Search This Blog
Monday, 15 December 2008
ശ്മശാനങ്ങള്‍ ദേശസാല്‍ക്കരിക്കേണ്ടേ?
ഒന്നര സെന്റു മാത്രം ഭൂമിയുള്ള കോളനികളില്‍ മരിച്ചവരെ സ്വന്തം കുടി പൊളിച്ചു അടക്കി അതിനു മുകളില്‍ കഴിഞ്ഞുകൂടാന്‍ നിര്‍ബന്ധിതരായ,നിസ്സഹായരുടെ വേദനകള്‍ ആരറിയുന്നു?അസുഖം ബാധിച്ച് മരിച്ച സ്വര്‍ണ്ണയെന്ന 45കാരിയെ സ്വന്തം കൂരയുടെ അടുക്കള പൊളിച്ചാണു ഭര്‍ത്താവു മറവു ചെയ്തത്.കുറച്ചു കാലം മുന്‍പു മറ്റൊരു ദളിത് കോളനിയില്‍ അപമൃത്യുവിനിരയായ രണ്ടു പെണ്‍കുട്ടികളുടെ ജഡങ്ങളും വീടുകാര്‍ അടുക്കള പൊളിച്ചു സംസ്കരിച്ചു.അങ്ങനെ എത്രയെത്ര കഥകള്‍!
ഇവിടെയൊന്നും പൊതുശ്മശാനങ്ങളില്ല. ശ്മശാനങ്ങളില്ലാത്തതിനാലല്ല അഗതികളായ ഈ മനുഷ്യര്‍ക്ക് മരിച്ചവരെ അടക്കാന്‍ ആറടി മണ്ണു പോലും ഇല്ലാതെ പോയത്.
ഉള്ളവര്‍ക്ക് എല്ലാമുണ്ടു:സ്വന്തമായി ശ്മശാനങ്ങളുമുണ്ടു.ഇല്ലാത്തവര്‍ക്ക് ഒന്നുമില്ല:ശ്മശാനം പോലും.
ശ്മശാനങ്ങള്‍ക്ക് ജാതിയും മതവുമുണ്ടു.അത് പണവും പ്രതാപവുമുള്ളവര്‍ കൈയടക്കി വെച്ചിരിക്കുന്നവയാണു.ശവമടക്കാനുള്ള ആറടി മണ്ണിനായി ദളിതരും ആദിവാസികളും മറ്റു മതസ്ഥരുടെ ശ്മശാനങ്ങള്‍ കൈയ്യേറുന്ന സ്ഫോടനാത്മകമായ അവസ്ഥയിലേക്കാണു കേരളം നീങ്ങുന്നത്.
സത്യത്തില്‍, എന്തിനാണു ഓരോ മതക്കാര്‍ക്കും ജാതിക്കാര്‍ക്കും വ്യത്യസ്ത ശ്മശാനങ്ങള്‍?മൃതദേഹങ്ങള്‍ക്കും,ആത്മാവുണ്ടെങ്കില്‍ അതിനും ജാതിയും മതവുമുണ്ടോ?
വൈദ്യുത ശ്മശാനങ്ങള്‍ക്കും പൊതുശ്മശാനങ്ങള്‍ക്കും ഇവിടെ ജാതി-മത ഭേദമില്ലല്ലോ.അവിടെ അടക്കം ചെയ്യപ്പെടുന്നവരുടെ മതവിശ്വാസങ്ങള്‍ക്ക് എന്തെങ്കിലും കോട്ടം തട്ടുന്നുണ്ടോ? അവരുടെ ആത്മാക്കള്‍ ഗതികിട്ടാതലയുന്നുണ്ടോ?
-അപ്പോള്‍ എന്തിനാണു ഓരോ മതക്കാരും ,ജാതിക്കാരും സ്വന്തം ശ്മശാനങ്ങള്‍ വിസ്തൃതമാക്കിക്കൊണ്ടിരിക്കുന്നത്?ജനസാന്ദ്രതയേറിയ കേരളത്തിനിനിയും ഇതു താങ്ങാനാവുമോ?പാരിസ്ഥിതിക പ്രശ്നങ്ങള്‍ കാരണം യൂറോപ്യന്‍ രാജ്യങ്ങളില്‍ മൃതദേഹങ്ങള്‍ ദഹിപ്പിക്കാന്‍ സഭ തന്നെ അനുമതി നല്‍കിയിട്ടുണ്ട്.അടുത്തിടെ നിര്യാതനായ കാസിനോ ഹോട്ടല്‍ ഉടമയും സത്യകൃസ്ത്യാനിയുമായ ചാക്കോ(പേരു തെറ്റിയെങ്കില്‍ ക്ഷമിക്കുക)യുടെ മൃതദേഹം ദഹിപ്പിക്കുകയായിരുന്നു.പക്ഷേ, എന്തുകൊണ്ടോ ഇതെക്കുറിച്ച് ഗൌരവതരമായ ചര്‍ച്ചയൊന്നുമുണ്ടായില്ല.
ഭൂമിയില്ലാത്തവര്‍ക്കെല്ലാം ഭൂമി നല്‍കാന്‍ ത്രാണിയുള്ളൊരു സര്‍ക്കാര്‍ കേരളത്തിലുണ്ടാകുകയില്ലെന്ന് നമുക്കറിയാം.പാട്ടക്കുടിശിക പോലും നല്‍കാതെ വന്‍ കിട എസ്റ്റേറ്റുടമകള്‍ കൈയ്യടക്കി വച്ചിരിക്കുന്ന ലക്ഷക്കണക്കിനേക്കര്‍ ഭൂമി പിടിച്ചെടുത് വിതരണം ചെയ്യുക എന്ന മഹാത്‍ഭുതം നമ്മുടെയൊന്നും ജീവിതകാലത്തുണ്ടാവുകയില്ല.അതുകൊണ്ടു തന്നെ ഭൂമിയില്ലാത്തവരുടേയും ,ഒന്നരയും മൂന്നും സെന്റു മാത്രം ഭൂമിയുമായി കോളനികളില്‍ നരകയാതനയനുഭവിക്കുന്നവരുടേയും പ്രശ്നങ്ങള്‍ പരിഹാരമില്ലാത്ത സമസ്യയായി തുടരും.
അതുവരെ,മരിച്ചവരെ അടക്കാന്‍ കോളനിനിവാസികള്‍ക്ക് സ്വന്തം കൂര പൊളിക്കണമെങ്കില്‍ ആ ദുരവസ്ഥ പരിഷ്കൃത സമൂഹത്തിനു ചേര്‍ന്നതല്ല.ഇത് ക്രൂരമായ മനുഷ്യാവകാശധ്വംസനമാണു.
എല്ലാ പഞ്ചായത്തിലും പൊതുശ്മശാനമുണ്ടാക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടു.
മനുഷ്യാവകാശങ്ങളെക്കുറിച്ച് ആണയിടുന്നവര്‍,വികസനപദ്ധതികളെക്കുറിച്ച് അനുദിനം പ്രസംഗിക്കുന്നവര്‍,അതിനായി കോടിക്കണക്കിനു ഡോളര്‍ വായ്പയെടുത്ത് ദീപാളികുളിക്കുന്നവര്‍,എന്തേ പൊതുശ്മശാനങ്ങളെക്കുറിച്ച് നിശബ്ദത പാലിക്കുന്നു?
ഉള്ളവരുടെ മൃഗയാവിനോദങ്ങള്‍ക്കും,അനാവശ്യവിവാദങ്ങള്‍ക്കുമായി മാദ്ധ്യമസ്ഥലം തീറെഴുതിക്കൊടുത്തിരിക്കുന്നവര്‍ക്ക് ,പേരു പോലെ തന്നെ അസുന്ദരമായ ഈ ശ്മശാന-ശവമടക്ക് പ്രശ്നങ്ങള്‍ അലര്‍ജിയുണ്ടാക്കും.
കളര്‍ ഫോട്ടോയ്ക്ക് സ്കോപ്പില്ലാത്തതു കാരണം അധസ്ഥിതരുടെ സ്വയം പ്രഖ്യാപിത മുഖപത്രങ്ങളില്‍ പോലും ഇത് വാര്‍ത്തയായി വരില്ല.പിന്നല്ലേ, ശ്മശാനങ്ങള്‍ ദേശസാല്‍ക്കരിക്കുന്ന കാര്യം?
Saturday, 13 December 2008
പൌരോഹിത്യം വിഷം ചീറ്റുന്നു

Wednesday, 3 December 2008
എന്തുകൊണ്ട് മാദ്ധ്യമങ്ങള്‍ക്ക് അത് അഭയകൊലക്കേസാകുന്നില്ല?
സിസ്റ്റര്‍ അഭയയെ തലക്കടിച്ച ശേഷം കിണറ്റിലെറിഞ്ഞു ക്രൂരമായി കൊലപ്പെടുത്തിയവര്‍ ദയ അര്‍ഹിക്കുന്നില്ലെന്നു സി.ബി.ഐ കോടതിയില്‍ ബോധിപ്പിച്ചത് വ്യക്തമായ തെളിവുകളോടെയാകണം.അതു കോടതി വിധി കല്‍പ്പിക്കട്ടെ.ഭൂമിയിലെ കോടതിയില്‍ നിന്ന് രക്ഷപെട്ടാലും ,പ്രതികള്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ,ശിക്ഷ അനുഭവിക്കുക തന്നെ ചെയ്യും.
അവര്‍ കന്യാസ്ത്രീയും പുരോഹിതരുമാണെങ്കില്‍ ,ഏറ്റവും കടുത്ത ശിക്ഷ തന്നെ അവര്‍ക്കു നല്‍കണം.
ക്രിമിനോളജിസ്റ്റുകളുടെ സഹായത്തോടെ ചോദ്യം ചെയ്യലിനെ അതിജീവിക്കാന്‍ പരിശീലനം നേടുക,ശസ്ത്രക്രിയയിലൂടെ കന്യാചര്‍മ്മം വെച്ചു പിടിപ്പിച്ച് കന്യകാത്വം അവകാശപ്പെട്ടു തെളിവു നശിപ്പിക്കാന്‍ ശ്രമിക്കുക എന്നിങ്ങനെ നാമിതുവരെ കേള്‍ക്കാത്തതരം ആസൂത്രിതമായ നീക്കങ്ങളാണു അഭയക്കൊലക്കേസിലെ പ്രതികള്‍ നടത്തിയിട്ടുള്ളതെന്ന സി.ബി.ഐയുടെ വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നതാണു.
ഓപ്പണ്‍ കോടതിയിലാണു അഭിഭാഷകന്‍ ഈ ശസ്ത്രക്രിയാരഹസ്യം വെളിപ്പെടുത്തിയതെങ്കിലും കേരള കൌമുദിയൊഴികെ ഒരു മാദ്ധ്യമവും അതിലെ പ്രധാനഭാഗം കൊടുത്തില്ല.
അതിനെക്കാളും എന്നെ ഞെട്ടിച്ചതു ഇപ്പോഴും മാദ്ധ്യമങ്ങള്‍ ഉപയോഗിക്കുന്ന ആ പദമാണു-അഭയ കേസ്.
- എന്താണു ഒരൊറ്റ മാദ്ധ്യമവും അഭയക്കൊലക്കേസ്സെന്നു ഇതിനെ വിശേഷിപ്പിക്കാത്തത്?ഒരു സാദാ കേസും കൊലക്കേസും തമ്മില്‍ അജഗജാന്തരമുണ്ട്.ഈ പുരോഹിതര്‍,ഈ കന്യാസ്ത്രീ, പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് കൊലക്കേസ് പ്രതികളായാണു.അല്ലാതെ പെറ്റിക്കേസിലല്ല. കൊലക്കേസ് പ്രതികളെ കൊലപ്പുള്ളികള്‍ എന്നു വിളിച്ച് ശീലിച്ച മാദ്ധ്യമങ്ങള്‍ക്കെന്തേ ഇപ്പോള്‍ നാവു പൊന്തുന്നില്ല?
-അതിനാല്‍ ,അഭയക്കൊലക്കേസ് എന്നു ഈ കേസിനെ ഇനിയും വിശേഷിപ്പിക്കാത്തവര്‍ കൊലപാതകികളോട് അനുഭാവമുള്ളവരാണെന്ന് തന്നെ വിശ്വസിക്കേണ്ടി വരുന്നു.
Tuesday, 2 December 2008
ഗ്രീന്‍ റേഡിയോയില്‍ പുതിയ കവിതാലാപനങ്ങള്‍
കവിയും ബ്ലോഗറുമായ ജ്യോതിഭായ് പരിയാടത്ത് ആലപിച്ച വിജയലക്ഷ്മിയുടെ “മൃഗശിക്ഷകന്‍”, സച്ചിദാനന്ദന്റെ “അക്കമൊഴിയുന്നു”,പാലക്കാട്ട് അദ്ധ്യാപികയായ പി.രോഹിണി ആലപിച്ച ജി.ശങ്കര കുറുപ്പിന്റെ ‘‘ഓടക്കുഴല്‍ തേടി‘’ എന്നിവയാണു പുതിയ പോഡ് കാസ്റ്റുകള്‍.
ഇവ greenradio-2-ല്‍ കിട്ടും.
മൃഗശിക്ഷകന്‍ ഉള്‍പ്പെടെ 15- പോഡ്കാസ്റ്റുകള്‍
greenradio-1-ല്‍ കേള്‍ക്കാം.
ഈ പോഡ്കാസ്റ്റുകള്‍ കേട്ട് അഭിപ്രായം അറിയിക്കുമെല്ലോ.
Saturday, 15 November 2008
പി. ഉദയഭാനു ജീവിതം കൊണ്ടെഴുതിയത്....

ഇതൊരു ചരമക്കുറിപ്പാണ് .ഒക്ടോബര്‍ 28നു നമ്മെ വിട്ടുപോയ പി.ഉദയഭാനുവിനെ ഏറെപ്പേര്‍ക്ക് നേരിലണ്ട് പരിചയമുണ്ടാകാനിടയില്ല.കവിയും പത്രാധിപരും വിമര്‍ശകനുമായിരുന്ന അദ്ദേഹം കോഴിക്കോട് ആകാശവാണിയിലെ പ്രോഗ്രാം എക്സിക്യൂട്ടീവായിരുന്നു:സഹപ്രവര്‍ത്തകനായിരുന്നു.അഞ്ചു വര്‍ഷത്തിലേറെയായി അടുത്ത ബന്ധമുണ്ടായിരുന്നു.
തികച്ചും അപ്രതീക്ഷിതമായി,അകാലത്തില്‍ മരണം ആ ജീവിതം കവര്‍ന്നെടുക്കുമ്പോള്‍ എനിക്കിത് തീരാനഷ്ടങ്ങളുടെ ഒക്ടോബര്‍.അഞ്ചു വര്‍ഷം മുന്‍പ്,ഒക്ടോബര്‍ 27നായിരുന്നു കൊച്ചി എഫ്.എം നിലയത്തില്‍ ഏഴു വര്‍ഷം സഹപ്രവര്‍ത്തകനായിരുന്ന പ്രോഗ്രാം എക്സിക്യൂട്ടീവ് ചെങ്ങാരപ്പള്ളി ഡി.പരമേശ്വരന്‍ പോറ്റിയെ മരണം കൂട്ടിക്കൊണ്ടു പോയത്.ആ വേര്‍പാടിന്റെ വാര്‍ഷികത്തിനടുത്തനാള്‍ ഇതാ ഉദയഭാനുവിന്റെ ചരിത്രത്തിലേക്കുള്ള തിരോധാനവും.
വരും തലമുറകള്‍ക്ക് മാതൃകയാക്കാന്‍ ഒരു താള്‍ എഴുതിച്ചേര്‍ത്തിട്ടാണു ഉദയഭാനു വിടവാങ്ങിയത്.സൌമ്യമധുരമയ ആ സാന്നിധ്യത്തിന്റെ ഊഷ്മളതയ്ക്കും ഓര്‍മ്മയ്ക്കും കാലം ക്ഷതമേല്‍പ്പിക്കും.പക്ഷേ, പകരം നില്‍ക്കാനാകാത്ത ചില ജീവിതമൂല്യങ്ങള്‍ നമുക്കു കൈമാറിയിട്ടാണു ഉദയഭാനുവിന്റെ ജീവിതത്തിനു പൂര്‍ണ്ണ വിരാമമുണ്ടായത്.
ആകാശവാണിയിലെ ലൈബ്രേറിയനായി എത്തും മുന്‍പ് പി.ഉദയഭാനു രാഷ്ട്രീയപ്രവര്‍ത്തകനയിരുന്നു.ജനകീയസാംസ്കാരിക വേദിയുടെ മുന്‍നിരയിലുണ്ടായിരുന്ന മുഖങ്ങളിലൊന്നായിരുന്നു.ചിന്തകളില്‍ ഉഷ്ണപാതമായി വന്ന “പ്രേരണ”യുടെ ആദ്യ പത്രാധിപരായിരുന്നു.അതിനു മുന്‍പു “ഭയ”ത്തിന്റെയും പത്രാധിപരായിരുന്നു.അതിനും മുന്‍പേ ,തീക്ഷ്ണ യൗവനത്തില്‍ നീണ്ട കാലം തടവറയിലായിരുന്നു.
തീവ്ര ഇടതുപക്ഷ രാഷ്ട്രീയത്തിനു വളക്കൂറുള്ള വടകരയുടെ മണ്ണില്‍ നിന്ന് പൊതുജീവിതം ആരംഭിച്ച ഉദയഭാനുവിന്റെ വിമോചനസ്വപ്നങ്ങള്‍ക്ക് മിഴിവേകിയത് നക്സലൈറ്റ് ആശയമായിരുന്നു.അത് അഗ്നിസ്ഫുലിംഗങ്ങളായി കവിതയില്‍ നിറഞ്ഞു നിന്നു.അടിയന്തിരാവസ്ഥാപ്രഖ്യാപനത്തോടെ ഉദയഭാനു പിടിക്കപ്പെട്ടു.നന്നെ പൊക്കം കുറഞ്ഞു,മെലിഞ്ഞ ഈ ചെറുപ്പക്കാരനെ ജയറാം പടിക്കല്‍ എതിരേറ്റത് “വെടിയുണ്ടേടെയത്ര വലുപ്പം പോലുമില്ലാത്ത ….മോനേ!” എന്നാക്രോശിച്ചു കൊണ്ടുള്ള ഭീകര മര്‍ദ്ദനത്തോടെയായിരുന്നു.
മിസാത്തടവുകാരനായി 18 മാസം അങ്ങനെ കണ്ണൂര്‍ സെണ്ട്രല്‍ ജെയിലില്‍ ഉദയഭാനു അടയ്ക്കപ്പെട്ടു.അന്നു മടപ്പള്ളി കോളേജിലെ ഡിഗ്രി വിദ്യാര്‍ഥിയായിരുന്നു അദ്ദേഹം.
മൌലികാവകാശങ്ങള്‍ സസ്പെന്റ് ചെയ്യപ്പെട്ട ആ ഇരുണ്ട കാലഘട്ടത്തില്‍ പൊലീസിന്റെ ക്രൂരതകള്‍ക്കും കൊടിയ മര്‍ദ്ദനങ്ങള്‍ക്കും ഏറെ ഇരയായത് നക്സലൈറ്റ് അഭിമുഖ്യമുള്ള ചെറുപ്പക്കാരായിരുന്നു.രാജനും വര്‍ക്കല വിജയനും കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളില്‍ പിടഞ്ഞുമരിച്ചു.ഉരുട്ടലില്‍ പലരും ജീവഛവങ്ങളായി.
വര്‍ഗ്ഗശത്രുവിന്റെ തലയറുത്ത് ഉടന്‍ വിപ്ലവം സാദ്ധ്യമാക്കുന്ന ഉന്മൂലന സിദ്ധാന്തം സാംസ്കാരികവേദിയേയും നക്സലൈറ്റ് പ്രസ്ഥാനത്തേയും നാമാവശേഷമാക്കി.ചക്രവാളത്തില്‍ ചുവപ്പുസൂര്യന്‍ ഉദിക്കില്ലെന്ന് വൈകിയാണെങ്കിലും ബോദ്ധ്യപ്പെട്ടു.എങ്കിലും, ഉള്ളില്‍ ഒരു കനല്‍ കെടാതെ ജ്വലിപ്പിച്ച് അവര്‍ ജീവിതപ്രാരാബ്ധങ്ങളിലേക്കു മടങ്ങി.സിവിക്കും പ്രഭാകരനും ഉദയഭാനുവും സര്‍ക്കാര്‍ ഉദ്യോഗസ്ഥരായി.
മഹാരഥന്മാര്‍ വടവൃക്ഷമായി വളര്‍ത്തിയ കോഴിക്കോട് ആകാശവാണിയില്‍ ലൈബ്രേറിയനായി ഉദയഭാനു എത്തുന്നത് അങ്ങനെയാണു.പി.ഭാസ്കരനും ഉറൂബും,അക്കിത്തവും തിക്കോടിയനും,കക്കാടും,കെ.എ കൊടുങ്ങല്ലൂരും കെ.രഘവന്‍ മാസ്റ്ററും ചിദംബരനാഥുമൊക്കെ തങ്ങളുടെ സര്‍ഗ്ഗസാന്നിധ്യം കൊണ്ട് ധന്യമാക്കിയ ആകാശവണിയില്‍ ഉദയഭാനുവിന്റേത് വ്യത്യസ്തമയൊരു ഉദ്യോഗപര്‍വ്വമായിരുന്നു.പ്രസാര്‍ ഭാരതിയുടെ സ്ഥാപനത്തിനു മുന്‍പ്,കേന്ദ്ര സര്‍ക്കാരിന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലുള്ള മാധ്യമസ്ഥാപനമെന്ന നിലയില്‍,അതിന്റെ പരിവൃത്തത്തിനുള്ളില്‍ നിന്നുകൊണ്ട് അദ്ദേഹം കവിതയെഴുത്തില്‍ ആത്മഹാസത്തിന്റെ വഴിയെ നടന്നുനീങ്ങി.കാച്ചിക്കുറുക്കിയെടുത്ത ആ വരികളില്‍ ഈ ദ്വന്ദ്വജീവിതത്തിന്റെ പ്രതിഫലനങ്ങളുണ്ടായിരുന്നു.
ട്രാന്‍സ്മിഷന്‍ എക്സിക്യൂട്ടീവും അടുത്തിടെ പ്രോഗ്രാം എക്സിക്യൂട്ടീവുമായി പ്രവര്‍ത്തിക്കുമ്പോഴും തന്റെ ആദ്യകാലം അദ്ദേഹം മറന്നില്ല.തടവറയിലെ സുഹൃത്തുക്കളെ,കാമ്പസിലെ ചങ്ങാതിമാരെ,സാംസ്കരിക-മാധ്യമമണ്ടലങ്ങളിലെ സഹയാത്രികരെയൊക്കെ അസാധാരണമായ.,മാന്ത്രികമായ സൌഹാര്‍ദ്ദച്ചരടുകൊണ്ട് തന്നോടു ചേര്‍ത്ത് നിര്‍ത്തി.അവരെ ആകാശവാണിയുമായി അടുപ്പിച്ചു.പഴയ തലമുറയിലേയും പുതിയ തലമുറയിലേയും എഴുത്തുകാരുമായും സാംസ്കാരികപ്രവര്‍ത്തകരുമായും ഇത്ര വിപുലവും സുദൃഡവുമായ ബന്ധം പുലര്‍ത്തിയിരുന്നവര്‍ ആകാശവാണിയില്‍ ഇനി വേറെയുണ്ടാകില്ല.
അടിയന്തിരാവസ്ഥാപീഡനങ്ങളുടെ പേരില്‍ പലരും പലതും വെട്ടിപ്പിടിച്ചപ്പോള്‍ ഉദയഭാനു നിര്‍മമതയോടെ,തന്നിലേക്കുള്‍വലിഞ്ഞു.ഇത് ഇവിടെ രേഖപ്പെടുത്തേണ്ടതുണ്ടു.
നമുക്കു ആശയപ്രകാശനത്തിനുള്ള സ്വാതന്ത്ര്യം വീണ്ടെടുത് തന്നത് ഇവരുടെയൊക്കെ തടവറജീവിതവും ചെറുത്തുനില്‍പ്പുമായിരുന്നു.തീവ്ര ഇടതു പക്ഷക്കാരും വലതുപക്ഷക്കാരുമുള്‍പ്പെടെയുള്ള അനേകായിരങ്ങളുടെ ത്യാഗനിര്‍ഭരമായ ജീവിതമാണു സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കാന്‍ നമുക്ക് വീണ്ടും അവസരമുണ്ടാക്കി തന്നത് എന്ന് ആരിപ്പോള്‍ ഓര്‍ക്കുന്നു!രണ്ടാം സ്വാതന്ത്ര്യ സമരപ്പോരാളികളാണിവര്‍.ചരിത്രത്തില്‍ ഉദയഭാനുവിനുള്ള ഇടം ഇതാണു.
“വസന്തത്തിന്റെ ഇടിമുഴക്കത്തി”നായി എടുത്തു ചാടിയ പ്രമുഖരില്‍ പലരും കാരാഗൃഹവാസത്തിനു ശേഷം ആദ്ധ്യാത്മികലോകത്തേക്ക് ആഴ്ന്നു പോയി.ഫിലിപ്പ് എം പ്രസാദും വെള്ളത്തൂവല്‍ സ്റ്റീഫനും ഇങ്ങനെ ആഴക്കയങ്ങളില്‍ മുങ്ങിപ്പോയ അനാഥപ്രേതാത്മാക്കളാണു.മറ്റു ചിലരൊക്കെ നവമുതലാളിത്തത്തിനു ഓശാന പാടി പ്രായശ്ചിത്തം ചെയ്യുന്ന ദയനീയ കാഴ്ചയും നാം കാണുന്നു.ആര്‍ഭാട-ബൂര്‍ഷ്വാ ജീവിതശൈലിയിലഭിരമിച്ച് കഴിയുന്നവരുമുണ്ടു.
മതപരമായ യാതൊരു ചടങ്ങുകളുമില്ലാതെ മാവൂര്‍ റോഡിലെ ഇലക്ട്രിക് ശ്മശാനത്തില്‍ പി.ഉദയഭാനുവിന്റെ ശരീരം ഒരു പിടി ചാരമായിതീര്‍ന്നപ്പോള്‍ അദ്ദേഹം അവശേഷിപ്പിച്ചു പോയത് അനശ്വരങ്ങളായ ഈ മൂല്യങ്ങളാണു.
-പൂര്‍ണ്ണ ഭൌതികവാദിയും മതേതരനുമായി ജീവിച്ച ത്യാഗിയായ ഈ മനുഷ്യനു ചരിത്രത്താളുകളില്‍ ഇനി അമര ജീവിതം.
Tuesday, 11 November 2008
കപട മതേതരവാദികള്‍ സമക്ഷം...
അതു പറയാന്‍ അര്‍ഹതയുള്ള അപൂര്‍വ്വം ചിലരിലൊരാളാണു ഡോ.രാധാകൃഷ്ണന്‍ .തന്റെ നിലപാടുകള്‍ ജീവിതം കൊണ്ട് പ്രയോഗവത്കരിക്കുകയും,സത്യനിഷ്ടയോടെ ലളിത ജീവിതം നയിക്കുകയും ചെയ്യുന്ന ഒരാള്‍ക്കേ ഇങ്ങനെ വിമര്‍ശിക്കാന്‍ അര്‍ഹതയുള്ളൂ.
ആദര്‍ശങ്ങള്‍ സ്വന്തം വീടിന്റെ ഗേറ്റിനു പുറത്ത് ഇറക്കി വെച്ചിട്ട് കുടുംബത്തിനകത്ത് ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കുന്ന,ജാതിയും ജാതകവും,മുഹൂര്‍ത്തവും,രാശിയും,വാസ്തുവും നോക്കുന്ന,മക്കളെ അങ്ങനെ വളര്‍ത്തുന്ന ദ്വന്ദ്വവ്യക്തിത്വങ്ങളാണു എവിടെയും.ബാലാനന്ദനും,അച്ച്യുതാനന്ദനും,നായനാരുമൊക്കെ ഈ ഗണത്തില്‍ പെടുന്നു.ഭൌതികവാദികളും മതേതരരുമായി നടിക്കുകയും സ്വന്തം കുടുംബത്തെ സര്‍വ്വമതാചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും ചേക്കേറാന്‍ വളക്കൂറുള്ള മണ്ണാക്കി ഒരുക്കുകയും ചെയ്യുന്ന മഹാനാട്യക്കാരാണിവര്‍.
സ്വന്തം വംശശുദ്ധിയെക്കുറിച്ചു ആകുലപ്പെടുന്ന ഇവാരാണോ നമ്മുടെ മാതൃകാപുരുഷര്‍?
അടിക്കുറിപ്പ്:ഇതൊക്കെ പറയാന്‍ ഈയുള്ളവനാര്‍?
നാട്ടുകാരെ സമുദ്ധരിക്കാന്‍ ബ്ലോഗിങ്ങുള്‍പ്പെടെയുള്ള സാമൂഹികസേവനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവരുന്നതിനിടയിലും സ്വന്തം ജാതിക്കാരെ,ജാതകവും കുലമഹിമയും പത്രാസും( മാത്രം )നോക്കി ശുഭമുഹൂര്‍ത്തത്തില്‍ ആചാരനുഷ്ഠാന വിവാഹം കഴിച്ച് സ്വസ്ഥജീവിതം നയിക്കുന്നവര്‍ കല്ലെറിയാന്‍ വരട്ടെ!
Saturday, 25 October 2008
അമേരിക്കയ്ക്കും കേരളത്തിലെ സഭയ്ക്കും തമ്മിലെന്ത്?
-കേരളത്തിലെ കത്തോലിക്ക സഭാ നേതൃത്വത്തിനു അടുത്തിടെ വല്ലാത്തൊരു മനംമാറ്റം വന്നിരിക്കുന്നു.സര്‍ക്കാരിനേയും ഇടതുപക്ഷത്തേയും കടിച്ചുകീറിക്കൊണ്ടിരുന്നവരുടെ വാക്കിനും പ്രവൃത്തിക്കും പെട്ടെന്നൊരു മയം.ധാര്‍ഷ്ട്യത്തോടെ മാത്രം സംസാരിച്ചിരുന്നവരുടെ ഭാഷ മൃദുവായി മാറുന്നു.തങ്ങള്‍ക്കു എന്തും ചെയ്യാനുള്ള അവകാശമുണ്ടെന്നും,തങ്ങളുടെ മക്കളെ തങ്ങളുടെ വിദ്യാലയങ്ങളില്‍ മാത്രം പഠിപ്പിക്കുമെന്നുമൊക്കെപ്പറഞ്ഞു നടന്നവര്‍ തീവ്ര ഹൈന്ദവനേതൃത്വവുമായി വട്ടമേശസമ്മേളനം നടത്തുന്നു.കൂട്ട മാനഭംഗത്തിനിരയായ ഒറീസയിലെ പാവം കന്യാസ്ത്രീയുടെ രോദനം അനാഥമാകുന്നു!
കാവിപ്പടയോടും അവിശ്വാസികളോടും അവര്‍ വെളുക്കെ ചിരിച്ചുകാട്ടുന്നു.സമന്വയത്തിന്റെ വഴിയേ നടക്കുന്നു...
-എന്താകാം ഈ മനം മാറ്റത്തിന്നു കാരണം?അമേരിക്കന്‍ സാമ്പത്തിക പ്രതിസന്ധിക്കു ഇങ്ങീ കൊച്ചു കേരളത്തില്‍ ഇങ്ങനെയൊരു പ്രത്യാഘാതമോ?വാള്‍ സ്ട്രീറ്റ് തകര്‍ന്നാല്‍ അമേരിക്ക തകരും.ഡോളര്‍ നിലം പൊത്തും.പകരം ഉയരുന്ന സാമ്പത്തിക ശക്തി ചൈനയാണു.തൊട്ടു പിന്നാലെ ജപ്പാനും.
അവിടങ്ങളില്‍ നിന്നു കേരളത്തിലെ സഭാ സ്ഥാപനങ്ങളിലേക്ക് നയാപൈസപോലും കിട്ടില്ല.പോരാത്തതിനു അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഭരണം മാറാനുമിടയുണ്ടു.നാളെ ആരെന്നും എന്തെന്നുമാരറിയുന്നു!
ഡോളറൊഴുകുന്ന ആ നല്ലകാലം അവസാനിക്കുക്കുകയാണോ?എങ്കില്‍ ഇനി വറുതിയുടെ ദിനങ്ങളാണു.
-അതുകോണ്ട് നമുക്കിനി സ്നേഹത്തിന്റേയും സമന്വയത്തിന്റേയും വഴിയേ നടക്കാം!
Saturday, 11 October 2008
കവി കൃപാദാസ് ജെയിലിലാണു...ആറു പുതിയ പോഡ്കാസ്റ്റുകള്‍
ദാ, ഇവയൊന്നു കേട്ടുനോക്കുക:
ആത്മഹത്യാമുനമ്പില്‍ സംഭവിച്ചത്..
ഹര്‍ത്താല്‍ വൃതം
കവി കൃപാദാസ് ജെയിലിലാണു
സര്‍ക്കാര്‍ ഓഫീസില്‍ ഒരു ദിവസം..
ഫ്രെഡ്സ്ഷിപ് ഡേയില്‍ ഉണ്ടായത്..
ഇതു കൂടാതെ വികടകേരളം എന്ന ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സ്കിറ്റ്,പി.പി.ശ്രിധരനുണ്ണിയുടെ കവിതകള്‍,പ്രകൃതിജീവനത്തെക്കുറിച്ച് ജേക്കബ് വടക്കഞ്ചേരിയുടെ പ്രഭാഷണം തുടങ്ങിയ ഇനങ്ങളുമുണ്ടു.
-തൊട്ടു വലതുവശത്ത് റേഡിയോയുടെ വിന്‍ഡോയും നല്‍കിയിട്ടുണ്ടു. ശ്രദ്ധിച്ചിരിക്കുമെല്ലോ.
കഴിഞ്ഞ 10 മാസ്സത്തിനകം ഗ്രീന്‍ റേഡിയോ പോഡ്കാസ്റ്റുകള്‍ ഈ ബ്ലോഗിന്റേതിനെക്കാള്‍ മൂന്നിരട്ടിപ്പേര്‍ സന്ദര്‍ശിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.പക്ഷേ ,കമന്റുകളോ ഫീഡ്ബാക്കുകളോ കിട്ടുന്നില്ല.എന്തേ,വാമൊഴിക്കു വരമൊഴിക്കാള്‍ ശക്തി കുറവാണോ?
താരതമ്യേന പുതിയ മാധ്യമമെന്ന നിലയില്‍ ഇപ്പോഴും ശൈശവം പിന്നിട്ടിട്ടില്ലാത്ത പോഡ്കാസ്റ്റിങ്ങിനെ മലയാള മനോരമ പോലുള്ള മാധ്യമങ്ങളും ഉപയോഗപ്പെടുത്താനാരംഭിച്ചിരിക്കുന്ന സാഹചര്യത്തിലാണു ഒരു ചര്‍ച്ചക്ക് വേദിയൊരുക്കി ഇതിനെക്കുറിച്ച് പോസ്റ്റിടുന്നത്.
ഗ്രീന്‍ റേഡിയോ എന്ന പേരില്‍ തന്നെ മറ്റ് രണ്ട് പോഡ്കാസ്റ്റുകളും ഈയുള്ളവന്‍ ആരംഭിച്ചിട്ടുണ്ടു.കഴിയുമെങ്കില്‍ അതുകൂടി സന്ദര്‍ശിക്കുമെല്ലോ.
ഈ പോഡ്കാസ്റ്റ് സൈറ്റുകളില്‍ പ്രക്ഷേപണം ചെയ്യുന്നതിനു സൃഷ്ടിപരമായ എന്തും അയച്ചുതന്നാല്‍ ഉപയോഗപ്പെടുത്താം.mp3 ഫോര്‍മാറ്റിലായിരിക്കണം.മെയില്‍ അറ്റാച്ച്മെന്‍ന്റായി അയക്കാം.
പോഡ്കാസ്റ്റിങ്ങിനെക്കുറിച്ചുള്ള സംശയങ്ങളും ചോദിക്കാം.പോഡ്കാസ്റ്റ് ആരംഭിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് സഹായം ചെയ്തു തരാനും സമ്മതം.
ഇനി ഈ പോഡ്കാസ്റ്റുകള്‍ കേട്ടിട്ട് അഭിപ്രായം പോസ്റ്റ് ചെയ്യുമെല്ലോ.
Wednesday, 8 October 2008
സഭ സമാന്തര കോടതി നടത്തുന്നോ?
സീറൊ മലബാര്‍ സഭക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന കൂടരഞ്ഞിയിലെ സീറോ കാത്തലിക്ക് ലേമെന്‍ അസ്സോസിയേഷന്‍ സര്‍ക്കാരിനു നല്‍കിയ പരാതിയിലാണു ഗുരുതരമായ ഈ ആരോപണമുള്ളത്.രൂപതകള്‍ തോറും അവര്‍ സമാന്തര സഭാക്കോടതി സ്ഥാപിച്ച്, ന്യായാധിപരെ നിയമിച്ചു, കോര്‍ട്ട് ഫീസ്, മുദ്രപ്പത്രം തുടങ്ങിയ അനുബന്ധ സംവിധാനങ്ങളുമൊരുക്കി ഭരണഘടനയെ വെല്ലുവിളിക്കുകയാണെന്നാണു ആരോപണം.വിശ്വാസികള്‍ ഇന്ത്യന്‍ നീതിന്യായ സംവിധാനത്തെ സമീപിക്കാന്‍ പാടില്ലെന്നും സഭ നിഷ്കര്‍ഷിക്കുന്നുവത്രേ.
ഈ പരാതിയിന്‍മേല്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ വര്‍ക്കി വിതയത്തില്‍ ഉള്‍പ്പെടെ 13 ബിഷപ്പുമാര്‍ക്കെതിരെ ഉന്നതതല പൊലിസ് അന്വേഷണത്തിനു സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്(ഇതിനെക്കുറിച്ച് ഇന്നത്തെ-8.10.2008- വര്‍ത്തമാനം പത്രത്തില്‍ വന്ന അപഗ്രഥനം കാണുക).
-ഓരോ മതക്കാരും ഈ മാതൃകയില്‍ വിശ്വാസികള്‍ക്കായി മതകോടതികള്‍ സ്ഥാപിച്ചാല്‍ പിന്നെ ജനാധിപത്യത്തിനു എന്തര്‍ഥം?
വ്യക്തി നിയമങ്ങള്‍ വ്യത്യസ്തമാകുന്നതിനെ മതസ്വാതന്ത്ര്യത്തിന്റെ പേരില്‍ വേണമെങ്കില്‍ ന്യായീകരിക്കാം(ഗോവയില്‍ ഏകീകൃത വ്യക്തി നിയമമാണു നിലവിലുള്ളത് എന്നും ഓര്‍ക്കുക).പക്ഷേ,ഓരോ മതക്കാര്‍ക്കും തന്നിഷ്ടപ്രകാരം നിതിന്യായ സംവിധാനമുണ്ടാക്കാമെന്നു വന്നാല്‍ എത്ര ഭയാനകമായിരിക്കും ഇന്ത്യയുടെ അവസ്ഥ?

Wednesday, 24 September 2008
ആത്മാവ് നഷ്ടപ്പെട്ട മലയാളിക്കിനി എന്ത് ആഘോഷങ്ങള്‍?
ഓരോ ഉത്സവത്തിനും അതിന്റേതായ നിറവും മണവുമുണ്ട്:അന്തരീക്ഷമുണ്ട്.
ഓണത്തിന്റെ മണം പുന്നെല്ലിന്റെയും ഉണക്കാനിട്ടിരുന്ന വൈക്കോലിന്റെയും ഓണപ്പൂക്കളുടെതുമായിരുന്നു.ഓണത്തിന്റെ നിറം കാര്‍ഷിക വിളകളുടെ വര്‍ണ്ണവൈവിധ്യമായിരുന്നു.അവയുടെ പച്ചപ്പായിരുന്നു.ഓണത്തിന്റെ അന്തരീക്ഷം ഉണര്‍വ്വിന്റേതായിരുന്നു;.അതിജിവനത്തിന്റെതായിരുന്നു.
ഓര്‍മ്മകളില്‍ ഓണം മധുരിക്കുന്നത് കൂട്ടായ്മയുടെ ഉത്സവമായാണു.‘അത് പണ്ട്’ എന്നു പറയുന്നത് മനസ്സിന്റെ വാര്‍ധക്യം കാരണമാണെന്നു നിരീക്ഷിച്ച സുഹൃത്തിനെ അനുസ്മരിക്കുന്നു.ഇത് പുതുകാലത്തിന്റെ അടിച്ചുപൊളി ഉത്സവം എന്നു പരിതപിക്കുന്നത് എന്തായാലും മനസ്സിനും ശരീരത്തിനും പ്രായമായതു കൊണ്ടല്ല.
മലയാളിയുടെ ദേശീയോത്സവമെന്ന് നമ്മള്‍ ആത്മാഭിമാനത്തോടെ വിശേഷിപ്പിക്കുമെങ്കിലും അതിനു മതപരമായ ഛായയാണുള്ളത്.അല്ലെങ്കില്‍ ഭൂരിപക്ഷം മുസ്ലീങ്ങളും,ക്രിസ്ത്യാനികളും ഓണം ആഘോഷിക്കുമായിരുന്നല്ലോ?
പണ്ട് ഓണത്തിനു കാര്‍ഷികോല്‍സവത്തിന്റെ പശ്ചാത്തലമാണുണ്ടായിരുന്നത്. പൊന്നിന്‍ ചിങ്ങമാസത്തില്‍ അത്തവും ഓണക്കളികളും അകമ്പടിയായെത്തിയത് വിളവെടുപ്പുത്സവമായതിനാലായിരുന്നു.
കൊയ്ത്തുകഴിഞ്ഞ നെല്‍പ്പാടങ്ങളില്‍ നിന്ന് കരയിലേക്കടിക്കുന്ന കാറ്റിനു കര്‍ഷകന്റെ ഹൃദയത്തെ മദിപ്പിക്കുന്ന ഗന്ധമുണ്ടായിരുന്നു.പാടങ്ങളില്‍ താറാവുകള്‍ കലപില കൂട്ടും.കര്‍ഷകര്‍ വയല്‍ വരമ്പുകളിലും നാട്ടുവഴികളിലും വൈക്കോല്‍ ഉണക്കാനിടും.അതിലെ നെന്മണികള്‍ കൊത്തിപ്പെറുക്കാന്‍ തത്തയും മൈനയും പ്രാവും വയല്‍ക്കിളികളുമെത്തും.അവ ഓടിക്കളിക്കും..അണ്ണാറക്കാണ്ണന്മാരുമയി ശണ്ഠകൂടും.മരം കൊത്തിയും പുള്ളും ഉപ്പനും കൊറ്റികളും കറ്റകള്‍ക്കും വരമ്പുകള്‍ക്കുമിടയിലൂടെ പറന്നുകളിക്കും.
ഓണത്തിന്റെ വരവറിയിച്ചുകൊണ്ട് നാടുമുഴുവന്‍ വിവിധവര്‍ണ്ണങ്ങളിലുള്ള ഓണപ്പൂക്കള്‍ വിടര്‍ന്ന് നില്‍ക്കും..അവയിലെ തേന്‍ നുകരാന്‍ തുമ്പികള്‍ പാറിപ്പറക്കും.അത്തമായാല്‍ പൂവിറുക്കാന്‍ കുട്ടികളുടെ സംഘങ്ങള്‍ ചിത്രശലഭങ്ങളെപ്പോലെ ഓടി നടക്കും.സ്കൂളടച്ചാല്‍ നാട്ടുവഴികളിലും മുറ്റങ്ങളിലും കിളിത്തട്ടുകളിയും നാടന്‍പന്തുകളിയും അരങ്ങുതകര്‍ക്കും.
ഓരോ വീട്ടിലും പ്ലാവിങ്കൊമ്പില്‍ ഊഞ്ഞാലുകള്‍ ആടിത്തുടങ്ങും.ഓണസദ്യക്കുള്ള പച്ചക്കറികള്‍ അപ്പോഴേക്കും പാകമായിട്ടുണ്ടാകും.വാഴക്കുലയും മത്തങ്ങയും കുമ്പളങ്ങയും പയറും ചീരയും കുട്ടകളിലേന്തി ചന്തകളിലേക്കോ വീടുകളിലേക്കോ പോകുന്നവര്‍.അവരുടെ നിറവിന്റെ ചിരിക്കെന്ത് ചാരുത!അധ്വാനിച്ചുണ്ടാക്കിയ കാര്‍ഷികോല്‍പ്പന്നങ്ങളുമായി ബന്ധു വീടുകളിലെക്ക് അവര്‍ പോകും.ഇല്ലാത്തവ അയല്‍ക്കാര്‍ക്ക് കൊടുക്കും.അധികമുള്ളവ വിറ്റ് ഓണപ്പുടവ വാങ്ങും.
അങ്ങാടിയിലും നഗരത്തിലും ഓണക്കച്ചവടം പൊടിപൊടിക്കും.ഓണത്തിനു മാത്രമായി നാട്ടിന്‍പുറത്തുയരുന്ന ഓണച്ചന്തകളില്‍ കിട്ടാതതൊന്നുമില്ലായിരുന്നു.കപ്പയും കാച്ചിലും ചേനയും ചേമ്പും മുതല്‍ അരകല്ലും ആട്ടുകല്ലും വെട്ടുകത്തിയും കൈലിയുംവെള്ളമുണ്ടും ബ്ലൌസും വരെ എന്തും വാണിഭം ചെയ്യുന്ന ഈ ചന്തകളുടെ സമീപം ശുദ്ധമായ തെങ്ങിന്‍ കള്ളും നാടന്‍ വാറ്റും കഴിച്ച് നാട്ടുകാരൊത്തുകൂടും.ചീട്ടുകളിക്കും.അവരെ രസിപ്പിക്കാന്‍ ചിലപ്പോഴൊക്കെ അന്യദേശത്തുനിന്ന് പെട്ടിപ്പാട്ടും കോളാംബിയുമായി തെരുവുസര്‍ക്കസുകാരും ഗായകരും നര്‍ത്തകരും സൈക്കിള്‍ യജ്ഞക്കാരും എത്തും.
ചെമ്മണ്‍ പാതയിലൂടെ ഓണപ്പടങ്ങളുടെ വരവറിയിച്ചുകൊണ്ട് സിനിമാപോസ്റ്ററുകളുമായി പെരുമ്പറ മുഴക്കി കൈവണ്ടികള്‍ കടന്നു പോകും.
‘ശേഷം വെള്ളിത്തിരയില്‍‘ എന്ന് അവസാനിക്കുന്ന,ചവിട്ടുപ്രസ്സിലടിച്ച നോട്ടീസിനായി ആബാലവൃദ്ധം ജനങ്ങള്‍ പായും.പിന്നെ,വീട്ടുകാരേയും,ബന്ധുക്കളേയും കൂട്ടി കൊട്ടകക്ക് മുന്നില്‍ ടിക്കറ്റിനായി തിരക്ക് കൂട്ടും.സീറ്റ് നിറയുമ്പോള്‍ പ്രത്യേക കസേരകളിലും നിലത്തുമിരുന്ന് ഷോ കാണും.
ഓണത്തല്ലുകള്‍ അരങ്ങേറുന്നത് അങ്ങാടിയിലും കൊട്ടകകളിലും ഷാപ്പുകളിലുമാണു.ആര്‍ട്ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബുകാരും പാരലല്‍ കോളേജുകാരും നടത്തുന്ന ഓണാഘോഷങ്ങളിലെ പതിവിനമായും ഓണത്തല്ല് അരങ്ങേറും.അതൊരു ലഹരിയായി ആഘോഷിക്കുന്നവരുണ്ടായിരുന്നു,തല്ലാനും കൊള്ളാനും സ്ഥിരം കഥാപാത്രങ്ങളുണ്ടായിരുന്നു.
ബോംബയില്‍ നിന്നും പട്ടാളത്തില്‍ നിന്നും ഗള്‍ഫില്‍ നിന്നുമെല്ലാം ഓണം കൂടാന്‍ ജനങ്ങളെത്തും.ഓരോ തിരുവോണവും സ്വന്തം വീട്ടില്‍ നിന്നുണ്ണമെന്നത് ജീവശ്വാസത്തോളം വിലപ്പെട്ട വിശ്വാസമായിരുന്നു.പുതുവസ്ത്രമണിഞ്ഞ്,കുളിച്ച്,തൂശനിലയില്‍ വിളമ്പുന്ന വിഭവസമ്പന്നമായ സദ്യയുണ്ട് നിര്‍വൃതിയടഞ്ഞിരുന്നു, അവര്‍.
സദ്യ,തൊഴുത്തിലെ കന്നുകാലികല്‍ക്കു കൂടി നല്‍കിയിരുന്നു.രാവിലെ വീട്ടില്‍ നിലവിളക്കു കൊളുത്തി വെച്ച് ,പശുക്കളെ തോട്ടില്‍ കൊണ്ടു പോയി വിസ്തരിച്ച് കുളിപ്പിക്കും.പിന്നെ അവയുടെ നെറുകയില്‍ ചന്ദനം ചാര്‍ത്തും.പഴങ്ങള്‍ നല്‍കും.പ്രത്യേകം തയ്യാറാക്കിയ കഞ്ഞിയും കാടിയും പുല്ലും വൈക്കോലും വയറു നിറച്ച് നല്‍കും.വളര്‍ത്തു നായ്ക്കള്‍ക്കും പൂച്ചകള്‍ക്കും കോഴികള്‍ക്കുമൊക്കെ ഓണത്തിനു ഇഷ്ടവിഭവങ്ങള്‍ നല്‍കും.
സദ്യ കഴിഞ്ഞ് ഏംബക്കവുമിട്ട് ചാരു കസേരയിലമരുമ്പോള്‍ ഓര്‍മ്മകള്‍ ഓരോ മനസ്സിനേയും മഥിക്കും.ഓരോ തിരുവോണസദ്യ ഉണ്ണുമ്പോഴും ഓരോ വയസ്സ് കൂടുന്നു.ആയുസ്സിന്റെ പുസ്തകത്തില്‍ നിന്നു ഒരു താള്‍ അടര്‍ന്ന് പോകുന്നു.‘ഇനി അരനാഴിക നേരം.അടുത്ത തിരുവോണമുണ്ണാന്‍ യോഗമുണ്ടാകുമോ’ എന്ന് തലമുതിര്‍ന്നവര്‍ പരിതപിക്കുന്നു.
മൂന്നാം ഓണവും കടന്ന് പിള്ളേരോണത്തിലാണു ഓണാഘോഷങ്ങള്‍ സമാപിക്കുക.ഓണം കഴിഞ്ഞാലും ചെത്തിമിനുക്കിയനാട്ടുവഴികളിലുംതൊടികളിലും വരമ്പുകളിലും ഓണത്തിന്റെ നിറവും മണവും അന്തരീക്ഷവും പിന്നെയും നിറഞ്ഞുനില്‍ക്കും.ഓണനിലാവും മനസ്സിന്റെ നിറനിലാവും മാഞ്ഞുപോകാന്‍ പിന്നെയും സമയമെടുക്കും.ബന്ധങ്ങല്‍ ഊട്ടിഉറപ്പിച്ച സൌഹൃദസന്ദര്‍ശനങ്ങളുടേയും കൂട്ടായ്മയുടേയും ഊഷ്മളതയും കര്‍ഷകഹൃദങ്ങളുടെ ത്രസിപ്പും ഒരുകാലത്തും മറയുകയില്ല.നിനവിന്റെ വറ്റാത്ത ഉറവകളായി അത് നിലനില്‍ക്കും.
-ആ ഓണം മരിച്ചു.
കാര്‍ഷിക സംസ്കൃതി മരിച്ചതോടെ ഓണത്തിന്റെ ആത്മാവ് മൃതമായി.ഉപഭോഗാസക്തി മൂത്ത മലയാളിക്കിനിയൊരിക്കലും ഓണമെന്ന വിളവെടുപ്പുത്സവം ആഘോഷിക്കാനാവില്ല.
ജീവിത സാഹചര്യങ്ങള്‍ അപ്പാടെ മാറിപ്പോയിരിക്കുന്നു.ഇനി പഴയകാലത്തിലേക്ക് തിരിച്ചുപോകാനാവില്ല.അതിനാല്‍ ഓണം ഇന്ന് കലണ്ടറിലെ വെറും അവധിദിവസങ്ങള്‍ മാത്രമാണു.മൂന്നാംകിട സിനിമാക്കാരുടെ അടുക്കളവിശേഷങ്ങളും കൊച്ചുവര്‍ത്തമാനങ്ങളും പൊങ്ങച്ചങ്ങളും വിളമ്പാന്‍ ചാനലുകള്‍ മത്സരിക്കുന്ന കാലമാണിത്.
കടുമണിസുല്‍ത്താന്‍മാരും സുല്‍ത്താനകളും മലയാളിയുടെ ഇഷ്ട ഹീറോകളും ഹീറോയിനുകളുമായിതീര്‍ന്നതും,അവരുടെ കോപ്രായങ്ങള്‍ മാത്രം ചാനലുകളില്‍ നിറഞ്ഞാടുന്നതും ആത്മാവ് നഷ്ടപ്പെട്ട മലയാളിയുടെ ദയനീയസ്ഥിതിയുടെ ഉത്തമദൃഷ്ടാന്തങ്ങളാകുന്നു.ഹോളിഡേ അടിച്ചുപൊളിക്കാന്‍, മത്സരിച്ച് മദ്യം കുടിച്ചുതീര്‍ത്ത് മദിച്ചുപുളയുന്ന മലയാളി ഇന്ന് ആത്മബോധം നഷ്ടപ്പെട്ട ജനതയാണു.ചരടു പൊട്ടിയ പട്ടം പോലെ കാറ്റിലാടി ഉലയുകയാണവര്‍.അനന്തവിഹായസില്‍ റാകിപ്പറക്കുകയാണു,അവര്‍.
-അതുകൊണ്ടു തന്നെ മലയാളിക്കിനി ആ പൊന്നോണമില്ല.
ഓണമെന്നല്ല,കൂട്ടായ്മയുടെ ,ഉണര്‍വിന്റെ ഒരു ഉത്സവവും മലയാളികള്‍ക്കിനി ആഘോഷിക്കാനാവില്ല.
ആത്മാവ് നഷ്ടപ്പെട്ട ജനതയ്ക്ക് ആഘോഷങ്ങളില്ല.
Wednesday, 20 August 2008
ഈ ശവമടക്ക് സ്‌പോണ്‍സര്‍ ചെയ്യുന്നത്..!
``എന്നെയോ? അതിന് ഈ വയസ്സുകാലത്ത് ഞാന്‍ പോളിസി എടുക്കാനൊന്നും പോണില്ല. പിന്നെ, ഫീച്ചറെഴുതാനായിരിക്കും! ഇന്റര്‍വ്യൂ, ഡോക്യുമെന്ററി എന്നൊക്കെയുള്ള പേരില്‍ എത്ര പേരോടാ പഴേ കാര്യങ്ങള് പറഞ്ഞത്. മടുത്തു. അല്ലെങ്കില്‍ത്തന്നെ പഴേ സ്വാതന്ത്ര്യസമരത്തിന്റെ കഥയൊക്കെ ആര്‍ക്കുവേണമിപ്പോള്‍? ഖദറിട്ടെങ്കില്‍ നാലു പുത്തനെങ്കിലും ഉണ്ടാക്കണം. അതിനു കൊള്ളാത്തവരെ നാട്ടാര്‍ക്കു വേണ്ട, കൊച്ചുങ്ങളേ. ശിഷ്യര് വലിയ മന്ത്രിമാരായിട്ടും ഒരു പഞ്ചായത്ത് മെംബറുപോലുമാവാതെ ആദര്‍ശോം പറഞ്ഞോണ്ട്, റാട്ടും തിരിച്ചു കഴിയുന്ന ഒരുത്തനാ. നിങ്ങളു പൊയ്‌ക്കോ.''
``ചേട്ടനങ്ങനെ പറയരുതേ. ചേട്ടനെപ്പോലുള്ള മഹാന്‍മാരെ ആദരിക്കാനും ബഹുമാനിക്കാനുമാ ഞങ്ങളു വന്നിരിക്കുന്നത്. ചേട്ടന്റെ ത്യാഗപൂര്‍ണമായ ജീവിതം വരുംതലമുറയ്‌ക്കു മാതൃകയാവണം. ഇങ്ങനെയുള്ള മഹാരഥര്‍ നമുക്കിടയില്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നു മലയാളികള്‍ അറിയണം... ചേട്ടന്‍ മറുത്തൊരക്ഷരം പറയരുത്. ഞങ്ങള്‍ ചേട്ടനെ `മഹാത്യാഗി പുരസ്‌കാരം' നല്‍കി ആദരിക്കാന്‍ പോവുകയാണ്. ചേട്ടനിവിടിനി ഒറ്റയ്‌ക്കു കഴിയേണ്ട. വിരോധമില്ലെങ്കില്‍ ഞങ്ങള്‍ ചേട്ടനെ ദത്തെടുക്കാം.
''അനിയന്‍മാരേ.. ഇപ്പം മനസ്സിലായി. എന്താ നിങ്ങടെ സ്ഥാപനത്തിന്റെ പേര്?'' ``അത്... ചേട്ടന്‍ തെറ്റിദ്ധരിക്കരുത്. ഞങ്ങളുണ്ടാക്കിയ ഫൗണ്ടേഷനാ ചേട്ടന് അവാര്‍ഡ് തരുന്നത്. ഇനിയുള്ള ചേട്ടന്റെ എല്ലാ കാര്യങ്ങളും ഞങ്ങള്‍ തന്നെ ചെയ്യും... ചേട്ടന്‍ അരുതെന്നു പറയരുത്, പ്ലീസ്.
``ഇനി എന്റെ എന്തു കാര്യമാ കൊച്ചുങ്ങളേ, ബാക്കിയൊള്ളത്? ഇത് 91ാമത്തെ വയസ്സാ. തീര്‍ന്നു. ചത്താ കുഴിച്ചിട്ടോളും, ആരെങ്കിലും. പിന്നെ, ആകാശത്തേക്കു വെടിവയ്‌ക്കാനും പോലിസുകാരെക്കൊണ്ട് കവാത്ത് നടത്തിക്കാനുമൊക്കെ ശിഷ്യന്‍മാരു വരും. അതുകൊണ്ട് അത്തരം കോപ്രായങ്ങളൊന്നും കാണിക്കരുതെന്നു ഞാന്‍ എഴുതിവച്ചിട്ടു്. പിന്നെ, വിറകും സാമ്പ്രാണിയും മറ്റും വാങ്ങാനും കുഴിവെട്ടാനുമുള്ള കാശ് സംഘടിപ്പിച്ചു സഹായി കുഞ്ഞാപ്പുവിനെ ഏല്‍പ്പിച്ചിട്ടൊണ്ട്. പിന്നെന്തുവേണം?''
``എന്നാലും അതിനൊക്കെയൊരു അറേഞ്ച്‌മെന്റ് വേണ്ടേ?ദേ, അതൊക്കെ ഇനി ഞങ്ങളു തന്നെ ചെയ്‌തോളാം. അവാര്‍ഡ് വാങ്ങാന്‍ സമ്മതിച്ചാല്‍, ചേട്ടന്‍ അതൊന്നുമോര്‍ത്തു വിഷമിക്കേ കാര്യമില്ല.''
``അല്ലാ, ഇത്രേമായിട്ടും നിങ്ങളാരാണെന്നു പറഞ്ഞില്ല...''
ഞങ്ങള്‍ നഗരത്തിലെ പുതിയ ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനമാ. സമ്മേളനം, ശില്‍പ്പശാല, പത്രസമ്മേളനം, കല്ല്യാണ പാര്‍ട്ടി തുടങ്ങിയവയൊക്കെ നടത്തിക്കൊടുക്കുന്നവരാ ഞങ്ങള്‍. ഞങ്ങളിനി പുതിയൊരു മേഖലയില്‍ കൂടി സേവനം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നു. ചേട്ടനെപ്പോലുള്ളവരെ സഹായിക്കുക എന്നതാണു ഞങ്ങളുടെ ലക്ഷ്യം. ഞങ്ങളുടെ സ്‌പെഷ്യലൈസേഷന്‍ ഫ്യൂണറല്‍ ഫങ്‌ഷന്‍സാ...''
കൃഷ്‌ണക്കുറുപ്പ് ചേട്ടന്‍ ഭയങ്കരമായ ശബ്ദത്തില്‍ പൊട്ടിച്ചിരിച്ചു:
``ഇപ്പോ എല്ലാം മനസ്സിലായി, കൊച്ചുങ്ങളേ! എന്നെപ്പോലുള്ള, കുഴിയിലേക്കു കാലുംനീട്ടിയിരിക്കുന്നവരാണു നിങ്ങളുടെ പുതിയ കസ്റ്റമേഴ്‌സ്; അല്ല്യോ? ചത്തുകിട്ടിയാലുടന്‍ നിങ്ങളുടെ സ്ഥാപനം എല്ലാം ഏറ്റെടുക്കും. കൊള്ളാം! വേണ്ടപ്പെട്ടവരെ വിവരം അറിയിക്കും. പത്രക്കാരെ വിളിക്കും. ചാനലുകാരെ കൊണ്ടുവരും. പിന്നെ, അലമുറയിട്ടു കരയാനും ട്രൂപ്പുണ്ടാവും, അല്ല്യോ! പഴേ സ്വാതന്ത്ര്യസമരസേനാനി ആയതുകൊണ്ട് പത്രത്തിലും ടീവിലുമൊക്കെ ഞാന്‍ ചത്തുകിടക്കുന്നതു കാണിക്കത്തില്ല്യോ? എന്റെ തലയ്‌ക്കല്‍ നിങ്ങളുടെ ഒരു ബോര്‍ഡ് വച്ചാല്‍ ഉഗ്രന്‍ പബ്ലിസിറ്റി കിട്ടും.അല്ല്യോ ,കൊച്ചുങ്ങളേ! ഞാനീ പുരസ്‌കാരം വാങ്ങാന്‍ നിന്നുതന്നാല്‍ പിന്നെ എല്ലാം നിങ്ങളായിക്കൊള്ളുമെന്നല്ലേ പറഞ്ഞത്. അപ്പോ, നിങ്ങടെ സ്ഥാപനത്തിന്റെ പേര്- എന്തെന്നാ പറഞ്ഞത്, ങാ, ഫ്യൂണറല്‍ ഇവന്റ് മാനേജേഴ്‌സ് എന്നോ മറ്റോ അല്ലേ- അതിന്റെ വലിയൊരു ബാനര്‍ എന്റെ നെഞ്ചത്തു തന്നെ വയ്‌ക്കാം; അല്ല്യോ? ഈ ശവമടക്ക് സ്‌പോണ്‍സര്‍ ചെയ്യുന്നത്..!
Wednesday, 13 August 2008
ആള്‍ക്കൂട്ടം ഇന്‍ലന്റ് മാസിക ലക്കം രണ്ട് Aalkkoottam letter magazine issue no 2

ആകാശം മുട്ടെ നാം വളരണം എന്ന മുഖപ്രസംഗമായിരുന്നു രണ്ടാം ലക്കത്തിലെ ഏറ്റവും ദീര്‍ഘമായ ഇനം.
ഇനി കെ.ജി.ശങ്കരപ്പിള്ളയുടെ കവിത നോക്കുക
രമണന്‍
നന്നായി ഓടക്കുഴലൂതുമായിരുന്നു
പതിനാറായിരത്തിയെട്ടിന്റെ ഇടയ-
നായിരുന്നു
എന്നിട്ടും, ഒരാട്ടിന്‍കുട്ടി കൈവിട്ടുപോയപ്പോള്‍
തൂങ്ങിച്ചത്തു,
ലുബ്ധന്‍.
Saturday, 9 August 2008
അങ്ങനെ ഗുരുവായൂരില്‍ 108 ബ്രാഹ്മണരെയും കാല്‍ കഴുകിച്ചൂട്ടി!


ആഗസ്റ്റ് 9-നു ശനിയാഴ്ച രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരു അതിക്രമം നടന്നു-108 ബ്രാഹ്മണരുടെ കാല്‍കഴുകിച്ചൂട്ടി.
കഴിഞ്ഞ നവംബറില്‍ ക്ഷേത്രത്തില്‍ നടത്തിയ ദേവപ്രശ്നത്തില്‍ നിര്‍ദ്ദേശിക്കപ്പെട്ട പ്രധാന പരിഹാരക്രിയകളിലൊന്നായിരുന്നു ബ്രാഹ്മണരുടെ കാല്‍കഴുകിച്ചൂട്ടല്‍.നാലമ്പലത്തിനകത്തെ വാതില്‍മാടത്തില്‍ ഇന്ന്(9.8.2008) രാവിലെ 5 മണിമുതല്‍ 9 മണിവരെയാണു ഈ ചടങ്ങു നടക്കുകയെന്ന് ഇന്നത്തെ മാതൃഭൂമി പത്രത്തിന്റെ അറിയിപ്പു പേജില്‍ കണ്ട ചെറിയൊരു വാര്‍ത്തയില്‍ നിന്നാണ് മനസ്സിലായത്.ഊട്ടുന്നത് ബ്രാഹ്മണരെയാണെന്ന് അറിയിപ്പില്‍ പറഞ്ഞിട്ടില്ല.
പക്ഷേ, ദേവപ്രശ്നത്തിന്റെ വാര്‍ത്ത ഒന്നാം പേജില്‍ കൊടുത്ത മാതൃഭൂമിയില്‍ കാല്‍കഴുകിച്ചൂട്ടേണ്ടത് 108 ബ്രാഹ്മണരെയാണെന്നു പറഞ്ഞിരുന്നു.ആ ബ്രാഹ്മണ ശ്രേഷ്ടര്‍ ആര്? എന്ന് ഈ ലേഖകന്‍ അപ്പോഴെ ചോദിച്ചിരുന്നു.
(കേരള കൌമുദി റിപ്പോര്‍ട്ട് നോക്കുക)
അഷ്ടമംഗലദേവപ്രശ്നമെന്നത് കവടിനിരത്തലാണു.അതിനു കാരണം ക്ഷേത്രത്തിനകത്തുണ്ടായ ദുര്‍നിമിത്തങ്ങളായിരുന്നു പോല്‍.അതിനാല്‍ ഭഗവാന്റെ ഹിതമറിയാനാണത്രേ അഷ്ടമംഗലദേവപ്രശ്നം നടത്തിയത്.
ചുരീദാറിട്ട സ്ത്രീകള്‍ക്ക് പ്രവേശനമനുവദിച്ചത് ഭഗവാന് ഇഷ്ടപ്പെട്ടില്ലന്നായിരുന്നു ദേവജ്ഞന്മാരുടെ പ്രധാന കണ്ടെത്തല്‍.ചുരീദാറിട്ട ഭക്തകളെ കണ്ടു കൃഷ്ണന് കലികേറിയാല്‍ ഇനിയും അമ്പലത്തില്‍ അനിഷ്ടങ്ങള്‍ ഉണ്ടാകുമത്രേ!അതിനാല്‍ ഭഗവാനെ പ്രീതിപ്പെടുത്താന്‍ നിര്‍ദ്ദേശിക്കപ്പെട്ട പ്രശ്നപരിഹാരക്രിയകളില്‍ പാപപരിഹാരാര്‍ത്ഥം ഭക്തരുടെ വിളിച്ചുചൊല്ലല്‍,108 ബ്രാഹ്മണര്‍ക്ക് കാല്‍കഴുകിച്ചൂട്ട് തുടങ്ങിയവ ഉള്‍പ്പെടും.
അതില്‍ അവശേഷിച്ച പ്രധാന പരിഹാരക്രിയയായിരുന്നു ഇന്നത്തെ കാല്‍കഴുകിച്ചൂട്ടല്‍.
അതിന്റെ വിശദാംശങ്ങല്‍ അറിവായിട്ടില്ല.ആരായിരിക്കും ഇതിന് ഭാഗ്യം സിദ്ധിച്ച ആ 108 ബ്രാഹ്മണ ശ്രേഷ്ഠര്?ആരായിരിക്കും ഭക്ത്യാദരപൂര്‍വ്വം ഇവരുടെ കാല്‍ കഴുകി പൂജിച്ചിട്ടുണ്ടാകുക?തന്ത്രിക്കും,മേല്‍ശാന്തിക്കും കീഴ്ശാന്തിക്കുമൊപ്പം,ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സഖാവ് തോട്ടത്തില്‍ രവീന്ദ്രനും ബ്രാഹ്മണരെ കാല്‍ കഴുകിച്ച് സദ്യ ഊട്ടാന്‍ കുളിച്ച് ഈറനണിഞ്ഞ് ക്ഷേത്രത്തില്‍ എത്തിയിട്ടുണ്ടാകുമോ?
ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡില്‍ മാത്രമേ സര്‍ക്കാരിനു പൂര്‍ണ്ണ നിയന്ത്രണമുള്ളുവെന്ന് സുധാകരന്‍ മന്ത്രി കഴിഞ്ഞ ദിവസം പ്രസംഗിച്ചത് ഓര്‍മ്മവരുന്നു.അതുകൊണ്ടു, 108 ബ്രാഹ്മണ ശ്രേഷ്ഠരുടെ കാല്‍കഴുകിച്ചൂട്ടലിനു സുധാകരന്‍ സഖാവിന്റെ അംഗീകാരവും പിന്തുണയും ഉണ്ടാകണം.അറിയാന്‍ ആകാംക്ഷയുണ്ടു.
ഗുരുവായൂരപ്പന് ശക്തിക്ഷയമുണ്ടായതിനൊരു കാരണം അവര്‍ണ്ണരുടെ ക്ഷേത്രപ്രവേശനമാണെന്നു തന്ത്രി ചേന്നാസ് തിരുമേനി പ്രസ്താവിച്ചത് ദേവപ്രശ്നം നടന്നു കൊണ്ടിരിക്കുമ്പോഴായിരുന്നു.
ആയതിനാല്‍ ഒരു ദേവപ്രശ്നം കൂടി നടത്തി സര്‍വ്വ അവര്‍ണ്ണരേയും ദളിതരേയും ക്ഷേത്രത്തിനകത്തു കയറ്റാതെ ,പുറത്താക്കി ശുദ്ധികലശവും പാപപരിഹാരക്രിയകളും നടത്താന്‍ മന്ത്രിസഖാവു ഉത്തരവിറക്കുമാറാകണം!
പിന്‍ കുറിപ്പ്:
ബ്രാഹ്മണര്‍ക്കു ദിവസ്സവും നേര്‍ച്ചസദ്യ കൊടുത്തിരുന്നത് പുനരാരംഭിച്ചാല്‍ കൂടുതല്‍ പുണ്യം ഉടനടി കിട്ടും.
ആഗസ്റ്റ് 11-നു ഞായറാഴ്ച കേരള കൌമുദിയുടെ തൃശ്ശൂര്‍ പതിപ്പിന്റെ അഞ്ചാം പേജില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് .ഇത് സ്വയം സംസാരിക്കുന്നതാണു.ചിത്രത്തില്‍ സൂക്ഷിച്ചു നോക്കുക.ബ്രാഹ്മണരെ കാല്‍കഴുകിച്ചൂട്ടിയ ദേവജ്ഞരെ ഭക്തര്‍ സാഷ്ടാംഗം നമസ്കരിക്കുന്നതു ശ്രദ്ധിക്കുക…..
Friday, 8 August 2008
കര്‍ഷക ആത്മഹത്യ:സാംസ്കാരിക കൂട്ടായ്മ
``അല്ല മൊയ്‌തീനേ, ഈ കോളാമ്പീം ചെണ്ടേം കൊണ്ട് എങ്ങോട്ടാ ഇവര്?''
``ഇവിടെങ്ങും കല്ല്യാണോം കെട്ടുറപ്പുമൊന്നുമില്ലല്ലോ.. പിന്നെവിടെ?
അപ്പോഴേക്കും ജീപ്പില്‍ നിന്നിറങ്ങിയ, നീളന്‍ ജുബ്ബയിട്ടു് മുടി നീട്ടിവളര്‍ത്തിയ ഒരു ഫ്രഞ്ച് താടിക്കാരന്‍ എത്തി:
``ചേട്ടാ, ഈ തെങ്ങിന്‍തോപ്പ് വീട്ടിലേക്കുള്ള വഴിയേതാ?''
``ങ്ങേ! നിങ്ങളവിടേക്കാണോ? അതിന് ഇതൊക്കെ!''
``ഒരു പരിപാടിയൊണ്‌ട് ചേട്ടാ... സാംസ്‌കാരിക കൂട്ടായ്‌മ.''
``നിങ്ങളെവിടുന്നുവരുന്നോരാ? അപ്പോ, കാര്യമൊന്നുമറിഞ്ഞില്ല! അല്ലേ?''
``എന്തു കാര്യം, കാര്‍ണോരേ?''
``അവിടെ ഒരു മരണം നടന്നിട്ട് കൊറച്ചു ദിവസമായിട്ടേയൊള്ളൂ... പത്രത്തിലൊക്കെ വായിച്ചിരിക്കും... അവിടത്തെ വീട്ടുകാരന്‍ ജനാര്‍ദ്ദനന്‍ വിഷം കഴിച്ചു മരിച്ചു. കടം കേറി ജീവനൊടുക്കിയതാ. ഇന്നാട്ടില്‍ ഇങ്ങനെ എത്രപേരാ ചത്തത്... കുരുമൊളകിനും കാപ്പിക്കുമൊന്നും വെലയില്ല... ബാങ്കീ്ന്ന് വായ്‌പയെടുത്തു കൃഷി ചെയ്‌തു പൊളിഞ്ഞപ്പോ ബ്ലേഡീന്നെടുത്തു. അതടയ്‌ക്കാതായപ്പോ തൊഴുത്തില്‍ നിന്ന ചെനയുള്ള പശുവിനെ ഗുണ്‌ടകള്‍ ടെമ്പോയില്‍ കേറ്റിക്കൊണ്‌ടുപോയന്നു രാത്രീലാ ജനാര്‍ദ്ദനന്‍ വെഷം കഴിച്ചത്.''
``ഹാ! കര്‍ഷകസുഹൃത്തേ! നിനക്കാത്മശാന്തി... ശാന്തി.. ശാന്തി.. ഈ കപടലോകമുപേക്ഷിച്ചു തുമ്പിയായി പറന്നു നടക്കുന്ന നിനക്കാത്മശാന്തി... ശാന്തി...!''
-ഉണ്ണിപ്പിള്ളയും മൊയ്‌തീനും പരസ്‌പരം തുറിച്ചുനോക്കി. അവരുടെ മൂക്കിലേക്കു മദ്യഗന്ധം തുളച്ചുകയറുകയാണ്. താടിക്കാരന്റെ നാക്ക് കുഴയുന്നുണ്ടു; കാലുകള്‍ ഉറയ്‌ക്കുന്നില്ല. ജീപ്പില്‍ നിന്നു പിന്നെയും നാലഞ്ചു താടിക്കാര്‍ പുറത്തിറങ്ങുന്നു. അങ്ങാടിയില്‍ ആള് കൂടുകയാണ്.
``അല്ലാ, ആരപ്പാ ഇവരൊക്കെ? എവിടിന്നിറങ്ങിവരുന്നു!''
``അവരോ! ശ്ശൊ... പതുക്കെപ്പറ ചേട്ടാ. അവരെയൊന്നും ചേട്ടന്‍മാര്‍ക്കറിയില്ല, അല്ലേ?ഞാന്‍ പറഞ്ഞുതരാം. ദാ.. ഇപ്പോ എത്തിയ ആ കോണ്‌ടസ്സേലേക്ക് നോക്ക്.. കണ്ടോ, മുന്‍സീറ്റിലിരിക്കുന്ന ആ താടിക്കാരനെ കണ്ടോ? അതാണു സാംസ്‌കാരികനായകന്‍ മഹാകവി പിപ്പപ്പപുരം കുഞ്ചന്‍! കേട്ടിട്ടില്ലേ- ഈ വര്‍ഷത്തെ സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ കവിയാണ്... ഓ.. മറ്റേ വണ്‌ടീം എത്തിപ്പോയി. അതില്‍ നെറയെ നാടകക്കാരാ. കര്‍ഷക ആത്മഹത്യ: തെരുവുനാടകം കളിക്കുന്നൊരാ.. ഇനി രണ്‌ടു വണ്‌ടി കൂടെ വരാനൊണ്‌ട്. ചേട്ടനൊരു ബീഡിയെടുത്തേ.''
``ഇവരെല്ലാം കൂടി എങ്ങോട്ടാ?നാളെ അവിടെ പതിനാറടിയന്തിരമാ.''
``അതേ, അങ്ങോട്ടുതന്നെ ,ചേട്ടന്‍മാരേ.''
``അല്ല, നിങ്ങളെല്ലാവരും കൂടി കെട്ടിയെടുക്കുതെന്തിനാണെന്നു മനസ്സിലാവുന്നില്ല. നിങ്ങളൊക്കെ ജനാര്‍ദ്ദനന്റെ ആരാ? അയാള്‍ക്ക് ഇങ്ങനെയൊള്ള ആള്‍ക്കാരുമായി ഒരു ബന്ധോമുള്ളതായി ഞങ്ങള്‍, നാട്ടുകാര്‍ക്കൊന്നും അറിയില്ല. നിങ്ങള്‍ക്ക് ആളു തെറ്റിയിരിക്കും.''
``ഹ ,ഹ! നല്ല തമാശക്കാരാണല്ലേ കൂമങ്കാട്ടിലെ ചേട്ടന്‍മാര്? ആ ഇരിക്കുന്ന മഹാകവി പിപ്പപുരം കുഞ്ചന്‍ അങ്ങേരുടെ അമ്മാവനൊന്നുമല്ല. ചേട്ടന്‍മാര് അങ്ങോട്ട് കണ്ണുതൊറന്നു ഒന്നുകൂടി നോക്കിക്കേ... കണ്ടോ,ആ കോണ്‌ടസ്സേല് നെറയെ സംസ്ഥാനത്തെ ചെറുതും വലുതുമായ കവികളാ. ടീവിലൊക്കെ കണ്‌ടുകാണും. ആത്മഹത്യ ചെയ്‌ത ഓരോ കര്‍ഷകന്റെയും കുഴിമാടത്തിനരികില്‍ നടക്കുന്ന സാംസ്‌കാരിക കൂട്ടായ്‌മയില്‍ ഓരോരുത്തരും കവിത ചൊല്ലും.... ഈ കവിതകള്‍ കേട്ടാല്‍ പി ന്നെ കടംകേറിയ ഒരു കര്‍ഷകനുമിവിടിനി വെഷം കഴിക്കില്ല... പിന്നെ,ന്‍െ ചേട്ടന്‍മാര് പൊറുക്കണം... ഞങ്ങളെല്ലാവരും നല്ല പൂസിലാ. അല്‍പ്പസ്വല്‍പ്പം വീശിയിട്ടൊണ്ടു. ഈ ചേട്ടനൊന്നിങ്ങു വന്നാട്ടെ.... ഇവിടടുത്ത് ഒന്നാന്തരം വാറ്റ് കിട്ടത്തില്യോ... അവരെയെല്ലാം കലോമായി അങ്ങോട്ടു വിട്ടേരു. അല്ലെങ്കില്‍ കവിയരങ്ങും കസര്‍ത്തും ഉഷാറാവില്ല.ഓം,ശാന്തി; ശാന്തി; ആത്മഹത്യ ചെയ്‌ത ആത്മാക്കള്‍ക്കു ശാന്തി.. ശാന്തി!.''
``നിങ്ങള്‍ സ്ഥലം കാലിയാക്കാന്‍ നോക്ക്...''
``ചേട്ടന്‍മാര് കടയടച്ചു കൂടെപ്പോന്നാട്ടെ. ഇന്നു രാത്രി നമുക്ക് അവിടെ കൂടാമെന്നേ. ഈ പെട്ടീം മൈക്കും അവിടിറക്കിവച്ച് ഈ സാംസ്‌കാരികനായകരുടെ ഒരു കസര്‍ത്തുണ്‌ട്. കര്‍ഷക ആത്മഹത്യക്കെതിരായ സാംസ്‌കാരിക കൂട്ടായ്‌മ...
ആത്മഹത്യ ചെയ്‌ത ജനാര്‍ദ്ദനന്റെ കുഴിമാടത്തില്‍ നിന്നു തിരികൊളുത്തി ഇന്നു വൈകീട്ട് കൃത്യം ആറുമണിക്ക് സാംസ്‌കാരികമന്ത്രി കൂട്ടായ്‌മ ഉദ്‌ഘാടനം ചെയ്യുന്നു. തുടര്‍ന്നു കുഴിമാടത്തിനരികെ കവിയരങ്ങ്, നാടകം, കുച്ചുപ്പുടി, സംഘഗാനം...''
``പൊറാട്ടു നാടകമൊണ്ടോടാ?''
`പൊറാട്ട ഒണ്ടോന്നോ? പിന്നില്ലാതെ!. പൊറോട്ടേംചിക്കനും മട്ടന്‍ റോസ്റ്റും ലാവിഷായി കിട്ടും. പിന്നെ, പൊറോ` വേണ്‌ടങ്കി, ചേട്ടന്‍മാര്‍ക്ക് നല്ല ഓന്തരം നെയ്‌പ്പത്തിരിയൊണ്ടു''
``മതി... മതി, വയറു നെറഞ്ഞു. ഇതിനാണല്ലേ സാംസ്‌കാരിക പൊറാട്ടുനാടകം എന്നു പറയുത്... ത്‌ഫൂ!
Wednesday, 6 August 2008
രാഷ്ട്രീയക്കാരുടെ ആയുര്‍ രഹസ്യം The secrets behind politicians's high life expectancy
ലോകത്ത് തന്നെ ആയുര്‍ദൈര്‍ഘ്യം ഏറ്റവും കൂടുതലുള്ള ജനവിഭാഗമാണു നമ്മള്‍.അമേരിക്ക മാത്രമാണു ആയുസ്സിന്റെ കാര്യത്തില്‍ കേരളത്തിനു മുന്നിലുള്ളത്.എല്ലാ വികസ്വരരാഷ്ട്രങ്ങളിലേയും ജനങ്ങളേക്കാള്‍ നാം കൂടുതല്‍കാലം ജീവിക്കുന്നു.അടുത്ത ഏതാനും വര്‍ഷത്തിനകം നാം ആയുര്‍ദൈര്‍ഘ്യത്തില്‍ അമേരിക്കയെപ്പോലും കടത്തി വെട്ടിയേക്കും.
നമ്മുടെ സ്ത്രീകളുടെ ആയുസ്സിനാണു ഏറ്റവും ദൈര്‍ഘ്യമുള്ളത്-75 വയസ്സ്.പുരുഷന്മാരുടെ ആയുസ്സ് 71.6 വയസ്സാണു.ഇതിന്റെ അര്‍ത്ഥമിതാണു:നമുക്കു പ്രായമാകുന്നു.മലയാളികളില്‍ ഭൂരിപക്ഷം പേരും വൃദ്ധരോ മദ്ധ്യവയസ്കരോ ആകുന്നു.
ആയുസ്സു കൂടും തോറും സമൂഹത്തില്‍ ചെറുപ്പക്കാരുടെ എണ്ണം കുറയുന്നു എന്ന വൈരുദ്ധ്യമുണ്ടു.ആസൂത്രിതമായ ജനസംഖ്യാനിയന്ത്രണ പദ്ധതികളിലൂടെ ജനസംഖ്യാവര്‍ദ്ധനവില്‍ 9.42 ശതമാനം കുറവാണുണ്ടായത്.ജനനനിരക്കും മരണ നിരക്കും കുറയുന്നു.കേരളം നരയ്ക്കുന്നു.
ഈ വൃദ്ധര്‍ക്കിടയില്‍ പതിനെട്ടുകാരെ വെല്ലുന്ന ചുറുചുറുക്കോടെ ജീവിക്കുന്നവരുണ്ടു;അവരാണു നമ്മുടെ ജനപ്രതിനിധികളിലും ഭരണാധികാരികളിലും നല്ലൊരു ശതമാനം പേര്‍.അച്ച്യുതാനന്ദനേയും കരുണാകരനേയും പോലെ ഊറ്ജ്ജസ്വലരും കര്‍മ്മനിരതരുമായ ആയിരക്കണക്കിനു ജനനേതാക്കളാല്‍ സമ്പന്നമാണു നമ്മുടെ രാഷ്ട്രീയപാര്‍ട്ടികളെല്ലാം തന്നെ.പ്രാഥമിക തലം മുതലുള്ള പാര്‍ട്ടി ഭാരവാഹികളില്‍ 80കാരായ എത്രയോ ചെറുപ്പക്കാരെ കാണാം.
അവര്‍ക്കാണു ഏറ്റവും കൂടുതല്‍ ആയുസ്സുള്ളത്.
എന്തുകൊണ്ടാണു നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ക്ക് ഇങ്ങനെ ദീര്‍ഘായുസ്സുണ്ടാകുന്നത്?പീഡനങ്ങള്‍ ഏറ്റുവാങ്ങിയ,നിരന്തരം സംഘര്‍ഷനിര്‍ഭരമായ,വിശ്രമരഹിതമായ ജീവിതം നയിക്കുന്ന രാഷ്ട്രീയക്കാര്‍ക്ക് എങ്ങനെയാണു ലോകത്തെ തന്നെ ഏറ്റവും കൂടുതല്‍ ആയുസ്സുള്ളവരായിരിക്കാന്‍ കഴിയുന്നത്?എന്താണതിന്റെ രഹസ്യം?
എല്ലാവര്‍ക്കും കൊട്ടാവുന്ന, വഴിവക്കിലെ ചെണ്ടയായ രാഷ്ട്രീയക്കാര്‍ 80 വയസ്സിനപ്പുറവും ഓടി നടക്കുന്നവരാണു.83-ആം വയസ്സില്‍ പ്രധാനമന്ത്രിയായ മറോര്‍ജി ദേശായി 100-ഉം കടന്നാണു വിടവാങ്ങിയത്.86 കഴിഞ്ഞ കരുണാനിധിയും 84 കാരനായ അച്ച്യുതാനന്ദനുമൊക്കെ ഇനിയുമെത്രയോ പിന്‍ഗാമികളുണ്ടാകാനിരിക്കുന്നു .
-എന്തുകോണ്ടെന്നാല്‍,പ്രായം രാഷ്ട്രീയക്കാരെ തളര്‍ത്തുന്നതേയില്ല.പ്രതിസന്ധികളും പ്രശ്നങ്ങളും അതിജീവിച്ച് മുന്നേറാനുള്ള ആത്മബലമുള്ളവരാണവര്‍.തെരഞ്ഞെടുപ്പില്‍ കെട്ടിവെച്ചകാശ് കിട്ടിയില്ലെങ്കിലും അവര്‍ ആതമഹത്യ ചെയ്യില്ല.മന്ത്രിസ്ഥാനം കൈവിട്ടുപോയതു കൊണ്ടു ആരും ഹൃദയം പൊട്ടി മരിക്കില്ല.ഏതു പ്രതികൂല സാഹചര്യങ്ങളേയും നേരിടാനും,അതിജീവിക്കാനും കണ്ടീഷന്‍ ചെയ്യപ്പെട്ട മനസ്സാണു അവരുടേത്.
ആര്‍ക്കും രാഷ്ട്രീയക്കാരെ വിമര്‍ശിക്കാം.അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ കൊണ്ടു അഭിഷേകം ചെയ്യാം.നിരന്തരം വേട്ടയാടാം.അതിനു മുന്നില്‍ പതറിപ്പോയ പി.ടി ചാക്കോയെപ്പോലുള്ള അപൂര്‍വ്വം ചില നേതാക്കളേ നമുക്കുള്ളൂ.കാരിരുമ്പിന്റെ കട്ടിയോടെ മറ്റുള്ളവര്‍ പ്രശ്നങ്ങളെ നേരിടും.അല്ലായിരുന്നെങ്കില്‍ ബി.പി പിടിച്ചു അവരില്‍ ഭൂരിപക്ഷവും മധ്യവയസ്സിലേ മരിക്കുമായിരുന്നുവെല്ലോ?
രാഷ്ട്രീയക്കാരില്‍ ഭൂരിപക്ഷം പേരും അഴിമതിക്കാരും സ്വജനപക്ഷപാതികളും ധൂര്‍ത്തരുമാണെന്ന് നമ്മള്‍ ആരോപിക്കാറുണ്ടു.അതില്‍ വാസ്തവമുണ്ടാകാം.സമൂഹത്തെയാകെ ബാധിച്ച അപച്യുതി ആദ്യം പിടികൂടിയത് അവരെയായിരുന്നുവല്ലോ.പക്ഷേ,ഇതിന്റെ പേരില്‍ പ്രതിക്കൂട്ടില്‍ എന്നും കയറ്റിനിര്‍ത്തപ്പെടുന്നത് അവര്‍ മാത്രമാണു.അതിന്റെ കാരണമിതാണു-ഓരോ നിമിഷവും അവര്‍ ജനങ്ങളാല്‍ വിചാരണചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു.മാധ്യമങ്ങളാല്‍ സ്കാന്‍ ചെയ്യപ്പെടുന്നു.
അവരുടെ ഓരോ ചലനത്തിനും നേരെ കഴുകന്‍ കണ്ണുകളുമായി ഒട്ടേറെപേര്‍ കാത്തിരിക്കുന്നു.എല്ലാം കാണുന്ന ജനം അവസാനം ബാലറ്റിലൂടെ നിശബ്ദമായി കണക്കു തീര്‍ക്കുമ്പോള്‍ ലോകം തന്നെ ഞെട്ടിവിറക്കുന്നു.ജനതാതരംഗം ആഞ്ഞടിച്ച 1977-ല്‍ കേന്ദ്രത്തില്‍ തോറ്റമ്പിയ കോണ്‍ഗ്രസ്സുകാരോ,കേരളത്തില്‍ ദയനീയ പരാജയമടഞ്ഞ ഇടതുപക്ഷക്കാരോ പക്ഷേ,രാഷ്ട്രീയമുപേക്ഷിച്ചു സന്യസിക്കാന്‍ പോയില്ല.ഹൃദയം പൊട്ടി മരിച്ചില്ല.ഏതാനും വര്‍ഷം കൊണ്ടു അവര്‍ ഉയിര്‍ത്തെഴുന്നേറ്റു.അധികാരം പിടിച്ചെടുത്തു.
ഈ പോരാട്ടവീര്യമാണു രാഷ്ട്രീയക്കാരുടെ ആയുര്‍ രഹസ്യ്യം എന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു.
മനസ് ചഞ്ചലമായാല്‍ പിന്നെ പിടിച്ചു നില്‍ക്കാനാകില്ല.ചെറിയ വിമര്‍ശനങ്ങള്‍ പോലും സഹിക്കാന്‍ കഴിയാത്ത മാനസ്സികാവസ്ഥയുള്ള മത-സാംസ്കാരിക നേതാക്കള്‍ ഇക്കാര്യത്തിലെങ്കിലും രാഷ്ട്രീയക്കാരെ കണ്ടു പഠിക്കട്ടെ.
അവരെ അധിക്ഷേപിക്കുന്നവരുടെ വ്യക്തിജീവിതം തീരെ സുതാര്യമല്ല.
സമൂഹത്തിന്റെ അഭിപ്രായരൂപീകരണത്തെ വലിയ അളവില്‍ സ്വാധീനിക്കുന്ന മത-സാംസ്കാരിക നേതാക്കള്‍ സെന്‍സിറ്റീവാണു.തരളഹൃദയരാണിവര്‍.ചെറു ഓളങ്ങള്‍ പോലും അവരെ അസ്വസ്ഥരാക്കും.അത് അവരുടെ ആയുസ് കുറയ്ക്കും. അത് അവരെ രോഗികളാക്കും.അതിജീവനകലയുടെ ആദ്യാക്ഷരങ്ങളില്‍ തന്നെ അവരുടെ കൈകളിടറും.ആദ്ധ്യാത്മികതയില്‍ അഭിരമിക്കുമ്പോഴും ഭൌതികസുഖങ്ങളില്‍ ആറാടുന്നവരാണു അവരില്‍ ഭൂരിപക്ഷവും.മൂന്നു നേരമുള്ള മൃഷ്ടാന്ന ഭോജനമെങ്കിലും ത്യജിക്കാന്‍ തക്ക മനോബലമുള്ളവര്‍ എത്രപേരുണ്ടു?ആഹാര-നീഹാരങ്ങളില്‍ ആറാടുന്ന നമ്മുടെ സാംസ്കാരിക നേതാക്കള്‍ മൂക്കറ്റം തിന്നും കുടിച്ചുമറിഞ്ഞും ആായുസ്സറ്റുപോകുന്നവരാണു.
തിന്നും കുടിച്ചും നിത്യവും മദനോത്സവം നടത്തുന്നവരുടെ നിരയില്‍ ,എന്തായാലും, രാഷ്ട്രീയ നേതാക്കളെ കാണില്ല.പുതു തലമുറയിലെ പുതുപ്പണക്കാരായ ചില കുട്ടിനേതാക്കള്‍ ഇതിനപവാദമായി കണ്ടേക്കാം.എന്നാല്‍ ചിട്ടയായ ജീവിതക്രമം അനുഷ്ഠിക്കുന്നവരാണു നമ്മുടെ രാഷ്ട്രിയക്കാരില്‍ ഭൂരിപക്ഷവും.ആഹാരത്തില്‍ പാലിക്കുന്ന ഈ നിഷ്ഠയായിരിക്കാം അച്ച്യുതാനന്ദേയും കരുണാകരന്റേയുമൊക്കെ ദീര്‍ഘായുസ്സിന്റെ ശക്തി ശ്രോതസ്സുകളില്‍ മുഖ്യം.രാഷ്ട്രീയക്കാരെ അടച്ചാക്ഷേപിക്കുന്നവര്‍ക്കു കൂടി മാതൃകയാക്കാവുന്നതാണു അവര്‍ ജീവിതത്തില്‍ പുലര്‍ത്തുന്ന നിഷ്ഠ.
അതുകോണ്ടു ,ചെറുപ്പത്തിലെ രോഗപീഡകളാല്‍ ജീവിതം നരകതുല്യമായിതീര്‍ന്നവര്‍ നമ്മുടെ രാഷ്ട്രീയക്കാരെ കണ്ടുപഠിക്കട്ടെ.ആരോഗ്യകരമായി ദീര്‍ഘകാലം എങ്ങനെ ജീവിക്കാമെന്ന് അവര്‍ വഴി കാട്ടും.
ഇനി രോഗം വരുമ്പോള്‍ അലോപ്പതി ഡോക്ടര്‍മാരുടെ അടുത്തേക്ക് പായുന്നവരോടും ഒന്നു പറയുവാനുണ്ടു:
കേരളത്തില്‍ ഏറ്റവും ആയുസ്സു കുറഞ്ഞവര്‍ അവരാണു.-വെറും 65 വയസ്സാണു കേരളത്തിലെ ഡോക്റ്റര്‍മാരുടെ ശരാശരി ആയുസ്സെന്ന് അവരുടെ സംഘടന തന്നെ നടത്തിയ പഠനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതുകൊണ്ടു, ജീവനില്‍ കൊതിയുള്ള ഡോക്ടര്‍മാരും രാഷ്ട്രീയക്കാരെ കണ്ടു പഠിക്കട്ടെ.
Sunday, 3 August 2008
ആള്‍ക്കൂട്ടം ഇന്‍ലന്റ് മാസിക ലക്കം ഒന്ന്:1980 ആഗസ്റ്റ്



ഇരുപത്തിയെട്ടു വര്‍ഷം മുന്‍പ്,1980 ആഗസ്റ്റില്‍,മാവേലിക്കരയില്‍ നിന്ന് ഒരു മാസിക പിറന്നു-ആള്‍ക്കൂട്ടം ഇന്‍ലന്റ് മാസിക. പന്തളം എന്‍.എസ്.എസ് ,കായംകുളം എം.എസ്.എം .മാവേലിക്കര ബിഷപ് മൂര്‍ എന്നീ കോളേജുകളില്‍ ഡിഗ്രി വിദ്യാര്‍ത്ഥികളായിരുന്ന ഞാനും,വി.രാധാകൃഷ്ണന്‍,പി.തമ്പാന്‍,ആര്‍.രഘുവരന്‍ തുടങ്ങിയവരുമടങ്ങുന്ന ഒരു ചെറിയ ആള്‍ക്കൂട്ടമായിരുന്നു ഒരു തുണ്ടു ഇന്‍ലന്റിലൂടെ ഈ ലോകത്തോടു എന്തൊക്കെയോ വിളിച്ചു പറയാനിറങ്ങിത്തിരിച്ചത്.ക്ഷുഭിത യൌവനത്തിന്റെ തിളക്കുന്ന ഭാഷയായിരുന്നു അതിന്റേത്.മുന്നില്‍ മഴ,സുലേഖ, സംഗമം എന്നിങ്ങനെ ഏതാനും ഇന്‍ലന്റ്രൂപികള്‍.പിന്തുണയേകാന്‍, അന്നു നിരന്തരം കാര്‍ട്ടൂണുകള്‍ വരച്ചുകൊണ്ടിരുന്ന വൈ.ഏ.റഹീം.
500-ല്‍പ്പരം കോപ്പികളില്‍ സ്കെച്ചു പേനകൊണ്ടു ബഹുവര്‍ണ്ണത്തില്‍ ആര്‍ട്ടിസ്റ്റ് റോയി തോമസും(അദ്ദേഹം ഇപ്പോള്‍ എവിടെയാണു,ആവോ!),രാധാകൃഷ്ണനും തലക്കെട്ടുകള്‍ എഴുതും.പാറപ്പുറത്തിന്റെ സരിതാപ്രസ്സില്‍ മുദ്രണം.ഓരോ മാസത്തേയും ചെലവിനുള്ള കാശ് 5,10 രൂപയായി ഓരോരുത്തരും സംഭാവന നല്‍കും.കായംകുളത്തെ സി.എന്‍ ലോഡ്ജില്‍ മാസം തോറും അവലോകന യോഗം.തീപാറുന്ന ചര്‍ച്ചകള്‍.ഈ കൂട്ടത്തിലേക്ക് വൈകാത്തെ ജി.അശോക് കുമാര്‍ കര്‍ത്തയുമെത്തി.15 ലക്കങ്ങള്‍ക്കു ശേഷം ഡെമ്മി വലുപ്പത്തില്‍ മാസികയാകുമ്പോള്‍ മാര്‍ഗ്ഗനിര്‍ദ്ദേശകരായി, സര്‍വ്വപിന്തുണയുമായി ഒപ്പം ആര്‍.നരേന്ദ്രപ്രസാദും ,വി.പി.ശിവകുമാറും.കേരളത്തിലെ ലിറ്റില്‍ മാഗസിനുകളുടെ ചരിത്രത്തില്‍ വ്യത്യസ്തമായൊരു വഴി തുറന്ന ആള്‍ക്കൂട്ടം മാസികയ്ക്കു ഒടുവില്‍ 1986 ഫെബ്രുവരിയില്‍ അന്ത്യം.
ആള്‍ക്കൂട്ടത്തിന്റെ പിറവിയുടെ ഈ വാര്‍ഷികത്തില്‍ ഇത് ദീപ്തമായ ആ ഓര്‍മ്മകളിലേക്കൊരു മടക്കയാത്രയാണു.
ഒരു കാലഘട്ടത്തിന്റെ ചരിത്രത്താളുകള്‍ ഈ പേജുകളില്‍ നിന്ന് വായിച്ചെടുക്കാം.അതുകൊണ്ടു ആ പഴയ ലക്കങ്ങള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നു-
എല്ലാ ആഴ്ച്ചയിലും ഓരോന്നു വീതം.ചില ലക്കങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടു.ആരുടെയെങ്കിലും കൈയ്യില്‍ ഉണ്ടെങ്കില്‍ അറിയിക്കുമെല്ലോ.
Friday, 25 July 2008
പാഠം ഒന്ന്:മഹാത്മ പിള്ളേരു തോമ
‘’നമസ്കാരം’‘
‘’സാറിന്റെ പ്രസംഗം ഒന്നാംതരമായി.അവന്മാരെറക്കിയ പൊത്തകം പഠിപ്പിക്കല്ല്,സാറേ.അത് വായിക്കുന്നോരു പാപികളായിത്തീരും.‘‘നമ്മടെ സ്കൂളില്‍ നമ്മള്‍ നമ്മടെ പൊത്തകം പഠിപ്പിക്കും;അതിനു നിങ്ങള്‍ക്കെന്താ,സര്‍ക്കാരേ!” എന്ന് സാറ് ഇന്നലെ ബിഷപ്പ് ഹാളില്‍ പ്രസംഗിച്ചതാ,സാറേ,ശരി.നമ്മളു നടത്തുന്ന സ്കൂളില്‍ നമ്മള്‍ നമ്മടെ സാറന്മാരെ നെയമിക്കും.അതിന്റെ കാശ് നമ്മള്‍ വാങ്ങും.എന്നിട്ട് അതില്‍ നമ്മടെ പിള്ളരെ നമ്മടെ പൊത്തകം കൂടി പഠിപ്പിക്കണം .ഇവമ്മാരെ മുട്ടുകുത്തിക്കാന്‍ ഇതേ വഴിയൊള്ളു സാറേ”
“അങ്ങനെയൊരു നിര്‍ദ്ദേശം ഞാന്‍ വെച്ചിട്ടുണ്ടു.നമ്മള്‍ നടത്തുന്ന സ്കൂളുകളില്‍ നമ്മളുഴുതിയ പുസ്തകം പഠിപ്പിക്കുന്നതിലെന്താണു തെറ്റ്?..ഓ,ചോദിക്കാന്‍ മറന്നു.എവിടെയോ കണ്ട പരിചയം...ഓര്‍മ്മ വരുന്നില്ല.”
“നമ്മള്‍ ഒരു എടവകേലൊള്ളവരാ.ഞാന്‍ തോമ.പിള്ളേരു തോമ എന്നു പറഞ്ഞാല്‍ സാറെന്റെ പേരു കേട്ടിട്ടൊണ്ടാകണം.വലിയങ്ങാടീല്‍ പച്ചക്കറിക്കട നടത്തുന്ന...”
“ഓ,മനസ്സിലായി-പിള്ളേരു തോമ“
“സാറേ,ആ പേരു വിളിച്ചു കേള്‍ക്കുമ്പോള്‍ ശരീരം കുളിരും.എരട്ടപ്പേരാണേലും ആളുകള്‍ അങ്ങനെ വിളിക്കുമ്പോള്‍,സാറേ,രോമാഞ്ചമൊണ്ടാകും.സാറുമെന്നെ അങ്ങനെ വിളിച്ചാല്‍ മതി.”
“ആട്ടെ..ഇപ്പോ എത്ര പിള്ളേരുണ്ടു തോമായ്ക്ക്?“
“കുഞ്ഞന്നാമ്മയെ കെട്ടിയതിന്റെ കൃത്യം പത്താം മാസമാ കര്‍ത്താവനുഗ്രഹിച്ച് തൊമ്മിച്ചനൊണ്ടായത്.അവനിപ്പോള്‍ പിള്ളേരു നാലായി.അവനെ പെറ്റതില്‍ പിന്നെ മൊടങ്ങാതെ കര്‍ത്താവനുഗ്രഹിക്കുന്നോണ്ട് വീട്ടിലിപ്പൊ 12 പിള്ളേരൊണ്ടു.എളേത് മേരിക്ക് ഒന്നര വയസ്സാ പ്രായം..ആയുസ്സും അരോഗ്യവുമുള്ള കാലത്തോളം കര്‍ത്താവു കനിഞ്ഞരുളിത്തരുന്നത് രണ്ടു കൈയ്യും നീട്ടി വാങ്ങാന്‍ യോഗമൊണ്ടാകണേന്നാ ഞാനെന്നും മുട്ടിപ്പായി പ്രാര്‍ത്ഥിക്കുന്നത്”.
“ചേട്ടന്റെ ആഗ്രഹം നടക്കട്ടെ.നമ്മടെയാള്‍ക്കാര്‍ ചേട്ടനെ കണ്ടു പഠിക്കട്ടെ.ദൈവേച്ഛക്ക്
വിരുദ്ധമായി കുടുംബാസൂത്രണമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നത് കാരണം നമ്മുടെയാള്‍ക്കാര്‍ കുറഞ്ഞുവരുന്നു,ചേട്ടാ.നമ്മളുടെഅസംബ്ലീ സീറ്റു പോലും കുറഞ്ഞു.പോരാത്തതിനു അവിശ്വാസികള്‍ ഭരിക്കുകേം ചെയ്യുന്നു..ഈയവസ്ഥയില്‍ വിശ്വാസികളെ നേര്‍വഴിക്ക് നയിക്കാന്‍ നമ്മള്‍ കൂടുതല്‍ കുട്ടികളെ വളര്‍ത്തണം, തോമാ.അതിനു സഭ സഹായങ്ങളെല്ലാം ചെയ്യും.തോമാച്ചേട്ടനെപ്പോലുള്ള ഉത്തമവിശ്വാസികളെ പിതാശ്രീപട്ടം നല്‍കി ആദരിക്കും”
“ഇതു കേട്ടപ്പോഴാ,സാറേ,സമാധാനമായത് .എനിക്ക് പിള്ളേരുണ്ടായപ്പോള്‍ എന്തൊക്കെ പറഞ്ഞാ നമ്മുടെയാള്‍ക്കാര്‍ അധിക്ഷേപിച്ചതെന്നറിയുമോ?അതുകാരണം ഇപ്പണി നിര്‍ത്തിക്കളഞ്ഞാലോ എന്നു വരെ ഞാനും കുഞ്ഞന്നാമ്മയും ആലോചിച്ചതാ.അപ്പഴാ ഉള്ളിലിരുന്ന് കര്‍ത്താവിന്റെ കല്‍പ്പനയുണ്ടായത്:തോമാ, ഞാന്‍ തരുന്നത് നീ രണ്ടുകൈയ്യും നീട്ടി സ്വീകരിപ്പിന്‍ എന്ന്!ഇപ്പൊ സമാധാനമായി.ഇനി സഭയുടെ മാതാ-പിതാശ്രീ പുരസ്കാരോം വാങ്ങി,പിള്ളേരേം കൂട്ടി വലിയങ്ങാടീലൂടൊരു ജാഥ നടത്തിയേച്ച് കണ്ണടച്ചാല്‍ മതി,സാറേ.”
“തോമാ ച്ചേട്ടനു ദൈവകൃപയുണ്ടാകും.ദീഘായുസ്സുണ്ടാകും.”
“എങ്കി സാറിനോടിനൊരു രഹസ്യം പറയാം.ദേ,ആ ചെവിയിങ്ങു കാട്ട്...ഇനീം പിള്ളേരെയൊണ്ടാക്കി -ആ പൊത്തകോമില്ലേ..”
“ഗിന്നസ് ബുക്ക്..”
“അതില്‍ തന്നെ-മുപ്പത് പിള്ളേരെയൊണ്ടാക്കി ആ പൊത്തകത്തില്‍ കേറിക്കൂടണമെന്നാ എന്റേം കുഞ്ഞന്നാമ്മയുടേയും ജീവിതാഭിലാഷം”.
“അതു നടക്കും,ചേട്ടാ”.
“ഈ പറഞ്ഞ സാറിന്റെ നാവു പൊന്നായിരിക്കട്ടെ.ദാ,ഇനി ഇത് സാറു ഐശ്വര്യമായിട്ടൊന്നു വാങ്ങി നോക്കിയാട്ടെ”.
“ങ്ങേ,ഇതെന്താ ഇതിനകത്ത്..?”
“നിക്ക്-നിക്ക്.സാറിത് നോക്കാന്‍ വരട്ടെ.അതിനു മുന്‍പു സാറിതിനുത്തരം പറഞ്ഞാട്ടെ-സയന്‍സെന്നൊക്കെ പറഞ്ഞു നമ്മുടെ പിള്ളാരെ വേണ്ടാതീനം പഠിപ്പിക്കുന്നോരുടെ കൂട്ടത്തിലാണോ,സാറും?”
“ഞാനോ!”
“എങ്കി പറ-ആദാമിനേം ഹവ്വയേയും സൃഷ്ടിച്ചതാരു?”
“കര്‍ത്താവു:പിന്നല്ലാതാര്‍?”
“എന്നിട്ട് എന്റെ പിള്ളേരു പഠിക്കുന്ന സയന്‍സ് പൊത്തതകത്തിലൊന്നും അതില്ലെന്റെ സാറേ.ചിമ്പാന്‍സീന്നൊ മറ്റോ പറയുന്ന മനുഷ്യക്കൊരങ്ങീന്നാണത്രേ മനുഷ്യരൊണ്ടായതെന്നാ അവന്മാര്‍ എഴുതി വച്ചിരിക്കുന്നത്”.
“അതാണു ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം.അതും പഠിക്കാനുണ്ടു തോമാ ചേട്ടാ.”
“അതെന്തിനു,സാറേ?അവിശ്വാസികളെഴുതിവെച്ച ഇത്തരം പോഴത്തം നമ്മടെ പിള്ളേരെ നമ്മള്‍ പഠിപ്പിക്കുകയോ,കര്‍ത്താവേ!ഈ ദൈവദോഷം എഴുതി വെച്ചിരിക്കുന്ന ആ സയന്‍സുപൊത്തകം കൂടെ കത്തിച്ചുകളയണം,സാറേ.എന്നിട്ട് നമ്മടെ പിള്ളാരെ നമ്മടെ സത്യമാര്‍ഗ്ഗം പഠിപ്പിക്കണം എന്റെ സാറേ..അതിനൊള്ള സാമൂഹ്യപാഠപൊത്തകത്തി ചേര്‍ക്കനൊള്ളതാ സാറിന്റെ കയ്യിലിരിക്കുന്നത്.ഇനി സാറതൊന്ന് വായിച്ച് നോക്കിയാട്ടെ.”
“ഇത് തോമാച്ചേട്ടന്റെ പടമല്യോ!ങ്ങേ!ഇതെന്ത്!...പാഠം ഒന്ന്...മഹാത്മാ തോമാ..!”
“ഏഴാം ക്ലാസ്സിലെ പൊത്തകത്തി ഇത് ചേര്‍ക്കാന്‍ പറ, സാറേ.നമ്മടെ സ്കൂളിലെ പിള്ളേരെ ഇപ്പോഴേ ഇതൊക്കെ പഠിപ്പിച്ചാല്‍ പത്താം ക്ലാസ് കഴിയുമ്പോഴേ ഇവരൊക്കെ ഇഷ്ടമ്പോലെ പിള്ളേരെ ഒണ്ടാക്കിതൊടങ്ങിക്കോളും,എന്റെ സാറേ!’
Sunday, 13 July 2008
വിശ്വാസം വയറു നിറക്കില്ല,അച്ചന്മാരേ!
''കൂടുതല്‍ കുട്ടികള്‍ കൂടുതല്‍ സുരക്ഷക്ക്"
-കൂടുതല്‍ കുട്ടികളെ ഉണ്ടാക്കല്‍ പരിപാടിക്ക് വിശ്വാസികളെ പ്രേരിപ്പിക്കാനായി തൃശ്ശൂര്‍ അതിരൂപത പുറത്തിരക്കിയ പോസ്റ്ററില്‍ കണ്ടതാണിത്‍!
കേരളത്തിലെ തങ്ങളുടെ ആള്‍ക്കാര്‍ കുറഞ്ഞുവരുന്നത് കാരണം നിയമസഭാമണ്ഡലങ്ങള്‍ കുറയുന്നു.ഇനി ലോക് സഭാമണ്ഡലങ്ങളും കൂടി കുറഞ്ഞാലോ?
മലപ്പുറത്താണങ്കില്‍ ജനം പെരുകുന്നത് കാരണം ‘മറ്റവര്‍ക്കു‘ വോട്ടും സീറ്റും കൂടുന്നു.ഇങ്ങനെപോയാല്‍ മറ്റവര്‍ എല്ലാം അടിച്ചുമാറ്റുമോ..!ദൈവരാജ്യം കൈവിട്ടു പോകുമോ! ഈ ആശങ്കയില്‍ നിന്നാണു കൂടുതല്‍ കുട്ടികളെ പെറ്റുകൂട്ടാന്‍ കുഞ്ഞാടുകളോട് സഭ ആവശ്യപ്പെടുന്നത്.
ഇതു ഇന്ത്യപ്പോലുള്ള ഒരു വികസ്വരരാജ്യത്തിന്റെ ഉച്ചിയില്‍ ആണിക്കല്ലടിക്കാനുള്ള ശ്രമമാണു.ജനസംഖ്യാപ്പെരുപ്പം കാരണം വീര്‍പ്പുമുട്ടിയിരുന്ന കേരളത്തില്‍ കഴിഞ്ഞ നാലു പതിറ്റാണ്ടോളം നീണ്ടു നിന്ന അക്ഷീണ പ്രചാരണപ്രവര്‍ത്തനത്തിന്റെ ഫലമായി നേടിയ സര്‍വ്വ പുരോഗതിയേയും തകര്‍ക്കാനുള്ള ഏറ്റവും അപകടകരവും പ്രതിലോമകരവുമായ നീക്കമാണു ഒരു വിഭാഗം കൃസ്ത്യന്‍ സഭക്കാര്‍ വിശ്വാസസംരക്ഷണത്തിന്റെ പേരില്‍ നടത്തുന്നത്.തങ്ങളുടെ മതവിഭാഗത്തിലേക്കു മാത്രം സമൂഹത്തെ ചുരുക്കുന്ന,മറ്റുള്ളവരെ ശത്രുക്കളായി കാണുന്ന മതാന്ധര്‍ക്കു മാത്രമേ ഇങ്ങനെ ഒരു ഭ്രാന്തന്‍ കര്‍മ്മപദ്ധതിക്ക് രൂപം നല്‍കാന്‍ കഴിയൂ.
മലപ്പുറം ജില്ലയില്‍ ജനസംഖ്യാപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ കഴിയാത്തതിനു കാരണവും മതപരം തന്നെ.കുടുംബാസൂത്രണ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുന്നത് ചെകുത്താന്റെ ശൈതിയാണെന്ന് ഇപ്പോഴും അവരെ പഠിപ്പിക്കുന്നവരുണ്ടു.തങ്ങളുടെ വോട്ടുബാങ്കിന്റെ വലുപ്പം കൂട്ടാന്‍ ചിലര്‍ ഇതിനെ കൈയ്യയച്ച് പ്രോല്‍സാഹിപ്പിക്കുന്നു.കഴിഞ്ഞ ഒരു ദശകത്തിനുള്ളില്‍ മലപ്പുറത്തെ കുടുംബാസൂത്രണപ്രവര്‍ത്തനങ്ങള്‍ ഏതാണ്ടു നിലച്ച മട്ടാണു.സര്‍ക്കാര്‍ മുന്‍ കൈയ്യെടുത്ത് അടിയന്തിരമായി അവിടുത്തെ രാഷ്ട്രീയ-മത സംഘടനകളുടെ യോഗം വിളിച്ചു ചേര്‍ത്ത് ,പുതിയ പ്രചാരണ-അവബോധ പരിപാടികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കേണ്ടതാണു.
ശൈശവവിവാഹവും അവിടെ അപകടകരമാം വിധം വര്‍ദ്ധിച്ചുവരുന്നുണ്ടു.പ്രതിബദ്ധതയുള്ള ഒരു സര്‍ക്കാരിനും ഇതില്‍ ഇടപെടാതിരിക്കാനാകില്ല.കേരളത്തിലെ ഏറ്റവുമധികം മാധ്യമങ്ങളുള്ള ജനവിഭാഗമാണു മുസ്ലീംങ്ങള്‍-4 ദിനപത്രങ്ങളും ഒരു ടെലിവിഷന്‍ ചാനലും സ്വന്തമായുള്ള,വിവര-സാങ്കേതകരരംഗത്തു ഏറ്റവും കൂടുതല്‍ വിദഗ്ദരുള്ള ഒരു ജനസമൂഹം ജനസംഖ്യാവിസ്ഫോടനത്തില്‍ നട്ടം തിരിയുന്നതിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ കണ്ടെത്തേണ്ടത് അവര്‍ക്കിടയിലെ ബുദ്ധിജീവികളും നിഷ്പക്ഷമതികളുമാണു.അവരതിനു മുന്‍ കൈ എടുക്കട്ടെ.
ഇല്ലെങ്കില്‍ കേരള കാത്തലിക് ബിഷപ്പ്സ് കൌണ്‍സില്‍ കൂടുതല്‍ കുട്ടികളെ ഉണ്ടാക്കാന്‍ മുന്നിട്ടിറങ്ങിയതു പോലെ സംഘ പരിവാറുകാരടക്കമുള്ള ഹിന്ദുത്വതീവ്രവാദികളും രംഗത്തെത്തും.നാലു വര്‍ഷം മുന്‍പ് മലപ്പുറത്തെ തിരുനാവായയില്‍ പി.പരമേശ്വരന്‍ എന്ന ഹൈന്ദവരുടെ താത്ത്വികാചാര്യന്‍ സര്‍വ്വ ഹിന്ദുക്കളോടും കൂടുതല്‍ കുട്ടികളെ സൃഷ്ടിച്ച് ഹൈന്ദവരുടെ എണ്ണം കൂട്ടാന്‍ ആഹ്വാനം ചെയ്തിരുന്നതാണു.പക്ഷേ ഇതു കേട്ട് ഒരു കടുത്ത ഹിന്ദുത്വവാദി പോലും കര്‍മ്മനിരതനായതായി അറിയില്ല.എന്തു കൊണ്ടെന്നാല്‍ അതിനൊരു കര്‍മ്മപദ്ധതിയുടെ പിന്‍ബലം ഉണ്ടായിരുന്നില്ല.അന്നു മണ്ഡലംപുനര്‍നിര്‍ണ്ണയിച്ചതിന്റെ വാര്‍ത്ത വന്നിരുന്നില്ല.
പക്ഷേ ഇന്ന് അതല്ലല്ലോ സ്ഥിതി?കത്തോലിക്ക സഭ വിശ്വാസികളെ പെറ്റുകൂട്ടാന്‍ കുഞ്ഞാടുകള്‍ക്കു പ്രലോഭനങ്ങള്‍ വെച്ചു നീട്ടുമ്പോള്‍ അവര്‍ ചുമ്മാതിരിക്കുമോ?
കേരളം സമുദായികാസ്വാസ്ഥ്യത്തിന്റെ അശാന്ത ദിനങ്ങളിലേക്കാണു നീങ്ങുന്നത്.ഇതു തീ കൊണ്ടുള്ള കളിയാണു.
കൌമാരത്തിലേ തന്നെ കുടുംബവുമായുള്ള ബന്ധം വിട്ട് അവിവാഹിതപൌരോഹിത്യം നയിക്കുന്ന കത്തോലിക്കാപുരോഹിതര്‍ക്ക്‍ കുടുംബ ജീവിതത്തിന്റെ കെട്ടുപാടുകളെക്കുറിച്ച് എന്തറിയാം?സഭക്ക് ആളുകളെ കൂട്ടാനായി മാത്രം കുഞ്ഞാടുകളോട് പെറ്റു കൂട്ടാന്‍ ആഹ്വാനം ചെയ്യുന്നവര്‍ക്ക് സാമൂഹികബോധം തീരെയില്ല.അതാണു ഡോ.ഡി.ബാബുപോള്‍ മാധ്യമത്തിലിലെഴുതിയ ലേഖനത്തില്‍ നിരീക്ഷിച്ചത്.സമൂഹത്തിനും കാലത്തിനും നേരെ പുറം തിരിഞ്ഞു നിന്നാല്‍ പോപ്പിന്റെ നാട്ടിലേയും ബ്രിട്ടനിലേയും മറ്റും ദുരവസ്ഥയാകും സഭക്കുണ്ടാകുക എന്നു അദ്ദേഹം മുന്നറിയിപ്പു നല്‍കുന്നുണ്ടു.അവിടെ വിശ്വാസികള്‍ പള്ളികകളെ ഉപേക്ഷിച്ചത് കാരണം അവ അടച്ചുപൂട്ടിക്കൊണ്ടിരിക്കുന്നു.അച്ചന്മാരേയും കന്യാസ്ട്രീകളേയും കിട്ടാനുമില്ല!
സഭാനേതൃത്വത്തിനു വെളിവില്ലെങ്കിലും ജീവിതപ്രാരാബ്ധംകാരണം നട്ടം തിരിയുന്ന സാധാരണക്കാരും,വിദ്യാസമ്പന്നരായഇടത്തരക്കാരുമടങ്ങിയ മഹാഭൂരിപക്ഷം കത്തോലിക്കാവിശ്വാസികളും ഈ ആഹ്വാനത്തിനുവിലകല്‍പ്പിക്കുകയില്ല.അച്ഛന്മാരാകാത്ത അച്ചന്മാരുടെ കുര്‍ബാനപ്രസംഗം കേട്ട് അവര്‍ വീടുനിറയെ പിള്ളേരെ ഉണ്ടാക്കാനിറങ്ങുമോ?
വിശ്വാസം കുഞ്ഞാടുകളുടെ വയറു നിറക്കില്ല,അച്ചന്മാരേ!
Saturday, 21 June 2008
‘നാട് നീങ്ങാത്ത‘, ‘തീപ്പെടാത്ത’ തമ്പുരാട്ടിമാരും തമ്പുരാക്കന്മാരും
കൊട്ടാരം വിട്ടിറങ്ങി വനവാസത്തിനു പോകാന്‍ ഒരു രാജാവും സ്വമനസ്സാലെ തയ്യാറാകില്ല.കൊട്ടാരവിപ്ലവത്തിലൂടെ 2001-ല്‍ അധികാരം പിടിച്ചെടുത്ത ജ്നാനേന്ദ്രയെ കാട്ടിലയച്ചത് മാവോയിസ്റ്റുകളുടെ നേതൃത്വത്തില്‍ നടന്ന ജനകീയ വിപ്ലവമാണു.അങ്ങനെ ലോകത്തെ ഒരേയൊരു ഹിന്ദു രാജവംശം മതേതര റിപ്പബ്ലിക്കിനു വഴിമാറി.രാജഭരണവും ചിഹ്നങ്ങളും ചരിത്രത്തിലേക്ക് പിന്‍വാങ്ങുകയാണു.
പക്ഷേ, കേരളത്തിലോ?
61 വര്‍ഷം മുന്‍പു ഇന്ത്യ സ്വതന്ത്രമായിട്ടും വേറിട്ടുനിന്ന ചില നാട്ടുരാജ്യങ്ങള്‍ ഇന്ത്യന്‍ യൂണിയനില്‍ ചേരാന്‍ പിന്നെയും ഏതാനും വര്‍ഷമെടുത്തു.തിരുവിതാംകൂറും അതില്‍ പെടും.വേര്‍പെട്ടു നിന്നതിന്റെ കാരണക്കാരന്‍ സര്‍ സി.പിയാണന്നാണു ചരിത്രപുസ്തകത്താളുകളില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്.
എന്തുകൊണ്ടെന്നാല്‍, നാടു ഭരിച്ച ചിത്തിരതിരുന്നാള്‍ ബാലരാമവര്‍മ പ്രജാക്ഷേമ തല്‍പ്പരനും ജനങ്ങളുടെ കണ്‍കണ്ട ദൈവവും പൊന്നുതിരുമേനിയുമായിരുന്നു.എല്ലാ നന്മകളുടേയും മൂര്‍ത്തീഭാവമായിരുന്നു,തിരുവിതാംകൂര്‍ രജാക്കന്മാര്‍.അവരില്‍ അഗ്രഗണ്യനായിരുന്നു ചിത്തിരതിരുന്നാള്‍.ദിവാനോ, സര്‍വ തിന്മകളുടേയും പ്രതീകവും.അതിനാല്‍ കമ്യൂണിസ്റ്റുകാരും ,ആര്‍.എസ്.പിക്കാരും വിപ്ലവകാരികളും സര്‍ സി.പിയെ നിഗ്രഹിക്കാനിറങ്ങി.കെ.സി.എസ് മണിയുടെ വെട്ടേറ്റ് നാടു വിട്ടോടി തമിഴ്നാട്ടില്‍ മടങ്ങിയെത്തിയ സര്‍ സി.പി അവിടെ അണ്ണാമല സര്‍വകലാശാലയുടെ വൈസ് ചാന്‍സ്ലറായി.മികച്ച ഭരണാധികാരിയും വിദ്യാഭ്യാസവിദഗ്ദനുമെന്ന നിലയിലാണു തമിഴ് ജനത അദ്ദേഹത്തെ വിലയിരുത്തുന്നത്.
ജനകീയ ഭരണത്തിന്‍ കീഴില്‍ നാലു പതിറ്റാണ്ടിലേറെക്കാലം ജീവിച്ചിട്ടാണു ചിത്തിരതിരുന്നാള്‍ അന്തരിച്ചത്(ക്ഷമിക്കണം-‘തീപ്പെട്ടത്’). അധികാരം പോയെങ്കിലും രാജാവായിത്തന്നെ അദ്ദേഹം ജീവിച്ചു.കൊട്ടാരം വിട്ടിറങ്ങി,കല്ലും മുള്ളും നിറഞ്ഞ കാനനത്തില്‍ അലഞ്ഞുതിരിയേണ്ട ഗതികേട് അദ്ദേഹത്തിനോ രാജകുടുംബാംഗങ്ങള്‍ക്കോ ഉണ്ടായില്ല. കോടിക്കണക്കിനു രൂപ വിലമതിക്കുന്ന കൊട്ടാരങ്ങളും സ്ഥാവരജംഗമ വസ്തുക്കളും ചിത്തിരതിരുന്നാളിനും പിന്‍ഗാമികള്‍ക്കും ജനകീയസര്‍ക്കാരുകല്‍ കനിഞ്ഞു നല്‍കി.
സ്കൂള്‍ കുട്ടികള്‍‘വഞ്ചീശ മംഗളം’ പാടിയില്ലെങ്കിലും അന്നദാതാവായ പൊന്നുതമ്പുരാനെ അനന്തപുരിക്കാര്‍ നെഞ്ചിലും തോളിലുമേറ്റി നടന്നു.
ശ്രീപദ്മനാഭദാസനു സാക്ഷാല്‍ ശ്രീപദ്മനാഭസ്വാമി ക്ഷേത്രം തന്നെ അവര്‍ കാണിക്കവെച്ചു.പൊന്നുതിരുമേനിയുടെ ക്ഷേത്രദര്‍ശനത്തിനായുള്ള പള്ളിയെഴുന്നള്ളത്തിനു ആനയും അമ്പാരിയും അകമ്പടിക്കാരും വഴിയൊരുക്കിക്കൊടുത്തു.ഉടവാളേന്തിയ പൊന്നുതിരുമേനി ആറാട്ടിനു പോകുമ്പോള്‍ കുതിരപ്പോലീസ് അകമ്പടി സേവിച്ചു.ശംഖുംമുഖത്തേക്കുള്ള പള്ളിനീരാട്ടിനായി ആറാട്ടുനാള്‍ വിമാനത്താവളത്തിന്റെ റണ്‍വേ തുറന്നുകൊടുത്തു.ഇപ്പോഴും അതു തുടരുന്നു.
അങ്ങനെ,സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഒരു മുന്‍ ഭരണാധികാരിക്കും ,കുടുംബാംഗങ്ങള്‍ക്കും പിന്‍ഗാമികല്‍ നല്‍കാത്തത്ര സ്വത്തും പ്രത്യേകാവകാശങ്ങളും ജനകീയ ഭരണാധികാരികള്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിനു നല്‍കിപ്പോരുന്നു.അതിന്റെ ന്യായം, ചിത്തിരതിരുന്നാള്‍ ബാലരാമവര്‍മയുടെ ജനക്ഷേമനടപടികളായിരുന്നു.പ്രായപൂര്‍ത്തി വോട്ടവകാശവും ക്ഷേത്രപ്രവേശനവിളംബരവും രാജാവിനെ ജനകീയനാക്കി.അദ്ദേഹത്തിന്റെ കാലത്ത് തുടങ്ങിയ സ്ഥാപനങ്ങളാണു തിരുവനന്തപുരം നഗരത്തിന്റെ മുഖമുദ്രയായി തലഉയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്നവയില്‍ ഭൂരിപക്ഷവും.ഒരു പക്ഷേ,പിന്നീട് വന്ന സര്‍ക്കാരുകളെല്ലാം കൂടി അത്രയും സ്ഥാപനങ്ങള്‍ ഉണ്ടാക്കിയിട്ടില്ലെന്ന വാദം ശരിയാകാം.
പക്ഷെ, അദ്ദേഹം രാജാവായിരുന്നു.പരമ്പരാഗതമായി ലഭിക്കുന്ന രാജപദവി ഒരിക്കലും ബഹുഭൂരിപക്ഷത്തിന്റെ ഹിതാനുസരണം ഉണ്ടാകുന്നതല്ല.ജനങ്ങളെ ചൂഷണം ചെയ്തും അടിച്ചമര്‍ത്തിയുമാണു ഏതു ജനകീയഭരണാധികാരിയും ഭരിച്ചിരുന്നത്.രാജഭരണകാലത്തെ തിന്മകളെല്ലാം ദിവാന്റെ പേരില്‍ ചാര്‍ത്തിയവര്‍ ചരിത്രത്തോട് അശേഷം നീതി പുലര്‍ത്തിയില്ലെന്ന് നമുക്കറിയാം. അമിതമായ രാജഭക്തിയായിരുന്നു അതിനു കാരണം.
ക്രൂരനായ രാജാവല്ലായിരുന്നു ചിത്തിരതിരുന്നാള്‍.പക്ഷേ,അതുകൊണ്ടു മാത്രം രാജഭരണം ഏറ്റവും മികച്ചതാകുന്നില്ല.അതുകൊണ്ടു തിരുവിതാങ്കൂര്‍ രാജവംശം സമ്പാദിച്ചുകൂട്ടിയതൊക്കെ അവരുടെ പാരമ്പര്യാവകാശമായി ചര്‍ത്തിക്കൊടുക്കേണ്ടതില്ല.രാജകുടുംബത്തിന്റെ സ്വത്തെല്ലാം ജനങ്ങളുടേതാണു.അവരുടെ പൊതുസമ്പത്താണവ.അതിന്നവകാശികള്‍ ജനങ്ങള്‍ മാത്രമാണു.
ക്രൂരരരും അഴിമതിക്കാരുമല്ലാത്ത രാജാക്കന്മാരുടെ വംശമായിരുന്നു,തിരുവിതംകൂറിലേത് എന്നു വാദിച്ചാല്‍ നമുക്കത് അംഗീകരിക്കാം.പക്ഷേ, അതിനു പ്രത്യുപകാരമായി ഇത്ര അളവറ്റസ്വത്തുക്കളും പ്രത്യേകാവകാശങ്ങളും അനന്തകാലത്തേക്ക് രാജകുടുംബത്തിനു നല്‍കണമെന്നു പറയുന്നത് ജനാധിപത്യമര്യാദയോ സാമാന്യനീതിയോ അല്ല.‘ശ്രീപദ്മനാഭന്റെ പത്ത് ചക്രം’ വാങ്ങി സായൂജ്യമടയുന്നത് ജന്മസുകൃതമായി കാണുന്നവര്‍ ‘ഹെര്‍ ഹൈനസ്‘ തമ്പുരാട്ടിമാരേയും, ‘ഹിസ് ഹൈനസ്’ തമ്പുരാക്കന്മാരെയും ആരാധിക്കട്ടെ.അവരുടെ തിരുമുഖം കണ്ടു വണങ്ങട്ടെ.അത് അവരുടെ വ്യക്തിസ്വാതന്ത്യത്തിന്റെ പ്രശ്നം.
പക്ഷേ,ജനകീയ സര്‍ക്കാരുകള്‍ക്ക് ഇത് ഒട്ടും ഭൂഷണമല്ല.ഇപ്പോഴത്തെ ‘രാജാവ്‘ ഉത്രാടം തിരുന്നാള്‍ മാര്‍ത്താണ്ടവര്‍മയേയും പരിവാരങ്ങളേയും കാനനവാസത്തിനയക്കണമെന്നല്ല പറയുന്നത്.രാജകുടുംബം കൈവശം വച്ചിരിക്കുന്ന അനേകം കോടി രൂപയുടെ സ്വത്തുക്കള്‍ സര്‍ക്കാര്‍ ഏറ്റെടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.അവര്‍ കൊട്ടാരങ്ങളില്‍ മാത്രമേ ഇപ്പോഴും ‘പള്ളിയുറങ്ങൂ’ എന്നില്ലല്ലോ.അത്തരം ശീലങ്ങള്‍ മാറ്റാന്‍ സമയമായി.
രജകുടുംബം കൈവശം വച്ചിരിക്കുന്ന ശ്രീപദ്മനാഭസ്വാമിക്ഷേത്രം കുടുംബസ്വത്തല്ലന്നും അത് സര്‍ക്കാരിനു ഏറ്റെടുക്കാമെന്നും തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ് കോടതി വിധിച്ചിട്ട് മാസങ്ങളായി.എന്തിനും ഏതിനും ഉറഞ്ഞുതുള്ളുന്ന സുധാകരന്‍ മന്ത്രിയോ മൂന്നാറിലേക്കു ജെ.സി.ബി ഉരുട്ടിയ അച്ച്യുതാനന്ദനോ മൂക്കിനു കീഴെ നടക്കുന്ന അന്തപ്പുരസംഭവങ്ങല്‍ അറിഞ്ഞില്ലെന്നു നടിക്കുന്നു.ഇതിനിടെ രാജകുടുംബത്തിന്റെ വികാരങ്ങള്‍ മാനിക്കുമെന്നു മന്ത്രി പറഞ്ഞതായും വാര്‍ത്തയുണ്ടായിരുന്നു.
അതിന്റെ അര്‍ത്ഥമിതാണു;എല്ലാം വെച്ചനുഭവിക്കാന്‍ തിരുവിതാംകൂര്‍ മുന്‍ രാജകുടുംബത്തിനു അച്ച്യുതാനന്ദന്‍ സര്‍ക്കാര്‍ മൌനാനുവാദം നല്‍കിയിരിക്കുന്നു.
ക്ഷേത്രം രാജകുടുംബത്തിന്റെ സ്വത്തല്ലന്ന സബ്കോടതിയുടെ കണ്ടെത്തലില്‍ ഇടപെടാന്‍ ഹൈക്കോടതിയും വിസ്സമ്മതിച്ചതോടെ പന്തിപ്പോള്‍ സര്‍ക്കാരിന്റെ കോര്‍ട്ടിലാണു.രാജകുടുംബത്തിനു ഇതാകാമെങ്കില്‍ ഉദ്യോഗസ്ഥപ്രമുഖര്‍ക്കും ധനാഡ്യര്‍ക്കും മദിക്കാനും നേരമ്പോക്കുകള്‍ നടത്താനും ഉണ്ടാക്കിയിട്ടുള്ള ക്ലബ്ബുകള്‍ ഏറ്റെടുക്കുന്നതെന്തിനു?
മുന്‍ ഭരണാധികാരികള്‍ കൊട്ടാരവും ക്ഷേത്രവും കൈവശംവെച്ചനുഭവിക്കുമ്പോള്‍,ഇപ്പോഴത്തെ വാഴുന്നോരും കുറച്ചെന്തെങ്കിലും കൈവശംവെച്ച് അനുഭവിച്ചില്ലെങ്കില്‍ അത് സ്റ്റാറ്റസിനു നിരക്കാത്തതാകും.
എല്ലാവരും തുല്യര്‍.ചിലരാകട്ടെ കൂടുതല്‍ തുല്യര്‍. അവര്‍ക്ക് എന്തും വെട്ടിപ്പിടിക്കാനും കൈവശം വെക്കാനുമുള്ള അവകാശമുണ്ടു.രാജാക്കന്മാര്‍ ‘തീപ്പെട്ടാ’ലും തമ്പുരാട്ടിമാര്‍ ‘നാടുനീങ്ങി’യാലും ജനാധിപത്യയുഗത്തിലെ ‘കൂടുതല്‍ സമന്‍മാരു’ടെ തലമുറ വെട്ടിപ്പിടുത്തം വര്‍ദ്ധിതവീര്യത്തോടെ തുടരും.
അവരാണു അമരരായ തമ്പുരാക്കന്മാരും തമ്പുരാട്ടിമാരും.ചിത്തിരതിരുന്നാളും ജ്നാനേദ്രയും അവര്‍ക്കു മുന്നില്‍ വെറും അശുക്കള്‍!
Sunday, 25 May 2008
ചെകുത്താന്മാര്‍ ഉണ്ടാകുന്നത്....
വിശ്വാസത്തട്ടിപ്പുകാരും,വ്യാജസ്വാമിമാരും,ആദ്ധ്യാത്മിക വ്യാപാരികളും കരാളനൃത്തം ചെയ്യുന്ന കേരളത്തിന്റെ പൊതുജീവിതം ഇത്രയും മലീമസമാക്കപ്പെട്ടതിനു ആരാണുത്തരവാദികള്‍?
ഒരു ജനതക്ക് അവര്‍ അര്‍ഹിക്കുന്നതേ ലഭിക്കൂ.അതാണു ലോകനീതി.
മൂന്നു പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് പുട്ടപ്പര്‍ത്തിലെ ബാബയുടെ ഭജനമഠങ്ങളില്‍ ചിത്രത്തില്‍ നിന്നു വിഭൂതി പൊടിയുന്നുവെന്ന അത്ഭുതകഥ പ്രചരിച്ചു തുടങ്ങുമ്പോള്‍ അതിനെതിരെ രംഗത്തിറങ്ങാന്‍ എ.ടി. കോവൂരും.എം.സി.ജോസഫും,ഇടമറുകും മാത്രമല്ല ഉണ്ടായിരുന്നത്.ഇടതുപക്ഷക്കാരും ബുദ്ധിജീവികളും എഴുത്തുകാരും കാമ്പുശ്ശേരി കരുണാകരനെപ്പോലുള്ള ധിഷണാശാലികളായ പത്രാധിപന്മാരും ഇത്തരം ദിവ്യന്മാര്‍ക്കെതിരെ പടക്കളത്തിലിറങ്ങി.ജനയുഗവും കേരള കൌമുദിയും തൃശ്ശൂര്‍ എക്സ്പ്രസ്സും മലയാള നാടും ഇതിനായി പത്രത്താളുകള്‍ നീക്കിവച്ചു. ദൈവാവതാരമായ സായിബാബ അന്തരീക്ഷത്തില്‍ നിന്നു ‘സൃഷ്ടിച്ചെടുത്ത’ വാച്ച് എങ്ങനെ എച്ച്.എം.ടി യുടേതായി എന്നും,നോട്ടുകള്‍ എങ്ങനെ റിസര്‍വ്വ് ബാങ്കിന്റേതായി എന്നും ചോദിക്കാന്‍ ഇവിടെ ആളുണ്ടായിരുന്നു. മാധ്യമങ്ങളീല്‍ അത് നിരന്തരം ചര്‍ച്ച ചെയ്യപ്പെട്ടു. കലാ-സാഹിത്യ സംഘടനക്കാരും സ്റ്റഡീ സര്‍ക്കിളുകാരും അവതാരങ്ങളെക്കുറിച്ച് സംവാദങ്ങള്‍ നടത്തി.ഈയുള്ളവനെപ്പോലെ മീശമുളയ്ക്കുന്ന പ്രായത്തിലുള്ളവര്‍ വരെ മനുഷ്യദൈവങ്ങള്‍ക്കെതിരെ റോഡിലിറങ്ങി പ്രകടനം നടത്തി.സായീ ഭജനമഠങ്ങളിലേക്ക് മാര്‍ച്ച് നടത്തി.പോസ്റ്ററൊട്ടിച്ചു.
പുട്ടപ്പര്‍ത്തിയിലെ ബാബയുടെ ഗെയ്റ്റിനു മുന്നില്‍ തന്നെ എ.ടി. കോവൂരും ബി.പ്രേമാനന്ദും ഈ അവതാരത്തിന്റെ മാജിക്കുകള്‍ ഒന്നൊന്നായി തുറന്നു കാട്ടി.കേരളമെമ്പാടും ദിവ്യാത്ഭുത അനാവരണ പരിപാടികള്‍ നടന്നു.
അങ്ങനെ ,സായിബാബയുടെ ദൈവാവതാരകഥകള്‍ക്കും ദിവ്യാത്ഭുതങ്ങള്‍ക്കും തിരശ്ശീല വീഴാന്‍ തുടങ്ങി.അത് ജന്മദിനാഘോഷങ്ങളിലെ സ്ഥിരം നമ്പറുകളില്‍ മാത്രമായി ഒതുങ്ങി.ബാബയുടെ ചുവടു പിടിച്ച് വാച്ചും ,നോട്ടും വിഭൂതിയും ഭക്തര്‍ക്ക് നല്‍കുന്ന മനുഷ്യദൈവങ്ങളുടെ പരമ്പര ഏതാണ്ടു അന്യം നിന്നു.1980-തുകളില്‍ വള്ളിക്കാവിലെ സുധാമണി സ്വയം കൃഷ്ണാവതാരമായി ഉയര്‍ന്നു വന്നപ്പോള്‍ പറഞ്ഞുപരത്തിയ ദിവ്യാത്ഭുത കഥകള്‍ക്കും അകാലമൃത്യു സംഭവിച്ചു.സുധാമണിക്ക് വിശക്കുന്നതറിഞ്ഞ് അടുത്തു വന്ന് പാല്‍ ചുരത്തിയ പശുവും മറ്റും അനാഥദിവ്യാത്ഭുത കഥകളായി ചത്തൊടുങ്ങി…തങ്ങള്‍ സാമൂഹികപ്രവര്‍ത്തകരാണെന്നും ദൈവാവതാരങ്ങളല്ലെന്നും സായിബാബക്കും അമൃതാനന്ദമയിക്കും സമ്മതിക്കേണ്ടി വന്നത് അന്ധവിശ്വാസങ്ങള്‍ക്കെതിരെ നടന്ന ശക്തമായ ഈ പ്രചാരണപരിപാടികളെ തുടര്‍ന്നായിരുന്നു.തങ്ങള്‍ക്ക് ആരേയും രക്ഷിക്കാനുള്ള കഴിവില്ലന്ന് സുപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളുടെ സ്ഥാപനത്തോടെ അവര്‍ വ്യക്തമാക്കും ചെയ്തു.
എണ്‍പതുകളുടെ അവസാനത്തോടെ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരായ പ്രചാരണപ്രവര്‍ത്തനങ്ങളില്‍ നിന്ന് ഇടതുപക്ഷക്കാരും മാധ്യമങ്ങളും പിന്‍വാങ്ങി. യുക്തിവാദ പ്രസ്ഥാനം തന്നെ ഭിന്നിച്ച് നാമാവശേഷമായി.മൂക്കറ്റം കുടിച്ചുമറിയുന്നതാണു തങ്ങളുടെ സാംസ്കാരികദൌത്യമെന്ന് നമ്മുടെ ബുദ്ധിജീവികള്‍ തിരിച്ചറിഞ്ഞു.പുരോഗമനപ്രസ്ഥാനങ്ങളിലേക്ക് മതസംഘടനക്കാരും അനുയായികളും ചേക്കേറി.മുന്‍ നക്സലൈറ്റുകളായ ഫിലിപ്പ് എം പ്രസാദിനും വെള്ളത്തൂവല്‍ സ്റ്റീഫനും മാത്രമല്ല,കിഴക്കന്‍ യൂറോപ്പിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളുടെ പതനം മുന്‍കൂട്ടി പ്രവചിച്ച മഹാനായ രാഷ്ട്രീയദാര്‍ശനികന്‍ ഒ.വി.വിജയനു വരെ അമൃതാനന്ദമയിക്കും,പള്ളിക്കും കരുണാകര ഗുരുവിനുമൊക്കെ മുന്നില്‍ സാഷ്ടാംഗം പ്രണമിക്കുന്ന മനോനിലയെത്തി.
ഇങ്ങനെ, സര്‍വ്വ വിഭാഗം ജനങ്ങളുടേയും പേട്രനേജില്‍ ,കഴിഞ്ഞ രണ്ടു ദശാബ്ദങ്ങള്‍ക്കുള്ളില്‍ വിശ്വാസവ്യാപാരം കേരളത്തെയാകെ ഗ്രസിക്കുന്ന,എല്ലാം നിയന്ത്രിക്കുന്ന മഹാപ്രസ്ഥാനമായി സ്ഥാപനവല്‍ക്കരിക്കപ്പെട്ടു.
കുറ്റവാളികളും തട്ടിപ്പുകാരും ലൈംഗികാഭാസന്മാരും സന്യാസിമാരുടേയും പുരോഹിതരുടേയും വേഷമണിഞ്ഞ് വ്യാപരിക്കാന്‍ തുടങ്ങി.പ്രതിപക്ഷ-ഭരണകഷി,പുരോഗമന-പിന്തിരിപ്പന്‍ ഭേദവിചാരങ്ങളൊന്നുമില്ലാതെ ഇവര്‍ക്കു ചുറ്റും അധോലോകസംഘങ്ങള്‍ രൂപം കൊണ്ടു.രാഷ്ട്രീയക്കാരും പൊലീസുകാരും മാധ്യമങ്ങളും ഉള്‍പ്പെട്ട കോക്കസ് ഇവരുടെ സംരക്ഷകരായി.
കേരളീയ സമൂഹത്തില്‍ ഉപഭോഗാസക്തി വര്‍ദ്ധിച്ചതുകാരണം കഴിഞ്ഞ ദശകങ്ങളിലുണ്ടായ അരക്ഷിതാവസ്ഥ മൂലമാകാം,വ്യവസ്ഥാപിതമതങ്ങളുടേയും വിശ്വാസപ്രമാണങ്ങളുടേയും പരിധിക്കപ്പുറം ആത്മശാന്തിയും സാന്ത്വനവുമൊക്കെ തേടി ജനങ്ങള്‍ ഇത്തരം വിശ്വാസത്തട്ടിപ്പുകാരുടേയും അവതാരങ്ങളുടേയുമൊക്കെ അടുത്തേക്ക് ഓടാന്‍ തുടങ്ങിയത്.
അതിന്റെ കാരണം മതനേതാക്കള്‍ ഗൌരവപൂര്‍വ്വം പഠിക്കേണ്ടിയിരിക്കുന്നു.
ആത്മഹത്യാനിരക്കില്‍ കേരളത്തിനുണ്ടായ വളര്‍ച്ചയും മനുഷ്യ ദൈവങ്ങളുടെ അടുത്തേക്കുള്ള ഓട്ടവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്ന് കരുതണം. ആത്മഹത്യ ചെയ്യുന്നവരില്‍ ബഹുഭൂരിപക്ഷവും നാസ്തികരല്ല;വിശ്വാസികളാണു.അവസാന അഭയമായ മതങ്ങള്‍ പോലും തങ്ങളെ കൈവിടുന്നു എന്ന ഘട്ടത്തിലാണു അവര്‍ ഈ കടുംകൈ ചെയ്യുന്നത്.
മത്സരാധിഷ്ടിതമായ ജീവിതത്തില്‍ കൂടുതല്‍ പേര്‍ അരക്ഷിതത്വവും അരാജകത്വവും അനുഭവിക്കുന്നു.അവരാണു മനുഷ്യദൈവങ്ങളിലേക്കും താന്ത്രിക-മാന്ത്രിക-കുട്ടിച്ചാത്തന്‍-അവതാരങ്ങളിലേക്കും തിരിയുന്നത്.വിദ്യാവിജയയന്ത്രവും,ധനയാകര്‍ഷണ-ഭൈരവയന്ത്രവും ഏലസും ജ്യോതിഷവും ചരടും രക്ഷയും നഗ്നപൂജയുമൊക്കെ ഇവര്‍ക്ക് അത്താണിയാകുമ്പോള്‍ സമാധാനം പറയേണ്ടത് നമ്മുടെ മതനേതാക്കളാണു.തങ്ങളുടെ വിശ്വാസികള്‍ക്ക് ശാന്തിയും സമാധാനവും ആശ്വാസവും നല്‍കാന്‍ അവര്‍ പരാജയപ്പെടുമ്പോഴാണു ചെകുത്താന്മാര്‍ ഉണ്ടാകുന്നത്.
ജനങ്ങളെ നേര്‍വഴിക്ക് നയിക്കാന്‍ ബാദ്ധ്യസ്ഥരായവര്‍ക്ക് കാലിടറുന്നുവോ?സമൂഹത്തിനു മുന്നില്‍ മാതൃകയാവാന്‍ അവര്‍ക്ക് സാധിക്കുന്നുണ്ടോ?മനുഷ്യനെ നന്മയിലേക്കും പരസ്പര സ്നേഹത്തിലേക്കും നയിക്കുന്ന മാര്‍ഗ്ഗദീപങ്ങളാകാന്‍ അവര്‍ക്ക് കഴിയുന്നുണ്ടോ?
ഇല്ലെങ്കില്‍ ചെകുത്താന്മാര്‍ ബാക്കി ചെയ്തുകൊള്ളും.
Saturday, 10 May 2008
ആഡംബരാവാഹനം
കൊടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയിയുടെ വിവാഹം അതില്‍ ഏത് ഗണത്തില്‍ പെടുമെന്നറിയില്ല.അത് പഞ്ചനക്ഷത്രിലാണോ ത്രിനക്ഷത്രത്തിലാണോ എന്നു തിട്ടപ്പെടുത്തുക എന്റെ ഉദ്ദേശ്യമല്ല.മന്ത്രിപത്നി വിവാഹാഘോഷത്തിനണിഞ്ഞത് വജ്രാഭരണമാണോ തനിതങ്കമാണോ എന്നതും, ഉടുത്ത പട്ടിനെത്ര വിലവരും എന്നതും അന്വേഷണകുതുകികള്‍ക്ക് വിടുന്നു.അവര്‍ പറയുന്നതെന്തായാലും ഇങ്ങനെയൊരു പ്രാഥമിക നിഗമനത്തിലെത്താം;അതൊരു ആര്‍ഭാട വിവാഹമായിരുന്നു.അതുകൊണ്ടു തന്നെ നമുക്കത് ചര്‍ച്ച ചെയ്യേണ്ടതുണ്ട്.
ലളിതജീവിതം നയിക്കേണ്ടവരുടെ കുടുംബങ്ങള്‍ ഇങ്ങനെ പൊന്നിലും പണത്തിലും മുങ്ങിത്താഴുന്നത് പുതിയ കാര്യമല്ല.ചുവന്ന തെച്ചിപ്പൂമാല പരസ്പരം കഴുത്തില്‍ചാര്‍ത്തി ,സഖാക്കളുടെ മുദ്രാവാക്യം വിളികളുടെ അകമ്പടിയോടെ ആസുരമായ ജീവിതത്തിലേക്ക് കാലെടുത്തു വച്ചവരുടെ പാരമ്പര്യം അവകാശപ്പെടുന്നവര്‍ ഒന്നാകെ എങ്ങനെ ആഡംബരത്തില്‍ അഭിരമിക്കുന്നവരായി?അവരെങ്ങനെ വായില്‍ വെള്ളിക്കരണ്ടിയുമായി പിറന്നവരായി?കൂടുതല്‍ തുല്യരായി?ദന്തഗോപുര വാസികളായി?അവരുടെ മക്കള്‍ എങ്ങനെ ധൂര്‍ത്തരും ആഭാസരും പണക്കൊതിയരുമായി?
ആചാരാനുഷ്ഠാനങ്ങളുടെ കാര്യത്തില്‍ ഫ്യൂഡല്‍ മൂല്യങ്ങളും ,ആഘോഷങ്ങളിലും നാട്ടുനടപ്പനുസ്സരിച്ചുള്ള ‘ഇടപാടുകളി’ലും മറ്റും ബൂര്‍ഷ്വാമൂല്യങ്ങളും സമന്വയിപ്പിച്ചുകൊണ്ടു ഇടതു-പുരോഗമന നേതാക്കളുടെ വീടുകളില്‍ വിവാഹങ്ങള്‍ ഇങ്ങനെ പൊടിപൊടിക്കുന്നതിന്റെ കാരണമെന്താകും?
ഈ നേതാക്കളുടെ മക്കളെല്ലാം സ്വജാതിയിലും മതത്തിലും നിന്ന് മാത്രം ആചാരാനുഷ്ഠാനപ്രകാരം വിവാഹം ചെയ്യുന്നതിന്റെ പൊരുളെന്താണു? കേരളത്തിലെ സാമൂഹിക നവോത്ഥാന പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തിയ ഉഷ്ണപാതത്തില്‍ നിന്ന് ഊര്‍ജ്ജം ആവാഹിച്ച് വേരുറപ്പിച്ച കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ മുന്‍നിര നേതാക്കളുടെ കുടുംബങ്ങളില്‍ പോലും യാഥാസ്ഥിതികത നിലനില്‍ക്കുന്നതിന്റെ കാരണം വളരെ ലളിതമാണു-സ്വന്തം വീടുകളുടെ പടിവാതില്‍ കടന്ന് ഉള്ളില്‍ ചെന്നാല്‍ ഇവരെല്ലാം തനി മാടമ്പിത്തമ്പുരാക്കളാണു.പുറത്ത് പ്രസംഗിക്കുന്ന ആദര്‍ശങ്ങളുടെ കെട്ട് പടിക്ക് പുറത്ത് ഉപേക്ഷിച്ച് കുടുംബത്തിനകത്ത് നല്ലപിള്ളമാരായി കഴിയുന്നവരുടെ അശ്ലീലമായ ഇത്തരം കാപട്യം എവിടെയും ചോദ്യം ചെയ്യപ്പെടുന്നില്ല.തന്റെ രാഷ്ട്രീയ വിശ്വാസപ്രമാണങ്ങള്‍ക്കനുസൃതമായി ജീവിക്കാന്‍ ഭാര്യയേയും കുട്ടികളേയും പ്രേരിപ്പിക്കാന്‍ പോലും അവരില്‍ ഭൂരിപക്ഷവും ശ്രമിക്കാറില്ല.മറിച്ച് ,തന്റെ രാഷ്ട്രീയ സ്വാധീനവും പദവിയും ഉപയോഗപ്പെടുത്തി സമ്പാദിച്ച് കൂട്ടാനും മദിച്ച് നടക്കാനും അവര്‍ സര്‍വസഹായവും ചെയ്യുന്നു.
നേതാക്കളുടെ മക്കള്‍ തമ്മില്‍ ഇക്കാര്യത്തില്‍ വിചിത്രവും വൈരുധ്യാത്മകവുമായ ഐക്യമുണ്ട്. ഒരേ ജീവിതശൈലിയും മൂല്യങ്ങളും താല്‍പ്പര്യങ്ങളും ഉള്ളവരാണിവര്‍.ആണ്മക്കള്‍ക്കും മരുമക്കള്‍ക്കും ബിസ്സിനസ്.അല്ലെങ്കില്‍ കോണ്ട്രാക്റ്റ് പണി.മദ്യബിസ്സിനസ് അടക്കമുള്ള കച്ചവടം.നേരമ്പോക്കുകള്‍.മൃഗയാവിനോദങ്ങള്‍.അവര്‍ക്കു ചുറ്റും സേവകര്‍;‘സേവി’മാര്‍.എന്തു മനോജ്ഞമീ കാഴ്ച്ചകള്‍!
പോളിറ്റ് ബ്യൂറോ അംഗത്തിന്റേയും സംസ്ഥാന സമിതി അംഗത്തിന്റേയുമെല്ലാം പെണ്മക്കള്‍ വിവാഹിതരാകുന്നത് എടുത്താല്‍ പൊങ്ങാത്ത പൊന്നില്‍ കുളിച്ച്.അവരുടെ ഭര്‍ത്താക്കന്മാരും പറന്നു നടക്കുന്നവര്‍.’ഹൈ സൊസൈറ്റി’ക്കാര്‍.കളങ്കിതരും അധോലോക വീരരും നികുതിവെട്ടിപ്പുകാരും ഇടനിലക്കാരുമെല്ലാം അവരുടെ ഇഷ്ട തോഴര്‍.ഇടത് –വലത് ഭേദമില്ലാതെ അവരെല്ലാം ഒറ്റക്കൈ.പാര്‍ട്ടി വ്യത്യസ്തമെങ്കിലും ‘പാട്ടീയിങ്ങി’ല്‍ ഒരേ തൂവല്‍ പക്ഷികള്‍.പക്ഷേ, വംശശുദ്ധിയില്‍ നിഷ്കര്‍ഷയുള്ളവര്‍.ഭക്തശിരോമണികള്‍.
ഇടത് നായര്‍ നേതാവിന്റെ മക്കള്‍ ജാതകവും പത്തു പൊരുത്തവും നോക്കി ഒന്നാംതരം നായര്‍ കുടുംബത്തില്‍ നിന്ന് തന്നെ കെട്ടും.ഈഴവ നേതാക്കളുടെ മക്കള്‍ക്ക് ബാന്ധവം ഈഴവ കുബേര കുടുംബങ്ങളില്‍ നിന്ന്. കൊടിയേരീപുത്രന്റെ വിവാഹക്ഷണക്കത്ത് തന്നെ എടുക്കുക.വധുവിന്റെ പേരില്‍ ജാതിമാഹാത്മ്യം ചേര്‍ക്കാന്‍ സഖാവ് പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്,വധുവിന്റെ പേര്‍ അഖില ജി മേനോന്‍.(മന്ത്രി സുധാകരന്റെ മകള്‍ക്കും സ്വജാതിയില്‍ നിന്നുതന്നെയാണു വരന്‍).ആഡംബര വിവാഹത്തില്‍ റെക്കാര്‍ഡിട്ട ബാലാനന്ദന്റേയും നായനാരുടേയും മക്കള്‍ക്കും ഇപ്രകാരം സ്വജാതീയ വിവാഹങ്ങളായിരുന്നു എന്നോര്‍ക്കുക.അച്ച്യുതാനന്ദനും സ്വജാതിക്കാരായ മരുമക്കളെത്തന്നെ കിട്ടിയതിന്റെ ധന്യത അനുഭവിക്കുന്നുണ്ടാകും!
വര്‍ഗ്ഗരഹിത സമൂഹത്തിനായി ഫ്യൂഡലിസത്തോടും ക്യാപ്പിറ്റലിസതോടും പടവെട്ടുന്നവര്‍ക്ക് എന്തുകൊണ്ടാണു അവയുടെ തന്നെ പ്രേതബാധയില്‍ നിന്ന് മോചനം കിട്ടാത്തത്?
സ്വജീവിതത്തില്‍ പകര്‍ത്താന്‍ കഴിയാത്ത ആദര്‍ശങ്ങള്‍ മറ്റുള്ളവരെ പഠിപ്പിക്കാന്‍ തുനിഞ്ഞിറങ്ങുന്ന വ്യാജപ്രവാചകരാണിവര്‍.സ്വന്തം കുടുംബത്തെ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും ആഡംബരത്തിനും ആഭരണത്തിനും സുഖലോലുപതയ്ക്കും കുടിയേറാനുള്ള ഇടമാക്കി ഒരുക്കിക്കൊടുത്തിട്ട് ചാരിത്യപ്രസംഗം നടത്തുന്ന വ്യാജരാണിവര്‍.ഇത്തരം ദ്വന്ദ്വവ്യക്തിത്വങ്ങളാണു എവിടേയും.
ഇവരുടെ ഭാര്യമാരും മക്കളും ശത്രുസംഹാര പൂജ നടത്തും.പൂ മൂടും.ചാത്തന്‍സേവ ചെയ്യും.മൃത്യുഞജയഹോമം നടത്തും.മാന്ത്രിക-താന്ത്രിക ഏലസ്സുകള്‍ അരയില്‍ കെട്ടും.താലപ്പൊലിയും അമ്മന്‍ കുടവുമെടുക്കും.മനുഷ്യദൈവങ്ങള്‍ക്കു മുന്നില്‍ കുമ്പിടും.മക്കള്‍ ഏത് വിധേനയും പണമുണ്ടാക്കും.പിന്നെ രമിക്കും.മദിക്കും.പുളയ്ക്കും.
സമൂഹത്തിനു മാതൃകയാകേണ്ടവര്‍.പൊതുജനാഭിപ്രായ രൂപീകരണത്തെ സ്വാധീനിക്കുന്നവര്‍.ഭരണാധികാരികളും ജനനായകരുമായി നാടിന്റെ വിധിനിര്‍ണ്ണയിക്കുന്നവര്‍! ഈ മുന്‍ നിരക്കാരുടെ കുടുംബങ്ങളില്‍ നിന്നുള്ള വര്‍ത്തമാനങ്ങള്‍ കുറേക്കാലമായി ഒട്ടും ശുഭകരമല്ല.
പുരോഗമന പ്രസ്ഥാനങ്ങളും നവോത്ഥാനനായകരും എന്തിനെയൊക്കെ നഖശിഖാന്തം എതിര്‍ത്തിട്ടുണ്ടോ, അവയെയൊക്കെ മുറുകെ പിടിച്ചുകൊണ്ട് മലീമസമായ ആഡംബരജീവിതം നയിക്കുന്ന സ്വന്തം കുടുംബക്കാരെ കൈയയച്ച് സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഇത്തരക്കാരെക്കുറിച്ച് ഇനി എന്തു പറയാന്‍?
ഇവരുടെ പാര്‍ട്ടികളില്‍ പങ്കെടുത്ത് തിന്നും കുടിച്ചും ഏമ്പക്കമിടുന്ന, ഇവര്‍ക്ക് സ്തുതിഗീതം പാടുന്ന, സാംസ്കാരികനായകരേയും മതനേതാക്കളേയും ഓര്‍ത്ത് ലജ്ജിക്കുന്നു;വ്യസനിക്കുന്നു.
Sunday, 4 May 2008
ബ്ലോഗ് ഒരു മാധ്യമ വിസ്ഫോടനം

Saturday, 19 April 2008
ആരാണ് വെണ്ണപ്പാളി(ക്രീമിലെയര്‍) ?
‘’ സമുദായാചാര്യന്റെ പിന്തലമുറയില്‍ പെട്ട ഉന്നത നായര്‍ തറവാട്ടിലെ ഏക അവകാശിയായ യുവാവിനു (വയസ്സ്… നക്ഷത്രം…) അനുയോജ്യരായ പെണ്‍കുട്ടികളുടെ രക്ഷാകര്‍ത്താക്കളില്‍ നിന്ന് വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.ഉയര്‍ന്ന സാമ്പത്തികശേഷിയും ഉദ്യോഗവുമുള്ള ക്രീമിലെയറില്‍ പെട്ടവരുടേയും,ഉന്നതനിലയിലുള്ള ദളിതരുടേയും ആദിവാസികളുടേയും പെണ്‍കുട്ടികളേയും പരിഗണിക്കുന്നതാണു”,എന്നൊരു പരസ്യം പത്രത്താളുകളില്‍ എന്നെങ്കിലും വായിക്കാനാകുമോ?
‘’കെ. ആര്‍ നാരായണന്റെ കുടുംബമാണു.മറ്റൊന്നും ആലോചിക്കാനില്ല…..തേവന്‍ പുലയന്റെ മോന്‍ സ്പെഷ്യലിസ്റ്റ് ഡോക്റ്ററാണു.അതില്‍ക്കൂടുതല്‍ എന്തു യോഗ്യത വേണം?....വെള്ളാപ്പള്ളിയുടെ കൈയ്യില്‍ പൂത്തപണമുണ്ടു;പണ്ടേ ക്രീമിലെയറാണു…” അതുകൊണ്ടു, അവരുടെ കുടുംബവുമായി ഒരു ബാന്ധവമുണ്ടാക്കാമെന്നു അഗതിയായ ഏതെങ്കിലുമൊരു ഉന്നത ജാതിക്കാരന്‍ വിചാരിക്കുമോ?
-എങ്കില്‍ സംവരണാനുകൂല്യങ്ങളില്‍ നിന്ന് പിന്നാക്കക്കാരിലെ വെണ്ണപ്പാളികളെ ഒഴിവാക്കണമെന്ന ഉന്നത നീതിപീഠത്തിന്റെ വിധിക്ക് സാധൂകരണമുണ്ടു.
ചരിത്രപരമായ കാരണങ്ങളാല്‍ നൂറ്റാണ്ടുകളായി സാമൂഹികമായി അടിച്ചമര്‍ത്തപെട്ടവര്‍ക്ക് വിദ്യാഭ്യാസം കൊണ്ടോ ഉദ്യോഗം കോണ്ടോ അടുത്തിടെ മാത്രം ലഭിച്ച സാമ്പത്തികാഭിവൃദ്ധി അവരുള്‍ക്കൊള്ളുന്ന സമൂഹത്തിന്റെ പിന്നാക്കാവസ്ഥയോ പദവിയോ മാറ്റുന്നില്ല.ജാതീയമായും മതപരമായും ഉയര്‍ന്നവരുടെ തലത്തിലേക്ക് അവര്‍ എത്തുന്നില്ല.
ജന്മം കൊണ്ടു സിദ്ധിക്കുന്നതാണു സാമൂഹികമായ പിന്നാക്കാവസ്ഥ.കാശുണ്ടായാലും പദവികള്‍ ലഭിച്ചാലും അതു പെട്ടെന്ന് മാറുമെന്ന വാദം യാഥാര്‍ത്ഥ്യങ്ങള്‍ക്കു നിരക്കുന്നതല്ല.ഇന്ത്യയിലെ ഏറ്റവും വലിയ ഭരണഘടനാപദവിയിലിരുന്ന കെ.ആര്‍ നാരായണന്റേയോ ചരിത്രപ്രധാനമായ ഈ വിധി പുറപ്പെടുവിച്ച ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്റെയോ കുടുംബങ്ങള്‍ തന്നെ ഇതിനു ഉത്തമോദാഹരണം.ഉയര്‍ന്ന പദവികളും വിദ്യാഭ്യാസയോഗ്യതകളുമുള്ള ഇവരുടെ കുടുംബാംഗങ്ങളും ബന്ധുജനങ്ങളും ഇപ്പോള്‍ സാമൂഹികമായി എവിടെ നില്‍ക്കുന്നു? ഇവരുടെ കുടുംബങ്ങളുമായി വിവാഹബന്ധങ്ങളിലൂടെ ഒത്തുചേരാന്‍ ജാതിശ്രേണിയില്‍ മുകളിലുള്ള ആരെങ്കിലും സ്വമനസ്സാലെ തയ്യാറായിട്ടുണ്ടോ?ഇങ്ങനെ, ഈ കുടുംബങ്ങളിലെങ്കിലും സ്വാഭാവികമായ വംശസങ്കലനം നടന്നിട്ടുണ്ടോ?
പണവും പദവിയും കൊണ്ട് ,തങ്ങള്‍ പിറന്ന് വീണ സമൂഹത്തിന്റെ (ജാതി/മതം) പിന്നാക്കാവസ്ഥയേയും പദവിയേയും അതിജീവിക്കാന്‍ കഴിയുമായിരുന്നുവെങ്കില്‍ വിദേശ പണക്കൊഴുപ്പില്‍ സമ്പന്ന ജീവിതം നയിക്കുന്ന വര്‍ക്കല-ആറ്റിങ്ങല്‍ ഭാഗത്തെ ഈഴവരും ,ചാവക്കാട്-ഗുരുവായൂര്‍ പ്രദേശത്തെ മുസ്ലീങ്ങളും,വ്യവസായത്തിലൂടെ അഭിവൃദ്ധി പ്രാപിച്ച കൊച്ചിയിലെ ലാറ്റിന്‍ കത്തോലിക്കരുമടങ്ങുന്ന വലിയൊരു ശതമാനം പിന്നാക്കാക്കാര്‍ സാമൂഹികശ്രേണിയില്‍ ഒന്നാമതെത്തുമായിയുന്നു.
അതിരൂക്ഷമായ ജാതിഅസമത്വങ്ങള്‍ നിലനില്‍ക്കുന്ന സമൂഹത്തില്‍ വ്യത്യസ്ത ജനവിഭാഗങ്ങല്‍ തമ്മില്‍ വിവാഹബന്ധങ്ങളിലൂടെ ആരോഗ്യകരമായ സമന്വയവും വംശങ്കലനവും ഉണ്ടാകുന്ന കാലം വരെ ജാതിസംവരണത്തിനു പ്രസക്തി നഷ്ടപ്പെടുന്നില്ല.അതില്‍ വിവേചനത്തിന്റെ ആവശ്യമില്ല.
ഒന്നിലധികം തലമുറകള്‍ ഉയര്‍ന്ന പദവികളിലിരിക്കുകയും അതുമൂലം മറ്റ് ജനവിഭാഗങ്ങളുമായി കുടുംബബന്ധങ്ങള്‍ സ്ഥാപിക്കുകയും ചെയ്താല്‍ അവരുടെ സാമൂഹികപദവി ഉയര്‍ന്നതായി കണക്കാക്കാം.അപ്പോള്‍ സംവരണത്തിന്റെ ആവശ്യമില്ല.
അടിക്കുറിപ്പ്;
ചോദ്യം;സംവരണം ഇനി എത്രകാലം തുടരണം?
ഉത്തരം; സഖാവ് നമ്പൂതിരിപ്പാടിന്റെ(നാരായണപ്പണിക്കരുടേയും,കൊടിയേരിയുടേയും) ചെറുമക്കള്‍ ചാത്തന്‍ പുലയന്റെ ചെറുമക്കളെ വേളികഴിക്കും കാലത്തോളം:
അയ്യങ്കാളി മെമ്മോറിയല്‍ ഇംഗ്ലീഷ് മീഡിയം റെസിഡന്‍ഷ്യല്‍ സ്കൂളിനു മുന്നില്‍ റോട്ടറി ക്ലബ്ബുകാരും ലയണ്‍സ് ക്ലബ്ബുകാരും മക്കളുടെ അഡ്മിഷനു ക്യൂ നില്‍ക്കും കാലത്തോളം!
Wednesday, 19 March 2008
നീതിപീഠം വിചാരണവിധേയം
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രത്തിന്റെ നെടുംതൂണുകളില്‍ ഇപ്പോഴും കാര്യമായ ബലക്ഷയം വന്നിട്ടില്ലാത്തത് നീതിന്യായ സംവിധാനത്തിനു മാത്രമാണു.ദുഷിച്ചു നാറിയ ഒരു സമൂഹത്തിന്റെ പ്രതിഫലനം എല്ലാ രംഗത്തുമുണ്ടാകുക സ്വാഭാവികം.ജെഡ്ജിമാരില്‍ 30 ശതമാനം പേര്‍ അഴിമതിക്കാരാണെന്ന ഒരു മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ പരസ്യപ്രസ്താവന ഇക്കാരണത്താലാണു.
പക്ഷേ ,മുച്ചൂടും അഴിമതിയില്‍ മുങ്ങിത്താണ രാഷ്ട്രീയക്കാരും,ഉദ്യോഗസ്ഥരും,മാധ്യമങ്ങളും അടങ്ങുന്ന മറ്റു വിഭാഗങ്ങളുമായി താരതമ്യം ചെയ്യുംബോള്‍ ജുഡീഷ്യറിയുടെ മാറ്റ് ഏറുകയേയുള്ളു.
അതുകൊണ്ടാണു ഭരണകൂടത്തിലും,മാധ്യമങ്ങളില്‍ പോലും ,വിശ്വാസം നശിച്ചവര്‍ അവസാന ആശ്രയമായി കോടതിയെ കാണുന്നത്.പുഴുക്കുത്തേറ്റ സമൂഹത്തില്‍ എല്ലാറ്റിനും മേല്‍ നീതിയുടെ ബലിഷ്ഠങ്ങളായ കരങ്ങളുണ്ടെന്ന വിശ്വാസമാണു കോടതിയോടും ന്യായാധിപരോടുമുള്ള കറയറ്റ ബഹുമാനത്തിനു നിദാനം. സത്യം ഒരിക്കല്‍ ജയിക്കുമെന്നു,അശരണരും, നിസ്വരും,ആലംബഹീനരുമായ സാധാരണക്കാര്‍ ആശ്വസിക്കുന്നത് ജുഡീഷ്യറിയില്‍ അവര്‍ക്കുള്ള കറയറ്റ വിശ്വാസത്താലാണു. അനീതികളെ നിഗ്രഹിക്കുന്ന, സത്യധര്‍മ്മാദികളെ പരിരക്ഷിക്കുന്ന സ്രഷ്ഠാവിന്റെ സ്ഥാനത്ത് അവര്‍ ന്യായാധിപരെ പ്രതിഷ്ഠിച്ചിരിക്കുന്നു.
ന്യായപീഠത്തിലിരിക്കുന്നവരുടെ ഓരോ വാക്കും സമൂഹത്തെ ആഴത്തില്‍ സ്വാധീനിക്കുന്നതിനു കാരണം ഇതാണു.അതുകൊണ്ടു തന്നെ ന്യായാധിപര് ഓരോ വാക്കും അളന്നു മുറിച്ചേ ഉച്ചരിക്കാവൂ.കോടതി മുറിയിലെ വാദപ്രതിവാദങ്ങള്‍ക്കിടയില്‍ ഇവര്‍ നടത്തുന്ന നിരീക്ഷണങ്ങള്‍(ഒബ്സര്‍വേഷന്‍സ്) മാധ്യമങ്ങളുടെ തലക്കെട്ടുകലില്‍ സ്ഥാനം പിടിക്കുകയും അവ പൊതുജനാഭിപ്രായരൂപീകരണത്തെ
ആഴത്തില്‍ സ്വാധീനിക്കുകയും ചെയ്യുന്നു.
ഹൈക്കോടതിയിലെയും സുപ്രീം കോടതിയിലെയും ന്യായാധിപര്‍ ,പക്ഷേ, ചിലപ്പോഴൊക്കെ തങ്ങള്‍ വഹിക്കുന്ന ഉന്നത സ്ഥാനത്തിനു നിരക്കാത്ത ,നിരുത്തരവാദപരമായ നിരീക്ഷണങ്ങള്‍ നടത്താറുണ്ടു.
ഭരണഘടനാനുസൃതമായി യാതൊരു സാധുതയുമില്ലാത്തതും, വിധിയുടേയൊ കോടതി രേഖകളുടെയോ ഭാഗമല്ലാത്തതുമായ ഇത്തരം കമറ്റുകള്‍ തെറ്റായ കീഴ്വഴക്കങ്ങള്‍ സൃഷ്ടിക്കുന്നവയാണു.ജഡ്ജിയുടെ വ്യക്തിപരമായ അഭിപ്രായങ്ങളും,നിരീക്ഷണങ്ങളും കോടതിയുടെ വിധികളായി ജനങ്ങള്‍ വിശ്വസിക്കുകയും,മാധ്യമങ്ങളും ,രാഷ്ട്രീയകക്ഷികളും അങ്ങനെ പ്രചരിപ്പിക്കുകയും ചെയ്യുന്നു.
സേതുസമുദ്രം പദ്ധതി നടപ്പാക്കാണമെന്നാവശ്യപ്പെട്ട് തമിഴ് നാട്ടില്‍ ബന്ദ് ആചരിക്കാനുള്ള ഡി എം കെ ആഹ്വാനത്തിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ മുതിര്‍ന്ന സുപ്രീം കോടതി ജഡ്ജി ബി എന് അഗ്രവാള്‍ നടത്തിയ പരാമര്‍ശങ്ങളാണു ഈ വിഷയത്തെക്കുറിച്ച് സംവാദം അനിവാര്യമാക്കി തീര്‍ത്തിരിക്കുന്നതു.
ബന്ദ് നിരോധനം ഫലപ്രദമായി നടപ്പിലാക്കപ്പെടുന്നില്ലെന്നു അഭിഭാഷകന്‍ പറഞ്ഞപ്പോളാണു ജെഡ്ജിയുടെ പൊടുന്നനെയുള്ള നിരീക്ഷണങ്ങള്‍ ഉണ്ടായതു.“നിങ്ങള്‍ പറയുന്നത് ശരിയാണെങ്കില്‍,അവിടെ ഭരണഘടനാസംവിധാനങ്ങള്‍ പൂര്‍ണമായി തകര്ന്നിരിക്കുന്നു….ഡി എം കെ സര്‍ക്കാരിനെ പിരിച്ചുവിടാന്‍ ഞങ്ങള്‍ ശിപാര്‍ശ ചെയ്യും…..ഇതാണു ഡി എം കെ സര്‍ക്കാരിന്റെ നിലപാടെങ്കില് യു പി ഐ സഖ്യകക്ഷി സര്‍ക്കാരിനെ പിരിച്ചുവിടാന്‍ കേന്ദ്രം മടി കാണിക്കരുത്.”
“തമിഴ് നാട് സര്‍ക്കാരിനെ പിരിച്ചു വിടാന്‍ സുപ്രീംകോടതി കേന്ദ്രത്തോടാവശ്യപ്പെട്ടു,” എന്നാണു മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത്.അതിനു മുന്‍പു കേരളത്തിലെ റോഡുകള്‍ ലോകത്തെ ഏറ്റവും മോശപ്പെട്ട റോഡുകളാണെന്നു കേരള ഹൈക്കോടതിയിലെ ഒരു ജഡ്ജി നടത്തിയ പരാമര്‍ശവും വന്‍ വാര്‍ത്തയായി.പരിയാരം തെരഞ്ഞെടുപ്പു ഹര്‍ജി പരിഗണിക്കവെ കേരളത്തെ ബീഹാറുമായി താരതമ്യപ്പെടുത്തി നടത്തിയ പരാമര്‍ശവും മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നു.
കേസുകളില്‍ വാദപ്രതിവാദം പൂര്‍ത്തിയാക്കി വിധി പറയുംപോള്‍ ഈ പരാമര്‍ശങ്ങള്‍ രേഖയിലുണ്ടാകണമെന്നില്ല.പക്ഷേ, അതിനൊടകം അവ ജനമനസ്സുകളില്‍ സ്ഥാനം പിടിക്കും.അവര്‍ അതിന്റെ അടിസ്ഥാനത്തില്‍ സ്വന്തം നിഗമനങ്ങളില്‍ എത്തിച്ചേരും.ഇതു വളരെ അപകടകരമായ പ്രവണതയാണു.ബാര്‍ കൌന്‍സില്‍ ഓഫ് ഇന്ത്യ തന്നെ ഇത്തരം പരാമര്‍ശങ്ങള്‍ക്കെതിരെ രംഗത്ത് വന്നിട്ടുണ്ടു.
ജഡ്ജിമാര്‍ ഒരു തെറ്റും വരുത്താത്തവരും, സര്‍വകാര്യങ്ങളെക്കുറിച്ചും അവഗാഹമുള്ളവരും,കോടതിമുറിക്കകത്തുവച്ച് എന്തും പറയാന്‍ അവകാശമുള്ളവരുമാണെന്ന് ആര്‍ക്കും മിഥ്യാധാരണയുണ്ടാവാനിടയില്ല.
ജഡ്ജിക്കും കോടതിക്കും നിയമവ്യാഖ്യാനങ്ങളില്‍ തെറ്റു പറ്റാം.അതു തിരുത്താണു ഉന്നത നീതിപീഠങ്ങളുള്ളത്.പക്ഷേ, ജഡ്ജിമാരുടെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന പരാമര്‍ശങ്ങള്‍ ഇങ്ങനെ തിരുത്താനോ പിന് വലിപ്പിക്കാനോ കഴിയില്ല.വായില്‍ നിന്നു പുറപ്പെട്ടുപോയ വാക്കുകള്‍ അന്തരീക്ഷത്തില്‍ തന്നെ ഉണ്ടാകും.
കോടതി അലക്ഷ്യത്തെ ഭയന്നു മിക്കവരും ജുഡീഷ്യറിയെ സൃഷ്ടിപരമായി പോലും വിമര്‍ശിക്കാന്‍ ധൈര്യപ്പെടുന്നില്ല.ജഡ്ജിയുടെ മേല്‍ ദുരുദ്ദ്യേശ്യം-MALA FIDE- ആരോപിക്കാത്തിടത്തോളം ഏതു വിധിയേയും വിമര്‍ശിക്കാനും അതിനെക്കുറിച്ചു ചര്‍ച്ച ചെയ്യാനും സമൂഹത്തിനു അവകാശമുണ്ടു.പക്ഷേ അങ്ങിനെ സംഭവിക്കുന്നില്ല. അതിനാല്‍ മാധ്യമങ്ങളും പൊതുപ്രവര്‍ത്തകരും നിതിന്യായ സംവിധാനത്തെക്കൂടി നിശിതമായ വിമര്‍ശനത്തിനും നിരീക്ഷണങ്ങല്‍ക്കും വിധേയമാക്കണം.ആര്‍ക്കും അപ്രമാദിത്വമില്ല.
ഹൈക്കോടതിയുടെ പുതിയ കെട്ടിടത്തില്‍ 13-ആം നമ്പര്‍ ഒഴിവാക്കിയതു അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കാനാണെന്നു ആരോപിച്ചു ഹര്‍ജി നല്‍കിയ ആള്‍ക്കു ഫൈന്‍ ഇട്ട വിധി,അതു സുപ്രീം കോടതി റദ്ദാക്കിയിട്ടുകൂടി ,വിമര്‍ശിക്കപ്പെടാതിരിക്കുന്നത് എന്തുകൊണ്ട്? ഉന്നത നീതി പീഠം പറഞ്ഞിട്ടും 13-ആം നമ്പര്‍ മുറി കേള ഹൈക്കോടതിയിലുണ്ടൊ എന്നു മാധ്യമങ്ങള്‍ അന്വേഷിക്കാത്തതെന്ത്?
ഹൈക്കോടതി നിയമനങ്ങളില്‍ സംവരണവ്യവസ്ഥകള്‍ പാലിക്കുന്നില്ലെന്ന വിമര്‍ശനം മധ്യമങ്ങള്‍ ചര്‍ച്ച ചെയ്യാത്തതെന്ത്?
ജാഗരൂകരായ,പൌരബോധമുള്ള,ജനാധിപത്യാവകാശങ്ങളെക്കുറിച്ച് അവഗാഹമുള്ളവരുടെ നിതാന്ത ജാഗ്രത കോടതികള്‍ക്ക് മേല്‍ ഉണ്ടാകണം.ജനാധിപത്യത്തിന്റെ നട്ടെല്ലായ ഭരണഘടനാസ്ഥാപനമെന്ന നിലയില്‍,ജുഡീഷ്യറി വഴി തെറ്റാതെ മുന്നോട്ട് പോകേണ്ടത് ഒരു സാമൂഹികാവശ്യമാണു. ജുഡീഷ്യറിയില്‍ പൊതുജനനിരീക്ഷണം അനിവാര്യമാക്കുന്ന സാമൂഹിക സാഹചര്യമാണു ഇപ്പോഴുള്ളത്.
നിതിന്യായ വ്യവസ്ഥയുടെ ഏതു അപചയവും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നട്ടെല്ലൊടിക്കും.കോടതിയെ ക്കുറിച്ചുള്ള ആരോഗ്യകരമായ വിമര്ശനങ്ങളിലൂടെ മാത്രമെ ഇത് അതിജീവിക്കാന് കഴിയൂ.
അതിനാല്‍ നീതിപീഠവും വിചാരണ ചെയ്യപ്പെടട്ടെ.
Wednesday, 12 March 2008
ആണും പെണ്ണും ഒരേ ബഞ്ചിലിരുന്ന് പഠിച്ചാല്‍..
ഒന്നാം ക്ലാസ് മുതല്‍ ആണും പെണ്ണും ഒരേ ബഞ്ചിലിരുന്ന് പഠിച്ചാല്‍ എന്തുണ്ടാകും? ലൈംഗിക കുറ്റകൃത്യങ്ങളുടെ എണ്ണം ഭാവിയില്‍ കുത്തനെ ഇടിയും.പൊതുസ്ഥലങ്ങളിലും ഓഫീസുകളിലും മറ്റും സ്ത്രീകളെ ഒറ്റക്ക് കിട്ടിയാല്‍ തോണ്ടുന്നവരും,കടന്നാക്രമിക്കുന്നവരും,തുറിച്ചുനോട്ടങ്ങളിലൂടെ സ്ത്രീജീവിതം ദുഷ്കരമാക്കുന്നവരും കേരളീയ സമൂഹത്തില്‍ അപൂര്‍വ്വമാകും.അന്തസ്സോടെ ഏത് അര്‍ദ്ധരാത്രിക്കും സ്ത്രീകള്‍ക്ക് പുറത്തിറങ്ങി സഞ്ചരിക്കാനും ജോലി ചെയ്യാനുമുള്ള അന്തരീക്ഷം രൂപപ്പെടും.വിവാഹബന്ധങ്ങള്‍ തകരുന്നത് കുറയും.
-ഇതൊരു ഭാവനാസമ്പന്നന്റെ ഭ്രാന്തന്‍ സ്വപ്നങ്ങളല്ല.ഒരു അരാജകവാദിയുടെ ജല്പനങ്ങളുമല്ല.ഇത് വായിച്ച് കല്ലെറിയാന്‍ വരുന്നോര്‍ക്കായി വിശദീകരിക്കാം.1982 - 84 ൽ എം.എയ്ക്ക് ചങ്ങനാശ്ശേരി എസ്.ബി. കോളേജിലും തുടർന്ന് എം.ജെയ്ക്ക് കാര്യവട്ടം കാമ്പസിലും സമ്മിശ്ര ഇരിപ്പടങ്ങളിലിരുന്ന് പഠിച്ച അനുഭവത്തിന്റെ ബലത്തിലാണ് ഇതെഴുതുന്നത്.
ഇപ്പോഴും പെൺകുട്ടികൾക്കും ആൺകുട്ടികൾക്കുമിടയിൽ നിയന്ത്രണങ്ങളുടെ വൻമതിലുകൾ കെട്ടണമെന്ന് വാശി പിടിക്കുന്നവരുണ്ട്. ആൺകുട്ടികളുള്ള വിദ്യാലയങ്ങളിൽ പെൺമക്കളെ അയയ്ക്കാൻ മടിക്കുന്നവരുമുണ്ട്. ബസിലോ, ട്രെയ്നിലോ, കാത്തിരിപ്പ് കേന്ദ്രത്തിലോ ഇരിപ്പിടങ്ങൾ പങ്കിടാൻ പോലും മടിക്കുന്ന യാഥാസ്ഥിരികരാണ് 'പുരോഗമന' കേരളീയരിൽ ബഹുഭൂരിപക്ഷവും . അവരൊക്കെ ഇത് വായിച്ച്,കല്ലെറിയാൻ വരുംമുമ്പ് , ശാന്തമായി ആലോചിക്കാൻ , വിശദീകരിക്കാം; ലോകത്ത് ഒരു മതവും ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഒന്നിച്ചിരുന്ന് പഠിക്കുന്നതിനെ വിലക്കിയിട്ടില്ല.അത് മതനിന്ദയോ,മതസ്വാതന്ത്ര്യത്തിനു മേലുള്ള കൈയ്യേറ്റമോ അല്ല.
സഹവിദ്യാഭ്യാസം സമം ലൈംഗിക അരാജകത്വം എന്നു വിളിച്ചുകൂവുന്നവര്‍ക്ക് ദുഷ്ടലാക്കു മാത്രമാണുള്ളത്.അവര്‍ അതിനായി വിശുദ്ധഗ്രന്ഥങ്ങളെ കൂട്ടുപിടിക്കുന്നത് സ്ത്രീകളെ അകത്തമ്മമാരാക്കുന്നതിനാണു. കേരള സര്‍ക്കാരിന്റെ വിദ്യാഭ്യാസപരിഷ്കാരങ്ങള്‍ക്കെതിരെ സമര രംഗത്തിറങ്ങിയ മുസ്ലീം സംഘടനകള്‍ സഹവിദ്യാഭ്യാസം എന്ന വിഷയം മുഖ്യ അജണ്ടയിലുൾപ്പെടുത്തിയതെങ്ങനെ എന്ന് അത്ഭുതപ്പെടുന്നു. സഹവിദ്യാഭ്യാസത്തിന്റേത് എങ്ങനെ വിശ്വാസപരമായ പ്രശ്നമാകും?അതൊരു സാമൂഹിക പ്രശ്നമാണ്.അത് ചര്‍ച്ച ചെയ്യേണ്ടതും തീരുമാനിക്കേണ്ടതും മതസംഘടനകളല്ല.പൊതുസംവാദത്തിനനുസൃതമായി തീരുമാനിക്കപ്പെടേണ്ട ഈ വിഷയം മുസ്ലീങ്ങളുടെ മതപ്രശ്നമയി ചുരുക്കിയെഴുതി ഒത്തുതീര്‍ന്നത് ജനാധിപത്യ സമ്പ്രദായത്തിനു നിരക്കുന്നതല്ല.
സ്കൂളുകളില്‍ ആണ്‍-പെണ്‍കുട്ടികളെ ഒന്നിച്ചിരുത്തിയ അധികൃതര്‍ക്കെതിരെ നടപടി എടുക്കുമെന്നും മന്ത്രി ബേബി പ്രഖ്യാപിച്ച വാര്‍ത്ത കേട്ട് ഞാന്‍ ഞെട്ടി.നിയമപരവും ധാര്‍മ്മികവുമായ പിന്‍ബലമില്ലാത്ത ഈ നടപടിയുമായി ഒരു പുരോഗമന സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്ന് വിശ്വസിക്കാനാകുന്നില്ല.
മുസ്ലീം സംഘടനകള്‍ മന്ത്രിക്കും സംസ്ഥാന സര്‍ക്കാര്‍-എയിഡഡ് സ്കൂളുകളിലേ വടിയെടുക്കാനാകൂ.കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കേന്ദ്രീയ വിദ്യാലയങ്ങളിലും ജവഹര്‍ നവോദയ വിദ്യാലയങ്ങളിലും,ഒട്ടനവധി സ്വകാര്യ സി.ബി.എസ്.ഇ സ്കൂളുകളിലും യു.പി തലം വരെയെങ്കിലും കുട്ടികള്‍ ഒന്നിച്ചാണിരിക്കുന്നത്.അതിനു മുകളിലത്തെ ക്ലാസുകളിലും പ്രത്യേക ഇരിപ്പടങ്ങള്‍ എന്ന വേര്‍തിരിവ് കര്‍ക്കശമായി നടപ്പാക്കപ്പെടുന്നില്ല. ആയിരക്കണക്കിനു മതവിശ്വാസികള്‍ ഈ സ്കൂളുകളില്‍ പഠിക്കുന്നുണ്ടു.അവിടെ തങ്ങളുടെ വിശ്വാസപ്രമാണങ്ങള്‍ക്ക് വിരുദ്ധമായതെന്തെങ്കിലും നടക്കുന്നതായി അവരോ,രക്ഷാകര്‍ത്താക്കളോപരാതിപ്പെട്ടിട്ടില്ല.ഇത്തരം സ്കൂളുകളിലേക്ക് തങ്ങളുടെ കുട്ടികളെ അയക്കില്ലെന്ന് അവരാരും വശിപിടിച്ചിട്ടില്ല.
മിക്സഡ് സ്കൂളുകളില്‍ ഒരേ ബഞ്ചിലിരുന്ന് ഒന്നാം തരം മുതല്‍ ഒന്നിച്ച് പഠിക്കുന്ന ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും ഇടയില്‍ രൂപംകൊള്ളുന്ന ആരോഗ്യകരമായ ബന്ധങ്ങള്‍ക്ക് തുല്യം നില്‍ക്കാന്‍ മറ്റൊന്നിനും കഴിയില്ല എന്നതാണ് സത്യം.ലിംഗപരമായ വ്യത്യാസം മനസിലാക്കിതന്നെ പരസ്പരം ഇടപഴകാനും,സഹകരിക്കാനും,പരസ്പരപൂരകങ്ങളായി പ്രവര്‍ത്തിച്ച് സമൂഹത്തിന് മാതൃകയാകാനും ഇവര്‍ക്ക് കഴിയും. പ്ലേ സ്കൂളുകളില്‍ പോലും എട്ടും പൊട്ടും തിരിയാത്ത പിഞ്ചു കുഞ്ഞുങ്ങളെ വേലികെട്ടി തിരിച്ചിരുത്തി ശീലിക്കുന്നവര്‍ അവരില്‍ ലിംഗവിവേചനത്തിന്റെ അനാശാസ്യമായ,അനാരോഗ്യകരമായ ,അപകടകരമയ വിഷബീജങ്ങള്‍ കുത്തിവെക്കുകയാണു ചെയ്യുന്നത്.ഇങ്ങനെ വേര്‍തിരിച്ച് വളര്‍ത്തപ്പെടുന്നവര്‍ ആണ്‍-പെണ്‍ ബന്ധങ്ങളെ തെറ്റായി സമീപിക്കാന്‍ തുടങ്ങുന്നു
.തന്താങ്ങളുടെ ലിംഗങ്ങളിലേക്കും ശരീരങ്ങളിലേക്കും മാത്രം അവര്‍ നങ്കൂരമിടാന്‍ തുടങ്ങുന്നു.എതിര്‍ലിംഗത്തില്‍ പെട്ടവരെ ഭയത്തോടെയും ,വെറുപ്പോടെയും കാണുന്നവര്‍ ,കൌമാരത്തില്‍ അടിച്ചമര്‍ത്തപ്പെട്ട ചോദനകളുടെ വിസ് ഫോടനത്തില്‍ വഴിതെറ്റിപ്പോയേക്കാം.കേരളത്തെ പിടിച്ചു കുലുക്കിയ ഒട്ടേറെ ലൈംഗികാപവാദക്കേസുകളില്‍ പിടിയിലായ ചെറുപ്പക്കാരില്‍ നല്ലൊരുശതമാനം പേരും ആണ്‍കുട്ടികള്‍ക്ക് മാത്രമുള്ള സ്കൂളുകളിലും കോളേജുകളിലും മാത്രം പഠിച്ചു വളര്‍ന്നവരാണു.ഇവരുടെ ഇരകളില്‍ ഭൂരിപക്ഷവും വിമന്‍സ് കോളേജുകളില്‍ കടുത്ത അച്ചടക്കത്തില്‍ പഠിച്ചവരാണു.കുട്ടിക്കാലം മുതല്‍ പരസ്പരം ഇടപഴകാന്‍ അവസരം നല്‍കാതെ ,അടച്ചിട്ട് വളര്‍ത്തപ്പെടുന്നവരാണ് ജീവിതം തകര്‍ന്ന് മനശാസ്ത്രജ്ഞര്‍ക്കു മുന്നിലെത്തുന്നവരില്‍ നല്ലൊരു ശതമാനം പേര്‍. പ്രകൃതിദത്തമായ വികാരങ്ങള്‍ അടിച്ചമര്‍ത്തി വയ്ക്കാനാവില്ലെന്നും,അനാവശ്യമായ നിയന്ത്രണങ്ങള്‍ അപകടകരമായ പൊട്ടിത്തെറിയിലേ കലാശിക്കൂ എന്നുമറിയാന്‍ ചരിത്രം പഠിക്കണമെന്നില്ല;മനുഷ്യപ്രകൃതത്തെക്കുറിച്ചുള്ള ബാലപാഠങ്ങള്‍ മാത്രം അറിഞ്ഞാല്‍ മതി,ഇതിനു. അതുകൊണ്ടു, സാമൂഹിക പുരോഗതിയും സാമൂഹികാരോഗ്യവും തങ്ങളുടെ കൂടി കര്‍ത്തവ്യമാണെന്ന് ബോധമുള്ള മതസംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടേണ്ടത് സഹവിദ്യാഭ്യാസം നിര്‍ബന്ധിതമാക്കാനും,നിലവിലുള്ള എല്ലാ വിദ്യാലയങ്ങളും മിക്സഡാക്കാനുമാണു. മിക്സഡ് കോളേജുകളില്‍ അച്ചടക്കമില്ലെന്ന് വിലപിക്കുന്നവര്‍ ,അവിടെ പഠിച്ചിറങ്ങുന്നവരുടെ മാനസികാരോഗ്യത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?
അവരുടെ ധാര്‍മ്മിക നിഷ്ഠയും സദാചാര-സാമൂഹിക-രാഷ്ട്രീയ ബോധവും പൊതു സമൂഹത്തേയും മതനേതാക്കളേയും പ്രചോദിപ്പിക്കേണ്ടതാണു.ജീവിത പ്രതിസന്ധികളെ സുധീരം നേരിടാന്‍ മനശക്തിയും ആത്മബലവുമുള്ളവര്‍ ഇവിടെ പഠിച്ചു വളര്‍ന്നവരാണ്.അല്ലാതെ, പെണ്ണുങ്ങളുടെ(ആണുങ്ങളുടേയും) പൊന്നാപുരം കോട്ടകളില്‍ അച്ചടക്കത്തോടെ അടച്ചിടപ്പെട്ടവരല്ല. അതിനാല്‍, പരസ്പരം ആദരിക്കുന്നവരുടേയും,വേദനകളും ആകുലതകളും പങ്കുവെക്കുന്നവരുടേയും,അതിലൂടെ മാതൃകാപരമായ സ്ത്രീ-പുരുഷ ബന്ധങ്ങള്‍ വളര്‍ത്തിക്കൊണ്ടുവരുന്നവരുടേയും ഒരു തലമുറയെ വാര്‍ത്തെടുക്കാനുള്ള എളുപ്പവഴികളിലൊന്നാണു സഹവിദ്യാഭ്യാസം.അവിടെ അവര്‍ ഒരേ ബഞ്ചിലിരുന്നു പഠിക്കട്ടെ.
മനോവൈകൃതമുള്ളവരുടേയും,തുറിച്ചുനോട്ടക്കാരുടേയും,ആഭാസന്മാരുടേയും,കുറ്റവാളികളുടേയും,അരാജകവാദികളുടേയും തലമുറകള്‍ ഇനിയും കേരളത്തെ അധോലോകസമാനമാക്കി മാറ്റാതിരിക്കാന്‍ ഇത് അനിവാര്യമാണു.
feedjit
Followers
MY BOOKS -1

(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍
സൂക്ഷ്മദര്‍ശിനി BOOKS-2

സൂക്ഷ്മദര്‍ശിനി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ