കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയഭൂമികയിൽ കഴിഞ്ഞ ഒന്നര ദശാബ്ദത്തിനിടയിൽ വലിയൊരു
പരിവർത്തനമുണ്ടായി:വളരെ നിശബ്ദമായാണു ഇതുണ്ടായതെങ്കിലും അതിന്റെ പ്രത്യാഘാതങ്ങൾ
വരും നാളുകളിൽ എല്ലാരംഗത്തും പ്രകടമായിത്തുടങ്ങും.
മതപ്രചാരണത്തിനായി കേരളത്തിലെത്തിയ ക്രിസ്ത്യൻ മിഷണറിമാർ തുടക്കം
കുറിച്ച ആധുനിക വിദ്യാഭ്യാസത്തിലൂടെ രണ്ടു ശതാബ്ദത്തോളമായി ഈ രംഗത്ത് അധീശത്വം
പുലർത്തിയിരുന്നവരെ മറികടന്ന്,സാമൂഹികമായും വിദ്യാഭ്യാസപരമായും ഏറെ പിന്നാക്കം
നിന്നിരുന്ന കേരളത്തിലെ മുസ്ലീം ന്യൂനപക്ഷം
വലിയ കുതിച്ചുചാട്ടം നടത്തിയിരിക്കുന്നു.ഒരുപക്ഷേ,ചരിത്രത്തിൽ ഇതിനു സമാനതകൾ
കണ്ടെത്തുക പ്രയാസമായിരിക്കും.വെറും സാക്ഷരതനിരക്കിൽ നിന്നു
നമുക്കാരംഭിക്കാം.മുസ്ലീം പുരുഷന്മാരുടെ സാക്ഷരത 93.7 ഉം സ്ത്രീകളുടേത് 85.5 മാണു.ജ്ഞാനാധികാരം,ചരിത്രാതീതകാലം മുതൽ കുത്തകയാക്കിവെച്ചിരുന്ന ഭൂരിപക്ഷ
സമുദായത്തോളം എത്തിയിരിക്കുന്നു,മുസ്ലീംങ്ങൾ.ഹിന്ദുക്കളിൽ പുരുഷസാക്ഷരത 93.7ഉം
സ്ത്രീസാക്ഷരത 86.7ഉമാണു.മുസ്ലീം സമുദായം ഈ കുതിപ്പ് തീർച്ചയായും തുടരുകയും
അടുത്തുതന്നെ ഇപ്പോൾ മുന്നിൽ നിൽക്കുന്ന ക്രിസ്ത്യൻ ജനവിഭാഗത്തിനൊപ്പമെത്തുകയും
ചെയ്യും.
ആധുനിക വിദ്യാഭ്യാസത്തോട് മുഖം തിരിഞ്ഞുനിന്ന ഒരു ജനവിഭാഗം,അതിനെ
"നരകകവാടം"എന്നും ഇംഗ്ലീഷിനെ "നരകഭാഷ"എന്നും
വിശേഷിപ്പിച്ചിരുന്ന മതയാഥാസ്ഥിതികരുടെ സമൂഹം,പക്ഷേ,മലപ്പുറം ആദ്യത്തെ സമ്പൂർണ്ണ
സാക്ഷരജില്ലയായതോടെ,ശാസ്ത്ര-സാങ്കേതിക മേഖലയിൽ,കണ്ണടച്ചുതുറക്കുന്നത്ര വേഗത്തിൽ
നടത്തിയ കുതിച്ചുചാട്ടം നോക്കുക.ഇന്ന് കേരളത്തിൽ കമ്പ്യൂട്ടർ-അധിഷ്ഠിതമായ
വ്യവഹാരരംഗങ്ങളിലെല്ലാം ബഹുഭൂരിപക്ഷവും മുസ്ലീം മതന്യൂനപക്ഷത്തിൽ നിന്നുള്ള
വിദ്യാസമ്പന്നരായപുതുതലമുറയുടെ അധീശത്വമുണ്ടു.അതിനു ഇനി ഒരു പഠനറിപ്പോർട്ടിന്റെ
പിൻബലം കൂടി ആവശ്യമില്ല.അത്രക്ക് പ്രകടമാണിത്."ഇൻഫോ മാധ്യമം"എന്ന
പേരിൽ മാധ്യമം പത്രം സംസ്ഥാനത്തെ ആദ്യത്തെ കമ്പ്യൂട്ടർ പംക്തി തുടങ്ങിയപ്പോൾ അന്തം
വിട്ടവരുണ്ടു.ഇന്ന് കമ്പ്യൂട്ടറും ഇന്റർ നെറ്റുമായി ബന്ധപ്പെട്ട സർവ്വരംഗത്തും
ഇവരുടെ നിറസാന്നിദ്ധ്യമുണ്ടു.നവമാദ്ധ്യമങ്ങളായ ട്വിറ്ററിലും ഫേസ്ബുക്കിലും
ബ്ലോഗിലുമെല്ലാം ഭൂരിപക്ഷം ഇവർക്കാണു.ഇതൊരു
ജ്ഞാനവിസ്ഫോടനമാണു.അറിവിന്റെ,അക്ഷരത്തിന്റെ,ജ്ഞാനത്തിന്റെ ലോകത്ത് നിന്ന് സ്വയം
പിന്മാറിനിന്ന ജനവിഭാഗം ചുരുങ്ങിയകാലം കൊണ്ടു അവയിൽ അധീശത്വം പുലർത്തുക എന്ന
അത്ഭുതം ഇവിടെ സംഭവിച്ചിരിക്കുന്നു.ലഭ്യമായ സൂചന പ്രകാരം അഭ്യസ്തവിദ്യരായ മുസ്ലീം
പെൺകുട്ടികൾ ഉന്നത വിദ്യാഭ്യാസ രംഗത്ത് ആൺകുട്ടികളെ ഏറെ പിന്നിലാക്കിയിരിക്കുന്നു. ഇത് സമുദായത്തിനകത്ത് വൻ പ്രത്യാഘാതങ്ങളുണ്ടാക്കിയിട്ടുണ്ട്. അതിൽ ഏറ്റവും മുഖ്യം ഉന്നത വിദ്യാഭ്യാസം നേടിയവർക്ക് അനുുയോജ്യരായ വരൻമാരെ കിട്ടാത്തതാണ്.
ഇപ്പോൾ തന്നെ ഉന്നതവിദ്യാഭ്യാസം ലഭിച്ച നല്ലൊരുശതമാനം പേർ ഐ.ടി ഉൾപ്പെടെയുള്ള
വിവിധസേവനതുറകളിലും തൊഴിൽ രംഗങ്ങളിലും അന്യരോടൊത്ത് ജോലിയെടുക്കുന്നു.തുല്യരായി
ഇടപെടുന്നു.സഹവസിക്കുന്നു.പുതിയ ജീവിതസാഹചര്യങ്ങളുമായി പൊരുത്തപ്പെടാനും
തങ്ങളുടേതുമാത്രമായ പരിവൃത്തതിനു പുറത്തേക്ക് സഞ്ചരിക്കാനും തുടങ്ങിയിരിക്കുന്നു. 2011 ലെ സെൻസസ് പ്രകാരം,15.58 ശതമാനം മുസ്ലീംസ്ത്രീകൾ മാത്രമായിരുന്നു തൊഴിലെടു ത്തിരുന്നത് : ദേശീയ ശരാശരി ക്കാളും കുറവ്. ഇപ്പോൾ ഇത് അനുദിനം കുതിച്ചുയരുകയാണ്.
ഇതോടൊപ്പം തന്നെ പഠനവിഷയമാക്കേണ്ടതാണു മണ്ഡൽ കമ്മീഷൻ റിപ്പോർട്ട്
നടപ്പിലാക്കപ്പെട്ടതും രാജീവ് ഗാന്ധിയുടെ കാലത്തെ പഞ്ചായത്തിരാജ്
സംവിധാവവും.കേന്ദ്ര സർവ്വീസിൽ പുതിയ തൊഴിലവസരങ്ങൾ,ഐ.ഐ.ടി,എ.ഐ.ഐ.എം.എസ് പോലുള്ള
ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളിലും കേന്ദ്രസർവ്വകളാശാലകളിലും പഠിക്കാനുള്ള
അവസരം,തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ ഭരണസാരഥ്യത്തിലേക്ക് മുസ്ലീം സ്ത്രീകളുടെ
വർദ്ധിതപ്രാതിനിദ്ധ്യം എന്നിങ്ങനെ നീളുന്നു നമ്മുടെ സാമൂഹികക്രമത്തെ തന്നെ സമൂലം
ഉടച് ചുവാർക്കുന്ന ഈ സംഭവവികാസങ്ങൾ.
ഇതിന്റെയൊക്കെ ആകെത്തുകയായാണു സ്ത്രീകളുടെ വിദ്യാഭ്യാസത്തെ
മാത്രമല്ല,പള്ളിപ്രവേശനത്തെ കൂടി വിലക്കുന്ന യാഥാസ്ഥിതിക പൗരോഹിത്യത്തിന്റെ
നിയന്ത്രണത്തിൽ നിന്നുള്ള മോചനം അനിവാര്യമാക്കുന്ന ഈ വിസ്ഫോടനത്തിന്റെ ഭൂമിക
ഒരുങ്ങിയിരിക്കുന്നത്.ഇത് ആധുനിക വിദ്യാഭ്യാസം ലഭിക്കുന്നവരുടെ സമീപനത്തിലും
ജീവിതരീതികളിലും പ്രതിഫലിക്കുന്നുണ്ടു.അവ മതാധിഷ്ഠിതമായ രാഷ്ട്രീയപാർട്ടികളുടെ
ശോഷിപ്പിലേക്കും,യാഥാസ്ഥിതികപൗരോഹിത്യത്തിന്റെ പതനത്തിലേക്കും വഴിതെളിക്കും.
കോട്ടപ്പുറത്ത് സീതി മുഹമ്മദ് സാഹിബിന്റെ നേതൃത്വത്തിൽ 1922ൽ
രൂപവത്കരിക്കപ്പെടുകയും കേവലം 12വർഷം മാത്രം പ്രവർത്തിക്കുകയും ചെയ്ത മുസ്ലീം ഐക്യ
സംഘം എന്ന ബുദ്ധിജീവി കൂട്ടായ്മ തുടക്കമിട്ട വിദ്യാഭ്യാസ,നവീകരണ പ്രവർത്തനങ്ങൾക്ക്
കൂടുതൽ ശക്തിപകരാാൻ മുസ്ലിം രാഷ്ട്രീകഷികൾ വഹിച്ച ചരിത്രപരമായ പങ്ക് ഇവിടെ
വിസ്മരിച്ചുകൂട.മലപ്പുറം ജില്ല രൂപവത്കരണം,കാലിക്കറ്റ് സർവ്വകലാശാല
ആരംഭിച്ചത്,കച്ചവടതാൽപര്യം ആരോപിക്കപ്പെട്ടുവെങ്കിലും എയിഡഡ് മേഖലയിലും മറ്റും
ധാരാളം വിദ്യാലയങ്ങൾ ആരംഭിച്ചത് തുടങ്ങി, അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റിയുടേയു ടേതടക്കമുള്ള പ്രാദേശിക കേന്ദ്രങ്ങൾ മലപ്പുറത്ത് തുടങ്ങാൻ
കഴിഞ്ഞതു വരെ സാധിച്ചത് ഈ രാഷ്ട്രീയപശ്താത്തലം കൊണ്ടാണു.ഒരു പിന്നാക്കപ്രദേശം
ഉന്നതവിദ്യാഭ്യാസത്തിന്റെ അഭിമാനകേന്ദ്രമാകുന്നതിനു തീർച്ചയായും മുസ്ലീം
രാഷ്ട്രീയപ്പാർട്ടികൾക്ക് അഭിമാനിക്കാം.
ഒരു പക്ഷേ,മതാധിഷ്ഠിതമായ അജണ്ടകളിൽ ഇനി ഉറച്ചുനിൽക്കാൻ മുസ്ലീംകക്ഷികൾക്ക് ഇനി
കഴിയാതെപോകുന്നുവെങ്കിൽ അതിനുകാരണവും ഇതുതന്നെയായിരിക്കും എന്ന
വൈരുധ്യമുണ്ടു."കടലിൽ മഴപെയ്യുന്നത് അവിടെ കാടുണ്ടായിട്ടാണോ"എന്നു
ചോദിച്ച പാരമ്പര്യത്തിനു മേൽ മരം നട്ടുപിടിപ്പിക്കുന്ന സാക്ഷാൽ
ഹരിതരാഷ്ട്രീയത്തെക്കുറിച്ച് വാചാലരാകാനും,വിവാഹപ്രായ വിവാദത്തിൽ
യാഥാസ്ഥിതികപൗരോഹിത്യത്തെ നിഷ്കരുണം നിരാകരിയാനും അവരിൽ ഒരു വിഭാഗം നിർബന്ധിതരായത്
ഇക്കാരണത്താലാണു.
ഈ മാറ്റത്തിന്റെ അലയൊലികൾ കലാ-സാഹിത്യ രംഗതും തീക്കാറ്റാകുന്നുന്നുണ്ടു.പുതുതലമുറയെ
ത്രസിപ്പിക്കുന്ന മിക്ക സിനിമകളൂടേയും സ്രഷ്ടാക്കൾ ആധുനിക,മതേതര ജീവിതവീക്ഷണങ്ങൾ
പുലർത്തുന്ന പ്രതിഭാധനരായ മുസ്ലിം
യുവാക്കളാണു.സ്വതന്ത്രാസ്തിത്വമുള്ള,സ്വതന്ത്രവീക്ഷണങ്ങളുള്ള വലിയൊരു ശതമാനം
കലാകാരന്മാരും എഴുത്തുകാരും ബുദ്ധിജീവികളും ഇവർക്കിടയിലുണ്ട്.അവർ തീയറ്ററുകൾക്ക്
തീകൊളുത്തുകയോ,പാട്ടുകച്ചേരിയും ചിത്രകലയും ശിൽപ്പങ്ങളും പ്രതിമകളും ഹറാമാണെന്നു
പ്രസംഗിക്കുകയോ ചെയ്യില്ല.അത്തരക്കാരെ തുറന്നുകാട്ടുകയും ആസന്നഭാവിയിൽ
സ്വസമുദായത്തിൽ നിന്നു തന്നെ പേരെടുത്ത കർണ്ണാടകസംഗീതജ്ഞരും നർത്തകരും ശിൽപ്പികളും
ചിത്രകാരരും ഉയർന്നുവരുന്നതിനുള്ള അന്തരീക്ഷം സ്രൃഷ്ടിക്കുവൽ മുൻ കൈയെടുക്കുകയും
ചെയ്യും.ഇവർ സ്വസമുദായത്തിനകത്ത് മാത്രമല്ല,നമ്മുടെ പൊതുജീവിതത്തിലും
നിർണ്ണായകസ്വാധീനം ചെലുത്താൻ ശേഷിയുള്ളവരാണു:സമൂഹത്തിന്റെ
അഭിപ്രായരൂപീകരണത്തെപ്പോലും മാറ്റിമറിക്കാൻ കഴിവുള്ളവരാണു.
-ഈ സമൂഹമാണു ഇനി സംസ്ഥാനത്തെ മുസ്ലീം ന്യൂനപക്ഷത്തെ നയിക്കുക.അതുകൊണ്ടു തന്നെ ഇനി
ശൈശവവിവാഹങ്ങളും അറബിക്കല്യാണങ്ങളും,ബഹുഭാര്യത്വവും,സഞ്ചാരസ്വാതന്ത്ര്യത്തെപ്പോലും
നിഷേധിക്കുന്ന വസ്ത്രധാരണവുമെല്ലാം ഈ സമൂഹത്തിൽ പഴങ്കഥയാകും.ഓത്തുപള്ളികളിലേയും
മദ്രസകളിലേയും മതപരമായ വിദ്യാഭ്യാസത്തിനപ്പുറമുള്ള ലോകത്തേക്ക് സമൂഹം
കുതിക്കും.അവിടെ ശിരോരോമത്തെ ആരാധിക്കാനും,ഖബറുകളിൽ നേർച്ചയിടാനുമൊന്നു
ഇന്നേപ്പോലെ ആളെക്കിട്ടില്ല.വക്കം അബ്ദുൽ ഖാദർ മൗലവിയുടെ കാലം മുതൽക്കേ നടന്നുവന്ന
സാമൂഹികനവോത്ഥാനശ്രമങ്ങൾക്ക് ഫലപ്രാപ്തിയുണ്ടാകും.
ഈ മാറ്റങ്ങൾക്ക് ആവേഗം കൂട്ടേണ്ടതും പ്രോൽസാഹിപ്പിക്കേണ്ടതും
പുരോഗമനപ്രസ്ഥാനങ്ങളും പൊതുസമൂഹവും മാദ്ധ്യമങ്ങളുമാണു.പക്ഷേ,നമ്മുടെ
മാദ്ധ്യമങ്ങളിൽ ഈ വിഭാഗത്തിന്റെ പ്രാതിനിദ്ധ്യം പരിതാപകരമായി
കുറവാണു-പ്രത്യേകിച്ച് മുസ്ലീം വനിതാപത്രപ്രവർത്തകരുടെ.ഇന്ത്യയിൽ ഏറ്റവുമധികം
മാധ്യമങ്ങളുള്ള ജനവിഭാഗം കേരളത്തിലെ മുസ്ലിങ്ങളാണെങ്കിലും അവയിൽ ഭൂരിപക്ഷത്തിലും
പേരിനുവേണ്ടിപ്പോലും വനിതാപ്രാതിനിദ്ധ്യമില്ല.ഉയർന്ന വിദ്യാഭ്യാസമുള്ളവരുടെ
കുടുംബങ്ങളിൽ നിന്ന് മാദ്ധ്യമരംഗത്തേക്ക് പുതുതലമുറയിൽ പെട്ട പെൺകുട്ടികളെ
കൊണ്ടുവരേണ്ട അടിയന്തിരഘട്ടമാണിത്.മുസ്ലീം മാദ്ധ്യമങ്ങൾ അവർക്ക് നേരെ വാതിൽ
കൊട്ടിയച്ചേക്കാമെങ്കിലും മറ്റുള്ളവർ രണ്ടുകൈയ്യും നീട്ടി അവരെ
സ്വീകരിക്കും.അവരുൾക്കൊള്ളുന്ന ജനവിഭാഗത്തിലേക്കിറങ്ങിച്ചെന്ന്,അവരുടെ പ്രശ്നങ്ങളെ
വിശാലമായ
കാഴ്ച്ചപ്പാടിൽ പൊതുസമൂഹത്തിനു മുന്നിൽ നിരന്തരം അവതരിപ്പിക്കാൻ അവർക്ക്
കഴിയും.സമൂലം മാദ്ധ്യമവത്കൃതമായ ഒരു സമൂഹത്തിൽ ഇതുണ്ടാക്കുന്ന മാറ്റം വളരെ
വലുതാണു.ഇപ്പോഴും മറ്റു ജനവിഭാഗങ്ങളുമായി നിരന്തരം
സമ്പർക്കത്തിലേർപ്പെടാനും,ഇടകലരാനും മടിച്ചുനിൽക്കുന്ന ഒരു സമൂഹത്തിൽ മുസ്ലീം
വനിതാമാദ്ധ്യമപ്രവർത്തകർക്ക് അത്ഭുതങ്ങൾ സൃഷ്ടിക്കാനാകും-പ്രത്യേകിച്ച്
ഇലക്ട്രോണിക് മാദ്ധ്യമരംഗത്ത്.
പഞ്ചായത്ത് മുതൽ നിയമസഭവരെയുള്ള ജനാധിപത്യസ്ഥാപനങ്ങളിൽ ,ഇങ്ങനെ പൊതുസമൂഹത്തിനു
സുപരിചിതരും സ്വീകാര്യരും,മതേതരവീക്ഷണവും ജീവിതരീതിയും പിന്തുടരുന്നവരുമായ മുസ്ലീം
വനിതകളെ മത്സരിപ്പിക്കാൻ എന്തുകൊണ്ടാണു പുരോഗമനപ്രസ്ഥാനങ്ങൾ മടിച്ചുനിൽക്കുന്നത്?മുഖ്യധാരാമുസ്ലീം
രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ നിന്ന് ഇന്നേവരെ ഒരു വനിതാസ്ഥാനാർത്ഥിപോലും
നിയമസഭയിലേക്കോ പാർലമെന്റിലേക്കോ ഉണ്ടായിട്ടില്ല.ഇടതുപക്ഷം പോലും മുസ്ലീം
ഭൂരിപക്ഷമണ്ഡലങ്ങളിൽ നിന്ന് അതിനു തുനിഞ്ഞിട്ടുമില്ല.ജയിക്കില്ലെന്നുറപ്പുള്ളപ്പോൾ
പോലും അവർക്കതിനു ധൈര്യമില്ലാതെപോയത് കക്ഷിരാഷ്ട്രീയത്തിന്റെ കോങ്കണ്ണിലൂടെ
മാത്രം കാര്യങ്ങൾ നോക്കിക്കണ്ടതിനാലാകണം.വേഷഭൂഷാദികളിൽ തികച്ചും ആധുനികനും
മതേതരനുമായ പി.ടി.കുഞ്ഞുമുഹമ്മദിനെ മുസ്ലീം വോട്ടുകൾ നിർണ്ണായകമായ
ഗുരുവായൂരിൽ മത്സരിപ്പിച്ച് ജയിപ്പിച്ച പാരമ്പര്യമുള്ളവർക്ക്,അതേ
ബൗദ്ധികനിലവാരത്തിലുള്ള വനിതകളെ മലപ്പുറത്ത് സ്ഥാനാർത്ഥിയാക്കാൻ എന്താണിത്ര
വൈമുഖ്യം?ആദ്യം ജയിക്കില്ലെങ്കിലും അത് നൽകുന്ന രാഷ്ട്രീയസന്ദേശം
പിന്നെ വിജയങ്ങൾ സമ്മാനിക്കും.പ്രതിയോഗികൾക്ക് പിന്നെ സ്ത്രീകൾക്ക്
സീറ്റുനൽകാതിരിക്കാനാവില്ല.സ്ത്രീകളുടെ രാഷ്ട്രീയ പ്രവേശനത്തിനും
,പള്ളിപ്രവേശനത്തിനും വേണ്ടി പോരാടുന്ന ജമായത്തെ ഇസ്ലാമിയുടെ
വനിതാവിഭാഗത്തിന്റേയും,മുജാഹിദ് ഗേൾസ് മൂവ്മെന്റിന്റേയും മാത്രമല്ല
വനിതാലീഗിന്റെ കൂടി ധാർമ്മിക പിന്തുണ നേടാൻ ഇതിനു കഴിയും.വിദ്യാസമ്പന്നരായ
,സ്വതന്ത്രവീക്ഷണങ്ങളുള്ള വനിതകളുടെ പുതിയൊരു നേതൃനിര അങ്ങനെ മുസ്ലീങ്ങളിൽ
ഉയർന്നുവരും.
സ്വന്തം സാംസ്കാരിക പൈതൃകത്തിലും പാരമ്പര്യത്തിലും ഉറച്ചുനിന്നുകൊണ്ടു തന്നെ
മറ്റു ജനവിഭാഗങ്ങളുമായി നിരന്തരം കൊടുക്കൽ-വാങ്ങലുകൾ നടത്തിയും ,ആശയസംവാദങ്ങളിലൂടെ
നന്മകളെ സ്വാംശീകരിച്ചുമാണു കേരളത്തിൽ ക്രിസ്ത്യൻ മതന്യൂനപക്ഷം
വലിയശക്തിയായിമാറിയത്.അതിനവർക്ക് അടിത്തറയിട്ടത്
വിദ്യാഭ്യാസസ്ഥാപനങ്ങളായിരുന്നു.നവീനവിദ്യാഭ്യാസത്തെ ഹറാമാക്കി നിരസിച്ചവർ ചെയ്ത
പാപമായിരുന്നു ഈ ജനവിഭാഗത്തിന്റെ പിന്നാക്കാവസ്ഥ.
ക്രിസ്ത്യൻ മിഷണറിമാർ
കോട്ടയത്ത് സി.എം.എസ് കോളേജ് സ്ഥാപിച്ച് 132 വർഷം
കഴിഞ്ഞാണു മുസ്ലീംങ്ങൾക്ക് ഫാറൂഖ് കോളേജിലൂടെ അത്തരമൊരു
ഉന്നതവിദ്യാഭ്യാസകേന്ദ്രം സ്ഥാപിക്കാൻ സാധിച്ചത് എന്നോർക്കുക.ആ സമൂഹത്തെയും
പിന്നിലാക്കുന്നത്ര വിദ്യാഭ്യാസ
സ്ഥാപനങ്ങളും,വിഭവശേഷിയും,മാദ്ധ്യമങ്ങളും,അതീവസമ്പന്നമായ കലാസാംസ്കാരിക പൈതൃകവും
കൈമുതലായ കേരളത്തിലെ മുസ്ലീംങ്ങൾ ആധുനികസമൂഹമായി അതിവേഗം പരിവർത്തനം
ചെയ്തുകൊണ്ടിരിക്കുകയാണു.അതിനൊരു കൈത്താങ്ങ് മാത്രമേ മാദ്ധ്യമങ്ങൾ
നൽകേണ്ടതുള്ളൂ;ഇടതുപക്ഷവും,പിന്നെ വലതുപക്ഷവും ചെയ്യേണ്ടതും അത്രമാത്രം. .
No comments:
Post a Comment