Friday, 2 August 2019
കഴിഞ്ഞ 28 വര്‍ഷമായി റേഡിയോനിലയത്തിലെ എന്റെ ദിനചര്യയിലെ മുടക്കമില്ലാത്ത ആദ്യ ഇനങ്ങളിലൊന്നാണു ശ്രോതാക്കളുടെ കത്തുകള്‍ വായിക്കുക എന്നത്.മിക്ക കത്തുകളും കാര്‍ഡിലാണു വരുന്നത്.ഇന്‍ലന്റിലും കവറിലുമുള്ളവ അപൂര്‍വ്വം.പണ്ടൊക്കെ മുന്നൂറും നാനൂറും കത്തുകള്‍ വന്നിരുന്നു.അടുത്തിടെ അത് ചുരുങ്ങി-ചുരുങ്ങി ഇരുപതും പത്തുമൊക്കെയായി.ചിലപ്പോഴെങ്കിലും അവ വിരളിലെണ്ണാവുന്നത് മാത്രമായി.ഇങ്ങനെ പോയല്‍ ഒരൊറ്റ കത്തും ഞങ്ങളെത്തേടിയെത്താത്ത ദിവസം വന്നെത്തുമോ?
-.കാലം മാറുകയാണു.ചുവരെഴുത്തുകള്‍ ആ സൂചന നല്‍കുന്നുണ്ടു.
അടുത്തിടെ രണ്ടു പ്രമുഖപുരസ്കാരജേതാക്കളുടെ സിനിമകള്‍ക്കെങ്കിലും,ചില ഷോയ്ക്ക് ,ഒരൊറ്റ പ്രേക്ഷകന്‍ പോലും തീയറ്ററിലെത്താത്ത ദാരുണമായ ദുരന്തമുണ്ടായി.
ആശംസാപ്രസംഗകര്‍ മാത്രമടങ്ങിയ പുസ്തകപ്രകാശന ചടങ്ങുകള്‍ക്ക് ഞാന്‍ പലവട്ടം സാക്ഷിയാകേണ്ടിവന്നിട്ടുണ്ടു.കര്‍ണ്ണാടകശാസ്ത്രീയാസ്വാദകര്‍ ധാരാളമുള്ളതായി പറയപ്പെടുന്ന തൃപ്പൂണിത്തുറയിലെ കളിക്കോട്ടപാലസില്‍ ഒരു പ്രമുഖസംഗീതജ്ഞന്റെ കച്ചേരി കേള്‍ക്കാനെത്തിയത് വെറും എട്ടുപേരായിരുന്നു.എറണാകുളം ടൌണ്‍ ഹാളില്‍ അടുത്തിടെ ആനന്ദിനേയും എന്‍.എസ് മാധവനേയും ശ്രവിക്കാനെത്തിയ അതിശുഷ്കമായ സദസിനെക്കുറിച്ച് എം.വി.ബന്നി ആകുലപ്പെട്ടത് കൌതുകത്തോടെ വായിച്ചു.പത്തു പേരെങ്കിലും വന്നുവല്ലോ.മഹാഭാഗ്യം!താരനിബിഡമായ മെഗാഷോകള്‍ അരങ്ങുതകര്‍ക്കുന്ന ഇക്കാലത്ത് ഇതൊക്കെ ആര്‍ക്കുവേണം?
അഭിരുചികള്‍ മാറുകയാണു.ത്രീ-ജിയും ഈ-മെയിലും എസ്.എം.എസുമുള്ളപ്പോള്‍ ആരെങ്കിലും തപാല്‍ ഓഫീസില്‍ പോയി പോസ്റ്റ് കാര്‍ഡ് വാങ്ങി റേഡിയോ നിലയത്തിലേക്ക് കത്തെഴുതുമോ?
-എഴുതും എന്നാണു ഉത്തരം.ചിലര്‍ക്കെങ്കിലും ഇന്നും അതൊരു സംസ്കാരത്തിന്റെ, ജീവിതചര്യയുടെ ഭാഗമാണു .അവരില്‍ നല്ലൊരു ശതമാനം പേരും സമൂഹത്തിന്റെ താഴ്ന്ന ശ്രേണിയിലുള്ളവരാണു.കൂലിപ്പണിക്കര്‍,മീന്‍ കച്ചവടക്കര്‍,തയ്യല്‍ക്കാര്‍,സ്വര്‍ണ്ണപ്പണിക്കാര്‍,കടകളില്‍ നില്‍ക്കുന്നവര്‍,വീട്ടുവേലക്കാര്‍,അന്ധര്‍ എന്നിങ്ങനെ സമൂഹത്തില്‍ അധികാരമോ പദവിയോ സമ്പത്തോ ഒന്നുമില്ലാത്ത സാധാരണക്കാര്‍.അവരുടെ ഉറ്റ സുഹൃത്തും വഴികാട്ടിയുമെല്ലാം റേഡിയോയാണു.അവര്‍ തങ്ങളുടെ കൊച്ചു-കൊച്ചു സന്തോഷങ്ങളും ആകുലതകളുമൊക്കെ മറ്റുള്ളവരുമായി പങ്കുവെയ്ക്കാന്‍ റേഡിയോ നിലയത്തിലേക്ക് മുടങ്ങാതെ കത്തുകളെഴുതുന്നു.പുറം ലോകവുമായി,സമൂഹവുമായി അവരെ ബന്ധിപ്പിച്ചു നിര്‍ത്തുന്ന ഒറെയൊരു കണ്ണിയാണു റേഡിയോ.ശരിക്ക് വഴങ്ങാത്ത അക്ഷരങ്ങളിലൂടെ അവര്‍ സ്വയം ആവിഷ്ക്കരിക്കുകയാണു.
സമ്പൂര്‍ന്ന സാക്ഷരതായജ്ഞത്തിലൂടെ അക്ഷരത്തിന്റെ വെള്ളിവെളിച്ചത്തിലേക്ക് വന്നവരുടെ തുടര്‍വിദ്യാഭ്യാസവും സ്വയം പഠനവുമാണു ഈ കത്തെഴുത്ത് എന്ന് അറിയുമ്പോഴേ ഇതിന്റെ സാമൂഹികമാനങ്ങള്‍ വ്യക്തമാകൂ.ഈ സാധുക്കള്‍ക്ക് സധൈര്യം ആശയപ്രകാശനം നടത്താന്‍ പിന്നെ ഏതു മാദ്ധ്യമമാണുള്ളത്?അവര്‍ പത്രങ്ങളിലേക്കോ മാസികകളിലേക്കോ ചാനലുകളിലേക്കോ എഴുതാന്‍ തുനിയുകയില്ല.അതൊക്കെയും അവര്‍ക്ക് കൈയ്യെത്തിപ്പിടിക്കാനാകാത്തത്ര ഉയരത്തിലുള്ളവയാണെന്ന് അവര്‍ വിശ്വസിക്കുന്നു.അവരുടെ സന്ധ്യകളെ ടെലിവിഷന്‍ ചാനലുകള്‍ കൈയ്യടക്കിവെച്ചിട്ടുണ്ടാകാം.പക്ഷേ,അവരാരും ആ ചാനലുകളിലേക്ക് എസ്.എം.എസ് അയയ്ക്കുകയില്ല.ഫോണ്‍ ചെയ്യുക പോലുമില്ല.എന്തുകൊണ്ടെന്നാല്‍, അവ തങ്ങളുടെയൊക്കെ പരിധിക്കും അപ്പുറത്താണെന്ന് അവര്‍ കരുതുന്നു.‘ഇത് എന്റേതാണു’ എന്ന ബോധം-SENSE OF BELONGNESS-ഉണ്ടാക്കാന്‍ ഈ നവമദ്ധ്യമങ്ങള്‍ക്കൊന്നും കഴിഞ്ഞിട്ടില്ല.അടുത്തിടെ പ്രമുഖ മാദ്ധ്യമപ്രവര്‍ത്തകനായ ടി.എന്‍.ഗോപകുമാര്‍ സ്വാനുഭവങ്ങളെ മുന്നിര്‍ത്തി ഇത് പറയുകയുണ്ടായി.ഇന്നും ഒരോ നിലയത്തിലും ശ്രോതാക്കള്‍ ഹൃദയത്തിലേറ്റി നടക്കുന്ന റേഡിയോ അവതാരകര്‍ ധാരാളമുണ്ടു.അവര്‍ ഉണ്ടാക്കിയ ജനസ്വാധീനം മറ്റൊരു മാദ്ധ്യമത്തിലേയും ഒരു അവതാരകനോ അവതാരികക്കോ ഇന്നേവരെ ഉണ്ടാക്കാനായിട്ടില്ല.അതിനു ഇനിയും കഴിയുമെന്നു തോന്നുന്നില്ല.മോഹന്‍ലാലിനേയൊ മമ്മൂട്ടിയേയോ വെല്ലുന്ന താരമൂല്യമുള്ള ഗള്‍ഫിലെ ഒരു റേഡിയോ ജോക്കിയെപറ്റി അടുത്തിടെ അവിടത്തെ ഏഷ്യാനെറ്റ് റേഡിയോയിലെ വാര്‍ത്താവിഭാഗം തലവനും കവിയുമായ കുഴൂര്‍ വിത്സണ്‍ പറഞ്ഞത് ഓര്‍ത്തുപോവുകയാണു.
എവിടെയും ജനങ്ങളുടെ ഹൃദയത്തോടടുത്ത് നില്‍ക്കുന്ന മാദ്ധ്യമം റേഡിയോ തന്നെ. പക്ഷേ, പുതുകാലത്തിന്റെ മാദ്ധ്യമമായി അത് എഫ്.എമ്മില്‍ പുനരവതാരം നടത്തിയപ്പോള്‍ അതിന്റെ രൂപവും ഭാവവും അപ്പാടെ മാറി.മൊബൈല്‍ ഫോണിലും കമ്പ്യൂട്ടറിലും അടിപൊളി ചെത്ത് പാട്ടുകളും കൊച്ചുവര്‍ത്തമാനങ്ങളും വിറ്റുകളും കൊഞ്ചലുകളും കേള്‍പ്പിക്കുന്ന പുതിയ റേഡിയോ മറ്റൊരു മാദ്ധ്യമമാണു.അതിനു പഴയ മീഡിയം വേവ് റേഡിയോയുടെ,ആ പഴഞ്ചന്‍ പാട്ടുപെട്ടിയുടെ വിദൂര പ്രതിച്ഛായ പോലുമില്ല.അത് ചാനലുകളുമായി മത്സരിക്കുന്ന ഒരു കമേഴ്സ്യല്‍ എന്റെര്‍ടൈനെറാണു.അവിടേയ്ക്ക് മങ്ങിയ നിറമുള്ള,പോയകാലത്തിന്റെ തത്സ്വരൂപമായ തപാല്‍ കാര്‍ഡില്‍ എഴുതുന്ന ഈ കത്തുകള്‍ക്ക് എന്തു പ്രസക്തി?
-നോക്കുക;ഇതില്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്ന സാംസ്കാരിക ചിഹ്നങ്ങള്‍ എന്തൊക്കെയാണെന്ന്!നഗരത്തിലെ തിരക്കിനിടയിലൂടെ പഴയൊരു കാലന്‍ കുട നിവര്‍ത്തിപ്പിടിച്ച് നടക്കുന്നയാള്‍ ഒരിക്കലും ഒരു ഐ.ടി.പ്രൊഫഷണലോ ബ്യൂറോക്രാറ്റോ ആകുകയില്ലല്ലോ.അവരുടെ വ്യവഹാര ചിഹ്നങ്ങള്‍ വ്യത്യസ്തമാണു.അതേ പോലെയാണു മീഡിയം വേവ് റേഡിയോ സ്റ്റേഷനു കത്തയക്കുന്നവരും എഫ്.എമ്മിനു എസ്.എം.എസോ മെയിലോ അയക്കുന്നവരും തമ്മിലുള്ള വ്യത്യാസം.അവര്‍ വ്യത്യസ്ത സാമൂഹിക പശ്ചാത്തലങ്ങളിലുള്ളവരാണു.അവരുടെ മാദ്ധ്യമവ്യവഹാരങ്ങള്‍ അതുകൊണ്ടു തന്നെ വ്യത്യസ്തങ്ങളാണു.തപാലില്‍ കത്തയക്കുന്നവരുടെ സാമൂഹിക ഇടപെടലുകള്‍ തുലോം പരിമിതമാണു.അവര്‍ ലോകത്തോടു സംസാരിക്കുന്നത് ഈ കാര്‍ഡുകളിലൂടെയാണു.
മറ്റുള്ളവര്‍ മാദ്ധ്യമപ്രളയത്തിനു നടുവില്‍ ജീവിക്കുന്നവരാണു.ഒരു നിമിഷാര്‍ദ്ധം കൊണ്ടു അവരുടെ ശബ്ദം ലോകമെമ്പാടുമെത്തും.തത്സമയചര്‍ച്ചകളിലൂടെ,അവയിലേക്ക് പ്രവഹിക്കുന്ന ഈ- മെയിലുകളിലൂടെ,പത്രമദ്ധ്യമങ്ങള്‍ക്കും അധികാരകേന്ദ്രങ്ങള്‍ക്കും നിരന്തരം നല്‍കുന്ന സന്ദേശങ്ങളിലൂടെ അവര്‍ തങ്ങളെതന്നെ സ്ഥാപിച്ചെടുക്കും.മാദ്ധ്യമങ്ങളുടെ വാര്‍ത്താവ്യവഹാരങ്ങളെ തന്നെ മാറ്റിമറിക്കും.തീരുമാനങ്ങളെ തങ്ങള്‍ക്കനുകൂലമാക്കിക്കി മാറ്റിയെഴുതിക്കും.അവര്‍ക്കെന്തിനു തപാലിനെ ആശ്രയിക്കണം?
തപാല്‍ ഓഫീസുകള്‍ പോലും ഇന്ന് ഇടത്തരക്കാര്‍ മുതല്‍ മുകളിലുള്ളവരുടെ നിത്യജീവിതത്തില്‍ വരുന്ന സാമൂഹിക സ്ഥാപനമല്ല.പഞ്ചായത്ത് ഓഫീസുകര്‍ വരെ മാദ്ധ്യമങ്ങള്‍ക്ക് അറിയിപ്പുകളയക്കാന്‍ കൊറിയര്‍ സര്‍വീസിനെ ആശ്രയിക്കുമ്പോള്‍,ലോകത്തെ ഏറ്റവും വിപുലവും കാര്യക്ഷമവുമായ തപാല്‍ ശൃംഖല ഊര്‍ദ്ധശ്വാസം വലിക്കാതെന്തു ചെയ്യും?പുതു തലമുറയ്ക്ക് തപാലിനെ തീരെ പരിചയമില്ല.അമിതമായ ചാര്‍ജ്ജ് ഈടാക്കുന്നതും ഒട്ടും കാര്യക്ഷമവും വിശ്വസനീയവുമല്ലാത്തതുമായ സ്വകാര്യകൊറിയറാണു ഇന്നിന്റെ ഫാഷന്‍.
പോസ്റ്റ്മാന്‍ പണ്ടു പ്രതീക്ഷയുടെ പ്രതിപുരുഷനായിരുന്നു.സന്തോഷവും സന്താപവും കൊണ്ടുവരുന്ന നല്ല ശമരിയാക്കാരനായിരുന്നു.ആരും കത്തയക്കാനില്ലെങ്കിലും എവിടുന്നോ ഒരു സന്തോഷവാര്‍ത്തയുമായി ഒരു നാള്‍ ഒരു തപാല്‍ എത്തുമെന്ന പ്രതീക്ഷയില്‍ നിത്യവും പോസ്റ്റ്മാന്റെ ബെല്ലടിക്ക് കതോര്‍ത്തിരുന്നവരുടെ നടാണിത്.
ഇന്ന് പ്രതാപങ്ങളെല്ലാം അസ്തമിച്ച്,അനാഥവും ഏകാന്തവുമായ വാര്‍ദ്ധക്യം തള്ളിനീക്കുന്നവരെ അനുസ്മരിപ്പിക്കുന്നു,നമ്മുടെ തപല്‍ ഓഫീസുകളും തപാല്‍ക്കാരും.പോസ്റ്റോഫീസുകളില്‍ മിക്കദിവസങ്ങളിലും സ്റ്റാമ്പില്ല;കവറില്ല;ഇന്‍ലന്റും കാര്‍ഡുമില്ല. ആകാശവാണിക്ക് കത്തെഴുതാനുള്ള കാര്‍ഡും തേടി പോസ്റ്റ് ഓഫീസുകള്‍ കയറി ഇറങ്ങിയ ഒരു ശ്രോതാവിന്റെ കത്ത് വന്നിരുന്നു.കാര്‍ഡിനു കടുത്ത ക്ഷാമമാണത്രേ.
റേഡിയോ നിലയത്തിലേക്കല്ലാതെ ഇക്കാലത്ത് ആരു കാര്‍ഡില്‍ കത്തയക്കും?കൊറിയറും സ്പീഡ്പോസ്റ്റും ഈ-മെയിലുമൊക്കെയുള്ളപ്പോല്‍ എന്തിനാണു ഈ പഴയ തപാല്‍ കാര്‍ഡ് എന്ന് ചോദിക്കുന്നവരുണ്ടാകും.ബുള്ളറ്റ് ട്രെയിനും ഫ്ലൈറ്റുമുള്ളപ്പോല്‍ നിങ്ങളെന്തിനാണു സൈക്കിളില്‍ സഞ്ചരിക്കുന്നത് എന്നു ചോദിക്കും പോലെയാണത്.അല്ലെങ്കില്‍,മൂന്നു നേരവും ചിക്കന്‍ഫ്രൈയും ബിരിയാണിയും കിട്ടുമ്പോള്‍ നിങ്ങളെന്തിനു കഞ്ഞി അന്വേഷിക്കുന്നു എന്നു ചോദിക്കും പോലെയാണത്.
അവരോടായി പറയട്ടെ- തന്റെ പ്രാകൃതമായ ഭാഷയില്‍ ,അക്ഷരതേറ്റോടെ റേഡിയോ നിലയത്തിനു ആഴ്ചതോറും കാര്‍ഡില്‍ കത്തയക്കുന്ന ഒരാള്‍ ചെയ്യുന്നത് ജനാധിപത്യപ്രക്രിയയില്‍ സക്രിയമായി ഇടപെടുക എന്ന മഹദ്കര്‍മ്മമാണു.ആ കത്തുകള്‍ സമൂഹത്തിലെ ഏറ്റവും അടിത്തട്ടിലുള്ള ഒരു വലിയവിഭാഗം ജനങ്ങളുടെ ഹൃദയത്തുടിപ്പുകളാണു.അവരുടെ നിസ്വനങ്ങളാണവ.
ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നു,മനസില്‍ നിന്ന് ഒരിക്കലും മായാത്ത ആ രണ്ടു കത്തുകള്‍.
പാലക്കാട്ടെ ചിറ്റൂരിലെ വൈദ്യുതി എത്താത്ത ഒരു വിദൂര ഗ്രാമത്തില്‍ നിന്ന് പത്ത് വര്‍ഷം മുന്‍പ് കൊച്ചി നിലയത്തിലേക്ക് ഒരു അമ്മ എഴുതി;ഇത് ഒരു അപേക്ഷയാണു.കഴിഞ്ഞ ദിവസം രാത്രി 10 മണിമുതല്‍ 11 മണിവരെ വെച്ചതു പോലുള്ള പ്രേതഗാനങ്ങള്‍ ഇനിയും പ്രക്ഷേപണം ചെയ്യരുതേ.നെല്‍പ്പാടങ്ങള്‍ക്ക് നടുവിലുള്ള വീട്ടില്‍ ഞാനും മകളും മാത്രമേയുള്ളൂ താമസം.ചീവീടുകളുടെ ശബ്ദവും ഈ പ്രേതഗാനങ്ങളും കാരണം ഉറങ്ങാനേ കഴിഞ്ഞില്ല.....ഇപ്പോഴും പേടിയാണു.
മറ്റൊരു വീട്ടമ്മ എഴുതി;എന്റെ കുഞ്ഞുംനാളില്‍ റേഡിയോ കേട്ട് അമ്മ എനിക്കു പാടിത്തന്ന ഒരു താരാട്ടുപാട്ടുണ്ടു...എന്റെ മകനെ ആ പാട്ട്പാടിക്കേള്‍പ്പിച്ചാണു ഞാനുറക്കിയിരുന്നത്...അവന്‍ പോയി.ഒറ്റ മകനായിരുന്നു.ആ പാട്ട് ഇടയ്ക്കിടെ റേഡിയോയില്‍ കേള്‍ക്കുമ്പോഴൊക്കെ അവനെന്ത് സന്തോഷമായിരുന്നെന്നോ!അവന്റെ ഓര്‍മ്മയ്ക്കായി അവന്റെ പിറന്നാളിനു ആ താരാട്ടു പാട്ട് ഒരിക്കല്‍ കൂടി കേള്‍പ്പിക്കുമോ?
No comments:
Post a Comment