Search This Blog
Thursday, 12 November 2020
മഹാത്മാ ഗാന്ധി ആകാശവാണിയിൽ
Monday, 9 November 2020
എന്തുകൊണ്ട് നാം കെ.ആർ.നാരായണനെ ഓർക്കണം?
ഇന്ന് (9.11.2020) കെ.ആർ നാരായണന്റെ പതിനഞ്ചാം ചരമവാർഷിക ദിനമായിരുന്നു.
സമൂഹത്തിലെ ഏറ്റവും താെഴെ തട്ടിലുള്ള ഒരു ദളിത് കുടുംബത്തിൽ പിറന്ന്,ദുരിതപർവ്വങ്ങൾ നിശ്ചയദാർഢ്യം കൊണ്ട് താണ്ടി,ഭാരതത്തിന്റെ പ്രഥമ പൗരനായി തീർന്ന ഈ മഹാനായ മലയാളി എത്ര പെട്ടന്നാണു മറക്കപ്പെടുന്നത്!
ഇന്ന് കലണ്ടറുകളും ദിനപത്രങ്ങളും പരതിയപ്പോഴാണ് , എത്ര ക്രൂരമായാണ് അദ്ദേഹത്തിന്റെ സ്മരണയെപ്പോലും പാതാളക്കുഴിയിലേക്ക് ചിലർ ചവുട്ടിത്താഴ്ത്തുന്നത് എന്ന് വ്യക്തമായത്.
കെ.ആർ നാരായണന്റെ ചരമവാർഷികദിനത്തിൽ അദ്ദേഹത്തെ അനുസ്മരിച്ച് സർക്കാരോ രാഷ്ട്രീയപാർട്ടികളോ എന്തെങ്കിലും ചടങ്ങു നടത്തിയതായി അറിയില്ല. പിറന്ന നാട്ടിൽ ഇതാണു അവസ്ഥയെങ്കിൽ പുറത്ത് എന്താകും ?
അദ്ദേഹം മരിച്ചത് “ടൈംസ് ഓഫ് ഇന്ത്യ” റിപ്പോർട്ട് ചെയ്തത് ഒരൊറ്റ കോളത്തിലായിരുന്നു എന്ന് ഓർക്കുമ്പോൾ പ്രതികാരബുദ്ധിയോടെ ചിലർ കെ.ആർ.നാരായണനെ തിരസ്കരിക്കാൻ പണ്ടേ ഇറങ്ങിത്തിരിച്ചിരുന്നു എന്ന് വ്യക്തമാവും.ഇന്ത്യയിലെ പരമോന്നത പദവിയിൽ ഒരു അയിത്തജാതിക്കാരൻ കയറിയിരുന്നതിൽ കുണ്ഠിതമുള്ളവർ പ്രതികാരം തീർക്കുന്നത് ഇങ്ങനെയൊക്കെയാകാം. (രാംവിലാസ് പാസ്വാനെക്കുറിച്ച് എത്ര ദിനപ്പത്രങ്ങൾ മുഖപ്രസംഗമെഴുതി? അദ്ദേഹത്തിന്റെ വിയോഗ വാർത്തയും നമ്മുടെ പത്രങ്ങൾ മൂലയ്ക്ക് തള്ളി) .
ദളിതരുടേയും പിന്നാക്കക്കാരുടേയും രാഷ്ട്രീയാരോഹണത്തിനു വഴിയൊരുക്കിയ വി.പി.സിങ്ങിനോടും ഇവർക്ക് തീരാത്ത പകയുണ്ട്. .അദ്ദേഹത്തിന്റെ വിയോഗവാർത്ത പിന്നാമ്പുറത്തേക്ക് തള്ളി , ക്രൂരമായി ആനന്ദിച്ചവരാനു ഇക്കൂട്ടർ. പക്ഷേ,പ്രത്യക്ഷമായി ഇവരോടൊപ്പം ചേരാൻ കേരളത്തിൽ ആരുമുണ്ടായില്ല.
ആദ്യമായി ഒരു കേരളീയൻ ഉന്നതപദവിയിലെത്തിയതിൽ അഭിമാനിക്കാത്ത ഒരു മലയാളിയുമില്ല.നയതന്ത്രജ്ഞനായും,ജെ.എൻ.യു വൈസ് ചാൻസ് ല റായും,ഉപരാഷ്ട്രപതിയായുമൊക്കെ കെ.ആർ.നാരായണൻ വിജയത്തിന്റെ പടവുകൾ ഒന്നൊന്നായി കയറിപ്പോയപ്പോഴൊക്കെ അതിൽ പുളകം കൊണ്ടവരാണ് നമ്മൾ.എന്നിട്ടും,ഇപ്പോൾ എന്തേ,മഹാനായ ഈ മലയാളിയെ നാം തിരിഞ്ഞുനോക്കുന്നില്ല?
-അത് വെറുതെയല്ല.അതിനും ഒരു രാഷ്ട്രീയമുണ്ട്.അതു തുടങ്ങുന്നത് അദ്ദേഹം ഒറ്റപ്പാലത്ത് നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചപ്പോൾ മുതലാണ്.ഈ വിശ്വപൗരനു മത്സരിക്കാൻ എന്തിനു ഒരു സംവരണ സീറ്റ് വെച്ച് നീട്ടി?അന്നേ ഈ ചോദ്യം ഉന്നയിക്കപ്പെട്ടിരുന്നു.കെ.പി.എസ് മേനോന്മാരുടെ നാട്ടിൽ,അവരുടെ പിൻഗാമിയെ മത്സരിപ്പിക്കാനിറക്കി എന്ന വ്യാഖ്യാനങ്ങളുമുണ്ടായി.
അപ്പോൾ, അദ്ദേഹം തിരുവനന്തപുരത്തോ എറണാകുളത്തോ നിന്ന് മത്സരിച്ച് ജയിച്ചിരുന്നുവെങ്കിൽ ചിത്രം മറ്റൊന്നാകുമായിരുന്നു. പുറത്ത് രാഷ്ട്രീയപ്രബുദ്ധത പ്രകടിപ്പിക്കുകയും ഉള്ളിൽ ജാതിയുടേയും നികൃഷ്ടതയുടേയും ദുഷിച്ച മാലിന്യങ്ങൾ പേറുകയും ചെയ്യുന്ന മലയാളി ഒരിക്കലും ,എത്ര പ്രഗൽഭനാണെങ്കിൽ കൂടി, പൊതുമണ്ഡലത്തിൽ നിന്ന് ദളിതനെ വിജയിപ്പിക്കില്ല.അതിനു ഒരേ ഒരു അപവാദം മാത്രമേ ഇക്കാലത്തിനിടയിൽ ഉണ്ടായിട്ടുള്ളൂ-കണ്ണൂരിൽ നിന്ന് ലോക്സഭാംഗമായ കെ.കുഞ്ഞമ്പു.
അങ്ങനെ, വിശ്വപൗരനായിട്ടും ദളിതൻ എന്ന മുദ്ര പേറിത്തന്നെയായിരുന്നു അദ്ദേഹം ദേശീയരാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്.ആ ഒരു ആനുകൂല്യമില്ലാതെ തന്നെ ഉന്നതപദവികൾക്ക് അർഹനായിരുന്നു അദ്ദേഹം.പക്ഷേ,പിന്നെയും ഒരു സൗജന്യമെന്ന പോൽ നൽകപ്പെടുകയായിരുന്നു,ഉപരാഷ്ട്രപതി,രാഷ്ട്രപതി സ്ഥാനങ്ങൾ.അദ്ദേഹത്തെക്കാൾ പ്രാഗൽഭ്യവും യോഗ്യതയും കുറഞ്ഞ എത്രയോ പേർ രാഷ്ട്രീയകാരണങ്ങളാൽ ഈ ഉന്നതപദവികളിൽ എത്തപ്പെട്ടു.
പക്ഷേ,താൻ ഒരു റബ്ബർ സ്റ്റാമ്പല്ലെന്ന് അദ്ദേഹം ലോകത്തെ കാട്ടിക്കൊടുത്തത് ഇന്ത്യ കണ്ട ഏറ്റവും ശക്തനായ രാഷ്ട്രപതി എന്ന നിലയിൽ, ഭരണഘടനാവ്യവസ്ഥകളെ സുധീരം ഉയർത്തിപ്പിടിച്ച്കൊണ്ട് അദ്ദേഹം നിരന്തരം നടത്തിയ ഇടപെടലുകളിലൂടെയായിരുന്നു.
സംസ്ഥാനസർക്കാരുകളെ പിരിച്ചുവിടാനുള്ള കേന്ദ്രമന്ത്രിസഭാ ശിപാർശ അങ്ങനെ ആദ്യമായി തിരിച്ചയക്കപ്പെട്ടു.ഉന്നത നീതിപീഠങ്ങളിൽ ദളിതർക്കും പിന്നാക്കക്കാർക്കും നിയമനങ്ങൾ ഉറപ്പുവരുത്തുന്നതിനായി അദ്ദേഹം നിരന്തരം ശബ്ദമുയർത്തി.തെരഞ്ഞെടുപ്പിൽ വോട്ടു രേഖപ്പെടുത്തിക്കൊണ്ട്, ഉന്നതമായ ജനാധിപത്യബോധവും പ്രകടിപ്പിച്ചു.സത്യസന്ധതയോടെയും ആത്മാർത്ഥതയോടെയും തന്നിൽ അർപ്പിച്ച എല്ലാ കടമകളും ഭംഗിയായി നിർവഹിച്ചു,അദ്ദേഹം.
അഴിമതിയുടേയും ആഡംബരത്തിന്റേയും കറപുറളാത്ത ലളിതജീവിതമായിരുന്നു കെ.ആർ,നാരാണന്റേത്. വരും തലമുറകളെ പ്രചോദിപ്പിക്കുന്ന ഉദാത്തമായ ജീവിതമാതൃക അവശേഷിപ്പിച്ച് കടന്നു പോയ അദേഹത്തെ എങ്ങനെയാണു എഴുതി തള്ളുക?
പക്ഷേ,അത്തരമൊരു തിരസ്കാരമാണു മരണാനന്തരം ജന്മനാട് അദ്ദേഹത്തിനു നൽകിയത്.അദ്ദേഹം പഠിച്ച ഉഴവൂരിലെ എൽ.പി സ്കൂളിന് അദ്ദേഹത്തിന്റെ പേരു നൽകി. പിന്നെയോ? കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റൂട്ട് ഓഫ് വിഷ്യൽ സയൻസസ് എന്ന ദേശീയ പ്രാധാന്യമുള്ള ഒരൊറ്റ സ്ഥാപനമേ അദ്ദേഹത്തിന്റെ പേരിലുള്ളൂ.
-എന്തുകൊണ്ട് കാസർകോട്ടെ കേന്ദ്ര സർവകലാശാല, പാലക്കാട്ടെ ഐ.ഐ.ടി. പോലുള്ള ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങൾക്ക് അദ്ദേഹത്തിന്റെ പേര് നൽകുന്നില്ല ? അദ്ദേഹത്തിന്റെ ഡൽഹിയിലെ സമാധി സ്ഥലമായ ഏക്താ സ്ഥൽ എന്തുകൊണ്ട് വേണ്ട വിധം സംരക്ഷിക്കപ്പെടുന്നില്ല ?
-ഇവെയെങ്കിലും ചെയ്തങ്കിലേ കെ .ആർ. നാരായണന്റെ സ്മരണയോട് നമ്മൾക്ക് നീതി പുലർത്താനാകൂ. സത്യത്തിൽ, ഇതിലും എത്രയോ വലിയ സ്മാരകങ്ങൾ അദ്ദേഹം അർഹിക്കുന്നു.
എന്തുകൊണ്ടാണ്,അന്താരാഷ്ട്ര നിലവാരമുള്ള ഉന്നത വിദ്യഭ്യാസസ്ഥാപനങ്ങൾക്കോ ഗവേഷണ കേന്ദ്രങ്ങൾക്കോ ഇനിയും അദ്ദേഹത്തിന്റെ പേര് നൽകാത്തത്?
ദേശീയ സ്മാരകങ്ങളിൽ ബഹുഭൂരിപക്ഷവും ഗാന്ധി-നെഹ്രു കുടുംബങ്ങൾക്കായി നീക്കി വെക്കപ്പെടുന്ന പാരമ്പര്യമുള്ള ഇന്ത്യയിൽ, തലസ്ഥാനനഗരിയിൽ കെ.ആർ.നാരായണന്റെ പേരിൽ ഒരു ദേശീയസ്മാരകവുമുയരാനിടയില്ല.
ഭരണഘടനാശിൽപ്പി ഡോ ബി.ആർ.അംബേദ്കറിന്റെ ചിത്രം പാർലമെന്റ് മന്ദിരത്തിൽ വെക്കാൻ വി.പി.സിങ്ങ് സർക്കാർ അധികാരത്തിലെത്തും വരെ വിസമ്മതിച്ചവരാണ് നമ്മുടെ ഭരണകർത്താക്കൾ. അവരെ കെ.ആർ.നാരായണന്റെ സ്മരണകൾ അസ്വസ്ഥമാക്കും.
അദ്ദേഹം ഉയർത്തിപ്പിടിച്ച മൂല്യങ്ങളും വരുംതലമുറക്ക് നൽകുന്ന സന്ദേശങ്ങളും ഇഷ്ടപ്പെടാത്തവരാണു കെ.ആർ.നാരായണനെ വിസ്മൃതിയിലേക്ക് തള്ളിയിടാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അവരോടൊപ്പം കേരളീയർ കൂടുന്നത് പരിതാപകരമാണ്.
Wednesday, 28 October 2020
പി. ഉദയഭാനു ജീവിതം കൊണ്ടെഴുതിയത്...
ഇന്ന്(ഒക്ടോബർ 28) പി.ഉദയഭാനുവിന്റെ പന്ത്രണ്ടാം ചരമവാർഷികദിനം.
കോഴിക്കോട് ആകാശവാണിയിലെ പ്രിയപ്പെട്ട സഹപ്രവർത്തകന്റെ വിയോഗത്തെക്കുറിച്ച് 2008 നവംബർ 15നു എഴുതിയ അനുസ്മരണമാണിത്.
തികച്ചും അപ്രതീക്ഷിതമായി,അകാലത്തില്‍ മരണം ആ ജീവിതം കവര്‍ന്നെടുക്കുമ്പോള്‍ എനിക്കിത് തീരാനഷ്ടങ്ങളുടെ ഒക്ടോബര്‍.2003,ഒക്ടോബര്‍ 27നായിരുന്നു കൊച്ചി എഫ്.എം നിലയത്തില്‍ ഏഴു വര്‍ഷം സഹപ്രവര്‍ത്തകനായിരുന്ന പ്രോഗ്രാം എക്സിക്യൂട്ടീവ് ചെങ്ങാരപ്പള്ളി ഡി.പരമേശ്വരന്‍ പോറ്റിയെ മരണം കൂട്ടിക്കൊണ്ടു പോയത്.ആ വേര്‍പാടിന്റെ വാര്‍ഷികത്തിനടുത്തനാള്‍ ഉദയഭാനുവിന്റെ ചരിത്രത്തിലേക്കുള്ള തിരോധാനവും.
വരും തലമുറകള്‍ക്ക് മാതൃകയാക്കാന്‍ ഒരു താള്‍ എഴുതിച്ചേര്‍ത്തിട്ടാണു ഉദയഭാനു വിടവാങ്ങിയത്.സൌമ്യമധുരമയ ആ സാന്നിധ്യത്തിന്റെ ഊഷ്മളതയ്ക്കും ഓര്‍മ്മയ്ക്കും കാലം ക്ഷതമേല്‍പ്പിക്കും.പക്ഷേ, പകരം നില്‍ക്കാനാകാത്ത ചില ജീവിതമൂല്യങ്ങള്‍ നമുക്കു കൈമാറിയിട്ടാണു ഉദയഭാനുവിന്റെ ജീവിതത്തിനു പൂര്‍ണ്ണ വിരാമമുണ്ടായത്.
ആകാശവാണിയിലെ ലൈബ്രേറിയനായി എത്തും മുന്‍പ് പി.ഉദയഭാനു രാഷ്ട്രീയപ്രവര്‍ത്തകനയിരുന്നു.ജനകീയസാംസ്കാരിക വേദിയുടെ മുന്‍നിരയിലുണ്ടായിരുന്ന മുഖങ്ങളിലൊന്നായിരുന്നു.ചിന്തകളില്‍ ഉഷ്ണപാതമായി വന്ന “പ്രേരണ”യുടെ ആദ്യ പത്രാധിപരായിരുന്നു.അതിനു മുന്‍പു “ഭയ”ത്തിന്റെയും പത്രാധിപരായിരുന്നു.അതിനും മുന്‍പേ ,തീക്ഷ്ണ യൌവനത്തില്‍ നീണ്ട കാലം തടവറയിലായിരുന്നു.
തീവ്ര ഇടതുപക്ഷ രാഷ്ട്രീയത്തിനു വളക്കൂറുള്ള വടകരയുടെ മണ്ണില്‍ നിന്ന് പൊതുജീവിതം ആരംഭിച്ച ഉദയഭാനുവിന്റെ വിമോചനസ്വപ്നങ്ങള്‍ക്ക് മിഴിവേകിയത് നക്സലൈറ്റ് ആശയമായിരുന്നു.അത് അഗ്നിസ്ഫുലിംഗങ്ങളായി കവിതയില്‍ നിറഞ്ഞു നിന്നു.അടിയന്തിരാവസ്ഥാപ്രഖ്യാപനത്തോടെ ഉദയഭാനു പിടിക്കപ്പെട്ടു.നന്നെ പൊക്കം കുറഞ്ഞു,മെലിഞ്ഞ ഈ ചെറുപ്പക്കാരനെ ജയറാം പടിക്കല്‍ എതിരേറ്റത് “വെടിയുണ്ടേടെയത്ര വലുപ്പം പോലുമില്ലാത്ത ….മോനേ!” എന്നാക്രോശിച്ചു കൊണ്ടുള്ള ഭീകര മര്‍ദ്ദനത്തോടെയായിരുന്നു.
മിസാത്തടവുകാരനായി 18 മാസം അങ്ങനെ കണ്ണൂര്‍ സെന്റ്രൽ ജെയിലില്‍ ഉദയഭാനു അടയ്ക്കപ്പെട്ടു.അന്നു മടപ്പള്ളി കോളേജിലെ ഡിഗ്രി വിദ്യാര്‍ഥിയായിരുന്നു അദ്ദേഹം.
മൌലികാവകാശങ്ങള്‍ സസ്പെന്റ് ചെയ്യപ്പെട്ട ആ ഇരുണ്ട കാലഘട്ടത്തില്‍ പൊലീസിന്റെ ക്രൂരതകള്‍ക്കും കൊടിയ മര്‍ദ്ദനങ്ങള്‍ക്കും ഏറെ ഇരയായത് നക്സലൈറ്റ് അഭിമുഖ്യമുള്ള ചെറുപ്പക്കാരായിരുന്നു.രാജനും വര്‍ക്കല വിജയനും കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളില്‍ പിടഞ്ഞുമരിച്ചു.ഉരുട്ടലില്‍ പലരും ജീവഛവങ്ങളായി.
വര്‍ഗ്ഗശത്രുവിന്റെ തലയറുത്ത്, ഉടന്‍ വിപ്ലവം സാദ്ധ്യമാക്കുന്ന ഉന്മൂലന സിദ്ധാന്തം സാംസ്കാരികവേദിയേയും നക്സലൈറ്റ് പ്രസ്ഥാനത്തേയും നാമാവശേഷമാക്കി.ചക്രവാളത്തില്‍ ചുവപ്പുസൂര്യന്‍ ഉദിക്കില്ലെന്ന് വൈകിയാണെങ്കിലും ബോദ്ധ്യപ്പെട്ടു.എങ്കിലും, ഉള്ളില്‍ ഒരു കനല്‍ കെടാതെ ജ്വലിപ്പിച്ച് അവര്‍ ജീവിതപ്രാരാബ്ധങ്ങളിലേക്കു മടങ്ങി.സിവിക്കും പ്രഭാകരനും ഉദയഭാനുവും സര്‍ക്കാര്‍ ഉദ്യോഗസ്ഥരായി.
മഹാരഥന്മാര്‍ വടവൃക്ഷമായി വളര്‍ത്തിയ കോഴിക്കോട് ആകാശവാണിയില്‍ ലൈബ്രേറിയനായി ഉദയഭാനു എത്തുന്നത് അങ്ങനെയാണു.പി.ഭാസ്കരനും ഉറൂബും,അക്കിത്തവും തിക്കോടിയനും,കക്കാടും,കെ.എ കൊടുങ്ങല്ലൂരും കെ.രാഘവന്‍ മാസ്റ്ററും ചിദംബരനാഥുമൊക്കെ തങ്ങളുടെ സര്‍ഗ്ഗസാന്നിധ്യം കൊണ്ട് ധന്യമാക്കിയ ആകാശവണിയില്‍ ഉദയഭാനുവിന്റേത് വ്യത്യസ്തമയൊരു ഉദ്യോഗപര്‍വ്വമായിരുന്നു.പ്രസാര്‍ ഭാരതിയുടെ സ്ഥാപനത്തിനു മുന്‍പ്,കേന്ദ്ര സര്‍ക്കാരിന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലുള്ള മാധ്യമസ്ഥാപനമെന്ന നിലയില്‍,അതിന്റെ പരിവൃത്തത്തിനുള്ളില്‍ നിന്നുകൊണ്ട് അദ്ദേഹം കവിതയെഴുത്തില്‍ ആത്മഹാസത്തിന്റെ വഴിയെ നടന്നുനീങ്ങി.കാച്ചിക്കുറുക്കിയെടുത്ത ആ വരികളില്‍ ഈ ദ്വന്ദ്വജീവിതത്തിന്റെ പ്രതിഫലനങ്ങളുണ്ടായിരുന്നു.
ട്രാന്‍സ്മിഷന്‍ എക്സിക്യൂട്ടീവും പിന്നെ പ്രോഗ്രാം എക്സിക്യൂട്ടീവുമായി പ്രവര്‍ത്തിക്കുമ്പോഴും തന്റെ ആദ്യകാലം അദ്ദേഹം മറന്നില്ല.തടവറയിലെ സുഹൃത്തുക്കളെ,കാമ്പസിലെ ചങ്ങാതിമാരെ,സാംസ്കരിക-മാധ്യമമണ്ഡലങ്ങളിലെ സഹയാത്രികരെയൊക്കെ അസാധാരണമായ.,മാന്ത്രികമായ സൌഹാര്‍ദ്ദച്ചരടുകൊണ്ട് തന്നോടു ചേര്‍ത്ത് നിര്‍ത്തി.അവരെ ആകാശവാണിയുമായി അടുപ്പിച്ചു.പഴയ തലമുറയിലേയും പുതിയ തലമുറയിലേയും എഴുത്തുകാരുമായും സാംസ്കാരികപ്രവര്‍ത്തകരുമായും ഇത്ര വിപുലവും സുദൃഡവുമായ ബന്ധം പുലര്‍ത്തിയിരുന്നവര്‍ ആകാശവാണിയില്‍ ഇനി വേറെയുണ്ടാകില്ല.
അടിയന്തിരാവസ്ഥാപീഡനങ്ങളുടെ പേരില്‍ പലരും പലതും വെട്ടിപ്പിടിച്ചപ്പോള്‍ ഉദയഭാനു നിര്‍മമതയോടെ,തന്നിലേക്കുള്‍വലിഞ്ഞു.ഇത് ഇവിടെ രേഖപ്പെടുത്തേണ്ടതുണ്ടു.
നമുക്കു ആശയപ്രകാശനത്തിനുള്ള സ്വാതന്ത്ര്യം വീണ്ടെടുത് തന്നത് ഇവരുടെയൊക്കെ തടവറജീവിതവും ചെറുത്തുനില്‍പ്പുമായിരുന്നു.തീവ്ര ഇടതു പക്ഷക്കാരും വലതുപക്ഷക്കാരുമുള്‍പ്പെടെയുള്ള അനേകായിരങ്ങളുടെ ത്യാഗനിര്‍ഭരമായ ജീവിതമാണു സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കാന്‍ നമുക്ക് വീണ്ടും അവസരമുണ്ടാക്കി തന്നത് എന്ന് ആരിപ്പോള്‍ ഓര്‍ക്കുന്നു!രണ്ടാം സ്വാതന്ത്ര്യ സമരപ്പോരാളികളാണിവര്‍.ചരിത്രത്തില്‍ ഉദയഭാനുവിനുള്ള ഇടം ഇതാണു.
“വസന്തത്തിന്റെ ഇടിമുഴക്കത്തി”നായി എടുത്തു ചാടിയ പ്രമുഖരില്‍ പലരും കാരാഗൃഹവാസത്തിനു ശേഷം ആദ്ധ്യാത്മികലോകത്തേക്ക് ആഴ്ന്നു പോയി.ഫിലിപ്പ് എം പ്രസാദും വെള്ളത്തൂവല്‍ സ്റ്റീഫനും ഇങ്ങനെ ആഴക്കയങ്ങളില്‍ മുങ്ങിപ്പോയ അനാഥപ്രേതാത്മാക്കളാണു.മറ്റു ചിലരൊക്കെ നവമുതലാളിത്തത്തിനു ഓശാന പാടി പ്രായശ്ചിത്തം ചെയ്യുന്ന ദയനീയ കാഴ്ചയും നാം കാണുന്നു.ആര്‍ഭാട-ബൂര്‍ഷ്വാ ജീവിതശൈലിയിലഭിരമിച്ച് കഴിയുന്നവരുമുണ്ടു.
മതപരമായ യാതൊരു ചടങ്ങുകളുമില്ലാതെ മാവൂര്‍ റോഡിലെ ഇലക്ട്രിക് ശ്മശാനത്തില്‍ പി.ഉദയഭാനുവിന്റെ ശരീരം ഒരു പിടി ചാരമായിതീര്‍ന്നപ്പോള്‍ അദ്ദേഹം അവശേഷിപ്പിച്ചു പോയത് അനശ്വരങ്ങളായ ഈ മൂല്യങ്ങളാണു.
-പൂര്‍ണ്ണ ഭൌതികവാദിയും മതേതരനുമായി ജീവിച്ച ത്യാഗിയായ ഈ മനുഷ്യനു ചരിത്രത്താളുകളില്‍ അമര ജീവിതം.
Friday, 23 October 2020
മലയാള റേഡിയോ പ്രക്ഷേപണ ചരിത്രം-അക്കിത്തം
Thursday, 22 October 2020
ഉറൂബ്:കഥയുടെ നിത്യവസന്തം
Wednesday, 21 October 2020
മുസ്ലീം വിദ്യാഭ്യാസ മുന്നേറ്റത്തിനൊരു മാദ്ധ്യമ കൈത്താങ്ങ്
കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയഭൂമികയിൽ കഴിഞ്ഞ ഒന്നര ദശാബ്ദത്തിനിടയിൽ വലിയൊരു
പരിവർത്തനമുണ്ടായി:വളരെ നിശബ്ദമായാണു ഇതുണ്ടായതെങ്കിലും അതിന്റെ പ്രത്യാഘാതങ്ങൾ
വരും നാളുകളിൽ എല്ലാരംഗത്തും പ്രകടമായിത്തുടങ്ങും.
മതപ്രചാരണത്തിനായി കേരളത്തിലെത്തിയ ക്രിസ്ത്യൻ മിഷണറിമാർ തുടക്കം
കുറിച്ച ആധുനിക വിദ്യാഭ്യാസത്തിലൂടെ രണ്ടു ശതാബ്ദത്തോളമായി ഈ രംഗത്ത് അധീശത്വം
പുലർത്തിയിരുന്നവരെ മറികടന്ന്,സാമൂഹികമായും വിദ്യാഭ്യാസപരമായും ഏറെ പിന്നാക്കം
നിന്നിരുന്ന കേരളത്തിലെ മുസ്ലീം ന്യൂനപക്ഷം
വലിയ കുതിച്ചുചാട്ടം നടത്തിയിരിക്കുന്നു.ഒരുപക്ഷേ,ചരിത്രത്തിൽ ഇതിനു സമാനതകൾ
കണ്ടെത്തുക പ്രയാസമായിരിക്കും.വെറും സാക്ഷരതനിരക്കിൽ നിന്നു
നമുക്കാരംഭിക്കാം.മുസ്ലീം പുരുഷന്മാരുടെ സാക്ഷരത 93.7 ഉം സ്ത്രീകളുടേത് 85.5 മാണു.ജ്ഞാനാധികാരം,ചരിത്രാതീതകാലം മുതൽ കുത്തകയാക്കിവെച്ചിരുന്ന ഭൂരിപക്ഷ
സമുദായത്തോളം എത്തിയിരിക്കുന്നു,മുസ്ലീംങ്ങൾ.ഹിന്ദുക്കളിൽ പുരുഷസാക്ഷരത 93.7ഉം
സ്ത്രീസാക്ഷരത 86.7ഉമാണു.മുസ്ലീം സമുദായം ഈ കുതിപ്പ് തീർച്ചയായും തുടരുകയും
അടുത്തുതന്നെ ഇപ്പോൾ മുന്നിൽ നിൽക്കുന്ന ക്രിസ്ത്യൻ ജനവിഭാഗത്തിനൊപ്പമെത്തുകയും
ചെയ്യും.
ആധുനിക വിദ്യാഭ്യാസത്തോട് മുഖം തിരിഞ്ഞുനിന്ന ഒരു ജനവിഭാഗം,അതിനെ
"നരകകവാടം"എന്നും ഇംഗ്ലീഷിനെ "നരകഭാഷ"എന്നും
വിശേഷിപ്പിച്ചിരുന്ന മതയാഥാസ്ഥിതികരുടെ സമൂഹം,പക്ഷേ,മലപ്പുറം ആദ്യത്തെ സമ്പൂർണ്ണ
സാക്ഷരജില്ലയായതോടെ,ശാസ്ത്ര-സാങ്കേതിക മേഖലയിൽ,കണ്ണടച്ചുതുറക്കുന്നത്ര വേഗത്തിൽ
നടത്തിയ കുതിച്ചുചാട്ടം നോക്കുക.ഇന്ന് കേരളത്തിൽ കമ്പ്യൂട്ടർ-അധിഷ്ഠിതമായ
വ്യവഹാരരംഗങ്ങളിലെല്ലാം ബഹുഭൂരിപക്ഷവും മുസ്ലീം മതന്യൂനപക്ഷത്തിൽ നിന്നുള്ള
വിദ്യാസമ്പന്നരായപുതുതലമുറയുടെ അധീശത്വമുണ്ടു.അതിനു ഇനി ഒരു പഠനറിപ്പോർട്ടിന്റെ
പിൻബലം കൂടി ആവശ്യമില്ല.അത്രക്ക് പ്രകടമാണിത്."ഇൻഫോ മാധ്യമം"എന്ന
പേരിൽ മാധ്യമം പത്രം സംസ്ഥാനത്തെ ആദ്യത്തെ കമ്പ്യൂട്ടർ പംക്തി തുടങ്ങിയപ്പോൾ അന്തം
വിട്ടവരുണ്ടു.ഇന്ന് കമ്പ്യൂട്ടറും ഇന്റർ നെറ്റുമായി ബന്ധപ്പെട്ട സർവ്വരംഗത്തും
ഇവരുടെ നിറസാന്നിദ്ധ്യമുണ്ടു.നവമാദ്ധ്യമങ്ങളായ ട്വിറ്ററിലും ഫേസ്ബുക്കിലും
ബ്ലോഗിലുമെല്ലാം ഭൂരിപക്ഷം ഇവർക്കാണു.ഇതൊരു
ജ്ഞാനവിസ്ഫോടനമാണു.അറിവിന്റെ,അക്ഷരത്തിന്റെ,ജ്ഞാനത്തിന്റെ ലോകത്ത് നിന്ന് സ്വയം
പിന്മാറിനിന്ന ജനവിഭാഗം ചുരുങ്ങിയകാലം കൊണ്ടു അവയിൽ അധീശത്വം പുലർത്തുക എന്ന
അത്ഭുതം ഇവിടെ സംഭവിച്ചിരിക്കുന്നു.ലഭ്യമായ സൂചന പ്രകാരം അഭ്യസ്തവിദ്യരായ മുസ്ലീം
പെൺകുട്ടികൾ ഉന്നത വിദ്യാഭ്യാസ രംഗത്ത് ആൺകുട്ടികളെ ഏറെ പിന്നിലാക്കിയിരിക്കുന്നു. ഇത് സമുദായത്തിനകത്ത് വൻ പ്രത്യാഘാതങ്ങളുണ്ടാക്കിയിട്ടുണ്ട്. അതിൽ ഏറ്റവും മുഖ്യം ഉന്നത വിദ്യാഭ്യാസം നേടിയവർക്ക് അനുുയോജ്യരായ വരൻമാരെ കിട്ടാത്തതാണ്.
ഇപ്പോൾ തന്നെ ഉന്നതവിദ്യാഭ്യാസം ലഭിച്ച നല്ലൊരുശതമാനം പേർ ഐ.ടി ഉൾപ്പെടെയുള്ള
വിവിധസേവനതുറകളിലും തൊഴിൽ രംഗങ്ങളിലും അന്യരോടൊത്ത് ജോലിയെടുക്കുന്നു.തുല്യരായി
ഇടപെടുന്നു.സഹവസിക്കുന്നു.പുതിയ ജീവിതസാഹചര്യങ്ങളുമായി പൊരുത്തപ്പെടാനും
തങ്ങളുടേതുമാത്രമായ പരിവൃത്തതിനു പുറത്തേക്ക് സഞ്ചരിക്കാനും തുടങ്ങിയിരിക്കുന്നു. 2011 ലെ സെൻസസ് പ്രകാരം,15.58 ശതമാനം മുസ്ലീംസ്ത്രീകൾ മാത്രമായിരുന്നു തൊഴിലെടു ത്തിരുന്നത് : ദേശീയ ശരാശരി ക്കാളും കുറവ്. ഇപ്പോൾ ഇത് അനുദിനം കുതിച്ചുയരുകയാണ്.
ഇതോടൊപ്പം തന്നെ പഠനവിഷയമാക്കേണ്ടതാണു മണ്ഡൽ കമ്മീഷൻ റിപ്പോർട്ട്
നടപ്പിലാക്കപ്പെട്ടതും രാജീവ് ഗാന്ധിയുടെ കാലത്തെ പഞ്ചായത്തിരാജ്
സംവിധാവവും.കേന്ദ്ര സർവ്വീസിൽ പുതിയ തൊഴിലവസരങ്ങൾ,ഐ.ഐ.ടി,എ.ഐ.ഐ.എം.എസ് പോലുള്ള
ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളിലും കേന്ദ്രസർവ്വകളാശാലകളിലും പഠിക്കാനുള്ള
അവസരം,തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ ഭരണസാരഥ്യത്തിലേക്ക് മുസ്ലീം സ്ത്രീകളുടെ
വർദ്ധിതപ്രാതിനിദ്ധ്യം എന്നിങ്ങനെ നീളുന്നു നമ്മുടെ സാമൂഹികക്രമത്തെ തന്നെ സമൂലം
ഉടച് ചുവാർക്കുന്ന ഈ സംഭവവികാസങ്ങൾ.
ഇതിന്റെയൊക്കെ ആകെത്തുകയായാണു സ്ത്രീകളുടെ വിദ്യാഭ്യാസത്തെ
മാത്രമല്ല,പള്ളിപ്രവേശനത്തെ കൂടി വിലക്കുന്ന യാഥാസ്ഥിതിക പൗരോഹിത്യത്തിന്റെ
നിയന്ത്രണത്തിൽ നിന്നുള്ള മോചനം അനിവാര്യമാക്കുന്ന ഈ വിസ്ഫോടനത്തിന്റെ ഭൂമിക
ഒരുങ്ങിയിരിക്കുന്നത്.ഇത് ആധുനിക വിദ്യാഭ്യാസം ലഭിക്കുന്നവരുടെ സമീപനത്തിലും
ജീവിതരീതികളിലും പ്രതിഫലിക്കുന്നുണ്ടു.അവ മതാധിഷ്ഠിതമായ രാഷ്ട്രീയപാർട്ടികളുടെ
ശോഷിപ്പിലേക്കും,യാഥാസ്ഥിതികപൗരോഹിത്യത്തിന്റെ പതനത്തിലേക്കും വഴിതെളിക്കും.
കോട്ടപ്പുറത്ത് സീതി മുഹമ്മദ് സാഹിബിന്റെ നേതൃത്വത്തിൽ 1922ൽ
രൂപവത്കരിക്കപ്പെടുകയും കേവലം 12വർഷം മാത്രം പ്രവർത്തിക്കുകയും ചെയ്ത മുസ്ലീം ഐക്യ
സംഘം എന്ന ബുദ്ധിജീവി കൂട്ടായ്മ തുടക്കമിട്ട വിദ്യാഭ്യാസ,നവീകരണ പ്രവർത്തനങ്ങൾക്ക്
കൂടുതൽ ശക്തിപകരാാൻ മുസ്ലിം രാഷ്ട്രീകഷികൾ വഹിച്ച ചരിത്രപരമായ പങ്ക് ഇവിടെ
വിസ്മരിച്ചുകൂട.മലപ്പുറം ജില്ല രൂപവത്കരണം,കാലിക്കറ്റ് സർവ്വകലാശാല
ആരംഭിച്ചത്,കച്ചവടതാൽപര്യം ആരോപിക്കപ്പെട്ടുവെങ്കിലും എയിഡഡ് മേഖലയിലും മറ്റും
ധാരാളം വിദ്യാലയങ്ങൾ ആരംഭിച്ചത് തുടങ്ങി, അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റിയുടേയു ടേതടക്കമുള്ള പ്രാദേശിക കേന്ദ്രങ്ങൾ മലപ്പുറത്ത് തുടങ്ങാൻ
കഴിഞ്ഞതു വരെ സാധിച്ചത് ഈ രാഷ്ട്രീയപശ്താത്തലം കൊണ്ടാണു.ഒരു പിന്നാക്കപ്രദേശം
ഉന്നതവിദ്യാഭ്യാസത്തിന്റെ അഭിമാനകേന്ദ്രമാകുന്നതിനു തീർച്ചയായും മുസ്ലീം
രാഷ്ട്രീയപ്പാർട്ടികൾക്ക് അഭിമാനിക്കാം.
ഒരു പക്ഷേ,മതാധിഷ്ഠിതമായ അജണ്ടകളിൽ ഇനി ഉറച്ചുനിൽക്കാൻ മുസ്ലീംകക്ഷികൾക്ക് ഇനി
കഴിയാതെപോകുന്നുവെങ്കിൽ അതിനുകാരണവും ഇതുതന്നെയായിരിക്കും എന്ന
വൈരുധ്യമുണ്ടു."കടലിൽ മഴപെയ്യുന്നത് അവിടെ കാടുണ്ടായിട്ടാണോ"എന്നു
ചോദിച്ച പാരമ്പര്യത്തിനു മേൽ മരം നട്ടുപിടിപ്പിക്കുന്ന സാക്ഷാൽ
ഹരിതരാഷ്ട്രീയത്തെക്കുറിച്ച് വാചാലരാകാനും,വിവാഹപ്രായ വിവാദത്തിൽ
യാഥാസ്ഥിതികപൗരോഹിത്യത്തെ നിഷ്കരുണം നിരാകരിയാനും അവരിൽ ഒരു വിഭാഗം നിർബന്ധിതരായത്
ഇക്കാരണത്താലാണു.
ഈ മാറ്റത്തിന്റെ അലയൊലികൾ കലാ-സാഹിത്യ രംഗതും തീക്കാറ്റാകുന്നുന്നുണ്ടു.പുതുതലമുറയെ
ത്രസിപ്പിക്കുന്ന മിക്ക സിനിമകളൂടേയും സ്രഷ്ടാക്കൾ ആധുനിക,മതേതര ജീവിതവീക്ഷണങ്ങൾ
പുലർത്തുന്ന പ്രതിഭാധനരായ മുസ്ലിം
യുവാക്കളാണു.സ്വതന്ത്രാസ്തിത്വമുള്ള,സ്വതന്ത്രവീക്ഷണങ്ങളുള്ള വലിയൊരു ശതമാനം
കലാകാരന്മാരും എഴുത്തുകാരും ബുദ്ധിജീവികളും ഇവർക്കിടയിലുണ്ട്.അവർ തീയറ്ററുകൾക്ക്
തീകൊളുത്തുകയോ,പാട്ടുകച്ചേരിയും ചിത്രകലയും ശിൽപ്പങ്ങളും പ്രതിമകളും ഹറാമാണെന്നു
പ്രസംഗിക്കുകയോ ചെയ്യില്ല.അത്തരക്കാരെ തുറന്നുകാട്ടുകയും ആസന്നഭാവിയിൽ
സ്വസമുദായത്തിൽ നിന്നു തന്നെ പേരെടുത്ത കർണ്ണാടകസംഗീതജ്ഞരും നർത്തകരും ശിൽപ്പികളും
ചിത്രകാരരും ഉയർന്നുവരുന്നതിനുള്ള അന്തരീക്ഷം സ്രൃഷ്ടിക്കുവൽ മുൻ കൈയെടുക്കുകയും
ചെയ്യും.ഇവർ സ്വസമുദായത്തിനകത്ത് മാത്രമല്ല,നമ്മുടെ പൊതുജീവിതത്തിലും
നിർണ്ണായകസ്വാധീനം ചെലുത്താൻ ശേഷിയുള്ളവരാണു:സമൂഹത്തിന്റെ
അഭിപ്രായരൂപീകരണത്തെപ്പോലും മാറ്റിമറിക്കാൻ കഴിവുള്ളവരാണു.
-ഈ സമൂഹമാണു ഇനി സംസ്ഥാനത്തെ മുസ്ലീം ന്യൂനപക്ഷത്തെ നയിക്കുക.അതുകൊണ്ടു തന്നെ ഇനി
ശൈശവവിവാഹങ്ങളും അറബിക്കല്യാണങ്ങളും,ബഹുഭാര്യത്വവും,സഞ്ചാരസ്വാതന്ത്ര്യത്തെപ്പോലും
നിഷേധിക്കുന്ന വസ്ത്രധാരണവുമെല്ലാം ഈ സമൂഹത്തിൽ പഴങ്കഥയാകും.ഓത്തുപള്ളികളിലേയും
മദ്രസകളിലേയും മതപരമായ വിദ്യാഭ്യാസത്തിനപ്പുറമുള്ള ലോകത്തേക്ക് സമൂഹം
കുതിക്കും.അവിടെ ശിരോരോമത്തെ ആരാധിക്കാനും,ഖബറുകളിൽ നേർച്ചയിടാനുമൊന്നു
ഇന്നേപ്പോലെ ആളെക്കിട്ടില്ല.വക്കം അബ്ദുൽ ഖാദർ മൗലവിയുടെ കാലം മുതൽക്കേ നടന്നുവന്ന
സാമൂഹികനവോത്ഥാനശ്രമങ്ങൾക്ക് ഫലപ്രാപ്തിയുണ്ടാകും.
ഈ മാറ്റങ്ങൾക്ക് ആവേഗം കൂട്ടേണ്ടതും പ്രോൽസാഹിപ്പിക്കേണ്ടതും
പുരോഗമനപ്രസ്ഥാനങ്ങളും പൊതുസമൂഹവും മാദ്ധ്യമങ്ങളുമാണു.പക്ഷേ,നമ്മുടെ
മാദ്ധ്യമങ്ങളിൽ ഈ വിഭാഗത്തിന്റെ പ്രാതിനിദ്ധ്യം പരിതാപകരമായി
കുറവാണു-പ്രത്യേകിച്ച് മുസ്ലീം വനിതാപത്രപ്രവർത്തകരുടെ.ഇന്ത്യയിൽ ഏറ്റവുമധികം
മാധ്യമങ്ങളുള്ള ജനവിഭാഗം കേരളത്തിലെ മുസ്ലിങ്ങളാണെങ്കിലും അവയിൽ ഭൂരിപക്ഷത്തിലും
പേരിനുവേണ്ടിപ്പോലും വനിതാപ്രാതിനിദ്ധ്യമില്ല.ഉയർന്ന വിദ്യാഭ്യാസമുള്ളവരുടെ
കുടുംബങ്ങളിൽ നിന്ന് മാദ്ധ്യമരംഗത്തേക്ക് പുതുതലമുറയിൽ പെട്ട പെൺകുട്ടികളെ
കൊണ്ടുവരേണ്ട അടിയന്തിരഘട്ടമാണിത്.മുസ്ലീം മാദ്ധ്യമങ്ങൾ അവർക്ക് നേരെ വാതിൽ
കൊട്ടിയച്ചേക്കാമെങ്കിലും മറ്റുള്ളവർ രണ്ടുകൈയ്യും നീട്ടി അവരെ
സ്വീകരിക്കും.അവരുൾക്കൊള്ളുന്ന ജനവിഭാഗത്തിലേക്കിറങ്ങിച്ചെന്ന്,അവരുടെ പ്രശ്നങ്ങളെ
വിശാലമായ
കാഴ്ച്ചപ്പാടിൽ പൊതുസമൂഹത്തിനു മുന്നിൽ നിരന്തരം അവതരിപ്പിക്കാൻ അവർക്ക്
കഴിയും.സമൂലം മാദ്ധ്യമവത്കൃതമായ ഒരു സമൂഹത്തിൽ ഇതുണ്ടാക്കുന്ന മാറ്റം വളരെ
വലുതാണു.ഇപ്പോഴും മറ്റു ജനവിഭാഗങ്ങളുമായി നിരന്തരം
സമ്പർക്കത്തിലേർപ്പെടാനും,ഇടകലരാനും മടിച്ചുനിൽക്കുന്ന ഒരു സമൂഹത്തിൽ മുസ്ലീം
വനിതാമാദ്ധ്യമപ്രവർത്തകർക്ക് അത്ഭുതങ്ങൾ സൃഷ്ടിക്കാനാകും-പ്രത്യേകിച്ച്
ഇലക്ട്രോണിക് മാദ്ധ്യമരംഗത്ത്.
പഞ്ചായത്ത് മുതൽ നിയമസഭവരെയുള്ള ജനാധിപത്യസ്ഥാപനങ്ങളിൽ ,ഇങ്ങനെ പൊതുസമൂഹത്തിനു
സുപരിചിതരും സ്വീകാര്യരും,മതേതരവീക്ഷണവും ജീവിതരീതിയും പിന്തുടരുന്നവരുമായ മുസ്ലീം
വനിതകളെ മത്സരിപ്പിക്കാൻ എന്തുകൊണ്ടാണു പുരോഗമനപ്രസ്ഥാനങ്ങൾ മടിച്ചുനിൽക്കുന്നത്?മുഖ്യധാരാമുസ്ലീം
രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ നിന്ന് ഇന്നേവരെ ഒരു വനിതാസ്ഥാനാർത്ഥിപോലും
നിയമസഭയിലേക്കോ പാർലമെന്റിലേക്കോ ഉണ്ടായിട്ടില്ല.ഇടതുപക്ഷം പോലും മുസ്ലീം
ഭൂരിപക്ഷമണ്ഡലങ്ങളിൽ നിന്ന് അതിനു തുനിഞ്ഞിട്ടുമില്ല.ജയിക്കില്ലെന്നുറപ്പുള്ളപ്പോൾ
പോലും അവർക്കതിനു ധൈര്യമില്ലാതെപോയത് കക്ഷിരാഷ്ട്രീയത്തിന്റെ കോങ്കണ്ണിലൂടെ
മാത്രം കാര്യങ്ങൾ നോക്കിക്കണ്ടതിനാലാകണം.വേഷഭൂഷാദികളിൽ തികച്ചും ആധുനികനും
മതേതരനുമായ പി.ടി.കുഞ്ഞുമുഹമ്മദിനെ മുസ്ലീം വോട്ടുകൾ നിർണ്ണായകമായ
ഗുരുവായൂരിൽ മത്സരിപ്പിച്ച് ജയിപ്പിച്ച പാരമ്പര്യമുള്ളവർക്ക്,അതേ
ബൗദ്ധികനിലവാരത്തിലുള്ള വനിതകളെ മലപ്പുറത്ത് സ്ഥാനാർത്ഥിയാക്കാൻ എന്താണിത്ര
വൈമുഖ്യം?ആദ്യം ജയിക്കില്ലെങ്കിലും അത് നൽകുന്ന രാഷ്ട്രീയസന്ദേശം
പിന്നെ വിജയങ്ങൾ സമ്മാനിക്കും.പ്രതിയോഗികൾക്ക് പിന്നെ സ്ത്രീകൾക്ക്
സീറ്റുനൽകാതിരിക്കാനാവില്ല.സ്ത്രീകളുടെ രാഷ്ട്രീയ പ്രവേശനത്തിനും
,പള്ളിപ്രവേശനത്തിനും വേണ്ടി പോരാടുന്ന ജമായത്തെ ഇസ്ലാമിയുടെ
വനിതാവിഭാഗത്തിന്റേയും,മുജാഹിദ് ഗേൾസ് മൂവ്മെന്റിന്റേയും മാത്രമല്ല
വനിതാലീഗിന്റെ കൂടി ധാർമ്മിക പിന്തുണ നേടാൻ ഇതിനു കഴിയും.വിദ്യാസമ്പന്നരായ
,സ്വതന്ത്രവീക്ഷണങ്ങളുള്ള വനിതകളുടെ പുതിയൊരു നേതൃനിര അങ്ങനെ മുസ്ലീങ്ങളിൽ
ഉയർന്നുവരും.
സ്വന്തം സാംസ്കാരിക പൈതൃകത്തിലും പാരമ്പര്യത്തിലും ഉറച്ചുനിന്നുകൊണ്ടു തന്നെ
മറ്റു ജനവിഭാഗങ്ങളുമായി നിരന്തരം കൊടുക്കൽ-വാങ്ങലുകൾ നടത്തിയും ,ആശയസംവാദങ്ങളിലൂടെ
നന്മകളെ സ്വാംശീകരിച്ചുമാണു കേരളത്തിൽ ക്രിസ്ത്യൻ മതന്യൂനപക്ഷം
വലിയശക്തിയായിമാറിയത്.അതിനവർക്ക് അടിത്തറയിട്ടത്
വിദ്യാഭ്യാസസ്ഥാപനങ്ങളായിരുന്നു.നവീനവിദ്യാഭ്യാസത്തെ ഹറാമാക്കി നിരസിച്ചവർ ചെയ്ത
പാപമായിരുന്നു ഈ ജനവിഭാഗത്തിന്റെ പിന്നാക്കാവസ്ഥ.
ക്രിസ്ത്യൻ മിഷണറിമാർ
കോട്ടയത്ത് സി.എം.എസ് കോളേജ് സ്ഥാപിച്ച് 132 വർഷം
കഴിഞ്ഞാണു മുസ്ലീംങ്ങൾക്ക് ഫാറൂഖ് കോളേജിലൂടെ അത്തരമൊരു
ഉന്നതവിദ്യാഭ്യാസകേന്ദ്രം സ്ഥാപിക്കാൻ സാധിച്ചത് എന്നോർക്കുക.ആ സമൂഹത്തെയും
പിന്നിലാക്കുന്നത്ര വിദ്യാഭ്യാസ
സ്ഥാപനങ്ങളും,വിഭവശേഷിയും,മാദ്ധ്യമങ്ങളും,അതീവസമ്പന്നമായ കലാസാംസ്കാരിക പൈതൃകവും
കൈമുതലായ കേരളത്തിലെ മുസ്ലീംങ്ങൾ ആധുനികസമൂഹമായി അതിവേഗം പരിവർത്തനം
ചെയ്തുകൊണ്ടിരിക്കുകയാണു.അതിനൊരു കൈത്താങ്ങ് മാത്രമേ മാദ്ധ്യമങ്ങൾ
നൽകേണ്ടതുള്ളൂ;ഇടതുപക്ഷവും,പിന്നെ വലതുപക്ഷവും ചെയ്യേണ്ടതും അത്രമാത്രം. .
Sunday, 11 October 2020
മലയാള റേഡിയോ പ്രക്ഷേപണ ചരിത്രം: പി. പുരുഷോത്തമൻ നായർ


Wednesday, 7 October 2020
പെരുന്ന തോമസ് കഥകൾ (സമാഹരണം ഡി.പ്രദീപ് കുമാർ )
Tuesday, 6 October 2020
എം.എസ്.ബാബുരാജ് : അനശ്വരമീ ജീവിതഗാനം
Sunday, 4 October 2020
പ്രക്ഷേപണത്തിലെ കാവുതീണ്ടലുകൾ
Sunday, 12 September 2010
കാലം എത്ര പെട്ടെന്നാണു മാറുന്നത്!
ഈ നിരീക്ഷണത്തിൽ ഉപഹാസത്തിന്റേയും,ആത്മവിമർശത്തിന്റേയും അംശമുണ്ടു.പോയകാലത്തിന്റെ മനോഹാരിതയെക്കുറിച്ചുമാത്രം സംസാരിക്കുന്ന,അതിൽ മാത്രം അഭിരമിക്കുന്ന ശീലമുള്ളവരുണ്ടു.അവരുടെ ഇഷ്ട നൊസ്റ്റാൾജിയ റേഡിയോ ആണു.കാരണം, അന്ന് മറ്റ് വിനോദോപാധികളൊന്നും അധികം ഉണ്ടായിരുന്നില്ല.വാർത്തകൾ ആദ്യം അറിയിച്ചിരുന്നതും,ഹൃദയഹാരിയായ മലയാളം,ഹിന്ദി ഗാനങ്ങൾ ആദ്യം കേൾപ്പിച്ചിരുന്നതും റേഡിയോ ആയിരുന്നു.കാണാമറയത്തിരുന്നുകൊണ്ടു ജനലക്ഷങ്ങളുടെ ഹൃദയങ്ങളിലേക്ക് ഒരുകൂട്ടം പേർ നിത്യവും സംസാരിച്ചുകൊണ്ടിരുന്നു. അവരുടെ വാക്കുകളാൽ തീർക്കപ്പെട്ടൊരു വിസ്മയലോകത്തിൽ, അതിരുകളില്ലാതെ പാറിപ്പറന്നു നടന്നൊരു ബാല്യ കൌമാരം ഈ ലേഖകനുമുണ്ടായിരുന്നു.സ്വീകരണമുറിയിലെ മർഫി റേഡിയോയ്ക്ക് മുന്നിൽ കുടുംബം ഒന്നിച്ചിരുന്ന് നിത്യവും പ്രക്ഷേപണം കേട്ടിരുന്നൊരു കാലം.ഓണപ്പകലുകളെ ധന്യമാക്കിക്കൊണ്ട് സാംബശിവൻ കഥപറയുന്നു.കവിയരങ്ങിലതാ ഒ.എൻ.വി കുറുപ്പ് ആർദ്രമയ ശബ്ദത്തിൽ ‘ഭൂമിക്കൊരു ചരമഗീതം‘ ചൊല്ലുന്നു:സുഗതകുമാരി ‘കൃഷ്ണാ നീയെന്നെയറിയില്ല” എന്ന് ഇടനെഞ്ചു പൊട്ടി കേഴുന്നു.എം.പി മന്മഥന്റെ ഘനഗംഭീരമായ ശബ്ദം മുഴങ്ങുന്നു.റേഡിയോ അമ്മാവൻ കുട്ടികളുമായി അതാ വർത്തമാനം പറഞ്ഞിരിക്കുന്നു.“കണ്ടതും കേട്ടതും” പരിപാടിയിൽ എസ്.രാമൻ കുട്ടി നായരും ടി.പി.രാധാമണിയും,പി.ഗംഗാധരൻ നായരും അരങ്ങുതകർക്കുന്നു...
റേഡിയോ നാടകോത്സവങ്ങൾ ഉത്സവകാലമായിരുന്നു.നേരത്തെ തന്നെ ഊണും പണികളും തീർത്ത് എല്ലാവരും നിശബ്ദരായി റേഡിയോയ്ക്ക് ചുറ്റുമിരിക്കും.അങ്ങനെ, അവസാനം ഒന്നിച്ചിരുന്നു കേട്ട നാടകം എസ്.രമേശൻ നായരുടെ “ശതാഭിഷേകം” ആയിരുന്നു.വിവാദക്കൊടുങ്കാറ്റുയർത്തിയ ഒന്നാംതരം അക്ഷേപഹാസ്യമായിരുന്നു,അത്.പതിനേഴ് വർഷങ്ങൾക്കിപ്പുറവും കിങ്ങിണിക്കുട്ടൻ മനസിൽ നിറഞ്ഞുനിൽക്കുന്നു.വിഡ്ഡിച്ചിരി ചിരിക്കുന്നു.വിരുദ്ധോക്തിയുടെ ശക്തിയും സൌന്ദര്യവും സ്ഫുരിക്കുന്ന നാടകങ്ങൾ പിന്നേയും ഉണ്ടായി.
പക്ഷേ,സ്വീകരണമുറി ടെലിവിഷൻ എന്ന പുതുമാദ്ധ്യമം കയ്യടക്കുകയും റേഡിയോ പിന്നാമ്പുറത്തേക്ക് മാറ്റപ്പെടുകയും ചെയ്തതോടെ കുടുംബസദസിൽ നിന്ന് റേഡിയോ പിൻവാങ്ങി.ആ ശ്രവ്യാനുഭവങ്ങൾ ഓരോരുത്തരുടേയും സ്വകാര്യതയുടെ പരിവൃത്തത്തിലേക്ക് ക്രമേണ ചുരുങ്ങി.അത് അങ്ങനെ കാതോട് കാതോരം,അരുമയോടെ,സ്നേഹത്തോടെ സംസാരിക്കുന്ന ഉത്തമസുഹൃത്തും വഴികാട്ടിയും സന്തതസഹചാരിയുമായി.പ്രക്ഷേപകൻ ഇപ്പോൾ സംസാരിക്കുന്നത് ജനക്കൂട്ടത്തോടല്ല.വലിയ സദസിനോടല്ല.തൊട്ടടുത്തുള്ള ഉറ്റ ചങ്ങാതിയോടാണു.അതിനു അച്ചടിഭാഷ ആവശ്യമില്ല.അക്ഷരം അറിയാത്ത അവസാനത്തെയാളിനും മനസിലാകുന്നതായിരിക്കണം അത്.അവരുടെ നിത്യജീവിതവുമായി ബന്ധപ്പെട്ടതായിരിക്കണം വിഷയം.അല്ലെങ്കിലോ?
ഇന്ന് റേഡിയോ എന്നാൽ ആകാശവാണി മാത്രമല്ല.ഇലക്ട്രോണിക് മാദ്ധ്യമരംഗത്ത് ചാനലുകളുടെ പ്രളയമാണു.വൈവിദ്ധ്യത്തിന്റെ പിറകെ എപ്പോഴും പായുക മനുഷ്യപ്രകൃതം.തെരഞ്ഞെടുക്കാൻ അസംഖ്യം ചാനലുകളാണു വിരൽതുമ്പിൽ.റേഡിയോയ്ക്ക് മുന്നിൽ കണ്ണുംപൂട്ടി,ചെവി കൂർപ്പിച്ച് ധ്യാനത്തിലെന്നപോലെ ഇരിക്കാനാവുന്ന ചുറ്റുപാടല്ല.ഏതുനിമിഷവും എവിടെ നിന്നെങ്കിലും ഫോൺ വരാം.ടി.വിയോ മൊബൈലോ കമ്പ്യൂട്ടറോ ശ്രദ്ധ വഴിതിരിച്ചുവിടാം.തങ്ങൾക്ക് അന്യമായ റേഡിയോയ്ക്ക് നേരെ കുട്ടികൾ എപ്പോഴും ശത്രുവിനെപ്പോലെ ചീറിയടുത്തേക്കാം.ഇങ്ങനെയുള്ള അനേകം വൈതരണികൾ കടന്നുവേണം ശ്രോതാവിനോട് ചങ്ങാത്തം കൂടാൻ.പുതുകാലത്തെ പ്രക്ഷേപകർക്ക് മുന്നിൽ മറ്റൊരു മാദ്ധ്യമവും അഭിമുഖീകരിക്കാത്ത ഇത്തരം വെല്ലുവിളികളുണ്ടു.
ട്രാൻസിറ്ററി മീഡിയം അഥവാ നൈമിഷികമാദ്ധ്യമമാണു റേഡിയോ എന്ന് പറയാറുണ്ടു.ഒരു ചെവിയിൽകൂടി കടന്ന് മറ്റേ ചെവിയിലൂടെ പുറത്തെത്തി അനന്തവിഹായസിൽ ലയിക്കുന്നവയാണു റേഡിയോ പ്രക്ഷേപണം.അതിനു അൽപ്പമാത്രമായ ആയുസ്സേയുള്ളൂ.അപൂർവ്വം ചില പരിപാടികൾ ഒന്നോ രണ്ടോ തവണ ആവർത്തിച്ചേക്കാം.മറ്റുള്ളവയെല്ലാം പ്രക്ഷേപണത്തോടെ ആയുസ്സറ്റ് വിസ്മൃതിയിലാഴുന്നു.അവയിൽ കാലത്തെ അതിജീവിക്കുന്നത് ചില ലളിതഗാനങ്ങളും,അച്ചടിമഷി പുരളുന്ന ചുരുക്കം ചില കവിതകളും കഥകളും മാത്രം.ബാക്കിയെല്ലാം എന്നന്നേക്കുമായി വിസ്മൃതിയിലായി എന്ന് ഇതിനു അർഥമില്ല.അവ ജീവിക്കുന്നത് കേൾവിക്കാരുടെ മനസിലാണു.വർഷങ്ങൾക്ക് മുൻപ് എന്നോ കേട്ട ഒരു സുഭാഷിതമോ,റേഡിയോ നാടകത്തിലെ സംഭാഷണശകലമോ,അഭിമുഖത്തിലെ ആത്മവിശ്വാസം സ്ഫുരിക്കുന്ന വാക്യങ്ങളോ ഏകാന്തനിമിഷങ്ങളിൽ പുനർജ്ജനിച്ചേക്കാം.പ്രതിസന്ധികളിൽ സാന്ത്വനശ്പർശമായേക്കാം.വാർദ്ധക്യത്തിൽ വഴികാട്ടിയായേക്കാം.അരൂപികളായി ഇരുന്നുകൊണ്ടു കേൾവിക്കാരുടെ ജീവിതത്തെ മരണക്കിടക്കവരെ പിന്തുടരുന്നവയാണു അവരുടെ ആ ശബ്ദങ്ങൾ.
അന്തരീക്ഷത്തിലൂടെ റേഡിയോസെറ്റിലേക്ക് വരുന്ന ഈ അശരീരികൾ ഓരോരുത്തരിലും സൃഷ്ടിക്കുന്ന വാങ്മയചിത്രങ്ങൾ വ്യത്യസ്തങ്ങളാണു.എന്റെ മനസിലെ കിങ്ങിണിക്കുട്ടനല്ല നിങ്ങളുടേത്.സുഗതകുമാരിയുടെ കൃഷ്ണനല്ല അനുവാചകരുടേത്.സഞ്ചിതസ്മരണകളിലൂടെ,തലമുറകളിലൂടെ കൈമാറി ലഭിക്കുന്ന എന്തൊക്കെയോ ഘടകങ്ങളാണു വ്യത്യസ്തവും വ്യതിരിക്തവുമായ ദൃശ്യ,ശ്രവ്യ അനുഭവങ്ങൾക്ക് നിദാനം.
റേഡിയോയിൽ ഏറ്റവും വിപുലവും വിസ്തൃതവുമായ ശ്ബ്ദചിത്രങ്ങൾ സൃഷ്ടിക്കപ്പെടുന്നത് നാടകങ്ങളിലാണു. ശബ്ദങ്ങളിലൂടെ മാത്രം ജീവിക്കുന്ന കഥാപാത്രങ്ങളും ജീവിതസന്ദർഭങ്ങളും ശ്രോതാവിന്റെ മനസിൽ രൂപപ്പെടുത്തുന്നത് മജ്ജയും മാംസവുമുള്ള മനുഷ്യരുടെ ലോകമാണു.അവിടെ അരൂപികളില്ല.അശരീരികളില്ല.ശബ്ദങ്ങൾക്കനുസൃതമായി നിയതമായ രൂപങ്ങൾ ജനിക്കുന്നത് അവർക്ക് പരിചിതരായവരുടെ മുഖച്ഛായയിലാണു.‘അസ്സോസിയേഷൻ ഒഫ് ഐയിഡിയാസ്”എന്ന് ഇംഗ്ലീഷിൽ വിശേഷിപ്പിക്കുന്ന ഈ പ്രക്രിയയിൽ ‘പ്രോക്സിമിറ്റി’എന്നൊരു പ്രധാനപ്പെട്ട ഘടകമുണ്ടു.ഞാൻ കിങ്ങ് ലിയറിന്റേയും ഒഥല്ലോയുടേയും ശബ്ദം റേഡിയോ നാടകത്തിൽ കേൾക്കുന്നത് എനിക്ക് പരിചിതമായ ഒരു പരിസരം സങ്കൽപ്പിച്ചുകൊണ്ടാണു.ഇത്തരം അസംഖ്യം വ്യക്തിപരവും സ്വകാര്യവുമായ പ്രതീകങ്ങളും ബിംബങ്ങളും സൃഷ്ടിക്കാൻ കഴിയുന്നു എന്നതാണു റേഡിയോ പ്രക്ഷേപണത്തിന്റെ സവിശേഷത.
പ്രക്ഷേപണ സമയത്തിനും കാലത്തിനും സാഹചര്യത്തിനുമപ്പുറത്തേക്ക് ഭൌതികകരൂപത്തിൽ (പണ്ടു ടേപ്പുകളായി,ഇന്ന് സി.ഡികളായി), നാമമാത്രമായവയേ അവശേഷിക്കുകയുള്ളുവെങ്കിലും,ഒരോ പ്രക്ഷേപണവും ശ്രോതാക്കളിൽ നിശബ്ദമായി പതിപ്പിക്കുന്ന മായാത്ത കൈയ്യൊപ്പുകളുണ്ടു.ജീവിതത്തിന്റെ ഊഷരതകൾക്കു മീത അമരത്വത്തോടെ അവ നിലനിൽക്കും.മൃതിയിൽ പോലും ജീവിച്ചിടും.
പക്ഷേ,എല്ലാകാലത്തും പ്രക്ഷേപണം ഒരേപോലെയല്ല.നോക്കുക:ആദ്യകാലങ്ങളിൽ റെക്കാർഡിങ്ങ് സംവിധാനം പരിമിതമായിരുന്നു.ടേപ്പുകൾ കിട്ടാനേയുണ്ടായിരുന്നില്ല.അതിനാൽ സിനിമാപാട്ടുകളൊഴികെ മിക്കവയും ലൈവായിരുന്നു!റേഡിയോ നാടകങ്ങൾ പോലും തത്സമയ പ്രക്ഷേപണമായിരുന്നു.അസാധാരണപ്രതിഭകൾക്കേ അത് വിജയകരമാക്കാൻ കഴിയുമായിരുന്നുള്ളൂ.1960തുകളുടെ ആദ്യം ശബ്ദലേഖനം വ്യാപകമായി.സാഹിത്യത്തിലെ മൌലികപ്രതിഭകൾ റേഡിയോയ്ക്ക് വേണ്ടി സ്ക്രിപ്റ്റുകൾ എഴുതിക്കൂട്ടി.ജീവിതഗന്ധിയായ ഇതിവൃത്തമുള്ള നൂറുകണക്കിനു നാടകങ്ങൾ ശ്രോതാക്കളിലേക്കെത്തി.മലയാളത്തിലെ മാത്രമല്ല മറ്റ് ഭാഷകളിലേയും സാഹിത്യകൃതികളുടെ റേഡിയോ രൂപാന്തരം ഉണ്ടായി.നാടകങ്ങൾ റേഡിയോയുടെ അവിഭാജ്യഘടകമായി.
പിൽക്കാലത്ത് ചെറുനാടകങ്ങളുടെ സ്വഭാവമുള്ളതും,ഏതാനും കഥാപാത്രങ്ങൾ മാത്രമുള്ളതും കാലികമായൊരു വിഷയത്തെ ഹാസ്യാത്മകമായി അവതരിപ്പിക്കുന്നതുമായ സ്കിറ്റുകൾ അഥവാ രൂപകങ്ങൾ രൂപമെടുത്തു.തിരുവനന്തപുരം നിലയത്തിൽ “കണ്ടതും കേട്ടതും”,“കലികാലം”, കോഴിക്കോട്ട് “കിഞ്ചനവർത്തമാനം”,തൃശൂരിൽ “പലരും പലതും”,ഏറ്റവും ഒടുവിൽ കൊച്ചി എഫ്.എമ്മിൽ“ശനിദശ”.
ജീവിതത്തിൽ മുൻപ് ഒരിക്കൽ പോലും ഒരു വരി ഹാസ്യം എഴുതിയ പരിചയമില്ലാത്ത ഈ ലേഖകൻ 2004ൽ കോഴിക്കോട്ടെ കിഞ്ചനവർത്തമാനത്തിന്റെ രചയിതാവായത് വളരെ യാദൃച്ഛികമായായിരുന്നു.ഖാൻ കാവിൽ,ഇരവി ഗോപാലൻ,കെ.ഏ മുരളീധരൻ,ആർ.വിമലസേനന്നായർ തുടങ്ങിയ പ്രതിഭാധനന്മാർ എഴുതിയും തകർത്തഭിനയിച്ചും എൺപതുകളിൽ മലബാറിലെ ജനലക്ഷങ്ങളെ ആകർഷിച്ച ഈ പരിപാടി,പക്ഷേ, അവരുടെ പിൻഗാമികളുടെ കൈയ്യിൽ പ്രഭമങ്ങികൊണ്ടിരുന്നു.ചാട്ടുളി പോലുള്ള സംഭാഷണങ്ങളാൽ സമൂഹത്തിലെ പുഴുക്കുത്തുകൾക്കെതിരെ ആഞ്ഞടിക്കുന്ന,നിശബ്ദഭൂരിപക്ഷത്തിന്റെ രോഷത്തിന്റേയും അമർഷത്തിന്റേയുമൊക്കെ പ്രതിഫലനമാകേണ്ട ഈ ആക്ഷേപഹാസ്യപരിപാടി ഓരോ ആഴ്ചയിലും ഊഴംവെച്ച് ഓരോരുത്തരെക്കൊണ്ട് നിർബന്ധിപ്പിച്ച് എഴുതിക്കുകയായിരുന്നു.2004 ആദ്യം, ആ ആഴ്ചത്തെ സ്ക്രിപ്റ്റ് എഴുതേണ്ടിയിരുന്ന സഹപ്രവർത്തകയ്ക്ക് അതിനു കഴിഞ്ഞില്ല.പഴയത് ആവർത്തിക്കാനാണെങ്കിൽ അതിനു യോഗ്യമായത് ഒറ്റഒരെണ്ണം പോലും ഇല്ല.ഈ മുഹൂർത്തത്തിലാണു ഒരു കൈ നോക്കാൻ തീരുമാനിച്ചത്.തെങ്ങല്ല,പ്ലാവാണു സാക്ഷാൽ കല്പവൃക്‌ഷം.അതിനാൽ വേലയും കൂലിയുമില്ലാതെ നടക്കുന്ന എല്ലാ യുവാക്കളും റോഡരുകിൽ പ്ലാവ് നടട്ടെ.ഓരോ യുവാവിനും കൊടുക്ക്,ഓരോ ചക്കക്കുരു!എന്ന ആഹ്വാനത്തോടെ അവസാനിക്കുന്ന ആ രചന ഏറ്റു!അന്നുമുതൽ ഓരോ ആഴ്ചയും സ്ക്രിപ്റ്റ്ഴുതേണ്ട ചുമതല കിട്ടി. പത്രങ്ങൾ പരതി ചൂടുള്ള വിഷയങ്ങൾ കണ്ടെടുത്ത് എഴുതിത്തുടങ്ങി.അവ സി.കൃഷ്ണ കുമാറും,ഈ.കെ.ഇസ്മയിലും,ബോബി.സി മാത്യുവും,കെ.വി.ശബരിമണിയും എം.പുഷ്പകുമാരിയും മറ്റും ചേർന്ന് അതീവ ഹൃദ്യമായി അവതരിപ്പിച്ചു.അതിനു സ്പോൺസർമാരുണ്ടായി.പിന്നാലെ എഫ്.എമ്മിലും കിഞ്ചനവർത്തമാനം അരങ്ങുകൈയ്യടക്കി.അധികം വളച്ചുകെട്ടൊന്നുമില്ലാതെ കാര്യങ്ങൽ പച്ചയായി,ഹാസ്യാത്മകമായി അവതരിപ്പിക്കുക എന്ന ശൈലിയാണു സ്വീകരിച്ചത്.അതിനായി തിരുവനന്തപുരത്തേയും തൃശൂരേയും കോഴിക്കോട്ടേയും പ്രാദേശികഭാഷാ വകഭേദങ്ങൾ ഉപയോഗിച്ചു.
വയനാട്ടിലെ കർഷക ആത്മഹത്യഹത്യകൾക്കെതിരായി സർക്കാർ നടത്തിയ സാംസ്കാരികകൂട്ടായ്മയെ വിഷയമാക്കിയത് ഇപ്രകാരമായിരുന്നു:ആത്മഹത്യചെയ്ത കർഷകന്റെ കുഴിമാടത്തിനരികെ കവിയരങ്ങ് നടത്താൻ അങ്ങാടിയിൽ വന്നിറങ്ങുന്ന ഒരു വണ്ടിനിറയെ ചെറുതും വലുതുമായ കവികളുടെ വിക്രിയകൾ കണ്ടു കാർക്കിച്ചുതുപ്പുകയാണു അങ്ങാടിയിലുള്ളവർ.ഇവന്റെയൊക്കെയൊരു സാംസ്കാരിക പൊറാട്ടുനാടകം!
പത്ത് കുട്ടികളുടെ പിതാവായ തോമ തന്റെ ആത്മകഥ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമയി സമുദായനേതാവിന്റെ മുന്നിലെത്തുന്നത്,തങ്ങൾ നടത്തുന്ന സ്കൂളുകളിൽ മാത്രമേ തങ്ങളുടെ കുട്ടികളെ ചേർക്കാവൂ എന്ന മതമേലദ്ധ്യക്ഷന്റെ ആഹ്വാനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു.അത് അവസാനിക്കുന്നത് ഈ വാചകത്തോടെയായിരുന്നു;പാഠം ഒന്ന്:മഹാത്മാ പിള്ളേരു തോമ!
ജനകീയപ്രശ്നങ്ങൾ നേരിട്ടറിയാൻ യുവനേതാവു ദളിത് ഭവനങ്ങളിൽ അന്തിയുറങ്ങുന്ന വാർത്തയിൽ നിന്ന് ഇങ്ങനെ ഒരു “കിഞ്ചനം”ഉത്ഭവിച്ചു.ഓണംകേറാമൂലപഞ്ചായത്തിലെ കോരന്റെ കുടിലിൽ അന്തിയുറങ്ങാൻ യുനേതാവ് എത്തുന്നതിനു മുന്നോടിയായി കരിമ്പൂച്ചകളുടെ അകമ്പടിയോടെ ഹെലികോപ്റ്ററിറങ്ങി അതാ വരുന്നു ഒരു പശുവും കിടാവും!നാളെ നേതാവു സ്വന്തം പശുവിന്റെ പാൽ കറന്നു കുടിക്കും.ചാണകം കോരനു ഫ്രീയായി കൊടുക്കും!എന്തൊരു എളിമ!
ജനസംഖ്യാക്കുറവ് മൂലം പ്രതിസന്ധിനേരിടുന്ന റഷ്യയിലേക്ക് ഇന്ത്യൻ വരന്മാരെ സ്വാഗതം ചെയ്യുന്നുവെന്ന പത്രവാർത്ത രൂപകമായി പരിണമിച്ചത് ഇങ്ങനെയായിരുന്നു:കല്യാണതട്ടിപ്പ് വീരൻ കല്യാണം കമലൻ പഞ്ചായത്ത് പ്രസിഡന്റിനെ ഒരു സർട്ടിഫിക്കേറ്റിനു സമീപിക്കുകയാണു. കുറേയേറെ കല്യാണങ്ങളിലായി പത്ത്മുപ്പത് പിള്ളാരെങ്കിലുമുണ്ടെന്ന് സാർ ലെറ്റർപാഡിൽ എഴുതിത്തരണം.റഷ്യക്ക് പോവാണാണു.അവിടെയിപ്പോൾ ഞങ്ങളെപ്പോലുള്ളവർക്ക് വൻ ഡിമാന്റാണു!ഞാൻ കല്യാണം കമലോസ്കിയായിട്ട് അവിടെചെന്ന് സാറിനൊറു വിസാ അയച്ചുതരാം!
വൃദ്ധജനപരിപാലനത്തിനു അമേരിക്കയിൽ വൻ തുക ചിലവാകുന്നത് കൊണ്ടു ഇന്ത്യയിലേക്ക് അവരെ അയക്കുന്നതാണു ലാഭകരം എന്ന പത്രവാർത്തയുമായി കുന്നംകുളത്തുകാരൻ കുറ്റിച്ചാക്ക് ലോന കുന്നിൻപുറത്തുള്ള സ്കൂളിനു വിലപറയാനെത്തുകയാണു.പ്രകൃതിരമണീയമായ ഈ സ്ഥലത്ത് അയാൽ ഒരു പുതിയ വ്യവസായപദ്ധതി ആരംഭിക്കാനൊരുങ്ങുകയാണു:ചാക്കാല ട്യ്യൂറിസം!!മരിക്കാൻ പ്രായമായ ഒരു ലോഡ് സായിപ്പന്മാരെ നെടുമ്പാശ്ശേരിക്ക് കയറ്റിവിടാനുള്ള ഓഡർ കൊടുത്തിട്ടാ ഞാൻ വരുന്നത്,എന്റെ സാറേ!
...ഇങ്ങനെ പത്രവാർത്തകളിൽ നിന്നും സമകാലികപ്രശ്നങ്ങളിൽ നിന്നും രൂപപ്പെടുത്തുന്ന,നാലോ അഞ്ചോ മിനിറ്റ് മാത്രം ദൈർഘ്യമുള്ള, ഇത്തരം രൂപകങ്ങൾ പത്രങ്ങളിലെ പോക്കറ്റ് കാർട്ടൂണുകളുടേയും പത്രാധിപർക്കുള്ള കത്തുകളുടേയും ധർമ്മമാണു ഒന്നിച്ച് അനുഷ്ഠിക്കുന്നത്.ഒരു തരം കാവുതീണ്ടലാണത്.
എപ്പോഴുംജനപക്ഷത്ത് നിന്നുകൊണ്ട് അധികാരസ്ഥാനങ്ങൾക്ക് മേൽ ഒളിഞ്ഞും തെളിഞ്ഞും കടുത്ത വിമർശനശരങ്ങൾ തൊടുത്തുവിടുന്നതിനാൽ അവ എപ്പോഴും ജനപ്രിയമായിരിക്കും.അതുകൊണ്ടു തന്നെ അത് ആവിഷ്കാരസ്വാതന്ത്യം അരക്കിട്ടുറപ്പിക്കുന്നു.രാജാവ് നഗ്നനാണെന്ന് വിളിച്ചുപറഞ്ഞുകൊണ്ടു നമ്മുടെ ജനാധിപത്യാവകാശങ്ങളെ ശക്തിപ്പെടുത്തുന്നു. മാദ്ധ്യമപ്രളയത്തിൽ റേഡിയോയുടെ വ്യതിരിക്തത അടയാളപ്പെടുത്തുന്ന,ഈ മാദ്ധ്യമത്തിന്റെ ശക്തിയും ചൈതന്യവും വെളിപ്പെടുത്തുന്ന ജനപ്രിയപരിപാടികളിൽ ഒന്നായിരിക്കും റേഡിയോ സ്കിറ്റുകൾ എന്ന ഈ ആക്ഷേപഹാസ്യ രൂപകങ്ങൾ.
പരസ്യദാതാക്കൾ മാദ്ധ്യമങ്ങളുടെ ഉള്ളടക്കവും അജണ്ടയും നിശ്ചയിക്കുന്ന ഒരു ആസുരകാലത്ത് ,റേഡിയോ അധികാരികൾക്കുവേണ്ടി,പരസ്യക്കാർക്കുവേണ്ടി, കുഴലൂത്ത്നടത്തുന്ന മാദ്ധ്യമമല്ലായിരുന്നുവെന്ന് വരും തലമുറ ഗൃഹാതുരതയോടെ ഓർക്കും.
അവർ ആത്മഗതം ചെയ്തേക്കും:കാലം എത്ര പെട്ടെന്നാണു മാറിയത്.റേഡിയോയിൽ സ്കിറ്റുകൾ പ്രക്ഷേപണം ചെയ്ത ഒരു കാലം ഇവിടെയുണ്ടായിരുന്നുവെന്നോ!
feedjit
Followers
MY BOOKS -1

(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍
സൂക്ഷ്മദര്‍ശിനി BOOKS-2

സൂക്ഷ്മദര്‍ശിനി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ