ഇടയിൽ യൂട്യൂബിന് വലിയ സ്വാധീനമാണ് ഉള്ളത്.എപ്പോൾ വേണമെങ്കിലും വാർത്ത കേൾക്കാം,സെൻസേഷണൽ ആയ വാർത്തകൾ കിട്ടും. അവർക്ക് വാർത്തയുടെ വ്യാഖ്യാനവും ആവശ്യമുണ്ട്, പക്ഷേ സത്യമാകണമെന്നില്ല. എത്ര കാലം ചെറുപ്പക്കാർ പത്രങ്ങൾ വായിക്കും എന്ന് അറിയില്ല. ആളുകൾക്ക്  ആഴത്തിൽ ഇൻഫർമേഷൻ കിട്ടണമെന്നില്ല.ഇപ്പോൾ ചെറിയൊരു തലക്കെട്ട് വായിക്കാവുന്ന സമൂഹമായി വായനക്കാർ മാറി. സത്യത്തിന്റെ പ്രസക്തി വായനക്കാർക്ക് പ്രധാനമല്ലാതായി.
 
ടിവി ചാനലുകാർക്കും കൂടുതൽ വരുമാനം കിട്ടുന്ന സോഷ്യൽ മീഡിയയിലേക്ക് മാറാനുള്ള പ്രവണതയുണ്ട്.  പഴയ പ്രവർത്തന ശൈലി അല്ല, ഇപ്പോൾ.  ഇലക്ട്രോണിക് മാദ്ധ്യമങ്ങൾ സോഷ്യൽ മീഡിയയുമായി മത്സരിക്കുന്നു.  അത്തരം വെല്ലുവിളികളാണ് പത്രങ്ങൾക്ക് നേരിടേണ്ടിവരുന്നത്. ഇങ്ങനെ  വരുമ്പോൾ മൂല്യങ്ങൾ കൈമോശം വരും,വസ്തുതകൾ നഷ്ടപ്പെട്ടു പോകും.

പത്രത്തിന് ഭാവിയില്ല എന്ന് പറയാൻ ആവില്ല.എങ്ങനെ ഈ വെല്ലുവിളികൾ ഏറ്റെടുക്കുന്നു എന്നതിലാണ് കാര്യം.  മുൻപുള്ള അത്രയും ഇച്ഛാശക്തിയുള്ള പത്രപ്രവർത്തകർ ഇപ്പോഴുമുണ്ടോ? വിദ്യാർത്ഥികൾക്ക് സാമാന്യമായ നോളജ് ഇല്ല. ടെക്നോളജി ഓറിയന്റഡ് ആണ് പുതിയ വിദ്യാർത്ഥികൾ.വാർത്തകൾ ഉത്പാദിപ്പിക്കുന്ന ഇടമായി പത്രങ്ങൾ മാറുന്നു. അറിവും അനുഭവവും ഉള്ളവരില്ല.ആഴത്തിൽ വിഷയം പറയാൻ അറിയില്ല.

യൂട്യൂബിൽ പ്രവർത്തിക്കുന്നവർക്ക് ഉത്തരവാദിത്തപ്പെട്ട പത്ര സ്ഥാപനങ്ങൾ തന്നെ  ട്രെയിനിങ് നൽകുന്നുണ്ട്. ഇനി അത്തരം സാമൂഹ്യ മാധ്യമങ്ങളിൽ കൂടുതൽ വ്യൂവർ ഷിപ്പ് ഉണ്ടായേക്കാം.തീർച്ചയായും ഒരു കുടമാറ്റം ഉണ്ടാകാം. പത്രപ്രവർത്തന ശൈലിയിൽ മാറ്റം സംഭവിക്കും. എങ്കിലും, വസ്തുതകൾ നഷ്ടപ്പെടാതെ സൂക്ഷിക്കണം. 
പത്രങ്ങളുടെ ഭാവി എന്താകുമെന്ന് പ്രവചിക്കുക വയ്യ.കോവിഡ് കാലത്ത് സർക്കുലേഷൻ ഏറെ കുറഞ്ഞു. പല ആനുകാലികങ്ങളും നിർത്തി.വലിയ മാഗസിനുകൾക്ക് 15, 000 മുതൽ  10, 000  മാത്രം കോപ്പിയായി സർക്കുലേഷൻ ഇടിഞ്ഞു. അത് തിരിച്ചു പിടിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല.  ഇനി അതിന് കഴിയുമോ എന്ന് സംശയമുണ്ട്.

 വിദേശത്തേക്ക് ചെറുപ്പക്കാരെ അയക്കുന്ന ഒരു ട്രെൻഡ് നിലനിൽക്കുന്നു.എത്രകാലം പുറത്തേക്ക് പോകാൻ കഴിയും എന്ന് പറയാൻ ആവില്ല. ചെറുപ്പക്കാർ മാധ്യമങ്ങളെ അനുധാവനം ചെയ്യാതെ, മാധ്യമങ്ങൾക്ക് റീഡർഷിപ്പ് ഉണ്ടാകാൻ പോകുന്നില്ല.ജേണലിസം പഠിക്കുന്നവർ പോലും പത്രം വായിക്കുന്നില്ല.മലയാള പത്രങ്ങൾ വായിക്കപ്പെടുന്നില്ല.തെറ്റില്ലാതെ എഴുതുന്നവർ ഇല്ലാതെയാകുന്നു.ഭരിക്കുന്ന മന്ത്രിമാർ ആരെന്ന് പത്രപ്രവർത്തന വിദ്യാർത്ഥികൾക്ക് പോലും അറിയില്ല. പത്രവായന സ്കൂൾതലത്തിൽ തിരിച്ചുകൊണ്ടുവരുമെന്ന് പറയുന്നു. 

രാഷ്ട്രീയ താൽപര്യം വിദ്യാർത്ഥികളിൽ കുറഞ്ഞു വരുന്നു.ജേണലിസം പഠിക്കാൻ വരുന്നവരിൽ കൂടുതൽ പെൺകുട്ടികളാണ്. അവർക്ക് രാഷ്ട്രീയ താല്പര്യം കുറവാണ്. ജോലി വേണം. വാർത്ത വായിക്കുന്നവരുടെ വേഷമാണ് അവർ ആഗ്രഹിക്കുന്നത് .ബൈറ്റ് എടുക്കണം,ആങ്കർ ചെയ്യണം. ഇന്ത്യൻ സ്വാതന്ത്ര്യ സമരമോ തിരുവിതാംകൂർ പ്രക്ഷോഭ ചരിത്രമോ പഠിക്കേണ്ട.എൽ.ഡി.എഫും യു.ഡി.എഫും തമ്മിലുള്ള വ്യത്യാസം പോലും തിരിച്ചറിയാത്തവരുണ്ട്. എങ്കിലും, ഇവർക്കെല്ലാം ജോലി കിട്ടുന്നുണ്ട്.പരിശീലിപ്പിച്ച് എടുക്കുന്ന പുതിയ തലമുറയ്ക്ക് നാട്ടിൽ ഒരു ജോലി കിട്ടുമെന്ന  പ്രതീക്ഷ നഷ്ടപ്പെട്ടവരും ഉണ്ട്. ക്ലാസിൽ പോലും വരാത്ത കുട്ടികൾ.പഴയ പഠനാന്തരീക്ഷം അല്ല ഉള്ളത്. ഇങ്ങനെ ഒരു തലമുറ മാധ്യമ രംഗത്ത് വന്നാൽ എങ്ങനെ മുന്നോട്ടു പോകും? 

 ടെക്നോളജി ഉള്ളതുകൊണ്ട് മാധ്യമങ്ങൾ മുന്നോട്ടു പോകും.പഴയ ശൈലി ഇനി തിരിച്ചു വരുമോ എന്ന് പറയാൻ പറ്റില്ല. ഇൻട്രോ വാർത്തയുടെ അവസാനഭാഗത്ത്  കൊടുക്കുന്ന രീതി പോലും നിലവിലുണ്ട്.ഒരുപാട് മാറ്റങ്ങൾ. പരസ്പരബന്ധം ഇല്ലാത്ത തലക്കെട്ടുകൾ.പത്രങ്ങൾ മാഗസിൻ ശൈലി സ്വീകരിക്കുന്നു. ഇലക്ട്രോണിക് ഡിജിറ്റൽ മാ ധ്യമങ്ങളുമായി മത്സരിക്കുന്ന രീതി ഉള്ളതും ശൈലിയിൽ മാറ്റം വരാൻ കാരണമായിട്ടുണ്ട്.എങ്ങനെ മുന്നോട്ടു കൊണ്ടുപോകും എന്നത് വലിയ ആശങ്ക തന്നെയാണ്, ഡോ.പോൾ മണലിൽ പറഞ്ഞു നിർത്തി.

ഡി.പ്രദീപ് കുമാറും കെ. ഹേമലതയും മോഡറേറ്റർമാരായി.

 ഈ പരിപാടിയുടെ ശബ്ദലേഖനം മീഡിയ വേവ്സ് ചാനലിലുണ്ട്:https://youtu.be/MNlXfVK6iqY?si=T-i57jlzxajnFuvz

(* റിപ്പോർട്ട് തയ്യാറാക്കിയത് കെ. ഹേമലത )

Followers

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

സൂക്ഷ്മദര്‍ശി‍നി BOOKS-2

സൂക്ഷ്മദര്‍ശി‍നി BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ

GREENRADIO -കവിതാലാപനങ്ങൾ

Labels

(അ)വർണ്ണാശ്രമത്തിലെ വെണ്ണപ്പാളികൾ (1) 100th POST;FIVE QUESTIONS IN CONNECTION WITH INTERNATIONAL WOMEN'S DAY (1) 4.5 ശതമാനം ഉപസംവരണം/മുസ്ലീം ആധിപത്യം/സാമൂഹികം/ ലേഖനം/ അക്ഷയ/മുഗള്‍ / (1) A SATITRE (1) ABHAYA MURDER CASE AND MEDIA (2) AII India Radio (1) AMBEDKAR GREEN ARMY (1) ANNA HAZARE (1) ASSEMBLIES (1) AUTO DRIVERS IN KOZHIKODE (1) Aalkkoottam inland magazine (1) BABA AMTE (1) BAN ON TEACHERS WEARING SAREE IN KERALA (1) BANGALURU (1) CAPSULES (1) CASTE IN POLITICS (1) CHENGARA LAND STRUGGLE TO NEW HEIGHTS (1) COMMUNITY CYCLING IN PARIS (1) CORRUPTION IN HIGHER EDUCATION SECTOR (1) CULTURAL OUTRAGE IN THE NAME OF KHADI IN KERALA (1) CULTURAL POLICE IN KERALA (1) CYBER ACT (1) CYBER TERRORISM (1) CYCLING IN LAKSHADWEEP (1) Church in Kerala (2) D.Parameswaran Potti (1) DEEMED UNIVERSITIES (1) DR VERGHESE KURIEN (1) DUDABHAI (1) FILMREVIEW (1) G M FOODS (1) GLOBAL WARMING AND KERALA (1) GOA (1) GREEN RADIO PODCASTS (1) GREEN RADIO-PODCAST (1) GREEN RADIO-എങ്ങനെ കേള്‍ക്കാം (1) HEALTH TOURISM IN INDIA (1) HINDUSTANI MUSIC IN KERALA (1) HUMOUR (1) I T PROFESSIONALS (1) I too had a dream (1) IFFI 2011 (1) INDIA BEYOND COPENHAGEN (1) IT'S MAN-MADE (1) Indian Performing Rights (1) Indian tie (1) JASMINE REVOLUTION (1) JASMINE REVOLUTION IN INDIA (1) JUDICIARY (1) JUSTICE CYRIAC JOSEPH (1) KASARGODE DWARF (1) KERALA MUSLIMS AND DEMOCRACY (1) KERALA.KARNATAKA (1) KOCHI METRO (1) Kochi F M (2) LIFE STYLE OF KERALA BENGAL LEADERS:A STORY IN CONTRAST (1) LOK PAL BILL (1) LOKAYUKTHA (1) Little Magazines in Kerala (1) MAHATMA GANDHI (2) MAKARAJYOTI FARCE (1) MANGALA DEVI TEMPLE (1) MARTIN LUTHER KING JNR (1) MEDIA IN KERALA (1) MY BOOKS (2) Mavelikara (1) NEGATIVE VOTING RIGHT (1) NEIGHBOURHOOD SCHOOLS (1) NIGHT LIFE (1) Nationalisation of segregated graveyards (1) OCCUPY WALL STREET (2) ONAM AND TV SHOWS IN KERALA (1) Onam (2) PAIDNEWS (1) Poverty in America (1) QUALITY OF KWA TAP WATER (1) QUEEN'S ENGLISH IN KERALA (1) RACIAL DISCRIMINATION AGAINST WOMEN AND DALITS BY KERALA PRESS (1) REFERENDUM ON MAJOR DECISIONS (1) RELIGION OF ELEPHANTS IN KERALA? (1) ROYALTY TO MUSIC PERFORMANCES (1) Real estate on Moon (1) SATIRE (4) SEX (1) SOCIAL ILLITERACY IN KERALA (1) STATUES (1) SUBHA MUHOORTHA FOR CAESAREAN SURGERY (1) SUBHASH PALEKAR (1) SUFI PARANJA KATHA (1) SUPERSTITION AT SABARIMALA (1) SUTHARYAKERALAM: A HIGHTECH FARCE (1) SWINE FLUE AND MEDIA (1) THE CHURCH ON CHILD- MAKING SPREE (1) THE FOOD SECURITY ARMY IN KERALA (1) THE MAKING OF GOONDAS IN KERALA. (1) THE PLIGHT OF THE AGED IN KERALA (1) THE RIGHT TO FREE AND COMPULSORY EDUCATION BILL (1) THE SILENT MINORITY:BACKBONE OF INDIAN DEMOCRACY (1) THEKKADI (1) Thoppippala (1) URBANISATION (1) V.Dakshinamoorthy (1) VECHUR COWS (1) VELIB.FREEDOM BIKE (1) VOTERS IN THE CYBER WORLD/സാക്ഷരത/നവമാദ്ധ്യമങ്ങൾ (1) WHY DO PEOPLE DIE OF COLDWAVES IN NORTH INDIA? (1) WOMEN RESERVATION IN PARLIAMENT (1) cyber crime case against blogger (2) first F.M station in Kerala (1) greenradio podcasts (1) local radio station (1) national heritage animal (1) parallel publications in Malayalam (1) woman paedophile (1) അംബേദ്കർ (2) അംബേദ്കർ ഗ്രീൻ ആർമി (1) അക്ബറാന (1) അക്ഷയതൃതീയ (1) അക്ഷയതൃതീയ AKSHAYATHRUTHIYA (1) അഗസ്റ്റിൻ ജോസഫ് (1) അങ്കിൾ ജഡ്ജ് സിൻഡ്രോം” (1) അതിവേഗപാത (1) അതിശൈത്യമരണങ്ങൾ (1) അനുഭവം (1) അമുൽ (1) അമേരിക്കയിലെ ദരിദ്രർ (1) അയ്യങ്കാളി (1) അഷ്ടമംഗലദേവപ്രശ്നം (1) ആട്-തേക്ക്-മാഞ്ചിയം (1) ആര്‍ഭാടങ്ങള്‍ (1) ആള്‍ക്കൂട്ടം (2) ആർ.വിമലസേനൻ നായർ (1) ആൽബർട്ടോ ഗ്രനാഡോ (1) ആൾക്കൂട്ടം ഇൻലന്റ്‌ മാസിക (2) ഇന്ത്യ (1) ഉഴവൂര്‍ (1) എ.എൻ.സി (2) എം.എ.എസ് (1) എം.എഫ് ഹുസൈൻ (1) എംബെഡഡ് ജേർണ്ണലിസം/ അയ്യങ്കാളി (1) എസ്.എൻ.ഡി.പി (1) ഏംഗത്സ് (1) ഏട്ടിലെ പശു (1) ഏഷ്യാഡ് (1) ഐ.എസ്.അര്‍.ഓ (1) ഒക്യുപൈ വാൾ സ്ട്രീറ്റ് (1) ഒക്സിജന്‍ പാര്‍ലർ (1) ഒറ്റപ്പാലം (1) ഒറ്റയാൾ (3) ഓ.എൻ.വി (1) ഓഡിയോ (1) ഓണം (1) ഓർമ്മകൾ (1) ഓർമ്മയാണച്ഛൻ (1) കഞ്ഞി (1) കണ്ടതും കേട്ടതും (2) കള്ളപ്പണം (1) കവരത്തി (1) കവിതാലാപനം (2) കാല്‍കഴുകിച്ചൂട്ടൽ (1) കാളന്‍ (1) കാളയിറച്ചി (1) കാസർകോഡ് ഡ്വാർഫ് (1) കാർഷിക യന്ത്രവത്കരണം (1) കാർഷിക വിപ്ലവം (1) കാർഷികം/ ലേഖനം/ബ്ലാക്ക്ബെറി/മിൽക്കി ഫ്രൂട്ട്/അവക്കാഡോ/ദുരിയാൻ/റമ്പൂട്ടാൻ (1) കാൽകഴുകിച്ചൂട്ടൽ (1) കീഴാചാരം (1) കുഞ്ഞപ്പ പട്ടാന്നൂർ (1) കുറിപ്പ്‌ (1) കൂറുമാറ്റം (1) കൃഷ്ണയ്യർ (1) കെ.ആര്‍.നാരായണന്‍ (1) കെ.ആർ.ടോണി (1) കെ.ഗിരിജ വർമ്മ (1) കെ.ഗിരിജാവർമ (1) കെ.വി.ഷൈൻ (1) കോണകം (2) ക്ലാസിക്ക് മെട്രോ (1) ക്ഷേത്രപ്രവേശനം (1) കൻഷിറാം (1) ഖവാലി (1) ഗജ ദിനം (1) ഗിരിപ്രഭാഷണം (1) ഗീർ പശു (1) ഗുണ്ടായിസം (1) ഗുണ്ടാരാജ് (1) ഗുരുവായൂർ (1) ഗോൾചെറെ (1) ഗ്രാമസഭ (1) ഗ്രീൻ കേരള എക്സ്പ്രസ് (1) ഗ്രീൻ റേഡിയോ പോഡ്കാസ്റ്റ് (2) ചണ്ഡിഗർ (1) ചന്ദ്രൻ (1) ചരിത്രം (1) ചലച്ചിത്രനിരൂപണം (1) ചലച്ചിത്രവിചാരം-ഒരെ കടല്‍ (1) ചിഡ് വാര (1) ചിത്രകാരൻ (2) ചൂടുവെള്ളത്തിൽ വീണ (1) ചെ ഗുവേര (1) ചെങ്ങറ (2) ചൊവ്വാ (1) ജഗ്ജ്ജീവന്‍ റാം (1) ജനകീയകോടതി (1) ജനാധിപത്യംANTI-DEFECTION LAW AND INDIAN DEMOCRACY (1) ജാവേദ് അക്തർ (1) ജീവത്സാഹിത്യംശശി തരൂർ (1) ജുഡീഷ്യറിയിലെ അഴിമതി/ കെ.ജി.ബാലകൃഷ്ണൻ (1) ജ്ഞാനഗുരു (1) ടോപ്പ്ലസ് (1) ടോൾ (1) ഡോ ജോൺ മത്തായി (1) ഡ്രസ് കോഡ് (1) ഡൽഹി (1) തഥാഗതൻ (1) താതാ നിന്‍ കല്പനയാല്‍ (1) താഹ്രീർ സ്കൊയർ (1) തൃപ്പൂത്താറാട്ട് (1) തെമ്മാടിക്കുഴി (1) തോർത്ത്‌ (1) ത്യാഗികൾ (1) ത്രിവര്‍ണ്ണപതാക (1) ദ കിഡ് വിത്ത് എ ബൈക്ക് (1) ദളിത് (1) ദാരിദ്ര്യരേഖ (1) ദൃഷ്ടിപഥം (17) ദേശീയ ഉത്സവം (1) ദേശീയ പതാക-TRIBUTE TO KAMALA DAS;RECITATION OF HER POEM IN MALAYALAM (1) ധവളവിപ്ലവം (1) നക്ഷത്രഫലം (1) നര്‍മ്മം (1) നല്ലതങ്ക (1) നവമാദ്ധ്യമങ്ങൾ (1) നവവത്സരാശംസകള്‍‍ (1) നസീറാന (1) നാഗസന്യാസിമാർ (1) നാരായണ പണിക്കർ (1) നെൽസൺ മണ്ടേല (1) നേർച്ചസദ്യ (1) നർമ്മം (2) നർമ്മദ (1) പരിഹാരക്രിയ (1) പി.ഉദയഭാനു (4) പി.ഭാസ്‌കരന്‍ (1) പി.സായ് നാഥ് (1) പിണറായി (1) പുസ്തകനിരൂപണം (1) പൂന്താനം (1) പൈതൃകമൃഗം (1) പൊതുസീറ്റുകൾ (1) പൊന്നമ്പലമേട് (1) പൊർഫീരിയോ (1) പോഡ്കാസ്റ്റ് (1) പൌലോസ് മാർ പൌലോസ് (1) പ്രതിമകൾ (1) പ്രാക്കുളം ഭാസി (1) പ്രിയനന്ദനൻ (1) പ്രേം നസീർ (1) പ്ലാവില (1) ഫലിതം (5) ഫലിതം A FRIENDSHIP DAY DISASTER (1) ഫസ്റ്റ്ഗ്രേഡർ (1) ഫിദൽ (1) ഫെമിനിസ്റ്റ് (1) ഫ്രന്‍ഡ്ഷിപ് ഡേ (1) ബഷീർ (3) ബാബ ആംതെ/ (1) ബാബുരാജ് (1) ബി.ഓ.ടി (1) ബുർക്ക (1) ബൊളീവിയ (1) ഭക്ഷ്യ അരക്ഷിതാവസ്ഥ (1) ഭക്ഷ്യ സുരക്ഷാ സേന (1) ഭാവി രാഷ്ട്രീയ അജണ്ട (1) ഭൂമിക്കൊരു ചരമഗീതം (2) മംഗളാദേവി ക്ഷേത്രം 2001- (1) മകരജ്യോതി (1) മതം (2) മദ്യപാനം (2) മമത (1) മമ്മൂട്ടി (2) മറൂഗ (1) മഹാസ്ഥാപനം (1) മാഡം കാമ (1) മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് (1) മാദ്ധ്യമസദാചാരം (1) മാധവന്‍ നായര്‍ (1) മാധ്യമം (3) മാപ്പിളപ്പാട്ട് (1) മായാവതി (1) മാര്‍ക്സ് (1) മുല്ലപ്പൂ വിപ്ലവം (1) മുസ്ലീം സാക്ഷരത (1) മുസ്ലീം സ്ത്രീ സാക്ഷരതാനിരക്ക് (1) മേധാ പട്ട്കർ (1) മേഴ്സി മാത്യു (2) മൈഥിലി (1) മൊബൈൽ ഫോൺ (1) മോഹൻലാൽ (1) യൂത്ത് ഒളിമ്പിക്സ് (1) യേശുദാസ് (1) രാമനുണ്ണി (1) രാഷ്ട്രപതി (1) രാഷ്ട്രീയം (7) രാഷ്ട്രീയസദാചാരം (1) റഷ്യ (1) റഷ്യയിലെ ജനസംഖ്യ (1) റിവോദിയ (1) റെസിഡന്റ്സ് അസ്സോസിയേഷൻ (1) റേഡിയോ (7) റേഡിയോ സ്കിറ്റ് (1) റോഡ് സുരക്ഷാവാരം (1) റൌൾ (1) റ്റിന്റുമോൻ (1) ലെനിൻ (2) ലേഖനം (12) ലേഖനം/ ഡോ വർഗ്ഗീസ് കുര്യൻ (1) ലേഖനം/രാഷ്ട്രീയക്രിമിനൽവത്കരണം/CRIMINALISATION OF POLITICS/A RAJA /KANIMOZHI/TIHAR (1) ലോക അണക്കെട്ട് കമ്മീഷൻ (1) ലോക് അദാലത്ത് (1) ളാഹ ഗോപാലൻ (1) വടയക്ഷി (1) വന്ദേ മാതരം (1) വാലന്റൈന്‍സ് ഡേ (1) വാസ്തു (1) വാസ്തുദോഷനിവാരണക്രിയ (1) വാഹനപരിശോധന (1) വാർഡ് സഭ/GRAMASABHAS IN KERALA ON THE DECLINE (1) വി.പി.സിങ്ങ് (1) വിജയ് യേശുദാസ് (1) വിദ്യാരംഭം (1) വിന്നി (2) വിരുദ്ധോക്തി (1) വിശുദ്ധഗ്രന്ഥങ്ങൾ (1) വിശ്വപൌരന്‍ (1) വെച്ചൂർ പശു (1) വ്യാജമൂല്യബോധംപൊതുജനസേവക പ്രക്ഷേപകർ (1) ശതാഭിഷേകം (2) ശനിദോഷ നിവാരണണപൂജ (1) ശബരിമല (3) ശരീര ഭാഷ (1) ശവി (1) ശാർക്കര (1) ശില (1) ശുദ്ധികലശം (1) ശുഭമുഹൂർത്തപ്രസവം. (1) ശ്രീനാരായണ ഗുരു (4) ശർബാനി (1) ഷൈൻ (1) സംഗീതം (1) സദാചാര പൊലീസ് (1) സദാചാരാപഭ്രംശം (1) സഫലമീയാത്ര (1) സമൂഹികബോധം (1) സാമൂഹികം (3) സാമൂഹികം. (1) സാമൂഹികം.CYBER ACT IN KERALA (1) സാമൂഹികം.പന്നിപ്പനി (1) സാമൂഹികം/ ലേഖനം/ (3) സാമൂഹികം/ ലേഖനം/ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി (1) സാമൂഹികം/ ലേഖനം/ തദ്ദേശ തെരഞ്ഞെടുപ്പ് വിധി (1) സാമൂഹികം/ ലേഖനം/ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ.കില (1) സാമൂഹികം/ ലേഖനം/ മദ്യപാനം/വാഹനാപകടം (1) സാമൂഹികം/ ലേഖനം/ വിവരാവകാശ നിയമം/RTI ACT:DRAFT OF NEW RULES (1) സാമൂഹികം/ ലേഖനം/ B B C (1) സാമൂഹികം/ ലേഖനം/ BENGALI MIGRANT WORKERS IN KERALA (1) സാമൂഹികം/ ലേഖനം/ COMMONWEALTH GAMES (1) സാമൂഹികം/ ലേഖനം/ FOREIGN EDUCATIONAL INSTITUTIONS BILL (1) സാമൂഹികം/ ലേഖനം/ HINDU-MUSLIM AMITY;A TRUE STORY (1) സാമൂഹികം/ ലേഖനം/ ORISSA/NAVEEN PATNAIK (1) സാമൂഹികം/ ലേഖനം/ RELIGIOUS EXTREMISTS IN KERALA (1) സാമൂഹികം/ ലേഖനം/ THE COURT AND THE PEOPLES COURT (1) സാമൂഹികം/ ലേഖനം/ THE IMPACTS OF N S S'S DECISION TO FREE THEIR EDUCATIONAL INSTITUTIONS FROM RELIGIOUS ACTIVITIES (1) സാമൂഹികം/ ലേഖനം/ VOTERS' RIGHT TO MOVE NON-CONFIDENCE (1) സാമൂഹികം/ ലേഖനം/ WHY WOMEN AND DALITS NOT BEING FIELDED FROM GENERAL SEATS IN KERALA? (1) സാമൂഹികം/ ലേഖനം/ WOMEN TO UPSET THE APLECARTS OF MANY IN KERALA (1) സാമൂഹികം/ ലേഖനം/ അമേരിക്കയുടെ വായ്പാക്ഷമത/DOWNGRADE / S AND P/ KRUGMAN/OBAMA (1) സാമൂഹികം/ ലേഖനം/ ആന (1) സാമൂഹികം/ ലേഖനം/ ആയുർദൈർഘ്യം/ മാനവ വികസന സൂചിക/ലോക ആരോഗ്യദിനം (1) സാമൂഹികം/ ലേഖനം/ കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമം/RTE ACT/ന്യൂനപക്ഷസ്കൂളുകൾ (1) സാമൂഹികം/ ലേഖനം/ ഗ്രാമസഭ (1) സാമൂഹികം/ ലേഖനം/ നീതിന്യായാവകാശ നിയമം (1) സാമൂഹികം/ ലേഖനം/ പാലിയേക്കര/ടോൾ/BOT/അരാഷ്ട്രീയവത്കരണം/ചേറ്റുവ (1) സാമൂഹികം/ ലേഖനം/ പ്രവാസിത്തൊഴിലാളികൾ/ബംഗാൾ/ഒറീസ/തൊഴിൽ അല്ലെങ്കിൽ ജെയിൽ (1) സാമൂഹികം/ ലേഖനം/ ബാറ്റിസ്റ്റ (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസദാചാരം (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസാന്ദ്രത/media density/മത ന്യൂനപക്ഷ സ്കോളർഷിപ്പുകൾ (1) സാമൂഹികം/ ലേഖനം/ ലോക പൈതൃകദിനം/ബാമിയന്‍ താഴ്വര/പുരാതനം/അജന്ത/എല്ലോറ (1) സാമൂഹികം/ ലേഖനം/ ശ്രീപത്മനാഭസ്വാമി /മാർത്താണ്ഡ വർമ്മ/കാൽ കഴുകിച്ചൂട്ട് (1) സാമൂഹികം/ ലേഖനം/CUBA/POPE/FIDEL CASTRO/RAUL CASTRO (1) സാമൂഹികം/ ലേഖനം/FUKUOKA (1) സാമൂഹികം/ ലേഖനം/THE CASTE (1) സാമൂഹികം/ ലേഖനം/THE FAITHFUL AND THE DRUNKARDS (1) സാമൂഹികം/ ലേഖനം/THE FALL OF JUDICIARY IN INDIA/ILLITERACY IN JAILS (1) സാമൂഹികം/ ലേഖനം/അണ്ണാ ഹസാര/പാർലമെന്റിന്റെ പരമാധികാരം/SUPREMACY OF THE PARLIAMENT/ANNA HAZARE (1) സാമൂഹികം/ ലേഖനം/അൽ ബറാക്ക്/ഇസ്ലാമിക ബാങ്ക്/ISLAMIC BANKING IN KERALA (1) സാമൂഹികം/ ലേഖനം/ഉമ്മൻ ചാണ്ടി/ജനസമ്പർക്ക പരിപാടി/സുതാര്യകേരളം/SUTHARYAKERALAM (1) സാമൂഹികം/ ലേഖനം/കെ.ആർ.നാരായണൻ/K.R NARAYANAN/ കെ.കുഞ്ഞമ്പു/കെ.പി.എസ് മേനോൻ (1) സാമൂഹികം/ ലേഖനം/കേരള തെരഞ്ഞെടുപ്പ് 2011/ഉമ്മഞ്ചാണ്ടി മന്ത്രിസഭ/ഇ ഗവേണ്ണൻസ് (1) സാമൂഹികം/ ലേഖനം/ക്യൂബ/കാസ്ട്രോ/മാർപ്പാപ്പ/റൌൾ/ബാറ്റിസ്റ്റ/ചെഗുവരെ (1) സാമൂഹികം/ ലേഖനം/ദയാബായി/DAYABAI (1) സാമൂഹികം/ ലേഖനം/നിയമസഭാതെരഞ്ഞെടുപ്പ് /ഇലക്ഷൻ കമ്മീഷൻ /ജനാധിപത്യധ്വംസനം (1) സാമൂഹികം/ ലേഖനം/ഫിദൽ കാസ്ത്രോ/ക്യൂബ/റൌൾ കാസ്ത്രോ/ ജോസ് മാർട്ടി/ഗ്വാണ്ടനാമോ (1) സാമൂഹികം/ ലേഖനം/ബെയിൽ ഔട്ടു/ (1) സാമൂഹികം/ ലേഖനം/മുഖപ്രസംഗങ്ങൾ/ ഏജന്റുമാരുടെ സമരം/ഒപ്പീനിയൻ ലീഡേഴ്സ് (1) സാമൂഹികം/ ലേഖനം/മുല്ലപ്പൂവിപ്ലവം/സൌദി /MALE GUARDIANSHIP SYSTEM IN SAUDI ARABIA/VIRGINITY TEST ON EGYPTIAN PROTESTERS (1) സാമൂഹികം/ ലേഖനം/മൊബൈൽഫോൺ സാന്ദ്രത (1) സാമൂഹികം/ ലേഖനം/രാജ്യ സഭ/ലെജിസ്ലേറ്റീവ് കൌൺസിലുകൾ/WHO REQUIRES UPPER HOUSES? (1) സാമൂഹികം/ ലേഖനം/രാഷ്ട്രീയസദാചരം/POLITICAL MORALITY (1) സാമൂഹികം/ ലേഖനം/റേഡിയോആഡംബരങ്ങള്‍ (1) സാമൂഹികം/ ലേഖനം/ലോക്പാൽ/ഇന്ദുലേഖ/ ട്രാൻസ്പേരൻസി ഇറ്റർനാഷണൽ (1) സാമൂഹികം/ ലേഖനം/വികസനം/ടോൾ/വൈപ്പിൻ/വികസനമാതൃകകൾ /ചിക്കുൻ ഗുനിയ (1) സാമൂഹികം/ ലേഖനം/വിശ്വാസവ്യാപാരം/ആദ്ധ്യാത്മിക ദാരിദ്ര്യം/ ജാതിപ്പേരുകൾ (1) സാമൂഹികം/ ലേഖനം/ശ്രീപത്മനാഭ സ്വാമി ക്ഷേത്രം/മതിലകം/കരുവാലയം/തൃപ്പടിദാനം/ (1) സാമൂഹികം/ ലേഖനം/ഷബാന ആസ്മി (1) സാമൂഹികം/ ലേഖനം/സംവരണമണ്ഡലം (1) സാമൂഹികം/ ലേഖനം/സുകുമാർ അഴീക്കോട്/OPINION LEADER OF KERALA (1) സാമൂഹികം/ ലേഖനം/സ്വകാര്യ പ്രാക്റ്റ്iസ്/ഫൂഡ് സപ്ലിമെന്റുകൾ/കേരള മാതൃക (1) സാമൂഹികം/അയ്യങ്കാളി (1) സാമൂഹികം/ക്രിമിനൽ/ഇൻവെസ്റ്റിഗേറ്റീവ് ജേർണ്ണലിസം/ക്വൊട്ടേഷൻ സംഘം (1) സാമൂഹികം/മാർട്ടിൻ ലൂഥർ കിങ്ങ് (1) സാമൂഹികം/മുല്ലപ്പൂ വിപ്ലവം (1) സാമൂഹികം/മൂന്നാര്‍/ലേഖനം/DEATH BELLS FOR MUNNAR (1) സാമൂഹികം/ലക്ഷദ്വീപ് (1) സാമൂഹികം/ലക്ഷദ്വീപ് THE CHANGING FACE OF LAKSHADWEEP (1) സാമൂഹികം/ലേഖനം (6) സാമൂഹികം/ലേഖനം/കേരളം/M C J ALUMNI OF KERALA UNIVERSITY (1) സാമൂഹികം/ലേഖനം/റേഡിയോ/LETTERS TO RADIO (1) സാമൂഹികം/ലൈംഗികാതിക്രമം/കുട്ടികുറ്റവാളികൾ/ കൂട്ടുകുടുംബം/അണുകുടുംബം (1) സാമൂഹികം/സിംല (1) സാമൂഹികംരാവുണ്ണി (1) സാമൂഹികവിസ്ഫോടനം (1) സാമ്പത്തിക മാന്ദ്യം (1) സി.എം.എസ്‌ കോളേജ്‌ (2) സിദ്ധമതം (1) സുബ്ബലക്ഷ്മി/ചെമ്പൈ/ലേഖനം/ദേവദാസി/സദാശിവം/മീരാഭജൻ/ വൈഷ്ണവ ജനതോ (1) സുരേഷ് ഗോപി (1) സൂഫി പറഞ്ഞ കഥ (1) സൈക്കിള്‍ (1) സൈക്കിൾ (1) സൈബർ നിയമം (1) സോജ (1) സോഷ്യലിസ്റ്റ് (1) സ്കിറ്റ് (1) സ്ത്രീവസ്ത്രധാരണത്തിന്റെ രാഷ്ട്രീയം (1) സ്വർണ്ണക്കമ്മൽ (1) സ്വർണ്ണഭ്രമം (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2012 (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2013/SKIT/SATIRE/HUMOUR/D.PRADEEP KUMAR (1) ഹാസ്യം (34) ഹാസ്യം.ഫലിതം (3) ഹാസ്യം.ഫലിതം SATIRE (1) ഹാസ്യംഫാമിലി കോണ്ടാക്റ്റ് ഡേ (1) ഹീഗ്വര (1) ഹൈടെക് നിരക്ഷരർ (1) ഹൈറേഞ്ച് ഡ്വാർഫ് (1)

കേരള ബ്ലോഗ് അക്കാദമി

ഇന്ദ്രധനുസ്സ്

ബ്ലോഗ് ഹെല്‍പ്പ്ലൈന്‍