"പത്രപ്രവർത്തനാകാൻ ആഗ്രഹിച്ചിരുന്നില്ല. തികച്ചും ആകസ്മികമായാണ് ആ രംഗത്ത് എത്തിയത് ", അദ്ദേഹം അനുസ്മരിക്കുന്നു .13 വയസ്സുള്ളപ്പോൾ വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തകനായി. 1958 ൽ 18 വയസാകുന്നതിന് അഞ്ച് ദിവസമുള്ളപ്പോൾ പാർട്ടി അംഗമായി. "പാർട്ടി സെക്രട്ടറി എം.എൻ ഗോവിന്ദൻ നായർ ഒപ്പിട്ട ആ ചുവന്ന കാർഡ് കിട്ടി".കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നശേഷം നടന്ന ആദ്യ സി.പി.എം സംസ്ഥാന സമ്മേളനത്തിൽ പ്രതിനിധിയായി പങ്കെടുത്തു. യൂണിവേഴ്സിറ്റി കോളേജിലാണ് അന്ന് പഠിച്ചിരുന്നത് . അതിനുശേഷം പി.ജിക്ക് ചേരണം എന്നായിരുന്നു ആഗ്രഹം. അപ്പോഴാണ് ഒരു ദിവസം അഴീക്കോടൻ രാഘവൻ ,എറണാകുളത്ത് എത്താൻ ആവശ്യപ്പെട്ടത്. കോഴിക്കോട് ദേശാഭിമാനി പ്രസിദ്ധീകരിക്കുന്ന എ.കെ.ജി ഷഷ്ട്യബ്ധപൂർത്തി സ്മരണികയുടെ ചുമതല ഏറ്റെടുക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു."എനിക്ക് പത്രപ്രവർത്തനത്തിൽ ഒരു പരിചയവും ഉണ്ടായിരുന്നില്ല. കേരള കൗമുദി ഓഫീസ് പുറത്തുനിന്ന് കണ്ടത് മാത്രമായിരുന്നു ആകെ ഉണ്ടായിരുന്ന പത്രബന്ധം .പക്ഷേ, ഇത്തരം വെല്ലുവിളികൾ ഏറ്റെടുക്കുന്നതിൽ താല്പര്യം ഉണ്ടായിരുന്നതിനാൽ കോഴിക്കോട് എത്തി".
അന്ന് ദേശാഭിമാനി അവിടെനിന്ന് മാത്രമേ പ്രസിദ്ധീകരിക്കുന്നുണ്ടായിരുന്നുള്ളൂ. അവിടെ പ്രവർത്തിച്ചിരുന്ന രണ്ടോ മൂന്നോ പേരൊഴികെ എല്ലാവരും വിട്ടു പോയി. അവർ സി.പി.ഐക്കാരായിരുന്നു. കെ.പി.ആർ ഗോപാലനായിരുന്നു മാനേജിങ് എഡിറ്റർ. ഡൽഹിയിൽ നിന്നെത്തിയ പി .ഗോവിന്ദപിള്ള ചീഫ് എഡിറ്ററായി . അദ്ദേഹത്തിനും ദിനപത്രമിറക്കുന്നതിൽ പരിചയമുണ്ടായിരുന്നില്ല.
സ്മരണികയിറക്കാനുള്ള പ്രാഥമിക പ്രവർത്തനങ്ങൾ തുടങ്ങി. പത്രത്തിന്റെ കാര്യങ്ങളും മനസിലാക്കി.10 ദിവസം കഴിഞ്ഞ്, 1964 ഡിസംബർ 30 ന് ,രാത്രി മിക്ക സി.പി.എം നേതാക്കളെയും പോലീസ് അറസ്റ്റ് ചെയ്തു . കെ.പി. ആറും പി.ജിയും തടവിലായി.ഇ.എം.എസ് മാത്രം ഒഴിവാക്കപ്പെട്ടു. "ലോഡ്ജിൽ നിന്ന് ഞാൻ ഓഫീസിൽ ചെല്ലുമ്പോൾ അവിടെ എല്ലാം മൂകമാണ് .പി.ജി മേശപ്പുറത്ത് ഒരു കത്ത് എഴുതിവച്ചിരുന്നു ;'മോഹനന്,സഖാവ് ഇവിടെനിന്ന് പോകരുത് '. അതായിരുന്നു എന്റെ അപ്പോയിൻമെന്റ് ഓർഡർ . എനിക്ക് വിട്ടുപോരാൻ കഴിയാത്ത സ്ഥിതിയായി. അങ്ങനെ ഞാൻ പത്രപ്രവർത്തകന്റെ കുപ്പായമണിഞ്ഞു".
സ്ഥാനം മുഴുവനും വിതരണം ചെയ്യാനുള്ള പത്രം കോഴിക്കോട് നിന്നാണ് ഇറങ്ങിയിരുന്നത്. രാവിലെ ജോലി തുടങ്ങും. ഉച്ചയാകുമ്പോഴേക്കും എഡിറ്റോറിയൽ പ്രവർത്തനങ്ങൾ തീർക്കണം."എല്ലാവരും കൂടിയിരുന്ന് ആലോചിച്ച്,എഡിറ്റോറിയൽ എഴുതാനുള്ള ചുമതല എന്നെ ഏല്പിച്ചു ". ആദ്യ മുഖപ്രസംഗം നേതാക്കളെ അറസ്റ്റ് ചെയ്തതിനെ കുറിച്ചായിരുന്നു. 'സ്വർണ സിംഹാസനത്തിൽ പട്ടിക്കുട്ടി' എന്നായിരുന്നു അതിന് കൊടുത്ത തലക്കെട്ട്. അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി ഗുൽസാറിലാൽ നന്ദയുടെ ഉത്തരവനുസരിച്ചായിരുന്നു രാജ്യമെമ്പാടുമുള്ള സി.പി.എം നേതാക്കൾ തടങ്കലിൽ അടയ്ക്കപ്പെട്ടത്. ആ മുഖപ്രസംഗത്തിന് വലിയ അഭിനന്ദനങ്ങൾ ലഭിച്ചു .അന്ന് വൈകിട്ട് മാനാഞ്ചിറയിൽ നടന്ന പ്രതിഷേധ യോഗത്തിൽ പ്രസംഗിക്കുകയും ചെയ്തു.
പയ്യന്നൂരിൽ ജ്യോതി ബസുവിൻ്റെ പ്രസംഗം കെ.മോഹനൻ പരിഭാഷപ്പെടുത്തുന്നു.ഏതാനും മാസങ്ങൾക്കകം നടന്ന നിയമസഭാതെരഞ്ഞെടുപ്പിൽ പട്ടാമ്പിയിൽ ഇ.എം.എസ് സ്ഥാനാർത്ഥിയായി. കടുത്ത മത്സരമായിരുന്നു , അവിടെ പ്രവർത്തനം നടത്താനായി അങ്ങോട്ട് അയച്ചു. അദ്ദേഹം വിജയിച്ചെങ്കിലും , നിയമസഭ സമ്മേളിച്ചില്ല.
നേതാക്കൾ ജയിലിലായിരുന്നതിനാൽ എ.കെ.ജി സ്മരണയ്ക്ക് കാര്യമായി ലേഖനങ്ങൾ കിട്ടിയില്ല. "അദ്ദേഹത്തിന്റെ പഴയ പ്രസംഗങ്ങളും പ്രവർത്തനങ്ങളെക്കുറിച്ചുള്ള പത്രറിപ്പോർട്ടുകളും ശേഖരിച്ച്, ഞാൻ തന്നെ പല നേതാക്കളുടേയും പേര് വച്ച് ലേഖനങ്ങൾ എഴുതി.ചിലത് അവർക്ക് അയച്ചു കൊടുക്കുകയും ചെയ്തു. പി.ജി. മാത്രം ജയിലിൽ നിന്ന് ലേഖനം എഴുതി. അങ്ങനെ എ.കെ.ജി സ്മരണിക പുറത്തിറക്കി .ഇ.എം.എസിന് അത് ഇഷ്ടപ്പെട്ടു.ഏതാനും മാസങ്ങൾക്ക് ശേഷം കോഴിക്കോട് എത്തിയ അദ്ദേഹം, തിരുവനന്തപുരത്ത ദേശാഭിമാനി ലേഖകനായി പ്രവർത്തിക്കണം എന്ന് ആവശ്യപ്പെട്ടു."അദ്ദേഹം വന്ന കാറിലാണ് തലസ്ഥാനത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോയത് ".
അങ്ങനെ, 1966-ൽ ദേശാഭിമാനിയുടെ തിരുവനന്തപുരം ലേഖകനായി.ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണം നടത്തിയ ഹിന്ദുസ്ഥാൻ കൺസ്ട്രക്ഷൻ കമ്പനിയുടെ ക്രമക്കേടുകളെക്കുറിച്ച് 13 ലക്കം നീണ്ട ഒരു അന്വേഷണ പരമ്പര അക്കാലത്ത് എഴുതിയത് വലിയ കോളിളക്കം ഉണ്ടാക്കി. ഗവർണർഭരണമായിരുന്നു , അന്ന് . തുടർന്നുവന്ന ഇ.എം.എസ് മന്ത്രിസഭയിൽ വൈദ്യുത മന്ത്രിയായിരുന്ന എം.എൻ ഗോവിന്ദൻ നായർ ഇതേക്കുറിച്ച് അന്വേഷിക്കാൻ ജസ്റ്റിസ് ശങ്കരനെ അന്വേഷണ കമ്മീഷനായി നിയമിച്ചു. പരമ്പരയിലെ നിഗമനങ്ങൾ ശരിവയ്ക്കുന്നതായിരുന്നു കമ്മീഷൻ നൽകിയ റിപ്പോർട്ട് ."എന്റെ മേഖല മാധ്യമരംഗം തന്നെയാണ് എന്ന് ഉറപ്പിച്ചത് അപ്പോഴാണ്".
1968ൽ കൊച്ചി എഡിഷൻ ആരംഭിച്ചപ്പോൾ , അവിടേക്ക് മാറ്റി നിയമിച്ചു .അന്ന് രവിപുരത്ത് മൂന്ന് മുറികളുള്ള ചെറിയ വീട്ടിലായിരുന്നു ദേശാഭിമാനി."ഞാൻ ഇരുന്നത് അതിന്റെ അടുക്കളയിൽ ''.1972 വരെ അവിടെ പ്രവർത്തിച്ചു.പാർട്ടിയുടെ കൊല്ലം സമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ഒപ്പം എസ്.രാമചന്ദ്രൻ പിള്ളയും സംസ്ഥാന സമിതി അംഗമായി. അതോടെ ദേശാഭിമാനി വിടാൻ നേതൃത്വം നിർദ്ദേശിച്ചു .തിരുവനന്തപുരം കേന്ദ്രീകരിച്ച്, മുഴുവൻസമയ പ്രവർത്തനം തുടങ്ങി. പക്ഷേ, 9 മാസമേ അത് നീണ്ടു നിന്നുള്ളൂ. ഒരു ദിവസം കൊച്ചിയിലേക്ക് വിളിപ്പിച്ച് ഇ.എം.എസ് പറഞ്ഞു,'"തീരുമാനം തിരുത്തുകയാണ്. സഖാവ് ദേശാഭിമാനിയിലേക്ക് തിരിച്ചു വരണം".
ദേശാഭിമാനി കോട്ടയം യൂണിറ്റ് ഉദ്ഘാടനത്തിൽ ഇ.കെ.നായനാർ,വി.എസ് അച്ച്യുതാനന്ദൻ, ഇ.എം.എസ് തുടങ്ങിയവർക്കൊപ്പം കെ.മോഹനൻ.
അന്നത്തെ പാർട്ടി സംസ്ഥാന സെക്രട്ടറി അഴീക്കോടൻ രാഘവൻ ഒരു ദിവസം കൊച്ചിയിലെത്തി, പത്രത്തിന് പുതിയ കെട്ടിടവും സൗകര്യങ്ങളും ഉണ്ടാക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്ത്, തൃശ്ശൂരിലേക്ക് പോയി. അന്ന് രാത്രിയാണ് അദ്ദേഹം അവിടെ കൊലചെയ്യപ്പെട്ടത്.കെ.പി.ജി നമ്പൂതിരി, പത്മനാഭൻ തുടങ്ങിയ മുതിർന്നവർ അക്കാലത്ത് ഡെസ്ക്കിലുണ്ടായിരുന്നു.എം.എൻ കുറുപ്പ് ആലപ്പുഴ ലേഖകൻ . അന്ന്,ഇ.എം.എസ് കൊച്ചിയിലെത്തി, പത്രാധിപ സമിതി യോഗം വിളിച്ചു കൂട്ടി.'ദിവസവും പത്രമിറക്കുന്നതിന്റെ ചുമതല മോഹനനെ ഏൽപ്പിക്കുകയാണ്' എന്ന് പ്രഖ്യാപിച്ചു.പത്രാധിപർ പി.ഗോവിന്ദപിള്ള കൊച്ചിയിൽ തന്നെ ഉണ്ടായിരുന്നു. പക്ഷേ ദൈനംദിന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനാണ് ചുമതല ഏൽപ്പിച്ചത്. സി.രാജഗോപാലാചാരി മരിച്ചെന്ന വാർത്ത കിട്ടിയപ്പോൾ , പി.ജി മുഖപ്രസംഗം എഴുതുമെന്ന് കരുതി .അപ്പോഴാണ് ഒരു ഫോൺ വരുന്നത് -അദ്ദേഹം മദ്രാസിലാണ് എന്നായിരുന്നു സന്ദേശം. അങ്ങനെ,രാജഗോപാലാചാരിയെ കുറിച്ചുള്ള മുഖപ്രസംഗം എഴുതേണ്ടിവന്നു. അത് കെ.പി.ജി നമ്പ്യാരെ കാണിച്ചു .കുഴപ്പമൊന്നുമില്ല എന്ന് അദ്ദേഹം പറഞ്ഞത്. അടുത്ത ദിവസം ഇ.എം.എസ്. വിളിച്ച് അഭിനന്ദിച്ചത് വലിയ കീർത്തി മുദ്രയായി .
കലൂരിൽ പുതിയ കെട്ടിടവും 25 ലക്ഷം രൂപ വിലയുള്ള റോട്ടറി പ്രസും ദേശാഭിമാനി വാങ്ങിച്ചു. ജനങ്ങളിൽ നിന്ന് സംഭാവന പിരിച്ചായിരുന്നു ഇത് നടത്തിയത്.പി ,ജിയോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതാണ് ജീവിതത്തിൽ കിട്ടിയ വലിയ വരദാനം .അദ്ദേഹം ചലിക്കുന്ന വിജ്ഞാന ഭണ്ഡാഗാരമായിരുന്നു. എന്തെങ്കിലും സംശയം ചോദിച്ചാൽ അതിന്റെ നാരായവേരു വരെയുള്ള എല്ലാ വശങ്ങളും വിശദമായി പഠിപ്പിക്കും."ഇ.എം.എസ് എന്റെ ഗുരുവായിരുന്നു. പി.ജി ക്ലാസ് ടീച്ചറും".
1975 ൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിന് തൊട്ടു മുൻപ് ഒരു റിസർച്ച് ഫെലോഷിപ്പ് സ്വീകരിച്ച് പി.ജി മൈസൂർ യൂണിവേഴ്സിറ്റി ചേർന്നു. അതോടെ പത്രത്തിന്റെ പൂർണ്ണ ചുമതല കിട്ടി." കഠിനമായ വെല്ലുവിളിയായിരുന്നു , അത്". ഏറെ ത്യാഗവും പീഡനവും അനുഭവിച്ചാണ് അക്കാലത്ത് പത്രം ഇറക്കിയത് . ആദ്യ ദിവസം തന്നെ പൊലീസ് പത്രം ഓഫീസ് വളഞ്ഞു.ചാത്തുണ്ണി മാസ്റ്റർ ഒഴികെയുള്ള നേതാക്കളെ എല്ലാം അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റ് ചെയ്തിരുന്നു. "ഒളിവിൽ ഒരു പാർട്ടി കമ്മിറ്റി പ്രവർത്തിച്ചിരുന്നു. ഞാനും ഒളിവിൽ പോകാൻ പാർട്ടി നിർദ്ദേശിച്ചു. പെരുമ്പാവൂരിൽ പുല്ലുവഴിയിലുള്ള പി.ജിയുടെ ബന്ധുക്കളുടെ വീട്ടിലാണ് ഒളിവിൽ കഴിഞ്ഞത്. അന്ന് രാവിലെ ഒരാൾ പത്രം വീട്ടിൽ കൊണ്ട് തരും .വൈകുന്നേരം മുഖപ്രസംഗം എഴുതിയത് വാങ്ങിക്കൊണ്ടു പോകും.മൂന്നുമാസം കഴിഞ്ഞപ്പോൾ ഓഫീസിൽ തിരികെ എത്താൻ ഇ. എം.എസ് നിർദ്ദേശിച്ചു.
പാർട്ടി യോഗത്തിൽ പിണറായി വിജയൻ,വി.വി ദക്ഷിണാമൂർത്തി,കെ.മോഹനൻ.
ആദ്യത്തെ മാസങ്ങളിൽ സർക്കാർ നൽകിയ നിർദ്ദേശങ്ങൾക്കനുസരിച്ചുള്ള സെൽഫ് സെൻസറിംഗ് മാത്രമാണ് ഉണ്ടായിരുന്നത്.ഒരു ദിവസം പി.ജിയുടെ പേരിൽ ഒരു കവർ വന്നു. അതിൽ ജന്തുശാസ്ത്ര കോൺഗ്രസിൽ ചിതലിന്റെ ജീവിതരീതിയെക്കുറിച്ച് അവതരിപ്പിച്ച ഒരു പ്രബന്ധം ഉണ്ടായിരുന്നു ."അത് വായിച്ചു നോക്കിയപ്പോൾ , എനിക്ക് ഒരു കുസൃതി തോന്നി. 'സഹപ്രവർത്തകരെ ഷണ്ഡന്മാരാക്കി ഏകാധിപതിയായി വാഴുന്ന രാജ്ഞി' എന്ന പേരിൽ ഞാൻ ഒരു ലേഖനം എഴുതി , എഡിറ്റോറിയൽ പേജിൽ പ്രസിദ്ധീകരിച്ചു. അത് വലിയ വിവാദമായതോടെ ദേശാഭിമാനിക്ക് സെൻസറിംഗ് നിർബന്ധമാക്കി".
കർക്കശക്കാരനായിരുന്നു സെൻസറിങ് ഓഫീസർ .കമ്മ്യൂണിസ്റ്റ് , മാർക്സിസ്റ്റ് എന്നീ വാക്കുകൾ പോലും അദ്ദേഹം വെട്ടിക്കളഞ്ഞു. നീക്കം ചെയ്ത വാക്കുകൾക്ക് പകരം മറ്റൊന്നും നൽകാതെയാണ് പത്രം പ്രസിദ്ധീകരിച്ചത്. മുഖപ്രസംഗം സെൻസറിംഗിന് വിധേയമാക്കിയപ്പോൾ , ആ ഭാഗം ഒഴിച്ചിട്ട് പത്രം ഇറങ്ങി. അപ്പോൾ അത് ചെയ്യാൻ പാടില്ല എന്ന് ഉത്തരവ് വന്നു.സെൻസർഷിപ്പിന് മറികടക്കാൻ ഒട്ടേറെ പൊടികൈകൾ പ്രയോഗിച്ചു. ജനാധിപത്യത്തെക്കുറിച്ച് നെഹ്റു നടത്തിയ പ്രസംഗങ്ങൾ, ടാഗോറിന്റെ പ്രഭാഷണങ്ങൾ, ഹിറ്റ്ലർ നാഷണൽ സോഷ്യലിസത്തെക്കുറിച്ച് എഴുതിയത് തുടങ്ങിയവ പത്രത്തിൽ പ്രസിദ്ധീകരിക്കുന്നതിനും നിരോധനം ഉണ്ടായി. മുന്നോട്ടു പോകാൻ ഏറെ പ്രയാസം അനുഭവപ്പെട്ടു.പത്രം നിർത്തിവയ്ക്കാമെന്ന് ഇ.എം.എസിനോട് പറഞ്ഞപ്പോൾ കണ്ണു നിറഞ്ഞിരുന്നു. അദ്ദേഹം പറഞ്ഞു,"നമ്മൾ പൂട്ടിയാൽ അവർ വിജയിച്ചു ;നമ്മൾ തോറ്റു. പൂട്ടുന്നെങ്കിൽ അവർ വന്ന് പത്രം പൂട്ടട്ടെ . ആ വാക്കുകളായിരുന്നു ,ശക്തി ".
ആ ഇടയ്ക്ക് ആഭ്യന്തര മന്ത്രി കെ .കരുണാകരൻ പത്രാധിപന്മാരുടെ യോഗം വിളിച്ചുകൂട്ടി. മാതൃഭൂമി മാനേജിംഗ് എഡിറ്റർ വി.എം നായരെ കണ്ട് കാര്യങ്ങളെല്ലാം ഭവ്യതയോടെ പറഞ്ഞു. അദ്ദേഹം യോഗത്തിൽ കരുണാകരന് നേരെ പൊട്ടിത്തെറിച്ചു; നിങ്ങളൊക്കെയാണ് ഇന്ദിരാഗാന്ധിയെ വഷളാക്കുന്നത്.
"എന്നിട്ടും ദേശാഭിമാനിയുടെ സെൻസർഷിപ്പ് അവസാനിച്ചില്ല. പക്ഷേ, എന്നെ അറസ്റ്റ് ചെയ്യാനുള്ള തീരുമാനത്തിൽ നിന്ന് കരുണാകരൻ പിൻവാങ്ങി".
ആശയപരമായി എതിർദിശകളിലായിരുന്നു എങ്കിലും മലയാള മനോരമ എഡിറ്റർ കെ.എം മാത്യുവുമായി അടുത്ത സൗഹൃദം ഉണ്ടായിരുന്നു .അദ്ദേഹത്തെ മാത്തുക്കുട്ടിച്ചായൻ എന്നാണ് വിളിച്ചിരുന്നത് ."മലയാള മനോരമയെ രൂക്ഷമായി വിമർശിച്ചുകൊണ്ട് ഞാൻ ഒരു ലേഖനം എഴുതിയപ്പോൾ , ആ ശൈലി തനിക്കിഷ്ടപ്പെട്ടു എന്നാണ് അദ്ദേഹം പറഞ്ഞത്. രണ്ട് ധ്രുവങ്ങളിൽ നിന്നപ്പോഴും സഹജീവികൾ എന്ന നിലയിൽ ദേശാഭിമാനിക്ക് അദ്ദേഹം നൽകിയ സഹായം ഒരിക്കലും മറക്കാനാവാത്തതാണ്". പത്രക്കടലാസ് ഇറക്കുമതിയിൽ കടുത്ത നിയന്ത്രണം വന്നപ്പോൾ ,ദേശാഭിമാനിയുടെ അച്ചടി പോലും മുടങ്ങുന്ന സാഹചര്യം വന്നു.അദ്ദേഹത്തോട് പറഞ്ഞപ്പോൾ ,മനോരമയുടെ വണ്ടിയിൽ തന്നെ 10 ടൺ ന്യൂസ് പ്രിന്റ് എത്തിച്ചുനൽകി .മറ്റൊരിക്കൽ , പ്രസിൽ സാങ്കേതിക പ്രശ്നം ഉണ്ടായപ്പോൾ , മനോരമയുടെ പ്രസ്സിൽ നിന്ന് ദേശാഭിമാനി പത്രം അച്ചടിച്ചു നൽകുകപോലും ചെയ്തു.
സ്നേഹലതാ റെഡിയുടെ മകൾക്കൊപ്പംഅടിയന്തിരാവസ്ഥക്കാലത്തെ പ്രവർത്തനങ്ങൾ ശാരീരികമായി ഏറെ അസ്വസ്ഥതകൾ ഉണ്ടാക്കി .തുടർന്ന്, തിരുവനന്തപുരം ലേഖകനായി വീണ്ടും നിയമിക്കപ്പെട്ടു. അവിടെ പ്രത്യേക തസ്തികകൾ ഒന്നും നൽകിയിരുന്നില്ല. പാർട്ടിയായിരുന്നു ശമ്പളം നൽകിയിരുന്നത്. 1980ൽ ഇ.കെ നായനാർ മുഖ്യമന്ത്രിയായപ്പോൾ ,പ്രൈവറ്റ് സെക്രട്ടറിയായി പാർട്ടി നിയമിച്ചു.1982 ൽ പാർട്ടി രാജ്യസഭാ അംഗവും ആക്കി .തുടർന്ന്, ദേശാഭിമാനിയുടെ റസിഡൻറ് എഡിറ്ററും ജനറൽ എഡിറ്ററുമായി.
2006ൽ ആരോഗ്യം വഷളാവുകയും പക്ഷാഘാതം വരുകയും ചെയ്തതോടെയാണ് ഒഴിഞ്ഞത്.
'തലസ്ഥാനി' എന്ന പേരിൽ ദീർഘകാലം എഡിറ്റോറിയൽ പേജിൽ രാഷ്ട്രീയ ആക്ഷേപഹാസ്യ കോളം എഴുതിയിരുന്നു.അതിനുകാരണം കുഞ്ചൻ നമ്പ്യാർ കൃതികളാണ്. അവയോട് വലിയ ഇഷ്ടമുണ്ടായിരുന്നു. കല്യാണസൗഗന്ധികം കുട്ടിക്കാലത്ത് വേഷംകെട്ടി കളിച്ചിട്ടുണ്ട് .സാമൂഹിക വിമർശനം ഹാസ്യത്തിലൂടെ നടത്താമെന്ന് പഠിപ്പിച്ചത് കുഞ്ചൻ നമ്പ്യാരാണ്. അമ്മയാണ് പഴഞ്ചൊല്ലുകളും നാടൻ പ്രയോഗങ്ങളും പഠിച്ചത്.അമ്മയുടെ അച്ഛൻ വലിയ പണ്ഡിതനായിരുന്നു .പതിനഞ്ചാം വയസ്സു മുതൽ അദ്ദേഹത്തിന് വേണ്ടി ദ ഹിന്ദു ദിനപത്രം വായിച്ചു നൽകിയതാണ് മറ്റൊരു അടിത്തറ. ഇപ്പോഴും ദിവസവും ആ പത്രം വായിക്കുന്നുണ്ട്."പക്ഷേ, അതിപ്പോൾ മലയാള മനോരമയുടെ ഇംഗ്ലീഷ് പതിപ്പ് പോലെയാണ് തോന്നുന്നത്", കെ.മോഹനൻ പറഞ്ഞു.
No comments:
Post a Comment