“ഓർമ്മവച്ച നാൾ മുതലേ മിതഭാഷിയും നാണംകുണുങ്ങിയുമൊക്കെയായിരുന്ന ഒരു ശരാശരി വിദ്യാർത്ഥി. കൂട്ടുകൂടി ഓടിച്ചാടി കളിച്ചു നടക്കുന്നതിനെക്കാൾ ഒതുങ്ങിക്കൂടിയിരുന്നു പുസ്തകങ്ങൾ വായിക്കാനായിരുന്നു താല്പര്യം. പലയിടത്തായി നടന്ന ഹൈസ്കൂൾ വിദ്യാഭ്യാസകാലത്ത് അടുത്ത സുഹൃത്തുക്കൾ ഇല്ലായിരുന്നു.എന്നിട്ടും ‘ഇടിച്ചു കയറേണ്ട’ പത്രപ്രവർത്തനരംഗത്ത് എത്തിപ്പെട്ടു എന്നതാണ് വിധിവൈപരീത്യം”,ഒരു ചെറുപുഞ്ചിരിയോടെ, കഴിഞ്ഞകാലത്തേക്ക് തിരിഞ്ഞുനോക്കുകയാണ് ഗോപി പഴയന്നൂർ.
1968 ഒക്ടോബർ 15ന് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ,എം.ടി വാസുദേവൻ നായരുടെ സഹായിയായി മാദ്ധ്യമപ്രവർത്തനം തുടങ്ങിയ അദ്ദേഹം 2007ൽ കോഴിക്കോട്ട് ഇൻഫർമേഷൻ ആന്റ് റിസർച്ച് സെൽ ഡെപ്യൂട്ടി എഡിറ്ററായാണ് വിരമിച്ചത്. “പത്രപ്രവർത്തനം ഔപചാരികമായി പഠിക്കാതെ, പത്രപ്രവർത്തക പരിശീലനത്തിന്റെ ചുമതലക്കാരനാകേണ്ടി വന്നതും വിരോധാഭാസം”.
മാതൃഭൂമിയുടെ ചരിത്രത്തിലെ സമ്പന്നവും സംഭവബഹുലവുമായ നാലു പതിറ്റാണ്ടിന് സാക്ഷ്യംവഹിക്കുകയും അതിൽ നിശബ്ദം,മായാമുദ്രപതിപ്പിക്കുകയും ചെയ്ത പത്രപ്രവർത്തകനാണ് ഗോപി പഴയന്നൂർ.
‘പത്രപ്രവർത്തകനു വേണ്ട അടിസ്ഥാനഗുണങ്ങൾ ഒന്നും എനിക്കില്ല എന്ന് മറ്റാരെക്കാളും നന്നായി അറിയാം”.തൃശ്ശൂർ ജില്ലയിലെ പഴയന്നൂർ എന്ന കൊച്ചു ഗ്രാമത്തിൽ , പടിഞ്ഞാറെ മാരാത്ത് കൊച്ചമ്മിണി മാരസ്യാരുടെയും വെളപ്പായ രാമമാരാരുടെയും മൂത്ത മകനായി പിറന്ന അദ്ദേഹത്തെ സാഹിത്യവുമായും മാദ്ധ്യമങ്ങളുമായും അടുപ്പിച്ചത് വായനയാണ് . വിദ്യാർഥിയായിരിക്കെ, അച്ഛന്റെ നാട്ടിലെ വായനശാലയുടെ പുസ്തകവിതരണത്തിന്റെ ചുമതല കിട്ടിയത് നിയോഗമായി. “അങ്ങനെ, അക്ഷരങ്ങളുടെ വിശാലമായ ലോകത്ത് എത്തിച്ചേർന്നു. പത്ര-മാസികകളുമായുള്ള നിരന്തരബന്ധം ഈ രംഗത്ത് പ്രവർത്തിക്കണം എന്നൊരു അതിമോഹം നിഗൂഢമായി വളർത്തിയിരിക്കാം”. തൃശ്ശൂർ സെൻ്റ് തോമസ് കോളേജിലായിരുന്നു, ബിരുദപഠനം . ഗോപി പഴയന്നൂർ മാതൃഭൂമിയിൽ ചേർന്ന കാലത്ത് (1968)
കോളേജ് മാഗസിനിൽ ഏകാങ്കനാടകങ്ങളും മറ്റും എഴുതിയാണ് സാഹിത്യത്തിൽ തുടക്കം. സിനിമയോട് അന്നേ കമ്പമുണ്ടായിരുന്നു. ബിരുദാനന്തര പഠനം ചങ്ങനാശ്ശേരി എൻ.എസ്.എസ് കോളേജിലായിരുന്നു.അന്ന് അവിടെ നിന്നു പ്രസിദ്ധീകരിച്ചിരുന്ന ‘മലയാളി’ പത്രത്തിൽ ആദ്യ സിനിമാനിരൂപണം അച്ചടിച്ചുവന്നു. “മാതൃഭൂമിയിൽ സഹപ്രവർത്തകനായിരുന്ന കരൂർ ശശി അവിടെ ജോലി ചെയ്തിരുന്നു. പിൽക്കാലത്ത് അദ്ദേഹം പറഞ്ഞപ്പോഴാണ് അതറിഞ്ഞത്”.‘കുങ്കുമം’,’മലയാളനാട്’ വാരികകളിൽ കുറച്ച് ചെറുകഥകളും എഴുതി.
എം. എ അവസാനവർഷ വിദ്യാർഥിയായിരിക്കുമ്പോൾ, മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ആളെ ആവശ്യമുണ്ടെന്ന പരസ്യം കണ്ട്, അപേക്ഷിച്ചു. “പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് അക്കാര്യം മറന്നു പോവുകയും ചെയ്തു”.
മകനെ കോളേജ് അദ്ധ്യാപകനാക്കാൻ വീട്ടുകാർ ശ്രമം തുടങ്ങി. “ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ല. സ്വതവേ മിണ്ടാപൂച്ചയും സഭാകമ്പക്കാരനുമൊക്കെയായ ഞാൻ എങ്ങനെയാണ് വിദ്യാർഥികളുടെ മുന്നിൽ ചെന്നുനിന്നു ക്ലാസ് എടുക്കുക? പക്ഷേ, ആരുടേയോ പുണ്യം കൊണ്ട്, ആ സമയത്ത് ഒരു ഇൻറർവ്യു കാർഡ് വന്നു- ‘മാതൃഭൂമി’യിൽ നിന്ന്! മുൻപ് അയച്ചിരുന്ന അപേക്ഷയുടെ അനന്തരഫലം. കോഴിക്കോട് കറങ്ങാൻ ഒരു അവസരം എന്നുമാത്രം കരുതിയാണ് വണ്ടികയറിയത്. കേട്ടറിഞ്ഞ വി. എം. നായരെയും അക്ഷരങ്ങളിലൂടെ പരിചയമുള്ള എം . ടി . വാസുദേവൻ നായരെയുമൊക്കെ അന്ന് ,ഇൻറർവ്യുവിനാണ് ആദ്യമായി കാണുന്നത്. അവസാനം, ആരുമല്ലാതിരുന്ന ഞാൻ പത്രപ്രവർത്തകനായി,’മാതൃഭൂമി’ ആഴ്ചപ്പതിപ്പിൽ സബ് എഡിറ്ററായി നിയമിതനായപ്പോൾ അക്ഷരാർഥത്തിൽത്തന്നെ ഞെട്ടി !”
എൻ.വി കൃഷ്ണവാര്യർ കേരള ഭാഷാ ഇൻസ്റ്റിട്യൂൂട്ട് ഡയറക്ടറായി പോയതിനെത്തുടർന്ന്, എം.ടി പത്രാധിപത്യം ഏറ്റെടുത്ത കാലമായിരുന്നു,അത്.അദ്ദേഹത്തെ സഹായിക്കാൻ ആദ്യം തെരഞ്ഞെടുത്തത് ഒരു സ്ത്രീയെയായിരുന്നുവെന്ന് അറിഞ്ഞു.പ്രസിദ്ധീകരിക്കാത്ത രചനകൾ തിരിച്ചയയ്ക്കുന്ന ജോലി മാത്രമേ അവർക്ക് ചെയ്യാനായുള്ളൂ.അങ്ങനെയാണ് പുതിയ ആളെ നിയമിച്ചത്.ഒരു വർഷത്തോളമാണ് എം.ടിയോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത്. ആദ്യം വി.ആർ ഗോവിന്ദനുണ്ണിയും പിന്നീട് ജി. നാരായണപിള്ളയും (ജി എൻ പിള്ള) ആഴ്ചപ്പതിപ്പിൽ എത്തിയപ്പോൾ,ഗോപിയെ പത്രത്തിലേക്ക് മാറ്റി.
“അന്ന് ഇന്നത്തെപ്പോലെ പരിശീലന ക്ലാസ്സുകളൊന്നുമില്ല. കണ്ടും കേട്ടും ചെയ്തും പഠിക്കുക എന്നതായിരുന്നു രീതി. പത്രപ്രവർത്തനത്തിലെ ആദ്യ ഗുരുനാഥൻ എന്ന നിലയിൽ എം. ടി. യുടെ മാർഗ്ഗ നിർദേശങ്ങൾക്കും സ്നേഹവാൽസല്യങ്ങൾക്കും ഞാൻ എന്നും കടപ്പെട്ടവനാണ്. അത് ഹ്രസ്വമായ കാലയളവായിരുന്നുവെങ്കിലും, ഒരിക്കലും മറക്കാനാവാത്ത പുതിയ അനുഭവങ്ങളും സുഹൃദ്ബന്ധങ്ങളും എന്നെ കൊണ്ടെത്തിച്ചത് ‘ആലീസിന്റെ അത്ഭുത ലോക’ത്തിലാണ്. ബഷീറും ഉറൂബും പൊറ്റെക്കാട്ടും അടക്കമുള്ള സാഹിത്യപ്രതിഭകൾ ,ആർട്ടിസ്റ്റ് നമ്പൂതിരിയും എ.എസ് നായരും കുഞ്ഞാണ്ടിയും അടക്കമുള്ള സഹപ്രവർത്തകർ- അവരെയൊക്കെ പരിചയപ്പെടാനും,അവരോടൊപ്പം പ്രവർത്തിക്കാനും കഴിഞ്ഞത് വലിയൊരു ഭാഗ്യമായാണ് ഇന്നും കരുതുന്നത്”.
മഹാകവി പി. കുഞ്ഞിരാമൻ നായർ 1970കളുടെ ആദ്യം കോഴിക്കോട് മാതൃഭൂമി സന്ദർശിച്ചപ്പോൾ : ഇടത് നിന്ന് - ഗോപി പഴയന്നൂർ,വി.എം.കൊറാത്ത്, വി.ആർ.ഗോവിന്ദനുണ്ണി,കെ. സി.മാധവക്കുറുപ്പ് ,വി. എം. ബാലചന്ദ്രൻ ( വിംസി ),സുകുമാരൻ പൊറ്റെക്കാട്ട് .
ദിനപത്രം മറ്റൊരു ലോകമായിരുന്നു.കെ.പി കേശവമേനോനായിരുന്നു പത്രാധിപർ;എ.പി ഉദയഭാനു റസിഡൻ്റ് എഡിറ്ററും. അവർക്കൊപ്പം സി.എച്ച് കുഞ്ഞപ്പ, തങ്കം കെ മേനോൻ , കെ.ആർ പണിക്കർ , വി.എം കൊറാത്ത്, വി. എം ബാലചന്ദ്രൻ(വിംസി) , ടി. വേണുഗോപാലൻ തുടങ്ങിയവരടങ്ങിയ പ്രഗത്ഭരുടെ ഒരു ടീമാണ് അന്ന് ‘മാതൃഭൂമി’യെ നയിച്ചിരുന്നത് “സാഹിത്യ പത്രപ്രവർത്തനത്തിൽനിന്ന് യഥാർത്ഥ പത്രപ്രവർത്തനമേഖലയിൽ എത്തിയപ്പോൾ വ്യത്യസ്തങ്ങളായ വെല്ലുവിളികളും പരീക്ഷണങ്ങളുമാണ് നേരിടേണ്ടിവന്നത്. സമയത്തിന്റെയും വേഗത്തിന്റെയും പ്രായോഗിക ബുദ്ധിയുടെയും പ്രാധാന്യം ശരിക്കും അറിഞ്ഞ നാളുകൾ.ഇവരുടെ കൂടെയുള്ള, പ്രത്യേകിച്ച് വിംസിയുടെയും വേണുഗോപാലന്റെയും കൂടെയുള്ള പരിശീലനം എത്രമാത്രം വിലപ്പെട്ടതായിരുന്നു എന്ന് പറഞ്ഞറിയിക്കുക വയ്യ. പഠിച്ചതൊന്നുമല്ല പ്രായോഗിക പത്രപ്രവർത്തനം എന്ന് എന്നെ പഠിപ്പിച്ചത്, ഒരു തലമുറ മുഴുവൻ ‘വേണുവേട്ടൻ’ എന്ന് ആദരവോടെ വിളിക്കുന്ന വേണുഗോപാലനും താനും മാത്രമുള്ള രാത്രി ഷിഫ്റ്റുകളാണ്. എന്തെങ്കിലുമൊക്കെ സ്വയം ചെയ്യാനുള്ള ധൈര്യം തന്നത് ആ ദിനങ്ങളാണ്”.
ഓഫ്സെറ്റ്, കളർ അച്ചടി സംവിധാനങ്ങളുമായി മാതൃഭൂമി തിരുവനന്തപുരത്ത് നിന്ന് പുതിയ എഡിഷൻ ആരംഭിച്ചപ്പോൾ,ആനുകാലികങ്ങൾ അങ്ങോട്ട് മാറ്റി. പക്ഷേ,എം.ടി വാസുദേവൻ നായർ അങ്ങോട്ട് പോയില്ല.അദ്ദേഹം ആഴ്ചപ്പതിപ്പിന്റെ പത്രാധിപത്യം ഒഴിഞ്ഞപ്പോൾ,1981 അവസാനം ആ ചുമതല ഗോപി പഴയന്നൂരിനു നൽകി.അന്ന് വി.പി രാമചന്ദ്രനായിരുന്നു,പത്രാധിപർ.പ്രൊഫ. സുകുമാർ അഴീക്കോടിന്റെ പ്രഭാഷണങ്ങളും വിമർശനങ്ങളും കാമ്പില്ലാത്തതാണെന്ന് സ്ഥാപിക്കുന്ന ഒരു ലേഖന പരമ്പര അഞ്ച് ലക്കങ്ങളിലായി ആഴ്ച്ചപ്പതിപ്പിൽ പ്രസിദ്ധീകരിക്കപ്പെട്ടു. ‘പ്രഭാഷകന്റെ വിമർശന സാഹിത്യത്തിലൂടെ’ എന്ന ആ പരമ്പര എഴുതിയത്,ന്യൂസ് എഡിറ്റർ ടി.വേണുഗോപാലൻ.വലിയ വിവാദങ്ങൾക്ക് തീകൊളുത്തിയ അത് പിന്നാലെ പുസ്തകവുമായി.അഴീക്കോട് കുപിതനായി.താനിനി മാതൃഭൂമിയിൽ എഴുതുകയില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. “കുറച്ചു കഴിഞ്ഞപ്പോൾ അഴീക്കോടിന്റെ പിണക്കമൊക്കെ മാറി. വി.പി രാമചന്ദ്രനുൾപ്പെടെയുള്ളവർ അടങ്ങിയ ഒരു സമിതിയായിരുന്നു അന്ന് ആഴ്ച്ചപ്പതിപ്പിൽ പ്രസിദ്ധീകരിക്കാനായി രചനകൾ തെരഞ്ഞെടുത്തിരുന്നത്”.ഒരു വർഷത്തോളം മാത്രമേ ആഴ്ചപ്പതിപ്പിലുണ്ടായിരുന്നുള്ളൂ. തുടർന്ന് ദിനപത്രത്തിലും ഗോപി പഴയന്നൂർ ജോലി ചെയ്തു.
മാതൃഭൂമി ഒരു സിനിമാപ്രസിദ്ധീകരണം ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ തുടങ്ങിയപ്പോൾ,ഗോപി അതിനു നിയോഗിക്കപ്പെട്ടു.“സിനിമ എന്നും എനിക്കിഷ്ടപ്പെട്ട വിഷയമായിരുന്നു. അതുകൊണ്ടുതന്നെ,ആഴ്ച്ചപ്പതിപ്പിൻ്റെ നേതൃത്വത്തിൽ 1971 മുതൽ ‘78 വരെ പുറത്തിറക്കിയ സിനിമാപ്പതിപ്പുകളുമായും ‘താരാപഥം’ സിനിമാപേജുമായും സഹകരിക്കാൻ എനിക്ക് അവസരം ലഭിച്ചിരുന്നു.സിനിമ എന്ന കലാരൂപത്തെ അതിന്റെ സവിശേഷ പ്രാധാന്യത്തോടെ വിലയിരുത്തിയ പ്രസിദ്ധീകരണങ്ങളായിരുന്നു സിനിമാപ്പതിപ്പുകൾ.സത്യജിത്ത് റായിയും മൃണാൾ സെന്നും അടൂർ ഗോപാലകൃഷ്ണനും ജി.അരവിന്ദനും അടക്കമുള്ള പ്രതിഭകൾ അവയിൽ അണിനിരന്നിരുന്നു.നല്ല സിനിമയ്ക്ക്,നവാസ്വാദനരീതിയ്ക്ക് വഴിയൊരുക്കിയ ആ പതിപ്പുകൾ നാലഞ്ചെണ്ണത്തിനപ്പുറം ഇറങ്ങിയില്ല.
ചിത്രഭൂമി ആദ്യ ലക്കം
1982 ഏപ്രിൽ 11ന് ഗോപി പഴയന്നൂർ പത്രാധിപരായി ‘ചിത്രഭൂമി’ ദ്വൈവാരിക പ്രസിദ്ധീകരണം തുടങ്ങി.ശ്രീവിദ്യയുടെ മുഖചിത്രവും അവരുമായുള്ള അഭിമുഖവും ആദ്യ ലക്കത്തിന്റെ പ്രത്യേകതയായിരുന്നു. “അന്ന് അത് ഏകാംഗകമ്മീഷൻ പോലെയായിരുന്നു. എല്ലാം ഒറ്റയ്ക്ക് ചെയ്യേണ്ടി വന്നു. വാരികയിലേക്ക് മാറിയതോടെയാണ് കൂടുതൽ സ്റ്റാഫ് അംഗങ്ങൾ എത്തിയത്.പിൽക്കാലത്ത് ‘ചിത്രഭൂമി’യുടെ ചുമതല വഹിച്ച,ചലച്ചിത്രസംവിധയകൻ കൂടിയായ പി.പ്രേംചന്ദ് രേഖപ്പെടുത്തുന്നത് ഇങ്ങനെ, “നവ സിനിമയുടെ വരവിനെ മലയാളത്തിൽ അടയാളപ്പെടുത്തിയ വിശിഷ്ട സമാഹാരങ്ങളായിരുന്നു ഗോപി പഴയന്നൂർ മുൻകൈയെടുത്ത് ഇറക്കിയ ആ ചലച്ചിത്ര വാർഷികപ്പതിപ്പുകൾ.ഇതിന്റെ തുടർച്ചയായ ‘ചിത്രഭൂമി’, മലയാളത്തിൽ ഫിലിം ജേണലിസത്തിനു കൃത്യമായ ദിശാബോധം നൽകി.സിനിമക്കാർ നൽകുന്ന പത്രക്കുറിപ്പുകളും താരവിശേഷങ്ങളും മാത്രമായി ചുരുങ്ങിക്കൂടിയിരുന്ന ഫിലിം ജേണലിസത്തെ ചലച്ചിത്രമേളകളുടെ റിപ്പോർട്ടുകളും ചലച്ചിത്രവായനകളും അഭിമുഖങ്ങളുമെല്ലാം ചേർന്ന വിശാലമായ ഭൂമികയിലേക്ക് അദ്ദേഹം എത്തിച്ചു.അദ്ദേഹം നിശ്ചയിച്ച ഉള്ളടക്കത്തിന്റെ അജണ്ട പിന്തുടർന്നാണ് ചിത്രഭൂമി മലയാളത്തിലെ ഏറ്റവും മികച്ച ചലച്ചിത്രപ്രസിദ്ധീകരണമായി മാറിയത്”.
1983ൽ അദ്ദേഹം വീണ്ടും ദിനപത്രത്തിൽ തിരിച്ചെത്തി. അന്നും ടി.വേണുഗോപാലനായിരുന്നു തിരുവനന്തപുരത്തെ ന്യൂസ് എഡിറ്റർ. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ‘മാതൃഭൂമി’ നേടിയ വളർച്ച അത്ഭുതാവഹമായിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് മറ്റു പത്രങ്ങളെയെല്ലാം പിന്നിലാക്കി തലസ്ഥാനത്ത് അത് ഒന്നാം സ്ഥാനത്തെത്തി. “സഹപ്രവർത്തകരുടെ നിർലോഭമായ സഹകരണം ഉണ്ടായിരുന്നുവെങ്കിലും ഈ നേട്ടത്തിന്റെ മുഴുവൻ ക്രെഡിറ്റും പത്രപ്രവർത്തനത്തിലെ അഗസ്ത്യമഹർഷിയായ ഈ അതികായന് അർഹതപ്പെട്ടതാണ്”.
1985-ൽ ഗോപി പഴയന്നൂർ തിരുവനന്തപുരത്ത് ന്യൂസ് എഡിറ്ററായി. “ചുമതല ഏറ്റുവാങ്ങുമ്പോൾ വേണുവേട്ടൻ എന്ന ഗുരു ഒരു കാര്യം മാത്രമേ ആവശ്യപ്പെട്ടുള്ളൂ- ഇവിടെ നാം ഒന്നാം സ്ഥാനത്താണ്; ആ സ്ഥാനം നിലനിർത്തണം. മാതാ-പിതാ-ഗുരു-കാരണവന്മാരുടെ അനുഗ്രഹംകൊണ്ട്, 1988-ൽ കോഴിക്കോട്ടേക്ക് മടങ്ങുംവരെ ആ സ്ഥാനം നിലനിർത്താൻ കഴിഞ്ഞു എന്നത് എന്റെ മിടുക്കല്ല, വേണുഗോപാലൻ എന്ന ക്രാന്തദർശിയായ പത്രപ്രവർത്തകൻ വെട്ടിത്തുറന്ന വഴിയുടെ, ശൈലിയുടെ, ടീംവർക്കിന്റെ ഫലമായി കാണാനാണ് എനിക്കിഷ്ടം”.
വി.പി രാമചന്ദ്രനു പിന്നാലെ എം. ഡി നാലപ്പാട് പത്രാധിപരായി.അദ്ദേഹത്തിന്റെ ആസ്ഥാനം തിരുവനന്തപുരമായിരുന്നു.അത് അന്വേഷണാത്മക പത്രപ്രവർത്തനം കേരളത്തെ പിടിച്ചുകുലുക്കിയ കാലം.
1988ൽ കോഴിക്കോട്ട് മടങ്ങിയെത്തി, വീണ്ടും ‘ചിത്രഭൂമി’യുടെ ചുമതലക്കാരനായി. “പലരും കൈമാറിമാറി ഒടുവിൽ ദയാവധത്തിനു വിധേയമാകേണ്ട അവസ്ഥയാണ് ആ പ്രസിദ്ധീകരണത്തിന് പിന്നീട് ഉണ്ടായത്. ‘സ്പോർട്സ് മാസിക’യുടെ കാര്യവും വിഭിന്നമല്ല”. 2013 ൽ ചിത്രഭൂമി പ്രസിദ്ധീകരണം നിർത്തി.പകരം ആരംഭിച്ച ‘സ്റ്റാർ ആൻ്റ് സ്റ്റൈൽ’ പുതുകാലത്തെ പ്രവണതകൾക്കനുസൃതമായ മാസികയാണ് .
ഇതിനിടയ്ക്ക് ലീഡർപേജ്, വാരാന്തപ്പതിപ്പ്, പ്രത്യേക പതിപ്പുകൾ, ന്യൂസ് കോ-ഓ ർഡിനേഷൻ തുടങ്ങിയവയുടെ ചുമതലയും ഗോപി പഴയന്നൂർ വഹിച്ചു. 39 വർഷത്തെ സേവനത്തിനു ശേഷം,2007-ലാണ് ഗോപി പഴയന്നൂർ വിരമിച്ചത്.
“എം.ടിയും കേശവമേനോനും കൃഷ്ണവാരിയരും മുതൽ വി.പി.ആറും എം.ഡി നാലപ്പാടും വി.കെ മാധവൻകുട്ടിയും കെ.ഗോപാലകൃഷ്ണനും വരെ അര ഡസനിലധികം പത്രാധിപന്മാരുടെ കൂടെ പ്രവർത്തിക്കാനായി. ഒന്നിനൊന്ന് വ്യത്യസ്തമായ രീതികൾ, ശീലങ്ങൾ- എങ്കിലും ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ സംതൃപ്തി മാത്രം”.
പത്രപ്രവർത്തകനെന്ന നിലയിലുള്ള സംഭാവനകൾ എന്തെല്ലാമാണ് എന്ന ചോദ്യത്തിന് അദ്ദേഹം നല്കുന്ന ഉത്തരം ഇതാണ് :ഏൽപിച്ച ജോലികൾ , ആവുംവിധം, തൃപ്തികരമായിത്തന്നെ ചെയ്തു. ഔദ്യോഗികജീവിതത്തിന്റെ സിംഹഭാഗവും ഡെസ്കിലാണ് കഴിച്ചുകൂട്ടിയത്. റിപ്പോർട്ടിങ്ങ് വിഭാഗത്തിൽ ജോലി ചെയ്തിട്ടേയില്ല എന്നു പറയാം. അവിടെയാണ് ശ്രദ്ധിക്കപ്പെടാനും കഴിവുതെളിയിക്കാനും കൂടുതൽ അവസരങ്ങൾ ഉള്ളത്. ‘ഡസ്ക് ജീവികൾ’ പ്രായേണ ‘അറിയപ്പെടാത്ത നായകർ - unsung heroes’- ആണ്. പത്രം തെറ്റുകൂടാതെ, സുഗമമായി വായിക്കാൻ പാകത്തിൽ, ആകർഷകമാക്കി അണിയിച്ചൊരുക്കുന്നത് അവരാണെങ്കിലും, എഡിറ്റിങ് വിഭാഗത്തിന്റെ സേവനം വേണ്ടത്ര അംഗീകരിക്കപ്പെടാറില്ല - അന്നും ഇന്നും!
അവിടെ,മറക്കാനാവാത്ത ചില അനുഭവങ്ങളുണ്ട്. 1973 ഏപ്രിൽ 6. അക്കാലത്ത് വിംസിയായിരുന്നു ന്യൂസ് എഡിറ്റർ. ബ്യൂറോ ചീഫ് കെ.സി മാധവക്കുറുപ്പ്.ആൾ പരമ രസികൻ. പത്രത്തിൽ വരാത്ത വാർത്തകൾ പരസ്യക്കൂലി നൽകി പ്രസിദ്ധീകരിച്ച ചരിത്രമുണ്ട്,അദ്ദേഹത്തിന് .
പതിവു പോലെ ഗോപി രാത്രി ഷിഫ്റ്റിലായിരുന്നു .പകൽ സിനിമകൾ കണ്ടുനടക്കാമെന്നതിനാൽ, മിക്കപ്പോഴും രാത്രി ജോലി തന്നെ തെരഞ്ഞെടുക്കുകയായിരുന്നു പതിവ്. മിക്കപ്പോഴും ഡെസ്ക് ചീഫ് ടി.വേണുഗോപാലനായിരുന്നു.ആദ്യ എഡിഷൻ പ്രസിലേക്ക് അയച്ചുകഴിഞ്ഞുള്ള ഇടവേളയിൽ ഡെസ്കിൽ വലിയ കലാപരിപാടികൾ അരങ്ങേറും. ‘ഷെല്ലൗട്ട്’ എന്ന ഓമനപ്പേരിലറിയപ്പെട്ടിരുന്ന ഇതിനു മറ്റു വിഭാഗങ്ങളിൽ നിന്ന്പോലും കാഴ്ചക്കാരുണ്ടായിരുന്നു.ആദ്യ പതിപ്പ് അച്ചടിച്ചുവരുന്നതോടെ ഇതിന് തിരശ്ശീല വീഴും.
അവസാന എഡിഷൻ പ്രസിലേക്കയച്ച്, ചായകുടിക്കാൻ പുറത്തിറങ്ങുമ്പോൾ മലയാള മനോരമയിൽ നിന്ന് ഒരു സുഹൃത്ത് ഗോപിയെ വിളിച്ച് സംശയം ചോദിച്ചു-കുട്ടികൃഷ്ണ മാരാർക്ക് വയസ് 73-ഓ 75-ഓ?’
എഴുപത്തഞ്ചാം ജന്മദിനാഘോഷത്തിന്റെ വാർത്തകളൊന്നും വായിച്ചിട്ടില്ലാത്തതിനാൽ, അദ്ദേഹത്തിന്റെ പ്രായം എഴുപത്തി മൂന്നാകും എന്ന് ഉറപ്പിച്ച്, ഫോൺ വച്ചപ്പോൾ ഒരു കൊള്ളിയാൻ മിന്നി;എന്തിനാണിപ്പോൾ ഇങ്ങനെയൊരന്വേഷണം?
മാരാർ കിടപ്പിലാണെന്ന് അറിഞ്ഞിരുന്നു. അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചോ?1938 മുതൽ 1968 വരെ മാതൃഭൂമിയിൽ പ്രൂഫ് റീഡറായി പ്രവർത്തിച്ച അദ്ദേഹത്തിന്റെ മകൻ മുരളീധരൻ അന്ന് അവിടെ ജീവനക്കാരനായിരുന്നു. പലരോടും തിരക്കിയെങ്കിലും വിവരമൊന്നും കിട്ടിയില്ല.മാരാരുടെ വീട്ടിൽ ഫോണും ഉണ്ടായിരുന്നില്ല.
അവസാന എഡിഷൻ അച്ചടിക്കുന്നത് മാറ്റിവയ്ക്കാൻ വേണുഗോപാലൻ നിർദ്ദേശിച്ചു.വിവരം നേരിട്ട് അന്വേഷിക്കാനായി പന്നിയങ്കരയ്ക്കടുത്തുള്ള മാരാരുടെ വീട്ടിലേക്ക് ഗോപിയെ അയച്ചു. പ്രൂഫ് വിഭാഗത്തിലെ ജയന്തൻ മൂസ്സതിനെയും ഒപ്പം കൂട്ടി.റെയിൽവേ ലൈനിനപ്പുറമാണ് വീട്. “തീപ്പെട്ടി വെളിച്ചത്തിൽ ‘ഋഷിപ്രസാദ’ത്തിൽ കയറിച്ചെല്ലുമ്പോൾ,ഉമ്മറത്തളത്തിൽ കത്തിച്ചുവച്ച നിലവിളക്കിന്റെ വെളിച്ചത്തിൽ വെള്ളപുതപ്പിച്ച നിലയിൽ,കിടക്കുന്നു മലയാളത്തിന്റെ നിരൂപണാചാര്യൻ!”
മകൻ മുരളി പറഞ്ഞു; മാതൃഭൂമിയിൽ ഒന്നു-രണ്ട് തവണ വിളിച്ചിട്ടും കിട്ടിയില്ല. മനോരമക്കാരോട് എല്ലാവരെയും അറിയിക്കാൻ പറഞ്ഞിരുന്നു.
വിവരങ്ങളുമായി ഉടൻ ഓഫീസിൽ കിതച്ചെത്തി,വാർത്ത എഴുതാൻ തുടങ്ങുമ്പോൾ,വേണുഗോപാലൻ ചിരിയോടെ പറഞ്ഞു,“പേജൊക്കെ തയ്യാറായി.മരണസമയം മാത്രമേ ചേർക്കാനുള്ളൂ”.
മനോരമയിലെ ആ സുഹൃത്ത് സംശയം തീർക്കാൻ ഫോൺ ചെയ്തില്ലായിരുന്നുവെങ്കിൽ, കുട്ടികൃഷ്ണമാരാരുടെ ചരമവാർത്ത അന്ന് മാതൃഭൂമിക്ക് നഷ്ടപ്പെടുമായിരുന്നു. ആ ദുരന്തത്തിൽനിന്ന് ഭാഗ്യം ഒന്നുകൊണ്ടുമാമാത്രമാണ് രക്ഷപ്പെട്ടത്.
“പത്രപ്രവർത്തനജീവിതത്തിൽ ഒട്ടേറെ മറ്റ് അനുഭവങ്ങളുമുണ്ട്.അവയെല്ലാം ജോലിയുടെ ഭാഗം.തുറന്നുപറഞ്ഞാൽ ചിലത് പലരെയും വേദനിപ്പിക്കും”,ഗോപി പഴയന്നൂർ നിശബ്ദനാകുന്നു.
ഏറെ നിർബന്ധിച്ചപ്പോൾ, അദ്ദേഹം ഒരു സംഭവം ഓർമ്മിച്ചെടുത്തു.(ഇതെഴുതുന്ന ലേഖകരിലൊരാളായ ഡി.പ്രദീപ് കുമാർ അക്കാലത്ത് തിരുവനന്തപുരം ഡെസ്കിൽ പ്രവർത്തിച്ചിരുന്നതിനാൽ,അദ്ദേഹം പറയാത്ത ചില പേരുകൾ ,വ്യക്തതയ്ക്കായി ഈ അനുഭവത്തിൽ കൂട്ടിച്ചേർത്തിട്ടുണ്ട്).
“അത് എക്സ്ക്ളുസീവും എക്സ്പ്ലോസീവുമായ’ വാർത്തകളുടെ കാലം.ഒരു ദിവസം വൈകുന്നേരം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് സുഹൃത്തായ ഡോക്ടർ ഫോൺ ചെയ്തു;ഇന്ന് എൻ്റെ വിവാഹവാർഷികമാണ് .കാണണം.എത്ര വൈകിയാലും ഞാൻ ഹോട്ടലിൽ കാത്തുനിൽക്കും.
കുടുംബത്തെ വീട്ടിലയച്ച്,കാത്തിരുന്ന ഡോക്ടർ ആമുഖമൊന്നുമില്ലാതെ ഗോപിയോട് പറഞ്ഞു;“കേരളം ഞെട്ടുന്ന ഒരു വാർത്തയുണ്ട്.ഇന്ത്യയിലെ ആദ്യത്തെ എയിഡ്സ് രോഗി കേരളത്തിലെത്തിയിട്ടുണ്ട്.ടെസ്റ്റിൽ പോസിറ്റീവായപ്പോൾ ജർമ്മനിയിൽ നിന്ന് തിരിച്ചയച്ചതാണ് .ഇന്നത്തെ ഫ്ളൈറ്റിൽ തിരുവനന്തപുര ത്തെത്തി,ക്വാറൻടൈനിലാണ് ”.
അതു സംബന്ധിച്ച ഫയൽ വച്ചിരിക്കുന്ന മുറിയും ഡോക്ടർ പറഞ്ഞുതന്നു. ആ അലമാരി പൂട്ടാറില്ല.രാവിലെ ഏഴുമണിക്ക് സ്വീപ്പർമാർ മുറി തുറക്കും.ഫയൽ പൊക്കി വിവരങ്ങളെടുത്ത് ശേഷം അവിടെത്തന്നെ വെയ്ക്കുക!
അർദ്ധരാത്രി തന്നെ ഇക്കാര്യങ്ങളിൽ വിദഗ്ദ്ധനായ യുവ റിപ്പോർട്ടർ ജി.ശേഖരൻ നായരെ വിളിച്ചുണർത്തി കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തി.ഫോട്ടോഗ്രാഫർ ടി.രാജൻ പൊതുവാളിനെയും കൂട്ടി, രാവിലെ തന്നെ ‘ഓപ്പറേഷൻ’ നടത്താൻ നിർദ്ദേശിച്ചു.
രാവിലെ ഓഫീസിലെത്തി.ഉച്ചവരെ കാത്തിരുന്നിട്ടും ഓപ്പറേഷന് പോയവരെക്കുറിച്ച് വിവരമൊന്നും കിട്ടിയില്ല.അന്ന് മൊബൈൽ ഫോണില്ല. ഉച്ചയൂണ് കഴിഞ്ഞ് ,വൈകീട്ട് ഓഫീസിലെത്തിയപ്പോഴേക്കും എല്ലാം കൈവിട്ടുപോയിരുന്നു.
ദൗത്യം സമർത്ഥമായി പൂർത്തിയാക്കി,അവർ നേരെ എത്തപ്പെട്ടത് പത്രാധിപർ എം.ഡി നാലപ്പാടിന്റെ മുന്നിലായിരുന്നുവെന്ന് അറിഞ്ഞു. “ ‘നൂറ്റാണ്ടിലെ അപൂർവ്വ വാർത്ത’ കിട്ടിയ അദ്ദേഹം,അതെക്കുറിച്ച് വിശദമായൊരു സ്റ്റഡി ക്ളാസ് തന്നെ നടത്തി.ഞാൻ എല്ലാം കേട്ടിരുന്നു. ഒന്നും അറിഞ്ഞതായി ഭാവിച്ചില്ല. ഈ അസുലഭ നേട്ടത്തിന്റെ അണിയറക്കാരനായി ഞാനുമുണ്ടെന്ന് ആരോടും പറഞ്ഞില്ല.ആരും അറിഞ്ഞില്ല.അറിഞ്ഞവരാകട്ടെ അതൊട്ട് സൂചിപ്പിച്ചുമില്ല”.
വാർത്തയുടെ എഡിറ്റിങ്ങ് ഉൾപ്പെടെ എല്ലാം ഉന്നതർ ചെയ്തിരുന്നു.കോഴിക്കോട്,കൊച്ചി യൂണിറ്റുകളിലേക്ക് അയയ്ക്കാൻ വാർത്തയും ഫോട്ടോയും വച്ച,സീൽ ചെയ്ത രണ്ടു കവറുകൾ പത്രാധിപർ ഏൽപ്പിച്ചു. “അതുമാത്രമേ എനിക്ക് ചെയ്യാനുണ്ടായിരുന്നുള്ളൂ”. പത്രപ്രവർത്തനത്തിൽ പലപ്പോഴും അർഹിക്കുന്നവർക്ക് ക്രെഡിറ്റോ ആദരവോ ലഭിക്കില്ല.അവർ മിക്കപ്പോഴും കാണാമറയത്തായിരിക്കും എന്നാണ് അനുഭവം.
മാതൃഭൂമി തിരുവനന്തപുരം യൂണിറ്റ് സന്ദർശിച്ച ഉത്തരേന്ത്യൻ പത്രക്കാരോടൊപ്പം എഡിറ്റർ എം.ഡി നാലപ്പാട്, ന്യൂസ് എഡിറ്റർ ഗോപി പഴയന്നൂർ, പി.ആർ വാര്യർ തുടങ്ങിയവർഅടുത്ത ദിവസം പുലർച്ചെ ആ വാർത്താബോംബ് പൊട്ടി.ആദ്യ എയിഡ്സ് രോഗിയുടെ വാർത്ത ഫോട്ടോ സഹിതമായിരുന്നു പ്രസിദ്ധീകരിക്കപ്പെട്ടത്. “അതിന്റെ ആഘാതം തികച്ചും അപ്രതീക്ഷിതമായിരുന്നു”.അത് വൻ വിവാദങ്ങൾക്കും നിയമനടപടികൾക്കും ഇടയാക്കി.മദ്ധ്യസ്ഥ ചർച്ചകൾക്കൊടുവിൽ പത്രം നടത്തിയ ക്ഷമാപണത്തിലായിരുന്നു ആ കേസ് ഒത്തുതീർന്നത്.“ഹതഭാഗ്യനായ ആ യുവാവിന്റെ ചിത്രം ആളറിയാതെ, മുഖം മറച്ച്, പ്രസിദ്ധീകരിച്ചിരുന്നുവെങ്കിൽ വിവാദങ്ങൾക്കൊന്നും അവസരമുണ്ടാകുമായിരുന്നില്ല”.
ഓർത്തുനോക്കുമ്പോൾ ഒട്ടേറെ വ്യക്തികളും സംഭവങ്ങളും സ്മരണയിൽ തെളിയുന്നുണ്ട്.അവയൊന്നും എഴുതിവച്ചിട്ടില്ല.ധാരാളം ഫീച്ചറുകളും അഭിമുഖങ്ങളും ലേഖനങ്ങളുമൊക്കെ ജോലിയുടെ ഭാഗമായി തയ്യാറാക്കേണ്ടിവന്നിട്ടുണ്ട്. ഗുരുവായൂർ അമ്പലത്തിലെ തീപിടുത്തം, പെരുമൺ തീവണ്ടിദുരന്തം, വഞ്ചിയൂർ വെടിവെപ്പ് , ബാംഗ്ലൂർ-ബോംബെ-തിരുവനന്തപുരം ചലച്ചിത്രമേളകൾ തുടങ്ങിയവയുടെയൊക്കെ വാർത്തകൾ മെച്ചപ്പെട്ട രീതിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞതിൽ ചാരിതാർത്ഥ്യമുണ്ട്.
‘മരിച്ചആൾ’ പത്രവുമായി ആപ്പീസിലെത്തി ‘ഞാൻ മരിച്ചിട്ടില്ലേ’ എന്ന് വിലപിച്ചതും, കേസിൽ നിന്നു രക്ഷപ്പെടാൻ പ്രതി മരിച്ചെന്ന് വീട്ടുകാർതന്നെ വാർത്ത കൊടുത്തതും ഓർമ്മയിലുണ്ട്.വാർത്തകളിലെ നിസ്സാരമായ പരാമർശങ്ങളുടെ പേരിൽ ജനം ആപ്പീസിലേക്കു തള്ളിക്കയറി വന്നതുപോലുള്ള പല അനിഷ്ടസംഭവങ്ങൾക്കും സാക്ഷിയാകേണ്ടി വന്നിട്ടുണ്ട്. മറ്റുള്ളവർക്കുപറ്റിയ അബദ്ധങ്ങൾക്ക് സ്വയം മാപ്പു പറയേണ്ടിവന്ന അവസരങ്ങളും വിരളമല്ല.
വിരമിക്കുന്നതിനു തൊട്ടുമുൻപുള്ള അഞ്ചാറു വർഷം ഇൻഫർമേഷൻ ആൻറ് റീസർച്ച് വിഭാഗത്തിന്റെ ആധുനികവത്കരണത്തിൽ പങ്കാളിയാകാനും പത്രപ്രവർത്തകർക്ക് പരിശീലനം നല്കാനും അവസരം കിട്ടി. “ഒരുപാട് ‘ശിഷ്യ’രെ കാണാനും അവരുമായി ആശയവിനിമയം നടത്താനും കഴിഞ്ഞു എന്നതാണ് ഭാഗ്യം. പത്രപ്രവർത്തനരംഗത്ത് ഏറെയൊന്നും അവകാശപ്പെടാനില്ലെങ്കിലും, ഒരു അണിയറക്കാരൻ എന്നനിലയിൽ ഏൽപിച്ച ജോലികൾ ഏറെക്കുറെ തൃപ്തികരമായി, വലിയ തെറ്റുകുറ്റങ്ങൾ കൂടാതെ ചെയ്യാൻകഴിഞ്ഞു എന്നുതന്നെയാണ് വിശ്വാസം. ആ വിശ്വാസം നൽകുന്ന ആശ്വാസം തന്നെയാണ് പ്രധാന സമ്പാദ്യവും!”
ഒറ്റയ്ക്കു നടത്താവുന്ന ഒരു യുദ്ധമല്ല പത്രപ്രവർത്തനം; അതൊരു കൂട്ടായ യത്നമാണ്. അതിൽ യോദ്ധാക്കളും നായകന്മാരുമുണ്ട്. ഓരോരുത്തരുടേയും പങ്ക് നിർണ്ണായകം തന്നെ. “എണ്ണയിട്ട യന്ത്രംപോലെ എല്ലാവരും ഒന്നിച്ചു പ്രവർത്തിക്കണം. ഒരാൾ പിഴച്ചാൽ എല്ലാം പിഴയ്ക്കും. എല്ലാവരും ഒരുപോലെ ജയിക്കണം. അപ്പോൾ മാത്രമാണ് പത്രം വിജയിക്കുന്നത്. വിജയത്തിൻ്റെയും പരാജയത്തിന്റെയും ഉത്തരവാദിത്വം പലപ്പോഴും ഒരു നായകനു മാത്രമായിരിക്കും-പത്രാധിപർക്ക്. അതാണ് പത്രപ്രവർത്തനം!”
വിരമിച്ച ശേഷം എഴുത്തിൽ സജീവമാണ് ഗോപി പഴയന്നൂർ. ‘ഫേസ്ബുക്ക് പോസ്റ്റുകൾ’,’തെറ്റുകൾ,തിരുത്തുകൾ’, ‘പത്രം,ചലച്ചിത്രം,ഓർമ്മച്ചിത്രം’, ‘മുഖം നോക്കാതെ’, ‘കുസൃതിപ്പൂക്കൾ’ എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.എല്ലാം ഫേസ് ബുക്കിൽ എഴുതിയ കുറിപ്പുകളും ലേഖനങ്ങളും.പേരക്കുട്ടി സിദ്ധാർത്ഥിന്റെ ശിഷ്യനായി , ഫേസ്ബുക്കിൽ അരങ്ങേറ്റം കുറിച്ച അദ്ദേഹം, 2020 മുതൽ നിരന്തരം കുറിപ്പുകൾ എഴുതുന്നു. ചിലപ്പോൾ നാലു വരി.മറ്റുചിലപ്പോൾ രണ്ടു വരി.കാച്ചിക്കുറുക്കിയ ഈ വരികളിൽ കടുത്ത സാമൂഹിക വിമർശനങ്ങളുണ്ട് ,നിരീക്ഷണങ്ങളുണ്ട്.കുസൃതിയോടെ, തന്നിലേക്ക് തന്നെ നോക്കി ചിരിക്കുന്നുമുണ്ട്,പാട്ടുകാരൻ കൂടിയായ ഗോപി പഴയന്നൂർ.
ഒട്ടേറെ മാദ്ധ്യമപ്രവർത്തകർക്ക് അദ്ദേഹം ഗോപിയേട്ടനാണ്.വലുപ്പച്ചെറുപ്പമില്ലാതെ എല്ലാവരെയും ചേർത്തുനിർത്തിയ ഗുരു. കർമ്മപഥത്തിലെന്നും നിശബ്ദ സഞ്ചാരി.
No comments:
Post a Comment