മാതൃഭൂമി അസിസ്റ്റൻ്റ് എഡിറ്ററായിരിക്കെ,സജീവ മാദ്ധ്യമപ്രവർത്തനം അവസാനിപ്പിക്കേണ്ടിവന്നിട്ട് ഇപ്പോൾ 36 വർഷമായെങ്കിലും മാദ്ധ്യമമയം പി.രാജൻ്റെ ജീവിതം.അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റുചെയ്യപ്പെട്ട്, ജയിൽവാസമനുഷ്ഠിച്ച ഇന്ത്യയിലെ ആദ്യത്തെ പത്രപ്രവർത്തകനിൽ ഇന്നും ആ പോരാട്ടവീര്യം ത്രസിച്ചുനിൽക്കുന്നുണ്ട്.
“രാഷ്ട്രീയ പ്രവർത്തനമാണ് എന്നെ പത്രക്കാരനാക്കിയത് ”, കൊച്ചി പാലാരിവട്ടത്തെ വസതിയിലിരുന്ന്,പി.രാജൻ ഓർക്കുന്നു.ഇന്റർ മീഡിയറ്റിന് പഠിക്കുമ്പോൾ തന്നെ കോൺഗ്രസ് രാഷ്ട്രീയത്തിൽ സജീവമായി. ലോ കോളേജിലും രാഷ്ട്രീയ പ്രവർത്തനം തുടർന്നു.
1958-ൽ ദേവികുളത്ത് നടന്ന ഉപതെരഞ്ഞെടുപ്പ് കവർ ചെയ്തതാണ് ആദ്യത്തെ മാദ്ധ്യമപ്രവർത്തനം . ദീനബന്ധു പത്രാധിപരായിരുന്ന പെരുന്ന കെ.എൻ നായരുടെ സഹായിയായി സാഹിത്യ പരിഷത്തിന്റെ കൊച്ചിയിൽ നടന്ന സമ്മേളനവും റിപ്പോർട്ട് ചെയ്തു.പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു പങ്കെടുത്ത കണ്ണൂരിൽ നടന്ന കോൺഗ്രസ് സമ്മേളനം ഒരു ന്യൂസ് ഏജൻസിക്ക് വേണ്ടി റിപ്പോർട്ട് ചെയ്തു.
എറണാകുളം പ്രസ് ക്ളബ് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഉദ്ഘാടനം ചെയ്യുന്നു.മുൻനിരയിൽ പി.രാജൻ,എ.പി വിശ്വനാഥൻ,വി.കെ മാധവൻകുട്ടി,പിൻനിരയിൽ പെരുന്ന തോമസ് തുടങ്ങിയവർ.എൽ.എൽ.ബി കഴിഞ്ഞ് വരുമാനം ഒന്നുമില്ലാതെ വീട്ടിൽ വെറുതെ ഇരുന്ന കാലത്താണ് കോൺഗ്രസ് നേതാവും മാതൃഭൂമിയുടെ റസിഡൻറ് എഡിറ്ററുമായിരുന്ന എ.പി ഉദയഭാനു തന്നെ മുഴുവൻ സമയ പത്രപ്രവർത്തകനാക്കിയതെന്ന് പി. രാജൻ അനുസ്മരിച്ചു .1962 ൽ മാതൃഭൂമിയിൽ റിപ്പോർട്ടറായി ചേർന്നു. കൊച്ചി യൂണിറ്റ് ആരംഭിക്കുന്നതിന്റെ മുന്നോടിയായി ബ്യൂറോ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായായിരുന്നു അത്. അന്ന് എറണാകുളം ശിവക്ഷേത്രത്തിന് അടുത്തായിരുന്നു ന്യൂസ് ബ്യൂറോ.ചൊവ്വര പരമേശ്വരന്റെ മകനായ കെ.രാമചന്ദ്രനായിരുന്നു ചീഫ് . അദ്ദേഹത്തിന്റെ അസിസ്റ്റന്റായാണ് തുടക്കം. "അന്ന് കോളേജ് അദ്ധ്യാപകരെക്കാൾ കൂടുതൽ ശമ്പളം ലഭിച്ചിരുന്നു. ആറുമാസം കഴിഞ്ഞപ്പോൾ ശമ്പള വർദ്ധനവ് ഉണ്ടായി. പത്രപ്രവർത്തനം ഒരു ലഹരി പോലെ എന്നെ ആകർഷിച്ചു .അത് പുതിയ മേഖലകൾ തുറന്നു നൽകി".
അക്കാലത്ത് മാനേജ്മെൻറ് ഒരു കാര്യങ്ങളിലും ഇടപെടാറില്ലായിരുന്നു.പത്രപ്രവർത്തകർക്ക് വലിയ സ്വാതന്ത്ര്യം ഉണ്ടായിരുന്നു. വി.എം നായർ മാനേജിംഗ് ഡയറക്ടറും വി.പി രാമചന്ദ്രൻ പത്രാധിപരുമായ കാലത്താണ് മാതൃഭൂമിക്ക് ഒരു അടുക്കും ചിട്ടയും ഉണ്ടായത്.
കോടതി വാർത്തകൾ റിപ്പോർട്ട് ചെയ്യാനായി ലീഗൽ കറസ്പോണ്ടന്റായി നിയമിക്കപ്പെടുന്ന ഇന്ത്യയിലെ ആദ്യത്തെ പത്രപ്രവർത്തകനാണ്. അങ്ങനെ ഒരു തസ്തിക വേജ് ബോർഡിന്റെ ശുപാർശയിൽ ഉണ്ടായിരുന്നില്ല.അന്ന് ചീഫ് റിപ്പോർട്ടറായിരുന്നു. ലീഗൽ കറസ്പോൺഡന്റ് തസ്തിക അതിന് തുല്യമാക്കി പ്രമോഷൻ നൽകിയാൽ ഒഴിവ് വരുന്ന തസ്തികയിൽ മറ്റൊരാൾക്ക് കൂടി പ്രമോഷൻ ലഭിക്കുമെന്നതിനാൽ പത്രപ്രവർത്തക യൂണിയൻ അതിന് സമ്മതിച്ചു.
കോടതി വാർത്തകൾ മാത്രമല്ല, പൊതു വാർത്തകളും റിപ്പോർട്ട് ചെയ്തു.എസ്.എസ്.എൽ.സി റാങ്ക് ജേതാക്കളുമായുള്ള അഭിമുഖങ്ങൾ ആദ്യമായി കൊടുത്തത് അക്കാലത്താണ് .പിന്നീട് എല്ലാ മാദ്ധ്യമങ്ങളും അത് പിൻതുടർന്നു.ജൂൺ മാസത്തിലെ സ്കൂൾ തുറക്കൽ വലിയ വാർത്തയാക്കിയതും അന്നാണ്.''പക്ഷേ, ഇപ്പോൾ അവയെല്ലാം വലിയ ആചാരമായി മാറിയിരിക്കുന്നു".
അടിയന്തരാവസ്ഥക്കാലത്ത് ഇന്ത്യയിൽ ആദ്യം അറസ്റ്റ് ചെയ്യപ്പെട്ട പത്രപ്രവർത്തകനാണ്.1975 ജൂലൈ 21നായിരുന്നു അത്. രാജ്യ സുരക്ഷാനിയമപ്രകാരമായിരുന്നു അറസ്റ്റ് .കോൺഗ്രസ് പരിവർത്തനവാദികളുടെ മുഖപത്രമായ നിർണയത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട 'ഇന്ദിരയുടെ അടിയന്തിരം' എന്ന ലഘുലേഖയായിരുന്നു അറസ്റ്റിനു കാരണം.
" ഓഫീസ് റെയ്ഡ് നടത്തിയ പൊലീസ് എന്റെ കൈപ്പടയിലുള്ള ലേഖനത്തിന്റെ കോപ്പി കണ്ടെടുത്തിരുന്നു". അടിയന്തരാവസ്ഥാപ്രഖ്യാപനത്തിന്റെ മൂന്നാം ദിവസമായിരുന്നു ആ ലഘുലേഖ പുറത്തിറങ്ങിയത്.പാർട്ടിയുടെ മൂന്ന് ഭാരവാഹികളെയും കൂടി അറസ്റ്റ് ചെയ്തു.
"മട്ടാഞ്ചേരി സബ് ജയിലിലാണ് ഞങ്ങളെ തടവിൽ പാർപ്പിച്ചത്. ഒരു ദിവസം അവിടെ നിന്ന് ബസ്സിൽ കയറ്റി കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നു. സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് കോടതിയിലേക്ക് കൈവിലങ്ങ് വച്ചാണ് നടത്തിച്ചത്.വഴിക്ക് പരിചയക്കാരെ കണ്ടപ്പോൾ വിലങ്ങുവെച്ച കൈകൾ ഞാൻ ഉയർത്തിക്കാട്ടി.അന്ന് എലിസബത്ത് കുരുവിളയായിരുന്നു മജിസ്ട്രേട്ട്.ഏറെ കോളിളക്കം സൃഷ്ടിച്ച , എം.കെ.കെ നായർക്കെതിരായ അഴിമതിക്കേസിൽ അദ്ദേഹത്തെ കുറ്റവിമുക്തയാക്കിയ ധീരയായ മജിസ്ട്രേട്ടായിരുന്നു,അവർ".എന്തായാലും കോടതിയിൽ നിന്ന് തിരിച്ചു കൊണ്ടുപോകുമ്പോൾ വിലങ്ങ് വച്ചില്ല.രണ്ടുമാസമാണ് ജയിലിൽ കിടന്നത്.അടിയന്തിരാവസ്ഥയിലെ നിയമഭേദഗതിയുടെ ചട്ടങ്ങൾ നിലവിൽ വന്നത് ജൂലൈ 31നായിരുന്നു. അതിന് മുമ്പ് നടന്ന അറസ്റ്റിന് നിയമസാധുതയില്ലെന്ന് , ജയിലിൽ വച്ച് വായിച്ച് മനസിലാക്കിയിരുന്നു. ആ വാദം അംഗീകരിച്ച കോടതി എല്ലാവരെയും രണ്ട് മാസത്തിനു ശേഷം വെറുതെ വിട്ടു. പൊലീസ് പറയുന്ന ആളുകളെ ശിക്ഷിക്കുന്ന കാലമായിരുന്നു അത്.
"പക്ഷേ, ഈ കേസിന്റെ പേരിൽ എന്നെ മാതൃഭൂമിയിൽ നിന്ന് പിരിച്ചുവിടാനുള്ള രാഷ്ട്രീയ നീക്കം ഉണ്ടായി.ഇതേക്കുറിച്ച് വി.കെ മാധവൻകുട്ടിയും ടി.വി.ആർ ഷേണായിയും ചേർന്ന് കലാകൗമുദിയിൽ എഴുതിയ ഒരു ലേഖന പരമ്പരയിൽ പറഞ്ഞിട്ടുണ്ട്. മാനേജിങ് ഡയറക്ടർ വി.എം നായരുടെ ശക്തമായ നിലപാട് കാരണമാണ് അത് സംഭവിക്കാതിരുന്നത്.അടിയന്തിരാവസ്ഥയെ എതിർത്ത് ജയിലിൽ പോയതിൽ എനിക്ക് അഭിമാനമുണ്ട്".
എൽ.കെ അദ്വാനി പറഞ്ഞതുപോലെ, അടിയന്തിരാവസ്ഥക്കാലത്ത്,കുനിയാൻ പറഞ്ഞപ്പോൾ പലരും മുട്ടിൽ ഇഴയുകയായിരുന്നു. പിൽക്കാലത്ത് പത്രപ്രവർത്തക വിദ്യാർത്ഥികളോട്, അടിയന്തിരാവസ്ഥയെ എതിർത്തതിന് ഏതെങ്കിലും പത്രവർത്തകൻ ജയിലിൽ പോയിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ,' ഇല്ല' എന്നായിരുന്നു മറുപടി."അത് ഞാനാണന്ന് പറഞ്ഞില്ല. അത് അറിയണമെന്ന താല്പര്യം പോലും അവർക്കുണ്ടായിരുന്നില്ല".
അടിയന്തരാവസ്ഥയ്ക്കു ശേഷം തിരുവനന്തപുരത്താണ് പ്രവർത്തിച്ചത്. വി.പി രാമചന്ദ്രൻ പത്രാധിപരായിരിക്കെ,ന്യൂസ് എഡിറ്റർ ടി. വേണുഗോപാലൻ നിർദ്ദേശിച്ചതനുസരിച്ച്,സ്പെഷ്യൽ സ്റ്റോറികളുടെ ചുമതല കിട്ടി. കേരളത്തിലെ ഭൂപരിഷ്കരണ നിയമം ഉണ്ടാക്കിയ അനന്തരഫലങ്ങളെക്കുറിച്ചുള്ള അന്വേഷണാത്മക പരമ്പര ചെയ്തത് തൃപ്തി നൽകിയ ഒന്നാണ്. ആ നിയമം പൊതുവിൽ പരാജയമായിരുന്നു എന്നായിരുന്നു കണ്ടെത്തിയത്. വരമ്പത്ത് നടക്കുന്ന മാനേജർമാരെ അത് മുതലാളിമാരാക്കി. മണ്ണിൽ പണിയെടുത്ത് ജീവിക്കുന്നവർക്ക് അതിന്റെ ഗുണമൊന്നും കിട്ടിയില്ല.കൃഷി ഭൂമി തുണ്ടം തുണ്ടമായി വിഭജിക്കപ്പെട്ടു; കാർഷികോല്പാദനം വർദ്ധിച്ചില്ല എന്നു തുടങ്ങിയ ആ പരമ്പരയിലെ കണ്ടെത്തലുകൾ ശരിയായിരുന്നുവെന്ന് പിന്നീട് നടന്ന പല പഠനങ്ങളും വ്യക്തമാക്കി.
സംസ്ഥാനത്തെ ജയിലുകളിലെ അവസ്ഥയെക്കുറിച്ച് എഴുതിയ പരമ്പരയാണ് മറ്റൊന്ന്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെക്കാൾ മെച്ചപ്പെട്ടവയാണ് കേരളത്തിലെ ജയിലുകൾ എന്ന് മനസിലായി. അങ്ങനെ ജയിലർമാരുടെ ഒരു യോഗത്തിൽ പ്രസംഗിച്ചപ്പോൾ, ജയിൽ പരിഷ്കരണം സംബന്ധിച്ച് പഠിക്കുന്ന ജസ്റ്റിസ് പി. സുബ്രഹ്മണ്യൻ പോറ്റി പങ്കെടുക്കുന്ന യോഗത്തിലേക്കും സംസാരിക്കാൻ ക്ഷണം കിട്ടിയെങ്കിലും പോയില്ല.
എം.ഡി നാലപ്പാട് പത്രാധിപരായ കാലത്ത് തിരുവനന്തപുരത്ത് അസിസ്റ്റൻറ് എഡിറ്ററായിരുന്നു. "അദ്ദേഹം പത്രപ്രവർത്തകർക്ക് വലിയ സ്വാതന്ത്ര്യം നൽകി. ഏറെ കാലത്തിനു ശേഷം മാതൃഭൂമി,അഗ്രസീവ് ജേണലിസത്തിലൂടെ, വളർച്ചാനിരക്കിൽ മനോരമയ്ക്ക് മുന്നിലെത്തി".അക്കാലത്തെ അന്വേഷണാത്മക പരമ്പരകളുടെ മാർഗ്ഗ നിർദ്ദേശക ചുമതല വഹിച്ചു.ന്യൂസ് കോ ഓർഡിനേറ്റർ എൻ.എൻ.സത്യവ്രതനായിരുന്നു. യുവാക്കളായ പത്രപ്രവർത്തകർ അഴിമതികൾക്കെതിരെ ധാരാളം റിപ്പോർട്ടുകൾ എഴുതി. "അന്ന് പത്രാധിപർക്കുള്ള കത്തുകളുടെ ചുമതലയും എനിക്കായിരുന്നു. വിമാനത്താവളങ്ങളിൽ നടക്കുന്ന അഴിമതികളെക്കുറിച്ചും കള്ളക്കടത്തിനെക്കുറിച്ചും വായനക്കാർ പരാതിപ്പെട്ടിരുന്നു. ഇതെക്കുറിച്ച് അന്വേഷിക്കാൻ ജി.ശേഖരൻ നായരെ മാലിദ്വീപിലേക്ക് അയച്ചത് അന്നായിരുന്നു". അതിനെക്കുറിച്ചെഴുതിയ പരമ്പരയ്ക്ക് ഗൾഫ് മലയാളികൾക്കിടയിൽ വലിയ സ്വീകാര്യത കിട്ടി.ആ റിപ്പോർട്ടിൽ ഉപയോഗിച്ച 'ഡിങ്കോൾഫി' എന്ന വാക്ക് പിന്നീട് നമ്മുടെ ശൈലിയുടെ ഭാഗമായി.
1988 ജൂൺ 20 മാതൃഭൂമിയിൽ നിന്ന് പിരിച്ചുവിടപ്പെട്ടു.അതിലേക്ക് നയിച്ച ഒട്ടേറെ സംഭവവികാസങ്ങളുണ്ട്."പത്രാധിപ സമിതിയുടെ അധികാരങ്ങൾ ഒരു ഡയറക്ടറെ ഏൽപ്പിച്ചതിന് എതിരെ ഞാൻ പ്രതികരിച്ചു. അത് പത്രസ്വാതന്ത്ര്യത്തെ ബാധിക്കുമെന്ന് ആശങ്കയുണ്ടായിരുന്നു.ഇതിനെതിരെ പ്രസ് കൗൺസിലിൽ കേസ് കൊടുക്കും എന്ന് മാനേജ്മെന്റിനെ അറിയിച്ചു.വക്കീലിനെ നിയോഗിക്കാൻ കാശ് ഇല്ലാത്തതിനാൽ അതിന് ഒരു മാസത്തെ അവകാശഅവധിയും ആവശ്യപ്പെട്ടു. കേസുമായി മുന്നോട്ടു പോയാൽ നടപടി എടുക്കുമെന്ന് താക്കീത് കിട്ടി.ആ കേസിന്റ വിധിയിലാണ് പത്രാധിപൻമാരുടെയും മാനേജ്മെന്റിന്റെയും അവകാശങ്ങൾ വ്യവച്ഛേദിച്ചുകൊണ്ടുള്ള ചരിത്ര പ്രാധാന്യമുള്ള വിധി വന്നത്. പത്രപ്രവർത്തകരുടെ പ്രൊമോഷൻ, സ്ഥലംമാറ്റം, പത്രത്തിന്റെ ഉള്ളടക്കം , പരസ്യം ഇവയിലെല്ലാം പത്രാധിപർക്കാണ് അധികാരം
ജോലിയിൽ നിന്ന് പിരിച്ചുവിടപ്പെട്ടതിനെതിരെ ലേബർ കോടതി മുതൽ സുപ്രീം കോടതി വരെ അദ്ദേഹം നടത്തിയ സുദീർഘമായ നിയമയുദ്ധം പരാജയപ്പെട്ടു. ഹൈക്കോടതി തന്നോട് നീതി കാണിച്ചില്ലെന്ന് അദ്ദേഹം വിശദീകരിച്ചു .ചില ജഡ്ജിമാർ സ്വാധീനങ്ങൾക്ക് വഴങ്ങുന്നുണ്ടെന്നാണ് സ്വന്തം അനുഭവം വ്യക്തമാക്കുന്നത്. ഗ്രാറ്റുവിറ്റി പോലും കിട്ടിയില്ല.
ഇന്ന് 'മാദ്ധ്യമം' എന്നാൽ മാദ്ധ്യമഉടമകൾ എന്നാണ് അർത്ഥമെന്ന് പി. രാജൻ പറഞ്ഞു.മുൻപ് വി.കെ കൃഷ്ണമേനോൻ 'ജൂട്ട് പ്രസ് ' എന്നാണ് കച്ചവട താല്പര്യമുള്ള ചില ഇംഗ്ലീഷ് മാധ്യമങ്ങളെ വിളിച്ചിരുന്നത്. വ്യവസായികൾ നടത്തുന്ന മാദ്ധ്യമങ്ങൾക്കാണ് ഇന്നും ഭൂരിപക്ഷം. രണ്ടാം പ്രസ് കമ്മീഷൻ വ്യവസായികളിൽ നിന്ന് മാദ്ധ്യമങ്ങളെ മോചിപ്പിക്കണമെന്ന് ശിപാർശ ചെയ്തിരുന്നു.പക്ഷേ, കേരളത്തിലെ മാദ്ധ്യമങ്ങൾ താരതമ്യേന സ്വതന്ത്രമാണ്.
പൗരാവകാശങ്ങൾ എടുത്ത് കളയപ്പെട്ട അടിയന്തരാവസ്ഥയുമായി ഇപ്പോഴത്തെ ഇന്ത്യൻ സാഹചര്യങ്ങളെ താരതമ്യപ്പെടുത്താൻ ആവില്ലന്ന് പി.രാജൻ പറഞ്ഞു. ഭയം കാരണം മാദ്ധ്യമങ്ങൾ പലതും മറച്ചുവയ്ക്കുണ്ടാകാം. കേരളത്തിലെ മാദ്ധ്യമപ്രവർത്തകർക്ക് പിണറായി വിജയനെയും പാർട്ടി പ്രവർത്തകരെയും ഭയമുണ്ട്."ഇന്നത്തെ മാദ്ധ്യമപ്രവർത്തകർ പ്രൊഫഷണൽ ജേണലിസ്റ്റുകളല്ല. അവരെല്ലാം കരിയറിസ്റ്റുകളാണ്".
പുതിയ തലമുറ പത്രങ്ങൾ വായിക്കുന്നില്ല.അവർക്ക് ചരിത്രബോധവും കുറവാണ്. മാദ്ധ്യമങ്ങൾക്കിത് ദുർബലമായ കാലം. ഒരു അന്തരാള കാലഘട്ടമാണിത്. അവയുടെ ഭാവി പ്രവചിക്കാനാവില്ല.അച്ചടി മാദ്ധ്യമങ്ങൾ ഈ രൂപത്തിൽഏറെക്കാലം ഇനി നിലനിൽക്കുമെന്ന് തോന്നുന്നില്ല.
സമൂഹത്തിന്റെ കാവൽ പട്ടികൾ -വാച്ച് ഡോഗ്സ് - എന്ന ചുമതല മാദ്ധ്യമങ്ങൾ ഇപ്പോൾ നിർവഹിക്കുന്നില്ല. അവർ അറിഞ്ഞുകൊണ്ടുതന്നെ അസത്യം പ്രചരിപ്പിക്കുകയാണ്.
കോടതികൾക്ക് മാദ്ധ്യമങ്ങൾ അമിത പ്രചാരം കൊടുക്കുകയാണ്. ആദിവാസി ഭൂമി കയ്യേറിയ പത്രം ഉടമസ്ഥനെ സംരക്ഷിക്കാൻ എക്സിക്യൂട്ടീവും ജുഡീഷ്യറിയും മാദ്ധ്യമങ്ങളും രാഷ്ട്രീയ പാർട്ടികളും ഒന്നിച്ചു നിന്നുവെന്നും അദ്ദേഹം പറഞ്ഞു.
ടി.വി.ആർ ഷേണായിക്കൊപ്പം |
മലയാളത്തിലെ ഒരു പ്രമുഖ പത്രം മുൻപ് നിരോധിക്കപ്പെട്ടതിനെ കുറിച്ച് ഇപ്പോഴും വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു.കേസിൽ പ്രതിയായ വൈദികനെ ന്യായീകരിക്കാൻ മറ്റൊരു പത്രം മുന്നിട്ടിറങ്ങിയ ചരിത്രവുമുണ്ട്.
ഇ.എം.എസ് വ്യക്തിപരമായി സംശുദ്ധ ജീവിതം നയിച്ച ആളാണന്ന് പി.രാജൻ പറഞ്ഞു."എങ്കിലും, അദ്ദേഹം ഒരു പാർട്ടി അടിമയായിരുന്നു . ഗ്രാംഷിയെപോലെയോ അംബേദ്കറെപോലെയോ സ്വന്തമായി ഒരു ചിന്താപദ്ധതി അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല എന്നും പി. രാജൻ പറഞ്ഞു.
‘പി.രാജൻ്റെ ലേഖനങ്ങൾ-ഗാന്ധി,ഇന്ദിര,ഇ.എം.എസ്’ എന്ന അദ്ദേഹത്തിൻ്റെ ഏറ്റവും ഒടുവിലത്തെ പുസ്തകത്തിലും ഒരു റിബലിൻ്റെ ഗർജ്ജനമുണ്ട്.തനിക്ക് ബോദ്ധ്യമുള്ള കാര്യങ്ങൾ 88ആം വയസിലും ഉറക്കെപ്പറയും,അദ്ദേഹം.
പി.രാജൻ കേരള മീഡിയ അക്കാദമിയിൽ
No comments:
Post a Comment