എല്ലാ മനുഷ്യരും സുന്ദരികളും സുന്ദരൻമാരുമാണെന്ന് അദ്ദേഹം നമ്മളോട് പറഞ്ഞു.നൻമയുടെ തൂവെളിച്ചം പ്രസരിക്കുന്ന കഥകളും നോവലുകളുമെഴുതി അത് കാണിച്ചു തന്നു. നമ്മളിൽ മിക്കവരും ഒട്ടും ഇഷ്ടപ്പെടാത്ത പന്നിക്കു പോലും ചന്തമുണ്ടെന്ന് അദ്ദേഹം വിശ്വസിച്ചു. മലയാളത്തിന്റെ മഹാകഥാകാരൻ ഉറൂബാണത്. പി.സി കുട്ടികൃഷ്ണൻ എന്ന ആ പൊന്നാനിക്കാരൻ പിറന്നിട്ട് 2010 ജൂൺ 8ന് നൂറ്റൊന്നു വർഷം തികഞ്ഞു. 'സുന്ദരികളും സുന്ദരൻമാരും', 'ഉമ്മാച്ചു'തുടങ്ങിയ നോവലുകളിലൂടെ,'രാച്ചിയമ്മ' ഉൾപ്പെടെയുള്ള ചെറുകഥകളിലൂടെ, കഥാസാഹിത്യത്തിൽ ചുറുചുറുക്കോടെ നില്ക്കുന്നു, ഉറൂബ്. നിത്യയൗവനം എന്നാണ് ആ തൂലികാനാമത്തിന്റെ അർത്ഥം. അദ്ദേഹത്തിന്റെ ഫോട്ടോ കണ്ടിട്ടില്ലേ? നല്ല സുമുഖനായ ഒരു കാരണവരെപ്പോലെയിരിക്കും. കട്ടി ഫ്രെയിമുള്ള കണ്ണട, തൂവെള്ള ജൂബയും മുണ്ടും. എല്ലാറ്റിലും ഒരു വെൺമയുണ്ട് .അദ്ദേഹത്തിന്റെ കഥകളും അങ്ങനെ തന്നെയായിരുന്നു. അവ വായിക്കുമ്പോൾ ആത്മവിശ്വാസവും ശുഭപ്രതീക്ഷയും മനസ്സിൽ നിറയും. പൊന്നാനിക്കടുത്ത പള്ളിപ്രം എന്ന ഗ്രാമം. കടലും ഭാരതപ്പുഴ എന്ന നിളാ നദിയും തൊട്ടയലത്ത്.കുട്ടിയായിരിക്കുമ്പോഴേ ഒരു ആശാന്റെ കീഴിൽ കുട്ടിക്കൃഷണൻ സംസ്കൃതം പഠിച്ചു തുടങ്ങി. അധികമാരോടും മിണ്ടില്ല. സമയം കിട്ടുമ്പോഴൊക്കെ അടുത്തുള്ള ഒരു വായനശാലയിലിരുന്ന് കൈയ്യിൽ കിട്ടുന്നതൊക്കെ വായിക്കും. അവിടെ ദിവസവും ഒരു കൂട്ടം പേർ ഒത്തു കൂടി കവിതയും കഥയുമൊക്കെ ചർച്ച ചെയ്തിരുന്നു. പിന്നീട് വലിയ നിരൂപകനായി മാറിയ കുട്ടികൃഷ്ണ മാരാർ ,'പൂതപ്പാട്ട് ' എഴുതിയ കവി ഇടശ്ശേരി ഗോവിന്ദൻ നായർ ,ചിന്തകനായ എം.ഗോവിന്ദൻ ,ചരിത്രകാരൻ എം.ജി.എസ്.നാരായണൻ തുടങ്ങിയവരൊക്കെ അക്കൂ ട്ടത്തിലുണ്ടായിരുന്നു. പൊന്നാനിക്കളരി എന്നാണ് ഇതിനെ വിശേഷിപ്പിച്ചിരുന്നത്. വക്കീൽ ഗുമസ്ഥനും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്നു, ഇടശ്ശേരി. അദ്ദേഹമായിരുന്നു കുട്ടിക്കൃഷ്ണനെ സാഹിത്യത്തിലേക്ക് വഴി തിരിച്ചുവിട്ടത്. എട്ടോ ഒൻപതോ വയസ്സുള്ളപ്പോൾ കണ്ട മഹാകവി വള്ളത്തോളും കുട്ടിക്കൃഷ്ണനെ സ്വാധീനിച്ചു.മഹാകവിയുടെ സംസാരശൈലിയും ആംഗ്യങ്ങളുമൊക്കെ അനുകരിച്ചു, ആ കുട്ടി. അദ്ദേഹത്തിന്റെ കവിതകളിലെ സ്വാതന്ത്ര്യബോധവും ജീവിതത്തോടുള്ള പ്രേമവും അതിനെക്കാളേറെ ആകർഷിച്ചു. അക്കാലത്തൊരിക്കൽ മഹാത്മാഗാന്ധി ഗുരുവായൂരിൽ വരുന്നതറിഞ്ഞു 16 മൈൽ കാൽനടയായി അദ്ദേഹത്തെ കാണാൻ പുറപ്പെട്ടു, കുട്ടിക്കൃഷ്ണൻ. അന്ന് പൊന്നാനി എ.വി.ഹൈസ്ക്കൂളിൽ പഠിക്കുകയാണ്. ഗാന്ധിജിയെ കണ്ട്,നമസ്കരിക്കണമെന്ന ഒരാറ്റ മോഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഗാന്ധിജി മുൻകൂർ അനുമതി വാങ്ങിയ വരെ മാത്രമേ കാണുന്നുണ്ടായിരുന്നുള്ളൂ. കുറച്ചു നേരം അവിടെ ചുറ്റിപറ്റി നിന്നപ്പോൾ ശ്രീലങ്കയിൽ നിന്ന് ഒരു അഞ്ചംഗ സംഘം ഗാന്ധിജിയെ കാണാൻ അനുവാദം വാങ്ങിയെത്തി.അവർക്കായി തുറക്കപ്പെട്ട ഗേറ്റിലൂടെ കുട്ടിക്കൃഷ്ണനും അകത്തു കടന്നു .ചർക്കയിൽ നൂൽ നൂറ്റു കൊണ്ടിരുന്ന ഗാന്ധിജി തലയുയർത്തി എല്ലാവരെയുമൊന്ന് നോക്കിയ ശേഷം പറഞ്ഞു: "നിങ്ങൾ അഞ്ചല്ല; ആറുപേരുണ്ടല്ലോ?" അപ്പോഴായിരുന്നു തങ്ങളോടൊപ്പമെത്തിയ കുട്ടിയെ സംഘം ശ്രദ്ധിക്കുന്നത്. ഗാന്ധിജി അവനെ തുറിച്ചൊന്ന് നോക്കി: "നീ ഏതാണ്?" "ഞാനൊരു വിദ്യാർത്ഥിയാണ്, ബാപ്പുജി'' " നീ ഇവിടെന്തിന് വന്നു?" " അങ്ങയെ കണ്ട് നമസ്കരിക്കാനായി 16 മൈൽ നടന്ന് വന്നതാണ്" ഇത്രയും പറഞ്ഞ് കുട്ടിക്കൃഷ്ണൻ ഗാന്ധിജിയുടെ പാദങ്ങളിൽ നമസ്കരിച്ചു .അദ്ദേഹം സ്നേഹത്തോടെ ആ കുട്ടിയെ പിടിച്ചെഴുന്നേല്പിച്ചു.ഒരു ചെറുപുഞ്ചിരിയോടെ അവനെ ഉപദേശിച്ചു: "കുട്ടീ, ജീവിതത്തിൽ ഒരിക്കലും എവിടെയും അതിക്രമിച്ച് കടക്കരുത്". ഗാന്ധിജിയുടെ ഉപദേശം ജീവിതത്തിലൂടനീളം ശിരസ്സാവഹിച്ചു, കുട്ടിക്കൃഷ്ണൻ. ആരോടും പരിഭവമില്ലാതെ, ശാന്തനും സൗമ്യനുമായി ജീവിച്ചു അദ്ദേഹം.
ആദ്ധ്യാത്മിക കാര്യങ്ങളിലും തത്ത്വശാസ്ത്രത്തിലും ഏറെ താല്പര്യമുണ്ടായിരുന്ന ബാല്യകാലത്ത് വിവേകാനന്ദസാഹിത്യം വായിച്ചു. കുമാരനാശാന്റെ പദ്യ കൃതികളും, നാലപ്പാട് നാരായണ മേനോന്റെ കാവ്യങ്ങളും ആർത്തിയോടെ വായിച്ചു.വായനശാലയുടെ കൈയ്യെഴുത്ത് മാസികയിൽ കുട്ടിക്കൃഷ്ണൻ കവിതകളെഴുതിത്തുടങ്ങി.ആദ്യമായി അച്ചടിക്കപ്പെട്ടതും ഒരു കവിതയായിരുന്നു. 1932-ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ "പിറ്റേന്ന്”എന്ന പേരിൽ അത് പ്രസിദ്ധീകരിക്കപ്പെട്ടപ്പോൾ ഫിഫ്ത്ത് ഫോമിൽ പഠിക്കുകയായിരുന്നു, കുട്ടിക്കൃഷ്ണൻ.ഇടശ്ശേരിയായി രുന്നു ആ കവിതയുടെ കൈയ്യെഴുത്ത്പ്രതി വായിച്ച്, ചില തിരുത്തലുകൾ വരുത്തി, ആഴ്ചപ്പതിപ്പിനയിക്കാൻ നിർദ്ദേശിച്ചത്. വായനശാലയുടെ പതിവ് സദസ്സിൽ കവിത വായിച്ചു കേൾപ്പിച്ചു.അത് ഒരാൾക്കു മാത്രമിഷ്ടപ്പെട്ടില്ല. കുട്ടിക്കൃഷ്ണമാരാർ ചോദിച്ചു: "നിങ്ങൾക്ക് വേറെ തൊഴിലൊന്നുമില്ലേ? " ഇനി കവിതകൾ എഴുതണോ എന്ന ശങ്ക ഉണ്ടായെങ്കിലും നിർത്തിയില്ല. പക്ഷേ, വായന വിശ്വോത്തര ക്ലസിക്ക് കഥകളിലേക്കും നോവലുകളിലേക്കും പടർന്നു. അങ്ങനെയൊരുനാൾ ഒരു കഥയെഴുതി -വേലക്കാരിയുടെ ചെക്കൻ. അത് വായനശാലാ സദസ്സിൽ വായിച്ചവതരിപ്പിച്ചതു കേട്ട് കുട്ടികൃഷ്ണ മാരാർ പറഞ്ഞു:
"കൊള്ളാം".
അദ്ദേഹം പ്രോത്സാഹിപ്പിച്ചു: ''നിങ്ങളിനി കഥകളെഴുതൂ ".
1936-ൽ ആ കഥ മാതൃഭൂമി ആഴ്ചപ്പതിൽ അച്ചടിച്ചുവന്നു. പിന്നെ തുടർച്ചയായി കഥകളെഴുതാൻ തുടങ്ങി. പക്ഷേ, മനസ്സ് അസ്വസ്ഥമായിരുന്നു. സ്ക്കൂൾ പഠനശേഷം കോളേജിൽ പോയില്ല. പത്തൊൻപതാം വയസ്സിൽ ആരോടും പറയാതെ കുട്ടിക്കൃഷ്ണൻ ഒരു നാൾ വീടുവിട്ടിറങ്ങി.ദക്ഷിണേന്ത്യ മുഴുവൻ ലക്ഷ്യമില്ലാതെ അലഞ്ഞു നടന്നു.പല തരം ജോലികൾ ചെയ്തു. വിചിത്രങ്ങളായ ധാരാളം അനുഭവങ്ങളുണ്ടായി.ആറു വർഷം നീണ്ടു നിന്ന ആ യാത്രയിലെ പല സംഭവങ്ങളും പിന്നീട് കഥകളിൽ അദ്ദേഹം എഴുതിയിട്ടുണ്ട്. നാട്ടിലെത്തിയിട്ടും കാര്യമായ തൊഴിലൊന്നും കിട്ടിയില്ലങ്കിലും കഥയെഴുത്ത് ഉഷാറായി തുടർന്നു.19942 മുതൽ രണ്ടു വർഷം നീലഗിരിയിലെ ഒരു തെയിലത്തോട്ടത്തിൽ ക്ലാർക്കാ യിജോലി ചെയ്തു. പിന്നെ കുറച്ചു കാലം കൊഴിക്കോട്ടെ ഒരു ബനിയൻ കമ്പനിയിൽ സൂപ്പർവൈസറായും ഒരു പ്രസിദ്ധീകരണശാലയിൽ പ്രൂഫ് റീഡറായും പണിയെടുത്തു. അക്കാലത്തെ പ്രമുഖ സാഹിത്യ പ്രസിദ്ധീകരണമായ 'മംഗളോദയ ' ത്തിൽ സഹപത്രാധിപരായും പ്രവർത്തിച്ചു. നിരൂപകനായി പേരെടുത്ത ജോസഫ് മുണ്ടശ്ശേരിയുടെ ലേഖനങ്ങൾ കേട്ടെഴുതുന്നതായിരുന്ന മുഖ്യ ജോലി. ഒന്നാന്തരം കൈയ്യക്ഷരമായിരുന്നു, അദ്ദേഹത്തിന്റെത്. അത് അധികകാലം നീണ്ടു നിന്നില്ല.
മഹാകവി ചങ്ങമ്പുഴയ്ക്ക് അദ്ദേഹത്തെ ഏറെ ഇഷ്ടമായിരുന്നു.മംഗളോദയത്തിലെ ജോലി തരപ്പെടുത്തിക്കൊടുത്തതും, അന്ന് അവിടെയുണ്ടായിരുന്ന ചങ്ങമ്പുഴയായിരുന്നു. ക്ഷയരോഗ ബാധിതനായ ചങ്ങമ്പുഴയുടെ അന്ത്യത്തിനും കുട്ടിക്കൃഷ്ണൻ സാക്ഷിയായി. 1950 ൽ കോഴിക്കോട് ആകാശവാണി നിലയം തുടങ്ങിയപ്പോൾ സ്ക്രിപ്റ്റ്റൈറായി കരാറടിസ്ഥാനത്തിൽ അദ്ദേഹം ആകാശവാണിയിൽ നിയമിതനായി. പി. ഭാസ്കരൻ എൻ.എൻ.കക്കാട്, അക്കിത്തം, തിക്കോടിയൻ,, കെ.രാഘവൻ, ബി.എ.ചിദംബരനാഥ് തുടങ്ങിയ പ്രഗത്ഭരുടെ വലിയ നിര ആകാശവാണിയിലുണ്ടായിരുന്നു. അന്ന് മിക്ക പരിപാടികളും ലൈവായിരുന്നു. നാടകങ്ങൾ മുതൽ അഭിമുഖങ്ങൾ വരെ എല്ലാം തത്സമയം ചെയ്യണം. ഒരു ചായക്കടയുടെ പശ്ചാത്തലത്തിൽ, സർക്കാരിന്റെ വിവിധ കാർഷിക,വികസന,ക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ച് ഹാസ്യരസപ്രധാനമായ ചിത്രീകരണം തയ്യാറാക്കി അവതരിപ്പിക്കുകയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ചുമതല .പിന്നെ, ശ്രോതാക്കളുടെ കത്തുകൾ വായിച്ച് അവതരിപ്പിക്കണം. സാഹിത്യ പരിപാടികളുടെ ചുമതലയും പിന്നീട് അദ്ദേഹത്തിന് ലഭിച്ചു.
വലിയ ഒരു സൗഹൃദവലയം ഇക്കാലത്ത് അദ്ദേഹത്തിനുണ്ടായി. പി ഭാസ്ക്കരനും രാമു കാര്യാട്ടും ചേർന്ന് ഒരു സിനിമ സംവിധാനം ചെയ്യാൻ തീരുമാനിച്ചപ്പോൾ അതിന്റെ കഥയ്ക്ക് അവർ സമീപിച്ചത് പി.സി കുട്ടിക്കൃഷ്ണനെയായിരുന്നു .1954 ഒക്ടോബറിൽ പുറത്തിറങ്ങിയ 'നീലക്കുയിൽ' ആ വർഷം ഏറ്റവും നല്ല ചിത്രത്തിനുള്ള രാഷ്ട്രപതിയുടെ വെള്ളി മെഡൽ നേടി. അദ്ദേഹം കഥയും തിരക്കഥയുമെഴുതിയ ആ ചിത്രം മലയാള സിനിമയുടെ ചരിത്രം തന്നെ മാറ്റിക്കുറിച്ചു. ജാതിക്കും മതത്തിനുമീതമായ മാനവികതയിലൂന്നിയ കഥയായിരുന്നു, സിനിമയുടെ ശക്തി.'നായരു പിടിച്ച പുലിവാൽ ', 'മിണ്ടാപ്പെണ്ണ്, 'ഉമ്മാച്ചു', ','കുരുക്ഷേത്രം',' അണിയറ', തുടങ്ങി ശ്രദ്ധേയമായ കുറേ ചിത്രങ്ങൾക്ക് കഥയും തിരക്കഥയും അദ്ദേഹം എഴുതി. ആകാശവാണി ജീവിതത്തിന്റെ ആരംഭകാലത്തു തന്നെ അദ്ദേഹം ഉറൂബ് എന്ന തൂലികാനാമം സ്വീകരിച്ചു.സംഗീതജ്ഞനായ സഹപ്രവർത്തകൻ കെ.രാഘവനെക്കുറിച്ച് ഒരു ലേഖനമെഴുതാൻ വേണ്ടിയായിരുന്നു, ഉറൂബ് എന്ന അറബി വാക്ക് തൂലികാനാമമാക്കിയത്.നിത്യയൗവനം എന്നു മാത്രമല്ല ,സമയം, കാലം എന്നും ആ വാക്കിനർത്ഥമുണ്ട്. ലേഖനത്തിനു പിന്നാലെ "കുഞ്ഞമ്മയും കുട്ടുകാരും', എന്ന തുടർക്കഥ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചപ്പോഴും തൂലികാനാമം തുടർന്നു.അങ്ങനെ പി.സി.കുട്ടിക്കൃഷ്ണൻ ഉറൂബായി.തുടർന്ന്, 'ഉമ്മാച്ചു'വും ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിക്കപ്പെട്ടു.
1954-ൽ മലയാളത്തിലെ എക്കാലത്തെയും മികച്ച നോവലുകളിലൊന്നായ, 'സുന്ദരി കളും സുന്ദരൻമാരും' തുടർക്കഥയായി തന്നെ മാതൃഭൂമിയിൽ പ്രസിദ്ധീകൃതമായി. ഓരോ കഥയ്ക്കു പിന്നിലും ഒരു കഥയുണ്ടെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. മുസ്ലീം പശ്ചാത്തലത്തിൽ എഴുതപ്പെട്ട പ്രേമകഥയാണ് 'ഉമ്മാച്ചു '.ഇടശ്ശരിയോടൊപ്പം കോടതികളിൽ പോയി കേസുകളുടെ വിസ്താരം കേൾക്കുന്ന ശീലമുണ്ടായിരുന്നു, അദ്ദേഹത്തിന്.ഭർത്താവിനെ കാമുകനെക്കൊണ്ട് കൊല്ലിച്ച്, അയാളെ വിവാഹം ചെയ്ത ഒരു സ്ത്രീയെ കൊലക്കുറ്റത്തിന് വിചാരണ ചെയ്യുന്നത് ഒരിക്കൽ കേൾക്കാനിടയായി. അതിൽ നിന്ന് പിറന്നതാണ് 'ഉമ്മാച്ചു'. കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച ഈ നോവലിലുടനീളം മലബാറിലെ മുസ്ലീങ്ങളുടെ സംസാരഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്. രണ്ടു തലമുറകളുടെ കഥ പറയുന്ന 'സുന്ദരികളും സുന്ദരൻമാരും' ഇതിഹാസമാനമുള്ള നോവലാണ്. തുല്ല്യ പ്രാധാന്യമുള്ള ഒട്ടേറെ കഥാപാത്രങ്ങളുള്ള നോവലിൽ ഒന്നാം ലോകമഹായുദ്ധം, മാപ്പിള ലഹള, രണ്ടാം ലോകമഹായുദ്ധം, ഇന്ത്യൻ സ്വാതന്ത്ര്യ സമരം എന്നിവ പ്രതിപാദ്യ വിഷയമാകന്നു. മാപ്പിള ലഹളക്കാലത്തുണ്ടായ കുട്ടിയായ വിശ്വം,ലോകത്തിന്റെ അറ്റം തേടി നടത്തുന്ന അന്വേഷണ യാത്രയുടെ കഥയാണിത്. മലബാറിലാണ് കഥ സംഭവിക്കുന്നത്. മനുഷ്യന്റെ നൻമയും മഹത്വവും വായനക്കാരിൽ അരക്കിട്ടുറപ്പിക്കുന്ന മഹത്തായ രചനയാണിത്.
ഇന്ത്യാവിഭജനകാലത്ത് പൊട്ടിപ്പുറപ്പെട്ട വർഗ്ഗീയ ലഹളയിൽ കൊല്ലപ്പെട്ട സുന്ദരിയായ യുവതിയുടെ ദാരുണമായ കഥ പറയുന്ന 'ആ മിന', ഇന്ദിര എന്ന യുവതിയുടെ വികാര തരംഗങ്ങൾ കാവ്യാത്മകമായ ഭാഷയിൽ എഴുതിയ 'ചുഴിക്കു പിമ്പേ ചുഴി', പ്രണയകഥയായ 'മിണ്ടാപ്പെണ്ണ്',' ഒരു കവിയുടെ മനോവ്യാപാരങ്ങളുടെ ആവിഷ്ക്കാരമായ 'അണിയറ', 'പിഴച്ച കാലങ്ങൾ', തുടങ്ങിയ നോവലുകളടക്കം ഉറൂബിന്റേതായി 40 കൃതികളുണ്ട്.
നൂറു കണക്കിന് ചെറുകഥകൾ അദ്ദേഹം എഴുതിയിട്ടുണ്ട്. സ്വാഭാവികമായ സംഭാഷണങ്ങളിലൂടെയും, ചിന്തകളിലൂടെയും കഥ പറയുന്നതാണു അദ്ദേഹത്തിന്റെ ശൈലി. പ്രകൃതി വർണ്ണനകൾ കൊണ്ട് സമ്പന്നമായ, കവിത തുളുമ്പുന്ന ഭാഷയാണ് അദ്ദേഹം ഉപയോഗിച്ചത്.'രാച്ചിയമ്മ 'യാണ് ഉറൂബിന്റെ ഏറ്റവും പ്രശസ്തമായ ചെറു കഥ. നീലഗിരി ജീവിതത്തിനിടയിൽ തെയിലത്തോട്ടത്തിൽ താമസിച്ച നാളുകളിൽ,പാലുമായി വന്നിരുന്ന തന്റേടികളും സ്വഭാവശുദ്ധിയുള്ളവരുമായ കന്നടക്കാരായ സ്ത്രീകളെ അദ്ദേഹം പരിചയപ്പെട്ടിരുന്നു.കാലങ്ങൾക്ക് ശേഷം അവരെ കണ്ടുമുട്ടിയപ്പോൾ അവർ ഏറെ മാറിയിരുന്നു.ഇത് മനസ്സിൽ നൊമ്പരമായി വിങ്ങി. അങ്ങനെ രൂപപ്പെട്ടതാണ് കരിങ്കൽ പ്രതിമ പോലുള്ള ശരീരവും ചങ്കൂറ്റവുമുള്ള രാച്ചിയമ്മ എന്ന ഏകാകിയായ സ്ത്രീ. അവിസ്മരണീയമായ കഥാപാത്രമാണവർ. നീലഗിരി ജീവിതത്തെ പശ്ചാത്തലമാക്കി എഴുതിയ കഥകളുടെ സമാഹാരം തന്നെ ഇറക്കിയിട്ടുണ്ട് -നീലമല. കുട്ടികൾക്കായി ഒട്ടേറെ കഥകളും ഉറൂബ് എഴുതിയിട്ടുണ്ട്. അപ്പുവിന്റെ ലോകം, മല്ലനും മരണവും, അങ്കവീരൻ എന്നീ കഥാ സമാഹാരങ്ങൾ കുട്ടിക്കഥകളാണ്. കുഞ്ഞുന്നാളിൽ ആനയെ കളിപ്പിക്കുന്നതു കണ്ട് രസം പിടിച്ച് ,ആനക്കാരനാകാൻ കൊതിച്ച ഉറൂബ് അപ്പുവായി മിക്ക കഥകളിലും വരുന്നുണ്ട് . തിരക്കഥാകൃത്ത്, നോവലിസ്റ്റ്, പ്രക്ഷേപകൻ എന്നീ നിലകളിൽ പ്രശസ്തിയുടെ ഉയരങ്ങൾ കയറിയാണ് 1975-ൽ അദ്ദേഹം ആകാശവാണിയിൽ നിന്ന് വിരമിക്കുന്നത്. ശ്രവ്യമാധ്യമ രംഗത്ത് നിന്ന് അദ്ദേഹം നേരെ പോയത് കുങ്കുമം വാരികയുടെ പത്രാധിപരായിട്ടാണ്. അടുത്ത വർഷം അദ്ദേഹം മലയാള മനോരമ വാരികയുടെ പത്രാധിപത്യം ഏറ്റെടുത്തു. അതിൽ എല്ലാ ആഴ്ചയും ആത്മകഥാംശമുള്ള ചെറിയ മുഖക്കുറിപ്പുകൾ എഴുതി. ഏറെ വായിക്കപ്പെട്ട ഈ കുറിപ്പുകൾ പിന്നീട് 'ഉറൂബിന്റെ ശനിയാഴ്ചകൾ' എന്ന പേരിൽ പ്രസിദ്ധീകരിക്കപ്പെട്ടു.ഇക്കാലത്ത് അദ്ദേഹം കേരള സാഹിത്യ അക്കാദമി പ്രസിഡന്റായി.
1979 ജൂലൈ 10 ന് ഹൃദ് രോഗബാധയെ തുടർന്ന് ധന്യമായ ആ ജീവിതത്തിന് തിരശ്ശീല വീണു

No comments:
Post a Comment