മാദ്ധ്യമരംഗത്ത് ആറ് പതിറ്റാണ്ടിലേറെയായി സജീവ സാന്നിദ്ധ്യമായ കുര്യൻ പാമ്പാടി മലയാള മനോരമയിൽ പത്രപ്രവർത്തക ട്രെയിനിയായാണ് 1962 ൽ മാദ്ധ്യമപ്രവർത്തനം ആരംഭിക്കുന്നത്.1996ൽ കോട്ടയം യൂണിറ്റിൽ നിന്ന് അസിസ്റ്റൻ്റ് എഡിറ്ററായി വിരമിച്ചു. തുടർന്ന്, 2007 വരെ ദോഹയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ‘ദ പെനിൻസുല’’ എന്ന ഇംഗ്ളിഷ് ദിനപത്രത്തിൻ്റെ തിരുവനന്തപുരം ലേഖകനായി. അതിനുശേഷം ന്യൂയോർക്കിൽ നിന്നുള്ള ഇ-മലയാളി പ്രസിദ്ധീകരണത്തിൻ്റെ കേരള എഡിറ്ററായി.എൺപത്തിരണ്ടാം വയസിലും മാദ്ധ്യമരംഗത്ത് സജീവം.ഇത് മലയാള മാദ്ധ്യമരംഗത്തെ അനന്യമായ റെക്കാർഡാണ്.
“ആകസ്മികമായാണ് എന്റെയും തുടക്കം”,അദ്ദേഹം ഓർക്കുന്നു. കോട്ടയം സി.എം.എസ് കോളേജിൽ ബി.എയ്ക്കും എം.എയ്ക്കും പഠിച്ചത് ഇംഗ്ളീഷ് സാഹിത്യം.അന്ന് ബറോഡയിൽനിന്ന് അലമ്പിക് മെഡിക്കൽ ഗ്രൂപ്പ് ,ടൈം,ന്യൂസ് വീക്ക് മാഗസിനുകളുടെ ശൈലിയിൽ എൻലൈറ്റ് മാഗസിൻ ആരംഭിച്ചു.അതിന് കേരളത്തിൽ റിപ്പോർട്ടറെ ആവശ്യപ്പെട്ട് ഇംഗ്ളീഷ് ദിനപത്രങ്ങളിൽ പരസ്യം കണ്ടപ്പോൾ അപേക്ഷിച്ചു."മുൻ പരിചയമൊന്നും ഇല്ലാതിരുന്നിട്ടും അവർ എന്നെ തെരഞ്ഞെടുത്തു”. സി.ജെ പട്ടേലായിരുന്നു പത്രാധിപർ.അതിൽ കുറെ ഫീച്ചറുകൾ വന്നു.ആദ്യ ജ്ഞാനപീഠ പുരസ്കാരം ലഭിച്ച മഹാകവി ജി.ശങ്കരക്കുറുപ്പിനെക്കുറിച്ചുള്ളതായിരുന്നു ആദ്യത്തേത്.അത് കവർസ്റ്റോറിയായിരുന്നു. അടൂർ ഗോപാലകൃഷ്ണനെക്കുറിച്ചും ഓണത്തെക്കുറിച്ചും ഫീച്ചറുകളെഴുതി.ഒരു വർഷം കഴിഞ്ഞപ്പോൾ ഇന്ത്യയിലെ എല്ലാ ലേഖകരുടെ സംഗമവും പഠനക്ളാസും ബറോഡയിൽ നടന്നു.അതിന്റെ ഭാഗമായി എല്ലാവരെയും ഗുജറാത്തിലെ അമുൽ ഗ്രാമമായ ആനന്ദിൽ കൊണ്ടുപോയി.ആദ്യമായി ഇറങ്ങിയ പാൽ ഐസ്ക്രീം തന്ന് സത്കരിച്ചു.”മലയാളിയായ അതിന്റെ മേധാവിക്കും എനിക്കും ഒരേ പേരാണ് എന്ന് മനസ്സിലായി-വർഗ്ഗീസ് കുര്യൻ.പക്ഷേ, ഇംഗ്ലീഷിലെഴുതുമ്പോൾ അദ്ദേഹം Kurien,ഞാൻ Kurian”.
ഹിരോഷിമയിൽ ഭാര്യ ഗ്രേസിയുമൊത്ത് കുര്യൻ പാമ്പാടി
അക്കാലത്ത് പരിചയപ്പെട്ട ഈശോസഭാ വൈദികനായ തോമസ് പൊടിമറ്റം പേരു ചോദിച്ചപ്പോൾ മടിച്ച് -മടിച്ച് ‘കുര്യൻ’ എന്ന് പറഞ്ഞു.”ആ പേരിനൊരു ഗുണവും അന്തസുമില്ലെന്ന് പറഞ്ഞപ്പോൾ ,സുറിയാനി ക്രിസ്ത്യാനികൾ കുർബാനകളിൽ ചൊല്ലുന്ന പ്രാർത്ഥനാവാക്യം 'കുറിയേലായിസോൻ' കേട്ടിട്ടില്ലേ എന്ന് ചോദിച്ചു. 'ദൈവമേ അനുഗ്രഹിക്കേണമേ' എന്നർത്ഥം. കുര്യൻ ’ദൈവത്താൽ അനുഗ്രഹിക്കപ്പെട്ടവൻ’ ആണെന്ന് അദ്ദേഹം വിശദീകരിച്ചു തന്നു. എന്നിട്ട് ,അൽമാരിക്, ലത്തീൻ, ഇറ്റാലിയൻ ഭാഷകളിൽ പേർ എഴുതിത്തന്നു. നിധിപോലെ ഇന്നും ഞാനത് സൂക്ഷിക്കുന്നുണ്ട്”.
1974ൽ 36 പേർ മരിച്ച മൂന്നാർ കരടിപ്പാറ ബസ് അപകടം റിപ്പോർട്ട് ചെയ്ത മനോരമ സംഘം -കുര്യൻ പാമ്പാടി, ബേബി ജോൺ, എം.ടി സേവ്യർ.
അക്കാലത്ത് തന്നെ, മലയാള മനോരമ പത്രത്തിന് കത്തുകൾ എഴുതി. അവ ഓഫീസിലെത്തി, നേരിട്ട് നൽകുകയായിരുന്നു പതിവ്.അങ്ങനെ,വാരാന്തപ്പതിപ്പിന്റെ ചുമതല വഹിച്ചിരുന്ന വന്ദ്യവയോധികനായ ടി.ചാണ്ടിയെ പരിചയപ്പെട്ടു. ഒരു ദിവസം കത്തുമായി ചെന്നപ്പോൾ, പുതുതായി പത്രപ്രവർത്തകരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ടെന്ന് പറഞ്ഞു.അദ്ദേഹം നൽകിയ വെള്ളക്കടലാസിൽ അപേക്ഷ എഴുതിക്കൊടുത്തു. മാനേജിങ്ങ് എഡിറ്റർ കെ.എം മാത്യുവും മുഖപ്രസംഗം എഴുതിയിരുന്ന എൻ.എം എബ്രഹാമും ഉൾപ്പെടെയുള്ളവരുടെ മുന്നിലാണ് അഭിമുഖത്തിന് ഹാജരായത്."അവർ ചോദിച്ച ചോദ്യങ്ങൾക്ക് യൗവനത്തിന്റെ ചോരത്തിളപ്പിൽ ഞാൻ ഇംഗ്ളീഷിലാണ് മറുപടി നൽകിയത്”.
1962ൽ കുര്യൻ പാമ്പാടി മലയാള മനോരമ പത്രാധിപസമിതിയിൽ ചേർന്നു-മാമ്മൻ മാപ്പിള സ്കോളർഷിപ്പോടെ. ഒപ്പം മൂന്നു പേർ. “പത്മൻ (അടൂർ ഭാസിയുടെ സഹോദരൻ), ജോൺ കുന്നപ്പള്ളി, ഐസക് അറയ്ക്കൽ. അവരെല്ലാം വിടവാങ്ങി”.
അന്ന് 65000 കോപ്പിയായിരുന്നു,പ്രചാരം. തുടക്കത്തിൽ സ്കോളർഷിപ്പായി 100 രൂപ. കെ.എം ചെറിയാൻ പത്രാധിപരായിരിക്കെ,ചിക്കമഗലൂരിൽ കാപ്പിത്തോട്ടം മാനേജരായി പ്രവർത്തിച്ചിരുന്ന കെ.എം മത്യുവിനെ വിളിച്ചുവരുത്തി മാനേജിങ്ങ് എഡിറ്ററാക്കി."പുതിയതായി പത്രപ്രവർത്തകരെ നിയമിച്ച് പ്രവർത്തനം വിലുലീകരിക്കാൻ അദ്ദേഹം ആവിഷ്കരിച്ച ദീർഘവീക്ഷണമുള്ള നടപടികളാണ് പത്രത്തിന്റെ പ്രചാരം ക്രമേണ വർദ്ധിപ്പിച്ച്,ഒന്നാം സ്ഥാനത്തെത്തിച്ചത്”.
അന്ന് കോട്ടയം വൈ.എം.സി.എ കെട്ടിടത്തിലായിരുന്നു ബ്യൂറോ പ്രവർത്തിച്ചിരുന്നത്.“ഞാൻ റിപ്പോർട്ടിങ്ങ് ചോദിച്ചുവാങ്ങി.പരിശീലനത്തിന്റെ ഭാഗമായി എന്നെ തിരുവനന്തപുരം ബ്യൂറോയിലേക്കയച്ചു. സെക്രട്ടേറിയേറ്റിനടുത്ത ശാന്തിനഗറിലായിരുന്നു ബ്യൂറോ- ഇ.എം.എസ് താമസിച്ചിരുന്ന വീടിനടുത്ത്. പി.ആർ ജോണായിരുന്നു ബ്യുറോ ചീഫ്. പിൽക്കാലത്ത് പിക്ച്ചർ എഡിറ്ററായ അന്നത്തെ പ്രഗൽഭ ഫോട്ടോഗ്രാഫർ എം.കെ വർഗ്ഗീസിനോടൊപ്പം ഒരേ മുറിയിൽ. “എന്റെ വളർച്ചയിൽ താങ്ങായിത്തീർന്ന അനുഭവജ്ഞാനത്തിന്റെ കാലം”.വർഷങ്ങളായി ശബരിമലയിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്ന കൃഷ്ണൻ നായർക്കു പകരം കുര്യൻ പാമ്പാടിയെ അവിടേക്കയച്ചു. വ്യത്യസ്തമായി,പുതിയ വീക്ഷണത്തിലൂടെ വാർത്തകൾ വരണം എന്ന സമീപനമായിരുന്നു പത്രാധിപർക്ക്.
1975ൽ വലിയൊരു ഭാഗ്യം വീണു കിട്ടി.ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ചൈന,കൊൽക്കത്തയിൽ നടന്ന 33മത് ലോക ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിലേക്ക് ടീമിനെ അയയ്ക്കാൻ തീരുമാനിച്ചു.അന്താരാഷ്ട്രതലത്തിൽ തന്നെ ഏറെ രാഷ്ട്രീയപ്രാധാന്യമുള്ള നയതന്ത്ര നീക്കം കൂടിയായിരുന്നു,’പിങ്ങ്-പോങ്ങ് ഡിപ്ളോമസി’ എന്ന് അറിയപ്പെട്ടു,അത്. “പ്രധാനപ്പെട്ട പത്രവാർത്തകളുടെ കട്ടിങ്ങുകൾ വിഷയക്രമമനുസരിച്ച് സൂക്ഷിച്ചുവെയ്ക്കുന്ന സ്വഭാവമുണ്ടായിരുന്നു.ജൂനിയറായ എന്നെ ആ ഉത്തരവാദിത്തം ഏൽപ്പിച്ചത് അതുകൊണ്ടായിരിക്കാം”.അതിന്റെ രാഷ്ട്രീയ പ്രാധാന്യത്തിലൂന്നിക്കൊണ്ട്,എഴുതിയ ’ഇന്തോ-ചൈന ബന്ധത്തിൽ മഞ്ഞുരുകുന്നു’ എന്നു തുടങ്ങിയ ആ റിപ്പോർട്ടുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. “പത്രത്തിന്റെ പ്രചാരം കൂടിക്കൊണ്ടിരിക്കുന്ന കാലത്ത് ബൈലൈൻ റിപ്പോർട്ടുകളിലൂടെ ഞാനും താരമായി”.
1976ൽ മോണ്ട്രിയൽ ഒളിമ്പിക്സ് റിപ്പോർട്ട് ചെയ്യാൻ അവസരം കിട്ടിയതാണ് കുര്യൻ പാമ്പാടിയുടെ ജീവിതത്തിലെ അവിസ്മരണീയമായ മറ്റൊരു അനുഭവം. അടിയന്തരാവസ്ഥയോടുള്ള സമീപനം കാരണം ഇംഗ്ളീഷ് ദിനപത്രങ്ങളെ ‘ജ്യൂട്ട് പ്രസ്’ എന്ന് വിളിച്ച് ആക്ഷേപിച്ച പ്രധാനമന്ത്രി ഇന്ദിരാഗാന്ധി, പ്രാദേശികഭാഷാപത്രങ്ങൾക്ക് ഒളിമ്പിക്സ് റിപ്പോർട്ട് ചെയ്യാൻ ആദ്യമായി അനുമതി നൽകി.അന്ന് വാർത്താവിതരണ വകുപ്പ് മന്ത്രി ഐ.കെ ഗുജ്റാളായിരുന്നു.
അക്രഡിറ്റേഷനു വേണ്ടി പത്രപ്രവർത്തകരെ അന്താരാഷ്ട്ര ഒളിമ്പിക്സ് സമിതിക്ക് നിർദ്ദേശിക്കുന്നത് സർക്കാരായിരുന്നു .മലയാളത്തിൽ നിന്ന് ആദ്യമായി ഒരു പത്രപ്രവർത്തകൻ അതിനു തെരഞ്ഞെടുക്കപ്പെട്ടത് മനോരമയ്ക്ക് വലിയ അഭിമാനമായി. “ഗ്ളോബ് എടുത്ത് നോക്കിയാണ് കാനഡയെയും ഒളിമ്പിക്സ് വേദികളെയും കുറിച്ച് പഠിച്ചത്”.
അക്രഡിറ്റേഷന് 150 കനേഡിയൻ ഡോളർ മുൻകൂട്ടി അടയ്ക്കണമായിരുന്നു. റിസർവ് ബാങ്ക് മുഖേന അതിനു ശ്രമിച്ചെങ്കിലും കാലതാമസമുണ്ടായി.കാനഡയിലുള്ള ഭാര്യാ സഹോദരൻ മാത്യു എബ്രഹാം ആ തുക അടച്ചു. (പിന്നീട് റിസർവ് ബാങ്കിന്റെ കാശ് കിട്ടിയപ്പോൾ സംഘാടക സമിതി മോണ്ട്രിയലിൽ വച്ച് അത് തിരിച്ചുനൽകി). “ജീവിതത്തിൽ ആദ്യമായി ഞാൻ ജംബോ ജറ്റ് വിമാനത്തിൽ കയറി. ബോയിങ് 747 എമ്പറർ ഷാജഹാൻ. തൊട്ടടുത്ത സീറ്റിൽ മുഖപരിചയമുള്ള ഒരാളായിരുന്നു-ക്നാനായ കത്തോലിക്ക സഭ ബിഷപ്പ് ജോസഫ് കുന്നശ്ശേരി.അദ്ദേഹം ഫ്രാങ്ക്ഫർട്ടിലിറങ്ങി”.
ഒളിമ്പിക്സ് വില്ലേജിൽ നിന്ന് ദൂരെ മക്ളീൻ യൂണിവേഴ്സിറ്റിയിലായിരുന്നു താമസസൗകര്യം ഒരുക്കിയിരുന്നത്.അവിടെ ഇംഗ്ളിഷ് അറിയാവുന്നവർ ആരുമുണ്ടായിരുന്നില്ല.അത് വലിയ വീർപ്പുമുട്ടലുണ്ടാക്കി.ഒരു ദിവസമേ അവിടെ താമസിക്കേണ്ടിവന്നുള്ളൂ. മോണ്ട്രിയലിൽ പ്രൂഡൻഷ്യൽ ഇൻഷ്വറൻസിൽ ജോലി ചെയ്യുന്ന ജോസഫ് സാമുവൽ എന്ന കോട്ടയംകാരൻ കാണാൻ വന്നു.അദ്ദേഹം വീട്ടിലേക്ക് ക്ഷണിച്ചു.പിന്നെ താമസം അദ്ദേഹത്തോടൊപ്പമായി.
ഒളിമ്പ്യൻ ട്.സി യോഹന്നാനൊത്ത്
അന്ന് തന്നെ നെഴ്സുമാരടക്കം ധാരാളം മലയാളികൾ കാനഡയിലുണ്ടായിരുന്നു. കാഷായവേഷധാരിയായ ഒരു മലയാളിയെയും പരിചയപ്പെട്ടു-വാൽമോറിനിലെ വലിയൊരു ആശ്രമാധിപതിയായ വിഷ്ണുദേവാനന്ദ. പാലക്കാട് സ്വദേശിയാണ്.
അദ്ദേഹത്തിന്റെ ക്ഷണപ്രകാരം 60 ഏക്കറുള്ള കുന്നിൽ സ്ഥിതിചെയ്യുന്ന ആശ്രമം സന്ദർശിച്ചു. മലയാളത്തിൽ സംസാരിക്കാൻ ആളെക്കിട്ടാതെ വിഷമിച്ചിരുന്ന അദ്ദേഹത്തിന്റെ അമ്മയുമായി ദീർഘനേരം വർത്തമാനം പറഞ്ഞു.മീഡിയ സെൻ്ററിൽ ഓരോ റിപ്പോർട്ടർക്കും മേശയും ടെലിവിഷനുമുണ്ടായിരുന്നു. നൂറുകണക്കിനു കിലോമീറ്ററുകൾക്കകലെയും വേദികളുണ്ടായിരുന്നതിനാൽ അവിടെ പോവുക വാർത്താഏജൻസിയിൽ പ്രായോഗികമായിരുന്നില്ല.6000 അത് ലറ്റുകളും 3000 പത്രക്കാരും പങ്കെടുത്ത മേള.റോയിട്ടറിൽ നിന്ന് ഓരോ ഇനത്തിലും വൈദഗ്ദ്ധ്യം നേടിയ 30 പത്രപ്രവർത്തകരുണ്ടായിരുന്നു.
ഇംഗ്ളീഷിലെഴുതുന്ന വാർത്തകൾ വെസ്റ്റേൺ യൂണിയൻ ഓഫീസ് മുഖേന ട്രാൻസ്മിറ്റ് ചെയ്യുകയായിരുന്നു. വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് നൽകിയ കാർഡുപയോഗിച്ച്,പണം നേരിട്ട് നൽകാതെ അയയ്ക്കാം. നാട്ടിൽ നിന്ന് കൊണ്ടുവന്ന ക്യാമറയിൽ ചിത്രങ്ങളെടുക്കും-ബ്ളാക്ക് ആൻ്റ് വൈറ്റ് ഫിലിം. അത് ,പൈലറ്റിനെയോ യാത്രക്കാരെയോ ഏൽപ്പിച്ച്, എയർ ക്യാനഡ,എയർ ഇന്ത്യ വഴി, മുംബൈയിലും അവിടെ നിന്ന് കൊച്ചിയിലും എത്തിക്കുകയായിരുന്നു.തികച്ചും സാഹസികം.
ഒളിമ്പിക്സ് കമ്മറ്റി എല്ലാ ദിവസവും നല്ല ആർട്ട് പേപ്പറിൽ അച്ചടിച്ച ‘ദി വില്ലേജ്’ എന്ന എട്ട് പേജുള്ള പത്രികയും ഇറക്കിയിരുന്നു. ലോക പ്രശസ്തരായ ഫോട്ടോഗ്രാഫർമാരെടുത്ത അതിലെ ചിത്രങ്ങളും അയച്ചിരുന്നു. കുറേ ദിവസം കഴിഞ്ഞാണ് അവ അച്ചടിച്ചുവരുക.മറ്റ് മലയാള പത്രങ്ങളിലൊന്നും ആ ചിത്രങ്ങൾ വരുകയില്ല.റുമേനിയക്കാരി നദിയ കൊമാനേച്ചിയായിരുന്നു ആ ഒളിമ്പിക്സിലെ താരം.പത്തോളം മെഡലുകൾ കിട്ടിയ ആ ജിംനാസ്റ്റ് ‘പെർഫെക്റ്റ് ടെൻ' ആയി. കമ്യൂണിസ്റ്റ് റുമാനിയയിൽ നിന്ന് അമേരിക്കയിലേക്ക് രക്ഷപെട്ട അവർക്ക് അവിടെ പൗരത്വമുണ്ട്. ടി.സി യോഹന്നാനടക്കമുള്ള അത് ലറ്റുകൾ പങ്കെടുത്ത ആ ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് വെറുംകൈയോടെ മടങ്ങേണ്ടിവന്നു. “അന്നുമുതൽ യോഹന്നാനുമായി അടുത്ത ബന്ധമുണ്ട് . ടിസ്കോ ഉദ്യോഗസ്ഥനായി വിരമിച്ച അദ്ദേഹത്തിന്റെ ജീവചരിത്രം എഴുതാനുള്ള ശ്രമത്തിലാണ്".
ഒളിപിക്സിനു ശേഷം ഗ്രെ ഹൗണ്ട് ബസ് ടിക്കറ്റുപയോഗിച്ച് കാനഡയിലും അമേരിക്കയിലും മെക്സിക്കോയിലും ചുറ്റി സഞ്ചരിച്ചു. 20 മണിക്കൂർ ബസ് യാത്രചെയ്താണ് മുമ്പ് ഒളിമ്പിക്സ് വേദിയായിരുന്ന മെക്സിക്കോ സിറ്റിയിലെത്തിയത്. അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് പ്രചാരണം, ഫിലാഡെൽഫിയയിൽ പോപ്പും മദർ തെരേസയും പങ്കെടുത്ത ലോക ദിവ്യ കാരുണ്യ കോൺഗ്രസ് തുടങ്ങിയവ റിപ്പോർട്ട് ചെയ്തു.
മടക്കയാത്രയിൽ ബ്രിട്ട് റെയിൽ പാസ് ഉപയോഗിച്ച് ബ്രിട്ടനിലും യൂറോ റയിൽ പാസ് മുഖേന പടിഞ്ഞാറൻ യൂറോപ്പിലെ 16 രാജ്യങ്ങളിലും പോയി. നെതർലൻഡ്സിലൂടെ സഞ്ചരിക്കവേ മാൽമോ സ്റ്റേഷനിലെത്തി.അത് ഒരു അപൂർവ വാർത്തയിലൂടെ പരിചിതമായ സ്ഥലമായിരുന്നു.
പത്രപ്രവർത്തകനാകും മുൻപ് വായിച്ചതായിരുന്നു ആ വാർത്ത. ഇന്തോ-നോർവീജിയൻ പ്രൊജക്ടിൻ്റെ നീണ്ടകര ഓഫീസിൽ ജോലിചെയ്തിരുന്ന അന്നാട്ടുകാരനായ ഒരാളും ഭാര്യയും കേരളത്തിൽ നിന്ന് മടങ്ങും മുൻപ് കൊച്ചി സന്ദർശിച്ചു. ജനറൽ ആശുപത്രിക്കടുത്തു കൂടി നടക്കുമ്പോൾ, അവിടെ ഉപേക്ഷിക്കപ്പെട്ട ഒരു കുഞ്ഞിനെ പരിചരിക്കുന്നത് ശ്രദ്ധയിൽ പെട്ടു. വേറെ കുട്ടികളുണ്ടായിരുന്ന അവർ ആ കുഞ്ഞിനെ കോടതി മുഖാന്തിരം ദത്തെടുത്തു.
''ഞാൻ മനോരമയിൽ ചേർന്ന ശേഷം,അവരുടെ അഡ്രസ് തിരക്കിപ്പിടിച്ച് ,ആ കുട്ടിയുടെ കാര്യങ്ങൾ അന്വേഷിച്ച് കത്തെഴുതി. ഏതാനും മാസം കഴിഞ്ഞ് കുട്ടിയുടെ മൂന്ന് ഫോട്ടോകൾ സഹിതം അദ്ദേഹംമറുപടി അയച്ചു."We live in a village called Malmo..എന്ന് തുടങ്ങുന്ന കത്ത്.
ആറു മാസം കഴിഞ്ഞ് ഇതെക്കുറിച്ച് ഒരു ഫീച്ചർ എഴുതി, ദ ഹിന്ദുവിൻ്റെ സണ്ടേ മാഗസിന് അയച്ചു. "It’s spring in Malmo now..’ എന്ന് ആരംഭിക്കുന്ന ആ ലേഖനം തങ്ങൾക്കുള്ള എക്സ്ക്ളുസീവാണോ എന്ന് അന്വേഷിച്ച് അവർ ടെലഗ്രാം അയച്ചു. ‘അതെ’ എന്ന് മറുപടി നൽകിയതോടെ, മാഗസിനിൽ ഒന്നാം പേജിൽ ചിത്രങ്ങളോടെ അത് പ്രസിദ്ധീകരിച്ചു. 500 രൂപയാണ് അതിനു പ്രതിഫലം കിട്ടിയത്.
1981ൽ ,ബംഗ്ളാദേശിൻ്റെ പത്താം രാഷ്ട്രപ്പിറവി റിപ്പോർട്ട് ചെയ്യാൻ ഡാക്ക സന്ദർശിച്ചു.വധിക്കപ്പെട്ട രാഷ്ട്രത്തലവൻ ഷേക്ക് മുജീബുർ റഹ്മാൻ്റെ മകൾ ഷേക്ക് ഹസീനയുമായി അഭിമുഖം നടത്താൻ അവസരം കിട്ടി. അന്നവർ വീട്ടുതടങ്കലിൽ ആയിരുന്നു. പ്രധാനമന്ത്രി പദത്തിൽ നിന്ന് കഴിഞ്ഞവർഷം പുറത്താക്കപ്പെട്ട അവർക്ക് ഇന്നും ഇന്ത്യയോട് വളരെ അടുപ്പം.
1986ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ സന്ദർശനം റിപ്പോർട്ട് ചെയ്യാൻ കൊൽക്കത്തയിൽ പോയത് ഫോട്ടോഗ്രാഫർ വിക്ടർ ജോർജ്ജിനൊപ്പം. മനോരമ ഞായറാഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ഫീച്ചറിൽ ഒരേ രാജ്യക്കാരായ മാർപാപ്പയും മദർ തെരേസയും ആലിംഗബദ്ധരായി നിൽക്കുന്ന വലിയ ഫോട്ടോയുണ്ടായിരുന്നു. അതുമായി മദർ തെരേസയെ കാണാൻ പോയി.
പിന്നീട് അവരുടെ പിൻഗാമിയായിത്തീർന്ന സിസ്റ്റർ നിർമ്മലയായിരുന്നു സെക്രട്ടറി. അവരുടെ അനുമതി വാങ്ങി മദർ തെരേസയെ കണ്ട് സംസാരിച്ചു. മദർ മുൻപ് കോട്ടയത്ത് വന്നപ്പോൾ മലയാള മനോരമയിൽ നൽകിയ സ്വീകരണത്തിൽ ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി ഒരു ലക്ഷം രൂപ സംഭാവന നൽകിയിരുന്നു.
മരണാസന്നരായ രോഗികളെ പരിചരിക്കുന്ന,ഹൗറ പാലത്തിനടുത്തുള്ള അവരുടെ കേന്ദ്രം അടുത്ത ദിവസം മാർപാപ്പ സന്ദർശിക്കുന്നുണ്ട്. രണ്ടു പേരും ചേന്ന് അന്തേവാസികൾക്ക് കഞ്ഞി കോരി നൽകും.പഴയ ആ കെട്ടിടത്തിലെത്തിയപ്പോൾ,ചടങ്ങിൽ ഫോട്ടോയെടുക്കാൻ റോയിട്ടേഴ്സിനും പി.ടി.ഐക്കും മാത്രമേ അനുവാദം നൽകിയിട്ടുള്ളൂ എന്ന് മനസിലായി.
സന്യാസിനിമാരിൽ ആരെങ്കിലും അന്തേവാസികൾക്ക് ഒരു സ്പൂൺ കഞ്ഞി നൽകുന്ന പടം എടുത്താൽ മാർപാപ്പയുടെ ചിത്രത്തിനൊപ്പം ചേർത്ത് പത്രത്തിൽ നൽകാമെന്നായി വിക്ടർ.പക്ഷേ, എത്ര അപേക്ഷിച്ചിട്ടും ചുമതലയുള്ള മലയാളിയായ സിസ്റ്റർ ലുക്ക് അനുവദിച്ചില്ല. അവസാനം, മദറിന്റെ അനുമതിയുണ്ടെങ്കിൽ സമ്മതിക്കാമെന്നായി അവർ. തിരികെ മദർ ഹൗസിലെത്തി കാത്തിരുന്ന്, മദറിനെ കണ്ട് കാര്യം പറഞ്ഞു. “അനുകൂലപ്രതികരണം ഉണ്ടാകാത്തതിനാൽ ഞാൻ മദറിനോട് ഇങ്ങനെ പറഞ്ഞു: "We’re also missionaries. അതോടെ അവർ അയഞ്ഞു. അതിന് മദറിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു- 'Yes yes, I understand, a candle should not be put under a canopy."
കേരളത്തിൽ നിന്ന് ആദ്യമായി സ്റ്റേറ്റ്സ് മാൻ അവാർഡ് കിട്ടുന്നത് കുര്യൻ പാമ്പാടിക്കാണ്. ബീഹാറിലെ ആദിവാസികൾക്കിടയിൽ പ്രവർത്തിച്ച സിസ്റ്റർ ജ്യോത്സ്നയുടെ പോരാട്ടങ്ങളെക്കുറിച്ചുള്ള പരമ്പരയ്ക്കായിരുന്നു, 1980ൽ അവാർഡ് ലഭിച്ചത്. ഇതിനെ ആസ്പദമാക്കി എഴുതിയ പുസ്തകമാണ് ‘സിസ്റ്റർ ജ്യോത്സ്നയോടൊപ്പം’.
1987ൽ ജനറൽ റിപ്പോർട്ടിങ്ങിനുള്ള സംസ്ഥാന സർക്കാരിൻ്റെ പുരസ്കാരവും പാമ്പാടിക്ക് കിട്ടി. കിഡ്നി മാഫിയയെക്കുറിച്ചുള്ള ‘നരഭോജികൾ’ എന്ന അന്വേഷണ പരമ്പരയ്ക്കായിരുന്നു അവാർഡ്.കൊല്ലം എഡിഷനിൽ വന്ന ഒരു വാർത്തയെക്കുറിച്ച് അന്വേഷിക്കാൻ അന്നത്തെ മനോരമ ചീഫ് അസോസിയേറ്റ് എഡിറ്ററാണ് പാമ്പാടിയെ ഏൽപ്പിച്ചത്. നാട് വിട്ട് മുംബൈയിൽ പോയി, അവിടെ ഒരു ഇറാനിയൻ ഹോട്ടലിൽ ജോലിചെയ്തിരുന്ന ഉളിയക്കോവിൽ സ്വദേശിയായ ഒരാൾ തിരിച്ചെത്തി.ലോട്ടറി വില്പനയുമായി കഴിഞ്ഞ അയാൾക്ക് അസുഖം വന്നപ്പോൾ നടത്തിയ പരിശോധനയിൽ ഒരു കിഡ്നി നഷ്ടമായതായി കണ്ടെത്തിരുന്നു.
കൊല്ലത്തെത്തി , അയാളുമായി സംസാരിച്ച് കാര്യങ്ങൾ മനസിലാക്കി. വീട്ടിൽ സൂക്ഷിച്ചിരുന്ന ചികിൽസാരേഖകളുടെ കോപ്പിയെടുത്തു. അതിൽ ഗോബിന്ദ് എന്ന് പെൻസിലിൽ രേഖപ്പെടുത്തിയിരുന്നു.അയാൾ കിഡ്നി മാഫിയ ഏജൻ്റായിരുന്നു.വയറു വേദന വന്നപ്പോൾ ചികിത്സക്ക് പോയ മുംബൈയിലെ ഒരു ആശുപത്രിയിൽ ഡോക്ടറായ ഗാന്ധി നടത്തിയ ശസ്ത്രക്രിയയിലാണ് കിഡ്നി നഷ്ടപ്പെട്ടതെന്ന് വ്യക്തമായി. കോട്ടയത്തെ പ്രമുഖ വൃക്കരോഗവിദഗ്ധനുമായി സംസാരിച്ച് , ഇതെക്കുറിച്ച് കൂടുതൽ പഠിച്ചു. അദ്ദേഹത്തോടൊപ്പം വൃക്കവിദഗ്ദ്ധരുടെ ഒരു സമ്മേളനത്തിൽ പങ്കെടുക്കാൻ മധുരയിൽ പോയി.
മധുരയിലെ പ്രസംഗകരിലൊരാൾ ഡോ.ഗാന്ധിയായിരുന്നു! വെല്ലൂരിലെ മെഡിക്കൽ കോളേജിലും പോയി.അവിടെ കരിക്കുവിൽപ്പനക്കാരായിരുന്നു ഏജൻ്റുമാർ. കിഡ്നി ആവശ്യമുള്ളവരാണെന്ന് പറഞ്ഞുകൊണ്ട്, ഇടനിലക്കാരെ സമീപിച്ചാണ് അന്വേഷണം നടത്തിയത്.ഹൈദരാബാദിലെയും മുംബൈയിലെയും ആശുപത്രികളിൽ അന്വേഷണം നടത്തി വിവരങ്ങൾ ശേഖരിച്ചു.കിഡ്നി സ്വീകരിച്ച അറബികളുടെ ചിത്രങ്ങൾ ആശുപത്രിയിൽ നിന്ന് സാഹസികമായി എടുത്തു. ആശുപത്രി ഉടമ ഭീഷണിപ്പെടുത്തിയതോടെ അവിടെ തുടരുന്നത് അപകടകരമായതിനാൽ തിരിച്ചു വന്നു. അപ്പോഴും ഇടനിലക്കാരനായ ഗോബിന്ദിന്റെ ഫോട്ടോ മാത്രം കിട്ടിയിരുന്നില്ല.
നായേഴ്സ് ആശുപത്രിക്ക് മുന്നിൽ കരിക്ക് വിൽക്കുന്ന ഒരു മലയാളിയുമായി ലോഹ്യം കൂടി.അയാൾക്ക് ആളെ അറിയാമായിരുന്നു. ഫോട്ടോയെടുത്ത് മുംബൈ ഓഫീസിൽ ഏൽപ്പിക്കാൻ ശട്ടം കെട്ടി.പരമ്പരയുടെ ഒൻപതാം ഭാഗം വന്ന അന്ന് ആ ചിത്രങ്ങൾ മുംബൈ ഓഫീസിൽ കിട്ടി. “അയാൾ ഒരു റോൾ ഫിലിമാണ് ഏൽപ്പിച്ചത്.അതിലെ ചിത്രങ്ങൾക്ക് തെളിച്ചമില്ലായിരുന്നു.പക്ഷേ,ഗോബിന്ദിൻ്റെ മുഖം വ്യക്തമായിരുന്നു. പരമ്പരയുടെ അവസാന ഭാഗത്തിൽ ഗോബിന്ദിന്റെ ചിത്രം കൊടുത്തു”.
1996ൽ മലയാള മനോരമയിൽ നിന്ന് വിരമിച്ച ശേഷം കുര്യന് പാമ്പാടി ഇംഗ്ളീഷ് മാദ്ധ്യമപ്രവർത്തനത്തിലേക്ക് മടങ്ങി.ഓൺലൈനിലും ഏറെ സജീവമാണ്.സർവീസിലിരിക്കെ തന്നെ ഭാരതീയ വിദ്യാഭവനിൽ തുടങ്ങിയ മാദ്ധ്യമാദ്ധ്യാപനവും ഏറെക്കാലം തുടർന്നു.പഠിപ്പിച്ചവരിൽ പലരും പ്രമുഖപത്രങ്ങളിലുണ്ട്.
'രണ്ട് ജർമനികൾ' , 'സിംഹഭൂമിയിൽ' എന്നീ പുസ്തകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. 'അഹാഡ്സ് ' അട്ടപ്പാടിയിലെ ആദിവാസി സമൂഹത്തിലുണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ച് എഴുതിയ പുസ്കകം 'സ്വർണ്ണ ഗദ്ദേ' അടുത്തു തന്നെ പ്രസിദ്ധീകൃതമാകും.
ലേഖകർക്കൊപ്പം കുര്യൻ പാമ്പാടി
അച്ചടി മാദ്ധ്യമങ്ങളുടെയും ടെലിവിഷൻ ചാനലുകളുടെയും വിജയത്തിനടിസ്ഥാനം അവയുടെ വിശ്വാസ്യതയാണന്ന് കുര്യൻ പാമ്പാടി പറഞ്ഞു.ചാനലുകളുടെ ഉടമസ്ഥർ ആരെന്നതും പ്രധാനപ്പെട്ടതാണ്.
പുതുകാലത്തെ മാദ്ധ്യമപ്രവർത്തകർ നല്ല ഗൃഹപാഠം ചെയ്യേണ്ടതുണ്ട്.അതിന് വിവരസാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്താം. "പേനക്ക് പകരം മൊബൈൽ ഫോണാണ് ഇന്ന് അവരുടെ പടവാൾ. പക്ഷേ, നേരിട്ട് പോയി റിപ്പോർട്ട് ചെയ്യുന്നതിന് മുൻഗണന നൽകണം, ഒരുപാട് സ്വർണ്ണത്തരികൾ വീണു കിട്ടും".
കോട്ടയം മെഡിക്കൽ കോളേജിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്കടുത്താണ് കുര്യൻ പാമ്പാടി താമസിക്കുന്നത്. ഭാര്യ ഗ്രേസി തിരുവനന്തപുരം, കോട്ടയം മെഡിക്കൽ കോളേജുകളിൽ ഫാക്കൽട്ടി അംഗമായിരുന്നു. മക്കളായ അനൂപും (ന്യൂയോർക്ക്) അരുണും വിവരസാങ്കേതിക രംഗത്ത് പ്രവർത്തിക്കുന്നു.
No comments:
Post a Comment