ദക്ഷിണാഫ്രിക്കയുടെ വിമോചന നായകൻ,ജീവിക്കുന്ന ഇതിഹാസം,നെൽസൺ മണ്ടേല 2013 ഡിസംബർ 5നുചരിത്രത്തിലേക്ക് പിൻവാങ്ങി.
1918 ജൂലൈ 18നു ദക്ഷിണാഫ്രിക്കയിലെ മ്യൂവ്സോ എന്ന കൊച്ചുഗ്രാമത്തിലാണു നെൽസൺ മണ്ടേല ജനിച്ചത്.സ്കൂളിൽ ചേരുംവരെ "വഴക്കാളി"എന്ന് അർത്ഥംവരുന്ന ഒരു പേരായിരുന്നു വീട്ടുകാർ വിളിച്ചിരുന്നത്.അച്ഛൻ ആ പ്രദേശത്തെ ആദിവാസിമുഖ്യരുടെ ഉപദേശകനായിരുന്നു.പക്ഷേ,വെള്ളക്കാരനായ മജിസ്ട്രേട്ടുമായി തെറ്റിയതിനെ തുടർന്ന് അദ്ദേഹത്തിനു ആ പദവി നഷ്ടപ്പെട്ടു.പ്രതിസന്ധിയിലായ കുടുംബം ക്യുനു എന്നൊരു കുഗ്രാമത്തിലേക്ക് താമസം മാറ്റാൻ നിർബന്ധിതമായി.റോഡ് പോലുമില്ലാത്ത നാട്.നിറയെ കന്നുകാലികൾ.ഒരു കുടിലിലായിരുന്നു താമസം.പാചകമൊക്കെ പുറത്ത്.അതിനു അരുവിയിൽ നിന്നുള്ള വെള്ളമായിരുന്നു ഉപയോഗിച്ചിരുന്നത്.
നെൽസണു 9 വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു.ജീവിതം വഴിത്തിരിവിലായ നാളുകളായിരുന്നു,അത്.തെമ്പു പ്രദേശത്തെ റീജന്റായ ജോങ്ങിറ്റാബെ നെൽസണെ ദെത്തെടുത്തു.അദ്ദേഹത്തെ റീജന്റാക്കാൻ നെൽസന്റെ അച്ഛൻ ശിപാർശ്ശ ചെയ്തതിന്റെ നന്ദിസൂചകമായിരുന്നു,ഇത്.അങ്ങനെ നെൽസൺ അദ്ദേഹത്തിന്റെ രാജകീയ വസതിയിൽ താമസമാക്കി.
1942ൽ അഭിഭാഷകനായി പൊതുജീവിതം തുടങ്ങിയ നെൽസൺ മണ്ടേല ആഫ്രിക്കൻ നാഷണൽ കോൺഗ്രസിൽ ആ വർഷം തന്നെ അംഗത്വമെടുത്തു.
1950കൾ ദക്ഷിണാഫ്രിക്കയെ സംബന്ധിച്ച് സമഗ്രമാറ്റങ്ങളുടെ കാലമായിരുന്നു.വേഗതയേറിയ കാറുകൾ,ഗ്ലാമർ സിനിമകൾ,സംഗീത ആൽബങ്ങൾ....അപ്പോഴും രഷ്ട്രത്തിന്റെ ഭാവി സംബന്ധിച്ച് നിർണ്ണായക രാഷ്ട്രീയനീക്കങ്ങൾ നടക്കുകയായിരുന്നു.ആഫ്രിക്കൻ നാഷണൽ കോൺഗ്രസും വർണ്ണവെറിയന്മാരുടെ നാഷണൽ പാർട്ടിയും തമ്മിലുള്ള ഭിന്നത രൂക്ഷമായി.പൗരാവകാശങ്ങൾക്കും ജനാധിപത്യാവകാശങ്ങൾക്കുമായി നെൽസൺ മണ്ടേലയുടെ നേതൃത്വത്തിൽ വൻ പ്രതിഷേധസമരങ്ങൾ നടന്നു.അമേരിക്കയിൽ മാർട്ടിൻ ലൂഥർ കിങ്ങ് നയിച്ച മുന്നേറ്റങ്ങൾക്ക് സമാനമായിരുന്നു,അവ.
തിരക്കുള്ള അഭിഭാഷകനായിരുന്നു,ഉയരം കൂടിയ ആ ചെറുപ്പക്കാരൻ.വളരെവേഗം അദ്ദേഹം പ്രക്ഷോഭകാരിയെന്ന നിലയിൽ ജനനേതാവായി ഉയർന്നുവന്നു.എ.എൻ.സിയുടെ ദേശീയ എക്സിക്യൂട്ടീവ് കമ്മറ്റി അംഗമായ നെൽസൺ മണ്ടേല ,സംഘടനാപാടവവും വാക് വൈഭവവും കാരണം പെട്ടെന്ന് നേതൃനിരയിലേക്ക് ഉയർന്നു.1950ൽ പാസാക്കിയ ഗ്രൂപ്പ് ഏരിയ ആക്റ്റ് അനുസരിച്ച് കറുത്തവർ പ്രത്യേകപ്രദേശങ്ങളിൽ മാത്രം ജീവിക്കാൻ നിർബന്ധിക്കപ്പെട്ടു.ജനസംഖ്യാ രജിസ്റ്റ്രേഷൻ നിയമപ്രകാരം വെള്ളക്കാർ ജനങ്ങളെ വംശീയമായി വേർ തിരിച്ചു.1951ലെ "റിസർവ്വേഷൻ ഓഫ് സപ്പറേറ്റ് അമിനിറ്റീസ് ആക്ട്" പ്രകാരം കറുത്തവരും വെളുത്തവരും തമ്മിൽ ബസുകൾ,ബീച്ചുകൾ,പോസ്റ്റ് ഓഫീസുകൾ തുടങ്ങിയ പൊതു ഇടങ്ങളിൽ ഇടപഴകുന്നത് വിലക്കി.പൗരാവകാശങ്ങൾക്കായി കറുത്തവർ നടത്തിയ പണിമുടക്കുകൾ നിരോധിക്കപ്പെട്ടു.അവരുടെ സംഘടനകളെ നിരോധിച്ചു.
വെള്ളക്കാർ,കറുത്തവർ,ഇന്ത്യക്കാർ,നിറമുള്ളവർ എന്നീ വിഭാഗങ്ങളായി ജനങ്ങൾ വേർത്തിരിക്കപ്പെട്ടു.ഇവർത്തമ്മിലുള്ള വംശസങ്കലനവിവാഹങ്ങൾ നിരോധിച്ചു.പള്ളികളിൽ നിന്ന് "ശല്യക്കാർ" എന്ന പേരിൽ കറുത്തവരെ പുറത്താക്കാനുള്ള അധികാരം പോലും വെള്ളക്കാർക്കുണ്ടായിരുന്നു.
1951ൽ മണ്ടേല യൂത്ത് ലീഗ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.അടുത്തവർഷം അദ്ദേഹം നീതിവിരുദ്ധമായ നിയമങ്ങൾകെതിരായ പ്രതിരോധത്തിന്റെ കോാർഡിനേറ്ററായി.ബ്രിട്ടീഷ് കോളനിയിൽ നിന്ന് അമേരിക്കക്കാരായവെള്ളക്കാർക്ക് രാജ്യം കൈമാറ്റം ചെയ്യപ്പെട്ടതിന്റെ മുന്നൂറാം വാർഷികദിനമായ 1952 ഏപ്രിൽ6നു ജൊഹന്നാസ്ബർഗ്ഗിലെ ഫ്രീഡം സ്ക്വൊയറിൽ തടിച്ചുകൂടിയ പതിനായിരങ്ങളെ മണ്ടേല അഭിസംബോധന ചെയ്തു.ഈ പ്രക്ഷോഭത്തിനു പിന്തുണയേകിക്കൊണ്ട് ലോകത്തിന്റെ നാനാഭാഗത്ത്നിന്നും ടെലഗ്രാമുകൾ പ്രവഹിച്ചു.വംശ വർണ്ണങ്ങൾക്കതീതമായി എല്ലാ ചെറുപ്പക്കാരും സമാധാനത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പോരാട്ടത്തിൽ ഒന്നിച്ചുനിൽക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
അക്രമരഹിതമായ നിയമലംഘനപ്രസ്ഥാനത്തിൽ ആയിരക്കണക്കിനു ചെറുപ്പക്കാർ അണിനിരന്നു.ഒരു തന്ത്രമെന്ന നിലയിൽ മണ്ടേല ഗാന്ധിയൻ സമരമാർഗ്ഗം സ്വീകരിച്ചു.അവകാശപ്രക്ഷോഭം തുടങ്ങുന്നതിനു നാലുനാൾ മുൻപ് ദർബാനിൽ തടിച്ച്കൂടിയ ആയിരങ്ങളെ അദ്ദേഹം അഭിസംബോധനചെയ്തു.ജൂൺ 26നു പതിനായിരങ്ങൾ വർണ്ണവിവേചന നിയം ലംഘിച്ച്,വെള്ളക്കാർക്കായി നീക്കിവെച്ച ടൗൺഷിപ്പുകളിലും പോസ്റ്റോഫീസുകളിലും റെയില്വേസ്ടേഷനുകളിലും പ്രവേശിച്ചു.പ്രക്ഷോഭകരെല്ലാം അറസ്റ്റ് ചെയ്യപ്പെട്ടു.രാജ്യത്താകെ ജെയിലുകൾ നിറഞ്ഞുകവിഞ്ഞു.മണ്ടേലയും മറ്റുനേതാക്കളും തടവിലടക്കപ്പെട്ടു.
1953 സെപ്റ്റംബർ21നു ട്രാൻസ്വാൾ എ.എൻ.സി സമ്മേളനത്തെ അഭിസംബോധനചെയ്തുകൊണ്ട് "സ്വാതന്ത്ര്യത്തിലേക്ക് എളുപ്പവഴിയില്ല "എന്ന പ്രസിദ്ധമായ പ്രസംഗം അദ്ദേഹം നടത്തി.സത്യത്തിൽ അത്,നെഹ്രുവിന്റെ ഒരു ലേഖനത്തിൽ നിന്ന് കടംകൊണ്ടതായിരുന്നു.അങ്ങനെ സമരമുഖത്ത് നിന്ന് ജനങ്ങളെ നയിച്ചും,അവരെ പ്രബുദ്ധരാക്കിയ ലേഖനങ്ങൾ രചിച്ചും നെൽസൺ മണ്ടേല ദേശീയനേതാവായിമാറി.
1959ൽ ആഫ്രിക്കൻ നാഷണൽ കോൺഗ്രസിൽ നിന്ന് വിഘടിച്ച ഒരു വിഭാഗം
പാൻ ആഫ്രിക്കൻ കോൺഗ്രസ് എന്ന സംഘടനക്ക് രൂപം നൽകി.വർണ്ണവിവേചനനിയമങ്ങൾക്കെതിരെ രണ്ടുസംഘടനകളും വ്യത്യസ്തസമരങ്ങൾക്ക് ആഹ്വാനം ചെയ്തും എ.എൻ.സി പ്രതിഷേധമാർച്ചിനു ആഹ്വാനം ചെയ്തപ്പോൾ പുതിയ സംഘടന ഷാർപ്പ്വില്ലെയിൽ വൻ നിയമലംഘനത്തിനു പദ്ധതിയിട്ടു.പൊലീസ് അത് ഭീകരമായി അടിച്ചമർത്തി.ആ കൂട്ടക്കുരുതിയിൽ 69പേർ കൊല്ലപ്പെട്ടു.180പേർക്ക് പരുക്കേട്ടു.സർക്കാർ,പക്ഷേ,പൊലീസിനെ ന്യായീകരിച്ചു.
പാൻ ആഫ്രിക്കൻ കോൺഗ്രസ് എന്ന സംഘടനക്ക് രൂപം നൽകി.വർണ്ണവിവേചനനിയമങ്ങൾക്കെതിരെ രണ്ടുസംഘടനകളും വ്യത്യസ്തസമരങ്ങൾക്ക് ആഹ്വാനം ചെയ്തും എ.എൻ.സി പ്രതിഷേധമാർച്ചിനു ആഹ്വാനം ചെയ്തപ്പോൾ പുതിയ സംഘടന ഷാർപ്പ്വില്ലെയിൽ വൻ നിയമലംഘനത്തിനു പദ്ധതിയിട്ടു.പൊലീസ് അത് ഭീകരമായി അടിച്ചമർത്തി.ആ കൂട്ടക്കുരുതിയിൽ 69പേർ കൊല്ലപ്പെട്ടു.180പേർക്ക് പരുക്കേട്ടു.സർക്കാർ,പക്ഷേ,പൊലീസിനെ ന്യായീകരിച്ചു.
ഈ സംഭവം നെൽസൺ മണ്ടേലയുടെ രാഷ്ട്രീയജീവിതത്തിന്റെ ദിശ മാറ്റി.ഗാന്ധിയൻ അക്രമരഹിത സമരത്തിനു ഇനി പ്രസക്ത്തിയില്ലെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.അങ്ങനെ,അപ്പാർത്തീഡിനെതിരായി സായുധസമരം നടത്താൻ എ.എൻ.സി ഒരു സൈനികവിഭാഗം രൂപവത്ക്കരിച്ചു.ഈ സായുധസംഘടനക്കെതിരെ സർക്കാർ ജാഗ്രത പ്രഖ്യാപിച്ചതോടെ അദ്ദേഹം ഒളിവിൽപോയി.പക്ഷേ അധികം വൈകാതെ മണ്ടേല അറസ്റ്റ് ചെയ്യപ്പെട്ടു.അട്ടിമറിക്കുറ്റം ആരോപിക്കപ്പെട്ട് റിവോദിയ കോടതിയിൽ ഹാജരാക്കിയ നെൽസൺ മണ്ടേല നടത്തിയ നാലുമണിക്കൂർ നീണ്ട പ്രസംഗം ചരിത്രപ്രസിദ്ധമാണു."ഒരാൾക്ക് ഒരു വോട്ട്"എന്ന ജനാധിപത്യവ്യവസ്ഥിതിയിലേക്ക് ദക്ഷിണാഫ്രിക്കയെ പരിവർത്തനം ചെയ്യാൻ അദ്ദേഹം ആഹ്വാനം ചെയ്തു.
കോടതിമുറിക്കകത്തും പുറത്തും ആ പ്രസംഗം പ്രകമ്പനം സൃഷ്ടിച്ചു.മരണശിക്ഷ പ്രതീക്ഷിച്ച ആ കേസിൽ കോടതി നെൽസൺ മണ്ടേലയേയും ഏഴ് കൂട്ടാളികളേയും ജീവപര്യന്തം തടവിനു ശിക്ഷിച്ച് റോബൻ ദ്വീപിലേക്കയച്ചു.പിന്നെ അദ്ദേഹം സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കുന്നത് നീണ്ട 27 വർഷത്തിനു ശേഷം.അക്കാലത്തൊക്കെ അദ്ദേഹത്തിനു ആത്മവീര്യം പകർന്ന് ജെയിലിനുപുറത്ത് ഉജ്വലമായ ജനകീയപോരാട്ടത്തിനു നേതൃത്വം നൽകി,അദ്ദേഹത്തിന്റെ താങ്ങും തണലുമായിരുന്ന ഭാര്യ വിന്നി.പിൽക്കാലത്ത് വിന്നിയുമായി പിരിയേണ്ടിവന്നത് മറ്റൊരു ദുരന്തം.
സഹനത്തിന്റേയും ചെറുത്തുനിൽപ്പിന്റേയും ഉജ്വലമായ അദ്ധ്യായം എഴുതിച്ചേർത്ത് സ്വയം ചരിത്രമായി മാറിയ മണ്ടേല 1990ൽ ജയിൽമോചിതനായി.നൂറ്റാണ്ടുകൾ നീണ്ടുനിന്ന വർണ്ണവിവേചനത്തിനു അന്ത്യം കുറിച്ചുകൊണ്ട് 1994ൽ അദ്ദേഹത്തെ ദക്ഷിണാഫ്രിക്കൻ ജനത പ്രസിഡന്റായി തെരഞ്ഞെടുത്തു. 1999ൽ അനാരോഗ്യം കാരണം സ്ഥാനമൊഴിഞ്ഞ നെൽസൺ മണ്ടേല ദക്ഷിണാഫ്രിക്കൻ ജനതയുടെ മാർഗ്ഗദീപമാണു.സമാനതകളില്ലാത്ത സമരപഥത്തിലൂടെ ചരിത്രത്തിന്റെ ഗതിമാറ്റിയ മഹാവിപ്ലവകാരികളുടെ ഒന്നാം നിരയിലാണു നെൽസൺ മണ്ടേലയുടെ സ്ഥാനം.ആ മഹിതജന്മങ്ങളിൽ നമ്മോടൊമിന്ന് മണ്ടേലയും ഫിദൽ കാസ്ട്രോയുമടക്കം ആരുമില്ല..
No comments:
Post a Comment