ഇ മലയാളം വായിക്കാനും എഴുതാനും ഇവിടെ ഞെക്കുക UNICODE MALAYALAM FONTS

Click here for Malayalam Fonts

Search This Blog

Showing posts with label ദ ഹിന്ദു. Show all posts
Showing posts with label ദ ഹിന്ദു. Show all posts

Tuesday, 11 June 2024

ചരിത്രസാക്ഷികൾ-ബി.ആർ.പി ഭാസ്കർ

 ബി.ആർ.പി ഭാസ്കറിൻ്റെ മാദ്ധ്യമജീവിതം ഏഴു പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു. ദ ഹിന്ദുവിൽ തുടങ്ങിയ സംഭവബഹുലമായ ആ യാത്രയെക്കുറിച്ച്, ക്ലബ്ബ് ഹൗസ് മീഡിയ റൂമിൻ്റെ 'ചരിത്രസാക്ഷികൾ' പരമ്പരയിൽ പ്രത്യേക ക്ഷണിതാവായെത്തി (മാർച്ച് 24, 2024) അദ്ദേഹം സംസാരിച്ചു.


സ്വാതന്ത്ര്യസമരസേനാനിയും സാമൂഹിക പരിഷ്ക്കർത്താവും പത്രാധിപരുമായിരുന്ന അച്ഛൻ എ.കെ ഭാസ്കർ മകനിട്ട പേര് ബാബു രാജേന്ദ്രപ്രസാദ് ഭാസ്കർ .അദ്ദേഹം കൊല്ലത്ത് നിന്ന് ഇറക്കിയിയിരുന്ന 'നവഭാരതം' ദിനപത്രത്തിൽ, പിൽക്കാലത്ത് മലയാള പത്രലോകത്ത് പ്രശസ്തരായിത്തീർന്ന എൻ. രാമചന്ദ്രൻ, കെ. വിജയരാഘവൻ എന്നിവരും സി.എൻ ശ്രീകണ്ഠൻ നായരും ഉണ്ടായിരുന്നു. പത്രാധിപർ ബാപ്പുറാവു. അദ്ദേഹമായിരുന്നു ഗുരു;അതായിരുന്നു കളരി . തൂലികാനാമത്തിൽ ആ പത്രത്തിൻ ലേഖനങ്ങളെഴുതിയാണ് തുടക്കം. അച്ഛൻ, പക്ഷേ, മകനെ സർക്കാർ ഉദ്യോഗസ്ഥനാക്കാനാണ് ആഗ്രഹിച്ചത്." എന്നാൽ, എനിക്കൊരിക്കലും സർക്കാരുദ്യോഗത്തിൽ താല്പര്യം തോന്നിയില്ല".
 
കൊല്ലം എസ്.എൻ കോളേജിൽ ബിരുദത്തിന് പഠിച്ചത് ഗണിതശാസ്ത്രം. അദ്ധ്യാപകനായ പ്രൊഫ.ബാലകൃഷ്ണ ശർമ്മ, ഇന്ത്യാവിഭജനത്തിന് മുൻപ് സിന്ധിൽ എ.പി.ഐയുടെ പാർട്ട് ടൈം കറസ്പോണ്ടൻ്റായിരുന്നു. "പത്രപ്രവർത്തകനാകാനാണ് ആഗ്രഹമെന്ന് അറിഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു; കണക്ക് പഠിക്കുന്നത് നല്ലതാണ്. ഗണിതശാസ്ത്രത്തിലും പത്രപ്രവർത്തനത്തിലും വേണ്ടത് ചുരുക്കിപ്പറയലാണ്".
 
പ്രാദേശിക പത്രപ്രവർത്തനത്തിനപ്പുറത്തേയ്ക്കായിരുന്നു കണ്ണ്. മുൻപ് ദി ഇന്ത്യൻ എക്സ്പ്രസിൽ പ്രവർത്തിച്ചിരുന്ന പ്രമുഖ ഗാന്ധിയൻ ജി. രാമചന്ദ്രനെ പരിചയമുണ്ടായിരുന്നു.
"പത്രത്തിൽ ചേരാനായി അദ്ദേഹവുമായി ഞാൻ ബന്ധപ്പെടുന്നെന്ന് അറിഞ്ഞ അച്ഛൻ, ഇംഗ്ലീഷ് പത്രങ്ങളിൽ തന്നെ പ്രവർത്തിക്കാനാണ് താല്പര്യമെങ്കിൽ, ദ ഹിന്ദുവാണ് ഏറ്റവും നല്ലതെന്ന് പറഞ്ഞു. അദ്ദേഹത്തിന് പത്രാധിപർ കസ്തൂരി ശ്രീനിവാസനെ അറിയാമായിരുന്നു.അദ്ദേവുമായി സംസാരിക്കാമെന്നും ഏറ്റു".
 ഭാര്യ രമ ബി.ഭാസ്കർ

1952-ൽ ദ ഹിന്ദുവിൽ ട്രെയ്നിയായി ചേർന്നു. അന്നത്തെ മദിരാശി മുഖ്യമന്ത്രി സി. രാജഗോപാലാചാരിയുടെ മകൻ സി.ആർ കൃഷ്ണസ്വാമിയായിരുന്നു അന്ന് പത്രാധിപസമിതിയിലെ ഏറ്റവും സീനിയറായ ബാച്ച് ലീഡർ (ഇന്നത്തെ ചീഫ് സബ് എഡിറ്റർ). അദ്ദേഹം പിന്നീട് ന്യൂസ് എഡിറ്ററായി. ആദ്യ ദിവസങ്ങളിൽ, പകൽ മുഴുവൻ ഡസ്കിലിരുന്ന്, അവിടുത്തെ പ്രവർത്തനങ്ങൾ കണ്ടു പഠിക്കാനായിരുന്നു നിർദ്ദേശം. വാർത്തകളുടെ വിശ്വാസ്യതയ്ക്കും കൃത്യതയ്ക്കും പേരുകേട്ട പത്രം. എഡിറ്റിങ്ങിനു ശേഷം, കമ്പോസ് ചെയ്യുന്ന ഓരോ വാർത്തയും പത്രാധിപ സമിതി അംഗങ്ങൾ മൂന്ന് തവണ പ്രൂഫ് വായിക്കും.
 
ഒരു മാസത്തിനു ശേഷം, ഡെസ്ക്കിൻ്റെ ചുമതലയുള്ള പി.കെ ബാലസുബ്രഹ്മണ്യത്തോട് ചോദിച്ചു: എനിക്കെന്തെങ്കിലും പണി തരുമോ ? കൊളംബോ ലേഖകൻ അയച്ച ഒരു കമ്പി സന്ദേശം അദ്ദേഹം എടുത്ത് നൽകി. സിലോണിൻ്റെ (ശ്രീലങ്ക) ആദ്യ പ്രധാനമന്ത്രി ഡൺ സ്റ്റീഫൻ സേനായകെ തലേ ദിവസം കുതിരപ്പുറത്ത് നിന്ന് വീണ് അബോധാവസ്ഥയിലാണ്;അദ്ദേഹം ഏതു നിമിഷവും മരിക്കാം. അദ്ദേഹത്തെക്കുറിച്ച് മുൻകൂട്ടി എഴുതിയ ചരമക്കുറിപ്പാണ് ആദ്യമായി എഡിറ്റ് ചെയ്തത്. അത് വായിച്ച്, ചീഫ് സബിന് ഇഷ്ടപ്പെട്ടുവെന്ന് തോന്നി.സിലോൺ പ്രധാനമന്ത്രിയുടെ സ്ഥിതി കുറച്ചു മെച്ചപ്പെട്ടുവെന്ന ഏജൻസി വാർത്ത വായിച്ചാണ് വൈകീട്ട് മടങ്ങിച്ചത്. രാവിലത്തെ പത്രം നോക്കുമ്പോൾ, അദ്ദേഹത്തിൻ്റെ ചരമ വാർത്തയും ആ കുറിപ്പുമുണ്ട്. രാത്രി അദ്ദേഹം മരിച്ചിരുന്നു. 
 
ബി.ആർ.പി ഭാസ്കർ എന്ന ആദ്യ ബൈലൈൻ അച്ചടിച്ചുവരുന്നത് അക്കാലത്താണ്. പക്ഷേ, അത് , ദ ഇന്ത്യൻ എക്സ്പ്രസിലായിരുന്നു;ദ ഹിന്ദുവിലല്ല.പത്രപ്രവർത്തകർ ഐ.എഫ്.ഡബ്ലിയു.ജെ എന്ന പേരിൽ തൊഴിലാളി സംഘടന രൂപീകരിച്ചത് അക്കാലത്താണ്. അതിൽ അംഗമായി. ലക്നൗവിൽ നടന്ന ദേശീയ സമ്മേളനത്തിന് പ്രതിനിധിയായി പോകുമ്പോൾ, ഭോപ്പാലിൽ ഇറങ്ങി. അവിടെ നിന്ന് നൂറു കിലോമീറ്റർ അകലെയുള്ള സുൽത്താൻപൂർ സന്ദർശിക്കുകയായിരുന്നു, ലക്ഷ്യം. മലയാളികളായ മുന്നൂറ് കർഷക കുടുംബങ്ങൾ അവിടെയുണ്ടായിരുന്നു. അതെക്കുറിച്ച് അറിഞ്ഞിരുന്നു. ഭക്ഷ്യക്ഷാമം അതിരൂക്ഷമായ കാലം. സുൽത്താൻപൂരിനടുത്ത വനപ്രദേശത്ത് സർക്കാർ ഒരു കൂട്ടുകൃഷി ഫാം തുടങ്ങി പക്ഷേ, അത് വിജയിച്ചില്ല. അവിടേയ്ക്ക്, തിരു-കൊച്ചിയിൽ നിന്ന്, ജലസേചന സൗകര്യമുള്ള 5 ഏക്കർ ഉൾപ്പെടെ 15 ഏക്കർ ഭൂമിയും മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്ത് കർഷകരെ കൊണ്ടുവന്ന് താമസിപ്പിച്ചതാണ്.സർക്കാർ തെരഞ്ഞെടുത്ത് അയച്ച അവർ മൂന്ന് കോളനികളിലായിരുന്നു. അവർ ഒട്ടേറെ പ്രതിസന്ധികളിലൂടെ കടന്നു പോകുന്നുവെന്നറിഞ്ഞാണ് എത്തിയത്. 
 
അവസാന ബസ് സ്റ്റോപ്പിൽ നിന്ന് ഗ്രാമത്തിലേക്ക് വിജനമായ ഒരു കാട്ടുവഴി മാത്രം .അതിലൂടെ അഞ്ച് കിലോമീറ്റർ നടന്ന് ,അവശനായാണ് എത്തിയത്. സർക്കാർ നിയമിച്ച ഒരു ലെയ്സൺ ഓഫീസർ അവിടെയുണ്ടായിരുന്നു. അദ്ദേഹവുമായി സാസാരിച്ചിരുന്നപ്പോൾ പുറത്ത് ജനങ്ങൾ തടിച്ചു കൂടി .രാത്രി വരെ അവരുടെ പരാതികൾ കേട്ടു. അവിടെ എത്തിയവരിൽ ചിലർ കർഷകരായിരുന്നില്ല. 15 ഏക്കർ കിട്ടുമെന്ന പ്രലോഭനത്തിൽ ഇറങ്ങിത്തിരിച്ചവരായിരുന്നു കുറച്ചു പേർ. കാളകളെ വാങ്ങാൻ നൽകിയ 750 രൂപയിൽ ഒരു ഭാഗം മറ്റാവശ്യങ്ങൾക്ക് ചെലവാക്കി, ആരോഗ്യമില്ലാത്തവയെ വാങ്ങിയവരും അക്കൂട്ടത്തിലുണ്ടായിരുന്നു .ഗോതമ്പ് കൃഷി ചെയ്യാനാണ് സർക്കാർ പറഞ്ഞിരുന്നതെങ്കിലും നെൽകൃഷി ചെയ്ത് നഷ്ടം വന്നവരെയും കണ്ടു. തദ്ദേശീയരുമായി ചന്തകളിൽ വച്ച് വഴക്കുണ്ടാകുന്നതും അവിടെ പതിവായിരുന്നു. മറ്റുള്ളവരിൽ നിന്ന് അകന്ന്, കോളനികളിൽ ജീവിക്കുന്നതും ആശാസ്യമായി തോന്നിയില്ല.                                     
                                                                                                   കൊച്ചുമകൾ  സാവേരി ബാലാജിയ്ക്കൊപ്പം.
ഇക്കാര്യങ്ങളെക്കുറിച്ച് സമഗ്രമായ ഒരു റിപ്പോർട്ട് എഴുതി. അത് സ്വന്തം പത്രത്തിന് നൽകിയിട്ട് പ്രയോജനമുണ്ടെന്ന് തോന്നിയില്ല. സുൽത്താൻപൂരിൽ ദ ഹിന്ദു വിതരണം ചെയ്തിരുന്നില്ല. കേരളത്തിലും ഡൽഹിയിലും മദ്ധ്യപ്രദേശിലും കിട്ടുന്ന പത്രം ദ ഇന്ത്യൻ എക്സ്പ്രസായിരുന്നു . അതിൽ കൊടുത്താലോ? ന്യൂസ് എഡിറ്റർ സി.ആർ കൃഷ്ണസ്വാമിയോട് ചോദിച്ചു. എഡിറ്റർക്ക് ഒരു കത്ത് നൽകാൻ അദ്ദേഹം പറഞ്ഞു. അതിന് അനുമതി കിട്ടി. അവർ ഞായറാഴ്ചപ്പതിപ്പായ 'സൺഡേ സ്റ്റാൻഡേർഡി'ൽ അത് പ്രസിദ്ധീകരിച്ചു.
 
അതിന് ഫലമുണ്ടായി. മലയാളി കർഷകരുടെ കോളനികൾ പഞ്ചായത്തുകളിൽ ലയിപ്പിച്ചു. പിൽക്കാലത്ത് അവിടെ ഒരു മലയാളി, പഞ്ചായത്തിൻ്റെ പ്രസിഡൻ്റുണ്ടായി. ഭൂമി മാത്രം മോഹിച്ച് വന്ന കുടിയേറ്റക്കാരിൽ ചിലർ നാട്ടിലേക്ക് മടങ്ങിപ്പോയി. സുൽത്താൻപൂരിലെ ഗ്രാമത്തിൽ ഒരു സർക്കാർ ഹയർ സെക്കണ്ടറി സ്കൂളുണ്ടായി. നാട്ടുകാരുമായി ഇഴുകിച്ചേർന്നാണ് എല്ലാവരും കഴിയുന്നത് എന്നറിഞ്ഞതിൽ ചാരിതാർത്ഥ്യമുണ്ട്.
 
കോളേജ് പഠനകാലത്ത് വിദ്യാർത്ഥി ഫെഡറേഷൻ പ്രവർത്തകനായിരുന്ന ബി. ആർ. പി ഭാസ്കർ പത്രപ്രവർത്തനകാലത്തിൻ്റെ ആരംഭം മുതൽ മനുഷ്യാവകാശ പ്രവർത്തനങ്ങളിലും സജീവമായി വ്യാപൃതനായി. അതിനു വഴിവച്ചത്, സിങ്കപ്പൂരിലേക്ക് തിരിച്ചുപോകുന്നതിനുള്ള ക്ലിയറൻസ് സർട്ടിഫിക്കേറ്റ് വാങ്ങാൻ ചെന്നൈയിലെ പ്രൊട്ടക്ടർ ഓഫ് എമിഗ്രൻ്റ്സ് ഓഫീസിൽ എത്തിയ തിരുവനന്തപുരത്തുകാരനായ യുവാവ്, അവിടെ പൊലീസ് കസ്റ്റഡിയിൽ മരിച്ച സംഭവമായിരുന്നു. എ.പി. കുഞ്ഞിക്കണ്ണൻ എന്ന സോഷ്യലിസ്റ്റ് പാർട്ടി പ്രവർത്തകനാണ് അക്കാര്യം അറിയിച്ചത്. അക്കാലത്ത് സിങ്കപ്പൂർ, മലേഷ്യ രാജ്യങ്ങളിലേക്ക് ആയിരക്കണക്കിന് മലയാളികൾ ജോലി തേടിപ്പോയിരുന്നു. എന്നാൽ കുടിയേറ്റം അവസാനിപ്പിക്കുന്നതിന് തീരുമാനിച്ച രണ്ട് സർക്കാരും അതിന് ഒരു അന്തിമ തീയതി പ്രഖ്യാപിച്ചു. അതോടെ, എമിഗ്രേഷൻ ക്ലിയറൻസ് രേഖകൾക്കായി ഓഫീസിൽ വലിയ തിരക്കായി. അവർ 500 രൂപ വരെ (അക്കാലത്തെ വലിയ തുക) കൈക്കൂലി വാങ്ങി.
അവധി കഴിഞ്ഞ് തിരിച്ചു പോകാൻ ക്ലിയറൻസ് രേഖയ്ക്കായി ഓഫീസിലെത്തിയ യുവാവ് അസ്വസ്ഥനായി, ബഹളമുണ്ടാക്കി. അയാളെ ജീവനക്കാർ മർദ്ദിച്ച്, പൊലീസിൽ ഏല്പിച്ചു. ആ രാത്രിയിൽ അയാൾ കസ്റ്റഡിയിൽ മരിച്ചു. എന്നാൽ, ആർസനിക് വിഷം അകത്തു ചെന്നതാണ് മരണകാരണമെന്നായിരുന്നു പോസ്റ്റ് മാർട്ടം റിപ്പോർട്ടിലുണ്ടായിരുന്നത്."ഞാനും കുഞ്ഞിക്കണ്ണനും കൂടി അന്ന് ഓഫീസിലുണ്ടായിരുന്നവരുമായി സംസാരിച്ച്, നിജസ്ഥിതി മനസ്സിലാക്കി. പക്ഷേ, ദ ഹിന്ദുവിന് ഈ കസ്റ്റഡി മരണത്തിൽ ഒരു താല്പര്യവുമുണ്ടായില്ല. അതെത്തുടർന്ന് ,ഈ മനുഷ്യാവകാശ പ്രശ്നം ഞങ്ങൾ ഏറ്റെടുത്തു".
 
മരിച്ചയാളുടെ ബന്ധുക്കൾക്ക് കത്തെഴുതി. അയാളുടെ ഭാര്യയും മകനും ചെന്നൈയിലെത്തി. കുഞ്ഞിക്കണ്ണൻ ഏർപ്പാടാക്കിത്തന്ന അഭിഭാഷകൻ മുഖേന പ്രൊട്ടക്ടർ ഓഫ് എമിഗ്രൻ്റ്സിന് എതിരെ മജിസ്ട്രേട്ട് കോടതിയിൽ കേസ് ഫയൽ ചെയ്തു. പക്ഷേ, അത് വിജയിച്ചില്ല. എതിർഭാഗത്തിനു വേണ്ടി പ്രമുഖ ക്രിമിനൽ വക്കീൽ വി.എൽ എത്തിതരാജായിരുന്നു വാദിച്ചത്. 
 
ഈ പ്രശ്നം തമിഴ്നാട്ടിലെയും കേരളത്തിലെയും എം.പി മാരുടെ ശ്രദ്ധയിൽ പെടുത്തി. പ്രധാനമന്ത്രി നെഹ്റു ഇടപെട്ടു. അന്വേഷണം നടത്തി, ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തു.
ഈ ഇടപെടൽ കാരണം, ബി. ആർ.പി തമിഴ്നാട് പൊലീസിൻ്റെ നോട്ടപ്പുള്ളിയായി. അവർ ആവശ്യപ്പെട്ടതനുസരിച്ച് തൻ്റെ പശ്ചാത്തലം കേരളത്തിലെ വിജിലൻസ് അന്വേഷിച്ചതായി , അവധിക്ക് നാട്ടിൽ വന്നപ്പോൾ, പൊലീസിൽ ജോലി ചെയ്യുന്ന മുൻ സഹപാഠി പറഞ്ഞ് ബി.ആർ പി അറിഞ്ഞു. തിരികെ ഓഫീസിലെത്തിയപ്പോൾ, ന്യൂസ് എഡിറ്റർ സി.ആർ കൃഷ്ണമൂർത്തി കാൻ്റീനിൽ വിളിച്ചു കൊണ്ടുപോയി ആ രഹസ്യം പറഞ്ഞു: താൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വേണ്ടി കാശ് പിരിച്ച് രസീത് ഒപ്പിട്ട് നൽകുന്നുണ്ടെന്ന ഇൻ്റലിലൻസ് റിപ്പോർട്ട് അച്ഛന് (അന്നത്തെ മുഖ്യമന്ത്രി സി. രാജഗോപാലാചാരി) കിട്ടിയിട്ടുണ്ട്. 'ഞാനത് വിശ്വസിക്കുന്നില്ല. അയാൾ കമ്യൂണിസ്റ്റാണെങ്കിൽ കസ്തൂരി ശ്രീനിവാസൻ അയാൾക്ക് ജോലി കൊടുക്കില്ലായിരുന്നു' എന്ന് അദ്ദേഹം ഫയലിൽ എഴുതിയത്രേ.
 
അന്ന് വലിയ ബിസിനസ് സ്ഥാപനങ്ങളായിരുന്നു , ദ ഹിന്ദു ഒഴികെയുള്ള ഇംഗ്ലീഷ് പത്രങ്ങളുടെ ഉടമസ്ഥർ. അവർക്കാർക്കും പത്രപ്രവർത്തകർ ട്രേഡ് യൂണിയനുണ്ടാക്കി സംഘടിക്കുന്നത് ഇഷ്ടമായില്ല. പക്ഷേ, സംഘനയുണ്ടായി. ബി.ആർ.പിയും അതിൽ സജീവമായി.മദ്രാസ് യൂണിയൻ ഓഫ് വർക്കിങ്ങ് ജേർണ്ണലിസ്റ്റ് സംഘടനയായിരുന്നു തമിഴ്നാട്ടിലുണ്ടായിരുന്നത്. ദേശീയ തലത്തിലുള്ള ഐ.എഫ്.ഡബ്ലിയു.ജെയുടെ ഘടകമായിരുന്നു അത്. ബി.ആർ.പിയുടെ സഹപ്രവർത്തകനും സീനിയർ സബ് എഡിറ്റുമായിരുന്ന ആർ.നരസിംഹനായിരുന്നു അതിൻ്റെ ജനറൽ സെക്രട്ടറി. മാനേജ്മെൻ്റിന് അത് ഇഷ്ടക്കേടുണ്ടാക്കി. ചെറിയ തെറ്റുകൾക്കുപോലും മെമ്മോ നൽകി, അവർ അവസാനം അദ്ദേഹത്തെ പുറത്താക്കി. ഇത് പ്രതികാര നടപടിയാണെന്നും ലേബർ കോടതിയെ സമീപിക്കണമെന്നും ആവശ്യപ്പെട്ട് ജീവനക്കാർ യൂണിയന് കത്തയച്ചു. ഇതറിഞ്ഞ് പത്രാധിപർ കസ്തൂരി ശ്രീനിവാസൻ സബ്ബ് എഡിറ്റർമാരുടെ ഒരു യോഗം വിളിച്ചു. എല്ലാവരെയും താൻ മക്കളെപ്പോലെയാണ് കരുതുന്നതെന്നും ആർക്കുമെതിരെ പ്രതികാരനടപടി എടുക്കില്ലെന്നും പറഞ്ഞു. 
 
യോഗത്തിനു ശേഷം, കമ്പനി വക്കീൽ തയ്യാറാക്കിയ ഒരു കത്തിൽ ഒപ്പിടാൻ എല്ലാവരോടും പറഞ്ഞു. തെറ്റിദ്ധാരണ മൂലമാണ് യൂണിയന് നൽകിയ കത്തിൽ ഒപ്പിട്ടതെന്നും ആർ. നരസിംഹത്തിൻ്റെ പുറത്താക്കൽ പ്രതികാര നടപടിയായി കരുതുന്നില്ലെന്നുമായിരുന്നു കത്ത്."ഞാനൊഴികെ എല്ലാവരും ആ കത്തിൽ ഒപ്പിട്ടു".
 
തൊഴിലാളി യൂണിയൻ്റെ കേസ് വാദിച്ചിരുന്നത് പ്രഗത്ഭരായ രണ്ട് രാഷ്ട്രീയ നേതാക്കളായിരുന്നു -ആർ. വെങ്കിട്ടരാമനും (പിന്നീട് രാഷ്ട്രപതി) മോഹൻ കുമാര മംഗലവും ." പത്രാധിപർ വിളിച്ചു കൂട്ടിയ യോഗത്തെക്കുറിച്ച് കോടതിയിലെത്തി മൊഴി നൽകാമോ എന്ന് കുമാരമംഗലം എന്നോട് ചോദിച്ചു. ഞാൻ സമ്മതിച്ചു. സമ്മർദ്ദം കാരണമാണ് മറ്റ് അംഗങ്ങൾ പിൻവാങ്ങിയതെന്ന യൂണിയൻ്റെ വാദം കോടതി അംഗീകരിച്ചു". അദ്ദേഹത്തെ തിരിച്ചെടുക്കാൻ കോടതി പിന്നീട് ഉത്തരവിട്ടു. 'അതിനെതിരെ മാനേജ്മെൻ്റ് ഹൈക്കോടതിയിൽ പോയെങ്കിലും വിജയിച്ചില്ല. അദ്ദേഹത്തിന് നഷ്ടപരിഹാരം നൽകി, കോടതിക്ക് പുറത്ത് വച്ച് കേസ് അവസാനം ഒത്തുതീരുകയായിരുന്നു.
 
''ദ ഹിന്ദുവിലെ അന്തരീക്ഷം അസ്വാസ്ഥ്യജനകമായി''.അക്കാലത്താണ് ഫിലിപ്പീൻസ് സർവകലാശാല നൽകുന്ന രമൺ മഗ്സസെ സ്കോളർഷിപ്പിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അപേക്ഷ ക്ഷണിച്ചത്. ഡൽഹിയിൽ നടത്തിയ അഭിമുഖത്തിൽ ബി.ആർ.പി ഭാസ്കർ തെരഞ്ഞെടുക്കപ്പെട്ടു .ഒന്നര വർഷം അവധി വേണം.''വേതനമില്ലാഅവധിക്ക് ഞാൻ അപേക്ഷ നൽകി. അർഹതപ്പെട്ട അവധി എടുക്കാം. അതിനു ശേഷം ഡ്യൂട്ടിക്ക് ചേരണം എന്ന് മാനേജ്മെൻ്റ് അറിയിച്ചു. അതിനാൽ രാജിവച്ചു".
1958-ൽ ഫിലിപ്പീൻസിലേക്ക് പോകും മുൻപ് പത്രാധിപർ കസ്തൂരി ശ്രീനിവാസനെ കണ്ടു;"തിരിച്ചു വരുമ്പോൾ ഇവിടേക്കു തന്നെ വരണം". ഉപരിപഠനത്തിന് പോയതിന് പിന്നാലെ പത്രാധിപർ അന്തരിച്ചതായി അറിഞ്ഞു.
 
ഇംഗ്ലീഷിലും താരതമ്യസാഹിത്യത്തിലും ബിരുദാനന്തരബിരുദം നേടി ഇന്ത്യയിലേക്ക് മടങ്ങിയ ബി.ആർ. പി ഭാസ്കർ , 1959-ൽ ഡൽഹിയിലെ ദ സ്റ്റേറ്റ്സ്മാൻ പത്രത്തിൽ സഹപത്രാധിപരായി ചേർന്നു. ബ്രിട്ടീഷുകാർ സ്ഥാപിച്ച പത്രത്തിൻ്റെ പ്രധാന സ്ഥാനങ്ങളിലെല്ലാം അപ്പോഴും വിദേശികളായിരുന്നു. മനുഷ്യദുരിതങ്ങളെക്കുറിച്ചുള്ള വാർത്തകൾക്ക് സ്വാതന്ത്ര്യ പൂർവകാലത്ത് ഏറെ പ്രാധാന്യം നൽകിയ പത്രമാണത്. മുപ്പതു ലക്ഷത്തിലധികം പേർ മരിച്ചു വീണ ബംഗാൾ ക്ഷാമത്തിൻ്റെ ഭീകരത ലോകത്തെ അറിയിച്ചത് ദ സ്റ്റേറ്റ്സ്മാനായിരുന്നു.
 
അക്കാലത്ത് ബി.ആർ.പിക്ക് യാദൃച്ഛികമായി വലിയൊരു വാർത്ത വീണു കിട്ടി.1961 ഡിസംബറിൽ ഒരു സുഹൃത്തിനെ യാത്രയയയ്ക്കാൻ ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ പോയ ബി. ആർ.പി ഒരു പ്ലാറ്റ്ഫോമിലെ ട്രെയിനിലേക്ക് സൈനികരുടെ പടക്കോപ്പുകളും സാധനസാമഗ്രികളും ധൃതഗതിയിൽ കയറ്റുന്നത് കണ്ടു. പുറത്ത് സൈനിക വാഹനങ്ങൾ . ഒരു അന്വേഷണം നടത്തി നോക്കി. മഹാരാഷ്ട്ര - ഗോവ അതിർത്തിക്കടുത്തുള്ള ഒരു സ്റ്റേഷനിലേക്ക് കൊണ്ടുപോകാനായിരുന്നു അവ. പോർച്ചുഗീസ് ആധിപത്യത്തിനെതിരെ ഗോവയിൽ നടന്നു വന്ന വിമോചന സമരം ശക്തി പ്രാപിച്ച സമയം.ഇന്ത്യൻ സൈന്യം ഇടപെടണമെന്ന ആവശ്യമുയർന്നിരുന്നു. ആ സാഹചര്യത്തിൽ ,അടുത്തു തന്നെ സൈനിക നീക്കമുണ്ടാകുമെന്ന് അദ്ദേഹത്തിന് മനസിലായി. 
 
സൈനിക നീക്കങ്ങളെക്കുറിച്ച് വാർത്തകൾ കൊടുക്കാൻ പാടില്ലെന്നാണ് നിയമം . ദ സ്റ്റേറ്റ്സ്മാനിൽ എന്തായാലും ആ വാർത്ത കൊടുക്കാനാവില്ല. പക്ഷേ, ആ വാർത്ത വന്നു. അത് കേരളകൗമുദിയിലായിരുന്നു. എം.എസ് മണിയായിരുന്നു അന്ന് ഡൽഹി ലേഖകൻ. അദ്ദേഹത്തെ കാര്യങ്ങൾ അറിയിച്ചു. സൈനിക സാമഗ്രികളുമായി ട്രെയിൻ പുറപ്പെട്ടുവെന്ന കാര്യം ഒഴിവാക്കി, ഗോവയിൽ സൈനിക ഇടപെടൽ ഉടൻ ഉണ്ടായേക്കും എന്നാണ് റിപ്പോർട്ടിൽ എഴുതിയത്."ഇത് കണ്ട പത്രാധിപർ കെ. സുകുമാരൻ ,അതിൻ്റെ ഉറവിടം മണിയോട് അന്വേഷിച്ച ശേഷമാണ് കൊടുത്തത്".
ആദ്യം കോൺഗ്രസിലും പിന്നെ സി.പി.ഐയിലും പ്രവർത്തിച്ച അരുണ അസഫ് അലി ചെയർമാനും എടത്തട്ട നാരായണൻ പത്രാധിപരുമായിട്ടാണ് 1963ൽ പേട്രിയട്ട് ആരംഭിച്ചത്. ഇടതുപക്ഷ സഹയാത്രികർ ബി.ആർ. പി ഭാസ്കറെയും ക്ഷണിച്ചു. ഭാസ്കറിനൊപ്പം മെയിൻസ്ട്രീം വാരികയുടെ എഡിറ്ററും സ്നേഹിതനനുമായിരുന്ന സി.എൻ ചിത്തരഞ്ജൻ, ലിങ്കിലെ അസിസ്റ്റൻ്റ് എഡിറ്റർമാരായിരുന്ന വി.വിശ്വനാഥ് , ഒ .പി സംഗാൾ എന്നിവരും അവിടെ അസിസ്റ്റൻ്റ് എഡിറ്റർമാരായി ചേർന്നു.സ്റ്റേറ്റ്സ്മാനിലെ സഹപ്രവർത്തകൻ എം. വേണുഗോപാൽ റാവു ന്യൂസ് എഡിറ്ററായി."ഒരു പുതിയ പത്രം രൂപപ്പെടുത്തുക എന്ന വലിയ വെല്ലുവിളിയാണ് ഞങ്ങൾ ഏറ്റെടുത്തത്. സാധാരണക്കാർക്ക് വാങ്ങാവുന്ന വിലയായ 10 പൈസക്ക് 8 പേജ് ഇംഗ്ലീഷ് ദിനപത്രം".
സാധാരണക്കാർക്കു പോലും മനസിലാക്കാവുന്ന ലളിതമായ ഭാഷയാണ് ഉപയോഗിച്ചത്. അതിനായി സ്റ്റൈൽ ബുക്ക് തയ്യാറാക്കി. ഉള്ളടക്കം പ്രതിഫലിക്കുന്ന ജീവനുള്ള തലക്കട്ടുകൾ പത്രാധിപർക്കുള്ള കത്തുകൾ കോളത്തിന് വരെ നൽകി. രൂപകല്പനയിൽ വൈദഗ്ദ്ധ്യമേറെയുള്ള വേണുഗോപാൽ റാവു തയ്യാറാക്കിയ പത്രം മറ്റുള്ളവയിൽ നിന്ന് വേറിട്ടു നിന്നു.
 
1964 മെയ് 27 ന് പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു അന്തരിച്ചു. അത് അപ്രതീക്ഷിതമായിരുന്നില്ല. ആറു മാസം മുൻപ് ഭുവനേശ്വറിൽ നടന്ന കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുക്കവേ അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായി. സമ്മേളനം റിപ്പോർട്ട് ചെയ്ത് തിരിച്ചെത്തിയ രാഷ്ട്രീയ ലേഖകൻ ഗിരീഷ് മാത്തൂരിനോട് നെഹ്രുവിൻ്റെ ജീവചരിത്രക്കുറിപ്പ് എഴുതാൻ ആവശ്യപ്പെട്ടു. പല പ്രാവശ്യം ഓർമ്മപ്പെടുത്തിയിട്ടും അദ്ദേഹം അത് ചെയ്തില്ല.'നെഹ്റുവിനെക്കുറിച്ച് പാസ്റ്റ് ടെൻസിൽ എഴുതാൻ എനിക്ക് കഴിയില്ല' എന്നാണ് അദ്ദേഹം പറഞ്ഞത്.'നിങ്ങൾ പ്രസൻ്റ് ടെൻസിൽ എഴുതിയാൽ മതി. ആവശ്യം വരുമ്പോൾ മാറ്റാം' എന്ന് അദ്ദേഹത്തോട് പറഞ്ഞെങ്കിലും അത് എഴുതിയില്ല.
"മരണവാർത്തയറിഞ്ഞയുടൻ ലൈബ്രറിയിൽ തിരഞ്ഞെങ്കിലും ഒന്നും കിട്ടിയില്ല. അന്ന് ഡെസ്കിലുണ്ടായിരുന്നവർ ഉൾപ്പെടെ 22 പേർ നെഹ്രുവിനെക്കുറിച്ച് എഴുതണമെന്ന് തീരുമാനിച്ചു. പക്ഷേ,ജോലിത്തിരക്ക് കാരണം എനിക്കും വിശ്വനാഥിനും എഴുതാൻ കഴിഞ്ഞില്ല. മറ്റെല്ലാ ലേഖനങ്ങളും ചിത്രങ്ങളും ചേർത്തു. അപ്പോഴാണ്,നെഹ്രു തന്നെ തൻ്റെ ശവകുടീരത്തിൽ എഴുതിവയ്ക്കേണ്ട സ്മാരകലേഖം (എപ്പറ്റാഫ്) പറഞ്ഞിട്ടുള്ളത് മൈക്കൽ ബ്രച്ചേറിൻ്റെ ' നെഹ്രു :എ പൊളിറ്റിക്കൽ ബയോഗ്രഫി' എന്ന പുസ്തകത്തിലുണ്ടെന്ന് അറിയുന്നത്.
 
അത് ഒന്നാം പേജിൽ,പത്രത്തിൻ്റെ പേരിന് മീത നൽകി. മുഖ്യവാർത്തയ്ക്കൊപ്പം, ദേശീയ ദുഃഖാചരണത്തിൻ്റെ ഭാഗമായി ലോക്സഭാമന്ദിരത്തിൽ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടിയതിൻ്റെ ചിത്രവും നൽകി. ദുഃഖാചരണം തീരും വരെ ഈ ചിത്രം ഒന്നാം പേജിൽ തുടർന്നു.
ഒരു ശില്പശാലയിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയ പ്രശസ്തനായ ഒരു ബ്രിട്ടീഷ് പത്രലേഖകൻ അന്ന് ഇറങ്ങിയ തലസ്ഥാനത്തെ പത്രങ്ങളെല്ലാം കണ്ട ശേഷം, ഏറ്റവും നല്ല പത്രം പേട്രിയട്ടാണെന്ന് പറഞ്ഞത് ബി.ആർ. പി ഭാസ്കർ ഇന്നുമോർക്കുന്നു. 
 
"പത്രാധിപർ എടത്തട്ട നാരായണൻ കടുത്ത നെഹ്രു പക്ഷക്കാരനായിരുന്നു.അദ്ദേഹത്തിന് പത്രപ്രവർത്തനവും രാഷ്ട്രീയവും ഒന്നായിരുന്നു". വലതുപക്ഷക്കാരെന്ന് അദ്ദേഹം വിശ്വസിക്കുന്നവർക്കെതിരായി എഡിറ്റോറിയലിലൂടെ അദ്ദേഹം നിരന്തരം ആഞ്ഞടിച്ചു. 'ഫിഫ്ത്ത് കോളം ' എന്ന തൻ്റെ ഹാസ്യപംക്തിയിലൂടെ അവരെ വിമർശിച്ചു. തനിക്ക് ഇഷ്ടമല്ലാത്ത തെരഞ്ഞെടുപ്പ് ഫലങ്ങൾക്ക് രാഷ്ട്രീയ പക്ഷപാതം പ്രകടിപ്പിക്കുന്ന തലക്കെട്ടുകൾ വരെ നൽകി. പലപ്പോഴും എതിരഭിപ്രായം പ്രകടിപ്പിച്ചുവെങ്കിലും, അദ്ദേഹം വഴങ്ങിയില്ല.
ഏറെക്കാലം തുടർന്ന ആത്മസംഘർഷങ്ങൾക്കിടയിൽ ബി.ആർ.പി പേട്രിയട്ട് വിട്ടു. പിന്നെ, നീണ്ട 18 വർഷം (1964-1984) യു .എൻ.ഐയിൽ പ്രവർത്തിച്ചു .അക്കാലത്ത് ഇന്ത്യയുടെയും ലോകത്തിൻ്റെയും ചരിത്രം മാറ്റിക്കുറിച്ച എത്രയെത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചു !
 
അന്ന് കുൽദീപ് നയ്യാരായിരുന്നു ജനറൽ മാനേജർ. ഡെസ്കിലിരുന്ന് മടുത്തിരുന്നതിനാൽ ബ്യൂറോ ചോദിച്ചു വാങ്ങി.അങ്ങനെ, അഹമ്മദാബാദ് ലേഖകനായി. ഉപപ്രധാനമന്ത്രി മൊറാർജി ദേശായി, മുഖ്യമന്ത്രി ഹിതേന്ദ്ര ദേശായി തുടങ്ങിയ രാഷ്ട്രീയ നേതാക്കളുമായി അടുത്ത ബന്ധം പുലർത്തി .
ഭാഭ അറ്റോമിക് റിസർച്ച് സെൻ്റർ ചെയർമാനും ഇന്ത്യൻ നാഷണൽ കമ്മറ്റി ഫോർ സ്പേസ് റിസർച്ചിൻ്റെ ചെയർമാനുമായിരുന്ന വിക്രം സാരാഭായിയെ പരിചയപ്പെട്ടത് അവിസ്മരണീയമായ അനുഭവങ്ങളിലൊന്ന് .. അദ്ദേഹത്തിൻ്റെ കുടുംബത്തിലുള്ളവർ തുണി വ്യവസായികളായിരുന്നു. മറ്റ് ധാരാളം വ്യവസായങ്ങളും അവർക്കുണ്ടായിരുന്നു. അവരിൽ നിന്നൊക്കെ ധാരാളം വാർത്തകൾ കിട്ടിയിരുന്നു.
 
"പക്ഷേ, ശാസ്ത്രമേഖലയിൽ നിന്നുള്ള എക്സ്ക്ലൂസീവ് വാർത്ത തേടി ഞാൻ അഹമ്മദാബാദിലെ ഫിസിക്കൽ റിസർച്ച് ലാബിൽ പോയി. അതിൻ്റെ ചുമതല വഹിച്ചിരുന്ന ശാസ്ത്രജ്ഞൻ കെ. ആർ സ്വാമിനാഥൻ ചോദിച്ചു: നിങ്ങൾ ഡോ. വിക്രം സാരാഭായിയുടെ അനുവാദം വാങ്ങിയിട്ടുണ്ടോ?"
ബി.ആർ.പി,സാരാഭായിയെ ചെന്നു കണ്ടു. തങ്ങൾ പറയുന്ന കാര്യങ്ങൾ തെറ്റായി റിപ്പോർട്ട് ചെയ്ത ദുരനുഭവങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് ശാസ്ത്രകാര്യങ്ങൾ അല്പസ്വല്പം അറിയാം. റിപ്പോർട്ട് എഴുതും മുൻപ് അധികൃതരെ കാണിക്കുകയും ചെയ്യാം എന്ന് അദ്ദേഹത്തോട് പറഞ്ഞു. " രണ്ട് ദിവസത്തിന് ശേഷം ,സാരാഭായി ഫിസിക്കൽ റിസർച്ച് ലാബിൻ്റെ ഡയറക്ടർക്കും എല്ലാ വകുപ്പ് തലവൻമാർക്കുമയച്ച ഒരു സർക്കുലറിൻ്റെ കോപ്പി എനിക്ക് കിട്ടി. അവരുടെ പ്രവർത്തനങ്ങളെക്കുറിച്ച് എന്നോട് സംസാരിക്കാം എന്ന് നിർദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നു അത്".
കുറേ ദിവസം കഴിഞ്ഞ് സാരാഭായി അദ്ദേഹത്തെ വിളിച്ചു വരുത്തി."ഇന്ത്യയുടെ ഭാവി ബഹിരാകാര ദൗത്യങ്ങളെക്കുറിച്ച് അദ്ദേഹം വിശദമായി സംസാരിക്കാൻ തുടങ്ങി. ഞാൻ പേന എടുത്തിരുന്നില്ല. വലിയ സ്കൂപ്പാണ് ഞാൻ കേൾക്കുന്നത്. അതിൻ്റെ ആവേശത്തിലായിരുന്നു, ഞാൻ . പക്ഷേ, അത് അധികം നീണ്ടുനിന്നില്ല. അദ്ദേഹം പറഞ്ഞു : ഇതെക്കുറിച്ചൊന്നും ഇപ്പോൾ എഴുതരുത്. എല്ലാം ആശയതലത്തിൽ മാത്രമാണിപ്പോൾ ". സർക്കാരിന് സമർപ്പിക്കാൻ തയ്യാറാക്കിയ റിപ്പോർട്ടിൻ്റെ സാരാംശമായിരുന്നു സാരാഭായി പറഞ്ഞത് അദ്ദേഹത്തിൻ്റെ സ്വപ്ന പദ്ധതികൾ . ഫിസിക്കൽ ലാബിലെ ചില ശാസ്ത്രജ്ഞരും ആ റിപ്പോർട്ട് തയ്യാറാക്കിയ സംഘത്തിലുണ്ട്. അവർ തന്നാലും കൊടുക്കരുതെന്നും സാരാഭായി നിർദ്ദേശിച്ചു.
 

വീട്ടിൽ മടങ്ങിയെത്തിയ ഉടൻ ഓർമ്മയിൽ നിന്ന് അതിൻ്റെ ഒരു ചെറിയ റിപ്പോർട്ട് എഴുതിയ ശേഷം സാരാഭായിയെ വിളിച്ച് വായിച്ചു കേൾപ്പിച്ചു. നമ്മുടെ ബഹിരാകാശ ദൗത്യങ്ങളെക്കുറിച്ച് ജനങ്ങൾക്ക് ഒരു ധാരണ കൊടുക്കുന്നത് ഉചിതമല്ലേ എന്ന് അദ്ദേഹത്തോട് ചോദിച്ചു." നിങ്ങൾ എഴുതിയിരിക്കുന്നതിൽ തെറ്റൊന്നുമില്ലെങ്കിലും അത് കൊടുക്കരുത്. ഉപഗ്രഹ വിക്ഷേപണത്തിന് നമുക്ക് ഇപ്പോൾ കഴിവില്ല. അതിന് ആര് സഹായിക്കുമെന്ന് നിശ്ചയവുമില്ല. അതെക്കുറിച്ച് ഇപ്പോൾ മുൻകൂട്ടി വാർത്ത നൽകുന്നത്, പ്രശ്നങ്ങളുണ്ടാക്കാൻ ശത്രുക്കൾക്ക് അവസരമാരുക്കും".അങ്ങനെ, ആ സ്കൂപ്പ് പ്രസിദ്ധീകരിക്കപ്പെട്ടില്ല.
 
യു.എൻ.ഐയിൽ വലിയ രാഷ്ട്രീയ റിപ്പോർട്ടുകൾ വരുന്ന കാലമായിരുന്നു അത്. കൽദീപ് നയ്യാർ തന്നെ പ്രധാന വാർത്തകൾ റിപ്പോർട്ട് ചെയ്തു. താഷ്ക്കൻ്റിൽ പാകിസ്ഥാൻ പ്രധാനമന്ത്രി അയൂബ് ഖാനുമായി സമാധാന ഉടമ്പടി ഒപ്പുവച്ച് ഉറങ്ങാൻ കിടന്ന പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രി മരിച്ചു (ജന.11, 1966). നയ്യാർ അവിടെ നിന്ന് ഡൽഹി ഡെസ്കിലേക്ക് വിളിച്ച് ,ആ ദുരന്തവാർത്ത അറിയിച്ചു -Lal Bahadur Shastri is dead. ഫോണെടുത്ത സബ് എഡിറ്റർ എസ്.എൽ ഭീംഗ്രെ അത് വിശ്വസിച്ചില്ല .നയ്യാർ തമാശ പറയുന്നുവെന്നാണ് അദ്ദേഹം കരുതിയത്.അവസാനം, പഞ്ചാബിയിൽ നാടൻ തെറി പറഞ്ഞപ്പോൾ മാത്രമാണ് വാർത്തയുടെ ഗൗരവം അദ്ദേഹത്തിന് ബോദ്ധ്യമായത്!
കുൾദീപ് നയ്യാർ ധാരാളം വികസന പദ്ധതികൾ തയ്യാറാക്കി.പക്ഷേ, അവയ്ക്ക് വേണ്ടത്ര പണം പത്രങ്ങൾ നൽകിയല്ല. അതോടെ അദ്ദേഹം രാജിവച്ചു.പകരം ജനറൽ മാനേജരായി പി.ഐ. ബി യിൽ നിന്ന് സി.ജി മിർചന്ദാനി വന്നു. അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ച്, ബി.ആർ.പി ഡൽഹി സെൻട്രൽ ഡെസ്കിലേക്ക് വന്നു.വാർത്താസിരാകേന്ദ്രമായ അവിടെ ന്യൂസ് എഡിറ്ററായി. കെ.പി.കെ കുട്ടിയായിരുന്നു ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ.പി.ടി.ഐ യിൽ നിന്നെത്തിയ വി.പി രാമചന്ദ്രനായിരുന്നു ബ്യൂറോ ചീഫ്.
 
അസോസിയേറ്റഡ് പ്രസിൻ്റെ വാർത്തകൾ യു.എൻ. ഐയിലൂടെയായിരുന്നു വിതരണം ചെയ്തിരുന്നത്. പക്ഷേ, മിക്കവാറും പത്രങ്ങൾ വിദേശ വാർത്തകൾ കാര്യമായി കൊടുത്തിരുന്നില്ല. ദിവസം 18 മണിക്കൂറും യു. എൻ.ഐയുടെ ടെലിപ്രിൻ്ററുകൾ അവ അയയ്ക്കാനായി വിനിയോഗിച്ചിരുന്നതിനാൽ സ്വന്തം വാർത്തകൾ വൈകുക പതിവായിരുന്നു. എ.പി വാർത്തകൾ പകുതിയായി വെട്ടിക്കുറച്ച് ,സ്വന്തം വാർത്തകൾ കൊടുക്കാൻ തുടങ്ങി. പ്രത്യേക ഫീച്ചറുകളും യു. എൻ.ഐ തയ്യാറാക്കിത്തുടങ്ങി. ജാലിയൻവാലാബാഗ് കൂട്ടക്കുരുതിയുടെ അൻപതാം വാർഷികം പ്രമാണിച്ച്, ആ ദുരന്തത്തിന് സാക്ഷ്യം വഹിച്ച രണ്ടു പേരെ കണ്ടെത്തി ,അഭിമുഖം നടത്തി.ഐ.എൻ .എ യുടെ ഇംഫാൽ ഉപരോധത്തിൻ്റെയും റോയൽ നാവിക കലാപത്തിൻ്റെയും വാർഷികം പ്രമാണിച്ച് തയ്യാറാക്കിയ ഫീച്ചുറുകളും ഒട്ടേറെ പത്രങ്ങൾ പ്രസിദ്ധീകരിച്ചു.
 
1969 ജൂലൈ 21. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ ദിവസം .ആ ചരിത്ര സംഭവത്തെക്കുറിച്ച് ബി.ആർ. പി ഭാസ്കർ എഴുതിയ റിപ്പോർട്ടായിരുന്നു ഇന്ത്യയിലെ പല പത്രങ്ങളും അന്ന് കൊടുത്തത്.
 
1969 ജൂലൈ 16 ന് അമേരിക്കയിലെ കേപ്പ് കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് അമരിക്കയുടെ അപ്പോളോ 11 ബഹിരാകാശ പേടകം മൂന്ന് യാത്രികരുമായി ചന്ദ്രനിലേക്ക് കുതിച്ചുയർന്നു. അത് റിപ്പോർട്ട് ചെയ്യാൻ ലോകമെമ്പാടു നിന്നും പത്രപ്രവർത്തകർ മുന്നോട്ട് വന്നു. കേപ്പ് കെന്നഡി മീഡിയ സെൻറിൽ എല്ലാവർക്കും സ്ഥലമില്ലാതിരുന്നതിനാൽ നാസ പാരീസിൽ മറ്റൊരു കേന്ദ്രം തുറന്നു. ഡെപ്യൂട്ടി ജനറൽ മാനേജർ ടി.വി രാജഗോപാലിനെയാന്ന് യു. എൻ . ഐ അയച്ചത്. ബഹിരാകാശ യാത്രികരുടെ ഓരോ ദിവസത്തെയും പ്രവർത്തനങ്ങൾ എ.പി മുൻകൂട്ടി നൽകിയിരുന്നു. 'ബഹിരാകാശത്തിൽ ഇന്ന്' എന്ന തലക്കെട്ടിൽ പത്രങ്ങൾ അവ നൽകി. ജൂലൈ 20 ഞായറാഴ്ച നാസ നൽകിയ വിവരമനുസരിച്ച് , നീൽ ആംസ്ട്രോങ്ങും എഡ്വിൻ ആൾഡ്രിനും അന്നു രാത്രി 1.44 ന് ചന്ദ്രനിൽ കാലുകുത്തും.
 
" അതിൻ്റെ വാർത്ത എത്താൻ പിന്നെയും സമയമെടുക്കും 'അപ്പോഴേക്കും ഇന്ത്യയിലെ പത്രങ്ങളുടെ പ്രഭാത പതിപ്പുകൾ അച്ചടിക്കാൻ തുടങ്ങിയിട്ടുണ്ടാകും. അതിനാൽ,മുൻകൂട്ടി റിപ്പോർട്ട് തയ്യാറാക്കാൻ ഞാൻ തീരുമാനിച്ചു. നിശ്ചിത സമയത്തിന് ശേഷം മാത്രം പ്രസിദ്ധീകരിക്കുന്ന റിപ്പോർട്ട് - എംബാർഗോഡ് (embargoed) സ്റ്റോറി".
 
ജനറൽ മാനേജറുടെ സെക്രട്ടറിയുടെ മുറിയിലെ ടൈപ്പ് റൈറ്ററിൽ ബി.ആർ.പി ആ റിപ്പോർട്ട് അടിച്ച്, കെ. പി. കെ കുട്ടിക്ക് എഡിറ്റ് ചെയ്യാൻ നൽകി. സാങ്കേതികമായ വിശദാംശങ്ങൾ ഒഴിവാക്കി ചരിത്രപരമായ പ്രാധാന്യത്തിൽ ഊന്നിയുള്ള റിപ്പോർട്ടായിരുന്നു അത്.പാരിസ് ഡേറ്റ് ലൈനിൽ ടി. പി രാജഗോപാലിൻ്റെ ബൈലൈനോടെ ഈ തലക്കെട്ട്:Man is on the Moon '.
വാർത്തയിങ്ങനെ:Reaching for the limitless expanse of space,man today arrived on the Moon,earth's closest neighbour and satellite,which has beckoned him nightly throughout the ages...
-ഈ റിപ്പോർട്ട് അയച്ച് ,അര മണിക്കൂറിനകം എ.പി യുടെ റിപ്പോർട്ട് വന്നു. അതും അയച്ചു."കേപ്പ് കെന്നഡി ഡേറ്റ് ലൈനുള്ള ആ വാർത്തയാകും മിക്ക പത്രങ്ങളും കൊടുക്കുക എന്നാണ് ഞാൻ വിചാരിച്ചത്. പക്ഷേ, അതുണ്ടായില്ല".
 
മിക്ക പത്രങ്ങളും എടുത്തത് ബി.ആർ.പി എഴുതിയ റിപ്പോർട്ട് . പല പത്രങ്ങളും അതിൻ്റെ ഡേറ്റ് ലൈൻ ചന്ദ്രൻ ( Moon)എന്നാക്കി !
 
യു.എൻ. ഐ ജീവിതം ,പക്ഷേ, പെട്ടെന്ന് സംഘർഷ നിർഭരമായി .മിർചന്ദാനിയുമായി അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുത്തു. യു. എൻ .ഐ യ്ക്ക് ഇക്കാലത്ത് വലിയ വളർച്ചയുണ്ടായി. വരുമാനവും കൂടി. തുടർന്ന് ബി.ആർ. പി ഉൾപ്പെടെയുള്ള സീനിയർ പത്രപ്രവർത്തകർക്കും വകുപ്പ് തലവൻമാർക്കും ശമ്പള വർദ്ധനവ് നൽകി. പക്ഷേ, ജൂനിയറായ സബ് എഡിറ്റർമാർ, റിപ്പോർട്ടർമാർ, നോൺ - ജേർണ്ണലിസ്റ്റുകൾ തുടങ്ങിയവർക്ക് ഒന്നും കൊടുത്തില്ല. യു. എൻ ഐ എംപ്ലോയിസ് യൂണിയൻ ഇവരുടെ പ്രശ്നം ഉന്നയിച്ചപ്പോൾ ബി.ആർ.പി അവർക്കൊപ്പം നിന്നു. ശമ്പളപ്രശ്നത്തിൽ ഭിന്നത രൂക്ഷമായി. ഈ പ്രശ്നം പാർലമെൻ്റിൽ ഉന്നയിക്കപ്പെട്ടപ്പോൾ, എല്ലാവർക്കും ഒരു വർഷം മുൻപ് വേജ് ബോർഡ് പ്രകാരമുള്ള ശമ്പള വർദ്ധനവ് നൽകിയതായി മന്ത്രി ഐ.കെ ഗുജ്റാൾ അറിയിച്ചു. മിർചന്ദാനി തന്നെ തെറ്റിദ്ധരിപ്പിച്ചുവെന്ന് മനസിലാക്കിയ ഗുജ്റാൾ ,അദ്ദേഹത്തെ വിളിച്ച്, ക്ഷോഭിച്ചു. അതിന് വഴിയൊരുക്കിയത് ബി.ആർ.പിയാണെന്ന് വിശ്വസിച്ച്, മിർചന്ദാനി അദ്ദേഹത്തെ മുംബൈയ്ക്ക് സ്ഥലം മാറ്റി. ആറു മാസത്തിന് ശേഷം, കുറ്റപത്രമോ അന്വേഷണമോ ഒന്നുമില്ലാതെ പുറത്താക്കി. 'മാനേജ്മെൻ്റിന് വിശ്വാസം നഷ്ടപ്പെട്ടു' എന്നാണ് മിർചന്ദാനി കേന്ദ്ര തൊഴിൽ മന്ത്രിയോട് പറഞ്ഞത്. അത് റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഡൽഹിയിലും മുംബൈയിലും ജീവനക്കാർ 72 മണിക്കൂർ നീണ്ട സമരം നടത്തി. കോൺഗ്രസ് നേതാക്കൾ ഇക്കാര്യത്തിൽ ഇടപെടാൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയോട് അഭ്യർത്ഥിച്ചു. തൊഴിലാളി സംഘടനകളും പിന്തുണ പ്രഖ്യാപിച്ചു. യു.എൻ.ഐ ബോർഡിൽ പ്രതിനിധികളുള്ള പത്രങ്ങളുടെ പത്രക്കടലാസ് നീക്കം മുടങ്ങുമെന്ന ഘട്ടത്തിൽ മാനേജ്മെൻ്റ് പത്രപ്രവർത്തക ഫെഡറേഷൻ സെക്രട്ടറിയുമായി ഒത്തുതീർപ്പ് ചർച്ച നടത്തി, ബി.ആർ.പിയെ തിരിച്ചെടുത്തു. " എനിക്ക് ഇഷ്ടമുള്ള മറ്റൊരു ബ്യൂറോയിൽ പോകണമെന്നതായിരുന്നു വ്യവസ്ഥ. ഞാൻ ശ്രീനഗർ തെരഞ്ഞെടുത്തു."
 
അങ്ങനെ, 1973 ൽ കാഷ്മീരിലെത്തി.ഇന്ത്യയുടെ ചരിത്രത്തിലെ നിർണ്ണായകമായ സംഭവപരമ്പരകൾക്ക് ബി.ആർ.പി ഭാസ്കർ അങ്ങനെ,സാക്ഷിയായ മറ്റൊരു കാലം .അന്ന് സയ്യദ് മിർ കാസിമായിരുന്നു മുഖ്യമന്ത്രി . പ്രധാനമന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട ശേഷം ദീർഘകാലം വീട്ടുതടങ്കലിലായിരുന്ന ഷെയ്ഖ് അബ്ദുല്ല, 1975 ൽ തിരിച്ചെത്തി.അദ്ദേഹവുമായി ഒരു മണിക്കൂറിലധികം സംസാരിച്ച്, ഒരു റിപ്പോർട്ട് തയ്യാറാക്കി.''ഹിന്ദു,മുസ്ലിം വർഗ്ഗീയവാദങ്ങൾ ശത്രുതയിലല്ല. ഒന്ന് വളരുമ്പോൾ മറ്റൊന്നും വളരും",അദ്ദേഹം പറഞ്ഞു.
 
                                                                                              മല്ലിക സാരാഭായി ബി.ആർ.പി ഭാസ്കറിനെ 
                                                                                              സന്ദർശിക്കാനെത്തിയപ്പോൾ.
 വിരമിച്ച ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ മുൻകൈ എടുത്ത് ജമ്മു - കാഷ്മീരിൽ സമാധാന ശ്രമങ്ങൾക്ക് തുടക്കമിട്ടു. കേന്ദ്ര സർക്കാർ ഷെയ്ഖ് അബ്ദുല്ലയുമായി ഒത്തുതീർപ്പിലെത്തണമെന്ന് അവർ ആവശ്യപ്പെട്ടു.'The Testament of Sheik Abdullah'(ഷെയ്ഖ് അബ്ദുള്ളയുടെ സത്യസാക്ഷ്യം) എന്നൊരു പുസ്തകം അവർ പ്രസിദ്ധീകരിച്ചു .അതിൽ ആ അഭിമുഖവും ഉൾപ്പെടുത്തി. തുടർന്ന്, പ്രധാനമന്ത്രിയുടെ ഉപദേശകരിലൊരാളായ ജി.പാർത്ഥസാരഥി ഷെയ്ഖ് അബ്ദുല്ലയുടെ അടുത്ത സഹപ്രവർത്തകനായ മിർസ അഫ്സൽ ബെയ്ഗുമായി ശ്രീനഗറിൽ രഹസ്യ ചർച്ചകൾ നടത്തി. അത് അസാധാരണമായ ഒരു രാഷ്ട്രീയ ഒത്തുതീർപ്പിൽ എത്തി.
 
നിയമസഭയിൽ ഭൂരിപക്ഷമുണ്ടായിരുന്ന കോൺഗ്രസ്, ഷെയ്ഖ് അബ്ദുല്ലയെ പുതിയ മന്ത്രിസഭ ഉണ്ടാക്കാൻ ക്ഷണിച്ചു.1975 ഫെബ്രുവരി 25 ന് ഷെയ്ഖ് അബ്ദുല്ല വീണ്ടും സംസ്ഥാന മുഖ്യമന്ത്രിയായി. സത്യപ്രതിജ്ഞാ ദിവസം ജമ്മു-കാഷ്മീരിൽ ഹർത്താൽ ആചരിക്കാൻ പാകിസ്ഥാൻ പ്രസിഡൻ്റ് ഇസഡ്.എ ഭൂട്ടോ ആഹ്വാനം ചെയ്തു. ദേശീയതാല്പര്യം മുൻനിർത്തി മാത്രമേ ആ വാർത്ത റിപ്പോർട്ട് ചെയ്യാവൂ എന്ന് ചീഫ് സെക്രട്ടറി ദേശീയ മാദ്ധ്യമങ്ങളുടെ പ്രതിനിധികളെ ഉപദേശിച്ചിരുന്നു.
ഹർത്താൽ സാമാന്യം നല്ല പ്രതികരണം ഉണ്ടാക്കിയെങ്കിലും അത് പരാജയപ്പെട്ടുവെന്ന സംസ്ഥാന സർക്കാരിൻ്റെ പത്രക്കുറിപ്പായിരുന്നു ദേശീയ മാദ്ധ്യമങ്ങൾ നൽകിയത്."മന:സാക്ഷിക്കുത്ത് ഇല്ലാതിരിക്കാനായി, അവിടവിടെ കടകൾ അടഞ്ഞുകിടന്നുവെന്നും കൊടുത്തു".
 
എന്നാൽ, സംസ്ഥാനം ഹർത്താലാചരിച്ചെന്ന് ശ്രീനഗറിലെ ഉർദു പത്രങ്ങൾ റിപ്പോർട്ട ചെയ്തു.
"ദേശീയ മാദ്ധ്യമങ്ങളിലെ വാർത്തയുടെ പശ്ചാത്തലത്തിൽ, കാഷ്മീരിലെ റിപ്പോർട്ടർമാർ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ഞാനൊരു പഠനം നടത്തി. ഇന്ത്യൻ ആൻ്റ് ഈസ്റ്റേൺ ന്യൂസ്പേപ്പർ സൊസൈറ്റി പ്രസിദ്ധീകരണമായ ദി ഇന്ത്യൻ പ്രസ് അത് കവർ സ്റ്റോറിയായി പ്രസിദ്ധീകരിച്ചു.Hello National Interest,Bye-bye professional Conscience' എന്നായിരുന്നു അവർ നൽകിയ തലക്കെട്ട്".
ഏതാനും ദിവസങ്ങൾക്ക് ശേഷം, ശീതകാല തലസ്ഥാനമായ ജമ്മുവിൽ നിന്ന് ശ്രീനഗറിലെത്തിയ ഷെയ്ഖ് അബ്ദുല്ലയ്ക്ക് ആവേശഭരിതമായ സ്വീകരണമാണ് ലഭിച്ചത്. പക്ഷേ, ദേശീയ മാധ്യമങ്ങളിൽ വന്ന ,ഹർത്താലിനെക്കുറിച്ചുള്ള വാർത്തയോട് അദ്ദേഹം പ്രതികരിച്ചതിങ്ങനെ: കള്ളത്തരങ്ങൾക്ക് മേലാണോ നാം ഗാന്ധിജിയുടെ ഇന്ത്യ കെട്ടിപ്പൊക്കുന്നത്? 
 

"അടിയന്തിരാവസ്ഥാക്കാലം മുഴുവൻ ഞാൻ ജമ്മു-കാഷ്മീരിലായിരുന്നു. കഠിനമായ സെൻഷർഷിപ്പൊന്നും അവിടെ ഉണ്ടായിരുന്നില്ല. പേട്രിയട്ടിൻ്റെ സ്പെഷ്യൻ കറസ്പോണ്ടൻ്റ് മുഹമ്മദ് സയ്യിദ് മാലിക്കിനെ ഇൻഫർമേഷൻ ഡയറക്ടറായി നിയമിച്ചു. അദ്ദേഹമായിരുന്നു സംസ്ഥാനത്തെ ചീഫ് സെൻസർ ഓഫീസർ. യു.എൻ.ഐ വാർത്തകൾ നേരിട്ട് ഡൽഹി ഡസ്കിലേക്ക് അയച്ചിരുന്നതിനാൽ ശ്രീനഗറിൽ സെൻസർ ചെയ്യേണ്ടതില്ലായിരുന്നു".
 
1977 മാർച്ച് 23 . ശ്രീനഗറിലെ ഇൻഫർമേഷൻ ഡയറക്ടറുടെ ഓഫീസിൽ ബി.ആർ. പി ഭാസ്കർ അടക്കമുള്ള ദേശീയമാദ്ധ്യമങ്ങളുടെ പ്രതിനിധികൾ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം അറിയാൻ ഒത്തുകൂടി .ഇന്ദിരയും മകൻ സഞ്ജയ് ഗാന്ധിയും കോൺഗ്രസും ജനതാമുന്നേറ്റത്തിൽ തോറ്റമ്പിയ വാർത്ത വന്നു കൊണ്ടിരുന്നു. പിന്നാലെ രണ്ട് ഫ്ലാഷ് ന്യൂസും വന്നു;അടിയന്തിരാവസ്ഥ പിൻവലിച്ചിരിക്കുന്നു .സെൻസർഷിപ്പും പിൻവലിച്ചു.
 
" ഞാൻ ഇൻഫർമേഷൻ ഡയറക്ടർ സയ്യിദ് മാലികിൻ്റെയടുത്തേക്ക് നടന്ന് എൻ്റെ പ്രസ് കാർഡ് നീട്ടി,അത് പുതുക്കിത്തരണമെന്ന് പറഞ്ഞു. അദ്ദേഹം അത് വാങ്ങി നോക്കിയിട്ട് ചോദിച്ചു : ' കാലാവധി കഴിഞ്ഞിട്ട് രണ്ട് വർഷമായല്ലോ. ഇതുവരെ പുതുക്കാതിരുന്നതെന്ത്?'' അതിന് ഞാൻ ഉടൻ മറുപടി നൽകി:സെൻസർ ഓഫീസർ ഒപ്പിട്ട കാർഡുമായി നടക്കാൻ എനിക്ക് താല്പര്യമില്ലായിരുന്നു".
അടിയന്തിരാവസ്ഥയിൽ പുറത്തായ മിർചന്ദാനി യു.എൻ.ഐയിൽ തിരിച്ചെത്തിയ ശേഷം ശ്രീനഗർ സന്ദർശിച്ചു.ബി. ആർ.പിക്ക് ഇഷ്ടമുള്ള സ്ഥലത്തേക്ക് മാറ്റം കൊടുക്കാമെന്ന് വാഗ്ദാനം നൽകി. മാധ്യമ പ്രവർത്തനത്തിന് തുടക്കം കുറിച്ച ചെന്നൈയാണ് അദ്ദേഹം ആവശ്യപ്പെട്ടത്. നോർത്ത് ആർക്കോട്ട് ജില്ലയിൽ നക്സൽ വേട്ടയുടെ പേരിൽ നടക്കുന്ന ഭീകരമായ പൊലീസ് അടിച്ചമത്തലുകളെക്കുറിച്ച് ഇക്കാലത്ത് റിപ്പോർട്ടുകൾ എഴുതി.
 
അപ്പോൾ യു.എൻ.ഐയിൽ എത്തിയിട്ട് പതിനെട്ട് വർഷമായി . ഒരു മാറ്റം ആവശ്യമാണെന്ന് തോന്നി. പത്രത്തിലേക്ക് മടങ്ങാൻ തീരുമാനിച്ചു. ഡെക്കാൺ ഹെറാൾഡിൻ്റെ ഡെൽഹി ബ്യൂറോ ചീഫായ സുഹൃത്ത് എസ്.വിശ്വനാഥൻ, തന്നെ ആ പത്രത്തിലേക്ക് കൊണ്ടുവരണമെന്ന് മുൻപ് പല പ്രാവശ്യം പറഞ്ഞിരുന്നത് ഓർത്തു. അദ്ദേഹത്തെ വിളിച്ചു.അടുത്ത ദിവസം ബാംഗ്ലൂരിലെത്തി ഉടമസ്ഥനായ കെ.എൻ ഹരികുമാറിനെ കാണാൻ ആവശ്യപ്പെട്ടു .അവിടെ അസിസ്റ്റൻ്റ് എഡിറ്ററായി , അച്ചടി മാദ്ധ്യമരംഗത്തേയ്ക്ക് തിരിച്ചു വന്നു. എം.പി യശ്വന്ത് കുമാറായിരുന്നു എഡിറ്റർ.
 
പത്രത്തിൽ ദിവസവും മൂന്ന് എഡിറ്റോറിയലുകളുണ്ട്. ആഴ്ചയിൽ മൂന്ന് മുതൽ അഞ്ച് ദിവസം വരെ എഡിറ്റോറിയൽ എഴുതണം .മറ്റൊന്നും ചെയ്യാനില്ല. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ട ദിവസം പത്രാധിപർ തന്നെ എഡിറ്റോറിയൽ എഴുതി. ഡെസ്കിൽ നിന്ന് ആരും ഒരു സഹായവും തേടിയില്ല. ചുമ്മാതിരിക്കുക അസഹനീയമായി .
 
"തകഴിക്ക് ജ്ഞാനപീഠം കിട്ടിയ ദിവസം അതെക്കുറിച്ചുള്ള എഡിറ്റോറിയൽ എഴുതാൻ പത്രാധിപർ എന്നോട് ആവശ്യപ്പെട്ടു. അന്നത്തെ മൂന്നാമത്തെ എഡിറ്റോറിയലായിരുന്നു അത്". തകഴിയുമായി മുൻപേ പരിചയമുണ്ടായിരുന്നു. അദ്ദേഹത്തിൻ്റെ 'ചെമ്മീൻ ' നോവലിനെക്കുറിച്ച് ദ ഹിന്ദുവിൽ വിശദമായ ഒരു റിവ്യൂ മുൻപ് എഴുതിയിരുന്നു. അവധിക്ക് നാട്ടിൽ പോയപ്പോൾ തകഴി ,ജ്ഞാനപീഠ പുരസ്ക്കാരം കിട്ടിയ 'കയർ' നോവൽ സമ്മാനിച്ചിരുന്നു . ഒരു തോർത്ത് മുണ്ടിൽ പൊതിഞ്ഞാണ് അദ്ദേഹം നോവൽ വീട്ടിൽ കൊണ്ടുവന്ന് തന്നത്."പുറത്ത് കാണിച്ചാൽ പലരും പുസ്തകം ചോദിക്കും" ,അദ്ദേഹം പറഞ്ഞു.
 
ബംഗളൂരിൽ വന്നപ്പോൾ, ബി.ആർ.പിയെ കണ്ട തകഴി, 'കയർ ' സിനിമയാക്കാൻ സഹായിക്കുമോ എന്ന് ചോദിച്ചു. ആ നോവലിൽ നിന്ന് പല സിനിമകൾക്ക് സാദ്ധ്യതയുണ്ടെന്ന് അദ്ദേഹത്തോട് പറഞ്ഞു. അപ്പോഴാണ്, ടെലിവിഷൻ പരമ്പരയുടെ സാദ്ധ്യതയെപ്പറ്റി ഓർമ്മ വന്നത്. അന്ന് ദൂരദർശൻ ദേശീയ ശൃംഖലയിൽ പരമ്പരകൾ വരുന്ന കാലമായിരുന്നു. 'ഗരം ഹവ ' സിനിമയിലൂടെ ശ്രദ്ധേയനായ എം.എസ് സത്യുവിനെ പരിചയമുണ്ടായിരുന്നു. കയർ ഹിന്ദി ടെലിവിഷൻ സീരിയലാക്കാൻ അദ്ദേഹം സമ്മതിച്ചു."നോവലിൻ്റെ ഹിന്ദിയിലോ ഇംഗ്ലീഷിലോ ഉള്ള പതിപ്പിറങ്ങിയിട്ടില്ല. അതിനാൽ ഭാസ്കർ ഒപ്പമുണ്ടെങ്കിൽ ഞാനിതു ചെയ്യാം".
 
ഇരുപത്തിയാറ് എപ്പിസോഡുകൾക്കായി ഇംഗ്ലീഷിൽ തയ്യാറാക്കി നൽകിയ തിരക്കഥയിൽ നിന്ന് സത്യുവിൻ്റെ ഭാര്യ ശ്യാമ സെയ്ദിയാണ് ഹിന്ദി തിരക്കഥ എഴുതിയത്. ആ പരമ്പര വലിയ ശ്രദ്ധ നേടി. കഴിഞ്ഞകാല കേരളീയ സമൂഹത്തിൽ ഒരു വിഭാഗം സ്ത്രീകൾ അനുഭവിച്ചിരുന്ന സ്വാതന്ത്ര്യം പലരെയും ആശ്ചര്യപ്പെടുത്തി.
 
ബി. ആർ.പി സീരിയൽ രംഗത്ത് തുടർന്നില്ല.''ദൂരദർശൻ അന്ന് വലിയ കൈക്കൂലിയുടെ കേന്ദ്രമായിരുന്നു. 'കയർ' പരമ്പരയുടെ പ്രൊപ്പോസൽ നൽകിയതായി അറിഞ്ഞ് ഒരു പരസ്യ ഏജൻസിക്കാർ എന്നെ കണ്ടിരുന്നു. അപ്രൂവൽ കിട്ടാൻ ഒരു ലക്ഷം രൂപ അധികാരികൾക്ക് കൈമടക്ക് കൊടുക്കണമെന്നാണ് അവർ പറഞ്ഞത്".
 
1991ൽ ഡെക്കാൺ ഹെറാൾഡിൻ നിന്ന് റിട്ടയർ ചെയ്തതോടെ ബി.ആർ.പി യുടെ ഔദ്യോഗിക മാദ്ധ്യമപ്രവർത്തനം(hands - on) അവസാനിച്ചു.വിരമിച്ച ശേഷം നാട്ടിലേക്ക് മടങ്ങാനായിരുന്നു തീരുമാനം.സർവീസ് നീട്ടിത്തരാൻ മാനേജ്മെൻ്റ് തയ്യാറായിരുന്നുവെങ്കിലും അത് വേണ്ടെന്ന് വച്ചു. അപ്പോഴാണ് ഏഷ്യാനെറ്റ് , ചാനലിന്റെ വാർത്താവിഭാഗം രൂപപ്പെടുത്തുന്ന ചുമതല ഏല്ക്കാമോ എന്ന് സുഹൃത്തായ ശശികുമാർ ചോദിച്ചത്. ഇനി ഒരു സ്ഥാപനത്തിൻ്റെയും ഭാഗമാകില്ല;നാട്ടിലെത്തുമ്പോൾ വാർത്താവിഭാഗത്തിൻ്റെ ഉപദേശകനായി മൂന്നു മാസം പ്രവർത്തിക്കാം എന്ന് പറഞ്ഞു. അദ്ദേഹം നിർബന്ധിച്ചപ്പോൾ,വാർത്താവിഭാഗം ഉണ്ടാക്കി,അത് സ്വന്തം കാലിൽ നിൽക്കും വരെ ഒപ്പമുണ്ടാകും എന്ന് ഉറപ്പ് കൊടുത്തു.
 
പക്ഷേ,സാമ്പത്തിക പ്രതിസന്ധി മൂലം വാർത്തകൾ തുടങ്ങാൻ ഏറെ വൈകി. പക്ഷേ, ടീമിനെ തയ്യാറാക്കി.ടെലിവിഷനിൽ അനുഭവസമ്പത്തുള്ളവർ അന്ന് ദൂരദർശനിൽ മാത്രമേയുണ്ടായിരുന്നുള്ളൂ. പ്രതിഭകളാൽ സമ്പന്നമായിരുന്നു ആകാശവാണിയും ദൂരദർശനും.പക്ഷേ,സർക്കാർ സംവിധാനത്തിനുള്ളിൽ പ്രവർത്തിച്ചവരുടെ ആ അനുഭവസമ്പത്ത് പുതിയ ചാനലിന് ആവശ്യമാണോ എന്ന് സംശയമുണ്ടായി.അങ്ങനെ,പത്രങ്ങളിൽ പ്രവർത്തിച്ച അനുഭവസമ്പത്തുള്ളവരെയാണ് വാർത്താവിഭാഗത്തിലെ ഉന്നതസ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുത്തത്.ഒട്ടേറെപ്പേർ അപേക്ഷിച്ചിരുന്നുവെങ്കിലും മിക്കവരും അച്ചടിയുടെ തടവുകാരായിരുന്നു.സിനിമയുമായി ബന്ധമുള്ളവർക്ക് വിഷ്വൽ സെൻസ് കൂടുതലുണ്ടായിരുന്നു.താഴെത്തട്ടിലേക്ക് പുതിയ ആൾക്കാരെ പരിശീലിപ്പിച്ചെടുത്തു.
 
ചിന്ത രവിയുടെ 'എൻ്റെ കേരള'മാണ് ആദ്യം തുടങ്ങിയ പരിപാടി.അദ്ദേഹത്തോടൊപ്പം സഞ്ചരിക്കാൻ ഒരാളെ ശശികുമാർ ആവശ്യപ്പെട്ടു. ആ പാനലിൽ നിന്ന് ഒരാളെ നൽകി. ടി.എൻ ഗോപകുമാറിൻ്റെ 'കണ്ണാടി' പരിപാടിയും തുടങ്ങി.
 
പിന്നീട് ‘പത്രവിശേഷം' പ്രതിവാര മാദ്ധ്യമ വിമർശന പരിപാടി ആരംഭിച്ചു. അതും ശശികുമാറിൻ്റെ ആശയമായിരുന്നു.സക്കറിയയുമായി ചേർന്നവതരിപ്പിക്കുമ്പോൾ,വിരുദ്ധാഭിപ്രായങ്ങൾ വന്നാൽ പന്തികേടാകില്ലേ എന്ന് ആദ്യം ആശങ്കയുണ്ടായിരുന്നു.പക്ഷേ,അതിൽ വൈരുദ്ധ്യമൊന്നുമുണ്ടായില്ല .”മാദ്ധ്യമമൂല്യങ്ങളുടെ ചട്ടക്കൂട്ടിൽ നിന്നുകൊണ്ടായിരുന്നു ഞാൻ വിമർശനം നടത്തിയിരുന്നത്; സക്കറിയയാകട്ടെ, സമൂഹത്തിന്റെ പക്ഷത്തു നിന്നും.അന്ന് ചില പത്രങ്ങൾ ഉയർത്തിക്കൊണ്ടുവന്ന ചാരക്കേസ്, വാർത്തകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്തു.എന്തു രേഖകളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് അവർ ഈ വാർത്തകൾ നൽകുന്നതെന്ന് ഞാൻ ചോദിച്ചു.ഐ.ബി,റോ എന്നീ കേന്ദ്ര ഏജൻസികൾ പറയുന്ന കാര്യങ്ങൾ ഒരു കോടതിയുടെ മുന്നിലും അവർക്ക് തെളിയിക്കേണ്ടതില്ല. അതിനാൽ അവയെ അടിസ്ഥാനമാക്കി വാർത്തകൾ നൽകുന്നതിനെ ഞാൻ വിമർശിച്ചു..”. പരാമർശ വിധേയമായ പത്രവാർത്തകളും പിന്നീട് അതിലെ സംഭവങ്ങളും വിഷ്വലുകളായി ആ പരിപാടിയിൽ കാണിച്ചു.
 
 തിരുവനന്തപുരം വിളപ്പിലിലെ എലൈവ് റെയിൻബോ
 കെയർ ഹോമിൽ ബി.ആർ.പി ഭാസ്കർ

‘അന്വേഷണം’ എന്ന പേരിൽ ഒരു ഫീച്ചർ പരിപാടിയും തുടങ്ങി.അതിൻ്റെ പ്രൊഡ്യൂസർ നീലനായിരുന്നു.കെ.ജയചന്ദ്രൻ്റെ ഒട്ടേറെ അന്വേഷണാത്മക റിപ്പോർട്ടുകൾ അതിൽ വന്നു.
1995 സെപ്തംബർ 30 നാണ് വാർത്തകൾ ആരംഭിച്ചത്. ഇന്ത്യയിൽ വാർത്തകളുടെ അപ്പ് ലിങ്കിങ്ങ് സംവിധാനം ഇല്ലാതിരുന്നതിനാൽ ഫിലിപ്പീൻസിലെ സുബിക് ബേ ദ്വീപിൽ നിന്നായിരുന്നു സംപ്രേഷണം. ആദ്യ വാർത്ത വായിച്ചത് പ്രമോദ് രാമൻ. അദ്ദേഹത്തോടൊപ്പം പ്രൊഡ്യൂസർ എൻ.കെ രവീന്ദ്രനും അവിടെയുണ്ടായിരുന്നു. ന്യൂസ് റൂം തിരുവനന്തപുരത്തായിരുന്നു. നീലനായിരുന്നു ചീഫ് ന്യൂസ് എഡിറ്റർ. ന്യൂസ് എഡിറ്ററായി കെ. രാജഗോപാലും ഡസ്കിലുണ്ടായിരുന്നു. റോയിട്ടർ നൽകിയിരുന്ന ദൃശ്യങ്ങൾ അതേ ദിവസം വാർത്തയിൽ ഉൾപ്പെടുത്തി. പക്ഷേ, കേരളത്തിൽ നിന്നുള്ള ദൃശ്യങ്ങൾ വിമാനത്തിൽ അയച്ചത് അവിടെയെത്താൻ മൂന്ന് -നാലു ദിവസ്സമെങ്കിലും എടുത്തിരുന്നു.
"രാഷ്ട്രീയ പ്രാധാന്യമുള്ള വാർത്തകൾക്ക് മുൻഗണന നൽകപ്പെട്ടു. പക്ഷേ, ബോദ്ധ്യപ്പെടാത്തതും വസ്തുതാവിരുദ്ധവുമായ ഒന്നും നൽകരുതെന്ന് ഞാൻ കർക്കശമായ നിർദ്ദേശം നൽകിയിരുന്നു".
അപ് ലിങ്കിങ്ങ് പിന്നീട് സിങ്കപ്പൂരിലേക്ക് മാറ്റി. അതാത് ദിവസത്തെ വാർത്തകൾ സമഗ്രമായി പ്രതിപാദിക്കുന്ന 'ന്യൂസ് അവർ' എന്ന പ്രതിദിന പരിപാടിയും തുടങ്ങി.
ശശികുമാർ ഏഷ്യാനെറ്റിൽ നിന്ന് പുറത്തുപോവുകയും മാനേജ്മെൻ്റിൽ മാറ്റം ഉണ്ടാവുകയും ചെയ്തതോടെയാണ് ബി.ആർ. പി 1999-ൽ അഡ്വൈസർ സ്ഥാനത്ത് നിന്ന് പിൻവാങ്ങുന്നത്.
"പുതിയ കാലത്തെ മാദ്ധ്യമ പ്രവർത്തനത്തിൽ പ്രകടമായ വ്യതിചലനങ്ങളുണ്ട്.വാർത്തകൾക്കായി ശേഖരിക്കുന്ന വിവരങ്ങൾ മാദ്ധ്യമപ്രവർത്തകർ അപഗ്രഥിക്കുകയോ വിലയിരുത്തുകയോ ചെയ്തു വേണം അവതരിപ്പിക്കാൻ. പക്ഷേ, അത് സംഭവിക്കുന്നില്ല.വസ്തുതകൾ പവിത്രമാണ്. അവ സത്യസന്ധമായി അവതരിപ്പിക്കുകയാണ് മൂല്യബോധമുള്ളവരുടെ കടമ".
ടെലിവിഷൻ വാർത്തകൾ എപ്പോഴും ഇന്ററാക്ടീവാകണം. അതിൽ പ്രേക്ഷകർക്ക് ഇടപെടാൻ അവസരം നൽകേണ്ടതുണ്ടെന്ന് ബി.ആർ.പി.ഭാസ്കർ പറഞ്ഞു. ചില പത്രങ്ങൾ എഡിറ്റോറിയൽ പേജിനു പുറമേ, അടുത്ത പേജും ഓപ്പൺ പേജാക്കി , അഭിപ്രായ പ്രകടനങ്ങൾക്കായി നീക്കിവച്ചത് അദ്ദേഹം ചൂണ്ടിക്കാണിച്ചു. എന്നാൽ, ജനങ്ങളുടെ അഭിപ്രായത്തെ ഭയപ്പെടുന്നവരുണ്ട്.
രാഷ്ട്രീയ വിഷയങ്ങൾ മാത്രമാണ് ഇന്ന് നിരന്തരം ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. ഭാഷ, സംസ്കാരം, സാമൂഹിക പ്രശ്നങ്ങൾ തുടങ്ങിയവയെല്ലാം അവഗണിക്കപ്പെടുന്നു. മാദ്ധ്യമങ്ങളെക്കുറിച്ചും അവയുടെ പ്രൊഫഷണലിസത്തെക്കുറിച്ചും ചർച്ച ചെയ്യാൻ ഇന്ന് വേദിയില്ല. "തങ്ങളുടെ വിശ്വാസ്യതയെ മാദ്ധ്യമങ്ങൾ പോലും ഗൗരവതരമായി കാണുന്നില്ല".
92-ൽ എത്തിനിൽക്കുമ്പോൾ,വാർദ്ധക്യത്തിൻ്റെ അവശതകൾ ബി.ആർ.പി ഭാസ്കറിനെ ഏറെ അലട്ടുന്നുണ്ട്. അഞ്ച് മാസം മുൻപ് കേരളത്തിൽ മടങ്ങിയെത്തിയ അദ്ദേഹം, തിരുവനന്തപുരത്തിനടുത്ത പുളിയറക്കോണത്ത് വൃദ്ധജനങ്ങൾ ഒന്നിച്ച് താമസിക്കുന്ന കെട്ടിട സമുച്ചയത്തിലാണ് ഇപ്പോൾ കഴിയുന്നത് .
2019-ൽ ഏക മകൾ ബിന്ദുവും കഴിഞ്ഞ വർഷം ഭാര്യ രമയും മരിച്ചു. കൊച്ചുമകൾ വിദേശത്താണ്. അടയാറിൽ മകളുടെ ഭർത്താവ് ബാലാജിക്കൊപ്പം ഏതാനും മാസം താമസിച്ച അദ്ദേഹം രാജാഅണൈപുരത്തെ ഒരു വൃദ്ധജന കേന്ദ്രത്തിലേക്ക് മാറിയിരുന്നു."നാട്ടിൽ തിരിച്ചെത്തിയതിൽ സന്തോഷമുണ്ട്. ഒരു സഹായിയുണ്ട് ഒപ്പം.തിരുവനന്തപുരത്ത് നടക്കുന്ന ചില പരിപാടികളിൽ ഞാൻ ശ്രോതാവായി പോകാറുണ്ട്".                                        
                                                                  ബി.ആർ.പി ഭാസ്കറിനൊപ്പം ഡി.പ്രദീപ് കുമാർ,കെ.ഹേമലത
 സംസ്ഥാന സർക്കാരിൻ്റെ സ്വദേശാഭിമാനി കേസരി പുരസ്ക്കാരം ഉൾപ്പെടെയുള്ള ഒട്ടേറെ മാദ്ധ്യമ പുരസ്കാരങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്. മാദ്ധ്യമരംഗത്തെ മനീഷിയായ ബി.ആർ.പി ഭാസ്കർ തൻ്റെ ഓർമ്മകൾ മലയാളത്തിലും ഇംഗ്ലീഷിലുമായി 'ന്യൂസ് റൂം' ,'The Changing Mediascape : Recollectons of a Life in Journalism' എന്നീ രണ്ട് പുസ്തകങ്ങളിലായി രേഖപ്പെടുത്തിയിട്ടുണ്ട്.
ക്ലബ്ബ് ഹൗസ് മീഡിയ റൂമിൽ ബി.ആർ.പി ഭാസ്കുറുമായി സംസാരിച്ചത് ഡി.പ്രദീപ് കുമാറും കെ. ഹേമലതയും.
ഈ പരിപാടിയുടെ ശബ്ദലേഖനം മീഡിയ വേവ്സ് യൂട്യൂബ് ചാനലിലുണ്ട്.https://youtu.be/Nx-p2c0Lj0s?si=bQAo83tEkjVzmD4S

Monday, 10 June 2024

ചരിത്രസാക്ഷികൾ-23:ജി.യദ്ദുകുലകുമാർ,കെ.പ്രദീപ്

'ചരിത്രസാക്ഷികൾ ' പരമ്പരയുടെ (ക്ലബ് ഹൗസ് മീഡിയ റൂം,ജൂൺ 3,2023 ) 23ആം ഭാഗത്തിൽ അനുഭവങ്ങൾ പങ്കുവക്കാൻ എത്തിയത് മുതിർന്ന മാദ്ധ്യമ പ്രവർത്തകനും ചരിത്രകാരനുമായ ജി. യദുകുലകുമാറും ( കേരള കൗമുദി, മംഗളം, സദ് വാർത്ത...) ദ ഹിന്ദുവിന്റെ മുൻ സീനിയർ ഡെപ്യൂട്ടി എഡിറ്ററായ കെ.പ്രദീപും.

ആർ.എസ്.പിയുടെ ആമുഖ്യത്തിൽ കെ.ബാലകൃഷ്ണനും കൈനിക്കര പത്മനാഭ പിള്ളയും മുഖ്യ പത്രാധിപൻമാരായി ആരംഭിച്ച കൗമുദി ദിനപത്രത്തിൽ നിന്നാണ് 1960കളുടെ ആദ്യം ജി. യദുകുലകുമാറിന്റെ മാദ്ധ്യമ ജീവിതം ആരംഭിക്കുന്നത്. വായനയും സംഗീതവും സ്പോർട്സും പിന്നെ രാഷ്ട്രീയവും കുട്ടിക്കാലത്തു തന്നെ ജ്യേഷ്ഠന്മാരിൽ നിന്ന് പകർന്നു കിട്ടി. രണ്ടാം ലോകമഹായുദ്ധകാലത്ത് സൈന്യത്തിൽ സേവനം അനുഷ്ഠിച്ചിരുന്ന മൂത്ത ജ്യേഷ്ഠൻ ഇടയ്ക്ക് നാട്ടിൽ വരുമ്പോൾ പുസ്തകങ്ങളും എൽ.പി. റെക്കാർഡുകളും കൊണ്ടുവരും. അങ്ങനെ സൈഗാൾ,പങ്കജ് മല്ലിക്, ശെമ്മങ്കുടി,എം.എസ് സുബ്ബലക്ഷ്മി, വസന്ത കോകിലം തുടങ്ങിയവരുടെയൊക്കെ ആലാപനങ്ങൾ എന്നും കേട്ടു.'സോജാ രാജകുമാരി 'യും 'ഗുസർ ഗയാ സമാന' യും പ്രിയങ്കരമായി. സ്പോർട്ട്സ്മാനായ അദ്ദേഹം 1946 ൽ യുദ്ധസേവനം അവസാനിപ്പിച്ചു നാട്ടിലെത്തിയപ്പോൾ പുസ്തകക്കെട്ടുകൾ കൊണ്ടുവന്നു.
പത്ത് -പതിനാന്ന് വയസ്സുള്ളപ്പോൾ ,തൊട്ടു മൂത്ത ജ്യേഷ്ഠനായ ജി.ഭാസ്കരൻ നായർക്കൊപ്പം മുദ്രാവാക്യം വിളിക്കാൻ പോയത് ഓർമ്മയുണ്ട്. മറ്റൊരു ജ്യേഷ്ഠനായ ജി.വേണുഗോപാൽ പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയുടെയും പിന്നെ ആർ.എസ്.പിയുടെയും സജീവ പ്രവർത്തകനായിരുന്നു. രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി അറസ്റ്റ് ചെയ്യപ്പെടുകയും ഭീകരമായ മർദ്ദനങ്ങൾക്കിരയാകുകയും ചെയ്തു.കൗമുദി പത്രം ആരംഭിച്ചപ്പോൾ അതിന്റെ തിരുവനന്തപുരം കറസ്പോണ്ടന്റായി. "അങ്ങനെയാണ് ഞാനും കൗമുദിയിൽ എത്തുന്നത്. അവർ പേട്ടയിലേക്ക് വിളിച്ചുവരുത്തി.കോളേജിൽ നിന്ന് നേരെ പത്രത്തിൽ എത്തുകയായിരുന്നു. 75 രൂപയായിരുന്നു ശമ്പളം".
 
കെ.വിജയരാഘവൻ സഹപ്രവർത്തകനായിരുന്നു.പരമാവധി ഒൻപതിനായിരത്തോളം കോപ്പികൾ മാത്രം ഉണ്ടായിരുന്ന ചെറിയ പത്രം .എങ്കിലും, അത് കോളിളക്കം സൃഷ്ടിച്ച അനേകം റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചു. ഇ.എം.എസ് മന്ത്രിസഭയിലെ ധനകാര്യമന്ത്രി സി.അച്യുതമേനോന്റെ ആദ്യ ബജറ്റിന്റെ വിശദാംശങ്ങൾ ചോർത്തി പത്രത്തിൽ പ്രസിദ്ധീകരിച്ചത് ജി.വേണു ഗോപാലായിരുന്നു. അതിനെതിരെ കേസും അറസ്റ്റുമുണ്ടായി. 
 
1962 ഒക്ടോബറിൽ മുഖ്യമന്ത്രി പട്ടം താണുപിള്ളയെ പഞ്ചാബ് ഗവർണ്ണറാക്കി പഞ്ചാബിലേക്ക് അയയ്ക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി ലാൽ ബഹദൂർ ശാസ്ത്രി തീരുമാനിച്ചുവെന്ന സ്ക്കൂപ്പ് വാർത്ത കെ. ബാലകൃഷണന്റേതായിരുന്നു. തുടർന്ന് അധികാരമേറ്റ ആർ. ശങ്കർ മന്ത്രിസഭയ്ക്കെതിരായ അഴിമതി ആരോപണങ്ങളും കൗമുദിയിലാണ് വന്നത്.
 
മലയാള പത്രങ്ങൾ അന്ന് എന്നും സ്പോർട്ട്സ് വാർത്തകൾ സ്ഥിരമായി നൽകിയിരുന്നില്ല. ന്യൂയോർക്ക് ടൈംസിന്റേയും ടൈംസ് മാഗസിന്റേയും മുൻ ലക്കങ്ങൾ മദ്രാസിലെ കോൺസുലേറ്റിൽ നിന്ന് വരുത്തുന്നുണ്ടായിരുന്നു. അതിൽ വരുന്ന ലേഖനങ്ങൾ കൂടി വായിച്ച് 'കഴിഞ്ഞ ആഴ്ച ' എന്ന പംക്തി എഴുതി.
 
സാമ്പത്തിക പ്രശ്നങ്ങൾ കാരണം 1963ൽ പത്രം പ്രസിദ്ധീകരണം അവസാനിപ്പിച്ചു.കുളത്തിങ്കൽ പോത്തൻ എന്ന വ്യവസായി അത് ഏറ്റെടുക്കാൻ ഒരു ശ്രമം നടത്തിയിരുന്നെങ്കിലും വിജയിച്ചില്ല. അങ്ങനെ, ജോലി തേടി മദിരാശിയിലെത്തി. ജ്യേഷ്ഠൻ ഭാസ്കരൻ നായർക്ക് അന്ന് അവിടെ റെയിൽവേയിലായിരുന്നു, പണി. അവിടെ നിന്ന് ബോംബെയ്ക്കു പോയി. അന്ന്, സുഹൃത്തായ ടി.പി മാധവൻ ദി ഇന്ത്യൻ എക്സ്പ്രസിന്റെ പരസ്യ വിഭാഗം മേധാവിയായി യിരുന്നു."പത്രപ്രവർത്തകനാകാൻ അവിടെ ഒരു അഭിമുഖത്തിൽ പങ്കെടുത്തുവെങ്കിലും എന്റെ കഴിവില്ലായ്മ കൊണ്ട് അത് കിട്ടിയില്ല. സി.വി യുടെ 'രാമരാജ ബഹദൂറി'ൽ പറയുന്ന പോലുള്ള ഒരു സ്വപ്നഭീതി എന്നെ വേട്ടയാടിക്കൊണ്ടിരുന്നു. ഇനി പത്രപ്രവർത്തനത്തിലെത്തിച്ചേരാൻ കഴിയില്ലെന്ന് ഭയപ്പെട്ടു..".
 
ചില പ്രസുകളിൽ ജോലിക്കാരനായി.ബോംബെ ജീവിതം, പക്ഷേ, സംഗീതമയമായിരുന്നു. ഒരിക്കൽ ഒരു മഴക്കാല സന്ധ്യയിൽ പങ്ക് മല്ലിക്കിന്റെ കച്ചേരി കേൾക്കാൻ ഭാഗ്യമുണ്ടായി. കെ.പി. കൊട്ടാരക്കരയും ലളിതയും ഒപ്പമുണ്ടായിരുന്നു. 
 
കുറേക്കഴിഞ്ഞ് ബോംബെയിൽ നിന്ന് മദ്രാസിലേക്ക് മടങ്ങി. അവിടെ ഇന്ത്യൻ എക്സ്പ്രസ്സിന്റെ പരസ്യ വിഭാഗത്തിൽ കുറച്ചു കാലം ജോലി ചെയ്തു.
 
1964-ൽ നാട്ടിലെത്തി, കേരളകൗമുദിയിൽ പത്രപ്രവർത്തകനായി. അതിനും കാരണക്കാരൻ ജ്യേഷ്ഠനായിരുന്നു. മഹാരഥൻമാരായ പി.കെ. ബാലകൃഷ്ണൻ, കെ. ഗോവിന്ദപ്പിള്ള, കെ. വിജയരാഘവൻ, എൻ രാമചന്ദ്രൻ തുടങ്ങിയവർ അന്ന് ഡെസ്ക്കിലുണ്ട്.
സ്പോർട്സ് വാർത്തകൾ പരമ്പരാഗത രീതിയിൽ നിന്ന് വ്യത്യസ്തമായി എഴുതാൻ ശ്രമിച്ചു. കവിതാമയമായ ഭാഷയിൽ ഫുട്ട്ബാൾ ലേഖനങ്ങൾ എഴുതിയിരുന്ന ജെഫ്രി ഗ്രീനിനെയാണ്(Geoffrey Green) മാതൃകയാക്കിയത്.
 
കലാകൗമുദി ഫിലിം മാഗസിൻ ആരംഭിച്ചപ്പോൾ അതിന്റ ചുമതലയും ലഭിച്ചു. പക്ഷേ, അത് അധിക കാലം തുടർന്നില്ല. അടിയന്തരാവസ്ഥക്കാലത്ത് കേരള കൗമുദിയിൽ ജീവനക്കാരുടെ പണിമുടക്കുണ്ടായി. അതിൽ പങ്കെടുത്തു.അന്ന് വക്കം പുരുഷോത്തമനായിരുന്നു തൊഴിൽ വകുപ്പ് മന്ത്രി . അദ്ദേഹത്തിന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല."ആർ.എസ്.പി നേതാവായ കെ. പങ്കജാക്ഷൻ അന്ന് ജീവനക്കാർക്കൊപ്പം നിന്നില്ല. പക്ഷേ,കെ.കരുണാകരന്റെ പിന്തുണ ഉണ്ടായിരുന്നു". എങ്കിലും,സമരം പരാജയപ്പെട്ടു.ആഭ്യന്തര അന്വേഷണം നടത്തി പി. കെ ബാലകൃഷ്ണനെയും ജി.വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കളെയും പിരിച്ചുവിട്ടു.സമരത്തിൽ പങ്കെടുത്തവരെ സ്ഥലംമാറ്റി. അങ്ങനെ കൊല്ലം, ആലപ്പുഴ , എറണാകുളം ബ്യൂറോകളിൽ പ്രവർത്തിച്ചു."കൃത്യമായി ശമ്പളം തരാതെ അവർ പീഡിപ്പിപ്പിച്ചു. അപ്പോഴാണ് പത്രപ്രവർത്തക യൂണിയന്റെ നേതാവായിരുന്ന കെ.എം. റോയി പത്രാധിപരായി തുടങ്ങിയ മംഗളം പത്രത്തിലേക്ക് ക്ഷണിച്ചത്. അതിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായി . 1991-ൽ കൊച്ചിയിൽ നിന്ന് 'സദ് വാർത്ത' ദിനപത്രം ആരംഭിച്ചപ്പോൾ അതിൽ ചേർന്നു. 1993-ൽ അത് പൂട്ടിയതോടെ എന്റെ ഔദ്യോഗിക മാദ്ധ്യമപ്രവർത്തനം അവസാനിച്ചു."പിന്നെ ചില സായാഹ്ന പത്രങ്ങളിലും വാരികകളിലും മറ്റും പ്രവർത്തിച്ചു.
 
മറക്കാനാകാത്ത ചില അനുഭവങ്ങളുണ്ട്. 1968 നവംബർ 24 ന് നെക്സലൈറ്റുകൾ പുൽപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമിച്ചു.ആ കേസിൽ അറസ്റ്റിലായ,അന്ന് 18 വയസുണ്ടായിരുന്ന, കെ.അജിതയെ സബ്ജയിലിൽ ചെന്ന് കണ്ടു. ജയിലറെ വീട്ടിൽ പോയിക്കണ്ട്, ഏറെ സ്വാധീനം ചെലുത്തിയാണ് അകത്ത് കയറാനുള്ള അനുമതി സമ്പാദിച്ചത്. അയാൾ ഒപ്പമുണ്ടായിരുന്നു."ജമ്പറും അടിപ്പാവാടയും മാത്രം ധരിച്ച് നിൽക്കുന്ന അജിതയെ കണ്ടപ്പോൾ മനസ്സ് പതറിപ്പോയി. ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല.ഒന്നും ചോദിക്കരുത് എന്നും വിലക്കുണ്ടായിരുന്നു. പക്ഷേ,അവരെക്കുറിച്ച്, 'യവനിക വീഴും മുമ്പ് ' എന്ന പേരിൽ എഴുതിയ റിപ്പോർട്ടുകളിൽ നെക്സൽ പ്രസ്ഥാനത്തിന്റെ സാമൂഹിക പശ്ചാത്തലം ഞാൻ വിവരിച്ചു''.മറ്റു പത്രങ്ങൾ അവരെ തീവ്രവാദികളും അക്രമകാരികളുമായി കണ്ട കാലത്ത്, ബോളിവിയൻ കാടുകളിൽ ചെഗുവേര നടത്തിയ ഒളിവിലുള്ള വിപ്ലവ പ്രവർത്തനങ്ങളുമായി ഇതിനെ താരതമ്യപ്പെടുത്തിയാണ് റിപ്പോർട്ടുകൾ എഴുതിയത്.
 
"നെക്സൽ പ്രസ്ഥാനത്തെക്കുറിച്ച് എഡിറ്റോറിയൽ പേജിൽ ശിവറാം , സി. നാരായണപിള്ള , കെ.ബാലകൃഷ്ണൻ എന്നിവർ എഴുതിയ ലേഖനങ്ങൾക്കൊപ്പം എന്റെ ലേഖനവും പ്രസിദ്ധീകരിക്കപ്പെട്ടു. അവരുടെ ധീരതയെ കാണാനാണ് ഞാൻ ശ്രമിച്ചത്". വയനാട്ടിലെ ആദിവാസികളുടെ ജനസംഖ്യ താഴുന്നതിനെക്കുറിച്ചും എഴുതി. 
 
ആലപ്പുഴയിലുള്ളപ്പോഴാണ് കെ.സി.എസ് മണിയെക്കുറിച്ചും കെ.വി പത്രോസിനെക്കുറിച്ചും പുസ്തകങ്ങൾ എഴുതിയത്. രണ്ടും യാദൃച്ഛികമായി സംഭവിച്ചതായിരുന്നു. സി.പി രാമസ്വാമി അയ്യരെ വെട്ടിയ കെ.സി.എസ് മണി അന്ന് ആരാലും അംഗീകരിക്കപ്പെടാതെ, അമ്പലപ്പുഴയിൽ ജീവിച്ചിരുന്നു. അദ്ദേഹം സ്വന്തം കാര്യം സംസാരിക്കാൻ ഇഷ്ടപ്പെട്ടിരുന്നില്ല. കുറച്ചു കാലം ദേശബന്ധുവിൽ പത്രപ്രവർത്തകനായിരുന്നു .എങ്കിലും, വിചിത്രമായ സ്വഭാവമായിരുന്നു അദ്ദേഹത്തിന്റേത്. ആരുമായും ഇടപഴകില്ല. മിക്കപ്പോഴും ഡിക്ഷ്ണറി വായിച്ചു കൊണ്ടിരിക്കും.അഡ്വക്കേറ്റ് ജി.ജനാർദ്ദനക്കുറിപ്പുമായി മാത്രം അദ്ദേഹത്തിന് ബന്ധം ഉണ്ടായിരുന്നു. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച് സംസാരിക്കാൻ അദ്ദേഹത്തിന് താല്പര്യം ഉണ്ടായിരുന്നില്ല .'നീ നിന്റെപാട്ടിനു പോ ' എന്നു പറഞ്ഞ് പലപ്പോഴും നിരുത്സാഹപ്പെടുത്തി."ചരിത്രത്തിലെ ദയനീയമായ ഒരു അധ്യായമായിരുന്നു അദ്ദേഹത്തിന്റേത്.ഭഗത് സിങ്ങിന്റേയും ചന്ദ്രശേഖർ ആസാദിന്റേയുമൊക്കെ ശ്രേണിയിൽ പെട്ടയാളായിരുന്നു അദ്ദേഹം.ചരിത്രം വലിയ ഘോഷയാത്ര പോലെയാണ്. പിറകിൽ ആൾക്കൂട്ട മുണ്ടെങ്കിൽ മാത്രമേ തോളിലേറ്റി നടക്കൂ".പക്ഷേ, ചരിത്രത്തിൽ അദ്ദേഹം അവഗണിക്കപ്പെട്ടു. "അദ്ദേഹത്തെക്കുറിച്ച് എഴുതിയത് ഭാവി ചരിത്രകാരന്മാർക്ക് വേണ്ടിയായിരുന്നു".അതിന് ആമുഖമെഴുതിയത് തകഴിയാണ്. കെ.സി.എസ് മണിയുടെ അവസാന നാളുകളിലാണ് അമ്പലപ്പുഴയിൽ പുസ്തകം പ്രകാശനം ചെയ്യപ്പെട്ടത്. തകഴിയും ജനാർദ്ദനക്കുറുപ്പും ആ ചടങ്ങിൽ അതിഥികളായെത്തി.
 
'അസിധാര'എന്നാണ് ആ പുസ്തകത്തിന് പേരിട്ടത്. പക്ഷേ ,പുസ്തകം വായിച്ച ബാലരമ പത്രാധിപരും സുഹൃത്തുമായ എൻ .എം മോഹനനാണ് പുസ്തകത്തിന്റെ പേര് മാറ്റിയത്.അത് ശ്രദ്ധിക്കപ്പെട്ടു. മൂന്നാമത്തെ എഡിഷനിൽ പേര് 'സി.പി.യെ വെട്ടിയ മണിയും സ്വാതന്ത്ര്യവും' എന്നാക്കി ചുരുക്കി.
പുന്നപ്ര വയലാർ സമരത്തിന്റെ ഡിക്ടേറ്ററും തിരുവിതാംകൂറിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സെക്രട്ടറിയുമായിരുന്ന കെ.വി പത്രോസിനെക്കുറിച്ച് പുസ്തകം എഴുതിയതും (കെ.വി പത്രോസ് : കുന്തക്കാരും ബലിയാടും) ആലപ്പുഴയിലെ ജീവിത കാലത്താണ് . പാർട്ടിയിൽ നിന്ന് തരംതാഴ്ത്തപ്പെടുകയും പിന്നെ ഒറ്റപ്പെടുകയും ചെയ്ത പത്രോസ് നഗരത്തിലെ ഒരു കടയിൽ പത്രം വായിക്കാൻ വരുമായിരുന്നു.താൻ മരിച്ചാൽ എസ് എൻ .ഡി .പി യോഗത്തിന്റെ മംഗലത്തെ ശ്മശാനത്തിൽ അടക്കണമെന്ന് മുൻ സഹപ്രവർത്തകനായ രാമൻകുട്ടിനോട് പത്രോസ് പറഞ്ഞിരുന്നു.മറ്റു കമ്മ്യൂണിസ്റ്റ് നേതാക്കളെ അടക്കിയ വലിയ ചുടുകാട്ടിൽക്കിടന്ന് തനിക്ക് അവരുമായി വഴക്ക്കൂടാൻ വയ്യ എന്നായിരുന്നു പത്രോസ് പറഞ്ഞിരുന്നത്.
 
1980-ൽ അദ്ദേഹം മരിച്ചപ്പോൾ , ഒരു ഇടതുപക്ഷ നേതാവും അനുശോചനം രേഖപ്പെടുത്താൻ അവിടെ എത്തിയില്ല.ആദ്യകാലങ്ങളിൽ പത്രോസിന്റെ കുടിലിൽ ഇ.എം.എസ് ഉൾപ്പെടെയുള്ള നേതാക്കൾ ഒളിവിൽ താമസിച്ചിരുന്നു. പുസ്തകം എഴുതും മുമ്പ് ജവഹർ നഗറിലെ വീട്ടിൽ പോയി , ഇ.എം.എസിനെ കണ്ട അനുഭവവും അദ്ദേഹം അനുസ്മരിച്ചു.പത്രോസിന്റെ വീട്ടിൽ താമസിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോൾ, താനത് ഓർക്കുന്നില്ല എന്നാണ് അദ്ദേഹം മറുപടി നൽകിയത് .അന്ന് അദ്ദേഹത്തെ അവിടെ കൊണ്ടുചെന്നാക്കിയ കാക്ക കരുണാകരനും ഒപ്പമുണ്ടായിരുന്നു. അത് ഓർമ്മപ്പെടുത്തിയപ്പോൾ അദ്ദേഹം നിശബ്ദത പാലിച്ചു.അക്കാലത്തൊക്കെ താൻ ഡൽഹി കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തിച്ചത്. ചോദ്യങ്ങൾ ആവർത്തിച്ചപ്പോൾ , കമ്മ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറിയായിരുന്ന പി.സി ജോഷിയെ തഴം താഴ്ത്തിയില്ലേ എന്നായിരുന്നു , അദ്ദേഹത്തിന്റെ മറുപടി.'''ജോഷിയെ പാർട്ടി പിന്നീട് തിരിച്ചെടുത്തല്ലോ' എന്ന് ചോദ്യത്തിന് ഉത്തരം പറയാതെ എന്റെ മുഖത്തേക്ക് നോക്കിയിരുന്നു. അദ്ദേഹം പറയേണ്ടതു മാത്രമേ പറയുകയുള്ളൂ".
 
കമ്മ്യൂണിസത്തിന്റെ പതനത്തെക്കുറിച്ച് ഒരു പുസ്തകം എഴുതിയിട്ടുണ്ട്. അത് ഇതുവരെയും പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല. മകൾ ജോലി ചെയ്യുന്ന ലണ്ടനിൽ പോയപ്പോൾ , അവിടുത്തെ ലൈബ്രറി ഉപയോഗപ്പെടുത്തി ഗവേഷണം നടത്തി, 'മാർക്സ് മുതൽ പുട്ടിൻ വരെ ' എന്ന പഠനം എഴുതി.ഇന്ത്യൻ കമ്മ്യൂണിസത്തിന്റെ പതനത്തെക്കുറിച്ചും എഴുതി. 'കമ്മ്യൂണിസം: പച്ചയും കത്തിയും' എന്ന് പേരിട്ട ആ ഗ്രന്ഥം അടുത്തുതന്നെ പ്രസിദ്ധീകരിക്കപ്പെടും.
 
വർക്കല രാധാകൃഷ്ണൻ നിയമസഭാസ്പീക്കറായിരിക്കുമ്പോൾ ഡെപ്യൂട്ടി സ്പീക്കറായിരുന്ന വനിതാനേതാവിനെക്കുറിച്ച് ഒരു അന്വേഷണാത്മക റിപ്പോർട്ട് എഴുതി. അത് , പറന്നു പറന്നു നടക്കുന്ന ഡെപ്യൂട്ടി സ്പീക്കറെക്കുറിച്ചായിരുന്നു.യാത്രാപ്പടി വാങ്ങാൻ കള്ളക്കണക്കെഴുതിയ അവരുടെ രാഷ്ട്രീയഭാവി അതോടെ അടഞ്ഞു. അവർക്കെതിരെ പാർട്ടി ശിക്ഷണ നടപടികളും എടുത്തു."എന്നാൽ, സ്പീക്കർ എനിക്ക് നോട്ടീസ് അയച്ചു.കുറ്റം കണ്ടുപിടിച്ചവരാണ് ശിക്ഷിക്കപ്പെടുന്നത് എന്നാണ് അന്ന് സഹപ്രവർത്തകൻ ജോയ് തിരുമൂലപുരം പ്രതികരിച്ചത്".തിരിഞ്ഞു നോക്കുമ്പോൾ, അവരുടെ രാഷ്ട്രീയഭാവി തകർന്നതിൽ വിഷമം തോന്നാറുണ്ട്.
 
ഇപ്പോഴും സംഗീതം ഒപ്പമുണ്ട്. പഴയ ഒരു ഹിന്ദി ഗാനം ജി. യദുകുലകുമാർ ആലപിച്ചു.
 
വളരെ യാദൃച്ഛികമായാണ് മാദ്ധ്യമമേഖലയിൽ എത്തിയതെന്ന് ദി ഇന്ത്യൻ എക്സ്പ്രസ്, ദ ഹിന്ദു പത്രങ്ങളിൽ 30 വർഷത്തോളം പ്രവർത്തിച്ച കെ.പ്രദീപ് അനുസ്മരിച്ചു.
സ്കൂൾ പഠനകാലത്ത് തന്നെ സ്പോർട്സ് ആയിരുന്നു ഇഷ്ടമേഖല. ക്രിക്കറ്റ് ടീമിൽ അംഗമായിരുന്നു.കൊച്ചി എസ്.എച്ച് കോളേജിൽ എം.എ ഇംഗ്ലീഷിന് ചേർന്നത് തന്നെ രണ്ട് വർഷം കൂടി യൂണിവേഴ്സിറ്റി ടീമിൽ കളിക്കാൻ വേണ്ടിയായിരുന്നു. എന്റെ മാദ്ധ്യമ ജീവിതം സ്പോർട്ടിന്റെ പിൻതുടർച്ചയായിരുന്നു".

 
തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബിന്റെ വാർത്തകൾ നൽകാൻ ദ ഹിന്ദുവിന്റെ സ്പോർട്ട്സ് ഡെസ്ക്കിലുള്ള എസ്. ആർ സൂര്യനാരായണനെ സ്ഥിരമായി കാണുമായിരുന്നു. അദ്ദേഹം അവിടെ നിന്ന് മദ്രാസിലേക്ക് പോകുമ്പോൾ , സ്പോർട്സ് റിപ്പോർട്ടിങ്ങിൽ ഒരു സ്ട്രിങ്ങറെ നിയമിക്കാൻ തീരുമാനിച്ചു. അതിന് അപേക്ഷിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു."പക്ഷേ, അന്ന് ഞാൻ അപേക്ഷിച്ചില്ല. എനിക്ക് താല്പര്യമുണ്ടായിരുന്നില്ല".
 
1988-ൽ എം.എ കഴിഞ്ഞപ്പോൾ,ദൂരദർശൻ അസിസ്റ്റന്റ് ന്യൂസ് കറസ്പോണ്ടന്റുമാരെ നിയമിക്കുന്നതിനായി അഖിലേന്ത്യാടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. ആദ്യം എഴുത്തു പരീക്ഷ യായിരുന്നു."What's NEWS?' എന്നതായിരുന്നു ഒരു ചോദ്യം. ജേർണ്ണലിസം പഠിക്കാത്തതിനാൽ, അത് അറിയില്ലായിരുന്നു. പക്ഷേ, ആ ടെസ്റ്റ് പാസായി, ഡൽഹിയിൽ ഇന്റർവ്യൂവിന് ക്ഷണിക്കപ്പെട്ടു."അവിടെ വച്ചാണ് ഡി.പ്രദീപ് കുമാറിനെ ആദ്യം കാണുന്നത്. രണ്ടാമതും ഒരു ഇന്റർവ്യൂ നടത്തി. അതിലും ഞങ്ങൾ രണ്ടാളുമുണ്ടായിരുന്നു. ആ നിയമനത്തിൽ എന്തോ പ്രശ്നമുണ്ടെന്നും അത് നടക്കില്ലെന്നും ടി.എ. നൽകിയ ഉദോഗസ്ഥർ പറയുന്നത് കേട്ടിരുന്നു". (ടെസ്റ്റിൽ പാസാകാത്ത , ഉന്നതന്റെ മകളെ നിയമിച്ചതിനെച്ചൊല്ലി അന്ന് പാർലമന്റ് ദിവസങ്ങളോളം സ്തംഭിച്ചതായി ഡി.പ്രദീപ് കുമാർ കൂട്ടിച്ചേർത്തു. തുടർന്ന് നിയമനപ്രക്രിയക്കെതിരെ ഹൈക്കോടതികളിൽ ഒട്ടേറെ കേസുകൾ ഫയൽ ചെയ്യപ്പെട്ടുകയും ദീർഘകാലത്തെ നിയമ പോരാട്ടങ്ങൾക്കൊടുവിൽ 1994 - ൽ ഈ നിയമനം തന്നെ റദ്ദാക്കപ്പെടുകയും ചെയ്തു)." അന്ന് കേരളത്തിൽ നിന്ന് അവസാന റൗണ്ട് വരെ എത്തിയത് നാലോ അഞ്ചോ പേരായിരുന്നു. മീഡിയയിലേക്ക് വരാനുള്ള എന്തൊക്കയോ ചില യോഗ്യതകൾ എനിക്കുണ്ടായിരുന്നിരിക്കണം".
 
അക്കാലത്ത് അഞ്ചുവർഷത്തോളം വിവിധ ഇടങ്ങളിൽ ഇംഗ്ലീഷ് അധ്യാപകനായി പ്രവർത്തിച്ചു. 1991 ൽ, ദി ഇന്ത്യൻ എക്സ്പ്രസ്സ് കൊച്ചി യൂണിറ്റിലെ സ്പോർട്സ് വിഭാഗം തലവനായിരുന്ന കെ. ഒ പോൾസൺ പത്രത്തിലേക്ക് അപേക്ഷിക്കാൻ നിർദ്ദേശിച്ചു. അദ്ദേഹം എസ്.എച്ച് കോളേജിൽ സീനിയർ ബാച്ചിൽ പഠിച്ചിരുന്നു."അങ്ങനെ ഞാൻ അപേക്ഷിച്ചു. റസിഡന്റ് എഡിറ്റർ എം.കെ ദാസ് ഒരു ടെസ്റ്റ് നടത്തി. അടുത്ത ദിവസം തന്നെ സ്പോർട്സ് ഡെസ്കിൽ നിയമിക്കപ്പെട്ടു. അന്ന് അഞ്ചോളം പേർ അവിടെ ഉണ്ടായിരുന്നു. എഡിറ്റിംഗ് , റിപ്പോർട്ടിംഗ് , പേജ് മേക്കിങ്ങ് എല്ലാം മാറി -മാറി ചെയ്യും. വളരെ രസകരമായ ,സാഹസികമായ , ഏറെ തൃപ്തി നൽകുന്ന, പ്രവർത്തന മേഖലയായിരുന്നു അത്. ആദ്യമായി കവർ ചെയ്യാൻ അയച്ചത് ഒരു ക്രിക്കറ്റ് എക്സിബിഷൻ മാച്ചായിരുന്നു. ഗവാസ്കർ ,സച്ചിൻ ടെണ്ടുൽക്കർ തുടങ്ങിയവരൊക്കെ കളിച്ച മത്സരം. ആദ്യ റിപ്പോർട്ട് ചീഫ് സബ്ബ് എഡിറ്റർ സർവ്വദമനനായിരുന്നു ( ചൊവ്വര പരമേശ്വരന്റെ മകൻ) എഡിറ്റ് ചെയ്തത്."ആ കോപ്പി ഞാനിപ്പോഴും സൂക്ഷിച്ചിച്ചു വച്ചിട്ടുണ്ട്. നല്ല എഡിറ്റേഴ്സ് ഉണ്ടെങ്കിൽ മാത്രമേ നല്ല പത്രം ഇറങ്ങൂ. ശക്തമായ ഒരു ഡെസ്ക് അക്കാലത്തുണ്ടായിരുന്നു".
 
ഇന്ത്യൻ എക്സ്പ്രസിൽ വലിയ സ്വാതന്ത്ര്യം ഉണ്ടായിരുന്നു. ഫ്രൈഡേ ഫീച്ചേഴ്സ് എന്ന വീക്കിലി ഫീച്ചർ പേജിന്റെ ചുമതല വഹിച്ചിരുന്ന പ്രേമ മന്മഥൻ, സുമോ ഗുസ്തിക്കാരുടെ (zumo wrestlers)ഒരു പടം കാണിച്ചിട്ട് , അതെക്കുറിച്ച് ഒരു ഫീച്ചർ എഴുതാമോ എന്ന് ചോദിച്ചു. 1991ൽ , അങ്ങനെ ആദ്യമായി ഒരു ഫീച്ചർ എഴുതി. അത് ഇന്ത്യൻ എക്സ്പ്രസിന്റെ ഫീച്ചർ പേജുള്ള എല്ലാ എഡിഷനുകളിലും വന്നു .തുടർന്ന് ധാരാളം ഫീച്ചറുകൾ എഴുതി.
 
സ്പോർട്സ് റിപ്പോർട്ടിംഗിൽ മറക്കാനാവാത്ത ഒട്ടേറെ അനുഭവങ്ങളുണ്ട്. സന്തോഷ് ട്രോഫിയുടെ കേരളത്തിൽ നടന്ന ക്ലസ്റ്റർ മത്സരങ്ങൾ കവർ ചെയ്യാനായി ഇരിങ്ങാലക്കുടയ്ക്ക് പോയി. തിരിച്ചുവന്നത് ഗുജറാത്ത് ടീമിലെ മലയാളികൾക്കൊപ്പം. ചാലക്കുടിയിൽ അവർ താമസിച്ചിരുന്നത് മോശപ്പെട്ട ലോഡ്ജ് മുറികളിലായിരുന്നു.പഞ്ചാബ് ടീമിന്റെ കോച്ചിനെ കണ്ടപ്പോൾ അദ്ദേഹവും , തങ്ങൾക്ക് നല്ല മുറിയിൽ താമസിക്കാനുള്ള അലവൻസ് കിട്ടുന്നില്ല എന്ന് പറഞ്ഞു. അന്ന് രഞ്ജി ട്രോഫി കളിക്കുന്ന അംഗങ്ങൾക്ക് പ്രതിദിനം 100 രൂപ നൽകിയിരുന്നു:സന്തോഷ് ട്രോഫി ടീമംഗങ്ങൾക്കാകട്ടെ 30 - 40രൂപയും. അതേക്കുറിച്ച് എഴുതിയ റിപ്പോർട്ടിനെ തുടർന്ന് അവരുടെ ബത്ത വർദ്ധിപ്പിച്ചു.
കേരള ക്രിക്കറ്റ് അസോസിയേഷൻ, ക്യാപ്റ്റൻ അനന്തപത്മനാഭന് വിലക്ക് ഏർപ്പെടുത്താൻ തീരുമാനിച്ചതിനെക്കുറിച്ച് എഴുതിയ റിപ്പോർട്ടിനെ തുടർന്ന് അത് പിൻവലിക്കാൻ അവർ നിർബന്ധിതരായി. 2001ൽ ഇന്ത്യ-ഓസ്ട്രേലിയ ക്രിക്കറ്റ് മാച്ച് കവർ ചെയ്യാൻ മഡ്‌ഗാവിൽ പോയപ്പോൾ രാവിലെ തന്നെ സ്റ്റേഡിയം നിറഞ്ഞു കവിഞ്ഞിരുന്നു. പക്ഷേ, ടിക്കറ്റുമായി നൂറുകണക്കിനാളുകൾ പുറത്ത് നിൽക്കുന്നു. ഗോവ ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ തന്നെ കരിഞ്ചന്തയിൽ ടിക്കറ്റ് വിൽക്കുന്നു എന്ന് മനസ്സിലായി. ഇതേക്കുറിച്ച് റിപ്പോർട്ട് എഴുതി .തുടർന്ന് ഗോവ ക്രിക്കറ്റ് അസോസിയേഷന് അന്താരാഷ്ട്ര മത്സരങ്ങൾ നടത്തുന്നതിന് ബി.സി.സി.ഐ വിലക്ക് ഏർപ്പെടുത്തി.
വൺഡേ ഇൻറർനാഷണൽ ക്രിക്കറ്റ് മത്സരങ്ങൾ നടന്നപ്പോൾ , ബിഹൈൻഡ് ദ വിക്കറ്റ് എന്ന കോളവും എഴുതിയിരുന്നു.
 
ആകാശവാണിക്കും ദൂരദർശനം വേണ്ടി ക്രിക്കറ്റ് മത്സരങ്ങളുടെ ദൃക്സാക്ഷി വിവരണങ്ങളും റിപ്പോർട്ടുകളും നൽകിയിട്ടുണ്ട്. "1994 ൽ പാലക്കാട് നടന്ന രഞ്ജി ട്രോഫി മത്സരത്തിൽ ഏറെ ഭാബ്ദങ്ങൾക്ക് ശേഷം കേരളം ആദ്യമായി പ്രീക്വാർട്ടർ ഫൈനൽസിൽ എത്തിയപ്പോൾ ആകാശവാണിക്കുവേണ്ടി ദൃക്സാക്ഷി വിവരണം നൽകിയത് ഞാനായിരുന്നു .അന്ന് അതിന്റെ ചുമതല വഹിച്ചിരുന്ന പി.സി. സതീഷ്ചന്ദ്രൻ അവസാനത്തെ നിർണ്ണായക സമയത്തെ ദൃക്സാക്ഷിവിവരണം എന്നെ ഏല്പിച്ചു. കളിക്കാരെ ഇൻറർവ്യൂ ചെയ്യാനും അവസരം ലഭിച്ചു".1994 നവംബറിൽ കോഴിക്കോട്ട്, വെസ്റ്റിൻഡീസിലെ പ്രമുഖ താരങ്ങളായ ബ്രയാൻ ലാറയും കെവിൻ കൂപ്പറുമടക്കമുള്ളവർ പങ്കെടുത്ത , മുംബൈയുമായുള്ള ത്രിദിന മത്സരത്തിന്റെ ആദ്യ ദിവസം 176 റണ്ണിനു വെസ്റ്റിൻഡീസ് ഓൾ ഔട്ട് ആയി . പക്ഷേ, കൂത്തുപറമ്പ് വെടിവെപ്പിനെ തുടർന്നുള്ള കലുഷിതമായ അന്തരീക്ഷം കാരണം ആ മത്സരം ഉപേക്ഷിക്കപ്പെട്ടു.
 
ഒരിക്കൽ കൊച്ചി ദർബാർ ഹാൾ ഗ്രൗണ്ടിൽ നടന്ന ഒരു ദേശീയ ബാഡ്മിന്റൺ മത്സരത്തിന് ദൂരദർശനുവേണ്ടി കമന്ററി നൽകാൻ പോയപ്പോൾ , അതിനുള്ള കമന്ററി ബോക്സ് ഉണ്ടായിരുന്നില്ല. ടീമിനെ കൊണ്ടു വന്ന ബസിന്റെ മുകളിൽ കയറി നിന്നാണ് ക്യാമറാമാൻ ഷൂട്ട് ചെയ്തത് .ബസ്സിനകത്തിരുന്നാണ് അന്ന് കമന്ററി നൽകിയത്.
 
സംഗീതം, സിനിമ, നാടകം, നാടോടി കലകൾ, ക്ലാസിക്കൽ സംഗീതം, നൃത്തരൂപങ്ങൾ തുടങ്ങിയവയെക്കുറിച്ചെല്ലാം ധാരാളം റിപ്പോർട്ടുകളും ഫീച്ചറുകളും എഴുതി.കൂടിയാട്ടത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ തയ്യാറാക്കിയപ്പോൾ അതെക്കുറിച്ച് കൂടുതൽ പഠിച്ചു. അമ്മന്നൂർ മാധവ ചാക്യാർ തന്റെ ജന്മദിനത്തിലെ പരിപാടിയിൽ വച്ച് അരങ്ങ് ഒഴിഞ്ഞതിന് സാക്ഷിയായി . അത് സ്ഥിരീകരിച്ച ശേഷം നൽകിയ റിപ്പോർട്ട് ഇന്ത്യൻ എക്സ്പ്രസിന്റെ ഒന്നാം പേജിലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. മറ്റു പത്രങ്ങൾക്ക് അടുത്ത ദിവസമാണ് അത് നൽകാൻ കഴിഞ്ഞത്.
 
മലയാള ചലച്ചിത്രസംഗീതത്തിന്റെ 50 ആം വാർഷികം തിരുവനന്തപുരത്ത് ആഘോഷിച്ചപ്പോൾ, ഈ രംഗത്തെ ആദ്യകാല സംഗീതജ്ഞരായ ഗോവിന്ദ റാവു ,സരോജിനി മേനോൻ, ജാനമ്മ ഡേവിഡ്, ബി.എ ചിദംബരനാഥ്,മുതിർന്ന നടീനടന്മാരായ മീന , ശങ്കരാടി , പറവൂർ ഭരതൻ ,ഫിലോമിന ,ഒടുവിൽ ഉണ്ണികൃഷ്ണൻ തുടങ്ങിവരുമായി അഭിമുഖങ്ങൾ നടത്തി ഫീച്ചർ എഴുതി.1999ൽ കൊച്ചിയിൽ അന്താരാഷ്ട്ര ചലച്ചിത്രോത്സവം നടന്നപ്പോൾ , അതിന്റെ റിപ്പോർട്ടുകൾ ഉൾക്കൊള്ളിച്ചുകൊണ്ട് എല്ലാ ദിവസവും നാല് പേജ് ടാബ്ലോയിഡ് ഇറക്കി. അത് സൗജന്യമായാണ് വിതരണം ചെയ്തത്. കൊച്ചിയിൽ നടന്ന സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ വൈക്കം വിജയലക്ഷ്മി ശാസ്ത്രീയ സംഗീതത്തിൽ ഒന്നാം സമ്മാനം നേടിയപ്പോൾ രാത്രി വളരെ വൈകി , അവർ അച്ഛനും അമ്മയ്ക്കും ഒപ്പം അവർ പുറത്തേക്ക് വരുന്ന ചിത്രം സഹിതമായിരുന്നു അടുത്ത ദിവസത്തെ പത്രം ഇറങ്ങിയത്. അതെക്കുറിച്ച് ഇപ്പോഴും അവർ സന്തോഷത്തോടെ സംസാരിക്കാറുണ്ട്.
 
2002 കൊച്ചിയിൽ നടന്ന ഇന്ത്യ - സിംബാബ്‌വെ ക്രിക്കറ്റ് മാച്ച് റിപ്പോർട്ടായിരുന്നു അവസാനത്തെ റെഗുലർ സ്പോർട്സ് റിപ്പോർട്ട് .
 
2002 മെയിൽ ദ ഹിന്ദുവിൽ ചേർന്നു.ധാരാളം ഫീച്ചറുകൾ എഴുതിയതുകൊണ്ടാണ് ഹിന്ദുവിൽ ഫീച്ചർറൈറ്ററായി നിയമിക്കപ്പെട്ടത്. പക്ഷേ, ആഭിമുഖത്തിന് എത്തിയപ്പോൾ , അവർ ചോദിച്ചു :എന്തുകൊണ്ടാണ് നിങ്ങൾ രാഷ്ട്രീയത്തെക്കുറിച്ച് ഒന്നും എഴുതാത്തത് ?'പാർട്ടി പൊളിറ്റിക്സിനെ കുറിച്ച് എഴുതാൻ താല്പര്യമില്ല. പക്ഷേ കലകളിലെയും സ്പോർട്ട്സിലെയും രാഷ്ട്രീയത്തെക്കുറിച്ച് ധാരാളം എഴുതിയിട്ടുണ്ട് 'എന്നായിരുന്നു മറുപടി നൽകിയത്.
 
ദ ഹിന്ദുവിൽ ധാരാളം അവസരങ്ങൾ കിട്ടി. എല്ലാ ആഴ്ചയിലും മെട്രോ പ്ലസ്, ഫ്രൈഡേ റിവ്യൂ, യങ്ങ് വേൾഡ്,സൺഡേ മാഗസിൻ തുടങ്ങിയ പേജുകളിൽ ധാരാളം സ്ഥലം.ഹിഡൻ ഹിസ്റ്ററിസ്, ആൾട്ടർ പോയിന്റ്സ്, ലിവിങ്ങ് സ്പേസ്,മെമ്മറി ഓഫ് കൊച്ചി,തുടങ്ങിയ കോളങ്ങൾ ..
ഇന്ത്യയിലെ പ്രമുഖരായ ഹിന്ദുസ്ഥാനി സംഗീതജ്ഞരേയും നർത്തകരേയും മറ്റും ഇന്റർവ്യൂ ചെയ്ത് ലേഖനങ്ങൾ എഴുതി. ബിസ്മില്ലാഖാൻ , അംജത് അലി ഖാൻ തുടങ്ങിയവർ ഓട്ടോഗ്രാഫ് ഒപ്പിട്ട് തന്നിട്ടുണ്ട്.
 
മലേഷ്യയിൽ നടന്ന ഫോർമുല വൺ മത്സരം കവർ ചെയ്യാനും അവസരം ലഭിച്ചു. 2018 - ൽ സീനിയർ ഡെപ്യൂട്ടി എഡിറ്ററായി വിരമിച്ചു.
 
രണ്ടാം പത്രം എന്ന നിലയിലാണ് ഇംഗ്ലീഷ് പത്രങ്ങൾ ഇന്നും കേരളത്തിൽ വായിക്കപ്പെടുന്നതെന്ന് കെ. പ്രദീപ് പറഞ്ഞു.വാർത്തകൾ ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ അറിയുന്ന ഒരു തലമുറയ്ക്ക് മുന്നിൽ ഇപ്പോഴത്തെ റിപ്പോർട്ടിംഗ് രീതി തന്നെ തുടരുന്നതിൽ അർത്ഥമില്ല.എല്ലാവർക്കും അറിയുന്ന വാർത്തകൾക്ക് പകരം അവയുടെ പുതിയ അങ്കിളുകൾ നൽകാൻ കഴിയണം. റിപ്പോർട്ടുകൾ ഫീച്ചറൈസ്ഡ് ആവണം. അപഗ്രഥനാത്മകമായിരിക്കണം അവ. നമ്മൾ മാറി ചിന്തിക്കേണ്ട സമയമായിരിക്കുന്നു.ഇന്ന് പ്രാദേശികമായ വാർത്തകളുടെ ഉള്ളടക്കമാണ് പത്രങ്ങളുടെ കരുത്ത് .നെയ്ബർഹുഡ് ന്യൂസ് പേപ്പേഴ്സ് എന്ന നിലയിൽ അവയ്ക്ക് സാധ്യതയുണ്ട്.
 
ഇപ്പോൾ പത്രപ്രവർത്തനരീതി തന്നെ മാറി. റിപ്പോർട്ടർമാർ വാർത്തകൾ എഴുതുക മാത്രമല്ല, അവയുടെ ചിത്രങ്ങളും വീഡിയോയും കൂടി എടുത്ത് വാർത്തയ്ക്ക് ഒപ്പം അപ്‌ലോഡ് ചെയ്യുക കൂടി വേണം. അതിനാലാണ് അതിനെ 'ബാക്ക്പാക്ക് ജേർണലിസം' എന്ന് വിശേഷിപ്പിക്കുന്നത്.
മാധ്യമ രംഗത്തെ രീതികളും ഉപകരണങ്ങളും മാറിയെങ്കിലും പത്രങ്ങളിലെ മാധ്യമ പ്രവർത്തന മാതൃകയാണ് എല്ലാത്തിന്റെയും അടിസ്ഥാനം.ബേസിക്സ് അതാണ് .
 
മാധ്യമ രംഗത്ത് നൈതികത പ്രധാനപ്പെട്ട വിഷയമാണന്ന് അദ്ദേഹം നിരീക്ഷിച്ചു. ഓഫ് റിക്കാർഡ് ആയി പറയുന്ന കാര്യങ്ങൾ പത്രപ്രവർത്തകർ കൊടുക്കില്ല. പലപ്പോഴും ഓഡിയോ കാസറ്റുകളിലും മറ്റും റെക്കോർഡ് ചെയ്യപ്പെടുന്ന പ്രമുഖരുമായുള്ള സംഭാഷണങ്ങളിൽ സ്ഫോടനാത്മകമായ പല വിവരങ്ങളും ഉണ്ടാവും. പക്ഷേ, പ്രസിദ്ധീകരിക്കരുത് എന്ന് നിർദ്ദേശിച്ചിട്ടാവും അവർ അത് പറയുക. അവ കൊടുത്താൽ , വലിയ സെൻസേഷൻ ഉണ്ടാകും .പക്ഷേ, അവർക്ക് മാധ്യമപ്രവർത്തകരിലുള്ള വിശ്വാസം നഷ്ടപ്പെടും. അവരുമായുള്ള ബന്ധം തകരും. "എസ്.പി ബാലസുബ്രഹ്മണ്യവുമായി എപ്പോഴും ഫോണിൽ സംസാരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു .ഇങ്ങനെ അടുത്ത ബന്ധം കാത്തുസൂക്ഷിച്ചത് കൊണ്ടാണ് അത് സാധിക്കുന്നത്".
 
ഇന്ന് കലാസാംസ്കാരിക സംഭവങ്ങളെക്കുറിച്ച് എഴുതാനുള്ള അവസരങ്ങൾ ഏറെ കുറഞ്ഞിരിക്കുന്നു. ദ ഹിന്ദു ഫ്രൈഡേ റിവ്യൂ ഉൾപ്പെടെയുള്ള ഫീച്ചർ പേജുകൾ നിർത്തലാക്കിയതിനാൽ അതിനുള്ള പത്രസ്ഥലം ലഭ്യമല്ല. പല അന്താരാഷ്ട്ര പ്രസിദ്ധീകരണങ്ങളും ഫീച്ചർ പേജുകൾ നിർത്തലാക്കിയത് കെ.പ്രദീപ് ചൂണ്ടിക്കാട്ടി.
 
ഡി പ്രദീപ്കുമാറും കെ.ഹേമലതയും മോഡറേറ്റർമാരായി.
 
'ചരിത്രസാക്ഷികൾ' 23 ആം ഭാഗത്തിന്റെ ശബ്ദലേഖനം മീഡിയ വേവ്സ് യൂട്യൂബ് ചാനലിലുണ്ട്. https://youtu.be/sr8xFx3PV3k


ചരിത്രസാക്ഷികൾ-13:എസ്.കൃഷ്ണൻകുട്ടി,കെ.പി.എം ബഷീർ

 പ്രമുഖ മാദ്ധ്യമപ്രവർത്തകർ തങ്ങളുടെ അനുഭവങ്ങളും വീക്ഷണങ്ങളും നിരീക്ഷണങ്ങളും പങ്കുവക്കുന്ന ക്ലബ്‌ ഹൗസ് മീഡിയ റൂമിലെ 'ചരിത്ര സാക്ഷികൾ' പരമ്പരയുടെ പതിമൂന്നാം  ഭാഗത്തിൽ ( 2023 മാർച്ച്‌ 25) എസ്. കൃഷ്ണൻകുട്ടി (മുൻ ഡെപ്യൂട്ടി എഡിറ്റർ & ലീഡർ റൈറ്റർ, മാതൃഭൂമി), കെ.പി.എം ബഷീർ (ധനം ഓൺലൈൻ എക്സിക്യൂട്ടീവ് എഡിറ്റർ,ദ ഹിന്ദു മുൻ ഡെപ്യൂട്ടി എഡിറ്റർ & ചീഫ് ഓഫ് ബ്യൂറോ) എന്നിവർ അനുഭവങ്ങൾ പങ്കുവച്ചു.

പത്രപ്രവർത്തകനാകാൻ ആഗ്രഹിച്ച്‌ മാദ്ധ്യമരംഗത്തേക്കുവന്ന ആളായിരുന്നില്ല എസ്. കൃഷ്ണൻകുട്ടി. പത്രവായന കുട്ടിക്കാലത്ത് ഹരമായിരുന്നു. അന്നത്തെ സമ്പ്രദായത്തിൽ സ്കൂളിൽ ചേരും മുൻപ് തന്നെ അക്ഷരങ്ങളെല്ലാം വ്യക്തമായി പഠിപ്പിക്കും. മാതൃഭൂമി പത്രമാണ് വായിച്ചിരുന്നത്. പത്രത്തിനൊപ്പം മാതൃഭൂമി ആഴ്ചപ്പതിപ്പും മുടങ്ങാതെ വായിച്ചിരുന്നു. ബാലപംക്തി,ജോൺ റസ്കിന്റെ നോവലിൻ്റെ പരിഭാഷ ഇവയെല്ലാം കൗതുകത്തോടെ വായിച്ചു. 'മാതൃഭൂമി'യോട് ആത്മൈക്യം ഉണ്ടായിരുന്നുവെങ്കിലും പത്രപ്രവർത്തകൻ ആകണമെന്നോ ആകുമെന്നോ ഒരിക്കലും കരുതിയില്ല.

 
ബി.എ മലയാളത്തിന് ആലുവ യു.സി കോളേജിലാണ് പഠിച്ചത്. മഹാരാജാസിൽ എം. എ മലയാളത്തിന് പഠിക്കുമ്പോൾ മാഗസിൻ എഡിറ്ററായി.പിൽക്കാലത്ത്, സാഹിത്യ മാസിക നടത്തി പത്രാധിപസ്ഥാനം ഏറ്റെടുക്കണം എന്ന് ചിന്തിച്ചു. പ്രായോഗികമല്ലെന്ന് ബോധ്യമായി. എം.എ കഴിഞ്ഞ് പറവൂരിലെ കേസരി മെമ്മോറിയൽ കോളേജിൽ അദ്ധ്യാപകനായി. അധ്യാപനത്തോട് ഭ്രമം ഉണ്ടായിരുന്നതിനാൽ ചില എയിഡഡ് കോളേജുകളിൽ ജോലിക്ക് ശ്രമിച്ചെങ്കിലും കിട്ടിയില്ല.
പത്രപ്രവർത്തക ട്രെയിനികളെ നിയമിക്കുന്നതിന് 'മാതൃഭൂമി'യിൽ പരസ്യം കണ്ടപ്പോൾ അപേക്ഷിച്ചു. ട്രെയിനിയായി കോഴിക്കോട് നിയമനം കിട്ടി. അധ്യാപന മോഹം ഉപേക്ഷിക്കണമല്ലോ എന്ന ദുഃഖമുണ്ടായിരുന്നു.
 
മാതൃഭൂമിയിൽ പരിവർത്തനത്തിന്റെ കാലമായിരുന്നു. കെ.പി കേശവമേനോനെ തുടർന്ന് വി.പി രാമചന്ദ്രൻ പത്രാധിപരായി.കെട്ടിലും മട്ടിലും പരിഷ്കരണങ്ങൾ. ഡെസ്കിലായിരുന്നു ആദ്യ ജോലി. രസകരമായ അന്തരീക്ഷം. വിംസി എന്നറിയപ്പെടുന്ന വി. എം ബാലചന്ദ്രനായിരുന്നു ന്യൂസ് എഡിറ്റർ. സ്പോർട്സ് കോളം കൈകാര്യം ചെയ്തിരുന്ന പ്രഗൽഭൻ. മുഖപ്രസംഗം എഴുതിയ കേരളത്തിലെ ആദ്യത്തെ വനിതാ പത്രപ്രവർത്തക കെ. തങ്കം അവിടെ ന്യൂസ് എഡിറ്ററായി ഉണ്ടായിരുന്നു. ലാഘവത്വം നിറഞ്ഞ അന്തരീക്ഷമായിരുന്നു അവിടെ. ജൂനിയർമാരോടും സമഭാവനയോടുള്ള പെരുമാറ്റം. ആദ്യത്തെ പൊരുത്തക്കേട് മാറി ഇഷ്ടമായി. 
 
വാരാന്ത്യപ്പതിപ്പിന്റെ ചുമതലയുള്ള എഡിറ്റർ കെ.സി നാരായണൻ, ഡെപ്യൂട്ടി എഡിറ്ററായി വിരമിച്ച ഗോപി പഴയന്നൂർ , ശ്രീകുമാര മേനോൻ, എം.പി കൃഷ്ണദാസ്, കെ. മോഹൻദാസ് രാധാകൃഷ്ണൻ, വിക്രമൻ തുടങ്ങിയ ചീഫ് സബ് എഡിറ്റർമാരും ഉണ്ടായിരുന്നു. സണ്ണിക്കുട്ടി എബ്രഹാം, ടി.അരുൺകുമാർ, ടി. സുരേഷ് ബാബു, ടി.ആർ രാമചന്ദ്രൻ,എൽ.കെ കൃഷ്ണൻകുട്ടി എന്നിവർ ഒരുമിച്ചാണ് ജോയിൻ ചെയ്തത്.
ഹാൻഡ് കമ്പോസിംഗിൽ നിന്നുള്ള മാറ്റം എല്ലാ പത്രങ്ങളിലും വന്നു. വി.പി രാമചന്ദ്രൻ പത്രാധിപരായ കാലത്ത് പത്രത്തിന് രൂപത്തിലും ഭാവത്തിലും അടുക്കും ചിട്ടയും ഉണ്ടായി.സ്ഥാപനത്തിന്റെ അച്ചടക്കം പുതിയ ആളുകളും പഠിക്കണം, പ്രായോഗിക തലത്തിൽ കൊണ്ടുവരണം എന്നായിരുന്നു നിഷ്കർഷ. ടി. വേണുഗോപാലും വിംസിയും ഗുരുസ്ഥാനീയരായിരുന്നു.1979 മുതൽ 1984 വരെ കോഴിക്കോട് തുടർന്നു.
1981ൽ തോംസൺ ഫൗണ്ടേഷന്റെ കോട്ടയത്തു നടത്തിയ ഒന്നരമാസം നീണ്ടുനിന്ന പരിശീലന ക്യാമ്പിന് പോയിരുന്നു. വിദേശീയരായിരുന്നു പരിശീലകർ. മാതൃഭൂമിയിൽ ടി. വേണുഗോപാലൻ, പി. രാജൻ എന്നിവരൊക്കെ പഠിപ്പിച്ചതിൽ അപ്പുറം ഒന്നും പഠിക്കാനുണ്ടായിരുന്നില്ല. "വാരാന്തപ്പതിപ്പിനു വേണ്ടി കെ.സി നാരായണൻ ഞങ്ങളിൽ നിന്ന് ഫീച്ചറുകൾ സ്വീകരിച്ചിരുന്നു. ഫീച്ചർ എഴുതാൻ പഠിപ്പിച്ചതും സാഹിത്യതാത്പര്യം വളർത്തിയതും കെ. സിയാണ്. ധാരാളം ഫീച്ചറുകളും പുസ്തക നിരൂപണങ്ങളും എഴുതാൻ കഴിഞ്ഞു. ചെറിയ പ്രതിഫലവും ലഭിച്ചു. കുറഞ്ഞ സ്റ്റൈപ്പൻഡ് മാത്രമുള്ളപ്പോൾ അധിക വരുമാനം ആകർഷകമായിരുന്നു".
 
ഗോപി പഴയന്നൂർ കൈകാര്യം ചെയ്തിരുന്ന താരാപഥം പേജിൽ സിനിമാനിരൂപണങ്ങളും എഴുതിയിരുന്നു. പുതിയ സിനിമ കാണാൻ പാസ് തരും.ആദ്യദിവസം തന്നെ സിനിമ കണ്ട് റിവ്യൂ എഴുതി കൊടുക്കും. അതിനും പ്രതിഫലം കിട്ടിയിരുന്നു. ഗൃഹലക്ഷ്മി തുടങ്ങിയ കാലത്ത് ഫീച്ചറുകൾ എഴുതിയിരുന്നു.
 
ഇന്നത്തെപ്പോലെ മരണ വാർത്തകൾ തയ്യാറാക്കി വയ്ക്കുന്ന രീതി അന്ന് ഉണ്ടായിരുന്നില്ല.
രാത്രി ഒൻപത് മണിക്കാണ് കേശവദേവ് മരിച്ച വിവരം കിട്ടുന്നത്. വാർത്ത, അനുസ്മരണം, കൃതികളെ പറ്റിയുള്ള അവലോകനം എല്ലാം ചേർത്ത് പരിമിതമായ സൗകര്യം ഉപയോഗിച്ചു പത്രം പുറത്തിറക്കുന്നത് അത്ഭുതകരമായി തോന്നി.
 
സൗമനസ്യത്തോടെ എഡിറ്റർമാർ തെറ്റ് തിരുത്തി തന്നിരുന്നു. സഞ്ചാരപ്രിയനായ കെ. സി നാരായണൻ അവധിയെടുത്തു പോകുമ്പോൾ വാരാന്തപ്പതിപ്പിന്റെ ചുമതല ഏൽപ്പിക്കുമായിരുന്നു. അങ്ങിനെയാണ് എഴുത്തുകാരുമായി ഇടപെടാനുള്ള അവസരം കിട്ടിയത്. സാഹിത്യ പത്രപ്രവർത്തനം എന്തെന്ന് പഠിക്കാൻ കഴിഞ്ഞു. പത്രം ഇറങ്ങിക്കഴിഞ്ഞാൽ പോരായ്മകളോ നിർദ്ദേശങ്ങളോ എന്തെങ്കിലും പറയും. അതല്ലാത്ത ഇടപെടലുകൾ ഇല്ല. സ്വതന്ത്രമായി വാരാന്തപ്പതിപ്പിൽ പ്രവർത്തിക്കാൻ കഴിഞ്ഞു.
 
കോഴിക്കോട്ടെ ജീവിതം, ഭക്ഷണം, ഭാഷ എല്ലാം ആസ്വാദ്കരമായിരുന്നു. പത്രത്തിൽ കാർഷിക രംഗം ആരംഭിച്ചപ്പോൾ,പിൽക്കാലത്ത് മാതൃഭൂമി എഡിറ്ററായ വി.രവീന്ദ്രനാഥ് സപ്ലിമെന്റിന്റെ ചുമതല ഏൽപ്പിച്ചു. കെ.സി യാണ് വേണ്ട ഉപദേശങ്ങൾ തന്ന് സഹകരിച്ചത്. പത്ര പ്രവർത്തന പരിചയം നേടാൻ മാത്രമല്ല, പത്രം ഓഫീസിലെ സൗഹൃദാന്തരീക്ഷം മനസ്സിലാക്കാനും കഴിഞ്ഞത് കോഴിക്കോട്ടെ പരിശീലന കാലത്താണ്.
 
"അന്നത്തെ മാതൃഭൂമി ന്യൂസ്‌ റൂം സാഹിത്യ കാരന്മാരുടെ സംഗമ കേന്ദ്രം കൂടിയായിരുന്നു. എസ്. കെ പൊറ്റെക്കാട്, കെ.എ കൊടുങ്ങല്ലൂർ, തിക്കോടിയൻ, തുടങ്ങിയവർ അവിടെ വരും. സൗമ്യനായി ബാഗ് കക്ഷത്ത് വച്ച് കയറിവരുന്ന എസ്.കെ പൊറ്റെക്കാട്, തമ്മിൽ പരിചയം ഇല്ലെങ്കിലും വളരെ സ്നേഹത്തോടെ അടുത്തുവന്ന് സംസാരിക്കുമായിരുന്നു. അവർക്കെല്ലാം ന്യൂസ് റൂമുമായി അടുത്ത ബന്ധം ഉണ്ടായിരുന്നു".
 
വീടുവിട്ട് നിൽക്കാനുള്ള ബുദ്ധിമുട്ട് കൊച്ചിയിലേക്ക് സ്ഥലംമാറ്റം ലഭിച്ചപ്പോൾ മാറി. കൊച്ചിയിൽ അന്ന് രണ്ട് ന്യൂസ് എഡിറ്റർമാരുണ്ട്.പിന്നീട് പത്രത്തിന്റെ ചീഫ് എഡിറ്ററായ കെ.കെ ശ്രീധരൻ നായർ, കെ.പി വിജയൻ എന്നിവർ. സി. ഉത്തമക്കുറുപ്പ്, എസ്. വിജയശങ്കർ എന്നിവരും ഉണ്ടായിരുന്നു.
ഇന്ദിരയുടെ മരണം റിപ്പോർട്ട് ചെയ്ത പത്രം തിരുവനന്തപുരത്ത് നിന്നിറങ്ങിയത് എല്ലാ കീഴ് വഴക്കങ്ങളും ഭേദിച്ചു കൊണ്ടാണ്. ഒന്നാം പേജ് നിറയുന്ന ഇന്ദിരയുടെ ഫോട്ടോ. ടി. വേണുഗോപാൽ രൂപകൽപ്പന ചെയ്ത പത്രം വിപ്ലവകരമായ ഒന്നായിരുന്നു.
 
വരാന്തപ്പതിപ്പ് കൊച്ചിയിലേക്ക് മാറ്റിയപ്പോൾ, അതിന്റെ ചുമതല വഹിച്ചു. എൻ.വി കൃഷ്ണവാര്യർ പത്രാധിപരായി വന്ന സമയത്ത് സാഹിത്യരംഗം എന്ന മുഴുവൻ പേജ് പംക്തി ആരംഭിച്ചു. അതിൽ എൻ.വിയുടെ 'പ്രതിവാര ചിന്തകൾ' എന്ന കോളം ഉണ്ടായിരുന്നു. ആ പേജിന്റെ ചുമതല വഹിക്കാൻ കഴിഞ്ഞു.
 
കൊച്ചിയിലെ അന്നത്തെ ന്യൂസ് എഡിറ്റർ കെ.പി വിജയൻ രക്തദാനത്തെ കുറിച്ച് എഡിറ്റോറിയൽ എഴുതാൻ ആവശ്യപ്പെട്ടു. "അന്ന് പുതിയ പലരെക്കൊണ്ടും മുഖപ്രസംഗം എഴുതിച്ചിരുന്നു. മിഡിൽ പീസെഴുതാൻ ആവശ്യപ്പെട്ടതും കെ.പി വിജയൻ തന്നെ. വിംസിയിൽ നിന്നു കിട്ടിയ ഹാസ്യബോധം ഉപകാരപ്പെട്ടു". 
 
തിരുവനന്തപുരത്തിനും പിന്നീട് തൃശൂരിനും സ്ഥലംമാറ്റമുണ്ടായി. കെ. സി നാരായണനായിരുന്നു തൃശൂരിൽ ന്യൂസ് എഡിറ്റർ. കുറഞ്ഞ കാലത്തിനു ശേഷം ലീഡർ റൈറ്ററായി വീണ്ടും കോഴിക്കോട് എത്തി.
 
"മാതൃഭൂമിയിൽ ഏറ്റവും ചെറിയ മുഖപ്രസംഗം എഴുതിയത് കൃഷ്ണവാര്യരാണ്.
മുഖപ്രസംഗം വലിച്ചു നീട്ടരുത് എന്ന ഉപദേശമായിരുന്നു അദ്ദേഹം തന്നത്.മദർ തെരേസ മരിച്ചപ്പോൾ
ഒരു പാരഗ്രാഫ് മാത്രമുള്ള മുഖപ്രസംഗമാണ് അദ്ദേഹം എഴുതിയത്. മദറിനെപ്പറ്റി എല്ലാവർക്കും അറിയാം എന്നാണ് ന്യായമായി പറഞ്ഞത്. വാർത്തയിലും ഫീച്ചറിലും ഇല്ലാത്ത കാര്യങ്ങൾ മാത്രം പറയുന്ന മുഖപ്രസംഗം മാതൃകയായിരുന്നു. എന്നാൽ ഇതു പറഞ്ഞ എൻ.വി തന്നെ, അനുവദിച്ചതിൽ കൂടുതൽ വലുപ്പത്തിൽ എഴുതിയിട്ടുമുണ്ട്- അദ്ദേഹത്തിന് വേണമെന്ന് തോന്നിയ വിഷയങ്ങളിൽ ". 
 
കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിൽ മലയാള മനോരമ നിരോധിച്ച സംഭവം വാർത്തയായി. സർവ്വകലാശാലയ്ക്ക് എതിരെയായിരുന്നു വാർത്ത. സംഭവത്തെക്കുറിച്ച് എഡിറ്റോറിയൽ എഴുതാൻ പത്രാധിപർ പറഞ്ഞു. മറ്റൊരു പത്രത്തിന്റെ പേര് കഴിയുന്നതും സ്വന്തം പത്രത്തിൽ കൊടുക്കാറില്ല. എന്നാൽ, എഡിറ്ററുടെ പ്രത്യേക നിർദ്ദേശപ്രകാരം മനോരമക്കെതിരെയുള്ള അപ്രഖ്യാപിത വിലക്കിനെ കുറിച്ച് മുഖപ്രസംഗം എഴുതി. മനോരമയുടെ പേരെടുത്ത് പറഞ്ഞ്, പത്രസ്വാതന്ത്ര്യത്തിന് മേലുള്ള കൈകടത്തലാണ്, വായ് മൂടി കെട്ടാനുള്ള ശ്രമമാണ് എന്ന് എഴുതി പ്രസിദ്ധീകരിച്ചു. ഞങ്ങൾക്ക് പറയാനുള്ളത് ഇതു തന്നെ എന്ന രീതിയിൽ മലയാള മനോരമ അടുത്തദിവസം ഇതേ മുഖപ്രസംഗം അവരുടേത് എന്ന നിലയ്ക്ക് പ്രസിദ്ധീകരിച്ചു.
 
എ.കെ ആൻറണി കേന്ദ്ര മന്ത്രിസ്ഥാനം രാജിവച്ച് രാജഹംസം എന്ന വിമാനത്തിൽ തിരുവനന്തപുരത്തേക്ക് വന്നു. വിമാനയാത്രക്കൂലി ആര് കൊടുക്കണം എന്ന തർക്കം വാർത്തയായി. സർക്കാരിന് അത് വഹിക്കാൻ ബാധ്യതയില്ല. വിമാനയാത്രക്കൂലി കോൺഗ്രസ് തന്നെ കൊടുക്കണം എന്ന എഡിറ്റോറിയൽ എഴുതാൻ അന്നത്തെ എഡിറ്റർ ആവശ്യപ്പെട്ടു . 'വിമാനയാത്രക്കൂലി കോൺഗ്രസ് കൊടുക്കണം' എന്ന തലക്കെട്ടിൽ എഴുതി. അത് ദേശാഭിമാനി പത്രം പുന:പ്രസിദ്ധീകരിച്ചു. ഇങ്ങനെ വിചിത്രവും രസകരവുമായ നിരവധി അനുഭവങ്ങൾ.പന്ത്രണ്ട് വർഷത്തോളം മുഖപ്രസംഗത്തിന്റെ ചുമതല വഹിച്ചു. അവധി എടുക്കുമ്പോൾ പുതിയ ആളുകൾ എഴുതും.
 
"പുതിയ ആളുകൾ മുഖപ്രസംഗം എഴുതണമെന്ന് ചീഫ് എഡിറ്റർ ആഗ്രഹിച്ചു. പരിചയസമ്പന്നർ തന്നെ വേണമെന്നില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം". പുതിയ പല ചെറുപ്പക്കാരെയും എഴുത്തിലേക്ക് കൊണ്ടുവരാൻ സാധിച്ചു. പത്രത്തിൽ പ്രസിദ്ധീകരിച്ച മിഡിൽ പീസുകളുടെ രണ്ട് സമാഹാരങ്ങൾ പുസ്തകമാക്കി. "അക്കാലത്ത് ആരെക്കുറിച്ചും ഹാസ്യാത്മകമായി എഴുതാം. വായിക്കാനുള്ള സഹിഷ്ണുത അവർക്കുണ്ടായിരുന്നു. അത്തരം എഴുത്ത് ഇല്ലാതായിക്കൊണ്ടിരിക്കുന്നു".
സ്ത്രീകളെ ജോലിക്ക് എടുക്കുമ്പോൾ പ്രത്യേക സൗകര്യം ചെയ്യേണ്ടി വരുമോ എന്ന ചിന്ത സ്ഥാപനങ്ങളെ അലട്ടുന്നുണ്ട്. പഴയ രീതിയിലുള്ള ചിന്തയിൽ നിന്ന് പത്രങ്ങൾ മാറി. സമൂഹത്തിൽ പ്രബുദ്ധത ഉണ്ടാക്കണമെന്ന ലക്ഷ്യം മാധ്യമങ്ങൾക്ക് കുറഞ്ഞുവരുന്നു. മറ്റു മേഖലകളിൽ ധാരാളം സ്ത്രീകൾ പ്രവർത്തിക്കുന്നുണ്ട്. മാധ്യമ മേഖലയിലേക്ക് വരാൻ സന്നദ്ധത ഇല്ലാത്തതുകൊണ്ടല്ല, സ്ത്രീകളുടെ എണ്ണം ഈ മേഖലയിൽ കുറഞ്ഞു വരുന്നത്.
 
വികസന കാര്യങ്ങളിൽ മാധ്യമങ്ങൾ ജനപക്ഷത്തു നിൽക്കണമെന്ന് തന്നെയാണ് അഭിപ്രായം. അധികാരികളുടെ താല്പര്യവും ജനാഭിരുചിയും പഠിച്ച ശേഷം മാധ്യമപ്രവർത്തകരുടെ വിവേചനാധികാരം ഉപയോഗപ്പെടുത്തിയും ആവശ്യമായ പഠനം നടത്തിയും തീരുമാനങ്ങൾ എടുക്കണം. ഇരു കൂട്ടരെയും നേർവഴിക്ക് നടത്തുന്ന സമീപനമാണ് അഭികാമ്യം. വികസന വാർത്തകളിൽ കുറവു വരുന്നത് കമ്മ്യൂണിക്കേഷൻ രംഗത്ത് വന്ന വലിയ മാറ്റം കാരണമാണ്. ഒരു സ്ഥലത്ത് കേന്ദ്രീകരിച്ച് വാർത്തകൾ തയ്യാറാക്കുന്ന രീതി മാറി. സ്ത്രീ വിവേചനം അവസാനിപ്പിക്കുന്നത് ലക്ഷ്യം വച്ചുള്ള പംക്തികൾ മുൻപ് ഉണ്ടായിരുന്നു. പി. രാജൻ എഴുതിയ വാമപക്ഷം എന്ന കോളം ശ്രദ്ധേയമായിരുന്നു. ഫെമനിസം പറയുന്നവരെ അധിക്ഷേപിക്കുന്നത് പ്രബലമായിരുന്നു. അത്തരം പ്രസ്ഥാനങ്ങൾക്കും പ്രവർത്തനങ്ങൾക്കും ഉണ്ടായിരുന്ന എതിർപ്പിന്റെ പ്രതിഫലനം മാധ്യമങ്ങളിലും തുടക്കത്തിൽ ഉണ്ടായിരുന്നു. പിന്നീട് മാധ്യമങ്ങൾ സമർത്ഥമായി വിഷയം കൈകാര്യം ചെയ്തതോടെ വിവേചനം ഉണ്ട് എന്ന ബോധ്യം പൊതു സമൂഹത്തിന് ഉണ്ടായി. എങ്കിലും വിവേചനം ഇപ്പോഴും നിലനിൽക്കുന്നതിനാൽ പ്രവർത്തനം ഇനിയും തുടരണം.
 
പത്രവായന കുറഞ്ഞു എന്ന അഭിപ്രായമില്ല. വായിക്കുന്ന രീതിയിൽ മാറ്റം വന്നു. ഇപ്പോൾ പത്രം വായിക്കുകയല്ല, കാണുകയാണ്. വാർത്തയ്ക്കൊപ്പം ഹൈലൈറ്റ് കൊടുക്കുന്നു. മുഖപ്രസംഗങ്ങളിൽപ്പോലും എഡിറ്റോറിയൽ സമ്മറി കൊടുക്കുന്നു. പുതിയ തലമുറ വായിക്കുന്നില്ല. വായന കുറഞ്ഞിട്ടുണ്ടെങ്കിലും പത്രം ഉപേക്ഷിക്കില്ല.പുസ്തകത്തിന്റെ കാര്യത്തിൽ എന്ന പോലെ പത്രവും വാങ്ങിക്കുന്നവർ കൂടുതലും വായിക്കുന്നവർ കുറവുമാണ്. പണ്ട് വാങ്ങിക്കുന്നവർ കുറവും വായിക്കുന്നവർ കൂടുതലും ആയിരുന്നു. "രാവിലെ പത്രം വായിക്കണമെന്ന അനിവാര്യത എനിക്ക് ഇന്നും ഉണ്ട്",അദ്ദേഹം പറഞ്ഞു.
 
സമീപഭാവിയിൽ പത്രം നിലയ്ക്കുമെന്ന് തോന്നുന്നില്ല.ചെറുതാണ് സുന്ദരം എന്ന രീതിയിൽ വാർത്തയും ഹെഡിങ്ങും മുഖപ്രസംഗങ്ങളും മാറാം. പത്രങ്ങളുടെ കെട്ടും മട്ടും മാറും. ദീർഘമായ വായനാസമ്പ്രദായത്തോടെ അവ നിലനിൽക്കും എന്ന് പറയാനവില്ല.എന്നാൽ ഭാവി അപകടത്തിലാണെന്ന ചിന്തയില്ല.
 
വരുംകാലത്തെ പത്രഭാഷയിലും മാറ്റം വരാം. കഠിന പദങ്ങൾ ഒഴിവായി , വാചകങ്ങൾ കൂടുതൽ ലളിതമാകും. വാർത്തയുടെ ദൈർഘ്യം ഇപ്പോഴേ കുറഞ്ഞിട്ടുണ്ട് . മറ്റു പേജുകളിലേക്ക് തുടർച്ച ഇല്ല. ഇന്ന് ഭാഷ മനസ്സിലാക്കാൻ പറ്റാത്തത് കൊണ്ട് പത്രം വായിക്കാതെ പോകുന്നില്ല. കർത്താവ്, കർമ്മം,ക്രിയ എന്ന രീതിയിലുള്ള വാക്യഘടന മാറി. ഭാഷ കടമെടുക്കുമ്പോൾ എല്ലാവർക്കും മനസ്സിലാക്കാൻ പറ്റുന്ന വാക്കുകൾ വേണം ഉപയോഗിക്കാൻ. സമവായം എന്നത് മനസ്സിലായില്ലെങ്കിൽ അഭിപ്രായ ഐക്യം എന്ന് പ്രയോഗിക്കണം,കൃഷ്ണൻകുട്ടി പറഞ്ഞു. 
 
'ദ ഹിന്ദു' പത്രത്തിൽ നിന്ന് ഡെപ്യൂട്ടി ന്യൂസ്‌ എഡിറ്ററും ബ്യൂറോ ചീഫ്യുമായി വിരമിച്ച കെ പി. എം ബഷീർ മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ ഒരു പിന്നാക്ക ഗ്രാമമായ കരുവാരക്കുണ്ടിലാണ് ജനിച്ചത്. ഗ്രാമത്തിൽ നിന്ന് അക്കൊല്ലം എസ്. എസ്. എൽ.സി പരീക്ഷ എഴുതിയ 103 പേരിൽ ജയിച്ചത് അഞ്ചുപേർ. പത്ര പ്രവർത്തകനായ ശേഷം, 1992ൽ മാത്രമാണ് വീട്ടിൽ കറണ്ട് വന്നത്. പിന്നാക്കാവസ്ഥയിലുള്ള ജനങ്ങളുള്ള ഗ്രാമമായിരുന്നു, കരുവാരക്കുണ്ട്. "ഗ്രാമത്തിൽ നിന്ന് ആദ്യമായി ബിരുദം കരസ്ഥമാക്കിയവരിൽ ഒരാൾ ഒരുപക്ഷെ ഞാനായിരിക്കും". 

 
ബഹുഭാര്യത്വം, വിവാഹമോചനം എന്നിങ്ങനെ പല പ്രവണതകളും അന്ന് പൊതുവേ മുസ്ലീം സമുദായത്തിൽ ഉണ്ടായിരുന്നു.ഉമ്മയുടെ ബാപ്പ എട്ട് പ്രാവശ്യം കല്യാണം കഴിച്ചിട്ടുണ്ട്. ഏഴ് സ്ത്രീകളെ എട്ടു പ്രാവശ്യം. ഉമ്മയുടെ ഉമ്മ അഞ്ച് പ്രാവശ്യം വിവാഹം കഴിച്ചു. മറ്റൊരു സാമൂഹിക വിപത്ത് ബാല്യ വിവാഹം ആയിരുന്നു. 12-13 വയസ്സിൽ പെൺകുട്ടികൾ കല്യാണം കഴിച്ചു പോകുന്നത് കണ്ടാണ് വളർന്നത്.രണ്ടുവർഷത്തിനകം അവർ അമ്മയാകുന്നു. "50 വർഷം കൊണ്ട് വലിയ മാറ്റം മുസ്ലിം സമുദായത്തിൽ ഉണ്ടായിട്ടുണ്ട്. ഇപ്പോൾ കുട്ടികൾ കൂടുതൽ ശാക്തീകരിക്കപ്പെട്ടു".
 
കുട്ടിക്കാലത്ത് ധാരാളം വായിച്ചിരുന്നു. രണ്ടാം ക്ലാസ് മുതൽ പത്രം വായിച്ചു. വീട്ടിൽ പത്രം വരുത്താറില്ല;റേഡിയോ പോലുമില്ല. ചുരുക്കം വീടുകളിൽ മാത്രമാണ് പത്രം വരുത്തിയിരുന്നത്. ഉപ്പയ്ക്ക് ചെറിയൊരു കടയുണ്ട്. അതിനോട് ചേർന്നുള്ള ഒരു ഹോട്ടലിൽ വരുത്തിയിരുന്ന മലയാള മനോരമ പത്രം വായിക്കും. ഒരു ചെറിയ വായനശാല ഗ്രാമത്തിൽ ഉണ്ടായിരുന്നു.
 
ബിരുദത്തിന് മമ്പാട് എം.ഇ.എസ് കോളേജിലാണ് പഠിച്ചത്. ബിരുദം കഴിഞ്ഞപ്പോൾ ഗ്രാമീൺ ബാങ്കിൽ ജോലി ലഭിച്ചു. വീട്ടിൽ  മോശമായ സാമ്പത്തികാവസ്ഥയായിരുന്നു . ഒരു കൊല്ലം കഴിഞ്ഞ് രാജിവെച്ച് എം. എ ഇക്കണോമിക്സിന് വിക്ടോറിയ കോളേജിൽ ചേർന്നു.
 
അധ്യാപകനാകാനായിരുന്നു മോഹം. പക്ഷേ, അതിനൊരുപാട് പണം വേണ്ടിയിരുന്നു. കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിൽ ബി. ജെ കോഴ്സിന് പ്രവേശനപ്പരീക്ഷയിൽ രണ്ടാം റാങ്കോടെ സീറ്റ് ലഭിച്ചു. ഇന്ത്യൻ എക്സ്പ്രസ്സിൽ ഉണ്ടായിരുന്ന എൻ.പി ചെക്കുട്ടി അന്ന് സഹപാഠിയായിരുന്നു. പഠിക്കുന്ന കാലത്ത് വിദേശ പത്രങ്ങളും ആനുകാലികങ്ങളും വായിച്ചത് ഇംഗ്ലീഷ് പത്രപ്രവർത്തനത്തിന് പ്രചോദനമായി . കോഴിക്കോട് മാതൃഭൂമിയിലായിരുന്നു ഇന്റേൺഷിപ്പ്. കെ.സി നാരായണന്റെ കൂടെ ഒരു മാസം നല്ല ട്രെയിനിങ് ലഭിച്ചു.
 
36 വർഷത്തെ അനുഭവപരിചയം മാധ്യമരംഗത്ത് കെ.പി.എം ബഷീറിനുണ്ട്. അതിൽ 26 വർഷവും ദ ഹിന്ദു പത്രത്തിൽ ആണ് പ്രവർത്തിച്ചത്.ഇപ്പോൾ ധനം ഓൺലൈനിൽ എക്സിക്യൂട്ടീവ് എഡിറ്റർ.
1985 ൽ ഇന്ത്യൻ എക്സ്പ്രസിന്റെ വിജയവാഡ യൂണിറ്റിലാണ് സബ് എഡിറ്ററായി ജോലി ആരംഭിച്ചത്.എൻ.പി ചെക്കുട്ടിയും ഒപ്പം ഉണ്ടായിരുന്നു.
 
മൂന്നുവർഷം അവിടെ തുടർന്നു. പിന്നീട് കൊച്ചി ഡെസ്കിലേക്ക് സ്ഥലംമാറ്റം.1992ൽ ചെന്നൈയിൽ സീനിയർ സബ് എഡിറ്റർ ആയി ദ ഹിന്ദു പത്രത്തിൽ ജോലിയിൽ പ്രവേശിച്ചു. 1995ൽ റിപ്പോർട്ടറായി. 2019 മലബാർ മേഖല ഡെപ്യൂട്ടി എഡിറ്റർ ആൻഡ് ബ്യൂറോ ചീഫ് ആയാണ് വിരമിച്ചത്.
 
ഹിന്ദു പത്രത്തിൽ പ്രവർത്തന സ്വാതന്ത്ര്യം നന്നായി അനുഭവിക്കാൻ കഴിഞ്ഞു. സ്പെഷ്യലൈ സേഷൻ സാധ്യതകൾ ധാരാളം ഉണ്ടായിരുന്നു. പത്രപ്രവർത്തനത്തിന്റെ അടിസ്ഥാന പാഠങ്ങൾ അവിടെ നിന്ന് പഠിക്കാൻ കഴിഞ്ഞു. ലൈനോ ടൈപ്പിൽ അച്ച് നിരത്തിക്കൊണ്ടുള്ള രീതിയിലായിരുന്നു പത്രങ്ങൾ അക്കാലത്ത് അച്ചടിച്ചിരുന്നത്. വെളുപ്പിന് മൂന്ന് മണിയ്ക്കൊക്കെ യായിരിക്കും ജോലി കഴിയുന്നത്. സബ് എഡിറ്റർ എന്ന നിലയിൽ നൂതനമായ നിരവധി സാങ്കേതിക മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞു.
ഇന്ത്യൻ എക്സ്പ്രസിൽ ആദ്യത്തെ ഒരു മാസം മാത്രമാണ് ടൈപ്പ് റൈറ്ററിൽ ജോലി ചെയ്യേണ്ടിവന്നത്.
കമ്പ്യൂട്ടറുകൾ വന്നതോടെ സ്റ്റോറി ഫയൽ ചെയ്യുന്നത് അതിലായി. അരുൺ ഷൂറിയുടെ കാലത്താണ് പ്രവർത്തിച്ചത്. "ത്രസിപ്പിക്കുന്ന ഒരു കാലഘട്ടം കൂടിയായിരുന്നു അത്".
 
അടിസ്ഥാനപരമായി അക്കാദമീഷ്യൻ ആയിരുന്ന ഷൂറി,സുദീർഘമായ ലേഖനങ്ങളാണ് എഴുതുക. എഴുത്ത് പത്ര പ്രവർത്തന രീതിക്ക് അനുസൃതമായിരുന്നില്ല.ഷൂറിയുടെ ലേഖനങ്ങൾ എഡിറ്റ് ചെയ്യാൻ കിട്ടിയിരുന്നു. വൈകുന്നേരം വാർത്ത, പ്രസ്സിൽ പോകും വരെ തിരുത്തലുകൾ വന്നു കൊണ്ടേയിരിക്കും.
ചെന്നൈയിൽ ഒരൊറ്റ യൂണിറ്റ് മാത്രമുള്ള, കേന്ദ്രീകൃതമായി വാർത്തകൾ തീരുമാനിച്ചിരുന്ന പത്രമായിരുന്നു ആദ്യകാലത്ത് 'ദ ഹിന്ദു'. വിമാനത്തിലാണ് പത്രം മറ്റ് സംസ്ഥാനങ്ങളിലേക്ക് അയച്ചിരുന്നത്. പിന്നീട് സംസ്ഥാനാടിസ്ഥാനത്തിൽ എഡിഷനുകൾ തുടങ്ങി . രണ്ടു മൂന്നു പേജുകൾ പ്രാദേശിക വാർത്തകൾക്കായി മാറ്റിവയ്ക്കുന്ന രീതി അടുത്തകാലത്താണ് വന്നത്.
ഇന്ത്യൻ എക്സ്പ്രസ് യൂണിറ്റുകൾ സ്വതന്ത്രമായിട്ടാണ് പ്രവർത്തിച്ചിരുന്നത്. എഡിറ്റ് പേജ് ഒഴിച്ച് ബാക്കിയെല്ലാം ലോക്കൽ എഡിഷനുകൾ ആയിരുന്നു. 
 
ഹിന്ദു പത്രത്തിൽ പല പേജുകളും പൊതുവാണ്. ദേശീയ പേജ്, വിദേശ പേജ് അങ്ങനെ പലതും. ഒരു പാൻ ഇന്ത്യൻ രീതിയാണ് ഹിന്ദുവിന്. ഹിന്ദുവിന് ചൈനയിൽ ബ്യൂറോയുണ്ടായിരുന്നു. ചൈനയുടെ സാമ്പത്തിക  വളർച്ചയുടെ കാലമായിരുന്നു അത്. ചൈന സൂപ്പർ പവറായി. ഐക്യരാഷ്ട്രസഭയുടെ
ശില്പശാലയ്ക്കായി ചൈനയിൽ പോയപ്പോൾ ബ്യൂറോ സന്ദർശിച്ചു.
 
എല്ലാ കാലത്തും ചൈന ഇന്ത്യയുടെ ശത്രു രാജ്യം തന്നെയായിരുന്നു. എങ്കിലും ഒരുപാട് വാർത്തകൾ സംഭവിക്കുന്ന ഒരു രാജ്യം എന്ന നിലയ്ക്ക് നിരവധി ചൈന വാർത്തകൾ ഹിന്ദുവിൽ
വന്നു. അന്നത്തെ എഡിറ്ററായിരുന്ന എൻ. റാം ഇടത് ചായ് വുള്ള ആളായിരുന്നെങ്കിലും വാർത്തയിൽ അത്തരം താല്പര്യങ്ങൾ പ്രതിഫലിക്കാറില്ല.
 
2005ൽ ലോസ് ഏഞ്ചൽസ് ടൈംസിൽ ട്രെയിനിങ്ങിനു പോയിരുന്നു.പത്രത്തിന്റെ എഡിറ്റർ അവർക്ക് വേണ്ടി പ്രവർത്തിക്കാൻ താല്പര്യമുണ്ടോ എന്ന് ചോദിച്ചു. കോഴ്സ് കഴിഞ്ഞ് പറയാം എന്ന മറുപടി കൊടുതെങ്കിലും പോയില്ല. ലോസ് ഏയ്ഞ്ചൽസിൽ വലിയ മാറ്റങ്ങളുടെ കാലമായിരുന്നു അത്.
200 പത്രപ്രവർത്തകരെ അവർ പിരിച്ചു വിട്ടിരുന്നു.
 
നിരവധി അന്തർദേശീയ സ്ഥാപനങ്ങളിൽ നിന്ന് ട്രെയിനിങ് ലഭിച്ചിട്ടുണ്ട്.
വികസനോൻമുഖ പത്ര പ്രവർത്തനത്തിൽ വാഷിംഗ്ടൺ പോസ്റ്റിൽ വേൾഡ് ബാങ്കും ഐ. എം. എഫും സംഘടിപ്പിച്ചതായിരുന്നു പങ്കെടുത്ത ഒരു ശില്പശാല.
 
യു.എസിലെ പ്രശസ്തമായ മേരി ലാൻഡ് യൂണിവേഴ്സിറ്റിയിൽനിന്ന് ഒരു വർഷത്തെ മാസ്റ്റർ ബിരുദവുമെടുത്തു. യൂണിവേഴ്സിറ്റി ഓഫ് ഫിൻലാന്റിൽ നിന്ന് ഫുൾ ബ്രൈറ്റ് ഫെലോഷിപ്പ് കിട്ടി.ഭാഷ, ഫാക്ട് ചെക്കിംഗ് ഒക്കെയാണ് അവിടെ പഠിച്ചത്. വാഷിംഗ്ടൺ പോസ്റ്റിൽ ഒരു മാസത്തെ പരിശീലനമാണ് ലഭിച്ചത്. ടൈംസ് മാഗസിനിലും ട്രെയിനിങ് കിട്ടി. കൂടുതലും സാങ്കേതിക കാര്യങ്ങളാണ് പഠിച്ചത്.
 
2005ൽ പ്രസ്സ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പരിശീലനം ലഭിച്ചു.പരിശീലനകാലത്ത് യുദ്ധകാല പത്രപ്രവർത്തനത്തെപ്പറ്റി എഡിറ്റ്‌ പേജിലേക്ക് ആർട്ടിക്കിൾ എഴുതാൻ ആവശ്യപ്പെട്ടു. ഇറാക്ക് യുദ്ധം നടക്കുന്ന സമയം. നേരിട്ടുള്ള ഒരു ആക്രമണമായിരുന്നു അത്. അമേരിക്കൻ സർക്കാറിന് വേണ്ടി അവിടുത്തെ പത്രങ്ങൾ എക്സ്ക്ലൂസീവ് വാർത്തകൾ ഉണ്ടാക്കിക്കൊണ്ടിരിക്കുകയായിരുന്നു. അമേരിക്കൻ സാമ്രാജ്യ ശക്തികളുടെ വേട്ടപ്പട്ടികൾ ആണ് അവിടുത്തെ മാധ്യമങ്ങൾ എന്ന തോന്നലാണ് യുദ്ധ വാർത്തകൾ വായിച്ചപ്പോൾ ഉണ്ടായത്. ഇറാഖ്‌ യുദ്ധം തുടങ്ങിയപ്പോൾ അതിനെ അമേരിക്കൻ മാധ്യമങ്ങൾ എങ്ങനെ പിന്താങ്ങും, റിപ്പോർട്ടിംഗ് എങ്ങിനെയായിരിക്കും എന്ന വിമർശനാത്മകമായ ലേഖനമെഴുതി.
 
10 ലക്ഷത്തിലേറെ പേർ കൊല്ലപ്പെട്ട യുദ്ധം. വലിയ സാമ്രാജ്യത്വ ശക്തി മൂന്നാം ലോക രാജ്യത്തെ നേരിട്ട് ആക്രമിക്കുന്ന യുദ്ധത്തെ അമേരിക്കക്കാർ എതിർത്തില്ല. യുദ്ധം തീർന്നു കഴിഞ്ഞപ്പോൾ വിഡ്ഢിത്തം ആയിരുന്നു, ഇൻറലിജൻസ് ഏജൻസി സൃഷ്ടിച്ചതാണ് എന്ന രീതിയിൽ പ്രസ്താവനകൾ വന്നു. ഇതിനെയെല്ലാം വിമർശിച്ചു കൊണ്ടായിരുന്നു ലേഖനം. എഡിറ്റർ ലേഖനമെടുത്തെറിഞ്ഞു, ദേഷ്യപ്പെട്ടു."This paper caters to the American people. അമേരിക്കൻ ഗവൺമെന്റിന്റെ മനയങ്ങളെ വിമർശിച്ചുകൊണ്ടാണ് നിങ്ങൾ എഴുതിയിട്ടുള്ളത്. വായനക്കാരിൽ നിന്ന് പ്രതിഷേധം വരും''.
 
പാശ്ചാത്യ മാധ്യമങ്ങളുടെ പ്രവർത്തന രീതികളെ മനസ്സിലാക്കാൻ കഴിഞ്ഞു. ഇങ്ങനെ ഒരു ലേഖനം വന്നു കഴിഞ്ഞാൽ വായനക്കാരിൽ നിന്ന് പ്രതിഷേധമുണ്ടാകും.
 
അമേരിക്കൻ പത്രങ്ങൾക്ക് രണ്ട് മാനേജിംഗ് എഡിറ്റർമാർ ഉണ്ടാകും. വാർത്തയ്ക്കും , എഡിറ്റോറിയൽ പേജിനും പ്രത്യേക എഡിറ്റർമാർ. പല കാര്യങ്ങളിലും ഇവർക്ക് വ്യത്യസ്തമായ വീക്ഷണങ്ങൾ ആയിരിക്കും.
 
വാഷിംഗ്ടൺ പോസ്റ്റിൽ പരിശീലനകാലത്ത് അന്വേഷണാത്മക കുറ്റകൃത്യങ്ങളുടെ എക്കാലത്തെയും വലിയ ഉദാഹരണമായ വാട്ടർ ഗേറ്റ് സ്കാൻഡൽ കേസിലെ പത്രപ്രവർത്തകൻ ബോബ് വുഡ് വാർഡുമായി പരിചയപ്പെടാൻ കഴിഞ്ഞു.
 
ഇന്ത്യൻ പത്രങ്ങളിൽ ഉള്ളടക്കം, ഡിസ്പ്ലേ, ലേ ഔട്ട്‌,അവതരണം ഇവയിലെല്ലാം
ഏറ്റവും കൂടുതൽ മാറ്റങ്ങൾ കൊണ്ടുവന്ന പത്രമാണ് 'ദ ഹിന്ദു'. അച്ചടിയിൽ ഏറ്റവും ആധുനികമായ വിദ്യയാണ് പത്രത്തിൽ ഉപയോഗിച്ചിരുന്നത്. 
 
മറ്റു മേഖലകളെ അപേക്ഷിച്ച് പത്രങ്ങളിൽ സ്ത്രീ പ്രാതിനിധ്യം കുറവാണ്.ഇതിൽ മാറ്റം ഉണ്ടാകണം . പത്രങ്ങളിലെ ഡെസ്ക് സജീവമാകുന്നത് രാത്രിയാണ്. വെളുപ്പിന് 4 മണിയൊക്കെയാകും ചിലപ്പോൾ ജോലി തീരുമ്പോൾ. പുരുഷന്മാർ അവിടെയിരുന്ന് നേരം വെളുപ്പിക്കും. എന്നാൽ സ്ത്രീകൾക്ക് തിരിച്ച് വീട്ടിലെത്തണം. ഇതൊരു പ്രായോഗിക പ്രശ്നമായി തോന്നിയിട്ടുണ്ട്. അന്നുണ്ടായിരുന്ന ലോജിസ്റ്റിക്സ് പ്രശ്നം ഇപ്പോൾ ഇല്ല.
 
മാദ്ധ്യമങ്ങളിലെ രാഷ്ട്രീയ തിരുത്തലുകൾ കൂടുതലായാലും കുഴപ്പമില്ല. ഒരു പ്രശ്നമുണ്ട് എന്ന് അറിയുമ്പോൾ മാത്രമേ ആളുകൾ കൂടുതലായും ആ ബോധ്യത്തിലേക്ക് വരൂ എന്നതിനാൽ ജനപക്ഷത്തു തന്നെ നിൽക്കണം. ശരിയോ തെറ്റോ ആകട്ടെ വിഷയത്തിന്റെ അടിസ്ഥാനത്തിൽ വേണം തീരുമാനം. വരവ്, ചെലവ് സാധ്യതകൾ ഇവ വിശകലനം ചെയ്യണം. പല കാര്യങ്ങളിലും ഗവൺമെൻറ് ആസൂത്രണം ചെയ്യുമ്പോൾ പ്രത്യാഘാതങ്ങളെപ്പറ്റി പഠിക്കുന്നില്ല .കേരളം മുഴുവൻ ഒറ്റ നഗരം തന്നെയാണ്. 
 
പാരിസ്ഥിതിക കാര്യങ്ങളിൽ കൃത്യമായ പഠനം ആവശ്യമാണ്. നിർമ്മാണ പ്രവർത്തനങ്ങളുടെ പ്രത്യാഘാതം എന്താണെന്നറിയണം. ധാരാളം സ്ഥലമുള്ള മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി കേരളത്തിന് വേറിട്ട നിലപാട് വേണം. സാമൂഹിക, സാമ്പത്തിക പ്രത്യാഘാതങ്ങളെപ്പറ്റി പഠനം ഉണ്ടാകണം. അപ്പോഴും ജനപക്ഷത്തു തന്നെ നിൽക്കണം.
ഇപ്പോൾ പത്രങ്ങളിൽ വികസന വാർത്തകൾ അധികമായി കാണുന്നില്ല. വികസനം എന്നു പറയുന്നത് ഇപ്പോഴത്തെ സാഹചര്യത്തിൽ രാഷ്ട്രീയമായി ശരിയല്ല. പത്രപ്രവർത്തകർ സമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലുന്ന രീതി കുറവാണ്. ഫീൽഡിൽ ഇറങ്ങി കാര്യങ്ങൾ പഠിച്ചു വേണം എഴുതാൻ. അതിനുള്ള സന്നദ്ധത പുതിയ തലമുറയിൽപ്പെട്ടവർക്ക് കുറവാണ്. ആളുകളോട് കാര്യങ്ങൾ നേരിട്ടന്വേഷിച്ച് അവതരിപ്പിക്കുന്നത് കുറഞ്ഞുവരുന്നു.
 
ഇന്ത്യയിൽ മുഴുവൻ ഇതാണ് സ്ഥിതി.പരസ്യം കിട്ടണം എന്നതിനാൽ മാനേജ്മെൻറ്കൾക്കും നഗര വാർത്തകളോടാണ് താല്പര്യം, ഗ്രാമീണ റിപ്പോർട്ടുകൾ കൊണ്ട് ഗുണമില്ലെന്ന തോന്നൽ പൊതുവേയുണ്ട്.
"ഇതിനെതിരെ സമ്മർദ്ദം ചെലുത്തേണ്ടത് പത്രപ്രവർത്തകർ തന്നെയാണു് ".
 
വാട്സാപ്പിലോ ഇ-മെയിലിലോ കിട്ടുന്ന വിവരങ്ങളിൽ നിന്നുള്ള വാർത്തകളാണ് കൂടുതൽ.പത്രം വായന കുറഞ്ഞിട്ടില്ല. പക്ഷേ, വായനാരീതി മാറി. "പത്രം വിദൂര ഭാവിയിൽ മരിക്കാം . എന്നാൽ ജേണലിസം നിലനിൽക്കുക തന്നെ ചെയ്യും. ഫിസിക്കൽ പ്രോഡക്റ്റ് ഉണ്ടാകില്ല. വായന നിലനിൽക്കും ഇന്ന് കാണുന്ന പത്രം അധികകാലം ഉണ്ടാകില്ല".
 
90 ശതമാനം ജനങ്ങളും മൊബൈലിലാണ് പത്രം വായിക്കുന്നത്. പുതിയ തലമുറ വാർത്ത എങ്ങനെ വായിക്കുന്നു എന്നതിന്റെ സൂചനയാണിത്. 15-16 സെൻറീമീറ്ററുള്ള സ്ക്രീനിൽ വായിക്കുന്നു. 
 
വായനയിലെ ഏകാഗ്രതയും ദീർഘമായ വാർത്തകൾ വായിക്കാനുള്ള താത്പര്യവും കുറഞ്ഞു. ഫോട്ടോ , വീഡിയോ പോലുള്ള ദൃശ്യാവിഷ്കാരങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. ടെക്സ്റ്റ് കുറയുന്നത് സാങ്കേതികതയുടെ മാറ്റത്തിൽ സംഭവിക്കുന്നതാണ്. ഭാഷയിലും മാറ്റം വരുന്നു. ആളുകളെ പിടിച്ചുനിർത്താൻ പര്യാപ്തമായ കഴിയുന്നത്ര ലളിതമായ ഭാഷ, അവരുടെ ഏകാഗ്രത തടസ്സപ്പെടുത്താത്ത രീതിയിൽ ഉപയോഗിക്കണം.
'ഗ്രാസ്പ് ദി ഐ ബോൾസ്' എന്ന പ്രയോഗം തന്നെയുണ്ട്. കഠിന പദങ്ങൾ വരുമ്പോൾ വാർത്ത തന്നെ ഒഴിവാക്കപ്പെടാം. പരിമിതമായ അറ്റെൻഷൻ കിട്ടാൻ വൈകാരികമായ ഭാഷ ഉപയോഗിക്കണം. മറ്റു ഭാഷകളിൽ നിന്ന് കടമെടുത്ത വാക്കുകൾ ഇംഗ്ലീഷ് ഭാഷ ഉപേക്ഷിക്കുകയാണ്. മലയാളത്തിൽ ഭാഷ ലളിതമാക്കാൻ സംസ്കൃതത്തിനു പകരം ഇംഗ്ലീഷ് പദങ്ങളാണ് ഉപയോഗിക്കുന്നത്. തമിഴിലെ പോലെ മലയാള പദങ്ങൾ തന്നെ കണ്ടെത്താൻ ശ്രമിക്കാവുന്നതേ ഉള്ളൂ.
 
പരിപാടിയിൽ ഡി. പ്രദീപ് കുമാറും കെ.ഹേമലതയും മോഡറേറ്റർമാരായി. 
 
പരിപാടി മീഡിയ വേവ്സ് യൂട്യൂബ് ചാനലിൽ ലഭ്യമാണ്. ലിങ്ക് :https://youtu.be/-9id6kupQBY?si=T7LGtkUookbAPg8V
 
- റിപ്പോർട്ട് എഴുതിയത് കെ. ഹേമലത.

Followers

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

സൂക്ഷ്മദര്‍ശി‍നി BOOKS-2

സൂക്ഷ്മദര്‍ശി‍നി BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ

GREENRADIO -കവിതാലാപനങ്ങൾ

Labels

(അ)വർണ്ണാശ്രമത്തിലെ വെണ്ണപ്പാളികൾ (1) 100th POST;FIVE QUESTIONS IN CONNECTION WITH INTERNATIONAL WOMEN'S DAY (1) 4.5 ശതമാനം ഉപസംവരണം/മുസ്ലീം ആധിപത്യം/സാമൂഹികം/ ലേഖനം/ അക്ഷയ/മുഗള്‍ / (1) A SATITRE (1) ABHAYA MURDER CASE AND MEDIA (2) AII India Radio (1) AMBEDKAR GREEN ARMY (1) ANNA HAZARE (1) ASSEMBLIES (1) AUTO DRIVERS IN KOZHIKODE (1) Aalkkoottam inland magazine (1) BABA AMTE (1) BAN ON TEACHERS WEARING SAREE IN KERALA (1) BANGALURU (1) CAPSULES (1) CASTE IN POLITICS (1) CHENGARA LAND STRUGGLE TO NEW HEIGHTS (1) COMMUNITY CYCLING IN PARIS (1) CORRUPTION IN HIGHER EDUCATION SECTOR (1) CULTURAL OUTRAGE IN THE NAME OF KHADI IN KERALA (1) CULTURAL POLICE IN KERALA (1) CYBER ACT (1) CYBER TERRORISM (1) CYCLING IN LAKSHADWEEP (1) Church in Kerala (2) D.Parameswaran Potti (1) DEEMED UNIVERSITIES (1) DR VERGHESE KURIEN (1) DUDABHAI (1) FILMREVIEW (1) G M FOODS (1) GLOBAL WARMING AND KERALA (1) GOA (1) GREEN RADIO PODCASTS (1) GREEN RADIO-PODCAST (1) GREEN RADIO-എങ്ങനെ കേള്‍ക്കാം (1) HEALTH TOURISM IN INDIA (1) HINDUSTANI MUSIC IN KERALA (1) HUMOUR (1) I T PROFESSIONALS (1) I too had a dream (1) IFFI 2011 (1) INDIA BEYOND COPENHAGEN (1) IT'S MAN-MADE (1) Indian Performing Rights (1) Indian tie (1) JASMINE REVOLUTION (1) JASMINE REVOLUTION IN INDIA (1) JUDICIARY (1) JUSTICE CYRIAC JOSEPH (1) KASARGODE DWARF (1) KERALA MUSLIMS AND DEMOCRACY (1) KERALA.KARNATAKA (1) KOCHI METRO (1) Kochi F M (2) LIFE STYLE OF KERALA BENGAL LEADERS:A STORY IN CONTRAST (1) LOK PAL BILL (1) LOKAYUKTHA (1) Little Magazines in Kerala (1) MAHATMA GANDHI (2) MAKARAJYOTI FARCE (1) MANGALA DEVI TEMPLE (1) MARTIN LUTHER KING JNR (1) MEDIA IN KERALA (1) MY BOOKS (2) Mavelikara (1) NEGATIVE VOTING RIGHT (1) NEIGHBOURHOOD SCHOOLS (1) NIGHT LIFE (1) Nationalisation of segregated graveyards (1) OCCUPY WALL STREET (2) ONAM AND TV SHOWS IN KERALA (1) Onam (2) PAIDNEWS (1) Poverty in America (1) QUALITY OF KWA TAP WATER (1) QUEEN'S ENGLISH IN KERALA (1) RACIAL DISCRIMINATION AGAINST WOMEN AND DALITS BY KERALA PRESS (1) REFERENDUM ON MAJOR DECISIONS (1) RELIGION OF ELEPHANTS IN KERALA? (1) ROYALTY TO MUSIC PERFORMANCES (1) Real estate on Moon (1) SATIRE (4) SEX (1) SOCIAL ILLITERACY IN KERALA (1) STATUES (1) SUBHA MUHOORTHA FOR CAESAREAN SURGERY (1) SUBHASH PALEKAR (1) SUFI PARANJA KATHA (1) SUPERSTITION AT SABARIMALA (1) SUTHARYAKERALAM: A HIGHTECH FARCE (1) SWINE FLUE AND MEDIA (1) THE CHURCH ON CHILD- MAKING SPREE (1) THE FOOD SECURITY ARMY IN KERALA (1) THE MAKING OF GOONDAS IN KERALA. (1) THE PLIGHT OF THE AGED IN KERALA (1) THE RIGHT TO FREE AND COMPULSORY EDUCATION BILL (1) THE SILENT MINORITY:BACKBONE OF INDIAN DEMOCRACY (1) THEKKADI (1) Thoppippala (1) URBANISATION (1) V.Dakshinamoorthy (1) VECHUR COWS (1) VELIB.FREEDOM BIKE (1) VOTERS IN THE CYBER WORLD/സാക്ഷരത/നവമാദ്ധ്യമങ്ങൾ (1) WHY DO PEOPLE DIE OF COLDWAVES IN NORTH INDIA? (1) WOMEN RESERVATION IN PARLIAMENT (1) cyber crime case against blogger (2) first F.M station in Kerala (1) greenradio podcasts (1) local radio station (1) national heritage animal (1) parallel publications in Malayalam (1) woman paedophile (1) അംബേദ്കർ (2) അംബേദ്കർ ഗ്രീൻ ആർമി (1) അക്ബറാന (1) അക്ഷയതൃതീയ (1) അക്ഷയതൃതീയ AKSHAYATHRUTHIYA (1) അഗസ്റ്റിൻ ജോസഫ് (1) അങ്കിൾ ജഡ്ജ് സിൻഡ്രോം” (1) അതിവേഗപാത (1) അതിശൈത്യമരണങ്ങൾ (1) അനുഭവം (1) അമുൽ (1) അമേരിക്കയിലെ ദരിദ്രർ (1) അയ്യങ്കാളി (1) അഷ്ടമംഗലദേവപ്രശ്നം (1) ആട്-തേക്ക്-മാഞ്ചിയം (1) ആര്‍ഭാടങ്ങള്‍ (1) ആള്‍ക്കൂട്ടം (2) ആർ.വിമലസേനൻ നായർ (1) ആൽബർട്ടോ ഗ്രനാഡോ (1) ആൾക്കൂട്ടം ഇൻലന്റ്‌ മാസിക (2) ഇന്ത്യ (1) ഉഴവൂര്‍ (1) എ.എൻ.സി (2) എം.എ.എസ് (1) എം.എഫ് ഹുസൈൻ (1) എംബെഡഡ് ജേർണ്ണലിസം/ അയ്യങ്കാളി (1) എസ്.എൻ.ഡി.പി (1) ഏംഗത്സ് (1) ഏട്ടിലെ പശു (1) ഏഷ്യാഡ് (1) ഐ.എസ്.അര്‍.ഓ (1) ഒക്യുപൈ വാൾ സ്ട്രീറ്റ് (1) ഒക്സിജന്‍ പാര്‍ലർ (1) ഒറ്റപ്പാലം (1) ഒറ്റയാൾ (3) ഓ.എൻ.വി (1) ഓഡിയോ (1) ഓണം (1) ഓർമ്മകൾ (1) ഓർമ്മയാണച്ഛൻ (1) കഞ്ഞി (1) കണ്ടതും കേട്ടതും (2) കള്ളപ്പണം (1) കവരത്തി (1) കവിതാലാപനം (2) കാല്‍കഴുകിച്ചൂട്ടൽ (1) കാളന്‍ (1) കാളയിറച്ചി (1) കാസർകോഡ് ഡ്വാർഫ് (1) കാർഷിക യന്ത്രവത്കരണം (1) കാർഷിക വിപ്ലവം (1) കാർഷികം/ ലേഖനം/ബ്ലാക്ക്ബെറി/മിൽക്കി ഫ്രൂട്ട്/അവക്കാഡോ/ദുരിയാൻ/റമ്പൂട്ടാൻ (1) കാൽകഴുകിച്ചൂട്ടൽ (1) കീഴാചാരം (1) കുഞ്ഞപ്പ പട്ടാന്നൂർ (1) കുറിപ്പ്‌ (1) കൂറുമാറ്റം (1) കൃഷ്ണയ്യർ (1) കെ.ആര്‍.നാരായണന്‍ (1) കെ.ആർ.ടോണി (1) കെ.ഗിരിജ വർമ്മ (1) കെ.ഗിരിജാവർമ (1) കെ.വി.ഷൈൻ (1) കോണകം (2) ക്ലാസിക്ക് മെട്രോ (1) ക്ഷേത്രപ്രവേശനം (1) കൻഷിറാം (1) ഖവാലി (1) ഗജ ദിനം (1) ഗിരിപ്രഭാഷണം (1) ഗീർ പശു (1) ഗുണ്ടായിസം (1) ഗുണ്ടാരാജ് (1) ഗുരുവായൂർ (1) ഗോൾചെറെ (1) ഗ്രാമസഭ (1) ഗ്രീൻ കേരള എക്സ്പ്രസ് (1) ഗ്രീൻ റേഡിയോ പോഡ്കാസ്റ്റ് (2) ചണ്ഡിഗർ (1) ചന്ദ്രൻ (1) ചരിത്രം (1) ചലച്ചിത്രനിരൂപണം (1) ചലച്ചിത്രവിചാരം-ഒരെ കടല്‍ (1) ചിഡ് വാര (1) ചിത്രകാരൻ (2) ചൂടുവെള്ളത്തിൽ വീണ (1) ചെ ഗുവേര (1) ചെങ്ങറ (2) ചൊവ്വാ (1) ജഗ്ജ്ജീവന്‍ റാം (1) ജനകീയകോടതി (1) ജനാധിപത്യംANTI-DEFECTION LAW AND INDIAN DEMOCRACY (1) ജാവേദ് അക്തർ (1) ജീവത്സാഹിത്യംശശി തരൂർ (1) ജുഡീഷ്യറിയിലെ അഴിമതി/ കെ.ജി.ബാലകൃഷ്ണൻ (1) ജ്ഞാനഗുരു (1) ടോപ്പ്ലസ് (1) ടോൾ (1) ഡോ ജോൺ മത്തായി (1) ഡ്രസ് കോഡ് (1) ഡൽഹി (1) തഥാഗതൻ (1) താതാ നിന്‍ കല്പനയാല്‍ (1) താഹ്രീർ സ്കൊയർ (1) തൃപ്പൂത്താറാട്ട് (1) തെമ്മാടിക്കുഴി (1) തോർത്ത്‌ (1) ത്യാഗികൾ (1) ത്രിവര്‍ണ്ണപതാക (1) ദ കിഡ് വിത്ത് എ ബൈക്ക് (1) ദളിത് (1) ദാരിദ്ര്യരേഖ (1) ദൃഷ്ടിപഥം (17) ദേശീയ ഉത്സവം (1) ദേശീയ പതാക-TRIBUTE TO KAMALA DAS;RECITATION OF HER POEM IN MALAYALAM (1) ധവളവിപ്ലവം (1) നക്ഷത്രഫലം (1) നര്‍മ്മം (1) നല്ലതങ്ക (1) നവമാദ്ധ്യമങ്ങൾ (1) നവവത്സരാശംസകള്‍‍ (1) നസീറാന (1) നാഗസന്യാസിമാർ (1) നാരായണ പണിക്കർ (1) നെൽസൺ മണ്ടേല (1) നേർച്ചസദ്യ (1) നർമ്മം (2) നർമ്മദ (1) പരിഹാരക്രിയ (1) പി.ഉദയഭാനു (4) പി.ഭാസ്‌കരന്‍ (1) പി.സായ് നാഥ് (1) പിണറായി (1) പുസ്തകനിരൂപണം (1) പൂന്താനം (1) പൈതൃകമൃഗം (1) പൊതുസീറ്റുകൾ (1) പൊന്നമ്പലമേട് (1) പൊർഫീരിയോ (1) പോഡ്കാസ്റ്റ് (1) പൌലോസ് മാർ പൌലോസ് (1) പ്രതിമകൾ (1) പ്രാക്കുളം ഭാസി (1) പ്രിയനന്ദനൻ (1) പ്രേം നസീർ (1) പ്ലാവില (1) ഫലിതം (5) ഫലിതം A FRIENDSHIP DAY DISASTER (1) ഫസ്റ്റ്ഗ്രേഡർ (1) ഫിദൽ (1) ഫെമിനിസ്റ്റ് (1) ഫ്രന്‍ഡ്ഷിപ് ഡേ (1) ബഷീർ (3) ബാബ ആംതെ/ (1) ബാബുരാജ് (1) ബി.ഓ.ടി (1) ബുർക്ക (1) ബൊളീവിയ (1) ഭക്ഷ്യ അരക്ഷിതാവസ്ഥ (1) ഭക്ഷ്യ സുരക്ഷാ സേന (1) ഭാവി രാഷ്ട്രീയ അജണ്ട (1) ഭൂമിക്കൊരു ചരമഗീതം (2) മംഗളാദേവി ക്ഷേത്രം 2001- (1) മകരജ്യോതി (1) മതം (2) മദ്യപാനം (2) മമത (1) മമ്മൂട്ടി (2) മറൂഗ (1) മഹാസ്ഥാപനം (1) മാഡം കാമ (1) മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് (1) മാദ്ധ്യമസദാചാരം (1) മാധവന്‍ നായര്‍ (1) മാധ്യമം (3) മാപ്പിളപ്പാട്ട് (1) മായാവതി (1) മാര്‍ക്സ് (1) മുല്ലപ്പൂ വിപ്ലവം (1) മുസ്ലീം സാക്ഷരത (1) മുസ്ലീം സ്ത്രീ സാക്ഷരതാനിരക്ക് (1) മേധാ പട്ട്കർ (1) മേഴ്സി മാത്യു (2) മൈഥിലി (1) മൊബൈൽ ഫോൺ (1) മോഹൻലാൽ (1) യൂത്ത് ഒളിമ്പിക്സ് (1) യേശുദാസ് (1) രാമനുണ്ണി (1) രാഷ്ട്രപതി (1) രാഷ്ട്രീയം (7) രാഷ്ട്രീയസദാചാരം (1) റഷ്യ (1) റഷ്യയിലെ ജനസംഖ്യ (1) റിവോദിയ (1) റെസിഡന്റ്സ് അസ്സോസിയേഷൻ (1) റേഡിയോ (7) റേഡിയോ സ്കിറ്റ് (1) റോഡ് സുരക്ഷാവാരം (1) റൌൾ (1) റ്റിന്റുമോൻ (1) ലെനിൻ (2) ലേഖനം (12) ലേഖനം/ ഡോ വർഗ്ഗീസ് കുര്യൻ (1) ലേഖനം/രാഷ്ട്രീയക്രിമിനൽവത്കരണം/CRIMINALISATION OF POLITICS/A RAJA /KANIMOZHI/TIHAR (1) ലോക അണക്കെട്ട് കമ്മീഷൻ (1) ലോക് അദാലത്ത് (1) ളാഹ ഗോപാലൻ (1) വടയക്ഷി (1) വന്ദേ മാതരം (1) വാലന്റൈന്‍സ് ഡേ (1) വാസ്തു (1) വാസ്തുദോഷനിവാരണക്രിയ (1) വാഹനപരിശോധന (1) വാർഡ് സഭ/GRAMASABHAS IN KERALA ON THE DECLINE (1) വി.പി.സിങ്ങ് (1) വിജയ് യേശുദാസ് (1) വിദ്യാരംഭം (1) വിന്നി (2) വിരുദ്ധോക്തി (1) വിശുദ്ധഗ്രന്ഥങ്ങൾ (1) വിശ്വപൌരന്‍ (1) വെച്ചൂർ പശു (1) വ്യാജമൂല്യബോധംപൊതുജനസേവക പ്രക്ഷേപകർ (1) ശതാഭിഷേകം (2) ശനിദോഷ നിവാരണണപൂജ (1) ശബരിമല (3) ശരീര ഭാഷ (1) ശവി (1) ശാർക്കര (1) ശില (1) ശുദ്ധികലശം (1) ശുഭമുഹൂർത്തപ്രസവം. (1) ശ്രീനാരായണ ഗുരു (4) ശർബാനി (1) ഷൈൻ (1) സംഗീതം (1) സദാചാര പൊലീസ് (1) സദാചാരാപഭ്രംശം (1) സഫലമീയാത്ര (1) സമൂഹികബോധം (1) സാമൂഹികം (3) സാമൂഹികം. (1) സാമൂഹികം.CYBER ACT IN KERALA (1) സാമൂഹികം.പന്നിപ്പനി (1) സാമൂഹികം/ ലേഖനം/ (3) സാമൂഹികം/ ലേഖനം/ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി (1) സാമൂഹികം/ ലേഖനം/ തദ്ദേശ തെരഞ്ഞെടുപ്പ് വിധി (1) സാമൂഹികം/ ലേഖനം/ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ.കില (1) സാമൂഹികം/ ലേഖനം/ മദ്യപാനം/വാഹനാപകടം (1) സാമൂഹികം/ ലേഖനം/ വിവരാവകാശ നിയമം/RTI ACT:DRAFT OF NEW RULES (1) സാമൂഹികം/ ലേഖനം/ B B C (1) സാമൂഹികം/ ലേഖനം/ BENGALI MIGRANT WORKERS IN KERALA (1) സാമൂഹികം/ ലേഖനം/ COMMONWEALTH GAMES (1) സാമൂഹികം/ ലേഖനം/ FOREIGN EDUCATIONAL INSTITUTIONS BILL (1) സാമൂഹികം/ ലേഖനം/ HINDU-MUSLIM AMITY;A TRUE STORY (1) സാമൂഹികം/ ലേഖനം/ ORISSA/NAVEEN PATNAIK (1) സാമൂഹികം/ ലേഖനം/ RELIGIOUS EXTREMISTS IN KERALA (1) സാമൂഹികം/ ലേഖനം/ THE COURT AND THE PEOPLES COURT (1) സാമൂഹികം/ ലേഖനം/ THE IMPACTS OF N S S'S DECISION TO FREE THEIR EDUCATIONAL INSTITUTIONS FROM RELIGIOUS ACTIVITIES (1) സാമൂഹികം/ ലേഖനം/ VOTERS' RIGHT TO MOVE NON-CONFIDENCE (1) സാമൂഹികം/ ലേഖനം/ WHY WOMEN AND DALITS NOT BEING FIELDED FROM GENERAL SEATS IN KERALA? (1) സാമൂഹികം/ ലേഖനം/ WOMEN TO UPSET THE APLECARTS OF MANY IN KERALA (1) സാമൂഹികം/ ലേഖനം/ അമേരിക്കയുടെ വായ്പാക്ഷമത/DOWNGRADE / S AND P/ KRUGMAN/OBAMA (1) സാമൂഹികം/ ലേഖനം/ ആന (1) സാമൂഹികം/ ലേഖനം/ ആയുർദൈർഘ്യം/ മാനവ വികസന സൂചിക/ലോക ആരോഗ്യദിനം (1) സാമൂഹികം/ ലേഖനം/ കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമം/RTE ACT/ന്യൂനപക്ഷസ്കൂളുകൾ (1) സാമൂഹികം/ ലേഖനം/ ഗ്രാമസഭ (1) സാമൂഹികം/ ലേഖനം/ നീതിന്യായാവകാശ നിയമം (1) സാമൂഹികം/ ലേഖനം/ പാലിയേക്കര/ടോൾ/BOT/അരാഷ്ട്രീയവത്കരണം/ചേറ്റുവ (1) സാമൂഹികം/ ലേഖനം/ പ്രവാസിത്തൊഴിലാളികൾ/ബംഗാൾ/ഒറീസ/തൊഴിൽ അല്ലെങ്കിൽ ജെയിൽ (1) സാമൂഹികം/ ലേഖനം/ ബാറ്റിസ്റ്റ (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസദാചാരം (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസാന്ദ്രത/media density/മത ന്യൂനപക്ഷ സ്കോളർഷിപ്പുകൾ (1) സാമൂഹികം/ ലേഖനം/ ലോക പൈതൃകദിനം/ബാമിയന്‍ താഴ്വര/പുരാതനം/അജന്ത/എല്ലോറ (1) സാമൂഹികം/ ലേഖനം/ ശ്രീപത്മനാഭസ്വാമി /മാർത്താണ്ഡ വർമ്മ/കാൽ കഴുകിച്ചൂട്ട് (1) സാമൂഹികം/ ലേഖനം/CUBA/POPE/FIDEL CASTRO/RAUL CASTRO (1) സാമൂഹികം/ ലേഖനം/FUKUOKA (1) സാമൂഹികം/ ലേഖനം/THE CASTE (1) സാമൂഹികം/ ലേഖനം/THE FAITHFUL AND THE DRUNKARDS (1) സാമൂഹികം/ ലേഖനം/THE FALL OF JUDICIARY IN INDIA/ILLITERACY IN JAILS (1) സാമൂഹികം/ ലേഖനം/അണ്ണാ ഹസാര/പാർലമെന്റിന്റെ പരമാധികാരം/SUPREMACY OF THE PARLIAMENT/ANNA HAZARE (1) സാമൂഹികം/ ലേഖനം/അൽ ബറാക്ക്/ഇസ്ലാമിക ബാങ്ക്/ISLAMIC BANKING IN KERALA (1) സാമൂഹികം/ ലേഖനം/ഉമ്മൻ ചാണ്ടി/ജനസമ്പർക്ക പരിപാടി/സുതാര്യകേരളം/SUTHARYAKERALAM (1) സാമൂഹികം/ ലേഖനം/കെ.ആർ.നാരായണൻ/K.R NARAYANAN/ കെ.കുഞ്ഞമ്പു/കെ.പി.എസ് മേനോൻ (1) സാമൂഹികം/ ലേഖനം/കേരള തെരഞ്ഞെടുപ്പ് 2011/ഉമ്മഞ്ചാണ്ടി മന്ത്രിസഭ/ഇ ഗവേണ്ണൻസ് (1) സാമൂഹികം/ ലേഖനം/ക്യൂബ/കാസ്ട്രോ/മാർപ്പാപ്പ/റൌൾ/ബാറ്റിസ്റ്റ/ചെഗുവരെ (1) സാമൂഹികം/ ലേഖനം/ദയാബായി/DAYABAI (1) സാമൂഹികം/ ലേഖനം/നിയമസഭാതെരഞ്ഞെടുപ്പ് /ഇലക്ഷൻ കമ്മീഷൻ /ജനാധിപത്യധ്വംസനം (1) സാമൂഹികം/ ലേഖനം/ഫിദൽ കാസ്ത്രോ/ക്യൂബ/റൌൾ കാസ്ത്രോ/ ജോസ് മാർട്ടി/ഗ്വാണ്ടനാമോ (1) സാമൂഹികം/ ലേഖനം/ബെയിൽ ഔട്ടു/ (1) സാമൂഹികം/ ലേഖനം/മുഖപ്രസംഗങ്ങൾ/ ഏജന്റുമാരുടെ സമരം/ഒപ്പീനിയൻ ലീഡേഴ്സ് (1) സാമൂഹികം/ ലേഖനം/മുല്ലപ്പൂവിപ്ലവം/സൌദി /MALE GUARDIANSHIP SYSTEM IN SAUDI ARABIA/VIRGINITY TEST ON EGYPTIAN PROTESTERS (1) സാമൂഹികം/ ലേഖനം/മൊബൈൽഫോൺ സാന്ദ്രത (1) സാമൂഹികം/ ലേഖനം/രാജ്യ സഭ/ലെജിസ്ലേറ്റീവ് കൌൺസിലുകൾ/WHO REQUIRES UPPER HOUSES? (1) സാമൂഹികം/ ലേഖനം/രാഷ്ട്രീയസദാചരം/POLITICAL MORALITY (1) സാമൂഹികം/ ലേഖനം/റേഡിയോആഡംബരങ്ങള്‍ (1) സാമൂഹികം/ ലേഖനം/ലോക്പാൽ/ഇന്ദുലേഖ/ ട്രാൻസ്പേരൻസി ഇറ്റർനാഷണൽ (1) സാമൂഹികം/ ലേഖനം/വികസനം/ടോൾ/വൈപ്പിൻ/വികസനമാതൃകകൾ /ചിക്കുൻ ഗുനിയ (1) സാമൂഹികം/ ലേഖനം/വിശ്വാസവ്യാപാരം/ആദ്ധ്യാത്മിക ദാരിദ്ര്യം/ ജാതിപ്പേരുകൾ (1) സാമൂഹികം/ ലേഖനം/ശ്രീപത്മനാഭ സ്വാമി ക്ഷേത്രം/മതിലകം/കരുവാലയം/തൃപ്പടിദാനം/ (1) സാമൂഹികം/ ലേഖനം/ഷബാന ആസ്മി (1) സാമൂഹികം/ ലേഖനം/സംവരണമണ്ഡലം (1) സാമൂഹികം/ ലേഖനം/സുകുമാർ അഴീക്കോട്/OPINION LEADER OF KERALA (1) സാമൂഹികം/ ലേഖനം/സ്വകാര്യ പ്രാക്റ്റ്iസ്/ഫൂഡ് സപ്ലിമെന്റുകൾ/കേരള മാതൃക (1) സാമൂഹികം/അയ്യങ്കാളി (1) സാമൂഹികം/ക്രിമിനൽ/ഇൻവെസ്റ്റിഗേറ്റീവ് ജേർണ്ണലിസം/ക്വൊട്ടേഷൻ സംഘം (1) സാമൂഹികം/മാർട്ടിൻ ലൂഥർ കിങ്ങ് (1) സാമൂഹികം/മുല്ലപ്പൂ വിപ്ലവം (1) സാമൂഹികം/മൂന്നാര്‍/ലേഖനം/DEATH BELLS FOR MUNNAR (1) സാമൂഹികം/ലക്ഷദ്വീപ് (1) സാമൂഹികം/ലക്ഷദ്വീപ് THE CHANGING FACE OF LAKSHADWEEP (1) സാമൂഹികം/ലേഖനം (6) സാമൂഹികം/ലേഖനം/കേരളം/M C J ALUMNI OF KERALA UNIVERSITY (1) സാമൂഹികം/ലേഖനം/റേഡിയോ/LETTERS TO RADIO (1) സാമൂഹികം/ലൈംഗികാതിക്രമം/കുട്ടികുറ്റവാളികൾ/ കൂട്ടുകുടുംബം/അണുകുടുംബം (1) സാമൂഹികം/സിംല (1) സാമൂഹികംരാവുണ്ണി (1) സാമൂഹികവിസ്ഫോടനം (1) സാമ്പത്തിക മാന്ദ്യം (1) സി.എം.എസ്‌ കോളേജ്‌ (2) സിദ്ധമതം (1) സുബ്ബലക്ഷ്മി/ചെമ്പൈ/ലേഖനം/ദേവദാസി/സദാശിവം/മീരാഭജൻ/ വൈഷ്ണവ ജനതോ (1) സുരേഷ് ഗോപി (1) സൂഫി പറഞ്ഞ കഥ (1) സൈക്കിള്‍ (1) സൈക്കിൾ (1) സൈബർ നിയമം (1) സോജ (1) സോഷ്യലിസ്റ്റ് (1) സ്കിറ്റ് (1) സ്ത്രീവസ്ത്രധാരണത്തിന്റെ രാഷ്ട്രീയം (1) സ്വർണ്ണക്കമ്മൽ (1) സ്വർണ്ണഭ്രമം (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2012 (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2013/SKIT/SATIRE/HUMOUR/D.PRADEEP KUMAR (1) ഹാസ്യം (34) ഹാസ്യം.ഫലിതം (3) ഹാസ്യം.ഫലിതം SATIRE (1) ഹാസ്യംഫാമിലി കോണ്ടാക്റ്റ് ഡേ (1) ഹീഗ്വര (1) ഹൈടെക് നിരക്ഷരർ (1) ഹൈറേഞ്ച് ഡ്വാർഫ് (1)

കേരള ബ്ലോഗ് അക്കാദമി

ഇന്ദ്രധനുസ്സ്

ബ്ലോഗ് ഹെല്‍പ്പ്ലൈന്‍