ഏജന്റുമാരുടെ സമരം കാരണം കേരളത്തിൽ പത്രവിതരണം മുടങ്ങിയിട്ട് ഇന്ന് പതിനഞ്ചാം ദിവസ്സം.അനിശ്ചിതമായി നീളുന്ന ഈ സമരം വിജയിച്ചാലും പരാജയപ്പെട്ടാലും ഇത് നമ്മുടെ സമൂഹത്തിനു വലിയൊരു സന്ദേശം നൽകുന്നുണ്ടു-മലയാളിക്ക് പത്രം ഒരു അവശ്യവസ്തുവല്ലാതായിക്കഴിഞ്ഞിരിക്കുന്നു.പത്രക്കാരാരും ഇത് പരസ്യമായി സമ്മതിക്കില്ലെങ്കിലും പച്ചയായ പരമാർത്ഥമാണിത്.രാവിലെ ഏണീറ്റ് ചൂടു കാപ്പിയോടോ ചായയോടോ ഒപ്പം പത്രവായന ശീലമാക്കിപ്പോന്ന,ലോകത്തെതന്നെ ഏറ്റവും മാദ്ധ്യമവത്കൃതമായ സമൂഹമെന്നു വിശേഷിപ്പിക്കപ്പെടുന്ന മലയാളിയുടെ ജീവിതചര്യയിൽ നിന്ന് ഒരു ശബ്ദം പോലു മുണ്ടാക്കാതെ ദിനപ്പത്രങ്ങൾ നിഷ്ക്രമണം ചെയ്തിരിക്കുന്നു.
പ്രായമായവർക്കും ,രാഷ്ട്രീയക്കാരിൽ ചിലർക്കും പത്രം വായിക്കാനാകാത്തതിൽ ചെറിയ അസ്വസ്ഥതകളില്ലാതില്ല.അവരും പുതിയ ശീലങ്ങളിലേക്ക് ക്രമേണ വഴിമാറിക്കൊള്ളും. -എന്താണിങ്ങനെ സംഭവിക്കുന്നത്?പത്ര ഉടമസ്ഥരും മാദ്ധ്യമപ്രവർത്തകരും മാത്രമല്ല സാമൂഹികശാസ്ത്രജ്ഞരും വളരെ ഗൌരവത്തോടെ ആലോചിക്കേണ്ട വിഷയമാണിത്.കേരളത്തിലെ വിദ്യാർത്ഥികൾ മലയാളദിനപ്പത്രങ്ങളെ ഏതാണ്ട് പൂർണ്ണമായി തന്നെ ഉപേക്ഷിച്ചുകഴിഞ്ഞു.യുവജനങ്ങളുടെ ഇടയിൽ പത്രവായന പരിതാപകരമായ നിലയിലേക്ക് ചുരുങ്ങിക്കൊണ്ടിരിക്കുകയാണു.ബഹുഭൂരിപക്ഷവും പഠനമാദ്ധ്യമം ഇംഗ്ലീഷാക്കിയതിന്റെ പ്രതിഫലനമായിരുന്നു ഇത്.സി.ബി.എസ്.ഇ സിലബസിൽ പഠിക്കുന്ന കുട്ടികളുള്ള വീടുകളിൽ ഇംഗ്ലീഷ് പത്രം മാത്രം മതി എന്നായിക്കൊണ്ടിരിക്കുന്നു. ടെലിവിഷന്റേയും ഇന്റർനെറ്റിന്റേയും വൻസ്വാധീനമാണു മലയാളിയെ പത്രങ്ങളിൽ നിന്ന് അതിവേഗം അകറ്റിക്കൊണ്ടിരിക്കുന്ന മറ്റൊരു പ്രധാനഘടകം.ആദ്യം വാർത്തകൾ അറിയിക്കുന്നത് ടെലിവിഷനാണു.അവർ ഓരോ വാർത്തയും ആഘോഷമാക്കിമാറ്റുമ്പോൾ അടുത്തനാൾ പിന്നെ ആരെങ്കിലും പത്രം അരിച്ചുപെറുക്കി വായിക്കുമോ?വാർത്താവിശകലനങ്ങൾക്കാണു ഇപ്പോൾ അച്ചടിമാദ്ധ്യമങ്ങൾ കൂടുതൽ പ്രാധാന്യം നൽകേണ്ടത്.പക്ഷേ, നമ്മുടെ പ്രമുഖ ഇംഗ്ലീഷ് ദിനപ്പത്രങ്ങളടക്കം എല്ലാം ഇക്കാര്യത്തിൽ എത്രമാത്രം ശുഷ്ക്കമാണെന്ന് എടുത്തുപറയേണ്ട ആവശ്യമില്ല.പേരെടുത്തുപറയേണ്ട ഒരൊറ്റ രാഷ്ട്രീയ നിരീക്ഷകൻ പോലും ഒരു പത്രത്തിലുമില്ല.മുൻപ് ടി.വി.ആർ.ഷേണായിയുടേയും നരേന്ദ്രന്റേയും,വി.കെമാധവൻകുട്ടിയുടേയും,കെ.ആർ.ചുമ്മാറിന്റേയും,കെ.ഗോപാലകൃഷ്ണന്റേയുമൊക്കെ രാഷ്ട്രീയവിശകലനത്തിനായി ആകാംക്ഷയോടെ കാത്തിരുന്നത് മലയാളികൾ മാത്രമായിരുന്നില്ലല്ലോ.കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി ഇന്ത്യയുടെ ഭാവി നിർണ്ണയിക്കപ്പെടുന്നത് സാമ്പത്തികനയങ്ങളിലൂടെയാണു. പക്ഷേ,സാമ്പത്തികകാര്യ പത്രപ്രവർത്തന രംഗത്ത് വലിയൊരു ശൂന്യതയാണുള്ളത്.ഒരു ബജറ്റ് അവലോകനം പോലും നന്നായി എഴുതാൻ കഴിവുള്ള ഒരു പത്രപ്രവർത്തകൻ നമ്മൾക്കില്ല. ഇവിടെയാണു പിന്നെയും ടെലിവിഷൻ ചാനലുകൾ സ്കോർ ചെയ്യുന്നത്.വാർത്താവലോകനങ്ങളും സാമ്പത്തിക-സാമൂഹിക നയങ്ങളേയും പ്രശ്നങ്ങളേയും കുറിച്ചുള്ള വിശകലനങ്ങളും പ്രൈം ടൈമിൽ പ്രക്ഷേപണം ചെയ്തുകൊണ്ട് അവർ പത്രങ്ങളെ നിലംപരിശാക്കിക്കൊണ്ടിരിക്കുന്നു.രാത്രിയിലത്തെ ടെലിവിഷൻ ചർച്ചകളും സംവാദങ്ങളുമാണു ഇന്ന് മലയാളിയുടെ അഭിപ്രായരൂപവത്ക്കരണത്തെ ഏറ്റവുമധികം സ്വാധീനിക്കുന്ന ഘടകം.അടുത്തകാലം വരെയും ദിനപ്പത്രങ്ങളായിരുന്നു ഈ മാദ്ധ്യമധർമ്മം നിർവഹിച്ചുകൊണ്ടിരുന്നത്.എഴുത്തുകാരും ,മത-സാമൂഹിക നേതാക്കളുമടങ്ങിയ പൊതുപ്രവർത്തകരും “ഒപ്പീനിയൻ ലീഡേഴ്സ്” എന്ന നിലയിൽ ജനങ്ങളെ ഏറെ സ്വാധീനിച്ചിരുന്നു.ഈ.എം.എസ് മുതൽ സുകുമാർ അഴീക്കോട് വരെയുള്ള ക്രാന്തദർശികളായ,എല്ലാവരാലും ബഹുമാനിക്കപ്പെട്ടിരുന്ന മനീഷികളുടെ ആ പരമ്പര ചരിത്രത്തിലേക്ക് പിൻവാങ്ങുകയും ചെയ്തു. മുഖപ്രസംഗങ്ങളിലൂടെ മലയാളികളുടെ ചിന്തകളിൽ അഗ്നിപടർത്തിയ പ്രതിഭാധനരായ പത്രാധിപന്മാരുടെ നിരയും ഓർമ്മ മാത്രമായിമാറി. ഇന്ന് കൂലിയെഴുത്തുകാർ മാനേജ്മെന്റുകൾക്കുവേണ്ടി പടച്ചുവിടുന്നതാണിവ. അങ്ങനെ,മുഖപ്രസംഗങ്ങൾക്ക് ശക്തിയും ഓജസും ചോർന്നുപോയി.അവക്ക് അനുദിനം വായനക്കാർ കുറഞ്ഞുവന്നു.മലയാളി മുഖപ്രസംഗങ്ങളെ മാത്രമല്ല ,എഡിറ്റോറിയൽ പേജുകളെത്തന്നെ അവഗണിക്കാൻ തുടങ്ങി.അങ്ങനെ,പത്രങ്ങൾ എന്തെഴുതിയാലും അവ മലയാളിയെ സ്വാധീനിക്കാതായി.പത്രവായനയുടെ ആഴവും പരപ്പും കുറഞ്ഞു.അത് തീരെ ഗൌരവമില്ലാത്ത ഒന്നായി മാറി.പരസ്യങ്ങൾക്കായുള്ള മരണപ്പാചിലിൽ വാർത്തയുടെ വേഷം കെട്ടിവരുന്ന പരസ്യങ്ങളുടെ അതിപ്രസരം കൂടിയായപ്പോൾ പത്രങ്ങളെ ഗൌനിക്കേണ്ട ആവശ്യമേയില്ലെന്നു കേരളീയരിൽ ഭൂരിപക്ഷത്തിനും തോന്നി.അതുകൊണ്ടാണു ഇനി പത്രങ്ങൾ ഇറങ്ങുന്നില്ലെങ്കിലും അത് അവരുടെ ജീവിതത്തെയോ ദിനചര്യകളെയോ ഒരു രീതിയിലും ബാധിക്കാത്തത്.മാദ്ധ്യമധർമ്മത്തിൽ നിന്ന് അകന്നു പോയ ദിനപ്പത്രങ്ങൾക്ക് ജനങ്ങൾക്കിടയിൽ ഒരു പ്രസക്തിയുമില്ലെന്ന് ബന്ധപ്പെട്ടവർ തിരിച്ചറിഞ്ഞിട്ടുണ്ടോ? -എങ്കിൽ അവർക്കിത് സ്വയം തിരുത്താനും അപഥസഞ്ചാരത്തിൽ നിന്ന് പിന്തിരിയാനും ആത്മവിമർശനം നടത്തി സ്വയം ശുദ്ധീകരിക്കാനുമുള്ള അസുലഭമായ അവസരമാണു.