പി.ജെ മാത്യുവിന് ഇംഗ്ലീഷ് ,മലയാളം മാധ്യമ പ്രവർത്തനത്തിൽ അര നൂറ്റാണ്ടിലേറെ അനുഭവസമ്പത്തുണ്ട്. വെല്ലുവിളികൾ സ്വമനസ്സാലെ ഏറ്റെടുത്ത് , പല തലമുറയിലും പെട്ട നൂറുകണക്കിന് പത്രപ്രവർത്തകർക്ക് എന്നും വഴികാട്ടിയും പ്രചോദനവുമായ ഗുരുനാഥനാണ് അദ്ദേഹം.
1949-ൽ കോട്ടയം ജില്ലയിലെ കടപ്ലാമറ്റം മാറിടത്തുനിന്ന് ഓണക്കാലത്താണ് കോഴിക്കോട് ജില്ലയുടെ കിഴക്കുഭാഗത്തുള്ള കട്ടിപ്പാറയിലേക്ക് അദ്ദേഹത്തിന്റെ കുടുംബം കുടിയേറിയത്. അന്ന്, മൂന്നാം ക്ലാസിൽ പഠിക്കുകയായിരുന്നു .അടുത്തെങ്ങും സ്കൂൾ ഇല്ലാത്തതിനാൽ കക്കയം ഡാമിന്റെ വൃഷ്ടിപ്രദേശമായ കല്ലാനോട്ടുള്ള അമ്മാവന്റെ കൂടെ നിന്നാണ് പഠിച്ചത്. ദേവഗിരി സെന്റ് ജോസഫ്സ് കോളേജിൽ നിന്ന് ബി.എസ്. സി പാസായ ശേഷം രണ്ട് വർഷം സയൻസ്, മലയാളം അധ്യാപകനായി . വീട്ടിലെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടപ്പോൾ , ദേവഗിരി കോളേജിൽ എം.എ ഇംഗ്ലീഷ് സാഹിത്യത്തിന് ചേർന്നു.
അപ്പോൾ ,നാഗ്പൂരിലെ ഹിസ് ലോപ് കോളേജിൽ ജേണലിസം പഠിക്കാൻ ഇന്ത്യൻ കാത്തലിക് പ്രസ് അസോസിയേഷന്റെ ഒരു സ്കോളർഷിപ്പ് കിട്ടി. അന്ന് മറ്റ് രണ്ട് സ്ഥാപനങ്ങളിൽ മാത്രമേ ജേണലിസത്തിൽ പി.ജി. കോഴ്സുള്ളൂ.അങ്ങനെ,അവിടെ വിദ്യാർത്ഥിയായി .എം.ജെ ആന്റണി, സച്ച്ദേവ് (നവഭാരത് ടൈംസ് മുൻ എഡിറ്റർ), ഡോ.ജി.പി.എസ് നായർ ( എസ്.സി.എം.എസ്. സ്ഥാപകൻ)ഉൾപ്പെടെ ,പിന്നീട് ഈ മേഖലയിൽ പ്രഗൽഭരായിത്തീർന്ന പലരും സഹപാഠികളായിരുന്നു.
ഒരു വർഷത്തെ പഠനാനന്തരം ഡൽഹിയിലെ ഓർബിറ്റ് ഇംഗ്ലീഷ് വാരികയിൽ ചേർന്നു.അത് കാത്തലിക് പ്രസ്സ് അസോസിയേഷന്റെ പ്രസിദ്ധീകരണമായിരുന്നു.'സജീവൻ' എന്ന ഹിന്ദി പതിപ്പുമുണ്ടായിരുന്നു. ഓർബിറ്റിന്റെ ഡെസ്കിൽ ട്രെയ്നിയായിട്ടായിരുന്നു 1966-ൽ മാദ്ധ്യമ പ്രവർത്തനത്തിന്റെ തുടക്കം. രൂപകല്പനയിൽ വിദഗ്ദ്ധനായ സാം കാസ്റ്റലീനോയ്ക്കായിരുന്നു ,പ്രൊഡക്ഷന്റെ മേൽനോട്ടം. യു.എസ്. ഇൻഫർമേഷൻ സർവീസിലെ പ്രസിദ്ധീകരണ വിഭാഗത്തിൽ ഉദ്യോഗസ്ഥനായിരുന്നു, അദ്ദേഹം.ഡിസൈനിങ്ങിൽ താല്പര്യമുണ്ടായിരുന്നതിനാൽ, പ്രൊഡക്ഷന്റെ ചുമതല കിട്ടി. ആദ്യ കാലത്ത് നിരാദ് സി ചൗധരി, ഡോ.എം.എസ്. സ്വാമിനാഥൻ തുടങ്ങിയവരുമായി അഭിമുഖം നടത്തി , ഫീച്ചറുകളും എഴുതി.
അവർ ഒരു വർഷത്തെ പരിശീലനത്തിനായി അമേരിക്കയിലേക്ക് അയച്ചു.ലോക രാഷ്ട്രീയം സംഘർഷനിർഭരമായിരുന്ന സമയമായിരുന്നു ,അത് . ചെഗുവേര കൊല്ലപ്പെട്ടു. വിയ്റ്റ്നാംയുദ്ധം പാരമ്യത്തിൽ എത്തിനിന്നു.ഹിപ്പിയിസം ലോകത്ത് പ്രകമ്പനങ്ങൾ സൃഷ്ടിച്ചു തുടങ്ങി. “ ഇക്കാലത്ത് ഐക്യരാഷ്ട്ര സഭയിലെ ചർച്ചകൾ റിപ്പോർട്ട് ചെയ്യാൻ അവസരം ലഭിച്ചത് വിലപ്പെട്ട അനുഭവമായിരുന്നു. പ്രശ്നങ്ങൾക്ക് നയതന്ത്ര പരിഹാരങ്ങൾ സാദ്ധ്യമാവുന്നതെങ്ങനെ എന്ന് മനസിലാക്കി”.
അന്ന് അവിടെ നിന്ന് എയർ മെയിലിലാണ് ഡൽഹിക്ക് ആ റിപ്പോർട്ടുകൾ അയച്ചിരുന്നത്. തുച്ഛമായ സ്റ്റൈപ്പന്റ് കൊണ്ട് ടെലിഫോൺ കണക്ഷൻ എടുക്കാൻ കഴിയുമായിരുന്നില്ല."അമേരിക്കയിലെ അനുഭവങ്ങൾ എന്റെ ലോകവീക്ഷണത്തിൽ തന്നെ വലിയ മാറ്റമുണ്ടാക്കി.തിരിച്ചെത്തി, ആ കാഴ്ചപ്പാടുകൾ ഉപയോഗിക്കാൻ ശ്രമിച്ചപ്പോൾ മാനേജ്മെന്റിന് അവ സ്വീകാര്യമായിരുന്നില്ല. അവരുടേത് അമേരിക്ക, ഇസ്രയേൽ അനുകൂല നിലപാടുകളായിരുന്നു". രണ്ടു വർഷം ജോലി ചെയ്യണമെന്ന് ബോണ്ട് ഒപ്പിട്ടു നൽകിയിരുന്നെങ്കിലും, അതിന് മുൻപ് അവിടെനിന്ന് പുറത്തായി.
പിന്നെ മൂന്ന് വർഷത്തോളം ദി ഇന്ത്യൻ എക്സ്പ്രസിൽ പ്രവർത്തിച്ചു. ആറുമാസം കൊണ്ട് ,സിറ്റി എഡിഷൻ-ഇൻ- ചാർജ് ആയി ചുമതലകൾ കിട്ടി. ജവഹർലാൽ നെഹ്റു തന്റെ പ്രിയപ്പെട്ട എഡിറ്റർ എന്ന് വിശേഷിപ്പിച്ച ഫ്രാങ്ക് മൊറൈസും അബു എബ്രഹാമും അന്ന് ദി ഇന്ത്യൻ എക്സ്പ്രസിലുണ്ട്. "ബംഗ്ലാദേശ് യുദ്ധസമയത്ത് അത് റിപ്പോർട്ട് ചെയ്യാൻ താല്പര്യമുണ്ടായിരുന്നെങ്കിലും മാനേജ്മെന്റ് അവസരം നൽകിയില്ല. പക്ഷേ, ഫാൽഗുനി ചക്രവർത്തി എഴുതിയ യുദ്ധ റിപ്പോർട്ടുകൾ ഞാൻ സമഗ്രമായി റീറൈറ്റ്ചെയ്താണ് നൽകിയത്.അവ അദ്ദേഹത്തിന് പേരും പ്രശസ്തിയും നൽകി. തുടർന്ന്, അദ്ദേഹത്തിന് യുനെസ്കോയിൽ നിയമനവും കിട്ടി".
മൂന്ന് വർഷത്തിനുശേഷം ഹിന്ദുസ്ഥാൻ ടൈംസിൽ ചേർന്നു. “ഞാൻ ഏറ്റവും കൂടുതൽ കാലം പ്രവർത്തിച്ചത് അവിടെയായിരുന്നു-പതിനൊന്നു വർഷം”.അന്ന്, മലയാളിയായ ബി.ജി വർഗീസായിരുന്നു,പത്രാധിപർ;സി.പി രാമചന്ദ്രൻ അസിസ്റ്റൻ്റ് എഡിറ്ററും. “രാഷ്ട്രീയ തലത്തിൽ വലിയ ബന്ധങ്ങളുള്ളയാളായിരുന്നു രാമചന്ദ്രൻ.അദ്ദേഹം ആഴ്ചയിൽ ഒന്നോ രണ്ടോ മുഖപ്രസംഗങ്ങളെഴുതുമായിരുന്നു-കാച്ചിക്കുറുക്കിയ വാക്കുകളിൽ കുറിക്കുകൊള്ളുന്ന ആ മുഖപ്രസംഗങ്ങൾ അദ്ദേഹമെഴുതിയതാണെന്ന് വായനക്കാർക്ക് അറിയാമായിരുന്നു”.
രണ്ടു വർഷത്തിനുള്ളിൽ മാത്യുവിന് ചീഫ് സബ്ബ് എഡിറ്ററായി പ്രമോഷൻ ലഭിച്ചു.സംഘടനാപ്രവർത്തങ്ങളിലും സജീവമായി. അന്ന് നാഷണൽ യൂണിയൻ ഓഫ് ജേർണലിസ്റ്റ്സ് എന്ന സംഘടന പ്രസിദ്ധീകരിച്ചിരുന്ന 'ഇങ്ക് വേൾഡി'ന്റെ അസിസ്റ്റന്റ് എഡിറ്ററായും പ്രവർത്തിച്ചു. ഇങ്ക് വേൾഡിൽ പി.ടി.ഐ,യു.എൻ.ഐ വാർത്താഏജൻസികളുടെ ലയനം സംബന്ധിച്ച അന്തർനാടകങ്ങളെക്കുറിച്ച് ലേഖനങ്ങൾ കൊടുത്തു. പക്ഷേ,അതിന് ശേഷം വലിയ സെൻസർഷിപ്പിന് ഈ പ്രസിദ്ധീകരണം വിധേയമായി.
അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടുമ്പോൾ ഒരു മാസത്തെ അവധിക്ക് നാട്ടിലായിരുന്നു. “തിരിച്ചെത്തിയപ്പോൾ,അന്നത്തെ ന്യൂസ് എഡിറ്റർ ശങ്കര സുബ്രഹ്മണ്യം വിളിച്ചു പറഞ്ഞു; ഈ പത്രം ഒത്തിരിപ്പേരുടെ അന്നമാണ്. പ്രശ്നങ്ങളൊന്നും ഉണ്ടാകരുത്.എന്റെ സ്വതന്ത്ര മനസ്ഥിതി കാരണമാകാം,അദ്ദേഹം അങ്ങനെ പറഞ്ഞത്".
പത്രസ്വാതന്ത്ര്യത്തിനായി വാദിച്ചതിന്, അടിയന്തിരാവസ്ഥയുടെ തുടക്കത്തിൽ തന്നെ ഹിന്ദുസ്ഥാൻ ടൈംസ് ഉടമസ്ഥരായ ബിർള കുടുംബം പത്രാധിപർ ബി.ജി വർഗീസിനെ പുറത്താക്കി.അന്ന് സി.പി രാമചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു,പത്രപ്രവർത്തക യൂണിയൻ നിയമയുദ്ധം നടത്തിയത്. പക്ഷേ,അത് വിജയിച്ചില്ല.1977ലെ ലോക്സഭാതെരഞ്ഞെടുപ്പിൽ പത്രസ്വാതന്ത്ര്യത്തിനായി പോരാടിയ അദ്ദേഹത്തെ പ്രതിപക്ഷമുന്നണി മാവേലിക്കരയിൽ സ്ഥാനാർത്ഥിയാക്കി. പക്ഷേ,ആ തെരഞ്ഞെടുപ്പിൽ കേരളത്തിലെ 20 ലോക്സഭാസീറ്റുകളിലും കോൺഗ്രസ് മുന്നണി ജയിച്ചു.
‘പ്ളീസ് സേവ് മൈ ചെയർ’ എന്ന അഭ്യർത്ഥനയുമായിട്ടായിരുന്നു പുതിയ പത്രാധിപർ ഹിരണ്മയി കർലേക്കർ ചുമതലയേറ്റത്. കടുത്ത സെൻസർഷിപ്പിന്റെ കാലമായിരുന്നു അത്."ഇക്കാലത്താണ് വാർത്തയിൽ മാനേജ്മെൻറ് കൈകടത്തി തുടങ്ങിയത്. എം.ഡിയും ജനറൽ മാനേജരുമൊക്കെ ഫോർമാന് നേരിട്ട് നിർദ്ദേശം നൽകി".
അടിയന്തരാവസ്ഥയ്ക്ക് ശേഷം ഖുഷ്വന്ത് സിങ്ങ് പത്രാധിപരായി.അദ്ദേഹം അധികകാലം തുടർന്നില്ല.എൻ.സി മേനോൻ ആക്ടിങ്ങ് എഡിറ്ററായി. “സ്വതന്ത്ര പത്രപ്രവർത്തനം നൽകിയ ത്രിൽ ഇല്ലാതെയായപ്പോൾ അത് വിരസമായി.മാധ്യമപ്രവർത്തനം തന്നെ ഉപേക്ഷിച്ച്,1983-ൽ ഞാൻ നാട്ടിലേക്ക് മടങ്ങി അവിടെ റബർ കൃഷി ചെയ്തു ജീവിക്കാനായിരുന്നു തീരുമാനം”.
പക്ഷേ, ഏതാനും മാസങ്ങൾക്കു ശേഷം ജ്യേഷ്ഠൻ സിറിയക് ജോണിന്റെ മകളുടെ വിവാഹച്ചടങ്ങിൽ അമലാപുരി പള്ളിയിൽവച്ച് കേരളകൗമുദി റസിഡന്റ് മാനേജർ വി.എം മരങ്ങോലിയെ കണ്ടത് വലിയ വഴിത്തിരിവായി.ആധുനിക സാങ്കേതിക സംവിധാനങ്ങളുമായി കേരളകൗമുദി കോഴിക്കോട്ട് നിന്ന് പ്രസിദ്ധീകരണം ആരംഭിക്കാനുള്ള ഒരുക്കങ്ങൾ നടത്തുന്ന സമയമായിരുന്നു അത്.അങ്ങനെ,അവിടെ ന്യൂസ് എഡിറ്ററായി ചുമതലയേറ്റു.എം.എസ് മധുസൂദനനായിരുന്നു മാനേജിംഗ് ഡയറക്ടർ.കേരളത്തിലെ ആദ്യത്തെ ഫോട്ടോ കമ്പോസിംഗ് സംവിധാനം. പത്രപ്രവർത്തകർ തന്നെ വാർത്തകൾ കമ്പോസ് ചെയ്ത് പത്രം ഒരുക്കണം എന്നായിരുന്നു നിർദ്ദേശം.രണ്ട് ഫോട്ടോ കമ്പോസിംഗ് മെഷീനുകൾ മാത്രമാണ് ഉണ്ടായിരുന്നത്. "ഡൽഹിയിലുണ്ടായിരുന്നപ്പോൾ കൊറിയൻ എംബസിയുടെ ഒരു പ്രസിദ്ധീകരണവുമായി സഹകരിച്ചിരുന്നു.അന്ന് ഇതിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ച് കിട്ടിയ ധാരണ ഇവിടെ ഉപകാരപ്പെട്ടു. അത് അച്ചടിച്ചിരുന്നത് ഏറ്റവും ആധുനികമായ സംവിധാനങ്ങളുള്ള തോംസൺ പ്രസ്സിലായിരുന്നു".
കോഴിക്കോട്ടെ പരിമിത സൗകര്യങ്ങൾ വച്ച്,കുറ്റമറ്റ രീതിയിൽ പത്രം ഇറക്കാൻ ആവില്ലെന്ന് മാനേജ്മെന്റിനോട് പറഞ്ഞെങ്കിലും അവർ സമ്മതിച്ചില്ല.അങ്ങനെ, പരീക്ഷണാടിസ്ഥാനത്തിൽ ,സിറ്റി എഡിഷനായി മാത്രം പത്രം തുടങ്ങി.പക്ഷേ, അത് പുറത്തും വിതരണം ചെയ്യപ്പെട്ടു. “അതിൽ നിറയെ തെറ്റുകളുണ്ടായിരുന്നു.എങ്ങനെ ഒരു പത്രം ഇറക്കരുത് എന്നതിന്റെ ഉദാഹരണമായിരുന്നു,അത്.ഒരു മാസം കഴിഞ്ഞ് ഞാൻ രാജിവച്ചു”.
തുടർന്ന്, ഒരു വർഷത്തോളം കലാകൗമുദിയുടെ മലബാറിലെ സ്പെഷ്യൽ കറസ്പോണ്ടന്റായി.ഇക്കാലത്ത് തന്നെ ഹൈദരാബാദിൽ നിന്ന് ഇറങ്ങിയിരുന്ന ന്യൂസ് ടൈം പത്രത്തിൻ്റെ മലബാർ സ്ട്രിങ്ങറുമായി. എം.എസ് മധുസൂദനന് പകരം എം.എസ് മണി പത്രത്തിന്റെ ചുമതല ഏറ്റെടുത്ത ശേഷം ന്യൂസ് എഡിറ്ററായി കേരളകൗമുദിയിൽ തിരികെ എത്തി.ഏതാനും മാസങ്ങൾക്കു ശേഷം എൻ.പി മുഹമ്മദ് റസിഡൻ്റ് എഡിറ്ററായി വന്നു.
ആറു മാസത്തിനുള്ളിൽ 50000 കോപ്പിയാക്കണമെന്നായിരുന്നു,മാനേജ്മെന്റിന്റെ ആവശ്യം.പരിചയസമ്പന്നരായ യു.കെ കുമാരൻ,കെ.കോയ, പി.സുജാതൻ, ടി.വി വേലായുധൻ,അബ്ദുൾ റഹിമാൻ തുടങ്ങിയവർക്കൊപ്പം പ്രതിഭാധനരായ ചെറുപ്പക്കാരുടെ ഒരു ടീം അവിടെ ഉണ്ടായിരുന്നു. അവരിൽ ആദ്യം മുതലുണ്ടായിരുന്ന പ്രസാദ് ലക്ഷ്മണൻ,പി.സി ഹരീഷ്, പി .രവികുമാർ ,രവി മേനോൻ,ബി.വി പവനൻ,കെ.എ ആൻ്റണി.ഇ.എം അഷ്റഫ്,എസ്. ജഗദീഷ് ബാബു,ടി.സോമൻ,ഫോട്ടോഗ്രാഫർ പി.മുസ്തഫ,പിൽക്കാലത്ത് മാതൃഭൂമിയിൽ നിന്ന് വന്ന ഡി.പ്രദീപ് കുമാർ തുടങ്ങിയവർ മാദ്ധ്യമമേഖലയുടെ വിവിധ രംഗങ്ങളിൽ തിളങ്ങി.സർക്കുലേഷൻ ഒരു ഘട്ടത്തിൽ 50,000ത്തിന് മുകളിൽ എത്തി.പക്ഷേ, പത്രപ്രവർത്തകർക്ക് ആനുകൂല്യങ്ങൾ ഒന്നും നൽകാൻ മാനേജ്മെൻറ് തയ്യാറായില്ല.മിക്കവരും വർഷങ്ങളായി ട്രെയിനി ജേർണലിസ്റ്റുകളായി പ്രവർത്തിക്കുകയായിരുന്നു. അവർക്ക് കിട്ടിയിരുന്നത് 500-600 രൂപയായിരുന്നു."മാനേജ്മെന്റുമായി ഇതേക്കുറിച്ച് ഞാൻ ശണ്ഠ കൂടി.ഓഫീസിൽ കാറും മറ്റും നൽകാമെന്ന ഉറപ്പും പാലിക്കപ്പെട്ടില്ല.റസിഡൻ്റ് എഡിറ്ററായി എൻ.എൻ സത്യവ്രതനെ കോഴിക്കോട്ടേക്ക് അയയ്ക്കുമെന്ന് പറഞ്ഞതോടെ ഞാൻ കേരളകൗമുദി വിട്ടു".
കേരള കൗമുദി കോഴിക്കോട് എഡിഷന്റെ സുവർണ്ണകാലഘട്ടമായിരുന്നു അതെന്ന് അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചവർ ഇന്നും ഗൃഹാതുരതയോടെ ഓർക്കുന്നുണ്ട്. കഴിവുള്ളവർക്ക് പൂർണ്ണസ്വാതന്ത്ര്യവും പ്രോൽസാഹനവും നൽകിയ അദ്ദേഹം,അതിനായി മാനേജ്മെൻ്റിന്റെ താല്പര്യങ്ങളെപ്പോലും പലപ്പോഴും അവഗണിച്ചു.1987 ഫെബ്രുവരിയിൽ കോഴിക്കോട് നടന്ന നെഹ്റു ട്രോഫി ഫുട്ബാൾ ടൂർണമെൻ്റ് റിപ്പോർട്ട് ചെയ്യാൻ അദ്ദേഹം ചുമതലപ്പെടുത്തിയത് ,അതുവരെ ഒരു പ്രാദേശിക മത്സരം പോലും റിപ്പോർട്ട് ചെയ്തിട്ടില്ലാത്ത,ജൂനിയറായ രവി മേനോനെ. ‘ഫുട്ബാൾ ഫ്രണ്ട് ’ മാസികയിൽ ചില ലേഖനങ്ങളെഴുതിയ ബന്ധം മാത്രമുള്ള രവി അമ്പരന്നു. അന്ന് ഡെസ്കിൽ തന്നെ പ്രഗൽഭരായ കെ.കോയയും പി.എൻ ശ്രീധരനുമുണ്ടായിരുന്നു. “ഒരു റിസ്ക്കെടുക്കാൻ തോന്നി,എടുത്തു”,അദ്ദേഹം പിൽക്കാലത്ത് രവി മേനോനോട് അതെക്കുറിച്ച് പറഞ്ഞു. “എൻ്റെ പത്രപ്രവർത്തനജീവിതത്തിലെ ആദ്യ ബ്രേയ്ക്കായിരുന്നു,അത്”.കളി കണ്ട്, തൽസമയ ചിത്രങ്ങൾ വരയ്ക്കാൻ ഗ്യാലറിയിൽ ആർട്ടിസ്റ്റ് നമ്പൂതിരി. ചിത്രങ്ങളെടുക്കാൻ പി.മുസ്തഫ. മറ്റ് വിശേഷങ്ങളെഴുതാൻ എം.ബി സതീഷ് കുമാർ,എ.സജീവൻ... “എല്ലാം ചേർന്നൊരു ജുഗൽബന്ദിയായിരുന്നു കേരള കൗമുദി ഒന്നാം പേജ്.എന്റെ കളിയെഴുത്തിന്റെ തുടക്കവും ആദ്യത്തെ ബൈലൈനും അതായിരുന്നു”.
മറ്റൊരു സംഭവമുണ്ട്,ഇതിന് അനുബന്ധമായി.രവി മേനോൻ ടൂർണമെന്റിന്റെ കർട്ടൻ റൈസറൊക്കെ എഴുതിക്കഴിഞ്ഞ്,മത്സരം തുടങ്ങുന്നതിന്റെ തലേദിവസം, അത് കവർ ചെയ്യാൻ തിരുവനന്തപുരത്ത് നിന്ന് മുതിർന്ന സ്പോർട്സ് ലേഖകൻ ജി.യദുകുലകുമാറെത്തി.അത് അവർ മുൻകൂട്ടി അറിയിച്ചിരുന്നില്ല.പോയിവരാൻ അദ്ദേഹത്തിന് കാർ നല്കുമെന്ന് പറഞ്ഞിരുന്നുവത്രേ. ‘എങ്കിൽ, അത് അവിടെപ്പോയി ചോദിച്ചാൽ മതി’ എന്ന് ന്യൂസ് എഡിറ്റർ പറഞ്ഞതോടെ, ക്ഷുഭിതനായി അദ്ദേഹം മടങ്ങിപ്പോയി.
“യദുകുലകുമാറിനും എനിക്കും മൂക്കിൻതുമ്പത്തായിരുന്നു കോപം”,പി.ജെ മാത്യു ചിരിക്കുന്നു. “സ്കൂട്ടറല്ലാതെ ഒരു വാഹനവും അന്ന് ഓഫീസിലുണ്ടായിരുന്നില്ല. ഞങ്ങൾ കഷ്ടപ്പെട്ട് പണിയെടുത്തെങ്കിലും വേണ്ടത്ര സൗകര്യങ്ങളൊന്നും ചെയ്തുതന്നില്ല”.
അക്കാലത്തുനടന്ന രസകരമായൊരു സംഭവമുണ്ട്.പിജെ മാത്യു സിഗരറ്റ് പുകച്ച് ,രാത്രിയിൽ പേജ് തയ്യാറാക്കിക്കൊണ്ടിരിക്കെ,അപ്രതീക്ഷിതമായി,ലേ-ഔട്ട് മുറിലിലേക്ക് കടന്നുവന്നു , മാനേജിങ്ങ് ഡയറക്ടർ എം.എസ് ശ്രീനിവാസൻ.‘മിസ്റ്റർ മാത്യു’ എന്ന് പറഞ്ഞ് അദ്ദേഹം ചുമരിലെ ‘നോ സ്മോക്കിങ്ങ്’ ബോർഡ് ചൂണ്ടിക്കാണിച്ചു. “രോഷാകുലനായ മാത്യുസാർ വാർത്തകളും പേജുമെല്ലാം ശ്രീനിവാസന്റെ മുന്നിലേക്ക് നീക്കിവച്ച്, ‘എങ്കിൽ താങ്കളിത് ചെയ്യൂ’ എന്ന് പറഞ്ഞ് ഇറങ്ങിപ്പോകാനൊരുങ്ങി. അവസാനം,എം.ഡിക്ക് ക്ഷമ പറയേണ്ടിവന്നു”,അന്ന് ട്രെയിനിയായിരുന്ന എസ്.ജഗദീഷ്ബാബു ഓർക്കുന്നു.താനെഴുതിയ ആദ്യ റിപ്പോർട്ട് മുഖത്തേക്ക് വലിച്ചെറിഞ്ഞ അദ്ദേഹം,നല്ല റിപ്പോർട്ടുകൾ വായിച്ച് കെട്ടിപ്പിടിച്ചിട്ടുമുണ്ട്. “എന്നെയും എന്റെ തലമുറയിൽ പെട്ട നൂറുകണക്കിനു പത്രപ്രവർത്തകരെയും ഏറെ സ്വാധീനിച്ച ധിഷണാശാലിയായ പത്രാധിപരാണ് അദ്ദേഹം”.
ചിത്രങ്ങൾക്ക് വലിയ പ്രാധാന്യമാണ് അദ്ദേഹം നൽകിയിരുന്നത് .പ്രധാന സംഭവങ്ങളുണ്ടാകുമ്പോൾ,കേരള കൗമുദി മുഴുവൻപേജ് ചിത്രങ്ങൾ നൽകിയിരുന്നു.ന്യൂസ് ഫോട്ടോഗ്രഫിയിൽ തന്റെ വളർച്ചയ്ക്ക് വലിയ പ്രോൽസാഹനം നൽകിയത് പി.ജെ മാത്യുവായിരുന്നുവെന്ന് പി.മുസ്തഫ പറയുന്നു.പെരുമൺ തീവണ്ടി അപകട വാർത്ത അറിഞ്ഞ്, അദ്ദേഹം മുസ്തഫയെ അങ്ങോട്ടയച്ചു.ചിത്രങ്ങളുമായി തിരിച്ച് കോഴിക്കോടെത്തണമെന്നും നിർദ്ദേശിച്ചു.പക്ഷേ,ഫോട്ടോകളുമായി പേട്ടയിലെ ഓഫീലെത്തണമെന്നായിരുന്നു പത്രാധിപർ ആവശ്യപ്പെട്ടത്.അപ്പോഴേക്കും,മുസ്തഫ പുറപ്പെട്ടുകഴിഞ്ഞു എന്ന് അദ്ദേഹം മറുപടി നൽകി. ആ ദുരന്തത്തിൻ്റെ അത്യപൂർവ്വ ചിത്രങ്ങളുമായാണ് അടുത്ത ദിവസങ്ങളിൽ കോഴിക്കോട് എഡിഷൻ ഇറങ്ങിയത്.ഈ ഫോട്ടോകൾ തന്നെ തിരുവനന്തപുരം എഡിഷനിലും കലാകൗമുദിയിലും വന്നു.ശെൽവരാജ് കയ്യൂർ,പീതാംബരൻ പയ്യേരി,പി.ജെ ഷെല്ലി എന്നീ ന്യൂസ് ഫോട്ടോഗ്രാഫർമാരുടെ വളർച്ചയും അദ്ദേഹത്തിന്റെ പിന്തുണയാലായിരുന്നു.
“ഇത്രയും വർക്ക്ഹോളിക്കായ ഒരു പത്രാധിപരെ ഞാൻ കണ്ടിട്ടില്ല’’,ഡി. പ്രദീപ് കുമാർ ഓർക്കുന്നു. തിരുവനന്തപുരം എഡിഷന്റെ എഡിറ്റോറിയൽ പേജ് അടുത്ത ദിവസമാണ് അക്കാലത്ത് കോഴിക്കോട്ടെ പത്രത്തിൽ കൊടുക്കുക. അത് പെട്ടിയിലാക്കി,വൈകീട്ടെത്തുന്ന ട്രെയിനിൽ അയയ്ക്കുകയായിരുന്നു പതിവ്.പ്യൂൺ പോയി അത് എടുത്തുകൊണ്ടുവരും.ഒരു ദിവസം ട്രെയിൻ വൈകി.പ്യൂണിനെ കാണാനുമില്ല. “ഡെസ്കിൽ അസ്വസ്ഥനായി ഇരിക്കുകയായിരുന്ന അദ്ദേഹത്തെ പെട്ടെന്ന് കാണാതായി.എവിടെപ്പോയെന്ന അന്വേഷണമായി.കുറെക്കഴിഞ്ഞ്,തിരുവനന്തപുരത്തുനിന്നുമുള്ള കവറുമായി വരുന്നു,അദ്ദേഹം.സ്കൂട്ടറിൽ റെയിൽവേസ്റ്റേഷനിൽ പാഞ്ഞുപോയി,അത് എടുത്തുകൊണ്ടുവരുകയായിരുന്നു ന്യൂസ് എഡിറ്റർ!”.
-അതൊക്കെ ഓർമ്മപ്പെടുത്തിയപ്പോൾ ,കോഴിക്കോട്ട് കളക്ട്രേറ്റിനടുത്ത വീട്ടിൽ,ഭാര്യയുടെ മരണ ശേഷം,ഒറ്റയ്ക്ക് കഴിയുന്ന അദ്ദേഹം ചിരിച്ചു.“ഏൽപ്പിച്ച ജോലികൾ ചെയ്തു എന്നതിനപ്പുറം പറയാൻ കൂടുതലൊന്നുമില്ല”.
കേരള കൗമുദി വിട്ടശേഷം, കൊച്ചിയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ധനം, റബർ ഏഷ്യ എന്നീ പ്രസിദ്ധീകരണങ്ങളായിരുന്നു അടുത്ത പ്രവർത്തന മേഖല . കേരള സ്പെക്ട്രം എന്ന പ്രസിദ്ധീകരണം ഇറക്കിയ കുര്യൻ എബ്രഹാമായിരുന്നു അതിന് വഴിതെളിച്ചത്.ഇഷ്ടമുള്ള മേഖലയായിരുന്നു അത്. പക്ഷേ, പരസ്യങ്ങൾ ലഭിക്കുന്ന മുറയ്ക്ക് മാത്രമാണ് ആ പ്രസിദ്ധീകരണങ്ങൾ പലപ്പോഴും ഇറങ്ങിയിരുന്നത്. അതുകൊണ്ട് ,അധ്വാനം ചിലപ്പോൾ പാഴായി പോകുമായിരുന്നു.കുറച്ചുകാലം മാത്രമാണ് അവിടെ പ്രവർത്തിച്ചത്.
തുടർന്ന് മൂന്നു വർഷത്തോളം ഭാരതീയ വിദ്യാഭവന്റെ ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട് കോഴിക്കോട് കേന്ദ്രത്തിന്റെ ഡയറക്ടറായി പ്രവർത്തിച്ചു." ടി. വേണുഗോപാലായിരുന്നു എന്റെ പേര് നിർദ്ദേശിച്ചത്".
ക്രിസ്ത്യൻ പുരോഹിതരുടെ നേതൃത്വത്തിൽ കൊച്ചിയിൽ നിന്ന് ഇന്ത്യൻ കമ്മ്യൂണിക്കേറ്റർ എന്ന ഇംഗ്ലീഷ് ദിനപത്രവും സദ് വാർത്ത എന്ന മലയാളദിനപത്രവും ആരംഭിച്ചപ്പോൾ അതിലേക്ക് അദ്ദേഹം ക്ഷണിക്കപ്പെട്ടു. മദർ തെരേസയായിരുന്നു , പത്രങ്ങളുടെ ഉദ്ഘാടനം നടത്തിയത്. പക്ഷേ, ഏതാനും ദിവസത്തിനു ശേഷം ഇംഗ്ലീഷ് പത്രം നിലച്ചിരുന്നു. അതിന്റെ ചുമതലയാണ് മാത്യുവിന് നൽകിയത് ."പത്രമിറക്കും മുമ്പ് അവർ മാർക്കറ്റ് അവലോകനം നടത്തുകയോ പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കുകയോ ഒന്നും ചെയ്തിരുന്നില്ല. അതിനാൽ പത്രം ഇറക്കാതിരിക്കുകയായിരിക്കും നല്ലത് എന്നായിരുന്നു ഞാൻ മാനേജ്മെന്റിന് നൽകിയ ഉപദേശം .പക്ഷേ ,ധാരാളം പണം കൈവശമുണ്ടെന്നും പത്രമിറക്കണമെന്നും അവർ നിർബന്ധിച്ചു.ചില ഇംഗ്ലീഷ് പത്രങ്ങളിൽ നിന്ന് വിരമിച്ചവരും പുതിയ ആൾക്കാരുമായിരുന്നു ഒപ്പം ഉണ്ടായിരുന്നത്.ഒരു വർഷത്തോളം അത് പ്രസിദ്ധീകരിച്ചു.വളരെ കുറച്ചു കോപ്പികൾ മാത്രമേ അച്ചടിച്ചിരുന്നുള്ളൂ".
പത്രം വലിയ സാമ്പത്തികനഷ്ടമുണ്ടാക്കി.ഒപ്പം ,ആരംഭിച്ച സദ് വാർത്തയിൽ കെ. ജയചന്ദ്രൻ , കെ.രാജഗോപാൽ, സി.എൽ തോമസ്, കെ.പി.ജയദീപ് തുടങ്ങിയ പരിചയസമ്പന്നരായ മാധ്യമപ്രവർത്തകർ ഉണ്ടായിരുന്നുവെങ്കിലും അതും വിജയിച്ചില്ല.സാമ്പത്തിക പ്രതിസന്ധി മൂർച്ചിക്കുകയും ബ്യൂറോകളിലെ ടെലഫോൺ കണക്ഷനുകൾ വിച്ഛേദിക്കപ്പെടുകയും ചെയ്തതോടെ മുന്നോട്ടു പോകാൻ കഴിയാതെയായി. അങ്ങനെ രാജിവച്ചു. അതിനുശേഷം രണ്ടാഴ്ച മാത്രമേ ആ പ്രസിദ്ധീകരണം നിലനിന്നുള്ളൂ. ഏതാനും മാസങ്ങൾ കൂടി സദ് വാർത്ത പ്രസിദ്ധീകരിച്ചു.
അക്കാലത്താണ് ഏഷ്യാനെറ്റ് ആരംഭിച്ചത്. ജയചന്ദ്രനും രാജഗോപാലുമടക്കമുള്ള സദ് വാർത്തയിലെ മുതിർന്ന പത്രപ്രവർത്തകർ അവിടെ വാർത്താവിഭാഗത്തിൽ ചേർന്നു.ഇന്ത്യൻ കമ്മ്യൂണിക്കേറ്ററിൽ ഉണ്ടായിരുന്ന ജി.ആനന്ദിനെ പോലെയുള്ള ചിലർ പിന്നീട് വിവിധ ഇംഗ്ലീഷ് ദിനപത്രങ്ങളിൽ പത്രപ്രവർത്തകരായി.
അതിനുശേഷം കോഴിക്കോട് തിരിച്ചെത്തി ,മാധ്യമം ദിനപത്രത്തിന്റെ എക്സിക്യൂട്ടീവ് എഡിറ്ററായി. "മാധ്യമരംഗത്തെ പരിചയം അവിടെ ഉപയോഗിക്കുന്നതിന് ഏറെ പരിമിതികൾ ഉണ്ടായിരുന്നു. അതുകൊണ്ട് കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല ".
മൂന്ന് വർഷത്തിനുശേഷം മാധ്യമം വിട്ട് ,പിന്നെയും ഭാരതീയ വിദ്യാഭവനിൽ ചേർന്നു.ഒരു വർഷത്തിനു ശേഷം,വർത്തമാനത്തിൽ ചേർന്നു.മുജാഹിദ് പ്രസ്ഥാനത്തിന്റെ പിന്തുണയോടെ വലിയ സംവിധാനത്തിൽ ആരംഭിച്ച അതിന്റെ പത്രാധിപർ ഡോ. സുകുമാർ അഴീക്കോടായിരുന്നു.അദ്ദേഹം വല്ലപ്പോഴും ചില മുഖപ്രസംഗങ്ങൾ എഴുതിയിരുന്നു. അപൂർവമായി മാത്രമേ ഓഫീസിൽ വന്നിരുന്നുള്ളൂ. കേരളകൗമുദിയിൽ ഒപ്പമുണ്ടായിരുന്ന ടി.വി വേലായുധനും രവിമേനോനും മറ്റും വർത്തമാനത്തിൽ ചേർന്നു. (''വർത്തമാനം പത്രത്തിൽ ദൃഷ്ടിദോഷം എന്ന പ്രതിവാര കോളം എഴുതിത്തുടങ്ങിയത് മാത്യു സാറിന്റെ നിർദേശത്തെ തുടർന്നായിരുന്നു",ഡി. പ്രദീപ് കുമാർ ).
നല്ല നിലയിൽ നടന്നുവന്ന പത്രം മുജാഹിദ് പ്രസ്ഥാനത്തിൽ ഉണ്ടായ ഭിന്നിപ്പിനെ തുടർന്ന് പ്രതിസന്ധിയിലായി. മുഖ്യ സാമ്പത്തിക സ്രോതസ്സുകളിൽ ഒരാളായിരുന്ന പി.വി അബ്ദുൾ വഹാബ് 'ചന്ദ്രിക'യുടെ ഡയറക്ടറായി. ഉപജാപകസംഘങ്ങളും പിടിമുറുക്കിയതോടെ പത്രം ക്രമേണ ദുർബലമായി. കുറച്ചുകാലം അവരുടെ ജേണലിസം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചുമതല വഹിച്ചു. 2007-ൽ മാദ്ധ്യമപ്രവർത്തനം അന്തിമമായി അവസാനിപ്പിച്ചു.
കട്ടിപ്പാറയിൽ റബ്ബർ കൃഷിയുമായി കഴിയുമ്പോഴായിരുന്നു,പി. ജെ മാത്യു വിവർത്തനത്തിലേക്ക് തിരിഞ്ഞത് . അത് യാദൃച്ഛികമായി സംഭവിച്ചതാണ്. ഹാർവെസ്റ്റ് മീഡിയയിൽ പ്രവർത്തിച്ചിരുന്ന സുരേഷ് കുമാർ ആരംഭിച്ച പ്രസാധന ശാലയ്ക്കുവേണ്ടി 'ടെക്സ്റ്റ്ബുക്ക് ഓഫ് യോഗ' എന്ന പുസ്തകമാണ് ആദ്യം മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്.പിന്നീട് സാമൂഹിക പ്രവർത്തകനും മുൻ സോഷ്യലിസ്റ്റ് നേതാവുമായ എബ്രഹാം ബെൻഹർ എഴുതിയ ജൂത ക്രിസ്ത്യാനികളുടെ ചരിത്രം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു.
ഇക്കാലത്തു തന്നെ മാതൃഭൂമി ബുക്സിന്റെ ചുമതല വഹിച്ചിരുന്ന ഒ.കെ ജോണി നിർദ്ദേശിച്ചതനുസരിച്ച് ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്ത പുസ്തകമാണ് 'നായയുടെ ഹൃദയവും മറ്റു കഥകളും' .വി. മുസാഫിർ അഹമ്മദിന്റെ മലയാളത്തിൽ എഴുതിയ രണ്ട് യാത്രാ വിവരണ ഗ്രന്ഥങ്ങൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തതാണ് Camels in the sky. "മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ അസിസ്റ്റന്റ് എഡിറ്ററായിരുന്ന കമൽറാം സജീവാണ് ആ വിവർത്തനത്തിന് എന്റെ പേര് നിർദ്ദേശിച്ചത്". ഓക്സ്ഫ~ഡ് യൂണിവേഴ്സിറ്റി പ്രസ് ആ പുസ്തകം പ്രസിദ്ധീകരിച്ചു.അടുത്തിടെ 'ഫിക്കി'യുടെ , വിവർത്തനത്തിനുള്ള ബുക്ക് ഓഫ് ദ ഇയർ പുരസ്കാരം ലഭിച്ചു.ടി.പി രാജീവന്റെ നോവലായ 'കെ.ടി.എൻ കോട്ടൂർ എഴുത്തും ജീവിതവും',The man who learnt to fly,but could not land' എന്ന പേരിൽ വിവർത്തനം ചെയ്തിട്ടുണ്ട്.മറ്റു ചില വിവർത്തനങ്ങൾ പൂർത്തിയായത് പ്രസിദ്ധീകൃതമാകാനുണ്ട്. ഇപ്പോൾ , പി.എ.മുഹമ്മദ് കോയയുടെ സുൽത്താൻ വീട് വിവർത്തനം ചെയ്തുവരുന്നു.
കൃഷിയിലും സജീവമാണ്. റബ്ബർ കൃഷി ചെയ്തിരുന്ന കട്ടിപ്പാറയിലെ അഞ്ച് ഏക്കറിൽ വിവിധയിനം മുളകൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്.“റബ്ബറിന് ഭാവിയില്ല എന്ന് മനസ്സിലാക്കിയാണ് അതിലേക്ക് തിരിഞ്ഞത്”.
പി.ജെ മാത്യുവിനൊപ്പം എൻ.പി ചെക്കുട്ടി,ഡി.പ്രദീപ് കുമാർ,വി.ഇ ബാലകൃഷ്ണൻ,കെ.ആർ ജ്യോതിഷ്
ഇന്ത്യയിലെ മാദ്ധ്യമരംഗം കോർപ്പറേറ്റ് വത്കരിക്കരിക്കപ്പെട്ടിരിക്കുന്നുവെന്ന് പി.ജെ മാത്യു പറഞ്ഞു. “ദേശീയ മാധ്യമങ്ങൾ മിക്കവയും ഇപ്പോൾ ഗോദി മീഡിയയാണ്. എന്നാൽ, കേരളത്തിലെ മാധ്യമപ്രവർത്തകർക്ക് കുറച്ചു കൂടി സ്വാതന്ത്ര്യമുണ്ട്”. പക്ഷേ, പുറത്തുള്ള പലരുമാണ് കാര്യങ്ങൾ പലപ്പോഴും നിയന്ത്രിക്കുന്നത്. ഏതു ദിവസം പത്രം ഇറക്കണം എന്ന് തീരുമാനിക്കുന്നത് ന്യൂസ് പേപ്പർ ഏജന്റുമാരാണ്.ഒരു ഏജന്റ് തന്നെയാണ് ഇപ്പോൾ പല പത്രങ്ങളും വിതരണം ചെയ്യുന്നത്.
“ക്യാമ്പസിൽ രാഷ്ട്രീയ സ്വാധീനം കുറഞ്ഞത് കാരണമാണ് മാധ്യമ രംഗത്തേക്ക് പുതിയ തലമുറ കാര്യമായി വരാത്തത്”,പി.ജെ മാത്യു പറഞ്ഞു.
കൃഷിയും വിവർത്തനവും മാത്രമല്ല പെയിൻ്റിങ്ങും അദ്ദേഹത്തിനിപ്പോൾ പ്രിയങ്കരം.
കോവിഡ് കാലത്ത് ചെയ്ത പെയിൻ്റിങ്ങിൻ്റെ പശ്ചാത്തലത്തിൽപി.ജെ മാത്യു.ഒപ്പം,ഡി.പ്രദീപ് കുമാർ
No comments:
Post a Comment