മലയാള മാദ്ധ്യമരംഗത്തെ കാരണവന്മാരിൽ ഒരാളാണ് 92 വയസ്സുള്ള കെ.ജി പരമേശ്വരൻ നായർ.കേരള കൗമുദിയുടെ സ്പെഷ്യൽ കറസ്പോണ്ടൻ്റായി 1998 ൽ വിരമിച്ച അദ്ദേഹം തിരുവനന്തപുരം തൃക്കണ്ണാപുരത്ത് വിശ്രമ ജീവിതം നയിക്കുന്നു .
നാടക,സിനിമാനടനാകായിരുന്നു ആഗ്രഹം. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ പഠിക്കുമ്പോൾ, ധാരാളം നാടകങ്ങളിൽ അഭിനയിച്ചു. നാടകകൃത്തും കൗമുദി പത്രത്തിൻ്റെ പത്രാധിപരുമായിരുന്ന കൈനിക്കര പത്മനാഭപിള്ളയുടെ മകൻ കർമ്മചന്ദ്രൻ അടുത്ത സുഹൃത്തായിരുന്നു. അദ്ദേഹത്തിൻ്റെ ഏകാങ്കനാടകങ്ങൾ കേട്ടെഴുതിയായിരുന്നു തുടക്കം. അവ കോളേജിലും പുറത്തും അവതരിപ്പിച്ചു. പുന്നപ്ര- വയലാർ സമരത്തിൽ മകനെ നഷ്ടമായ ഒരു വൃദ്ധൻ വിലപിക്കുന്ന രംഗം അദ്ദേഹം എഴുതി, പരിശീലിപ്പിച്ചത് അവതരിപ്പിച്ച് കോളേജിലെ അഭിനയ മത്സരത്തിൽ സമ്മാനവും കിട്ടി. പ്രശസ്ത ചലച്ചിത്രനടൻ മധു അന്ന് കോളേജിൽ പഠിച്ചിരുന്നു. പക്ഷേ, അദ്ദേഹത്തിന് എഴുത്തിലായിരുന്നു അന്ന് കൂടുതൽ താല്പര്യം.
ബിരുദ പഠനത്തിനുശേഷം നടനാകാൻ ശ്രമങ്ങൾ നടത്തി. അങ്ങനെ, പി. സുബ്രഹ്മണ്യം സംവിധാനം ചെയ്ത 'ക്രിസ്മസ് രാത്രി' (1961)എന്ന സിനിമയിൽ കംപൗണ്ടറായി അഭിനയിച്ചു. പക്ഷേ,കൂടുതൽ അവസരങ്ങൾ കിട്ടിയില്ല. അപ്പോഴാണ് സുഹൃത്തും എഴുത്തുകാരനുമായ കെ. എസ് കൃഷ്ണൻ ഒരു ജോലിയെക്കുറിച്ച് പറഞ്ഞത്. അന്ന് കെ.ബാലകൃഷ്ണൻ കൗമുദി ആഴ്ചപ്പതിപ്പിനൊപ്പം ദിനപത്രവും നടത്തിയിരുന്നു.അന്ന് എഡിറ്റോറിയലിൽ രണ്ടുപേർ മാത്രമേ അവിടെ ഉള്ളൂ -സഹോദരന്മാരായ ജി.വേണുഗോപാലും ജി.യദുകുല കുമാറും. അവർക്കൊപ്പം ഉണ്ടായിരുന്ന കെ. വിജയരാഘവൻ കേരളകൗമുദിയിൽ ചേർന്നിരുന്നു.വഞ്ചിയൂരിലായിരുന്നു പത്രം ഓഫീസ്. വാരികയുടെ ഓഫീസ് പേട്ടയിലും. കെ.ബാലകൃഷ്ണൻ അവിടെയിരുന്ന് മുഖപ്രസംഗങ്ങൾ എഴുതി കൊടുത്തയക്കും. വല്ലപ്പോഴും അദ്ദേഹം ഓഫീസിൽ സന്ദർശനം നടത്തിയിരുന്നു.
1962 ൽ കെ.ജി പരമേശ്വരൻ നായർ സബ് എഡിറ്ററായി കൗമുദി ദിനപത്രത്തിൽ ചേർന്നു. ആദ്യത്തെ ആറുമാസം ഡെസ്ക്കിൽ .പിന്നെ, റിപ്പോർട്ടിങ്ങിൽ. തിരുവനന്തപുരം സെക്രട്ടറിയേറ്റിന് എതിരെയുള്ള കെട്ടിടത്തിലായിരുന്നു ബ്യൂറോ. കേരളകൗമുദി ബ്യൂറോയും അവിടെയായിരുന്നു.ഏജൻസികളയയ്ക്കുന്ന വാർത്തകൾ വിവർത്തനം ചെയ്തു കൊണ്ടാണ് തുടക്കം. ഒരിക്കൽ, കെ.ബാലകൃഷ്ണൻ ഓഫീസിൽ എത്തിയപ്പോൾ, പരമേശ്വരൻ നായർ വിവർത്തനം ചെയ്ത ഒരു വാർത്ത ജി.വേണുഗോപാൽ അദ്ദേഹത്തെ കാണിച്ചു .അത് വായിച്ചു നോക്കി അദ്ദേഹം പറഞ്ഞു ,”ദിസ് ബോയ് ഈസ് പ്രോമിസിംഗ്, വേണു” .മാധ്യമ പ്രവർത്തനത്തിന് ലഭിച്ച ആദ്യത്തെ അംഗീകാരമായിരുന്നു അത്. ബ്യൂറോയിലേക്ക് മാറിയപ്പോൾ രണ്ടാം കേരള നിയമസഭയുടെ സമ്മേളനം റിപ്പോർട്ട് ചെയ്യാൻ അവസരം കിട്ടി. അതൊരു വലിയ തുടക്കമായിരുന്നു.പിന്നെ, അദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. നീണ്ട 36 വർഷം തുടർച്ചയായി കെ.ജി പരമേശ്വരൻ നായർ നിയമസഭയിൽ നിന്ന് വാർത്തകളും അവലോകനങ്ങളും എഴുതി, ചരിത്രം സൃഷ്ടിച്ചു.
സാമ്പത്തിക പ്രതിസന്ധി കാരണം കൗമുദി പത്രം പ്രസിദ്ധീകരണം നിർത്തി.അപ്പോൾ, കേരളകൗമുദിയിലെ റിപ്പോർട്ടറായ കെ. വിജയരാഘവൻ തനിക്ക് ഒരു സഹായിയെ വേണമെന്ന് എം.എസ് മണിയോട് പറഞ്ഞു. അതിന് അദ്ദേഹം ശുപാർശ ചെയ്തത് കെ.ജി പരമേശ്വരൻ നായരെ.പേട്ടയിൽ എത്തി, മണിയെ കാണാൻ അദ്ദേഹം നിർദ്ദേശിച്ചു.ഉടൻതന്നെ പോയെങ്കിലും, അന്ന് കാണാൻ പറ്റിയില്ല. അടുത്തദിവസം രാവിലെ എത്തി, തൊട്ടടുത്ത് താമസിച്ചിരുന്ന എം.എസ് മണിയെ കണ്ടു. അദ്ദേഹം നിയമന ഉത്തരവ് നൽകി. തൊട്ടപ്പുറത്ത് തന്നെയായിരുന്നു കൗമുദി വാരികയുടെ ഓഫീസ്. 'നീ പോയി ബാലണ്ണനെ കണ്ട് കാര്യം പറയണം', അദ്ദേഹം നിർദ്ദേശിച്ചു .'അവിടെ എത്തിയപ്പോൾ ഗൗരവത്തിൽ കെ.ബാലകൃഷ്ണൻ ചോദിച്ചു,”വാട്ട് ബ്രോട്ട് യു ഹിയർ ?”
കേരളകൗമുദിയിൽ ജോലി കിട്ടി എന്നു പറഞ്ഞു.ഇക്കാര്യം തൻ്റെ മുന്നിൽ വന്നതാണെന്നും കൗമുദിയിൽ ജോലി ചെയ്ത ആളായതിനാൽ താൻ ശുപാർശ ചെയ്യുന്നത് ശരിയല്ലെന്ന് അറിയിച്ചതായും അദ്ദേഹം പറഞ്ഞു.
1963ൽ കെ.ജി പരമേശ്വരൻ നായർ കേരളകൗമുദി സിറ്റി ബ്യൂറോയിൽ കെ.വിജയരാഘവന്റെ സഹായിയായി ചേർന്നു.അങ്ങനെ, അദ്ദേഹത്തിൻ്റെ കേരളകൗമുദി ജീവിതം ആരംഭിച്ചു .പിന്നീടുള്ള 35 വർഷം മുഴുവൻ ഒരേ ഓഫീസിൽ തന്നെ പ്രവർത്തിച്ച അദ്ദേഹം പിൽക്കാലത്ത് ഒരു ദശാബ്ദത്തിലധികം ബ്യൂറോ ചീഫുമായി . 1991ൽ റിട്ടയർമെൻ്റ് പ്രായമെത്തിയെങ്കിലും 1998 വരെ അവിടെ തന്നെ തുടർന്നു."ഞാൻ ഏറ്റവും കടപ്പെട്ടിരിക്കുന്നത് വിജയരാഘവനോടാണ്. പത്രപ്രവർത്തനം എന്താണെന്ന് അദ്ദേഹത്തിൽ നിന്നാണ് പഠിച്ചത്. കഠിനമായി അദ്ദേഹം പണിയെടുപ്പിക്കും. എം.എസ് മണിയോടാണ് അടുത്ത കടപ്പാട്".
നിയമസഭാവാർത്തകൾ വളരെ വിശദമായി കേരളകൗമുദി നൽകിയിരുന്നു. ഒരു ഘട്ടത്തിൽ, എം.എൽ.എമാരുടെ ഫോട്ടോകളും നൽകിയിരുന്നു. അതിന് വൻതോതിൽ വായനക്കാരുണ്ടായി.ആദ്യമായി നിയമസഭാ നടപടികളുടെ അവലോകനം നൽകിയതും കേരളകൗമുദിയാണ്.അതേ തുടർന്ന് ,മുൻ രാഷ്ട്രീയ പ്രവർത്തകൻ കൂടിയായ കെ.ആർ ചുമ്മാർ മലയാള മനോരമയിൽ തന്റേതായ ശൈലിയിൽ അവലോകനങ്ങൾ എഴുതിത്തുടങ്ങി. പിന്നീട്, മാതൃഭൂമിയിൽ പി.സി സുകുമാരൻ നായരും അവലോകനങ്ങൾ എഴുതിത്തുടങ്ങി. അവ ഓരോന്നും പഴഞ്ചൊല്ലിലായിരുന്നു ആരംഭിച്ചിരുന്നത്.
സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ ഒട്ടേറെ സംഭവവികാസങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്,സഹപ്രവർത്തകർ ‘കെ.ജി’ എന്ന് സ്നേഹപൂർവ്വം വിളിക്കുന്ന കെ.ജി പരമേശ്വരൻ നായർ.
1967 ൽ സപ്തകക്ഷി മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷം, കിഴക്കേക്കോട്ടയിൽ നടന്ന വലിയ പൊതുയോഗത്തിൽ ഇ.എം.എസ് പ്രഖ്യാപിച്ചു: കണ്ണിലെ കൃഷ്ണമണിപോലെ ഈ മന്ത്രിസഭയെയും മുന്നണിയെയും ഞങ്ങൾ കാത്തുസൂക്ഷിക്കും.പക്ഷേ, രണ്ടര വർഷം കഴിഞ്ഞ് ഭിന്നതകൾ മൂലം മന്ത്രിസഭ രാജിവെച്ചു ;മുന്നണി തകർന്നു.
കേരളം കണ്ട ഏറ്റവും നല്ല പ്രതിപക്ഷ നേതാവും സാമാജികനുമായിരുന്നു പി.ടി ചാക്കോ . ശങ്കർ മന്ത്രിസഭയിൽ റവന്യൂ മന്ത്രിയായിരിക്കെ,അദ്ദേഹം പീച്ചിയിൽ പോയി മടങ്ങി വരുമ്പോൾ,കാർ അപകടത്തിൽപ്പെട്ടു. അതിൽ ഒരു കോൺഗ്രസുകാരി ഉണ്ടായിരുന്നു എന്ന് ആരോപണമുയർന്നത് വലിയ വിവാദങ്ങമുണ്ടാക്കി. കോൺഗ്രസിലെ തന്നെ പ്രഹ്ലാദൻ ഗോപാലൻ എന്ന എം.എൽ.എ അദ്ദേഹത്തിൻറെ രാജി ആവശ്യപ്പെട്ട് നിയമസഭയ്ക്ക് മുന്നിൽ സത്യഗ്രഹിമിരുന്നു. സമ്മർദ്ദത്തെ തുടർന്ന് 1964 ഫെബ്രുവരി 20 ന് അദ്ദേഹം രാജിവച്ചു.ഏതാനും മാസങ്ങൾക്കകം, ജൂലൈ 31 ന് ഹൃദയാഘാതം മൂലം അദ്ദേഹം അന്തരിച്ചു. ഇത് കോൺഗ്രസിൽ വലിയ പൊട്ടിത്തെറിയുണ്ടാക്കി. കേരള കോൺഗ്രസിൻറെ ആവിർഭാവം അങ്ങനെയായിരുന്നു.
ടി. കെ ദിവാകരൻ, കെ. പങ്കജാക്ഷൻ തുടങ്ങിയ ആർ.എസ്. പി നേതാക്കളുടെ സമരവീര്യത്തിനും സാക്ഷ്യം വഹിച്ചിട്ടുണ്ട്, കെ.ജി പരമേശ്വരൻ നായർ.1960 കളുടെ അവസാനം ആർ.എസ്.പിയുടെ നേതൃത്വത്തിൽ കരിമണൽ മേഖലയിലെ തൊഴിലാളികൾ സമരം നടത്തി.കെ.പങ്കജാക്ഷനായിരുന്നു അതിന് നേതൃത്വം നൽകിയത്. സെക്രട്ടറിയേറ്റിനുള്ളിലെ നിയമസഭാമന്ദിരം പിക്കറ്റ് ചെയ്യാൻ അദ്ദേഹം നിർദ്ദേശിച്ചു.'പോലീസ് മർദ്ദിക്കും; സഹിക്കാൻ തയ്യാറുള്ളവർ മാത്രം മുന്നോട്ടു വന്നാൽ മതി' എന്ന് പറഞ്ഞപ്പോൾ മുന്നൂറോളം സമരക്കാരിൽ ചിലർ പിരിഞ്ഞു പോയി. സെക്രട്ടറിയേറ്റിന്റെ മൂന്ന് ഗേറ്റുകളിലൂടെ സമരക്കാർ പലപ്പോഴായി ഉള്ളിൽ പ്രവേശിച്ച് പിക്കറ്റിങ്ങ് ആരംഭിച്ചതോടെ പോലീസ് ഇടപെട്ടു . പങ്കജാക്ഷനെ ബൂട്ടിട്ട് ചവിട്ടി . നിയമസഭ സമ്മേളിക്കുന്ന സമയമായിരുന്നു അത്. ഇതറിഞ്ഞ ടി.കെ ദിവാകരനും ബേബി ജോണും സഭയിൽ നിന്ന് പുറത്തെത്തിയപ്പോഴേക്കും രക്തം പുരണ്ട വസ്ത്രങ്ങളുമായി പങ്കജാക്ഷനെ വലിച്ചിഴച്ച് തൊട്ടടുത്തുള്ള സ്റ്റേഷനിലേക്ക് കൊണ്ടുപോയിരുന്നു. അവർ അവിടെ ചെന്ന് അദ്ദേഹത്തെ ഇറക്കിക്കൊണ്ട് വന്നതും ഓർമ്മയാണ് .
എസ്.ജയചന്ദ്രൻ നായർ,എം.എസ് മണി,എൻ.ആർ.എസ് ബാബു:ഫോട്ടോ ശങ്കരൻ കുട്ടിഇപ്പോഴും മനസ്സിൽ വേദനയായി നിലനിൽക്കുന്ന ഒരു വേർപാടിന് സാക്ഷ്യം വഹിച്ചതും ഓർമ്മയാണ് .1972 ഏപ്രിൽ മൂന്ന്. ശൂന്യ വേളയ്ക്ക് തൊട്ടുമുമ്പ്, ദ ഹിന്ദുവിലെ കൃഷ്ണമൂർത്തിയുമായി നിയമസഭാ കാൻ്റീനിൽ ചായകുടിക്കാൻ പോയതായിരുന്നു. ധനകാര്യ മന്ത്രി കോൺഗ്രസിലെ കെ.ടി ജോർജ്ജായിരുന്നു. അഭിജാതൻ;സരസൻ. തമാശയൊക്കെ പറയുന്ന അദ്ദേഹത്തിന് ചുറ്റും കുറേ ആളുകൾ കൂടിനിൽക്കുന്നുണ്ട്.വാച്ച് നോക്കിയപ്പോൾ, ശൂന്യവേള തീരാറായി ." പോകാൻ സമയമായി എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. 'അതെ, പോകാൻ സമയമായി. ഞാൻ അവസാനത്തെ വലി വലിച്ചോട്ടെ' എന്നു പറഞ്ഞ് സിഗരറ്റ് ആഞ്ഞു വലിച്ച്, സഭയിലേക്ക് അദ്ദേഹം പോയി. അഞ്ച് മിനിറ്റ് കഴിഞ്ഞ് ധനകാര്യ ബിൽ അവതരിപ്പിക്കാൻ അദ്ദേഹം എണീറ്റു. സംസാരിച്ചുകൊണ്ട് ഇരിക്കെ പെട്ടെന്ന് ശബ്ദം നിലച്ച്, മേശപ്പുറത്തേക്ക് കമിഴ്ന്നു വീണു. സഭാ ഡോക്ടർ ഓടിയെത്തി പരിശോധിച്ച്, അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മസ്തിഷ്കാഘാതം കാരണം അദ്ദേഹം മരിച്ചു. അന്ന് ഞാൻ പറഞ്ഞ വാക്കുകൾ അറം പറ്റിയത് പോലെയായതിൽ ഇപ്പോഴും ദുഃഖമുണ്ട്",ഈ സംഭവം ഓർത്തെടുത്ത് പറയുമ്പോൾ കെ.ജി വിതുമ്പി.
പൊതുവേ ശാന്തമായി നടന്നിരുന്ന നിയമസഭാനടപടികളിൽ വലിയ മാറ്റമുണ്ടായത് രണ്ടാം അച്യുതമേനോൻ മന്ത്രിസഭയുടെ കാലത്തായിരുന്നു. 1970 ജനുവരി 29ന് പ്രതിപക്ഷ പ്രവർത്തകർക്ക് നേരെ സെക്രട്ടറിയേറ്റിനു മുന്നിൽ ലാത്തിച്ചാർജ് ഉണ്ടായി. അത് സഭയിൽ ഉന്നയിക്കാൻ സി.പി.എം അംഗമായ ടി.എം മീതിയൻ ശ്രമിച്ചുവെങ്കിലും സ്പീക്കർ ഡി.ദാമോദരൻ പോറ്റി അനുവദിച്ചില്ല.ക്ഷുഭിതനായ അദ്ദേഹം മുദ്രാവാക്യം വിളിച്ച് നടുത്തളത്തിലിറങ്ങി. അദ്ദേഹത്തോടൊപ്പം ഇ.കെ ഇമ്പിച്ചിബാവ,എ.വി ആര്യൻ,എ.എം ജോർജ്ജ് തുടങ്ങിയ കുറെ സി.പി.എം എം.എൽ.എമാരും ഡയസിൽ ചാടിക്കയറി സഭാനടപടികൾ അലങ്കോലപ്പെടുത്തി. ചരിത്രത്തിൽ ആദ്യമായിരുന്നു ഇങ്ങനെ അക്രമ പ്രവർത്തനം ഉണ്ടായത് .സ്പീക്കറെ കയ്യേറ്റം ചെയ്യുമെന്ന ഘട്ടമെത്തിയപ്പോൾ, അദ്ദേഹം രക്ഷപ്പെട്ട് പുറത്തുപോയി.തിരിഞ്ഞു നോക്കാതെ,കൈകൊണ്ട് ആദ്യം കാട്ടിയാണ്, സഭ നിർത്തിവച്ചതായി അദ്ദേഹം അറിയിച്ചത്.അഞ്ച് എം.എൽ എ മാരെ ഇതിൻ്റെ പേരിൽ അദ്ദേഹം സസ്പെൻഡ് ചെയ്തു.പിന്നീട് സഭയിൽ എത്രയോ പരാക്രമങ്ങൾ ഉണ്ടായി.. അതിനെല്ലാം , പ്രസ് ഗ്യാലറിയിലിരുന്ന് സാക്ഷ്യം വഹിച്ചിട്ടുണ്ട്.
“ജനപ്രതിനിധികളിൽ ആരും തന്നെ അന്തസ്സും മര്യാദയുമില്ലാത്തവരല്ല. പക്ഷേ,രാഷ്ട്രീയത്തിൻ്റെ അതിപ്രസരവും വീറും വാശിയും കൂൂടുമ്പോൾ, അവരുടെ പെരുമാറ്റം അന്തസ്സിൻ്റെയും മര്യാദയുടെയും സീമ ചിലപ്പോഴെങ്കിലും ലംഘിക്കാറുണ്ട്.അംഗങ്ങൾ പരസ്പരം പേരു പറഞ്ഞ് സംസാരിക്കരുതെന്നും,അവരുടെ നിയോജകമണ്ഡലത്തിലെ മെമ്പർ എന്ന് മാത്രമേ സംബോധന ചെയ്യാവൂ എന്നും നിഷ്കർഷിച്ചിട്ടുണ്ട്. പക്ഷേ,വീറും ശുണ്ഠിയും മൂത്ത് ‘എടാ’,'പോടാ’ വിളി നടത്തുന്നവർ മുഖ്യമന്ത്രിസ്ഥാനത്തിരുന്നവരെപ്പോലും സഭ്യേതരപദങ്ങൾ കൊണ്ട് അഭിഷേകം ചെയ്തിട്ടുണ്ട്”.പൊതുവേദികളിൽ വലിയ കൈയടിവാങ്ങുന്ന പല പ്രസംഗകരും നിയമസഭയിൽ ശോഭിക്കാതിരുന്നിട്ടുണ്ട്.കാര്യങ്ങൾ ഗഹനമായി പഠിച്ച്,ചുരുക്കി അവതരിപ്പിക്കുന്നവരാണ് സഭയിൽ എന്നും തിളങ്ങിയിട്ടുള്ളത്. “നീട്ടി സംസാരിക്കാൻ അവസരം കിട്ടുന്നതുകൊണ്ട് ബില്ലുകളുടെ ഒന്നാം വായനയിൽ പലരും പങ്കെടുക്കും.പക്ഷേ,കൂടുതൽ പഠനവും കാര്യവിചാരവും വേണ്ടിവരുന്ന രണ്ടാം വായനയിൽ അധികം പേരും പങ്കെടുക്കാറില്ല”.
അപ്രതീക്ഷിതമായി വീണുകിട്ടിയ ധാരാളം പ്രത്യേക വാർത്തകളുമുണ്ട് പരമേശ്വരൻ നായരുടെ തിളക്കമാർന്ന മാദ്ധ്യമ ജീവിതത്തിൽ . ഒരിക്കൽ, സിറ്റി ബ്യൂറോയിൽ ഇരിക്കുമ്പോൾ പ്രാകൃത വേഷം ധരിച്ച് അവശനായ ഒരാൾ കാണാൻ വന്നു. ജനറൽ ആശുപത്രിയിൽ ഭാര്യയുടെ കണ്ണ് മാറി ശസ്ത്രക്രിയ നടത്തിയതായി അദ്ദേഹം പറഞ്ഞു.ആകെ കഷ്ടത്തിലാണ്. അതിനെന്തെങ്കിലും സഹായം കിട്ടുമോ എന്നാണ് അയാൾ അന്വേഷിച്ചത്. "ഞാനയാൾക്ക് 50 രൂപ നൽകി, കാര്യം അന്വേഷിക്കാം എന്ന് സമാധാനിപ്പിച്ച് വിട്ടു". അന്വേഷിച്ചപ്പോൾ,വലിയ ചികിത്സാപിഴവ് ഉണ്ടായതായി മനസ്സിലാക്കി. അത് വാർത്തയായി പത്രത്തിൽ വന്നു. അന്ന് രാവിലെ ആരോഗ്യ മന്ത്രി വക്കം പുരുഷോത്തമൻ പത്രസമ്മേളനം വിളിച്ചിട്ടുണ്ടെന്ന് അറിയിപ്പ് കിട്ടിയപ്പോൾ പേടിച്ചു.വാർത്തയിലെന്തെങ്കിലും പാളിച്ച പറ്റിയോ? പിന്നിൽ പോയി ഇരുന്നു ."പത്രവുമായാണ് വക്കം എത്തിയത്. എന്നെ കണ്ട് ,പിന്നിലിരിക്കുന്നത് എന്തിനാണ് എന്നായി ആദ്യ ചോദ്യം. വൈകി എത്തിയത് കൊണ്ടാണ് എന്ന് മറുപടി നൽകി. അദ്ദേഹം ആ പത്രറിപ്പോർട്ട് മുഴുവൻ വായിച്ചിട്ട്, അത് സത്യമാണ്; വനിതാഡോക്ടർക്ക് പിഴവ് പറ്റിയതാണ്. വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട് എന്ന് പറഞ്ഞു.
ഗവ. സെക്രട്ടറിമാർ പത്രക്കാരോട് സംസാരിക്കുന്ന പതിവില്ല. എന്നാൽ, കെ. കരുണാകരൻ്റെ കാലത്ത് ധനകാര്യ സെക്രട്ടറിയായിരുന്ന ഡി. ബാബു പോൾ അങ്ങനെയായിരുന്നില്ല. സരസനായ അദ്ദേഹത്തിന് കേരള കൗമുദിയോട് വലിയ താല്പര്യവുമുണ്ടായിരുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു എന്ന് കേട്ട് , അദ്ദേഹത്തെ കാണാൻ പോയി. കൈയിൽ പേന കരുതിയിരുന്നില്ല. അദ്ദേഹം സാമ്പത്തിക ഞെരുക്കത്തെയും അതിൻ്റെ കാരണങ്ങളെയും സർക്കാർ സ്വീകരിക്കുന്ന നടപടികളെയും കുറിച്ച് ഒരു മണിക്കൂറോളം വിശദമായി സംസാരിച്ചു. അടുത്ത ദിവസങ്ങളിൽ ട്രഷറിയിലെ പണമിടപാടുകൾക്ക് നിയന്ത്രണം ഉണ്ടാകുമെന്നും മനസിലായി."അടുത്ത ദിവസം എൻ്റെ ബൈലൈനോടെ മുഖ്യ വാർത്തയായി ഇത് നൽകി".
കെ.കരുണാകരൻ മുഖ്യമന്ത്രിയും ടി.എം ജേക്കബ് വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായിരുന്ന കാലത്താണ് പ്രീഡിഗ്രി ബോർഡ് രൂപവൽക്കരിക്കാൻ തീരുമാനിച്ചത്. ഒരു മന്ത്രിസഭായോഗത്തിൽ അത് ചർച്ച ചെയ്തതായി വിവരം കിട്ടി. അക്കാലത്ത് മന്ത്രിസഭായോഗ തീരുമാനങ്ങൾ പത്രക്കാരെ അറിയിക്കുന്ന സംവിധാനമുണ്ടായിരുന്നില്ല. അടുത്ത പരിചയമുള്ള മന്ത്രി വയലാർ രവിയെ വിളിച്ച് അന്വേഷിച്ചു. അദ്ദേഹം വിമാനത്താവളത്തിലായിരുന്നു. താൻ നേരത്തെ ഇറങ്ങിയതിനാൽ കൃത്യമായി കൃത്യമായി അറിയില്ലെന്ന് മറുപടി നൽകി. ഇക്കാര്യം കെ.സി സെബാസ്റ്റ്യനുമായും ചർച്ച ചെയ്തു. മറ്റൊരു മന്ത്രിയെ വിളിച്ച് ,തന്ത്രത്തിൽ കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കി.അങ്ങനെയാണ് വലിയ പ്രക്ഷോഭങ്ങൾക്ക് വഴിമരുന്നിട്ട ആ തീരുമാനം കേരളകൗമുദിൽ എക്സ്ക്ലൂസീവ് വാർത്തയായത്.
കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായ എ.കെ ആൻറണി 1978 ഒക്ടോബർ 27 ആം തീയതി പൊടുന്നനെ രാജിവച്ച നാടകീയ സംഭവങ്ങൾക്ക് കെ .ജി പരമേശ്വരൻ നായരും സാക്ഷ്യം വഹിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് പത്രക്കാരെ വിളിച്ചു. അവിടെ എത്തിയപ്പോൾ, മന്ത്രിസഭായോഗം കഴിഞ്ഞ് ആൻറണി പുറത്തിറങ്ങിയപ്പോൾ,സി.എച്ച് മുഹമ്മദ് കോയ,എസ്. വരദരാജൻ നായർ, കെ.കെ ബാലകൃഷ്ണൻ തുടങ്ങിയ മുതിർന്ന നേതാക്കൾ ആന്റണിയെ സംസാരിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു ."അവരുടെ കൈ തട്ടിമാറ്റി, 'എനിക്ക് ചിലത് പറയാനുണ്ട് ' എന്ന ആമുഖത്തോടെ, അസ്ത്രം വിട്ട പോലെ ആൻറണി ഞങ്ങളുടെ മുന്നിലേക്ക് വന്ന്, താൻ മുഖ്യമന്ത്രിപദം രാജിവെക്കുന്നതായി പ്രഖ്യാപിച്ചു". ചിക്കമഗളൂർ ഉപതെരത്തെട്ടപ്പിൽ മത്സരിക്കുന്ന ഇന്ദിരാഗാന്ധിക്ക് പിന്തുണ നൽകാൻ,ആൻ്റണിയുടെ പാർട്ടിയായ കോൺഗ്രസ് (ബ്രഹ്മാനന്ദ റെഡ്ഡി)തീരുമാനിച്ചതിൽ പ്രതിഷേധിച്ചായിരുന്നു ആ നാടകീയമായ രാജി പ്രഖ്യാപനം.
1985-87കാലത്ത് നിയമസഭാസ്പീക്കറായിരുന്ന വി. എം സുധീരനും മുഖ്യമന്ത്രി കെ.കരുണാകരനും തമ്മിൽ സഭയ്ക്കുള്ളിലും പുറത്തും അഭിപ്രായ വ്യത്യാസം ഉണ്ടായി.സഭ സമ്മേളിക്കാത്ത കാലത്ത് മാത്രം ഇറക്കേണ്ട ഓർഡിനൻസുകൾ മറ്റു സമയങ്ങളിലും സാധാരണമായതോടെ, അതിനെതിരെ നടപടി എടുക്കും എന്ന് നിയമസഭയിൽ സുധീരൻ പ്രഖ്യാപിച്ചു. "ഇത് അവർ തമ്മിലുള്ള അകർച്ച വർദ്ധിപ്പിച്ചു ".
ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയായിരുന്നു ഉമ്മൻചാണ്ടി. അദ്ദേഹം ആരെയും പിണക്കില്ല.ഒരിക്കൽ അദ്ദേഹത്തെ ഔദ്യോഗിക വസതിയിൽ കാണാൻ പോയപ്പോൾ ,സ്റ്റാഫ് റൂമിന്റെ വാതിൽ മുതൽ നിവേദനങ്ങളുമായി അദ്ദേഹത്തെ കാണാൻ കാത്തുനിൽക്കുന്ന ജനങ്ങളുടെ നീണ്ട നിര കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്.
രാഷ്ട്രീയ സംഭവവികാസങ്ങളെ വിലയിരുത്തിക്കൊണ്ട് ദീർഘകാലം 'കാണാപ്പുറങ്ങൾ' എന്ന കോളം എഴുതിയിട്ടുണ്ട്, കെ.ജി പരമേശ്വരൻ നായർ .
രാഷ്ട്രീയ നേതാക്കന്മാരുമായി അടുത്ത ബന്ധം ഉണ്ടായിരുന്നു.പരമ ഭക്തനും കൗശലക്കാരനുമായ കെ.കരുണാകരൻ തനിക്ക് മറുപടി പറയാൻ വിഷമമുള്ള ചോദ്യങ്ങൾ വരുമ്പോൾ കണ്ണു ഇറുക്കി കാണിക്കും. എന്നിട്ട് ,മറ്റ് എന്തെങ്കിലും കാര്യങ്ങളെക്കുറിച്ച് സംസാരിക്കും.
സരസനായ നായനാർ, കോട്ടയത്ത് നടന്ന ഒരു വിഗ്രഹമോഷണത്തിൽ സുരക്ഷാ വീഴ്ചയുണ്ടായോ എന്ന് ചോദിച്ചപ്പോൾ, ഭഗവാന് എന്തിനാണ് പാറാവ് എന്ന് പ്രതികരിച്ചത് അന്ന് വലിയ വിവാദമുയർത്തിയിരുന്നു.
ഒരിക്കൽ, ലണ്ടൻ സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയ സി.എച്ച് മുഹമ്മദ് കോയ, തിരുവനന്തപുരം നഗരത്തിൽ കണ്ട 'മണ്ടൻമാർ ലണ്ടനിൽ ' എന്ന സിനിമയുടെ പോസ്റ്ററുകൾ നോക്കി ഉറക്കെ ആത്മഗതം ചെയ്തു :ഞങ്ങൾ ലണ്ടനിൽ പോയത് ഇവർ എപ്പോഴാണ് അറിഞ്ഞത്!
പത്രപ്രവർത്തകനായിരിക്കുമ്പോഴും അഭിനയമോഹം കൈവിട്ടില്ല .ഇതറിഞ്ഞ പഴയ സതീർത്ഥ്യൻ മധു താൻ സംവിധാനം ചെയ്ത 'ധീരസമീരേ യമുനാതീരേ' (1977)എന്ന സിനിമയിൽ അദ്ദേഹത്തിന് ഒരു ചെറിയ റോൾ നൽകി."പക്ഷേ,എത്ര ശ്രമിച്ചിട്ടും ഡയലോഗ് ശരിയായി പറയാൻ കഴിഞ്ഞില്ല. അഭിനയമല്ല എൻ്റെ നിയോഗമെന്ന് അതോടെ ബോദ്ധ്യമായി".
1998ൽ കേരളകൗമുദിയിൽ നിന്ന് കെ .ജി പരമേശ്വരൻ നായർ പടി ഇറങ്ങി .കുറച്ച് കാലത്തിനു ശേഷം ടി .ജെ ചന്ദ്രചൂഡൻ ആവശ്യപ്പെട്ടതനുസരിച്ച് ആർ.എസ്.പിയുടെ 'പ്രവാഹം' എന്ന പ്രസിദ്ധീകരണത്തിന്റെ പത്രാധിപത്യം ഏറ്റെടുത്തു. "കേരളകൗമുദിയിലേതു പോലെ നല്ല സ്വാതന്ത്ര്യം ഉണ്ടായിരുന്നു .ചന്ദ്രചൂഡൻ രാഷ്ട്രീയലേഖനങ്ങൾ എഴുതുമ്പോൾ എന്നെ കൂടെ ഇരുത്തി, ചർച്ച ചെയ്യുമായിരുന്നു. മിക്കപ്പോഴും ഞങ്ങൾ ഒന്നിച്ചിരുന്നാണ് ആഹാരം കഴിച്ചിരുന്നത്. പക്ഷേ, അദ്ദേഹത്തിൻറെ അവസാനകാലം ഏറെ ക്ലേശകരമായിരുന്നു".
മാദ്ധ്യമപ്രവർത്തനം ആരംഭിച്ചതും അവസാനിച്ചതും ആർ.എസ്.പിയുമായി ബന്ധമുള്ള പ്രസിദ്ധീകരണങ്ങളിൽ."എനിക്ക് ആർ.എസ്. പി നേതാക്കളോട് മമതയുണ്ടായിരുന്നു .സത്യസന്ധരും വിശാലമനസ്കരുമായിരുന്നു പാർട്ടിയുടെ നേതാക്കൾ".
ദീർഘകാലം നിയമസഭാനടപടികൾ റിപ്പോർട്ട് ചെയ്തതിനുള്ള പുരസ്കാരം രാഷ്ട്രപതി കെ.ആർ നാരായണിൽ നിന്ന് ഏറ്റുവാങ്ങാൻ കഴിഞ്ഞത് വലിയ ധന്യതയായി അദ്ദേഹം കണക്കാക്കുന്നു.'കേരള നിയമസഭയുടെ ആവിർഭാവവും വികാസ പരിണാമങ്ങളും വസ്തുനിഷ്ഠമായി അവതരിപ്പിക്കുന്ന ഒരു റഫറൻസ് പുസ്തകം അദ്ദേഹം എഴുതിയിട്ടുണ്ട് - കേരള നിയമസഭ: ചരിത്രവും ധർമ്മവും. 2005ലാണ് ഇത് ആദ്യം പ്രസിദ്ധീകരിക്കപ്പെട്ടത്. അടുത്തിടെ പരിഷ്കരിച്ച അഞ്ചാം പതിപ്പ് പുറത്തിറങ്ങി.
2005 ൽ പുസ്തക പ്രകാശനത്തിന് അന്നത്തെ മന്ത്രി വക്കം പുരുഷോത്തമനെ ക്ഷണിക്കാൻ പോയ കഥ കെ.ജി പരമേശ്വരൻ നായർ അനുസ്മരിച്ചു.പേഴ്സൺ സ്റ്റാഫിൽ അംഗമാകാൻ അദ്ദേഹം ക്ഷണിച്ചു."സൗമ്യമായി അദ്ദേഹത്തോട് പറഞ്ഞു: ഈ സെറ്റിയുടെ അപ്പുറത്തും ഇപ്പുറത്തും ഇരുന്നാണ് നമ്മൾ ഇപ്പോൾ സംസാരിക്കുന്നത്. താങ്കളുടെ സ്റ്റാഫിൽ ചേർന്ന് കഴിഞ്ഞാൽ ഇങ്ങനെ ഇരിക്കാൻ പറ്റില്ല . പത്രക്കാരനെന്ന ബഹുമാനം കളഞ്ഞു കുളിക്കാൻ ഞാനില്ല". കെ.കരുണാകരൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ, പി.ടി.ഐയുടെ മാനേജരായിരുന്ന മുതിർന്ന പത്രപ്രവർത്തകൻ വിശ്വനാഥ് അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫിൽ അംഗമായിരുന്നു. പത്രസമ്മേളനത്തിനിടയിൽ എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ കരുണാകരൻ അദ്ദേഹത്തെ വിളിക്കും."കുളത്തിൽ വീണ ആടിനെ പോലെ അദ്ദേഹം ഒതുങ്ങി ഇരിക്കുന്നത് കണ്ട കാഴ്ച മനസ്സിലുണ്ടായിരുന്നു ".
ഏറെക്കാലം കേരള ശബ്ദം വാരികയിലും രാഷ്ട്രീയ ലേഖനങ്ങൾ എഴുതിയിരുന്നു.പത്രപ്രവർത്തനത്തിന്റെയും എഴുത്തിന്റെയും സുവർണ്ണകാലം കടന്നുപോയി. ആരോഗ്യമനുവദിക്കുന്നെങ്കിൽ ഇപ്പോഴും ,പക്ഷേ, പത്രക്കാരനാവാൻ തയ്യാർ ."വിരമിച്ചിട്ട് വർഷങ്ങൾ ഏറെയായെങ്കിലും കെ.ജി എന്നോ വിജയരാഘവൻ എന്നോ പറഞ്ഞാൽ, ‘കേരള കൗമുദിക്കാരല്ലേ’ എന്ന് വായനക്കാർ ഇപ്പോഴും ചോദിക്കുന്നത് ഏറെ സന്തോഷം ഉണ്ടാക്കുന്നു”.
പുതിയ തലമുറയിൽപ്പെട്ട മാദ്ധ്യമപ്രവർത്തകരോട് അദ്ദേഹത്തിന് പറയാനുള്ളത് ഇതാണ്: മാദ്ധ്യമപ്രവർത്തനം പരിപാവനമായ ജോലിയാണ് . അതിന് കളങ്കമുണ്ടാക്കുന്ന ഒന്നും ചെയ്യരുത്.സത്യസന്ധമായ വാർത്തകളാണ് പത്രങ്ങളുടെ പിൻബലം.ഉറപ്പില്ലാത്ത കാര്യങ്ങൾ കൊടുത്തില്ലെങ്കിലും കുഴപ്പമില്ല. വിശ്വാസ്യത ഇല്ലായ്മ പത്രങ്ങളെ ബാധിക്കും.
വസ്തുനിഷ്ഠ റിപ്പോർട്ടിങ്ങിനുള്ള പട്ടം താണുപിള്ള സ്മാരക പുരസ്കാരം,സമഗ്രസംഭാവനയ്ക്കുള്ള തിരുവനന്തപുരം സ്വദേശാഭിമാനി സ്മാരകസമിതിയുടെ പ്രത്യേകപുരസ്കാരം,രാഷ്ട്രീയ റിപ്പോർട്ടിങ്ങിനുള്ള തിരുവനന്തപുരം പ്രസ് ക്ളബ്ബിൻ്റെ കെ.സി സെബാസ്റ്റ്യൻ സ്മാരക അവാർഡ്,,കെ.വിജയരാഘവൻ പുരസ്കാരം,കേരള മീഡിയ അക്കാദമിയുടെ ആദരവ് തുടങ്ങിയ ബഹുമതികളും കെ.ജി പരമേശ്വരൻ നായർക്ക് ലഭിച്ചിട്ടുണ്ട്.
No comments:
Post a Comment