Tuesday, 26 May 2009
``ഹലോ, ഹലോ! ഇത് മനോമുകുളം വാരികേലും കിനാവ് ചാനലിലും എഴുതുകേം പറയുകേമൊക്കെ ചെയ്യുന്ന ഡോക്ടര്‍സാറല്ലേ?''
``അതേ, ഡോ. ശന്തനു മാന്‍പേട ഹോള്‍ഡിങ്ങ്. എന്റെ `മനസ്സുഖം' പരിപാടി കാണാറുണ്ടോ? എന്താ സഹോദരീടെ പേര്? എന്താ പ്രശ്‌നം?''
``ആയിരക്കണക്കിനാളുകളുടെ കണ്ണീരൊപ്പുന്ന അങ്ങ് എന്നെ രക്ഷിക്കണം. (ശബ്ദമിടറുന്നു). സാറ് ഞങ്ങടെ കാണപ്പെട്ട ദൈവമാ. സാറിന്റെ ഒരു വാക്ക് കേട്ടിട്ട് മരിക്കാനിരിക്കുകയാ ഞാന്‍...'' (കരയുന്നു).
``സഹോദരീ, കരയാതെ. കണ്ണീരൊപ്പാന്‍ ഈ ചേട്ടന്‍ ഇവിടെയുള്ളപ്പോള്‍ അവിവേകമൊന്നും കാട്ടരുത്. എല്ലാം തുറന്നു പറയൂ.മനസ്സാന്നിധ്യം വീണ്ടെടുക്കൂ. എന്താ അനിയത്തിക്ക് സംഭവിച്ചത്?'' ``എന്റെ സ്വന്തം ചേട്ടനാ ഈ ഡോക്ടറ് സാറ്. എന്റെ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമൊന്നും എന്നെ വേണ്‌ട സാറേ! അല്ലേലും ഞാന്‍ ഭാഗ്യം കെട്ടവളാ. സാറിനറിയാമോ, ഫോണ്‍ വിളിച്ചുവിളിച്ച് എന്റെ കൈ തേഞ്ഞു. ഇനി വിളിക്കാത്ത ചാനലുകളും റേഡിയോയുമൊന്നുമില്ല സാറേ. കഴിഞ്ഞ ഒന്നൊന്നര വര്‍ഷമായി സാറേ ഇത് തൊടങ്ങീട്ട്. ഓര്‍ക്കുംതോറും ചത്താ മതീന്ന് തോന്നുവാ... കിരാതം ചാനലിലെ `താടകത്തിടമ്പ്' പരമ്പര സാറ് കണ്‌ടിട്ടില്ല്യോ? എന്നെ കെട്ടിക്കൊണ്‌ടുവന്ന ആഴ്‌ചയിലായിരുന്നു സാറേ അതിലെ `നായികേടെ മൂക്കിനെത്ര നീളമുണ്‌ട്' എന്ന ഭാഗ്യമല്‍സരം. ഞാനും ഭര്‍ത്താവും വിളിച്ചിട്ട് ഫോണ്‍ കിട്ടിയില്ല. സാറിനറിയുമോ, എന്റെ ഭര്‍ത്താവിന്റെ അനിയന്റെ ഭാര്യയ്‌ക്കാരുന്നു ആ ആഴ്‌ചയിലെ സ്വര്‍ണമൂക്കുത്തി സമ്മാനം കിട്ടിയത്. `നാരായം നാരായണി' സീരിയലിലെ `നായികയുടെ കവിളത്തെ മറുകിന്റെ വിസ്‌തീര്‍ണമെത്ര?' എന്ന മല്‍സരത്തില്‍ നായികേടെ തലേല്‍ കുത്തിയ ഫോറിന്‍ സ്ലൈഡ് സമ്മാനമടിച്ചത് ആര്‍ക്കെന്നറിയുമോ സാറിന്? എന്റെ ജൂനിയറായി പഠിച്ച ആ മൂധേവി ശ്രീദേവിക്ക്! നീ വന്ന് കേറീല്ലാരുന്നെങ്കി `സ്വര്‍ണസുനാമീ'ലും `തങ്കമഴേ'ലും സമ്മാനം കിട്ടുമായിരുന്നൂന്നു പറഞ്ഞ് അമ്മായിയമ്മേടെ ദെവസ്സോമൊള്ള പ്‌രാക്ക് സഹിക്കാതെ ഒറക്കഗുളികേം വാങ്ങിച്ചോണ്‌ടാ സാറേ ഞാനിപ്പൊ വിളിക്കുന്നേ.''
``സഹോദരീ, ശാന്തയാകൂ! അവിവേകമൊന്നും ചെയ്യരുത്. ജീവിതമെന്നാല്‍...'' -ഇത്രയുമായപ്പോള്‍ ഡോക്ടറുടെ ഭാര്യ ഫോണ്‍ തട്ടിയെടുക്കുന്നു:
``നിങ്ങള്‍ ഫോണ്‍ വെച്ചിട്ടു മാറിക്കേ! ഒരു ഉപദേശി വന്നിരിക്കുന്നു! കിന്നാരം ചാനലിലെ `ഇടിവെട്ട് സ്വര്‍ണം' പരിപാടിയിലേക്ക് വിളിക്കാന്‍ സമയമായി. ഫോണ്‍ വെച്ചിട്ട് വേഗം പോണം ഹേ! നടക്കുന്നു, ഒരു മൊട്ടുസൂചി പോലും സമ്മാനമടിക്കാതെ നാട്ടാരെ ഉപദേശിക്കാന്‍...! നിങ്ങള്‍ ഫോണ്‍ വിട്. ഹലോ, ഹലോ...''
``ചേച്ചീ!'' ``കൊച്ചേ, ഞാന്‍ പറഞ്ഞുതരാം. ഈ ഒണക്കഡോക്ടറെക്കൊണ്‌ട് ഒരു കാര്യോമില്ല. നിങ്ങള്‍ക്ക് സമ്മാനം കിട്ടുന്നില്ല. അതല്ലേ പ്രശ്‌നം?''
`അതേ ചേച്ചീ!'' ``എനിക്കും ഇതായിരുന്നു പ്രശ്‌നം. കഴിഞ്ഞ മാസമാ ആ കാലദോഷം മാറ്റിയത്. ഋഷികേശിലെ സ്വാമി ടെലിവിഷനാനന്ദജി ഇറക്കുന്ന ചാനല്‍ സമ്മാന വശ്യയന്ത്രം തപാലില്‍ വരുത്തി അരേല്‍ കെട്ടിയിട്ട് ഞാന്‍ `സ്വര്‍ണതീമഴേ'ലേക്ക് വിളിച്ചപ്പോള്‍ ഒരു പവനാ അടിച്ചത്. വെറും ആയിരം ഉറുപ്പികേയൊള്ളൂ ഈ യന്ത്രത്തിന്. വാങ്ങിച്ച് അരേല് കെട്ടീട്ട് ഏതു ചാനലില് വിളിച്ചാലും സമ്മാനമൊറപ്പാ... മറക്കണ്‌ടാട്ടോ, ഋഷികേശിലെ സ്വാമി ടെലിവിഷനാനന്ദജി ഇറക്കുന്ന ചാനല്‍ സമ്മാന വശ്യയന്ത്രം!''
No comments:
Post a Comment