“സ്കൂൾ പഠനകാലത്ത്, മലയാളം എക്സ്പ്രസിൽ റിപ്പോർട്ടറായ സുഹൃത്തിനൊപ്പം തൃശ്ശൂർ തേക്കിൻകാട് മൈതാനത്ത് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു, ഞാൻ.പെട്ടെന്ന് ആളുകൾ ഒരു കാറിനടുത്തേക്ക് ഓടിക്കൂടുന്നത് കണ്ട് റിപ്പോർട്ടർ ഓടിപ്പോയി, ഉടൻ തിരിച്ചുവന്നു പറഞ്ഞു,'കഷ്ടമായി '. എന്തുപറ്റി എന്ന് ചോദിച്ചു. 'ഇന്നത്തെ വഹക്കൊന്നും കിട്ടിയില്ല, ആക്സിഡൻറ് ആണെന്നാണ് വിചാരിച്ചത്. പക്ഷേ, അല്ല' . ഈ പണിയെന്താണെന്ന് അപ്പോഴാണ് മനസ്സിലായത്”, 'ദി ഇന്ത്യൻ എക്സ്പ്രസ്' ദിനപത്രത്തിന്റെ കേരളത്തിലെ മുൻ റസിഡന്റ് എഡിറ്ററായ എം. കെ ദാസ് പത്രപ്രവർത്തനമേഖലയെക്കുറിച്ച് അറിയുന്നത് ഇങ്ങനെ യാദൃച്ഛികമായി.അച്ഛൻ മന്നത്താഴത്ത് നാരായണ മേനോൻ തൃശൂർക്കാരനായിരുന്നു.ശങ്കരാചാര്യരുടെ ‘സൗന്ദര്യലഹരി’ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്, അദ്ദേഹം.ഹൈക്കോടതിയിൽ
അഭിഭാഷകനായിരുന്ന അദ്ദേഹം കവിതകളും എഴുതുമായിരുന്നു.കൊച്ചിയിൽ
ജനിച്ചുവളർന്ന എം.കെ ദാസ് പഠിച്ചത് സാമ്പത്തികശാസ്ത്രം.എം.എയ്ക്ക്
നാഗ്പ്പൂർ സർവകലാശാലയിൽ പഠിക്കുമ്പോൾ,ആകാശവാണി
നടത്തിയ ഡിബേറ്റിങ്ങ് മത്സരത്തിൽ വെസ്റ്റേൺ സോണിനെ പ്രതിനിധീകരിച്ച്
ടീമംഗമായി ഡൽഹി ബ്രോഡ്കാസ്റ്റിങ്ങ് ഹൗസിൽ പോയത് മറക്കാനാവാത്ത
അനുഭവം.മൂന്ന് ടീമുകളാണ് അതിൽ പങ്കെടുത്തത്.
ബിരുദാനന്തര ബിരുദം കഴിഞ്ഞ് , രണ്ടു കമ്പനികളിൽ എക്സിക്യൂട്ടീവ് ട്രെയിനിയാകാൻ ശ്രമിച്ചു.മുംബൈയിലെത്തി ഇൻ്റർവ്യൂവിൽ പങ്കെടുത്തെങ്കിലും കിട്ടിയില്ല.ഇന്ത്യയിൽ ബിസിനസ് പത്രങ്ങൾ തുടങ്ങിയ കാലമായിരുന്നു,അത്. ഫൈനാൻഷ്യൽ എക്സ്പ്രസിൽ സബ് എഡിറ്ററായി ജോലിചെയ്തിരുന്ന ഒരു സുഹൃത്ത് പറഞ്ഞ്, അവിടേയ്ക്ക് അപേക്ഷിച്ചു. അന്ന് ജി.ജി ഗോഖലെയായിരുന്നു,പത്രത്തിന്റെ ഡെപ്യൂട്ടി എഡിറ്റർ. ദ ടൈംസ് ഓഫ് ഇന്ത്യയിൽ പത്രാധിപർ ഫ്രാങ്ക് മൊറൈസിനൊപ്പം ഡെപ്യൂട്ടി എഡിറ്ററായി പ്രവർത്തിച്ചിരുന്നു,അദ്ദേഹം. തൻ്റെ പിൻഗാമിയായി അദ്ദേഹത്തെ പത്രാധിപരാക്കണമെന്ന് ഫ്രാങ്ക് മൊറൈസ് മാനേജ്മെൻ്റിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അവർ നിയമിച്ചത് എൻ. നൻപൂറിയയെയായിരുന്നു. അങ്ങനെ അവിടെ നിന്ന് രാജിവെച്ച് ഫൈനാൻഷ്യൽ എക്പ്രസിൽ എത്തിയതാണ് ഗോഖലെ. “അദ്ദേഹത്തിന് തെക്കേ ഇന്ത്യക്കാരോട്, പ്രത്യേകിച്ച് മലയാളികളോട് , താല്പര്യമുണ്ടായിരുന്നു. മൂന്നുദിവസം ടെസ്റ്റെഴുതണം എന്ന് പറഞ്ഞെങ്കിലും രണ്ടാം ദിവസം എന്നെ തെരഞ്ഞെടുത്തു”.
അങ്ങനെ, 1963 ജനുവരി ഒന്നിന് ഫീച്ചർ റൈറ്റർ & റീസർച്ച് ഓഫീസർ ആയി മാദ്ധ്യമ ജീവിതം തുടങ്ങി. “പിന്നീട് മറ്റു ചില നല്ല ജോലികൾ കിട്ടിയെങ്കിലും പത്രപ്രവർത്തനത്തിൽ ആവേശത്തോടെ ഉറച്ചുനിന്നു. ഒരോ വിഷയത്തെക്കുറിച്ചും ആഴത്തിൽ പഠിച്ച് എഴുതാൻ തുടങ്ങി”.1969ൽ അസിസ്റ്റൻറ് എഡിറ്ററായപ്പോൾ, മുഖ്യമായും എഴുതിയത് മുഖപ്രസംഗങ്ങളും എഡിറ്റോറിയൽ പേജ് ലേഖനങ്ങളുമായിരുന്നു. പൊതുമേഖല, ഹെവി ഇൻഡസ്റ്റ്രീസ്,കോർപ്പറേറ്റ് മാനേജ്മെൻറ് ,ഏവിയേഷൻ, ഡിഫൻസ് തുടങ്ങി പത്തോളം മേഖലകളിൽ സ്പെഷ്യലൈസ് ചെയ്തു.1978ൽ ചെന്നൈയിൽ നിന്ന് ഫൈനാൻഷ്യൽ എക്സ്പ്രസ് തുടങ്ങിയപ്പോൾ അവിടേയ്ക്ക് നിയോഗിക്കപ്പെട്ടു.
തന്റെ ആദ്യകാലത്തെക്കുറിച്ച് എം.കെ ദാസ് ഓർക്കുന്നതിങ്ങനെ:ഇന്ത്യൻ എക്സ്പ്രസ്സിൽ മുൻപ് വേതനം മോശമായിരുന്നു.“തൊഴിലാളികൾക്ക് ഇത്ര കൊടുത്താൽ മതി എന്നൊരു രീതി നിലനിന്നിരുന്നു.തൊഴിലിനോടുള്ള കടപ്പാടു കൊണ്ടാണ് മിക്കവരും പിടിച്ചുനിന്നത്. പല പത്രങ്ങളിലും ഇതായിരുന്നു അവസ്ഥ. ഫ്രീ പ്രസ് ജേർണലിൽ ട്രെയിനിങ് എടുത്ത് കുറച്ചുകാലം എക്സ്പ്രസിൽ പ്രവർത്തിച്ചശേഷം ടൈംസിലേക്ക് മാറുകയാണ് പലരും ചെയ്തിരുന്നത്”.ഇന്ത്യൻ എക്സ്പ്രസ്സിൽ മുംബൈയിലും ഡൽഹിയിലും പ്രവർത്തിച്ചിട്ടുണ്ട്.
“എക്സ്പ്രസിൽ
പ്രവർത്തിക്കുമ്പോഴുള്ള സ്വാതന്ത്ര്യം മറ്റൊരു പത്രത്തിലും
കിട്ടില്ല.തെറ്റ് തിരുത്തി നന്നാക്കാനുള്ള ശ്രമം ഉണ്ടായിരുന്നു. പഠിക്കാനും പരീക്ഷണം നടത്താനും ധൈര്യമായി എഴുതാനും വലിയ സ്വാതന്ത്ര്യമുണ്ടായിരുന്നു.നല്ല ന്യൂസ് എഡിറ്റർമാരുടെ നീണ്ട നിരതന്നെ എക്സ്പ്രസിൽ ഉണ്ടായിരുന്നു.”
എഡിറ്റർ,ന്യൂസ് എഡിറ്റർ,ചീഫ് റിപ്പോർട്ടർ എല്ലാവരും പ്രശസ്തർ. ഫ്രാങ്ക് മൊറൈസ് തൊട്ട് നന്ദൻ ഗാഡ്ഗിൽ, പ്രേം ഭാട്ടിയ, വി.കെ നരസിംഹൻ, എൻ. എസ് ജഗന്നാഥൻ തുടങ്ങിയവർ. പത്ത് എഡിറ്റർമാരുടെ കീഴിൽ പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുണ്ട് . 40 കൊല്ലത്തെ അനുഭവത്തിൽ ഏറ്റവും സംതൃപ്തി തന്നതും ഏറെ പഠിക്കാൻ കഴിഞ്ഞതും വി.കെ നരസിംഹന്റെയും എൻ. എസ് ജഗന്നാഥന്റെയും ഒപ്പമുള്ള കാലമാണ്.
“ഫൈനാൻഷ്യൽ എക്സ്പ്രസ്സിലെ വാർത്തകൾ കണ്ട് ഇക്കണോമിക് ടൈംസ് പത്രത്തിൽ നിന്ന് ചിലർ വിളിച്ച്, വരുന്നുണ്ടോ എന്ന് ചോദിച്ചിട്ടുണ്ട്. ഞാൻ പറഞ്ഞതിങ്ങനെ: 'എനിക്ക് വരാൻ സാധിക്കില്ല. അവിടുത്തെ സിസ്റ്റം വ്യത്യസ്തമാണ്. ഇവിടെ ഞാനൊരു ഫ്രീ ബേഡാണ്.ഞങ്ങൾക്ക് തന്നിട്ടുള്ള ഒരു ബ്രോഡ് ഗൈഡ് ലൈനിനകത്തുനിന്ന് പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്”.
രസകരമായൊരു സംഭവം അദ്ദേഹം വിവരിച്ചു.ന്യൂസ് എഡിറ്റർ രാമറാവുവിന്റെ മകൻ, പത്താം ക്ലാസ് മാത്രം പഠിച്ച ശ്രീഹരി റാവു, ദ ഇന്ത്യൻ എക്സ്പ്രസിൽ പത്രാധിപർ
ഫ്രാങ്ക് മൊറൈസിന്റെ
സ്റ്റെനോഗ്രാഫറായിരുന്നു.മക്കളെ അധികം പഠിപ്പിക്കുന്നതിന് എതിരായിരുന്നു രാമറാവു . ഡിക്ഷ്ണറി, റെൻ &മാർട്ടിൻ (Wren& Martin )ഷേക്സ്പിയർ, ബൈബിൾ ഇവയൊക്കെയാണ് അദ്ദേഹം മക്കൾക്ക് പഠിക്കാൻ കൊടുത്തത്. ശ്രീഹരിറാവുവിന്റെ കഴിവ് കണ്ട് ഫ്രാങ്ക് മൊറൈസ് ഗോയങ്കയോട് പറഞ്ഞ്, അയാളെ സബ് എഡിറ്ററാക്കി. മിടുക്കും സാമർത്ഥ്യവും കാരണം റാവു ചീഫ് സബ് എഡിറ്ററായി. പത്രപ്രവർത്തകർക്കു പരിശീലനം നൽകുന്ന തോംസൺ ഫൗണ്ടേഷനിലെ ട്രെയിനിങ്ങിന് അദ്ദേഹം അപേക്ഷിച്ചു. ശ്രീഹരിറാവുവിന്റെ ബയോഡാറ്റ അവരെ ആകർഷിച്ചുവെങ്കിലും, ബിരുദം ഇല്ലാത്തതിനാൽ സ്വീകരിക്കപ്പെട്ടില്ല. ഫ്രാങ്കിന്റെ അടുത്ത സുഹൃത്തായിരുന്നു ലോർഡ് തോംസൺ.അദ്ദേഹം തോംസണോട് പറഞ്ഞു, "നിങ്ങൾ ഒരു ജീനിയസിനെയാണ് നഷ്ടപ്പെടുത്തുന്നത് -"Take him. You are missing a genius.I'm telling you". അയാളുടെ അപേക്ഷ സ്വീകരിച്ചു.
പരിശീലനം കഴിഞ്ഞ ശ്രീഹരിറാവു ലണ്ടൻ ടൈംസിൽ മാദ്ധ്യമപ്രവർത്തകനായി. പിന്നീട് മാഞ്ചസ്റ്റർ ഗാർഡിയനിൽ ചീഫ് കോപ്പി ടേസ്റ്ററായും പ്രവർത്തിച്ചു. പ്രധാനപ്പെട്ട വാർത്തകൾ ഏതു പേജിൽ,എവിടെ വയ്ക്കണമെന്ന് നിശ്ചയിക്കുന്ന, നിർണ്ണായകമായ പോസ്റ്റാണത്.മുൻപൊരിക്കൽ കണ്ടപ്പോൾ ശ്രീഹരിറാവു പറഞ്ഞു, "Das, the great advantage I had was that I had such a thorough training in Express and I could adjust to any situation".
ഇന്ത്യൻ എക്സ്പ്രസിന്റെ മുംബൈ,ഡൽഹി ഓഫീസ് അന്തരീക്ഷം മറ്റുള്ളവയെക്കാൾ വ്യത്യസ്തമായിരുന്നു.രാംനാഥ് ഗോയങ്ക പത്രാധിപന്മാർക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകിയിരുന്നു. എഡിറ്റോറിയൽ കാര്യങ്ങളിൽ ഇടപെടാറില്ലായിരുന്നു.“എന്നാൽ, ചെന്നൈയിലെ സിംസൺ കമ്പനിയിലെ തൊഴിലാളി സമരത്തിനിടെ രണ്ടു പേർ കൊല്ലപ്പെട്ട സംഭവത്തെപ്പറ്റി ഞാൻ എഴുതിയ എഡിറ്റോറിയലിനെക്കുറിച്ച് ചോദ്യമുണ്ടായി . മുംബൈയിലെ പ്രശസ്ത ലേബർ കൺസൾട്ടൻന്റ് മോഹൻദാസും ഇതേ വിഷയത്തിൽ 'ഡെത്ത് ഓഫ് എ യൂണിയൻ' എന്ന ലേഖനമെഴുതിയിരുന്നു. രണ്ടും വായിച്ച ഗോയങ്ക, എഡിറ്റർ വി.കെ നരസിംഹനെ വിളിച്ച് , ഇവ എഴുതിയത് ഒരാളാണോ എന്ന് ചോദിച്ചു. അല്ലെന്നറിഞ്ഞപ്പോൾ ഗോയങ്ക പറഞ്ഞു, 'കുഴപ്പമില്ല, പക്ഷേ ,കരുണാനിധി വല്ലാതെ അപ്സെറ്റ് ആണ്. അതുകൊണ്ട് ഒരല്പം ഗൗരവം താഴ്ത്തി എഴുതണം'.
ഒരിക്കൽ,എയർ ഇന്ത്യയെക്കുറിച്ചെഴുതിയ എഡിറ്റോറിയലിനെക്കുറിച്ചും അദ്ദേഹം അന്വേഷിച്ചു. യുക്തിസഹമായി,കാര്യകാരണസഹിതം എഴുതിയ ഈ മുഖപ്രസംഗം മാറ്റാൻ ഒരു കാരണവും കാണുന്നില്ലെന്ന് എഡിറ്റർ വി. കെ നരസിംഹൻ അദ്ദേഹത്തോട് പറഞ്ഞു.
മുംബൈ നരിമൻ പോയിന്റിലെ എക്സ്പ്രസ്സ് ടവേഴ്സിലായിരുന്നു,സ്ക്രീൻ, ഇന്ത്യൻ എക്സ്പ്രസ്, ഫൈനാൻഷ്യൽ എക്സ്പ്രസ്,തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ ഓഫീസുകൾ.“അസിസ്റ്റന്റ് എഡിറ്ററും ഞങ്ങളും ഇരിക്കുന്നത് ഒന്നാം നിലയിലാണ്. വളരെ അപൂർവ്വമായേ രാംനാഥ് ഗോയങ്ക ഓഫീസ് സന്ദർശിച്ചിരുന്നുള്ളൂ.അപാരമായ ഓർമ്മശക്തിയുണ്ടായിരുന്നു, അദ്ദേഹത്തിന്” .
ടൈംസ് ഓഫ് ഇന്ത്യയിൽ ബ്രിട്ടീഷ് രീതിയിലുള്ള അധികാരശ്രേണി (hierarchy) നിലനിന്നിരുന്നു.ടൈംസിൽ ശ്യാംലാലും നൻപൂറിയയും ഒക്കെയുള്ള കാലത്താണത്.ജനറൽ മാനേജരെ കാണുക പോലും ബുദ്ധിമുട്ടാണ്. അന്നത്തെ പ്രഗൽഭരായ ന്യൂസ് എഡിറ്റർമാരുമായി മാത്രമേ ഉടമകൾ സംസാരിക്കുകയുള്ളൂ. അസിസ്റ്റൻറ് എഡിറ്റർമാർ മുതൽ എല്ലാവരും ഓക്സ്ഫഡ്,കേംബ്രിഡ്ജ്,സോർബോൺ യൂണിവേഴ്സിറ്റികളിലൊക്കെ പഠിച്ചവരായിരുന്നു.അസിസ്റ്റൻറ് എഡിറ്റർ കെ.സി ഖന്ന ഓക്ഫഡിലൊന്നും പോയിട്ടില്ല. പക്ഷേ, അധികകാലവും യൂറോപ്യൻ കറസ്പോണ്ടന്റ് ആയിരുന്നു. അവർ മറ്റുള്ളവരുമായി ഇടപെടാറില്ല . ഇത്തരം ഹൈറാർക്കി ഇന്ത്യൻ എക്സ്പ്രസ്സിൽ ഉണ്ടായിരുന്നില്ല. ഫൈനാൻഷ്യൽ എക്സ്പ്രസ്സിലെ ഡെപ്യൂട്ടി എഡിറ്ററായിരുന്ന ജി.ജി ഗോഖലെയെ പുറത്താക്കിയതും നൻപൂറിയയെ എഡിറ്ററാക്കിയതും മാനേജ്മെൻറ് ആണ്.
“ഗോയങ്ക മോശം തൊഴിലുടമയായിരുന്നു.എക്സ്പ്രസിൽ സമരം അവിഭാജ്യ ഘടകം തന്നെയായിരുന്നു. മോശപ്പെട്ട മാനേജ്മെന്റിനെതിരെയായിരുന്നു സമരങ്ങൾ. മുംബൈയിലും ഡൽഹിയിലും വേജ് ബോർഡ് ശുപാർശകൾ നടത്തിക്കിട്ടാൻ 42 ദിവസം നീണ്ട സമരം വരെ ഉണ്ടായിട്ടുണ്ട്. “മെർക്കൻഡയിൽ ക്യാപിറ്റലിസ്റ്റ് മാനേജ്മെൻറ് സിസ്റ്റം (മൂലധനാധിഷ്ഠിത കച്ചവടസിദ്ധാന്തം) ആയിരുന്നു അന്ന് സ്വകാര്യമേഖലയിൽ നിലനിന്നിരുന്നത്. തൊഴിലാളിയെ കുറ്റം പറയുക എന്നതാണ് മാനേജ്മെന്റിന്റെ രീതി. മാനേജ്മെന്റിന്റെ പരാജയത്തെപ്പറ്റി ഒരാളും സംസാരിക്കില്ല.കേരളത്തിലും ഇതാണുണ്ടായത്. 'Labourers are more sinned against than sinning' .-നിസ്സാരകാര്യങ്ങൾക്കു പോലും തൊഴിലാളികളെ കുറ്റപ്പെടുത്തുന്നതായിരുന്നു ശീലം”.
അക്കാലത്തെ മറ്റ് ഇംഗ്ളീഷ് ദിനപത്രങ്ങളെക്കുറിച്ചുള്ള എം.കെ ദാസിന്റെ നിരീക്ഷണങ്ങൾ ഇങ്ങനെയാണ് : ട്രസ്റ്റ് ആയിരുന്നതിനാൽ ട്രിബ്യൂൺ പത്രത്തിൽ സമരം ഉണ്ടായിരുന്നില്ല.'ദ ഹിന്ദു'വിൽ ഉദാരതയുടെ പാരമ്പര്യമുണ്ടായിരുന്നു. ഹിന്ദുവിലെ ജോലിയെ യു.എൻ ജോബ് എന്ന് കളിയാക്കാറുണ്ടായിരുന്നു.
എഡിറ്റർ വി .കെ നരസിംഹനോടുള്ള ഗോയങ്കയുടെ പെരുമാറ്റം നല്ലതായിരുന്നില്ല.സ്നേഹ ബഹുമാനങ്ങളോടെ ഇടപെട്ടത് എസ്. എം മുൾഗോക്കറോട് മാത്രമായിരുന്നു. നിഹാജ് സിംഗ്, വി.കെ. നരസിംഹൻ, അരുൺ ഷൂറി, എൻ.എസ്. ജഗന്നാഥൻ എന്നിവരോടെല്ലാം തന്നെ മോശമായ പെരുമാറ്റമാണ് ഉണ്ടായത്.
1989ൽ, ദാസ് കൊച്ചിയിൽ ദി ഇന്ത്യൻ എക്സ്പ്രപ്രസ് റസിഡന്റ് എഡിറ്ററായി ചുമതലയേറ്റു.എസ്. കെ അനന്തരാമൻ വിരമിച്ചതിനെത്തുടർന്നായിരുന്നു,അദ്ദേഹത്തെ കേരളത്തിൽ നിയമിച്ചത്.ഫോർട്ട് കൊച്ചി ആസ്പിൽവാൾ കെട്ടിടത്തിൽ നിന്ന് 1974ൽ തുടങ്ങിയ കേരള എഡിഷൻ അത്യാധുനിക സൗകര്യങ്ങളോടെ കലൂരിലെ സ്വന്തം കെട്ടിട സമുച്ചയത്തിലേക്ക് 1988 ഏപ്രിൽ 14നു മാറി. തുടർന്ന്, തിരുവനന്തപുരം,കോഴിക്കോട് എഡിഷനുകൾ ആരംഭിക്കുന്നതും എം.കെ ദാസിന്റെ നേതൃത്വത്തിലായിരുന്നു.” ജഡ്ജിമാരും
അഭിഭാഷകരുമടങ്ങുന്ന വലിയൊരു വിഭാഗം പേർ പത്രത്തിൻ്റെ
വായനക്കാരായിരുന്നതിനാൽ നിയമവാർത്തകൾക്ക് കൂടുതൽ പ്രാധാന്യം നൽകി.ലീഗൽ
നോട്സ്, കൺസ്യൂമർ കംപ്ളൈൻറ്റ്സ് കോളം തുടങ്ങിയ പുതിയ പംക്തികളും ആരംഭിച്ചു”,അദ്ദേഹം ഓർക്കുന്നു.വിവിധ രംഗങ്ങളിലെ പിന്നാമ്പുറക്കഥകളെക്കുറിച്ച് 'എറൗൺഡ് ആൻ്റ് എസൈഡ്’ എന്ന കോളവും തുടങ്ങി.
“തൊഴുത്തിൽകുത്തിൻ്റെയും ഗൂഡാലോചനകളുടെയൂം കേന്ദ്രമെന്ന കുപ്രസിദ്ധിയുണ്ടായിരുന്ന കൊച്ചി ഡസ്കിനെ അതിൽ നിന്നെല്ലാം മോചിപ്പിച്ചെടുത്തത് അദ്ദേഹമായിരുന്നു”,ഒപ്പം പ്രവർത്തിച്ച മുതിർന്ന പത്രപ്രവർത്തകൻ ജോർജ്ജ് എബ്രഹാം രേഖപ്പെടുത്തുന്നു.
സാറ്റർഡേ
റിവ്യൂ തുടങ്ങിയ ഒട്ടേറെ പുതിയ ഫീച്ചർ പേജുകളും ആരംഭിച്ച അദ്ദേഹം
തങ്ങളെപ്പോലുള്ള ജൂനിയർ പത്രപ്രവർത്തകർക്കും വലിയ പ്രോൽസാഹനം
നൽകിയിരുന്നുവെന്ന് അക്കാലത്ത് കൊച്ചി ഡെസ്കിൽ പ്രവർത്തിച്ച ഡി.പ്രദീപ്
കുമാർ (ഈ പരമ്പരയുടെ ലേഖകരിലൊരാൾ) ഓർക്കുന്നു. “മുൻ ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ പി.അനന്തകൃഷ്ണപിള്ളയെപ്പോലെ കടുത്ത ഗ്രമേറിയൻ അല്ലായിരുന്നുവെങ്കിലും, ഭാഷാശുദ്ധിയിലും കൃത്യതയിലും അതീവ ശ്രദ്ധാലുവായിരുന്നു,അദ്ദേഹം. സ്റ്റാർ റിപ്പോർട്ടർമാരുടെ വരെ റിപ്പോർട്ടുകൾ കർക്കശമായ എഡിറ്റിങ്ങിനു ശേഷമായിരുന്നു നൽകിയിരുന്നത്”.
പത്രപ്രവർത്തനം
സ്വയം തെരഞ്ഞെടുത്ത ഒട്ടേറെ പ്രതിഭകൾ അന്ന് ഡെസ്കിലുണ്ടായിരുന്നുവെന്ന്
എം.കെ ദാസ് ഓർക്കുന്നു.അവർ റിപ്പോർട്ടുകളുടെ സത്ത ചോരാതെ
മാറ്റിയെഴുതുന്നതിൽ വിദഗ്ദ്ധരായിരുന്നു. നിലമ്പൂർ അരുവാക്കുടിയിലെ
സ്ത്രീകളുടെ ജീവിതദുരന്തം,സൂര്യനെല്ലി സ്ത്രീപീഡനം,തോപ്പുംപടി പെൺവാണിഭം, ബലാൽസംഗക്കേസുകളെക്കുറിച്ചുള്ള ഇ.കെ നായനാരുടെ പരാമർശം തുടങ്ങിയ,ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ ലീല മേനോന്റെ മിക്ക റിപ്പോർട്ടുകളും വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചത് അദ്ദേഹമായിരുന്നു.
ദേശീയ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട ഒട്ടേറെ ഹ്യൂമൻ ഇൻ്ററസ്റ്റ് സ്റ്റോറികളും പ്രസിദ്ധീകരിക്കപ്പെട്ടു.അതിലൊന്നാണ് സ്പെയിനിലെ സ്വയംഭരണ പ്രവിശ്യയായ കാറ്റലോണിയയിൽ ജനിച്ചുവളർന്ന്,ഐക്യരാഷ്ട്രസഭയുടെ ഇക്കണോമിക്സ് ആൻറ് സോഷ്യൽ കമ്മീഷന്റെ കൺസൾട്ടന്റായി വളർന്ന മെഴ്സിഡസ് പണിക്കരുടെ മലയാളി ബന്ധത്തിന്റെ കഥയായിരുന്നു.അവരുടെ അച്ഛൻ രാമുണ്ണിപ്പണിക്കർ മണ്ണാർക്കാട് കരിമ്പയിൽ നിന്ന് കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യം കെമിസ്ട്രിയിൽ ഉപരിപഠനത്തിന് ലണ്ടനിലെ ലീഡ്സ് സർവകലാശാലയിലെത്തി.ഒന്നാം ലോക മഹായുദ്ധകാലത്ത് ബാർസിലോണിയയിൽ അഭയം പ്രാപിച്ച അദ്ദേഹം,സമ്പന്ന കുടുംബാംഗമായ കാർമൻ അലിമണിയെ വിവാഹം ചെയ്തു.ലോകപ്രശസ്ത ക്രിസ്തുമത ചിന്തകനായ റൈമൻ പണിക്കരും തത്ത്വചിന്തകനായ സാൽവദോർ പണിക്കരുമാണ് മറ്റു മക്കൾ.1988ൽ അച്ഛന്റെ സ്മരണാർത്ഥം
അവർ ഉണ്ടാക്കിയ രാമുണ്ണിപ്പണിക്കർ ട്രസ്റ്റ് പാവപ്പെട്ട വിദ്യാർഥികൾക്ക്
സാമ്പത്തിക സഹായം ചെയ്യുന്നുണ്ട്.അതെക്കുറിച്ച് കിട്ടിയ
വാർത്തയെത്തുടർന്നുള്ള അന്വേഷണത്തിൽ നിന്നായിരുന്നു ആ കുടുംബവേരുകളിലെത്തിയത്.
.jpg)
മറ്റൊരവസരത്തിൽ, വേൾഡ് ബാങ്കിൽ ഉന്നത സ്ഥാനത്ത് പ്രവർത്തിക്കുന്ന നോർവീജിയക്കാരിയായ ഒരു സ്ത്രീ ദാസിനെ കാണാൻ വന്നു.ഡൽഹിയിലെ ഒരു യോഗത്തിൽ പങ്കെടുക്കാനെത്തിയ അവർ പിറന്നത് കേരളത്തിലായിരുന്നു.ആ ജീവിതകഥ ലീല മേനോൻ എഴുതിയിരുന്നു.അത് ഡൽഹി എഡിഷനിൽ വായിച്ച എംബസി ഉദ്യോഗസ്ഥരിൽ നിന്ന് അറിഞ്ഞായിരുന്നു അവർ കൊച്ചിയിലെത്തിയത്."
നീണ്ടകരയിലെ ഇന്ത്യ- നോർവീജിയൻ ഫിഷറീസ് പ്രൊജക്ടിൻ്റെ ഇന്ത്യൻ ഡയറക്ടറായിരുന്ന സഹോദരൻ്റെ ഭാര്യയിൽ നിന്നായിരുന്നു ആ സ്റ്റോറി കിട്ടിയത്".
പിറന്നയുടൻ അമ്മ എറണാകുളം ജനറൽ ആശുപത്രിയിൽ ഉപേക്ഷിച്ച അവരെ വിദേശ ദമ്പതിമാർ ദത്തെടുത്തതായിരുന്നു.നീണ്ടകരയിലെ പദ്ധതിയുടെ ഡയറക്ടർ നോർവീജിയക്കാരനായിരുന്നു.പ്രൊജക്റ്റ്
അവസാനിച്ച ശേഷം അവർ നാട്ടിലേക്ക് മടങ്ങാനായി കൊച്ചിയിലെത്തി.മറൈൻ ഡ്രൈവും പാർക്കും സന്ദർശിച്ചു.നഗരത്തിലൂടെ നടന്നപ്പോൾ
ജനറൽ ആശുപത്രിയിൽ നിന്ന് ഒരു പിഞ്ചുകുഞ്ഞിന്റെ നിർത്താതെയുള്ള കരച്ചിൽ കേട്ട് , അവർ അന്വേഷിച്ചു-ആ കുഞ്ഞിന്റെ അമ്മ വെണ്ടുരുത്തി പാലത്തിൽ നിന്ന് കായലിലേക്ക് ചാടി മരിച്ചുവെന്ന് അറിഞ്ഞു. മക്കളുണ്ടായിരുന്ന അവർ ഈ കുട്ടിയെ ദത്തെടുക്കാൻ തീരുമാനിച്ചു.നിയമനടപടികൾ പൂർത്തിയാക്കി ,അവർ കുട്ടിയുമായി നാട്ടിലെത്തി.ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ പഠിച്ച അവർ പ്രശസ്തയായി.
പുതിയ തലമുറയിൽ പെട്ടവരിൽ എല്ലാമറിയുന്നവർ എന്ന ഭാവം പ്രകടമാണ്.അവർക്ക് വായന ഇല്ലെന്നാണ് തോന്നിയിട്ടുള്ളത്. 'Highly opinionated' -സ്വന്തം അഭിപ്രായത്തെ മുറുകെപ്പിടിക്കുന്നവർ.അത് ശരിയല്ല. “തുറന്ന മനസ്സാണ് റിപ്പോർട്ടർക്ക് വേണ്ടത്. നിങ്ങളുടെ അഭിപ്രായം കോളത്തിലോ പേര് വയ്ക്കുന്ന ലേഖനത്തിലോ എഴുതാം. റിപ്പോർട്ട് ചെയ്യുമ്പോൾ ഇരുപക്ഷത്തെയും വാസ്തവം അവതരിപ്പിക്കണം”.
ഇപ്പോൾ ബിസിനസ്, സ്പോർട്സ്, വിനോദം, രാഷ്ട്രീയം എന്നിങ്ങനെ സ്പെഷ്യ ലൈസേഷന്റെ കാലമാണ്.പക്ഷേ,ഇന്ത്യൻ എക്സ്പ്രസിനെ പാരമ്പര്യമുള്ള ഒരു പത്രമാക്കിയ മഹാനായ ഫ്രാങ്ക് മോറൈസിന്റെ പേര് പോലും കേൾക്കാത്ത ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടർമാരുണ്ടെന്ന് ദാസ് ആകുലപ്പെടുന്നു..
“ഇൻറർനെറ്റിനെ അടിസ്ഥാന വിവരങ്ങൾക്ക് മാത്രം ആശ്രയിക്കണം.വസ്തുതകൾ ക്രോസ്സ് ചെക്ക് ചെയ്ത് ഉപയോഗപ്പെടുത്താം”.വ്യക്തിബന്ധങ്ങളാണ് മിക്കപ്പോഴും മറ്റാർക്കും കിട്ടാത്ത വാർത്തകളിലേക്ക് നയിക്കുന്നത്.ബിസിനസ് റിപ്പോർട്ടിങ്ങിൽ ഇപ്പോൾ ചാർട്ടേഡ്, കോസ്റ്റ് അക്കൗണ്ടൻറ്മാരും എം. ബി.എ ക്കാരുമൊക്കെയുണ്ട്.ന്യൂസ് റൂമിലെ മാറ്റങ്ങൾ നിലവാരത്തകർച്ചയെ സ്വാധീനിച്ചിട്ടുണ്ട്.മുൻപ് എഡിറ്റർമാർ, സർക്കുലേഷൻ,പരസ്യ വരുമാനം, ഇവയെക്കുറിച്ചൊന്നും വേവലാതിപ്പെട്ടിരുന്നില്ല. നല്ല പത്രം ഉണ്ടാക്കുകയായിരുന്നു അവരുടെ താത്പര്യം.
“ടൈംസ് ഓഫ് ഇന്ത്യ പോലുള്ള പത്രങ്ങൾ പ്രചരിപ്പിച്ചത്, ന്യൂസ്പേപ്പർ എന്നത് സോപ്പും ടൂത്ത് പേസ്റ്റും പോലെ ഒരു ഉല്പന്നം മാത്രമാണെന്നാണ്.മിക്ക എഡിറ്റർമാരും ഈ വാദം അംഗീകരിച്ച് സർക്കുലേഷൻ വർദ്ധിപ്പിക്കുന്നതിനെപ്പറ്റി സംസാരിച്ചുതുടങ്ങി. മൊറൈസ്, ശ്യാം ലാൽ, ചലപതി റാവു, നൻപൂറിയ, വി.കെ നരസിംഹൻ, എൻ എസ് ജഗന്നാഥൻ- ആരും സർക്കുലേഷനെപ്പറ്റി ആശങ്കപ്പെട്ടിരുന്നില്ല.പക്ഷേ, നല്ല പത്രം ഉണ്ടാക്കുക വഴി സർക്കുലേഷൻ അവർ ഉറപ്പുവരുത്തിയിരുന്നു”.
എഡിറ്റർമാരുടെ പണി നല്ല പത്രം ഉണ്ടാക്കലാണെന്ന് ദാസ് പറഞ്ഞു.“പക്ഷേ,അരുൺ
ഷൂറിയെപ്പോലുള്ള എഡിറ്റർമാർ പോലും മാർക്കറ്റിങ്ങിനെക്കുറിച്ച്
സംസാരിച്ചിരുന്നു.അത് പത്രാധിപന്മാരുടെ പണിയല്ല.റവന്യൂ നോക്കേണ്ടവർ അത് നോക്കി കൊള്ളും. ഇപ്പോൾ നമുക്ക് ഗ്രാൻഡ് എഡിറ്റേഴ്സ് ഇല്ല”.
.jpg)
വിരമിച്ചശേഷം എം.കെ ദാസ് ഈടുറ്റ ചില പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. ചരിത്രാന്വേഷണത്തിന്റെ വഴികളിലൂടെയാണ് അദ്ദേഹത്തിന്റെ സഞ്ചാരം. പാലക്കാട്ടെ കൽപ്പാത്തിയിലെ തമിഴ് ബ്രാഹ്മണരുടെ കേരളത്തിലേക്കുള്ള കുടിയേറ്റത്തെയും അവരുടെ സംസ്കാരത്തെയും കുറിച്ചെഴുതിയ'സാഗ ഓഫ് കൽപ്പാത്തി;ദ സ്റ്റോറി ഓഫ് പാലക്കാട് അയ്യേഴ്സ് ‘പുസ്തകത്തിന്റെ മൂന്ന് എഡിഷനുകൾ വന്നു കഴിഞ്ഞു.അതിന് ശ്രദ്ധേയമായ രേഖാചിത്രങ്ങൾ വരച്ചത് കാർട്ടൂണിസ്റ്റ് ഇ.പി ഉണ്ണിയാണ്. പതിമൂന്നാം നൂറ്റാണ്ടുമുതലുള്ള ഈ കുടിയേറ്റത്തിന്റെ വേരുകൾ തേടി, ഉണ്ണിക്കൊപ്പം അദ്ദേഹം കേരളത്തിലെയും തമിഴ്നാട്ടിലെയും ഒട്ടേറെ പ്രദേശങ്ങൾ സന്ദർശിച്ചും ഡോ.എം.ജി.എസ് നാരായണൻ അടക്കമുള്ള ചരിത്രകാരന്മാരുമായി സംസാരിച്ചും രണ്ടരവർഷം കൊണ്ടാണ് ഗവേഷണാത്മകമായ ഈ ഗ്രന്ഥമെഴുതിയത്. “കല്പാത്തിയെക്കുറിച്ച് അമൃത ടി. വിയിൽ സംപ്രേഷണം ചെയ്യപ്പെട്ട ഒരു പരിപാടിയിൽ കണ്ട വസ്തുതാപരമായ പിഴവുകളായിരുന്നു,അവിടുത്തെ ബ്രാഹ്മണരുടെ ജീവിതത്തെക്കുറിച്ച് പഠിക്കാൻ ഇടയാക്കിയത്”.
പോർട്ട് ട്രസ്റ്റിന്റെ ചരിത്രമെഴുതാൻ ചെയർമാൻ ടി. കെ രാമചന്ദ്രൻ ക്ഷണിച്ചതാണ് ചരിത്രാന്വേഷണങ്ങളിലേക്ക് തിരിയാൻ പ്രേരണയായത്.ദൂരദർശൻ ഡയറക്ടറായിരുന്ന കെ. കുഞ്ഞികൃഷ്ണൻ മുഖേനെയായിരുന്നു അദ്ദേഹം ബന്ധപ്പെട്ടത്.അങ്ങനെയാണ് കൊച്ചിയെക്കുറിച്ചുള്ള ‘ആങ്കർ കൊച്ചിൻ’ എന്ന കോഫി ടേബിൽ ബുക്ക് എഴുതിയത്.അത് പ്രസിദ്ധീകരിച്ചത് പോർട്ട് ട്രസ്റ്റാണ്.ജിയോജിത്ത് ഫൈനാൻഷ്യൽ സർവീസിനെക്കുറിച്ചുള്ള ’ട്രയ്സ്റ്റ് വിത്ത് ബുൾസ് ആൻ്റ് ബെയേഴ്സ്’, ‘എ സതേൺ ഒഡിസ്സി;ദ സ്റ്റോറി ഓഫ് സൗത്ത് ഇന്ത്യൻ ബാങ്ക്’, കൊച്ചിൻ ചേമ്പർ ഓഫ് കൊമേഴ്സിന്റെ ചരിത്രമായ ‘എ ജേണി ത്രൂ ടൈം’(പി. സേതുറാം ,വി. എൻ വേണുഗോപാൽ എന്നിവർക്കൊപ്പം എഴുതിയത്) എന്നിവയാണ് അദ്ദേഹത്തിൻ്റെ ചില പുസ്തകങ്ങൾ.
പതിമൂന്നാം നൂറ്റാണ്ട് മുതലുള്ള കൊച്ചിയുടെ 1000 കൊല്ലത്തെ ബൃഹദ്ചരിത്രം - 'ഫെയിം ആൻഡ് ഫേബിൾസ് ഓഫ് കൊച്ചി ' കഴിഞ്ഞ വർഷമാണ് പ്രസിദ്ധീകൃതമായത്. കൊച്ചിയുടെ രാഷ്ട്രീയ,സാംസ്കാരിക ചരിത്രത്തിൽ അവഗാഹമുള്ള കെ. ജെ സോഹന്റെയും വി. എൻ വേണുഗോപാലിന്റെയും സഹായം ഇതിന് ലഭിച്ചു.
ചരിത്ര വിസ്മയങ്ങൾ എം. കെ. ദാസിനെ ഇപ്പോഴും മാടിവിളിക്കുന്നുണ്ട്.
No comments:
Post a Comment