പിൽക്കാലത്ത് മൂന്നു തവണ എറണാകുളത്തിന്റെ എം.പിയും ഒരു തവണ എം.എൽ.എയുമായ,നിയമജ്ഞനായും മാധ്യമപ്രവർത്തകനായും മായാമുദ്ര പതിപ്പിച്ച ഡോ.സെബാസ്റ്റ്യൻ പോൾ പറയുന്നു,“ഗബ്രിയേൽ ഗാർസിയ മാർക്കേസിനെപ്പോലെ പത്രപ്രവർത്തകൻ എന്നറിയപ്പെടാനാണ് ആഗ്രഹിക്കുന്നത്.ആരായിത്തീരണമെന്ന് അഞ്ചാം ക്ലാസ്സിലെ അദ്ധ്യാപകൻ ചോദിച്ചപ്പോൾ, എല്ലാവരും ഡോക്ടർ അല്ലെങ്കിൽ എൻജിനീയർ എന്നു പറഞ്ഞു.അന്ന് ആർക്കും മനസ്സിലാക്കാൻ പറ്റാത്ത ഒരു തൊഴിൽ പറഞ്ഞത് ഞാനാണ്-പത്രപ്രവർത്തനം.അമ്മച്ചിയിൽ നിന്ന് പോത്തൻ ജോസഫിനെയും പത്രപ്രവർത്തനത്തെയും കുറിച്ച് കുട്ടിക്കാലത്ത് തന്നെ മനസ്സിലാക്കിയിരുന്നു. ജീവിതത്തിൽ എനിക്ക് ഏറ്റവും സംതൃപ്തി നൽകിയത് പത്രപ്രവർത്തകനായി ജോലി ചെയ്ത കാലമാണ്.”
പത്താം ക്ളാസിൽ, പഠിക്കുമ്പോൾ 1961ലായിരുന്നു ആദ്യ രചന അച്ചടിക്കപ്പെട്ടത്.വീടിനും സ്കൂളിനും തൊട്ടടുത്തു തന്നെയുള്ള,ലത്തീൻ കത്തോലിക്കരുടെ മുഖപത്രമെന്ന വിശേഷണമുണ്ടായിരുന്ന, ‘കേരള ടൈംസി’ന്റെ വാരാന്തപ്പതിപ്പിലായിരുന്നു, അത്.അദ്ധ്യാപകനായിരുന്ന ജോസഫ് മാടപ്പള്ളി പഠിപ്പിച്ച പാഠങ്ങളിൽ നിന്ന് എഴുതിയുണ്ടാക്കിയ ലേഖനമായിരുന്നു അത്-കഥയുടെ കഥ.ലേഖകൻ എസ്. പി
മൂഞ്ഞപ്പിള്ളി-അപ്പന്റെ കുടുംബപ്പേരു ചേർത്തുള്ള തൂലികാനാമം.
അക്ഷരം പഠിച്ചകാലം മുതൽ വായിച്ചത് ദീപിക പത്രമായിരുന്നു. അന്ന് നാല് പേജേയുള്ളൂ. തിങ്കളാഴ്ച അവധിയുമായിരുന്നു.വാരാന്തപ്പതിപ്പിൽ ‘വാഗ്ഭടൻ’ എന്ന പേരിൽ പീറ്റർ ജോൺ കല്ലട, ഭാഷാശുദ്ധിയെക്കുറിച്ച് ഒരു പംക്തി എഴുതിയിരുന്നു. “എഡിറ്റിങ്ങിന്റെ ബാലപാഠങ്ങൾ ഞാൻ പഠിച്ചത് അതിൽ നിന്നായിരുന്നു”.
മുട്ടത്ത് വർക്കിയുടെ ‘പാടാത്ത പൈങ്കിളി’ നോവൽ ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു വരുന്ന കാലം.അദ്ദേഹം ക്രിസ്മസിനും മറ്റും മനോഹരമായ ഗദ്യകവിതകളും എഴുതിയിരുന്നു.അവയൊക്കെ വായിച്ച്, 1962ൽ ഒരു നീണ്ടകഥയെഴുതി-നീർച്ചാലുകൾ.അത്, അന്ന് നോവലിസ്റ്റും പിന്നീട് ചലച്ചിത്ര സംവിധായകനുമായ ജേസിയെ കാണിച്ചു. “അദ്ദേഹം കഥ വായിച്ച ശേഷം, എം.ടി,ഉറൂബ്,പാറപ്പുറത്ത് തുടങ്ങിയവരുടെ പുസ്തകങ്ങൾ വായിക്കാൻ പറഞ്ഞു. ആ പേരുകൾ കേൾക്കുന്നത് ആദ്യമായിട്ടായിരുന്നു. ആ കൃതികൾ വായിച്ചു.അപ്രകാരം വഴിതിരിച്ചില്ലായിരുന്നുവെങ്കിൽ ഞാനൊരു പൈങ്കിളി സാഹിത്യകാരനാകുമായിരുന്നു”. അന്നെഴുതിയ നീണ്ടകഥ പിന്നീട് ‘കേരള ടൈംസ്’ വാരാന്തപ്പതിപ്പിൽ വന്നു.അത് എഴുതിയതും എസ് പി മൂഞ്ഞപ്പിള്ളി.
സ്വന്തമായി നല്ല പേരുള്ളപ്പോൾ മറുപേരിൻെറ ആവശ്യമെന്തെന്ന് ചോദിച്ച്,ഇപ്പോഴത്തെ പേരിൽ സെബാസ്റ്റ്യൻ പോളിനെ അറിയപ്പെടാനിടയാക്കിയത് മഹാരാജാസ് കോളജിൽ സതീർത്ഥ്യനായിരുന്ന വി. ശശിധരൻ. ബിഎ കഴിഞ്ഞ് എം.എയ്ക്ക് ചേരാനിരുന്ന ഘട്ടത്തിൽ ‘കേരള കൗമുദി’യിലേക്ക് പോകുന്നുവോ എന്ന് രണ്ടു പേരോടായി സാനു മാസ്റ്റർ ചോദിച്ച ചോദ്യത്തിന് അനുകൂലമായ ഉത്തരമാണ് ശശിധരൻ നൽകിയത്. എം.എയ്ക്കു ചേർന്ന സെബാസ്റ്റ്യൻ പല വഴിക്കുപോയി. ‘കേരള കൗമുദി’യിൽ ചേർന്ന ശശിധരൻ പത്രത്തിൻെറ എഡിറ്റോറിയൽ അഡ്വൈസറായി വിരമിച്ചു.
പ്രീ-യൂണിവേഴ്സിറ്റിക്ക് സെൻറ് ആർബർട്ട്സ് കോളെജിലും പിന്നെ, എം.എ വരെ മഹാരാജാസിലുമായിരുന്നു സെബാസ്റ്റ്യൻ പോൾ പഠിച്ചത്. ബിരുദത്തിന് സാമ്പത്തികശാസ്ത്രം , എം.എയ്ക്ക് ഇംഗ്ളീഷ് ലിറ്ററേച്ചർ. അന്ന് വയലാർ രവി എം.എ ഹിസ്റ്ററിക്ക് അവിടെ പഠിക്കാനെത്തി.,കെ. ജി ബാലകൃഷ്ണൻ,എൻ.എസ് മാധവൻ,കെ.സച്ചിദാനന്ദൻ,കെ.വി രാമകൃഷ്ണൻ,എം.തോമസ് മാത്യു,രവി കുറ്റിക്കാട്, തുടങ്ങിയവരും സതീർത്ഥ്യരായിരുന്നു.എസ്.ഗുപ്തൻ നായർ, എം.കെ സാനു,എം.അച്ച്യുതൻ തുടങ്ങി പ്രഗൽഭരായ അദ്ധ്യാപകരുണ്ടായിരുന്നു.“പുസ്തകം മാറ്റിവച്ച്, വിശ്വസാഹിത്യത്തിന്റെ വിസ്മയലോകത്തേക്ക് വിദ്യാർത്ഥികളെ കൂടിക്കൊണ്ടുപോകുന്ന അദ്ധ്യാപകനായിരുന്നു സാനു മാസ്റ്റർ. അദ്ദേഹത്തിന്റെ ക്ളാസിൽ പുറത്തുനിന്നുള്ള കുട്ടികളും എത്തുമായിരുന്നു.ഞാൻ സഹവർത്തിത്വത്തിന്റെ ആദ്യ പാഠങ്ങൾ പഠിച്ചത് മഹാരാജാസിൽ നിന്നുമാണ് ”.
സ്കൂൂളിൽ പഠിക്കുമ്പോൾ പള്ളിയുമായി അടുത്തുകഴിഞ്ഞിരുന്നതിനാൽ ,കമ്യൂണിസ്റ്റുകാർ അപകടകാരികളാണെന്ന ഉറച്ച ബോധ്യം ചെറുപ്പത്തിലേ ഉണ്ടായി. പക്ഷേ,കോൺഗ്രസുകാരോട് അടുപ്പം തോന്നിയില്ല. കോൺഗ്രസിൽ ചേർന്നാൽ എറണാകുളത്ത് സ്ഥാനാർഥിയാകുന്നതിനുള്ള സാധ്യത പ്രലോഭനമായി വയലാർ രവി അവതരിപ്പിച്ചുവെങ്കിലും സ്വീകരിച്ചില്ല. രാജാജിയുടെ സ്വതന്ത്രാ പാർട്ടിയോടായിരുന്നു താല്പര്യം.സ്വകാര്യസ്വത്തും വ്യക്തിസ്വാതന്ത്ര്യവും പരമപ്രധാനമാണെന്ന് കരുതുന്ന അവർക്കൊപ്പം നിന്നു. മഹാരാജാസിൽ പ്രോഗ്രസീവ് ഫ്രണ്ട് എന്ന സ്വതന്ത്ര വിദ്യാർത്ഥി സംഘടനയ്ക്ക് രൂപം നൽകി.ഹിന്ദി ഔദ്യോഗിക ഭാഷയാക്കുന്നതിനെതിരെ തമിഴ്നാട്ടിൽ നിന്ന് ആരംഭിച്ച പ്രക്ഷോഭത്തിൽ എറണാകുളത്തെ വിദ്യാർഥികളും പങ്കെടുത്തു. “മഹാരാജാസിൽ കേന്ദ്രീകരിച്ച് പ്രകടനം ആരംഭിക്കാനായിരുന്നു തീരുമാനം.ഞാനായിരുന്നു അതിന്റെ കോ-ഓർഡിനേറ്റർ.അന്ന് ലോ-കോളേജിൽ പഠിക്കുകയായിരുന്ന എ.കെ ആന്റണിയെ ക്ഷണിച്ചെങ്കിലും,സമരം കേന്ദ്ര സർക്കാരിനെതിരെ ആയതിനാൽ പങ്കെടുക്കാൻ അദ്ദേഹം വിസമ്മതിച്ചു. പക്ഷേ, ജാഥ മുന്നേറിയപ്പോൾ നാടകീയമായി ആന്റണി അതിന്റെ മുൻനിരയിലെത്തി. കേന്ദ്രമന്ത്രിസഭയിൽ നിന്ന് സി. സുബ്രഹ്മണ്യവും ഒ വി അളകേശനും ഭാഷാപ്രശ്നത്തിൽ രാജിവച്ചതറിഞ്ഞായിരുന്നു ആന്റണി ചുവടുമാറ്റിയത്”.
പ്രീ-യൂണിവേഴ്സിറ്റിക്ക് പഠിക്കുമ്പോൾ തന്നെ ‘കേരള ടൈംസി’ൽ പ്രവർത്തിച്ചുകൊണ്ടായിരുന്നു സെബാസ്റ്റ്യൻ പോളിന്റെ മാദ്ധ്യമജീവിതത്തിന്റെ തുടക്കം. ’എന്റെ കാലം എന്റെ ലോകം’ എന്ന ആത്മകകഥയിൽ അതെക്കുറിച്ച് അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെ;“ക്ഷണിക്കപ്പെടാതെ വരുന്ന പൂച്ച കുറേക്കാലം ഉമ്മറപ്പടിയിൽ കിടന്ന് പരിചയം ഉറപ്പിച്ചതിനുശേഷം പയ്യെ അകത്തുകടന്ന് അവകാശം സ്ഥാപിക്കുന്നതുപോലെ, പിന്നീട് ഞാൻ ‘കേരള ടൈംസി’ന്റെ അകത്തേക്ക് കടന്നു. പത്രത്തിന് ആരുടെ സേവനവും സൗജന്യമെങ്കിൽ സ്വീകാര്യമായിരുന്നു. കോളെ ജിൽ പോലും കൃത്യമായി പോകാതെ, രാവും പകലും പണിയെടുത്തു”.
വരാപ്പുഴ അതിരൂപതയുടെ പിന്തുണയോടെ പ്രസിദ്ധീകരിച്ചിരുന്ന പത്രത്തിന് പരമാവധി 5000 കോപ്പിയായിരുന്നു പ്രചാരമുണ്ടായിരുന്നത് . തീരദേശങ്ങളിലായിരുന്നു കൂടുതൽ വായനക്കാർ.പിന്നീട് മൊൺസിഞ്ഞോർ പദവിയിലെത്തിയ ഡോ. അലക്സാണ്ടർ വടക്കുംതല എന്ന യുവവൈദികനായിരുന്നു പത്രത്തിന്റെ അക്കാലത്തെ മാനേജർ.രാത്രി കായ വറുത്തതും കട്ടൻ ചായയുമായി ഡെസ്കിൽ വന്ന് ജോലിചെയ്യുന്നത് ശീലമാക്കിയ അദ്ദേഹത്തിന് വലിയൊരു കൈപ്പിഴ പറ്റി. 1963 ആദ്യം,മരണാസന്നനായി കിടന്ന ജോൺ ഇരുപത്തിമൂന്നാമൻ മാർപ്പാപ്പയുടെ നില അതീവഗുരുതരമെന്ന് സൂചിപ്പിക്കുന്ന വാർത്താഏജൻസിയുടെ ഫ്ളാഷ് ന്യൂസ്, ടോർച്ച് വെളിച്ചത്തിൽ അദ്ദേഹം മനസ്സിലാക്കിയത്, മാർപ്പാപ്പ കാലം ചെയ്തു എന്നായിരുന്നു.കറുത്ത ബോർഡറിൽ മാർപ്പാപ്പയുടെ വലിയ ചിത്രം വച്ച് പത്രമിറങ്ങി. മരണാനന്തരം വത്തിക്കാൻ സിറ്റിയിൽ നടക്കുന്ന ഒരുക്കങ്ങളെക്കുറിച്ചുള്ള അറിവ് വെച്ച് അദ്ദേഹം എഴുതിയുണ്ടാക്കിയ വാർത്തകളുമുണ്ടായിരുന്നു. പത്രം വായിച്ച് കൊച്ചിയുടെ തീരദേശങ്ങളിൽ പള്ളിമണികൾ മുഴങ്ങി.കറുപ്പണിഞ്ഞായിരുന്നു അന്ന് വടക്കുംതലയച്ചൻ രാവിലെ ദിവ്യബലി അർപ്പിച്ചത്.
അതോടെ,‘മാർപ്പാപ്പയെ കൊന്ന പത്രം’ എന്ന ദുഷ്പ്പേര് ‘കേരള ടൈംസി’ന് കിട്ടി.വടക്കുംതലയച്ചന് മാനേജർ സ്ഥാനം പോയി. പകരം ഫാ. ജോർജ് വെളിപ്പറമ്പിൽ നിയമിക്കപ്പെട്ടു.ചില ഇറ്റാലിയൻ പത്രങ്ങളും തെറ്റായ മരണവാർത്ത കൊടുത്തിരുന്നു.അവയെ വിശ്വസിച്ചതുകൊണ്ടാണ് തങ്ങൾക്ക് അബദ്ധം പറ്റിയതെന്ന് വിശദീകരിച്ച് അദ്ദേഹമൊരു ക്ഷമാപണക്കുറിപ്പെഴുതി.
മഹാരാജാസിൽ പഠിക്കുമ്പോൾ, 1965ൽ സെബാസ്റ്റ്യൻ പോൾ ആദ്യമായി പത്രാധിപരും പത്രമുടമയുമായി. ‘സിംഹനാദം’ എന്ന പേരിൽ ആരംഭിച്ച ദ്വൈവാരികയ്ക്ക് ഏതാനും ലക്കങ്ങൾ മാത്രമേ ആയുസുണ്ടായിരുന്നുള്ളൂ.സച്ചിദാനന്ദൻ വിയറ്റ്നാമിനെക്കുറിച്ച് അതിൽ ഒരു ദീർഘ കവിത എഴുതി-നിഴൽ. 1967ൽ പിന്നെയും ഒരു പ്രസിദ്ധീകരണം ആരംഭിച്ചു-സഹപാഠിയായ സുരേഷ് മാഞ്ഞൂരാന്റെ ഉത്സാഹത്തിൽ പി.പി മാത്യുവിനും പി.വി നളിനാക്ഷൻ നായർക്കുമൊപ്പം തുടങ്ങിയ ‘ലാവണ്യ’ സിനിമാമാസികയായിരുന്നു. എം.എയ്ക്ക് പഠിക്കുമ്പോൽ കിട്ടിയ സ്കോളർഷിപ്പ് തുക ഉപയോഗിച്ചായിരുന്നു ആദ്യ ലക്കം ഇറക്കിയത്.അത് രണ്ട് ലക്കം കൊണ്ട് നിലച്ചു.പക്ഷേ,സ്വന്തം നിലയിൽ പല കാലങ്ങളിൽ, പല രൂപത്തിൽ, ‘ലാവണ്യ’ നിലനിന്നു.ഏറ്റവുമൊടുവിൽ അത് സായാഹ്ന ദിനപത്രമായിരുന്നു.
സെബാസ്റ്റ്യൻ പോളിന്റെ മാദ്ധ്യമപരിശീലനക്കളരി ‘കേരള ടൈംസാ’യിരുന്നു. അവിടെ എല്ലാ ജോലികളും ചെയ്യാൻ അവസരം കിട്ടി.കോൺഗ്രസ് പിളർപ്പിനു ശേഷം ബെംഗളുരുവിലെത്തി, താമസിച്ച് എസ്.നിജലിംഗപ്പയെ ഇൻ്റർവ്യൂ ചെയ്തതാണ് മറക്കാനാവാത്ത ഒരു അനുഭവം. “ഞാനെടുത്ത അദ്ദേഹത്തിന്റെ ചിത്രം സഹിതമായിരുന്നു അത് വന്നത്”.
നല്ലൊരു എഡിറ്ററാകാൻ ഏറെ സഹായിച്ച വലിയൊരു പാഠം പഠിക്കാൻ ഇക്കാലത്ത് സെബാസ്റ്റ്യൻ പോളിന് അപ്രതീക്ഷിതമായി അവസരം കിട്ടി. ഗുരു കോഴിക്കോട്ടെ ടെലഗ്രാഫ് ഓഫീസിലെ ഒരു ക്ലാർക്കായിരുന്നു. അക്കഥ ഇങ്ങനെ: സഹപ്രവർത്തകനായ പീറ്റർ ലാലിനൊപ്പം ബേപ്പൂരിലെത്തി വൈക്കം മുഹമ്മദ് ബഷീറിനെ ഇന്റർവ്യൂ ചെയ്ത് ഇറങ്ങിയപ്പോഴായിരുന്നു,തിരിച്ച് കൊച്ചിയിലെത്താനുള്ള കാശ് തികയുകയില്ലെന്ന് മനസിലായത്. ‘കേരള ടൈംസി’ന്റെ അന്നത്തെ ചെയർമാൻ തോമസ് അട്ടിപ്പേറ്റി ലാലിന്റെ പിതാവാണ്.ഇരുനൂറു രൂപ ടെലിഗ്രാം മണി ഓർഡറായി അയയ്ക്കണമെന്ന് ആവശ്യപ്പെട്ട്, നീട്ടിയെഴുതി നല്കിയ സന്ദേശം കൗണ്ടറിലിരുന്ന ക്ളാർക്ക് രണ്ടു വാക്കാക്കിച്ചുരുക്കി -wire Rs 200.
“അന്നത്തെ നിസ്സഹായതയിൽ നിന്ന് അങ്ങനെ ഒരു പാഠം പഠിച്ചതുകൊണ്ട്,എത്ര കൃതഹസ്തനായ ഒരു എഡിറ്റർക്കും ഞാനെഴുതുന്നതിൽ നിന്ന് അധികം വാക്കുകൾ നീക്കം ചെയ്യാൻ കഴിഞ്ഞില്ല.എഴുതുമ്പോൾ തന്നെ എന്റെ കോപ്പി ക്രിസ്പാകും”.
ഇന്റർനാഷണൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ടും തോംസൺ ഫൗണ്ടേഷനും ചേർന്ന് കോഴിക്കോട് നടത്തിയ ത്രിദിന പരിശീലനത്തിൽ പങ്കെടുത്തു.“അതായിരുന്നു ജേണലിസത്തിൽ എനിക്ക് ആദ്യം കിട്ടിയ ഔപചാരിക പരിശീലനം”.അന്ന് ‘നോർത്തേൺ എക്കോ’ പത്രത്തിന്റെ എഡിറ്ററായിരുന്ന ബ്രയൺ നിക്കൾസ് എടുത്ത ആകർഷകമായ ക്ളാസുകൾ മറക്കാനാവില്ല.
എം. എ പരീക്ഷ എഴുതിയ ഉടൻ എറണാകുളത്തെ സെൻ്റ് ആർബർട്ട്സ് കോളേജിൽ താൽക്കാലികാദ്ധ്യാപകനായി. പക്ഷേ,റിസൾട്ട് വന്നപ്പോൾ തോറ്റു. “എം. എ യ്ക്കു മാത്രമല്ല, എൽ. എൽ. ബിക്കും എൽ. എൽ. എമ്മിനും തോറ്റു ജയിച്ചയാളാണ് ഞാൻ. തോല്ക്കേണ്ട സമയത്ത് തോറ്റില്ലെങ്കിൽ ജയിക്കേണ്ട സമയത്ത് ജയിക്കാനാവില്ല”. പിന്നീട്, പൊളിറ്റിക്സിൽ ബിരുദാനന്തരബിരുദവും നിയമത്തിൽ ഡോക്ടറേറ്റും നേടി, അദ്ദേഹം.
എം.എ പാസായ ശേഷവും ‘കേരള ടൈംസി’ൽ തുടർന്നു.അപ്പോൾ ശമ്പളമുണ്ട്- 180 രൂപ. എറണാകുളം ലോ കോളേജിൽ എൽ.എൽ.എൽ.ബിക്കും ചേർന്നു. ‘മലയാള മനോരമ’യിൽ പത്രപ്രവർത്തകരെ ക്ഷണിച്ചതു കണ്ട് അപേക്ഷിച്ചു.പരീക്ഷ പാസായി, കോട്ടയത്ത് അഭിമുഖത്തിനു വിളിച്ചു.കെ.എം മാത്യു,ടി.ചാണ്ടി,വി.കെ.ബി, ടി.കെ.ജി നായർ,പി.കെ.എബ്രഹാം എന്നിവരടങ്ങിയ ബോർഡ് നീണ്ട നേരം അഭിമുഖം നടത്തി.പ്രകോപിപ്പിക്കുകയും തളർത്തുകയും ചെയ്യുന്നതായിരുന്നു ചോദ്യങ്ങൾ.അവസാന ചോദ്യം തോമസ് ജേക്കബ്ബിന്റെതായിരുന്നു. 1969ലെ ആദ്യ അച്ച്യുതമേനോൻ മന്ത്രിസഭയിലെ അക്ഷരശ്ളോകവിദഗ്ദ്ധനായ മന്ത്രി ആരെന്നായിരുന്നു ചോദ്യം.അത് അറിയില്ലായിരുന്നു.’ഒ.കോരൻ’ എന്ന് ഉത്തരം കിട്ടി.
'മനോരമ'യിൽ ജോലി കിട്ടിയില്ല. അത് വലിയ നഷ്ടബോധമുണ്ടാക്കി. അപമാനിക്കപ്പെട്ടുവെന്ന തോന്നൽ പത്രത്തോടും തോമസ് ജേക്കബ്ബിനോടും ഏറെക്കാലത്തെ വൈരത്തിനിടയാക്കി.വർഷങ്ങൾക്ക് ശേഷം ലേഖനം ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹം വിളിച്ചപ്പോൾ ആ വിരോധം അലിഞ്ഞുപോയെന്ന് സെബാസ്റ്റ്യൻ പോൾ .
അതോടെ, മലയാള പത്രപ്രവർത്തനം ഉപേക്ഷിക്കാൻ തീരുമാനിച്ച്, ബെംഗളൂരുവിനു വണ്ടി കയറി. അകന്ന ബന്ധു കൂടിയായ പോത്തൻ ജോസഫിന്റെ ‘ഡെക്കാൺ ഹെറൾഡി’ൽ ചേരുകയായിരുന്നു ലക്ഷ്യം.ചിത്രദുർഗ്ഗയിലുള്ള ഒരു ബന്ധു അന്നത്തെ എഡിറ്റർ വി.ബി മേനോനെ കാണാനുള്ള അവസരം ഉണ്ടാക്കിത്തന്നു .അതിനു മുൻപ്, നഗരത്തിലെത്തി പോത്തൻ ജോസഫിനെ കണ്ടു .ഓർമ്മ നശിച്ച അവസ്ഥയിലായിരുന്ന വിഖ്യാതനായ ആ പത്രാധിപർ സെബാസ്റ്റ്യൻ പോളിനെ തലയിൽ കൈവച്ച് അനുഗ്രഹിച്ചു.ഏതാനും ആഴ്ച കഴിഞ്ഞപ്പോൾ അദ്ദേഹം അന്തരിച്ചു.
ജേണലിസത്തിൽ ഒരു ഡിപ്ളോമ എടുത്ത് വരാനായിരുന്നു വി.ബി മേനോൻ നിർദ്ദേശിച്ചത്.ട്രെയിൻ കയറി നേരെ ചെന്നൈയിലെത്തി.ഇന്ത്യൻ എക്സ്പ്രസിൽ ജോലി തരപ്പെടുത്താനായി അടുത്ത ശ്രമം.സ്കൂളിൽ പഠിക്കുന്ന കാലം മുതൽ വായിച്ചു പരിചയമുള്ള പത്രമായിരുന്നു അത്.’കേരള ടൈംസി’ൽ പ്രവർത്തിക്കുമ്പോൾ, ഉച്ച കഴിഞ്ഞ് മധുരയിൽ നിന്ന് എത്തുന്ന പത്രം കാത്തുനിന്ന് വായിക്കുമായിരുന്നു.ഫ്രാങ്ക് മൊറെയ്സിൻ്റെ പംക്തി മുറിച്ചെടുത്ത് സൂക്ഷിച്ചുവച്ചിരുന്നു.
മൗണ്ട് റോഡിലെ ഓഫീസിലെത്തി, അസിസ്റ്റൻ്റ് എഡിറ്റർ സി.പി ശേഷാദ്രിയെ കണ്ടു.എല്ലാവരും ബഹുമാനപൂർവം ‘മാസ്റ്റർ’ എന്ന് വിളിക്കുന്ന അദ്ദേഹം സെബാസ്റ്റ്യൻ പോളിന് ജോലി നൽകാമെന്ന് ഉറപ്പ് കൊടുത്തു.പക്ഷേ,ആറു മാസം കാത്തിരിക്കണം. ന്യൂസ്പ്രിൻറ് കേസ് എന്ന് പിൽക്കാലത്ത് പ്രസിദ്ധമായി അറിയപ്പെട്ട കേസിൽ പത്രങ്ങൾക്ക് അനുകൂലമായ വിധി സുപ്രീം കോടതിയിൽനിന്ന് ഉണ്ടായാലേ പത്രത്തിൻെറ കൊച്ചി എഡിഷൻ ആരംഭിക്കാൻ കഴിയൂ എന്ന് അദ്ദേഹം വ്യക്തമാക്കി.
കൊച്ചിയിലേക്ക് മടങ്ങി.ആർട്ടിസ്റ്റ് കിത്തോ തുടങ്ങിയ ‘ചിത്രപൗർണമി’യുടെ പത്രാധിപരായി. അന്ന് സിനിമാരംഗത്തേക്ക് പ്രവേശിച്ചിട്ടില്ലാത്ത കലൂർ ഡെന്നീസും കനറ ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന ജോൺ പോളും സിനിമാ പ്രവർത്തകരുമൊക്കെ ഓഫീസിനടുത്തുള്ള ലിബർട്ടി ഹോട്ടലിൽ ഒത്തുകൂടുമായിരുന്നു. അക്കാലത്തെ ചെന്നൈ യാത്രകളിൽ ഒട്ടേറെ സിനിമക്കാരെ അടുത്തു പരിചയപ്പെട്ടു.സ്കൂളിൽ ഒപ്പം പഠിച്ചിരുന്ന ഗായകൻ ജെ.എം രാജുവിന്റെ ക്രിസാർട്ട്സ് നിർമ്മിച്ച കാറ്റു വിതച്ചവൻ സിനിമയുടെ പോസ്റ്റർ തയ്യാറാക്കിക്കൊണ്ടിരുന്ന ഒരു ചെറുപ്പക്കാരനെ അദ്ദേഹം പരിചയപ്പെടുത്തി. അയാൾ പിന്നീട് ഐ വി ശശി എന്ന പേരിൽ പ്രശസ്തനായി....
“എ. വിൻസെൻറിനൊപ്പമോ കെ. ജി ജോർജിനൊപ്പമോ സിനിമാലോകത്തേക്ക് പ്രവേശിക്കുന്നതിനുള്ള വാതിൽ തുറന്നു കിട്ടിയെങ്കിലും ‘ഇന്ത്യൻ എക്സ്പ്രസി’ൽ നിന്നുള്ള വിളി കാത്തിരുന്നതിനാൽ സ്വീകരിച്ചില്ല”. അങ്ങനെയിരിക്കേ, കേസിൻെറ വിധിയും തുടർന്ന് പത്രപ്രവർത്തകരെ ആവശ്യപ്പെട്ടുകൊണ്ടുള്ള ഇന്ത്യൻ എക്സ്പ്രസിന്റെ പരസ്യവും വന്നു. തിരുവനന്തപുരം ശാന്തിനഗറിലുള്ള ‘ഇന്ത്യൻ എക്സ്പ്രസ്’ ഓഫീസിൽ എത്താൻ കത്തുകിട്ടി.
അവിടെയായിരുന്നു സ്പെഷ്യൽ കറസ്പോണ്ടൻറ് എസ്.കെ അനന്തരാമൻ താമസിച്ചിരുന്നത്.അദ്ദേഹത്തിന്റെ കോളവും റിപ്പോർട്ടുകളും വായിച്ച് പേര് പരിചിതമായിരുന്നു. വ്യക്തിപരമായ കാര്യങ്ങൾ ചോദിച്ച ശേഷം, ഏതെങ്കിലും ഒരു വിഷയത്തെക്കുറിച്ച് ഒരു കുറിപ്പ് എഴുതാൻ അദ്ദേഹം ആവശ്യപ്പെട്ടു.എം.ജി.ആർ ഡി.എം.കെ വിട്ട്, അണ്ണാ ഡി.എം.കെ രൂപീകരിക്കുന്നതിനെ ക്കുറിച്ചുള്ള അപഗ്രഥനം വായിച്ച് അദ്ദേഹം തൃപ്തനായി. കൊച്ചിയിൽ നിന്ന് ആരംഭിക്കാനുദ്ദേശിക്കുന്ന പുതിയ എഡിഷനിൽ സബ് എഡിറ്ററായി നിയമിക്കാനായിരുന്നു അദ്ദേഹത്തിൻ്റെ തീരുമാനം.
അങ്ങനെ, കൊച്ചി കൽവത്തിയിലെ ആസ്പിൻവാൾ ഗോഡൗണിൽ നിന്ന് ഇന്ത്യൻ എക്സ്പ്രസ് കേരള എഡിഷൻ തുടങ്ങി.1973 ഡിസംബർ 6 മുതൽ 1980 ജനുവരി 2 വരെ നീണ്ടുനിന്ന സെബാസ്റ്റ്യൻ പോളിന്റെ ‘ഇന്ത്യൻ എക്സ്പ്രസ്’ ജീവിതം സംഭവബഹുലമാ യിരുന്നു. മധുരയിൽനിന്നെത്തിയ കൃതിവാസനും പിന്നെ കെ.വി നീലകണ്ഠും കെ. ശിവറാമുമായിരുന്നു ന്യൂസ് എഡിറ്റർമാർ. തുടർന്ന് എസ്.കെ അനന്തരാമൻ റസിഡന്റ് എഡിറ്ററായി. ചീഫ് സബ് എഡിറ്റർമാരായി പി.ജെ മാത്യു,കെ.മാധവൻകുട്ടി, സീനിയർ സഹപ്രവർത്തകരായി പി.അനന്തകൃഷ്ണ പിള്ള,ബാലഗോപാൽ, എ.ഗോപിനാഥ്, സ്പോർ്ട്സ് എഡിറ്ററായി ഐ.ഡി പോൾ,ഫോട്ടോഗ്രാഫറായി എം.എസ് വെങ്കിടാചലം തുടങ്ങിയവരുമുണ്ടായിരുന്നു.ബ്യൂറോ ചീഫായ എ.പി വിശ്വനാഥനായിരുന്നു ആദ്യം യൂണിറ്റ് മാനേജർ. സി.വി പാപ്പച്ചനും രാംജിയും റിപ്പോർട്ടർമാരായിരുന്നു.
എസ്.മൽഗോക്കറായിരുന്നു അന്ന് എഡിറ്റർ ഇൻ ചീഫ്. കൊച്ചി എഡിഷന്റെ ആദ്യ ലക്കം കണ്ട് അദ്ദേഹം ‘bastard’ എന്ന് ആക്രോശിച്ചു!ഫോർട്ട് കൊച്ചിയിൽ അദ്ദേഹത്തിന് ആരോ സംഘടിപ്പിച്ചുകൊടുത്ത വിദേശ മദ്യം വെറും ചായയായിപ്പോയതിലുള്ള രോഷമായിരുന്നു അതെന്നും കഥയുണ്ടായി.ഫ്രാങ്ക് മൊറെയ്സിൻ്റെ പിൻഗാമിയായിരുന്നു അദ്ദേഹം. “ആഘോഷത്തോടെ വന്ന് അപമാനിതരായി പോവുകയെന്നതാണ് ‘ഇന്ത്യൻ എക്സ്പ്രസ്’ എഡിറ്റർമാരുടെ വിധി”. മൊറെയ്സ് പത്രം വിട്ടപ്പോൾ നഷ്ടമായ വായനക്കാരെ തിരിച്ചുകൊണ്ടുവരാൻ മൽഗോക്കർ മുൻകൈയെടുത്ത് അദ്ദേഹത്തെക്കൊണ്ട് എഴുതിച്ച ‘Room with a view’ പംക്തി എഡിറ്റ് ചെയ്യുകയായിരുന്നു സെബാസ്റ്റ്യൻ പോളിൻ്റെ ആദ്യ ദിവസത്തെ ജോലി. ടെലിപ്രിൻ്ററിൽ വരുന്ന മാറ്ററിന്റെ വിട്ടുപോയതും തെളിയാത്തതുമായ അക്ഷരങ്ങൾ തിരുത്തിയെഴുതി പ്രിൻ്റിങ്ങിനയയ്ക്കുന്ന ‘ഫാബ്രിക്കേഷൻ വർക്കാ’യിരുന്നു,അത്.
ഏതാനും മാസം കഴിഞ്ഞ്, അപ്രതീക്ഷിതമായി തിരുവനന്തപുരം ബ്യൂറോയിലേക്ക് സെബാസ്റ്റ്യൻ പോൾ മാറ്റി നിയമിക്കപ്പെട്ടു. ‘സ്വാമി’ എന്ന് എല്ലാവരും വിളിക്കുന്ന എസ്.കെ അനന്തരാമന്റെ ശിഷ്യനായി തലസ്ഥാനത്ത് അദ്ദേഹം രാഷ്ട്രീയ ബന്ധങ്ങളുണ്ടാക്കിയെടുത്തു .കെ.ആർ ചുമ്മാർ,കെ.ജി പരമേശ്വരൻ നായർ, കെ.വിജയരാഘവൻ, കെ.സി സെബാസ്റ്റ്യൻ തുടങ്ങിയ പ്രഗൽഭർക്കൊപ്പം നിയമസഭാനടപടികൾ റിപ്പോർട്ട് ചെയ്തു.
ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള പത്രമായിരുന്നു അന്ന് ‘ഇന്ത്യൻ എക്സ്പ്രസ്’.പ്രതിമാസ ശമ്പളം 200 രൂപ.പക്ഷേ, മിക്കപ്പോഴും ഒരു മാസം വരെ വൈകിയായിരുന്നു ചെക്ക് കിട്ടി യിരുന്നത്.അതിനാൽ,പല ദിവസവും രാവിലെ പട്ടിണിയായിരുന്നു.കാശുകൊടുക്കാൻ വൈകിയതിന് ഒരു പുതുവൽസര ദിനത്തിൽ ഹോട്ടലുകാരൻ മുഖം കറുപ്പിച്ചു സംസാരിച്ചത് ദുരനുഭവമായി. “സെക്രട്ടേറിയറ്റിലെ മന്ത്രിമാരുടെ ഓഫീസുകളിൽ കയറിയിറങ്ങിയാൽ വാർത്തയ്ക്കൊപ്പം നെയ്യിൽ വറുത്ത കശുവണ്ടിയും ചായയും കിട്ടുമായിരുന്നു.
1975 ജൂൺ 26ന്, പതിവു പോലെ സെക്രട്ടേറിയറ്റിലേക്ക് നടക്കുമ്പോൾ, എം.പി മന്മഥൻ നയിച്ച ഒരു ചെറിയ പ്രതിഷേധജാഥ വരുന്നത് കണ്ട്, അവർക്കൊപ്പം നടന്നു.അവർ വിളിച്ച പ്രതിഷേധ മുദ്രാവാക്യത്തിൽ നിന്നായിരുന്നു തലേ ദിവസം അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കാര്യം അറിഞ്ഞത്.പ്രതിഷേധക്കാരെ പൊലീസ് വളഞ്ഞ്,മന്മഥനുൾപ്പെടെ എല്ലാവരെയും അറസ്റ്റു ചെയ്തു.ഓഫീസിലെത്തിയപ്പോൾ,വാർത്തകൾക്ക് സെൻസറിങ്ങ് ഏർപ്പെടുത്തി എന്ന് അറിഞ്ഞു.അന്ന് ഉച്ച കഴിഞ്ഞ് ,കൊച്ചിയിൽ നിന്നുള്ള വിമാനത്തിൽ അടിയന്തരാവസ്ഥാപ്രഖ്യാപനത്തിന്റെ വാർത്തയുമായി രണ്ടു പേജ് മാത്രമുള്ള പ്രത്യേക പതിപ്പെത്തി.അടുത്ത ദിവസമായിരുന്നു പത്രങ്ങളിൽ വിശദമായ വാർത്ത വന്നത്. NATIONAL EMERGENCY DECLARED എന്നായിരുന്നു ‘ഇന്ത്യൻ എക്സ്പ്രസ്’ നൽകിയ എട്ടുകോളം വാർത്തയുടെ തലക്കെട്ട്.അറസ്റ്റിലായ ദേശീയ നേതാക്കളുടെ പേര് കൊടുക്കുന്നതിന് നിരോധനമുണ്ടായിരുന്നതിനാൽ, അവരുടെ ചിത്രങ്ങൾ മാത്രമായിരുന്നു കൊടുത്തത്. പ്രതിഷേധകസൂചകമായി എഡിറ്റോറിയൽ പേജിലെ സ്ഥലം ഒഴിച്ചിട്ടിരുന്നു. 'ദേശാഭിമാനി', 'ദീപിക', 'കേരള ടൈംസ്' പത്രങ്ങളും ഇങ്ങനെ ചെയ്തു.പക്ഷേ, പിന്നീട് സർക്കാർ അതും നിരോധിച്ചു.
സെബാസ്റ്റ്യൻ പോളിന് അടിയന്തരാവസ്ഥ വലിയ ആഘാതമായിരുന്നു. അന്നുച്ച കഴിഞ്ഞ് കാര്യവട്ടം കാംപസിൽ നിശ്ചയിച്ചിരുന്ന എം.എ പൊളിറ്റിക്സ് വൈവാ വോസിക്ക് പോയില്ല.അതിനടുത്ത ദിവസം എത്തിയപ്പോൾ,അവർ പരീക്ഷ നടത്തി.അടിയന്തരാവസ്ഥയെക്കുറിച്ചായിരുന്നു ചോദ്യങ്ങളെല്ലാം.രാഷ്ട്രീയ വാർത്തകൾ തീരെ കുറയുകയും കൗതുകവാർത്തകൾ പെരുപ്പിച്ചെഴുതുകയും ചെയ്ത കാലം.
അടിയന്തരാവസ്ഥയെ ധീരതയോടെ എതിർത്ത പത്രമായിരുന്നു ‘ഇന്ത്യൻ എക്സ്പ്രസ്’.അതിനാൽ, ഉടമ രാംനാഥ് ഗോയങ്കയ്ക്ക് ഏറെ കഷ്ടനഷ്ടങ്ങൾ സഹിക്കേണ്ടിവന്നു. സെൻസർ വച്ചുതാമസിപ്പിക്കുന്നതിനാൽ മിക്ക ദിവസവും വൈകിയായിരുന്നു പത്രം ഇറങ്ങിയിരുന്നത്.ജി.വിവേകാനന്ദനായിരുന്നു സംസ്ഥാന സെൻസറിങ്ങ് ഓഫീസർ.തുടർന്ന്, തോട്ടം രാജശേഖരൻ.എസ്. കെ അനന്തരാമൻ അന്ന് ‘നാടോടി’എന്ന പേരിൽ എഴുതിയിരുന്ന രാഷ്ട്രീയ ആക്ഷേപഹാസ്യ പംക്തി പക്ഷേ,സെൻസറിങ് ഓഫീസറുടെ കണ്ണിൽപ്പെ ട്ടില്ല. പി.ജി വുഡ്ഹൗസിന്റെ ആരാധകനായിരുന്ന അദ്ദേഹത്തിന്റെ എഴുത്തിൽ ആ ശൈലിയുടെ സ്വാധീനമുണ്ടായിരുന്നു. അതിനാൽ , സെൻസർക്ക് പലതും മനസ്സിലായില്ല.1977ൽ മുപ്പത്തിയാറാമത്തെ വയസ്സിൽ, അവിവാഹിതനായ എ.കെ ആൻ്റണി മുഖമന്ത്രിയായപ്പോൾ,സരസമായി കാര്യങ്ങൾ എഴുതുന്ന അദ്ദേഹം എഴുതിയ വാർത്ത പ്രസിദ്ധമാണ് .അത് തുടങ്ങുന്നത് ഇങ്ങനെയായിരുന്നു;Like a timid bridegroom being ushered into the marriage pandal,a reluctant Antony was prompted to take the oath as Chief Minister of Kerala.
പി.ഐ.ബി ഉദ്യോഗസ്ഥനായ കെ.എസ് ഉണ്ണിത്താനായിരുന്നു കൊച്ചിയിലെ സെൻസറിങ്ങ് ഓഫീസർ.തയ്യാറാക്കിയ പത്രവുമായി എന്നും വൈകീട്ട് ഫോർട്ട് കൊച്ചിയിൽ നിന്ന് ഒരു സബ് എഡിറ്റർ എറണാകുളത്തുള്ള അദ്ദേഹത്തിന്റെ വീട്ടിലെത്തും .പത്രം വാങ്ങിവച്ച് അദ്ദേഹം ഉറങ്ങാൻ പോകും. രാവിലെ ഉറക്കമുണർന്ന്, ചായ കുടിച്ചുകൊണ്ട്, സാവകാശം ഓരോ വാർത്തയും വായിച്ച് ക്ളിയർ ചെയ്യും. ചിലവ വെട്ടും.അതൊക്കെ കഴിഞ്ഞുമാത്രമായിരുന്നു പത്രം പ്രിൻ്റു ചെയ്തിരുന്നത്. “ഞങ്ങളുടെ ആറിയ കഞ്ഞിക്ക് ആസ്വാദ്യത കൂടുതലായിരുന്നു.കാരണം, ഞങ്ങളുടെ കഥകൾ കെട്ടുകഥകളായിരുന്നില്ല”.
കുറച്ചുകാലത്തിന് ശേഷം ,സെബാസ്റ്റ്യൻ പോളിനെ, അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ച്, കൊച്ചി ഡെസ്കിലേക്ക് മാറ്റി നിയമിച്ചു. അദ്ദേഹത്തിൻ്റെ മാദ്ധ്യമജീവിതത്തിൽ വലിയ വഴിത്തിരിവുണ്ടാകുന്നത് അപ്പോഴായിരുന്നു.എസ്.സി.എസ് മേനോൻ പ്രസിഡൻ്റായി രൂപീകരിച്ച ഇന്ത്യൻ എക്സ്പ്രസ് എംപ്ളോയീസ് യൂണിയന്റെ സെക്രട്ടറിയായി, അദ്ദേഹം.
അന്ന് കെ. ശിവറാമായിരുന്നു ന്യൂസ് എഡിറ്റർ. മാന്ത്രികനായ ഭാഗ്യനാഥിന്റെ സഹോദരൻ.അവരുടെ അച്ഛൻ, മുൻ മന്ത്രിയായ അമ്പാട്ട് ശിവരാമമേനോനായിരുന്നു. ശിവറാമിന്റെ ഭാര്യ അമ്മിണിക്കായിരുന്നു വനിതാ,സിനിമ ഫീച്ചർ പേജുകളുടെ ചുമതല.
ഏറ്റവും കൂടുതൽ പ്രചാരമുണ്ടായിരുന്നിട്ടും പത്രം താഴ്ന്ന ക്ളാസിലായിരുന്നതിനാൽ, ശമ്പളം കുറവായിരുന്നു.പക്ഷേ,പ്രതിസന്ധി കാലമായിരുന്നതിനാൽ ജീവനക്കാർ പ്രക്ഷോഭത്തിനൊരുങ്ങാതെ കഷ്ടപ്പെട്ട് പണിയെടുത്തു. അടിയന്തരാവസ്ഥയ്ക്കെതിരെയുള്ള തൊഴിലാളികളുടെ സമർപ്പിതമായ പ്രതിരോധമായിരുന്നു അത്.
എങ്ങനെയെങ്കിലും പത്രം പൂട്ടിക്കാനായിരുന്നു സർക്കാരിന്റെ ശ്രമം.തൊഴിലാളികൾ പണിമുടക്കിയാൽ,പത്രം സർക്കാർ ഏറ്റെടുത്ത് അവരെ ഏൽപ്പിക്കുമെന്നും സെബാസ്റ്റ്യൻ പോളിന് ഉന്നത പദവി നൽകുമെന്നും സുഹൃത്തായ ഒരു പൊലീസ് ഉദ്യോഗസ്ഥൻ മുഖേന പ്രലോഭനമുണ്ടായി. മുഖ്യമന്ത്രി സി.അച്ച്യുത മേനോനുമായി ഇക്കാര്യം ശിവറാം ചർച്ച ചെയ്തതോടെ അനിശ്ചിതത്വവും അഭ്യൂഹങ്ങളും അന്തരീക്ഷത്തിൽ നിറഞ്ഞു .അതിലൊന്നും വീണില്ല,അദ്ദേഹം.
അക്കാലത്ത് കടുത്ത സമ്മർദ്ദത്തിനു വഴങ്ങി, ഗോയങ്ക പത്രാധിപർ എസ്.മൽഗോക്കറെ നീക്കി,വി.കെ നരസിംഹനെ കൊണ്ടുവന്നു. “പക്ഷേ,അദ്ദേഹം കൂടുതൽ ശൗര്യത്തോടെ ആ കസേരയിലിരുന്നു”.അടിയന്തരാവസ്ഥ ഏതാനും ദിവസം കൂടി നീണ്ടിരുന്നുവെങ്കിൽ പത്രം പൂട്ടി ഗോയങ്ക നേപ്പാളിലേക്ക് പലായനം ചെയ്യുമായിരുന്നുവെന്ന് സെബാസ്റ്റ്യൻ പോൾ പറയുന്നു.
1977ലെ നിർണ്ണായകമായ തെരഞ്ഞെടുപ്പ് കാലത്ത് അദ്ദേഹത്തെ പിന്നെയും തിരുവനന്തപുരത്ത് നിയമിച്ചു.ഫെബ്രുവരി 21നു പുത്തരിക്കണ്ടം മൈതാനത്ത് ജനതാപാർട്ടി നേതാക്കളായ അശോക് മേത്ത നടത്തിയ പ്രസംഗം റിപ്പോർട്ട് ചെയ്തത് മറക്കാനാവില്ല. “ഒരു മാസം കഴിഞ്ഞ് ജനതാപാർട്ടി അധികാരത്തിലെത്തിയ വാർത്ത നിങ്ങൾ കേൾക്കും”,ജനക്കൂട്ടത്തെ ആവേശഭരിതരാക്കി അശോക് മേത്ത പ്രഖ്യാപിച്ചതിനെക്കുറിച്ച് സെബാസ്റ്റ്യൻ പോൾ എഴുതിയ റിപ്പോർ ട്ടായിരുന്നു,അടുത്ത ദിവസം ഇന്ത്യൻ എക്സ്പ്രസിൻ്റെ എല്ലാ എഡിഷനുകളിലെയും പ്രധാന വാർത്ത.കേരള നിയമസഭയിൽ ജനതാപാർട്ടി ജയക്കാൻ സാദ്ധ്യതയുള്ള ഒരു മണ്ഡലത്തെക്കുറിച്ച് എഴുതാൻ എക്സ്പ്രസ് ന്യൂസ് സർവീസ് ചീഫ് കുൽദീപ് നയ്യാർ നിർദ്ദേശിച്ചു.സി.എഫ്.ഡി സ്ഥാനാർത്ഥിയായി കോവളത്ത് മത്സരിക്കുന്ന എ.നീലലോഹിതദാസൻ നാടാരുടെ വിജയം ഉറപ്പാണെന്ന സെബാസ്റ്റ്യൻ പോളിൻ്റെ റിപ്പോർട്ടും ഒന്നാം പേജിൽ വന്നു. അതൊക്കെ പ്രതീക്ഷ നൽകുന്ന അപൂർവവാർത്തകളായിരുന്നു.
തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ, സെബാസ്റ്റ്യൻ പോൾ കൊച്ചി ഡെസ്കിൽ തിരിച്ചെത്തി.
അടിയന്തിരാവസ്ഥ കഴിഞ്ഞ് ജനതാ ഗവൺമെൻറ് വന്നതോടെ ‘ഇന്ത്യൻ എക്സ്പ്രസി’ന്റെ നല്ല കാലം വന്നു.പരസ്യവും പ്രചാരവം വർദ്ധിച്ചു. പ്രയാസകാലത്ത് തൊഴിലാളികൾ നൽകിയ നിരുപാധികമായ പിന്തുണ ഉടമ മറന്നു. നിസ്സാരമായ ഒരു ഇടക്കാല ആശ്വാസം വേജ് ബോർഡ് പ്രഖ്യാപിച്ചതു പോലും, മാനേജ്മെൻ്റ് നിഷേധിച്ചു. പ്രഖ്യാപിക്കപ്പെട്ടതിൻെറ പകുതി വാങ്ങി തൊഴിലാളികൾക്ക് അടങ്ങേണ്ടിവന്നു.
“രാംനാഥ് ഗോയങ്കയുമായി പൊരുത്തപ്പെട്ട് പോകാൻ ഞങ്ങൾക്ക് വലിയ പ്രയാസം ഉണ്ടായിരുന്നു, പ്രത്യേകിച്ച് കൊച്ചിയിൽ പ്രവർത്തിച്ചിരുന്ന ' ഇന്ത്യൻ എക്സ്പ്രസ്' ജീവനക്കാർക്ക്. അടിയന്തരാവസ്ഥയിൽ പത്രത്തെ ഞെരുക്കുന്നതിനും ഇല്ലാതാക്കുന്നതിനും ഭരണകൂടത്തെ ഉപയോഗിച്ച് പ്രധാനമന്ത്രി സകല പരിശ്രമങ്ങളും നടത്തിയപ്പോൾ, അതിനെയൊക്കെ പ്രതിരോധിച്ചു കൊണ്ട് , സാധാരണ ശമ്പളം പോലും കിട്ടാതെ, പട്ടിണി കിടന്ന്, ഓവർടൈം പണിയെടുത്ത് ,മുതലാളിക്കൊപ്പം നിന്നവരായിരുന്നു തൊഴിലാളികൾ . അവരെ ആരും പരിഗണിച്ചില്ല”.
“ഗോയങ്ക ആദർശനിഷ്ഠയും ധർമ്മബോധവുമുള്ള ആളു തന്നെയാണ്. പക്ഷേ, അദ്ദേഹം വളരെ മോശപ്പെട്ട തൊഴിൽ ഉടമയായിരുന്നു.ഇന്ത്യയിലെ ശ്രേഷ്ഠരായ പത്രാധിപൻമാരോട് പോലും അദ്ദേഹത്തിന്റെ പെരുമാറ്റം മോശമായിരുന്നു. ഫ്രാങ്ക് മൊറെയ്സിനെപ്പോലും അപമാനിച്ച് ഇറക്കി വിട്ടിട്ടുള്ള ആളാണ്. ഒരു പ്രോപ്രൈറ്റർ എന്ന നിലയിൽ വിലയിരുത്തുമ്പോൾ,ഇന്ത്യൻ ജേണലിസത്തിലെ തെളിഞ്ഞ നക്ഷത്രം തന്നെയായിരുന്നു ഗോയങ്ക. പക്ഷേ, മോശം എംപ്ലോയറായിരുന്നു,അദ്ദേഹം”.
ശമ്പളവർദ്ധനവ് ആവശ്യപ്പെട്ട ജീവനക്കാർക്ക് നേരെ സ്ഥലംമാറ്റം എന്ന ആയുധം പ്രയോഗിച്ചുതുടങ്ങി.അച്ചടക്ക നടപടികളുടെ ഭാഗമായി, ജീവനക്കാരെ കൊച്ചിയിൽ നിന്ന് വിജയവാഡ ,ചണ്ഡിഗഡ് തുടങ്ങിയ വിദൂരസ്ഥമായ സ്ഥലങ്ങളിലേക്ക് മാറ്റി.യൂണിയന്റെ ജോയിൻറ് സെക്രട്ടറി പി.ജെ പീറ്ററിനെ പിരിച്ചുവിട്ടു.തൊഴിലാളികൾക്ക് എവിടെ നിന്നും പിന്തുണ ലഭിച്ചില്ല.അന്ന് സംസ്ഥാന തൊഴിൽ മന്ത്രി എം.കെ രാഘവനായിരുന്നു. “എതിർക്കുന്നവരുടെ കൈവെട്ടിയിട്ട് വരാൻ പറഞ്ഞ അദ്ദേഹവും സമരകാലത്ത് സഹായിച്ചില്ല”.
അതിനിടെ, റസിഡന്റ് എഡിറ്ററായി കൊച്ചിയിലെത്തിയ എസ്. കെ അനന്തരാമൻ,യൂണിയൻ പ്രവർത്തനങ്ങളിൽ നിന്ന് മാറി,പ്രൊഫഷനിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ സെബാസ്റ്റ്യൻ പോളിനെ ഉപദേശിച്ചു.ഫോർട്ട് കൊച്ചിയിൽ നിന്ന് ഒഴിവാാക്കാൻ അദ്ദേഹത്തെ എറണാകുളത്തുള്ള ബ്യൂറോയിലേക്ക് റിപ്പോർട്ടറായി അയച്ചു.അദ്ദേഹം,വർദ്ധിതവീര്യത്തോടെ യൂണിയൻ പ്രവർത്തനം തുടർന്നു . എൻ.ജെ എബ്രഹാമായിരുന്നു അന്ന് ബ്യൂറോ ചീഫ്.
അഴിമതി ആരോപിച്ച്, ഫാക്ട് ചെയർമാനായിരുന്ന എം.കെ.കെ നായർക്കെതിരെ സി.ബി.ഐ ഫയൽ ചെയ്ത കേസിന്റെ വിധി പ്രസ്താവിക്കുന്നതിന്റെ തലേന്ന് എറണാകുളത്ത് കാരയ്ക്കാമുറിയിൽ അദ്ദേഹത്തെ കണ്ടത്,സെബാസ്റ്റ്യൻ പോൾ ഓർക്കുന്നു..ആവശ്യത്തിന് വെളിച്ചം പോലുമില്ലാത്ത പഴയൊരു വീടിന്റെ മുകൾ നിലയിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്.“തന്റെ ആത്മകഥയ്ക്ക് ‘ആരോടും പരിഭവമില്ലാതെ’ എന്നാണ് അദ്ദേഹം പേരിട്ടത്.ആ പേരേ അദ്ദേഹത്തിനിടാൻ കഴിയൂ എന്ന് അന്നത്തെ വർത്തമാനത്തിൽ നിന്ന് എനിക്ക് ബോദ്ധ്യമായി”.
കൃത്രിമരേഖകളുണ്ടാക്കിയതിന് സി.ബി.ഐയെ നിശിതമായി വിമർശിച്ച്,എം.കെ.കെ നായരെ കുറ്റവിമുക്തനാക്കിയ ആ വിധി എഴുതിയ സി.ബി.ഐ പ്രത്യേക കോടതി ജഡ്ജി എലിസബത്ത് മത്തായി ഇടിക്കുള, സെബാസ്റ്റ്യൻ പോളിന്റെ വല്യമ്മച്ചിയുടെ സഹോദര പുത്രിയായിരുന്നു.അവരുടെ സഹോദരിയാണ് ബി.ജെ.പി നേതാവായിരുന്ന ഡോ.റേച്ചൽ മത്തായി.
അക്കാലത്ത് കേരള സന്ദർശനത്തിനെത്തിയ മദർ തെരേസയെ സെബാസ്റ്റ്യൻ പോൾ ഇൻ്റർവ്യൂ ചെയ്തു.അവരുടെ ജീവിതകഥ മലയാളത്തിൽ പുസ്തകമായും എഴുതി.
ഏറെ ചർച്ചകൾക്കൊടുവിൽ,1978 ഓഗസ്റ്റിൽ 'എക്സ്പ്രസി'ലെ തൊഴിൽത്തർക്കം ഒത്തുതീർന്നു.അഞ്ചാം ക്ളാസിൽ നിന്ന് രണ്ടാം ക്ളാസായി ഉയർത്തി, ശമ്പളം വർദ്ധിപ്പിക്കാൻ മാനേജ്മെൻ്റ് തയ്യാറായി.നാല് ശതമാനം ബോണസും അര മാസത്തെ ശമ്പളം അഡ്വാൻസും നൽകാമെന്ന കരാറിൽ എസ്.സി.എസ് മേനോനും സെബാസ്റ്റ്യൻ പോളുമായിരുന്നു തൊഴിലാളികളെ പ്രതിനിധീകരിച്ച് ഒപ്പുവച്ചത്.പക്ഷേ,മാനേജ്മെൻ്റ് പ്രതികാര നടപടികൾ തുടർന്നു.ഗോപിനാഥ് എന്ന തൊഴിലാളിയെ മധുരയ്ക്ക് സ്ഥലം മാറ്റിയതറിഞ്ഞ് തൊഴിലാളികൾ ജോലിയിൽ നിന്ന് വിട്ടുനിന്നതോടെ അടുത്ത ദിവസം പത്രം മുടങ്ങി.
പത്രം ലോക്കൗട്ട് ചെയ്ത് ,മാനേജ്മെൻ്റ് നിലപാട് കടുപ്പിച്ചു.ഡെസ്കിൽ നിന്ന് ചിലരെ മധുരയ്ക്കയച്ച്,അവിടെ അച്ചടിച്ച പത്രം കേരളത്തിൽ വിതരണം ചെയ്യാൻ തുടങ്ങി.
ഇതിനിടെ,1979 ജൂലൈയിൽ രാംനാഥ് ഗോയങ്കയുടെ ഏക മകൻ ബി.ഡി ഗോയങ്ക മരിച്ചു.1980 ജനുവരി മൂന്നിന് കൊച്ചി എഡിഷൻ പൂട്ടുമെന്ന് മാനേജ്മെൻ്റ് നോട്ടീസിട്ടു.ഇതോടെ ഒത്തുതീർപ്പിനായി എഡിറ്റോറിയൽ വിഭാഗത്തിൽ നിന്നടക്കം യൂണിയനുമേൽ കടുത്ത സമ്മർദ്ദമുണ്ടായി.മാനേജ്മെൻറ് വച്ച എല്ലാ നിബന്ധനകളും അംഗീകരിച്ചുള്ള കീഴടങ്ങലായിരുന്നു,അടച്ചുപൂട്ടലിൽ നിന്ന് രക്ഷപ്പെടാനുള്ള ഒരേയൊരു വഴി.ചെന്നൈയിൽ നടത്തിയ ചർച്ചയിൽ ,പിരിഞ്ഞുപോകേണ്ട തൊഴിലാളികളുടെ ലിസ്റ്റുമായായിരുന്നു മാനേജർ എ.പി വിശ്വനാഥൻ എത്തിയത്.നിയമപരമായ ആനുകൂല്യങ്ങൾക്ക് പുറമെ, മാനേജ്മെൻറ് വാഗ്ദാനം ചെയ്ത നഷ്ടപരിഹാരത്തുക പിരിഞ്ഞുപോകുന്നവർക്ക് തുല്യമായി വീതിക്കണമെന്ന് സെബാസ്റ്റ്യൻ പോൾ ആവശ്യപ്പെട്ടു. എല്ലാവർക്കും 16000 രൂപ വീതം നിയമപരമായ ആനുകൂല്യങ്ങൾക്കു പുറമേ ലഭിച്ചു.
അങ്ങനെ,1980 ജനുവരി 2ന് കരാർ ഒപ്പുവച്ചു. കൂടുതൽ പേർ പിരിഞ്ഞുപോകാൻ തയ്യാറായി. “എറണാകുളം പുല്ലേപ്പടിയിലെ വിശ്വനാഥന്റെ വീട്ടിലെത്തി, ഞാൻ 23 രാജിക്കത്തുകൾ കൈമാറി..അതിനുശേഷം ചായ കുടിക്കുന്നതിനു മുൻപ് മറ്റൊരു കവർ ഞാൻ അദ്ദേഹത്തിന്റെ കൈയിൽ കൊടുത്തു.അത് എന്റെ രാജിക്കത്തായിരുന്നു. വിശ്വനാഥന്റെ കണ്ണ് നിറയുന്നത് കാണാമായിരുന്നു.അത് തിരിച്ചുവാങ്ങണമെന്ന് അദ്ദേഹം നിർബന്ധിച്ചു.പക്ഷേ,ഞാൻ വഴങ്ങിയില്ല.സമ്പൂർണ്ണമായും പരാജയപ്പെട്ട സമരത്തിന്റെ ധാർമ്മികമായ ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കുകയായിരുന്നു”. പിന്നെയും പല പത്ര-മാസികകളിൽ പ്രവർത്തിച്ചുവെങ്കിലും, അതോടെ തന്റെ സജീവ മാദ്ധ്യമജീവിതത്തിന് ഔദ്യോഗികമായി തിരശീല വീണു എന്നാണ് അദ്ദേഹം രേഖപ്പെടുത്തിയിട്ടുള്ളത്.
ഗോയങ്കയുടെ വിശ്വസ്തനായ എ.പി വിശ്വനാഥനെ,പിന്നാലെ ഹൈദരാബാദിലേക്ക് സ്ഥലം മാറ്റി.അദ്ദേഹത്തെ നേരിൽ കണ്ട് അഭ്യർത്ഥിച്ചെങ്കിലും,വാശിയിലും ദുർവാശിയിലും മുൻപനായിരുന്ന ഗോയങ്ക ആ തീരുമാനം മാറ്റിയില്ല.വിശ്വനാഥൻ രാജിവച്ച് ‘കേരള കൗമുദി’യിൽ ചേർന്ന് , അതിന്റെ സ്പെഷ്യൽ കറസ്പോണ്ടന്റും പിന്നെ എക്സിക്യൂട്ടീവ് എഡിറ്ററുമായി.അപ്പോഴും അദ്ദേഹം സെബാസ്റ്റ്യൻ പോളിനോടുള്ള പഴയ സ്നേഹം തുടർന്നു.’വിദേശങ്ങളിൽ’ എന്ന പ്രതിവാര പംക്തി അദ്ദേഹത്തെക്കൊണ്ട് എഴുതിച്ചു.
പുറത്ത് പോയെങ്കിലും മാനേജ്മെൻറ് തന്നോട് എന്നും മൃദുസമീപനമാണ് സ്വീകരിച്ചതെന്ന് അദ്ദേഹം ഓർക്കുന്നു .സഹോദരി ഗ്ലോറിയയ്ക്കും മകൻ ഡോൺ സെബാസ്റ്റ്യനും പത്രത്തിൽ ജോലി നൽകി.അതിനു മുൻകൈ എടുത്തത് കൊച്ചിയിൽ മാനേജരായിരുന്ന എം.ജി ബാലകൃഷ്ണനായിരുന്നു.1996ൽ ‘സമകാലിക മലയാളം’ വാരിക ആരംഭിച്ചപ്പോൾ, അതിന്റെ ചുമതല അദ്ദേഹത്തിനു നൽകാനും നീക്കമുണ്ടായി. ഇതിനായി കമ്പനിയുടെ ചെയർമാൻ മനോജ് കുമാർ സൊന്താലിയയുമായി ചെന്നൈയിൽ കൂടിക്കാഴ്ച നടത്തിയെന്നും സെബാസ്റ്റ്യൻ പോൾ ആത്മകഥയിൽ വെളിപ്പെടുത്തിയിട്ടുണ്ട് .
'ഇന്ത്യൻ എക്സ്പ്രസി'ലെ ഏഴു വർഷം സംഘർഷം നിറഞ്ഞതായിരുന്നു. “ആഗ്രഹിച്ചതുപോലുള്ള സ്വപ്നലോകമോ സ്വപ്നകാലമോ ആയിരുന്നില്ല അത്.എന്നാലും 'ഇന്ത്യൻ എക്സ്പ്രസ് ', പത്രപ്രവർത്തകർക്ക് നൽകുന്ന സ്വാതന്ത്ര്യം വലുതാണ്. ഒരു തരത്തിലുള്ള ഇടപെടലും ഇല്ല. കൊച്ചിയിലും തിരുവനന്തപുരത്തും സ്വാതന്ത്ര്യം പൂർണ്ണമായിരുന്നു.പത്രത്തിന്റെ നയവുമായി എനിക്ക് പൂർണ്ണമായ യോജിപ്പായിരുന്നതിനാൽ നിലപാട് സംബന്ധിയായ പൊരുത്തക്കേട് ഉണ്ടായില്ല”.
സമരപശ്ചാത്തലം കാരണം മറ്റൊരു പ്രമുഖ പത്രവും ജോലി തരില്ലെന്ന് ഉറപ്പായിരുന്നതിനാൽ,നഷ്ടപരിഹാരമായി കിട്ടിയ തുക മുടക്കി ഒരു ട്രെഡിൽ പ്രസ് (treadle printing press) വാങ്ങി പ്രസിദ്ധീകരണ രംഗത്തേക്ക് കടക്കാനായിരുന്നു സെബാസ്റ്റ്യൻ പോളിന്റെ തീരുമാനം.പക്ഷേ,അത് നഷ്ടമായതോടെ,വൈകാതെ പൂട്ടേണ്ടിവന്നു.പിന്നെ കുറച്ചുകാലം ‘ലാവണ്യ’ ടാബ്ളോയിഡ് സൈസിൽ സായാഹ്നപത്രമായും പിന്നെ മാസികയായും ഇറക്കി.അതും അധികകാലം തുടരാനായില്ല.സ്പൈസസ് ബോർഡ് സെക്രട്ടറിയായിരുന്ന ഡോ.കെ.ജി നായർ ‘സിറ്റിസൺ’ എന്ന വാരിക തുടങ്ങിയപ്പോൾ സെബാസ്റ്റ്യൻ പോൾ വീണ്ടും പത്രാധിപരായി.അതും അൽപ്പായുസ്സായിരുന്നു.
അങ്ങനെ, രണ്ടുവർഷത്തോളം നീണ്ടുപോയപ്പോൾ,’എന്തു ചെയ്യുന്നു’ എന്ന് ചോദിക്കുമ്പോൾ പറയാനൊരു ഐഡന്റിറ്റി ആവശ്യമായി വന്നു.1981 ഡിസംബർ 12ന് സെബാസ്റ്റ്യൻ പോൾ അഭിഭാഷകനായി എൻറോൾ ചെയ്തു.
രണ്ടു വർഷം അഡ്വക്കേറ്റ് കെ.പി ദണ്ഡപാണിയുടെ ജൂനിയറായി.കേസുകളുടെ ഡ്രാഫ്റ്റിങ്ങായിരുന്നു ദണ്ഡപാണി അദ്ദേഹത്തിന് നൽകിയ ജോലി .ചെറുപ്പത്തിലെ വിക്കുണ്ടായിരുന്നതിനാൽ, കോടതിയിൽ വാദിക്കാതെ, കേസ് തയ്യാറാക്കലിൽ നിയോഗിക്കപ്പെട്ടത് അനുഗ്രഹമായി.ചാരുതയാർന്ന ഡ്രാഫ്റ്റിങ്ങിന്റെ പേരിൽ ചില ജഡ്ജിമാരിൽ നിന്ന് പ്രശംസയും കിട്ടി.ഇക്കാലത്ത് അദ്ദേഹം ‘ദേശാഭിമാനി’യുടെ നിയമകാര്യ ലേഖകനുമായി.’മനോരമ’യുടെ കോടതി ലേഖകൻ ദണ്ഡപാണിയായിരുന്നു.പക്ഷേ, 1982 മുതൽ 1985 വരെ ആ ജോലി രഹസ്യമായി ചെയ്തതും സെബാസ്റ്റ്യൻ പോളായിരുന്നു.തുടർന്ന് നാല് വർഷം ‘ദ ഹിന്ദു’വിന്റെ നിയമകാര്യലേഖകനായി. തുടർന്ന് മൂന്ന് വർഷം യു.എൻ.ഐയുടെയും കോടതി ലേഖകനായി.’ഇന്ത്യൻ ലോ റിപ്പോർട്ട്സ്’, ‘ന്യൂസ് ടൈം’ പത്രം എന്നിവയുടെയും ലേഖകനായി.
അഭിഭാഷകനായി ഡോ.സെബാസ്റ്റ്യൻ പോളിന് ഏറെ പ്രശസ്തിനേടിക്കൊടുത്തത് ‘ബോബനും മോളിയും'കേസാണ് .അതിന്റെ നാൾവഴികൾ ഇങ്ങനെയാണ് ;സ്വന്തമായി വക്കീലാഫീസ് ആരംഭിച്ചതിനുശേഷവും ചില പ്രധാനപ്പെട്ട കേസുകളുടെ ഡ്രാഫ്റ്റിങ്ങ് ദണ്ഡപാണി അദ്ദേഹത്തെ ഏൽപ്പിക്കുമായിരുന്നു.’മലയാള മനോരമ’യിൽ നിന്ന് പിരിഞ്ഞശേഷം ടോംസ് ‘ബോബനും മോളിയും’ 'കലാകൗമുദി'യിൽ വരയ്ക്കുന്നതിനെതിരെയുള്ള വക്കീൽ നോട്ടീസ് തയ്യാറാക്കിയത് അദ്ദേഹമായിരുന്നു.തുടർന്ന് എറണാകുളം ജില്ലാ കോടതിയിൽ നിന്ന് അവർ ഇംജങ്ങ്ഷൻ ഉത്തരവും നേടി.പക്ഷേ,അത് ശരിയായ ഉത്തരവായിരുന്നില്ലെന്ന് തോന്നി.സമാനമായ ഒരു കേസിൽ, കാർട്ടൂണിസ്റ്റിന് അനുകൂലമായി ന്യൂയോർക്കിൽ ഉണ്ടായ വിധി ഉൾപ്പെടെ ചൂണ്ടിക്കാണിച്ചുകൊണ്ട് അദ്ദേഹം കലാകൗമുദിയുടെ പ്രത്യേക പതിപ്പിൽ ലേഖനം എഴുതി. “ഇതെത്തുടർന്നായിരുന്നു വക്കാലത്ത് എന്നെ ഏൽപ്പിക്കാൻ പത്രാധിപർ എസ്.ജയചന്ദ്രൻ നായർ ടോംസിനോട് നിർദ്ദേശിച്ചത്.മനോരമയ്ക്കെതിരായി വക്കാലത്തെടുക്കാൻ അഭിഭാഷകർ തയ്യാറായിരുന്നില്ല”.
1987ൽ എറണാകുളം അഡീഷണൽ ജില്ലാ ജഡ്ജി എ.ഗോവിന്ദന്റെ കോടതിയിലായിരുന്നു കേസ്. റിട്ടയർമെൻ്റിനു ശേഷം കാർട്ടൂൺ സമാഹാരം പ്രസിദ്ധീകരിക്കാൻ ടോംസിന് ‘മനോരമ’ അനുമതി നൽകിയിരുന്നു.പല പതിപ്പുകളിലായി അതിൻ്റെ വില്പന കുതിച്ചുയരുകയും 'കലാകൗമുദി'യിൽ ടോംസ് തുടർന്ന് വരയ്ക്കുകയും ചെയ്തതോടെയായിരുന്നു, ‘ബോബനും മോളി’യുടെ പിതൃത്വം അദ്ദേഹത്തിനില്ല എന്ന വാദവുമായി ‘മനോരമ’ കോടതിയിലെത്തിയത്. സൃഷ്ടിയിൽ ആരുടെ പേരു കാണുന്നുവോ അയാളാണ് അതിന്റെ സ്രഷ്ടാവെന്ന് കോപ്പിറൈറ്റ് നിയമം വ്യാഖ്യാനിച്ച്, സെബാസ്റ്റ്യൻ പോൾ വാദിച്ചു.പത്രാധിപ സമിതി നൽകുന്ന ആശയത്തെ വിപുലീകരിച്ചാണ് വരച്ചതെന്ന വാദം യാഥാർത്ഥ്യമെങ്കിൽ പോലും ആശയത്തിനല്ല,ആവിഷ്കാരത്തിനാണ് കോപ്പിറൈറ്റ് നിയമം ബാധകമാകുക എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.അസിസ്റ്റൻറ് എഡിറ്ററാകും മുൻപു തന്നെ ഈ കാർട്ടൂൺ വരച്ചുതുടങ്ങിയ അദ്ദേഹം ഇത് തൊഴിലിന്റെ ഭാഗമായി ചെയ്തതല്ലെന്നും വാദമുന്നയിച്ചു.
വാദിയായ കെ .എം മാത്യുവിനെ ക്രോസ് വിസ്താരം ചെയ്യുമ്പോൾ ‘മനോരമ’ ജീവനക്കാരെക്കൊണ്ട് കോടതിമുറി നിറഞ്ഞു. “മാത്തുക്കുട്ടിച്ചായൻ അപമാനിക്കപ്പെടുമോ എന്നതായിരുന്നു എല്ലാവരുടെയും ആശങ്ക.ഒരു പഴയ ഇന്റർവ്യൂവിന്റെ കണക്ക് തീർക്കാനുണ്ടായിരുന്നതുകൊണ്ട് ഞാൻ ചില ചോദ്യങ്ങൾ കരുതിയിരുന്നു”.
-പക്ഷേ,അവ ചോദിച്ചില്ല.അന്ന് കോടതിയിലേക്ക് പോകുന്ന വഴിയിൽ ഡോ.കെ.എസ് രാധാകൃഷ്ണനെ കണ്ടു. “സാത്വികവും ദാർശനികവുമായ ഭാവത്തിൽ അദ്ദേഹം എനിക്കൊരു ഉപദേശം തന്നു-വിരോധമുള്ളവരോട് മാന്യമായി പെരുമാറുക”.എതിർ വിസ്താരം കഴിഞ്ഞിറങ്ങിയ കെ.എം മാത്യു കോടതിക്ക് പുറത്ത് കാത്തുനിന്ന്, സെബാസ്റ്റ്യൻ പോളിനോട് നന്ദി പറഞ്ഞു.
1992 ഏപ്രിലിൽ കോടതി വിധി വന്നു.അത് ടോംസിനെതിരായിരുന്നു. “ഒരേ സമയം പ്രതീക്ഷിതവും അപ്രതീക്ഷിതവുമായിരുന്നു,അത്”.വിധിക്കെതിരെ ഹൈക്കോടതിയിൽനിന്ന് സ്റ്റേ സമ്പാദിച്ചു.പക്ഷേ,’ബോബനും മോളി’യിലും തങ്ങൾക്കുള്ള അവകാശം കോടതിയിൽ സ്ഥാപിച്ചുകിട്ടിയതിനാൽ,തങ്ങൾ ഇനി അത് ടോംസിനു തന്നെ വിട്ടുകൊടുക്കുകയാണെന്നും സ്വന്തം പ്രസിദ്ധീകരണങ്ങളിൽ അദ്ദേഹത്തിന് തുടർന്ന് വരയ്ക്കാമെന്നും ,പത്രത്തിന്റെ ഒന്നാം പേജിൽ കെ.എം മാത്യുവിന്റെ പ്രസ്താവന വന്നു. തുടർ നിയമ നടപടികൾ ടോംസ് ഉപേക്ഷിച്ചു.“അതോടെ നഷ്ടം എനിക്കു മാത്രമായി”.ഉന്നത കോടതികളിൽ നിന്ന് അനുകൂലമായ വിധി കിട്ടുകയും അത് നിയമപുസ്തകങ്ങളിൽ ഇടം നേടുകയും ചെയ്യുമായിരുന്നു.ടോംസ് മൂന്നു പതിറ്റാണ്ടോളം പിന്നെ ‘ബോബനും മോളി’യും വരച്ചു.
ഇതിനൊരു അനുബന്ധം കൂടിയുണ്ട്. “ഹൈക്കോടതി ജഡ്ജിയാകുമെന്ന്കരുതപ്പെട്ടിരുന്ന ഗോവിന്ദനെ പിന്നീട് ജുഡീഷ്യൽ സർവീസിൽ നിന്നുതന്നെ നീക്കം ചെയ്തു.അതോടെ ‘ബോബനും മോളി’യും കേസിലെ അദ്ദേഹത്തിന്റെ വികലവിധിയുടെ വിശ്വാസ്യത ഇല്ലാതായി”.
ഇക്കാലത്തിനിടയിലും ചെറു പ്രസിദ്ധീകരണങ്ങളിൽ പ്രവർത്തിക്കാനും സെബാസ്റ്റ്യൻ പോളിന് അവസരം കിട്ടി.ദീർഘകാലത്തെ ഇടവേളയ്ക്ക് ശേഷം 1992ൽ അദ്ദേഹം ‘കേരള ടൈംസി’ൽ തിരികെയെത്തി,അസ്സോസിയേറ്റ് എഡിറ്ററായി.അന്ന് പ്രൊഫ.മാത്യു പൈലിയായിരുന്നു ചെയർമാൻ. “ഒരു വർഷത്തോളം അവിടെയുണ്ടായിരുന്നപ്പോൾ, എന്റെ സങ്കല്പത്തിനനുസൃതമായ മുഖപ്രസംഗങ്ങൾ എഴുതി”. ബാബറി മസ്ജിദ് തകർക്കപ്പെട്ട പ്രക്ഷുബ്ധമായ ആ കാലഘട്ടത്തിൽ എഴുതിയ എഡിറ്റോറിയലുകളുടെ സമാഹാരമാണ് ‘എന്റെ മുഖപ്രസംഗങ്ങൾ’.
അന്ന് കോൺഗ്രസ് നേതാക്കൾ നഗരത്തിലെത്തുമ്പോൾ താമസിച്ചിരുന്നത് കെ.സി.എം മേത്തറുടെ മാസ് ഹോട്ടലിലായിരുന്നു.അവിടെ നിന്ന് എ.കെ ആൻ്റണി ഓഫീസിൽ വന്ന്, ടെലിപ്രിൻ്ററിൽ വരുന്ന ഏജൻസി വാർത്തകൾ വായിച്ചിരുന്നുവെന്ന് അദ്ദേഹം ഓർക്കുന്നു .വയലാർ രവിയും പതിവ് സന്ദർശകനായിരുന്നു.
“പത്രം എന്റെ കൈയിൽ ഏൽപ്പിച്ച് എല്ലാവരും സ്ഥലം വിട്ടു.മൃതാവസ്ഥയിൽകിട്ടിയ പത്രത്തെ വ്യവസായിയായ എ.എ എബ്രഹാമിന്റെ സഹയത്തോടെ വെൻ്റിലേറ്ററിലാക്കിയെങ്കിലും ആറുമാസം മാത്രമാണ് ആയുസ് നീട്ടിക്കൊടുക്കാൻ കഴിഞ്ഞത്”.മുഴുവൻ കടബാദ്ധ്യതയും അദ്ദേഹത്തിന് ഏറ്റെടുക്കേണ്ടിവന്നു.ഏറെക്കാലം കേസുകൾ നടത്തിയായിരുന്നു അതിൽ നിന്ന് രക്ഷപ്പെട്ടത്.അതിനു ശേഷം അദ്ദേഹം പത്രാധിപരായി ‘കേരള മിഡ് ഡേ ടൈംസ്’ തുടങ്ങിയെങ്കിലും അതും നിലനിന്നില്ല.
1997ൽ ഉപതെരഞ്ഞെടുപ്പിൽ ജയിച്ച് എറണാകുളത്ത് നിന്ന് ലോക്സഭാംഗമായതോടെ പൊതുപ്രവർത്തനരംഗത്ത് സെബാസ്റ്റ്യൻ പോൾ സജീവമായി. അങ്ങനെ, മാദ്ധ്യമപ്രവർത്തനത്തിൽ പിന്നെയും ഇടവേളയുണ്ടായി.പക്ഷേ,കൈരളി ചാനൽ തുടങ്ങിയപ്പോൾ 2000 ഓഗസ്റ്റിൽ ‘മാധ്യമവിചാരം’ എന്ന പ്രതിവാര പരിപാടി അദ്ദേഹം ആരംഭിച്ചു.അപ്പോൾ നിയമസഭാംഗമായിരുന്നു.“അന്ന് ഈ പരിപാടിയിലെ അഭിപ്രായപ്രകടനത്തിന്റെ പേരിൽ ‘മനോരമ’യും ‘മാതൃഭൂമി’യും എന്നെ നിരന്തരം ആക്രമിച്ചു”.2001ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനു ശേഷം അദ്ദേഹം ‘ദേശാഭിമാനി’യുടെ അസ്സോസിയേറ്റ് എഡിറ്ററായി നിയമിക്കപ്പെട്ടു.അന്ന് വി.എസ് അച്ച്യുതാനന്ദനായിരുന്നു ചീഫ് എഡിറ്റർ.അക്കാലത്ത് ആദ്യമായി പത്രത്തിന്റെ പ്രചാരം അഞ്ചുലക്ഷത്തിലെത്തി.
2003ലും 2004ലും അദ്ദേഹം വീണ്ടും എം.പി യായെങ്കിലും പത്തുവർഷത്തോളം ‘മാധ്യമവിചാരം’ തുടർന്നു.പക്ഷേ,അസുഖകരമായ ചില അനുഭവങ്ങളെ തുടർന്ന് അദ്ദേഹം പിൻവാങ്ങി. “സ്റ്റുഡിയോയിൽ എനിക്കനുവദിച്ചിരുന്ന സ്ലോട്ട് ജോൺ ബ്രിട്ടാസ് കൈയ്യേറിത്തുടങ്ങിയപ്പോഴായിരുന്നു നിർത്തിയത്’. പ്രേക്ഷകർ ഏറെയുണ്ടായിരുന്നതും പാർട്ടിക്ക് പ്രയോജനകരവുമായ പരിപാടിയായിരുന്നിട്ടും അതെന്തുകൊണ്ട് മുടങ്ങിയെന്ന് കൈരളിയുടെ മേധാവിയായിരുന്ന ബ്രിട്ടാസോ പാർട്ടിയിലെ മറ്റാരെങ്കിലുമോ അന്വേഷിച്ചില്ല.
മുത്തൂറ്റ് പോൾ എം. ജോർജ്ജിന്റെ കൊലപാതകത്തിൽ ‘എസ്’ ആകൃതിയിലുള്ള കത്തി ഉപയോഗിക്കപ്പെട്ടതായി അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞത് വലിയ വിവാദമായപ്പോൾ,‘മാദ്ധ്യമങ്ങൾ സത്യാന്വേഷണം തുടരട്ടെ’ എന്ന പേരിൽ ‘മാതൃഭൂമി’ പത്രത്തിൽ സെബാസ്റ്റൻ പോൾ ലേഖനം എഴുതി.അതിനെ നിശിതമായി വിമർശിച്ച് പ്രഭാവർമ്മ ‘ദേശാഭിമാനി’യുടെ എഡിറ്റ് പേജിൽ ലേഖനമെഴുതിയത് ഏറെ നൊമ്പരപ്പെടുത്തിയ മറ്റൊരു അനുഭവമായിരുന്നു. അന്യനോടെന്നപോലെയായിരുന്നു പ്രഭാവർമയുടെ ആക്രമണം. ഇതിനോട് വിയോജിച്ചുകൊണ്ട്, അന്നത്തെ ചീഫ് എഡിറ്റർ വി.വി ദക്ഷിണാമൂർത്തി മുഖലേഖനമെഴുതിയതും ചരിത്രം. പക്ഷേ,അക്കാലത്ത് ,ക്ഷണിക്കപ്പെട്ട ചില പാർട്ടി പരിപാടികളിൽ നിന്ന് അദ്ദേഹം ഒഴിവാക്കപ്പെട്ടു.
ഹൈക്കോടതിയിൽ അഭിഭാഷകരും മാദ്ധ്യമപ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായപ്പോൾ,സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിൻ്റെ പേരിൽ ഹൈക്കോടതി അഡ്വക്കേറ്റ്സ് അസ്സോസിയേഷൻ സംഘടനയിൽ നിന്ന് സെബാസ്റ്റ്യൻ പോൾ പുറത്താക്കപ്പെട്ടതാണ് മറ്റൊരു അസുഖകരമായ അനുഭവം.അഭിഭാഷകരായ എ.ജയശങ്കർ,സി.പി ഉദയഭാനു,കാളീശ്വരം രാജ്,ശിവൻ മഠത്തിൽ ഉൾപ്പെടെ അദ്ദേഹത്തോടൊപ്പം സസ് പെന്റുചെയ്യപ്പെട്ടവരുടെ ‘ശിക്ഷ’ അവർ പിന്നീട് പിൻവലിച്ചു. അഭിഭാഷകവൃത്തിയിൽ നിന്ന് തന്നെ പുറത്താക്കാനായിരുന്നു ശ്രമം. തിരുവനന്തപുരത്ത് ഹൈക്കോടതി ബഞ്ച് സ്ഥാപിക്കണമെന്ന ആവശ്യത്തിനെതിരെ എറണാകുളം എം.പി എന്ന നിലയിൽ സ്വീകരിച്ച ശക്തമായ നിലപാടും സെബാസ്റ്റ്യൻ പോളിനെ വഞ്ചിയൂർ അഭിഭാഷകർക്ക് ആധിപത്യമുള്ള സംഘടനയിൽ ഒറ്റപ്പെടുത്തി.പക്ഷേ,ആര് എന്തൊക്കെ ചെയ്താലും, സ്വന്തം അഭിപ്രായങ്ങളിൽ ഉറച്ചുനിൽക്കുകയാണ് അദ്ദേഹത്തിന്റെ ശീലം.
2004-2009 ൽ ലോക്സഭാംഗമായിരിക്കേ, അദ്ദേഹം അഞ്ചുവർഷം പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയിൽ അംഗമായിരുന്നു.കേരള മീഡിയ അക്കാദമി ഉൾപ്പെടെയുള്ള മാദ്ധ്യമപരിശീലന സ്ഥാപനങ്ങളിൽ അദ്ധ്യാപകനായും നിയമജ്ഞനായും പേരെടുത്ത അദ്ദേഹം,പത്രപ്രവർത്തകനാകാനുള്ള ക്ഷണങ്ങൾ ഇതിനിടയിലും നിരസിച്ചില്ല.2010ൽ കെ.കെ.എം ഷെറീഫ് ‘പരിവർത്തനവാദി’മാസിക ആരംഭിച്ചപ്പോൾ, പി.രാജൻ ചീഫ് എഡിറ്ററും സെബാസ്റ്റ്യൻ പോൾ എഡിറ്ററുമായിരുന്നു. “പത്രപ്രവർത്തനത്തിൽ ഞാൻ മനസാ സ്വീകരിച്ച ഗുരുവായിരുന്നു രാജൻ.’കേരള ടൈംസി’ൽ ലേഖനങ്ങൾ എഴുതുമ്പോൾ രാജൻ വായിച്ച് കുറ്റം പറയരുതെന്ന ചിന്തയാണ് ഉണ്ടായിരുന്ന്ത്”. പിൽക്കാലത്ത് , എം.പി വീരേന്ദ്രകുമാറിനെ ലോക് സഭാസ്പീക്കർ പി.എ സാംഗ്മ പ്രസ് കൗൺസിലിലേക്ക് നോമിനേറ്റ് ചെയ്തതിനെതിരെ രാജനു വേണ്ടി അദ്ദേഹം കേസ് വാദിച്ചിട്ടുണ്ട്.പത്രം ഉടമയെ പാർലമെൻറംഗമെന്ന നിലയിൽ അംഗമാക്കുന്നതോടെ കൗൺസിലിൽ ഉടമകളും പത്രപ്രവർത്തകരും തമ്മിൽ നിയമപരമായി നിലനിർത്തേണ്ടതായ അനുപാതം ഇല്ലാതാകുന്നുവെന്നായിരുന്നു വാദം. സ്പീക്കർക്കെതിരെ കേസ് നടത്തിയ സെബാസ്റ്റ്യൻ പോൾ അതേ സ്പീക്കറുടെ മുന്നിൽ പ്രതിജ്ഞ ചൊല്ലി ലോക്സഭാംഗമായി. ബൽജിയം രാജാവ് നൽകിയ ബഹുമതി സോണിയ ഗാന്ധി സ്വീകരിച്ചതിനെതിരെ രാജൻ നൽകിയ ഹർജിയിൽ ഡൽഹി ഹൈക്കോടതിയിലും അപ്പീലിൽ സുപ്രീം കോടതിയിലും ഹാജരായതും അദ്ദേഹം തന്നെ.പക്ഷേ,‘പരിവർത്തനവാദി’ മാസികയ്ക്കും അൽപ്പായുസ്സായിരുന്നു.
ഇപ്പോൾ ‘സൗത്ത് ലൈവ്’ എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിൻ്റെ ചീഫ് എഡിറ്ററാണ്.പക്ഷേ,നടൻ ദിലീപ് ജയിലിൽ കിടന്നപ്പോൾ, ചില നടന്മാർ സന്ദർശിച്ചതിനെ ന്യായീകരിച്ച്, ‘സഹാനുഭൂതി കുറ്റമല്ല;ദിലീപിനുവേണ്ടിയും ചോദ്യങ്ങൾ ഉണ്ടാകണം’ എന്ന തലക്കെട്ടിൽ എഴുതിയ എഡിറ്റോറിയൽ സഹപ്രവർത്തകരുടെ പ്രതിഷേധത്തിന് കാരണമായി.അദ്ദേഹം സ്ഥാപനം വിട്ടുപോകണമെന്ന് ആവശ്യപ്പെട്ട് എക്സിക്യൂട്ടീവ് എഡിറ്റർ എൻ. കെ ഭൂപേഷ് ഫേസ്ബുക്കിൽ പോസ്റ്റിട്ടു. “അതിനു മറുപടിയായി ഞാനല്ല,വിയോജിപ്പുള്ളവരാണ് വിട്ടുപോകേണ്ടതെന്ന് ഞാനെഴുതി. ഭൂപേഷിനൊപ്പം അസ്സോസിയേറ്റ് എഡിറ്റർ മനീഷ് നാരായണനും സീനിയർ എഡിറ്റർ സി.പി സത്യരാജും രാജിവച്ചു. തുടർന്ന്, മിക്കവാറും എല്ലാവരും തന്നെ സ്ഥാപനം വിട്ടുപോയി”. ബി. ആർ . പി ഭാസ്കറിൻെറ വിമർശവും സെബാസ്റ്റ്യൻ പോളിനെതിരെ ഉണ്ടായി. Very un-Sebastian Paul like എന്നായിരുന്നു മാതൃഭൂമി ആഴ്ചപ്പതിപ്പിലെ അഭിമുഖത്തിൽ ഭാസ്കർ പറഞ്ഞത്.പക്ഷേ, ചെന്നൈ മലയാളികൾ ബി.ആർ.പിയെ ആദരിച്ചപ്പോൾ അതിനായി ക്ഷണിക്കപ്പെട്ടത് സെബാസ്റ്റ്യൻ പോളായിരുന്നു.
മാദ്ധ്യമരംഗത്തെ ഓരോ ചലനവും സസൂക്ഷ്മം നിരീക്ഷിക്കുന്ന അദ്ദേഹം അടുത്തകാലത്തുണ്ടായ മാറ്റങ്ങളിൽ ഖിന്നനാണ്. വലിയ പരിവർത്തനങ്ങളാണ് ഉണ്ടായത്.“മുൻപ് ഗ്രേറ്റ് എഡിറ്റർമാരുടെയും പ്രൊപ്രൈറ്റർമാരുടെയും കാലഘട്ടമായിരുന്നു. അക്കാലമൊക്കെ പിന്നിട്ട് ഇപ്പോൾ എഡിറ്റർമാർ തന്നെ ഇല്ലാത്ത കാലത്താണ് നമ്മൾ ജീവിക്കുന്നത്. ആരാണ് എഡിറ്റർ എന്ന് ചോദിച്ചാൽ പത്രവായനക്കാർക്ക് ഉത്തരമില്ല. വായിക്കുന്ന പത്രത്തിന്റെ പത്രാധിപർ ആര് എന്ന് പറയാൻ കഴിയുന്നില്ല. ആർക്കും വായിച്ചെടുക്കാൻ കഴിയാത്ത തരത്തിൽ, നിയമപരമായി ആവശ്യങ്ങൾക്ക് മാത്രമായി, പത്രത്തിന്റെ ഏതോ മൂലയ്ക്ക് ഏതാനും പേരുകൾ കൊടുത്തിരിക്കുന്നു.എഡിറ്റർ എന്ന പദവിക്കോ പേരിനോ പ്രസക്തിയില്ലാത്ത കാലത്താണ് നാം പത്രം വായിച്ചു കൊണ്ടിരിക്കുന്നത്”.പത്രാധിപൻമാരില്ലാതെയും പത്രം ഇറക്കാമെന്ന സ്ഥിതിയാണ്. മൂലധനം പ്രശ്നമല്ല. പണം ഇറക്കുന്നവർ നിർബന്ധിക്കുമ്പോൾ അവർക്ക് വേണ്ടി എഴുതുന്നു. അതിനായി അവർ നിർബന്ധിക്കുന്നു. അപ്പോൾ, ധാർമ്മികതയെവിടെ, സത്യസന്ധതയെവിടെ?
പത്രങ്ങൾ മാത്രമുണ്ടായിരുന്ന കാലത്ത് നല്ല എഡിറ്റർമാരും പ്രാഗത്ഭ്യമുള്ള മറ്റു പ്രവർത്തകരും ഉണ്ടായിരുന്നു. അവരെല്ലാം ചേർന്ന് ഇന്ത്യൻ പത്രപ്രവർത്തനത്തെ അതിവിശിഷ്ടമായ ഒരു തലത്തിലേക്ക് ഉയർത്തുകയുണ്ടായി. ലോകത്തിന്റെ മുഴുവൻ അംഗീകാരം നേടിയിട്ടുള്ളവർ ഇവിടെയുണ്ടായിരുന്നു. അടുത്ത തലമുറയ്ക്ക് ഓർമ്മിക്കുന്നതിന് എന്താണുണ്ടാവുക എന്ന് ആശങ്ക തോന്നാറുണ്ട്.
ടെലിവിഷൻ ചാനലുകളെ ഗൈഡ് ചെയ്ത്,അവയുടെ പോരായ്മകൾ ചൂണ്ടിക്കാണിക്കാനും നല്ല വശം പറഞ്ഞുകൊടുക്കാനും ആരെങ്കിലും ഉണ്ടാകണം. വ്യാകരണപ്പിശകില്ലാത്ത ഭാഷ, ഉച്ചാരണം, പൊതുവിജ്ഞാനം ഇവയെല്ലാം ഇതിലേക്ക് കടന്നുവരുന്നവർക്ക് ഉണ്ടാകണം.
സോക്രട്ടീസ് പറഞ്ഞിട്ടുണ്ട്, ഏറ്റവും വലിയ അറിവ് സ്വന്തം അറിവില്ലായ്മയെക്കുറിച്ചുള്ള അറിവാണെന്ന്. നമ്മുടെ മാദ്ധ്യമപ്രവർത്തകർക്ക് അവരുടെ അറിവിന്റെ അപര്യാപ്തതയെക്കുറിച്ച് ബോധ്യമില്ല. ഒരു തിരുത്തിനും വിധേയരാകാൻ അവർ തയ്യാറുമല്ല.
മൂല്യാധിഷ്ഠിത വ്യവസ്ഥകൾക്കനുസരിച്ച് മാദ്ധ്യമപ്രവർത്തനം നടത്താൻ കഴിയുന്ന ഭൗതിക സാഹചര്യം ഇപ്പോൾ ഇല്ലെന്ന് സെബാസ്റ്റ്യൻ പോൾ പറഞ്ഞു . പത്രപ്രവർത്തനത്തിലും , സാമൂഹിക മനോഭാവത്തിലും ഒക്കെ മാറ്റം വന്നിട്ടുണ്ട്. ലാഭമാണ് ആത്യന്തികമായ ലക്ഷ്യം.
“മീഡിയ എത്തിക്സ് ഒരു പാർലമെന്റും പാസാക്കിയ നിയമമല്ല. അത് കാലക്രമേണ രൂപപ്പെട്ടുവന്നതാണ്.ഈ പരിണാമത്തിൽ പ്രധാന പങ്കു വഹിച്ചത്, പത്രാധിപന്മാരാണ്- ദി ഗ്രേറ്റ് എഡിറ്റേഴ്സ്.'Facts are sacred, comment is free' എന്ന് പഠിപ്പിക്കാൻ ‘മാഞ്ചസ്റ്റർ ഗാർഡിയനി’ലെ സി.പി സ്കോട്ടിനെ ഇപ്പോഴും ക്ലാസുകളിൽ ഉദ്ധരിക്കുന്നു. ‘ലണ്ടൻ ടൈംസി’ന്റെ ഹരോൾഡ് ഇവാൻസ്, വാൾട്ടർ ലിപ്മാൻ, ഇന്ത്യയിൽ ഫ്രാങ്ക് മൊറെയ്സ് ,ചലപതി റാവു തുടങ്ങിയ മഹാരഥന്മാരിലൂടെ പരിണാമം പ്രാപിച്ചു വന്നതാണ് മാദ്ധ്യമ നൈതികത”.
ഇന്ന് മാദ്ധ്യമങ്ങൾക്ക് ശരിയായ മാർഗ്ഗനിർദ്ദേശം കൊടുക്കാൻ ആരാണ് അവിടെയുള്ളത് എന്ന ചോദ്യം പ്രസക്തമാണ്. അങ്ങനെയൊന്നില്ല, ഉണ്ടാകാനുള്ള സാധ്യതയുമില്ല.
ടെക്നോളജി അനിവാര്യമാണ് . മാദ്ധ്യമങ്ങളെ നിയന്ത്രിക്കേണ്ടത്,പക്ഷേ, ടെക്നോളജിയല്ല. ഉപകരണം മാത്രമാണ് അത്. പ്രിന്റ്റിംഗിന്റെ കാലം മുതൽ സാങ്കേതിക മാറ്റങ്ങൾ ഉണ്ടാകുന്നുണ്ട്. എന്നാൽ വ്യാകരണത്തിന്, ഉച്ചാരണത്തിന് ഒന്നും മാറ്റം വന്നിട്ടില്ല.അവയൊന്നും അവഗണിക്കപ്പെടേണ്ടതല്ല. അവയെ വിസ്മരിച്ച് അധികമൊന്നും മുന്നോട്ടുപോകാൻ കഴിയില്ല.ടെക്നോളജിയുടെ സഹായത്തോടെ കൂടുതൽ എളുപ്പമായി ഉപയോഗിക്കാം.
ഇന്റർനെറ്റിനെ മാത്രം ആശ്രയിച്ച് പത്രപ്രവർത്തനം നടത്താൻ കഴിയില്ലന്നും അദ്ദേഹം പറഞ്ഞു .പത്രങ്ങളുടെ സർക്കുലേഷൻ വല്ലാതെ ഇടിഞ്ഞു കഴിഞ്ഞു. പ്രവചനാതീതമാണ് പത്ര-മാസികകളുടെ നിലനിൽപ്പ്.കടലാസിൽ മാത്രം അച്ചടിക്കുന്ന പത്രം അധികകാലം നിലനിൽക്കണമെന്നില്ല.പത്രങ്ങൾ ഓൺലൈൻ ആയിരിക്കുന്നു.ഇങ്ങനെയുള്ള മാറ്റങ്ങൾ വരട്ടെ. പക്ഷേ, ജേണലിസത്തിന്റെ തത്ത്വങ്ങൾക്കും മൂല്യങ്ങൾക്കും അനുസൃതമായ, ഉത്തരവാദിത്വമുള്ള പത്രപ്രവർത്തനമാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്.“സോഷ്യൽ മീഡിയ എന്ന് വിശേഷിക്കപ്പെടുന്ന ആന്റി-സോഷ്യൽ മീഡിയയിൽ വന്ന് ആർക്കും എന്തും പറയാം എന്ന സ്ഥിതിയാണ് ഇപ്പോൾ. പറയുന്നത് എന്തും സത്യമാണെന്ന് വിശ്വസിക്കുന്ന നിർദ്ദോഷികളായ കുറേ മനുഷ്യരും ഈ ലോകത്തുണ്ട്.ശരിയായ മാദ്ധ്യമ പ്രവർത്തനം നടത്തുന്നവർക്ക് ഉത്തരവാദിത്വമുണ്ട്.സോഷ്യൽ മീഡിയക്ക് അതില്ല”.
കടലാസ് പോലും കണ്ടുപിടിക്കുന്നതിനു മുൻപ് ,പത്രങ്ങൾ തുടങ്ങും മുൻപ് വന്ന അക്ഷരങ്ങളുടെ പരിണാമത്തിന്റെ ചരിത്രം അത്ഭുതകരമായ ഒന്നാണ്.അതുകൊണ്ട് തന്നെ, മാദ്ധ്യമത്തിന്റെ രൂപഭാവങ്ങളിൽ മാറ്റം വരാം.“പക്ഷേ,എന്തെല്ലാം മാറ്റം വന്നാലും സനാതന തത്ത്വങ്ങളിൽ മാറ്റം വരില്ല. ടെക്നോളജിയിൽ മാറ്റം വന്നാലും നമ്മൾ വായിക്കുന്ന വേദഗ്രന്ഥങ്ങൾ,വിശുദ്ധ ഗ്രന്ഥങ്ങൾ, ഭരണഘടന, അതിലെ മൂല്യങ്ങൾ ഇവയിൽ മാറ്റം വരുത്താൻ കഴിയില്ലല്ലോ” .
മുൻപ് നിയമസഭാ റിപ്പോർട്ട് ചെയ്തിരുന്നത് പ്രഗത്ഭരായിരുന്നു. സഭയുടെ ഭാഗം തന്നെയായിരുന്നു അവർ. നിയമസഭാറിപ്പോർട്ടിംഗ്, ഇന്ന് സർഗാത്മകമായ മാദ്ധ്യ മപ്രവർത്തനമാണ് എന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വിമർശനങ്ങൾക്ക് സാദ്ധ്യതയില്ലാത്ത കാലത്താണ് ജീവിക്കുന്നത്. വിമർശിക്കുന്നത് ഇപ്പോൾ ആർക്കും ഇഷ്ടമല്ല. വിമർശനമുണ്ടെങ്കിൽ വ്യത്യാസം വരുമായിരുന്നു.മാദ്ധ്യമ വിമർശന പംക്തികളും സിനിമാ പുസ്തക നിരൂപണങ്ങൾ ഇപ്പോൾ കാണുന്നില്ല. പുസ്തകങ്ങളെ പരിചയപ്പെടുത്തുന്ന കോളം,സാഹിത്യ വാരഫലം പോലെയുള്ള പംക്തികൾ തുടങ്ങിയവയും ഇല്ല. “മാദ്ധ്യമങ്ങളെ നിയന്ത്രിക്കുന്നത് ബാഹ്യ ശക്തികളാണ്”.
അടുത്ത കാലത്ത് പത്രങ്ങളിൽ വരുന്ന ലേഖനങ്ങൾ ആഴം കുറഞ്ഞവയാണ്. “പോത്തൻ ജോസഫ്,ബി.ജി വർഗീസ്, വി.കെ നരസിംഹൻ എന്നിവരുടെ ലേഖനങ്ങൾ വായിച്ചു വളർന്ന തലമുറയാണ് ഞങ്ങളുടേത്. അവരുടെ ചിന്തയുടെ ആഴവും, ഭാഷയുടെ കരുത്തും ഓർമ്മയിലുണ്ട്”
വൃത്തിയുള്ള കയ്യക്ഷരത്തിൽ പ്രേമലേഖനം എഴുതാൻ പോലും കഴിയാത്ത അവസ്ഥയിലാണ് ഇപ്പോഴത്തെ കുട്ടികൾ വളർന്നു വന്നിട്ടുള്ളത്. “ശകുന്തള എന്ന സിനിമയിൽ വയലാർ ചോദിച്ച, 'പ്രണയലേഖനം എങ്ങനെ എഴുതണം' എന്ന ചോദ്യത്തിന് ഇക്കാലത്ത് നല്ല പ്രസക്തിയുണ്ട്. പുതിയ കാലത്ത് എഴുതാൻ എസ്.എം.എസും വാട്ട്സ്സാപ്പും മതി. പൂർണ്ണമായ വാക്കുകൾ പോലും വേണമെന്നില്ല. ഇഷ്ടമുള്ള വാക്കുകൾ വേണ്ട, റൊമാൻസ് വേണ്ട. ബഷീറിന്റെ 'പ്രേമലേഖനം' എടുത്തു വായിക്കാൻ പറഞ്ഞാൽ, ഏതു പ്രേമലേഖനം ,ഏത് ബഷീർ എന്നു ചോദിക്കും”,ഡോ. സെബാസ്റ്റ്യൻ പോൾ ആകുലപ്പെടുകയാണ്.....
2021ലാണ് ‘എന്റെ കാലം എന്റെ ലോകം’ എന്ന ശ്രദ്ധേയമായ ആത്മകഥ അദ്ദേഹം പ്രസിദ്ധീകരിച്ചത്. ഒരു നോവലിസ്റ്റിന്റെ ആഖ്യാനചാരുതയോടെ തന്റെ ജീവിതത്തെ ആത്മവിമർശനപരമായി അടയാളപ്പെടുത്തിയ അദ്ദേഹം,തന്റെ രാഷ്ട്രീയജീവിതത്തിലെ പലതും തുറന്നെഴുതിയിട്ടുണ്ട്.സ്തോഭജനകമായ വെളിപ്പെടുത്തലുകളും രാഷ്ട്രീയത്തിലെയും ജുഡീഷ്യറിയിലെയും അന്തർനാടകങ്ങളെക്കുറിച്ചുള്ള അനുഭവവിവരണങ്ങളുമുള്ള ഈ ഓർമ്മപ്പുസ്തകം കോവിഡ് ലോക്ഡൗൺ കാലത്തെ ഏകാന്തതയിലാണ് എഴുതപ്പെട്ടത്. ‘കഥയ്ക്ക് കാരണക്കാരിയായ അമ്മച്ചിക്കും കഥയില്ലായ്മകളെ കഥയാക്കിയ ലിസമ്മയ്ക്കും' സമർപ്പിക്കപ്പെട്ട ഈ പുസ്തകത്തിലെ ആദ്യ അദ്ധ്യായം അദ്ദേഹത്തിന്റെ അമ്മച്ചി അന്നമ്മ പോൾ എഴുതിക്കൊടുത്ത ദീർഘമായ കുറിപ്പിനെ അടിസ്ഥാനമാക്കിയാണ്. എട്ടു മക്കളെ വളർത്തി വലുതാക്കിയ ശേഷം, അവർ വിദൂര വിദ്യാഭാസത്തിലൂടെ പ്രീ-ഡിഗ്രി പാസായി ,മഹാരാജാസ് കോളെജിൽ പഠിച്ച്, അറുപത്തിയൊന്നാം വയസിൽ എം.എ പൊളിറ്റിക്സ് ഒന്നാം ക്ലാസിൽ പാസായി,എറണാകുളം ലോ കോളെജിൽ നിന്ന് എൽ.എൽ.ബിയും കരസ്ഥമാക്കി. ഇളയ മകൻ സുബലിനൊപ്പമായിരുന്നു അന്നമ്മ പോൾ അഭിഭാഷകയായത്. പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടപ്പോൾ പക്ഷേ,അത് കാണാൻ അമ്മച്ചി ഉണ്ടായില്ല.
ആത്മകഥ എഴുതുമ്പോൾ കൂട്ടായുണ്ടായിരുന്ന ഭാര്യ ലിസമ്മ അഗസ്റ്റിൻ 2024ൽ വിട്ടുപിരിഞ്ഞു.1976ൽ അടിയന്തരാവസ്ഥയുടെ മൂർദ്ധന്യത്തിലാണ് അന്ന് ഹൈക്കോടതിയിൽ കോർട്ട് ഓഫീസറായിരുന്ന ലിസമ്മ അദ്ദേഹത്തിന്റെ ജീവിതസഖിയായത്.1985ൽ മുൻസിഫായി തെരഞ്ഞെടുക്കപ്പെട്ട അവർ പിന്നീട് ജില്ലാ ജഡ്ജിയും നിയമ വകുപ്പ് ജോയിൻ്റ് സെക്രട്ടറിയും 2016ൽ സംസ്ഥാന നിയമപരിഷ്കരണ കമ്മീഷൻ അംഗവുമായി. 'ഫൊർഗോട്ടൺ വിക്റ്റിം' എന്ന പുസ്തകം എഴുതിയിട്ടുണ്ട്.
അടുത്തിടെ കുടുംബത്തിൽ പിന്നെയും മരണങ്ങളുണ്ടായി.ഉറ്റവരുടെ വേർപാടുകൾക്കിടയിലും എറണാകുളം മാധവ ഫാർമസി ജംഗ്ഷനടുത്തുള്ള പ്രോവിഡൻസ് റോഡിലെ വീട്ടിൽ ഇന്നും കർമ്മനിരതനാണ് ഡോ.സെബാസ്റ്റ്യൻ പോൾ. അടിയന്തരാവസ്ഥയിലെ ഓർമകൾ ചേർത്തെഴുതിയ ‘വിളക്കുകൾ അണഞ്ഞ രാത്രി’യാണ് സെബാസ്റ്റ്യൻ പോളിൻെറ പുതിയ പുസ്തകം.
പത്രപ്രവർത്തനത്തെ മാത്രമല്ല പത്രത്തെയും പവിത്രമായി കരുതുന്ന അദ്ദേഹം, ആത്മകഥയിൽ ഇങ്ങനെ കുറിച്ചിട്ടുണ്ട്;“അന്ത്യയാത്രയിൽ വായിക്കാനായി പെട്ടിയിൽ ഒരു പത്രം വയ്ക്കണമെന്ന് മക്കളോട് ഞാൻ പറഞ്ഞിട്ടുണ്ട്.ഏതു പത്രമെന്ന് ചോദിച്ചാൽ 'ഇന്ത്യൻ എക്സ്പ്രസ്' എന്നുതന്നെ പറയും.എന്നെ വല്ലാതെ മോഹിപ്പിക്കുകയും അതേപോലെ തന്നെ നിരാശപ്പെടുത്തുകയും ചെയ്ത പത്രമല്ലേ,അത്?”.
No comments:
Post a Comment