ആർ.എസ്.പിയുടെ ആമുഖ്യത്തിൽ കെ.ബാലകൃഷ്ണനും കൈനിക്കര പത്മനാഭ പിള്ളയും മുഖ്യ പത്രാധിപൻമാരായി ആരംഭിച്ച കൗമുദി ദിനപത്രത്തിൽ നിന്നാണ് 1961ൽ ജി. യദുകുലകുമാറിന്റെ മാദ്ധ്യമ ജീവിതം ആരംഭിക്കുന്നത്. വായനയും സംഗീതവും സ്പോർട്സും പിന്നെ രാഷ്ട്രീയവും കുട്ടിക്കാലത്തു തന്നെ ജ്യേഷ്ഠന്മാരിൽ നിന്ന് പകർന്നു കിട്ടി. രണ്ടാം ലോകമഹായുദ്ധകാലത്ത് സൈന്യത്തിൽ സേവനം അനുഷ്ഠിച്ചിരുന്ന മൂത്ത ജ്യേഷ്ഠൻ ഇടയ്ക്ക് നാട്ടിൽ വരുമ്പോൾ പുസ്തകങ്ങളും എൽ.പി. റെക്കാർഡുകളും കൊണ്ടുവരും. അങ്ങനെ സൈഗാൾ,പങ്കജ് മല്ലിക്, ശെമ്മങ്കുടി,എം.എസ് സുബ്ബലക്ഷ്മി, വസന്ത കോകിലം തുടങ്ങിയവരുടെയൊക്കെ ആലാപനങ്ങൾ എന്നും കേട്ടു.'സോജാ രാജകുമാരി 'യും 'ഗുസർ ഗയാ സമാന' യും പ്രിയങ്കരമായി. സ്പോർട്ട്സ്മാനായ അദ്ദേഹം 1946 ൽ യുദ്ധസേവനം അവസാനിപ്പിച്ചു നാട്ടിലെത്തിയപ്പോൾ പുസ്തകക്കെട്ടുകൾ കൊണ്ടുവന്നു.
പത്ത് -പതിനാന്ന് വയസ്സുള്ളപ്പോൾ ,തൊട്ടു മൂത്ത ജ്യേഷ്ഠനായ ജി.ഭാസ്കരൻ നായർക്കൊപ്പം മുദ്രാവാക്യം വിളിക്കാൻ പോയത് ഓർമ്മയുണ്ട്. മറ്റൊരു ജ്യേഷ്ഠനായ ജി.വേണുഗോപാൽ പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയുടെയും പിന്നെ ആർ.എസ്.പിയുടെയും സജീവ പ്രവർത്തകനായിരുന്നു. രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി അറസ്റ്റ് ചെയ്യപ്പെടുകയും ഭീകരമായ മർദ്ദനങ്ങൾക്കിരയാകുകയും ചെയ്തു.കൗമുദി പത്രം ആരംഭിച്ചപ്പോൾ അതിന്റെ തിരുവനന്തപുരം കറസ്പോണ്ടന്റായി. "അങ്ങനെയാണ് ഞാനും കൗമുദിയിൽ എത്തുന്നത്. അവർ പേട്ടയിലേക്ക് വിളിച്ചുവരുത്തി.കോളേജിൽ നിന്ന് നേരെ പത്രത്തിൽ എത്തുകയായിരുന്നു. 75 രൂപയായിരുന്നു ശമ്പളം".
കെ.വിജയരാഘവൻ സഹപ്രവർത്തകനായിരുന്നു.പരമാവധി ഒൻപതിനായിരത്തോളം കോപ്പികൾ മാത്രം ഉണ്ടായിരുന്ന ചെറിയ പത്രം .എങ്കിലും, അത് കോളിളക്കം സൃഷ്ടിച്ച അനേകം റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചു. ഇ.എം.എസ് മന്ത്രിസഭയിലെ ധനകാര്യമന്ത്രി സി.അച്യുതമേനോന്റെ ആദ്യ ബജറ്റിന്റെ വിശദാംശങ്ങൾ ചോർത്തി പത്രത്തിൽ പ്രസിദ്ധീകരിച്ചത് ജി.വേണു ഗോപാലായിരുന്നു. അതിനെതിരെ കേസും അറസ്റ്റുമുണ്ടായി.
1962 ഒക്ടോബറിൽ മുഖ്യമന്ത്രി പട്ടം താണുപിള്ളയെ പഞ്ചാബ് ഗവർണ്ണറാക്കി പഞ്ചാബിലേക്ക് അയയ്ക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി ലാൽ ബഹദൂർ ശാസ്ത്രി തീരുമാനിച്ചുവെന്ന സ്ക്കൂപ്പ് വാർത്ത കെ. ബാലകൃഷണന്റേതായിരുന്നു. തുടർന്ന് അധികാരമേറ്റ ആർ. ശങ്കർ മന്ത്രിസഭയ്ക്കെതിരായ അഴിമതി ആരോപണങ്ങളും കൗമുദിയിലാണ് വന്നത്.
മലയാള പത്രങ്ങൾ അന്ന് എന്നും സ്പോർട്ട്സ് വാർത്തകൾ സ്ഥിരമായി നൽകിയിരുന്നില്ല. ന്യൂയോർക്ക് ടൈംസിന്റേയും ടൈംസ് മാഗസിന്റേയും മുൻ ലക്കങ്ങൾ മദ്രാസിലെ കോൺസുലേറ്റിൽ നിന്ന് വരുത്തുന്നുണ്ടായിരുന്നു. അതിൽ വരുന്ന ലേഖനങ്ങൾ കൂടി വായിച്ച് 'കഴിഞ്ഞ ആഴ്ച ' എന്ന പംക്തി എഴുതി.
സാമ്പത്തിക പ്രശ്നങ്ങൾ കാരണം 1963ൽ പത്രം പ്രസിദ്ധീകരണം അവസാനിപ്പിച്ചു.കുളത്തിങ്കൽ പോത്തൻ എന്ന വ്യവസായി അത് ഏറ്റെടുക്കാൻ ഒരു ശ്രമം നടത്തിയിരുന്നെങ്കിലും വിജയിച്ചില്ല. അങ്ങനെ, ജോലി തേടി മദിരാശിയിലെത്തി. ജ്യേഷ്ഠൻ ഭാസ്കരൻ നായർക്ക് അന്ന് അവിടെ റെയിൽവേയിലായിരുന്നു, പണി. അവിടെ നിന്ന് ബോംബെയ്ക്കു പോയി. അന്ന്, സുഹൃത്തായ ടി.പി മാധവൻ ദി ഇന്ത്യൻ എക്സ്പ്രസിന്റെ പരസ്യ വിഭാഗം മേധാവിയായി യിരുന്നു."പത്രപ്രവർത്തകനാകാൻ അവിടെ ഒരു അഭിമുഖത്തിൽ പങ്കെടുത്തുവെങ്കിലും എന്റെ കഴിവില്ലായ്മ കൊണ്ട് അത് കിട്ടിയില്ല. സി.വി യുടെ 'രാമരാജ ബഹദൂറി'ൽ പറയുന്ന പോലുള്ള ഒരു സ്വപ്നഭീതി എന്നെ വേട്ടയാടിക്കൊണ്ടിരുന്നു. ഇനി പത്രപ്രവർത്തനത്തിലെത്തിച്ചേരാൻ കഴിയില്ലെന്ന് ഭയപ്പെട്ടു..".
ചില പ്രസുകളിൽ ജോലിക്കാരനായി.ബോംബെ ജീവിതം, പക്ഷേ, സംഗീതമയമായിരുന്നു. ഒരിക്കൽ ഒരു മഴക്കാല സന്ധ്യയിൽ പങ്ക് മല്ലിക്കിന്റെ കച്ചേരി കേൾക്കാൻ ഭാഗ്യമുണ്ടായി. കെ.പി. കൊട്ടാരക്കരയും ലളിതയും ഒപ്പമുണ്ടായിരുന്നു.
കുറേക്കഴിഞ്ഞ് ബോംബെയിൽ നിന്ന് മദ്രാസിലേക്ക് മടങ്ങി. അവിടെ ഇന്ത്യൻ എക്സ്പ്രസ്സിന്റെ പരസ്യ വിഭാഗത്തിൽ കുറച്ചു കാലം ജോലി ചെയ്തു.
1964-ൽ നാട്ടിലെത്തി, കേരളകൗമുദിയിൽ പത്രപ്രവർത്തകനായി. അതിനും കാരണക്കാരൻ ജ്യേഷ്ഠനായിരുന്നു. മഹാരഥൻമാരായ പി.കെ. ബാലകൃഷ്ണൻ, കെ. ഗോവിന്ദപ്പിള്ള, കെ. വിജയരാഘവൻ, എൻ രാമചന്ദ്രൻ തുടങ്ങിയവർ അന്ന് ഡെസ്ക്കിലുണ്ട്.
സ്പോർട്സ് വാർത്തകൾ പരമ്പരാഗത രീതിയിൽ നിന്ന് വ്യത്യസ്തമായി എഴുതാൻ ശ്രമിച്ചു. കവിതാമയമായ ഭാഷയിൽ ഫുട്ട്ബാൾ ലേഖനങ്ങൾ എഴുതിയിരുന്ന ജെഫ്രി ഗ്രീനിനെയാണ്(Geoffrey Green) മാതൃകയാക്കിയത്.
കലാകൗമുദി ഫിലിം മാഗസിൻ ആരംഭിച്ചപ്പോൾ അതിന്റ ചുമതലയും ലഭിച്ചു. പക്ഷേ, അത് അധിക കാലം തുടർന്നില്ല. അടിയന്തിരാവസ്ഥക്കാലത്ത് കേരള കൗമുദിയിൽ ജീവനക്കാരുടെ പണിമുടക്കുണ്ടായി. അതിൽ പങ്കെടുത്തു.അന്ന് വക്കം പുരുഷോത്തമനായിരുന്നു തൊഴിൽ വകുപ്പ് മന്ത്രി . അദ്ദേഹത്തിന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല."ആർ.എസ്.പി നേതാവായ കെ. പങ്കജാക്ഷൻ അന്ന് ജീവനക്കാർക്കൊപ്പം നിന്നില്ല. പക്ഷേ,കെ.കരുണാകരന്റെ പിന്തുണ ഉണ്ടായിരുന്നു". എങ്കിലും,സമരം പരാജയപ്പെട്ടു.ആഭ്യന്തര അന്വേഷണം നടത്തി പി. കെ ബാലകൃഷ്ണനെയും ജി.വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കളെയും പിരിച്ചുവിട്ടു.സമരത്തിൽ പങ്കെടുത്തവരെ സ്ഥലംമാറ്റി. അങ്ങനെ കൊല്ലം, ആലപ്പുഴ , എറണാകുളം ബ്യൂറോകളിൽ പ്രവർത്തിച്ചു.
"കൃത്യമായി ശമ്പളം തരാതെ അവർ പീഡിപ്പിപ്പിച്ചു. അപ്പോഴാണ് പത്രപ്രവർത്തക യൂണിയന്റെ നേതാവായിരുന്ന കെ.എം. റോയി പത്രാധിപരായി തുടങ്ങിയ മംഗളം പത്രത്തിലേക്ക് ക്ഷണിച്ചത്. അതിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായി . 1991-ൽ കൊച്ചിയിൽ നിന്ന് 'സദ് വാർത്ത' ദിനപ്പത്രം ആരംഭിച്ചപ്പോൾ അതിൽ ചേർന്നു. 1993-ൽ അത് പൂട്ടിയതോടെ എന്റെ ഔദ്യോഗിക മാദ്ധ്യമപ്രവർത്തനം അവസാനിച്ചു."പിന്നെ ചില സായാഹ്ന പത്രങ്ങളിലും വാരികകളിലും മറ്റും പ്രവർത്തിച്ചു.
മറക്കാനാകാത്ത ചില അനുഭവങ്ങളുണ്ട്. 1968 നവംബർ 24 ന് നെക്സലൈറ്റുകൾ പുൽപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമിച്ചു.ആ കേസിൽ അറസ്റ്റിലായ,അന്ന് 18 വയസുണ്ടായിരുന്ന, കെ.അജിതയെ സബ്ജയിലിൽ ചെന്ന് കണ്ടു. ജയിലറെ വീട്ടിൽ പോയിക്കണ്ട്, ഏറെ സ്വാധീനം ചെലുത്തിയാണ് അകത്ത് കയറാനുള്ള അനുമതി സമ്പാദിച്ചത്. അയാൾ ഒപ്പമുണ്ടായിരുന്നു."ജമ്പറും അടിപ്പാവാടയും മാത്രം ധരിച്ച് നിൽക്കുന്ന അജിതയെ കണ്ടപ്പോൾ മനസ്സ് പതറിപ്പോയി. ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല.ഒന്നും ചോദിക്കരുത് എന്നും വിലക്കുണ്ടായിരുന്നു. പക്ഷേ,അവരെക്കുറിച്ച്, 'യവനിക വീഴും മുമ്പ് ' എന്ന പേരിൽ എഴുതിയ റിപ്പോർട്ടുകളിൽ നെക്സൽ പ്രസ്ഥാനത്തിന്റെ സാമൂഹിക പശ്ചാത്തലം ഞാൻ വിവരിച്ചു''.മറ്റു പത്രങ്ങൾ അവരെ തീവ്രവാദികളും അക്രമകാരികളുമായി കണ്ട കാലത്ത്, ബോളിവിയൻ കാടുകളിൽ ചെഗുവേര നടത്തിയ ഒളിവിലുള്ള വിപ്ലവ പ്രവർത്തനങ്ങളുമായി ഇതിനെ താരതമ്യപ്പെടുത്തിയാണ് റിപ്പോർട്ടുകൾ എഴുതിയത്.
"നെക്സൽ പ്രസ്ഥാനത്തെക്കുറിച്ച് എഡിറ്റോറിയൽ പേജിൽ ശിവറാം , സി. നാരായണപിള്ള , കെ.ബാലകൃഷ്ണൻ എന്നിവർ എഴുതിയ ലേഖനങ്ങൾക്കൊപ്പം എന്റെ ലേഖനവും പ്രസിദ്ധീകരിക്കപ്പെട്ടു. അവരുടെ ധീരതയെ കാണാനാണ് ഞാൻ ശ്രമിച്ചത്". വയനാട്ടിലെ ആദിവാസികളുടെ ജനസംഖ്യ താഴുന്നതിനെക്കുറിച്ചും എഴുതി.
കെ.സി.എസ് മണി,ഭാര്യ ലളിതമ്മാൾ |
ആലപ്പുഴയിലുള്ളപ്പോഴാണ് കെ.സി.എസ് മണിയെക്കുറിച്ചും കെ.വി പത്രോസിനെക്കുറിച്ചും പുസ്തകങ്ങൾ എഴുതിയത്. രണ്ടും യാദൃച്ഛികമായി സംഭവിച്ചതായിരുന്നു. സി.പി രാമസ്വാമി അയ്യരെ വെട്ടിയ കെ.സി.എസ് മണി അന്ന് ആരാലും അംഗീകരിക്കപ്പെടാതെ, അമ്പലപ്പുഴയിൽ ജീവിച്ചിരുന്നു. അദ്ദേഹം സ്വന്തം കാര്യം സംസാരിക്കാൻ ഇഷ്ടപ്പെട്ടിരുന്നില്ല. കുറച്ചു കാലം ദേശബന്ധുവിൽ പത്രപ്രവർത്തകനായിരുന്നു .എങ്കിലും, വിചിത്രമായ സ്വഭാവമായിരുന്നു അദ്ദേഹത്തിന്റേത്. ആരുമായും ഇടപഴകില്ല. മിക്കപ്പോഴും ഡിക്ഷ്ണറി വായിച്ചു കൊണ്ടിരിക്കും.അഡ്വക്കേറ്റ് ജി.ജനാർദ്ദനക്കുറിപ്പുമായി മാത്രം അദ്ദേഹത്തിന് ബന്ധം ഉണ്ടായിരുന്നു. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച് സംസാരിക്കാൻ അദ്ദേഹത്തിന് താല്പര്യം ഉണ്ടായിരുന്നില്ല .'നീ നിന്റെപാട്ടിനു പോ ' എന്നു പറഞ്ഞ് പലപ്പോഴും നിരുത്സാഹപ്പെടുത്തി.ഒപ്പം താമസിച്ചിരുന്ന അദ്ദേഹത്തിൻ്റെ മൂത്ത ചേച്ചിയാണ് പഴയകാര്യങ്ങൾ ആദ്യം പറഞ്ഞുതന്നത്."ചരിത്രത്തിലെ ദയനീയമായ ഒരു അധ്യായമായിരുന്നു അദ്ദേഹത്തിന്റേത്.ഭഗത് സിങ്ങിന്റെയും ചന്ദ്രശേഖർ ആസാദിന്റെ മൊക്കെ ശ്രേണിയിൽ പെട്ടയാളായിരുന്നു അദ്ദേഹം.ചരിത്രം വലിയ ഘോഷയാത്ര പോലെയാണ്. പിറകിൽ ആൾക്കൂട്ടമുണ്ടെങ്കിൽ മാത്രമേ തോളിലേറ്റി നടക്കൂ".പക്ഷേ, ചരിത്രത്തിൽ അദ്ദേഹം അവഗണിക്കപ്പെട്ടു.
കെ.വി പത്രോസ് |
"അദ്ദേഹത്തെക്കുറിച്ച് എഴുതിയത് ഭാവി ചരിത്രകാരന്മാർക്ക് വേണ്ടിയായിരുന്നു".അതിന് ആമുഖമെഴുതിയത് തകഴിയാണ്. കെ.സി.എസ് മണിയുടെ അവസാന നാളുകളിലാണ് അമ്പലപ്പുഴയിൽ പുസ്തകം പ്രകാശനം ചെയ്യപ്പെട്ടത്. തകഴിയും ജനാർദ്ദനക്കുറുപ്പും ആ ചടങ്ങിൽ അതിഥികളായെത്തി.
'അസിധാര'എന്നാണ് ആ പുസ്തകത്തിന് പേരിട്ടത്. പക്ഷേ ,പുസ്തകം വായിച്ച ബാലരമ പത്രാധിപരും സുഹൃത്തുമായ എൻ .എം മോഹനനാണ് പുസ്തകത്തിന്റെ പേര് മാറ്റിയത്.അത് ശ്രദ്ധിക്കപ്പെട്ടു. മൂന്നാമത്തെ എഡിഷനിൽ പേര് 'സി.പി.യെ വെട്ടിയ മണിയും സ്വാതന്ത്ര്യവും' എന്നാക്കി ചുരുക്കി.
പുന്നപ്ര വയലാർ സമരത്തിന്റെ ഡിക്ടേറ്ററും തിരുവിതാംകൂറിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സെക്രട്ടറിയുമായിരുന്ന കെ.വി പത്രോസിനെക്കുറിച്ച് പുസ്തകം എഴുതിയതും (കെ.വി പത്രോസ് : കുന്തക്കാരും ബലിയാടും) ആലപ്പുഴയിലെ ജീവിത കാലത്താണ് . പാർട്ടിയിൽ നിന്ന് തരംതാഴ്ത്തപ്പെടുകയും പിന്നെ ഒറ്റപ്പെടുകയും ചെയ്ത പത്രോസ് നഗരത്തിലെ ഒരു കടയിൽ പത്രം വായിക്കാൻ വരുമായിരുന്നു.താൻ മരിച്ചാൽ എസ് എൻ .ഡി .പി യോഗത്തിന്റെ മംഗലത്തെ ശ്മശാനത്തിൽ അടക്കണമെന്ന് മുൻ സഹപ്രവർത്തകനായ രാമൻകുട്ടിനോട് പത്രോസ് പറഞ്ഞിരുന്നു.മറ്റു കമ്മ്യൂണിസ്റ്റ് നേതാക്കളെ അടക്കിയ വലിയ ചുടുകാട്ടിൽക്കിടന്ന് തനിക്ക് അവരുമായി വഴക്ക്കൂടാൻ വയ്യ എന്നായിരുന്നു പത്രോസ് പറഞ്ഞിരുന്നത്.
1980-ൽ അദ്ദേഹം മരിച്ചപ്പോൾ , ഒരു ഇടതുപക്ഷ നേതാവും അനുശോചനം രേഖപ്പെടുത്താൻ അവിടെ എത്തിയില്ല. “സുഗതൻ സാറിന് പോലും അദ്ദേഹത്തെ പേടിയായിരുന്നു”.ആദ്യകാലങ്ങളിൽ പത്രോസിന്റെ കുടിലിൽ ഇ.എം.എസ് ഉൾപ്പെടെയുള്ള നേതാക്കൾ ഒളിവിൽ താമസിച്ചിരുന്നു. പുസ്തകം എഴുതും മുമ്പ് ജവഹർ നഗറിലെ വീട്ടിൽ പോയി , ഇ.എം.എസിനെ കണ്ട അനുഭവവും അദ്ദേഹം അനുസ്മരിച്ചു.പത്രോസിന്റെ വീട്ടിൽ താമസിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോൾ, താനത് ഓർക്കുന്നില്ല എന്നാണ് അദ്ദേഹം മറുപടി നൽകിയത് .അന്ന് അദ്ദേഹത്തെ അവിടെ കൊണ്ടുചെന്നാക്കിയ കാക്ക കരുണാകരനും ഒപ്പമുണ്ടായിരുന്നു. അത് ഓർമ്മപ്പെടുത്തിയപ്പോൾ അദ്ദേഹം നിശബ്ദത പാലിച്ചു.അക്കാലത്തൊക്കെ താൻ ഡൽഹി കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തിച്ചത്. ചോദ്യങ്ങൾ ആവർത്തിച്ചപ്പോൾ , കമ്മ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറിയായിരുന്ന പി.സി ജോഷിയെ തഴം താഴ്ത്തിയില്ലേ എന്നായിരുന്നു , അദ്ദേഹത്തിന്റെ മറുപടി.'''ജോഷിയെ പാർട്ടി പിന്നീട് തിരിച്ചെടുത്തല്ലോ' എന്ന് ചോദ്യത്തിന് ഉത്തരം പറയാതെ എന്റെ മുഖത്തേക്ക് നോക്കിയിരുന്നു. അദ്ദേഹം പറയേണ്ടതു മാത്രമേ പറയുകയുള്ളൂ".
കമ്മ്യൂണിസത്തിന്റെ പതനത്തെക്കുറിച്ച് ഒരു പുസ്തകം എഴുതിയിട്ടുണ്ട്. അത് ഇതുവരെയും പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല. മകൾ ജോലി ചെയ്യുന്ന ലണ്ടനിൽ പോയപ്പോൾ , അവിടുത്തെ ലൈബ്രറി ഉപയോഗപ്പെടുത്തി ഗവേഷണം നടത്തി, 'മാർക്സ് മുതൽ പുട്ടിൻ വരെ ' എന്ന പഠനം എഴുതി.ഇന്ത്യൻ കമ്മ്യൂണിസത്തിന്റെ പതനത്തെക്കുറിച്ചും എഴുതി. 'കമ്മ്യൂണിസം: പച്ചയും കത്തിയും' എന്ന് പേരിട്ട ആ ഗ്രന്ഥം 2023ൽ പ്രസിദ്ധീകരിക്കപ്പെട്ടു.
വർക്കല രാധാകൃഷ്ണൻ നിയമസഭാസ്പീക്കറായിരിക്കുമ്പോൾ ഡെപ്യൂട്ടി സ്പീക്കറായിരുന്ന വനിതാനേതാവിനെക്കുറിച്ച് ഒരു അന്വേഷണാത്മക റിപ്പോർട്ട് എഴുതി. അത് , പറന്നു പറന്നു നടക്കുന്ന ഡെപ്യൂട്ടി സ്പീക്കറെക്കുറിച്ചായിരുന്നു.യാത്രാപ്പടി വാങ്ങാൻ കള്ളക്കണക്കെഴുതിയ അവരുടെ രാഷ്ട്രീയഭാവി അതോടെ അടഞ്ഞു. അവർക്കെതിരെ പാർട്ടി ശിക്ഷണ നടപടികളും എടുത്തു."എന്നാൽ, സ്പീക്കർ എനിക്ക് നോട്ടീസ് അയച്ചു.കുറ്റം കണ്ടുപിടിച്ചവരാണ് ശിക്ഷിക്കപ്പെടുന്നത് എന്നാണ് അന്ന് സഹപ്രവർത്തകൻ ജോയ് തിരുമൂലപുരം പ്രതികരിച്ചത്".തിരിഞ്ഞു നോക്കുമ്പോൾ, അവരുടെ രാഷ്ട്രീയഭാവി തകർന്നതിൽ വിഷമം തോന്നാറുണ്ട്.
എണപത്തിയെട്ടാം വയസിലും സംഗീതം ഒപ്പമുണ്ട്.തിരുവനന്തപുരം കവടിയാറിലെ വീട്ടിലിരുന്ന് പഴയ ഒരു ഹിന്ദി ഗാനം ജി. യദുകുലകുമാർ ഞങ്ങൾക്കായി ആലപിച്ചു.അതിൽ സ്വയം ലയിച്ചിരുന്നു....
No comments:
Post a Comment