എൺപത്തിെയെട്ട് വർഷം മുന്‍പാണ്. കോഴിക്കോട് നഗരത്തിലെ പഴയ പോലീസ് ലൈനിനടുത്ത റോഡില്‍ ഒരാള്‍ക്കൂട്ടം.
മലബാര്‍ റിസര്‍വ്വ് പോലീസിലെ കോണ്‍സ്റ്റബിളായ കുഞ്ഞുമുഹമ്മദ് ഒരു കൗതുകത്തിന് അവിടേയ്ക്ക് ചെന്നു.
ഒരു തെരുവു ഗായകന്‍ പാടുകയാണ്. പത്ത്-പതിനഞ്ച് വയസ്സുള്ള പയ്യനാണ്. കള്ളി ബനിയനിട്ട ഒരവശനായ ഗായകന്‍ തന്റെ വയറില്‍ കൊട്ടി താളം പിടിച്ച് ഉച്ചത്തില്‍ പാടുകയാണ്. ശ്രുതിമധുരമാണ് ആ ഗാനങ്ങള്‍. ഹിന്ദുസ്ഥാനിയും, മാപ്പിളപ്പാട്ടുകളും, രബീന്ദ്രസംഗീതവുമൊക്കെയുണ്ട്. സംഗീതതല്പരനായ ആ പോലീസുകാരന്‍ ആ പാട്ടുകളില്‍ ആകൃഷ്ടനായി അവിടെ തന്നെ നിന്നു. പാടിത്തളര്‍ന്നപ്പോള്‍ അവന്‍ ഓരോരുത്തരുടെ മുന്നിലും കൈനീട്ടി.
നാണയത്തുട്ടുകള്‍ എറിഞ്ഞു കൊടുത്ത് ഓരോരുത്തരായി പിരിഞ്ഞുപോയപ്പോള്‍ കുഞ്ഞു മുഹമ്മദ് അവന്റെ അടുത്തെത്തി സൗമ്യനായി തിരക്കി, “എന്താ നിന്റെ പേര്?”
“സാബിര്‍ ബാബു” അവന്‍ പറഞ്ഞു. അയാള്‍ അവന്റെ വീട്ടുകാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.
ബാപ്പയും ഉമ്മയും മരിച്ചു പോയി. കുറച്ചു കാലമായി പാട്ടുപാടി തെരുവുകളില്‍ അലയുകയാണ്.
ജാന്‍ മുഹമ്മദ് സാഹിബ് എന്ന അക്കാലത്തെ പ്രശസ്തനായ ഖവാലി ഗായകനായിരുന്നു അച്ഛന്‍. അന്നൊക്കെ മലബാറിലെ ധനാഢ്യരായ മുസ്ലീങ്ങളുടെ വീടുകളിലെ നിക്കാഹിന് ഖവാലി സംഘങ്ങള്‍ മാറ്റുരയ്ക്കുന്ന പതിവുണ്ടായിരുന്നു. പുതിയാപ്ലയോടൊപ്പം വധൂഗൃഹങ്ങളിലേയ്ക്ക് ഗായകസംഘം പോകും. അവിടെയള്ള ഖവാലി ഗായകരുമായി മത്സരിച്ച് പാടി രാവ് വെളുപ്പിക്കും. അതിനായി കല്‍ക്കത്തയില്‍ നിന്നും വരുത്തിയതായിരുന്നു ജാന്‍ മുഹമ്മദിനെ. അദ്ദേഹം കോഴിക്കോട്ടു നിന്ന് വാഴക്കാടുകാരി ഫാത്തിമയെ വിവാഹം കഴിച്ചതില്‍ പിറന്നതാണ് സാബിര്‍ സാബു.
ആറു വയസ്സായപ്പോഴേക്കും ഉമ്മ മരിച്ചു. ഉപ്പ തലശ്ശേരിയില്‍ നിന്നു പിന്നെയും കെട്ടി. അവന്റെ അനാഥ ബാല്ല്യം കെട്ടു പൊട്ടിയ പട്ടം പോലയായിതീരാന്‍ അധിക കാലം വേണ്ടി വന്നില്ല. ഉപ്പ കല്‍ക്കത്തയ്ക്ക് മടങ്ങിപ്പോയി. അങ്ങനെ, അക്ഷരാര്‍ത്ഥത്തില്‍ തെരുവിലായി അവന്റെ ജീവിതം. വയറ്റത്തടിച്ച് പാട്ടുപാടാന്‍ തുടങ്ങിയത് അങ്ങനെയാണ്. ഇടയ്‌ക്കെപ്പോഴോ ഉപ്പയെ അന്വേഷിച്ച് കല്‍ക്കത്തയ്ക്ക് കള്ളവണ്ടി കയറി. പക്ഷെ ഉപ്പയെ കണ്ടെത്താനാകാതെ ചൗരംഗിയിലും, ഹൗറയിലും നിത്യവൃത്തിക്കായി വയറ്റത്തടിച്ച് പാടി നടക്കേണ്ടി വന്നു. സൈഗാളിന്റെയും ആത്മയുടെയും പ്രശസ്ത ഗാനങ്ങള്‍ പാടി തെരുവുകളില്‍ അലഞ്ഞു തിരിഞ്ഞ ശേഷമായിരുന്നു കോഴിക്കോട്ടെത്തിയത്.
ഈ തെരുവു ബാലന്റെ കരളലിയിക്കുന്ന ജീവിത കഥ ആ പോലീസുകാരനെ പിടിച്ചുലച്ചു. അയാള്‍ അവനെ കൈപിടിച്ച് തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. നീയിനി എങ്ങും പോകേണ്ട. എന്റെ ഒപ്പം പോര്.
രണ്ട് അനിയന്മാരും അനിയത്തിമാരും അവിടെ കൂട്ടിനുണ്ടായിരുന്നു. കുഞ്ഞുമുഹമ്മദ് അവന് പുതുവസ്ത്രങ്ങളും ഭക്ഷണവും നല്‍കി. വൈകിട്ട് തന്റെ സുഹൃത്തുക്കളെ വിളിച്ചുകൂട്ടി സാബിര്‍ ബാബുവിനെക്കൊണ്ട് ഗാനമേള നടത്തിച്ചു. പിന്നെ, കോഴിക്കോട്ടെ സംഗീത സദസുകളിലൂടെ നാടകരംഗത്തേയ്ക്ക്. പിന്നെ സിനിമയിലൂടെ മലയാളിയുടെ മനസ്സിലേക്ക് സാബിര്‍ ബാബു നടന്നടുത്തു, നമ്മുടെ പ്രിയപ്പെട്ട ബാബുരാജായി.
ഹിന്ദുസ്ഥാനി സംഗീതത്തെ മലയാളിയുടെ മനസ്സിലേക്ക് ആവാഹിച്ച നൂറുകണക്കിന് അനശ്വര ഗാനങ്ങള്‍ക്ക് ഈണം നല്‍കി, ബാബുരാജ്. ആദ്യമായി അദ്ദേഹം സംഗീതസംവിധാനം നിര്‍വ്വഹിച്ചത് പി.ഭാസ്‌കരന്‍ എഴുതിയ രാമു കാര്യാട്ടിന്റെ “മിന്നാമിനുങ്ങി”ലെ ഗാനങ്ങള്‍ക്കായിരുന്നു.
ജീവിതത്തില്‍ ഒന്നിനും കണക്കുവെയ്ക്കാതെ ആഘോഷപൂര്‍വ്വം മുന്നോട്ടുപോയ ബാബുരാജിന്റെ അവസാന നാളുകള്‍ അദ്ദേഹത്തെ അടുത്തറിയുന്നവരെ ഏറെ നൊമ്പരപ്പെടുത്തി. പക്ഷാഘാതം വരുകയും സിനിമയില്‍ അവസരങ്ങള്‍ കുറയുകയും ചെയ്തതോടെ കൂടെ നിന്നവരൊക്കെ ബാബുരാജിനെ കൈയ്യൊഴിഞ്ഞു.
മദിരാശിയിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയിലെ ജനറല്‍ വാര്‍ഡില്‍ കിടന്നാണ് അന്‍പത്തിയേഴാം വയസ്സില്‍ അദ്ദേഹം അന്ത്യശ്വാസം വലിക്കുന്നത്.
മരണമടുത്തപ്പോള്‍ വാര്‍ഡില്‍ ഒപ്പമുണ്ടായിരുന്ന ഒരു സ്‌നേഹിതനോട് പി.ഭാസ്‌കരന്‍ എഴുതിയ “അന്വേഷിച്ചു കണ്ടെത്തിയില്ല” എന്ന ചിത്രത്തിലെ “താമരക്കുമ്പിള്ളല്ലോ മമ ഹൃദയം” എന്ന ഗാനം ആലപിക്കാന്‍ ആവശ്യപ്പെട്ടു. ഒപ്പം പാടാന്‍ അദ്ദേഹം ശ്രമിച്ചു. ‘താതാ നിന്‍ കല്പനയാല്‍’ എന്ന വരി ദുര്‍ബ്ബല ശബ്ദത്തില്‍ പാടിക്കൊണ്ടിരിക്കേ ആ ശബ്ദം എന്നെന്നേയ്ക്കുമായി നിലച്ചു. 1978 ഒക്‌ടോബര്‍ 7 ന് ബാബുരാജ് ഈ ലോകം വിട്ടുപോയി.
തന്റെ പ്രിയ സുഹൃത്തിനുള്ള ആദരാഞ്ജലിയായി ഭാസ്‌കരന്‍ മാസ്റ്റര്‍ “ബാബുരാജ്” എന്ന കവിത എഴുതിയിട്ടുണ്ട്.
വിരഹത്തിന്റെ ഈ 43ആം വർഷത്തിലും പ്രിയപ്പെട്ടവർക്ക് ആ സ്മരണകൾ കടലിരമ്പമാകുന്നു.ബാബുക്കയുടെ ഗാനങ്ങൾ അനശ്വരമാണു;അപൂർണ്ണമായ ആ ജീവിതം നൽകുന്ന അനുഭവപാഠങ്ങളും അങ്ങനെ തന്നെ.
No comments:
Post a Comment